“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 11, 2009

23. ജീവിതത്തില്‍ നിന്നും Delete ചെയ്യപ്പെട്ട ദിവസങ്ങള്‍                     ജീവിതത്തില്‍ നമ്മള്‍ അറിയാതെ നമ്മുടെ പല നിമിഷങ്ങളും നഷ്ടപ്പെടാറുണ്ട്. എന്നാല്‍ മിനുട്ടുകളും മണിക്കൂറുകളും ദിവസങ്ങളും നഷ്ടപ്പെടുക; ഓര്‍മ്മയുടെ കേന്ദ്രത്തില്‍, തലച്ചോറിന്റെ ‘സിസ്റ്റം ഹാര്‍ഡ് വെയറില്‍ ഒരു രേഖയും ഇല്ലാതെ’ ദിവസങ്ങള്‍ കടന്നു പോവുക …. എത്ര പരിശ്രമിച്ചിട്ടും പിന്നീട് ഒരിക്കലും ഓര്‍മ്മിച്ചെടുക്കാനാവാതെ എന്റെ ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട ആ ദിവസങ്ങളുടെ ഓര്‍മ്മ പുതുക്കലാണ് ഈ പോസ്റ്റ്.
രോഗം, രോഗി, ഡോക്റ്റര്‍, ആശുപത്രി, മരുന്ന്, ഓപ്പറേഷന്‍, ബോധം കെടുത്തല്‍ എല്ലാം എന്റെ ജീവിതത്തില്‍ പലപ്പോഴായി കടന്നുവന്നിട്ടുണ്ട്. അവയെല്ലാം ഒരു പതിവ് ജീവിതശൈലി ആക്കി മാറ്റി; ആശുപത്രി ദിവസങ്ങള്‍ പിന്നീട് രസകരമായി ഞാന്‍ അവതരിപ്പിക്കാറുണ്ട്. അത്കൊണ്ട് തന്നെ ഇപ്പോഴും ഞാന്‍ ഉറപ്പിച്ച് പറയുന്നു;
…ഞാന്‍ ഒരു രോഗിയല്ല.
ഇനി എന്റെ ‘മിനുട്ടുകളുടെയും മണിക്കൂറുകളുടെയും’ നഷ്ടത്തിന്റെ കാര്യം. അത് മുന്‍കൂട്ടി തീരുമാനിച്ച് ചെയ്ത ശസ്ത്രക്രീയാ വേളയില്‍ ബോധം കെടുത്തിയതാണ്. ശരീരത്തിന് ആവശ്യമായ റിപ്പെയറുകളൊക്കെ ബോധമില്ലാതെ കിടന്ന സമയത്ത് ഡോക്റ്റര്‍മാര്‍ ചെയ്തുതീര്‍ത്തു. അങ്ങനെ അനേകം തവണയായി ചെറിയ ചെറിയ മയക്കങ്ങള്‍. ഓരോ തവണയും വേദനയില്ലാതെ ഉറങ്ങിയ (ബോധം നഷ്ടപ്പെടുത്തിയ) ഞാന്‍ വേദനയുടെ ലോകത്തേക്കാണ് ഉറങ്ങി എഴുന്നേറ്റത്. ബോധം വരുമ്പോള്‍ വേദന അറിയുന്നു.
എന്റെ ജീവിതത്തിലെ ദിവസങ്ങള്‍ നഷ്ടപ്പെട്ടത് രണ്ട് തവണയാണ്; അതും രണ്ട് തരത്തില്‍. ഇരുപത് വര്‍ഷം മുന്‍പ് (സ്ഥല കാല സമയം കൃത്യമായിട്ടല്ല) എന്റെ ഹൃദയത്തിന് ചെറിയ തകരാറുണ്ടെന്ന് ഡോക്റ്റര്‍മാര്‍ കണ്ടെത്തി. പരിഹരിക്കാനായി ഒടുവില്‍ എത്തിച്ചേര്‍ന്നത് തമിഴ് നാട്ടിലാണ്. ഒരു ‘നാലാം തിയ്യതി രാവിലെ 8 മണിക്ക്‘ ഓപ്പറേഷന്‍ തീയറ്ററിലേക്ക് പോയി. വൈകുന്നേരം പുറത്ത് വന്ന് വിശേഷങ്ങള്‍ അറിയിക്കാമെന്ന് കൂടെയുള്ള ബന്ധുക്കളോട് പറഞ്ഞാണ് പോയത്.
.
