“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 25, 2009

25. സമരമാണഖിലസാരമൂഴിയില്‍സമരങ്ങളുടെ നാടാണ് കേരളം. അതില്‍തന്നെ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ലയ്ക്കാണ്. ഖരാവോ, പിക്കറ്റിങ്ങ്, പഠിപ്പ് മുടക്ക്, പണിമുടക്ക്, ഹര്‍ത്താല്‍, ബന്ദ്, തുടങ്ങി പല പേരുകളില്‍, പല രൂപത്തില്‍ അവന്‍ (സമരം) വരാറുണ്ട്. എല്ലാം ഒന്ന് തന്നെ.

സമരത്തിനിടയില്‍ നിങ്ങള്‍ വഴി തെറ്റി എത്താറുണ്ടോ?

ദൂരെ യാത്ര ചെയ്ത് തിരിച്ചു വരുമ്പോള്‍ വാഹന പണിമുടക്കില്‍ കുടുങ്ങിയിട്ടുണ്ടോ?

ഏതെങ്കിലും പാര്‍ട്ടിയുടെ ജാഥ മുറിച്ചു കടക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

കല്ലേറിന്റെയോ ലാത്തിചാര്‍ജ്ജിന്റെയോ ഇടയില്‍ കുടുങ്ങിയിട്ടുണ്ടോ?

എങ്കില്‍ നല്ല ഒരു അനുഭവം ആയിരിക്കും. ഒപ്പം അപകടം കൂടി ഉണ്ടെങ്കില്‍ അത് ജീവിതത്തില്‍ മറക്കാനാവാത്ത സംഭവം ആയിരിക്കും. ഇവിടെ പുരുഷന്മാര്‍ മാത്രം അരങ്ങ് കൈയടക്കുന്നതിനാല്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ പ്രത്യേക നോട്ടപ്പുള്ളികളായി മാറുന്നു. പേടിച്ച് ഒറ്റപ്പെടുന്ന അവസരത്തില്‍ ചേച്ചീ, പെങ്ങളേ, അമ്മേ, മോളേ എന്നെല്ലാം വിളിച്ച് സഹായിക്കാന്‍ പുരുഷന്മാരുടെ ഒരു നിര തന്നെ ചിലപ്പോള്‍ ഉണ്ടാവും. പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പങ്കെടുക്കാത്ത സമരങ്ങളില്‍ പങ്കാളിയാവുക; അപ്പോള്‍ അനുഭവം ഗുരുനാഥനായി മാറി നമ്മെ പലതും പഠിപ്പിക്കും.


സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥിസമരങ്ങളുടെ വേലിയേറ്റമായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിദ്യാര്‍ത്ഥി സമരവും ലാത്തിചാര്‍ജ്ജും കണ്ടത്. സ്ക്കൂളിനു സമീപം റോഡില്‍ വെച്ച് ആണ്‍കുട്ടികളെ പോലീസ് അടിച്ച് ഓടിക്കുന്നത് കണ്ട ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ ഇതു വരെ കാണാത്ത പുതിയ വഴികളിലൂടെ ഓടി രക്ഷപ്പെട്ടു. രംഗം ശാന്തമായപ്പോള്‍ ‘തിരിച്ചു ശരിയായ വഴിയിലെത്താന്‍ ഒരുപാട് സമയം വേണ്ടി വന്നു’. അങ്ങനെ കോളേജിലെത്തിയപ്പോള്‍ സമരങ്ങളുടെ രൂപവും ഭാവവും മാറി. സമരക്കാര്‍ വന്ന് പുസ്തകങ്ങള്‍ കീറി എറിഞ്ഞിട്ടുണ്ട്. ലാത്തിചാര്‍ജ്ജിനും കല്ലേറിനും ഇടയില്‍ നിന്ന് രക്ഷപ്പെടാനായി അന്തരീക്ഷം ശാന്തമാവുന്നത് വരെ ലാബിലും ക്ലാസ്സ് മുറികളിലും ഒളിച്ചിരുന്നിട്ടുണ്ട്. ‘അന്നത്തെ സമരക്കാരില്‍ ചിലര്‍ ഇന്ന് നേതാക്കളും മന്ത്രിയും ആയി തലയുയര്‍ത്തി പറക്കുന്നുണ്ട്‘.


ഇനി യാത്രാ സമരങ്ങള്‍ ; ജോലി ലഭിച്ചതു മുതല്‍ കേഷ്വല്‍ ലീവില്‍ പകുതി സമരത്തിനു വേണ്ടിയാണ്; അതിന്റെ പകുതി രോഗത്തിന്; ബാക്കി ലീവ് ബാലന്‍സ് ആയി ഇപ്പോഴും കിടക്കുന്നു. ധാരാളം KSRTC ബസ് ഓടുന്ന സ്ഥലത്തായിരുന്നു ആദ്യം ജോലി ലഭിച്ചത്. കണ്ണൂരില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര. പ്രൈവറ്റ് ബസ് സമരം ഉള്ളപ്പോള്‍ കണ്ണൂര്‍ ബസ് സ്റ്റാന്റിലെത്തി സ്ക്കൂള്‍ വഴി പോകുന്ന സര്‍ക്കാര്‍ ബസിനെ കാത്ത്നില്‍ക്കും. അപ്പോഴായിരിക്കും ഞാന്‍ ആദ്യം പറഞ്ഞ സഹോദരങ്ങളുടെ വരവ്. “പെങ്ങളെ ഇന്ന് ബസ് സമരമാണ് ; ഇവിടെ നിന്നിട്ട് കാര്യമില്ല. എങ്ങോട്ടാണ് പോകേണ്ടത്? ഓട്ടോ വേണോ? ആ വഴിക്ക് ജീപ്പ് ഉണ്ട്”;

ഈ ചോദ്യങ്ങളില്‍ അക്കാലത്ത് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നതായി എനിക്കു തോന്നിയിട്ടില്ല. ബസ് സ്റ്റാന്റില്‍ ഒരു യുവതി പരുങ്ങി നില്‍ക്കുമ്പോള്‍ അവര്‍ക്ക് വെറും ഒരു കൌതുകം മാത്രം.


