“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 24, 2009

അച്ഛനെ വെറുക്കുന്ന മകന്റെ ലോകം
                            അതുവരെ മുഖത്തുനോക്കി തന്റേടത്തോടെ ഉത്തരം പറഞ്ഞവൻ തല താഴ്ത്തി മിണ്ടാതെ നിന്നു. അടുത്തുപോയി അവന്റെ തല പിടിച്ചുയർത്തിയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി; അവൻ കരയുകയാണ്. ഇരു കണ്ണിൽനിന്നും ഒഴുകുന്ന കണ്ണുനീർ, തുള്ളികളായി  താഴോട്ടൊഴുകി ഡസ്ക്കിനു മുകളിൽ തുറന്ന്‌വെച്ച അവന്റെ പുസ്തകത്തിൽ പതിക്കുകയാണ്. എന്റെ ചോദ്യത്തിനുള്ള ഉത്തരം അവനിൽനിന്നും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ അവനോട് ഇരിക്കാൻ പറഞ്ഞതിനു ശേഷം ബാക്കി ജോലി പൂർത്തിയാക്കാൻ തുടങ്ങി.

                            അവനെന്തിനാണ് കരഞ്ഞത്? കരയാൻ മാത്രം ചോദ്യങ്ങളൊന്നും അവനോട് ഞാൻ ചോദിച്ചില്ലല്ലൊ! കുട്ടികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നതിനിടയിൽ ഞാൻ അത്‌തന്നെ ആലോചിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ പതറിയപ്പോൾ ഉത്തരക്കടലാസുകളെല്ലാം കെട്ടിവെച്ച്, ഒൻപതാം ക്ലാസ്സിലെ ബയോളജി ടെക്സ്റ്റ് എടുത്ത് വായിക്കാൻ തുടങ്ങി.

                             ഹൈസ്ക്കൂൾ അദ്ധ്യാപികയായി ആദ്യനിയമനം ലഭിച്ച സ്ക്കൂളിൽ രണ്ട് ഷിഫ്റ്റ് ആയിട്ടാണ് അദ്ധ്യയനം. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന മിക്സഡ് ക്ലാസ്സുകളാണ് എല്ലാം. എനിക്ക് ഡ്യൂട്ടി 12.30ന് ആരംഭിക്കുന്ന ഉച്ചപ്പണിയാണ്. വളരെ അകലെനിന്നും വരുന്ന എനിക്ക്, എട്ട് മണിക്ക് മോർണിങ്ങ് ഷിഫ്റ്റ് ആരംഭിക്കുന്ന പ്രാർത്ഥന ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. പകരം അഞ്ച്മണിക്ക് ദേശീയഗാനം കേട്ട് അറ്റൻഷനായി നിന്നശേഷം സ്ഥലംവിടും.

                             ഒരു സയൻസ് അദ്ധ്യാപിക ആയതിനാൽ കൂടുതൽ സമയവും ലബോറട്ടറിയിലാണ് എന്റെ വാസം. ആവശ്യം വരുമ്പോൾ ഒരു ക്ലാസ്സ്മുറി ആയും നമ്മുടെ ലാബ് രൂപാന്തരപ്പെടും. ഒഴിവ് പിരീഡുകളിൽ എക്സ്ട്രാ വർക്കുകൾ ലഭിക്കുമ്പോൾ വിദ്യാർത്ഥികളോട് സയൻസ് ലാബിൽ നിശബ്ദമായി ഇരുന്ന് പഠിക്കാൻ പറയും. അവരുടെ കൂടെ ഞാനുംഇരുന്ന് എഴുതുകയോ വായിക്കുകയോ ചെയ്യുന്നുണ്ടാവും.

                             അന്ന് ലാബിൽ ഇരുന്ന് പഠിക്കുന്നത് 9th F ലെ വിദ്യാർത്ഥികളാണ്. അവർ നിശബ്ദമായി പഠിക്കുമ്പോൾ ഞാൻ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് ഓരോന്നായി നോക്കി മാർക്കിടുകയാണ്. ആ നിശബ്ദമായ അന്തരീക്ഷത്തിൽ ഏതോ ഒരു പയ്യൻ താളംതെറ്റാതെ ഡസ്ക്കിൽ കൊട്ടുകയാണ്. ശ്രദ്ധിച്ചപ്പോൾ കക്ഷി മുൻബഞ്ചിലിരിക്കുന്നവൻ തന്നെ; താളം‌പിടിക്കുന്നത് കാലുകൊണ്ടാണെന്ന് മാത്രം.

അവനെ എഴുന്നേല്പിച്ച ഉടനെ ഞാൻ ചോദിച്ചു,
“നിന്റെ അച്ഛന്റെ ജോലി എന്താണ്”

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് അവൻ മറുപടി പറഞ്ഞു,
“അച്ഛൻ മരിച്ചുപോയി”

ഞാനൊന്ന് ഞെട്ടിയെങ്കിലും ഒരു ഭാവമാറ്റവും ഇല്ലാതെ നിൽക്കുന്ന അവനോട് വീണ്ടും ചോദിച്ചു,
“നിന്നോട് ചോദിച്ചത് അച്ഛന്റെ ജോലിയല്ലെ. അതിന്റെ ഉത്തരം നിനക്ക് പറയാമല്ലോ”

പയ്യൻ ശബ്ദം കുറച്ചുകൂടി ഉയർത്തി അല്പം പരുക്കനായി അതേ വാക്ക് ആവർത്തിക്കുകയാണ്.
“അച്ഛൻ മരിച്ചുപോയി”

വീണ്ടും അതേ വാക്ക് കേട്ടപ്പോൾ എനിക്ക് വാശിയായി. ഞാൻ ദേഷ്യപ്പെട്ടു,
“അതേയ് തന്റെ അച്ഛന്റെ ജോലിയാണ് ഞാൻ ചോദിച്ചത്. മരിക്കുന്നതിനു മുൻപ് എന്തായിരുന്നു തൊഴിൽ ചെയ്തത്? അത് പറഞ്ഞിട്ട് ഇരുന്നാൽ മതി”

                             ഏതാനും മിനുട്ടുകൾ കഴിഞ്ഞ് അവൻ കരയുന്നത് കണ്ടപ്പോൾ ഞാൻ ആകെ വിഷമിച്ചു. എന്റെ ചോദ്യം കുട്ടിയുടെ മനസ്സിൽ ഒരു പോറൽ ഏല്പിച്ചിരിക്കുന്നു. മരിച്ചുപോയ പിതാവിന്റെ ഓർമ്മകൾ കാരണം ആ മകന് ഉണ്ടായ ദുഖമാണ് കണ്ണുനീർ‌തുള്ളികളായി താഴോട്ട് പതിച്ചത്. അത്രക്ക് തീവ്രമായ സ്നേഹം അവർ തമ്മിൽ ഉണ്ടായിരിക്കാം. ക്ലാസ്സിലെ ഒരു തരികിട ആയ അവൻ ഡസ്ക്കിൽ തലചായ്ച്ച് കിടക്കുകയാണ്; കരയുകയായിരിക്കാം. ആലോചിക്കാതെയുള്ള എടുത്തുചാട്ടം വഴി ഉണ്ടായ മനപ്രയാസം ഒഴിവാക്കാനായി, ഞാൻ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചു.

അവന്റെ അച്ഛന്റെ തൊഴിലെന്തിനാണ്, ഞാൻ അറിയുന്നത്?
                             അവനെ വഴക്ക്പറയാൻ തന്നെ. അക്കാലത്ത് എന്റെ മുന്നിൽ ഇരിക്കുന്ന ഭാവി വാഗ്ദാനങ്ങൾ, ക്ലാസ്സിൽ എല്ലാതരത്തിൽ‌പ്പെട്ട വികൃതിയും കാണിക്കന്നവരാണ്. ശബ്ദിക്കാതെ വായിക്കുന്നവർ ചിലപ്പോൾ കൈയോ കാലോ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കും. അപ്പോൾ അവനെ ശകാരിക്കണം; ‘അച്ഛന്റെ തൊഴിൽ താളം പിട്ക്കലല്ലല്ലോ, പിന്നെ നീയെന്തിനാ വെറുതെ കൊട്ടുന്നത്?’ അങ്ങനെ അടിക്ക് പകരം ഇങ്ങനെയൊരു ശകാരം കൊടുത്താൽ പിന്നെ മര്യാദക്കാരനായി ഇരുന്ന്കൊള്ളും. അതിനുള്ള ആദ്യപടിയാണ് എന്റെ ഈ തൊഴിലന്വേഷണം.   

                              ബല്ലടിച്ചതോടെ ഞാൻ കുട്ടികളെയെല്ലാം പുറത്ത്‌വിട്ട്  സ്റ്റാഫ്‌റൂമിൽ എത്തി സംഭവം പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടപ്പോൾ നാട്ടുകാരനായ ഡ്രോയിംഗ് മാസ്റ്റർ എന്നോട് പയ്യന്റെ പേര് ചോദിച്ചു,
“പേര് രാജീവൻ സീ, ഒൻപത് എഫ്”

 “അവനെന്താ പറഞ്ഞത് അച്ഛൻ മരിച്ചെന്നോ?”
മാസ്റ്റർ സംശയത്തോടെ ചോദിച്ചപ്പോൾ എനിക്കും സംശയമായി.
“ടീച്ചർ ആ ക്ലാസ്സിലെ രജിസ്റ്റർ എടുത്ത് അവന്റെ ബയോഡാറ്റ ഒന്ന് നോക്കിയാട്ടെ”
ഡ്രോയിംഗ് എന്നോട് പറഞ്ഞത്‌പോലെ 9thF ലെ രജിസ്റ്റർ എടുത്ത് അവന്റെ പേര് ഉച്ചത്തിൽ വായിച്ചു,
“രാജീവൻ സീ. ചന്തക്കാരൻ വീട്, പിന്നെ

“ടീച്ചർ അവന്റെ അമ്മയുടെയും അച്ഛന്റെയും പേര് വായിച്ചാൽ മതി”
ഡ്രായിംഗ് മാസ്റ്റർ പ്രത്യേകം പറയുന്നത് കേട്ട് എല്ലാവരും ശ്രദ്ധിച്ചു.
“അമ്മയുടെ പേര് പ്രസന്ന സീ, അച്ഛൻ,,,അത്,,, ‘മുഹമ്മദ്‌കുഞ്ഞി’, അപ്പോൾപിന്നെ”
ഞാൻ മുഖമുയർത്തി മാഷെ ഒന്ന് നോക്കി.

“അത് തന്നെയാണ് കാര്യം. അവന് അമ്മ മാത്രമാണുള്ളത്. സ്ക്കൂളിൽ ചേർക്കുന്ന സമയത്ത് അയാൾ  അംഗീകരിക്കുന്നില്ലെങ്കിലും മകന്റെ പിതാവിന്റെ പേര് കൂടി ചേർത്ത് പൂരിപ്പിക്കണമല്ലൊ. ഈ സത്യം നാട്ടുകാർക്കും ആ പയ്യനും അറിയാം. അവന്റെ അമ്മ കൂലിവേല ചെയ്ത് മകനെ പോറ്റുകയാണ്”.
“അപ്പോൾ‌പിന്നെ സ്വന്തം അച്ഛൻ മരിച്ചെന്ന് പറഞ്ഞതോ?”
എനിക്കാകെ സംശയമായി.
“അത് ടീച്ചർ ജോലി ചോദിച്ചാൽ അവന് അക്കാര്യം അറിയില്ലല്ലൊ. പിന്നെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ആവും. ഹിന്ദുവായി വളരുന്ന കുട്ടി, അവനെ ഇല്ലാതാക്കാൻ ശ്രമിച്ച മുസ്ലീമായ അച്ഛന്റെ പേര് പറയാൻ ഒരിക്കലും ഇഷ്ടപ്പെടില്ല. മരിച്ചെന്ന് പറഞ്ഞാലെങ്കിലും ടീച്ചർ ചോദ്യം നിർത്തുമെന്ന് അവന് തോന്നിയിരിക്കാം. അയാളിപ്പോഴും നാട്ടിലെ വലിയ പണക്കാരനായി ജീവിക്കുന്നുണ്ട്. അയാളുടെ വീട്ടുപറമ്പിലെ ഒരു തൊഴിലാളി ആയിരുന്നു അവന്റെ അമ്മ”

                                അപ്പോൾ എനിക്ക് കാര്യം പിടികിട്ടി. അവൻ അമ്മയുടെ മാത്രം മകനാണ്. അച്ഛൻ എന്നത് അവനെ സംബന്ധിച്ചിടത്തോളം വെറുപ്പുണ്ടാക്കുന്ന ഒരു ഘടകമാണ്. മകനെ അംഗീകരിക്കാത്ത അച്ഛനെ, മകനും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. അവന്റെയും അമ്മയുടെയും മുന്നിലെ ജീവിതപാതയിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.

പിൻ‌കുറിപ്പ്:
സ്ക്കൂൾ പ്രവേശനത്തിന് അമ്മയുടെ ജാതി ചേർക്കുന്ന രക്ഷിതാവിന് പ്രാധാന്യം കൊടുക്കുന്ന ആ കാലത്ത് അച്ഛൻ ഒരു പേരിൽ മാത്രം ഒതുങ്ങുകയാണ് പതിവ്.
ഇരുപത്തി അഞ്ച് വർഷം മുൻപ് ലൌ ജിഹാദ് നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നോ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ ഇവിടെ നമുക്ക് ചുറ്റുമുള്ള ജീവിതമാണ്.

December 13, 2009

പാഠം (1)      പരീക്ഷാ‘ദിവസം’ മറന്നുപോയവൾ

                 എന്റെ ജീവിതത്തിൽ നിന്ന് ധാരാളം പാഠം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ പരാജയത്തിന്റെയും മുന്നിൽ പകച്ച് നിൽക്കുമ്പോൾ,  അവയുടെ കാരണങ്ങളെ ആഴത്തിൽ അപഗ്രഥിച്ച്, എന്റെ തെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ചെറിയ(വൻ) വീഴ്ചകൾക്ക് കാരണം എന്റെ തെറ്റാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അത്തരം ചെറിയ(വൻ)വീഴ്ചകൾ മനസ്സിലാക്കി, ഇനി ഒരു പരാജയം ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇത് എന്റെ മാത്രം വിശ്വാസങ്ങളും ചിന്തകളും മാത്രമാണ്. ആവശ്യം വരുന്ന അവസരങ്ങളിൽ എന്റെ ജീവിതത്തിലെ പാഠങ്ങൾ മറ്റുള്ളവരോട് പറയാറുണ്ട്.
           ഞാൻ ആദ്യമായി പരാജയപ്പെട്ടതും ഏറ്റവും അധികം പാഠങ്ങൾ പഠിച്ചതും എന്റെ പ്രീ-ഡിഗ്രി കാലത്താണ്. അങ്ങനെ ഞാൻ ആദ്യമായി തോറ്റപ്പോൾ പഠിച്ച ഒന്നാംപാഠം എഴുതി തുടങ്ങാം.


   ‘അദ്ധ്യാപകരെ കുറ്റം പറയരുത്’


             ‘മാതാ പിതാ ഗുരു ദൈവം’. ഇതിൽ ഗുരുവിനെപറ്റിയാണ് ഇന്നത്തെ പാഠം. ഗുരുനാഥനെ കുറ്റം ‘പറഞ്ഞ്, പറഞ്ഞ്, ഒടുവിൽ അദ്ദേഹം പഠിപ്പിച്ച വിഷയത്തിന്റെ പരീക്ഷ ജീവിതത്തിൽ ഒരിക്കലും എഴുതാൻ കഴിയാതെ വന്ന ഒരു പെൺകുട്ടിയുടെ കഥ.


                പരീക്ഷയുടെ തലേ ദിവസം ഉറക്കമിളച്ച് നന്നായി പഠിച്ചു. രണ്ട് വർഷം കൊണ്ട് പഠിപ്പിച്ചതും പഠിച്ചതും എല്ലാം മനപ്പാഠം. കെമിസ്ട്രി എനിക്ക് ഇഷ്ടവിഷയമാണ്; ഏത് ചോദ്യം വന്നാലും എഴുതാം. പരീക്ഷാദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്, ‘രണ്ട് മണിക്ക് തുടങ്ങുന്ന പരീക്ഷ എഴുതാനായി’, പെന്നും പെൻസിലും ഹാൾട്ടിക്കറ്റും പുസ്തകങ്ങളുമായി കോളേജിലേക്ക് പുറപ്പെട്ടു.
                  ബസിൽ നിന്നും ഇറങ്ങി വിശാലമായ ഗ്രൌണ്ടിലൂടെ നടന്ന് എന്റെ കോളേജിലെത്തി. നോക്കുമ്പോൾ അവിടം ആരവങ്ങളില്ലാതെ, വിദ്യാർത്ഥികളില്ലാതെ, അദ്ധ്യാപകരില്ലാതെ, പരീക്ഷകളില്ലാതെ, ഫയലുകൾ ഡിലീറ്റ് ചെയ്ത കമ്പ്യൂട്ടർ പോലെ ശൂന്യം. ഭാഗ്യം; ഈ ശൂന്യതയിൽ നിൽക്കുന്ന എന്നെക്കാണാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാൻ ആശ്ചര്യപ്പെട്ട് നിന്നു; മനസ്സിൽ വലിയ ഭാരത്തോടെ, കുറ്റബോധത്തോടെ; എന്റെ വിധിയെ കുറ്റം പറയാതെ. അങ്ങനെ ഉച്ചവെയിലത്ത് നിൽക്കുമ്പോൾ ആ മാഹാസത്യം അറിയാൻ കഴിഞ്ഞു; ‘ഞാൻ ആ ദിവസം എഴുതാൻ തയ്യാറെടുത്ത് വന്ന ആ പരീക്ഷ ‘ഇന്നലെ കഴിഞ്ഞിരിക്കുന്നു!!!


