“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 29, 2009

31. വീട്ടുകാരെ കാത്തിരിക്കും വീടുകള്‍

                
                    തലചായ്ക്കാന്‍ ഒരിടം ?
                    വളരെ മനോഹരമായ വീട്; ഫിനിഷിങ്ങ് പൂര്‍ത്തിയായ അഞ്ച് ബഡ്‌റൂം ഉള്ള എല്ലാ സൌകര്യത്തോടും കൂടിയ ആ വലിയ വീട് സ്ഥിതിചെയ്യുന്നത്, ഗ്രാമപ്രദേശത്തെ അതിവിശാലമായ പറമ്പിന്റെ നടുവിലാണ്. വീടിന്റെ മുറികളിലെല്ലാം പലതവണ ഞാന്‍ കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ചു. എന്തോ ഒരു പന്തികേട് തോന്നിയപ്പോള്‍ വീണ്ടും വീണ്ടും ശ്രദ്ധിച്ചുനോക്കി. ഒരു കുടും‌ബത്തിന് അവിടെ സ്ഥിരമായി ജീവിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒന്നും അവിടെ കാണപ്പെട്ടില്ല. വീട്ടുകാര്‍ക്ക് ദിവസേന ഉപയോഗിക്കേണ്ട വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആദിയായവ ഒന്നും അവിടെ ഇല്ല.


                 ഇന്നലെ പുതിയതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന കര്‍മ്മത്തിന് പങ്കെടുക്കാന്‍ പോയതാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ള, സ്വന്തമായിട്ടും ഭാര്യവീട്ടുകാരുടെ വകയായും ധാരാളം സ്വത്തും പണവും ഉള്ള ഒരു ബന്ധുവിന്റെതാണ് വീട്. സമ്മാനങ്ങള്‍ പാടില്ല, എന്ന് പ്രത്യേകം പറഞ്ഞതുകൊണ്ട്, വളരെ സന്തോഷത്തോടെ രണ്ട് കൈയും വീശിയാണ് പോയത്. ക്ഷണിക്കപ്പെട്ട ധാരാളം വീഐപി,കള്‍ ഉണ്ട്. ഭക്ഷണം അടിപൊളി; (ഇവിടെ കണ്ണൂരിലുള്ള ഒരു വലിയ വിഭാഗത്തിന് വിശേഷദിവസങ്ങളില്‍ നടക്കുന്ന ‘സദ്യ’ നോണ്‍ ആയിരിക്കും. പിറന്നാളിനും നാല്പതാം അടിയന്തിരത്തിനും കല്ല്യാണത്തിനും ഓണത്തിനും വിഷുവിനും യാത്രയയപ്പിനും; കത്തിവീഴുന്നത് കോഴികളുടെ കഴുത്തിലായിരിക്കും) ആ വീട്ടില്‍ എത്തിയപ്പോള്‍ വളരെ നല്ല സ്വീകരണം; വൈകുന്നേരം ‘മുത്തപ്പന്‍ വെള്ളാട്ടം’ കൂടിയുണ്ട്.


                    തിരിച്ച് പോരാന്‍‌നേരത്താണ് എനിക്ക് പ്രധാന വാര്‍ത്ത കിട്ടിയത്. ‘വീട്ടുകാര്‍ അവിടെ സ്ഥിരമായി താമസിക്കുകയില്ല’. അച്ഛനും അമ്മയും എട്ടാംക്ലാസ്സുകാരിയായ മകളും മാത്രമടങ്ങിയ മൈക്രോ കുടുംബത്തിന്റെതാണ് വീട്. അദ്ദേഹത്തിന് രണ്ട് വീടുകള്‍ സ്വന്തമായി ലഭിക്കാനുണ്ട്. ഒന്ന് അമ്മയുടെ വീട് - ‘പത്ത് വര്‍ഷം മുന്‍പ് അച്ഛന്‍ നിര്‍മ്മിച്ച പുതുമ മാറാത്ത കോണ്‍‌ക്രീറ്റ് വീടാണ്’. രണ്ടാമത് ഭാര്യവീട്‘ - ആധുനിക സൌകര്യങ്ങള്‍ നിറഞ്ഞ ആ വീട്ടിലാണ് ഭര്‍ത്താവും ഭാര്യയും മകളും സ്ഥിരമായി താമസ്സിക്കുന്നത്’.
                 ആദ്യത്തെ കണ്‍‌മണിക്ക് ശേഷം കണ്‍‌മണിയില്ലാത്ത ഇവര്‍ക്ക് അഞ്ച് ബഡ്‌റൂം ഉള്ള വീട് എന്തിന്നാണ് എന്ന് നിങ്ങളും ഞാനും ചോദിച്ചാല്‍ അദ്ദേഹത്തിന് ഉത്തരം ഉണ്ട്; “മകള്‍ വലുതായാല്‍ അച്ഛന്‍ അവള്‍ക്ക് വീട് നിര്‍മ്മിച്ചില്ല എന്ന പരാതി വേണ്ടല്ലോ. ഇടയ്ക്കിടെ വന്ന് ഇവിടെ താമസിക്കാമല്ലോ”.


                   തലചായ്ക്കാന്‍ ഒരിടം തേടി ആയിരമായിരം മനുഷ്യര്‍ അലയുകയാണ്. എന്നാല്‍ താമസിക്കാന്‍ ആളില്ലാതെ വര്‍ഷങ്ങളായി അടച്ചിട്ട വീടുകള്‍ എല്ലായിടത്തും കാണാന്‍ കഴിയും. ഇക്കാര്യത്തില്‍ പട്ടണങ്ങളും ഗ്രാമങ്ങളും തമ്മില്‍ വ്യത്യാസമില്ല. ആളില്ലാവീടുകളുടെ ഒരു കണക്കെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. ചില വീടുകള്‍ നിര്‍മ്മാണത്തിനു ശേഷം മനുഷ്യഗന്ധം അറിയാത്തവയാണ്. ലക്ഷങ്ങളും കോടികളും ചെലവഴിച്ച് വീട് നിര്‍മ്മിക്കണമെന്നല്ലാതെ ‘അതില്‍ സ്ഥിരമായി താമസിക്കാന്‍ കഴിയുമോ?’ എന്ന ചിന്തയൊന്നും, ചില വീടുകളുടെ ഉടമസ്ഥന് ഇല്ല.


                ‘ഫ്ലാറ്റുകൾ’ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കുടിയേറിയിരിക്കയാണ്. കാട്ടിലും മലയിലും കായലോരത്തും കടല്‍തീരത്തും ഫ്ലാറ്റുകള്‍ മാനം‌മുട്ടെ ഉയരുകയാണ്. അണുകുടുംബത്തിന് ഏറ്റവും നല്ലത് ഫ്ലാറ്റുകളാണ്. പലസ്ഥലത്തുനിന്ന് വന്ന, ഒറ്റപ്പെട്ടവരാണെങ്കിലും, ഒരു വലിയ കുടുംബത്തെപോലെ ഫ്ലാറ്റിലെ അന്തേവാസികള്‍ക്ക് ജീവിക്കാം. എന്നാല്‍ ഫ്ലാറ്റുകളുടെ പരസ്യത്തില്‍ തന്നെ പറയുന്നത്, അത് വാടകക്ക് കൊടുത്താല്‍ കിട്ടുന്ന ലാഭത്തെ കുറിച്ചാണ്. ഭൂമിയില്‍ നങ്കൂരമിട്ട വീടുകള്‍ക്ക് പകരം നില്‍ക്കാന്‍ ഫ്ലാറ്റുകള്‍ക്ക് കഴിയുമോ?


