“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 9, 2009

34. കുമാരിയമ്മയുടെ കുഞ്ഞ്




                   കുമാരിയമ്മ മകനെയും കൂട്ടി സ്ക്കൂളിലെ സ്റ്റാഫ് റൂമില്‍ വന്നപ്പോള്‍ അവിടെയിരിക്കുന്നവരെല്ലാം വലുതായി ഒന്നു ഞെട്ടിയെങ്കിലും, ആ ഞട്ടല്‍ പുറത്തു കാണിക്കാതെ എല്ലാവരും കര്‍മ്മനിരതരായി.

                   മുന്നിലെ മേശപ്പുറത്തുള്ള പെന്ന്, പെന്‍സില്‍, പണം ആദിയായവയെല്ലാം ഉടനെ ബേഗില്‍ കയറ്റി. ശേഷം പുസ്തകങ്ങളും ബേഗുകളും ഷെല്‍ഫില്‍ വെച്ച് പൂട്ടിയ ശേഷം എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളില്‍ സ്ഥാനം‌പിടിച്ചു.
 .
                   അവനെ സ്വീകരിക്കാനായി എല്ലാം പൂര്‍ത്തിയായ നേരത്താണ് ആ മൂന്ന്‌വയസ്സുകാരന്‍ മുറിയില്‍ കടന്നത്. വന്ന ഉടനെ അവന്‍ ആദ്യം കണ്ട ആളില്ലാകസേലയില്‍ കയറി ഇരിപ്പായി. ഉടനെ മേശപ്പുറത്തുള്ള എട്ടാം ക്ലാസ്സിലെ കണക്ക് പുസ്തകം തുറന്ന് പേജുകള്‍ ഓരോന്നായി കീറി ചുരുട്ടി എറിയാന്‍ തുടങ്ങി. പാഠപുസ്തകത്തിലെ പേജുകള്‍ തീര്‍ന്നപ്പോള്‍ അടുത്തുള്ള ടീച്ചിങ്ങ് നോട്ടിലേക്ക് കടന്നു. അതും തീര്‍ന്നപ്പോഴാണ് സമീപത്തുള്ള ബേഗ് അവന്റെ കൊച്ചു കണ്ണില്‍‌പെട്ടത്. ബേഗിന്റെ ഉള്ളിലുള്ളതെല്ലാം പുറത്താക്കി വലിച്ചെറിഞ്ഞു. ഇത്രയൊക്കെ ഈ കൊച്ചുവികൃതി ചെയ്ത് കൂട്ടിയിട്ടും അവന്റെ അമ്മയായ ‘കുമാരിയമ്മ’ എതിര്‍ത്തൊന്നും പറഞ്ഞില്ല.
                     എന്നാല്‍ ഒരാള്‍ പറഞ്ഞു; മൂന്ന് മാസത്തേക്ക് താല്‍ക്കാലികനിയമനം ലഭിച്ച ‘ശകുന്തളടീച്ചര്‍’,
“ഒരു ടീച്ചറുടെ പുസ്തകങ്ങളും ബേഗും നശിപ്പിക്കുന്നത് അവന്റെ അമ്മയായ നിങ്ങള്‍ ഇങ്ങനെ നോക്കിനില്‍ക്കുകയോ? അവനെ ഒന്ന് പിടിച്ചു മാറ്റിക്കൂടെ?”


                   അത്രയും സമയം സ്വന്തം മകന്റെ വികൃതികള്‍ നോക്കി ആസ്വദിക്കുന്ന അമ്മ, മകനെ നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു,
 “അവന്‍ കൊച്ചുകുഞ്ഞല്ലെ; പിന്നെ എതിര്‍ത്താല്‍ അവന് ദേഷ്യം വരും, പിന്നെ ആകെ കുഴപ്പം ആയിരിക്കും” 

