“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 24, 2009

അച്ഛനെ വെറുക്കുന്ന മകന്റെ ലോകം
                            അതുവരെ മുഖത്തുനോക്കി തന്റേടത്തോടെ ഉത്തരം പറഞ്ഞവൻ തല താഴ്ത്തി മിണ്ടാതെ നിന്നു. അടുത്തുപോയി അവന്റെ തല പിടിച്ചുയർത്തിയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി; അവൻ കരയുകയാണ്. ഇരു കണ്ണിൽനിന്നും ഒഴുകുന്ന കണ്ണുനീർ, തുള്ളികളായി  താഴോട്ടൊഴുകി ഡസ്ക്കിനു മുകളിൽ തുറന്ന്‌വെച്ച അവന്റെ പുസ്തകത്തിൽ പതിക്കുകയാണ്. എന്റെ ചോദ്യത്തിനുള്ള ഉത്തരം അവനിൽനിന്നും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ അവനോട് ഇരിക്കാൻ പറഞ്ഞതിനു ശേഷം ബാക്കി ജോലി പൂർത്തിയാക്കാൻ തുടങ്ങി.

                            അവനെന്തിനാണ് കരഞ്ഞത്? കരയാൻ മാത്രം ചോദ്യങ്ങളൊന്നും അവനോട് ഞാൻ ചോദിച്ചില്ലല്ലൊ! കുട്ടികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നതിനിടയിൽ ഞാൻ അത്‌തന്നെ ആലോചിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ പതറിയപ്പോൾ ഉത്തരക്കടലാസുകളെല്ലാം കെട്ടിവെച്ച്, ഒൻപതാം ക്ലാസ്സിലെ ബയോളജി ടെക്സ്റ്റ് എടുത്ത് വായിക്കാൻ തുടങ്ങി.

                             ഹൈസ്ക്കൂൾ അദ്ധ്യാപികയായി ആദ്യനിയമനം ലഭിച്ച സ്ക്കൂളിൽ രണ്ട് ഷിഫ്റ്റ് ആയിട്ടാണ് അദ്ധ്യയനം. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന മിക്സഡ് ക്ലാസ്സുകളാണ് എല്ലാം. എനിക്ക് ഡ്യൂട്ടി 12.30ന് ആരംഭിക്കുന്ന ഉച്ചപ്പണിയാണ്. വളരെ അകലെനിന്നും വരുന്ന എനിക്ക്, എട്ട് മണിക്ക് മോർണിങ്ങ് ഷിഫ്റ്റ് ആരംഭിക്കുന്ന പ്രാർത്ഥന ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. പകരം അഞ്ച്മണിക്ക് ദേശീയഗാനം കേട്ട് അറ്റൻഷനായി നിന്നശേഷം സ്ഥലംവിടും.

                             ഒരു സയൻസ് അദ്ധ്യാപിക ആയതിനാൽ കൂടുതൽ സമയവും ലബോറട്ടറിയിലാണ് എന്റെ വാസം. ആവശ്യം വരുമ്പോൾ ഒരു ക്ലാസ്സ്മുറി ആയും നമ്മുടെ ലാബ് രൂപാന്തരപ്പെടും. ഒഴിവ് പിരീഡുകളിൽ എക്സ്ട്രാ വർക്കുകൾ ലഭിക്കുമ്പോൾ വിദ്യാർത്ഥികളോട് സയൻസ് ലാബിൽ നിശബ്ദമായി ഇരുന്ന് പഠിക്കാൻ പറയും. അവരുടെ കൂടെ ഞാനുംഇരുന്ന് എഴുതുകയോ വായിക്കുകയോ ചെയ്യുന്നുണ്ടാവും.

                             അന്ന് ലാബിൽ ഇരുന്ന് പഠിക്കുന്നത് 9th F ലെ വിദ്യാർത്ഥികളാണ്. അവർ നിശബ്ദമായി പഠിക്കുമ്പോൾ ഞാൻ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് ഓരോന്നായി നോക്കി മാർക്കിടുകയാണ്. ആ നിശബ്ദമായ അന്തരീക്ഷത്തിൽ ഏതോ ഒരു പയ്യൻ താളംതെറ്റാതെ ഡസ്ക്കിൽ കൊട്ടുകയാണ്. ശ്രദ്ധിച്ചപ്പോൾ കക്ഷി മുൻബഞ്ചിലിരിക്കുന്നവൻ തന്നെ; താളം‌പിടിക്കുന്നത് കാലുകൊണ്ടാണെന്ന് മാത്രം.