പിന്നെ ഞാന്‍ എന്നെ അറിയുന്നത് ‘പത്താം തീയ്യതി വൈകുന്നേരം അഞ്ച് മണിക്കാണ്‘. ചുറ്റും തമിഴ് പറയുന്ന വെള്ളപ്രാവുകള്‍ എന്നെ തമിഴില്‍ വിളിക്കുന്നു. അപ്പോള്‍ ‘ആറ് ദിവസം’ ഞാന്‍ എവിടെയായിരുന്നു? ഓര്‍മ്മയില്‍ രേഖപ്പെടുത്താത്ത ആ ദിവസങ്ങളില്‍ പലതും സംഭവിച്ചിട്ടുണ്ട്. നാലാം തീയ്യതി വൈകുന്നേരം ഞാന്‍ ഉണര്‍ന്നില്ല. പിറ്റേന്നും പിറ്റേന്നും ഉണര്‍ന്നില്ല. അപ്പോഴാണ് ഡോക്റ്റര്‍മാര്‍ അറിയുന്നത്, ‘ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നു’ എന്ന്. പിന്നെ ആറാം തീയ്യതി അത് നടന്നു, അവരുടെ ഭാഷയില്‍ ‘Re-opened and removed clots inside the heart’. ബന്ധുക്കളും ഡോക്റ്റര്‍മാരും ഭയപ്പെട്ടു; പലതും നടന്നു. പിന്നെ എല്ലാവര്‍ക്കും ആശ്വാസം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞ് ഉണര്‍ന്നെങ്കിലും ജീവിതത്തില്‍ ഏറ്റവും സുഖകരമായി ഉറങ്ങിയത് ആ ദിവസങ്ങളിലാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. … അങ്ങനെ ദിവസങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു.
ഇനി അടുത്തത് രസകരമാണ്. വീട്ടിലും സ്ക്കൂളിലും കമ്പ്യൂട്ടര്‍ ഉള്ള കാലം. 2004ല്‍ ,ജൂണ്‍ മാസം, ഒരു വെള്ളിയാഴ്ച. അന്ന് വൈകുന്നേരം എന്റെ വക സ്ക്കൂള്‍ സ്റ്റാഫിന് ഒരു ചായസല്‍ക്കാരം നടത്തി. (അദ്ധ്യാപകരുടെ എണ്ണം കുറവായതിനാല്‍ അധികം ചെലവില്ലാതെ ഇടയ്ക്കിടെ സ്റ്റാഫ് അംഗങ്ങള്‍ പാര്‍ട്ടി നടത്താറുണ്ട്). അത് കഴിഞ്ഞ് അന്ന് വൈകുന്നേരം വീട്ടില്‍ വന്നു. കൂടെ പുതിയ അദ്ധ്യാപികയായി ചേർന്ന മകളും ഉണ്ടായിരുന്നു.
പിന്നെ ഓര്‍മ്മയില്‍ രേഖപ്പെടുത്തിയത് കണ്ണൂരിലെ ഒരു ആശുപത്രിയില്‍ ഓപ്പറേഷന് ശേഷമുള്ള മുറിയാണ്. ഡോക്റ്റര്‍ തമിഴ് സംസാരിക്കുന്നു; കൂടെ നേഴ് സായി ഒരു പൂര്‍വ്വശിഷ്യന്‍. (കണ്ണുരിലെ മിക്കവാറും ആശുപത്രികളില്‍ ശിഷ്യന്മാരും ശിഷ്യകളും ഉണ്ടാവും. ഇത് ടീച്ചേഴ് സിന് - ‘എനിക്ക്’- മാത്രം സ്വന്തം) അപ്പോള്‍ സമയമോ? ചൊവ്വാഴ്ച രാവിലെ പതിനൊന്നര മണി. ശനി, ഞായര്‍, തിങ്കള്‍ മൂന്ന് ദിവസം delete ചെയ്തു. ഇനി സംഭിച്ചത് പറയാം…
.