‘ബേഗിന്റെയും പുസ്തകത്തിന്റെയും ഉടമ, ഓഫീസില്‍ പോയ ടീച്ചര്‍ തിരിച്ചു വന്നാല്‍ പറയുന്നത് എന്തായിരിക്കും’ എന്ന് ചിന്തിക്കാനുള്ള പ്രായം മകന് ആയിട്ടില്ലെങ്കിലും അവന്റെ അമ്മ ചിന്തിക്കേണ്ടതല്ലെ!
  .
                        നമ്മുടെ സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് കുമാരിയമ്മ എന്ന ആലപ്പുഴക്കാരി ശ്രീകുമാരിഅമ്മ. സ്വന്തം നാട്ടില്‍ സ്ത്രീധനത്തിനെതിരായി പോരാടുകയും തുടര്‍ന്ന് അടുത്ത ബന്ധുവും കാമുകനുമായ ബസ്‌ഡ്രൈവറെ കല്ല്യാണം കഴിക്കുകയും ചെയ്ത ആദര്‍ശ വനിതയാണ് നമ്മുടെ കഥാപാത്രം. അതിലുണ്ടായ ഒരേയൊരു ചിന്നക്കിളിയാണ് നമ്മുടെ വികൃതി മൂന്നുവയസ്സുകാരന്‍ .
 . 
                      പ്രേമവിവാഹങ്ങളില്‍ ചിലപ്പോള്‍ സംഭവിക്കാറുള്ളതുപോലെ അതിമധുരം അല്പദിവസം കൊണ്ട് കയ്പ്പായി മാറി. പ്രേമിക്കാന്‍ സ്ത്രീധനം ആവശ്യമില്ലെങ്കിലും അത് കല്ല്യാണത്തില്‍ അവസാനിച്ചപ്പോള്‍ അതുവരെ പൂച്ചയെ പോലെ പാല് കുടിച്ചിരുന്ന ‘കണവന്‍ ആയി രൂപാന്തരം പ്രാപിച്ച കാമുകന്‍ ’ പുലിയായി മാറി. രണ്ടുപേരുടെയും വീട്ടുകാര്‍ പറഞ്ഞു; ഇനി നിങ്ങളായി, നിങ്ങളുടെ പാടായി. അപ്പോഴേക്കും സ്ക്കൂള്‍ ടീച്ചര്‍ ജോലി എന്ന അനുഗ്രഹം നേടിയ കുമാരിയമ്മ നേരെ കണ്ണൂരിലെത്തി. സ്ക്കൂളിനു സമീപം വാടകവീട്ടില്‍ ഭര്‍ത്താവും മകനുമൊത്ത് സുഖജീവിതം ആരംഭിച്ചു.

                       ഭാര്യ ഹൈസ്ക്കൂള്‍ ടീച്ചറായപ്പോള്‍ നാട്ടില്‍ ഡ്രൈവറായി ജോലിചെയ്ത ഭര്‍ത്താവ്, ഏതാനും ദിവസം വളരെ നല്ല കുട്ടിയായി, ഒരു ഭാര്യയുടെ ജോലികളിലെ പ്രധാന ഐറ്റമായ അടുക്കളപ്പണിയെല്ലാം ചെയ്തുതീര്‍ത്തു. പിന്നെയങ്ങോട്ട് ഭര്‍ത്താവ് സുഖജീവിതം തേടി പുറത്ത് കടന്നു. ശമ്പളം കിട്ടിയാല്‍ പിന്നെ അത് തീരുന്നതുവരെ അടിപോളി ജീവിതം. ശേഷം ഭാര്യക്ക് അടിയും ഭീഷണിയും തന്നെ. ശമ്പളം വാങ്ങിയ ഉടനെ സ്ഥലംവിട്ട ആള്‍ പലപ്പോഴും അടുത്തമാസം ശമ്പളസമയത്തായിരിക്കും തിരിച്ചെത്തുന്നത്. എങ്കിലും മറുത്തൊന്നും പറയാതെ അവര്‍ ഭര്‍ത്താവിനെ സ്വീകരിക്കും.