                പത്താംതരം പാസ്സായപ്പോൾ നാട്ടിൻപുറത്തുകാരിയായ എന്നെ കോളേജിൽ ചേർത്തു. അക്കാലത്ത് SSLC പാസ്സായതും കോളേജില് പഠിക്കുന്നവരുമായ നാട്ടിൻപുറത്തെ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു ഞാൻ. സഹപാഠികളായ കൂട്ടുകാർ കുറവായത്കൊണ്ട് എന്റെ യാത്രകൾ അധികവും ഏകാന്തമായിരുന്നു. പഠനത്തെപറ്റി ചർച്ച ചെയ്യാനും സംശയങ്ങൾ ചോദിക്കാനും; അയൽ‌വാസികളായി കൂടെ പഠിക്കുന്നവർ ആരും ഇല്ല. സെക്കന്റ് ഗ്രൂപ്പ് (സയൻസ്) വിഷയമായി എടുത്ത് തിയ്യറിയും പ്രാക്റ്റിക്കലുമായി രണ്ട് വര്ഷം കഴിഞ്ഞു. അന്നത്തെ പ്രീ ഡിഗ്രി കാലത്ത് യൂനിവേർസിറ്റി പരിക്ഷകൾ നടന്നത്, പ്രീ ഡിഗ്രി രണ്ടാം വർഷത്തിന്റെ ഒടുവിൽ മാത്രമായിരുന്നു. അങ്ങനെ മാർച്ച് മാസം കഴിഞ്ഞ് പരീക്ഷകൾ ഓരോന്നായി നടക്കുന്നതിനിടയിൽ ഏതാനും ചില പരീക്ഷകൾക്ക്, ഹാൾടിക്കറ്റിൽ നല്കിയ ദിവസങ്ങളിൽ നിന്നും ചെറിയ മാറ്റങ്ങൾ വന്നു. അങ്ങനെ മാറിയ തീയതികൾ പരീക്ഷാഹാളിൽ വെച്ച് നോട്ടീസ് വായിക്കുമ്പോൾതന്നെ, ഞാൻ ഹാൾടിക്കറ്റിൽ കൃത്യമായി എഴുതിവെച്ചു.


                  അവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്. കെമിസ്ട്രി സെക്കന്റ് പേപ്പർ പരീക്ഷാ തീയ്യതി എഴുതിയത് മാറി. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പകരം ഞാൻ എഴുതിയത് ശനിയാഴ്ച. അതെ, ഞാൻ പരീക്ഷ എഴുതാൻ കോളേജിൽ എത്തിയത് ശനിയാഴ്ച നട്ടുച്ച സമയത്ത്. പ്രാക്റ്റിക്കൽ അടക്കം എല്ലാ പരീക്ഷകളും കഴിഞ്ഞ് ഒടുവിലായിരുന്നു ഈ മാറ്റിവെക്കപ്പെട്ട പരീക്ഷകൾ നടന്നത്. എന്റെ ശ്രദ്ധക്കുറവ് കാരണം അങ്ങനെ ഒരു പരീക്ഷ എഴുതാന് കഴിഞ്ഞില്ല. എനിക്ക് തെറ്റ്പറ്റും എന്ന് ഞാൻ അതിനുമുൻപ് വിശ്വസിച്ചിരുന്നില്ല.


                     ഇന്നത്തെ കാലത്ത് എഴുതാത്ത വിഷയം പിന്നീട് എഴുതി ഇംപ്രൂവ്ചെയ്യാം ; സേ-പരീക്ഷ എഴുതി പാസ്സവാം. എന്നാൽ സംഭവം നടക്കുന്നത്, അങ്ങനെയൊരു സംവിധാനം ഇല്ലാത്ത കാലത്താണ്. അപ്പോൾ പിന്നെ തോൽക്കുകയാണ് എന്റെ ഗതി. റിസൽട്ട് വന്നപ്പോൾ ഞാൻ തോറ്റിരിക്കുന്നു; അത് കെമിസ്ട്രിയിലായിരുന്നില്ല എന്ന് മാത്രം. ഒരു പേപ്പർ എഴുതാത്ത കെമിസ്ട്രിയിൽ ഞാൻ പാസ്സായപ്പോൾ, തോറ്റത് എന്റെ സ്ഥിരം തലവേദനയായ ഇംഗ്ലീഷിൽ. പ്രക്റ്റിക്കലിന്റെയും തീയ്യറി ഒരു പേപ്പറിന്റെയും മാർക്ക് കൊണ്ട്തന്നെ കെമിസ്ട്രിയിൽ നല്ലൊരു മാർക്ക് വാങ്ങി ഞാൻ പാസ്സായിട്ടുണ്ട്. അങ്ങനെ ഒരു അദ്ധ്യാപകൻ പഠിപ്പിച്ച കെമിസ്ട്രി പാഠങ്ങളിലെ പരീക്ഷ പിന്നീട് ഒരിക്കലും എനിക്ക് എഴുതാൻ കഴിഞ്ഞില്ല.


                      ഈ അമളിക്ക് പിന്നിലെ തെറ്റുകാരി ഞാൻ തന്നെയാണ്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക്, ഏറ്റവും പ്രീയപ്പെട്ട ഒരു ശാസ്ത്രവിഷയമാണ് കെമിസ്ട്രി. വിഷയം നല്ലതാണെങ്കിലും അതില് നല്ല മാര്ക്ക് ലഭിക്കാറുണ്ടെങ്കിലും അതിന്റെ ഒരു ഭാഗം പഠിപ്പിക്കുന്ന അദ്ധ്യാപകനോട് എനിക്ക് വെറുപ്പാണ്; എനിക്ക് മാത്രമല്ല പലർക്കും. ഏതാനും ചില വിദ്യാർത്ഥികളോട് മാത്രമായി അദ്ധ്യാപകൻ കാണിക്കുന്ന അമിത താല്പര്യമാണ് ഈ വെറുപ്പിന് കാരണം. അദ്ദേഹത്തെകുറിച്ച് ആരോപണങ്ങൾ പറയുന്ന കൂട്ടത്തിൽ ഞാനും പ്രധാന പങ്ക് വഹിച്ചിരുന്നു. ആ തെറ്റുകൾ ഒരു വലിയ ശിക്ഷയായി എന്റെ തലയിൽ പതിച്ചു എന്ന് പറയാം.


                     ഒരു അദ്ധ്യാപിക ആയി മാറി, എന്റെ സ്ക്കൂളിൽ ക്ലാസ്സ് പരീക്ഷകൾ നടത്താനുള്ള ചുമതല എനിക്ക് ആയപ്പോൾ ഇതുപോലെ പരീക്ഷക്ക് സമയം മാറി വന്ന കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് തെറ്റ്പറ്റിയതാണെന്ന് ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കിയ ഞാൻ അവരെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ‘ദിവസം മാറിയതിനാൽ പരീക്ഷ എഴുതാൻ കഴിയാതെവന്ന ഒരു പെൺകുട്ടിയുടെ ഓർമ്മ’ മനസ്സിൽ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു.


                പിന്നീട് ഒരിക്കലും ഞാൻ എന്റെ അദ്ധ്യാപകരെ മാത്രമല്ല, എനിക്ക് വേണ്ടപ്പെട്ട ആരെയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല. എന്റെ മക്കളോടും വിദ്യാർത്ഥികളോടും അവശ്യസന്ദർഭങ്ങളിൽ ഞാൻ നൽകുന്ന ഉപദേശങ്ങളിൽ ഒന്നു മാത്രമാണിത്.


                  ‘ഒരു വിഷയം പഠിക്കുമ്പോൾ ആ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ഒരിക്കലും കുറ്റം പറയരുത്. അദ്ധ്യാപകനെ ഇഷ്ടപ്പെട്ടാൽ അവർ പഠിപ്പിക്കുന്ന വിഷയം എളുപ്പത്തിൽ പഠിക്കാൻ കഴിയും’.

November 21, 2009

സ്ക്കൂള്‍ അടക്കുമ്പോള്‍
                            സ്ക്കൂള്‍ അടക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്. എന്ന് വെച്ചാല്‍, കുട്ടികളുടെ കുറവ് കാരണം സ്ഥിരമായി അടച്ചുപൂട്ടുന്ന കാര്യമല്ല; രാവിലെ തുറന്ന ‘സ്ക്കൂളിന്റെ വാതില്‍‘ വൈകുന്നേരം അടക്കുന്നതിനെ പറ്റിയാണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം. സ്ക്കൂള്‍ അടക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന് സംശയം തുടങ്ങിയിരിക്കയാണ്. നമ്മുടെ കേന്ദ്രം പറയുന്നു,... ‘പുറത്തേക്ക് തുറന്ന വാതില്‍ അകത്തോട്ട് തള്ളിയടക്കണം’ എന്ന്. അപ്പോള്‍ നമ്മള്‍ മലയാളികള്‍ പറയുന്നു,... ‘അകത്തേക്ക് തുറന്ന വാതില്‍ പുറത്തേക്ക് വലിച്ചടക്കണം’ എന്ന്. തച്ചുശാസ്ത്രവിധിപ്രകാരം ആയിരിക്കാം, ‘മലയാളിഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും പുറം‌വാതിലുകളെല്ലാംതന്നെ അകത്തോട്ട് തുറക്കുന്നവയാണ്’. അകത്തുള്ള വാതിലെല്ലാം അടിച്ച്പൊളിച്ച് പുറത്താക്കിയ ശേഷം പഠിപ്പിച്ചാല്‍ മതിയെന്ന് വിധിക്കുന്നത് കോടതിയാണ്.

                           ഈ കോടതി കാരണം അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ മര്യാദക്കൊന്ന് പെരുമാറാന്‍ പറ്റാതായി. അദ്ധ്യാപകര്‍ക്ക് നേരെ, ഇപ്പോള്‍ ഭീഷണി വരുന്നത് കോടതി ഉത്തരവായിട്ടാണ്. 
‘സ്ക്കൂളിലെത്തിയാല്‍ വിദ്യാര്‍ത്ഥികളെ മഴയും വെയിലും കൊള്ളാന്‍ അനുവദിക്കരുത്.
കൂടുതല്‍ സമയം പഠിപ്പിക്കരുത്.
പ്രത്യേക വാഹനത്തില്‍ പ്രത്യേക സീറ്റിലിരുത്തി സ്ക്കൂളിലും വീട്ടിലും എത്തിക്കണം. പുസ്തകഭാരം കുട്ടികള്‍ ചുമക്കാന്‍ പാടില്ല.
പരീക്ഷകള്‍ പാടില്ല.
ഹോം വര്‍ക്ക് (ഗൃഹപാഠം) പാടില്ല. (അത് ഉണ്ടെങ്കില്‍‌തന്നെ കുട്ടികളെകൊണ്ട് ചെയ്യിക്കരുത്)
ഒരിക്കലും അടിക്കാനോ ശാസിക്കാനോ പാടില്ല.
വിശന്നിരിക്കാന്‍ പാടില്ല.
അസംബ്ലി നടക്കുമ്പോള്‍ വെയിലുണ്ടെങ്കില്‍ കുടപിടിച്ച് കൊടുക്കണം.
ഓടിക്കാനോ ചാടിക്കാനോ പാടില്ല.
വെള്ളത്തില്‍ ഇറക്കാന്‍ പാടില്ല. (വിദ്യാര്‍ത്ഥികളെ വെള്ളത്തിലിറക്കാതെ നീന്താന്‍ പഠിപ്പിക്കണം)
                     
                         സാധാരണ ദേഷ്യം വന്നാല്‍ ടീച്ചേര്‍സ് കൈത്തരിപ്പ് മാറ്റിയത്, കൂട്ടത്തില്‍ പാവത്തെ പിടിച്ച് തല്ലിയിട്ടും ചെവിക്ക് പിടിച്ചിട്ടും ആയിരുന്നു. ഈ കോടതി കാരണം ആ അവകാശമാണ് ഇപ്പോള്‍ നഷ്ടമായത്.

                        ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മുടെ സ്ക്കൂള്‍ രാവിലെ അശ്രദ്ധയോടെ തുറന്നാലും വൈകുന്നേരം അടക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഓരോ ക്ലാസ്മുറിയിലും കയറി ‘ഒന്ന് നോക്കിയിട്ടു വേണം വാതില്‍ വലിച്ചടക്കാന്‍ . എല്ലാ കാര്യവും വളരെ ശ്രദ്ധിച്ചാലും ഒരു ദിവസത്തെ ചെറിയ അശ്രദ്ധ ചിലപ്പോള്‍ വലിയ ദുരന്തത്തിന് ഇടയാക്കാം. വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ചില സംഭവങ്ങള്‍ മാത്രം ഇവിടെ പറയാം.

(1)   ക്ലാസ്സ് മുറികള്‍ ഓരോന്നായി അടക്കാന്‍ പോയ പ്യൂണ്‍ ഒന്‍പതാം ക്ലാസ്സില്‍ ഒളിച്ചിരിക്കുന്ന ഒരു പെണ്‍‌കുട്ടിയെയും ഒരു ആണ്‍കുട്ടിയെയും ഹെഡ്‌മാസ്റ്റരുടെ മുന്നില്‍ ഹാജരാക്കുന്നു. മാസ്റ്റര്‍ അവരെ നന്നായി ഒന്നു നോക്കി. ആണ്‍‌കുട്ടി ആകെ പരിഭ്രമിച്ചിരിക്കുന്നു; പെണ്‍‌കുട്ടിക്ക് ഒരു ചമ്മലും ഇല്ല. അവളെ ഭീഷണിപ്പെടുത്തിയിട്ടും ഒരക്ഷരം പറയുന്നില്ല. എന്നാല്‍ ആണ്‍‌കുട്ടി പേടിച്ച് വിറച്ച് പറയുന്നു,
“സാര്‍ ഇവള്‍ എന്നോട് ക്ലാസ്സിലെ എല്ലാവരും പോയാല്‍ അവിടെ ഇരിക്കണം എന്ന് പറഞ്ഞു, അവള്‍ക്കെന്തോ പറയാനുണ്ട് പോലും”
“എന്നിട്ട് വല്ലതും പറഞ്ഞോ?” ഹെഡ് ചൂരല്‍ വീശി ചോദിച്ചു.
“അവള്‍ എന്തൊക്കെയോ ചെയ്യാന്‍ പറയ്ന്ന് അപ്പോഴേക്കും വാതിലടക്കാന്‍ ആള് വന്നു. സാര്‍ ഞാനൊന്നും ചെയ്തില്ല”
                           നല്ല വളര്‍ച്ചയുള്ളവനാണെങ്കിലും അവന് ബുദ്ധി വികാസം പ്രാപിച്ചിട്ടില്ല. വളരെ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം രണ്ട്‌പേരെയും ഭീഷണിപ്പെടുത്തി വിട്ടു. ‘ഇവിടെ പെണ്‍കുട്ടി ഏതോ സിനിമയോ സീരിയലോ കണ്ടത് സഹപാഠികളെല്ലാം പോയ നേരത്ത് പരീക്ഷിക്കുകയാണ്’.

(2)     ഒരു കാലത്ത് എന്റെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു അദ്ധ്യാപകന്റെ നിയന്ത്രണത്തില്‍, വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷി നടത്തിയിരുന്നു.  അതിന്റെ പരിചരണം മുഴുവന്‍ ബയോളജി ടീച്ചറായ ഞാനും ചില വിദ്യാര്‍ത്ഥികളും ആയിരുന്നു. ആ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എന്റെ മകളാണ്. സ്വന്തം മക്കളുടെ കൂടെ ടീച്ചറുടെ മകളെയും പച്ചക്കറി നടാനും വെള്ളം ഒഴിക്കാനും അയക്കുന്നത്‌കൊണ്ട് ആയിരിക്കാം, രക്ഷിതാക്കള്‍ക്കൊന്നും പരാതി ഉണ്ടായില്ല. ഒഴിവ് സമയത്തും ക്ലാസ് കഴിഞ്ഞ് വൈകുന്നേരവും, കുട്ടികളും ഞാനും ചേര്‍ന്ന് പച്ചക്കറി തോട്ടത്തില്‍ കയ്പ്പക്ക(പാവക്ക) പൊതിയുകയോ ചീരയിലെ പുഴുക്കളെ നശിപ്പിക്കുകയോ ചെയ്യുന്നുണ്ടാവും.
                        ഒരു ദിവസം പച്ചക്കറിതോട്ടത്തില്‍ ചുറ്റിക്കറങ്ങി സമയം പോയത് അറിഞ്ഞില്ല. അഞ്ച്മണി ആയപ്പോള്‍ വീട്ടിലേക്ക് പോകാനായി കുട്ടികള്‍ തൊട്ടടുത്ത ക്ലാസ്സില്‍‌പോയി പുസ്തകബാഗ് എടുത്ത് വന്നു. ‘അവരുടെ ക്ലാസ്സ് മുറികള്‍ ഓലമേഞ്ഞ താല്‍ക്കാലിക ഷെഡ്ഡാണ്’. അതിനു പിറകിലായി മുന്നില്‍നിന്നും കാണാത്ത ഇടത്താണ് നമ്മുടെ പച്ചക്കറി തോട്ടം. ഞാനും കുട്ടികളും (എല്ലാവരും പെണ്‍‌കുട്ടികളാണ്; ആ കൂട്ടത്തില്‍ മകളും ഉണ്ട്) ക്ലാസ്സുകള്‍ക്കിടയിലൂടെ നടന്ന് മുന്നിലുള്ള സ്റ്റാഫ്‌റൂമിനു മുന്നില്‍ എത്തി. ഒരു നിമിഷം കുട്ടികള്‍ എല്ലാവരും ഒന്നിച്ച് പറഞ്ഞു,
“അല്ല ടീച്ചറെ സ്കൂള്‍ പൂട്ടി എല്ലാവരും പോയല്ലൊ; ടീച്ചറുടെ ബാഗ് എടുക്കെണ്ടെ?”
പറഞ്ഞത് ശരിയാണ്; ടീച്ചറും ആറ് കുട്ടികളും നില്‍ക്കുന്നത് അടഞ്ഞ വാതിലുകളുടെ മുന്നിലാണ്. ഓഫീസ്, സ്റ്റാഫ്റൂം, ലാബ്, ലൈബ്രറി, ക്ലാസ്മുറികള്‍ തുടങ്ങിയവയെല്ലാം അടച്ചുപൂട്ടി ഹെഡ്‌മിസ്ട്രസ്സ് അടക്കം എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എല്ലാവരും ചേര്‍ന്ന് കൂട്ടച്ചിരിയായി.
“ടീച്ചര്‍ക്ക് ബസ്സിന് പോകാന്‍ പൈസ വേണ്ടെ?; ടീച്ചര്‍ക്കും മകള്‍ക്കും ഇന്ന് എന്റെ വീട്ടില്‍ താമസിക്കാം, ഏറ്റവും അടുത്ത് എന്റെ വീടാണ്”
                         എട്ടാം ക്ലാസ്സുകാരിയുടെ കമന്റ് കേട്ടപ്പോഴാണ് സംഭവത്തിന്റെ ഗൌരവം മനസ്സിലായത്. മൊബൈല്‍ ഫോണ്‍ പോയിട്ട് ഒരു ലാന്റ്ഫോണ്‍‌പോലും സ്ക്കൂളിന് സമീപം കടന്ന് വരാത്ത കാലമാണ്. മകളുടെ ഉപകരണപ്പെട്ടിക്കുള്ളില്‍ അഞ്ച് രൂപയുള്ളതുകൊണ്ട് വീട്ടിലേക്കുള്ള മിനിമം ചാര്‍ജ്ജും അവളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് 25 പൈസയും ബസ്സില്‍ കൊടുത്ത് വീടെത്താന്‍ കഴിഞ്ഞു. ശിഷ്യകള്‍ എല്ലാവരും സമീപവാസിനികള്‍ ആയതിനാല്‍ അവര്‍ നടന്ന് വീട്ടില്‍ പോകുന്നവരാണ്. ജോലി കിട്ടിയതിനു ശേഷം ആദ്യമായിട്ടാണ് സ്ക്കൂളില്‍ നിന്ന് രണ്ട് കൈയും വീശി വീട്ടില്‍ വന്നുകയറിയത്.  
                        അഞ്ച്മണിക്ക് മുന്‍പ് സ്ക്കൂള്‍ അടച്ച കാര്യം ചോദ്യം ചെയ്ത് അടുത്തസ്റ്റാഫ് മീറ്റിംഗ്  അടിച്ചുപൊളിച്ചു.