യാത്രാജീവിതത്തില്‍ എന്നെന്നും ഓര്‍ക്കുന്ന ദിനമാണ് 1984 ഒക്റ്റോബര്‍ 31. ആരും പ്രഖ്യാപിച്ചില്ലെങ്കിലും ഹര്‍ത്താലായി മാറിയ ദിവസം. ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഇടതും വലതും നടക്കുന്ന സംരക്ഷകരുടെ കൈയ്യാല്‍ വെടിയേറ്റ് മരിച്ച ദിവസം. ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്ക സീനിയര്‍ അദ്ധ്യാപകന്‍ വന്ന് ദേശീയ ദുരന്തം പറയുന്നു.
“ടീച്ചറേ, വേഗം പുറപ്പെട്ട് ആദ്യം കാണുന്ന ബസ്സില്‍ കയറിക്കോ, ഇപ്പോള്‍ രണ്ട് മണി; ഹര്‍ത്താലും ബന്ദും വരുന്നതിനു മുന്‍പ് പെട്ടെന്ന് വീട്ടിലെത്തിക്കോ”
“അപ്പോള്‍ കണ്ണൂരിലേക്ക് പോകേണ്ട മറ്റുള്ളവരോ?”
“ ഓ അവര്‍ നാലുപേരും ട്രെയിനില്‍ സീസണ്‍ ടിക്കറ്റുകാരല്ലെ, ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ട്രെയിന്‍ പിടിക്കാനായി ഓടി”.
കണ്ണൂരിലേക്ക് പോകേണ്ട നാല് പുരുഷന്മാര്‍ എന്റെ സഹ അദ്ധ്യാപകരാണ്. നാലും സീസണ്‍ ടിക്കറ്റ്. അപകട ഘട്ടത്തില്‍ നാല് പുരുഷകേസരികളും എന്നെ തനിച്ചാക്കി ഓടിക്കളഞ്ഞു. ഞാന്‍ ബസ് സ്റ്റോപ്പില്‍ വന്നപ്പോള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്, മൂന്ന് യാത്രക്കാരുമായി വരുന്നു. പരിചയക്കാരായതിനാല്‍ എന്നെ കണ്ടപ്പോള്‍ ബസ് നിര്‍ത്തി;
“ടീച്ചറേ,യാത്രക്കാരെ കയറ്റരുതെന്നാണ് ഹര്‍ത്താലുകാര്‍ പറഞ്ഞത്; ഞങ്ങളിത് അടുത്ത സ്റ്റോപ്പില്‍ ഓട്ടം നിര്‍ത്തുമെന്ന് പറഞ്ഞാണ് ഇറങ്ങിയത്, ഏതായാലും കയറിക്കോ, വരുന്നിടത്തു വെച്ച് കാണാം”.

‘വരുന്നിടത്തു വെച്ച് കാണാം’ എന്ന് പറഞ്ഞ് ഞാന്‍ ആ ബസ്സില്‍ കയറി.
ബസ്സില്‍ യാത്രക്കാരായ പുരുഷന്മാര്‍ മൂന്നു പേരുണ്ട്. അവര് ബസ് മുതലാളിയാണ്, ബന്ധുവാണ് എന്നൊക്കെ പറയാം. പക്ഷെ… ഒരു വനിതയായ ഞാന്‍ എങ്ങനെ യാത്രക്കാരിയല്ലാതാവും! കണ്ടക്റ്റര്‍ ഒരു കാര്യം ചെയ്തു; ‘ബസ്സിന്റെ രണ്ട് കര്‍ട്ടനും അഴിച്ചിട്ടു‘.
അടുത്ത സ്റ്റോപ്പില്‍ എത്തി, വടിയുമായി ആളുകള്‍ അടുത്തു വരുന്നതിനു മുന്‍പ് കിളി വിളിച്ചു പറഞ്ഞു; “ഇതേയ് ഞങ്ങള്‍ വര്‍ക്ക് ഷാപ്പിലേക്ക് പോകുന്ന വണ്ടിയാ”

അങ്ങനെ ഓരോസ്ഥലത്തു വെച്ചും വര്‍ക്ക് ഷാപ്പിന്റെ പേര് പറഞ്ഞ് ഒടുവില്‍ കണ്ണൂരില്‍ എത്തി.
കണ്ണൂരില്‍ കടകളെല്ലാം അടച്ചിരിക്കുന്നു. ബസ്സ്സ്റ്റാന്റ് നിറയേ യാത്രക്കാര്‍. പോലീസ് ഇടപെടുന്നുണ്ട്. ഏതാനും ബസ് യാത്രക്ക് തയ്യാറുണ്ട്. അങ്ങനെ നാട്ടിലേക്കുള്ള ബസ്സില്‍ ഞാനും കയറി ഒടുവില്‍ വീട്ടിലെത്തി.


ഇനി അദ്ധ്യാപക സമരം; അത് ശരിക്കും വിശ്രമകാലമാണ്; പ്രത്യേകിച്ചും കരിങ്കാലിപ്പണി ചെയ്യുന്നവര്‍ക്ക് . അധ്യയനം നടക്കുകയില്ല. സമരക്കാര്‍ നിത്യേന സമരം നടത്തുന്നു. സമരത്തില്‍ പങ്കെടുത്ത് വിശ്രമിച്ചവര്‍ക്ക് കൂലി കിട്ടാതാവുന്നു; എന്നാല്‍ സമരത്തില്‍ പങ്കെടുക്കാതെ വിശ്രമിച്ചവര്‍; ‘മുഴുവന്‍ കൂലിയും കൈ നീട്ടി വാങ്ങുന്നു’. രക്ഷിതാക്കളെ ഭയപ്പെടണമെന്നല്ലാതെ വലിയ അപകടമൊന്നും ഇല്ല.


വിദ്യാര്‍ത്ഥി സമരങ്ങളുടെ അന്തരീക്ഷം അത്ര ശാന്തമല്ല. തലേദിവസം സാറിന്റെ മുന്നില്‍ തല കുനിച്ച് കൈ നീട്ടി കൈവെള്ളയില്‍ ചൂരല്‍കഷായം ഏറ്റുവാങ്ങിയ ശിഷ്യന്‍, സമരമുഖത്ത് അതേ സാറിന്റെ മുന്നില്‍ സിംഹത്തെപോലെ അലറും. ഇതില്‍തന്നെ രാഷ്ട്രീയവും പ്രാദേശികവും കാണപ്പെടും. ഒരിക്കല്‍ പത്രങ്ങളിലൊന്നും കാണാത്ത ഒരു സമരം സ്ക്കൂള്‍ ഓഫീസിനു മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ കാര്യം ചോദിച്ചു. മറുപടി ഒരു ഭീഷണി ആയിരുന്നു. “ടീച്ചര്‍ ക്ലാസ്സില്‍ പോയി പഠിപ്പിച്ചാല്‍ മതി. ഇത് ഞങ്ങളുടെ കാര്യം, ഞങ്ങള്‍ നോക്കിക്കൊള്ളും”.


