“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 10, 2009

32. കുട്ടിയമ്മചരിതം അഥവാ സ്ക്കൂളിന്റെ ആണി.


                                    കുട്ടിയമ്മയ്ക്ക് ആ പേരിട്ടത് കുട്ടികളാണ്; എന്റെതു കൂടിയായിരുന്ന ഹയര്‍‌സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. ആ പേര് വന്നത് എപ്പോഴെന്നോ എങ്ങനെയെന്നോ ആര്‍ക്കും അറിയില്ല. കുട്ടികള്‍ – എട്ടാം ക്ലാസ്സുകാരനും പന്ത്രണ്ടാം ക്ലാസ്സുകാരനും - ഒരുപോലെ കുട്ടിയമ്മയെ ഇഷ്ടപ്പെടുന്നു. കസവുസാരിയുടുത്ത്, നെറ്റിയില്‍ സിന്ദൂരവും ചന്ദനവും ചാര്‍ത്തി, രജിസ്റ്ററും മെമ്മൊ ബുക്കും കൈയില്‍ എടുത്ത്, ശരീരഭാരം താങ്ങാനായി, ഓരോ കാലുകളും അമര്‍ത്തിച്ചവിട്ടി, കുട്ടിയമ്മ ക്ലാസ്സില്‍ കടന്നുവരുമ്പോള്‍ കുട്ടികള്‍ മാത്രമല്ല; അദ്ധ്യാപകരും അറിയാതെ ഒന്നെഴുന്നേറ്റ് പോകും. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ വരുന്നവര്‍ ഓഫീസിലിരിക്കുന്ന ഹെഡ്‌മിസ്ട്രസ്സിനെ അവഗണിച്ച് നേരെ ചെല്ലും, ഒരു വശത്തെ കസേരയിലിരിക്കുന്ന കുട്ടിയമ്മയുടെ സമീപം. എന്നിട്ട് പറയും “മാഡം ഇതെല്ലാം പരിശോധിച്ച് നോക്കി മാഡത്തിന്റെ ഒപ്പും സീലും വേണം”.


 കുട്ടിയമ്മ: ഞങ്ങളുടെ സ്ക്കൂളിലെ സ്റ്റാഫില്‍ ഒരംഗമാണ്. തസ്തികനാമം- എഫ്.ടി.സി.എം. ശമ്പളബുക്കില്‍ ഏറ്റവും താഴെ – അതായത് മറ്റുള്ളവരെല്ലാം അവരെക്കാള്‍ ശമ്പളം വാങ്ങുന്നവര്‍. പിന്നെ കുട്ടിയമ്മയുടെ തൊഴില്‍; അത് കണ്ടുപിടിക്കാന്‍, ‘കെ ഇ ആര്’ ‘കെ എസ് ആര്’ ആദിയായവ അരിച്ചുപെറുക്കി ഗവേഷണം തന്നെ വേണ്ടിവന്നു. ഒടുവില്‍ കണ്ടുപിടിച്ചത് താഴെപറയുന്നവയാണ്; ‘ഓഫീസ്‌മേധാവി -എച്ച്.എം- സ്ക്കൂളില്‍ വരുന്നതിന് അരമണിക്കൂര്‍ മുന്‍പ് എത്തിച്ചേര്‍ന്ന് ഓഫീസും പരിസരവും വൃത്തിയാക്കി, ഓഫീസ് ആവശ്യത്തിനു വേണ്ട വെള്ളം എടുത്തുവെക്കുക, സ്ക്കൂളിന്റെ സുഗമമായ നടത്തിപ്പിന് എച്ച്. എം നെ സഹായിക്കുക, ആദിയായ ചില സിം‌പിള്‍ കാര്യങ്ങളാണ്.


