“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 7, 2009

29. ചെത്തിനടക്കണ പയ്യന്‍


സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ഹെഡ്‌മിസ്ട്രസ് ആയി ജില്ലയിലെ അറിയപ്പെടുന്ന ഒരു വിദ്യാലയത്തില്‍ പ്രവേശിച്ചതു മുതല്‍ എന്റെ എല്ലാ രോഗവും മാറി എന്ന് പറയാം. അതായത് ഇവിടെ എത്തിയതു മുതല്‍ എന്റെ രോഗം, ആരോഗ്യം, ഭക്ഷണം, സൌന്ദര്യം, ആദിയായവ ചിന്തിക്കാനുള്ള അവസരം ഒരിക്കലും ലഭിച്ചിട്ടില്ല . SSLC റിസെല്‍ട്ടിന്റെ കാര്യത്തില് വളരെ പിന്നിലായതിനാല്‍ ഈ വിദ്യാലയ പുരോഗതി വിളിച്ച് ചോദിക്കുന്നത് ജില്ലാ‍കേന്ദ്രങ്ങളില്‍ നിന്ന് മാത്രമല്ല; തലസ്ഥാനത്തു നിന്ന് കൂടിയായിരിക്കും.



സ്ക്കൂളില്‍ അദ്ധ്യാപകര്‍ ജോലി ചെയ്യുന്നത് ശ്രദ്ധിച്ചാല്‍ മൂന്ന് ഗ്രൂപ്പായി തരം‌തിരിക്കാം.
1. മടിയന്മാര്‍: ഇക്കൂട്ടര്‍ ശമ്പളം വാങ്ങുന്നതിനാലും ‘മറ്റുള്ളവരെ‘ ഭയപ്പെടുന്നതിനാലും മാത്രം ടൈംടേബിള്‍ പ്രകാരം പാഠം ഒരുവിധം പഠിപ്പിച്ച് തീര്‍ക്കുന്നവരാണ്. സ്വന്തം കുട്ടികളെയല്ലാതെ മറ്റു കുട്ടികളെ തീരെ ഇഷ്ടപ്പെടാത്തവരാണ്. ഭീഷണിപ്പെടുത്തിയാല്‍ നന്നാവും.
2. താല്പര്യമുള്ളവര്‍: ഇവര്‍ക്ക് ശമ്പളവും സമയവും പ്രശ്നമല്ല. ക്ലാസ്സില്‍ ഇരിക്കുന്നത് മണ്ടന്മാരായാലും മിടുക്കന്മാരായാലും എപ്പോഴും പഠിപ്പിച്ച് കൊണ്ടിരിക്കും. രാവിലെയും വൈകുന്നേരവും മാത്രമല്ല; ശനിയും ഞായറും കൂടി സ്പെഷ്യല്‍ ക്ലാസ്സ് നടത്തും. എല്ലാവരും ജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇക്കൂട്ടരുടെ മുന്നില്‍.
3. ഉഴപ്പന്മാര്‍: ഇവര്‍ അപകടകാരികളാണ്. ഇവര്‍ പരമാവധി ജോലി ചെയ്യാതിരിക്കുക മാത്രമല്ല, മര്യാദക്ക് ജോലി ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. കുട്ടികളെ വിവരമില്ലാത്തവരായി ചിത്രീകരിച്ച് ക്ലാസ്സെടുക്കുന്നത് ഉഴപ്പിനടക്കും. നിലവാരം കുറഞ്ഞ സ്ക്കൂള്‍ കണ്ടെത്തി ട്രാന്‍‌സ്ഫര്‍ ചോദിച്ച് വാങ്ങി വരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.



