“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 30, 2009

21. ഒരു ഡ്യൂപ്ലിക്കേറ്റ് രക്ഷിതാവിന്റെ ചരിത്രം



ആവശ്യമുള്ളതെല്ലാം ഡ്യൂപ്ലിക്കേറ്റായി കിട്ടുന്ന കാലമാണിത്. അച്ഛനും അമ്മയും ബന്ധുക്കളും മാത്രമല്ല, അവനവന്റെ ഡ്യൂപ്ലിക്കേറ്റ് പോലും ആവശ്യമനുസരിച്ച് റഡിയാക്കാം. ഒറിജിനല്‍ അറിയാതെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് രംഗത്ത് വരാറുണ്ട്. ഈ ഡ്യൂപ്ലിക്കേറ്റിനെ കൊണ്ട് ചിലപ്പോള്‍ ഗുണവും ചിലപ്പോള്‍ ദോഷവും ഉണ്ടാവും. പ്രോഗ്രസ്സ് ഒപ്പിടാനും രക്ഷിതാക്കളുടെ മീറ്റിങ്ങിലും ഒറിജിനലിനെക്കാള്‍ ഡ്യൂപ്ലിക്കേറ്റുകളാണ് കാണപ്പെടുക. ‘ഞാന്‍ അവന്റെ അമ്മയെപ്പോലെയാണ്, ഞാന്‍ അവളുടെ അച്ഛനെപ്പോലെയാണ്’ എന്ന് പറയാന്‍ ധാരാളം പേരുണ്ടാവും. എന്നാല്‍ കുറ്റവാളിയായ കുട്ടികളുടെ രക്ഷിതാവായി ചമഞ്ഞ് വരുന്നവര്‍; അവന്‍ കൂടുതല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ നല്‍കുകയാണ്. ഇനി സംഭവം.
...
സ്ക്കൂളുകളില്‍ സമരം അരങ്ങ് തകര്‍ക്കുന്ന കാലം. രാഷ്ട്രീയ പിന്‍ബലം ഉള്ളതിനാല്‍ സമരമുഖത്ത് സമരിക്കുന്നവര്‍ക്ക് കണ്ണു കാണില്ല. ഇക്കാര്യത്തില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ ഒന്നും കാണില്ല. അതായത് സമരത്തിന് മുന്നില് വന്നുപെടുന്ന എല്ലാവരും അവര്‍ക്ക് ശത്രുക്കളാണ്. ഇഷ്ടമില്ലാത്തതെല്ലാം അടിച്ചു തകര്‍ക്കാനും ഇഷ്ടമില്ലാത്തവര്‍ക്ക് രണ്ട് പൊട്ടിച്ചു കൊടുക്കാനും കഴിയുന്ന അപൂര്‍വ്വ അവസരം കൂടിയാണ് സമര ദിവസം. അങ്ങനെയൊരു സമര ദിവസമാണ് നമ്മുടെ കണക്ക് മാഷിന്റെ ബൈക്ക് തകരാറാക്കിയത്.
...
ഹൈസ്ക്കൂള്‍ അദ്ധ്യാപകരില്‍ ഒരാള്‍ക്ക് മാത്രമാണ് അക്കാലത്ത് മോട്ടോര്‍ബൈക്ക് ഉള്ളത്. അതും ഒരു അടിപൊളി ബൈക്ക്. നിത്യേന സുന്ദരന്‍ വണ്ടിയില്‍ ചെത്ത് സ്റ്റൈലില്‍ വരുന്ന കണക്ക്മാഷെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നോക്കിനിന്നു പോകും. എല്ലാ കണക്ക് സാറന്മാരെപ്പോലെ തന്നെ ചൂരല്‍ പ്രയോഗവും കണക്കായി പ്രയോഗിക്കാന്‍ അദ്ദേഹത്തിന്‍ നന്നായി അറിയാം. ഇക്കാരണത്താല്‍ ധാരാളം ശത്രുക്കള്‍ ശിഷ്യന്മാര്‍ക്കിടയിലുണ്ട്. സമരസമയത്ത് അദ്ധ്യാപകനോടുള്ള പക ബൈക്കിനോട് അവര്‍ തീര്‍ത്തു.
...
ബൈക്ക് തകര്‍ത്ത പ്രധാനപ്രതി ഒന്‍പതാം ക്ലാസ്സുകാരനെ പിറ്റേദിവസം തന്നെ കണ്ടുപിടിച്ചു. ശിക്ഷയുടെ ഒന്നാം ഗഡുവായി ഇനി രക്ഷിതാവിനെ കൂട്ടി ക്ലാസ്സില്‍ വന്നാല്‍ മതിയെന്ന് അറിയിച്ചു. പുസ്തകമെടുത്ത് പുറത്തിറങ്ങിയ അവന്‍ വൈകുന്നേരം വരെ സ്ക്കൂള്‍ ഗേറ്റിനു സമീപം തന്നെ നില്പാണ്.... അങ്ങനെ മൂന്നു ദിവസമായി;… രക്ഷിതാവ് എത്തിയില്ല. അവനെ സഹായിക്കാന്‍ സമരാഹ്വാനം ചെയ്ത നേതാക്കളുമില്ല. പയ്യനാണെങ്കില്‍ ഗേറ്റിനു മുന്നിലും കടകളിലുമായി ചുറ്റിക്കറങ്ങുന്നു. അവന്റെ അടുത്ത വീട്ടിലെ കുട്ടികളോട് അന്വേഷിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായയത്, ‘അവന്റെ അച്ഛന്‍ അമ്മയുമായി പിണങ്ങി രണ്ടു വര്‍ഷം മുന്‍പ് നാടു വിട്ടതാണ്’. അച്ഛനില്ലെങ്കില്‍ രക്ഷിതാവായി അമ്മ സ്ഥലത്തുണ്ടല്ലോ; അവന്റെ അമ്മയെ കാര്യം അറിയിക്കാനായി മറ്റു കുട്ടികളെ ഏല്പിച്ചു. അങ്ങനെ ഏല്പിച്ച ദിവസം തന്നെയാണ് പ്രതിയുടെ അച്ഛനാണെന്ന് പറഞ്ഞ് ഒരാള്‍ ഓഫീസില്‍ വന്ന് ഹെഡ് മാസ്റ്ററെ കണ്ടത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ചുമലില്‍ ഒരു ഷാളുമായി ഒരു അറുപത് കഴിഞ്ഞ മാന്യനായ ഒരു ചെറുപ്പക്കാരന്‍. നാടുവിട്ട അച്ഛന്‍ തിരിച്ചു വന്നതാണെന്ന് ഞങ്ങള്‍ കരുതി. ഹെഡ് മാസ്റ്റര്‍ക്ക് രക്ഷിതാവ് വന്നത് ആശ്വാസം പകര്‍ന്നു. ബൈക്ക് കേസിന് ഒരന്ത്യം ഉണ്ടാകുമല്ലോ;.