ഏതാനും വര്‍ഷം ആണ്‍കുട്ടികള്‍ മാത്രമുള്ള സ്ക്കൂളില്‍ പഠിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. റോഡിന്റെ ഒരു വശത്ത് ‘boys high school’; മറുവശത്ത് ‘girls high school’ ഇക്കരെയക്കരെ. ആണ്‍കുട്ടികള്‍ക്ക് റോഡും അതിലൂടെ നടന്ന് പോകുന്ന പെണ്‍കുട്ടികളെയും കാണാം. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് സ്ക്കൂളിനും റോഡിനും ഇടയില്‍ വലിയ മതിലുണ്ട്. സമര ദിവസം ആണ്‍കുട്ടികള്‍ ആദ്യം സ്വന്തം സ്ക്കൂള്‍ അടപ്പിച്ച ശേഷം ആവേശത്തോടെ പെണ്‍ പള്ളിക്കൂടത്തിലേക്ക് സമരിക്കാന്‍ ഇരച്ച് കയറും. ഇവിടെ ആണ്‍കുട്ടികള്‍ അതിരാവിലെ പത്രം വായിക്കാന്‍ തിരക്ക് കൂട്ടും. അതറിഞ്ഞിട്ട് വേണം സമരം ചെയ്യാന്‍.
.

ഒരു പെരുന്നാള്‍ കഴിഞ്ഞതിന്റെ പിറ്റേദിവസം boys high school ല്‍ ഉഗ്രന്‍ സമരം. പത്രത്തിലൊന്നും കാണാത്ത സമരം. അവര്‍ക്ക് പെരുന്നാളിന് കൂടുതല്‍ അവധി വേണം; ആവശ്യം ന്യായമാണ്.…അവര്‍ മുദ്രാവാക്ക്യം വിളിക്കുന്നു...
.
‘ഓണത്തിനെന്താ പത്തീസം,
ഞങ്ങള്‍ക്കെന്താ രണ്ടീസം.
പപ്പടം പൊടിക്കാന്‍ പത്തീസം,
കെയിക്ക് മുറിക്കാന്‍ പത്തീസം,
കൊട്ട് കടിക്കാന്‍ നേരമില്ല‘.
.
സമരത്തില്‍ പങ്കെടുക്കുന്നത് പെരുന്നാള്‍ ആഘോഷിച്ചവരെക്കാള്‍ കൂടുതല്‍ ആഘോഷിക്കാത്തവരാണ്. സമരക്കാരെയും മണിയടിക്കുന്ന സമയവും നോക്കി ‘പഴുത്ത മാങ്ങ കണ്ട കാക്കയെ പോലെ ക്ലാസ്സില്‍ കയറാതെ നില്പാണ് മറ്റ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും’. എന്നാല്‍ ആ ദിവസം പുതിയതായി വന്ന ഹെഡ് ടീച്ചറുടെ ചൂരലും നാവിലെ സാഹിത്യവും ഒന്നിച്ചപ്പോള്‍ സമരക്കാരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നിരാശയോടെ ക്ലാസ്സിലിരുന്ന് ‘പഠിക്കാനും പഠിപ്പിക്കാനും’ തുടങ്ങി.


ഇനി ഒരു കല്ലേറിന്റെ അഭിമുഖം. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ക്കെല്ലാം മുഖ്യശത്രു അദ്ധ്യാപകരാണ്. സ്ക്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഞങ്ങള്‍ രണ്ട് ടീച്ചേര്‍സ് - ഒന്ന് ഞാന്‍, രണ്ട് കായികഅദ്ധ്യാപിക – സ്ക്കൂളിന്റെ മുന്നിലുള്ള സ്റ്റേജിലെ ബഞ്ചിലിരുന്ന് ഇലക് ഷനു ശേഷമുള്ള രംഗം നിരീക്ഷിക്കുകയാണ്. ജയിച്ചവര്‍ ജാഥ നടത്തുന്നു; തോറ്റവര്‍ അവരെ കൂവി തോല്പിക്കുന്നു. പെട്ടെന്ന് ഒരു വലിയ കല്ല് ഞങ്ങള്‍ രണ്ടു പേരുടെയും ചെവിയുടെ മുകളിലൂടെ ചെവി തുളക്കുന്ന ശബ്ദത്തില്‍ പറന്നുയര്‍ന്ന് പിന്നിലെ മതിലില്‍ തട്ടി പൊട്ടിചിതറി. കല്ലിന്റെ ലക്ഷ്യം ഞങ്ങളല്ല; ഞങ്ങളുടെ പിന്നില്‍ നിന്ന് കൂവിക്കൊണ്ടിരിക്കുന്ന സഹപാഠിയാണ്. ഗ്രൌണ്ടിലെ ജാഥയിലെ ജയിച്ചവന്‍ തോറ്റവനെ എറിഞ്ഞതാണ്. എന്നാല്‍ കല്ല് മതിലില്‍ തട്ടിയ നിമിഷം തന്നെ ഞാന്‍ സ്ഥലം വിട്ടു. കായികം നോക്കുമ്പോള്‍ എന്റെ പൊടി പോലും കാണാനില്ല. അവര്‍ എറിഞ്ഞവനെ പിടിക്കാനായി ഗ്രൌണ്ടിലിറങ്ങി; ഞാന്‍ വീട്ടില്‍ പോകാനും ഇറങ്ങി. അങ്ങനെ സമരചരിതം തുടരുന്നു….

പിന്‍ കുറിപ്പ്:


  1. അക്കരെയിക്കരെ boys,girls ഹൈ സ്ക്കൂളുകള്‍. ഇതില്‍ boys high school ന്റെ കിഴക്ക് റെയില്‍പാളവും പടിഞ്ഞാറ് റോഡും ഉണ്ട്. girls high school തുറക്കുന്നതും അടക്കുന്നതും അര മണിക്കൂര്‍ മുന്നിലാണ്.(9.30 - 3.30) അക്കാലത്ത് boys high school ല്‍ നാലാമത്തെയും ഏഴാമത്തെയും പിരീഡ് റോഡ് സൈഡിലെ ക്ലാസ്സിലെ ശിഷ്യഗണങ്ങളുടെ മീശ മുളച്ചതും മുളക്കാത്തതുമായ തല മുഴുവന്‍ വടക്കുനോക്കിയന്ത്രം പോലെയായിരിക്കും. അദ്ധ്യാപകന്‍ ബലം പ്രയോഗിച്ച് തല നേരെയാക്കിയാലും വീണ്ടും സൂചി കറങ്ങും..റോഡിനു നേരെ.

  2. മുദ്രാവാക്ക്യം കേട്ടത് മാത്രമാണ് എഴുതിയത്. ഒരു ചെവിയില്‍ കേട്ട് മറു ചെവിയിലൂടെ പുറത്തു പോയത് ഞാന്‍ കേട്ടിട്ടില്ല.

