“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 20, 2009

24. അവര്‍ സ്ലം dogs ഞങ്ങള്‍ മില്ലിയനിയര്‍


സ്ക്കൂളിന്റെ ഗെയിറ്റ് കടന്നപ്പോള്‍ തന്നെ അവരെ കണ്ടു; ഇന്നും ആ സ്ത്രീ സ്ക്കൂളില്‍ വന്നിട്ടുണ്ട്. രണ്ട് ദിവസമായി അവര്‍ ഓഫീസിനു മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്. മുഷിഞ്ഞ സാരിയും ബ്ലൌസും ധരിച്ച് കാലില്‍ ഒരു പഴയ ഹവായി ചെരിപ്പ് പോലുമില്ലാത്ത ആ സ്ത്രീയുടെ ദയനീയമായ മുഖത്ത് നോക്കിയാല്‍ അവരുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും വായിച്ചെടുക്കാം. എന്നാല്‍ മനസ്സിനെ മാര്‍ബിളാക്കി മാറ്റിയ അദ്ധ്യാപകരെല്ലാം ആ പാവത്തെ അവഗണിച്ച്, പതിവു പോലെ വിദ്യ കൊണ്ടുള്ള അഭ്യാസം നടത്തുകയാണ്.


‘മകളെ ഞങ്ങളുടെ സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ ചേര്‍ക്കണം’ ആ അമ്മയുടെ ആവശ്യം വളരെ ന്യായമാണ്. മുന്‍പ് പഠിച്ച സ്ഥാപനത്തില്‍ നിന്ന് ടീസിയുമായി വന്നാല്‍ ജൂലായ് മാസമാണെങ്കിലും സര്‍ക്കാര്‍ സ്ക്കൂളില്‍ ചേര്‍ക്കുകയും പഠിപ്പിക്കുകയും വേണം, അതാണ് നിയമം. ഹെഡ് മാസ്റ്റര്‍ ചേര്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍ അവളെ പഠിപ്പിക്കേണ്ട അദ്ധ്യാപകര്‍ ഒരു വിധത്തിലും സമ്മതിക്കുന്നില്ല. ‘എട്ടാം തരം മുതല്‍ ഇവിടെ പഠിക്കാതെ പിന്നെ പത്തിലെത്തിയപ്പോള്‍ എന്തിന് ഇവിടെ ചേരണം?’ എന്നാണ് അവര്‍ ചോദിക്കുന്നത്. ‘ഇവിടെ ഹെഡ് മാസ്റ്റര്‍ക്ക് സ്വന്തം അധികാരം പ്രയോഗിക്കാം. എന്നാല്‍ സഹപ്രവര്‍ത്തകരെ പിണക്കി കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല’.


അങ്ങനെ മൂന്നാം ദിവസം പത്ത് മണിക്ക് -‘ഒന്നാമത്തെ പിരീഡ് ക്ലാസ്സില്ലാത്തതിനാല്‍ സ്റ്റാഫ് റൂമിലിരുന്ന് നുണ പറയുന്ന ഏതാനും ലേഡീ ടീച്ചേര്‍സ്‘- ആ സ്ത്രീയോട് പ്രശ്നങ്ങള്‍ തിരക്കി. ‘അവരുടെ മകള്‍ അടുത്തുള്ള പ്രൈവറ്റ്-എയിഡഡ്- സ്കൂളില്‍ പത്താം തരത്തില്‍ പഠിക്കുകയാണ്. (നമ്മുടെ മുഖ്യ ‘ശത്രു സ്ഥാപനം‘) സ്ക്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞു. ഒരു ദിവസം വൈകുന്നേരം സ്ക്കൂളില്‍ പോയി തിരിച്ചു വന്ന മകള്‍ പറയുന്നു; അമ്മേ ഞാനിനി ആ സ്ക്കൂളിലേക്കില്ല’. കാരണം എത്ര ചോദിച്ചിട്ടും പറയുന്നില്ല. അവിടെ നിന്നും മാറ്റി ചേര്‍ക്കണം. ഒരു മകള്‍ മാത്രമാണ്, കൂലിവേല ചെയ്ത് അമ്മ അവളെ പോറ്റുകയാണ്. അച്ഛനെപറ്റി ചോദിച്ചത് നിര്‍ത്താതെയുള്ള കരച്ചിലിലാണ് അവസാനിച്ചത്. അങ്ങനെ വനിതകള്‍ ഇടപെട്ട് പ്രശ്നം മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തു. ഒരു കുട്ടിയെ കൂടി പത്തില്‍ അധികമായി ചേര്‍ക്കാമെന്ന തീരുമാനമായി. ‘നാളെ മകളും ടീസിയും പുസ്തകവുമായി വന്നാല്‍ സ്ക്കൂളില്‍ ചേര്‍ക്കാമെന്ന്’ പറഞ്ഞപ്പോള്‍ ആ അമ്മ കൈ കൂപ്പികൊണ്ട് പറഞ്ഞു,

