“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 25, 2009

16. ശിഷ്യനും മകനും


നാട്ടിന്‍പുറത്തുള്ള സ്വകാര്യ മാനേജ് മെന്റ് സ്ക്കൂളുകള്‍ക്ക് (എയിഡഡ് സ്ക്കൂള്‍: മാനേജര്‍ക്ക് നിയമനാധികാരവും സര്‍ക്കാറിന് ശമ്പളാധികാരവും ഉള്ള വിദ്യാലയങ്ങള്‍) മറ്റു സ്ക്കൂളുകളില്‍ നിന്ന് അല്പം വ്യത്യാസമുണ്ട്.
...
ഇവിടെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അദ്ധ്യാപകരും അതെ നാട്ടുകാരായിരിക്കും. അഥവാ നാട്ടുകാരല്ലാത്ത ടീച്ചേര്‍സ് ഉണ്ടെങ്കില്‍ അവര്‍ സ്ക്കൂളിനടുത്ത് താമസിച്ച് നാട്ടുകാരായി മാറും. പിന്നെ അദ്ധ്യാപകരില്‍ ഒരു വിഭാഗം മാനേജരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരിക്കും. ഓരോ വര്‍ഷവും ഉണ്ടാവാനിടയുള്ള ഒഴിവുകള്‍ കണ്ടെത്തി പുതിയ ആളെ മാനേജര്‍ നിയമിച്ചിരിക്കും.
...
ഇങ്ങനെയുള്ള ഒരു സ്ക്കൂളില്‍ പ്രധാന അദ്ധ്യാപകനാവുന്നത് സാധാരണയായി ഏറ്റവും കൂടുതല്‍ കാലം അതേ സ്ക്കൂളില്‍ സേവനം അനുഷ്ടിച്ച വ്യക്തി ആയിരിക്കും. സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും പെട്ടെന്ന് ഒരു ദിവസം ഹെഡ് ആയി ഇരിപ്പിടം മാറുമ്പോള്‍ ആ വ്യക്തിയുടെ സ്വഭാവത്തിന് പെട്ടെന്ന് മാറ്റം വന്നിരിക്കും.
...
...
...
ഞങ്ങളുടെ നാട്ടിന്‍പുറത്തുള്ള ഈ സ്വകാര്യ ഹൈസ്ക്കൂളിലെ അദ്ധ്യാപകരില്‍ പകുതിയും പുതിയതായി ചാര്‍ജ്ജ് എടുത്ത ഹെഡ് മാസ്റ്ററുടെ ശിഷ്യന്മാരാണ്. ഇക്കൂട്ടത്തില്‍ പുതിയതായി നിയമിക്കപ്പെട്ട ഡ്രോയിങ്ങ്മാസ്റ്റര്‍ കൂടി ഉള്‍പ്പെടും. ഈ ഡ്രോയിങ്ങ് ‘പഠനത്തില്‍ തല്ലിപ്പൊളി ആണെങ്കിലും ചിത്രകലയില്‍ അടിപൊളിയാണ്‘.
...
അങ്ങനെയിരിക്കെ ഓണപരീക്ഷ വന്നു.
.;
മൂന്ന് പരീക്ഷകള്‍ ഉള്ള കാലം.
...
‘ഈ മൂന്നായത് ഒരിക്കല്‍ അനേകമായി പിന്നെയും മൂന്നായി പിന്നെയിപ്പോള്‍ രണ്ടായി ഇനി ഒന്നായി മാറി പരീക്ഷയില്ലാത്ത സുവര്‍ണ്ണ കാലത്തിലെത്താം’.
...
ജയവും പരാജയവും ഇല്ലാത്ത, പരീക്ഷയും മാര്‍ക്കുമില്ലാത്ത വിഷയമാണ് ‘ഡ്രോയിങ്ങ്,ഡ്രില്ല്,ക്രാഫ്റ്റ്,സംഗീതം‘ ആദിയായവ. എങ്കിലും മറ്റു വിഷയങ്ങളുടെ പരീക്ഷകള്‍ക്ക് കാവല്‍ നില്‍ക്കേണ്ട ഗതികേട് ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്ന ടീച്ചേര്‍സിനുണ്ട്.
...
അങ്ങനെ പുതിയ ഡ്രോയിങ്ങ് മാഷിനും നിത്യേന പരീക്ഷാ ഡ്യൂട്ടികള്‍ കിട്ടി. (പുതിയതായി ചേര്‍ന്നവര്‍ക്ക് ജോലി കൂടുതലും കൂലി {ശമ്പളം} കുറവും ആയിരിക്കും)
...
...
ആദ്യ ദിവസം പരീക്ഷാഹാളീല്‍ വലിയ കുഴപ്പമില്ല, പെണ്‍കുട്ടികളായതിനാല്‍ പരീക്ഷ തീരുംവരെ ഉത്തരക്കടലാസില്‍ നിന്നും ചോദ്യക്കടലാസില്‍ നിന്നും തല ഉയര്‍ത്തിയില്ല. പുതിയ മാസ്റ്റര്‍ ചെറുപ്പക്കാരനായിട്ടും ആരും മൈന്റ് ചെയ്തില്ല. രണ്ടാം ദിവസം ആണ്‍ കുട്ടികളാണ്, പത്താം തരം, വിഷയം ഇംഗ്ലീഷാണ്. കണ്ണൊന്നു തെറ്റിയാല്‍ അടുത്തിരിക്കുന്നവന്റെ ഉത്തരക്കടലാസിലാണ് പഹയന്മാരുടെ നോട്ടം,,,,നേരാംവണ്ണം കോപ്പിയടിക്കാനറിയാത്ത പാവങ്ങള്‍.
...
...
