“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 30, 2009

11.അന്തിവെയില്‍ ചിതറും പൊന്‍ തളിക

                          അത് വളരെക്കാലം മുന്‍പാണ്. വയലും തോടും കുളവും കടലും തൊട്ടുരുമ്മി ഇളം കാറ്റിന്റെയും തിരമാലകളുടെയും താരാട്ട് കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന ഒരു ഗ്രാമം. ഒന്ന് ബസ്സില്‍ പോകണമെങ്കില്‍ ഒരു മണിക്കൂര്‍ നടക്കണം. എന്നാല്‍ അക്ഷരാഭ്യാസത്തെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റിയ നാട്ടുകാര്‍ പുരോഗമന ചിന്താഗതിക്കാരാണ് .

                                അങ്ങനെയുള്ള ആ ഗ്രാമത്തില്‍ മാതാപിതാക്കളുടെ പത്ത് വര്‍ഷത്തെ മധുവിധു ആഘോഷത്തിന് അന്ത്യം കുറിച്ച് ഞാന്‍ ജനിച്ചു. എന്റെ ജനനത്തില്‍ പ്രധാന പങ്കാളികള്‍ എന്റെ അച്ഛനും അമ്മയും അല്ല എന്നും, അക്കാലത്ത് അറിയപ്പെടുന്ന അമ്പലങ്ങളിലെ ദേവീ-ദേവന്മാരാണ് എന്നും, അസൂയാലുക്കള്‍ പറയാറുണ്ട്. എന്നാല്‍ ഞാന്‍ രഹസ്യമായി അറിഞ്ഞതും വിശ്യസിച്ചതും മറ്റോന്നാണ്; ‘കുട്ടികളില്ലാത്ത ദുഖത്തോടെ എന്റെ അച്ഛന്‍ കടല്‍തീരത്തു കൂടി തിരയെണ്ണി നടക്കുമ്പോള്‍ തിരമാലകള്‍ക്കിടയിലൂടെ ഒഴുകുന്ന ‘കൊച്ചുകുട്ടിയായ എന്നെ‘ എടുത്തു വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തി എന്നാണ്‘. എനിക്കു ധാരാളം കൂട്ടുകാരുണ്ടെങ്കിലും എന്റെ അമ്മയേ പേടിച്ച് ആരും എന്നെ കൂട്ടത്തില്‍ കൂട്ടാറില്ല. അങ്ങനെ കളിക്കാതെ, ചിരിക്കാതെ, കരയാതെ മറ്റുകുട്ടികളുടെ കളിയും ചിരിയും കരച്ചിലും കണ്ടുകൊണ്ട് ഞാന്‍ വളര്‍ന്നു.

                               അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ കൂട്ടുകാരനായി അവന്‍ വന്നു-.... കാരണം പുതിയ സ്ക്കൂള്‍....- അഞ്ചാം ക്ലാസ് വരെ വീടിനടുത്ത് എല്‍.പി.സ്ക്കൂളില്‍. ആറിലേക്ക് പാസ്സായപ്പോള്‍ അടുത്ത സ്ക്കൂളില്‍ പോവാന്‍ മുപ്പത് മിനുട്ട് നടക്കണം. കുളം, വയല്‍, തോട്, കടല്‍, എന്നിവയുടെ സമീപത്തുകൂടി ഇടവഴിയിലൂടെയാണ് യാത്ര. മൂന്ന് പാലവും കടക്കണം. ഇത് മിക്കവാറും തെങ്ങിന്‍തടി കൊണ്ടുള്ള ‘ഒറ്റപ്പാലവും’ ആകാം. അപ്പോള്‍പിന്നെ കൊച്ചുകുട്ടിയായ എനിക്ക് എസ്ക്കോര്‍ട്ടായി ബോഡീഗാര്‍ഡായി ഒരാള്‍ വേണം. അമ്മ ആ പോസ്റ്റ് അയല്‍ വീട്ടിലുള്ള, എന്റെ സ്ക്കൂളില്‍,എന്റെ ക്ലാസ്സില്‍ പഠിക്കുന്ന അവനു നല്‍കി. അങ്ങനെ ഞങ്ങള്‍ കളിക്കൂട്ടുകാരായി മാറി. അവധി ദിവസങ്ങളിലും വൈകുന്നേരവും ഞങ്ങള്‍ ഒന്നിച്ച് കാനനഛായയില്‍ പശുവിനെ മേയ്ക്കാനും അണ്ണാനോടും കാക്കയോടും മാമ്പഴം കടം ചോദിക്കാനും കടപ്പുറത്തെ വെളുത്ത പൂഴിയില്‍ കളിവീടുണ്ടാക്കാനും തുടങ്ങി.

