“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 21, 2009

20. ഒരു പ്രേമലേഖനവും...നാടകവും...



...പ്രേമലേഖനം…
കേള്‍ക്കുമ്പോള്‍ ഒരു രോമാഞ്ചം, പക്ഷേ അടുത്ത കാലത്തായി ആ രോമാഞ്ചത്തിന് ശക്തി കുറഞ്ഞ് വരികയാണ്. അടുത്ത കാലത്ത് വംശനാശം സംഭവിക്കാ‍നിടയുള്ള പദാര്‍ത്ഥമായി പ്രേമലേഖനങ്ങള്‍ മാറുകയാണ്. പ്രേമലേഖനങ്ങളുടെ അവസാനകാലം തട്ടിന്‍പുറത്ത് കഴിച്ച് കൂട്ടി, അന്ത്യം ശിവകാശിയിലെ പടക്കകടകളില്‍ വെച്ച് ആവാം. മനസ്സുകളെ ഒന്നിക്കുന്ന, ഹൃദയങ്ങളെ ഒന്നിക്കുന്ന, തീവ്രാനുരാഗം തുളുമ്പുന്ന, പ്രേമലേഖനങ്ങള്‍ കഥകളില്‍ മാത്രമായി ഒതുങ്ങി; പതുക്കെ അപ്രത്യക്ഷമാവുകയാണ്. കാമുകീകാമുകന്മാരുടെ അനുരാഗം അറിയിക്കാനായി വളരെ രഹസ്യമായി എഴുതിയ കത്തുകള്‍ ..അവയെപറ്റിയാണ് ഞാന്‍ ഇവിടെ പറയുന്നത്. കൂട്ടത്തില്‍ ഒരു നാടകം മാറ്റിയ കഥയും.

...

sms,internet, e-mail,chatting, ആദിയായവ ജനിക്കുന്നതിനു മുന്‍പ് കത്തുകള്‍ മാത്രമായിരുന്നു അനുരാഗ സന്ദേശവാഹകര്‍. അതിനു മുന്‍പ് ‘മേഘവും മയൂരവും പ്രാവും’ സന്ദേശ വാഹകരായിരുന്നു.


പ്രേമം ഒരു പീഠനമായി മാറാതിരിക്കാന്‍ ഈ പ്രേമലേഖനങ്ങള്‍ ഒരുപരിധി വരെ സഹായിച്ചിരുന്നു. കത്തുകള്‍ മുതിര്‍ന്നവരുടെ കൈകളില്‍ എത്തിച്ചേരുമ്പോള്‍ പിന്നെ ഊരുവിലക്കായി, നിരീക്ഷണമായി, അടച്ചുപൂട്ടലായി, അടിയായി. അതോടെ വെറുതെ ഒരു തമാശക്കുള്ള പ്രേമവും, കച്ചവടപ്രേമവും(പ്രേമം നടിച്ച് ഒളിച്ചോടി പെണ്ണിനെ വില്‍ക്കുന്ന പീഡനപ്രേമം)അവസാനിക്കും.

...

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കുന്ന കത്തുകളില്‍ പലതും അപകടസൂചന കാണാന്‍ കഴിയും. ‘ഇത് ഞാന്‍ പറയുന്നത് മാത്രമാണ്‘. ഒരിക്കല്‍ പത്താം ക്ലാസ്സിലെ ഒരു പെണ്‍കുട്ടിക്ക് ലഭിച്ച കത്തിന്റെ അവസാന ഭാഗം ‘എല്ലാവരും ഉറങ്ങിയാല്‍ പിന്നിലെ വാതില്‍ തുറന്ന് വീട്ടിനടുത്തുള്ള പുളിമരചോട്ടില്‍ വരണം. ഞാന്‍ കാത്തിരിക്കും’. എഴുതിയത് രണ്ട് കുട്ടികളുടെ പിതാവായ ഓട്ടോ ഡ്രൈവറാണ്. ഇങ്ങനെയുള്ള പ്രേമലേഖനങ്ങള്‍ പലതും അദ്ധ്യാപകരുടെ കൈയില്‍ എത്തിചേരാറുണ്ട്.