(3)   ഒരു മാര്‍ച്ച് മാസം ആദ്യത്തെ ആഴ്ച. SSLC പരീക്ഷ എന്ന ഭീകരനെ അദ്ധ്യാപകരെല്ലാം ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തലയില്‍ കയറ്റിവിട്ടിരിക്കയാണ്. ഏതെല്ലാം വിഷയം ഏതൊക്കെ സമയത്ത് പഠിക്കണം എന്ന ചിന്തയാണ് കുട്ടികള്‍ക്ക്. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം വീട്ടില്‍ പോകണമെന്ന ചിന്ത തീരെയില്ല. നമ്മുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് മിക്കവാറും പാവപ്പെട്ടവരുടെ മക്കളാണ്. വീട്ടില്‍ പോയാല്‍ പുസ്തകം തുറക്കാന്‍‌പോലും കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. വൈകുന്നേരം അഞ്ച് മണിവരെയാണ് പഠനസമയം എങ്കിലും ചിലപ്പോള്‍ അഞ്ചരയും ആറും വരെ ആവും.


                        ഒരു ദിവസം നാല് മണിക്ക് ക്ലാസ്സില്‍ നന്നായി പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് എന്റെ കൈവശം ഉള്ള ഒരു SSLC റാങ്ക്ഫയല്‍ കൊടുത്തു. അതും എടുത്ത് അവര്‍ മൂവരും കെട്ടിടത്തിനു പിന്നിലുള്ള വാതില്‍ ഇല്ലാത്ത  തുറന്ന ക്ലാസ്സ്മുറിയിലേക്ക് പഠിക്കാന്‍ പോയി. പോകുമ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം കൊടുത്തു
“ഞാന്‍ വരുന്നതുവരെ അവിടെയിരുന്ന് പഠിക്കണം”
                              സമയം അഞ്ച് മണി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂട്ടമായി സ്ഥലംവിട്ടു. സ്ക്കൂള്‍ അടച്ചതോടെ ഒപ്പം അദ്ധ്യാപകരും കൂട്ടമായി പുറത്തിറങ്ങി. പത്ത് മിനുട്ട് നടന്ന് റോഡിലെത്തിയിട്ട് ബസ് കയറണം. അങ്ങനെ പൊങ്ങച്ചം പറഞ്ഞ് അദ്ധ്യാപികമാര്‍ നടക്കവേ, ഹൈവേയില്‍ എത്താറായപ്പോള്‍ എന്റെ തലയിലെ മെമ്മറിയില്‍ നിന്നും പെട്ടെന്ന് ഒരു ഫയല്‍ പുറത്ത്ചാടി.
‘ഞാന്‍ റാങ്ക്ഫയല്‍ കൊടുത്ത് പിന്നിലെ ക്ലാസ്സില്‍ ഇരുത്തിയ പെണ്‍കുട്ടികള്, റാങ്ക്ഫയല്‍ തിരിച്ചുതരാതെ അവര്‍ സ്ക്കൂള്‍വിട്ട് പോവാനിടയില്ല’.
                        ഹൈസ്പീഡില്‍ സ്കൂളിലേക്ക് തിരിച്ചടിച്ച ഞാന്‍ ഗെയിറ്റില്ലാത്ത ആ സ്ക്കൂള്‍ കോമ്പൌണ്ടില്‍ കടന്ന് പിന്നിലെ ക്ലാസ്സില്‍ എത്തിയപ്പോള്‍ കണ്ടു; ‘പരിസരം മറന്ന് മൂന്ന് വിദ്യാര്‍ത്ഥിനികളും പുസ്തകവായനയില്‍ മുങ്ങിയിരിക്കുന്നു’. എന്നെ കണ്ട ഉടനെ ഒരു കുട്ടി പറഞ്ഞു,
“ടീച്ചര്‍ ഇത്ര വേഗം വന്നോ, ഇനിയും ധാരാളം പഠിക്കാനുണ്ട്”
അവരെയും കൂട്ടി തിരിച്ച്പോകുമ്പോള്‍ ഞാന്‍ ഓര്‍ത്തു, “ഞാന്‍ ഇവരെ ഓര്‍ത്തില്ലെങ്കില്‍

(4)   ഏറെക്കാലം ജന്തുസസ്യജാലത്തെ പഠിപ്പിച്ച ഞാന്‍ ഹെഡ്‌മിസ്ട്രസായി രൂപാന്തരപ്പെട്ട് സ്വന്തം ജില്ലയില്‍ തന്നെയുള്ള പുതിയ സ്ക്കൂളില്‍ എത്തിചേര്‍ന്നു. ഗ്രാമപ്രദേശത്തുള്ള, ജില്ലയില്‍ വിജയശതമാനം ഏറ്റവും ‘പിന്നിലായ സ്ക്കൂളായതുകൊണ്ട്’ മാത്രം അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്ക്കൂള്‍ ഭരിക്കാനറിയാത്ത എന്നെ സഹായിക്കാന്‍ അദ്ധ്യാപകരില്‍ ഏതാനും ചിലര്‍ മാത്രം.
                                അവിടെ രണ്ട് നില കെട്ടിടത്തില്‍ 18 ക്ലാസ് മുറികള്‍ ഉണ്ട്. അതില്‍ അപ്‌സ്റ്റേയറില്‍ ഉള്ള 8 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് താഴോട്ടിറങ്ങാന്‍ വീതി കൂടിയ വളഞ്ഞ ഒരു സ്റ്റേയര്‍‌കേയ്സ് മാത്രം. ഈ ചുറ്റുകോണി അവസാനിക്കുന്നിടത്ത് താഴെ വലിയ ഇരുമ്പ് ഗ്രില്ല് താഴിട്ട് പൂട്ടും. പൂട്ട്തുറന്നാല്‍ മാത്രമെ മുകളിലത്തെ ക്ലാസ്സ് മുറികളില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു. വൈകുന്നേരം കുട്ടികളെല്ലാം പോയിക്കഴിഞ്ഞാല്‍ ഗ്രില്ല്‌സ് അടച്ച് താഴിട്ട് പൂട്ടും. എല്ലാകുട്ടികളും താഴെയിറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഇങ്ങനെ അടച്ച് പൂട്ടുന്നത് അദ്ധ്യാപകരോ പ്യൂണോ ആയിരിക്കും. അഞ്ച് മണി കഴിഞ്ഞ് ഏറ്റവും ഒടുവില്‍ പുറത്ത് പോകുമ്പോള്‍ ഞാന്‍ മറ്റു ക്ലാസ്മുറികളെല്ലാം അടച്ചു എന്ന് ഉറപ്പാക്കിയ ശേഷം ഗേറ്റ് കടന്ന് റോഡിലിറങ്ങും. തുടര്‍ന്ന് പ്യൂണ്‍ ഗേറ്റ് അടക്കും. (ഗേറ്റിനു മുന്നില്‍തന്നെയുള്ള റോഡില്‍ നിന്നാല്‍ ബസ്‌സ്റ്റാന്റിലേക്ക് പോകുന്ന ബസ്‌ കിട്ടും)
                             ഒരു ദിവസം സമയം അഞ്ച് മണി കഴിഞ്ഞ് ഇരുപത് മിന്ട്ട്. ക്ലാസ്‌മുറികളും സ്റ്റേയര്‍‌കേയ്സിനു മുന്നിലെ ഗ്രില്ല്‌സും ഓഫീസും അടച്ചശേഷം ഞങ്ങള്‍ ഓഫീസ്‌സ്റ്റാഫും രണ്ട് അദ്ധ്യാപകരും ഒന്നിച്ച് പുറത്തിറങ്ങി സ്ക്കൂള്‍ഗേയിറ്റിനു നേരെ നടന്നു. ഗെയ്റ്റിനു സമീപം എത്താറായപ്പോള്‍ എല്ലാവരും കേള്‍ക്കെ ഒരു പിന്‍‌വിളി,
“ടീച്ചറേ ഞാനിവിടെയാ‍
ഞങ്ങളെല്ലവരും ഒന്നിച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ അപ്‌സ്റ്റെയറിലെ വരാന്തയില്‍ നിന്നും ഒരു പയ്യന്‍ രണ്ട് കൈയും ഉയര്‍ത്തി വിളിച്ച് കൂവുകയാണ്. 
                      മുകളിലുള്ള എല്ലാ ക്ലാസ്സും നോക്കി ഉറപ്പ് വരുത്തിയിട്ടാണ് താഴോട്ട് ഇറ്ങ്ങേണ്ട വാതില്‍ അടച്ചത്. എന്നിട്ടും ഒരുത്തന്‍ ,  ക്ലാസില്‍‌വെച്ച് ഉറങ്ങിപ്പോയതായിരിക്കാം.  
                     അവനെ തുറന്ന് വിടാനായി തിരിച്ച് നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു,
 ‘ആ വിദ്യാര്‍ത്ഥി ഉണര്‍ന്നത് ഞങ്ങളെല്ലാവരും പോയതിനു ശേഷമാണെങ്കില്‍; പുറത്ത് വരാന്‍ കഴിയാത്ത അവന്‍ താഴോട്ട് ചാടുകയോ നാട്ടുകാരെ കൂവി വിളിച്ച് വരുത്തുകയോ ചെയ്യും. രണ്ടായാലും പിറ്റേന്ന് സ്ക്കൂള്‍ ഇവിടെ ഉണ്ടാകുമോ? ഇവിടെ വരുന്ന അദ്ധ്യാപകരെയെല്ലാം നാട്ടുകാര്‍ ശരിയാക്കും, അപ്പോള്‍പിന്നെ ഹെഡ്ടീച്ചര്‍ എന്ന നിലയില്‍ എന്റെ കാര്യം???’
.
പിന്‍‌കുറിപ്പ്: പല കാലങ്ങളില്‍ പല സ്ഥലങ്ങളിലായി നടന്നിരുന്ന സംഭവങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. 

November 5, 2009

കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍
                                  ഒരു തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മനസ്സില്‍ തീയുമായി നടക്കുന്നവരാണ് ഏതാനും ചില സര്‍ക്കാര്‍ ജീവനക്കാര്‍ (പ്രത്യേകിച്ച് വനിതകള്‍). സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നതോടൊപ്പം നമ്മുടെ സര്‍ക്കാറിനെ  സേവിക്കാന്‍ ലഭിക്കുന്ന ‘ഒരു അടിപൊളി’ അവസരമാണിത്. എല്ലായിപ്പോഴും  മറ്റുള്ളവരെ വോട്ട് ചെയ്യിക്കുന്ന ചില സര്‍ക്കാര്‍ ജീവനക്കാര്‍ റിട്ടയര്‍മെന്റിന് ശേഷമായിരിക്കും, ആദ്യമായി ‘പോളിങ്ങ് ബൂത്തില്‍‌പോയി’ വോട്ട് ചെയ്യുന്നത്.
 .
                                തെരഞ്ഞെടുപ്പ് വന്നാല്‍ അതിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും, വോട്ട്ചെയ്യുന്നവരുടെ മുഖ്യശത്രുക്കളായിരിക്കും. ഇക്കാര്യം, സ്ക്കൂള്‍ തെരഞ്ഞെടുപ്പ് മുതല്‍ ലോകസഭ തെരഞ്ഞെടുപ്പ് വരെ ബാധകമാണ്. സ്ക്കൂളുകളില്‍ ‘തെരഞ്ഞെടുപ്പ് നടന്നിരുന്ന കാലത്ത്‘, തലേ ദിവസം ക്ലാസ്സ്ടീച്ചറുടെ മുന്നില്‍ പൂച്ചയെ പോലെ പതുങ്ങിഒതുങ്ങി നിന്നവന്‍ ഇലക്‍ഷന്‍ ദിവസം പുലിയായി മാറി അതേ ക്ലാസ്സ്ടീച്ചറെ വെല്ലുവിളിക്കും. അതുപോലെ തലേദിവസം അയല്‍‌പക്കത്തെ  വീട്ടില്‍‌വന്ന് കുട്ടിക്ക് മരുന്ന് വാങ്ങാനായി പണം കടം‌വാങ്ങിയവന്‍ , പോളിങ്ങ്ബൂത്തില്‍ വെച്ച് ഡ്യൂട്ടിയുള്ള  അതേ പോളിങ്ങ് ഓഫീസറെ അവസരം കിട്ടിയാല്‍ ഭീഷണിപ്പെടുത്തും. അതൊക്കെ നമ്മുടെ നാട്ടുനടപ്പാണ്.
.
                               ഇലക്‍ഷന്‍ ഡ്യൂട്ടി ഉണ്ടെന്ന അറിയിപ്പ് വന്നാല്‍, അന്നുതൊട്ട് കുടുംബസമേതം ദൈവത്തെ വിളിക്കാന്‍ തുടങ്ങും. ഇത് കണ്ണൂരാണ്; ആരൊക്കെ ആരുടെയൊക്കെ തലനോക്കിയാ ‘ബോംബ് ഇടുന്നത്’ എന്ന് ആരറിയാന്‍ ? ബോംബിനാണെങ്കില്‍ ഒരു പഞ്ഞവും കാണില്ല. ‘എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ റഡിയായ ബോംബുകള്‍ കട്ടിലിനടിയില്‍ ഉണ്ടായാല്‍ മാത്രമേ കണ്ണൂരിലെ ചില വീട്ടമ്മമാര്‍ക്ക്പോലും ഉറക്കം വരികയുള്ളു എന്ന അവസ്ഥയാണ്’. പിന്നെ വലിയ മത്സരമില്ലാത്ത, വല്ല കാട്ടുമൂലയിലെ എല്‍. പി. സ്ക്കൂളിലാണ് ഡ്യൂട്ടി ലഭിച്ചതെങ്കില്‍; രണ്ടു ദിവസം ‘നിരാഹാരവും കൊതുക് കടിയും’ ആയിരിക്കും.
 .
                                അങ്ങനെയിരിക്കെ നമ്മുടെ നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആഗതമായി. അതാണെങ്കില്‍ മൂന്ന് തലങ്ങളിലാണ്; ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായാത്ത്, ജില്ലാ പഞ്ചായത്ത്. എല്ലവരുടെയും വീറും വാശിയും വെറുപ്പും പഞ്ചായത്ത്തലത്തില്‍ (വാര്‍ഡ് തലത്തില്‍) കാണിച്ച്, പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം. ഒരു വാര്‍ഡ് മുഴുവന്‍ ഒരേ പാര്‍ട്ടി ആയാലും സ്ഥാനാര്‍ത്ഥിയോട് വെറുപ്പുണ്ടെങ്കില്‍ അതേ പാര്‍ട്ടിയില്‍ പെട്ടവളെ പെണ്ണുങ്ങള്‍ തോല്പിച്ച് പകരം വീട്ടും. (ഇത് സ്ത്രീകളുടെ മാത്രം കുശുമ്പാണ്) അത്പോലെ ഒരേ വീട്ടിലുള്ള ബന്ധുക്കള്‍ തമ്മില്‍ ; പ്രത്യേകിച്ച്-  സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതും ചില പഞ്ചായത്തില്‍ കാണാം.
 .
                              പ്രായപൂര്‍ത്തി വോട്ടവകാശം ആരംഭിച്ചതു മുതല്‍ പോസ്റ്റല്‍ബാലറ്റില്‍ മാത്രം വോട്ടുചെയ്തയാളാണ് ചന്ദ്രന്‍ മാസ്റ്റര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശ്രീമാന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍.  റിട്ടയര്‍മെന്റ് അടുത്തിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്, പോസ്റ്റല്‍ ബാലറ്റ് തന്നെ ശരണം.
                               ഇത്തവണ അദ്ദേഹത്തിന്റെ ഇലക്‍ഷന്‍ ഡ്യൂട്ടിക്ക് ഒരു പ്രത്യേകതയുണ്ട്. സ്വന്തം പഞ്ചായത്തിലാണെങ്കിലും മറ്റൊരു വാര്‍ഡിലെ,  ഇതുവരെ സന്ദര്‍ശ്ശിച്ചിട്ടില്ലാത്ത ഒരു ഉള്‍നാടന്‍ എല്‍. പി. സ്ക്കൂളിലാണ് സെക്കന്റ് പോളിങ്ങ് ഓഫിസറായി ജോലി കിട്ടിയത്. ആ സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല, അവിടെ ഡ്യൂട്ടിയുള്ള എല്ലാവരും പുരുഷന്മാരായിരുന്നു.