എന്നാല്‍ നമ്മുടെ കുട്ടിയമ്മ ഈ പറയുന്ന ഡ്യൂട്ടി ഒഴികെ മറ്റെല്ലാം ചെയ്യും. അവസരം കിട്ടിയാല്‍ ക്ലാസ്സില്‍ പോയി പഠിപ്പിക്കാനും കുട്ടിയമ്മ തയ്യാര്‍; പക്ഷെ ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കാറില്ല. സ്ക്കൂള്‍ ടൈം പത്ത് മണി മുതല്‍ നാല് മണി വരെയാണെങ്കിലും, ഒന്‍പത് മണിക്ക് സ്ക്കൂള്‍ തുറന്ന് സ്പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങും. എന്നാല്‍ ഒന്‍പത് മണിക്ക് കുട്ടിയമ്മക്ക് പകരം വരുന്നത്, അവരുടെ വീട്ടില്‍‌നിന്നും സ്ക്കൂളിലേക്ക് ഒരു ഫോണ്‍‌കോള്‍ ആയിരിക്കും. സ്ക്കൂള്‍ തുറന്നില്ലെങ്കില്‍ ആരും ഫോണ്‍ അറ്റന്റ് ചെയ്യുകയില്ല. പിന്നെ അഞ്ച് മിനിറ്റിനുള്ളില്‍ മകന്റെ ബൈക്കിലോ മകളുടെ കാറിലോ വന്ന് സ്ക്കൂള്‍ കോമ്പൌണ്ടില് കുട്ടിയമ്മ ലാന്റ് ചെയ്യുന്നു. അമ്പലത്തിന്റെ നടതുറന്ന് തൊഴാന്‍ കാത്തിരിക്കുന്ന ഭക്തരെപ്പോലെ, നില്‍ക്കുക്കുന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി കൂട്ടത്തിനിടയിലൂടെ നടന്ന് ഓഫീസ് തുറന്ന് അകത്തുനിന്നും താക്കോല്‍ക്കൂട്ടമെടുത്ത് ഇരുവശത്തും നോക്കാതെ ഒറ്റ പോക്കാണ്; അടച്ചിട്ട മറ്റു മുറികള്‍ തുറക്കാന്‍.


 ഒന്‍പത് മണിക്ക് വരുന്ന ടെലിഫോണ്‍ കോള്‍; ആരെങ്കിലും അറ്റന്റ് ചെയ്താലോ? ‘സ്കൂള് തുറന്നിരിക്കുന്നു‘ എന്ന് തിരിച്ചറിഞ്ഞ കുട്ടിയമ്മ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്യുന്നു. പിന്നെ വീട്ടുകാര്യങ്ങളെല്ലാം പതുക്കെ  ചെയ്തുതീര്‍ത്ത് പത്തരക്കുള്ള കുട്ടിബസ്സില്‍ വന്ന് പതുക്കെ ഇറങ്ങി സ്ക്കൂള്‍ ഓഫീസിന് പിന്നിലുള്ള ജനലിലൂടെ ബാഗ് അകത്തു വെച്ച ശേഷം, പിന്നിലെ വരാന്തയില്‍ നിന്ന് ചൂലെടുത്ത് മൂത്രപ്പുരയില്‍ പോകുന്നു. പിന്നെ സ്റ്റാഫ്‌റൂമിലൂടെ, കമ്പ്യൂട്ടര്‍ ലാബിന്റെ വരാന്തയിലൂടെ, ഹയര്‍സെക്കണ്ടറി ലാബുകളുടെ മുന്നിലൂടെ നടന്ന് ഓഫീസിന്റെ മുന്‌വാതിലിലൂടെ ചൂലുമായി അകത്തു കടക്കും.