...
...
രക്ഷിതാവ് സ്വയം പരിചയപ്പെടുത്തിയ ശേഷം പറഞ്ഞു, “എന്റെ മകനെ സ്ക്കൂളില്‍ നിന്ന് പുറത്താക്കിയെന്നു കേട്ടു. ചെറിയ കുട്ടിയെ മാഷ്ന്മാര്‍ ഇങ്ങനെ ചെയ്താല്‍”... അപ്പോള്‍ കുറ്റം അദ്ധ്യാപകര്‍ക്കാണ്.
“മകന്‍ ചെയ്ത കുറ്റം അറിയുമോ? അവനെന്താ നിങ്ങളുടെ കൂടെ വരാത്തത്?” ഹെഡ് മാസ്റ്റര്‍ ചോദിച്ചു.
“അവന്‍ നിങ്ങള്‍ ടീച്ചേര്‍സിനെ പേടിച്ച് വരാത്തതാണ്. ഗേറ്റിനു മുന്നില്‍ തന്നെയുണ്ട്.” നല്ല പേടിയുള്ള ശിഷ്യന്‍ തന്നെ.
അപ്പോഴേക്കും ബൈക്കിന്റെ ഉടമ കണക്ക് മാഷ് പ്രതിയുടെ അച്ഛന്‍ ഹാജരുണ്ടെന്നറിഞ്ഞ് ഓടിയെത്തി. അവിടെ ഹാജരായ അച്ഛനെകണ്ട് മാസ്റ്റര്‍ ഒന്നു ഞെട്ടി.
“അല്ല നിങ്ങള്‍ എന്റെ അയല്‍ക്കാരി മാധവിയമ്മയുടെ ഭര്‍ത്താവല്ലെ? ഒരു മകനുള്ളത് ഗള്‍ഫിലാണല്ലോ. പിന്നെ ഇവിടെ പഠിക്കുന്നവന്‍ ആരാണ്?”
അത് വരെ അദ്ധ്യാപകരെ കുറ്റം പറഞ്ഞിരുന്ന രക്ഷിതാവാണ് ഇപ്പോള്‍ ഞെട്ടുന്നത്. “അത് ഞാന്‍ ആ കുട്ടി വീട്ടില്‍ വന്ന് കരഞ്ഞതു കൊണ്ട് ഇവിടെ വന്നതാ. അച്ഛനാണെന്ന് പറഞ്ഞാല്‍ ക്ലാസ്സില്‍ കയറ്റുമെന്ന് അവന്‍ പറഞ്ഞു”.
“ഏതായാലും ഇനി പോലീസിനെ വിളിച്ച് കേസാക്കാം. അച്ഛനും മകനും ഒന്നിച്ച് പോലീസ് സ്റ്റേഷനില്‍ പോകുന്നതാണ് നല്ലത്, ബൈക്ക് റിപ്പെയറിന് ചെലവായ പണം കൂടി തരണം” ഹെഡ് മാസ്റ്റര്‍ ടെലിഫോണ്‍ എടുത്തു.
“അയ്യോ മാഷേ ഞാന്‍ പോകുവാ, ഏതായാലും ഇനി ഞാന്‍ ഇങ്ങോട്ടില്ല, ആകെ നാണക്കേടായി;”. അങ്ങനെ നമ്മുടെ ഡ്യൂപ്ലിക്കേറ്റ് അച്ഛന്‍ സൂപ്പര്‍ ഫാസ്റ്റായി സ്ഥലം വിട്ടു.
...
പിറ്റേ ദിവസം പുറത്താക്കപ്പെട്ട അവനും അവന്റെ അമ്മയും പത്ത് മണിക്ക് മുന്‍പായി സ്ക്കൂളില്‍ ഹാജരായി. കള്ളിച്ചെല്ലമ്മ മോഡല്‍ വനിതാരത്നം, സംഭാഷണവും അതേ മോഡല്‍. മകന്റെ എല്ലാ കുറ്റവും അറിഞ്ഞു കൊണ്ടാണ് വരവ്.
എല്ലാ കാര്യവും വിശദമായി അറിഞ്ഞപ്പോള്‍ ‘ഇനി എന്തങ്കിലും തെറ്റ് ചെയ്താല്‍ സ്ക്കൂള്‍ പഠനം നിര്‍ത്തി കൂലിപ്പണി ചെയ്യേണ്ടിവരും’ എന്ന് അവര്‍ മകനെ ഭീഷണിപ്പെടുത്തി. അങ്ങനെ ഒരു വലിയ, ചെറിയ പ്രശ്നം അവസാനിച്ച് ശിഷ്യന്‍ ക്ലാസ്സിലിരുന്ന് പഠിക്കാന്‍ തുടങ്ങി.
...
രണ്ട് ദിവസം കഴിഞ്ഞു, …അന്ന് വൈകുന്നേരം ഞാന്‍ ബസ് കാത്ത് നില്‍ക്കുകയാണ്. ബസ് സ്റ്റോപ്പിന്റെ എതിര്‍ വശത്ത് ആ നാട്ടിലെ റേഷന്‍ കടയാണ്. അതിനു മുന്നില്‍ നീണ്ട ക്യൂ…....ആ ക്യൂവില്‍ ശിഷ്യരും പൂര്‍വ്വ ശിഷ്യരും രക്ഷിതാകളും ഉണ്ട്. നോക്കിയിരിക്കെ പെട്ടന്ന് ഒരു ബഹളം; തുടര്‍ന്ന് പുരുഷന്റെയും സ്ത്രീയുടെയും ഉച്ചത്തിലുള്ള സംസാരം. നമ്മുടെ കള്ളിച്ചെല്ലമ്മ ഡ്യൂപ്ലിക്കേറ്റ് അച്ഛനെ പിടിച്ചു നിര്‍ത്തിയിരിക്കയാണ്. ആ മാന്യന്റെ കുപ്പായത്തില്‍ പിടിച്ച് കൊണ്ട് അവള്‍ ചോദിക്കുന്നു, “എടാ നീ എന്റെ മകന്റെ അച്ഛനാണെന്ന് പറഞ്ഞ് സ്ക്കൂളില്‍ പോയി. അതിനു സമാധാനം നാട്ടുകാരുടെ മുന്നില്‍ വെച്ച് പറയാതെ നിന്നെ വിടുന്ന പ്രശ്നമില്ല…”. …പിന്നെ പറഞ്ഞ തെറികള്‍ കേള്‍ക്കാന്‍ എനിക്കു ധൈര്യം വന്നില്ല. എന്റെ നാട്ടിലേക്ക് പോകുന്നതല്ലെങ്കിലും ആദ്യം വന്ന ബസ്സില്‍ കയറി ഞാന്‍ സ്ഥലം വിട്ടു.