അവനെ എഴുന്നേല്പിച്ച ഉടനെ ഞാൻ ചോദിച്ചു,
“നിന്റെ അച്ഛന്റെ ജോലി എന്താണ്”

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് അവൻ മറുപടി പറഞ്ഞു,
“അച്ഛൻ മരിച്ചുപോയി”

ഞാനൊന്ന് ഞെട്ടിയെങ്കിലും ഒരു ഭാവമാറ്റവും ഇല്ലാതെ നിൽക്കുന്ന അവനോട് വീണ്ടും ചോദിച്ചു,
“നിന്നോട് ചോദിച്ചത് അച്ഛന്റെ ജോലിയല്ലെ. അതിന്റെ ഉത്തരം നിനക്ക് പറയാമല്ലോ”

പയ്യൻ ശബ്ദം കുറച്ചുകൂടി ഉയർത്തി അല്പം പരുക്കനായി അതേ വാക്ക് ആവർത്തിക്കുകയാണ്.
“അച്ഛൻ മരിച്ചുപോയി”

വീണ്ടും അതേ വാക്ക് കേട്ടപ്പോൾ എനിക്ക് വാശിയായി. ഞാൻ ദേഷ്യപ്പെട്ടു,
“അതേയ് തന്റെ അച്ഛന്റെ ജോലിയാണ് ഞാൻ ചോദിച്ചത്. മരിക്കുന്നതിനു മുൻപ് എന്തായിരുന്നു തൊഴിൽ ചെയ്തത്? അത് പറഞ്ഞിട്ട് ഇരുന്നാൽ മതി”

                             ഏതാനും മിനുട്ടുകൾ കഴിഞ്ഞ് അവൻ കരയുന്നത് കണ്ടപ്പോൾ ഞാൻ ആകെ വിഷമിച്ചു. എന്റെ ചോദ്യം കുട്ടിയുടെ മനസ്സിൽ ഒരു പോറൽ ഏല്പിച്ചിരിക്കുന്നു. മരിച്ചുപോയ പിതാവിന്റെ ഓർമ്മകൾ കാരണം ആ മകന് ഉണ്ടായ ദുഖമാണ് കണ്ണുനീർ‌തുള്ളികളായി താഴോട്ട് പതിച്ചത്. അത്രക്ക് തീവ്രമായ സ്നേഹം അവർ തമ്മിൽ ഉണ്ടായിരിക്കാം. ക്ലാസ്സിലെ ഒരു തരികിട ആയ അവൻ ഡസ്ക്കിൽ തലചായ്ച്ച് കിടക്കുകയാണ്; കരയുകയായിരിക്കാം. ആലോചിക്കാതെയുള്ള എടുത്തുചാട്ടം വഴി ഉണ്ടായ മനപ്രയാസം ഒഴിവാക്കാനായി, ഞാൻ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചു.

അവന്റെ അച്ഛന്റെ തൊഴിലെന്തിനാണ്, ഞാൻ അറിയുന്നത്?
                             അവനെ വഴക്ക്പറയാൻ തന്നെ. അക്കാലത്ത് എന്റെ മുന്നിൽ ഇരിക്കുന്ന ഭാവി വാഗ്ദാനങ്ങൾ, ക്ലാസ്സിൽ എല്ലാതരത്തിൽ‌പ്പെട്ട വികൃതിയും കാണിക്കന്നവരാണ്. ശബ്ദിക്കാതെ വായിക്കുന്നവർ ചിലപ്പോൾ കൈയോ കാലോ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കും. അപ്പോൾ അവനെ ശകാരിക്കണം; ‘അച്ഛന്റെ തൊഴിൽ താളം പിട്ക്കലല്ലല്ലോ, പിന്നെ നീയെന്തിനാ വെറുതെ കൊട്ടുന്നത്?’ അങ്ങനെ അടിക്ക് പകരം ഇങ്ങനെയൊരു ശകാരം കൊടുത്താൽ പിന്നെ മര്യാദക്കാരനായി ഇരുന്ന്കൊള്ളും. അതിനുള്ള ആദ്യപടിയാണ് എന്റെ ഈ തൊഴിലന്വേഷണം.   