                              രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് ഇലക്‍ഷന്‍ . അതിന്റെ തലേ ദിവസമാണ് കലാശക്കൊട്ട്. ‘സ്വന്തം വീട്ടില്‍വെച്ച് നടക്കുന്ന സ്വന്തം കല്ല്യാണത്തിന് പോലും’ ഇത്രയും ടെന്‍ഷന്‍ അവര്‍ക്ക് കാണില്ല. അതുപോലെ ഇലക്‍ഷന്റെ തലേദിവസം, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. പോളിങ്ങ്ബൂത്തില്‍ എത്തുന്നത് മുതല്‍ കൂടിക്കൂടി വരുന്ന ഈ ടെന്‍ഷന്‍ ഒടുവില്‍ സമ്മതിദാനം നിറച്ച ബാലറ്റ്ബോക്സ്  തിരിച്ചേല്‍പ്പിക്കുന്നതോടെ ആവിയായിപോകും.
.
                              രണ്ട് ദിവസത്തേക്ക് ആവശ്യമായ വസ്ത്രങ്ങളും പല്ലുതേപ്പ്, കുളി ആദിയായവ നിര്‍വ്വഹിക്കനുള്ള എക്‍ട്രാസും ഒരു സ്യൂട്ട്കേസില്‍ നിറച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ അതിരാവിലെ തന്നെ പോളിങ്ങ് ഡ്യൂട്ടിക്കായി  ജില്ലാകേന്ദ്രത്തിലെ ഹൈ സ്ക്കൂളിലെത്തി. വലിയ ഇരുമ്പ് ഗേറ്റ് കടന്ന് സ്ക്കൂള്‍ കോമ്പൌണ്ടില്‍ പ്രവേശിച്ചു. അവിടം ജനസമുദ്രമായി മാറിയിരിക്കയാണ്. സമ്മതിദാനാവകാശം ബാലറ്റ്‌പെട്ടിയിലാക്കി നാളെ വൈകുന്നേരം ഇവിടെതന്നെയാണ് തിരിച്ചേല്‍പ്പിക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായതിനാല്‍ ഏതാണ്ട് ഒരു ജയിലുപോലെ സ്ക്കൂളിനു ചുറ്റും വലിയ മതിലും, പിന്നെ വലിയ ഇരുമ്പ് ഗേറ്റും ഉണ്ട്.
.
                              അകത്ത് പ്രവേശിച്ച് സഹഡ്യൂട്ടിക്കാരെ തപ്പിയപ്പോഴാണ് നമ്മുടെ ചന്ദ്രന്‍‌മാസ്റ്റര്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യം അറിഞ്ഞത്; പ്രിസൈഡിങ്ങ് ഓഫീസര്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് അദ്ദേഹം ഹരിശ്രീ പഠിപ്പിച്ച ശിഷ്യനാണ്. എന്തു ചെയ്യാം? അവന്‍ എം എ പഠിച്ച് ഹയര്‍ സെക്കന്ററി മാഷായി ഗസറ്റഡ് ഓഫീസറാണ്. ശിഷ്യന്‍ ഗുരുവിനെക്കാളും, മകന്‍ അച്ഛനെക്കാളും, വളര്‍ന്നാല്‍‌ അനുസരിക്കയല്ലാതെ എന്ത് ചെയ്യും? ഓഫീസറായിട്ടും, അവന്‍ വന്ന് കൈകൂപ്പി ലോഹ്യം പറഞ്ഞപ്പോള്‍ മനസ്സിന്റെ ഉള്ളില്‍ ഒരു ചെറിയ നൊമ്പരം. ഫസ്റ്റ് പോളിങ്ങ് ഓഫീസറായി ഹൈ സ്ക്കൂള്‍ അദ്ധ്യാപകനാണ്. അവനാണെങ്കില്‍ ഒന്നാം തരത്തില്‍ പഠിക്കുമ്പോള്‍തന്നെ ഒരു മണ്ടന്‍ ആയിരുന്നു. ഹൈ സ്ക്കൂള്‍ മാനേജരുടെ മകനായി ജനിച്ച അവന്‍ സ്വന്തം സ്ക്കൂളില്‍തന്നെ അദ്ധ്യാപകനാണ്. എന്നാല്‍ എങ്ങനെ, എവിടെനിന്ന് അവന്‍ ബി.എഡ്. പാസ്സായി എന്ന കാര്യത്തില്‍ നാട്ടുകാരായ ചിലര്‍ക്ക് സംശയം ഉണ്ട്. പിന്നെ മൂന്നാം സ്ഥാനക്കാരന്‍ സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കും, പോളിങ്ങ് അസിസ്റ്റന്റ് അതേ ഓഫീസിലെ പ്യൂണും ആണ്.      
 .
                                 കാത്തിരിപ്പിനു ശേഷം രാമചന്ദ്രന്‍ മാസ്റ്ററുടെ ഗ്രൂപ്പിന് ഡ്യൂട്ടി സാമഗ്രികള്‍ ലഭിച്ചു. അവ ഒപ്പിട്ട് വാങ്ങി എല്ലാവരും ചേര്‍ന്ന് സ്ക്കൂളിലെ പുല്‍ത്തകിടിയില്‍ ഇരുന്ന് ഓരോന്നായി പരിശോധിച്ചു; ‘ബാലറ്റ് ബോക്സ്, ബാലറ്റ് പേപ്പര്‍, വോട്ടേര്‍സ് ലിസ്റ്റ്, പൂരിപ്പിക്കാനുള്ള ഫോറങ്ങള്‍, അനേകം കവറുകള്‍, വിരലില്‍ പതിക്കാനുള്ള ‘ഒരിക്കലും മായ്ക്കാനാവാത്ത’ മഷി, വോട്ട് ചെയ്യാനുള്ള സീലുകള്‍, അവയില്‍ പതിയേണ്ട മഷി, മഷി ഇടയ്ക്കിടെ ഒഴിക്കേണ്ട പാഡ്, വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് ആക്കാനുള്ള കാര്‍ഡ് ബോര്‍ഡുകള്‍, പെന്നുകള്‍, പെന്‍സില്‍, ബ്ലേയ്ഡ്, സ്കെയില്‍, സൂചി, നൂല്‍ തുടങ്ങി എല്ലാം റഡി. ഇതില്‍ ഒടുവില്‍ പറഞ്ഞവ പലതും ഉപയോഗശൂന്യമായിരിക്കും. എല്ലാ വസ്തുക്കളും നാളെ വൈകുന്നേരം ഇവിടെ തിരിച്ചെത്തിക്കേണ്ടതാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ‘വിരലമര്‍ത്തി വോട്ട് ചെയ്യുന്നതിനു’ പകരം ‘സീല്‍ കുത്തി വോട്ട് ചെയ്യുക’ എന്ന പുരാതന രീതിയാണ്. ഒരു പ്രധാന ഐറ്റം വിട്ടുപോയി, പണം; നാളെ വരെ ഡ്യൂട്ടി സുഗമമായി നിര്‍വ്വഹിച്ചതിന് എല്ലാവര്‍ക്കും ലഭിക്കേണ്ട കൂലി. 
                         ഒടുവില്‍ ഡ്യൂട്ടിയുള്ള പഞ്ചായത്തിലേക്ക് പോകേണ്ട ബസ് വന്നതോടെ എല്ലാവരും അതില്‍ കയറി. ഒരുത്തന്‍‌കൂടി അവരുടെ കൂടെയുണ്ട്; താല്‍ക്കാലിക പോലീസ്ഡ്യൂട്ടി ലഭിച്ച എക്സ്-ജവാന്‍ .
 .
                               സ്വന്തം പഞ്ചായത്തില് ഇങ്ങനെയൊരു സ്ഥലവും സ്ക്കൂളും ആദ്യമായാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ കാണുന്നത്. ഒരു പുഴയുടെ കരയിലാണ് സ്ക്കൂള്‍; എങ്കിലും പുഴവെള്ളം സ്ക്കൂളിനകത്ത് ഇതുവരെ കടന്നിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു പാലത്തിനുവേണ്ടി വര്‍ഷങ്ങളായി മുറവിളി കൂട്ടിയിട്ടും, മാറിമാറി ഭരിച്ച സര്‍ക്കാര്‍ കനിയാത്തതിനാല്‍, വികസനം മുരടിച്ച നാട്ടിന്‍പുറം. ഈ പുഴയോരത്ത് പിഞ്ചുകുഞ്ഞുങ്ങളെ സ്ക്കൂളിലയക്കുന്ന രക്ഷിതാക്കളെ സമ്മതിക്കണം. എങ്കിലും നാട്ടുകാരുടെ രാഷ്ട്രീയബോധം ഒട്ടും കുറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് തലത്തില്‍ രണ്ട് പാര്‍ട്ടിക്കാര്‍ മാത്രം. ഇലക്ഷന്‍ ഡ്യൂട്ടിക്കാരെ കണ്ട്, അവര്‍ രണ്ടുപേരും വന്ന് പരിചയപ്പെട്ടു; ശേഷം സൌകര്യങ്ങളൊക്കെ തിരക്കി. അത് ഗ്രാമ പഞ്ചായത്തിലെ സംവരണ വാര്‍ഡാണ്. രണ്ട് സ്ഥ്നാര്‍ത്ഥിയും ഒരേ വീട്ടുകാരാണ്; ഒരാള്‍ അമ്മാവന്‍ ; രണ്ടാമന്‍ മരുമകന്‍ . അതാണ് ഇത്രയും ഐക്യം.
.
                                തിരിച്ചുപോകാന്‍ നേരത്ത് രാമചന്ദ്രന്‍ മാസ്റ്റര്‍ ചോദിച്ചു,
“നമ്മുടെ ഭക്ഷണക്കാര്യം? പിന്നെ കുളിക്കാനും മറ്റും സൌകര്യം എങ്ങനെയാ?”
“അത് ഇവിടെ അടുത്തൊന്നും ഹോട്ടലൊന്നും ഇല്ലല്ലോ; അപ്പോള്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യാനാണ്? പിന്നെ കുളിക്കാനും മറ്റും പുഴയില്‍ പോയാല്‍ മതി”
ഇതു കേട്ടപ്പോള്‍ എത്രയോ തവണ വോട്ട് ചെയ്യിപ്പിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കാര്യം പിടികിട്ടി; ഭക്ഷണക്കാര്യം നാട്ടുകാര്‍ ഒഴിഞ്ഞുമാറുകയാണ്.

 “നമ്മള്‍ മാഷന്മാര്‍ക്ക് പഠിപ്പിക്കലാണ് പണി; പിന്നെ ഈ പണിയൊക്കെ നിങ്ങള്‍ക്കു വേണ്ടിയാ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. സാധാരണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാല്‍ ഓരോ ദിവസവും ഓരോ പാര്‍ട്ടിക്കാരായിരിക്കും ഭക്ഷണക്കാര്യം നോക്കാറ്. അത് നിങ്ങള്‍ ആരാണെന്ന് തീരുമാനിച്ചൊ; പിന്നെ ചോറിന്റെയും ചായയുടെയും പൈസ ഞങ്ങള്‍ തരാം”
പറഞ്ഞത് നന്നായി ഏറ്റു, അതായിരിക്കണം അര മണിക്കൂര്‍ കൊണ്ട് ചായ വന്നത്.

രാത്രി ഭക്ഷണം കഴിഞ്ഞ് വോട്ട് ചെയ്യാനായി എറേഞ്ച് ചെയ്യുമ്പോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ ശിഷ്യന്റെ ചോദ്യം;
 “മാഷെ അതൊക്കെ നാളെ രാവിലെ ചെയ്താല്‍ പോരെ?”
അവന് ഇതൊന്നും വലിയ പിടിയില്ല.
“നാളെ 7 മണിക്ക് നാട്ടുകാര്‍ എത്തുന്നതിനു മുന്‍പ് നീ ഒറ്റക്ക് എല്ലാം ചെയ്യുമോ?”
പിന്നെ മറുപടിയൊന്നും പറയാതെ എല്ലാവരും ചേര്‍ന്ന് ബഞ്ചും ഡസ്ക്കും പിടിച്ചിട്ട് പോളിങ്ങ് ബൂത്ത് എറേഞ്ച് ചെയ്തു.
.
                               പിറ്റേദിവസം ആറ് മണിക്ക് മുന്‍പ് പുഴക്കരയില്‍ പോയി ‘ഒന്നും രണ്ടും മൂന്നും’ കഴിഞ്ഞ് വരുമ്പോഴേക്കും കണ്ടു, പതിനഞ്ച് മീറ്റര്‍ നീണ്ട ക്യൂ. നാട്ടുകാരെല്ലാം ഉറങ്ങി എഴുന്നേറ്റ ഉടനെ ഇങ്ങോട്ട് വന്നതായിരിക്കണം.
.
                               ഉച്ചവരെ വോട്ടിങ്ങ് സുഗമമായി നടന്നു. മൂന്ന് ബാലറ്റ്പേപ്പറില്‍ സീലു വെച്ചാലും അവയെല്ലാം ഒരേ പെട്ടിയിലാണ് ഇടേണ്ടത്. അച്ഛന്റെ വോട്ട് മകന്‍ ചെയ്തതും കണ്ണു കാണുന്നവനെ ഓപ്പണ്‍ വോട്ട് ചെയ്യിച്ചതും വലിയ പ്രശ്നമില്ലാതെ കഴിഞ്ഞു. ബൂത്തിനകത്തിരിക്കുന്ന സ്ഥ്നാര്‍ത്ഥികളുടെ ഏജന്റുമാര്‍ വളരെ സൌഹൃതമായി പെരുമാറുന്നു. പലതും പറഞ്ഞ് ചിരിയും കളിയും തന്നെ. അങ്ങനെയിരിക്കെ ആളുകള്‍ വളരെ കുറഞ്ഞ സമയത്ത് ഒരു മൂന്ന് മണിയോടെയാണ് ‘ഒരു കറുത്ത സുന്ദരി’ കടന്നുവന്നത്. അവള്‍ വന്ന ഉടനെ കയിലുള്ള സ്ലിപ്പ്, ഫസ്റ്റ് പോളിങ്ങിനു നേരെ നീട്ടി. അയാള്‍ അത് വായിച്ചു,
“നമ്പര്‍ ഒന്ന് ഏഴ് മൂന്ന്, വീട്ടുനമ്പര്‍ ഇരുന്നൂറ്റീ എഴുപത്, സൂര്യ കിഴക്കെവീട്ടില്‍, വയസ്സ് ഇരുപത്തി നാല്, ജയചന്ദ്രന്‍ രക്ഷിതാവ്”


 ആ വിളികേട്ട് ഏജന്റുമാര്‍ പേജ് മറിക്കാന്‍ തുടങ്ങി. പെട്ടെന്ന് കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് ബഹളം വെച്ചു,
“ഇത് സൂര്യയല്ല, അവളുടെ സഹോദരിയാ”
അതുവരെ ലോഹ്യം പറഞ്ഞിരുന്ന അടുത്ത ഏജന്റ് കോപം കൊണ്ട് വിറച്ചു,
“ഇത് സൂര്യ തന്നെയാണ്, അനാവശ്യം പറയുന്നോ?”


                     എത്ര പെട്ടെന്നാണ് രംഗം കലങ്ങിമറിഞ്ഞത്! അകത്തുള്ള ഒച്ചയും ബഹളവും കേട്ട് പുറത്തുള്ളവര്‍ വാതിലിനു സമീപം കൂട്ടമായി എത്തി. പോലീസ് ഡ്യൂട്ടിക്കാരന്‍ അകത്ത് ആരെയും കയറ്റാതെ പരമാവധി തടഞ്ഞു. സൂര്യ അല്ല എന്ന് പറഞ്ഞവന്‍ സ്വന്തം പാര്‍ട്ടിക്കാരോട് വിശദീകരിക്കുകയാണ്,
“വോട്ട് ചെയ്യാന്‍ വരേണ്ട ‘സൂര്യ‘ ഒരാഴ്ച മുന്‍പ് പ്രസവത്തിനുശേഷം വീട്ടില്‍ കിടക്കുകയാണ്. ഇവിടെ വോട്ട് ചെയ്യാന്‍ വന്നത് അവളുടെ ഇരട്ടസഹോദരി ആയ ‘രശ്മി‘ ആണ്. ടീച്ചറായ രശ്മിക്ക് വോട്ട് ഭര്‍ത്താവിന്റെ വീട്ടിലാണ്”


എന്നാല്‍ പ്രശ്നക്കാരി (സൂര്യയോ രശ്മിയോ) ഒരു ചമ്മലും കൂടാതെ പോളിങ്ങ്‌ബൂത്തില്‍ നില്‍ക്കുകയാണ്. പ്രിസൈഡിങ്ങ് ഓഫീസറുടെ ചോദ്യത്തിന്, അവള്‍ തന്റേടത്തോടെ മറുപടി പറഞ്ഞു,
“ഞാന്‍ സൂര്യയാണ്, എനിക്ക് സഹകരണ ബാങ്കിലാണ് ജോലി. ഭര്‍ത്താവ് ഗള്‍ഫിലാണ്”
.
                             പ്രശ്നം ഗുരുതരമായി മാറി, പരിഹരിക്കപ്പെടില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ‘ഇലക്‍ഷന്‍ അര്‍ജന്റ് പോലീസ് ടീമിന്‍’ ഫോണ്‍ ചെയ്തു. വോട്ടിങ്ങ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണ്. പുറത്തുള്ള വാക്കേറ്റം, അടുത്ത ഘട്ടമായ കൈയേറ്റത്തിലേക്ക് കടക്കുകയാണ്. അത് കഴിഞ്ഞാല്‍ ബോംബും കത്തിക്കുത്തും അരങ്ങേറും. ആദ്യമായി ലഭിച്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആയതിനാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ പയ്യന് ആകെ വെപ്രാളം. ജീവിതത്തില്‍ ഇതുവരെ കേള്‍ക്കാന്‍ കഴിയാത്ത പുതുപുത്തന്‍ തെറികളാണ്, നല്ലവരായ നാട്ടുകാരില്‍നിന്നും അദ്ദേഹം കേള്‍ക്കുന്നത്.
.
                           പുറത്ത് പ്രശ്നങ്ങള്‍ അരങ്ങ് തകര്‍ക്കവേ രാമചന്ദ്രന്‍ മാസ്റ്റര്‍ പതുക്കെ നമ്മുടെ ‘സൂര്യ-രശ്മിയുടെ’ അടുത്തുപോയി, പതുക്കെ അവളെ വിളിച്ചു;
“ടീച്ചറെ ഇങ്ങോട്ട് വാ...”