                               പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നതിനിടയില്‍ ഇടയ്ക്കിടെ അവന്‍ എന്നോട് ഒരു കാര്യം ചോദിക്കും,‘വലുതാവുമ്പോള്‍ ഞാന്‍ നിന്നെ കല്ല്യാണം കഴിച്ചോട്ടെ?’.


ഒരു സീരിയലോ സിനിമയോ കാണാത്ത ഞാന്‍ ഒന്നും മനസ്സിലാവാതെ നില്‍ക്കും. മറുപടി അനുകൂലമല്ലെങ്കില്‍ ഇനി കൂടെകൂട്ടില്ല എന്ന് ഭീഷണി ഉയര്‍ത്തും. പിണക്കം ചിലപ്പോള്‍ ദിവസങ്ങളോളം നീളും. എന്നാല്‍ വൈകുന്നേരം കടല്‍ത്തീരത്തെ പാറക്കെട്ടില്‍ ഇരുന്ന് ‘അന്തിവെയില്‍ ചിതറും പൊന്‍ തളിക അറബിക്കടലില്‍ താഴുന്നത് ‘ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എല്ലാ പിണക്കവും മാറിയിരിക്കും.

                                ‘പിന്നെ എന്താണ് സംഭവിച്ചത് എന്നോ; ‘ ഒന്നും സംഭവിച്ചില്ല. എസ്.എസ്.എല്‍.സി.യില്‍ തട്ടിത്തടഞ്ഞ അവന്‍ സ്വര്‍ണം വാരിയെടുക്കാന്‍ ഗള്‍ഫിലേക്ക് പോയി മില്ലിയനിയര്‍ ആയി മാറി. പഠനവും പരീക്ഷകളും ജീവിതത്തിന്റെ ഭാഗമാക്കിയ ഞാന്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അപൂര്‍വം ചിലര്‍ ആയി മാറി .


                                ഇന്ന്, പട്ടണത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഒഴിവുദിവസങ്ങളില്‍ ഞാന്‍ ‘എന്റെ പൊന്‍ തളിക’യെ അന്വേഷിച്ച് കടല്‍തീരത്ത് പോകാറുണ്ട്. ഞങ്ങള്‍ ഒഴുക്കിവിട്ട ആ പൊന്‍ തളിക ആഴിയുടെ അടിത്തട്ടിലൂടെ ഒഴുകി മുത്തും പവിഴവും കോരിയെടുത്ത് അജ്ഞാത തീരം തേടി ഇപ്പോഴും ഒഴുകുകയാണ്. ആ പൊന്‍ തളിക അറബിക്കടലിലൂടെ മാത്രമല്ല എന്റെ മനസ്സിലൂടെയും തീരങ്ങള്‍ തേടി അലയുന്നുണ്ടെന്ന് ഓരോ മടക്കയാത്രയിലും ഞാന്‍ തിരിച്ചറിയുന്നു.

March 9, 2009

10.യാത്രക്കാരുടെ ശ്രദ്ധക്ക്ഓര്‍മ്മിക്കാന്‍ ഒരു ബസ് യാത്ര

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ബസ്സ് യാത്രയിലേ സംഭവം . ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണം.,,, സര്‍ക്കാര്‍ ജോലി.,,, നിത്യേന നാല് മണിക്കൂര്‍ യാത്ര ചെയ്യണം.പയ്യന്നൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രക്കിടയിലാണ് സംഭവം.