  3. പത്രത്തില്‍ വിദ്യാര്‍ത്ഥിസമര വാര്‍ത്ത ഉണ്ടായാല്‍ ലെയിറ്റ് ആയി വരുന്ന അദ്ധ്യാപകരുണ്ട്. അങ്ങനെ ഒരു ടീച്ചര്‍ പത്രവാര്‍ത്ത വിശ്വസിച്ച് 11.30 ന് വരുമ്പോള്‍ സ്ക്കൂളില്‍ സമരമില്ല. തുടര്‍ന്ന് ആദ്യം കണ്ട കുട്ടിയോട് അരിശം തീര്‍ത്തു; “ ഒരു സമരം ചെയ്യാനറിയാതെ നീയൊക്കെ എന്തിനാടാ പഠിക്കുന്നത്?”June 20, 2009

24. അവര്‍ സ്ലം dogs ഞങ്ങള്‍ മില്ലിയനിയര്‍


സ്ക്കൂളിന്റെ ഗെയിറ്റ് കടന്നപ്പോള്‍ തന്നെ അവരെ കണ്ടു; ഇന്നും ആ സ്ത്രീ സ്ക്കൂളില്‍ വന്നിട്ടുണ്ട്. രണ്ട് ദിവസമായി അവര്‍ ഓഫീസിനു മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. മുഷിഞ്ഞ സാരിയും ബ്ലൌസും ധരിച്ച് കാലില്‍ ഒരു പഴയ ഹവായി ചെരിപ്പ് പോലുമില്ലാത്ത ആ സ്ത്രീയുടെ ദയനീയമായ മുഖത്ത് നോക്കിയാല്‍ അവരുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും വായിച്ചെടുക്കാം. എന്നാല്‍ മനസ്സിനെ മാര്‍ബിളാക്കി മാറ്റിയ അദ്ധ്യാപകരെല്ലാം ആ പാവത്തെ അവഗണിച്ച്, പതിവു പോലെ വിദ്യ കൊണ്ടുള്ള അഭ്യാസം നടത്തുകയാണ്.


‘മകളെ ഞങ്ങളുടെ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ ചേര്‍ക്കണം’ ആ അമ്മയുടെ ആവശ്യം വളരെ ന്യായമാണ്. മുന്‍പ് പഠിച്ച സ്ഥാപനത്തില്‍ നിന്ന് ടീസിയുമായി വന്നാല്‍ ജൂലായ് മാസമാണെങ്കിലും സര്‍ക്കാര്‍ സ്ക്കൂളില്‍ ചേര്‍ക്കുകയും പഠിപ്പിക്കുകയും വേണം, അതാണ് നിയമം. ഹെഡ് മാസ്റ്റര്‍ ചേര്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍ അവളെ പഠിപ്പിക്കേണ്ട അദ്ധ്യാപകര്‍ ഒരു വിധത്തിലും സമ്മതിക്കുന്നില്ല. ‘എട്ടാം തരം മുതല്‍ ഇവിടെ പഠിക്കാതെ പിന്നെ പത്തിലെത്തിയപ്പോള്‍ എന്തിന് ഇവിടെ ചേരണം?’ എന്നാണ് അവര്‍ ചോദിക്കുന്നത്. ‘ഇവിടെ ഹെഡ് മാസ്റ്റര്‍ക്ക് സ്വന്തം അധികാരം പ്രയോഗിക്കാം. എന്നാല്‍ സഹപ്രവര്‍ത്തകരെ പിണക്കി കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല’.


അങ്ങനെ മൂന്നാം ദിവസം പത്ത് മണിക്ക് -‘ഒന്നാമത്തെ പിരീഡ് ക്ലാസ്സില്ലാത്തതിനാല്‍ സ്റ്റാഫ് റൂമിലിരുന്ന് നുണ പറയുന്ന ഏതാനും ലേഡീ ടീച്ചേര്‍സ്‘- ആ സ്ത്രീയോട് പ്രശ്നങ്ങള്‍ തിരക്കി. ‘അവരുടെ മകള്‍ അടുത്തുള്ള പ്രൈവറ്റ്-എയിഡഡ്- സ്കൂളില്‍ പത്താം തരത്തില്‍ പഠിക്കുകയാണ്. (നമ്മുടെ മുഖ്യ ‘ശത്രു സ്ഥാപനം‘) സ്ക്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞു. ഒരു ദിവസം വൈകുന്നേരം സ്ക്കൂളില്‍ പോയി തിരിച്ചു വന്ന മകള്‍ പറയുന്നു; അമ്മേ ഞാനിനി ആ സ്ക്കൂളിലേക്കില്ല’. കാരണം എത്ര ചോദിച്ചിട്ടും പറയുന്നില്ല. അവിടെ നിന്നും മാറ്റി ചേര്‍ക്കണം. ഒരു മകള്‍ മാത്രമാണ്, കൂലിവേല ചെയ്ത് അമ്മ അവളെ പോറ്റുകയാണ്. അച്ഛനെപറ്റി ചോദിച്ചത് നിര്‍ത്താതെയുള്ള കരച്ചിലിലാണ് അവസാനിച്ചത്. അങ്ങനെ വനിതകള്‍ ഇടപെട്ട് പ്രശ്നം മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തു. ഒരു കുട്ടിയെ കൂടി പത്തില്‍ അധികമായി ചേര്‍ക്കാമെന്ന തീരുമാനമായി. ‘നാളെ മകളും ടീസിയും പുസ്തകവുമായി വന്നാല്‍ സ്ക്കൂളില്‍ ചേര്‍ക്കാമെന്ന്’ പറഞ്ഞപ്പോള്‍ ആ അമ്മ കൈ കൂപ്പികൊണ്ട് പറഞ്ഞു,

“ടീച്ചറേ, ഞങ്ങള്‍ കോളനിയിലെ കുടിലിലാണ് താമസം. അവിടെ പകല്‍ സമയത്ത് പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് വീട്ടില്‍ നില്‍ക്കാനാവില്ല. എനിക്ക് കൂലിപ്പണിക്ക് പോകണം. എന്റെ മകളെ അപകടത്തില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെടുത്തി”.
കോളനി,,

ലക്ഷങ്ങളും കോടികളും ഒഴുകുന്ന ഹൌസിങ്ങ് കോളനികള്‍ വരുന്നതിനു മുന്‍പേ ഈ ഗ്രാമീണ കോളനികള്‍ ഉണ്ട്. തെരുവിലുള്ളവരെ പുനരധിവസിപ്പിച്ച ഒരു സെന്റ് സ്ഥലത്തെ വീടുകളാണ് ഇവ. മണ്ണും ഓലയും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച ചെറിയ കൊട്ടാരങ്ങളാണവ. എല്ലാ ജാതിയും മതവും ഭാഷയും ഇവിടെ ഉണ്ട്. അവര്‍ ഒന്നിച്ച് ചേര്‍ന്നാല്‍ സംസാരിക്കുന്നത് ‘മനുഷ്യ പിറവിക്കു മുന്‍പുള്ള ഭാഷ’ ആയിരിക്കും. എന്നാല്‍ അദ്ധ്യാപകരുടെ മുന്നിലെത്തിയാല്‍ ശുദ്ധ മലയാളം പറയും. സ്ക്കൂളിനു സമീപമുള്ള മൂന്ന് കോളനികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് കൈവന്നിട്ടുണ്ട്. ഒരു പ്രത്യേക ലോകം. അവിടെയുള്ള സ്ലം dogs കളെ ഞങ്ങള്‍ പഠിപ്പിക്കുന്നു. പിന്നെ അവര്‍ SSLC പാസാവുമ്പോള്‍ മില്ലിയനിയര്‍ ആവുന്നത് ഞങ്ങളാണ്.

