“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 29, 2009

28. നെഗറ്റീവ് തേടി ഒരു യാത്ര...ഭാഗം1


നെഗറ്റീവ് എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നത് ‘എന്റെ ഹൃദയത്തിലൂടെയും ആയിരക്കണക്കിന് കിലോമീറ്റര്‍ നീളമുള്ള രക്തക്കുഴലുകളിലൂടെയും’ ഒഴുകുന്ന എന്റെ രക്തത്തെയാണ്. അത് നെഗറ്റീവാണ്; ‘o’ negative. ആദ്യമായി രക്ത ഗ്രൂപ്പ് അറിഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. കാരണം നെഗറ്റീവ് എന്നത് അപൂര്‍വ്വമായതിനാല്‍ ഞാന്‍ അപൂര്‍വ്വം ചിലരില്‍ ഒരാളായി മാറിയിരിക്കയാണല്ലൊ.


ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മാറ്റങ്ങള്‍ ഉണ്ടാക്കി കറങ്ങിക്കൊണ്ടിരിക്കെ ആശുപത്രിയില്‍ അഡ്‌മിറ്റായ ഒരു ദിവസം കണ്ണൂര്‍ ‘ഏ കെ ജി ആശുപത്രിയിലെ’ ഒരു ഡോക്റ്റര്‍ അത് കണ്ടുപിടിച്ചു; എന്റെ ഹൃദയത്തിന്റെ താളം തെറ്റിയിരിക്കുന്നു. കൂടുതല്‍ പരിശോധനക്കായി നേരെ തിരുവനന്തപുരം ശ്രീചിത്ര ഹോസ്‌പിറ്റല്‍. അവിടെ വെച്ച് പലതരം പരിശോധനകള്‍ നടന്നു. എന്റെ ഹൃദയത്തിലൂടെ രക്തം ഒഴുകുന്നത് ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. കാറ്റും കോളും നിറഞ്ഞ ദിവസം തിരമാലകള്‍ ഒഴുകുന്നതുപോലെ അതിശക്തമായ ഇടിമുഴക്കത്തോടെ രക്തം എന്റെ ഹൃദയത്തിലൂടെ ഒഴുകുകയാണ്. ഒടുവില്‍ ഡോക്റ്റര്‍‌മാര്‍ ഫൈനല്‍ പ്രഖ്യാപിച്ചു; ഹൃദയവാല്‍വിന് ഒരു ചെറിയ റിപ്പെയര്‍ വേണം. ആറ് മാസം കഴിഞ്ഞ ഒരു ശുഭമുഹൂര്‍ത്തത്തില്‍ നടക്കുന്ന ലഘുവായ ശസ്ത്രക്രീയ ; ഒപ്പം ആവശ്യമായ പണവും കൂടെ സ്വന്തം ഗ്രൂപ്പില്‍‌പ്പെട്ട രക്തമുള്ള ‘രക്തം ദാനം ചെയ്യാന്‍ തയാറുള്ള’ ഒരാളും. (ഒരാള്‍ ആവശ്യമാണെങ്കില്‍ മിനിമം രണ്ടാളെ സം‌ഘടിപ്പിക്കണം- ഒരു മുന്‍‌കൂര്‍ കരുതല്‍-)


ആറു മാസത്തിന് ശേഷം നടത്തേണ്ട ശസ്ത്രക്രീയയുടെ വിവരം മനസ്സിലാക്കി വീട്ടിലെത്തി. കേരളത്തിന്റെ തെക്കേയറ്റത്തു നിന്നും കണ്ണൂരിലെ വീട്ടിലെത്തിയതിന്റെ പിറ്റേദിവസം തന്നെ ഭര്‍ത്താവ്, എന്റെ നേരെ ഇളയ സഹോദരന് (ആകെ അഞ്ചില്‍ നമ്പര്‍ 2, ഞാന്‍ നമ്പര്‍ 1) ഒരു ഡ്യൂട്ടി കൊടുത്തു. പറ്റിയ ‘ഒ നെഗറ്റീവ്‘ ചെറുപ്പക്കാരെ കണ്ടുപിടിക്കുക.

