“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 13, 2009

13.പൂച്ച്ക്ക് മണികെട്ടുന്നവര്‍???പൂച്ചക്ക് മണി കെട്ടാന്‍ തയ്യാറായ എലികള്‍ പൂച്ചയേ പേടിച്ച് ആ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് ഏത് കാട്ടുപൂച്ചയേ പോലും മണി കെട്ടാന്‍ തയ്യാറുള്ള എലികളുണ്ട്. ഇക്കൂട്ടത്തില്‍ ചുണ്ടെലി മുതല്‍ പെരുച്ചാഴി വരെ കാണും. മണിയടിക്കുന്നവരോടൊപ്പം തന്നെ ഇങ്ങനെ മണി കെട്ടുന്നവരെയും വീട്ടിലും നാട്ടിലും ഓഫീസിലും സ്ക്കൂളിലും നമുക്ക് കാണാം. വളരെ വലിയ സാമൂഹ്യസേവനമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
...
കൂടെയുള്ളവര്‍ ചെയ്യാനും പറയാനും മടിക്കുന്ന കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുമ്പോള്‍ അതിന് ഇരയാവുന്നവരുടെ വെറുപ്പ് നേടുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് ആശ്വാസവും പകരുന്നു. ചില ചുണ്ടെലികള്‍ നമ്മുടെ കഴുത്തില്‍ മണി കെട്ടിക്കഴിഞ്ഞാല്‍ മാത്രമാണ് നാം അത് അറിയുന്നത്.
...
മണി കെട്ടേണ്ടി വരുന്നത് സാധാരണ അധികാര സ്ഥാനത്ത് ഇരിക്കുന്നവരെയാണ് . അത് കൊണ്ട് തന്നെ മണികെട്ടപ്പെട്ട കാര്യം അവര്‍ ആരോടും പറയുകയില്ല. പക്ഷെ മണി കെട്ടിയവനെ തട്ടാനായി (തല്ലാനായി) തക്കം പാര്‍ത്തിരിക്കും. അതുകൊണ്ട് മണികെട്ടാന്‍ പോകുന്നവരുടെ ഒരു കണ്ണ് എപ്പോഴും പിന്നിലുണ്ടാവണം. അപകടം വന്നാല്‍ മണികെട്ടാനായി മണിയടിച്ചവരുടെ പൊടിപോലും പരിസരത്ത് കാണില്ല എന്ന് ഓര്‍ക്കണം.
...
എന്റെ സ്ക്കൂളില്‍ പൂച്ചക്ക് മണി കെട്ടുന്ന സ്ഥിരം കക്ഷികളുണ്ട്. ഒന്ന് ഞാന്‍ തന്നെ. അത്യാവശ്യ ഘട്ടങ്ങളില്‍ വളരേയധികം പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇങ്ങനെയുള്ളവര്‍ ചെയ്യുന്നത്. സ്ക്കൂളിന്റെ നന്മക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നു മാത്രം.
...
ജൂണ്‍ മാസം അവസാനിക്കാറായപ്പോഴാണ് പുതിയ ഹെഡ് മിസ്ട്രസ് ഞങ്ങളുടെ സ്ക്കൂളില്‍ ട്രാന്‍സ്ഫര്‍ ആയി വന്നത്. സ്ക്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അതേ പഞ്ചായത്തില്‍ നിന്നും ഒരു വ്യക്തി ഹെഡ് ടീച്ചറായി വരുന്നത്.
(സര്‍ക്കാര്‍ സ്ക്കൂളായതിനാല്‍ ഓരോ വര്‍ഷവും പുതിയ എച്ച്.എം. ആയിരിക്കും. മിക്കവാറും ഒരു വര്‍ഷം പൂര്‍ത്തിയാക്കി റിട്ടെയര്‍ ചെയ്യേണ്ടവര്‍.)
ആദ്യ ദിവസം പതിനൊന്ന് മണിക്ക് പുതിയ എച്ച്.എം.കാറില്‍ വന്ന് ഓഫീസ് കാര്യങ്ങളൊക്കെ അത്യാവശ്യം ചെയ്ത് ഒരു മണിയായപ്പോള്‍ അതേ കാറില്‍ തിരിച്ച് പോയി. വന്നതും പോയതും അധികമാരും അറിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഹെഡ് ടീച്ചറുടെ വീട് അടുത്തായത് കൊണ്ടാവാം പത്ത് മണിക്ക് കാറില്‍ വരുന്നു. ടീച്ചര്‍ ഇറങ്ങിയ ഉടനെ കാറ് പോവുന്നു. പിന്നീട് കൃത്യം 3.25 ന് സ്ക്കൂള്‍ ഗേറ്റ് കടന്ന് കാറ് വന്ന് ഓഫീസിനു മുന്നിലെത്തുന്നു,, ടീച്ചര്‍ ബാഗുമെടുത്ത് 3.30 ന് കാറില്‍ കയറി വീട്ടില്‍ പോകുന്നു.