                   മനുഷ്യനെപോലെ വീടുകള്‍ക്കുമുണ്ട് ‘ശൈശവം,കൌമാരം, യൌവനം, വാര്‍ദ്ധക്ക്യം’ ആദിയായവ. ചില വീടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യൌവനം കാത്തുസൂക്ഷിക്കുന്നവയാണ്. ചിലത് പെട്ടെന്ന്‌തന്നെ വാര്‍ദ്ധക്ക്യം ബാധിച്ച് തകരുന്നു. എന്നാല്‍ വേറിട്ടു നില്‍ക്കുന്ന ചില വീടുകളുണ്ട്; ശൈശവത്തില്‍ നിന്നും പിന്നെ വളര്‍ച്ചയില്ലാത്തവ. ഏതാനും വര്‍ഷം കഴിഞ്ഞാല്‍ അകാലവാര്‍ദ്ധക്ക്യം ബാധിച്ച് ചരമമടയുന്ന വീടുകളെ നമുക്ക് ചുറ്റും കാണാന് കഴിയും.


                   താമസക്കാരനില്ലാത്ത; വര്‍ഷങ്ങളായി ആരും കയറിവരാത്ത വീടുകളില്‍ അനേകം അന്തര്‍നാടകങ്ങള്‍ കാണും. രാത്രിയുടെ ഇരുട്ടില്‍, ചില രാത്രിഞ്ചരന്മാര്‍ ആദ്യം വീടിന്റെ പിന്നില്‍ കടന്ന് ജനലൊ വാതിലൊ പൊളിച്ച് അകത്തു കടക്കുന്നു. അങ്ങനെ അധോലോകത്തിന്റെ താവളമാകുന്ന വീടുകള്‍ക്ക് അനേകം കഥകള്‍ ഉടമസ്ഥനോട് പറയാന്‍ കാണും. സ്വയം പീഡനത്തിന്റെ കഥ, മദ്യപാനികള്‍ പൊട്ടിച്ച കുപ്പിയുടെയും തിന്ന കോഴിയുടെയും കഥ, ലഹരിയുടെ-മയക്കുമരുന്നിന്റെ കഥ, കുട്ടികളെ പീഡിപ്പിച്ച കഥ, രാത്രി മുഴുവന് അധ്വാനിച്ചതിന്റെ കൂലിക്ക് പകരം, കിട്ടിയ ഭീഷണിയുടെ മുന്നില് കരഞ്ഞിറങ്ങുന്ന ലൈംഗികതൊഴിലാളിയുടെ കണ്ണീരിന്റെ കഥ, കവര്‍ച്ചയും കൊലപാതകവും ആസൂത്രണം ചെയ്ത കഥ; അങ്ങനെ ഓരോ ദിവസവും പുതിയ കഥകളുമായി ആളില്ലാവീട് കാത്തിരിക്കുകയാണ്.


                ഈ കാത്തിരിപ്പിനൊടുവില്‍ കാറ്റും മഴയും കലങ്ങിമറിയുന്ന ഒരു ദിവസം ആ വീട് നിലം‌പതിക്കുമെന്ന് വിശ്വസിച്ച നമുക്ക് തെറ്റി. ഇന്നത്തെ വീടുകള്‍ പണ്ടെത്തെപോലെ കല്ലും മണ്ണും ചേര്‍ന്ന് നിര്‍മ്മിച്ചതല്ല, സുനാമിയും ഭൂകമ്പവും അതിജീവിക്കാന്‍ വേണ്ടി നിര്‍മ്മിച്ച കോണ്‍‌ക്രീറ്റ് വീടാണ്. അതുകൊണ്ട് അവയവങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ട്; ‘ജേസീബിയുടെ കൈയാല്‍’ അന്ത്യത്തിനായി ആളില്ലാവീടുകള്‍ കാത്തിരിപ്പ് തുടരുകയാണ്.


                 ഒരു കാലത്ത് എന്റെ സര്‍ക്കാര്‍ സ്ക്കൂളില്‍ പരിസരവാസികളായ അദ്ധ്യാപകര്‍ ആരും‌തന്നെ ഉണ്ടായിരുന്നില്ല. ആദ്യമായി അയല്‍വാസിയായ ഒരു ടീച്ചര്‍, ട്രാന്‍‌സ്ഫര്‍ ആയി വന്നപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു. വീട്ടില്‍‌നിന്നും പതിനഞ്ച് മിനിറ്റ് നടന്നാല്‍ ആ ഹിന്ദിടീച്ചര്‍ക്ക് സ്ക്കൂളിലെത്താം. ആദ്യദിവസം സ്ക്കൂളിലെത്തിയ ടീച്ചര്‍ സന്തോഷം കൊണ്ടു വീര്‍പ്പുമുട്ടിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. അവിടെ ടീച്ചറും, ഭര്‍ത്താവും, രണ്ടിലും നാലിലും പഠിക്കുന്ന കുട്ടികളും, കൂടാതെ പ്രായമായ അമ്മായിഅമ്മയും കൂടിയുണ്ട്. വര്‍ഷങ്ങള്‍ മൂന്ന് കഴിഞ്ഞു; ഒരു ദിവസം ഞങ്ങള്‍ അറിയുന്നത്, അയല്‍‌വാസിയായ ഹിന്ദിടീച്ചര്‍ കുടുംബസമേതം വളരെ അകലെയുള്ള ടീച്ചറുടെ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി എന്നാണ്. അവിടെ അവര്‍ സ്വന്തമായി പുതിയ വീടുണ്ടാക്കാനുള്ള ശ്രമത്തിലാണ്. അപ്പോള്‍ ടീച്ചറുടെ ഭര്‍ത്താവിന്റെ അമ്മയോ?


               ടീച്ചറുടെ അമ്മായിഅമ്മക്ക് ആകെ അഞ്ച് മക്കള്‍. അതില് അഞ്ചാമന്‍ ഓമനക്കുഞ്ചുവാണ് ടീച്ചറുടെ ഭാര്‍ത്താവ്. മൂന്നാം കണ്മണി മാത്രം പെണ്മണി. അമ്മ താമസം അഞ്ചാമനോടൊത്ത് സ്വന്തം വീട്ടിലാണെങ്കിലും പെണ്മണിയോടാണ് കൂറ്. അഞ്ചാമന് ഒഴികെ എല്ലാവരും സ്വന്തമായി നിര്‍മ്മിച്ച വലിയ വീടുകളില്‍ താമസിക്കുന്നു. പെണ്മണി ബാംഗ്ലൂരില്‍ സ്വന്തം ഫ്ലാറ്റില്‍, ഓണത്തിനും വിഷുവിനും നാട്ടില് വരാതെ കണവനും മക്കളുമൊത്ത് താമസം. അമ്മയുടെ സ്വന്തമായ ‘രണ്ടുനില ഓടിട്ട വീട്’ കൂട്ടത്തില്‍ സാമ്പത്തികനില മോശമായ തനിക്ക് കിട്ടും എന്നാണ് ഇളയവന്റെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകള്‍ തകിടം മറിച്ച് അമ്മ പ്രഖ്യാപിച്ചു, വീട് കൊടുക്കുന്നത് നാട്ടില്‍ വരാന്‍ ഇഷ്ടപ്പെടാത്തവളാണെങ്കിലും മകള്‍ക്ക് മാത്രം. അന്യവീട്ടില്‍നിന്നും വന്ന മരുമകള്‍‌ക്ക് വീട് കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചു.