       സ്ക്കൂള് തുറക്കാന്‍ വൈകിയാല്‍ അവരെ ചോദ്യം ചെയ്ത് താക്കീത് നല്‍കെണ്ടത് എച്ച്. എം ന്റെ ഡ്യൂട്ടിയാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സ്ക്കൂളില്‍ വര്‍ഷം‌തോറും മാറിമാറി വരുന്ന ഹെഡ്‌മാസ്റ്ററോ, ഹെഡ്‌മിസ്ട്രസ്സോ, പ്രിന്‍‌സിപ്പാളോ ഒരിക്കലും കുട്ടിയമ്മയെ വഴക്ക് പറഞ്ഞിട്ടില്ല. കാരണം കുട്ടിയമ്മക്ക് കിട്ടെണ്ടതൊക്കെ മറ്റുള്ള അദ്ധ്യാപകര്‍ കൊടുക്കുന്നുണ്ട്. കുട്ടിയമ്മയെ ഇങ്ങനെ കയറൂരി വിട്ടതിന് സ്ക്കൂള്‍ ഹെഡിനും ടീച്ചേര്‍‌സിന്റെ വക ‘പ്രത്യേകഡോസ്’ കിട്ടാറുണ്ട്. എച്ച്. എം. കുട്ടിയമ്മയെ വഴക്ക് പറയാത്തത് അവരോട് സഹതാപം തോന്നിയിട്ടാണ്. സ്ഥാപനമേധാവി മാറി വന്നാല്‍ ഏതാനും ദിവസത്തിനുള്ളില്‍ കുട്ടിയമ്മ ‘സോപ്പിട്ട്, അവരുടെ സഹതാപതരംഗം പിടിച്ചുപറ്റും. എന്നാല്‍ ‘നൂറുശതമാനം വിജയം’ എന്ന് മനസ്സില്‍ ഉരുവിടുന്ന അദ്ധ്യാപകരുടെ മുന്നില്‍ കുട്ടിയമ്മ തോറ്റു.


 ഒരു തവണ പുതിയ അക്കാദമിക്ക് വര്‍ഷത്തില്‍ പുതിയതായി ഒരു ഹെഡ്‌മാസ്റ്റര്‍ സ്ക്കൂളില്‍ വന്ന് ചാര്‍ജ് എടുത്തു. മറ്റുള്ളവരുമായി അധികം അടുക്കാത്ത പരുക്കന്‍ സ്വഭാവം. സീനിയര്‍ ‌അദ്ധ്യാപകരൊഴികെ മറ്റാരുമായും അധികം സംസാരിക്കില്ല. അദ്ദേഹമുള്ളപ്പോള്‍ ഓഫീസിലുള്ളവര്‍ നടക്കുമ്പോള്‍‌പോലും ശബ്ദം ഉണ്ടാക്കാറില്ല, ഉച്ചത്തില്‍ സംസാരിക്കില്ല, ജലദോഷമുള്ളവര് തുമ്മുകയില്ല. ആഴ്ചകള് രണ്ട് കഴിഞ്ഞു; എന്നിട്ടും കുട്ടിയമ്മക്ക് പുതിയ ഹെഡിനോട് ഒന്ന് മിണ്ടാന്‍ പോലും കഴിഞ്ഞിട്ടില്ല.


            ഒരു ദിവസം കുട്ടിയമ്മ സ്ക്കൂളില്‍ ലാന്റ് ചെയ്തത് കൃത്യം പതിനൊന്ന് മണിക്കാണ്, ഒരു ഓട്ടോയില്‍. ഓഫീസിനു മുന്നില്‍ വന്ന് നിര്‍ത്തിയ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങിയ അവര്‍, സുന്ദരക്കുട്ടപ്പന്മാരായ രണ്ട് കുഞ്ഞുങ്ങളെയും രണ്ട് വലിയ ബാഗും ഇറക്കിവെച്ച ശേഷം ഒരുത്തനെയും ഒരു ബാഗും ഇടംകൈയിലെടുത്ത്, രണ്ടാം ബേഗ് വലതു ചുമലില് ഇട്ട്, രണ്ടാമന്റെ കൈ വലതുകൈയ്യാല്‍ പിടിച്ച് ഓഫീസിനകത്തേക്ക് നടന്നു. അങ്ങനെ അതിവിശാലമായി നടന്ന്-നടന്ന് ഇടം കൈയിലെടുത്തവനെ ഹെഡ്‌മാസ്റ്ററുടെ മുന്നിലുള്ള മേശപ്പുറത്ത് ഇരുത്തിയശേഷം കുട്ടിയമ്മ പറഞ്ഞു,

“മാഷെ ഇവര് എന്റെ മകളുടെ കുട്ടികളാണ്, ഇരട്ടക്കുട്ടികള്‍, വീട്ടിലാരും ഇല്ലാത്തതുകൊണ്ട് ഇങ്ങോട്ട് കൂട്ടിയതാ”.