പരീക്ഷ തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞു. അപ്പോഴാണ് പിന്നിലിരിക്കുന്ന ഒരുത്തന്റെ പോക്കറ്റിന്റെ വണ്ണം ശ്രദ്ധിച്ചത്. നേരെ ആ തടിയന്റെ പോക്കറ്റില്‍ കൈയിട്ടപ്പോള്‍,,കൈയില്‍ തടഞ്ഞത് ‘ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക്‘.
...
...
തൊണ്ടി മുതല്‍ പുറത്ത് കളഞ്ഞ് നന്നായി വഴക്ക് പറഞ്ഞ് ക്ലാസ്സില്‍ ചുറ്റി നടക്കുമ്പോഴാണ് ‘അതേ പയ്യന്റെ‘ ഉത്തരക്കടലാസിനടിയിലെ നിറം മാറ്റം ശ്രദ്ധിച്ചത്,‘കടലാസിന് ഒരു പഴയ നിറം’. പെട്ടെന്ന് ‘ഉത്തരത്തിനടിയില്‍ ഒളിപ്പിച്ച ഉത്തരം’ പുറത്തെടുത്തു. നമ്മുടെ ഡ്രോയിങ്ങ് ദേഷ്യം കൊണ്ട് പുകഞ്ഞു. ആദ്യം കണ്ട പരീക്ഷാ ഡ്യൂട്ടിയുള്ള ടീച്ചറോട് സംഭവം വിവരിച്ചു. തല്‍ക്കാലം അവനെയൊന്ന് ഭീഷണിപ്പെടുത്തിയാല്‍ മതിയെന്ന് ടീച്ചര്‍. ഇനിയും ഇങ്ങനെ കണ്ടാല്‍ ഹെഡ് മാസ്റ്റര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും പറഞ്ഞു.
...
...
അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അതേ വിദ്വാന്‍ വീണ്ടും ശ്രദ്ധയില്‍പ്പെടുന്നത്. നിലത്ത് നോക്കിയാണ് കക്ഷി പരീക്ഷ എഴുതുന്നത്. ‘എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്‘. നിലത്ത്…ഓ..അതാ …രണ്ട് ഹവായി ചെരിപ്പുകള്‍… നിറയേ ഇംഗ്ലീഷ് ഉത്തരങ്ങളുമായി. ചെരിപ്പ് രണ്ടും പുറത്തെറിയുമ്പോള്‍ പറഞ്ഞു,“എടോ ഞാനിതൊക്കെ കഴിഞ്ഞിട്ടാണ് വന്നത്, പക്ഷേ അന്നാര്‍ക്കും എന്റെ കോപ്പിയടി പിടിക്കാന്‍ കഴിഞ്ഞിട്ടില്ല, കേട്ടോ,…..”.
...
...
പിന്നെ കുഴപ്പമൊന്നും കണ്ടില്ല, എന്നാല്‍ പരീക്ഷ തീരാന്‍ പത്ത് മിനുട്ട് ഉള്ളപ്പോഴാണ് അതേ തരികിട മാന്യന്‍ മുണ്ട് അല്പം മാറ്റുന്നത് ശ്രദ്ധിച്ചത്.
(പരീക്ഷാസമയത്തുള്ള ഈ മുണ്ട് പ്രേമംകുട്ടികള്‍ക്ക് പണ്ട് കാലം മുതല്‍ ഉണ്ടായിരുന്നു. മുണ്ടില്ലാത്തവന്‍ അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങി പരീക്ഷാ ദിവസം ഉടുക്കാറുണ്ട്)
പുതിയ മാഷായത് കൊണ്ടാണോ ഇവനിത്ര ധിക്കാരം,, ആ തടിയനെ എഴുന്നേല്പിച്ച് നിര്‍ത്തി, ദേഹപരിശോധന നടത്തിയപ്പോള്‍ കോപ്പിയടിക്കാനായി തുണ്ട് കടലാസ്സ് ഒന്നും ഒളിപ്പിച്ചിട്ടില്ല, പകരം ഉത്തരങ്ങള്‍ എഴുതിയത് ആ തടിയന്റെ തുടയിലാണ്. പുതിയ കാന്‍ വാസില്‍ പുതിയ കലാ പരിപാടി. ഇടത് തുടയില്‍ ഇംഗ്ലീഷ് കഥ, വലത് തുടയില്‍ ഇംഗ്ലീഷ് കവിത…
...
...
കോപ്പിയടിച്ചവനെ തൊണ്ടി സഹിതം പിടിച്ച് നേരെ ഹെഡ് മാസ്റ്ററുടെ അടുത്ത് എത്തിച്ചു. ചെരിപ്പ്, കടലാസ്സ്, പുസ്തകങ്ങള്‍ ആദിയായവ മേശപ്പുറത്തിട്ടു. ഒരു കാലത്ത് ഹെഡ് മാസ്റ്ററുടെ ശിഷ്യനായിരുന്ന ഡ്രോയിങ്ങ് മാഷ് സംഭവം വിവരിച്ച ശേഷം വാതിലിനു സമീപം മുഖം മറച്ചു നില്‍ക്കുന്ന കോപ്പിയടി വീരനെ പിടിച്ചുവലിച്ച് ഹെഡ് മാസ്റ്ററുടെ മുന്നില്‍ നിര്‍ത്തി, മുണ്ട് മാറ്റി, കഥയും കവിതയും വിരിഞ്ഞ അവന്റെ തുട കാണിച്ചു. അതോടെ ജീവിതത്തില്‍ ഒരിക്കലും ഞെട്ടാത്ത ഹെഡ് മാസ്റ്റര്‍ ശരിക്കും ഞെട്ടി. ശിഷ്യന്‍ കാണിച്ചു തന്നത് നാല് പെണ്മക്കള്‍ക്ക് ശേഷം ജനിച്ച സ്വന്തം ഓമനപുത്രന്റെ തുടയിലെ കഥയും കവിതയും ആയിരുന്നു.
...
...
പിന്നെ…???
...

