“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 25, 2009

16. ശിഷ്യനും മകനും


നാട്ടിന്‍പുറത്തുള്ള സ്വകാര്യ മാനേജ് മെന്റ് സ്ക്കൂളുകള്‍ക്ക് (എയിഡഡ് സ്ക്കൂള്‍: മാനേജര്‍ക്ക് നിയമനാധികാരവും സര്‍ക്കാറിന് ശമ്പളാധികാരവും ഉള്ള വിദ്യാലയങ്ങള്‍) മറ്റു സ്ക്കൂളുകളില്‍ നിന്ന് അല്പം വ്യത്യാസമുണ്ട്.
...
ഇവിടെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അദ്ധ്യാപകരും അതെ നാട്ടുകാരായിരിക്കും. അഥവാ നാട്ടുകാരല്ലാത്ത ടീച്ചേര്‍സ് ഉണ്ടെങ്കില്‍ അവര്‍ സ്ക്കൂളിനടുത്ത് താമസിച്ച് നാട്ടുകാരായി മാറും. പിന്നെ അദ്ധ്യാപകരില്‍ ഒരു വിഭാഗം മാനേജരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരിക്കും. ഓരോ വര്‍ഷവും ഉണ്ടാവാനിടയുള്ള ഒഴിവുകള്‍ കണ്ടെത്തി പുതിയ ആളെ മാനേജര്‍ നിയമിച്ചിരിക്കും.
...
ഇങ്ങനെയുള്ള ഒരു സ്ക്കൂളില്‍ പ്രധാന അദ്ധ്യാപകനാവുന്നത് സാധാരണയായി ഏറ്റവും കൂടുതല്‍ കാലം അതേ സ്ക്കൂളില്‍ സേവനം അനുഷ്ടിച്ച വ്യക്തി ആയിരിക്കും. സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും പെട്ടെന്ന് ഒരു ദിവസം ഹെഡ് ആയി ഇരിപ്പിടം മാറുമ്പോള്‍ ആ വ്യക്തിയുടെ സ്വഭാവത്തിന് പെട്ടെന്ന് മാറ്റം വന്നിരിക്കും.
...
...
...
ഞങ്ങളുടെ നാട്ടിന്‍പുറത്തുള്ള ഈ സ്വകാര്യ ഹൈസ്ക്കൂളിലെ അദ്ധ്യാപകരില്‍ പകുതിയും പുതിയതായി ചാര്‍ജ്ജ് എടുത്ത ഹെഡ് മാസ്റ്ററുടെ ശിഷ്യന്മാരാണ്. ഇക്കൂട്ടത്തില്‍ പുതിയതായി നിയമിക്കപ്പെട്ട ഡ്രോയിങ്ങ്മാസ്റ്റര്‍ കൂടി ഉള്‍പ്പെടും. ഈ ഡ്രോയിങ്ങ് ‘പഠനത്തില്‍ തല്ലിപ്പൊളി ആണെങ്കിലും ചിത്രകലയില്‍ അടിപൊളിയാണ്‘.
...
അങ്ങനെയിരിക്കെ ഓണപരീക്ഷ വന്നു.
.;
മൂന്ന് പരീക്ഷകള്‍ ഉള്ള കാലം.
...
‘ഈ മൂന്നായത് ഒരിക്കല്‍ അനേകമായി പിന്നെയും മൂന്നായി പിന്നെയിപ്പോള്‍ രണ്ടായി ഇനി ഒന്നായി മാറി പരീക്ഷയില്ലാത്ത സുവര്‍ണ്ണ കാലത്തിലെത്താം’.
...
ജയവും പരാജയവും ഇല്ലാത്ത, പരീക്ഷയും മാര്‍ക്കുമില്ലാത്ത വിഷയമാണ് ‘ഡ്രോയിങ്ങ്,ഡ്രില്ല്,ക്രാഫ്റ്റ്,സംഗീതം‘ ആദിയായവ. എങ്കിലും മറ്റു വിഷയങ്ങളുടെ പരീക്ഷകള്‍ക്ക് കാവല്‍ നില്‍ക്കേണ്ട ഗതികേട് ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്ന ടീച്ചേര്‍സിനുണ്ട്.