“ടീച്ചറേ, ഞങ്ങള്‍ കോളനിയിലെ കുടിലിലാണ് താമസം. അവിടെ പകല്‍ സമയത്ത് പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് വീട്ടില്‍ നില്‍ക്കാനാവില്ല. എനിക്ക് കൂലിപ്പണിക്ക് പോകണം. എന്റെ മകളെ അപകടത്തില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെടുത്തി”.
കോളനി,,

ലക്ഷങ്ങളും കോടികളും ഒഴുകുന്ന ഹൌസിങ്ങ് കോളനികള്‍ വരുന്നതിനു മുന്‍പേ ഈ ഗ്രാമീണ കോളനികള്‍ ഉണ്ട്. തെരുവിലുള്ളവരെ പുനരധിവസിപ്പിച്ച ഒരു സെന്റ് സ്ഥലത്തെ വീടുകളാണ് ഇവ. മണ്ണും ഓലയും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച ചെറിയ കൊട്ടാരങ്ങളാണവ. എല്ലാ ജാതിയും മതവും ഭാഷയും ഇവിടെ ഉണ്ട്. അവര്‍ ഒന്നിച്ച് ചേര്‍ന്നാല്‍ സംസാരിക്കുന്നത് ‘മനുഷ്യ പിറവിക്കു മുന്‍പുള്ള ഭാഷ’ ആയിരിക്കും. എന്നാല്‍ അദ്ധ്യാപകരുടെ മുന്നിലെത്തിയാല്‍ ശുദ്ധ മലയാളം പറയും. സ്ക്കൂളിനു സമീപമുള്ള മൂന്ന് കോളനികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് കൈവന്നിട്ടുണ്ട്. ഒരു പ്രത്യേക ലോകം. അവിടെയുള്ള സ്ലം dogs കളെ ഞങ്ങള്‍ പഠിപ്പിക്കുന്നു. പിന്നെ അവര്‍ SSLC പാസാവുമ്പോള്‍ മില്ലിയനിയര്‍ ആവുന്നത് ഞങ്ങളാണ്.

എനിക്ക് ചാര്‍ജ്ജുള്ള പത്താം ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന പെണ്‍കുട്ടിയെ രണ്ട് ദിവസം കണ്ടില്ല. കാരണം അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു, ‘അവളുടെ വീട് ശക്തമായ മഴയില്‍ തകര്‍ന്നു വീണു’. ക്ലാസ്സ് ടീച്ചറെന്ന നിലയില്‍ ഏതായാലും പോകണം. ഉച്ച ഭക്ഷണത്തിനു ശേഷം തകര്‍ന്ന വീട് കാണാന്‍ പരിചയമുള്ള ഒരു പെണ്‍കുട്ടിയേയും കൂട്ടി ഒരു ഓട്ടോയില്‍ കയറി നേരെ വീട് സ്ഥിതി ചെയ്യുന്ന കോളനിക്കു മുന്നില്‍ ഇറങ്ങി. ഒറ്റയ്ക്കാണോ വീട് സന്ദര്‍ശനം എന്ന് ചോദിക്കാം. അതെ, മിക്കവാറും ഒറ്റയ്ക്ക്, മറ്റുള്ള അദ്ധ്യാപകരെ ഉപദ്രവിക്കാതെയാണ് എന്റെ യാത്രകള്‍.

ഓട്ടോയില്‍ നിന്ന് ഇറങ്ങി ‘ഗൈഡിന്റെ’ പിന്നാലെ ഞാന്‍ നടന്നു. ചുറ്റുപാടും ഇഷ്ടികയും ഓലയും പ്ലാസ്റ്റിക്കും തകരവും കൊണ്ടു മറച്ച ‘കൊച്ചു കൊച്ചു കുടിലുകള്‍,. ഒരു കുടിലിന്റെ മറ നീക്കി രണ്ട് പെണ്‍കുട്ടികള്‍ പുറത്ത് വന്ന് ‘ടീച്ചറേ’ എന്ന് വിളിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ്, ആകെ മുഷിഞ്ഞ വേഷം, അവര്‍ ഓടി വന്ന് എന്റെ കൈ പിടിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. ഉള്ളില്‍ നിന്ന് പെണ്‍കുട്ടികള്‍ പുറത്ത് വന്നത് കൊണ്ടാണ് അത് ഒരു വീടാണെന്ന് എനിക്ക് മനസ്സിലായത്. അവരോട് സംസാരിച്ചു കൊണ്ട് ഞാന്‍ അല്പം കൂടി നടന്നപ്പോള്‍ തകര്‍ന്ന വീടിന്റെ ഉടമയായ ശിഷ്യയെ കണ്ടെത്തി. അവള്‍ ഇപ്പോള്‍ തൊട്ടടുത്ത വീട്ടിലാണ് താമസം.