എനിക്ക് ചാര്‍ജ്ജുള്ള പത്താം ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന പെണ്‍കുട്ടിയെ രണ്ട് ദിവസം കണ്ടില്ല. കാരണം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു, ‘അവളുടെ വീട് ശക്തമായ മഴയില്‍ തകര്‍ന്നു വീണു’. ക്ലാസ്സ് ടീച്ചറെന്ന നിലയില്‍ ഏതായാലും പോകണം. ഉച്ച ഭക്ഷണത്തിനു ശേഷം തകര്‍ന്ന വീട് കാണാന്‍ പരിചയമുള്ള ഒരു പെണ്‍കുട്ടിയേയും കൂട്ടി ഒരു ഓട്ടോയില്‍ കയറി നേരെ വീട് സ്ഥിതി ചെയ്യുന്ന കോളനിക്കു മുന്നില്‍ ഇറങ്ങി. ഒറ്റയ്ക്കാണോ വീട് സന്ദര്‍ശനം എന്ന് ചോദിക്കാം. അതെ, മിക്കവാറും ഒറ്റയ്ക്ക്, മറ്റുള്ള അദ്ധ്യാപകരെ ഉപദ്രവിക്കാതെയാണ് എന്റെ യാത്രകള്‍.

ഓട്ടോയില്‍ നിന്ന് ഇറങ്ങി ‘ഗൈഡിന്റെ’ പിന്നാലെ ഞാന്‍ നടന്നു. ചുറ്റുപാടും ഇഷ്ടികയും ഓലയും പ്ലാസ്റ്റിക്കും തകരവും കൊണ്ടു മറച്ച ‘കൊച്ചു കൊച്ചു കുടിലുകള്‍,. ഒരു കുടിലിന്റെ മറ നീക്കി രണ്ട് പെണ്‍കുട്ടികള്‍ പുറത്ത് വന്ന് ‘ടീച്ചറേ’ എന്ന് വിളിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ്, ആകെ മുഷിഞ്ഞ വേഷം, അവര്‍ ഓടി വന്ന് എന്റെ കൈ പിടിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. ഉള്ളില്‍ നിന്ന് പെണ്‍കുട്ടികള്‍ പുറത്ത് വന്നത് കൊണ്ടാണ് അത് ഒരു വീടാണെന്ന് എനിക്ക് മനസ്സിലായത്. അവരോട് സംസാരിച്ചു കൊണ്ട് ഞാന്‍ അല്പം കൂടി നടന്നപ്പോള്‍ തകര്‍ന്ന വീടിന്റെ ഉടമയായ ശിഷ്യയെ കണ്ടെത്തി. അവള്‍ ഇപ്പോള്‍ തൊട്ടടുത്ത വീട്ടിലാണ് താമസം.

“തകര്‍ന്ന വീട് നാളെ പുതുക്കി പണിയും,അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയാണ്” അതും പറഞ്ഞ് അവള്‍ വീടിന്റെ തകര്‍ച്ച കാണിച്ചുതന്നു.

അവളുടെ തകര്‍ന്ന വീടെന്ന് പറയുന്നത് ഒരു മണ്‍കൂനയും ഏതാനും മരവും ഓലയും മാത്രമുള്ളതാണ്. അപ്പോള്‍ രാത്രി വീട് തകര്‍ന്നിട്ടും ആര്‍ക്കും പരിക്ക് പറ്റാത്തതിന്റെ രഹസ്യം എനിക്കു മനസ്സിലായി. തിരിച്ചു വരുമ്പോള്‍ ഒരു കാര്യം മാത്രമാണ് ചിന്തിച്ചത്, ‘കൌമാരപ്രായത്തിലുള്ള പെണ്‍കുട്ടി അടുത്ത വീട്ടില്‍ താമസ്സിക്കുന്നു. ഓലകൊണ്ട് മറച്ച ആ ഒറ്റ് മുറി വീട്ടിലാണെങ്കില്‍ കുട്ടികളും യുവാക്കളും പ്രായമായവരും അടക്കം പതിനൊന്ന് പേരുണ്ട്. അപ്പോള്‍ ഇവിടെ പെണ്‍കുട്ടികളുടെ സുരക്ഷിതത്ത്വം ഒരു സങ്കല്പം മാത്രമാണ്.

ഇനി ഒരു മേയ് മാസ അവധിക്കാല വിശേഷം. പതിവു പോലെ ഈ അവധിക്കാലത്തും എട്ടാം ക്ലാസ്സ് അഡ് മിഷനു വേണ്ടി കുട്ടികളെ കണ്ടുപിടിക്കുന്ന തിരക്കിലാണ്. സ്ക്കൂളില്‍ ചേരാനായി കുട്ടികളെ കണ്ടെത്തുക; ഇപ്പോള്‍ അതൊരു ശീലമായി മാറി. ‘മറ്റുള്ളവര്‍ കുട്ടികളെ കാന്‍വാസ് ചെയ്യുമ്പോള്‍ ഗവ്ണ്മേന്റ് സ്ക്കൂളാണെന്ന് പറഞ്ഞ് ഞങ്ങള്‍ മിണ്ടാതിരുന്നാല്‍ സ്ക്കൂള്‍ അടച്ചു പൂട്ടേണ്ടിവരും’. ഒരു ദിവസം ഗൃഹസന്ദര്‍ശനത്തിന് സ്ക്കൂളിലെ കായിക അദ്ധ്യാപികയോടൊപ്പം ഞാനും ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ നടന്നെത്തിയത് ഒരു കോളനിയിലാണ്. കൂട്ടത്തില്‍ ഏറ്റവും അപകടം പിടിച്ച സമൂഹമാണ് ഇവിടെയുള്ള അന്തേവാസികള്‍. ചാരായം, മയക്കുമരുന്ന്, പെണ്‍ വാണിഭം, മോഷണം, തുടങ്ങിയ കേസുകളിലെ പ്രതികളെ പോലീസുകാര്‍ ആദ്യം തേടിയെത്തുന്നത് ഇവിടെയായിരിക്കും. മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞ പരിസരമാണ് . നമ്മുടെ ഒരു വലിയ ശിഷ്യസമൂഹം ഇവിടെയാണുള്ളത്.
.
മേയ് മാസചൂട് അറിയാതെ ഞങ്ങള്‍ രണ്ടുപേരും കോളനിയിലെ വീടുകള്‍ മുഴുവന്‍ ചുറ്റിയടിച്ചു. അദ്ധ്യാപകരെ ബഹുമാനിക്കാനും സ്വീകരിക്കാനും അവര്‍ മുന്നിലാണ്. അങ്ങനെ നടന്നുകൊണ്ടിരിക്കെ മദ്യ ലഹരിയിലായ ഒരു മാന്യന്‍ ഞങ്ങളോട് കാര്യങ്ങള്‍ ചോദിച്ചു. പിന്നെ ആ കാരണവര്‍ ഞങ്ങളെ ചുറ്റിക്കൊണ്ട് അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്. പറയുന്ന കാര്യം തിരിച്ചറിഞ്ഞ ഞങ്ങള്‍ പെട്ടെന്ന് തന്നെ യാത്ര മതിയാക്കി തിരിച്ചു നടന്നു.
മടക്കയാത്രയില്‍ കായികത്തോട് ഞാന്‍ ചോദിച്ചു, “അയാള്‍ പറഞ്ഞത് നീ കേട്ടോ?”
“ഞാന്‍ കേട്ടു, ഞാന്‍ വിചാരിച്ചു നീ കേട്ടുകാണില്ലെന്ന്”
“രണ്ടാളും കേട്ടു, എന്നാല്‍ ഞങ്ങള്‍ ഒന്നും കേട്ടില്ല, അത്കൊണ്ട് അയാള്‍ പറഞ്ഞ തോന്ന്യാസം ആരോടും പറയേണ്ട്”.
“അതെ അയാള്‍ പറഞ്ഞത് വീട്ടില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ഈ ജോലി തന്നെ രാജിവെക്കാന്‍ പറയും”. അങ്ങനെ ഞങ്ങള്‍ ഉച്ച വെയിലത്ത് നടന്നു.