...

ഒരു വൈകുന്നേരം അഞ്ച് മണി സമയം. രാവിലെ മുതല്‍ കുട്ടികളോടും ഫയലുകളോടും പോരടിച്ച ശേഷം ആദ്യം കിട്ടിയ ബസ്സില്‍ കണ്ണൂരില്‍ വരാനായി സീറ്റ് പിടിച്ചിരിക്കയാണ് ഞങ്ങള്‍ കുറേ വനിതകള്‍. ഇതില്‍ അധ്ദ്യാപികമാരും ക്ലാര്‍ക്കുമാരും ഉണ്ട്. ഡ്രൈവറുടെ പിന്നില്‍ നാലാമത്തെ സീറ്റില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകയും ഇരിക്കുന്നു. മൂന്നാമത്തെ സീറ്റിന്റെ അറ്റത്ത് എന്റെ സുഹൃത്തായ ഒരു ടീച്ചര്‍ ഇരിക്കുന്നു. ബസ്സില്‍ വലിയ തിരക്കില്ല. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും മാത്രമാണ് നില്‍ക്കുന്നവര്‍.
...

തളിപ്പറമ്പില്‍ എത്തിയപ്പോഴാണ് അയാള്‍ ബസ്സില്‍ കയറിയത്. ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ പ്രായം. സീനിയര്‍ സിറ്റിസണ്‍ തന്നെ…...പക്ഷെ ലേഡീസ് സീറ്റ് മാത്രമാണ് അക്കാലത്ത് റിസര്‍വേഷന്‍. വികലാംഗരോ, സീനിയര്‍ സിറ്റിസണോ ഇരിപ്പിടം ആവശ്യപ്പെടുകയാണെങ്കില്‍ ഉദാരമതികളായ യാത്രക്കാര്‍ നല്‍കും.
...
നമ്മുടെ കഥാനായകനായ മാന്യന്‍ നേരെ മൂന്നാമത്തെ സീറ്റിനു സമീപം വന്ന് നില്‍പ്പാണ്. നാലാം നമ്പര്‍ സീറ്റിലിരിക്കുന്ന ഞങ്ങള്‍ അയാളെ നന്നായി ഒന്നു നോക്കി; നല്ല ഉയരം,, ബസ്സിന്റെ മേല്‍ത്തട്ടിന്റെ അത്ര വരും, അതോടൊപ്പം വണ്ണവും,,,,കറുത്ത പാന്റും വെള്ള ഷര്‍ട്ടും,,,,വലതു കൈയില്‍ പുസ്തകം,പേപ്പര്‍ ഇവ ഉള്‍ക്കൊള്ളാവുന്ന ഫയല്‍. ഏതോ ഒരു ഓഫീസ് ജോലി കഴിഞ്ഞുള്ള വരവ് ആയിരിക്കാം. ബസ്സിന്റെ ആട്ടവും കുലുക്കവും അവഗണിച്ച് അയാള്‍ നേരെ മുന്നോട്ടു നോക്കി നില്‍പ്പാണ്.