അവള്‍ വിളികേട്ട ഭാഗത്ത് മാഷിന്റെ സമീപം വന്നു.
 “നിങ്ങള്‍ സൂര്യ ആണെങ്കില്‍ തീര്‍ച്ചയായും വോട്ട് ചെയ്യണം. അതല്ല രശ്മി ആണെങ്കില്‍ ‘ഒരു ടീച്ചര്‍‘ ആയിരിക്കും. അപ്പോള്‍ സര്‍വീസില്‍ പ്രവേശിച്ചിട്ട് അധികകാലം ആയിരിക്കയില്ല; ഇനിയും ധാരാളം വര്‍ഷം കുട്ടികളെ പഠിപ്പിക്കേണ്ടതാണ്. കള്ളവോട്ട് തെളിഞ്ഞാല്‍ അത് നാളെ പത്രത്തില്‍ വരും, കേസ് വരും, അത് നിങ്ങളുടെ ജോലിയെ ബാധിക്കും. ജോലി നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ കാണുന്ന ഒരുത്തനും ടീച്ചറെ സഹായിക്കാന്‍ കാണില്ല”


“ഞാന്‍ സൂര്യയാണ്”
പെട്ടെന്ന് അവള്‍ ഇടക്കുകയറി പറഞ്ഞു.
“അതെ സൂര്യയാണെങ്കില്‍ പോലീസ് വരുന്നതുവരെ ഇവിടെ നില്‍ക്കുക, വോട്ട് ചെയ്യാം; രശ്മിയാണെങ്കില്‍ മറ്റാരും അറിയാതെ പിന്‍‌വാതിലിലൂടെ സ്ഥലം വിട്ടോ..”
മാസ്റ്റര്‍ ക്ലാസ്സിനു പിന്നിലൂടെ സ്ക്കൂളിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടി.
 .
                             പെട്ടെന്ന് പോലീസ്‌വണ്ടി ലാന്റ് ചെയ്തു; ഒപ്പം പത്രക്കാരും എത്തി. ഇരു പാര്‍ട്ടിയില്‍‌പ്പെട്ടവരും അവരെ വളഞ്ഞു. അകത്തുകടന്ന എസ് ഐ, പ്രിസൈഡിങ്ങ് ഓഫീസറോടും പാര്‍ട്ടിഏജന്റ്മാരോടും കള്ളവോട്ട് കാര്യം അന്വേഷിച്ചു; ശേഷം ചോദ്യം ചെയ്യാനായി ആ വോട്ടറെ വിളിക്കാന്‍ പറഞ്ഞു.
 “സൂര്യയെവിടെ” ഒരു വിഭാഗം അന്വേഷിച്ചു.
 “രശ്മിയെവിടെ” മറ്റൊരു വിഭാഗം അന്വേഷിച്ചു.


                        എന്നാല്‍ വോട്ട് ചെയ്യണമെന്ന് വാശിപിടിച്ച ‘സൂര്യ-രശ്മിയെ’ ഇരുപാര്‍ട്ടിയില്‍പെട്ട ആര്‍ക്കും‌തന്നെ ആ പോളിങ്ങ്ബൂത്തിന്റെ പരിസരത്തൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വോട്ടിങ്ങ് സമയം കഴിയുന്നതുവരെ പരസ്പരവൈരം മറന്ന് രണ്ട് പാര്‍ട്ടിക്കാരും ‘സൂര്യരശ്മികളുടെ’ അന്വേഷണത്തില്‍ മുഴുകി.

October 28, 2009

35. ജ്വലിക്കുന്ന ഓര്‍മ്മകള്‍

                    എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന; ഓര്‍ക്കുന്തോറും മനസ്സിന്റെ അടിത്തട്ടില്‍ ഒരു വേദനയായി പടര്‍ന്നു നില്‍ക്കുന്ന ഒരാള്‍; അത് എന്റെ അച്ഛനാണ്. മനസ്സില്‍ വേദനകള്‍ അവശേഷിപ്പിച്ച് കടന്നുപോയവര്‍ ധാരാളം ഉണ്ട്. എന്നാല്‍ എന്റെ അച്ഛന്‍ , അത് എനിക്ക് മാത്രം ലഭിച്ച സ്നേഹവാത്സല്യങ്ങളില്‍ പൊതിഞ്ഞ നീറുന്ന കണ്ണിരില്‍ കുതിര്‍ന്ന ഓര്‍മ്മകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മ്മയില്‍ ഞാന്‍ ഇന്ന് ഒരു പോസ്റ്റ് നിര്‍മ്മിക്കുകയാണ്.
.
                    സാധാരണക്കാരില്‍ ഒരാള്‍ മാത്രമായി, ഒരു നാട്ടിന്‍‌പുറത്ത് വളര്‍ന്ന അച്ഛന്‍ ജീവിക്കാന്‍‌വേണ്ടി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. നാട്ടിലെ ഏറ്റവും വലിയ പണക്കാരനായും പാവപ്പെട്ടവനായും ജീവിച്ചിട്ടുണ്ട്. ഒരു മുതലാളിയായും തൊഴിലാളിയായും ജീവിച്ചിട്ടുണ്ട്. ഒടുവില്‍ സ്വന്തമായി ഒരു ബിസ്‌നസ് നടത്തി. ഉപ്പു തൊട്ട് പഞ്ചസാര വരെയുള്ള അടുക്കള സാധനങ്ങളുടെ പൊടിപൊടിച്ച കച്ചവടം. നാട്ടുകാരെക്കൊണ്ട് നല്ലതു പറയിപ്പിക്കണമെന്ന് വാശിപിടിച്ച കച്ചവടത്തിലൂടെ ഒഴുകി ഒലിച്ചു പോയത് സ്വന്തമായുള്ള പറമ്പും പൊന്നും പണവും ആയിരുന്നു. മക്കള്‍ വലുതാകുമ്പോഴേക്കും സാമ്പത്തിക രേഖ പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവില്‍ എത്തിയിരുന്നു. എന്നാലും അച്ഛന്‍ നിരാശനായില്ല; കാരണം കൈനോട്ടക്കാരനും ഭാവി പ്രവാചകന്മാരും ചേര്‍ന്ന് എന്റെ അച്ഛനോട് ഒരു കാര്യം ഉറപ്പിച്ച് പറഞ്ഞിരുന്നു,
‘ഒരു കാലത്ത് എല്ലാം നശിക്കുന്ന കാലത്ത് ഒരു നിധി കിട്ടും’. അത്കൊണ്ട് ഓരോ നഷ്ടവും അച്ഛന്‍ നിധിയിലേക്കുള്ള കാല്‍‌വെപ്പായി കണക്കാക്കി. അച്ഛന്റെ ആ നിധി സ്വന്തം  മക്കളാണെന്ന് മരിക്കുന്നതുവരെ അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
.
                   ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം. ഡിഗ്രീ മൂന്നാം വര്‍ഷം ‘ഫൈനല്‍’; എല്ലാവരും സ്റ്റഡീ ടൂറിന് പോകാനുള്ള തയ്യാറെടുപ്പില്‍. അധ്യയന വര്‍ഷാരംഭത്തില്‍ ഊട്ടി, കൊടൈക്കനാല്‍, കന്യാകുമാരി, കോവളം എന്നിങ്ങനെ ടൂര്‍ പ്രോഗ്രാം ചെയ്ത് കൊതിപ്പിച്ചെങ്കിലും അതൊന്നും നടന്നില്ല. ഞങ്ങളുടെ യാത്ര മൂന്നു ദിവസം വയനാട് ജില്ലയിലെ കാട്ടിലൂടെയുള്ള ചുറ്റിയടിക്കല്‍ മാത്രം. ബോട്ടണി പഠിക്കുന്നവര്‍ പിന്നെ കാട്ടിലല്ലെ പോവേണ്ടത്?
.
                   അതിരാവിലെ അഞ്ച് മണിക്ക്‍തന്നെ കണ്ണൂരിലെ കെഎസ്ആര്‍ടീസീ ബസ്‌സ്റ്റാന്റില്‍ യാത്ര പോവാനുള്ള തയ്യാറെടുപ്പില്‍ എല്ലാ വിദ്യാര്‍ത്ഥികളും എത്തിയിട്ടുണ്ട്. (പുലര്‍ച്ചക്ക് കണ്ണൂരില്‍ എത്തിച്ചേരേണ്ടതു കൊണ്ട് നേരാംവണ്ണം ഉറങ്ങിയിരുന്നില്ല) അധികം പേര്‍ക്കും ബസ്‌സ്റ്റാന്റ് വരെ യാത്രയയക്കാനായി എസ്‌ക്കോര്‍ട്ട് രക്ഷിതാക്കള്‍ ഉണ്ട്. (പ്രത്യേകിച്ച് സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്ക്) . എനിക്ക് എസ്‌ക്കോര്‍‌ട്ട് വന്നത് എന്റെ അച്ഛന്‍ തന്നെ. മറ്റുരക്ഷിതാക്കളും സഹപാഠികളും പുത്തന്‍ വേഷത്തില്‍ അണിനിരന്ന് പരമാവധി പൊങ്ങച്ചം കാണിക്കുകയും പറയുകയും ചെയ്യുമ്പോള്‍, തനി നാട്ടിന്‍‌പുറത്തുകാരനായ അച്ഛന്റെ കൂടെ ഞാനും ഒരു വശത്ത് ഒതുങ്ങി നിന്നു. നമുക്ക് യാത്രപോകാനുള്ള നമ്മുടെ സര്‍ക്കാര്‍ വക ബസ് ഇനിയും മുഖം കാണിച്ചിരുന്നില്ല.
.
                  ഒടുവില്‍ നമ്മുടെ സ്വന്തം ബോട്ടണി അധ്യാപകര്‍ കൂടി എത്തിച്ചേര്‍ന്നപ്പോഴാണ് യാത്ര അയക്കാനായി ‘ഹെഡ് ഓഫ് ദി ഡിപ്പാ‍ര്‍ട്ട്മെന്റ്‘ ആയ പ്രൊഫസര്‍ പ്രത്യക്ഷപ്പട്ടത്. അതോടെ രക്ഷിതാക്കളെല്ലാം അദ്ദേഹത്തെ പൊതിഞ്ഞ് പരിചയപ്പെടുകയാണ്. എന്നാല്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രൊഫസര്‍ നേരെ നടന്നു വന്നത് അച്ഛനും ഞാനും നില്‍ക്കുന്നിടത്താണ്. അച്ഛനെ പേര്‍ പറഞ്ഞ് വിളിച്ച ശേഷം അദ്ദേഹം പറഞ്ഞു,
“ഇവള്‍ നിന്റെ മകളാണെന്ന് ഇപ്പോള്‍ മനസ്സിലായി. ഏറ്റവും നന്നായി പഠിക്കുന്ന മകളെ നീ ഇനിയും കൂടുതല്‍ പഠിപ്പിക്കണം”
  
                     പിന്നെ ഒരു പഴയ സുഹൃത്തിനെ പരിചയപ്പെട്ട ആവേശത്തോടെ അവര്‍ സംസാരിക്കാന്‍ തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും നില്‍ക്കുന്ന ഞാന്‍ ആശ്ചര്യപ്പെട്ടു. ഇംഗ്ലണ്ടിലും അമേരിക്കയിലും പഠനം പൂര്‍ത്തിയാക്കിയ കൊല്ലം ജില്ലക്കാരനായ പ്രൊഫസര്‍, ജീവിതത്തിന്റെ ഏത് വഴിയില്‍ വെച്ചാണ് വെറും മൂന്നാം ക്ലാസ്സുവരെ മാത്രം പഠിച്ച എന്റെ അച്ഛനെ പരിചയപ്പെട്ടതെന്ന് എനിക്ക് മനസ്സിലായില്ല. വീട്ടില്‍‌വെച്ച് പലതവണ അക്കാര്യം ചോദിച്ചു. അപ്പൊഴെല്ലാം ഉത്തരം പറയാതെ, സാര്‍ എന്നെപ്പറ്റി പറഞ്ഞകാര്യങ്ങള്‍ അതിശയോക്തി കലര്‍ത്തി വിവരിക്കുകയായിരുന്നു.
.
                       ഇനി ഓര്‍മ്മയില്‍ വരുന്നത് അച്ഛന്റെ ജീവിതസായാഹ്നം. മക്കള്‍ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു. രണ്ട് പെണ്‍‌മക്കളുടെയും ഒരു മകന്റെയും വിവാഹം കഴിഞ്ഞു. വീടിനടുത്തുള്ള കാവിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നിരിക്കയാണ്. ഉത്സവദിവസം രാവിലെ പത്ത് മണിക്ക് വീടിന്റെ വരാന്തയിലിരുന്ന് അച്ഛനും മക്കളും മരുമക്കളും ചേര്‍ന്ന് നാട്ടുകാര്യങ്ങള്‍ ഓരോന്നായി പറഞ്ഞ് ചിരിക്കുകയാണ്. അപ്പോള്‍ എല്ലാവരുടെയും കൂട്ടത്തില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ അച്ഛന്‍ പിന്നിലേക്ക് മറിഞ്ഞു വീണു. അതെ ശരിക്കും മരിച്ചുവീഴുക തന്നെഎന്റെ ഓര്‍മ്മകള്‍‌ക്ക് വിട; അവ ഇനി എന്റെ മനസ്സിന്റെ അടിത്തട്ടില്‍ വിശ്രമിക്കട്ടെ

പിന്‍‌കുറിപ്പ് :
  1. പ്രായവും രോഗവും വന്ന് കഷ്ടപ്പെടുന്ന ജീവിതം മതി എന്ന് ആഗ്രഹിക്കുന്ന എന്റെ നാട്ടുകാര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്റെ അച്ഛന് ലഭിച്ചതുപോലെ സുന്ദരമായ സുഖകരമായ മരണത്തിനാണ്.
  2. അച്ഛന്റെ ഫോട്ടൊ -‘പോസ്റ്റിന്റെ മുന്നിലുള്ളത്’- എടുത്തത് 1960 ന്‍ മുന്‍പ് കണ്ണൂരിലെ ഒരു സ്റ്റുഡിയോവില്‍ നിന്നാണ്.

October 9, 2009

34. കുമാരിയമ്മയുടെ കുഞ്ഞ്
                   കുമാരിയമ്മ മകനെയും കൂട്ടി സ്ക്കൂളിലെ സ്റ്റാഫ് റൂമില്‍ വന്നപ്പോള്‍ അവിടെയിരിക്കുന്നവരെല്ലാം വലുതായി ഒന്നു ഞെട്ടിയെങ്കിലും, ആ ഞട്ടല്‍ പുറത്തു കാണിക്കാതെ എല്ലാവരും കര്‍മ്മനിരതരായി.

                   മുന്നിലെ മേശപ്പുറത്തുള്ള പെന്ന്, പെന്‍സില്‍, പണം ആദിയായവയെല്ലാം ഉടനെ ബേഗില്‍ കയറ്റി. ശേഷം പുസ്തകങ്ങളും ബേഗുകളും ഷെല്‍ഫില്‍ വെച്ച് പൂട്ടിയ ശേഷം എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളില്‍ സ്ഥാനം‌പിടിച്ചു.
 .
                   അവനെ സ്വീകരിക്കാനായി എല്ലാം പൂര്‍ത്തിയായ നേരത്താണ് ആ മൂന്ന്‌വയസ്സുകാരന്‍ മുറിയില്‍ കടന്നത്. വന്ന ഉടനെ അവന്‍ ആദ്യം കണ്ട ആളില്ലാകസേലയില്‍ കയറി ഇരിപ്പായി. ഉടനെ മേശപ്പുറത്തുള്ള എട്ടാം ക്ലാസ്സിലെ കണക്ക് പുസ്തകം തുറന്ന് പേജുകള്‍ ഓരോന്നായി കീറി ചുരുട്ടി എറിയാന്‍ തുടങ്ങി. പാഠപുസ്തകത്തിലെ പേജുകള്‍ തീര്‍ന്നപ്പോള്‍ അടുത്തുള്ള ടീച്ചിങ്ങ് നോട്ടിലേക്ക് കടന്നു. അതും തീര്‍ന്നപ്പോഴാണ് സമീപത്തുള്ള ബേഗ് അവന്റെ കൊച്ചു കണ്ണില്‍‌പെട്ടത്. ബേഗിന്റെ ഉള്ളിലുള്ളതെല്ലാം പുറത്താക്കി വലിച്ചെറിഞ്ഞു. ഇത്രയൊക്കെ ഈ കൊച്ചുവികൃതി ചെയ്ത് കൂട്ടിയിട്ടും അവന്റെ അമ്മയായ ‘കുമാരിയമ്മ’ എതിര്‍ത്തൊന്നും പറഞ്ഞില്ല.
                     എന്നാല്‍ ഒരാള്‍ പറഞ്ഞു; മൂന്ന് മാസത്തേക്ക് താല്‍ക്കാലികനിയമനം ലഭിച്ച ‘ശകുന്തളടീച്ചര്‍’,
“ഒരു ടീച്ചറുടെ പുസ്തകങ്ങളും ബേഗും നശിപ്പിക്കുന്നത് അവന്റെ അമ്മയായ നിങ്ങള്‍ ഇങ്ങനെ നോക്കിനില്‍ക്കുകയോ? അവനെ ഒന്ന് പിടിച്ചു മാറ്റിക്കൂടെ?”


                   അത്രയും സമയം സ്വന്തം മകന്റെ വികൃതികള്‍ നോക്കി ആസ്വദിക്കുന്ന അമ്മ, മകനെ നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു,
 “അവന്‍ കൊച്ചുകുഞ്ഞല്ലെ; പിന്നെ എതിര്‍ത്താല്‍ അവന് ദേഷ്യം വരും, പിന്നെ ആകെ കുഴപ്പം ആയിരിക്കും” 

‘ബേഗിന്റെയും പുസ്തകത്തിന്റെയും ഉടമ, ഓഫീസില്‍ പോയ ടീച്ചര്‍ തിരിച്ചു വന്നാല്‍ പറയുന്നത് എന്തായിരിക്കും’ എന്ന് ചിന്തിക്കാനുള്ള പ്രായം മകന് ആയിട്ടില്ലെങ്കിലും അവന്റെ അമ്മ ചിന്തിക്കേണ്ടതല്ലെ!
  .
                        നമ്മുടെ സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് കുമാരിയമ്മ എന്ന ആലപ്പുഴക്കാരി ശ്രീകുമാരിഅമ്മ. സ്വന്തം നാട്ടില്‍ സ്ത്രീധനത്തിനെതിരായി പോരാടുകയും തുടര്‍ന്ന് അടുത്ത ബന്ധുവും കാമുകനുമായ ബസ്‌ഡ്രൈവറെ കല്ല്യാണം കഴിക്കുകയും ചെയ്ത ആദര്‍ശ വനിതയാണ് നമ്മുടെ കഥാപാത്രം. അതിലുണ്ടായ ഒരേയൊരു ചിന്നക്കിളിയാണ് നമ്മുടെ വികൃതി മൂന്നുവയസ്സുകാരന്‍ .
 . 
                      പ്രേമവിവാഹങ്ങളില്‍ ചിലപ്പോള്‍ സംഭവിക്കാറുള്ളതുപോലെ അതിമധുരം അല്പദിവസം കൊണ്ട് കയ്പ്പായി മാറി. പ്രേമിക്കാന്‍ സ്ത്രീധനം ആവശ്യമില്ലെങ്കിലും അത് കല്ല്യാണത്തില്‍ അവസാനിച്ചപ്പോള്‍ അതുവരെ പൂച്ചയെ പോലെ പാല് കുടിച്ചിരുന്ന ‘കണവന്‍ ആയി രൂപാന്തരം പ്രാപിച്ച കാമുകന്‍ ’ പുലിയായി മാറി. രണ്ടുപേരുടെയും വീട്ടുകാര്‍ പറഞ്ഞു; ഇനി നിങ്ങളായി, നിങ്ങളുടെ പാടായി. അപ്പോഴേക്കും സ്ക്കൂള്‍ ടീച്ചര്‍ ജോലി എന്ന അനുഗ്രഹം നേടിയ കുമാരിയമ്മ നേരെ കണ്ണൂരിലെത്തി. സ്ക്കൂളിനു സമീപം വാടകവീട്ടില്‍ ഭര്‍ത്താവും മകനുമൊത്ത് സുഖജീവിതം ആരംഭിച്ചു.