                 ഭര്‍ത്താവ് കാരണം ഉണ്ടാവുന്ന നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് കുമാരിയമ്മ ചിലനേരത്ത് ചിന്തിച്ചെങ്കിലും മകനെ ഓര്‍ത്ത് ആ വഴി ഉപേക്ഷിച്ചു. രാത്രിസമയത്ത് മദ്യപിച്ച് അടിയും ബഹളവും ഉണ്ടാക്കുന്ന ഒരു ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു. എത്ര ഉപദേശം കേട്ടാലും അടുത്തതവണ അദ്ദേഹം വന്നാല്‍ ശ്രീകുമാരിയമ്മ വീടിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് സ്വാഗതം ചെയ്യും.
           അവര്‍ക്ക് പറയാന്‍ ഒരു വാക്കുണ്ട്;
 “എന്റെ ഭര്‍ത്താവല്ലെ. മകന്‍ വലുതായി ‘അമ്മെ എന്റെ അച്ഛനെവിടെ?’ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും”
 .
                 ക്ലാസ്സില്‍ ശിഷ്യന്മാര്‍ എന്ത് കാട്ടികൂട്ടിയാലും നമ്മുടെ ഹിന്ദി ഒരിക്കലും മുഖം  കറുപ്പിച്ചിട്ടില്ല. അതുപോലെ അംഗന്‍വാടിയില്‍ പോകുന്നവനാണെങ്കിലും, കുരുത്തകേടില്‍ ഡിഗ്രിയും ഡിപ്ലോമയും നേടിയ മകനെ ടീച്ചര്‍ ഒരിക്കലും എതിര്‍ത്ത് പറഞ്ഞ് നേരെയാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത് കാ‍ണുമ്പോള്‍ മറ്റ് അദ്ധ്യാപികമാര്‍ ദേഷ്യംകൊണ്ട് പുകയും.
 .
                      ഒരു ദിവസം ഉച്ചക്ക് സമീപമുള്ള അംഗന്‍വാടിയില്‍ കൂടെപോകാന്‍  കുമാരിയമ്മ എന്നെ വിളിച്ചു. സ്ഥലം കാണാനുള്ള താല്പര്യം കൊണ്ട് ഞാന്‍ ഒന്നിച്ച് പോയി. അമ്മ മകന്റെ കൈ മുറുകെ പിടിച്ചിരിക്കയാണ്. അങ്ങനെ പിടിച്ചില്ലെങ്കില്‍ അവന്‍ ഇടംവലം നോക്കാതെ റോഡിലിറങ്ങി ഓടും എന്നത് ഉറപ്പാണ്. അംഗന്‍വാടിയുടെ മുന്നില്‍ എത്തിയപ്പോള്‍ മകന്‍ അമ്മയെ വട്ടംചുറ്റി പിടിച്ചിരിക്കയാണ്. അകത്തു കടക്കണമെങ്കില്‍ അമ്മയും ഒപ്പം അവിടെയിരിക്കണം. അവന്റെ കരച്ചില്‍ കേട്ട് കൊച്ചുപയ്യന്മാരെല്ലാം പുറത്തുവന്നു. ഇതെല്ലാം നോക്കിനില്‍ക്കുന്ന എന്നോടായി പറഞ്ഞു,
“ഞാന്‍ സ്ക്കൂളില്‍ എത്താന്‍  അല്പം വൈകിയാല്‍ എല്ലവരും എന്നെ കുറ്റം പറയും. എന്നാല്‍ എന്റെ പ്രയാസം ആരെങ്കിലും അറിയുന്നുണ്ടോ?”
.
                     കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ പുറത്തു വന്ന ‘ആയ’ അവനെ ബലമായി പിടിച്ച് അകത്തു കൊണ്ടുപോയി. അതോടെ കരച്ച്ല് ഉച്ഛസ്ഥാനത്തിലെത്തി. ആയയെ പിച്ചുകയും മാന്തുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് അതൊന്നും പ്രശ്നമല്ല.


 “ഇനി നമുക്കു പോകാം” അല്പസമയം വെളിയില്‍ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു.


 “അതെങ്ങനെയാ ടീച്ചറെ, എന്റെ കൊച്ച് അവിടെ ഇരിക്കുന്നത് ഞാന്‍ ഒന്ന്‌കൂടി നോക്കട്ടെ” ഇതും പറഞ്ഞ് ടീച്ചര്‍ അകത്തു പോയി.


                      അകത്തുപോയ കുമാരിയമ്മ കണ്ടത്, കരച്ചില്‍ മാറി മറ്റുള്ളവരുടെ കൂടെ ഇരിക്കുന്ന മകനെയാണ്. അവര്‍ അടുത്തുപോയി മകനെ തലോടികൊണ്ട് പറഞ്ഞു, 
“മോന്‍ നല്ല കുട്ടിയായി അമ്മ വരുന്നതുവരെ ഇവിടെയിരിക്കണം. അമ്മ വേഗം വരൂം,ട്ടോ”


                       കരച്ചില്‍ മതിയാക്കി ക്ലാസ്സിലെ ദൃശ്യങ്ങളില്‍ മുങ്ങിയ പയ്യന്‍ അമ്മയെ കണ്ടപ്പോള്‍ വീണ്ടും കരയാന്‍ തുടങ്ങി. അമ്മയുടെ സാരിത്തുമ്പ് മുറുകെപിടിച്ചാണ് കരച്ചില്‍. ഇതുകേട്ട ആയ ഓടിവന്ന് അമ്മയില്‍ നിന്നും മകനെ പിടിച്ചുവാങ്ങിയ ശേഷം പറഞ്ഞു,
     “ടീച്ചറെ കാണുമ്പോള്‍ മാത്രമാണ് ഇവന്‍ കരയുന്നത്. ടീച്ചര്‍ പോയാല്‍ കുഴപ്പമൊന്നും ഇല്ല”