...
അങ്ങനെ അയാളെ നിരീക്ഷിച്ചുവരുമ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്,,,ആ മാന്യന്റെ ഫയലുപിടിച്ച വലതുകൈയുടെ സ്വതന്ത്രമായ രണ്ട് വിരലുകള്‍ മൂന്നാമത്തെ സീറ്റിലിരിക്കുന്ന ടീച്ചറുടെ ചുമലില്‍ തൊടുന്നു. ,,,ക്രമേണ ഞാനോന്നുമറിഞ്ഞില്ല എന്ന ഭാവത്തില്‍, ബസ്സിന്റെ ആട്ടത്തിനനുസരിച്ച് ഇടക്കിടെ തടവലായി മാറി. വെറും രണ്ടു വിരലല്ലേ, എന്നാലും റ്റീച്ചറെ അറിയിക്കെണ്ടേ,,,
പിന്നിലിരിക്കുന്ന ഞാന്‍ അവളെ വിളിച്ചു; “എടോ….നിനക്കു ചൊറിയുന്നുണ്ടോ?, നിന്റെ ഇടതു ചുമലില്‍ അടുത്ത് നില്‍ക്കുന്ന ആള്‍ ചൊറിഞ്ഞ് തരുന്നുണ്ട്”.
ഇതു പറഞ്ഞപ്പോഴേക്കും ടീച്ചര്‍ തിരിഞ്ഞുനോക്കി. അതോടെ ചൊറിയുന്ന വിരലുകള്‍ പതുക്കെ പിന്‍ വലിഞ്ഞ്, അഞ്ച് വിരലുകളും ചേര്‍ത്ത് ഫയലിനെ മുറുകെ പിടിച്ചു.
...
ടീച്ചര്‍ ആ മാന്യന്റെ ഫയല്‍ നോക്കി ബസ്സിലുള്ളവര്‍ കേള്‍ക്കെ ഉച്ചത്തില്‍ വായിച്ചു “പ്രിന്‍സിപ്പാള്‍ …….....” ബാക്കി കൂടി വായിച്ച ശേഷം തിരിഞ്ഞ് ഞങ്ങളോടായി പറഞ്ഞു “അല്ലാ നിങ്ങള്‍ക്ക് മനസ്സിലായോ, ഈയാള്‍ റിട്ടെയര്‍ ചെയ്ത ശേഷം വയസ്സുകാലത്ത് പാരലല്‍ കോളേജിലെ പ്രിന്‍സിപ്പാളായതാ, ഏതായാലും ചൊറിയട്ടെ”
...
പിന്നെ സംഭവങ്ങള്‍ സ്ലോമോഷനില്‍ നൊണ്‍ സ്റ്റോപ്പായി നടന്നു…നടന്നുനടന്ന് മുന്നോട്ടു നീങ്ങിയ ആള്‍ അടുത്ത സ്റ്റൊപ്പില്‍ ബസ്സ് നിര്‍ത്തിയ ഉടനെ മുന്നിലെ വാതില്‍ തുറന്ന് ഇറങ്ങിനടന്നു.