April 20, 2009

15.ആ അടിയുടെ പാട്


ഞങ്ങളുടെ സ്ക്കൂളില്‍ മലയാളത്തിന് ഒരു സുവര്‍ണ്ണ കാലം ഉണ്ടായിരുന്നു. സമരം പൊടിപൊടിക്കുന്ന, തോല്‍വി കൊടികുത്തി വാഴുന്ന ആ കാലഘട്ടത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിക്കുന്ന വിഷയമാണ് മലയാളം. അത് പോലെ വിദ്യാര്‍ത്ഥികളെല്ലാം അനുസരിക്കുന്നതും ഇഷ്ടപ്പെടുന്നതും മലയാളം അദ്ധ്യാപകരെയാണ്.
മറ്റുള്ളവര്‍ക്കില്ലാത്ത ചില കഴിവുകള്‍ കണ്ണൂര്‍ ജില്ലക്കാരല്ലാത്ത അവര്‍ക്ക് ഉണ്ടായിരുന്നു.
....
....
ഒരു മാര്‍ച്ച് മാസം, ഫസ്റ്റ് വീക്ക്, സ്റ്റഡീലീവ് സമയം. നമ്മുടെ കഥാനായികയായ മലയാളം ടീച്ചറും ഞാനും കൂടി എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ വീടുകള്‍ തോറും സന്ദര്‍ശ്ശിക്കുകയാണ്. അവരുടെ പഠനനിലവാരം അറിയണമല്ലോ,.
...
ഈ മലയാളം ടീച്ചര്‍ക്ക് ധാരാളം പ്രത്യേകതകള്‍ ഉണ്ട്,
...
ടീച്ചര്‍ കോട്ടയക്കാരിയാണ്. എന്നാല്‍ ഭാഷയും വേഷവും തനി കണ്ണൂര്‍ മോഡല്‍.
...
രൂക്ഷമായ പ്രമേഹ രോഗം ഉണ്ട്. എന്നാല്‍ ഭക്ഷണക്രമം, വ്യായാമം ഇവയിലൂടെ രോഗത്തെ ഒതുക്കി നിര്‍ത്തുന്നു.
...
സ്വന്തമായി കുട്ടികളില്ല; എന്നാല്‍ എല്ലാ കുട്ടികളേയും സ്വന്തമെന്ന പോലെ നോക്കുന്നു.
...
ആള്‍ വളരെ മെലിഞ്ഞതാണ് (മറ്റ് സ്ക്കൂളുകളില്‍ ഈ റെക്കാര്‍ഡ് എനിക്കായിരുന്നു); എന്നാല്‍ മറ്റുള്ളവരെക്കാള്‍ ശക്തിയുണ്ട്.
...
ടീച്ചറ് ഈ നാട്ടുകാരിയല്ല; എന്നാല്‍ സ്ക്കൂളിനടുത്തുള്ള എല്ലാ വീടും സ്ഥലവും നന്നായി അറിയാം. പരിചയപ്പെട്ട എല്ലാ കുട്ടികളുടെയും പേര്‍, വീട്, ബന്ധുക്കള്‍, ജീവചരിത്രം ആദിയായവ ടീച്ചറിന് മനപ്പാ‍ഠം.(നാട്ടുകാരിയായ ഞാന്‍ എത്ര ശ്രമിച്ചിട്ടും കുട്ടികളുടെ പേര് ഓര്‍ക്കാനായിട്ടില്ല).
....
ടീച്ചറുടെ ഭര്‍ത്താവിന് (കോട്ടയക്കാരന്‍ തന്നെ) കണ്ണൂര്‍ ജില്ലയില്‍ തന്നെ ജോലിയായതിനാല്‍ അവരുടെ ഓഫീസ് വക ക്വാര്‍ട്ടേര്‍സിലാണ് താമസം.
...
...
...
ഇനി കാര്യം പറയാം.
...
ഞങ്ങള്‍ അങ്ങനെ പത്താം തരക്കാരുടെ വീടുകള്‍ തിരക്കി കുറ്റിക്കാടുകളും തോടുകളും വയലും കടന്ന് ഒരു ഇടവഴിയില്‍ എത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ മുന്നില്‍ വന്ന് “ടീച്ചറേ” എന്ന് വിളിച്ചു.
...
എന്നെയാവില്ല,.... കക്ഷിക്ക് മുപ്പതില്‍ താഴെ പ്രായം തോന്നും. ടീച്ചര്‍ അവന്റെ പേര് വിളിച്ചു, വിശേഷങ്ങള്‍ തിരക്കി.
...
ആള്‍ മിലിട്ടറിയില്‍ നിന്ന് ലീവില്‍ വന്നതാണെന്നും ഒരു മാസത്തിനുള്ളില്‍ കല്ല്യാണം ഉണ്ട് എന്ന് പറഞ്ഞ ശേഷം വിനയത്തോടെ പിന്‍വാങ്ങി.
...
“അവനെ അറിയുമോ?” ചോദ്യം എന്നോടാണ്.
...
“ഇല്ലല്ലോ”.
...
“ഞാന്‍ ഒരു തവണ അവനെ അടിച്ചു, ചോര വന്നു…”
...
...
...
...
ഫ്ലാഷ് ബാക്ക്….
...
സംഭവം നടന്നത്…വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, നമ്മുടെ മലയാളം ടീച്ചര്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ മൂന്നാം വര്‍ഷം. മിക്ക ക്ലാസ്സുകളിലും അദ്ധ്യാപകര്‍ പഠിപ്പിക്കുന്നു, കുട്ടികള്‍ കളിക്കുന്നു???...
...
അങ്ങനെ എട്ടാം ക്ലാസ്സില്‍ മലയാളം പഠിപ്പിക്കുമ്പോഴാണ് തൊട്ടടുത്ത ഇംഗ്ലീഷ് ക്ലാസ്സില്‍ ബഹളം ഉണ്ടായത്. കാരണം.... ടീച്ചര്‍ പാഠം വായിച്ച് കൊണ്ടിരിക്കെ പിന്നിലിരിക്കുന്ന ഏതോ വികൃതി ‘ആറോ’(arrow) അയച്ചു.
...
(കടലാസ് മടക്കി നിര്‍മ്മിക്കുന്ന ഈ സാധനം ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയില്ല; പണ്ട് കാലത്ത് സ്ക്കൂളിലും കോളേജിലും സുലഭമായിരുന്നു)
...
ആറോ പ്രശ്നമല്ല; പക്ഷെ അത് പറന്ന് വന്ന് പതിച്ചത് ഇംഗ്ലീഷ് ടീച്ചറുടെ കഴുത്തിനു താഴെ, മുന്നില്‍!!!!!. പോരേ പൂരം, ഇംഗ്ലീഷ് വടിയുമായി ക്ലാസ്സ് മുഴുവന്‍ ഓടിനടന്നിട്ടും പ്രതിയെ പിടികിട്ടിയില്ല…..ബല്ലടിച്ചതോടെ ആറോ മേശപ്പുറത്തിട്ട് ടീച്ചര്‍ സ്ഥലം വിട്ടു.
...
ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ മലയാളത്തിനു കലികയറി. അടുത്ത പിരീഡ് ആ ക്ലാസ്സില്‍ മലയാളമാണ്. നേരെ ആ ക്ലാസ്സില്‍ കടന്ന് മേശപ്പുറത്തു നിന്നും ആറോ എടുത്ത് ഒരു ചോദ്യം “ആരെടാ ഇത് ഉണ്ടാക്കി അയച്ചത്?....”
...
…. അതാ പിന്‍ ബഞ്ചില്‍ നിന്നും കറുത്തു മെലിഞ്ഞ പയ്യന്‍ പതുക്കെ എഴുന്നേല്‍ക്കുന്നു;.
...
“വലത് കൈ നീട്ടു?”
നീട്ടിപിടിച്ച ആ കൈയില്‍ ചൂരല്‍ കൊണ്ട് നല്ല ശക്തിയില്‍ ഒരടി കൊടുത്തു.
“ഉം, പോയിരിക്ക്”പിന്നെ എല്ലാവരോടുമായി പറഞ്ഞു, “പാഠപുസ്തകം തുറക്ക്, മുപ്പത്ത് ഏഴാം പേജ്”.
...
...
അല്പം കഴിഞ്ഞപ്പോള്‍ അടികിട്ടിയവന്റെ അടുത്തിരിക്കുന്നവന്‍ വിളിച്ചു പറഞ്ഞു,
..
“ടീച്ചറേ, ചോര”. എല്ലാവരും ഞെട്ടി, ടീച്ചറും.
...
അടി കിട്ടിയവന്റെ സമീപം പോയി നോക്കി, വലത് കൈയില്‍ ചോര വരുന്നുണ്ട്.
....
ആ ചോര നോക്കി ടീച്ചര്‍ പറഞ്ഞു,--
“പിന്നെ വീട്ടില്‍ പോയി വലത് കൈ കാണിച്ച് അച്ഛനോടും അമ്മയോടും പറയണം, മലയാളം ടീച്ചര്‍ അടിച്ചപ്പോള്‍ കൈ മുറിഞ്ഞു എന്ന്, അടികിട്ടാ‍നുള്ള കാരണം കൂടി പ്രത്യേകം പറയണം;... അപ്പോള്‍ നിന്റെ രക്ഷിതാക്കള്‍ നിന്റെ ഇടത് കൈയും അടിച്ച് പൊട്ടിച്ച് കൊള്ളും, കേട്ടോ”. ഇതും പറഞ്ഞ് ക്ലാസ്സ് തുടര്‍ന്നു.
....
....
ഇനി തിരിച്ച് വരാം…
.
അടി കിട്ടിയത് മുതല്‍ അവന് ടീച്ചറോട് ഭയവും ബഹുമാനവും കൂടി. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കുട്ടി നന്നായി.
ആ അവനാണ് ഇപ്പോള്‍ മുന്നിലൂടെ പോയത്. ആ അടിയുടെ പാട് ഇപ്പോഴും കാണുമോ? പിന്നെ അടുത്ത കുട്ടിയുടെ വീട്ടിലെത്തും വരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

April 16, 2009

14.ഒരു പെണ്ണുകാണല്‍ ചടങ്ങ് ‘കണ്ണൂര്‍ മോഡല്‍‘പെണ്ണു കാണാന്‍ പോയ രസകരമായ വിശേഷങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് അല്പം വ്യത്യാസമുണ്ട്. വീട്ടില്‍ വരുന്ന ചെറുക്കനെയും ചെറുക്കന്റെ വീട്ടുകാരുടെയും വിശേഷങ്ങളെപറ്റി പെണ്ണിന്റെ വീട്ടുകാരുടെ കണ്ണിലൂടെ നോക്കി കാണുകയാണ്. പെണ്ണ് കാണാന്‍ വരുന്ന രക്ഷിതാക്കളുടെ ഭാവം കണ്ടാല്‍ ‘ആണ്‍ മക്കളുള്ള തന്തക്കും തള്ളക്കും കൊമ്പുണ്ടോ’ എന്ന് ചിലപ്പോള്‍ ചോദിക്കാന്‍ തോന്നും. ജനിച്ച മക്കള് ആണായത് ‍കൊണ്ട് ഇത്രയും അഹങ്കരിക്കണോ?