May 21, 2009

20. ഒരു പ്രേമലേഖനവും...നാടകവും...



...പ്രേമലേഖനം…
കേള്‍ക്കുമ്പോള്‍ ഒരു രോമാഞ്ചം, പക്ഷേ അടുത്ത കാലത്തായി ആ രോമാഞ്ചത്തിന് ശക്തി കുറഞ്ഞ് വരികയാണ്. അടുത്ത കാലത്ത് വംശനാശം സംഭവിക്കാ‍നിടയുള്ള പദാര്‍ത്ഥമായി പ്രേമലേഖനങ്ങള്‍ മാറുകയാണ്. പ്രേമലേഖനങ്ങളുടെ അവസാനകാലം തട്ടിന്‍പുറത്ത് കഴിച്ച് കൂട്ടി, അന്ത്യം ശിവകാശിയിലെ പടക്കകടകളില്‍ വെച്ച് ആവാം. മനസ്സുകളെ ഒന്നിക്കുന്ന, ഹൃദയങ്ങളെ ഒന്നിക്കുന്ന, തീവ്രാനുരാഗം തുളുമ്പുന്ന, പ്രേമലേഖനങ്ങള്‍ കഥകളില്‍ മാത്രമായി ഒതുങ്ങി; പതുക്കെ അപ്രത്യക്ഷമാവുകയാണ്. കാമുകീകാമുകന്മാരുടെ അനുരാഗം അറിയിക്കാനായി വളരെ രഹസ്യമായി എഴുതിയ കത്തുകള്‍ ..അവയെപറ്റിയാണ് ഞാന്‍ ഇവിടെ പറയുന്നത്. കൂട്ടത്തില്‍ ഒരു നാടകം മാറ്റിയ കഥയും.

...

sms,internet, e-mail,chatting, ആദിയായവ ജനിക്കുന്നതിനു മുന്‍പ് കത്തുകള്‍ മാത്രമായിരുന്നു അനുരാഗ സന്ദേശവാഹകര്‍. അതിനു മുന്‍പ് ‘മേഘവും മയൂരവും പ്രാവും’ സന്ദേശ വാഹകരായിരുന്നു.


പ്രേമം ഒരു പീഠനമായി മാറാതിരിക്കാന്‍ ഈ പ്രേമലേഖനങ്ങള്‍ ഒരുപരിധി വരെ സഹായിച്ചിരുന്നു. കത്തുകള്‍ മുതിര്‍ന്നവരുടെ കൈകളില്‍ എത്തിച്ചേരുമ്പോള്‍ പിന്നെ ഊരുവിലക്കായി, നിരീക്ഷണമായി, അടച്ചുപൂട്ടലായി, അടിയായി. അതോടെ വെറുതെ ഒരു തമാശക്കുള്ള പ്രേമവും, കച്ചവടപ്രേമവും(പ്രേമം നടിച്ച് ഒളിച്ചോടി പെണ്ണിനെ വില്‍ക്കുന്ന പീഡനപ്രേമം)അവസാനിക്കും.

...

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കുന്ന കത്തുകളില്‍ പലതും അപകടസൂചന കാണാന്‍ കഴിയും. ‘ഇത് ഞാന്‍ പറയുന്നത് മാത്രമാണ്‘. ഒരിക്കല്‍ പത്താം ക്ലാസ്സിലെ ഒരു പെണ്‍കുട്ടിക്ക് ലഭിച്ച കത്തിന്റെ അവസാന ഭാഗം ‘എല്ലാവരും ഉറങ്ങിയാല്‍ പിന്നിലെ വാതില്‍ തുറന്ന് വീട്ടിനടുത്തുള്ള പുളിമരചോട്ടില്‍ വരണം. ഞാന്‍ കാത്തിരിക്കും’. എഴുതിയത് രണ്ട് കുട്ടികളുടെ പിതാവായ ഓട്ടോ ഡ്രൈവറാണ്. ഇങ്ങനെയുള്ള പ്രേമലേഖനങ്ങള്‍ പലതും അദ്ധ്യാപകരുടെ കൈയില്‍ എത്തിചേരാറുണ്ട്.