                          ഞങ്ങള്‍ പുറത്തിറങ്ങി, റോഡിനു സമീപം എത്തിയപ്പോഴാണ് കുമാരിയമ്മ കൂടെയില്ലെന്ന് എനിക്ക് മനസ്സിലായത്. അവര്‍ അല്പം പിറകിലായി അംഗണ്‍‌വാടി നോക്കി നില്പാണ്. ഞാന്‍ അടുത്തുപോയി പറഞ്ഞു,
“ടീച്ചറെ ബല്ലടിക്കാറായി, വേഗം പോകാം”


“എന്റെ കൊച്ചിനെ ഒന്നുകൂടി കാണണം. അവനോട് റ്റാറ്റ പറയാതെ വന്നത് തെറ്റെല്ലെ. അവന് അമ്മയെപറ്റി എന്ത് തോന്നിക്കാണും”


ടീച്ചര്‍ അംഗന്‍വാടിയുടെ നേരെയും ഞാന്‍ ഹൈസ്ക്കൂളിനു നേരെയും നടന്നു.
.
                      ‘ശ്രീകുമാരിയമ്മയുടെ ജീവിതപരാജയം ഇതുതന്നെ ആയിരിക്കും. ഭര്‍ത്താവിനോടും മകനോടും അമിതമായ സ്നേഹം. അവര്‍ എന്ത് തെറ്റ് ചെയ്താലും ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും എതിര്‍ക്കാന്‍ പാടില്ല എന്ന വിശ്വാസം. അവര്‍ സ്നേഹിക്കുന്നവര്‍ (അവരെ സ്നേഹിക്കണമെന്നില്ല) എന്ത് ചെയ്താലും പൊറുക്കണം, സ്നേഹിക്കണം. ഒരു സ്ത്രീ ഇങ്ങനെ ആകാന്‍ പാടുണ്ടോ?’ 

15 comments:

  1. ഒരു അദ്ധ്യാപിക ആയിട്ടും ഇത്തരം കാര്യങ്ങളില്‍ കുറേക്കൂടി ചിന്തിച്ച് പ്രവൃത്തിയ്ക്കാനുള്ള വിവേകം അവര്‍ കാണിയ്ക്കേണ്ടതായിരുന്നു. ഭര്‍ത്താവിനെ പറഞ്ഞു തിരുത്തി മനസ്സിലാക്കാന്‍ ഒരു പക്ഷേ എളുപ്പമായെന്നു വരില്ല. പക്ഷേ ആ കുഞ്ഞിനെ നേരാം വണ്ണം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് അവരുടെ പരാജയം തന്നെയാണ്.

    ReplyDelete
  2. spare the rod,spoil the child എന്നതു എറെക്കുറെ ശരിയാണന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  3. ശ്രീ മുകളില്‍ പറഞ്ഞത് പോലെ.. അവര് കുറേ കൂടി വിവേകം കാ‍ണിക്കേണ്ടതായിരുന്നു. എന്നാലും ഒട്ടും സ്നേഹമില്ലാത്ത പെണ്ണുങ്ങള്‍ക്കൊക്കെ ഒരു അപവാദമാണ് കുമാരിയമ്മ ടീച്ചര്‍.

    ReplyDelete
  4. :)

    വളരെ അധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണു സ്നേഹവും മാതാപിതാക്കളുടെ കടമയും,
    കുട്ടിയോടുള്ള സ്നേഹം മൂലം ആ കുട്ടി പറയുന്നത് എല്ലാം തന്നെ വരും വരായ്ക ചിന്തിക്കാതെ ചെയ്തു കൊടുക്കുക കുട്ടി എന്തു ചെയ്താലും അരുത് എന്നൊരുവാക്ക് പറയാതെ വളര്‍ത്തുക.അതിനു അവരുടെ ഭാഷ്യം "അതെ നമ്മള്‍ സ്നേഹമായിരുന്നില്ലങ്കില്‍ അവന്‍ പിന്നെ നമ്മളെ സ്നേഹിക്കില്ലല്ലോ",യാതൊരു കാമ്പും ഇല്ലാത്ത വാദഗതി, എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നു നല്ല രീതിയില്‍ പ്റഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നതാണ് ശരിയായ 'പേരന്റിങ്ങ്'.. അടിയോ ശിക്ഷയോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്,
    ഏതു പ്രായത്തിലുള്ള കുട്ടിക്കും നാം പറയുന്നത് നന്നായി ഉള്‍ക്കൊള്ളാന്‍ ആവും ..രണ്ടര വയസ്സു മുതല്‍ കുട്ടികള്‍ ശാഠ്യം പിടിച്ചു നോക്കും. മാതാപിതാക്കള്‍- അഥവാ മുതിര്‍‌ന്നവര്‍ അവരുടെ വഴിക്ക് വഴങ്ങുമോ എന്ന് ...
    "Testing the limits"കടയില്‍ വച്ച് കാണുന്നതെല്ലാം മുഠായി കളിപ്പാട്ടം എന്തും വേണം.നമ്മുടെ പരിമിതി പറയുക കുട്ടിക്ക് മനസ്സിലാവും അതു ചെറുപ്പത്തില്‍ തന്നെ ശീലിപ്പിച്ചില്ലങ്കില്‍ അതു പില്‍ക്കാലത്ത് എന്തെങ്കിലും ഇല്ലാതെ വന്നാല്‍ ഡിപ്രഷന്‍ വരെ ആകും.