“ഓ അതിനെന്താ രക്തദാനത്തിന് തയ്യാറുള്ള നാട്ടിലെ ചെറുപ്പക്കാര്‍ എത് ഗ്രൂപ്പായാലും ഇഷ്ടം‌പോലെയുണ്ടാവും“ അവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിചിരിച്ചുപോയി.

“അതെന്താ ഇത്ര ചിരിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ എത്ര ആളെ വേണമെങ്കിലും കിട്ടും, നെഗറ്റീവായാലും പോസിറ്റീവായാലും” അനുജനാണെങ്കിലും അവന്‍ ദേഷ്യത്തോടെ പറഞ്ഞു.
അപ്പോള്‍ അതാ വരുന്നു അങ്ങേരുടെ കമന്റ്; “നിന്റെ വിചാരം ഈ ലോകത്തില്‍ ‘ഒ നെഗറ്റീവ്’ നീ മാത്രമാണ് എന്നായിരിക്കും”.
ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ്; എന്റെ സ്ക്കൂളില്‍ SSLC പരീക്ഷ എഴുതേണ്ട 350 കുട്ടികളുടെ രക്തപരിശോധനയില്‍ --നെഗറ്റീവ് അഞ്ച്, അതില്‍ ‘ഒ നെഗറ്റീവ് വെറും മൂന്ന്’--(അവര്‍ മൂന്നും പെണ്‍കുട്ടികള്‍). ഏതായാലും നാട്ടിലും അവന്‍ പഠിപ്പിക്കുന്ന പാരലല്‍ കോളേജിലുമായി ചെറുപ്പക്കാരുടെ ഒരു പട തന്നെയുണ്ടല്ലോ; അതില്‍ നെഗറ്റീവ് കാണുമല്ല്ലൊ.


മാസങ്ങള്‍ മൂന്ന് കഴിഞ്ഞു; അളിയന്‍, അളിയനെ കാണുമ്പോള്‍ ചോദിക്കും; “നെഗറ്റീവ് രക്തത്തിന് ആളെ കിട്ടിയോ?”
അപ്പോള്‍ സ്ഥിരം കുതിരവട്ടം പപ്പു മോഡല്‍ മറുപടി തന്നെ, “ഇപ്പം ശരിയാക്കാം”

ഒടുവില്‍‍ ഒരു നെഗറ്റീവ് മാത്രം അവന് കിട്ടി, അത് അവന്റെ രക്തം മാത്രം. ബാക്കി ഇളയവര്‍ മൂന്നു പേരും മാത്രമല്ല, ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പോസിറ്റീവ്. നെഗറ്റീവ് ഉണ്ടെങ്കില്‍ തന്നെ അതില്‍ ‘ഒ’ ഇല്ല. പരിചയമുള്ളവരില്‍ നിന്ന്, നാട്ടിലെ ‘മര്യാദക്കാരായ’ ഒരു വിധം ചെറുപ്പക്കാരുടെയെല്ലാം രക്തപരിശോധന നടത്തി. പിന്നെ ഈ പരിശോധനക്ക് വേണ്ട പണം, ആവശ്യമുള്ളവര്‍ക്ക് അതും കൊടുത്തിരുന്നു. പിന്നെ അക്കാലത്ത് രക്തദാനം സ്വീകരിക്കുന്ന സമയത്ത് AIDS എന്ന വില്ലന്‍ കേരളമഹാരാജ്യത്ത് കടന്നു വന്നതായി അറിയപ്പെട്ടിട്ടില്ല.
...
അങ്ങനെ മാസം അഞ്ച് കഴിഞ്ഞു; നെഗറ്റീവ് ഒരു പ്രശ്നമായി മാറി. അപ്പോഴാണ് നമ്മുടെ യുവജന സം‌ഘടനെയെ സഹായത്തിന് സമീപിച്ചത്. അതിന്റെ ഒരു നേതാവ് ‘പ്രശാന്ത്‘ എന്റെ ഒരു ബന്ധു കൂടിയാണ്.
ദിവസം വീട്ടില്‍ വന്നപ്പോള്‍ അവനും പറയുന്നു, “ഇപ്പം ശരിയാക്കാം, ഞങ്ങള്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തിയിട്ടുണ്ട്. അതില്‍ രക്തദാനത്തിന് തയ്യാറായ എല്ലാ ഗ്രൂപ്പില്‍‌പ്പെട്ടവരും ഉണ്ട്”.
തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ പോകേണ്ട തീയ്യതിയൊക്കെ കൃത്യമായി നേതാവ് ഡയറിയില്‍ എഴുതി വെച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ‘ഒ നെഗറ്റീവ് പാര്‍ട്ടി മെമ്പറെ കിട്ടിയിട്ടുണ്ട്‘ എന്ന് പ്രാശാന്ത് വീട്ടില്‍ വന്ന് പറഞ്ഞപ്പോള്‍ ഒരു വലിയ പ്രശ്നം പരിഹരിച്ചതില്‍ ആശ്വസിച്ചു.