(സാധാരണ കാണുക മറ്റുള്ളവരും സ്ഥലം വിടാനുള്ള ചാന്‍സായിട്ടാണ്. പക്ഷെ ഇവിടെയുള്ള ചില ദുഷ്ടബുദ്ധികള്‍ നാല് മണിക്ക് ബല്ലടിച്ചാലും വീട്ടില്‍ പോകാതെ അഞ്ചും അഞ്ചരയും വരെ സ്പെഷല്‍ ക്ലാസ്സ് എടുക്കുന്നവരാണ്. അപ്പോള്‍ ഹെഡ് മിസ്ട്രസ്സിന്റെ ഈ പോക്ക് അത്ര ശരിയല്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും ടീച്ചേര്‍സ് പറയാന്‍ തുടങ്ങി.)
...
ഒരു ബുധനാഴ്ച പതിവ് തെറ്റിക്കാതെ 3.25ന് എച്ച്.എം.ന്റെ മാരുതി ഓഫീസിനു മുന്നില്‍ വന്ന് ഹോണടിച്ചു. കൃത്യം 3.30 ന് ഹെഡ് ടീച്ചര്‍ ബാഗുമെടുത്ത് പുറത്തിറങ്ങി...രണ്ടടി നടന്നു. അപ്പോഴതാ എട്ടാം ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ജൂനിയര്‍മോസ്റ്റ് അദ്ധ്യാപിക (മൂന്നു കുട്ടികള്‍ കുറഞ്ഞാല്‍ ഡിവിഷന്‍ ഫാളായി ഔട്ടാവേണ്ടവള്‍) നേരെ മുന്നില്‍
...
“മാഡം ഇപ്പോള്‍ സമയം എത്രയാ?”
കാര്യം മനസ്സിലായിട്ടും മനസ്സിലാവാത്ത മട്ടില്‍ ഹെഡ്ടീച്ചര്‍ ജുനിയറെ കണ്ണട ഉറപ്പിച്ച് നന്നായി ഒന്നു നോക്കി.
...
“അല്ല, ടീച്ചറുടെ സമയം അഞ്ച് മണി വരെയല്ലെ,.... എല്ലാ ദിവസവും നേരത്തേ പോകുന്നത് കൊണ്ട് ചോദിച്ചതാ,, ജൂനിയര്‍ വിടുന്ന മട്ടില്ല.
...
ഇടുക്കിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി വരുമ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞതാ—ടീച്ചര്‍ക്കിനി നേരത്തെ വീട്ടിലെത്താമല്ലൊ എന്ന്-- ഇങ്ങനെയൊരു പാര സ്വന്തം നാട്ടിലുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും ടീച്ചര്‍ പ്രതീക്ഷിച്ചില്ല.
...
“അത് പിന്നെ എന്റെ കാറ് വന്നത് നേരത്തേയാ”...
...
“അതൊന്നും എനിക്കറിയെണ്ട, നാളെ മുതല്‍ അഞ്ച് മണിക്കു മുന്‍പായി വീട്ടില്‍ പോവുകയാണെങ്കില്‍ ടീച്ചറുടെ കാറ് തടയാനായി നാട്ടുകാരായ രക്ഷിതാക്കളെ ഞാന്‍ ഏര്‍പ്പാടാക്കും. ശ്രദ്ധിച്ചാല്‍ ടീച്ചര്‍ക്കു നല്ലത്…,”
...
ഇതും പറഞ്ഞ് കാറ്റ് പോലെ വന്ന ജൂനിയര്‍ കൊടുങ്കാറ്റ് പോലെ ക്ലാസ്സിലേക്ക് പോയി. ഹെഡ് മിസ്ട്രസ്സ് ചുറ്റും നോക്കി, ആരും കണ്ടില്ല, ആരും കേട്ടില്ല, ‘ആശ്വാസം‘,,, പതുക്കെ നടന്ന് കാറില്‍ കയറി—
സ്റ്റാര്‍ട്ട്‌‌‌‌ നേരേ വീട്ടില്‍.
...
പിന്നെ സംഭവിച്ചത്???
പിറ്റേ ദിവസം ഹെഡ്ടീച്ചറുടെ കാറ് സ്ക്കൂള്‍ ഗേറ്റ് കടന്ന് കോമ്പൌണ്ടില്‍ പ്രവേശിച്ചത് നാലര കഴിഞ്ഞ്. തിരിച്ച് വീട്ടിലേക്ക് പോയത് അഞ്ച് മണി കഴിഞ്ഞ്. ഈ വരവും പോക്കും മാര്‍ച്ച് 31 വരെ ഹെഡ്ടീച്ചര്‍ റിട്ടയര്‍ ചെയ്യുന്നത് വരെ തുടര്‍ന്നു.