പല തരത്തിലാണ് പെണ്ണു കാണാനുള്ള വരവ്. പെണ്ണിന്റെ വീട്ടില്‍ ആദ്യമായി പോകുന്നത് പ്രത്യേക ക്രമത്തിലാണ്.

 1. ചെറുക്കന്‍ ഒറ്റക്ക് .


 2. ചെറുക്കനും ഒരു സുഹൃത്തും.


 3. ചെറുക്കനും ഒരു ബന്ധുവും.

 4. ചെറുക്കനും അവന്റെ അച്ഛനും.


 5. ചെറുക്കനും അവന്റെ അമ്മയും.


 6. ചെറുക്കനും നാലോ അതില്‍ കൂടുതല്‍ സുഹൃത്തുക്കളും.


 7. ചെറുക്കനും അവന്റെ ധാരാളം ബന്ധുക്കളും.

 8. ചെറുക്കന്റെ ബന്ധുക്കള്‍.


 9. ചെറുക്കന്റെ അച്ഛന്‍+ചെറുക്കന്റെ ഫോട്ടൊ.


 10. ചെറുക്കന്റെ ബന്ധുക്കള്‍+ചെറുക്കന്റെ ഫോട്ടൊ.


 11. ചെറുക്കന്റെ അച്ഛനും അച്ഛന്റെ സുഹൃത്തും.......

ഈ ലീസ്റ്റ് തുടരുന്നു…


ഇനി വീട്ടില്‍ എത്തിയാലോ??? വിജിലന്‍സ് പരിശോധനയും ചോദ്യം ചെയ്യലുമാണ്. പെണ്ണിനെ മാത്രമല്ല, വീട്ടിലുള്ള എല്ലാ അംഗങ്ങളെയും സിബീ‍ഐ മോഡല്‍ ചോദ്യമായിരിക്കും.

അപ്പോഴെക്കും ജാതകകുറിപ്പിന്റെ ഫോട്ടൊസ്റ്റാറ്റ്, ചായ എന്നിവ തയ്യാറാക്കി കൊടുക്കണം. പിന്നീട് പെണ്ണിനെ കാണാന്‍ വന്നവര്‍ ചേര്‍ന്ന് രഹസ്യ ചര്‍ച്ച. പിന്നെ ഒന്നും പറയാതെ പെണ്‍ വീട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒറ്റ പോക്കായിരിക്കും

ഞാന്‍ ഇതൊക്കെ പറയുന്നത് എന്റെ നാട്ടിലെ സംഭവങ്ങളാണ്. ഇത് കണ്ണൂരാണ്. ഇവിടെ തലശ്ശേരിക്കും പയ്യന്നൂരിനും ഇടയിലുള്ള” ഹിന്ദുക്കള്‍ക്കിടയില്‍ പ്രാധാന്യം പെണ്ണിനാണ്, ‘സ്ത്രീധനത്തിനല്ല‘. പെണ്ണിന്റെ അച്ഛനോട് മറുനാട്ടുകാരായ ചെറുക്കന്റെ ആള്‍ക്കാര്‍ സ്ത്രീധനം ചോദിച്ചപ്പോള്‍ ,“എനിക്കീ കല്ല്യാണം വേണ്ട” എന്ന് സദസ്സിനു മുന്നില്‍ വന്ന് പറഞ്ഞ പെണ്ണ് നമ്മുടെ നാട്ടിലുണ്ട്.അത് പോലെ സ്വര്‍ണ്ണം—അത് കഴിവനുസരിച്ച് നല്‍കും. കല്ല്യാണത്തിനു മുന്‍പോ ശേഷമോ അതിന്റെ തൂക്കമോ അളവോ, വരന്റെ വീട്ടുകാരെ അറിക്കുകയില്ല. (അവര്‍ പിന്നീട് അറിഞ്ഞു കൊള്ളും). ബ്രോക്കര്‍മാര്‍ നാട്ടിലുണ്ടെങ്കിലും സ്ത്രീധനശതമാനം ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് പറ്റിയ മണ്ണല്ല. മേരേജ് ബ്യൂറൊ അത് പച്ച പിടിച്ചു വരുന്നുണ്ട്.സ്ത്രീധനം ഇല്ലെങ്കിലും അത്ര സന്തോഷിക്കേണ്ട. പെണ്ണു കാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ഭാവിയില്‍ ലഭിക്കുന്ന സ്വത്ത്, പെണ്ണിന്റെ ജോലി, സ്വഭാവം, വീടും പരിസരവും, ബന്ധുക്കളുടെ സാമ്പത്തിക നില,….അങ്ങനെ പെണ്ണിന്റെ വകയായി ലഭിക്കുന്ന വരുമാനം കൃത്യമായി കണക്ക് കൂട്ടും. പിന്നെ ഭാര്യവീട്ടില്‍ താമസിച്ച് അത് സ്വന്തമാക്കന്‍ പറ്റുന്നാതാണോ എന്ന് കൂടി ചില സമര്‍ത്ഥന്മാര്‍ കണക്കെടുക്കും.പെണ്ണായി പിറന്നവള്‍ക്ക് ചില പ്രത്യേക കാലങ്ങളിലാണ് അന്വേഷണങ്ങള്‍ വരുന്നത്.


 1. പഠിപ്പ് കഴിഞ്ഞ് വീട്ടിലിരിക്കുമ്പോള്‍.(ഇതില്‍ പത്താം ക്ലാസ്സും പി.ജി.യും ഒരു പോലെ)


 2. ജോലി കിട്ടിയ ഉടന്‍. (ഇതില്‍ കടയിലെ സെയില്‍സ് ഗേളും ഡോക്റ്ററും ഒരു പോലെ).

ചില സീസണില്‍ ചില പെണ്ണിന് അന്വേഷണങ്ങള്‍ വന്നു കൊണ്ടേയിരിക്കും. ചിലപ്പോള്‍ മാസങ്ങളോളം ഒരുത്തനും ആ വഴി വരില്ല.


അങ്ങനെ ഒരു ചൊവ്വാ‍ഴ്ച വീട്ടിലെ കമ്പ്യൂട്ടര്‍ അപ്രഖ്യാപിത പണിമുടക്ക് നടത്തി. സ്വയം ചികിത്സ ഫലിക്കാതെ വന്നപ്പോള്‍ ഓപ്പറേറ്റരെ വിളിച്ചു. അങ്ങനെ ഏതാണ്ട് പതിനൊന്ന് മണിയായപ്പോള്‍ ഓപ്പറേറ്റര്‍മാരായ രണ്ട് ചെറുപ്പക്കാര്‍ വന്ന് സിസ്റ്റം അഴിച്ച് പരിശോധിക്കുമ്പോഴാണ് രണ്ട് സീനിയര്‍ സിറ്റിസണ്‍ വീട്ടിലേക്ക് വന്നത്.