അങ്ങനെ ആ ദിവസം ആഗതമായി; ഓപ്പറേഷന്‍ നടത്തുന്നതിന്റെ തലെ ദിവസം തന്നെ തിരുവനന്തപുരത്ത് എത്താനായി വൈകുന്നേരം കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. നാല് ടിക്കറ്റ് ആദ്യമെ ബുക്ക് ചെയ്തതാണ്; ഒന്ന് ഞാന്‍, പിന്നെ ഭര്‍ത്താവ്, ‘ഒ നെഗറ്റീവ്‘ സഹോദരന്‍, പിന്നെയോ?? ‘അതാണ്‍ രക്തദാനത്തിന് തയ്യാറായ യുവജന ചോട്ട നേതാവ്’. അവന്‍ കൃത്യസമയത്ത് വണ്ടി വരുന്നതിന് അര മണിക്കൂര്‍ മുന്‍പ് ലഗേജുമായി റെയില്‍‌വെ സ്റ്റേഷനില്‍ എത്തുമെന്നാണ് പ്രശാന്ത് പറഞ്ഞത്. എന്റെ ആങ്ങളക്ക് ആ പയ്യനെ കണ്ടാല്‍ അറിയാം.


ഒരു ടൂര്‍ പോകുന്നത് പോലുള്ള ആവേശത്തിലാണ് ഞാന്‍. റെയില്‍‌വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നമ്മുടെ നെഗറ്റീവ് പയ്യന്‍ എത്തിയിട്ടില്ല. വണ്ടി വരാന്‍ സമയമായപ്പോള്‍ എനിക്കാകെ ടെന്‍ഷനായി (സ്വന്തമായി ടെന്‍ഷന്‍ ഇല്ലെങ്കില്‍ മറ്റുള്ളവരുടെ ടെന്‍ഷന്‍ വാങ്ങി സ്വന്തമാക്കുന്ന സ്വഭാവം എനിക്കുണ്ട്. ഇപ്പോള്‍ വന്നത് സ്വന്തം ടെന്‍ഷനാണ്‍) പുറത്ത് റോഡിലേക്ക് നോക്കുമ്പോഴാണ് നേതാവ് പ്രശാന്ത് ഓടി വരുന്നത് കണ്ടത്. ഞങ്ങളെ കണ്ട ഉടനെ കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു,
“അവനെ കിട്ടില്ല, വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിട്ടുകളഞ്ഞു; പിന്നെ ഞാന്‍ നിങ്ങള്‍ക്ക് ഒരു ഫോണ്‍ നമ്പര്‍ തരാം, തിരുവനന്തപുരത്തെ ഞങ്ങളുടെ പാര്‍ട്ടി മെമ്പറുടേത്, ആവശ്യം വന്നെങ്കില്‍ വിളിച്ചാല്‍ അയാള്‍ വന്ന് പ്രശ്നം പരിഹരിക്കും”. എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്.
“ആവശ്യത്തിന്‍ ഒരാളായി ‘ഒ നെഗറ്റീവ്’ ആങ്ങള ഉണ്ടല്ലോ” ഇതെല്ലാം കേട്ട ഭര്‍ത്താവ് പറഞ്ഞു.
അങ്ങനെ ഒരു ടിക്കറ്റ് ക്യാന്‍‌സല്‍ ചെയ്ത് ഞങ്ങള്‍ മൂന്നുപേരും തിരുവനന്തപുരം യാത്രയായി.