ചൊവ്വാഴ്ച രാവിലെ ഉണരാത്ത എന്നെ ഹൈ സ്പീഡില്‍ ആശുപത്രിയില്‍ എത്തിച്ചു. സ്കാന്‍ ചെയ്തപ്പോള്‍ എന്റെ തലയുടെ ഒരു മൂലയില്‍ അല്പം രക്തം കട്ടപിടിച്ചിരിക്കുന്നു. തമിഴ് നാട്ടില്‍ നിന്നും അടുത്ത കാലത്ത് ആശുപത്രിയില്‍ വന്ന ഡോക്റ്റര്‍ തലയില്‍ ചെറിയ ദ്വാരം ഉണ്ടാക്കി കട്ടപിടിച്ച രക്തം നീക്കം ചെയ്തു. ഒരു ചെറിയ കാര്യം...
.
ഇനി ആ ശനിയും ഞായറും തിങ്കളും? ആ ദിവസങ്ങളില്‍ പതിവു പോലെ ഞാന്‍ വീട്ടു ജോലികളെല്ലാം ചെയ്തു, ടീവി കണ്ടു, അസുഖം തോന്നിയതു കൊണ്ട് ബസ്സിലും നടന്നിട്ടും ആശുപത്രിയില്‍ പോയി ഡോക്റ്ററെ കണ്ടു. തിരിച്ചു വന്നു. ..‘എല്ലാം വീട്ടുകാര്‍ പറയുന്നത്‘;.. എന്നാല്‍ എന്റെ ഓര്‍മ്മയില്‍ മൂന്ന് ദിവസങ്ങള്‍ ഇല്ല. ദിവസേന കമ്പ്യൂട്ടര്‍ തുറക്കാറുണ്ടെങ്കിലും ആ‍ ദിവസങ്ങളില്‍ സിസ്റ്റം തുറന്നിട്ടില്ല. ഏല്ലാം ഓര്‍ക്കാന്‍ രസമുള്ള കാര്യങ്ങള്‍.
ഇപ്പോള്‍ ഈ ഡിലീറ്റ് ചെയ്ത ആ ദിവസങ്ങളെപറ്റി ഓര്‍ക്കാന്‍ ഒരു കാരണമുണ്ടായി. ബ്ലോഗിലൂടെ കടന്ന് ഓര്‍ക്കുട്ടില്‍ വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് ചാ‍റ്റ് ചെയ്യാറുണ്ട്. തിരുവനന്തപുരത്തുള്ള ഒരു ചെറുപ്പക്കാരന്‍.(പേര്‍ വെളിപ്പെടുത്തുന്നില്ല) ആത്മീയ തലങ്ങളിലേക്കാണ് ചിന്ത മുഴുവന്‍. യോഗ ചെയ്യുന്ന കൂട്ടത്തില്‍ സ്വന്തം ശരീരത്തില്‍ നിന്നും ശൂന്യതയില്‍ എത്തിചേരുന്നു എന്നാണ് പറയുന്നത്.
അവന്‍ ചോദിക്കുന്നു, “ടീച്ചറെ ഞാന്‍ അനേകം മണിക്കൂറുകള്‍ ശൂന്യതയില്‍ എത്തുന്നുണ്ട്. അവിടെ നിന്ന് ഒരിടത്തും പോകാന്‍ കഴിയുന്നില്ല. സുഖകരമായ ഈ ശൂന്യത വിട്ട് ശരീരത്തില്‍ തിരിച്ചെത്തിയാല്‍ വീണ്ടും അങ്ങോട്ട് പോകാന്‍ തോന്നുന്നു. ഞാന്‍ ഒന്നും അറിയുന്നില്ല. ചിലപ്പോള്‍ ദിവസങ്ങള്‍ മുഴുവനും ഞാന്‍ ഈ ശൂന്യതയില്‍ നിര്‍ജീവ അവസ്ഥയിലായിരിക്കും. ഇനി ഞാന്‍ എന്തു ചെയ്യണം. ഈ ശൂന്യതയ്ക്ക് അപ്പുറം എന്താണ് ?”
ഞാന്‍ ആകെ പേടിച്ചുപോയി. ശൂന്യത എന്ന് വെച്ചാല്‍ ‘absolute zero‘ അല്ലാതെ മറ്റെന്താണ്?
മറുപടിയായി ഞാന്‍ അവനോട് പറഞ്ഞു, “അയ്യോ, ഇത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് പേടിയാവുന്നു”.
ഏത് ശൂന്യതയില്‍ എത്തിച്ചേര്‍ന്നാലും എനിക്കിവിടെ ചെയ്ത് തീര്‍ക്കാന്‍ ഇനിയും ധാരാളം ജോലികള്‍ ബാക്കിയുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