അതോടെ ഹെഡ്‌മാസ്റ്റര്‍ ഞെട്ടി, ഒന്നാം കുട്ടി ഞെട്ടി, രണ്ടാം കുട്ടിയും ഞെട്ടി, പിന്നെയോ??? ....  സ്ക്കൂള്‍ ആകെ ഞെട്ടി. അഞ്ഞൂറ്റി അറുപത് മുതിര്‍ന്ന കുട്ടികള്‍ നിശബ്ദമായിരുന്ന് പഠിക്കുമ്പോള്‍ രണ്ട് LKG പയ്യന്മാര്‍ ചേര്‍ന്ന് ഭീകരമായ ഒച്ചയില്‍ കരയുന്നത് കേട്ടാല്‍ എങ്ങനെ ഞെട്ടാതിരിക്കും!!! ഒടുവില് റജിസ്റ്ററില്‍ ഒപ്പ് ചാര്‍ത്താനും പയ്യന്മാരെ വീട്ടിലാക്കി ആ ദിവസം വീട്ടിലിരിക്കാനും കുട്ടിയമ്മക്ക് ഹെഡ്‌മാസ്റ്റര്‍ അനുവാദം നല്‍കി.


ഒരു വലിയ കുടുംബഭാരം മുഴുവന്‍ വഹിക്കുന്നവളാണ് നമ്മുടെ കുട്ടിയമ്മ. സ്തിരമായ ജോലിയില്ലാത്ത ഭര്‍ത്താവ്, കല്ല്യാണം കഴിഞ്ഞ ഒരു മകള്‍, മകളുടെ ഭര്‍ത്താവ്, മകളുടെ രണ്ട് മക്കള്‍, +2 പഠിക്കുന്ന മകന്‍, രണ്ട് അല്‍‌സേഷ്യന്‍ നായകള്‍, മൂന്ന് മൊബൈല്‍ ഫോണ്‍, ഒരു മാരുതി കാറ്, ഒരു മോട്ടോര്‍ ബൈക്ക്, ഒരു കമ്പ്യൂട്ടര്‍, വീട്ടുവാടക,,, എല്ലാം സുഗമമായി മുന്നോട്ട് നയിക്കുന്നത് അവരുടെ കഴിവാണ്. ഭര്‍ത്താവിന് ജോലി ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. LIC ഏജന്റ്, ഭാഗ്യരത്നം വില്പന, കല്ല്യാണ- സ്ഥല- ഓഹരി ബ്രോക്കര്‍ ആദിയായ എല്ലാ പണമിടപാടിലും കുട്ടിയമ്മയുടെ കണവന്‍ കാണും. മധുരപ്പതിനേഴില്‍ കാല് കുത്തിയപ്പോള്‍ തന്നെ വിവാഹിതയായ മകള്‍; ‘ഭര്‍തൃവീട്ടില്‍‌നിന്നും പിണങ്ങി, അവളുടെ രണ്ട് മക്കളും ജോലിയില്ലാത്ത ഭര്‍ത്താവുമൊത്ത്’ സ്വന്തം വീട്ടില്‍ വന്ന് താമസമാണ്. സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ‘കലക്റ്ററായ’ മകള്‍ക്ക് വേണ്ടിയാണ് കാറ് വാങ്ങിയത്. പിന്നെ ബൈക്ക് പ്ലസ് 2 ന് പഠിക്കുന്ന മകന് വേണ്ടിയാണ്. വാടകവീട് റോഡ് സൈഡിലാണെങ്കിലും മകന് ബസ് കാത്തുനിന്ന് വിഷമിക്കണ്ടല്ലൊ. സ്വന്തമായി വലിയ വീട് ഉള്ളത് വളരെ അകലെ ആയതിനാല്‍ സ്ക്കൂളിനടുത്ത് വാടകവീട്ടിലാണ് കുട്ടിയമ്മഫേമലിയുടെ താമസം.


 മറ്റുള്ളവരുടെ പോക്കറ്റിലെ പണം തന്റേത് കൂടീയാണെന്ന് വിശ്വസിക്കുന്നവളാണ് നമ്മുടെ കുട്ടിയമ്മ. എന്നെപോലുള്ള ചില ധരിദ്രവാസികളെ മാത്രം ഒഴിവാക്കി മറ്റെല്ലാവരില്‍‌നിന്നും അവര് പണം കടം വാങ്ങിയിട്ടുണ്ട്. പുതിയതായി സ്ക്കൂളില്‍ ചേര്‍ന്നവരെ കുട്ടിയമ്മ പരിചയപ്പെടുന്നത് നല്ലൊരു തുക കടം വാങ്ങിയിട്ടായിരിക്കും.