“തകര്‍ന്ന വീട് നാളെ പുതുക്കി പണിയും,അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയാണ്” അതും പറഞ്ഞ് അവള്‍ വീടിന്റെ തകര്‍ച്ച കാണിച്ചുതന്നു.

അവളുടെ തകര്‍ന്ന വീടെന്ന് പറയുന്നത് ഒരു മണ്‍കൂനയും ഏതാനും മരവും ഓലയും മാത്രമുള്ളതാണ്. അപ്പോള്‍ രാത്രി വീട് തകര്‍ന്നിട്ടും ആര്‍ക്കും പരിക്ക് പറ്റാത്തതിന്റെ രഹസ്യം എനിക്കു മനസ്സിലായി. തിരിച്ചു വരുമ്പോള്‍ ഒരു കാര്യം മാത്രമാണ് ചിന്തിച്ചത്, ‘കൌമാരപ്രായത്തിലുള്ള പെണ്‍കുട്ടി അടുത്ത വീട്ടില്‍ താമസ്സിക്കുന്നു. ഓലകൊണ്ട് മറച്ച ആ ഒറ്റ് മുറി വീട്ടിലാണെങ്കില്‍ കുട്ടികളും യുവാക്കളും പ്രായമായവരും അടക്കം പതിനൊന്ന് പേരുണ്ട്. അപ്പോള്‍ ഇവിടെ പെണ്‍കുട്ടികളുടെ സുരക്ഷിതത്ത്വം ഒരു സങ്കല്പം മാത്രമാണ്.

ഇനി ഒരു മേയ് മാസ അവധിക്കാല വിശേഷം. പതിവു പോലെ ഈ അവധിക്കാലത്തും എട്ടാം ക്ലാസ്സ് അഡ് മിഷനു വേണ്ടി കുട്ടികളെ കണ്ടുപിടിക്കുന്ന തിരക്കിലാണ്. സ്ക്കൂളില്‍ ചേരാനായി കുട്ടികളെ കണ്ടെത്തുക; ഇപ്പോള്‍ അതൊരു ശീലമായി മാറി. ‘മറ്റുള്ളവര്‍ കുട്ടികളെ കാന്‍വാസ് ചെയ്യുമ്പോള്‍ ഗവ്ണ്മേന്റ് സ്ക്കൂളാണെന്ന് പറഞ്ഞ് ഞങ്ങള്‍ മിണ്ടാതിരുന്നാല്‍ സ്ക്കൂള്‍ അടച്ചു പൂട്ടേണ്ടിവരും’. ഒരു ദിവസം ഗൃഹസന്ദര്‍ശനത്തിന് സ്ക്കൂളിലെ കായിക അദ്ധ്യാപികയോടൊപ്പം ഞാനും ഉണ്ടായിരുന്നു. അന്ന് ഞങ്ങള്‍ നടന്നെത്തിയത് ഒരു കോളനിയിലാണ്. കൂട്ടത്തില്‍ ഏറ്റവും അപകടം പിടിച്ച സമൂഹമാണ് ഇവിടെയുള്ള അന്തേവാസികള്‍. ചാരായം, മയക്കുമരുന്ന്, പെണ്‍ വാണിഭം, മോഷണം, തുടങ്ങിയ കേസുകളിലെ പ്രതികളെ പോലീസുകാര്‍ ആദ്യം തേടിയെത്തുന്നത് ഇവിടെയായിരിക്കും. മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞ പരിസരമാണ് . നമ്മുടെ ഒരു വലിയ ശിഷ്യസമൂഹം ഇവിടെയാണുള്ളത്.
.
മേയ് മാസചൂട് അറിയാതെ ഞങ്ങള്‍ രണ്ടുപേരും കോളനിയിലെ വീടുകള്‍ മുഴുവന്‍ ചുറ്റിയടിച്ചു. അദ്ധ്യാപകരെ ബഹുമാനിക്കാനും സ്വീകരിക്കാനും അവര്‍ മുന്നിലാണ്. അങ്ങനെ നടന്നുകൊണ്ടിരിക്കെ മദ്യ ലഹരിയിലായ ഒരു മാന്യന്‍ ഞങ്ങളോട് കാര്യങ്ങള്‍ ചോദിച്ചു. പിന്നെ ആ കാരണവര്‍ ഞങ്ങളെ ചുറ്റിക്കൊണ്ട് അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട്. പറയുന്ന കാര്യം തിരിച്ചറിഞ്ഞ ഞങ്ങള്‍ പെട്ടെന്ന് തന്നെ യാത്ര മതിയാക്കി തിരിച്ചു നടന്നു.
മടക്കയാത്രയില്‍ കായികത്തോട് ഞാന്‍ ചോദിച്ചു, “അയാള്‍ പറഞ്ഞത് നീ കേട്ടോ?”
“ഞാന്‍ കേട്ടു, ഞാന്‍ വിചാരിച്ചു നീ കേട്ടുകാണില്ലെന്ന്”
“രണ്ടാളും കേട്ടു, എന്നാല്‍ ഞങ്ങള്‍ ഒന്നും കേട്ടില്ല, അത്കൊണ്ട് അയാള്‍ പറഞ്ഞ തോന്ന്യാസം ആരോടും പറയേണ്ട്”.
“അതെ അയാള്‍ പറഞ്ഞത് വീട്ടില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ഈ ജോലി തന്നെ രാജിവെക്കാന്‍ പറയും”. അങ്ങനെ ഞങ്ങള്‍ ഉച്ച വെയിലത്ത് നടന്നു.