                       ഭാര്യ ഹൈസ്ക്കൂള്‍ ടീച്ചറായപ്പോള്‍ നാട്ടില്‍ ഡ്രൈവറായി ജോലിചെയ്ത ഭര്‍ത്താവ്, ഏതാനും ദിവസം വളരെ നല്ല കുട്ടിയായി, ഒരു ഭാര്യയുടെ ജോലികളിലെ പ്രധാന ഐറ്റമായ അടുക്കളപ്പണിയെല്ലാം ചെയ്തുതീര്‍ത്തു. പിന്നെയങ്ങോട്ട് ഭര്‍ത്താവ് സുഖജീവിതം തേടി പുറത്ത് കടന്നു. ശമ്പളം കിട്ടിയാല്‍ പിന്നെ അത് തീരുന്നതുവരെ അടിപോളി ജീവിതം. ശേഷം ഭാര്യക്ക് അടിയും ഭീഷണിയും തന്നെ. ശമ്പളം വാങ്ങിയ ഉടനെ സ്ഥലംവിട്ട ആള്‍ പലപ്പോഴും അടുത്തമാസം ശമ്പളസമയത്തായിരിക്കും തിരിച്ചെത്തുന്നത്. എങ്കിലും മറുത്തൊന്നും പറയാതെ അവര്‍ ഭര്‍ത്താവിനെ സ്വീകരിക്കും.

                 ഭര്‍ത്താവ് കാരണം ഉണ്ടാവുന്ന നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് കുമാരിയമ്മ ചിലനേരത്ത് ചിന്തിച്ചെങ്കിലും മകനെ ഓര്‍ത്ത് ആ വഴി ഉപേക്ഷിച്ചു. രാത്രിസമയത്ത് മദ്യപിച്ച് അടിയും ബഹളവും ഉണ്ടാക്കുന്ന ഒരു ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു. എത്ര ഉപദേശം കേട്ടാലും അടുത്തതവണ അദ്ദേഹം വന്നാല്‍ ശ്രീകുമാരിയമ്മ വീടിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് സ്വാഗതം ചെയ്യും.
           അവര്‍ക്ക് പറയാന്‍ ഒരു വാക്കുണ്ട്;
 “എന്റെ ഭര്‍ത്താവല്ലെ. മകന്‍ വലുതായി ‘അമ്മെ എന്റെ അച്ഛനെവിടെ?’ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും”
 .
                 ക്ലാസ്സില്‍ ശിഷ്യന്മാര്‍ എന്ത് കാട്ടികൂട്ടിയാലും നമ്മുടെ ഹിന്ദി ഒരിക്കലും മുഖം  കറുപ്പിച്ചിട്ടില്ല. അതുപോലെ അംഗന്‍വാടിയില്‍ പോകുന്നവനാണെങ്കിലും, കുരുത്തകേടില്‍ ഡിഗ്രിയും ഡിപ്ലോമയും നേടിയ മകനെ ടീച്ചര്‍ ഒരിക്കലും എതിര്‍ത്ത് പറഞ്ഞ് നേരെയാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത് കാ‍ണുമ്പോള്‍ മറ്റ് അദ്ധ്യാപികമാര്‍ ദേഷ്യംകൊണ്ട് പുകയും.
 .
                      ഒരു ദിവസം ഉച്ചക്ക് സമീപമുള്ള അംഗന്‍വാടിയില്‍ കൂടെപോകാന്‍  കുമാരിയമ്മ എന്നെ വിളിച്ചു. സ്ഥലം കാണാനുള്ള താല്പര്യം കൊണ്ട് ഞാന്‍ ഒന്നിച്ച് പോയി. അമ്മ മകന്റെ കൈ മുറുകെ പിടിച്ചിരിക്കയാണ്. അങ്ങനെ പിടിച്ചില്ലെങ്കില്‍ അവന്‍ ഇടംവലം നോക്കാതെ റോഡിലിറങ്ങി ഓടും എന്നത് ഉറപ്പാണ്. അംഗന്‍വാടിയുടെ മുന്നില്‍ എത്തിയപ്പോള്‍ മകന്‍ അമ്മയെ വട്ടംചുറ്റി പിടിച്ചിരിക്കയാണ്. അകത്തു കടക്കണമെങ്കില്‍ അമ്മയും ഒപ്പം അവിടെയിരിക്കണം. അവന്റെ കരച്ചില്‍ കേട്ട് കൊച്ചുപയ്യന്മാരെല്ലാം പുറത്തുവന്നു. ഇതെല്ലാം നോക്കിനില്‍ക്കുന്ന എന്നോടായി പറഞ്ഞു,
“ഞാന്‍ സ്ക്കൂളില്‍ എത്താന്‍  അല്പം വൈകിയാല്‍ എല്ലവരും എന്നെ കുറ്റം പറയും. എന്നാല്‍ എന്റെ പ്രയാസം ആരെങ്കിലും അറിയുന്നുണ്ടോ?”
.
                     കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ പുറത്തു വന്ന ‘ആയ’ അവനെ ബലമായി പിടിച്ച് അകത്തു കൊണ്ടുപോയി. അതോടെ കരച്ച്ല് ഉച്ഛസ്ഥാനത്തിലെത്തി. ആയയെ പിച്ചുകയും മാന്തുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് അതൊന്നും പ്രശ്നമല്ല.


 “ഇനി നമുക്കു പോകാം” അല്പസമയം വെളിയില്‍ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു.


 “അതെങ്ങനെയാ ടീച്ചറെ, എന്റെ കൊച്ച് അവിടെ ഇരിക്കുന്നത് ഞാന്‍ ഒന്ന്‌കൂടി നോക്കട്ടെ” ഇതും പറഞ്ഞ് ടീച്ചര്‍ അകത്തു പോയി.


                      അകത്തുപോയ കുമാരിയമ്മ കണ്ടത്, കരച്ചില്‍ മാറി മറ്റുള്ളവരുടെ കൂടെ ഇരിക്കുന്ന മകനെയാണ്. അവര്‍ അടുത്തുപോയി മകനെ തലോടികൊണ്ട് പറഞ്ഞു, 
“മോന്‍ നല്ല കുട്ടിയായി അമ്മ വരുന്നതുവരെ ഇവിടെയിരിക്കണം. അമ്മ വേഗം വരൂം,ട്ടോ”


                       കരച്ചില്‍ മതിയാക്കി ക്ലാസ്സിലെ ദൃശ്യങ്ങളില്‍ മുങ്ങിയ പയ്യന്‍ അമ്മയെ കണ്ടപ്പോള്‍ വീണ്ടും കരയാന്‍ തുടങ്ങി. അമ്മയുടെ സാരിത്തുമ്പ് മുറുകെപിടിച്ചാണ് കരച്ചില്‍. ഇതുകേട്ട ആയ ഓടിവന്ന് അമ്മയില്‍ നിന്നും മകനെ പിടിച്ചുവാങ്ങിയ ശേഷം പറഞ്ഞു,
     “ടീച്ചറെ കാണുമ്പോള്‍ മാത്രമാണ് ഇവന്‍ കരയുന്നത്. ടീച്ചര്‍ പോയാല്‍ കുഴപ്പമൊന്നും ഇല്ല”


                          ഞങ്ങള്‍ പുറത്തിറങ്ങി, റോഡിനു സമീപം എത്തിയപ്പോഴാണ് കുമാരിയമ്മ കൂടെയില്ലെന്ന് എനിക്ക് മനസ്സിലായത്. അവര്‍ അല്പം പിറകിലായി അംഗണ്‍‌വാടി നോക്കി നില്പാണ്. ഞാന്‍ അടുത്തുപോയി പറഞ്ഞു,
“ടീച്ചറെ ബല്ലടിക്കാറായി, വേഗം പോകാം”


“എന്റെ കൊച്ചിനെ ഒന്നുകൂടി കാണണം. അവനോട് റ്റാറ്റ പറയാതെ വന്നത് തെറ്റെല്ലെ. അവന് അമ്മയെപറ്റി എന്ത് തോന്നിക്കാണും”


ടീച്ചര്‍ അംഗന്‍വാടിയുടെ നേരെയും ഞാന്‍ ഹൈസ്ക്കൂളിനു നേരെയും നടന്നു.
.
                      ‘ശ്രീകുമാരിയമ്മയുടെ ജീവിതപരാജയം ഇതുതന്നെ ആയിരിക്കും. ഭര്‍ത്താവിനോടും മകനോടും അമിതമായ സ്നേഹം. അവര്‍ എന്ത് തെറ്റ് ചെയ്താലും ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും എതിര്‍ക്കാന്‍ പാടില്ല എന്ന വിശ്വാസം. അവര്‍ സ്നേഹിക്കുന്നവര്‍ (അവരെ സ്നേഹിക്കണമെന്നില്ല) എന്ത് ചെയ്താലും പൊറുക്കണം, സ്നേഹിക്കണം. ഒരു സ്ത്രീ ഇങ്ങനെ ആകാന്‍ പാടുണ്ടോ?’ 

September 21, 2009

33. ആമയിറച്ചി പുളിക്കുംചില നേരങ്ങളിൽ ഡിസ്ക്കവറി ചാനലില്‍ കാണാറില്ലെ, വലിയ ആമയെ;
                          തുഴപോലുള്ള കൈകാലുകള്‍ കൊണ്ട് നീലജലാശയത്തില്‍ നീന്തിമറയുന്ന വലിയ കടലാമകളെ? അത്‌പോലുള്ള വലിയ; ഒരു മീറ്ററിലധികം വലിപ്പമുള്ള ‘കടലാമ’ യാണ് (കടല്‍+ആമ=കടലാമ, അതായത് കടലിലെ ആമ) നമ്മുടെ കഥാപാത്രം.

                     ഒരു വലിയ ആമയെ ജീവനോടെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചെങ്കിലും എനിക്ക് ഒരിക്കലും അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ആമയെ കണ്ടില്ലെങ്കിലും ആമയുടെ പുറം‌തോട് കണ്ടിട്ടുണ്ട്, ആമയുടെ മുട്ട തിന്നിട്ടുണ്ട്, ആമയുടെ ഇറച്ചി തിന്നിട്ടുണ്ട്.
അപ്പോള്‍ ഒരു ചോദ്യം മനസ്സിൽ വരാം: “എപ്പഴാ ജയിലീന്ന് പൊറത്ത് വന്നത്?”
ഉത്തരം: “പുറത്ത് വന്നിട്ടില്ല, കാരണം ജയിലിനകത്തു പോയിട്ടില്ലല്ലോ, പിന്നെങ്ങനെ പുറത്തുവരും”
               
          സംഭവം നടക്കുന്നത് ‘അമേരിക്കക്കാര്‍ ചന്ദ്രനില്‍ ഇറങ്ങി നടന്നു’ എന്ന് പറയുന്നതിനു മുന്‍പാണ്. അന്ന് മേനകാ ഗാന്ധി, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ആദിയായവ നമ്മുടെ തീരത്തെ അതിക്രമിച്ചു കടക്കാത്ത കാലം.
                              ഞാന്‍ ജനിച്ചു വളര്‍ന്ന കടല്‍തീരഗ്രാമം ഒരു മത്സ്യബന്ധന കേന്ദ്രമല്ല; അതായത് ഗ്രാമീണര്‍ കടല്‍തീരത്തെ ആശ്രയിക്കുന്ന മത്സ്യതൊഴിലാളികളല്ല. എന്നാല്‍ കടലില്‍ നിന്നു ലഭിക്കുന്ന,,,‍, ‘തിന്നാന്‍ പറ്റുന്നതൊക്കെ’ നമ്മൾ തിന്നും. കോള്‍ഡ് സ്റ്റോറേജ്, റഫ്രിജറേറ്റര്‍, എന്നിവ മാത്രമല്ല; തണുപ്പിക്കാന്‍ ഒരു ഐസ് കഷ്ണം പോലും അക്കാലത്ത്, അവിടെ, ലഭ്യമല്ലാത്തതിനാല്‍, അന്നന്നേക്കുള്ള അപ്പം കഴിച്ച് ബാക്കി അയല്‍‌വാസികള്‍ക്ക് കൊടുക്കുന്ന സ്വഭാവം എന്റെ നാട്ടുകാര്‍ക്ക് ചരിത്രാതീതകാലം മുതല്‍ ഉണ്ടായിരുന്നു.

                           ചിലപ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരക്കടലില്‍ കാറ്റുകൊള്ളാന്‍ വരും. ‘പ്രധാന ഐറ്റം മത്തി ആയിരിക്കും’. അത് തിരിച്ചറിഞ്ഞ തീരത്തെ യുവാക്കള്‍ ചെറുതും വലുതും ആയ വലകള്‍ കൊണ്ട് അവയെ കുടുംബസമേതം  പിടിക്കും. ധൈര്യശാലികള്‍ തോട്ടപൊട്ടിച്ചാല്‍ വലിയ മത്സ്യങ്ങളെ ലഭിക്കും. ‘സ്രാവ്, തിരണ്ടി, ഏട്ട, കൊളോന്‍ , ആദിയായവ. (കൊളോന്‍: ഒരിക്കല്‍ മാത്രമാണ് അവയെ കാണാന്‍ എനിക്ക് കഴിഞ്ഞത്. അതിനെ മുറിച്ച് പീസാക്കുന്ന എക്സ് ജവാനെക്കാള്‍ പത്ത് സെന്റീമീറ്റര്‍ വലുതായിരുന്നു മത്സ്യം) പിന്നെ  ധാരാളം കല്ലുമ്മക്കായ കടലില്‍ മുങ്ങിയും മുങ്ങാതെയും ചെറുപ്പക്കാർ ‘ഞാനുൾപ്പടെയുള്ളവർ’ പറിച്ചെടുക്കും.

                          ഇത്തരം കൊലപാതക പരമ്പരകള്‍ കൂടാതെ ചൂണ്ടയിടുന്ന പരിപാടിയും ഉണ്ട്. (അവരില്‍ വലിയൊരു വിഭാഗം പിന്നീട് അറബികളെ ചൂണ്ടയിടാന്‍ പോയി) സ്വന്തമായി അദ്ധ്വാനിച്ച് പിടിക്കുന്നതായാലും വിലകൊടുക്കാതെ കിട്ടുന്ന കടലിലെ സമ്പത്തില്‍, അയല്‍‌വാസികള്‍ക്കും ഒരു പങ്ക് ഉണ്ടാവും.


                         നമ്മുടെ ആമ ഉപ്പുവെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അതിന്റെ വംശവര്‍ദ്ധനവ് നടത്താന്‍ ഏതെങ്കിലും ഒരു കടല്‍ത്തീരത്ത് കയറി വരണം. തീരം തേടിയുള്ള ഈ വരവ് ആമയുടെ നാശവും വംശനാശവും വരുത്തുന്നു. ഒരു അര്‍ദ്ധരാത്രി ആമ ഏകാന്തതീരം തേടി ഒറ്റക്ക് നീന്തി, കരയില്‍ കയറുന്നു. പരിസരത്തൊന്നും ആരും ‘ഇല്ല’യെന്ന് വിശ്വസിച്ച പാവം ആമ, വളരെ പ്രയാസപ്പെട്ട് തുഴപോലുള്ള കൈകാലുകള്‍ ഉപയോഗിച്ച് നിരങ്ങിനീങ്ങി വേലിയേറ്റ തിരമാലകള്‍ എത്തിച്ചേരാത്ത ഇടം കണ്ടെത്തി വെളുത്ത പൂഴിമണലില്‍ വലിയ ഒരു കുഴി ഉണ്ടാക്കുന്നു. ആ കുഴിയില്‍ മുട്ടകള്‍ ഓരോന്നായി നിക്ഷേപിക്കുന്നു. (200 മുട്ടകള്‍ വരെ ഉണ്ടാവും) ശേഷം കൈ ഉപയോഗിച്ച്, പൂഴികൊണ്ട് മുട്ടകളെ നന്നായി മൂടുന്നു. പിന്നെ ആമയമ്മ കരഞ്ഞുകൊണ്ട് കടലിലേക്ക് തിരിച്ചു പോകുന്നു.