...
അങ്ങനെ പുതിയ ഡ്രോയിങ്ങ് മാഷിനും നിത്യേന പരീക്ഷാ ഡ്യൂട്ടികള്‍ കിട്ടി. (പുതിയതായി ചേര്‍ന്നവര്‍ക്ക് ജോലി കൂടുതലും കൂലി {ശമ്പളം} കുറവും ആയിരിക്കും)
...
...
ആദ്യ ദിവസം പരീക്ഷാഹാളീല്‍ വലിയ കുഴപ്പമില്ല, പെണ്‍കുട്ടികളായതിനാല്‍ പരീക്ഷ തീരുംവരെ ഉത്തരക്കടലാസില്‍ നിന്നും ചോദ്യക്കടലാസില്‍ നിന്നും തല ഉയര്‍ത്തിയില്ല. പുതിയ മാസ്റ്റര്‍ ചെറുപ്പക്കാരനായിട്ടും ആരും മൈന്റ് ചെയ്തില്ല. രണ്ടാം ദിവസം ആണ്‍ കുട്ടികളാണ്, പത്താം തരം, വിഷയം ഇംഗ്ലീഷാണ്. കണ്ണൊന്നു തെറ്റിയാല്‍ അടുത്തിരിക്കുന്നവന്റെ ഉത്തരക്കടലാസിലാണ് പഹയന്മാരുടെ നോട്ടം,,,,നേരാംവണ്ണം കോപ്പിയടിക്കാനറിയാത്ത പാവങ്ങള്‍.
...
...
പരീക്ഷ തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞു. അപ്പോഴാണ് പിന്നിലിരിക്കുന്ന ഒരുത്തന്റെ പോക്കറ്റിന്റെ വണ്ണം ശ്രദ്ധിച്ചത്. നേരെ ആ തടിയന്റെ പോക്കറ്റില്‍ കൈയിട്ടപ്പോള്‍,,കൈയില്‍ തടഞ്ഞത് ‘ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക്‘.
...
...
തൊണ്ടി മുതല്‍ പുറത്ത് കളഞ്ഞ് നന്നായി വഴക്ക് പറഞ്ഞ് ക്ലാസ്സില്‍ ചുറ്റി നടക്കുമ്പോഴാണ് ‘അതേ പയ്യന്റെ‘ ഉത്തരക്കടലാസിനടിയിലെ നിറം മാറ്റം ശ്രദ്ധിച്ചത്,‘കടലാസിന് ഒരു പഴയ നിറം’. പെട്ടെന്ന് ‘ഉത്തരത്തിനടിയില്‍ ഒളിപ്പിച്ച ഉത്തരം’ പുറത്തെടുത്തു. നമ്മുടെ ഡ്രോയിങ്ങ് ദേഷ്യം കൊണ്ട് പുകഞ്ഞു. ആദ്യം കണ്ട പരീക്ഷാ ഡ്യൂട്ടിയുള്ള ടീച്ചറോട് സംഭവം വിവരിച്ചു. തല്‍ക്കാലം അവനെയൊന്ന് ഭീഷണിപ്പെടുത്തിയാല്‍ മതിയെന്ന് ടീച്ചര്‍. ഇനിയും ഇങ്ങനെ കണ്ടാല്‍ ഹെഡ് മാസ്റ്റര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും പറഞ്ഞു.
...
...
അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അതേ വിദ്വാന്‍ വീണ്ടും ശ്രദ്ധയില്‍പ്പെടുന്നത്. നിലത്ത് നോക്കിയാണ് കക്ഷി പരീക്ഷ എഴുതുന്നത്. ‘എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്‘. നിലത്ത്…ഓ..അതാ …രണ്ട് ഹവായി ചെരിപ്പുകള്‍… നിറയേ ഇംഗ്ലീഷ് ഉത്തരങ്ങളുമായി. ചെരിപ്പ് രണ്ടും പുറത്തെറിയുമ്പോള്‍ പറഞ്ഞു,“എടോ ഞാനിതൊക്കെ കഴിഞ്ഞിട്ടാണ് വന്നത്, പക്ഷേ അന്നാര്‍ക്കും എന്റെ കോപ്പിയടി പിടിക്കാന്‍ കഴിഞ്ഞിട്ടില്ല, കേട്ടോ,…..”.
...
...
പിന്നെ കുഴപ്പമൊന്നും കണ്ടില്ല, എന്നാല്‍ പരീക്ഷ തീരാന്‍ പത്ത് മിനുട്ട് ഉള്ളപ്പോഴാണ് അതേ തരികിട മാന്യന്‍ മുണ്ട് അല്പം മാറ്റുന്നത് ശ്രദ്ധിച്ചത്.
(പരീക്ഷാസമയത്തുള്ള ഈ മുണ്ട് പ്രേമംകുട്ടികള്‍ക്ക് പണ്ട് കാലം മുതല്‍ ഉണ്ടായിരുന്നു. മുണ്ടില്ലാത്തവന്‍ അടുത്ത വീട്ടില്‍ നിന്നും കടം വാങ്ങി പരീക്ഷാ ദിവസം ഉടുക്കാറുണ്ട്)
പുതിയ മാഷായത് കൊണ്ടാണോ ഇവനിത്ര ധിക്കാരം,, ആ തടിയനെ എഴുന്നേല്പിച്ച് നിര്‍ത്തി, ദേഹപരിശോധന നടത്തിയപ്പോള്‍ കോപ്പിയടിക്കാനായി തുണ്ട് കടലാസ്സ് ഒന്നും ഒളിപ്പിച്ചിട്ടില്ല, പകരം ഉത്തരങ്ങള്‍ എഴുതിയത് ആ തടിയന്റെ തുടയിലാണ്. പുതിയ കാന്‍ വാസില്‍ പുതിയ കലാ പരിപാടി. ഇടത് തുടയില്‍ ഇംഗ്ലീഷ് കഥ, വലത് തുടയില്‍ ഇംഗ്ലീഷ് കവിത…
...
...
കോപ്പിയടിച്ചവനെ തൊണ്ടി സഹിതം പിടിച്ച് നേരെ ഹെഡ് മാസ്റ്ററുടെ അടുത്ത് എത്തിച്ചു. ചെരിപ്പ്, കടലാസ്സ്, പുസ്തകങ്ങള്‍ ആദിയായവ മേശപ്പുറത്തിട്ടു. ഒരു കാലത്ത് ഹെഡ് മാസ്റ്ററുടെ ശിഷ്യനായിരുന്ന ഡ്രോയിങ്ങ് മാഷ് സംഭവം വിവരിച്ച ശേഷം വാതിലിനു സമീപം മുഖം മറച്ചു നില്‍ക്കുന്ന കോപ്പിയടി വീരനെ പിടിച്ചുവലിച്ച് ഹെഡ് മാസ്റ്ററുടെ മുന്നില്‍ നിര്‍ത്തി, മുണ്ട് മാറ്റി, കഥയും കവിതയും വിരിഞ്ഞ അവന്റെ തുട കാണിച്ചു. അതോടെ ജീവിതത്തില്‍ ഒരിക്കലും ഞെട്ടാത്ത ഹെഡ് മാസ്റ്റര്‍ ശരിക്കും ഞെട്ടി. ശിഷ്യന്‍ കാണിച്ചു തന്നത് നാല് പെണ്മക്കള്‍ക്ക് ശേഷം ജനിച്ച സ്വന്തം ഓമനപുത്രന്റെ തുടയിലെ കഥയും കവിതയും ആയിരുന്നു.
...
...
പിന്നെ…???
...

2 comments:

  1. പാവം ഹെഡ്മാസ്റ്റർ പിന്നെ എന്തു ചെയ്തു???

    ReplyDelete
  2. സ്കൂളിലെ വിശേഷങ്ങള്‍ എല്ലാം വായിച്ചു.ഇഷ്ടമായി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.