ഇനി ഒരു നാടകം കലക്കിയ പ്രേമലേഖനകഥ പറയാം. കലാസാംസ്ക്കാരികമായി ‘കണ്ണൂര്‍ ജില്ലയില്‍‘, ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന, ഏറ്റവും മികച്ച സ്ക്കൂളില്‍, പഠിപ്പിക്കുന്ന കാലം. യുവജനോത്സവത്തിന്‍ ട്രോഫികള്‍ വാരിക്കൂട്ടുന്ന ഹൈസ്ക്കൂള്‍. വിദ്യാര്‍ത്ഥികളുടെ എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ അദ്ധ്യാപകരുടെ ഒരു കൈ എപ്പോഴും കാണും. നാടകമാണെങ്കില്‍; കഥ, തിരക്കഥ, സംഭാഷണം, അഭിനയം എന്നിവ ഉപതൊഴിലാക്കിയ അദ്ധ്യാപകര്‍ സ്ക്കൂളില്‍ തന്നെ ഉള്ളതിനാല്‍ സ്ഥിരമായി ജില്ലയില്‍ ഒന്നാം സ്ഥാനം ഉറപ്പ്. അങ്ങനെ അദ്ധ്യാപകന്‍ എഴുതിയ നാടകം കുട്ടികള്‍ അഭിനയിച്ച് തകര്‍ക്കുകയാണ്.

യുവജനോത്സവവും രണ്ടാം പാദവാര്‍ഷിക പരീക്ഷയും ഒന്നിച്ചായതിനാല്‍ വൈകുന്നേരമാണ് നാടകപരിശീലനം. ഒരു ദിവസം പരീക്ഷ കഴിഞ്ഞു പോകുന്ന ഒരു പെണ്‍കുട്ടി എന്റെ കൈയില്‍ ഒരു നോട്ട്ബുക്ക് തന്നിട്ട് പറഞ്ഞു, “ക്ലാസ്സില്‍ വെച്ച് കളഞ്ഞു കിട്ടിയതാണ്, പേര് ഇല്ലാത്തത്കൊണ്ട് ആരുടേതാണെന്നറിയില്ല ടീച്ചര്‍”. ബുക്കിന്റെ അകവും പുറവും പരിശോധിച്ചപ്പോള്‍ പോസ്റ്റ് ചെയ്യാനായി അഡ്രസ്സ് എഴുതി ഒട്ടിച്ച നീല നിറമുള്ള, ഇന്‍ലന്റ് രൂപത്തിലുള്ള ഒരു കത്ത് വെളിയില്‍ ചാടി. From, To ഇവ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. രണ്ട് പേരും ആണ്‍കുട്ടികള്‍, ഒരേ പോസ്റ്റല്‍ ഏരിയയില്‍- അതില്‍ അയക്കുന്നത് ഹിന്ദു, കിട്ടേണ്ടത് മുസ്ലീം. പ്രശ്നം അതല്ല, ഇതെങ്ങനെ പെണ്‍കുട്ടികളുടെ ക്ലാസ്സില്‍ വന്നു? ഇന്‍ലന്റ് പൊളിക്കാതെ ഓട്ടവീക്ഷണം നടത്തിയപ്പോള്‍ ഉള്ളീല്‍ നിറയേ എണ്ണിയാല്‍തീരാത്ത ചുടുചുംബനങ്ങള്‍. പിന്നെ വൈകിയില്ല, കത്ത് പോളിച്ചപ്പോള്‍ ആളെ പിടികിട്ടി. ആ പ്രേമലേഖനത്തിന്റെ കര്‍ത്താവ്, കര്‍ത്താവിന്റെ ആള്‍ തന്നെ; പത്താം ക്ലാസ്സിലെ കൃസ്ത്യാനി പെണ്‍കുട്ടി. പൂര്‍ണ്ണമായ മതസൌഹാര്‍ദ്ദം.
...
മൂന്ന് പേജുകള്‍ നിറയേ വളരേ ചെറിയ അക്ഷരങ്ങള്‍, ആദ്യ വരി വായിച്ചു. ‘പ്രീയപ്പെട്ട കാമുകന്‍ വായിച്ച് അറിയാന്‍ പ്രിയ കാമുകി എഴുതുന്നത്’ കുഴപ്പമില്ല സാധാരണ പ്രേമം തലയില്‍ കയറിയാല്‍ ഉള്ള അവസ്ഥ. അടുത്ത വരി ‘ഞാന്‍ മെന്‍സസ് ആയി’- ഞാന്‍ അതോടെ വായന നിര്‍ത്തി!!!.
...
പണ്ട് കാലത്ത് ആദ്യമായി ഒരു പെണ്‍കുട്ടി മെന്‍സസ് ആയാല്‍ (വയസ്സറിയിക്കുക എന്ന്‍ പറയും) ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ച് വീട്ടില്‍ ആഘോഷം നടത്താറുണ്ട്. ഇത് അങ്ങനെയുള്ളതാവാന്‍ തരമില്ല. അപ്പോള്‍ പിന്നെ….ബാക്കി കൂടി വായിച്ചപ്പോള്‍ പിടികിട്ടി. സ്ക്കൂളില്‍ സ്പെഷ്യല്‍ ക്ലാസ്സ് എന്ന് വീട്ടില്‍ പറഞ്ഞ് സ്പെഷ്യലായി ആഴ്ചയില്‍ ഓരോ ഉല്ലാസയാത്ര നടത്തിയ കാര്യം ആരും അറിഞ്ഞിട്ടില്ലെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. പിന്നെ അവസാനം ഒരു അറിയിപ്പ്, ‘സ്ക്കൂളിലെ നാടകത്തിലെ നായിക ഞാനാണ്. രാത്രി നാടകം കഴിഞ്ഞതിനു ശേഷം നമുക്ക് ഈ നാട്ടില്‍ നിന്നും ഒളിച്ചോടാം’. അപ്പോള്‍ ഇത് നാടകത്തിലെ നായിക തന്നെ രചനയും സംവിധാനവും നിര്‍വഹിച്ചതാണ്.