                   പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്ന് നടന്നു. അമ്മയുടെ സ്വന്തം വീട് പൂട്ടി താക്കോല്‍ അമ്മയുടെ കൈയില്‍‌തന്നെ കൊടുത്തു. പ്രായമായ ആ അമ്മയെ സമീപത്തുള്ള മൂത്ത മകന്റെ വീട്ടില്‍ നിര്‍ത്തി; ഇളയവനും കുടുബവും നേരെ പോയത് ഭാര്യവീട്ടിലേക്ക്. പിറ്റേദിവസം മുതല്‍ ഒരു മണിക്കൂര്‍ യാത്രചെയ്ത് ടീച്ചര്‍ സ്ക്കൂളില്‍ വരാന്‍ തുടങ്ങി.


                   കാലം കുറച്ചു കൂടി കഴിഞ്ഞു, വര്‍ഷങ്ങള്‍ മുന്നോട്ട് പോയി. നമ്മുടെ ഹിന്ദിടീച്ചര്‍ അമ്മയുടെ വീടിനു സമീപം പുതിയ വീട്‌വെച്ച് താമസം തുടങ്ങി. ഒരു ദിവസം ഞാനും ഹിന്ദിടീച്ചറും കൂടി ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോയി തിരിച്ചു വരികയാണ്. ഇടവഴിയിലൂടെ നടന്ന് ഒരു തങ്ങിന്‍‌തടിപ്പാലം കടന്ന ടീച്ചര്‍ ഒരുനിമിഷം നിന്നു; തൊട്ടടുത്ത പറമ്പിലെ അടുക്കളഭാഗം പൊളിഞ്ഞ ഇരുനില വീട് എന്നെ കാണിച്ചു തന്നു,
“നമ്മുടെ വീട് കണ്ടോ; എന്റെ അമ്മായിഅമ്മ മകന് വീട് കൊടുത്തെങ്കില്‍ ഞാന്‍ എത്ര നന്നായി പരിപാലിക്കുമായിരുന്നു. എന്റെ സര്‍വീസ് തീരും വരെ ലോണും ഈ ബസ് യാത്രയുടെ കഷ്ടപ്പാടും ഒന്നും ഉണ്ടാകുമായിരുന്നില്ല”
“അപ്പോള്‍ ‘മദര്‍ ഇന്‍ ലോ’ എവിടെയാ താമസം” 
ഞാന്‍ ടീച്ചറോട് ചോദിച്ചു.
“മൂത്ത മക്കളെല്ലാം ഉപേക്ഷിച്ചു. ഇപ്പൊള് എന്റെ വീട്ടിലുണ്ട്, രോഗം വന്ന് കിടപ്പാണ്. ഇളയ മകനെ കണ്ട് കരഞ്ഞപ്പോള്‍ നേരെ വീട്ടില് കൂട്ടി വന്നു” ടീച്ചര്‍ മറുപടി പറഞ്ഞ് മുന്നോട്ട് നടക്കുമ്പോള്‍ കണ്ണുനീരിന്റെ നനവ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.


                  ഓരോ വീടിനും ആത്മാവുണ്ട്. ചൂടും വെളിച്ചവും പുകയും കരിയും ശബ്ദവും കുട്ടികളും കരച്ചിലും മുറ്റവും ചെടികളും പറവകളും എല്ലാം ചേര്‍ന്ന് വീടുകള്‍ക്ക് ജീവന്റെ തുടിപ്പ് നല്‍കുന്നു. ഒരു വീട് വീടായി മാറുന്നത് അത്  ആവശ്യക്കാരന്റെ കൈയില്‍ എത്തി പരിപാലിക്കുമ്പോഴാണ്. തലചായ്ക്കാനൊരിടമില്ലാതെ അനേകങ്ങള്‍ അലയുമ്പോഴും താമസിക്കാന്‍ ആളില്ലാതെ എത്രയോ വീടുകള്‍ വെയിലും മഴയും മഞ്ഞും കൊണ്ട് ദിവസ്സങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്.
താമസിക്കാൻ ആളില്ലാത്ത വീട്ടിൽ പട്ടികൾ കയറാതിരിക്കാൻ വെള്ളം നിറച്ച കുപ്പികൾ വെച്ചിരിക്കുന്നു. ഇത് പട്ടികളെ അകറ്റും എന്നാണ് വിശ്വസിക്കുന്നത്. ആദ്യം പറഞ്ഞ (ഗൃഹപ്രവേശനത്തിന് പോയ) വീടിന്റെ ഫോട്ടോ രണ്ട് വർഷത്തിന് ശേഷം എടുത്തത്)

August 18, 2009

30. നെഗറ്റീവ് തേടി ഒരു യാത്ര...ഭാഗം2ഹൃദയതാളം

എന്റെ ഹൃദയത്തിന് ചെറിയ റിപ്പെയര്‍ ആവശ്യമുണ്ടെന്നറിഞ്ഞ് അത് നടത്താന്‍ തയ്യാറായി തിരുവനന്തപുരം ശ്രീചിത്രയില്‍ പോയെങ്കിലും സംഭവം നടന്നില്ല. കൂടുതല്‍ പരിശോധകള്‍ നടത്തിയപ്പോള്‍ ഡോക്റ്റര്‍‌മാര്‍ കണ്ടെത്തിയത് ‘മനസ്സിന്റെ നൊമ്പരം കൊണ്ട് തകര്‍ന്ന എന്റെ ഒരു ഹൃദയവാല്‍‌വ്, മാറ്റി പകരം മറ്റൊരു വാല്‍‌വ് ഘടിപ്പിക്കണം’ എന്നാണ്. അങ്ങനെ ‘റിപ്പെയറിനു പകരം റീപ്ലേയ്‌സ്‘ ചെയ്യാന്‍ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലേക്ക് റക്കമന്റ് ചെയ്തു. ഇത് ശ്രീചിത്രയില്‍ വെച്ച് തന്നെ ചെയ്യാം. എന്നാല്‍ ഹൃദ്‌രോഗികളുടെ തിരക്ക് കാരണം ശസ്ത്രക്രീയ നടക്കാന്‍ കാലതാമസം വരും. അങ്ങനെ തകര്‍ന്ന ഹൃദയവും തകരാത്ത മനസ്സുമായി ഞങ്ങള്‍ (സഹോദരന്‍, ഭര്‍ത്താവ്, ഞാന്‍ )വീട്ടില്‍ തിരിച്ചെത്തി. രണ്ട് ദിവസം കഴിഞ്ഞ് നേരെ പോയത് കോയമ്പത്തൂരിലേക്ക്- തമിഴന്മാരുടെ ഇടയില്‍.