രക്തദാനം ചെയ്യാന്‍ തയ്യാറായ ആ മഹാനെ വീട്ടുകാര്‍ അടച്ചു പൂട്ടുകയാണ് ചെയ്തത്. ഇതാണ് സംഭവിച്ച്ത്: ആ ദിവസം ഏതാണ്ട് മൂന്നു മണിയായപ്പോള്‍ നമ്മുടെ പ്രശാന്ത് നെഗറ്റീവ് കാരന്റെ വീട്ടിലെത്തുന്നു. അപ്പോള്‍ നെഗറ്റീവിന്റെ മൂത്ത സഹോദരി വീട്ടിന്റെ വരാന്തയില്‍ വെച്ച് ഇസ്ത്രിയിടുകയാണ്.
പ്രശാന്തിനെ കണ്ട ഉടനെ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു; “നിങ്ങള്‍ രണ്ടാളും മാത്രമാണോ സമ്മേളനത്തിന് തിരുവനന്തപുരത്ത് പോകുന്നത്?“
“അയ്യോ ഞാനില്ല, അവനാ പോകുന്നത്”
“അതെങ്ങനെയാ അവനു മാത്രമായി ഒരു സമ്മേളനം. അവനാണോ വലിയ നേതാവ് ?”സഹോദരിക്ക് സംശയമായി.
“അത് തിരുവനന്തപുരത്ത് ഹാര്‍ട്ട് ഓപ്പറേഷന് ഒരു രോഗിക്ക് രക്തം വേണം. ഇവന്റെ രക്തം നാട്ടില്‍ കിട്ടാത്ത ഗ്രൂപ്പാണ് ‘ഒ നെഗറ്റീവ്’, അവനെവിടെ?” നേതാവ് ഒരു മഹത്തായ കാര്യം സഹോദരിയെ അറിയിച്ചു.
“ഓ അതിനാണോ, ഇവനിത്ര തിരക്കിട്ട് ഇസ്ത്രിയിടാന്‍ പറഞ്ഞത്? കുളിച്ചിട്ട് മാറ്റാന്‍ കൊടുക്കട്ടെ” ഇതും പറഞ്ഞ് ഇസ്ത്രിയിട്ട ഷര്‍ട്ടും മുണ്ടും എടുത്ത് അകത്തു പോയ പെങ്ങള്‍ അല്പസമയം കഴിഞ്ഞ് അമ്മയോടൊപ്പമാണ് പുറത്ത് വന്നത്.