14 comments:

 1. ഒരു തേങ്ങ !!!!!
  (((ട്ടോ)))

  ഈ മിനിലോകം ഒരു പ്രത്യേക ലോകമാണല്ലോ ടീച്ചറേ... ഈ വരവ്‌ എന്നെ ഒരുപാട്‌ ചിന്തിപ്പിക്കുന്നു...

  ReplyDelete
 2. കണ്ണു തുറന്നിരിക്കെ തന്നെ ഇതുവരെ ജീവിച്ചതത്രയും ഡിലീറ്റ് ചെയ്യപ്പെട്ട ജീവിതങ്ങൾ നമ്മുടെ സമൂഹത്തിൽ എത്രയൊ കാണാനാവും..

  ഇനിയും ടീച്ചറുടെ ജീവിതത്തിൽ ഒരു ദിവസം പോലും ഡിലീറ്റ് ചെയ്യപ്പെടാതിരിക്കാൻ എന്റെയും ഒരു പ്രാർത്ഥന ഉണ്ടാകും.

  ReplyDelete
 3. എനിക്ക്ചില ദിവസങ്ങള്‍ ജീവിതത്തില്‍ നിന്ന് ഡിലിറ്റ് ചെയ്യാന്‍ തോന്നാറുണ്ട് ...

  ReplyDelete
 4. ..വായിച്ചു ഒരു പ്രത്യേക മാനസികാവസ്ഥയിലാണിപ്പോ...
  എന്ത് പറയണം എന്നറിയില്ല..
  ഇനിയും , എന്നും ഇവിടെ വരാം...

  ReplyDelete
 5. ജീവിതം തന്നെ ഡെലീ‍റ്റ് ചെയ്യണം........ എന്റേതാ കേട്ടോ.

  ReplyDelete
 6. ഇതൊരു പ്രശ്ന സ്ഥലമാണല്ലോ ടീച്ചര്‍ !!
  തല പെരുക്കുന്നു,
  എഴുത്ത് തലയിലേക്ക് തന്നെ തുളച്ചു കയറുന്നു എന്നതാണ് പ്രശ്നം.

  ReplyDelete
 7. teacher,VERY GOOOD. SUB.... a different subject...i read some articles like this...
  This is altogether a new thing for me....very ODD. ...

  ReplyDelete
 8. ടീച്ചറിന്റെ സുഹൃത്ത് പറഞ്ഞ ആ ശൂന്യതയെകുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല അതെന്നെ ഭയപ്പെടുത്തുന്നു

  ReplyDelete
 9. എന്റെ ഡിലീറ്റ് ചെയ്യപ്പെട്ട ദിവസങ്ങൾക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും ഈ വൈകിയ വേളയിൽ നന്ദി പറയുന്നു. ഇതോടൊപ്പം 28, 30 എന്നീ പോസ്റ്റുകൾ കൂടി വായിച്ചാൽ കൂടുതൽ മനസ്സിലാക്കാം.
  http://mini-minilokam.blogspot.com/2009/07/28-1.html
  http://mini-minilokam.blogspot.com/2009/08/30-2.html