പിന്നെ മദ്യലഹരിയില്‍ കാരണവര്‍ പറഞ്ഞതോ, അത് !!! ‘സ്ക്കൂളില്‍ കുട്ടികള്‍ ആവശ്യമാണെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ അയാളോട് സഹകരിക്കണമെന്നാണ് പറഞ്ഞത്‘.

പിന്‍ കുറിപ്പ്:

  1. മഴയില്‍ വീട് തകര്‍ന്ന കുട്ടിക്ക് വീട് പുതുക്കി പണിയാനായി സ്ക്കൂളില്‍ നിന്ന് സഹായധനം നല്‍കി. എന്നാല്‍ ആ തുക മുഴുവന്‍ അവളുടെ അച്ഛന്‍ ചാരായഷാപ്പില്‍ അടിച്ചുപൊളിച്ചു.
  2. മദ്യലഹരിയിലും അല്ലാതെയും അപരിചിതര്‍ അനാവശ്യം പറഞ്ഞാല്‍ അത് അവഗണിക്കുന്നതാണ് മാന്യന്മാര്‍ക്ക് നല്ലത്.

13 comments:

  1. പാവം അദ്ധ്യാപികമാർ..

    ReplyDelete
  2. സിനിമയും ചാനലുകളുമാണ് മദ്യത്തെ മഹത്വ വത്കരിക്കുന്നത്. അവക്ക് പണം ചിലവാക്കരുത്.
    എന്തിന് നമ്മള്‍ നമ്മുടെ പണം മുടക്കി ഈ സാമൂഹ്യ ദ്രോഹികളെ സമ്പന്നരാക്കുന്നു. ടീച്ചര്‍ ഇത് കുട്ടികളോട് പറയണം.
    കൂടാതെ മദ്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നും എങ്ങനെ അത് നമ്മേ അടിമ ആക്കുന്നുവെന്നും മറ്റും. മദ്യക്കമ്പ്നികളുടെ അടിമയായി ജീവിക്കണോ വേണ്ടയോ എന്നുള്ള ചോദ്യം എല്ലാവരും ചോദിക്കണം.

    എന്ന മദ്യമില്ലാതെ മനുഷ്യനായി ജീവിക്കാനാകും.

    ReplyDelete
  3. വിദ്യാഭ്യാസമുള്ള ഒരു നല്ല തലമുറ വരുംവരെ കാത്തുനിന്നേപറ്റൂ.

    മദ്യപാനം നമ്മുടെ സമൂഹത്തിന്‌ ചെയ്യുന്ന ദ്രോഹം മറ്റെന്തിനേക്കാളും വലുതാണ്‌. അതിനെതിരെ പ്രതികരിക്കാന്‍ ധാര്‍മികശേഷിയുള്ളവരും ഇന്നിവിടില്ല. മാധ്യമങ്ങള്‍ മദ്യപാന മഹത്വവത്കരണം തടയുകയും ഗവ. മദ്യലഭ്യത കുറയ്ക്കുകയും വേണം. വികസനത്തിന്റെ പിന്നാമ്പുറമ്പില്‍ വസിക്കുന്ന ഇവരുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കേണ്ടിയിരിക്കുന്നു. ചേരിനിര്‍മാര്‍ജ്ജനം സാധ്യമാക്കും എന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനത്തെ പ്രതീക്ഷയോടെ കാണേണ്ടിയിരിക്കുന്നു.