                             അപ്പോള്‍ ഇത്രയും മുട്ടകള്‍ നരനും കുറുനരിക്കും നായകള്‍ക്കും വിട്ടുകൊടുത്ത് ആമയമ്മ അങ്ങനെ കടലില്‍ പോയാലോ? ഈ സംശയത്തിന് മറുപടി എന്റെ അമ്മൂമ്മയാണ് പറഞ്ഞുതന്നത്. ആമയമ്മ കരഞ്ഞുകൊണ്ടാണ് വരുന്നതും പോകുന്നതും. കടലില്‍ നിന്ന് കയറി വന്ന വഴിയെ ആയിരിക്കില്ല, തിരിച്ചു പോകുന്നത്. മുട്ടയിട്ട് പോകുന്ന ആമ നേരെ പടിഞ്ഞാറ് സഞ്ചരിച്ച് കടലിനടിയില്‍ ഒരിടത്ത് ഇരുന്ന് മുട്ടകളെയും വിരിയുന്ന കുഞ്ഞുങ്ങളെയും ഓര്‍ത്ത് ഭക്ഷണം ഉപേക്ഷിച്ച് ഉഗ്രതപസ്സ് ചെയ്യുന്നു. 41 ദിവസത്തെ കഠിനതപസ്സിനു ശേഷം രാത്രിയില്‍, ആമയമ്മ കരയില്‍ വരുമ്പോള്‍ എല്ലാമുട്ടകളുടെയും തോട്‌പൊട്ടിച്ച് കുഞ്ഞുങ്ങള്‍ പുറത്തുവന്നിരിക്കും. അവര്‍ പൂഴിമാറ്റി മുകളില്‍ വന്ന് അമ്മയെ കാത്തിരിക്കുന്നുണ്ടാവും. പിന്നീട് എല്ലാ കുഞ്ഞുങ്ങളെയും മാതാവിന്റെ സ്വന്തം പുറത്തുകയറ്റി, അവര്‍ വിശാലമായ കടലിലേക്ക് യാത്രയാവും....
 എന്നാല്‍ ഈ സങ്കല്പവുമായി പൊരുത്തപ്പെടാത്തതാണ് ഇവിടെ സംഭവിക്കുന്നത്.

                            നമ്മുടെ കടല്‍‌തീരത്ത് വര്‍ഷംതോറും ഇടുന്ന ആമമുട്ടകളില്‍ ചെറിയൊരു ശതമാനമെങ്കിലും കുഞ്ഞുങ്ങളായി മാറിയിട്ടുണ്ടോ, എന്ന കാര്യം സംശയമാണ്. കടലില്‍ നിന്നും ആമ മുട്ടയിട്ട് തിരിച്ചുപോകുമ്പോഴേക്കും അത് നമ്മുടെ നാട്ടുകാര്‍ ശേഖരിച്ച് ഷേയറുചെയ്ത് വീടുകളില്‍ എത്തിക്കും. -- അതായത് ചെറുപ്പക്കാരില്‍ ചിലര്‍, ആകാശവും കടലും ഒന്നിക്കുന്ന ചക്രവാളവും നോക്കി രാത്രിസമയത്ത് വീട്ടില്‍ കിടക്കുന്നതിനു പകരം, തീരത്തെ പൂഴിയില്‍ മലര്‍ന്ന് കിടപ്പുണ്ടാവും. 
                      അപ്പോഴായിരിക്കും പതുക്കെ വെള്ളത്തിനടിയില്‍ നിന്നും ആമയമ്മ തലപൊക്കി നോക്കുന്നത്. തീരം ശാന്തസുന്ദരമാണെന്നറിഞ്ഞ അവൾ കരക്കു കയറി പ്രയാസപ്പെട്ട് ഇഴഞ്ഞുനീങ്ങി കുഴിയെടുത്ത് മുട്ടയിടുന്നു. ആമ തിരിച്ചുപോയ ഉടനെ, അതുവരെ അനങ്ങാതെ കിടന്നവന്‍ മുട്ടകള്‍ സ്വന്തമാക്കുന്നു. അഥവാ മുട്ടകള്‍ മനുഷ്യന്‍ കണ്ടെത്തിയില്ലേലും അത് കുറുക്കന്മാര്‍ മണത്ത്‌നോക്കി കണ്ടുപിടിക്കും. എന്നും രാത്രി ഞണ്ടിനെ പിടിക്കാന്‍ കുറുക്കന്മാര്‍ തീരത്തു വരും.

                          ആമമുട്ടക്ക് പുറം‌തോടില്ല; പകരം വെള്ളനിറമുള്ള തടിച്ച തോലുകൊണ്ട് പൊതിഞ്ഞിരിക്കും. നാട്ടിലെ ആചാരപ്രകാരം ആമമുട്ടയുടെ മഞ്ഞക്കരു മാത്രമാണ് ഭക്ഷ്യയോഗ്യം; അത് ഓം‌ലെറ്റാക്കിയും വറുത്തും മനുഷ്യന്‍ തിന്നുന്നു. വെള്ളക്കരു ആരോഗ്യത്തിനു ഹാനികരം എന്ന് പറയുന്നു?

                      ചിലപ്പോള്‍ നാട്ടിലെ ചില ദുഷ്ടബുദ്ധികള്‍, മുട്ടയെ കൂടാതെ ആമയെയും പിടിക്കും. കരയില്‍ വലിച്ച് മലര്‍ത്തിയിടും. എന്നിട്ട് സ്ഥിരമായി കൊലപാതകം നടത്താറുള്ള മനസാക്ഷിയില്ലാത്ത ഭീകരന്മാരെ വിളിച്ചു വരുത്തും. ആമയെ അധികമാരും കാണാത്ത ഒരു സ്ഥലത്തുകൊണ്ടുപോകും. കൊല്ലാനായി മലര്‍ത്തിയിടുമ്പോള്‍ പാവം ആമ; ശബ്ദം പുറത്തുവരുന്നില്ലെങ്കിലും, ഇരു കൈകൊണ്ടും നെഞ്ചത്തടിച്ച് നിലവിളിക്കും. ആ നിലവിളിയെ അവഗണിച്ച്;  മലര്‍ന്നുകിടന്ന ആമയുടെ നെഞ്ച് ഒരു വലിയ മഴു (കോടാലി) കൊണ്ട് വെട്ടിക്കീറും. നാട്ടുകാര്‍ ചേര്‍ന്ന് മാംസം പങ്കിട്ടെടുത്ത് കൊലവിളി നടത്തി വീട്ടിലേക്ക് പോകും. ആമയിറച്ചിക്ക് ആമയുടെ രുചിതന്നെ ആയിരിക്കും.
                         ഈ കൊലപാതക പരമ്പരകള്‍ അരങ്ങേറിയത്  എന്റെ കുട്ടിക്കാലത്ത് മാത്രമായിരുന്നു. പിന്നെ ഇത്തരം സംഭവങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുതിയത് മുഴുവന്‍ കേട്ടറിവ് മാത്രമാണ്. ആമയുടെ പുറം‌തോട് ചില വീടുകളില്‍ ട്രോഫി പോലെ തൂക്കിയിട്ടത് അക്കാലത്ത് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

                       കാലം കഴിയുന്നതോടെ ആമയുടെയും മുട്ടയുടെയും എണ്ണം കുറഞ്ഞ് കുറഞ്ഞ് വരാന്‍ തുടങ്ങി. ഞാന്‍ ആദ്യമായി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം പഠിച്ച അതെ വിദ്യാലയത്തില്‍ തന്നെ, ആദ്യമായി പഠിപ്പിക്കാന്‍‌വേണ്ടി ടീച്ചറായി ചേര്‍ന്നു. അവിടെ നാലാം‌ക്ലാസ് ടീച്ചറായി ഞാന്‍ ചേര്‍ന്നപ്പോള്‍ മൂന്നാംക്ലാസ്സില്‍ ഏറ്റവും ഇളയ അനുജനും അഞ്ചാംക്ലാസ്സില്‍ അതിനു മുകളിലെ അനുജനും പഠിക്കുന്നുണ്ടായിരുന്നു. (അമ്മക്ക് ആകെ അഞ്ചു മക്കള്‍. പെണ്ണ് 2, ആണ് 3. കുടുംബാസൂത്രണം നാട്ടില്‍ നടന്നുവരുമ്പോഴേക്കും അഞ്ചാമന്‍ ഓമനക്കുഞ്ചുവും ഔട്ടായിരുന്നു).

                         ഞാന്‍ നാട്ടിലെ പ്രൈമറി ടീച്ചറായിരിക്കെ എന്റെ തൊട്ടടുത്ത ഇളയവന്‍ എസ്. എന്‍ . കോളേജില്‍ ഡിഗ്രി ഫൈനല്‍ പഠിക്കുന്ന കാലത്തെ ഒരു സുപ്രഭാതം. അന്ന് കടപ്പുറത്ത് തിരയെണ്ണാന്‍ പോയ അവന്‍ ഒരു പ്രധാനവാര്‍ത്തയും കൊണ്ടാണ് വന്നത്.
 “പുലര്‍ച്ചെ നാട്ടിലെ വിഐപി ചെറുപ്പക്കാര്‍ വളരെ വലിയ ഒരു കടലാമയെ പിടിച്ചു കെട്ടിയിട്ടുണ്ട്. ആരും അറിയാതെ കൊന്ന് ഇറച്ചിയാക്കാനാണ്‍ പ്ലാന്‍ ”.
“എന്നാലിന്ന് ആമയിറച്ചി തിന്നാലോ. എത്രയോ കാലമായി ആമയിറച്ചി തിന്നിട്ട്” 
അതുകേട്ടപ്പോൾ അമ്മ സന്തോഷത്തോടെ പറഞ്ഞു.
“ഇറച്ചി കിട്ടുമെന്ന് വിചാരിച്ച് വെള്ളമിറക്കുകയൊന്നും വേണ്ട. ആമയെ കൊന്നാല്‍ ഞാന്‍ പോലീസില്‍ അറിയിക്കും” ഇക്കാര്യം ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്.
“അതെങ്ങനെയാ നിന്റെ കൂട്ടുകാരുമായി നീ ഒടക്കാനാണോ പോണത്?” 
അമ്മക്ക് തീരാത്ത സംശയം.
“ആമയുടെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും വിട്ടുകൊടുക്കില്ല” 
അവന് ജന്തുസ്നേഹം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങി. വന്യജീവിസംരക്ഷണം നാട്ടില്‍ വേരുപിടിക്കുന്ന കാലമാണ്.

ഉച്ചകഴിഞ്ഞ് കടപ്പുറത്തു പോയ ആങ്ങള എന്നോട് പറഞ്ഞു; 
“അവര്‍ ആമയെ ഞാന്‍ കാണാതിരിക്കാന്‍ എവിടെയോ ദൂരെ ഒളിപ്പിച്ചിരിക്കയാ. കൊല്ലുകയാണെങ്കില്‍ പ്രശ്നം ഉണ്ടാക്കുമെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്”
                         അങ്ങനെ രാത്രിയായി; ആമക്കാര്യം അപ്പടിതന്നെ. ഒരു വിവരവും എന്റെ ജന്തുസ്നേഹി സഹോദരന് കിട്ടിയില്ല.

                         പിറ്റേ ദിവസം രാവിലെ അടുത്ത വീട്ടിലെ സ്ത്രീ ഞങ്ങളുടെ വീട്ടില്‍ വന്നു. അവര്‍ എന്റെ അമ്മയോട് ചോദിച്ചു;
 “ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞാണ് വീട്ടില്‍ ആമയിറച്ചി കൊണ്ടുവന്നത്. നിങ്ങള്‍‌ക്ക് ആമയിറച്ചി കിട്ടിയിട്ടില്ലെ?”
“അതെങ്ങനെയാ ഇവിടെ കിട്ടുന്നത്. ഇവിടെ ഒരുത്തന്‍ ആമയെ കൊന്നാല്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞല്ലെ നടക്കുന്നത്”
അമ്മ മറുപടി പറഞ്ഞു.
“ഓ അതായിരിക്കണം അവര്‍ ആമയെ കൊല്ലുന്നത് രാത്രി ആക്കിയത്” 
അയല്‌വാസിനി കാര്യം പറഞ്ഞു.
“എന്നാലും എന്റെ കുട്ടിക്കാലത്തൊക്കെ എത്ര ആമയിറച്ചി തിന്നതാണ്. ഇപ്പോഴെത്തെ കുട്ടികള്‍ക്ക് അതൊന്നും തിന്നാനുള്ള യോഗമില്ലല്ലൊ”
“ആമകളെ കൊല്ലാനുള്ള യോഗം അമ്മയുടെ കാലത്ത് ഉണ്ടായതുകൊണ്ട്, ഇപ്പോഴെത്തെ കുട്ടികള്‍ക്ക് ആമയെ കാണാനുള്ള ഭാഗ്യം പോലും ഇല്ലാതായി. പിന്നെ ഈ ആമയിറച്ചിക്ക് അത്ര വലിയ രുചിയൊന്നും ഇല്ല”
രാത്രിയുടെ മറവില്‍ കൊല്ലപ്പെട്ട ആമയെ ഓര്‍ത്ത് ഞാന്‍ പറഞ്ഞു.

പിന്‍‌കുറിപ്പ്:
  1.  നമ്മുടെ കടല്‍ത്തീരത്ത് സ്വന്തം വംശം നിലനിര്‍ത്താനായി വന്നപ്പോള്‍ , കൊലചെയ്യപ്പെട്ട എല്ലാ ആമകള്‍ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
  2.  നമ്മുടെ തീരത്ത്‌വന്ന് മുട്ടയിട്ടതിനാല്‍ ജനിക്കുന്നതിനു മുന്‍പെ കൊല ചെയ്യപ്പെട്ട എല്ലാ ആമക്കുഞ്ഞുങ്ങള്‍ക്കും കൂടി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു

September 10, 2009

32. കുട്ടിയമ്മചരിതം അഥവാ സ്ക്കൂളിന്റെ ആണി.


                                    കുട്ടിയമ്മയ്ക്ക് ആ പേരിട്ടത് കുട്ടികളാണ്; എന്റെതു കൂടിയായിരുന്ന ഹയര്‍‌സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. ആ പേര് വന്നത് എപ്പോഴെന്നോ എങ്ങനെയെന്നോ ആര്‍ക്കും അറിയില്ല. കുട്ടികള്‍ – എട്ടാം ക്ലാസ്സുകാരനും പന്ത്രണ്ടാം ക്ലാസ്സുകാരനും - ഒരുപോലെ കുട്ടിയമ്മയെ ഇഷ്ടപ്പെടുന്നു. കസവുസാരിയുടുത്ത്, നെറ്റിയില്‍ സിന്ദൂരവും ചന്ദനവും ചാര്‍ത്തി, രജിസ്റ്ററും മെമ്മൊ ബുക്കും കൈയില്‍ എടുത്ത്, ശരീരഭാരം താങ്ങാനായി, ഓരോ കാലുകളും അമര്‍ത്തിച്ചവിട്ടി, കുട്ടിയമ്മ ക്ലാസ്സില്‍ കടന്നുവരുമ്പോള്‍ കുട്ടികള്‍ മാത്രമല്ല; അദ്ധ്യാപകരും അറിയാതെ ഒന്നെഴുന്നേറ്റ് പോകും. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ വരുന്നവര്‍ ഓഫീസിലിരിക്കുന്ന ഹെഡ്‌മിസ്ട്രസ്സിനെ അവഗണിച്ച് നേരെ ചെല്ലും, ഒരു വശത്തെ കസേരയിലിരിക്കുന്ന കുട്ടിയമ്മയുടെ സമീപം. എന്നിട്ട് പറയും “മാഡം ഇതെല്ലാം പരിശോധിച്ച് നോക്കി മാഡത്തിന്റെ ഒപ്പും സീലും വേണം”.


 കുട്ടിയമ്മ: ഞങ്ങളുടെ സ്ക്കൂളിലെ സ്റ്റാഫില്‍ ഒരംഗമാണ്. തസ്തികനാമം- എഫ്.ടി.സി.എം. ശമ്പളബുക്കില്‍ ഏറ്റവും താഴെ – അതായത് മറ്റുള്ളവരെല്ലാം അവരെക്കാള്‍ ശമ്പളം വാങ്ങുന്നവര്‍. പിന്നെ കുട്ടിയമ്മയുടെ തൊഴില്‍; അത് കണ്ടുപിടിക്കാന്‍, ‘കെ ഇ ആര്’ ‘കെ എസ് ആര്’ ആദിയായവ അരിച്ചുപെറുക്കി ഗവേഷണം തന്നെ വേണ്ടിവന്നു. ഒടുവില്‍ കണ്ടുപിടിച്ചത് താഴെപറയുന്നവയാണ്; ‘ഓഫീസ്‌മേധാവി -എച്ച്.എം- സ്ക്കൂളില്‍ വരുന്നതിന് അരമണിക്കൂര്‍ മുന്‍പ് എത്തിച്ചേര്‍ന്ന് ഓഫീസും പരിസരവും വൃത്തിയാക്കി, ഓഫീസ് ആവശ്യത്തിനു വേണ്ട വെള്ളം എടുത്തുവെക്കുക, സ്ക്കൂളിന്റെ സുഗമമായ നടത്തിപ്പിന് എച്ച്. എം നെ സഹായിക്കുക, ആദിയായ ചില സിം‌പിള്‍ കാര്യങ്ങളാണ്.


എന്നാല്‍ നമ്മുടെ കുട്ടിയമ്മ ഈ പറയുന്ന ഡ്യൂട്ടി ഒഴികെ മറ്റെല്ലാം ചെയ്യും. അവസരം കിട്ടിയാല്‍ ക്ലാസ്സില്‍ പോയി പഠിപ്പിക്കാനും കുട്ടിയമ്മ തയ്യാര്‍; പക്ഷെ ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കാറില്ല. സ്ക്കൂള്‍ ടൈം പത്ത് മണി മുതല്‍ നാല് മണി വരെയാണെങ്കിലും, ഒന്‍പത് മണിക്ക് സ്ക്കൂള്‍ തുറന്ന് സ്പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങും. എന്നാല്‍ ഒന്‍പത് മണിക്ക് കുട്ടിയമ്മക്ക് പകരം വരുന്നത്, അവരുടെ വീട്ടില്‍‌നിന്നും സ്ക്കൂളിലേക്ക് ഒരു ഫോണ്‍‌കോള്‍ ആയിരിക്കും. സ്ക്കൂള്‍ തുറന്നില്ലെങ്കില്‍ ആരും ഫോണ്‍ അറ്റന്റ് ചെയ്യുകയില്ല. പിന്നെ അഞ്ച് മിനിറ്റിനുള്ളില്‍ മകന്റെ ബൈക്കിലോ മകളുടെ കാറിലോ വന്ന് സ്ക്കൂള്‍ കോമ്പൌണ്ടില് കുട്ടിയമ്മ ലാന്റ് ചെയ്യുന്നു. അമ്പലത്തിന്റെ നടതുറന്ന് തൊഴാന്‍ കാത്തിരിക്കുന്ന ഭക്തരെപ്പോലെ, നില്‍ക്കുക്കുന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി കൂട്ടത്തിനിടയിലൂടെ നടന്ന് ഓഫീസ് തുറന്ന് അകത്തുനിന്നും താക്കോല്‍ക്കൂട്ടമെടുത്ത് ഇരുവശത്തും നോക്കാതെ ഒറ്റ പോക്കാണ്; അടച്ചിട്ട മറ്റു മുറികള്‍ തുറക്കാന്‍.