എല്ലായിപ്പോഴും ഒരേഗ്രൂപ്പില്‍‌പെട്ടവരെ ഒന്നിച്ചായിരിക്കും കാണുന്നത്. സ്ക്കൂളില്‍ ഒരു അദ്ധ്യാപകന്‍(അദ്ധ്യാപിക) പുതിയതായി വന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്റെതായ ഗ്രൂപ്പ് കണ്ടെത്തി സുഹൃത്തുക്കളായി മാറും. ജാതി,മതമോ, സാമ്പത്തികമോ, ആണ്‍,പെണ്‍ വ്യത്യാസമോ, യൂണിയന്‍ മെമ്പര്‍‌ഷിപ്പോ, നോക്കാതെയായിരിക്കും സമാനഗ്രൂപ്പില്‍ അം‌ഗങ്ങളാവുന്നത്.



വിദ്യാര്‍ത്ഥികളുടെ കാര്യം പറയാന്‍ വന്ന ഞാന്‍; ഒരു നിമിഷം എന്റെ വര്‍ഗ്ഗത്തെപറ്റി പറഞ്ഞുപോയി. ഇവിടെ എന്റെ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം സാമ്പത്തികമായി വളരെ പാവങ്ങളാണ്. പണക്കാര്‍ പട്ടണത്തിലെ സ്ക്കൂളിലേക്ക് സ്പെഷ്യല്‍ ബസ്സ് കയറി പോയതിനുശേഷം അവശേഷിച്ച അയല്‍‌വാസികളാണ് ഇവിടെ ചേരുന്നത്. യൂനിഫോമായതിനാല്‍ നല്ല വേഷത്തില്‍ ഹജരാവുമെങ്കിലും ഉച്ചഭക്ഷണം കഴിക്കാത്തത്; ‘വീട്ടില് പട്ടിണിയായത് കൊണ്ടാണ്‘ എന്ന് അവര്‍ ആരെയും അറിയിക്കില്ല. ധാരാളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാസ്‌പോര്‍ട്ടിനു വേണ്ടിയുള്ള ഒരു ഇടത്താവളമായിട്ടാണ് ആണ്‍കുട്ടികള്‍ പലരും സ്ക്കൂളിനെ കണ്ടത്.



ഓണാവധി കഴിഞ്ഞ് സ്ക്കൂള്‍ തുറന്ന് ഒരു മാസം കഴിയാറായി. ഒരു ദിവസം; പത്ത് മണിക്ക് ബല്ലടിച്ച് ക്ലാസ്സ് തുടങ്ങി, പത്ത് മിനുട്ട് കഴിഞ്ഞപ്പോഴാണ് ബയോളജി ടീച്ചര്‍ ഒരു പയ്യനെയും പിടിച്ച്‌വലിച്ച് ഓഫീസ്സില്‍ എന്റെ സമീപം വന്നത്. വന്ന ഉടനെ എന്നോട് പറഞ്ഞു,
“ടീച്ചറെ ഇനിമുതല്‍ ഇവനെ ഞാന്‍ എന്റെ ക്ലാസ്സിലിരുത്തി പഠിപ്പിക്കില്ല. ഇടയ്ക്കിടെ ക്ലാസ്സില്‍ വരാതെ മുങ്ങുന്നു. വരാത്ത പല ദിവസങ്ങളിലും മറ്റുള്ളവരുടെ കൂടെ ബൈക്കില്‍ ചെത്തിനടക്കുന്നത് ഞാന് കണ്ടതാണ്. ഇപ്പോള്‍ മൂന്ന് ദിവസത്തിനു ശേഷമാണ് ക്ലാസ്സില്‍ വന്നിരിക്കുന്നത്”
ഒമ്പത് ഏ ക്ലാസ്സിലെ ക്ലാസ്സ്ടീച്ചറാണ് ഈ കക്ഷി കുട്ടികളെ നന്നാക്കാന്‍ വാശിയുള്ള കൂട്ടത്തിലായതിനാല്‍ വളരെ കര്‍ശനക്കാരിയാണ്.
“ഇറക്കി വിടാം, പിന്നെ മര്യാദക്കാരനായി രക്ഷിതാവിന്റെ ഉറപ്പോട് കൂടി തിരിച്ചെടുത്താല്‍ പോരെ?” ഞാന് ടീച്ചറോട് പറഞ്ഞു.
“ടീച്ചറുടെ ഇഷ്ടം‌പോലെ ചെയ്യാം. പിന്നീട് ഇവന്‍ എല്ലാദിവസവും ക്ലാസ്സില് ഉണ്ടാവണം” ബയോളജി പയ്യനെ അവിടെ നിര്‍ത്തി സ്ഥലം വിട്ടു.
അതുവരെ എനിക്ക് മുഖം കാണിക്കാതെ അലമാരയുടെ ഒരു വശത്ത് മറഞ്ഞ്‌ നില്‍ക്കുന്നവനെ ടീച്ചര്‍ പോയപ്പോള്‍ ഞാന്‍ വിളിച്ചു. അവനെ നോക്കിയതോടെ ഞാന് ചെറുതായൊന്ന് ഞെട്ടി. ഈ പയ്യന്?