    കുമാരിയമ്മ ടീച്ചര്‍ ഇങ്ങനെ പോയാല്‍ ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും ഭര്‍ത്താവിനേയും കുട്ടിയേയും നാടിനും വീടിനും കൊള്ളാത്തവരാക്കി തീര്‍ക്കും .

    ReplyDelete
  5. സമൂഹത്തിൽ അമ്മ മാരുടെ പങ്കും, വളർത്ത്‌ ദോഷം എത്ര വലുതാണെന്നും കാണിക്കുന്ന ഈ സംഭവം. ഒരു മെസ്സേജ്‌ ആയി തീരട്ടെ ..ആശംസകൾ

    ReplyDelete
  6. teacher ,its really good article . you r trying to teach the social responsibility of a person .
    good . keep it up.

    ReplyDelete
  7. ചാത്തനേറ്: ഇത്തരം ഒരാള്‍ മിക്കസ്കൂളിലും കാണുമോ!!!

    ReplyDelete
  8. Angineyum oramma...!

    Manoharam, Ashamsakal...!!!

    ReplyDelete
  9. ശ്രീ (.
    അഭിപ്രായത്തിനു നന്ദി.

    jyo (.
    അഭിപ്രായം ശരിയാണ്.നന്ദി.

    കുമാരന്‍|kumaran (.
    അഭിപ്രായത്തിനു നന്ദി.

    മാണിക്യം (.
    എന്റെ ബ്ലോഗ് വായിച്ച് വളരെ കൂടുതല്‍ ഉപദേശം എഴുതിയതിനു നന്ദി.

    ManzoorAluvila (.
    അഭിപ്രായത്തിനു നന്ദി.

    പ്രദീപ് (.
    വളരെ നന്ദി.

    കുട്ടിച്ചാത്തന്‍ (.
    സ്വന്തം പിള്ളേരെപറ്റി ഇല്ലാത്ത പൊങ്ങച്ചം പറഞ്ഞ് മറ്റു കുട്ടികളെ മര്യാദക്ക് പഠിപ്പിക്കാത്ത ധാരാളം ടീച്ചേര്‍സിനെ കാണാം.

    Sureshkumar Punjhayil (.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  10. അറിയാത്ത തള്ള ചൊറിയുമ്പോള്‍ അറിയും ..............പക്ഷെ ..ഇവിടെ .........?

    ReplyDelete
  11. ശരിയായിരിക്കും അല്ലേ..

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. manushyar palatharam..avarute vishwaasangal avare rakshikkate..
    mattullavarkku upadravam aakaathirikkunnadithollam avarkkum nallathu mattullavarkkum..

    ReplyDelete
  14. Today before reading your post I posted something...

    http://bijithmb.blogspot.com/2010/04/did-you-hear-me.html

    ReplyDelete
  15. കുട്ടികളുടെ വാശികള്‍ ഒന്നും തന്നെ അപ്പടി അംഗീകരിക്കാന്‍ പറ്റില്ല.മുമ്പൊരിക്കല്‍ ടൌണില്‍ വെച്ച് കണ്ട ഒരു രംഗം ഇപ്പോഴും ഓര്‍മ്മയുണ്ട്.ഒരു കുട്ടി അമ്മയുടെ പിന്നാലെ കരഞ്ഞു കൊണ്ട് ഓടുന്നു. അല്പം കഴിഞ്ഞു കുട്ടി നിലത്തു കിടന്നുരണ്ടു. അമ്മ കൂസലില്ലാതെ നടന്നു. കുറച്ചു കഴിഞ്ഞു കുട്ടിയും എണീറ്റ് നടക്കാന്‍ തുടങ്ങി!ഇതും ചേര്‍ത്തു വായിക്കാം

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.