കുട്ടിയമ്മയുടെ മുഖ്യശത്രുക്കള്‍ രണ്ട് പേരാണ്. അതില്‍ ഒന്നാം നമ്പര്‍ ഞാന്‍ തന്നെ. രണ്ടാം നമ്പര്‍ ഒരു കണക്ക് മാഷാണ്. കണക്ക്; കണക്കിന് വഴക്ക് പറയുകയും പരിഹസിക്കുകയും ചെയ്യും. ഞാനാ‍ണെങ്കില്‍ നേരിട്ടും അല്ലാതെയും അവരെ ഉപദ്രവിക്കും. അവര്‍ സോപ്പിടുകവഴി പെണ്‍‌കുട്ടികള്‍ സ്ക്കൂള്‍ പരിസരം അടിച്ചുവാരുമ്പോഴായിരിക്കും എന്റെ വരവ്. ഉടനെ അടിച്ചുവാരുന്നവരെ ക്ലാസ്സിലേക്ക് ഓടിക്കും. അത്‌പോലെ ക്ലാസ്സില്‍ മെമ്മൊ കൊണ്ടുവരുന്നത് കുട്ടിയമ്മയാണെങ്കില്‍ കുട്ടികള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. അത് ഒഴിവാക്കാനായി അദ്ധ്യാപികയായി ഞാന്‍ ക്ലാസ്സില്‍ ഉള്ളപ്പോള്‍ മറ്റാരുവന്നാലും എഴുന്നേല്‍ക്കരുത് എന്ന ഓര്‍ഡര്‍ പാസ്സാക്കി.


 സ്ക്കൂള്‍ ഓഫീസ് ആവശ്യത്തിന് വിളിക്കുന്ന ടെലിഫോണ്‍ ഹെഡ്‌മാസ്റ്ററുടെ മുന്നിലാണ് ഉള്ളത്. മൊബൈല്‍‌ഫോണ്‍ ‘നാട്നീളെ നടന്നുനീങ്ങാത്ത’ കാലമായതിനാല്‍ അത്യാവശ്യം വിളിക്കേണ്ടവര്‍ക്ക് എച്ച് എം‌ന്റെ അനുവാദത്തോടെ ഫോണ്‍ വിളിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം നമ്മുടെ സ്റ്റാഫ് മീറ്റിങ്ങില്‍ ടെലിഫോണ്‍ ബില്ല് ഒരു ചര്‍ച്ചയായി മാറി. ഏതാനും മാസങ്ങളായി ഫോണ്‍‌ബില്ല് തുക അമിതമായി വര്‍ദ്ധിക്കുന്നു. ഹെഡ്‌മാസ്റ്റര്‍ വീട്ടിലേക്ക് വിളിക്കുന്നതു കൊണ്ടാണെന്ന് കണക്ക്‍മാഷിന്റെ അഭിപ്രായം. വീട് പൂട്ടി എല്ലാവരും പുറത്തുപോകുന്ന ഹെഡ്‌മാസ്റ്റര്‍ക്ക്, വീട്ടില്‍ വിളിക്കേണ്ട ആവശ്യമില്ലെന്ന് സ്റ്റാഫ് സെക്രട്ടറി. ഒടുവില്‍ ടെലിഫോണ്‍‌വിളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.


മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണ്‍ബില്ല് ‘ന്മ്മുടെ സ്ക്കൂളിലെ SSLC റിസല്‍ട്ട് പോലെ’ കൂടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം മുപ്പത് മിനുട്ട് നേരം സ്ക്കൂളിലെ ടെലിഫോണില്‍ സംസാരിക്കുന്ന കുട്ടിയമ്മയെ ഞാന്‍ കൈയോടെ പിടിച്ചു. ഇക്കാര്യം ഹെഡ്‌മാസ്റ്ററെ അറിയിച്ചു. കുട്ടിയമ്മ മാത്രമല്ല പലരും ലാന്റ്‌ഫോണ്‍ ദുരുപയോഗപ്പെടുത്തുന്നു എന്നറിഞ്ഞ ഹെഡ്‌മാസ്റ്റര്‍ ഫോണ്‍ പൂട്ടി താക്കോല് സ്വന്തം കീശയിലിട്ടു. ലാന്റ്‌ഫോണ്‍ ഇനി ഓഫീസ് ആവശ്യത്തിനു മാത്രം.


ദിവസങ്ങള്‍ മാസങ്ങള്‍ വീണ്ടും ഇഴഞ്ഞുനീങ്ങി. ഫോണ്‍‌ബില്ലാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ വിലപോലെ മേലോട്ട് പടിപടിയായി കയറ്റം തന്നെ. ഒടുവില്‍ അതൊരു സംഭാഷണവിഷയം അല്ലാതായി.


ഒരുദിവസം നമ്മുടെ ഹെഡ്‌മാസ്റ്റര്‍ ലീവ്. അന്ന് ‘എച്ച് എം ഇന്‍ ചാര്‍ജ്ജ്’ സീനിയര്‍ ആയ ഞാന്‍. വല്ലപ്പോഴും ഇങ്ങനെ കിട്ടുന്നത് ബ്രഹ്മാസുരന് വരം കിട്ടിയതു പോലെയാണ്. ആ ദിവസം ഉച്ചഭകഷണം കഴിക്കുമ്പോഴാണ് എന്നെ കുട്ടിയമ്മ വിളിക്കുന്നത്.
“ടീച്ചറേ ജില്ലാ ഓഫീസില്‍ നിന്നും സ്ക്കൂളിന്റെ ഏതോ അത്യാവശ്യ കാര്യം അറിയാന്‍ വേണ്ടി വിളിച്ചിരുന്നു. ഉടനെ അങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു, നമ്പര്‍ ഉണ്ട്”.

ഞാന്‍ ഓഫീസില്‍ എത്തി ടെലിഫോണിനെ സമീപിച്ചപ്പോഴാണ് പ്രശ്നം മനസ്സിലായത്. നമ്മുടെ ഫോണ്‍ ഇന്‍‌കമിങ്ങ് തുറന്നതാണെങ്കിലും ഔട്ട്ഗോയിങ്ങ് അടച്ചുപൂട്ടിയിരിക്കയാണ്. കീ ഹെഡ്‌മാസ്റ്റരുടെ പോക്കറ്റിലും. സ്വന്തമായി മൊബൈല്‍‌ഫോണ്‍ കൊണ്ടുനടക്കാത്ത കാലം.

“ ഇനി ഏതായാലും പുറത്തുപോയി ബൂത്തില്‍നിന്നും ഫോണ്‍‌ചെയ്യാം”

ഞാന്‍ ഒരു തുണ്ട്‌കടലാസ്സില് വിളിക്കേണ്ട നമ്പര്‍ എഴുതുമ്പോള്‍ കുട്ടിയമ്മ എന്റെ സമീപം വന്ന് പതുക്കെ വിളിച്ചു;
“ടീച്ചറേ..” ഞാന്‍ തിരിഞ്ഞുനോക്കി.

“ഈ ആണികൊണ്ട് ടെലിഫോണ്‍ തുറക്കാന്‍ കഴിയും. ഓഫീസ് ആവശ്യത്തിനല്ലെ, ടീച്ചര്‍ തുറന്ന് ഫോണ്‍ ചെയ്തശേഷം അതേപോലെ അടച്ചാല്‍ മതി”

‘മൂര്‍ച്ചയുള്ള അറ്റം വളഞ്ഞ ചെറിയ ആണി’ കുട്ടിയമ്മ എന്റെ കൈയില്‍ തന്നു.

20 comments:

 1. കുട്ടി അമ്മ വലിയ അമ്മ തന്നെ. എന്താ സാമര്‍ത്ഥ്യം .