കോയമ്പത്തൂരിലെ അറിയപ്പെടുന്ന ഒരു ആശുപത്രിയിലാണ് ഞങ്ങള്‍ എത്തിയത്. ഹൃദ്‌രോഗത്തിനായി ഒരു പ്രത്യേക വിഭാഗവും കഴിവുള്ള ഡോക്റ്റര്‍മാരും ഇവിടെയുണ്ട്. ശ്രീചിത്രയില്‍ നിന്നും ഒരു പ്രധാന വ്യത്യാസം ഇവിടെ കാണപ്പെട്ടു. ‘ഇവിടെ രോഗം എന്നത് സാധാരണ സംഭവം മാത്രം. ഡോക്റ്റര്‍‌മാരും രോഗികളും, രോഗത്തെ ഒരു മഹാസംഭവമായി കാണുന്നില്ല. രോഗം മാറുക എന്നത് ശരീരത്തില്‍ കാണപ്പെടുന്ന അഴുക്ക് മാറ്റുന്നതു പോലെയാണ്. അതുകൊണ്ട് തന്നെ ‘ഞാന്‍ രോഗിയാണ് എന്ന ചിന്ത’ ഇല്ലാതെയാണ് ഒരോ രോഗിയും ഇവിടെ കഴിയുന്നത്‘
... പതിവ്‌ പോലെ എന്റെ ഹൃദയത്തിനുള്ളിലെ കാര്യങ്ങള്‍ പുറത്ത്‌നിന്ന് നിരീക്ഷിച്ച ശേഷം മൂന്നാഴ്ച കഴിഞ്ഞ ഒരു ശുഭമുഹൂര്‍ത്തത്തില്‍ അത് നടത്താന്‍ തീരുമാച്ചു:.. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയും വാല്‍‌വ് റീപ്ലേയ്‌സ്‌മെന്റും.


ഇവിടെ ആവശ്യത്തിന് പണം കൂടാതെ രക്തദാനം ചെയ്യാന്‍ തയ്യാറുള്ള എന്റെ രക്തഗ്രൂപ്പിലുള്ള {O-Negative} മൂന്ന് ആളുകളെകൂടി ഹാജരാക്കണം. ഒരാളെ സംഘടിപ്പിച്ചതും പോകാന്‍ സമയമായപ്പോള്‍, വീട്ടുകാര്‍ അയാളെ പൂട്ടിയിട്ടതുമായ സംഭവങ്ങള്‍ എന്റെ വീട്ടുകാരും നാട്ടുകാരും മറന്നിട്ടില്ല. ഇനി ഇപ്പോള്‍ മൂന്ന്‌പേരെ കണ്ടെത്താന്‍ ജില്ലാതലത്തില്‍ തന്നെ അന്വേഷണം വേണ്ടി വരുമെന്നാണ് തോന്നുന്നത്. ഒരിക്കല്‍ അക്കിടിപറ്റിയെങ്കിലും നമ്മുടെ യുവജന നേതാവ് ‘പ്രശാന്ത്‘ തന്നെ രണ്ടുപേരെ സംഘടിപ്പിക്കുന്ന കാര്യവും ഏറ്റു. മൂന്നാമനായി ഒരു ഒ-നെഗറ്റീവ് സഹോദരന്‍ ഉണ്ടല്ലൊ. പിന്നെ ഒരിക്കല്‍ അമളി പറ്റിയവരെതന്നെ വീണ്ടും ഏല്പിക്കുന്നത് ശരിയാണോ എന്ന ചോദ്യം ഇവിടെയുണ്ട്. അങ്ങനെയല്ലാതെ രക്തദാനം വിലകൊടുത്തു വാങ്ങാന്‍ ഞങ്ങള്‍ക്ക് ധൈര്യം വന്നില്ല. പ്രശാന്തിനോട് ഒരു കാര്യം പ്രത്യേകം പറഞ്ഞു, “ഒ-നെഗറ്റീവ് ആണെങ്കിലും കഴിഞ്ഞ തവണ പറ്റിച്ചവനെ വീണ്ടും നിര്‍ബന്ധിച്ച് വിളിച്ചേക്കരുത്”.


...
ഞങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് വെറും രണ്ട് ദിവസത്തിനുള്ളില്‍ ‘ഒ-നെഗറ്റീവ്’ ആയ രക്തദാനത്തിന് തയ്യാറായ ഒരു വ്യക്തിയെ കണ്ടെത്തി. നാട്ടിലെ ഒരു നേതാവ് തന്നെ. സ്വന്തമായി നടത്തുന്ന പാരലല്‍ കോളേജ് പ്രിന്‍സിപ്പലാണ് അദ്ദേഹം. ഈ സന്തോഷവാര്‍ത്ത അറിയിച്ച പ്രശാന്ത് (യുവജന നേതാവ്) പറഞ്ഞു, “അടുത്ത ആളെയും പെട്ടെന്ന് ഞങ്ങള്‍ തന്നെ കണ്ടുപിടിക്കും”. ഒരാഴ്ച കഴിഞ്ഞപ്പോള്‍‌തന്നെ അടുത്ത ആളെയും കണ്ടെത്തി. ഒരു ചെറിയ ബന്ധം ഉള്ളവനാണ്; ഞങ്ങള്‍ അവനെ വിളിക്കുന്ന പേര്‍ ഷാജി (ഡിഗ്രി വിദ്യാര്‍ത്ഥിയാണ്). പിന്നെ മൂന്നാമന്‍ എന്റെ നാല് സഹോദരങ്ങളില്‍ ഒരാള്‍. (അവനും പാരലല്‍ കോളേജ് പ്രിന്‍സിപ്പലാണ്) എല്ലാവരും യുവാക്കള്‍ തന്നെ. ഇവിടെ രണ്ട് പ്രിന്‍സിപ്പല്‍‌മാരുടെയും കാര്യം ok. എന്നാല്‍ ഷാജിയുടെ കാര്യത്തില്‍ അല്പം സംശയം എനിക്ക് തോന്നിയിരുന്നു.


പതിവിലും വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്ത് പോയതുപോലെ ഞാനും സഹോദരനും ഭര്‍ത്താവും ചേര്‍ന്ന യാത്ര തന്നെ. കാര്യമായ ഒരു ശസ്ത്രക്രീയക്ക് പോകുമ്പോള്‍ കൂടെ വരാന്‍ മറ്റ് ബന്ധുക്കള്‍ തയാറുണ്ടെങ്കിലും ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ ഞങ്ങള്‍ എത്തുന്നതിന് മുന്‍പ്‌തന്നെ നേതാവ് പ്രശാന്തും എന്റെ രക്തദാതാക്കളും എത്തിച്ചേര്‍ന്നിരുന്നു. പിറ്റേദിവസം ആശുപത്രിയില്‍ എത്തി രക്തം കൊടുത്തുകഴിഞ്ഞാല്‍ അവര്‍ മൂന്ന് പേരുടെയും ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് പോരാം (സഹോദരന്‍ ഒഴികെ). സ്ക്കൂളില്‍ നിന്ന് ആവശ്യത്തിന് ലീവ് എടുത്തു പകരം സംവിധാനം ഏര്‍പ്പെടുത്തി. അങ്ങനെ ഒരു ഒക്റ്റോബര്‍ ഒന്നാം തീയ്യതി രാത്രി ഞങ്ങള്‍ യാത്രയായി. കേരളത്തിന് പുറത്ത് ഒരു ഉല്ലാസയാത്രയായിട്ടാണ് അപ്പോള്‍ എനിക്ക് തോന്നിയത്.