സ്വീകരിക്കാനായി പുറത്തിറങ്ങിയ ഗൃഹനാഥനോട് മുറ്റത്ത് നിന്ന് തന്നെ പറഞ്ഞു,

“ഞങ്ങള്‍ ഇവിടത്തെ കുട്ടിയെ പെണ്ണ് കാണാന്‍ വന്നതാ”.


ഗൃഹനാഥന്‍ (പെണ്ണിന്റെ അച്ഛന്‍) അവരെ സ്വീകരിച്ച് വരാന്തയിലുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാത്ത മട്ടില്‍ വീട്ടിനകത്ത് കടന്നു. കാറ്റും വെളിച്ചവും ശബ്ദവും ഉള്ളത് കൊണ്ടായിരിക്കണം അവര്‍ നേരെ കമ്പ്യൂട്ടര്‍ റിപ്പെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന മുറിയിലേക്ക് കടന്ന് അവിടെയുള്ള ഇരിപ്പിടങ്ങളില്‍ ആസനസ്ഥരായി.

“നിങ്ങളുടെ മകളെ ഒന്ന് കാണണം, എന്റെ മകന് വേണ്ടിയാ, ജോലിയുള്ള കുട്ടിയാണെന്ന് പറയുന്ന കേട്ടു, കുറിപ്പും കിട്ടിയാല്‍ കൊള്ളാം”. കൂട്ടത്തില്‍ പ്രായം കൂടിയ ആ‍ള്‍ പറഞ്ഞു.


ഗൃഹനാഥന്‍ അസ്വസ്ഥനായി, റിപ്പെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന അന്യ ചെറുപ്പക്കാരുടെ മുന്നില്‍ വെച്ച് വീട്ടുകാര്യം എങ്ങനെ പറയും,


“നമുക്ക് പുറത്തിരുന്ന് കാര്യങ്ങള്‍ പറയാം”.

എന്നാല്‍ വന്നവര്‍ ഇതൊന്നും ശ്രദ്ധിക്കുന്ന മട്ടില്ല,

“നല്ല ചൂട്, ഇവിടെ ഇരിക്കാം” രണ്ടാമന്‍ പറഞ്ഞു. തുടര്‍ന്ന് ചെറുക്കന്റെ അച്ഛന്‍ മോണിറ്റര്‍ ചൂണ്ടി ചോദിച്ചു,

“ഇതെന്താ ഇവിടെ ഇത്ര ചെറിയ ടീവി, നമ്മളെ വീട്ടിലെ ടീവി ഇതിന്റെ നാലിരട്ടി വലുതാ“.


ചോദ്യം അവഗണിച്ച് കൊണ്ട് ഗൃഹനാഥന്‍ പറഞ്ഞു,

“നിങ്ങള്‍ വന്ന കാര്യം പറയ്”,


“അത് എന്റെ മകന്‍ വേണ്ടി പെണ്ണ് കാണാനാണ് ഞങ്ങള്‍ വന്നത്, ഇത് അവന്റെ കാരണവരാണ്. ഞങ്ങളുടെ വീട്……“.വീടിനെയും വീട്ടുകാരെപറ്റിയും ലഘുവിവരണം നല്‍കി.

“അപ്പോള്‍ മകന്‍ നാട്ടിലില്ലെ?” വിദേശത്ത് നല്ല ജോലിയായിരിക്കുമെന്ന് വിശ്വസിച്ച് ഗൃഹനാഥന്‍ (പെണ്ണിന്റെ അച്ഛന്‍) സന്തോഷിച്ചു.

“അവന്‍ പണിക്ക് പോയിരിക്കയാണ്. പിന്നെ ഞാന്‍ കണ്ട പെണ്ണിനെ എന്റെ മോന്‍ ഇഷ്ടപ്പെടും എന്ന് ഉറപ്പാണ്“. അനുസരണയുള്ള മകനെപറ്റി അച്ഛന്‍ വാചാലനായി.


പെണ്ണിന്റെ അച്ഛന്‍ ചിന്തിച്ചു,-വിദേശത്തല്ലെങ്കിലും ലീവ് എടുക്കാത്ത, ജോലിയോട് ആത്മാര്‍ത്ഥതയുള്ള പയ്യന്‍ –

അതിനിടയില്‍ ഒരു ട്രേയില്‍ ചായ കൊണ്ടു വന്ന ഗൃഹനാഥ വാതിലിനു സമീപം നിന്ന് അവരോടായി പറഞ്ഞു.

“മകള്‍ ഇവിടെയില്ലല്ലൊ, ബീ.ടെക്ക് കഴിഞ്ഞ ഉടന്‍ തന്നെ അവള്‍ക്ക് ബാഗ്ലൂരില്‍ ജോലി കിട്ടി“.

പയ്യന്റെ അച്ഛന് ചെറിയ നിരാശ വന്നു,“എന്ത് ജോലിയാ?”“മോള് കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്, നിങ്ങളുടെ മകന്റെ ജോലി?...”“അവന്‍ ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്, അവിടെ എത്തിയാല്‍ എഞ്ചിനീയറുടെ പണി കിട്ടും. പോളീടെക്ക്നിക്കില്‍ നിന്ന് അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിച്ച് പാസ്സായതാ. ഇപ്പോള്‍ കണ്ണൂരിലുള്ള ഒരു കമ്പനിയില്‍ ജോലിയാ. പിന്നെ വീട്ടില്‍ ഏഴ് പശുക്കളുണ്ട്. അരയേക്കര്‍ നെല്‍ കൃഷി ഇപ്പോഴും ഉണ്ട്. സ്വന്തമായുള്ള ഏതാണ്ട് ആറേക്കറോളം പറമ്പില്‍ തെങ്ങ് തന്നെയാ ഉള്ളത്”.അടുക്കളയിലേക്ക് നടക്കുമ്പോള്‍ ഗൃഹനാഥയുടെ തലയില്‍ നെല്ലിന്റെയും തെങ്ങിന്റെയും ഇടക്കുള്ള കാലിത്തൊഴുത്തില്‍ വെച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്യുന്ന മകളുടെ രൂപം തെളിഞ്ഞു.