                              ബല്ലടിച്ചതോടെ ഞാൻ കുട്ടികളെയെല്ലാം പുറത്ത്‌വിട്ട്  സ്റ്റാഫ്‌റൂമിൽ എത്തി സംഭവം പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടപ്പോൾ നാട്ടുകാരനായ ഡ്രോയിംഗ് മാസ്റ്റർ എന്നോട് പയ്യന്റെ പേര് ചോദിച്ചു,
“പേര് രാജീവൻ സീ, ഒൻപത് എഫ്”

 “അവനെന്താ പറഞ്ഞത് അച്ഛൻ മരിച്ചെന്നോ?”
മാസ്റ്റർ സംശയത്തോടെ ചോദിച്ചപ്പോൾ എനിക്കും സംശയമായി.
“ടീച്ചർ ആ ക്ലാസ്സിലെ രജിസ്റ്റർ എടുത്ത് അവന്റെ ബയോഡാറ്റ ഒന്ന് നോക്കിയാട്ടെ”
ഡ്രോയിംഗ് എന്നോട് പറഞ്ഞത്‌പോലെ 9thF ലെ രജിസ്റ്റർ എടുത്ത് അവന്റെ പേര് ഉച്ചത്തിൽ വായിച്ചു,
“രാജീവൻ സീ. ചന്തക്കാരൻ വീട്, പിന്നെ

“ടീച്ചർ അവന്റെ അമ്മയുടെയും അച്ഛന്റെയും പേര് വായിച്ചാൽ മതി”
ഡ്രായിംഗ് മാസ്റ്റർ പ്രത്യേകം പറയുന്നത് കേട്ട് എല്ലാവരും ശ്രദ്ധിച്ചു.
“അമ്മയുടെ പേര് പ്രസന്ന സീ, അച്ഛൻ,,,അത്,,, ‘മുഹമ്മദ്‌കുഞ്ഞി’, അപ്പോൾപിന്നെ”
ഞാൻ മുഖമുയർത്തി മാഷെ ഒന്ന് നോക്കി.

“അത് തന്നെയാണ് കാര്യം. അവന് അമ്മ മാത്രമാണുള്ളത്. സ്ക്കൂളിൽ ചേർക്കുന്ന സമയത്ത് അയാൾ  അംഗീകരിക്കുന്നില്ലെങ്കിലും മകന്റെ പിതാവിന്റെ പേര് കൂടി ചേർത്ത് പൂരിപ്പിക്കണമല്ലൊ. ഈ സത്യം നാട്ടുകാർക്കും ആ പയ്യനും അറിയാം. അവന്റെ അമ്മ കൂലിവേല ചെയ്ത് മകനെ പോറ്റുകയാണ്”.
“അപ്പോൾ‌പിന്നെ സ്വന്തം അച്ഛൻ മരിച്ചെന്ന് പറഞ്ഞതോ?”
എനിക്കാകെ സംശയമായി.
“അത് ടീച്ചർ ജോലി ചോദിച്ചാൽ അവന് അക്കാര്യം അറിയില്ലല്ലൊ. പിന്നെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ആവും. ഹിന്ദുവായി വളരുന്ന കുട്ടി, അവനെ ഇല്ലാതാക്കാൻ ശ്രമിച്ച മുസ്ലീമായ അച്ഛന്റെ പേര് പറയാൻ ഒരിക്കലും ഇഷ്ടപ്പെടില്ല. മരിച്ചെന്ന് പറഞ്ഞാലെങ്കിലും ടീച്ചർ ചോദ്യം നിർത്തുമെന്ന് അവന് തോന്നിയിരിക്കാം. അയാളിപ്പോഴും നാട്ടിലെ വലിയ പണക്കാരനായി ജീവിക്കുന്നുണ്ട്. അയാളുടെ വീട്ടുപറമ്പിലെ ഒരു തൊഴിലാളി ആയിരുന്നു അവന്റെ അമ്മ”

                                അപ്പോൾ എനിക്ക് കാര്യം പിടികിട്ടി. അവൻ അമ്മയുടെ മാത്രം മകനാണ്. അച്ഛൻ എന്നത് അവനെ സംബന്ധിച്ചിടത്തോളം വെറുപ്പുണ്ടാക്കുന്ന ഒരു ഘടകമാണ്. മകനെ അംഗീകരിക്കാത്ത അച്ഛനെ, മകനും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. അവന്റെയും അമ്മയുടെയും മുന്നിലെ ജീവിതപാതയിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.