ഇനി ഒരു നാടകം കലക്കിയ പ്രേമലേഖനകഥ പറയാം. കലാസാംസ്ക്കാരികമായി ‘കണ്ണൂര്‍ ജില്ലയില്‍‘, ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന, ഏറ്റവും മികച്ച സ്ക്കൂളില്‍, പഠിപ്പിക്കുന്ന കാലം. യുവജനോത്സവത്തിന്‍ ട്രോഫികള്‍ വാരിക്കൂട്ടുന്ന ഹൈസ്ക്കൂള്‍. വിദ്യാര്‍ത്ഥികളുടെ എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ അദ്ധ്യാപകരുടെ ഒരു കൈ എപ്പോഴും കാണും. നാടകമാണെങ്കില്‍; കഥ, തിരക്കഥ, സംഭാഷണം, അഭിനയം എന്നിവ ഉപതൊഴിലാക്കിയ അദ്ധ്യാപകര്‍ സ്ക്കൂളില്‍ തന്നെ ഉള്ളതിനാല്‍ സ്ഥിരമായി ജില്ലയില്‍ ഒന്നാം സ്ഥാനം ഉറപ്പ്. അങ്ങനെ അദ്ധ്യാപകന്‍ എഴുതിയ നാടകം കുട്ടികള്‍ അഭിനയിച്ച് തകര്‍ക്കുകയാണ്.

യുവജനോത്സവവും രണ്ടാം പാദവാര്‍ഷിക പരീക്ഷയും ഒന്നിച്ചായതിനാല്‍ വൈകുന്നേരമാണ് നാടകപരിശീലനം. ഒരു ദിവസം പരീക്ഷ കഴിഞ്ഞു പോകുന്ന ഒരു പെണ്‍കുട്ടി എന്റെ കൈയില്‍ ഒരു നോട്ട്ബുക്ക് തന്നിട്ട് പറഞ്ഞു, “ക്ലാസ്സില്‍ വെച്ച് കളഞ്ഞു കിട്ടിയതാണ്, പേര് ഇല്ലാത്തത്കൊണ്ട് ആരുടേതാണെന്നറിയില്ല ടീച്ചര്‍”. ബുക്കിന്റെ അകവും പുറവും പരിശോധിച്ചപ്പോള്‍ പോസ്റ്റ് ചെയ്യാനായി അഡ്രസ്സ് എഴുതി ഒട്ടിച്ച നീല നിറമുള്ള, ഇന്‍ലന്റ് രൂപത്തിലുള്ള ഒരു കത്ത് വെളിയില്‍ ചാടി. From, To ഇവ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. രണ്ട് പേരും ആണ്‍കുട്ടികള്‍, ഒരേ പോസ്റ്റല്‍ ഏരിയയില്‍- അതില്‍ അയക്കുന്നത് ഹിന്ദു, കിട്ടേണ്ടത് മുസ്ലീം. പ്രശ്നം അതല്ല, ഇതെങ്ങനെ പെണ്‍കുട്ടികളുടെ ക്ലാസ്സില്‍ വന്നു? ഇന്‍ലന്റ് പൊളിക്കാതെ ഓട്ടവീക്ഷണം നടത്തിയപ്പോള്‍ ഉള്ളീല്‍ നിറയേ എണ്ണിയാല്‍തീരാത്ത ചുടുചുംബനങ്ങള്‍. പിന്നെ വൈകിയില്ല, കത്ത് പോളിച്ചപ്പോള്‍ ആളെ പിടികിട്ടി. ആ പ്രേമലേഖനത്തിന്റെ കര്‍ത്താവ്, കര്‍ത്താവിന്റെ ആള്‍ തന്നെ; പത്താം ക്ലാസ്സിലെ കൃസ്ത്യാനി പെണ്‍കുട്ടി. പൂര്‍ണ്ണമായ മതസൌഹാര്‍ദ്ദം.
...
മൂന്ന് പേജുകള്‍ നിറയേ വളരേ ചെറിയ അക്ഷരങ്ങള്‍, ആദ്യ വരി വായിച്ചു. ‘പ്രീയപ്പെട്ട കാമുകന്‍ വായിച്ച് അറിയാന്‍ പ്രിയ കാമുകി എഴുതുന്നത്’ കുഴപ്പമില്ല സാധാരണ പ്രേമം തലയില്‍ കയറിയാല്‍ ഉള്ള അവസ്ഥ. അടുത്ത വരി ‘ഞാന്‍ മെന്‍സസ് ആയി’- ഞാന്‍ അതോടെ വായന നിര്‍ത്തി!!!.
...
പണ്ട് കാലത്ത് ആദ്യമായി ഒരു പെണ്‍കുട്ടി മെന്‍സസ് ആയാല്‍ (വയസ്സറിയിക്കുക എന്ന്‍ പറയും) ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ച് വീട്ടില്‍ ആഘോഷം നടത്താറുണ്ട്. ഇത് അങ്ങനെയുള്ളതാവാന്‍ തരമില്ല. അപ്പോള്‍ പിന്നെ….ബാക്കി കൂടി വായിച്ചപ്പോള്‍ പിടികിട്ടി. സ്ക്കൂളില്‍ സ്പെഷ്യല്‍ ക്ലാസ്സ് എന്ന് വീട്ടില്‍ പറഞ്ഞ് സ്പെഷ്യലായി ആഴ്ചയില്‍ ഓരോ ഉല്ലാസയാത്ര നടത്തിയ കാര്യം ആരും അറിഞ്ഞിട്ടില്ലെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. പിന്നെ അവസാനം ഒരു അറിയിപ്പ്, ‘സ്ക്കൂളിലെ നാടകത്തിലെ നായിക ഞാനാണ്. രാത്രി നാടകം കഴിഞ്ഞതിനു ശേഷം നമുക്ക് ഈ നാട്ടില്‍ നിന്നും ഒളിച്ചോടാം’. അപ്പോള്‍ ഇത് നാടകത്തിലെ നായിക തന്നെ രചനയും സംവിധാനവും നിര്‍വഹിച്ചതാണ്.