‘എനിക്ക് എന്താണ് രോഗം?‘ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന സംശയമാണ്. ‘ശാരീരികമായ ക്ഷീണം‘; ജലദോഷം വന്നാലും കഠിനാധ്വാനം ചെയ്താലും ഒരു പോലെ ക്ഷീണം. പിന്നെ ചെറിയ കയറ്റം കയറിയാല്‍ ഹൃദയമിടിപ്പ് കൂടി നെഞ്ച്‌വേദന വരും. ‘ഇത്രയേ ഉള്ളു, അല്ലാതെ മറ്റൊന്നും ഇല്ല, കേട്ടോ,’. പിന്നെ എപ്പോഴും എന്റെ വീടും സ്ക്കൂളും സ്ഥിതിചെയ്യുന്നത് ‘നടത്തവും മേലോട്ടുള്ള കയറ്റവും’ ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലങ്ങളിലാണ്. അധികം പ്രയാസമില്ലാതെ ഒന്ന് കോണിപ്പടി കയറുക അത് മാത്രമാണ് ഞാന്‍ കൊതിച്ചത്. ഡോക്റ്റര്‍‌മാര്‍ പറഞ്ഞത് ഇനിയും വൈകിയാല്‍ ഹൃദയത്തിന് ജോലിഭാരം കൂടുമ്പോള്‍ ചിലപ്പോള്‍ പണിമുടക്കും എന്നാണ്. അപ്പോള്‍‌പിന്നെ പെട്ടന്നുള്ള മാര്‍ഗ്ഗം നോക്കണമല്ലോ. ‘ശബരിമല കയറാന്‍ എനിക്ക് കൊതിയില്ല; എന്നാല്‍ പറശ്ശിനിക്കടവ് മുത്തപ്പനെ സന്ദര്‍ശ്ശിച്ചശേഷം പ്രയാസം കൂടാതെ പടികള്‍ കയറി തിരിച്ച് വരാന്‍ മാത്രം കഴിഞ്ഞാല്‍ മതി’.


പിറ്റേദിവസം കോയമ്പത്തൂരില്‍ എത്തി താമസ സ്ഥലം കണ്ടെത്തിയതിന് ശേഷം ആശുപത്രിയില്‍ പോയി പരിശോധന കഴിഞ്ഞ് ഞാന്‍ അവിടെ അഡ്‌മിറ്റ് ആയി. മൂന്ന് പുരുഷന്മാരുടെയും രക്തം പരിശോധനക്ക് ശേഷം ശേഖരിച്ചു. ഇതില്‍ നേതാവ് പ്രിന്‍സിപ്പല്‍ അന്ന് തന്നെ സ്ഥലം വിട്ടു. ഷാജി ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തങ്ങാന്‍ തീരുമാനിച്ചു. ഷാജിയുടെ തിരിച്ചുപോക്കിന് ചെറിയ പ്രശ്നമുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. അവന്റെ കോയമ്പത്തൂര്‍ യാത്രയും രക്തദാനവും വീട്ടുകാര്‍ അറിയില്ല. (ബന്ധുവാണെങ്കിലും വീട്ടുകാര്‍ രക്തദാനത്തിന്റെ കാര്യം അറിഞ്ഞാല്‍ സമ്മതിക്കില്ല എന്ന് ഉറപ്പാണ്) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആക്സിഡന്റ് ആയി അഡ്‌മിറ്റ് ചെയ്ത ഒരു സുഹൃത്തിന്റെ കൂടെ ഒരാഴ്ച നില്‍ക്കാനുള്ള അനുവാദം വാങ്ങിയാണ് അവന്‍ വീട്ടില്‍‌നിന്ന് ഇറങ്ങിയത്. അതുകൊണ്ട് ഏതാനും ദിവസം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി സുഹൃത്തിനെ സന്ദര്‍ശ്ശിച്ചശേഷം മാത്രമാണ് ഷാജി സ്വന്തം വീട്ടില്‍ പോകുന്നത്. രക്തദാനത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞ് അവനെ പൂട്ടിയിടാതിരിക്കാന്‍ നേതാവ് ഒപ്പിച്ച സൂത്രമാണിത്.


ഒരു ദിവസം കഴിഞ്ഞ് ഒക്റ്റോബര്‍ നാലാം തീയ്യതി എട്ട് മണിക്ക് ഓപ്പറേഷന്‍ തീയറ്ററിലേക്ക് പുറപ്പെട്ടു. അതായത് ഓപ്പറേഷന്‍ യൂനിഫോമില്‍ പൊതിഞ്ഞ് ഉന്തുവണ്ടിയില്‍ കിടന്നുള്ള യാത്ര പതുക്കെ, ഒരു മണിക്കൂര്‍ കൊണ്ടാണ് തീയറ്ററിനകത്ത് അവസാനിച്ചത്- ഒന്‍പത് മണിക്ക്. കാരണം ആ യാത്രക്കിടയില്‍ പരിശോധനകളും കുത്തിവെയ്പ്പും ചോദ്യം ചെയ്യലും ധാരാളം ഉണ്ടായിരുന്നു. (രോഗിയോട് ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള അവസരം തമിഴ് മാത്രം സംസാരിച്ച് ശീലിച്ച വെള്ളപ്രാവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി).


അങ്ങനെ പോയി ഒടുവില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കടന്ന് മുകളിലുള്ള തീവ്രമായ പ്രകാശം കണ്ടത് ഓര്‍മ്മയുണ്ട്. സുഖകരമായ ഉറക്കത്തിലേക്ക് ഞാന്‍ ലയിച്ചത് എങ്ങനെയെന്നോ എപ്പോഴെന്നോ എനിക്കറിയില്ല. പിന്നെ ഇടക്ക് എപ്പോഴോ ഒരു സ്വപ്നം കണ്ടിരുന്നു-ഒരു ട്രാന്‍‌സ്‌ഫോര്‍മര്‍ പോലെ പലതരം കേബിളുകളും ഉപകരണങ്ങളും കൊണ്ട് എന്നെ ചുറ്റിയിരിക്കുന്നു- പിന്നെ വീണ്ടും സുഖകരമായ മയക്കത്തില്‍. ഒടുവില്‍ ഉറക്കം ഞെട്ടിയത് ഇതുവരെ കേള്‍ക്കാത്ത ഭാഷയില്‍ എന്റെ പേര്‍ ഉച്ചത്തില്‍ വിളിക്കുന്നത് കേട്ടാണ്. അപ്പോഴേക്കും ആറ് ദിവസം കഴിഞ്ഞിരുന്നു.


തിയ്യറ്ററില്‍ നിന്ന് വാര്‍ഡില്‍ വന്ന് ഒരാഴ്ച കഴിഞ്ഞ് കിടക്കയില്‍ കിടന്ന്‌തന്നെ ഞാന്‍ എന്റെ രോഗവിവരങ്ങള്‍ –അതുവരെ ആശുപത്രിയില്‍ നിന്ന് ചെയ്ത കാര്യങ്ങള്‍- വായിച്ചു. എന്റെ ഹൃദയത്തിന്റെ സ്വന്തമായ വാല്‍‌വ് മാറ്റി പകരം കൃത്രിമവാല്‍വ് പ്രവര്‍ത്തിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. നാലാം തീയ്യതി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വിജയകരമായി നടന്നു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞ് ആറാം തീയ്യതി ഞാന്‍ പോലുമറിയാതെ വീണ്ടും ഒരു ശസ്ത്രക്രീയ കൂടി നടന്നു. Reopened and removed clots inside the heart.... പ്രശ്നം ഗുരുതരമായപ്പോള്‍ ഒന്നുകൂടി ഹൃദയം തുറന്ന് രക്തക്കട്ടകള്‍ നീക്കം ചെയ്തു. എല്ലാവരും ഭയപ്പെടുക മാത്രമല്ല, ഇതുവരെ നാട്ടിലുള്ള ഒരു ദൈവത്തിനെയും പ്രാര്‍ത്ഥിക്കാത്ത ഭര്‍ത്താവ് തമിഴ്‌നാട്ടിലെ മുരുകന്‍‌കോവിലില്‍ പോയി തൊഴുതു. അങ്ങനെ ഞാന്‍ സുഖമായി ഉറങ്ങുമ്പോള്‍ എന്റെ ഹൃദയം ഉണ്ടാക്കിയ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള എന്റെ ഉറക്കത്തിന്റെ സുഖം നഷ്ടപ്പെട്ടു..