പിന്നെത്തെ ഡയലോഗ് അമ്മയുടെ വകയാണ്, “പ്രശാന്തെ എന്റെ മോനെ നാട്ട്‌കാര്‍ക്ക് വേണ്ടി ചോര കൊടുക്കാനൊന്നും ഞാന്‍ വിടില്ല, അവനെ പോറ്റി വലുതാക്കി ചോരെയും നീരും ആക്കിയത് ഞാനാ, നീ പോയാട്ടെ”
സത്യം പറഞ്ഞതിലുള്ള അമളി നേതാവിന് അപ്പോഴാണ് മനസ്സിലായത്. “അല്ല അവനെവിടെ, പിന്നെ വണ്ടിക്ക് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നുണ്ടാവും”.
“അവനെ ഞങ്ങള്‍ മുറിയില്‍ അടച്ച് പൂട്ടിയിരിക്കയാ, നീ ഒച്ചവച്ചാല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ നാട്ടുകാരെ മുഴുവന്‍ വിളിച്ച് കുഴപ്പമുണ്ടാക്കും” അമ്മയോടൊപ്പം മകളുടെയും ശബ്ദം ഉയരാന്‍ തുടങ്ങി.
നേതാവ് പത്തി താഴ്തി; കാര്യം പതുക്കെ വിശദീകരിച്ചു. എന്നാല്‍ ഏതോ ഒരു അപകടത്തില്‍ മകനെ ചാടിക്കുകയാണെന്ന് വിശ്വസിച്ച, ആ അമ്മപെങ്ങള്‍സംഘം ഒരു സന്ധിക്കും തയ്യാറല്ല, എന്നറിഞ്ഞ പ്രശാന്ത് ആ വീട്ടില്‍ നിന്നും ഇറങ്ങി.

അന്ന് മുതല്‍ നമ്മുടെ നാട്ടിലെ നേതാക്കള്‍ പെണ്ണുങ്ങള്‍ ചിരിച്ചാല്‍ സത്യം പറയരുത് എന്ന് തിരിച്ചറിഞ്ഞു..


വീടുകളില്‍ bsnl ലാന്റ്‌ഫോണും കൈയില്‍ മൊബൈല്‍ ഫോണും ആവശ്യമാണെന്ന് എന്റെ നാട്ടുകാര്‍ മനസ്സിലാക്കുകയും അവ കണ്ടുപിടിക്കുകയും ചെയ്തത് ഈ സംഭവത്തിനു ശേഷമാണ്.


പിന്‍‌കുറിപ്പ് :-

  1. പിറ്റേദിവസം ശ്രീചിത്രയില്‍ എത്തിയെങ്കിലും രക്തം ആവശ്യമായി വന്നില്ല, കാരണം ഓപ്പറേഷന്‍ നടന്നില്ല.
  2. എന്റെ ഹൃദയത്തിന്‍ സങ്കീര്‍ണ്ണ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കി പെട്ടെന്ന് പരിഹരിക്കാന്‍ തമിഴ്‌നാട്ടിലുള്ള ഒരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
  3. അന്ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് പുറത്ത് വന്ന് തിരുവനന്തപുരത്തെ താമസസ്ഥലത്ത് എത്തിയപ്പോള്‍ ഞാന്‍ മനസ്സുതുറന്ന് പൊട്ടിക്കരഞ്ഞു. കൂട്ടില്‍ അകപ്പെടുത്തിയ എന്റെ ചിറകുകള്‍ ഒടിക്കാനായി എന്റെ വിധി നടത്തുന്ന കഠിനപരിശ്രമങ്ങള്‍ ഓര്‍ത്ത് കരയാന്‍ കിട്ടിയ അസുലഭ അവസരം ഞാന്‍ എന്തിന് പാഴാക്കണം...
  4. ഇതിന്റെ ഭാഗം 2 ന്റെ കുരുക്കഴിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്.

July 22, 2009

27. തുള്ളിക്കൊരുകുടം പേമാരി....


                              ഒരു സാന്ത്വനമായി, കുളിരായി, അമൃതായി, തേന്‍‌തുള്ളിയായി... വിണ്ണില്‍ നിന്നും മണ്ണിലേക്ക് മാത്രമല്ല; മനുഷ്യന്റെ മനസ്സിലും പെയ്തിറങ്ങുന്ന 'ആ മഴ' ജീവന്റെ തുടിപ്പാണ്. ജീവനും ജീവിതവും മഴയിലാണ് തളിര്‍ക്കുന്നത്, പൂക്കുന്നത്, കായ്‌ക്കുന്നത്. മഴയുടെ ഓര്‍മ്മകള്‍, അത് ജീവിതകാലം മുഴുവന്‍ മനുഷ്യന് മറക്കാനാവാത്തതാണ്. ആ മഴയുടെ ഓര്‍മ്മകളില്‍ ഇപ്പോള്‍ ഞാനൊന്ന് മുങ്ങിത്താഴട്ടെ.,,,