 ഒന്‍പത് മണിക്ക് വരുന്ന ടെലിഫോണ്‍ കോള്‍; ആരെങ്കിലും അറ്റന്റ് ചെയ്താലോ? ‘സ്കൂള് തുറന്നിരിക്കുന്നു‘ എന്ന് തിരിച്ചറിഞ്ഞ കുട്ടിയമ്മ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്യുന്നു. പിന്നെ വീട്ടുകാര്യങ്ങളെല്ലാം പതുക്കെ  ചെയ്തുതീര്‍ത്ത് പത്തരക്കുള്ള കുട്ടിബസ്സില്‍ വന്ന് പതുക്കെ ഇറങ്ങി സ്ക്കൂള്‍ ഓഫീസിന് പിന്നിലുള്ള ജനലിലൂടെ ബാഗ് അകത്തു വെച്ച ശേഷം, പിന്നിലെ വരാന്തയില്‍ നിന്ന് ചൂലെടുത്ത് മൂത്രപ്പുരയില്‍ പോകുന്നു. പിന്നെ സ്റ്റാഫ്‌റൂമിലൂടെ, കമ്പ്യൂട്ടര്‍ ലാബിന്റെ വരാന്തയിലൂടെ, ഹയര്‍സെക്കണ്ടറി ലാബുകളുടെ മുന്നിലൂടെ നടന്ന് ഓഫീസിന്റെ മുന്‌വാതിലിലൂടെ ചൂലുമായി അകത്തു കടക്കും.


       സ്ക്കൂള് തുറക്കാന്‍ വൈകിയാല്‍ അവരെ ചോദ്യം ചെയ്ത് താക്കീത് നല്‍കെണ്ടത് എച്ച്. എം ന്റെ ഡ്യൂട്ടിയാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സ്ക്കൂളില്‍ വര്‍ഷം‌തോറും മാറിമാറി വരുന്ന ഹെഡ്‌മാസ്റ്ററോ, ഹെഡ്‌മിസ്ട്രസ്സോ, പ്രിന്‍‌സിപ്പാളോ ഒരിക്കലും കുട്ടിയമ്മയെ വഴക്ക് പറഞ്ഞിട്ടില്ല. കാരണം കുട്ടിയമ്മക്ക് കിട്ടെണ്ടതൊക്കെ മറ്റുള്ള അദ്ധ്യാപകര്‍ കൊടുക്കുന്നുണ്ട്. കുട്ടിയമ്മയെ ഇങ്ങനെ കയറൂരി വിട്ടതിന് സ്ക്കൂള്‍ ഹെഡിനും ടീച്ചേര്‍‌സിന്റെ വക ‘പ്രത്യേകഡോസ്’ കിട്ടാറുണ്ട്. എച്ച്. എം. കുട്ടിയമ്മയെ വഴക്ക് പറയാത്തത് അവരോട് സഹതാപം തോന്നിയിട്ടാണ്. സ്ഥാപനമേധാവി മാറി വന്നാല്‍ ഏതാനും ദിവസത്തിനുള്ളില്‍ കുട്ടിയമ്മ ‘സോപ്പിട്ട്, അവരുടെ സഹതാപതരംഗം പിടിച്ചുപറ്റും. എന്നാല്‍ ‘നൂറുശതമാനം വിജയം’ എന്ന് മനസ്സില്‍ ഉരുവിടുന്ന അദ്ധ്യാപകരുടെ മുന്നില്‍ കുട്ടിയമ്മ തോറ്റു.


 ഒരു തവണ പുതിയ അക്കാദമിക്ക് വര്‍ഷത്തില്‍ പുതിയതായി ഒരു ഹെഡ്‌മാസ്റ്റര്‍ സ്ക്കൂളില്‍ വന്ന് ചാര്‍ജ് എടുത്തു. മറ്റുള്ളവരുമായി അധികം അടുക്കാത്ത പരുക്കന്‍ സ്വഭാവം. സീനിയര്‍ ‌അദ്ധ്യാപകരൊഴികെ മറ്റാരുമായും അധികം സംസാരിക്കില്ല. അദ്ദേഹമുള്ളപ്പോള്‍ ഓഫീസിലുള്ളവര്‍ നടക്കുമ്പോള്‍‌പോലും ശബ്ദം ഉണ്ടാക്കാറില്ല, ഉച്ചത്തില്‍ സംസാരിക്കില്ല, ജലദോഷമുള്ളവര് തുമ്മുകയില്ല. ആഴ്ചകള് രണ്ട് കഴിഞ്ഞു; എന്നിട്ടും കുട്ടിയമ്മക്ക് പുതിയ ഹെഡിനോട് ഒന്ന് മിണ്ടാന്‍ പോലും കഴിഞ്ഞിട്ടില്ല.


            ഒരു ദിവസം കുട്ടിയമ്മ സ്ക്കൂളില്‍ ലാന്റ് ചെയ്തത് കൃത്യം പതിനൊന്ന് മണിക്കാണ്, ഒരു ഓട്ടോയില്‍. ഓഫീസിനു മുന്നില്‍ വന്ന് നിര്‍ത്തിയ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങിയ അവര്‍, സുന്ദരക്കുട്ടപ്പന്മാരായ രണ്ട് കുഞ്ഞുങ്ങളെയും രണ്ട് വലിയ ബാഗും ഇറക്കിവെച്ച ശേഷം ഒരുത്തനെയും ഒരു ബാഗും ഇടംകൈയിലെടുത്ത്, രണ്ടാം ബേഗ് വലതു ചുമലില് ഇട്ട്, രണ്ടാമന്റെ കൈ വലതുകൈയ്യാല്‍ പിടിച്ച് ഓഫീസിനകത്തേക്ക് നടന്നു. അങ്ങനെ അതിവിശാലമായി നടന്ന്-നടന്ന് ഇടം കൈയിലെടുത്തവനെ ഹെഡ്‌മാസ്റ്ററുടെ മുന്നിലുള്ള മേശപ്പുറത്ത് ഇരുത്തിയശേഷം കുട്ടിയമ്മ പറഞ്ഞു,

“മാഷെ ഇവര് എന്റെ മകളുടെ കുട്ടികളാണ്, ഇരട്ടക്കുട്ടികള്‍, വീട്ടിലാരും ഇല്ലാത്തതുകൊണ്ട് ഇങ്ങോട്ട് കൂട്ടിയതാ”.

അതോടെ ഹെഡ്‌മാസ്റ്റര്‍ ഞെട്ടി, ഒന്നാം കുട്ടി ഞെട്ടി, രണ്ടാം കുട്ടിയും ഞെട്ടി, പിന്നെയോ??? ....  സ്ക്കൂള്‍ ആകെ ഞെട്ടി. അഞ്ഞൂറ്റി അറുപത് മുതിര്‍ന്ന കുട്ടികള്‍ നിശബ്ദമായിരുന്ന് പഠിക്കുമ്പോള്‍ രണ്ട് LKG പയ്യന്മാര്‍ ചേര്‍ന്ന് ഭീകരമായ ഒച്ചയില്‍ കരയുന്നത് കേട്ടാല്‍ എങ്ങനെ ഞെട്ടാതിരിക്കും!!! ഒടുവില് റജിസ്റ്ററില്‍ ഒപ്പ് ചാര്‍ത്താനും പയ്യന്മാരെ വീട്ടിലാക്കി ആ ദിവസം വീട്ടിലിരിക്കാനും കുട്ടിയമ്മക്ക് ഹെഡ്‌മാസ്റ്റര്‍ അനുവാദം നല്‍കി.


ഒരു വലിയ കുടുംബഭാരം മുഴുവന്‍ വഹിക്കുന്നവളാണ് നമ്മുടെ കുട്ടിയമ്മ. സ്തിരമായ ജോലിയില്ലാത്ത ഭര്‍ത്താവ്, കല്ല്യാണം കഴിഞ്ഞ ഒരു മകള്‍, മകളുടെ ഭര്‍ത്താവ്, മകളുടെ രണ്ട് മക്കള്‍, +2 പഠിക്കുന്ന മകന്‍, രണ്ട് അല്‍‌സേഷ്യന്‍ നായകള്‍, മൂന്ന് മൊബൈല്‍ ഫോണ്‍, ഒരു മാരുതി കാറ്, ഒരു മോട്ടോര്‍ ബൈക്ക്, ഒരു കമ്പ്യൂട്ടര്‍, വീട്ടുവാടക,,, എല്ലാം സുഗമമായി മുന്നോട്ട് നയിക്കുന്നത് അവരുടെ കഴിവാണ്. ഭര്‍ത്താവിന് ജോലി ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. LIC ഏജന്റ്, ഭാഗ്യരത്നം വില്പന, കല്ല്യാണ- സ്ഥല- ഓഹരി ബ്രോക്കര്‍ ആദിയായ എല്ലാ പണമിടപാടിലും കുട്ടിയമ്മയുടെ കണവന്‍ കാണും. മധുരപ്പതിനേഴില്‍ കാല് കുത്തിയപ്പോള്‍ തന്നെ വിവാഹിതയായ മകള്‍; ‘ഭര്‍തൃവീട്ടില്‍‌നിന്നും പിണങ്ങി, അവളുടെ രണ്ട് മക്കളും ജോലിയില്ലാത്ത ഭര്‍ത്താവുമൊത്ത്’ സ്വന്തം വീട്ടില്‍ വന്ന് താമസമാണ്. സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ‘കലക്റ്ററായ’ മകള്‍ക്ക് വേണ്ടിയാണ് കാറ് വാങ്ങിയത്. പിന്നെ ബൈക്ക് പ്ലസ് 2 ന് പഠിക്കുന്ന മകന് വേണ്ടിയാണ്. വാടകവീട് റോഡ് സൈഡിലാണെങ്കിലും മകന് ബസ് കാത്തുനിന്ന് വിഷമിക്കണ്ടല്ലൊ. സ്വന്തമായി വലിയ വീട് ഉള്ളത് വളരെ അകലെ ആയതിനാല്‍ സ്ക്കൂളിനടുത്ത് വാടകവീട്ടിലാണ് കുട്ടിയമ്മഫേമലിയുടെ താമസം.


 മറ്റുള്ളവരുടെ പോക്കറ്റിലെ പണം തന്റേത് കൂടീയാണെന്ന് വിശ്വസിക്കുന്നവളാണ് നമ്മുടെ കുട്ടിയമ്മ. എന്നെപോലുള്ള ചില ധരിദ്രവാസികളെ മാത്രം ഒഴിവാക്കി മറ്റെല്ലാവരില്‍‌നിന്നും അവര് പണം കടം വാങ്ങിയിട്ടുണ്ട്. പുതിയതായി സ്ക്കൂളില്‍ ചേര്‍ന്നവരെ കുട്ടിയമ്മ പരിചയപ്പെടുന്നത് നല്ലൊരു തുക കടം വാങ്ങിയിട്ടായിരിക്കും.


കുട്ടിയമ്മയുടെ മുഖ്യശത്രുക്കള്‍ രണ്ട് പേരാണ്. അതില്‍ ഒന്നാം നമ്പര്‍ ഞാന്‍ തന്നെ. രണ്ടാം നമ്പര്‍ ഒരു കണക്ക് മാഷാണ്. കണക്ക്; കണക്കിന് വഴക്ക് പറയുകയും പരിഹസിക്കുകയും ചെയ്യും. ഞാനാ‍ണെങ്കില്‍ നേരിട്ടും അല്ലാതെയും അവരെ ഉപദ്രവിക്കും. അവര്‍ സോപ്പിടുകവഴി പെണ്‍‌കുട്ടികള്‍ സ്ക്കൂള്‍ പരിസരം അടിച്ചുവാരുമ്പോഴായിരിക്കും എന്റെ വരവ്. ഉടനെ അടിച്ചുവാരുന്നവരെ ക്ലാസ്സിലേക്ക് ഓടിക്കും. അത്‌പോലെ ക്ലാസ്സില്‍ മെമ്മൊ കൊണ്ടുവരുന്നത് കുട്ടിയമ്മയാണെങ്കില്‍ കുട്ടികള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. അത് ഒഴിവാക്കാനായി അദ്ധ്യാപികയായി ഞാന്‍ ക്ലാസ്സില്‍ ഉള്ളപ്പോള്‍ മറ്റാരുവന്നാലും എഴുന്നേല്‍ക്കരുത് എന്ന ഓര്‍ഡര്‍ പാസ്സാക്കി.


 സ്ക്കൂള്‍ ഓഫീസ് ആവശ്യത്തിന് വിളിക്കുന്ന ടെലിഫോണ്‍ ഹെഡ്‌മാസ്റ്ററുടെ മുന്നിലാണ് ഉള്ളത്. മൊബൈല്‍‌ഫോണ്‍ ‘നാട്നീളെ നടന്നുനീങ്ങാത്ത’ കാലമായതിനാല്‍ അത്യാവശ്യം വിളിക്കേണ്ടവര്‍ക്ക് എച്ച് എം‌ന്റെ അനുവാദത്തോടെ ഫോണ്‍ വിളിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം നമ്മുടെ സ്റ്റാഫ് മീറ്റിങ്ങില്‍ ടെലിഫോണ്‍ ബില്ല് ഒരു ചര്‍ച്ചയായി മാറി. ഏതാനും മാസങ്ങളായി ഫോണ്‍‌ബില്ല് തുക അമിതമായി വര്‍ദ്ധിക്കുന്നു. ഹെഡ്‌മാസ്റ്റര്‍ വീട്ടിലേക്ക് വിളിക്കുന്നതു കൊണ്ടാണെന്ന് കണക്ക്‍മാഷിന്റെ അഭിപ്രായം. വീട് പൂട്ടി എല്ലാവരും പുറത്തുപോകുന്ന ഹെഡ്‌മാസ്റ്റര്‍ക്ക്, വീട്ടില്‍ വിളിക്കേണ്ട ആവശ്യമില്ലെന്ന് സ്റ്റാഫ് സെക്രട്ടറി. ഒടുവില്‍ ടെലിഫോണ്‍‌വിളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.


മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണ്‍ബില്ല് ‘ന്മ്മുടെ സ്ക്കൂളിലെ SSLC റിസല്‍ട്ട് പോലെ’ കൂടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം മുപ്പത് മിനുട്ട് നേരം സ്ക്കൂളിലെ ടെലിഫോണില്‍ സംസാരിക്കുന്ന കുട്ടിയമ്മയെ ഞാന്‍ കൈയോടെ പിടിച്ചു. ഇക്കാര്യം ഹെഡ്‌മാസ്റ്ററെ അറിയിച്ചു. കുട്ടിയമ്മ മാത്രമല്ല പലരും ലാന്റ്‌ഫോണ്‍ ദുരുപയോഗപ്പെടുത്തുന്നു എന്നറിഞ്ഞ ഹെഡ്‌മാസ്റ്റര്‍ ഫോണ്‍ പൂട്ടി താക്കോല് സ്വന്തം കീശയിലിട്ടു. ലാന്റ്‌ഫോണ്‍ ഇനി ഓഫീസ് ആവശ്യത്തിനു മാത്രം.


ദിവസങ്ങള്‍ മാസങ്ങള്‍ വീണ്ടും ഇഴഞ്ഞുനീങ്ങി. ഫോണ്‍‌ബില്ലാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ വിലപോലെ മേലോട്ട് പടിപടിയായി കയറ്റം തന്നെ. ഒടുവില്‍ അതൊരു സംഭാഷണവിഷയം അല്ലാതായി.


ഒരുദിവസം നമ്മുടെ ഹെഡ്‌മാസ്റ്റര്‍ ലീവ്. അന്ന് ‘എച്ച് എം ഇന്‍ ചാര്‍ജ്ജ്’ സീനിയര്‍ ആയ ഞാന്‍. വല്ലപ്പോഴും ഇങ്ങനെ കിട്ടുന്നത് ബ്രഹ്മാസുരന് വരം കിട്ടിയതു പോലെയാണ്. ആ ദിവസം ഉച്ചഭകഷണം കഴിക്കുമ്പോഴാണ് എന്നെ കുട്ടിയമ്മ വിളിക്കുന്നത്.
“ടീച്ചറേ ജില്ലാ ഓഫീസില്‍ നിന്നും സ്ക്കൂളിന്റെ ഏതോ അത്യാവശ്യ കാര്യം അറിയാന്‍ വേണ്ടി വിളിച്ചിരുന്നു. ഉടനെ അങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു, നമ്പര്‍ ഉണ്ട്”.

ഞാന്‍ ഓഫീസില്‍ എത്തി ടെലിഫോണിനെ സമീപിച്ചപ്പോഴാണ് പ്രശ്നം മനസ്സിലായത്. നമ്മുടെ ഫോണ്‍ ഇന്‍‌കമിങ്ങ് തുറന്നതാണെങ്കിലും ഔട്ട്ഗോയിങ്ങ് അടച്ചുപൂട്ടിയിരിക്കയാണ്. കീ ഹെഡ്‌മാസ്റ്റരുടെ പോക്കറ്റിലും. സ്വന്തമായി മൊബൈല്‍‌ഫോണ്‍ കൊണ്ടുനടക്കാത്ത കാലം.

“ ഇനി ഏതായാലും പുറത്തുപോയി ബൂത്തില്‍നിന്നും ഫോണ്‍‌ചെയ്യാം”

ഞാന്‍ ഒരു തുണ്ട്‌കടലാസ്സില് വിളിക്കേണ്ട നമ്പര്‍ എഴുതുമ്പോള്‍ കുട്ടിയമ്മ എന്റെ സമീപം വന്ന് പതുക്കെ വിളിച്ചു;
“ടീച്ചറേ..” ഞാന്‍ തിരിഞ്ഞുനോക്കി.

“ഈ ആണികൊണ്ട് ടെലിഫോണ്‍ തുറക്കാന്‍ കഴിയും. ഓഫീസ് ആവശ്യത്തിനല്ലെ, ടീച്ചര്‍ തുറന്ന് ഫോണ്‍ ചെയ്തശേഷം അതേപോലെ അടച്ചാല്‍ മതി”

‘മൂര്‍ച്ചയുള്ള അറ്റം വളഞ്ഞ ചെറിയ ആണി’ കുട്ടിയമ്മ എന്റെ കൈയില്‍ തന്നു.