“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 4, 2009

12.ഒരു പീഡനത്തിന്റെ കഥഇന്ന് പത്രങ്ങള്‍ വായിച്ചാല്‍ നിത്യേന കാണുന്ന അപ്രധാ‍ന വാര്‍ത്തകളില്‍ ഒന്നാണ് പീഡന വാര്‍ത്ത. സ്ത്രീപീഡനം, പുരുഷപീഡനം, ശിശുപീഡനം, ഭര്‍ത്തൃപീഡനം, ഭാര്യാപീഡനം, അദ്ധ്യാപകപീഡനം, ലൈംഗികപീഡനം,…ഓ…മതിയായി… ഇനി പീഡനത്തിനു സ്ഥലമോ, സമയമോ, കാലമോ, ഒന്നും ബാധകമല്ല. അത് വിമാനത്തിലാവാം…വീട്ടിലാവാം…വിദ്യാഭ്യാസസ്ഥാപനത്തിലാവാം… ജോലിസ്ഥലത്താവാം… ബസ്സിലാവാം…റോഡിലാവാം….അങ്ങനെയുള്ള ചെറിയ ഒരു പീഡനത്തിന്റെ കഥയാണിത്.

എന്റെ സ്ക്കൂളിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നടത്തുന്ന പീഡനമുറകള്‍ അനേകമാണ്. ശാരീരിക പീഡനത്തെക്കാള്‍ കൂടുതല്‍ വാക്ക് കൊണ്ടുള്ള പീഡനമായിരിക്കും. ഇതിനു ശേഷി കുറഞ്ഞ എന്നെപ്പോലുള്ളവര്‍ ഒതുക്കാന്‍ കഴിയാത്ത വില്ലന്മാരെ പിടിച്ച് ആണുങ്ങളെ ഏല്പിക്കും. 210 മാര്‍ക്ക് കിട്ടിയാല്‍ എസ്.എസ്.എല്‍.സി. പാസാവുന്ന കാലമായതിനാല്‍ രക്ഷിതാക്കള്‍ നന്നായി സഹകരിക്കുന്നവരാണ്. വീട്ടില്‍ വെച്ച് അവര്‍ക്കു നന്നാക്കാന്‍ കഴിയാത്തവനെ സ്കൂളില്‍ വെച്ച് ശരിയാക്കിത്തരണം എന്ന അപേക്ഷകള്‍ പലപ്പോഴും വരാറുണ്ട്. നേരാംവണ്ണം ക്ലാസ്സില്‍ വരാതെയും പഠിപ്പിക്കാതെയും നടക്കുന്ന ടീച്ചേര്‍സിനെ വഴിതടഞ്ഞ് ചോദ്യം ചെയ്യുന്ന രക്ഷിതാക്കളും നമ്മുടെ നാട്ടിലുണ്ട്. അങ്ങനെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 100% റിസല്‍റ്റിനു വേണ്ടി പരിശ്രമിക്കുന്ന കാലം.

ഞങ്ങള്‍ അദ്ധ്യാപകരെല്ലാം സ്റ്റാഫ് റൂമില്‍ ഒത്തുചേര്‍ന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ ആരംഭിക്കുമ്പോഴാണ് നമ്മുടെ കൂട്ടത്തില്‍ ഒരാളായ സാമൂഹ്യശാസ്ത്രം ടീച്ചര്‍ ക്ലാസ്സില്‍ നിന്നും ആകെ വിയര്‍ത്ത് കൊണ്ട് ഓടി വന്നത്.

നേരെ എന്റെ അടുത്ത് വന്ന് ഒറ്റ വീര്‍പ്പില്‍ പറഞ്ഞു. “ടീച്ചറെ നിങ്ങളുടെ പത്ത് എ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയുടെ ബ്ലൌസിന്റെ കൈയുടെ ഒരറ്റം ഞാന്‍ പിടിച്ചപ്പോള്‍ ചെറുതായി കീറിപ്പോയി“.

“അതെന്താ ടീച്ചറെ കീറിയത് മാറ്റി ഉച്ചക്ക് ശേഷം വരാന്‍ പറഞ്ഞാല്‍ പോരേ”. ഞാന്‍ ഒരു സാധാരണ സംഭവം പോലെ പറഞ്ഞു.

“അല്ല ടീച്ചറെ അടി കിട്ടുന്ന കേസ് വല്ലതും ആണോ?” ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു അദ്ധ്യാപകന്റെ കമന്റ് എല്ലാവര്‍ക്കും കൂട്ടച്ചിരിക്കു വക നല്‍കി.