                              മഴയുടെ സുന്ദരമായ ഓര്‍മ്മകളെപറ്റി ആദ്യം പറയട്ടെ;. പുതുമഴ പെയ്യുകയാണ്, അതിന്റെ സുഗന്ധം വീട്ടിനകത്ത് പരക്കുന്നു. പെട്ടെന്ന് തന്നെ മുറ്റത്ത് ഉണക്കാനിട്ട തുണിയൊക്കെ അമ്മ എടുക്കുന്നു. പിന്നെ അടുത്ത ജോലി ഉണങ്ങാനിട്ട വിറക് വാരിയെടുക്കലാണ്; അത് എല്ലാവരും ചേര്‍ന്ന് പെട്ടെന്ന് തീര്‍ക്കുന്നു. മഴ തകര്‍ത്തു പെയ്യുകയാണ്; ഉടനെ ഞാനും അനുജനും പഴയ നോട്ട്ബുക്കുകള്‍ (കഴിഞ്ഞ വര്‍ഷത്തെത്; പഴയ കടലാസ് വിറ്റതിന്റെ ബാക്കി) തപ്പിയെടുക്കുന്നു; പിന്നെ തോണിയുണ്ടാക്കലാണ്. ‘മഴപെയ്യും മുറ്റമൊക്കെ, മാറും വന്‍ കടലായ’ മുറ്റത്തെ വെള്ളത്തില്‍ കടലാസ്‌വള്ളങ്ങള്‍ മുന്നോട്ട് നീങ്ങി അടുത്തനിമിഷം അവ മുങ്ങിത്താഴുന്നതും നോക്കി ഞങ്ങള്‍ വരാന്തയില്‍ ഇരിക്കുന്നു. അങ്ങനെ രസിച്ചും കളിച്ചും ഇരിക്കുമ്പോള്‍ അതാ വരുന്നു; തവളകള്‍…പിന്നാലെ നീര്‍ക്കോലികള്‍, ഞണ്ടുകള്‍, ആമകള്‍, എല്ലാം മുറ്റത്തെ വെള്ളത്തില്‍ നീന്തുകയാണ്. ഈ മുറ്റത്തെ വെള്ളം നേരെ സമീപമുള്ള തോട്ടിലേക്കാണ് ഒഴുകുന്നത്. അതുകൊണ്ട് തോട്ടിലെ അന്തേവാസികളാണ് മഴവെള്ളത്തോടൊപ്പം മുറ്റത്ത് പുതുമഴ പെയ്യുമ്പോള്‍ കയറിവരുന്നത്.

                               മഴ തകര്‍ത്തു പെയ്യുകയാണ്; വീട്ടിനു വെളിയില്‍ മാത്രമല്ല, വീട്ടിനകത്തും. ഓലമേഞ്ഞ മേല്‍‌ക്കൂരയിലെ ചെറിയ ദ്വാരങ്ങളിലൂടെ ഓരോ തുള്ളികളായി ചാണകം മെഴുകിയ തറയില്‍ അകത്ത് പതിക്കുകയാ‍ണ്. ആ മഴത്തുള്ളികള്‍ പിടിച്ചെടുക്കാനായി വീട്ടിനകത്തുള്ള പാത്രങ്ങള്‍ നിരത്തലാണ് അമ്മയുടെ പ്രധാന ജോലി. തുടര്‍ന്ന് കവുങ്ങിന്‍ പാളയും ഓലക്കീറുകളും എടുത്ത് മച്ചിനു മുകളില്‍ കയറി മേല്‍‌ക്കൂരയിലെ ദ്വാരങ്ങള്‍ അടച്ച് അച്ഛന്‍ ആ ജലധാര നിര്‍ത്തലാക്കുന്നു. ശക്തമായ കാറ്റിലും മഴയിലും പേടിച്ച് എല്ലാവരും അകത്തിരിപ്പാണ്; സമീപമുള്ള തെങ്ങുകളും മറ്റു മരങ്ങളും, അവ ഏതു നിമിഷവും വീടിനു മേല്‍ വീഴുമോ എന്ന ചിന്ത മാത്രം. ഓരോ മിന്നലും തുടര്‍ന്ന് ശക്തമായ ഇടിയും കടന്നു പോകുമ്പോള്‍ സഹായത്തിന് ദൈവത്തെ വിളിക്കുന്നു. (തീരപ്രദേശമായതിനാല്‍ ഇടിമിന്നലും കൊടുങ്കാറ്റും കൂടുതലാണ്)