പിന്‍ കുറിപ്പ്
1. ബസ്സ് യാത്രയില്‍ പീഠനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ പ്രതികരിക്കുന്ന ഒരു വിഭാഗം അന്നും ഇന്നും യാത്ര ചെയ്യാറുണ്ട്.


2. പ്രതികരിക്കുമ്പോള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.


3. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍തന്നെ പ്രതികരിക്കണം.


4. ചൊറിയുന്നത് എത്ര ഉന്നതനായാലും മുളയിലേ കരിച്ചു കളയണം.


5. ശാരീരിക ഉപദ്രവങ്ങള്‍ക്കെതിരായ പ്രതികരണം ജന്മനാ ലഭിക്കുകയില്ല.അത് തുടക്കത്തിലേ പരിശീലനം കൊണ്ട് നേടിയെടുക്കണം.


6. മാന്യതയില്ലാത്ത പെരുമാറ്റം കാണിക്കുന്ന വ്യക്തി ബന്ധുവാണോ, മാന്യനാണോ എന്ന് നോക്കാതെ വേണം പ്രതികരിക്കാന്‍
.

March 8, 2009

9.കടല്‍ത്തീരത്തെ കാഴ്ചകള്‍<കിഴുന്ന><ചേരക്കല്ല്>


തിരയും തീരവും ഒന്നിച്ചാല്‍


കണ്ണൂര്‍ ജില്ലയിലെ കിഴുന്ന ബീച്ചില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ അറബിക്കടലിലേക്ക് തള്ളി നില്‍ക്കുന്ന ചേരക്കല്ലില്‍ എത്താം. ശാന്തമായ അന്തരീക്ഷത്തില്‍, ഈ പാറകളില്‍ വിശ്രമിച്ച് , തിരമാലകളുടെ സംഗീതം കേട്ട് ,കടല്‍ക്കാറ്റേറ്റ് ,സൂര്യാസ്തമയം കാണാം. നാട്ടുകാര്‍ക്ക് ഓണം വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ കൂടാതെ സന്തോഷം തോന്നുമ്പോഴോക്കെ കുടുംബസമേതം ഉല്ലാസയാത്ര പോകാനുള്ള പ്രധാന കേന്ദ്രമാണിത്.
ചേരക്കല്ല് എന്ന പേര് വന്നത് പണ്ട് ചേരമാന്‍ പെരുമാള്‍ മക്കത്ത് പോവാനായി കപ്പല്‍ കയറിയത് ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു. അസ്തമയ സൂര്യന്റെയും അറബിക്കടലിന്റെയും സൌന്ദര്യം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഇവിടെ നിന്നു കഴിയും. കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ..http://mini-chithrasalaphotos.blogspot.com/.
ചേരക്കല്ലിനു സമീപം വിനോദസഞ്ചാരികള്‍ക്കു താമസിക്കാനായി ഇപ്പോള്‍ പ്രത്യേക സൌകര്യങ്ങള്‍ ലഭ്യമാണ്. ഇവിടെ നിന്നും അല്പം അകലെയായി ഭക്തജനങ്ങള്‍ വിളക്കുകള്‍ കത്തിച്ചു വെച്ച യോഗീശ്വരന്റെ ഗുഹയും സന്ദര്‍ശിക്കാം. കടലിന്റെയും കാറ്റിന്റെയും താരാട്ട് കേട്ടുകൊണ്ട് ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും അകന്ന് ഈ തീരത്തുകൂടി നടക്കുന്നത് രസകരമായ അനുഭൂതിയാണ്.

March 1, 2009

8. ശിഷ്യന്മാര്‍ നല്‍കുന്ന പാഠങ്ങള്‍അദ്ധ്യാപകരെ പഠിപ്പിക്കുന്ന ശിഷ്യന്മാര്‍

എല്ലാ ദിവസവും അസംബ്ലിയോടു കൂടി സ്ക്കൂള്‍ തുടങ്ങണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ പിന്നാലെ വരുന്നു,,,കുട്ടികളെ വെയിലു കൊള്ളാന്‍ അനുവദിക്കരുത് ,,,എന്ന കോടതിവിധി. നല്ലൊരു ദിവസം അസംബ്ലിയോടു കൂടി ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. ഒരു ഹൈസ്ക്കൂള്‍ ടീച്ചറായിരിക്കുമ്പോള്‍ അസംബ്ലി എനിക്കു വളരെ ഇഷ്ടമാണ്. കുട്ടികളെയെല്ലാം വരിവരിയായി നിര്‍ത്തിയ ശേഷം എന്റെ ക്ലാസ്സിലെ കുട്ടികള്‍ക്കു പിന്നിലായി ഞാന്‍ നിന്ന് ചുറ്റും നിരീക്ഷണം നടത്തും.
...
എന്നാല്‍ സര്‍ക്കാര്‍ സ്ക്കൂളിലെ ഹെഡ് മിസ്ട്രസ്സ് ആയതോടെ നിരീക്ഷീക്കുന്ന അവസ്ഥയില്‍ നിന്നും അസംബ്ലി നടത്തേണ്ട ചുമതലയായി മാറി. ആ സമയത്ത് ഉണ്ടായ ഒരു സംഭവമാണിത്.