ഞാന്‍ ഒരിക്കലും രോഗത്തിന്റെ അടിമയായിട്ടില്ല. ആശുപത്രി മരുന്ന് എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയാണ് ചെയ്തത്. സംഭവിക്കാനുള്ളത് സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ് എല്ലാം വിധിയുടെ ഒരു തമാശയാണെന്ന് മനസ്സിലാക്കി ഞാന്‍ ചിരിക്കുന്നു.


പിന്‍‌കുറിപ്പ്:

  1. ഈ പോസ്റ്റ് ശരിക്കും മനസ്സിലാവാന്‍ മിനിലോകത്തിലെ -23, 28- എന്നീ പോസ്റ്റുകള്‍ കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്.
  2. കയറ്റം-ഇറക്കം എന്നിവ ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ പിന്‍‌തുടരും. വീട് മുതല്‍ ബസ്‌സ്റ്റോപ്പ് വരെ, ബസ്‌സ്റ്റോപ്പ് മുതല്‍ സ്ക്കൂള്‍ വരെ. ജനിച്ച് വളര്‍ന്ന വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും സ്വന്തമായി താമസ്സിക്കുന്ന വീട്ടിലും കുന്ന് കയറ്റവും ഇറക്കവും ഉണ്ട്. പിന്നെ ട്രാന്‍‌സ്ഫര്‍ ലഭിച്ച് പോകുന്ന എല്ലാ സ്ക്കൂളുകളിലും കാണും കുന്നുകള്‍. ഒടുവില്‍ കയറ്റം തീരെയില്ലാത്ത റോഡ് സൈഡിലുള്ള സ്ക്കൂളില്‍ എത്തിയപ്പോള്‍ അവിടെയും ഉണ്ട് ‘കുന്ന്‘ – സ്ക്കൂളിന്റെ പേരില്‍ ഒരു ചെറിയ കുന്ന് – ഓപ്പറേഷന്‍ സമയത്ത് എന്നെ സഹിച്ചതും സഹായിച്ചതും അവിടെയുള്ളവരാണ്.
  3. ഹൃദയ ശസ്ത്രക്രീയ നടത്താന്‍ മാത്രമല്ല എല്ലാചികിത്സക്കും സര്‍ക്കാര്‍ ജീവനക്കാരി എന്നനിലയില്‍ സാമ്പത്തികമായ ആനുകൂല്യം അക്കാലത്ത് (15 വര്‍ഷം മുന്‍പ്) എളുപ്പത്തില്‍ ലഭ്യമായിരുന്നു.