പിൻ‌കുറിപ്പ്:
സ്ക്കൂൾ പ്രവേശനത്തിന് അമ്മയുടെ ജാതി ചേർക്കുന്ന രക്ഷിതാവിന് പ്രാധാന്യം കൊടുക്കുന്ന ആ കാലത്ത് അച്ഛൻ ഒരു പേരിൽ മാത്രം ഒതുങ്ങുകയാണ് പതിവ്.
ഇരുപത്തി അഞ്ച് വർഷം മുൻപ് ലൌ ജിഹാദ് നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നോ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ ഇവിടെ നമുക്ക് ചുറ്റുമുള്ള ജീവിതമാണ്.

December 13, 2009

പാഠം (1)      പരീക്ഷാ‘ദിവസം’ മറന്നുപോയവൾ

                 എന്റെ ജീവിതത്തിൽ നിന്ന് ധാരാളം പാഠം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ പരാജയത്തിന്റെയും മുന്നിൽ പകച്ച് നിൽക്കുമ്പോൾ,  അവയുടെ കാരണങ്ങളെ ആഴത്തിൽ അപഗ്രഥിച്ച്, എന്റെ തെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ചെറിയ(വൻ) വീഴ്ചകൾക്ക് കാരണം എന്റെ തെറ്റാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അത്തരം ചെറിയ(വൻ)വീഴ്ചകൾ മനസ്സിലാക്കി, ഇനി ഒരു പരാജയം ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇത് എന്റെ മാത്രം വിശ്വാസങ്ങളും ചിന്തകളും മാത്രമാണ്. ആവശ്യം വരുന്ന അവസരങ്ങളിൽ എന്റെ ജീവിതത്തിലെ പാഠങ്ങൾ മറ്റുള്ളവരോട് പറയാറുണ്ട്.
           ഞാൻ ആദ്യമായി പരാജയപ്പെട്ടതും ഏറ്റവും അധികം പാഠങ്ങൾ പഠിച്ചതും എന്റെ പ്രീ-ഡിഗ്രി കാലത്താണ്. അങ്ങനെ ഞാൻ ആദ്യമായി തോറ്റപ്പോൾ പഠിച്ച ഒന്നാംപാഠം എഴുതി തുടങ്ങാം.


   ‘അദ്ധ്യാപകരെ കുറ്റം പറയരുത്’


             ‘മാതാ പിതാ ഗുരു ദൈവം’. ഇതിൽ ഗുരുവിനെപറ്റിയാണ് ഇന്നത്തെ പാഠം. ഗുരുനാഥനെ കുറ്റം ‘പറഞ്ഞ്, പറഞ്ഞ്, ഒടുവിൽ അദ്ദേഹം പഠിപ്പിച്ച വിഷയത്തിന്റെ പരീക്ഷ ജീവിതത്തിൽ ഒരിക്കലും എഴുതാൻ കഴിയാതെ വന്ന ഒരു പെൺകുട്ടിയുടെ കഥ.


                പരീക്ഷയുടെ തലേ ദിവസം ഉറക്കമിളച്ച് നന്നായി പഠിച്ചു. രണ്ട് വർഷം കൊണ്ട് പഠിപ്പിച്ചതും പഠിച്ചതും എല്ലാം മനപ്പാഠം. കെമിസ്ട്രി എനിക്ക് ഇഷ്ടവിഷയമാണ്; ഏത് ചോദ്യം വന്നാലും എഴുതാം. പരീക്ഷാദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്, ‘രണ്ട് മണിക്ക് തുടങ്ങുന്ന പരീക്ഷ എഴുതാനായി’, പെന്നും പെൻസിലും ഹാൾട്ടിക്കറ്റും പുസ്തകങ്ങളുമായി കോളേജിലേക്ക് പുറപ്പെട്ടു.
                  ബസിൽ നിന്നും ഇറങ്ങി വിശാലമായ ഗ്രൌണ്ടിലൂടെ നടന്ന് എന്റെ കോളേജിലെത്തി. നോക്കുമ്പോൾ അവിടം ആരവങ്ങളില്ലാതെ, വിദ്യാർത്ഥികളില്ലാതെ, അദ്ധ്യാപകരില്ലാതെ, പരീക്ഷകളില്ലാതെ, ഫയലുകൾ ഡിലീറ്റ് ചെയ്ത കമ്പ്യൂട്ടർ പോലെ ശൂന്യം. ഭാഗ്യം; ഈ ശൂന്യതയിൽ നിൽക്കുന്ന എന്നെക്കാണാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാൻ ആശ്ചര്യപ്പെട്ട് നിന്നു; മനസ്സിൽ വലിയ ഭാരത്തോടെ, കുറ്റബോധത്തോടെ; എന്റെ വിധിയെ കുറ്റം പറയാതെ. അങ്ങനെ ഉച്ചവെയിലത്ത് നിൽക്കുമ്പോൾ ആ മാഹാസത്യം അറിയാൻ കഴിഞ്ഞു; ‘ഞാൻ ആ ദിവസം എഴുതാൻ തയ്യാറെടുത്ത് വന്ന ആ പരീക്ഷ ‘ഇന്നലെ കഴിഞ്ഞിരിക്കുന്നു!!!