പിന്നെ മദ്യലഹരിയില്‍ കാരണവര്‍ പറഞ്ഞതോ, അത് !!! ‘സ്ക്കൂളില്‍ കുട്ടികള്‍ ആവശ്യമാണെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ അയാളോട് സഹകരിക്കണമെന്നാണ് പറഞ്ഞത്‘.

പിന്‍ കുറിപ്പ്:

  1. മഴയില്‍ വീട് തകര്‍ന്ന കുട്ടിക്ക് വീട് പുതുക്കി പണിയാനായി സ്ക്കൂളില്‍ നിന്ന് സഹായധനം നല്‍കി. എന്നാല്‍ ആ തുക മുഴുവന്‍ അവളുടെ അച്ഛന്‍ ചാരായഷാപ്പില്‍ അടിച്ചുപൊളിച്ചു.
  2. മദ്യലഹരിയിലും അല്ലാതെയും അപരിചിതര്‍ അനാവശ്യം പറഞ്ഞാല്‍ അത് അവഗണിക്കുന്നതാണ് മാന്യന്മാര്‍ക്ക് നല്ലത്.

June 11, 2009

23. ജീവിതത്തില്‍ നിന്നും Delete ചെയ്യപ്പെട്ട ദിവസങ്ങള്‍                     ജീവിതത്തില്‍ നമ്മള്‍ അറിയാതെ നമ്മുടെ പല നിമിഷങ്ങളും നഷ്ടപ്പെടാറുണ്ട്. എന്നാല്‍ മിനുട്ടുകളും മണിക്കൂറുകളും ദിവസങ്ങളും നഷ്ടപ്പെടുക; ഓര്‍മ്മയുടെ കേന്ദ്രത്തില്‍, തലച്ചോറിന്റെ ‘സിസ്റ്റം ഹാര്‍ഡ് വെയറില്‍ ഒരു രേഖയും ഇല്ലാതെ’ ദിവസങ്ങള്‍ കടന്നു പോവുക …. എത്ര പരിശ്രമിച്ചിട്ടും പിന്നീട് ഒരിക്കലും ഓര്‍മ്മിച്ചെടുക്കാനാവാതെ എന്റെ ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട ആ ദിവസങ്ങളുടെ ഓര്‍മ്മ പുതുക്കലാണ് ഈ പോസ്റ്റ്.
രോഗം, രോഗി, ഡോക്റ്റര്‍, ആശുപത്രി, മരുന്ന്, ഓപ്പറേഷന്‍, ബോധം കെടുത്തല്‍ എല്ലാം എന്റെ ജീവിതത്തില്‍ പലപ്പോഴായി കടന്നുവന്നിട്ടുണ്ട്. അവയെല്ലാം ഒരു പതിവ് ജീവിതശൈലി ആക്കി മാറ്റി; ആശുപത്രി ദിവസങ്ങള്‍ പിന്നീട് രസകരമായി ഞാന്‍ അവതരിപ്പിക്കാറുണ്ട്. അത്കൊണ്ട് തന്നെ ഇപ്പോഴും ഞാന്‍ ഉറപ്പിച്ച് പറയുന്നു;
…ഞാന്‍ ഒരു രോഗിയല്ല.
ഇനി എന്റെ ‘മിനുട്ടുകളുടെയും മണിക്കൂറുകളുടെയും’ നഷ്ടത്തിന്റെ കാര്യം. അത് മുന്‍കൂട്ടി തീരുമാനിച്ച് ചെയ്ത ശസ്ത്രക്രീയാ വേളയില്‍ ബോധം കെടുത്തിയതാണ്. ശരീരത്തിന് ആവശ്യമായ റിപ്പെയറുകളൊക്കെ ബോധമില്ലാതെ കിടന്ന സമയത്ത് ഡോക്റ്റര്‍മാര്‍ ചെയ്തുതീര്‍ത്തു. അങ്ങനെ അനേകം തവണയായി ചെറിയ ചെറിയ മയക്കങ്ങള്‍. ഓരോ തവണയും വേദനയില്ലാതെ ഉറങ്ങിയ (ബോധം നഷ്ടപ്പെടുത്തിയ) ഞാന്‍ വേദനയുടെ ലോകത്തേക്കാണ് ഉറങ്ങി എഴുന്നേറ്റത്. ബോധം വരുമ്പോള്‍ വേദന അറിയുന്നു.
എന്റെ ജീവിതത്തിലെ ദിവസങ്ങള്‍ നഷ്ടപ്പെട്ടത് രണ്ട് തവണയാണ്; അതും രണ്ട് തരത്തില്‍. ഇരുപത് വര്‍ഷം മുന്‍പ് (സ്ഥല കാല സമയം കൃത്യമായിട്ടല്ല) എന്റെ ഹൃദയത്തിന് ചെറിയ തകരാറുണ്ടെന്ന് ഡോക്റ്റര്‍മാര്‍ കണ്ടെത്തി. പരിഹരിക്കാനായി ഒടുവില്‍ എത്തിച്ചേര്‍ന്നത് തമിഴ് നാട്ടിലാണ്. ഒരു ‘നാലാം തിയ്യതി രാവിലെ 8 മണിക്ക്‘ ഓപ്പറേഷന്‍ തീയറ്ററിലേക്ക് പോയി. വൈകുന്നേരം പുറത്ത് വന്ന് വിശേഷങ്ങള്‍ അറിയിക്കാമെന്ന് കൂടെയുള്ള ബന്ധുക്കളോട് പറഞ്ഞാണ് പോയത്.
.
പിന്നെ ഞാന്‍ എന്നെ അറിയുന്നത് ‘പത്താം തീയ്യതി വൈകുന്നേരം അഞ്ച് മണിക്കാണ്‘. ചുറ്റും തമിഴ് പറയുന്ന വെള്ളപ്രാവുകള്‍ എന്നെ തമിഴില്‍ വിളിക്കുന്നു. അപ്പോള്‍ ‘ആറ് ദിവസം’ ഞാന്‍ എവിടെയായിരുന്നു? ഓര്‍മ്മയില്‍ രേഖപ്പെടുത്താത്ത ആ ദിവസങ്ങളില്‍ പലതും സംഭവിച്ചിട്ടുണ്ട്. നാലാം തീയ്യതി വൈകുന്നേരം ഞാന്‍ ഉണര്‍ന്നില്ല. പിറ്റേന്നും പിറ്റേന്നും ഉണര്‍ന്നില്ല. അപ്പോഴാണ് ഡോക്റ്റര്‍മാര്‍ അറിയുന്നത്, ‘ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നു’ എന്ന്. പിന്നെ ആറാം തീയ്യതി അത് നടന്നു, അവരുടെ ഭാഷയില്‍ ‘Re-opened and removed clots inside the heart’. ബന്ധുക്കളും ഡോക്റ്റര്‍മാരും ഭയപ്പെട്ടു; പലതും നടന്നു. പിന്നെ എല്ലാവര്‍ക്കും ആശ്വാസം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞ് ഉണര്‍ന്നെങ്കിലും ജീവിതത്തില്‍ ഏറ്റവും സുഖകരമായി ഉറങ്ങിയത് ആ ദിവസങ്ങളിലാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. … അങ്ങനെ ദിവസങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു.