                            പിന്നീട് വരുന്നത് ഇല്ലായ്മയുടെ നാളുകളാണ്. കൃഷിപ്പണിയെടുക്കുന്ന അച്ഛന് ജോലിയും കൂലിയും ഇല്ലാതാവുന്നു. സ്വന്തമായി അല്പം കൃഷി ഉള്ളതിനാല്‍ ഭക്ഷണക്ഷാമം ഒരിക്കലും ഉണ്ടാവാറില്ല. എന്നാല്‍ രൂക്ഷമായ പണക്ഷാമം നേരിടുന്നു. സ്ക്കൂള്‍ തുറക്കുന്ന സമയമാണ് ; രക്ഷിതാക്കള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കേണ്ട സമയം. കിട്ടാവുന്ന സ്രോതസ്സുകളില്‍ നിന്നൊക്കെ കടം വാങ്ങി അച്ഛന്‍ സാമ്പത്തിക അടിത്തറ കുളമാക്കി മാറ്റുന്നു.

                             ശക്തമായ മഴയെ അവഗണിച്ച് കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നു. എങ്ങും വെള്ളം; ബസ്സില്‍, ക്ലാസ്സ്‌മുറികളില്‍ എല്ലാം നനഞ്ഞൊലിച്ച അവസ്ഥ. നനഞ്ഞ യൂനിഫോമില്‍ തണുത്തുവിറച്ച് ഇരുട്ട്‌ തളംകെട്ടിയ ക്ലാസ്സ് മുറിയില്‍ വൈകുന്നേരം വരെ ഇരിക്കുമ്പോള്‍ പഠിച്ചതും പഠിപ്പിച്ചതും ഒന്നും തിരിച്ചറിയാറില്ല. പിന്നെ തിരിച്ച് വീട്ടിലെത്തുമ്പോള്‍ വീണ്ടും നനഞ്ഞ് കുതിരുന്നു. വീട്ടിലെത്തിയാല്‍ നേരെ പോകുന്നത് അടുപ്പിന് സമീപമാണ്. ഇങ്ങനെ തണുത്ത് അടുപ്പിനു ചുവട്ടില്‍ ഇരിക്കുമ്പോള്‍ സൂര്യപ്രകാശത്തിനും ചൂടിനും വേണ്ടി എത്രയോ കൊതിച്ച്ട്ടുണ്ട്.

                           അടുത്തതായി ജലദോഷത്തിന്റെയും പനിയുടെയും നാളുകളാണ്. മരുന്നിന്റെ മണമുള്ള ദിനങ്ങള്‍ വീട്ടില്‍ കടന്നു വരുന്നു. സ്ക്കൂളില്‍ പോകാതെ മൂടിപ്പുതച്ച് കിടക്കുമ്പോള്‍ കഞ്ഞിയും ചുട്ടമുളകും മാത്രം ഭക്ഷണം. മഴത്തുള്ളികള്‍ നോക്കി വീട്ടിന്റെ വരാന്തയില്‍ ഇരിപ്പാണ്; അങ്ങനെ പനിമാറുന്നതുവരെ ദിവസങ്ങള്‍ തള്ളി നീക്കുന്നു. എലിപ്പനി, ഡങ്കിപ്പനി, മലമ്പനി, പക്ഷിപ്പനി, പന്നിപ്പനി, ചിക്കന്‍‌ഗുനിയ ആദിയായവ എന്താണെന്നറിയില്ലെങ്കിലും രോഗം പനിയാണെന്നറിയാം. എല്ലാ വേദനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണം മഴയാണെന്ന് വിശ്വസിക്കുന്നു. മഴക്കാലം ഒന്നു തീര്‍ന്നെങ്കില്‍ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നു.