“അത് പിന്നേ ഞാന്‍ നാലാമത്തെ പിരീഡ് തുടങ്ങുമ്പോള്‍ നോട്ട് നോക്കാനായി അവളുടെ അടുത്തുപോയപ്പോള്‍ കൈയൊന്ന് പിടിച്ചു.പഴയ ബ്ലൌസായിരിക്കണം അതിന്റെ അറ്റത്ത് ഇസ്ത്രിയിട്ടപ്പോഴുണ്ടായ മടക്കിലൂടെ ചെറുതായി ഒരു കീറല്‍. പ്രശ്നം അതൊന്നുമല്ല. കക്ഷി അതിനുശേഷം ഡസ്കില്‍ തല ചായ്ച്ചു കിടന്നു കരച്ചിലാണ്. കരച്ചില്‍ നിര്‍ത്തുകയോ വീട്ടില്‍ പോവുകയോ കൊണ്ടുവന്ന ലഞ്ച് കഴിക്കുകയോ ചെയ്യുന്നില്ല“.

“അതൊക്കെ ശരിയാക്കാം ആരാണ് കക്ഷി? ഏതായാലും എന്റെ ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയല്ലേ“.

ടീച്ചര്‍ അവളുടെ പേര്‍ പറഞ്ഞതോടെ ഞാന്‍ ചിരി നിര്‍ത്തി. അച്ചന്‍ മരിച്ച് പോയ കുട്ടിയാണ്, അവളുടെ അമ്മ കൂലിപ്പണിയെടുത്ത് മോളെ പോറ്റുന്നു. എന്നാല്‍ അതൊന്നുമല്ല കാര്യം, പിടിഎ മീറ്റിങ്ങിനു വന്നപ്പോള്‍ ക്ലാസ്സിലെ ഓരോ വിഷയവും പഠിപ്പിക്കുന്ന അദ്ധ്യാപകരെ, പ്രത്യേകം കണ്ടെത്തി, ചോദ്യം ചെയ്ത, ആ അമ്മയെ എല്ലാവര്‍ക്കും കുറേശെ പേടിയാണ്, എനിക്കും,. ഞാന്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ എന്റെ **ചാരസംഘം വന്നു. (ഇത് പല ടീച്ചേര്‍സിനും കാണും) പ്രധാനി ക്ലാസ്സ് ലീഡര്‍ തന്നെ. നടന്ന കാര്യങ്ങള്‍ കേട്ടശേഷം അവരോട് ഒരു ഓട്ടോ വിളിച്ച് ക്ലാസ്സിനു സമീപം വരാന്‍ പറഞ്ഞു. ഓട്ടോ വന്നെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ നേരെ ക്ലാസ്സില്‍ പോയി. നിരാഹാരസമരം നടത്തി കിടക്കുന്ന അവളുടെ കൈ പിടിച്ച് പുറത്തിറക്കി ഓട്ടോയില്‍ ഇരുത്തി ഞാനും സമീപം ഇരുന്നു. ഡ്രൈവര്‍ക്ക് വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ പറഞ്ഞു. പത്ത് മിനുട്ട് യാത്രക്കു ശേഷം അവളുടെ വീട്ടിലെത്തി.

ഒരു കൊച്ചു വീട്. അത് വരെ എന്നോട് ഒരക്ഷരവും മിണ്ടാതെ മുഖം വീര്‍പ്പിച്ചിരിക്കുന്ന അവള്‍ വീട്ടിന്റെ മുന്നിലെത്തിയപ്പോള്‍ പറ്ഞ്ഞു,“ടീച്ചറെ വീട്ടിലാരും ഇല്ല, അമ്മ പണിക്ക് പോയിരിക്കയാ“.

“വാതില്‍ തുറക്കാമോ,പോയി ബ്ലൌസ് മാറ്റിവാ, ഞാന്‍ ഓട്ടോയില്‍ ഇരിക്കാം“.

“വീട്ടിന്റെ താക്കോല്‍ മാമന്റെ വീട്ടിലാ, ഇവിടെ അടുത്തു തന്നെയാ, ഞാന്‍ എടുത്ത് തുറക്കാം”. ഇതും പറഞ്ഞ് അവള്‍ അടുത്ത വീട്ടില്‍ പോയി.

അത്രയും സമയം മിണ്ടാതിരുന്ന ഡ്രൈവര്‍ (അത് പൂര്‍വ്വശിഷ്യനാണ്)ചോദിച്ചു, “ടീച്ചറെ എന്താണ് സംഭവം?” അപ്പോഴേക്കും അഞ്ചാറുപേര്‍ ഓട്ടോയുടെ സമീപം വന്നെത്തി. പ്രശ്നം ഗുരുതരമല്ല എന്ന് അറിഞ്ഞപ്പോള്‍ അയല്‍ക്കാര്‍ സ്ഥലം വിട്ടു. പോകുമ്പോള്‍ എനിക്ക് ഒരു ഉപദേശം തന്നു,“ടീച്ചറേ പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും നേരത്തെ വീട്ടിലേക്കു വിട്ടേക്കരുത്. ഇത് പോലുള്ള കുട്ടികളുടെ വീട്ടില്‍ വന്നാല്‍ കുട്ടി തനിച്ചാവും. പിന്നേ…”ബാക്കി അവര്‍ പൂരിപ്പിച്ചില്ല.