  ReplyDelete
 2. ചാത്തനേറ്:അതെങ്ങനാ ശത്രു മിത്രമായത്? അതോ ടീച്ചര്‍ ആണി കൊണ്ട് തുറന്ന് ഫോണ്‍ ചെയ്തപ്പോള്‍ ഫോണ്‍ ബില്‍ കൂ‍ടാന്‍ കാരണം ടീച്ചറാന്ന് കുട്ടിയമ്മ തലയില്‍ വച്ച് കെട്ടിത്തന്നോ?

  ReplyDelete
 3. മോഷണം ഒരു കലയാണ്‌ അതൊരു തൊഴിലാക്കതിരുന്നാല്‍ കൊള്ളാം
  നല്ല സുഖമുള്ള എഴുത്ത് ആശംസകള്‍

  ReplyDelete
 4. കുട്ടിയമ്മ ലോകത്തിന്റെ തന്നെ ആണിയാണ്....
  ഇനിയും കഥകളുണ്ടാകുമല്ലോ... അവരുടെ...

  സൂപ്പർ പോസ്റ്റ്..

  ReplyDelete
 5. രസകരമായ വിവരണം..
  ആശംസകള്‍...

  ReplyDelete
 6. കല്ല്യാണം കഴിഞ്ഞ ഒരു മകള്‍, മകളുടെ ഭര്‍ത്താവ്, മകളുടെ രണ്ട് മക്കള്‍, +2 പഠിക്കുന്ന മകന്‍,

  മധുരപ്പതിനേഴില്‍ കാല് കുത്തിയപ്പോള്‍ തന്നെ വിവാഹിതയായ മകള്‍, രണ്ടു മക്കളും ജോലിയില്ലാത്ത ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടില്‍ തന്നെ താമസമാണ്.

  ടീച്ചറെ ഇത് മനസിലായില്ല, അവര്‍ക്ക് രണ്ടു പെണ്മക്കള്‍ ഉണ്ടോ? ഒരു മോള്‍ അല്ലെ ഉള്ളു.

  പിന്നെ പോസ്റ്റ്‌ കലക്കി ട്ടാ, കുട്ടിയമ്മ ഇപ്പോഴും ഉണ്ടോ സ്കൂളില്‍, അതോ പറഞ്ഞു വിട്ടോ. ടീച്ചറെ ഞാന്‍ പഠിച്ച സ്കൂളിലും ഇത് പോലെ ഉപ്പുമാവ് ഉണ്ടാക്കുന്ന ചേച്ചിയെ പേടി ആയിരുന്നു എല്ലാര്ക്കും, അവര്‍ക്ക് ടീച്ചര്‍ മാരെക്കാളും ജാഡ ആയിരുന്നു

  ReplyDelete
 7. കിനാവള്ളി (.
  അഭിപ്രായത്തിനു നന്ദി.

  കുട്ടിചാത്തന്‍ (.
  ചാത്തനേറ് നന്നായി പിടിച്ചു. ഇങ്ങനെ എറിഞ്ഞാലെ ബ്ലോഗുകള്‍ നന്നാവുകയുള്ളു. നന്ദി. പിന്നെ ശത്രുവാണെങ്കിലും സ്ക്കൂള്‍ കാര്യം വരുമ്പോള്‍ എല്ലാം ഒറ്റക്കെട്ടാണ്.

  പാവപ്പെട്ടവന്‍ (.
  മോഷണം പൊതുസ്ഥാപനങ്ങളിലും ഉണ്ടാവാറുണ്ട്. ഒരിക്കലും കള്ളനെ പിടിക്കാനോ ആരെയെങ്കിലും സംശയിക്കാനോ കഴിയാറില്ല.

  കുമാരന്‍ (.
  അവരുടെ കഥകള്‍ ധാരാളം ഉണ്ട്. മുഴുവന്‍ എഴുതിയാല്‍ ചിലപ്പോള്‍ അടി കിട്ടും.

  ആര്‍ദ്ര ആസാദ്/ (.
  അഭിപ്രായത്തിനു നന്ദി.