ലൌലറ്റര്‍ ചര്‍ച്ച ചെയ്യാന്‍ പിറ്റേദിവസം അടിയന്തിര സ്റ്റാഫ് കൌണ്‍സില്‍ വിളിച്ചു. പെണ്‍കുട്ടിയെ വിളിച്ച് രക്ഷിതാവിനെ വരുത്തി ബോധവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. നാടകത്തിലെ നായികയെ മാറ്റണമെന്ന് അദ്ധ്യാപകര്‍. എന്നാല്‍ ഹെഡ് മാസ്റ്റര്‍ക്ക് ഒരൊറ്റ അഭിപ്രായം മാത്രം; ‘ഇനി പെണ്‍കുട്ടികള്‍ ഇല്ലാത്ത നാടകം മതി’. അതോടെ പുതിയ നാടകം എഴുതി, സംവിധാനം ചെയ്തു-ആണ്‍കുട്ടികള്‍ മാത്രമുള്ള നാടകം-തിരക്കിട്ട പരിശീലനം.
...

പെട്ടെന്ന് തട്ടികൂട്ടിയ നാടകമാണെങ്കിലും ഒന്നാം സ്ഥാനം നമുക്ക് തന്നെ കിട്ടി. പിന്നെ പെണ്‍കുട്ടിയുടെ കാര്യമോ? അവള്‍ നാടകാഭിനയം നിര്‍ത്തി, ഒന്നും സംഭവിക്കാത്ത മട്ടില്‍ മറ്റു കുട്ടികളോടൊപ്പം പഠിച്ച് SSLC പരീക്ഷ പാസായി.

May 14, 2009

19. Beach Festival 2009 - Muzhappilangad Beach !!!

നിങ്ങള്‍ക്ക് സ്വന്തം വാഹനത്തില്‍ കുടുംബസമേതം വന്ന് കടല്‍ത്തീരത്ത് കൂടി വെള്ളത്തിലും കരയിലുമായി വാഹനയാത്ര ചെയ്യുന്നതോടൊപ്പം സൂര്യാസ്തമയവും കാണണമെങ്കില്‍ ഇവിടെ വരിക…
മുഴപ്പിലങ്ങാട് കടല്‍ത്തീരം…, സഞ്ചാരികളെ വിളിക്കുന്നു....
നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കടല്‍തീരത്ത് കൂടി ഏത് തരം വാഹനവും ഓടിക്കാം..ഡ്രൈവ്-ഇന്‍-ബീച്ച്…
ഇവിടെയുള്ള വെള്ള മണല്‍ (പൂഴി) മറ്റു കടല്‍തീരങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. വേലിയേറ്റ സമയത്ത് വെള്ളം കയറി തീരം നനയുമ്പോള്‍ മണലിന് ഉറപ്പ് കൂടുന്നു. ഈ സൂത്രം പഠിച്ച് നമ്മുടെ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചു കൂടെ?
സൌമ്യവും ശാന്തവുമായ കടലില്‍ അല്പം പോലും ഭയമില്ലാതെ കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കുളിച്ച് (കളിച്ച്) ആസ്വദിക്കാം.
കണ്ണൂര്‍-തലശ്ശേരി വഴി റോഡ് മാര്‍ഗവും റയില്‍ മാര്‍ഗവും എളുപ്പത്തില്‍ എത്തിച്ചേരാനാവുന്ന മുഴപ്പിലങ്ങാട് തീരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മേയ് 1 മുതല്‍ 20 വരെ നടക്കുന്ന ബീച്ച് ഫസ്റ്റിവല്‍. ലക്ഷക്കണക്കിന് ആളുകളാണ് ഫസ്റ്റിവല്‍ ദിവസ്സങ്ങളില്‍ ഇവിടെ എത്തുന്നത്.
കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകള്‍, കുട്ടികളുടെ വിനോദ പരിപാടികള്‍, കലാ-സാംസ്ക്കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
സായാഹ്നങ്ങളില്‍ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം പേര്‍ നിത്യേന മുഴപ്പിലങ്ങാട് ബീച്ചില്‍ എത്തിച്ചേരാറുണ്ട്. (കൂടുതല്‍ ചിത്രങ്ങള്‍ മിനി ചിത്രശാലയില്‍)
… സുന്ദരമായ മുഴപ്പിലങ്ങാട് തീരം…
ഈ മനോഹര തീരം…
നിങ്ങളെ കാത്തിരിക്കുന്നു.

May 8, 2009

18. കിഴുന്ന ശ്രീ പെരുംതൃക്കോവില്‍ - ഒരു ഉയിര്‍ത്തെഴുന്നേല്പ്...