...
പുതിയ അന്തരീക്ഷം. നിത്യേന നടത്താറില്ലെങ്കിലും ഇവിടെ ആഴ്ചയില്‍ രണ്ട് ദിവസം അസംബ്ലി ഉണ്ടാവും.പതിവ് പോലെ ബല്ലടിച്ചപ്പോള്‍ കുട്ടികളെല്ലാം വരിവരിയായി സ്ക്കൂള്‍ ഗ്രൌണ്ടില്‍ നിരന്നു. സ്ക്കൂള്‍ ലീഡര്‍ അറ്റന്‍ഷന്‍ പറഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് പ്രസംഗിക്കാനായി ഹെഡ്ടീച്ചറായ ഞാന്‍ മൈക്കിനു സമീപം എത്തിയപ്പോഴാണ് “മൈക്ക് പണിമുടക്കി“ എന്നു മനസ്സിലായത്. പെട്ടന്നുതന്നെ മൈക്ക് ഓപ്പറേറ്റര്‍മാരായ രണ്ട് അദ്ധ്യാപകര്‍ സ്ക്രൂഡ്രൈവറും സ്പാനറും കട്ടിങ്ങ് ബ്ലേയറുമായി വന്ന് ഓപ്പറേഷന്‍ തുടങ്ങി. അഞ്ചു മിനിറ്റ് ആയിട്ടും മൈക്കിന്റെ നിസ്സഹകരണം മാറിയില്ല. വെയിലത്ത് നില്‍ക്കുന്ന കിട്ടികളെ ഓര്‍ത്തപ്പോള്‍ എനിക്കു ടന്‍ഷന്‍ വര്‍ധ്ദിക്കാന്‍ തുടങ്ങി…..അഞ്ഞൂറ് കുട്ടികള്‍ക്ക് കേള്‍ക്കാനുള്ള ശബ്ദം എനിക്കുണ്ട്, മൈക്കൊന്നും ആവശ്യമില്ല…...ഞാന്‍ മുന്നോട്ട് നീങ്ങി.
-----,,,
അപ്പോഴതാ ഗ്രൌണ്ടില്‍ നില്‍ക്കുന്ന കുട്ടികള്‍ക്കിടെയില്‍ നിന്നും ഒരു എട്ടാം ക്ലാസ്സുകാരന്‍ പയ്യന്‍ മുന്നോട്ട് വന്ന് സ്റ്റേജില്‍ കയറുന്നു. റിപ്പേയര്‍ നടത്തുന്ന അധ്ദ്യാപകരോടായി പറഞ്ഞു,,,“മാഷേ അത് ഞാനൊന്നു നോക്കട്ടെ”… പയ്യന്‍ സ്ക്രൂഡ്രൈവര്‍ വാങ്ങി ആമ്പ്ലിഫയര്‍ തിരിച്ചും മറിച്ചും നോക്കി…ഏതാനും ചില കേബിള്‍ ഊരുകയും ചിലത് ഉറപ്പിക്കുകയും ചെയ്തു. അത് കഴിഞ്ഞ് എന്നോടായി പറഞ്ഞു .....“ടീച്ചറേ എല്ലാം ശരിയായിട്ടുണ്ട്; ഓണ്‍ ചെയ്തോ”;
ഇതും പറഞ്ഞ് അവന്‍ തന്നെ മൈക്ക് ഓണ്‍ ചെയ്ത് രണ്ട് തവണ ‘’‘മൈക്ക് ടെസ്റ്റിങ്ങ്’ നടത്തിയശേഷം അവന്റെ സ്ഥാനത്ത് പോയി നിന്നു.

....
ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ പ്രസംഗം തുടങ്ങി…‘എന്റെ പ്രീയപ്പെട്ട വിദ്യാര്‍ത്ഥികളെ……‘ അസംബ്ലി കഴിഞ്ഞ് പുറത്ത് വന്ന എന്നോട് സ്റ്റാഫ് സെക്രട്ടറി പതുക്കെ പറഞ്ഞു’‘’അവന്‍ എട്ടാം ക്ലാസ്സില്‍ മൂന്നാം വര്‍ഷമാ, മര്യാദക്കു ക്ലാസ്സിലൊന്നും വരാറില്ല‘’‘