                പത്താംതരം പാസ്സായപ്പോൾ നാട്ടിൻപുറത്തുകാരിയായ എന്നെ കോളേജിൽ ചേർത്തു. അക്കാലത്ത് SSLC പാസ്സായതും കോളേജില് പഠിക്കുന്നവരുമായ നാട്ടിൻപുറത്തെ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു ഞാൻ. സഹപാഠികളായ കൂട്ടുകാർ കുറവായത്കൊണ്ട് എന്റെ യാത്രകൾ അധികവും ഏകാന്തമായിരുന്നു. പഠനത്തെപറ്റി ചർച്ച ചെയ്യാനും സംശയങ്ങൾ ചോദിക്കാനും; അയൽ‌വാസികളായി കൂടെ പഠിക്കുന്നവർ ആരും ഇല്ല. സെക്കന്റ് ഗ്രൂപ്പ് (സയൻസ്) വിഷയമായി എടുത്ത് തിയ്യറിയും പ്രാക്റ്റിക്കലുമായി രണ്ട് വര്ഷം കഴിഞ്ഞു. അന്നത്തെ പ്രീ ഡിഗ്രി കാലത്ത് യൂനിവേർസിറ്റി പരിക്ഷകൾ നടന്നത്, പ്രീ ഡിഗ്രി രണ്ടാം വർഷത്തിന്റെ ഒടുവിൽ മാത്രമായിരുന്നു. അങ്ങനെ മാർച്ച് മാസം കഴിഞ്ഞ് പരീക്ഷകൾ ഓരോന്നായി നടക്കുന്നതിനിടയിൽ ഏതാനും ചില പരീക്ഷകൾക്ക്, ഹാൾടിക്കറ്റിൽ നല്കിയ ദിവസങ്ങളിൽ നിന്നും ചെറിയ മാറ്റങ്ങൾ വന്നു. അങ്ങനെ മാറിയ തീയതികൾ പരീക്ഷാഹാളിൽ വെച്ച് നോട്ടീസ് വായിക്കുമ്പോൾതന്നെ, ഞാൻ ഹാൾടിക്കറ്റിൽ കൃത്യമായി എഴുതിവെച്ചു.


                  അവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്. കെമിസ്ട്രി സെക്കന്റ് പേപ്പർ പരീക്ഷാ തീയ്യതി എഴുതിയത് മാറി. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പകരം ഞാൻ എഴുതിയത് ശനിയാഴ്ച. അതെ, ഞാൻ പരീക്ഷ എഴുതാൻ കോളേജിൽ എത്തിയത് ശനിയാഴ്ച നട്ടുച്ച സമയത്ത്. പ്രാക്റ്റിക്കൽ അടക്കം എല്ലാ പരീക്ഷകളും കഴിഞ്ഞ് ഒടുവിലായിരുന്നു ഈ മാറ്റിവെക്കപ്പെട്ട പരീക്ഷകൾ നടന്നത്. എന്റെ ശ്രദ്ധക്കുറവ് കാരണം അങ്ങനെ ഒരു പരീക്ഷ എഴുതാന് കഴിഞ്ഞില്ല. എനിക്ക് തെറ്റ്പറ്റും എന്ന് ഞാൻ അതിനുമുൻപ് വിശ്വസിച്ചിരുന്നില്ല.