ലൌലറ്റര്‍ ചര്‍ച്ച ചെയ്യാന്‍ പിറ്റേദിവസം അടിയന്തിര സ്റ്റാഫ് കൌണ്‍സില്‍ വിളിച്ചു. പെണ്‍കുട്ടിയെ വിളിച്ച് രക്ഷിതാവിനെ വരുത്തി ബോധവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. നാടകത്തിലെ നായികയെ മാറ്റണമെന്ന് അദ്ധ്യാപകര്‍. എന്നാല്‍ ഹെഡ് മാസ്റ്റര്‍ക്ക് ഒരൊറ്റ അഭിപ്രായം മാത്രം; ‘ഇനി പെണ്‍കുട്ടികള്‍ ഇല്ലാത്ത നാടകം മതി’. അതോടെ പുതിയ നാടകം എഴുതി, സംവിധാനം ചെയ്തു-ആണ്‍കുട്ടികള്‍ മാത്രമുള്ള നാടകം-തിരക്കിട്ട പരിശീലനം.
...

പെട്ടെന്ന് തട്ടികൂട്ടിയ നാടകമാണെങ്കിലും ഒന്നാം സ്ഥാനം നമുക്ക് തന്നെ കിട്ടി. പിന്നെ പെണ്‍കുട്ടിയുടെ കാര്യമോ? അവള്‍ നാടകാഭിനയം നിര്‍ത്തി, ഒന്നും സംഭവിക്കാത്ത മട്ടില്‍ മറ്റു കുട്ടികളോടൊപ്പം പഠിച്ച് SSLC പരീക്ഷ പാസായി.