April 13, 2009

13.പൂച്ച്ക്ക് മണികെട്ടുന്നവര്‍???പൂച്ചക്ക് മണി കെട്ടാന്‍ തയ്യാറായ എലികള്‍ പൂച്ചയേ പേടിച്ച് ആ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് ഏത് കാട്ടുപൂച്ചയേ പോലും മണി കെട്ടാന്‍ തയ്യാറുള്ള എലികളുണ്ട്. ഇക്കൂട്ടത്തില്‍ ചുണ്ടെലി മുതല്‍ പെരുച്ചാഴി വരെ കാണും. മണിയടിക്കുന്നവരോടൊപ്പം തന്നെ ഇങ്ങനെ മണി കെട്ടുന്നവരെയും വീട്ടിലും നാട്ടിലും ഓഫീസിലും സ്ക്കൂളിലും നമുക്ക് കാണാം. വളരെ വലിയ സാമൂഹ്യസേവനമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
...
കൂടെയുള്ളവര്‍ ചെയ്യാനും പറയാനും മടിക്കുന്ന കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുമ്പോള്‍ അതിന് ഇരയാവുന്നവരുടെ വെറുപ്പ് നേടുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് ആശ്വാസവും പകരുന്നു. ചില ചുണ്ടെലികള്‍ നമ്മുടെ കഴുത്തില്‍ മണി കെട്ടിക്കഴിഞ്ഞാല്‍ മാത്രമാണ് നാം അത് അറിയുന്നത്.
...
മണി കെട്ടേണ്ടി വരുന്നത് സാധാരണ അധികാര സ്ഥാനത്ത് ഇരിക്കുന്നവരെയാണ് . അത് കൊണ്ട് തന്നെ മണികെട്ടപ്പെട്ട കാര്യം അവര്‍ ആരോടും പറയുകയില്ല. പക്ഷെ മണി കെട്ടിയവനെ തട്ടാനായി (തല്ലാനായി) തക്കം പാര്‍ത്തിരിക്കും. അതുകൊണ്ട് മണികെട്ടാന്‍ പോകുന്നവരുടെ ഒരു കണ്ണ് എപ്പോഴും പിന്നിലുണ്ടാവണം. അപകടം വന്നാല്‍ മണികെട്ടാനായി മണിയടിച്ചവരുടെ പൊടിപോലും പരിസരത്ത് കാണില്ല എന്ന് ഓര്‍ക്കണം.
...
എന്റെ സ്ക്കൂളില്‍ പൂച്ചക്ക് മണി കെട്ടുന്ന സ്ഥിരം കക്ഷികളുണ്ട്. ഒന്ന് ഞാന്‍ തന്നെ. അത്യാവശ്യ ഘട്ടങ്ങളില്‍ വളരേയധികം പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇങ്ങനെയുള്ളവര്‍ ചെയ്യുന്നത്. സ്ക്കൂളിന്റെ നന്മക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നു മാത്രം.
...
ജൂണ്‍ മാസം അവസാനിക്കാറായപ്പോഴാണ് പുതിയ ഹെഡ് മിസ്ട്രസ് ഞങ്ങളുടെ സ്ക്കൂളില്‍ ട്രാന്‍സ്ഫര്‍ ആയി വന്നത്. സ്ക്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അതേ പഞ്ചായത്തില്‍ നിന്നും ഒരു വ്യക്തി ഹെഡ് ടീച്ചറായി വരുന്നത്.
(സര്‍ക്കാര്‍ സ്ക്കൂളായതിനാല്‍ ഓരോ വര്‍ഷവും പുതിയ എച്ച്.എം. ആയിരിക്കും. മിക്കവാറും ഒരു വര്‍ഷം പൂര്‍ത്തിയാക്കി റിട്ടെയര്‍ ചെയ്യേണ്ടവര്‍.)
ആദ്യ ദിവസം പതിനൊന്ന് മണിക്ക് പുതിയ എച്ച്.എം.കാറില്‍ വന്ന് ഓഫീസ് കാര്യങ്ങളൊക്കെ അത്യാവശ്യം ചെയ്ത് ഒരു മണിയായപ്പോള്‍ അതേ കാറില്‍ തിരിച്ച് പോയി. വന്നതും പോയതും അധികമാരും അറിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഹെഡ് ടീച്ചറുടെ വീട് അടുത്തായത് കൊണ്ടാവാം പത്ത് മണിക്ക് കാറില്‍ വരുന്നു. ടീച്ചര്‍ ഇറങ്ങിയ ഉടനെ കാറ് പോവുന്നു. പിന്നീട് കൃത്യം 3.25 ന് സ്ക്കൂള്‍ ഗേറ്റ് കടന്ന് കാറ് വന്ന് ഓഫീസിനു മുന്നിലെത്തുന്നു,, ടീച്ചര്‍ ബാഗുമെടുത്ത് 3.30 ന് കാറില്‍ കയറി വീട്ടില്‍ പോകുന്നു.
(സാധാരണ കാണുക മറ്റുള്ളവരും സ്ഥലം വിടാനുള്ള ചാന്‍സായിട്ടാണ്. പക്ഷെ ഇവിടെയുള്ള ചില ദുഷ്ടബുദ്ധികള്‍ നാല് മണിക്ക് ബല്ലടിച്ചാലും വീട്ടില്‍ പോകാതെ അഞ്ചും അഞ്ചരയും വരെ സ്പെഷല്‍ ക്ലാസ്സ് എടുക്കുന്നവരാണ്. അപ്പോള്‍ ഹെഡ് മിസ്ട്രസ്സിന്റെ ഈ പോക്ക് അത്ര ശരിയല്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും ടീച്ചേര്‍സ് പറയാന്‍ തുടങ്ങി.)
...
ഒരു ബുധനാഴ്ച പതിവ് തെറ്റിക്കാതെ 3.25ന് എച്ച്.എം.ന്റെ മാരുതി ഓഫീസിനു മുന്നില്‍ വന്ന് ഹോണടിച്ചു. കൃത്യം 3.30 ന് ഹെഡ് ടീച്ചര്‍ ബാഗുമെടുത്ത് പുറത്തിറങ്ങി...രണ്ടടി നടന്നു. അപ്പോഴതാ എട്ടാം ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ജൂനിയര്‍മോസ്റ്റ് അദ്ധ്യാപിക (മൂന്നു കുട്ടികള്‍ കുറഞ്ഞാല്‍ ഡിവിഷന്‍ ഫാളായി ഔട്ടാവേണ്ടവള്‍) നേരെ മുന്നില്‍
...
“മാഡം ഇപ്പോള്‍ സമയം എത്രയാ?”
കാര്യം മനസ്സിലായിട്ടും മനസ്സിലാവാത്ത മട്ടില്‍ ഹെഡ്ടീച്ചര്‍ ജുനിയറെ കണ്ണട ഉറപ്പിച്ച് നന്നായി ഒന്നു നോക്കി.
...
“അല്ല, ടീച്ചറുടെ സമയം അഞ്ച് മണി വരെയല്ലെ,.... എല്ലാ ദിവസവും നേരത്തേ പോകുന്നത് കൊണ്ട് ചോദിച്ചതാ,, ജൂനിയര്‍ വിടുന്ന മട്ടില്ല.
...
ഇടുക്കിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി വരുമ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞതാ—ടീച്ചര്‍ക്കിനി നേരത്തെ വീട്ടിലെത്താമല്ലൊ എന്ന്-- ഇങ്ങനെയൊരു പാര സ്വന്തം നാട്ടിലുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും ടീച്ചര്‍ പ്രതീക്ഷിച്ചില്ല.
...
“അത് പിന്നെ എന്റെ കാറ് വന്നത് നേരത്തേയാ”...
...
“അതൊന്നും എനിക്കറിയെണ്ട, നാളെ മുതല്‍ അഞ്ച് മണിക്കു മുന്‍പായി വീട്ടില്‍ പോവുകയാണെങ്കില്‍ ടീച്ചറുടെ കാറ് തടയാനായി നാട്ടുകാരായ രക്ഷിതാക്കളെ ഞാന്‍ ഏര്‍പ്പാടാക്കും. ശ്രദ്ധിച്ചാല്‍ ടീച്ചര്‍ക്കു നല്ലത്…,”
...
ഇതും പറഞ്ഞ് കാറ്റ് പോലെ വന്ന ജൂനിയര്‍ കൊടുങ്കാറ്റ് പോലെ ക്ലാസ്സിലേക്ക് പോയി. ഹെഡ് മിസ്ട്രസ്സ് ചുറ്റും നോക്കി, ആരും കണ്ടില്ല, ആരും കേട്ടില്ല, ‘ആശ്വാസം‘,,, പതുക്കെ നടന്ന് കാറില്‍ കയറി—
സ്റ്റാര്‍ട്ട്‌‌‌‌ നേരേ വീട്ടില്‍.
...
പിന്നെ സംഭവിച്ചത്???
പിറ്റേ ദിവസം ഹെഡ്ടീച്ചറുടെ കാറ് സ്ക്കൂള്‍ ഗേറ്റ് കടന്ന് കോമ്പൌണ്ടില്‍ പ്രവേശിച്ചത് നാലര കഴിഞ്ഞ്. തിരിച്ച് വീട്ടിലേക്ക് പോയത് അഞ്ച് മണി കഴിഞ്ഞ്. ഈ വരവും പോക്കും മാര്‍ച്ച് 31 വരെ ഹെഡ്ടീച്ചര്‍ റിട്ടയര്‍ ചെയ്യുന്നത് വരെ തുടര്‍ന്നു.