ഒരാഴ്ച മുന്‍പ് ഇവനെ ഞാന്‍ ശ്രദ്ധിച്ചതാണ്. ഒന്‍പതാം ക്ലാസ്സിലാണെങ്കിലും പ്ലസ്2 കാരന്റെ വളര്‍ച്ച, നല്ല ആരോഗ്യം. കഴിഞ്ഞ വെള്ളിയാഴ്ച ഹൈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ഉച്ചഭക്ഷണത്തിനുള്ള അരി കൊണ്ടുവന്നു. അഞ്ച് ചാക്ക്നിറയെ അരിയും ഒരു ചാക്കില്‍ കടലയും. വണ്ടിയില്‍ കൊണ്ടുവന്ന നിറചാക്കുകള്‍ സ്ക്കൂള്‍ ഗേറ്റ് കടന്ന് ആദ്യം കണ്ട വരാന്തയിലാണ് ഇറക്കിയത്. ഏതാണ്ട് 50 മീറ്റര്‍ ദൂരെയുള്ള സ്റ്റോര്‍മുറിയില്‍ അരിചാക്കുകള്‍ എത്തിക്കണം. എല്ലാ കുട്ടികളും ക്ലാസ്സിലിരുന്ന് പഠിക്കുന്ന ആ സമയത്ത് കായികാദ്ധ്യാപകനും കുട്ടികളും മുറ്റത്ത് ഓടിക്കളിക്കുകയാണ്.(ഗ്രൌണ്ടില്ലാത്തതിനാല്‍ മുറ്റത്ത്‌വെച്ചാണ് അഭ്യാസങ്ങള്‍. പിന്നെ അപൂര്‍വ്വമായി മാത്രമാണ് അവര്‍ക്ക് ഡ്രില്ല്‌മാഷെ കിട്ടുന്നത്) കളിക്കുന്ന കൂട്ടത്തില്‍ നിന്നും നാല് കുട്ടികള്‍ അരിച്ചാക്ക് എടുത്ത് സ്റ്റോര്‍‌മുറിയിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ വന്നു. അവര്‍ ചാക്കിന്റെ നാല് മൂലകളും പിടിച്ച് പതുക്കെ പതുക്കെ നടക്കുമ്പോഴാണ്, ‘കളിക്കുന്ന കൂട്ടത്തില് നിന്നും നല്ല വെളുത്ത ഒരു തടിയന്‍ വന്നത്‘. ‘വന്ന ഉടനെ അരിച്ചാക്ക് വരാന്തയുടെ അറ്റത്ത് ഉയര്‍ത്തിനിര്‍ത്തി, പിന്‍‌തിരിഞ്ഞ് രണ്ട് കൈകൊണ്ടും പിടിച്ച് ഒറ്റയ്ക്ക് അവന്റെ പുറത്തുകയറ്റി കഞ്ഞിപ്പുരയിലെ സ്റ്റോറിലേക്ക് നടന്നു. തിരിച്ച് വന്ന് അതേ രീതിയില്‍ അടുത്ത ചാക്കും എടുത്തു’. അങ്ങനെ അവന്‍ ഒറ്റക്ക് നാല് ചാക്ക് നിറയേ അരി എടുത്ത് കടത്തുമ്പോള്‍, നാലുപേര്‍ ചേര്‍ന്ന് എടുത്തുമാറ്റിയത് ‘ഒരു ചാക്ക് അരിയും ഒരു ചാക്ക് കടലയും’ മാത്രം! ആ പയ്യനാണ് ചെത്തിനടന്ന്,,,നടന്ന്,,, ക്ലാസ്സില്‍ നിന്ന് പുറത്തായി ഹെഡ്‌മിസ്ട്രസ്സിന്റെ മുന്നില് ഇപ്പോള് വന്നത്.