5 comments:

  1. കൊള്ളാമല്ലോ ഇപ്പോഴത്തെ പിള്ളേര്‍..!!
    നല്ല പോസ്റ്റ്.

    ReplyDelete
  2. ഞെട്ടിപ്പോയി

    ReplyDelete
  3. http://tharjani.blogspot.com/2008/09/blog-post.html


    ഇവിടെ പോയി ബ്ലോഗ്‌ ലിസ്റ്റു ചെയ്യൂ...
    വായനക്കാര്‍ ഉണ്ടാകും...

    ReplyDelete
  4. നാം ഇപ്പോഴും തുള വീണ വള്ളത്തിലെ വെള്ളം കോരുന്ന തിരക്കിലാണ്. ഒരിക്കലും ആ തുള അടച്ചു കളയാന്‍ ശ്രമിക്കുന്നില്ല. അടിസ്ഥാനപ്രശ്നങ്ങളെ അല്ല നാം ചികിത്സിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്ത നാടകം ആണോ പരിഹാരം?

    ആണ്‍കുട്ടികളും പെണ്‍കുട്ടികളേയും നാം ചെറുപ്പം മുതല്‍ക്കേ വിവേചനത്തിന്റെ ലോകത്താണ് വളര്‍ത്തുന്നത്. ആണും പെണ്ണും തീപ്പെട്ടിയും തീയുമായുമെല്ലാം ഉപമിച്ച് അതിനനുസരിച്ച് അവരെ പേടിപ്പിച്ച് തരം തിരിച്ച് വളര്‍ത്തുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ തീര്‍ച്ചയായും തല പൊക്കും. എന്താണ് മനുഷ്യന്‍ എന്നത് അറിയാനുള്ള അവസരം നാം അവര്‍ക്ക് നല്‍കുന്നില്ല. അവരെ നാം ആണ്‍കുട്ടികളായും പെണ്‍കുട്ടികളായും മാത്രമാണ് കാണുന്നത്. അവരെ കുട്ടികളായി കാണുക. കുട്ടികള്‍ ചെയ്യേണ്ടതെന്തും അവര്‍ ഒരുമിച്ച് ചെയ്യട്ടെ. അത് കളിയായാലും പഠനമായാലും. ക്രിക്കറ്റ്, ഫുട്ബാള്‍, വോളിബാള്‍, ബാറ്റ്മിന്റണ്‍ തുടങ്ങിയ കളികള്‍ക്ക് ടീമുണ്ടാക്കുമ്പോള്‍ അതില്‍ ആണ്‍കുട്ടികള്‍ മാത്രമോ പെണ്‍കുട്ടികള്‍ മാത്രമോ അല്ല വേണ്ടത്. കുട്ടികളാണ് വേണ്ടത്.(ഇത് വളരെ ചെറിയ ഒരുദാഹരണം മാത്രം) പരസ്പരം ഇടപഴകാനുള്ള അവസരങ്ങള്‍ ഇന്നവര്‍ക്കില്ല.ആ അവസരങ്ങള്‍ വരുമ്പോള്‍ തീര്‍ച്ചയായും മനുഷ്യബന്ധങ്ങളുടേയും സൌഹൃദങ്ങളുടേയും വില അവര്‍ മനസ്സിലാക്കും. പരസ്പരം ചതിക്കാന്‍ മറ്റ് സുഹൃത്തുക്കള്‍ അന്ന് അനുവദിക്കില്ല. ജീവിതപരിജ്ഞാനമുണ്ടെന്ന് അഹങ്കരിക്കുന്ന മുതിര്‍ന്ന തലമുറയേക്കാള്‍ നമുക്കവരെ വിശ്വസിക്കാം. അതിനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്താല്‍ മാത്രം മതി..

    ആത്മഹത്യ തടയാന്‍ കയര്‍ നിരോധിക്കുന്ന പ്രഹസനമല്ലേ നാം ഇന്ന് കാണിക്കുന്നത്? HM ചെയ്തതും അതാണെന്നേ ഞാന്‍ പറയൂ....

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.