August 7, 2009

29. ചെത്തിനടക്കണ പയ്യന്‍


സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ഹെഡ്‌മിസ്ട്രസ് ആയി ജില്ലയിലെ അറിയപ്പെടുന്ന ഒരു വിദ്യാലയത്തില്‍ പ്രവേശിച്ചതു മുതല്‍ എന്റെ എല്ലാ രോഗവും മാറി എന്ന് പറയാം. അതായത് ഇവിടെ എത്തിയതു മുതല്‍ എന്റെ രോഗം, ആരോഗ്യം, ഭക്ഷണം, സൌന്ദര്യം, ആദിയായവ ചിന്തിക്കാനുള്ള അവസരം ഒരിക്കലും ലഭിച്ചിട്ടില്ല . SSLC റിസെല്‍ട്ടിന്റെ കാര്യത്തില് വളരെ പിന്നിലായതിനാല്‍ ഈ വിദ്യാലയ പുരോഗതി വിളിച്ച് ചോദിക്കുന്നത് ജില്ലാ‍കേന്ദ്രങ്ങളില്‍ നിന്ന് മാത്രമല്ല; തലസ്ഥാനത്തു നിന്ന് കൂടിയായിരിക്കും.സ്ക്കൂളില്‍ അദ്ധ്യാപകര്‍ ജോലി ചെയ്യുന്നത് ശ്രദ്ധിച്ചാല്‍ മൂന്ന് ഗ്രൂപ്പായി തരം‌തിരിക്കാം.
1. മടിയന്മാര്‍: ഇക്കൂട്ടര്‍ ശമ്പളം വാങ്ങുന്നതിനാലും ‘മറ്റുള്ളവരെ‘ ഭയപ്പെടുന്നതിനാലും മാത്രം ടൈംടേബിള്‍ പ്രകാരം പാഠം ഒരുവിധം പഠിപ്പിച്ച് തീര്‍ക്കുന്നവരാണ്. സ്വന്തം കുട്ടികളെയല്ലാതെ മറ്റു കുട്ടികളെ തീരെ ഇഷ്ടപ്പെടാത്തവരാണ്. ഭീഷണിപ്പെടുത്തിയാല്‍ നന്നാവും.
2. താല്പര്യമുള്ളവര്‍: ഇവര്‍ക്ക് ശമ്പളവും സമയവും പ്രശ്നമല്ല. ക്ലാസ്സില്‍ ഇരിക്കുന്നത് മണ്ടന്മാരായാലും മിടുക്കന്മാരായാലും എപ്പോഴും പഠിപ്പിച്ച് കൊണ്ടിരിക്കും. രാവിലെയും വൈകുന്നേരവും മാത്രമല്ല; ശനിയും ഞായറും കൂടി സ്പെഷ്യല്‍ ക്ലാസ്സ് നടത്തും. എല്ലാവരും ജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇക്കൂട്ടരുടെ മുന്നില്‍.
3. ഉഴപ്പന്മാര്‍: ഇവര്‍ അപകടകാരികളാണ്. ഇവര്‍ പരമാവധി ജോലി ചെയ്യാതിരിക്കുക മാത്രമല്ല, മര്യാദക്ക് ജോലി ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. കുട്ടികളെ വിവരമില്ലാത്തവരായി ചിത്രീകരിച്ച് ക്ലാസ്സെടുക്കുന്നത് ഉഴപ്പിനടക്കും. നിലവാരം കുറഞ്ഞ സ്ക്കൂള്‍ കണ്ടെത്തി ട്രാന്‍‌സ്ഫര്‍ ചോദിച്ച് വാങ്ങി വരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.എല്ലായിപ്പോഴും ഒരേഗ്രൂപ്പില്‍‌പെട്ടവരെ ഒന്നിച്ചായിരിക്കും കാണുന്നത്. സ്ക്കൂളില്‍ ഒരു അദ്ധ്യാപകന്‍(അദ്ധ്യാപിക) പുതിയതായി വന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്റെതായ ഗ്രൂപ്പ് കണ്ടെത്തി സുഹൃത്തുക്കളായി മാറും. ജാതി,മതമോ, സാമ്പത്തികമോ, ആണ്‍,പെണ്‍ വ്യത്യാസമോ, യൂണിയന്‍ മെമ്പര്‍‌ഷിപ്പോ, നോക്കാതെയായിരിക്കും സമാനഗ്രൂപ്പില്‍ അം‌ഗങ്ങളാവുന്നത്.വിദ്യാര്‍ത്ഥികളുടെ കാര്യം പറയാന്‍ വന്ന ഞാന്‍; ഒരു നിമിഷം എന്റെ വര്‍ഗ്ഗത്തെപറ്റി പറഞ്ഞുപോയി. ഇവിടെ എന്റെ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം സാമ്പത്തികമായി വളരെ പാവങ്ങളാണ്. പണക്കാര്‍ പട്ടണത്തിലെ സ്ക്കൂളിലേക്ക് സ്പെഷ്യല്‍ ബസ്സ് കയറി പോയതിനുശേഷം അവശേഷിച്ച അയല്‍‌വാസികളാണ് ഇവിടെ ചേരുന്നത്. യൂനിഫോമായതിനാല്‍ നല്ല വേഷത്തില്‍ ഹജരാവുമെങ്കിലും ഉച്ചഭക്ഷണം കഴിക്കാത്തത്; ‘വീട്ടില് പട്ടിണിയായത് കൊണ്ടാണ്‘ എന്ന് അവര്‍ ആരെയും അറിയിക്കില്ല. ധാരാളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാസ്‌പോര്‍ട്ടിനു വേണ്ടിയുള്ള ഒരു ഇടത്താവളമായിട്ടാണ് ആണ്‍കുട്ടികള്‍ പലരും സ്ക്കൂളിനെ കണ്ടത്.ഓണാവധി കഴിഞ്ഞ് സ്ക്കൂള്‍ തുറന്ന് ഒരു മാസം കഴിയാറായി. ഒരു ദിവസം; പത്ത് മണിക്ക് ബല്ലടിച്ച് ക്ലാസ്സ് തുടങ്ങി, പത്ത് മിനുട്ട് കഴിഞ്ഞപ്പോഴാണ് ബയോളജി ടീച്ചര്‍ ഒരു പയ്യനെയും പിടിച്ച്‌വലിച്ച് ഓഫീസ്സില്‍ എന്റെ സമീപം വന്നത്. വന്ന ഉടനെ എന്നോട് പറഞ്ഞു,
“ടീച്ചറെ ഇനിമുതല്‍ ഇവനെ ഞാന്‍ എന്റെ ക്ലാസ്സിലിരുത്തി പഠിപ്പിക്കില്ല. ഇടയ്ക്കിടെ ക്ലാസ്സില്‍ വരാതെ മുങ്ങുന്നു. വരാത്ത പല ദിവസങ്ങളിലും മറ്റുള്ളവരുടെ കൂടെ ബൈക്കില്‍ ചെത്തിനടക്കുന്നത് ഞാന് കണ്ടതാണ്. ഇപ്പോള്‍ മൂന്ന് ദിവസത്തിനു ശേഷമാണ് ക്ലാസ്സില്‍ വന്നിരിക്കുന്നത്”
ഒമ്പത് ഏ ക്ലാസ്സിലെ ക്ലാസ്സ്ടീച്ചറാണ് ഈ കക്ഷി കുട്ടികളെ നന്നാക്കാന്‍ വാശിയുള്ള കൂട്ടത്തിലായതിനാല്‍ വളരെ കര്‍ശനക്കാരിയാണ്.
“ഇറക്കി വിടാം, പിന്നെ മര്യാദക്കാരനായി രക്ഷിതാവിന്റെ ഉറപ്പോട് കൂടി തിരിച്ചെടുത്താല്‍ പോരെ?” ഞാന് ടീച്ചറോട് പറഞ്ഞു.
“ടീച്ചറുടെ ഇഷ്ടം‌പോലെ ചെയ്യാം. പിന്നീട് ഇവന്‍ എല്ലാദിവസവും ക്ലാസ്സില് ഉണ്ടാവണം” ബയോളജി പയ്യനെ അവിടെ നിര്‍ത്തി സ്ഥലം വിട്ടു.
അതുവരെ എനിക്ക് മുഖം കാണിക്കാതെ അലമാരയുടെ ഒരു വശത്ത് മറഞ്ഞ്‌ നില്‍ക്കുന്നവനെ ടീച്ചര്‍ പോയപ്പോള്‍ ഞാന്‍ വിളിച്ചു. അവനെ നോക്കിയതോടെ ഞാന് ചെറുതായൊന്ന് ഞെട്ടി. ഈ പയ്യന്?ഒരാഴ്ച മുന്‍പ് ഇവനെ ഞാന്‍ ശ്രദ്ധിച്ചതാണ്. ഒന്‍പതാം ക്ലാസ്സിലാണെങ്കിലും പ്ലസ്2 കാരന്റെ വളര്‍ച്ച, നല്ല ആരോഗ്യം. കഴിഞ്ഞ വെള്ളിയാഴ്ച ഹൈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ഉച്ചഭക്ഷണത്തിനുള്ള അരി കൊണ്ടുവന്നു. അഞ്ച് ചാക്ക്നിറയെ അരിയും ഒരു ചാക്കില്‍ കടലയും. വണ്ടിയില്‍ കൊണ്ടുവന്ന നിറചാക്കുകള്‍ സ്ക്കൂള്‍ ഗേറ്റ് കടന്ന് ആദ്യം കണ്ട വരാന്തയിലാണ് ഇറക്കിയത്. ഏതാണ്ട് 50 മീറ്റര്‍ ദൂരെയുള്ള സ്റ്റോര്‍മുറിയില്‍ അരിചാക്കുകള്‍ എത്തിക്കണം. എല്ലാ കുട്ടികളും ക്ലാസ്സിലിരുന്ന് പഠിക്കുന്ന ആ സമയത്ത് കായികാദ്ധ്യാപകനും കുട്ടികളും മുറ്റത്ത് ഓടിക്കളിക്കുകയാണ്.(ഗ്രൌണ്ടില്ലാത്തതിനാല്‍ മുറ്റത്ത്‌വെച്ചാണ് അഭ്യാസങ്ങള്‍. പിന്നെ അപൂര്‍വ്വമായി മാത്രമാണ് അവര്‍ക്ക് ഡ്രില്ല്‌മാഷെ കിട്ടുന്നത്) കളിക്കുന്ന കൂട്ടത്തില്‍ നിന്നും നാല് കുട്ടികള്‍ അരിച്ചാക്ക് എടുത്ത് സ്റ്റോര്‍‌മുറിയിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ വന്നു. അവര്‍ ചാക്കിന്റെ നാല് മൂലകളും പിടിച്ച് പതുക്കെ പതുക്കെ നടക്കുമ്പോഴാണ്, ‘കളിക്കുന്ന കൂട്ടത്തില് നിന്നും നല്ല വെളുത്ത ഒരു തടിയന്‍ വന്നത്‘. ‘വന്ന ഉടനെ അരിച്ചാക്ക് വരാന്തയുടെ അറ്റത്ത് ഉയര്‍ത്തിനിര്‍ത്തി, പിന്‍‌തിരിഞ്ഞ് രണ്ട് കൈകൊണ്ടും പിടിച്ച് ഒറ്റയ്ക്ക് അവന്റെ പുറത്തുകയറ്റി കഞ്ഞിപ്പുരയിലെ സ്റ്റോറിലേക്ക് നടന്നു. തിരിച്ച് വന്ന് അതേ രീതിയില്‍ അടുത്ത ചാക്കും എടുത്തു’. അങ്ങനെ അവന്‍ ഒറ്റക്ക് നാല് ചാക്ക് നിറയേ അരി എടുത്ത് കടത്തുമ്പോള്‍, നാലുപേര്‍ ചേര്‍ന്ന് എടുത്തുമാറ്റിയത് ‘ഒരു ചാക്ക് അരിയും ഒരു ചാക്ക് കടലയും’ മാത്രം! ആ പയ്യനാണ് ചെത്തിനടന്ന്,,,നടന്ന്,,, ക്ലാസ്സില്‍ നിന്ന് പുറത്തായി ഹെഡ്‌മിസ്ട്രസ്സിന്റെ മുന്നില് ഇപ്പോള് വന്നത്.ഞാന്‍ അവനോട് ഒരു ചോദ്യവും ചോദിക്കാതെ അവനെ ഒന്നുകൂടി ശ്രദ്ധിച്ചു. അവന്‍ സ്ക്കൂളില്‍ വരാതെ മുങ്ങുന്നതിന്റെ പിന്നില്‍ മറ്റു കുട്ടികള്‍ക്കില്ലാത്ത എന്തോ കാരണം കാണും. അത് ഞാന്‍ എത്ര ചോദിച്ചാലും പറയില്ല; പറഞ്ഞാല്‍ അവന്റെ അഭിമാനത്തിന് ക്ഷതം തട്ടും. ഇവിടെ വേണ്ടത് ഒരു സുഹൃത്തിന്റെ നിലയിലുള്ള ചോദ്യം ചെയ്യലാണ്; ഒരു കൌണ്‍‌സിലിങ്ങ്.പയ്യനെ ഓഫീസില്‍‌തന്നെ നിര്‍ത്തി ഞാന് പുറത്തിറങ്ങി. സ്റ്റാഫ് റൂമില്‍ ഇരുന്ന് എല്ലാം മറന്ന് വായനയില്‍ ലയിച്ച രണ്ട് അദ്ധ്യാപകരെ പുറത്തേക്ക് വിളിച്ചു. ഒരാള്‍ അറബിക്, രണ്ടാമന്‍ മലയാളം. അറബിക് അറിയപ്പെടുന്ന പ്രാസം‌ഗികന്‍, മലയാളം അറിയപ്പെടുന്ന കവി; സ്ക്കൂളിലെ രണ്ട് അദ്ധ്യാപക താരങ്ങാണ്. അവനെ ചോദ്യം ചെയ്യാന്‍ ‘അറബി-മലയാളത്തെ’ ഏല്പിച്ചു. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു,
“സാധാരണ സ്ഥിരം അട്ടിമറി തൊഴിലാളികള്‍ മാത്രം ചെയ്യുന്നത് പോലെയാണ് അവന്‍ അരിച്ചാക്ക് എടുത്തു മാറ്റിയത്. അത് മനസ്സിലാക്കി അവനെ കൌണ്‍സിലിങ്ങ് ചെയ്യണം”.ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് അറബിമാസ്റ്റര്‍ എന്റെ അടുത്ത് വന്ന് പയ്യന്റെ പൂര്‍ണ്ണവിവരം അറിയിച്ചു. ‘അവനും അമ്മയും അനുജത്തിയും മാത്രമുള്ള കുടും‌ബം. അച്ഛനെ കണ്ട ഓര്‍മ്മയില്ല; ‘അമ്മയെ ഒഴിവാക്കി വേറെ വിവാഹം കഴിച്ചു’ എന്ന് മാത്രം അറിയാം. പിന്നെ ജീവിക്കാന്‍, രോഗിയായ അമ്മ അടുത്ത വീടുകളില്‍ അടുക്കളപ്പണിക്ക് പോകുന്നുണ്ട്. മുതിര്‍ന്നപ്പോള്‍ സ്ക്കൂളില്ലാത്ത ദിവസം അവനും ജോലിക്ക് പോകാന് തുടങ്ങി. അങ്ങനെ ലോറിയില്‍ നിന്ന് ചരക്കിറക്കാനും പുഴയില്‍ നിന്ന് മരം വലിച്ച് കയറ്റാനും അവന് പരിശീലനം ലഭിച്ചു. ചിലദിവസം പുഴയില്‍‌നിന്നും മരം വലിക്കാന്‍ കൂടുതല്‍ തൊഴിലാളികളുടെ ആവശ്യം വരുമ്പോള്‍ അവനെ കൂട്ടാന്‍ ബൈക്കുമെടുത്ത് ആള് വരാറുണ്ട്. അന്ന് സ്ക്കൂളില്‍ വരാതെ ജോലി ചെയ്യാന്‍ പോകും. അത്തരം ‘ബൈക്കില്‍ കയറി ചെത്തല്‍’ യാത്രകളാണ് ക്ലാസ്സ്ടീച്ചര്‍ കണ്ടുപിടിച്ചത്’.കൌണ്‍സിലിങ്ങ് നടത്തിയവര്‍ തന്നെ ബാക്കി കാര്യങ്ങളും ശരിയാക്കി. ഇനിമുതല്‍ അവധിദിവസങ്ങളില്‍ മാത്രം ജോലിക്ക് പോകും എന്ന് ശിഷ്യന്‍ ഉറപ്പു നല്‍കി. ക്ലാസ്സ്ടീച്ചറോട് പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിച്ചതായി അറിയിച്ചു. അങ്ങനെ ചെത്തിനടക്കണ പയ്യന്‍ നിത്യേന ക്ലാസ്സില്‍ ഹാജരായി പഠിക്കാന്‍ തുടങ്ങി.