                            കുട്ടിക്കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ടത് മഴക്കാലത്തെക്കാള്‍ കൂടുതല്‍ മഴയില്ലാത്തകാലമാണ്. ജലക്ഷാമം, വരള്‍ച്ച, ആഗോളതാപനം അങ്ങനെ എല്ലാം അന്നെനിക്ക് അജ്ഞാതമായിരുന്നു. വെറും അഞ്ച് മീറ്റര്‍ മാത്രം ആഴമുള്ള, ഒരു വേനലിലും വറ്റാത്ത കിണര്‍ ഉള്ളതിനാല്‍ ഒരിക്കലും ജലക്ഷാമം അറിഞ്ഞില്ല. വീടിനു മുന്നില്‍ വിശാലമായ വയല്‍, പിന്നില്‍ നോക്കിയാല്‍ കാണുന്നിടത്ത് അറബിക്കടല്‍; ഇവ ചേര്‍ന്ന് കാലാവസ്ഥ ക്രമീകരിക്കുന്നു. എത്ര വെയിലായാലും നല്ല തണുത്ത കാറ്റ് വീശി നാടിനെയും നാട്ടാരെയും തണുപ്പിക്കുന്നു. മഴക്കാലത്തെക്കാള്‍ ഞങ്ങള്‍ കുട്ടികള്‍ മഴയില്ലാത്ത കാലത്തെ ഇഷ്ടപ്പെടുന്നതില്‍ ആശ്ചര്യമില്ല
                           ഇന്ന് ഓരോ മഴക്കാലം ആരംഭിക്കുമ്പോഴും മഴയെ ഭയപ്പെട്ട കുട്ടിക്കാലം ഞാന്‍ ഓര്‍ക്കുകയാണ്.

July 6, 2009

26. മകളേ, എല്ലാം നിനക്കായ്


സാഗരം സുന്ദരം
സാഗരതീരം സുന്ദരം.
തീരത്തെ തഴുകും തരിവളയിട്ട
തിരമാല കൈകള്‍ സുന്ദരം.
തിരമാലക്കൈകളാല്‍ കഴുകിയുണക്കും
തീരത്തെ മണല്‍‌ത്തരികള്‍ സുന്ദരം.
ആ മണല്‍‌ത്തരികള്‍
ഇളം കൈകളാല്‍
വാരിയെടുക്കും കുഞ്ഞ്
അതീവ സുന്ദരം.

നാളെ നീ വലുതാകുമ്പോള്‍
നിന്നെ കാത്തിരിക്കുന്നു
ഈ അനന്തമാം സാഗരം
എല്ലാം മകളേ നിനക്കായി….

ഇന്നു നീ കാണും
ശാന്തമാം തിരമാലകള്‍ക്കടിയില്‍
ഒളിഞ്ഞിരിപ്പുണ്ട്; ഭീകരമാം
കല്ലുകള്‍ കരിമ്പാറകള്‍ ഭീകര ജീവികള്‍
എല്ലാം അറിഞ്ഞ്, ഒരുങ്ങി, ഓരോ
അടിവെച്ച് നീങ്ങാം, നിനക്ക് … മുന്നോട്ട്.

മകളേ… എല്ലാം നിനക്കാണ്…
നാളെ
ആഴിയുടെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കും
മുത്തുകള്‍ പവിഴങ്ങള്‍
ഈ ഭൂമിതന്‍ അറിവുകള്‍
എല്ലാം വാരിയെടുക്കാന്‍
നിന്‍ കരങ്ങള്‍ വേണം.