ഞാന്‍ അവനോട് ഒരു ചോദ്യവും ചോദിക്കാതെ അവനെ ഒന്നുകൂടി ശ്രദ്ധിച്ചു. അവന്‍ സ്ക്കൂളില്‍ വരാതെ മുങ്ങുന്നതിന്റെ പിന്നില്‍ മറ്റു കുട്ടികള്‍ക്കില്ലാത്ത എന്തോ കാരണം കാണും. അത് ഞാന്‍ എത്ര ചോദിച്ചാലും പറയില്ല; പറഞ്ഞാല്‍ അവന്റെ അഭിമാനത്തിന് ക്ഷതം തട്ടും. ഇവിടെ വേണ്ടത് ഒരു സുഹൃത്തിന്റെ നിലയിലുള്ള ചോദ്യം ചെയ്യലാണ്; ഒരു കൌണ്‍‌സിലിങ്ങ്.



പയ്യനെ ഓഫീസില്‍‌തന്നെ നിര്‍ത്തി ഞാന് പുറത്തിറങ്ങി. സ്റ്റാഫ് റൂമില്‍ ഇരുന്ന് എല്ലാം മറന്ന് വായനയില്‍ ലയിച്ച രണ്ട് അദ്ധ്യാപകരെ പുറത്തേക്ക് വിളിച്ചു. ഒരാള്‍ അറബിക്, രണ്ടാമന്‍ മലയാളം. അറബിക് അറിയപ്പെടുന്ന പ്രാസം‌ഗികന്‍, മലയാളം അറിയപ്പെടുന്ന കവി; സ്ക്കൂളിലെ രണ്ട് അദ്ധ്യാപക താരങ്ങാണ്. അവനെ ചോദ്യം ചെയ്യാന്‍ ‘അറബി-മലയാളത്തെ’ ഏല്പിച്ചു. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു,
“സാധാരണ സ്ഥിരം അട്ടിമറി തൊഴിലാളികള്‍ മാത്രം ചെയ്യുന്നത് പോലെയാണ് അവന്‍ അരിച്ചാക്ക് എടുത്തു മാറ്റിയത്. അത് മനസ്സിലാക്കി അവനെ കൌണ്‍സിലിങ്ങ് ചെയ്യണം”.



ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് അറബിമാസ്റ്റര്‍ എന്റെ അടുത്ത് വന്ന് പയ്യന്റെ പൂര്‍ണ്ണവിവരം അറിയിച്ചു. ‘അവനും അമ്മയും അനുജത്തിയും മാത്രമുള്ള കുടും‌ബം. അച്ഛനെ കണ്ട ഓര്‍മ്മയില്ല; ‘അമ്മയെ ഒഴിവാക്കി വേറെ വിവാഹം കഴിച്ചു’ എന്ന് മാത്രം അറിയാം. പിന്നെ ജീവിക്കാന്‍, രോഗിയായ അമ്മ അടുത്ത വീടുകളില്‍ അടുക്കളപ്പണിക്ക് പോകുന്നുണ്ട്. മുതിര്‍ന്നപ്പോള്‍ സ്ക്കൂളില്ലാത്ത ദിവസം അവനും ജോലിക്ക് പോകാന് തുടങ്ങി. അങ്ങനെ ലോറിയില്‍ നിന്ന് ചരക്കിറക്കാനും പുഴയില്‍ നിന്ന് മരം വലിച്ച് കയറ്റാനും അവന് പരിശീലനം ലഭിച്ചു. ചിലദിവസം പുഴയില്‍‌നിന്നും മരം വലിക്കാന്‍ കൂടുതല്‍ തൊഴിലാളികളുടെ ആവശ്യം വരുമ്പോള്‍ അവനെ കൂട്ടാന്‍ ബൈക്കുമെടുത്ത് ആള് വരാറുണ്ട്. അന്ന് സ്ക്കൂളില്‍ വരാതെ ജോലി ചെയ്യാന്‍ പോകും. അത്തരം ‘ബൈക്കില്‍ കയറി ചെത്തല്‍’ യാത്രകളാണ് ക്ലാസ്സ്ടീച്ചര്‍ കണ്ടുപിടിച്ചത്’.



കൌണ്‍സിലിങ്ങ് നടത്തിയവര്‍ തന്നെ ബാക്കി കാര്യങ്ങളും ശരിയാക്കി. ഇനിമുതല്‍ അവധിദിവസങ്ങളില്‍ മാത്രം ജോലിക്ക് പോകും എന്ന് ശിഷ്യന്‍ ഉറപ്പു നല്‍കി. ക്ലാസ്സ്ടീച്ചറോട് പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിച്ചതായി അറിയിച്ചു. അങ്ങനെ ചെത്തിനടക്കണ പയ്യന്‍ നിത്യേന ക്ലാസ്സില്‍ ഹാജരായി പഠിക്കാന്‍ തുടങ്ങി.


പിന്‍‌കുറിപ്പ്:

  1. പി.ഇ.ടി. അതായത് കായിക അദ്ധ്യാപകന്‍ – ഒരു സ്ക്കൂളില്‍ അച്ചടക്കത്തിന്റെ പ്രധാന ഘടകമാണ്. ഈ സ്ക്കൂളില് അദ്ദേഹത്തെ കണ്ടുകിട്ടുക അപൂര്‍വ്വമാണ്. മിക്കവാറും ദിവസങ്ങളില് ഏതെങ്കിലും ഗ്രൌണ്ടില്‍ ‘ഓണ്‍ ഡ്യൂട്ടി’ ആയിരിക്കും.
  2. ഒരു അധ്യാപകന്‍ സര്‍‌വീസും ശമ്പളവും കൂടുന്നതിനനുസരിച്ച് കൂടുതല്‍ പഠിപ്പിക്കുകയില്ല. അയാള് ജോലിയില്‍ ചേര്‍ന്നതു മുതല്‍ റിട്ടയര്‍ ചെയ്യുന്നതു വരെ ഒരേ തരത്തിലായിരിക്കും പഠനപ്രവര്‍ത്തനം.
  3. സ്ക്കൂളുകളില് ചില പാര്‍ട്ടി നോക്കാതെയുള്ള സമരക്കാര്‍ ഉണ്ട്. എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ്, ഏ ബി വി പി ആദിയായ എല്ലാ സമരത്തിനു പിന്നില്‍ മുദ്രാവാക്ക്യം വിളിക്കാതെ നടക്കുന്ന ചില പയ്യന്മാര്‍. ഇക്കൂട്ടര്‍ ഒരു ദിവസത്തെ അവധിക്ക് വേണ്ടി കൊതിക്കുന്നവരാണ്. ആ അവധി പ്രയോജനപ്പെടുത്തുന്നത് നല്ലതും ചീത്തയും ആയ കാര്യങ്ങള്‍‌ക്കാണോ, എന്നത് സാഹചര്യം അനുസരിച്ചായിരിക്കും

13 comments:

  1. തീർച്ചയായും വളരെ അറിവു പകരുന്ന കാര്യങ്ങൾ.
    അനുഭവത്തിന്റെ വെളിച്ചത്തിലായതു കൊണ്ട് ഒരാൾക്കും നിഷേധിക്കാനുമാവില്ല.