കിഴുന്ന ശ്രീ പെരുംതൃക്കോവില്‍ ശിവ ക്ഷേത്രം

ഉത്സവങ്ങള്‍ ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്നു. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട്, വിശ്വാസങ്ങള്‍ നിലനിര്‍ത്താനായി ധാരാളം അമ്പലങ്ങളും കാവുകളും പള്ളികളും തലയുയര്‍ത്തി നിന്നിരുന്നു. ശില്പചാതുരിയോടെ നിര്‍മ്മിക്കപ്പെട്ട ആരാധനാലയങ്ങള്‍ പലതും നശിപ്പിക്കപ്പെട്ടു. ക്രമേണ മനുഷ്യസഹവാസം കുറഞ്ഞ് കാടുകളായി മാറിയ അമ്പലങ്ങള്‍ പലതും ഇന്ന് വിശ്വാസികളുടെ പ്രവര്‍ത്തന ഫലമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.

ഇങ്ങനെ കണ്ണൂര്‍ ജില്ലയില്‍ കിഴുന്ന ഗ്രാമത്തില്‍, പുതിയ തലമുറകളുടെ മനസ്സില്‍ നിന്ന് പോലും മാഞ്ഞുപോയ ശ്രീ പെരുംതൃക്കോവില്‍ ശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ അടുത്ത കാലത്ത് പുനര്‍നിര്‍മ്മാണം നടന്ന് പ്രതിഷ്ഠ നടക്കുകയാണ്.

അമ്പലം പണിയുന്ന,- ‘നാട്ടുകാര്‍ മൂലോത്തും കാവ് എന്ന് പറയുന്ന സ്ഥലത്ത്‘- ഒരു കാലത്ത് ധാരാളം മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. കാടിനെയും കാട്ടുജന്തുക്കളെയും ഭയപ്പെട്ടിരുന്ന കുട്ടിക്കാലത്ത് സ്ക്കൂളില്‍ പോകുമ്പോള്‍ ഈ പരിസരത്ത് കൂടി ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെ ശിവക്ഷേത്രവും ശ്രീകൃഷ്ണക്ഷേത്രവും ഉണ്ടായിരുന്നു എന്നും ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടു എന്നും പ്രായം ചെന്നവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

ദ്വാരക കടലില്‍ താണുപോയപ്പോള്‍ ശ്രീ കൃഷ്ണനാല്‍ ആരാധിക്കപ്പെട്ട ശിവലിംഗം ഇവിടെ എത്തിചേര്‍ന്നു എന്നു വിശ്വസിക്കുന്നു. ശിവ ചൈതന്യവും വിഷ്ണുചൈതന്യവും ഒത്തു ചേരുന്നതിനാല്‍ പുണ്യസങ്കേതമായി ഇവിടം കണക്കാക്കാം.

കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ നാഷനല്‍ ഹൈവേയില്‍ തോട്ടട ബസ് സ്റ്റോപ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ശ്രീ പെരുംതൃക്കോവിലില്‍ എത്താം. തൊട്ടടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ആരാധന നടത്തിയതിനു ശേഷമാണ് ശിവക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. അമ്പലത്തോട് ചേര്‍ന്ന് പുരാതനമായ കുളവും കാണാം. നവീകരണവും നിര്‍മ്മാണവും നടന്നുകൊണ്ടിരിക്കുന്ന ഇവിടം അടുത്ത കാലത്ത് തന്നെ കേരളത്തിലെ അറിയപ്പെടുന്ന അമ്പലമായി മാറുകയാണ്. (മിനി ചിത്രശാലയില്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)

നവീകരണം കാത്തിരിക്കുന്ന ക്ഷേത്രക്കുളം


May 4, 2009

17. മകളുടെ അച്ഛന്‍



‘ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്, എന്നാണ് മലയാളിയായി പിറന്നവരുടെ വിശ്വാസം’. എന്നാല്‍ ജാതിയുടെ പേരിലുള്ള ഭരണഘടനാപരമായ തരം തിരിവും ആനുകൂല്യങ്ങളും ഉള്ള കാലത്തോളം ജാതി ആവശ്യമായി വരുന്ന അവസരങ്ങള്‍ ധാരാളം ഉണ്ട്.

....സ്ക്കൂളില്‍ ചേരുമ്പോള്‍, പരീക്ഷ എഴുതുമ്പോള്‍, ജോലി ലഭിക്കുമ്പോള്‍, കല്ല്യാണം കഴിക്കുമ്പോള്‍... തുടങ്ങി മലയാളിയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ചോദിക്കാനും പറയാനും വിചാരിക്കാനും പാടില്ലാത്ത ജാതി ആവശ്യമായി വരുന്നു. അപ്പോള്‍ എന്ത് ചെയ്യും???

ഞങ്ങള്‍ അദ്ധ്യാപകര്‍ ചെയ്യുന്നത് : കുട്ടികളോട് ജാതി എഴുതാന്‍ പറയുന്നു…എഴുതിയ ജാതി നോക്കി അദ്ധ്യാപകര്‍ വായിക്കുന്നു. അതയാത് ക്ലാസ്സിലെ കുട്ടികളുടെ ജാതി എഴുതി വാങ്ങാറാണ് പതിവ്.(ജാതി എഴുതാം, എഴുതിയത് വായിക്കാം)
ജാതിയുടെ പേരില്‍ ആനുകൂല്യം ലഭിക്കേണ്ട കുട്ടിയാണെങ്കില്‍ –അവന്‍ ജാതി ചോദിച്ചാല്‍ ഒരിക്കലും പറയില്ല. അത് കൊണ്ട് എഴുതിക്കൊണ്ടുവരാന്‍ തന്നെ പറയണം. ഇങ്ങനെ എഴുതിക്കൊണ്ട് വന്നതില്‍ ചിലപ്പോള്‍ തെറ്റ് ഉണ്ടാവാം. ഇങ്ങനെ തെറ്റുന്നത് സ്വന്തം ജാതി മാത്രമായിരിക്കില്ല; അച്ഛന്റെ പേരും അമ്മയുടെ പേരും വരെ തെറ്റാറുണ്ട്. ഒരിക്കല്‍ ഒരു പയ്യന്‍;… അച്ഛന്റെ പേര് പറഞ്ഞത് “വാസു”. എഴുതിയത്, “വാസന്‍”. പിറ്റേദിവസം അവന്‍ എന്റെ പിന്നാലെ വന്ന് പതുക്കെ പറഞ്ഞു,“ടീച്ചറേ എന്റെ അച്ഛന്റെ പേര്‍ മാറ്റണം. അത് ഭാസ്ക്കരന്‍ എന്നാണ്”.