5 comments:

 1. ജൂനിയര്‍ ആളു കിടു....ഇതു പോലൊരു കഥ എന്റെ നാട്ടില്‍ നടന്നിട്ടുണ്ട്. അതൊരു പോസ്റ്റാക്കലോ.........

  ReplyDelete
 2. അതേതായാലും നന്നായി. ഹെഡ് ആണെങ്കിലും നിയമം എല്ലാവര്‍ക്കും ബാധകമല്ലേ?

  ReplyDelete
 3. പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞാല്‍, ചെയ്യേണ്ടത് ചെയ്യേണ്ടപോലെ ചെയ്യും..!

  നല്ല സംഭവം

  ReplyDelete
 4. സർക്കാർ സ്കൂളായതു കൊണ്ട് അല്ലെ?

  ഞങ്ങളുടെ കമ്പനിയിൽ ഒന്നു നോക്കിയേ എന്താ തമാശ

  രണ്ടു വർഷം മുൻപ് ഒരു പുതിയ യൂണിറ്റ് ഹെഡ് വന്നു. - കാലത്ത് 7.45 നും ഉച്ചയ്ക്ക് 1.45 നും അദ്ദേഹം ഓഫീസിൽ എത്തും

  അദ്ദേഹം ഉച്ചയ്ക്കുള്ള പ്രൊഡക്ഷൻ മീറ്റിങ്ങ് സമയം രണ്ടു മണി ആയി നിജപ്പെടുത്തി

  ഉച്ചയ്ക്കു മൂന്നു മണിവരെ കിടന്നുറങ്ങിയിരുന്ന മഹാന്മാർ പ്രാകിക്കൊണ്ടാണെങ്കിലും വരാതിരിക്കാൻ പറ്റില്ലല്ലൊ.

  "യഥാരാജാ തഥാ പ്രജാ" ന്നു കേട്ടിട്ടില്ലെ?

  പുള്ളി ഇടയ്ക്കിടയ്ക്കു ഓർമ്മിപ്പിക്കും "Beware -Your most delayed arrival time will be your N-1s Earliest arrival time"

  ReplyDelete
 5. "ഇടുക്കിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി വരുമ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞതാ—ടീച്ചര്‍ക്കിനി നേരത്തെ വീട്ടിലെത്താമല്ലൊ എന്ന്--
  ഇങ്ങനെയൊരു പാര സ്വന്തം നാട്ടിലുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും ടീച്ചര്‍ പ്രതീക്ഷിച്ചില്ല. .."

  ജോലിയും വേണം നേരത്തേ വീട്ടിലും പോകണം....
  ജൂനിയര്‍ കൊള്ളാം പ്രതികരണശേഷി ഇളം തലമുറയില്‍ അമ്പേ ചോര്‍ന്ന് പോയിട്ടില്ലന്ന് ഒരാശ്വാസം!

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.