വീട്ടിനകത്ത് പോയ അവള്‍ ഒരു പഴയ വെള്ള ബ്ലൌസ് (യൂനിഫോം)ധരിച്ച് പുറത്ത് വന്നു. താക്കോല്‍ മാമന്റെ വീട്ടില്‍ ഏല്പിച്ച ശേഷം ചിരിച്ച് കൊണ്ട് ഓട്ടോയില്‍ കയറിയിരുന്നു. മടങ്ങി വരുമ്പോള്‍ അതു വരെ മുഖം വീര്‍പ്പിച്ചവള്‍ വാചാലയായി. അവളുടെ വെളുത്ത പൂച്ചക്കുഞ്ഞിനെക്കുറിച്ചും പൂന്തോട്ടത്തിലെ റൊസാചെടിയെകുറിച്ചും നിര്‍ത്താതെ സംസാരിച്ചു. സ്ക്കൂളില്‍ നിന്ന് വീട്ടില്‍ പോയി തിരിച്ചെത്തുന്നത് വരെ ഞാന്‍ അവളുടെ കൈ പിടിച്ചിരുന്നു. ഇത്തരം സ്പര്‍ശനം*** എല്ലാ കുട്ടികളും കൊതിക്കുന്നതാണ്. അങ്ങനെ സ്ക്കൂളിലേക്ക് തിരിച്ച് വരുമ്പോള്‍ ഈ ചെറിയ കീറലിന് എത്രമാത്രം വലുതാവാന്‍ കഴിയും എന്ന് ഞാന്‍ ഓര്‍ത്തുപോയി.

….കുട്ടി വീട്ടിലെത്തുന്നു…അമ്മ കീറിയ ബ്ലൌസ് അയല്‍വാസികളെ കാണിക്കുന്നു…എല്ലാവരും ചേര്‍ന്ന് മുറിവ് വലുതാക്കുന്നു…പ്രശ്നം പള്ളിയിലോ, അമ്പലത്തിലോ, പാര്‍ട്ടിയാപ്പീസിലോ വെച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു...ഒരു കൂട്ടം രക്ഷിതാക്കള്‍ സ്ക്കൂളില്‍ വന്ന് ചോദ്യം ചെയ്യുന്നു…കേസ്സ്…പത്രവാര്‍ത്ത….എന്നാല്‍ ഇവിടെ എല്ലാം ശാന്തം. അവള്‍ ഭക്ഷണം കഴിഞ്ഞ് ക്ലാസ്സിലിരുന്ന് പഠിക്കുന്നു.,,,

**ചാരസംഘം: ക്ലാസ്സിലെ കാര്യങ്ങളെല്ലാം രഹസ്യമായി ഒറ്റക്കൊ കൂട്ടമായോ നേരിട്ട് വന്ന് ടീച്ചറെ അറിയിക്കുന്ന ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ചേര്‍ന്ന നമുക്ക് വിശ്വസ്തരായ വിദ്യാര്‍ത്ഥികളുടെ കൂട്ടം. ***സ്പര്‍ശനം: ഇത് വളരെ ശ്രദ്ധിച്ച് ആളും തരവും നോക്കി ചെയ്തില്ലെങ്കില്‍ അപകടമാവും—അസംബ്ലി നടക്കുമ്പോള്‍ ക്ഷീണിച്ച് ഇരുന്ന പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ താങ്ങിയെടുത്തപ്പോള്‍ പരിഭ്രമിച്ച കുട്ടിക്ക് ബോധക്ഷയം വരുകയും തുടര്‍ന്ന് പഠിപ്പ് നിര്‍ത്തുകയും ചെയ്ത ചരിത്രം ഉണ്ട്.--

4 comments:

 1. മിനി ടീച്ചർ‌ വലിയൊരു കാര്യം തന്നെയാണു ചെയ്തത്.
  അഭിനന്ദനങ്ങൾ‌‌!!!
  നല്ല ഭാഷ.. ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന അദ്ധ്യാപക ജോലിയുടെ വിഷമതകൾ‌‌ നന്നായി അവതരിപ്പിക്കുന്നു.

  ReplyDelete
 2. ഒരു പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണല്ലോ കാര്യം

  ReplyDelete
 3. ഏല്ലാം വായിച്ചു, ഇഷ്ടപ്പെട്ടു. തുടരുക ആശംസകൾ

  ReplyDelete
 4. ഇന്നത്തെ കുട്ടികളോട് സംസാരിക്കാന്‍ പോലും പേടിയാണ്.കുട്ടികളെ പേടിച്ചല്ല നാട്ടുകാരെ പേടിച്ച്.അവര്‍ നെയ്ത് കൂട്ടുന്ന നുണക്കഥ ആ കുട്ടികളുടെ ജീവിതം മുടക്കും.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.