S.S.L.C. ബുക്കില്‍ (അത് പുസ്തകമായ കാലത്ത്) ബയോഡാറ്റ ചേര്‍ക്കാന്‍ ജാതി, മതം, അച്ഛന്‍, അമ്മ, രക്ഷിതാവ്, ആദിയായവയുടെ പേരും, അഡ്രസ്സും കൃത്യമായി വേണം. അതിനായി സ്ക്കൂളില്‍ നിന്നും ബയോഡാറ്റ പൂരിപ്പിക്കാനായി (എഴുതി കൊണ്ടു വരാന്‍) പ്രത്യേക ഫോറം ഓരോ കുട്ടിക്കും കൊടുക്കും. അവര്‍ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് പൂരിപ്പിച്ച് കൊണ്ടു വന്നത് അഡ്മിഷന്‍ രജിസ്റ്ററുമായി ഒത്തു നോക്കി തെറ്റുകള്‍ തിരുത്തും.
...
ഇങ്ങനെ മറ്റു കുട്ടികള്‍ക്കൊപ്പം നമ്മുടെ കഥാനായികയ്ക്കും ബയോഡാറ്റ പൂരിപ്പിക്കാനായി ഒരു ഫോറം കിട്ടി. കഥാനായിക...; പത്ത് ഏ ക്ലാസ്സില്‍, ഒന്നാമത്തെ ബഞ്ചില്‍, രണ്ടാം സ്ഥാനത്ത് ഇരിക്കുന്നു. ഇരിപ്പിടം മുന്നിലാണെങ്കിലും പഠനത്തില്‍ ഏറ്റവും പിന്നിലാണ് സ്ഥാനം. ക്ലാസ്സിലെ നാല്പത്തി ഒന്ന് കുട്ടികളില്‍ നാല്പത്തി ഒന്നാം റാങ്ക്. (അത് ഒരു സൂത്രമാണ്. പഠനത്തില്‍ പിന്നിലായവരെ മുന്നിലിരുത്തി പീഡിപ്പിക്കുക.) ഉയരം കുറഞ്ഞ് , കാണാന്‍ സുന്ദരിയായ അവളും പാസായി 100% റിസല്‍ട്ട് ഉണ്ടാക്കിയെടുക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ടീച്ചേര്‍സ് എല്ലാവരും. പിന്നെ ക്ലാസ്സ് ടീച്ചറെന്ന നിലയില്‍ ഞാന്‍ ഒരു കാര്യം കൂടി മനസ്സിലാക്കിയിരുന്നു, അവള്‍... അമ്മയുടെ മാത്രം മകളാണ്... ‘അച്ഛന്‍‘ – അങ്ങനെയൊന്ന് അവളുടെ ജീവിതത്തില്‍ ഉള്ളതായി അവളുടെ അമ്മ രമാവതി പോലും സമ്മതിക്കില്ല. ആ രഹസ്യം അനാവരണം ചെയ്യാനായി വീട്ടുകാരും നാട്ടുകാരും ചെയ്ത തീവ്രപരിശ്രമങ്ങളൊന്നും വിജയിച്ചില്ല എന്നാണ് എനിക്കു കിട്ടിയ വിവരം.

പിറ്റേ ദിവസം എല്ലാവരും ബയോഡാറ്റ പൂരിപ്പിച്ച് എന്റെ കൈയില്‍ തന്നു. അവ ഓരോന്നും അഡ് മിഷന്‍ രജിസ്റ്ററുമായി ഒത്തുനോക്കി പരിശോധിച്ചു കൊണ്ടിരിക്കെ നമ്മുടെ കഥാനായികയുടെ കടലാസ് എടുത്തു, വായിച്ചു;
“നെയിം ഓഫ് ഫാദര്‍ : ‘രമാവതി‘,
നെയിം ഓഫ് മദര്‍ : ‘രമാവതി’,
നെയിം ഓഫ് ഗാര്‍ഡിയന്‍ : ‘രമാവതി’ “.
അങ്ങനെ ‘രമാവതിമയം’- ? കുട്ടിക്ക് ആകെ അറിയാവുന്നത് എഴുതിയിരിക്കുന്നു. പക്ഷെ എസ്. എസ്. എല്‍. സി. ബുക്കില്‍ ചേര്‍ക്കാന്‍ അച്ഛനെ ഇറക്കുമതി ചെയ്യണമല്ലൊ. ഞാന്‍ അവളെ അടുത്ത് വിളിച്ച് ദേഷ്യത്തോടെ കടലാസ് കൊടുത്തിട്ട് പറഞ്ഞു, “ഇതെന്താ അച്ഛനും അമ്മയും രക്ഷിതാവും ഒരാള്‍ ? നാളെ ശരിയാക്കി എഴുതിക്കൊണ്ടുവാ”. (ഇവിടെ ദേഷ്യപ്പെട്ടില്ലെങ്കില്‍ കുട്ടി ഒഴിഞ്ഞു മാറും. അവളുടെ അച്ഛനെ ഞാന്‍ കണ്ടുപിടിക്കേണ്ടി വരും.)
പിറ്റേന്ന് രാവിലെ അവള്‍ ബയോഡാറ്റ പൂരിപ്പിച്ച് കൊണ്ടുവന്നു. അമ്മയും രക്ഷിതാവും രമാവതി, അച്ഛന്‍ …. അത് ….നമ്മുടെ ഗ്രാമ പഞ്ചായത്തിലോ ബ്ലോക്ക് പഞ്ചായത്തിലോ കേള്‍ക്കാത്ത ഒരു നാമം. ആശ്വാസം ഇനി സമാധാനമായി S.S.L.C. ബുക്ക് എഴുതാമല്ലൊ.