    ReplyDelete
  4. സിനിമ, മൊബൈല്‍, മദ്യം,മയക്കുമരുന്നു്, അടിച്ചുപൊളിക്കല്‍, ആകെക്കൂടി ഒരാഘോഷമാണവര്‍ക്കു് ജീവിതം. അതിനപ്പുറത്തേക്കൊന്നും ആലോചിക്കുന്നുമില്ല. കാശിനാവശ്യം വരുമ്പോള്‍ അതിനും വഴികളുണ്ടല്ലോ.

    ReplyDelete
  5. സാമൂ‍ഹിക പ്രതിബദ്ധത ഉള്ളവര്‍ക്കെ ഇങ്ങിനെയുള്ള പ്രശ്നങ്ങള്‍ കണ്ടാല്‍ ഇടപെടാന്‍ തോന്നുകയുള്ളു.ബാക്കിയുള്ളവര്‍ക്ക് എല്ലാം സ്വാഹ.

    ReplyDelete
  6. നല്ല ലേഖനം ടീച്ചർ കൂടുതർ പേർ ഇത് വായിക്കട്ടേ

    ReplyDelete
  7. സിനിമയും ചാനലുകളുമാണ്, CPMമാണ് മദ്യത്തെ മഹത്വ വത്കരിക്കുന്നത്. അവക്ക് പണം ചിലവാക്കരുത്.
    എന്തിന് നമ്മള്‍ നമ്മുടെ പണം മുടക്കി ഈ സാമൂഹ്യ ദ്രോഹികളെ സമ്പന്നരാക്കുന്നു. ടീച്ചര്‍ ഇത് കുട്ടികളോട് പറയണം.
    കൂടാതെ മദ്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നും എങ്ങനെ അത് നമ്മേ അടിമ ആക്കുന്നുവെന്നും മറ്റും. മദ്യക്കമ്പ്നികളുടെ അടിമയായി ജീവിക്കണോ വേണ്ടയോ എന്നുള്ള ചോദ്യം എല്ലാവരും ചോദിക്കണം.

    എന്ന മദ്യമില്ലാതെ മനുഷ്യനായി ജീവിക്കാനാകും.

    ReplyDelete
  8. teacher, ithu samajvadi coloniyile tanne sambavamano ? anthayalum ithoru kayperiya kadha tanne.

    ReplyDelete
  9. ടീച്ചര്.....
    അധ്യാപന തൊഴിലാളി എന്നതിലുപരി മനുഷ്യസ്നേഹിയായി ജീവിക്കുന്ന ചുരുക്കം അധ്യാപകരെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. എന്റെ മാതൃകാ-പാഠപുസ്തകത്തില് അവരെയെല്ലാം ഞാന്‍ ആദരവോടെ സൂക്ഷിച്ചു വച്ചിട്ടണ്ട്. ആ പുസ്തകത്തിലേക്ക് ഒരു താള്‍ കൂടി ചേര്ക്കുന്നു..... mini//മിനി ടീച്ചര്‍.....

    ReplyDelete
  10. സമയോചിതമായ പോസ്റ്റ്. ഏപ്രില്‍ മാസം ഈ ഓര്‍മ്മകളെ മനസ്സിലേക്ക് അറിയാതെ കൊണ്ടുവരുന്നു.

    പിന്‍കുറിപ്പുകള്‍ നന്നായി.

    ReplyDelete
  11. നന്നായിരിക്കുന്നു..ശരിക്കും ടച്ചിങ്ങ്

    ReplyDelete
  12. ഇങ്ങനെയും ചിലര്‍ ജീവിക്കുന്നു ..സര്‍ക്കാരിന് അവരുടെ കാര്യത്തില്‍ ഉള്കണ്ട വരുക വോട്ട് ചോദിക്കാന്‍ പോകുമ്പോള്‍ മാത്രമാണ്.
    പൊതുവേ നമ്മുടെ , മലബാറിലെ, സ്കൂള്‍ കുട്ടികള്‍ കൂടുതല്‍ ഉയരത്തില്‍ എത്താത്തത് ദാരിദ്ര്യം കൊണ്ടും കൂടി ആവാം

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.