ഇനി അടുത്തത് രസകരമാണ്. വീട്ടിലും സ്ക്കൂളിലും കമ്പ്യൂട്ടര്‍ ഉള്ള കാലം. 2004ല്‍ ,ജൂണ്‍ മാസം, ഒരു വെള്ളിയാഴ്ച. അന്ന് വൈകുന്നേരം എന്റെ വക സ്ക്കൂള്‍ സ്റ്റാഫിന് ഒരു ചായസല്‍ക്കാരം നടത്തി. (അദ്ധ്യാപകരുടെ എണ്ണം കുറവായതിനാല്‍ അധികം ചെലവില്ലാതെ ഇടയ്ക്കിടെ സ്റ്റാഫ് അംഗങ്ങള്‍ പാര്‍ട്ടി നടത്താറുണ്ട്). അത് കഴിഞ്ഞ് അന്ന് വൈകുന്നേരം വീട്ടില്‍ വന്നു. കൂടെ പുതിയ അദ്ധ്യാപികയായി ചേർന്ന മകളും ഉണ്ടായിരുന്നു.
പിന്നെ ഓര്‍മ്മയില്‍ രേഖപ്പെടുത്തിയത് കണ്ണൂരിലെ ഒരു ആശുപത്രിയില്‍ ഓപ്പറേഷന് ശേഷമുള്ള മുറിയാണ്. ഡോക്റ്റര്‍ തമിഴ് സംസാരിക്കുന്നു; കൂടെ നേഴ് സായി ഒരു പൂര്‍വ്വശിഷ്യന്‍. (കണ്ണുരിലെ മിക്കവാറും ആശുപത്രികളില്‍ ശിഷ്യന്മാരും ശിഷ്യകളും ഉണ്ടാവും. ഇത് ടീച്ചേഴ് സിന് - ‘എനിക്ക്’- മാത്രം സ്വന്തം) അപ്പോള്‍ സമയമോ? ചൊവ്വാഴ്ച രാവിലെ പതിനൊന്നര മണി. ശനി, ഞായര്‍, തിങ്കള്‍ മൂന്ന് ദിവസം delete ചെയ്തു. ഇനി സംഭിച്ചത് പറയാം…
.
ചൊവ്വാഴ്ച രാവിലെ ഉണരാത്ത എന്നെ ഹൈ സ്പീഡില്‍ ആശുപത്രിയില്‍ എത്തിച്ചു. സ്കാന്‍ ചെയ്തപ്പോള്‍ എന്റെ തലയുടെ ഒരു മൂലയില്‍ അല്പം രക്തം കട്ടപിടിച്ചിരിക്കുന്നു. തമിഴ് നാട്ടില്‍ നിന്നും അടുത്ത കാലത്ത് ആശുപത്രിയില്‍ വന്ന ഡോക്റ്റര്‍ തലയില്‍ ചെറിയ ദ്വാരം ഉണ്ടാക്കി കട്ടപിടിച്ച രക്തം നീക്കം ചെയ്തു. ഒരു ചെറിയ കാര്യം...
.
ഇനി ആ ശനിയും ഞായറും തിങ്കളും? ആ ദിവസങ്ങളില്‍ പതിവു പോലെ ഞാന്‍ വീട്ടു ജോലികളെല്ലാം ചെയ്തു, ടീവി കണ്ടു, അസുഖം തോന്നിയതു കൊണ്ട് ബസ്സിലും നടന്നിട്ടും ആശുപത്രിയില്‍ പോയി ഡോക്റ്ററെ കണ്ടു. തിരിച്ചു വന്നു. ..‘എല്ലാം വീട്ടുകാര്‍ പറയുന്നത്‘;.. എന്നാല്‍ എന്റെ ഓര്‍മ്മയില്‍ മൂന്ന് ദിവസങ്ങള്‍ ഇല്ല. ദിവസേന കമ്പ്യൂട്ടര്‍ തുറക്കാറുണ്ടെങ്കിലും ആ‍ ദിവസങ്ങളില്‍ സിസ്റ്റം തുറന്നിട്ടില്ല. ഏല്ലാം ഓര്‍ക്കാന്‍ രസമുള്ള കാര്യങ്ങള്‍.
ഇപ്പോള്‍ ഈ ഡിലീറ്റ് ചെയ്ത ആ ദിവസങ്ങളെപറ്റി ഓര്‍ക്കാന്‍ ഒരു കാരണമുണ്ടായി. ബ്ലോഗിലൂടെ കടന്ന് ഓര്‍ക്കുട്ടില്‍ വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് ചാ‍റ്റ് ചെയ്യാറുണ്ട്. തിരുവനന്തപുരത്തുള്ള ഒരു ചെറുപ്പക്കാരന്‍.(പേര്‍ വെളിപ്പെടുത്തുന്നില്ല) ആത്മീയ തലങ്ങളിലേക്കാണ് ചിന്ത മുഴുവന്‍. യോഗ ചെയ്യുന്ന കൂട്ടത്തില്‍ സ്വന്തം ശരീരത്തില്‍ നിന്നും ശൂന്യതയില്‍ എത്തിചേരുന്നു എന്നാണ് പറയുന്നത്.
അവന്‍ ചോദിക്കുന്നു, “ടീച്ചറെ ഞാന്‍ അനേകം മണിക്കൂറുകള്‍ ശൂന്യതയില്‍ എത്തുന്നുണ്ട്. അവിടെ നിന്ന് ഒരിടത്തും പോകാന്‍ കഴിയുന്നില്ല. സുഖകരമായ ഈ ശൂന്യത വിട്ട് ശരീരത്തില്‍ തിരിച്ചെത്തിയാല്‍ വീണ്ടും അങ്ങോട്ട് പോകാന്‍ തോന്നുന്നു. ഞാന്‍ ഒന്നും അറിയുന്നില്ല. ചിലപ്പോള്‍ ദിവസങ്ങള്‍ മുഴുവനും ഞാന്‍ ഈ ശൂന്യതയില്‍ നിര്‍ജീവ അവസ്ഥയിലായിരിക്കും. ഇനി ഞാന്‍ എന്തു ചെയ്യണം. ഈ ശൂന്യതയ്ക്ക് അപ്പുറം എന്താണ് ?”
ഞാന്‍ ആകെ പേടിച്ചുപോയി. ശൂന്യത എന്ന് വെച്ചാല്‍ ‘absolute zero‘ അല്ലാതെ മറ്റെന്താണ്?
മറുപടിയായി ഞാന്‍ അവനോട് പറഞ്ഞു, “അയ്യോ, ഇത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് പേടിയാവുന്നു”.
ഏത് ശൂന്യതയില്‍ എത്തിച്ചേര്‍ന്നാലും എനിക്കിവിടെ ചെയ്ത് തീര്‍ക്കാന്‍ ഇനിയും ധാരാളം ജോലികള്‍ ബാക്കിയുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