പിന്‍‌കുറിപ്പ്:

  1. പി.ഇ.ടി. അതായത് കായിക അദ്ധ്യാപകന്‍ – ഒരു സ്ക്കൂളില്‍ അച്ചടക്കത്തിന്റെ പ്രധാന ഘടകമാണ്. ഈ സ്ക്കൂളില് അദ്ദേഹത്തെ കണ്ടുകിട്ടുക അപൂര്‍വ്വമാണ്. മിക്കവാറും ദിവസങ്ങളില് ഏതെങ്കിലും ഗ്രൌണ്ടില്‍ ‘ഓണ്‍ ഡ്യൂട്ടി’ ആയിരിക്കും.
  2. ഒരു അധ്യാപകന്‍ സര്‍‌വീസും ശമ്പളവും കൂടുന്നതിനനുസരിച്ച് കൂടുതല്‍ പഠിപ്പിക്കുകയില്ല. അയാള് ജോലിയില്‍ ചേര്‍ന്നതു മുതല്‍ റിട്ടയര്‍ ചെയ്യുന്നതു വരെ ഒരേ തരത്തിലായിരിക്കും പഠനപ്രവര്‍ത്തനം.
  3. സ്ക്കൂളുകളില് ചില പാര്‍ട്ടി നോക്കാതെയുള്ള സമരക്കാര്‍ ഉണ്ട്. എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ്, ഏ ബി വി പി ആദിയായ എല്ലാ സമരത്തിനു പിന്നില്‍ മുദ്രാവാക്ക്യം വിളിക്കാതെ നടക്കുന്ന ചില പയ്യന്മാര്‍. ഇക്കൂട്ടര്‍ ഒരു ദിവസത്തെ അവധിക്ക് വേണ്ടി കൊതിക്കുന്നവരാണ്. ആ അവധി പ്രയോജനപ്പെടുത്തുന്നത് നല്ലതും ചീത്തയും ആയ കാര്യങ്ങള്‍‌ക്കാണോ, എന്നത് സാഹചര്യം അനുസരിച്ചായിരിക്കും