  ReplyDelete
 10. ടീച്ചര്‍ എന്റെ ബ്ലോഗില്‍ ഇട്ട ലിങ്കിലൂടെയാണ് ഇവിടെ വന്നത്..... ഇങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ട ദിവസങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് എന്ന് എന്റെ എഴുത്തില്‍ നിന്ന് ടീച്ചര്‍ക്ക് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു... എന്തായാലും ഇത്തരം അനൂഭവങ്ങള്‍ പിന്നീട് നമ്മെ ജീവിതത്തിന്റെയും, ജീവന്റെയും വില മനസ്സിലാക്കാന്‍ സഹായിക്കും എന്ന കാര്യം തീര്‍ച്ചയാണ്...

  ReplyDelete
 11. ശരിക്കും ജീവിതത്തില്‍ ഒരു ‘ctrl+z'key ഉണ്ടായിരുന്നെങ്കില്‍ !

  ReplyDelete
 12. ഓപ്പറേഷൻ തീയറ്ററിൽ ഡിലീറ്റ് ചെയ്യപ്പെടുന്നതിന് മുൻപ് ഒരു അബോധ മയക്കമുണ്ട്. അനസ്തേഷ്യയുടെ പിടിയിലേക്ക് പൂർണമായി പോകുന്നതിനു മുൻപ്. അനസ്തേഷ്യ ഡോക്ടർ അടുത്തു നിന്ന് നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കും. അതേസമയം സർജറി ഡോക്ടർ തന്റെ പണി ആരംഭിച്ചിരിക്കും. അർദ്ധബോധാവസ്ഥയിൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കൊണ്ട് റിപ്പയറിങ്ങിനു വിധേയമായി കിടക്കുന്ന നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും ഏതോ ചോദ്യം കേട്ടില്ല എന്ന്. അതെ ആ നിമിഷം നിങ്ങൾ അനസ്തേഷ്യയുടെ പിടിയിലേക്ക് പൂർണമായി വീഴും. ഡിലീറ്റ് ചെയ്യപ്പെടുന്നതിന് മുന്പത്തെ ആ ഒടുക്കത്തെ ചോദ്യം എന്തായിരുന്നു...?!!!

  ReplyDelete
 13. ഓപ്പറേഷൻ തീയറ്ററിൽ ഡിലീറ്റ് ചെയ്യപ്പെടുന്നതിന് മുൻപ് ഒരു അബോധ മയക്കമുണ്ട്. അനസ്തേഷ്യയുടെ പിടിയിലേക്ക് പൂർണമായി പോകുന്നതിനു മുൻപ്. അനസ്തേഷ്യ ഡോക്ടർ അടുത്തു നിന്ന് നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കും. അതേസമയം സർജറി ഡോക്ടർ തന്റെ പണി ആരംഭിച്ചിരിക്കും. അർദ്ധബോധാവസ്ഥയിൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കൊണ്ട് റിപ്പയറിങ്ങിനു വിധേയമായി കിടക്കുന്ന നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും ഏതോ ചോദ്യം കേട്ടില്ല എന്ന്. അതെ ആ നിമിഷം നിങ്ങൾ അനസ്തേഷ്യയുടെ പിടിയിലേക്ക് പൂർണമായി വീഴും. ഡിലീറ്റ് ചെയ്യപ്പെടുന്നതിന് മുന്പത്തെ ആ ഒടുക്കത്തെ ചോദ്യം എന്തായിരുന്നു...?!!!

  ReplyDelete
 14. എനിക്കും ഉണ്ടായിട്ടുണ്ട് ചെറിയ delete ചെയ്യപ്പെട്ട ഓര്‍മ്മകള്‍...വാസ്തവത്തില്‍ ടീച്ചറുടെ post വായിച്ചപ്പോഴാണ് എനിക്കതിനെ ഓര്‍ക്കാന്‍ കഴിഞ്ഞത്..വളരെ രസകരം, സുഖകരമായ അനുഭവം...നന്ദി...

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.