    ടീച്ചർക്ക് ആശംസകൾ.

    ReplyDelete
  2. നല്ല എഴുത്ത്. പഴയ ശിഷ്യൻ ഇപ്പോഴെവിടെ എന്നു കൂടി അറിയുമെങ്കിൽ എഴുതിയാൽ നന്നായിരിക്കുമെന്നു തോന്നുന്നു.

    ReplyDelete
  3. നല്ല കുറിപ്പ്.... യൂ ആര്‍ സോ ഗ്രേറ്റ് ടീച്ചര്‍....

    ReplyDelete
  4. നന്നായി ടീച്ചറെ.
    എല്ലാ കുട്ടികളും അടിസ്ഥാനപരമായി പാവങ്ങളായിരിക്കും. പ്രശ്നക്കാരെ കണ്ടെത്തി വിശദമായി സംസാരിച്ചാല്‍ എല്ലാം മനസ്സിലാവും.

    ReplyDelete
  5. നന്നായിട്ടുണ്ട്,ടീച്ചർ.

    ReplyDelete
  6. നല്ല കുറിപ്പ്.

    ReplyDelete
  7. അനുഭവത്തിന്റെ തെളിച്ചമുള്ള നല്ലൊരു കുറിപ്പ്..ഇത്തരം കുട്ടികളെ മനസ്സിലാക്കാന്‍ ആളുണ്ടെന്നത് തന്നെ എത്ര ആശ്വാസകരമാണു..

    ReplyDelete
  8. വളരെ നന്നായി ടീച്ചർ..
    നല്ല അനുഭവക്കുറിപ്പ്

    ReplyDelete
  9. പെട്ടെന്ന് ബി.എഡ്. കാലഘട്ടത്തിലേയ്ക്ക് പോയി :) പ്രാക്ടീസിന് ഇത് പോലെയുള്ള ഒരു പ്രദേശത്താണ് പോയത്. കേയ്സ് സ്റ്റഡിക്ക് പറ്റിയ കുട്ടിയെ അന്വേഷിച്ച് നടന്നതും ഒടുവില്‍ അത് നല്‍കിയ നൊമ്പരവും ഇന്നും.... :)

    ടീച്ചര്‍ ചെയ്തത് പോലെ കുട്ടികളെ തിരിച്ചറീഞ്ഞ് നല്ല വഴിയിലേയ്ക്ക് നടത്തുവാന്‍ ഇന്നത്തെ അദ്ധ്യാപകരില്‍ പലരും ശ്രമിക്കുന്നില്ല എന്നതല്ലേ തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന റിപ്പോര്‍ട്ട് നല്‍കുന്നത്... സ്വന്തം സ്കൂളിലെ മതില്‍ ചാടി പോകുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിയാതിരുന്ന അവിടത്തെ അദ്ധ്യാപഹയന്മാരെ എന്താണ് ചെയ്യേണ്ടത്?