....
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അച്ഛനെ കണ്ടെത്തിയ നമ്മുടെ കഥാനായികയുടെ വീട്ടിലെ ..ഞെട്ടിക്കുന്ന.. സംഭവങ്ങള്‍ ഞാന്‍ അറിയുന്നത്.

സംഭവം …

ഒന്നാം ദിവസം…

അമ്മയുടെ സഹായത്തോടെ ബയോഡാറ്റ പൂരിപ്പിക്കുന്നു.
“നെയിം ഓഫ് ഫാദര്‍ ? നെയിം ഓഫ് മദര്‍, നെയിം ഓഫ് ഗാര്‍ഡിയന്‍” മകള്‍ അമ്മയോട് ചോദിച്ചു.(മക്കള്‍ ചോദിക്കേണ്ട; അമ്മ ഉത്തരം പറയേണ്ട ചോദ്യം)
“അതെല്ലാം ഞാന്‍ തന്നെയാ”, അമ്മ അറിയിച്ചു.
കുട്ടി എഴുതി.. ‘രമാവതി’
….രണ്ടാം ദിവസം…
മകള്‍ ചോദിക്കുന്നു, “എല്ലാ കുട്ടികളും ഫോറത്തില്‍ അച്ഛന്റെ പേര്‍ എഴുതിയിട്ടുണ്ട്, എനിക്കും ഫോറം പൂരിപ്പിക്കാന്‍ അച്ഛന്റെ പേര് വേണം”.
“നിന്റച്ഛന്‍ മരിച്ചു പോയില്ലെ, പിന്നെ എന്തിനാ പേര് എഴുതുന്നത്?”
“മരിച്ചാലും ഇല്ലെങ്കിലും പത്താം ക്ലാസ്സില്‍ പരീക്ഷ എഴുതണമെങ്കില്‍ അച്ഛന്റെ പേര് ചേര്‍ക്കണം”.
“നിന്റെ ടീച്ചറോട് പറ അച്ഛനില്ല എന്ന്”.
“അതെങ്ങനെയാ എനിക്കു മാത്രം അച്ഛനില്ലാതാവുന്നത്? അമ്മക്ക് ടീച്ചറെ നന്നായി അറിയില്ലെ, അച്ഛന്റെ പേര് എഴുതിയില്ലെങ്കില്‍ നാളെ രാവിലെ ടീച്ചറിങ്ങോട്ട് വരും”.
“ടീച്ചറ് വന്നാല്‍ ഞാന്‍ പറഞ്ഞോളും ഇവള്‍ക്ക് തന്തയില്ല എന്ന്”.
“അമ്മ അച്ഛന്റെ പേര്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ കിണറ്റില്‍ ചാടും”.
“നീ കിണറ്റില്‍ ചാടിയാലൊന്നും ഞാന്‍ പറയില്ല”.
“എന്നാല്‍ ഞാനിതാ ചാടുന്നേ, അമ്മ അച്ഛന്റെ പേര്‍ പറയുന്നുണ്ടോ???…”
അവള്‍ വീടിന്റെ വടക്ക് ഭാഗത്തുള്ള കിണറിനടുത്തേക്ക് നടന്നു.
…ഒരു നിമിഷം…രമാവതിക്കു ചിരി വന്നു…
അടുത്ത നിമിഷം…നായിക കിണറ്റിന്റെ കയറ് മാറ്റി, പിടിച്ചു മുകളില്‍ കയറി… സിനിമാ,സീരിയല്‍ മോഡല്‍….

രമാവതി ഞെട്ടി…ആഴമുള്ള കിണറ്റില്‍ ചാടാന്‍ കുതിക്കുമ്പോഴെക്കും ആ മാതൃഹൃദയം പിടഞ്ഞു, പിന്നെ അധികം വൈകിയില്ല, കിണറ്റിനടുത്ത് ഓടി മകളെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ഒടുവില്‍ S.S.L.C. ബുക്കില്‍ ചേര്‍ക്കാനായി മാത്രം അച്ഛന്റെ പേര് മകളുടെ ചെവിയില്‍ പറഞ്ഞു കൊടുത്തു. .

അങ്ങനെ സ്ക്കൂള്‍ രജിസ്റ്റര്‍ പൂര്‍ത്തിയായി.

….പിന്നീട്???....
നമ്മുടെ കഥാനായികയുടെ ജീവിത വിജയങ്ങള്‍ക്ക് അച്ഛന്റെ പേര് ആവശ്യമായി വന്നില്ല. എസ്.എസ്.എല്‍.സി. റിസല്‍ട്ട് വന്നപ്പോള്‍ അവള്‍ മാത്രം തോറ്റിരിക്കുന്നു. അദ്ധ്യാപകരുടെ 100% വിജയം എന്ന സ്വപ്നം തകര്‍ന്നു. എന്നാല്‍ മറ്റു കുട്ടികള്‍ വര്‍ഷങ്ങളായി പുസ്തകമങ്ങനെ തിന്നു കൊണ്ടിരിക്കുമ്പോഴേക്കും അവള്‍ കല്ല്യാണം കഴിഞ്ഞ് കുട്ടികളുടെ അമ്മയായി ഭര്‍ത്താവുമൊത്ത് കുടുംബിനിയായി സസുഖം കഴിയുന്നു.