June 4, 2009

22. ലോക പരിസ്ഥിതി വിലാപംഅല്ലയോ മനുഷ്യാ എന്തിനീ സാഹസം

വിണ്ണിലെ മേഘ കൊട്ടാരത്തില്‍ നിന്നും മണ്ണിലേക്ക്
ഊറിയിറങ്ങും അമൃതകണങ്ങള്‍, അരുവിയായി ഒഴുകവെ;
കാനനച്ചോലയിലെ ഏകാന്തതയില്‍ കണ്ടപ്പോള്‍,
കാമം കരകവിഞ്ഞ്, പീഡിപ്പിച്ചു കൊന്നു ഞാന്‍.

സൂര്യനെ നോക്കി ചിരിച്ചും ചന്ദ്രനെ നോക്കി കണ്ണിറുക്കിയും
കാറ്റിനോടൊത്ത് ചാഞ്ചാടിയും പറവകളോടൊത്ത്
പാട്ടുപാടിയും മണ്ണിനെയുറപ്പിച്ചു നിര്‍ത്തും ചെടികളെ
കണ്ടപ്പോള്‍, കൊതിമൂത്തു ചുട്ടുകൊന്നു ഞാന്‍.

ധരണിയുടെ നെടുംതൂണായി, ഉറവകള്‍ തന്‍
സ്രോതസ്സായ്, തലയുയര്‍ത്തി നിലകൊള്ളും
കുന്നുകളെ കാലങ്ങളായി കണ്ടുകൊണ്ടിരുന്നപ്പോള്‍
അഹങ്കാരം വളര്‍ന്ന്, അടിച്ചു തകര്‍ത്തു ഞാന്‍.

ജീവന്റെ ഊര്‍ജ്ജത്തിന്‍ ജീവാത്മാവായി
ജീവന്റെ വളര്‍ച്ചക്കും തുടര്‍ച്ചക്കും കാരണമായി
നിലനില്‍ക്കും വായുവിന്റെ ആത്മാവ് കാണാതെ, നല്ല
നാളെയെപ്പറ്റി ഓര്‍ക്കാതെ, വിഷപ്പുക വീശി കൊന്നു ഞാന്‍.

ഇളം കാറ്റില്‍ ചാഞ്ചാടിയാടും നെല്‍വയലുകളില്‍,
കളകളാരവം കലര്‍ന്നൊഴുകും പുഴകളില്‍, പിന്നെ
പക്ഷികള്‍ പൂമ്പാറ്റകള്‍ നൃത്തം ചെയ്യും പൂന്തോപ്പില്‍,
അത്യാഗ്രഹം വന്നപ്പോള്‍, നഞ്ചു കലക്കി നശിപ്പിച്ചു ഞാന്‍.

പുഴയുടെ തെളിനീര്‍ കണ്ടപ്പോള്‍ അണ കെട്ടാന്‍ തോന്നി,
അണകെട്ടിയപ്പോള്‍ കരയില്‍ ഉല്ലാസ കേന്ദ്രങ്ങളായി,
ഉല്ലാസകേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകളെത്തി, പുഴയില്‍
പ്ലാസ്റ്റിക്കുകള്‍ നിറച്ച്, അങ്ങനെ പുഴയെ കൊന്നു ഞാന്‍.

ചോദ്യം ചെയ്യുന്ന….

ഭൂമിയുടെ അവകാശികളാം ജീവികള്‍ തന്‍ വായ മൂടിക്കെട്ടിയും,
നാളെ ജനിക്കേണ്ട; ഈ ഭൂമിതന്‍ അവകാശിയാം കുഞ്ഞിനെ
ഗര്‍ഭപാത്രത്തില്‍ വെച്ച് അബോര്‍ഷന്‍ നടത്തിയും, അങ്ങനെ
ചോദ്യം ചെയ്യപ്പെടാതെ ജൈത്രയാത്ര തുടരുന്നു ഞാന്‍.

ഇനിയും തുടര്‍ന്നാല്‍….

ഇത്രയും പാതകം ഇവിടെ ചെയ്ത എനിക്ക്,
എങ്ങനെ, ആര്‍, എപ്പോള്‍, മാപ്പു തരും?
ഓര്‍ക്കുക...മനുഷ്യാ‍ നീ ചെയ്യും പാപങ്ങള്‍, എല്ലാം .
തിരിച്ചെത്തി നിന്റെ തലയില്‍ പതിക്കാന്‍ നേരമായ്.


പിന്‍ കുറിപ്പ്:…
ലോക പരിസ്ഥിതി ദിനം, ജൂണ്‍ 5, എന്തെങ്കിലും എഴുതണമെന്ന് തോന്നി. എഴുതിയപ്പോള്‍ ഒരു കവിതയായി മാറി. വായിച്ച് കുറ്റങ്ങള്‍ പറഞ്ഞ് എന്നോട് ക്ഷമിക്കുക. ഇത് വായിക്കുന്നവര്‍ മിനി ചിത്രശാലയില്‍ പോയാല്‍ എന്റെ വക ഒരു സഞ്ചി നിറയേ സാധങ്ങള്‍ ഫ്രീ.
മിനി