    ReplyDelete
  10. ടീച്ചറുടെ എഴുത്ത്‌
    സ്‌കൂള്‍കാലത്തേക്ക്‌ കൊണ്ടുപോയി..
    എന്റെ അമ്മയായിരുന്നു
    എന്റെ സ്‌കൂളിലെ ഏറ്റവും സ്‌ട്രിക്‌റ്റ്‌ ആയ ടീച്ചര്‍
    ഞാനടക്കം എല്ലാവരും സ്‌കൂളില്‍ അമ്മയെ
    വനിതാ പോലീസെന്ന്‌ വിളിച്ചു
    എന്നാല്‍ ഇന്ന്‌...
    അമ്മ ഏറ്റവുമധികം വഴക്കുപറഞ്ഞിട്ടുള്ള
    കണ്ണ്‌ തുറിപ്പിച്ചിട്ടുള്ള കുട്ടികളില്‍ പലരും
    ഓണത്തിനും വിഷുവിനും വീട്ടിലെത്തുമ്പോള്‍
    ഇടയ്‌ക്കിടെ സങ്കടങ്ങള്‍ പറയാന്‍ ഓടിയെത്തുമ്പോള്‍
    അമ്മ പറയും..
    പഠിക്കുന്ന കാലത്ത്‌ മിടുക്കരായിരുന്ന പലര്‍ക്കും
    ഇതൊന്നും ഓര്‍മ കാണില്ല..
    എന്നാല്‍ ഇവര്‍ എന്നെ ശരിക്ക്‌ മനസ്സിലാക്കിയിരിക്കുന്നു...

    ReplyDelete
  11. നല്ല വിവരണം ടീച്ചര്‍

    ReplyDelete
  12. വീ കെ (...
    അനുഭവത്തിന്റെ വെളിച്ചത്തിലെ പോസ്റ്റ് വായിച്ച് എഴുതിയ അഭിപ്രായത്തിന് നന്ദി.
    കുമാരന്‍|kumaran (...
    ധാരാളം ശിഷ്യന്മാരില്‍ ഒരാള്‍ മാത്രമാണിവന്‍. പിന്നെ ആ പയ്യന്‍ SSLC കഴിഞ്ഞു.
    Siva//ശിവ (...
    വളരെ നന്ദി.
    അനില്‍@ബ്ലോഗ് (...
    പ്രശ്നക്കാരുടെ പ്രശ്നങ്ങള്‍ അറിയണമെങ്കില്‍ ആദ്യം അവരുടെ വിശ്വാസം നേടണം. പിന്നെ സ്വന്തം കുട്ടിയെ ഇം‌ഗ്ലീഷ് മീഡിയത്തില്‍ അയച്ച് ക്ലാസ്സിലിരുന്ന് അവനെപറ്റി ചിന്തിക്കുന്നവര്‍ക്ക് ക്ലാസ്സിലെ കുട്ടികളെ മനസ്സിലാക്കാന്‍ കഴിയില്ല.
    വികടശിരോമണി (...
    വളരെ നന്ദി.
    സങ്കുചിതന്‍ (...
    വളരെ നന്ദി.
    Rare Rose (...
    വളരെ നന്ദി.
    ബഷീര്‍ വെള്ളറക്കാട് |pb(...
    വളരെ നന്ദി.
    Manoj മനോജ് (...
    ചിന്തിക്കാന്‍ ധാരാളം കാണും. ഒരിക്കല്‍ ബോധക്കേട് വന്ന കുട്ടിക്ക് ഭക്ഷണം കൊടുത്ത് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് അറിയുന്നത് “വീട്ടില്‍ ഭക്ഷണം ഇല്ലാതായിട്ട് മൂന്ന് ദിവസമായി”എന്ന്. കൂടുതല്‍ ചിന്തിച്ചാല്‍ എവിടെയും എത്തില്ല.
    കാലചക്രം (...
    വായിച്ച് സ്വന്തം ഓര്‍മ്മകള്‍ എഴുതിയതിന് നന്ദി. പിന്നെ ഏറ്റവും വികൃതിയും ഏറ്റവും മിടുക്കനും എപ്പോഴും പരിചയം പുതുക്കും. ബഹുമാനിക്കും.
    രഘുനാഥന്‍ (...
    വളരെ നന്ദി.

    ReplyDelete
  13. Oru Keraleeya Sarkaar School chithram....!

    Manoharamayirikkunnu Chechy, Ashamsakal...!!!

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.