  കുറുപ്പിന്റെ കണക്കു പുസ്തകം (.
  കണക്കില്‍ വന്ന പിശക് കണക്കുപുസ്തകം കാണിച്ചു തന്നതിനു നന്ദി. അത് പരമാവധി ശരിയാക്കിയിട്ടുണ്ട്. പിന്നെ സാമ്പത്തികമായി നല്ല ലാഭമുള്ള അധികം അദ്ധ്വാനമില്ലാത്ത ഒരു കുലത്തൊഴില്‍ അവര്‍ക്ക് ഉണ്ട്. അത് അതേപടി ബ്ലോഗില്‍ വിളമ്പിയാല്‍ എനിക്ക് ക്വട്ടേഷന്‍ സംഘത്തെ പേടിയാണ്. ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

  ReplyDelete
 8. കുട്ടിയമ്മ ആളുകൊള്ളാം. നല്ല എഴുത്ത്

  ReplyDelete
 9. പോരട്ടെ പോരട്ടെ കുട്ടിയമ്മ ചരിതങ്ങള്‍

  ReplyDelete
 10. ഹി ഹി എന്നിട്ട് സംഭവം കഴിഞ്ഞപ്പോ ഫോണിന്റെ ലോക്ക് മാറി പുതിയത് വെച്ചോ ടീച്ചറെ?

  ReplyDelete
 11. ടീച്ചറുടെ ബ്ലോഗ് അല്പം വായിച്ച അന്ന് തന്നെ പിന്തുടരാൻ തുടങ്ങി.പിന്നെയാണ് വിശദമായി മുഴുവനും വായിച്ച് തീർത്തത്.എല്ലാ ഫോട്ടോകളും കണ്ടു. ആകെപ്പാടെ ഒരു ഗംഭീര ബ്ലോഗ്!
  മിനി ലോകമല്ലല്ലോ ഇത്, വളരെ വൈവിധ്യമുള്ള വിഷയങ്ങൾ ഇങ്ങനെ നർമ്മത്തിലവതരിപ്പിക്കുന്ന വലിയ ലോകമെങ്ങനെ മിനിയാകും?
  അഭിനന്ദനങ്ങൾ!

  ReplyDelete
 12. കുട്ടിയമ്മയും കെട്ടേകെരടയും നന്നായി.

  ReplyDelete
 13. അനൂപ് കോതനല്ലൂര്‍ (.
  അഭിപ്രായത്തിനു നന്ദി.

  രഘുനാഥന്‍ (.
  നിനിയും കുട്ടിയമ്മ വരും. നന്ദി.

  കുക്കു(.
  നന്ദി.

  കണ്ണനുണ്ണി (.
  ഫോണ്‍ പ്രശ്നം പരിഹരിച്ചില്ല. അപ്പോഴേക്കും എല്ലാവര്‍ക്കും ഫോണ്‍ മൊബൈല്‍ ആയി.
  Echmu kutty (.
  അഭിപ്രായത്തിനു നന്ദി.

  യൂസുഫ്പ് (.
  നന്ദി.

  ReplyDelete
 14. കുട്ടിയമ്മചരിതം കലക്കി ടീച്ചറെ :-)

  ReplyDelete
 15. വളരെ നന്നായി
  ആശംസകള്‍..

  ReplyDelete
 16. കുട്ടിയമ്മ നീണാൾ വാഴട്ടെ...ഹ ഹ കലക്കി..ടീച്ചറേ...

  ReplyDelete
 17. കവിത-kavitha (..
  അഭിപ്രായത്തിനു നന്ദി.

  Murali Nair|മുരളി നായര്‍
  അഭിപ്രായത്തിനു നന്ദി.

  VEERU
  കുട്ടിയമ്മ ചരിത്രം ഇനിയും വരും. സഹകരിക്കുമെന്ന് വിശ്വസിക്കുന്നു. നന്ദി.

  ReplyDelete
 18. 'Sesham chinthyam' ennaaNo..
  'aani prayogam' isthttapettu
  naadan technology is better than nano technology..

  ReplyDelete
 19. കൊള്ളാം. ഇനി ശത്രുവിനും മിത്രത്തിനും ഫോണ്‍ ചെയ്യാന്‍ മുട്ട് വരില്ലല്ലോ. അതോടെ ടീച്ചര്‍ വീട്ടിലുള്ള വിളി കൂടെ സ്കൂളില്‍ വെച്ചാക്കി യെന്നു സാരം.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.