April 4, 2009

12.ഒരു പീഡനത്തിന്റെ കഥഇന്ന് പത്രങ്ങള്‍ വായിച്ചാല്‍ നിത്യേന കാണുന്ന അപ്രധാ‍ന വാര്‍ത്തകളില്‍ ഒന്നാണ് പീഡന വാര്‍ത്ത. സ്ത്രീപീഡനം, പുരുഷപീഡനം, ശിശുപീഡനം, ഭര്‍ത്തൃപീഡനം, ഭാര്യാപീഡനം, അദ്ധ്യാപകപീഡനം, ലൈംഗികപീഡനം,…ഓ…മതിയായി… ഇനി പീഡനത്തിനു സ്ഥലമോ, സമയമോ, കാലമോ, ഒന്നും ബാധകമല്ല. അത് വിമാനത്തിലാവാം…വീട്ടിലാവാം…വിദ്യാഭ്യാസസ്ഥാപനത്തിലാവാം… ജോലിസ്ഥലത്താവാം… ബസ്സിലാവാം…റോഡിലാവാം….അങ്ങനെയുള്ള ചെറിയ ഒരു പീഡനത്തിന്റെ കഥയാണിത്.

എന്റെ സ്ക്കൂളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നടത്തുന്ന പീഡനമുറകള്‍ അനേകമാണ്. ശാരീരിക പീഡനത്തെക്കാള്‍ കൂടുതല്‍ വാക്ക് കൊണ്ടുള്ള പീഡനമായിരിക്കും. ഇതിനു ശേഷി കുറഞ്ഞ എന്നെപ്പോലുള്ളവര്‍ ഒതുക്കാന്‍ കഴിയാത്ത വില്ലന്മാരെ പിടിച്ച് ആണുങ്ങളെ ഏല്പിക്കും. 210 മാര്‍ക്ക് കിട്ടിയാല്‍ എസ്.എസ്.എല്‍.സി. പാസാവുന്ന കാലമായതിനാല്‍ രക്ഷിതാക്കള്‍ നന്നായി സഹകരിക്കുന്നവരാണ്. വീട്ടില്‍ വെച്ച് അവര്‍ക്കു നന്നാക്കാന്‍ കഴിയാത്തവനെ സ്കൂളില്‍ വെച്ച് ശരിയാക്കിത്തരണം എന്ന അപേക്ഷകള്‍ പലപ്പോഴും വരാറുണ്ട്. നേരാംവണ്ണം ക്ലാസ്സില്‍ വരാതെയും പഠിപ്പിക്കാതെയും നടക്കുന്ന ടീച്ചേര്‍സിനെ വഴിതടഞ്ഞ് ചോദ്യം ചെയ്യുന്ന രക്ഷിതാക്കളും നമ്മുടെ നാട്ടിലുണ്ട്. അങ്ങനെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 100% റിസല്‍റ്റിനു വേണ്ടി പരിശ്രമിക്കുന്ന കാലം.

ഞങ്ങള്‍ അദ്ധ്യാപകരെല്ലാം സ്റ്റാഫ് റൂമില്‍ ഒത്തുചേര്‍ന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ ആരംഭിക്കുമ്പോഴാണ് നമ്മുടെ കൂട്ടത്തില്‍ ഒരാളായ സാമൂഹ്യശാസ്ത്രം ടീച്ചര്‍ ക്ലാസ്സില്‍ നിന്നും ആകെ വിയര്‍ത്ത് കൊണ്ട് ഓടി വന്നത്.

നേരെ എന്റെ അടുത്ത് വന്ന് ഒറ്റ വീര്‍പ്പില്‍ പറഞ്ഞു. “ടീച്ചറെ നിങ്ങളുടെ പത്ത് എ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയുടെ ബ്ലൌസിന്റെ കൈയുടെ ഒരറ്റം ഞാന്‍ പിടിച്ചപ്പോള്‍ ചെറുതായി കീറിപ്പോയി“.

“അതെന്താ ടീച്ചറെ കീറിയത് മാറ്റി ഉച്ചക്ക് ശേഷം വരാന്‍ പറഞ്ഞാല്‍ പോരേ”. ഞാന്‍ ഒരു സാധാരണ സംഭവം പോലെ പറഞ്ഞു.

“അല്ല ടീച്ചറെ അടി കിട്ടുന്ന കേസ് വല്ലതും ആണോ?” ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു അദ്ധ്യാപകന്റെ കമന്റ് എല്ലാവര്‍ക്കും കൂട്ടച്ചിരിക്കു വക നല്‍കി.

“അത് പിന്നേ ഞാന്‍ നാലാമത്തെ പിരീഡ് തുടങ്ങുമ്പോള്‍ നോട്ട് നോക്കാനായി അവളുടെ അടുത്തുപോയപ്പോള്‍ കൈയൊന്ന് പിടിച്ചു.പഴയ ബ്ലൌസായിരിക്കണം അതിന്റെ അറ്റത്ത് ഇസ്ത്രിയിട്ടപ്പോഴുണ്ടായ മടക്കിലൂടെ ചെറുതായി ഒരു കീറല്‍. പ്രശ്നം അതൊന്നുമല്ല. കക്ഷി അതിനുശേഷം ഡസ്കില്‍ തല ചായ്ച്ചു കിടന്നു കരച്ചിലാണ്. കരച്ചില്‍ നിര്‍ത്തുകയോ വീട്ടില്‍ പോവുകയോ കൊണ്ടുവന്ന ലഞ്ച് കഴിക്കുകയോ ചെയ്യുന്നില്ല“.

“അതൊക്കെ ശരിയാക്കാം ആരാണ് കക്ഷി? ഏതായാലും എന്റെ ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയല്ലേ“.