                     ഇന്നത്തെ കാലത്ത് എഴുതാത്ത വിഷയം പിന്നീട് എഴുതി ഇംപ്രൂവ്ചെയ്യാം ; സേ-പരീക്ഷ എഴുതി പാസ്സവാം. എന്നാൽ സംഭവം നടക്കുന്നത്, അങ്ങനെയൊരു സംവിധാനം ഇല്ലാത്ത കാലത്താണ്. അപ്പോൾ പിന്നെ തോൽക്കുകയാണ് എന്റെ ഗതി. റിസൽട്ട് വന്നപ്പോൾ ഞാൻ തോറ്റിരിക്കുന്നു; അത് കെമിസ്ട്രിയിലായിരുന്നില്ല എന്ന് മാത്രം. ഒരു പേപ്പർ എഴുതാത്ത കെമിസ്ട്രിയിൽ ഞാൻ പാസ്സായപ്പോൾ, തോറ്റത് എന്റെ സ്ഥിരം തലവേദനയായ ഇംഗ്ലീഷിൽ. പ്രക്റ്റിക്കലിന്റെയും തീയ്യറി ഒരു പേപ്പറിന്റെയും മാർക്ക് കൊണ്ട്തന്നെ കെമിസ്ട്രിയിൽ നല്ലൊരു മാർക്ക് വാങ്ങി ഞാൻ പാസ്സായിട്ടുണ്ട്. അങ്ങനെ ഒരു അദ്ധ്യാപകൻ പഠിപ്പിച്ച കെമിസ്ട്രി പാഠങ്ങളിലെ പരീക്ഷ പിന്നീട് ഒരിക്കലും എനിക്ക് എഴുതാൻ കഴിഞ്ഞില്ല.


                      ഈ അമളിക്ക് പിന്നിലെ തെറ്റുകാരി ഞാൻ തന്നെയാണ്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക്, ഏറ്റവും പ്രീയപ്പെട്ട ഒരു ശാസ്ത്രവിഷയമാണ് കെമിസ്ട്രി. വിഷയം നല്ലതാണെങ്കിലും അതില് നല്ല മാര്ക്ക് ലഭിക്കാറുണ്ടെങ്കിലും അതിന്റെ ഒരു ഭാഗം പഠിപ്പിക്കുന്ന അദ്ധ്യാപകനോട് എനിക്ക് വെറുപ്പാണ്; എനിക്ക് മാത്രമല്ല പലർക്കും. ഏതാനും ചില വിദ്യാർത്ഥികളോട് മാത്രമായി അദ്ധ്യാപകൻ കാണിക്കുന്ന അമിത താല്പര്യമാണ് ഈ വെറുപ്പിന് കാരണം. അദ്ദേഹത്തെകുറിച്ച് ആരോപണങ്ങൾ പറയുന്ന കൂട്ടത്തിൽ ഞാനും പ്രധാന പങ്ക് വഹിച്ചിരുന്നു. ആ തെറ്റുകൾ ഒരു വലിയ ശിക്ഷയായി എന്റെ തലയിൽ പതിച്ചു എന്ന് പറയാം.


                     ഒരു അദ്ധ്യാപിക ആയി മാറി, എന്റെ സ്ക്കൂളിൽ ക്ലാസ്സ് പരീക്ഷകൾ നടത്താനുള്ള ചുമതല എനിക്ക് ആയപ്പോൾ ഇതുപോലെ പരീക്ഷക്ക് സമയം മാറി വന്ന കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് തെറ്റ്പറ്റിയതാണെന്ന് ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കിയ ഞാൻ അവരെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ‘ദിവസം മാറിയതിനാൽ പരീക്ഷ എഴുതാൻ കഴിയാതെവന്ന ഒരു പെൺകുട്ടിയുടെ ഓർമ്മ’ മനസ്സിൽ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു.


                പിന്നീട് ഒരിക്കലും ഞാൻ എന്റെ അദ്ധ്യാപകരെ മാത്രമല്ല, എനിക്ക് വേണ്ടപ്പെട്ട ആരെയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല. എന്റെ മക്കളോടും വിദ്യാർത്ഥികളോടും അവശ്യസന്ദർഭങ്ങളിൽ ഞാൻ നൽകുന്ന ഉപദേശങ്ങളിൽ ഒന്നു മാത്രമാണിത്.


                  ‘ഒരു വിഷയം പഠിക്കുമ്പോൾ ആ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ഒരിക്കലും കുറ്റം പറയരുത്. അദ്ധ്യാപകനെ ഇഷ്ടപ്പെട്ടാൽ അവർ പഠിപ്പിക്കുന്ന വിഷയം എളുപ്പത്തിൽ പഠിക്കാൻ കഴിയും’.