ടീച്ചര്‍ അവളുടെ പേര്‍ പറഞ്ഞതോടെ ഞാന്‍ ചിരി നിര്‍ത്തി. അച്ചന്‍ മരിച്ച് പോയ കുട്ടിയാണ്, അവളുടെ അമ്മ കൂലിപ്പണിയെടുത്ത് മോളെ പോറ്റുന്നു. എന്നാല്‍ അതൊന്നുമല്ല കാര്യം, പിടിഎ മീറ്റിങ്ങിനു വന്നപ്പോള്‍ ക്ലാസ്സിലെ ഓരോ വിഷയവും പഠിപ്പിക്കുന്ന അദ്ധ്യാപകരെ, പ്രത്യേകം കണ്ടെത്തി, ചോദ്യം ചെയ്ത, ആ അമ്മയെ എല്ലാവര്‍ക്കും കുറേശെ പേടിയാണ്, എനിക്കും,. ഞാന്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്റെ **ചാരസംഘം വന്നു. (ഇത് പല ടീച്ചേര്‍സിനും കാണും) പ്രധാനി ക്ലാസ്സ് ലീഡര്‍ തന്നെ. നടന്ന കാര്യങ്ങള്‍ കേട്ടശേഷം അവരോട് ഒരു ഓട്ടോ വിളിച്ച് ക്ലാസ്സിനു സമീപം വരാന്‍ പറഞ്ഞു. ഓട്ടോ വന്നെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ നേരെ ക്ലാസ്സില്‍ പോയി. നിരാഹാരസമരം നടത്തി കിടക്കുന്ന അവളുടെ കൈ പിടിച്ച് പുറത്തിറക്കി ഓട്ടോയില്‍ ഇരുത്തി ഞാനും സമീപം ഇരുന്നു. ഡ്രൈവര്‍ക്ക് വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ പറഞ്ഞു. പത്ത് മിനുട്ട് യാത്രക്കു ശേഷം അവളുടെ വീട്ടിലെത്തി.

ഒരു കൊച്ചു വീട്. അത് വരെ എന്നോട് ഒരക്ഷരവും മിണ്ടാതെ മുഖം വീര്‍പ്പിച്ചിരിക്കുന്ന അവള്‍ വീട്ടിന്റെ മുന്നിലെത്തിയപ്പോള്‍ പറ്ഞ്ഞു,“ടീച്ചറെ വീട്ടിലാരും ഇല്ല, അമ്മ പണിക്ക് പോയിരിക്കയാ“.

“വാതില്‍ തുറക്കാമോ,പോയി ബ്ലൌസ് മാറ്റിവാ, ഞാന്‍ ഓട്ടോയില്‍ ഇരിക്കാം“.

“വീട്ടിന്റെ താക്കോല്‍ മാമന്റെ വീട്ടിലാ, ഇവിടെ അടുത്തു തന്നെയാ, ഞാന്‍ എടുത്ത് തുറക്കാം”. ഇതും പറഞ്ഞ് അവള്‍ അടുത്ത വീട്ടില്‍ പോയി.

അത്രയും സമയം മിണ്ടാതിരുന്ന ഡ്രൈവര്‍ (അത് പൂര്‍വ്വശിഷ്യനാണ്)ചോദിച്ചു, “ടീച്ചറെ എന്താണ് സംഭവം?” അപ്പോഴേക്കും അഞ്ചാറുപേര്‍ ഓട്ടോയുടെ സമീപം വന്നെത്തി. പ്രശ്നം ഗുരുതരമല്ല എന്ന് അറിഞ്ഞപ്പോള്‍ അയല്‍ക്കാര്‍ സ്ഥലം വിട്ടു. പോകുമ്പോള്‍ എനിക്ക് ഒരു ഉപദേശം തന്നു,“ടീച്ചറേ പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും നേരത്തെ വീട്ടിലേക്കു വിട്ടേക്കരുത്. ഇത് പോലുള്ള കുട്ടികളുടെ വീട്ടില്‍ വന്നാല്‍ കുട്ടി തനിച്ചാവും. പിന്നേ…”ബാക്കി അവര്‍ പൂരിപ്പിച്ചില്ല.

വീട്ടിനകത്ത് പോയ അവള്‍ ഒരു പഴയ വെള്ള ബ്ലൌസ് (യൂനിഫോം)ധരിച്ച് പുറത്ത് വന്നു. താക്കോല്‍ മാമന്റെ വീട്ടില്‍ ഏല്പിച്ച ശേഷം ചിരിച്ച് കൊണ്ട് ഓട്ടോയില്‍ കയറിയിരുന്നു. മടങ്ങി വരുമ്പോള്‍ അതു വരെ മുഖം വീര്‍പ്പിച്ചവള്‍ വാചാലയായി. അവളുടെ വെളുത്ത പൂച്ചക്കുഞ്ഞിനെക്കുറിച്ചും പൂന്തോട്ടത്തിലെ റൊസാചെടിയെകുറിച്ചും നിര്‍ത്താതെ സംസാരിച്ചു. സ്ക്കൂളില്‍ നിന്ന് വീട്ടില്‍ പോയി തിരിച്ചെത്തുന്നത് വരെ ഞാന്‍ അവളുടെ കൈ പിടിച്ചിരുന്നു. ഇത്തരം സ്പര്‍ശനം*** എല്ലാ കുട്ടികളും കൊതിക്കുന്നതാണ്. അങ്ങനെ സ്ക്കൂളിലേക്ക് തിരിച്ച് വരുമ്പോള്‍ ഈ ചെറിയ കീറലിന് എത്രമാത്രം വലുതാവാന്‍ കഴിയും എന്ന് ഞാന്‍ ഓര്‍ത്തുപോയി.

….കുട്ടി വീട്ടിലെത്തുന്നു…അമ്മ കീറിയ ബ്ലൌസ് അയല്‍വാസികളെ കാണിക്കുന്നു…എല്ലാവരും ചേര്‍ന്ന് മുറിവ് വലുതാക്കുന്നു…പ്രശ്നം പള്ളിയിലോ, അമ്പലത്തിലോ, പാര്‍ട്ടിയാപ്പീസിലോ വെച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു...ഒരു കൂട്ടം രക്ഷിതാക്കള്‍ സ്ക്കൂളില്‍ വന്ന് ചോദ്യം ചെയ്യുന്നു…കേസ്സ്…പത്രവാര്‍ത്ത….എന്നാല്‍ ഇവിടെ എല്ലാം ശാന്തം. അവള്‍ ഭക്ഷണം കഴിഞ്ഞ് ക്ലാസ്സിലിരുന്ന് പഠിക്കുന്നു.,,,

**ചാരസംഘം: ക്ലാസ്സിലെ കാര്യങ്ങളെല്ലാം രഹസ്യമായി ഒറ്റക്കൊ കൂട്ടമായോ നേരിട്ട് വന്ന് ടീച്ചറെ അറിയിക്കുന്ന ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ചേര്‍ന്ന നമുക്ക് വിശ്വസ്തരായ വിദ്യാര്‍ത്ഥികളുടെ കൂട്ടം. ***സ്പര്‍ശനം: ഇത് വളരെ ശ്രദ്ധിച്ച് ആളും തരവും നോക്കി ചെയ്തില്ലെങ്കില്‍ അപകടമാവും—അസംബ്ലി നടക്കുമ്പോള്‍ ക്ഷീണിച്ച് ഇരുന്ന പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ താങ്ങിയെടുത്തപ്പോള്‍ പരിഭ്രമിച്ച കുട്ടിക്ക് ബോധക്ഷയം വരുകയും തുടര്‍ന്ന് പഠിപ്പ് നിര്‍ത്തുകയും ചെയ്ത ചരിത്രം ഉണ്ട്.--