“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 13, 2009

പാഠം (1)      പരീക്ഷാ‘ദിവസം’ മറന്നുപോയവൾ

                 എന്റെ ജീവിതത്തിൽ നിന്ന് ധാരാളം പാഠം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ പരാജയത്തിന്റെയും മുന്നിൽ പകച്ച് നിൽക്കുമ്പോൾ,  അവയുടെ കാരണങ്ങളെ ആഴത്തിൽ അപഗ്രഥിച്ച്, എന്റെ തെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ചെറിയ(വൻ) വീഴ്ചകൾക്ക് കാരണം എന്റെ തെറ്റാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അത്തരം ചെറിയ(വൻ)വീഴ്ചകൾ മനസ്സിലാക്കി, ഇനി ഒരു പരാജയം ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇത് എന്റെ മാത്രം വിശ്വാസങ്ങളും ചിന്തകളും മാത്രമാണ്. ആവശ്യം വരുന്ന അവസരങ്ങളിൽ എന്റെ ജീവിതത്തിലെ പാഠങ്ങൾ മറ്റുള്ളവരോട് പറയാറുണ്ട്.
           ഞാൻ ആദ്യമായി പരാജയപ്പെട്ടതും ഏറ്റവും അധികം പാഠങ്ങൾ പഠിച്ചതും എന്റെ പ്രീ-ഡിഗ്രി കാലത്താണ്. അങ്ങനെ ഞാൻ ആദ്യമായി തോറ്റപ്പോൾ പഠിച്ച ഒന്നാംപാഠം എഴുതി തുടങ്ങാം.


   ‘അദ്ധ്യാപകരെ കുറ്റം പറയരുത്’


             ‘മാതാ പിതാ ഗുരു ദൈവം’. ഇതിൽ ഗുരുവിനെപറ്റിയാണ് ഇന്നത്തെ പാഠം. ഗുരുനാഥനെ കുറ്റം ‘പറഞ്ഞ്, പറഞ്ഞ്, ഒടുവിൽ അദ്ദേഹം പഠിപ്പിച്ച വിഷയത്തിന്റെ പരീക്ഷ ജീവിതത്തിൽ ഒരിക്കലും എഴുതാൻ കഴിയാതെ വന്ന ഒരു പെൺകുട്ടിയുടെ കഥ.


                പരീക്ഷയുടെ തലേ ദിവസം ഉറക്കമിളച്ച് നന്നായി പഠിച്ചു. രണ്ട് വർഷം കൊണ്ട് പഠിപ്പിച്ചതും പഠിച്ചതും എല്ലാം മനപ്പാഠം. കെമിസ്ട്രി എനിക്ക് ഇഷ്ടവിഷയമാണ്; ഏത് ചോദ്യം വന്നാലും എഴുതാം. പരീക്ഷാദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്, ‘രണ്ട് മണിക്ക് തുടങ്ങുന്ന പരീക്ഷ എഴുതാനായി’, പെന്നും പെൻസിലും ഹാൾട്ടിക്കറ്റും പുസ്തകങ്ങളുമായി കോളേജിലേക്ക് പുറപ്പെട്ടു.
                  ബസിൽ നിന്നും ഇറങ്ങി വിശാലമായ ഗ്രൌണ്ടിലൂടെ നടന്ന് എന്റെ കോളേജിലെത്തി. നോക്കുമ്പോൾ അവിടം ആരവങ്ങളില്ലാതെ, വിദ്യാർത്ഥികളില്ലാതെ, അദ്ധ്യാപകരില്ലാതെ, പരീക്ഷകളില്ലാതെ, ഫയലുകൾ ഡിലീറ്റ് ചെയ്ത കമ്പ്യൂട്ടർ പോലെ ശൂന്യം. ഭാഗ്യം; ഈ ശൂന്യതയിൽ നിൽക്കുന്ന എന്നെക്കാണാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാൻ ആശ്ചര്യപ്പെട്ട് നിന്നു; മനസ്സിൽ വലിയ ഭാരത്തോടെ, കുറ്റബോധത്തോടെ; എന്റെ വിധിയെ കുറ്റം പറയാതെ. അങ്ങനെ ഉച്ചവെയിലത്ത് നിൽക്കുമ്പോൾ ആ മാഹാസത്യം അറിയാൻ കഴിഞ്ഞു; ‘ഞാൻ ആ ദിവസം എഴുതാൻ തയ്യാറെടുത്ത് വന്ന ആ പരീക്ഷ ‘ഇന്നലെ കഴിഞ്ഞിരിക്കുന്നു!!!


                പത്താംതരം പാസ്സായപ്പോൾ നാട്ടിൻപുറത്തുകാരിയായ എന്നെ കോളേജിൽ ചേർത്തു. അക്കാലത്ത് SSLC പാസ്സായതും കോളേജില് പഠിക്കുന്നവരുമായ നാട്ടിൻപുറത്തെ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു ഞാൻ. സഹപാഠികളായ കൂട്ടുകാർ കുറവായത്കൊണ്ട് എന്റെ യാത്രകൾ അധികവും ഏകാന്തമായിരുന്നു. പഠനത്തെപറ്റി ചർച്ച ചെയ്യാനും സംശയങ്ങൾ ചോദിക്കാനും; അയൽ‌വാസികളായി കൂടെ പഠിക്കുന്നവർ ആരും ഇല്ല. സെക്കന്റ് ഗ്രൂപ്പ് (സയൻസ്) വിഷയമായി എടുത്ത് തിയ്യറിയും പ്രാക്റ്റിക്കലുമായി രണ്ട് വര്ഷം കഴിഞ്ഞു. അന്നത്തെ പ്രീ ഡിഗ്രി കാലത്ത് യൂനിവേർസിറ്റി പരിക്ഷകൾ നടന്നത്, പ്രീ ഡിഗ്രി രണ്ടാം വർഷത്തിന്റെ ഒടുവിൽ മാത്രമായിരുന്നു. അങ്ങനെ മാർച്ച് മാസം കഴിഞ്ഞ് പരീക്ഷകൾ ഓരോന്നായി നടക്കുന്നതിനിടയിൽ ഏതാനും ചില പരീക്ഷകൾക്ക്, ഹാൾടിക്കറ്റിൽ നല്കിയ ദിവസങ്ങളിൽ നിന്നും ചെറിയ മാറ്റങ്ങൾ വന്നു. അങ്ങനെ മാറിയ തീയതികൾ പരീക്ഷാഹാളിൽ വെച്ച് നോട്ടീസ് വായിക്കുമ്പോൾതന്നെ, ഞാൻ ഹാൾടിക്കറ്റിൽ കൃത്യമായി എഴുതിവെച്ചു.


                  അവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്. കെമിസ്ട്രി സെക്കന്റ് പേപ്പർ പരീക്ഷാ തീയ്യതി എഴുതിയത് മാറി. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പകരം ഞാൻ എഴുതിയത് ശനിയാഴ്ച. അതെ, ഞാൻ പരീക്ഷ എഴുതാൻ കോളേജിൽ എത്തിയത് ശനിയാഴ്ച നട്ടുച്ച സമയത്ത്. പ്രാക്റ്റിക്കൽ അടക്കം എല്ലാ പരീക്ഷകളും കഴിഞ്ഞ് ഒടുവിലായിരുന്നു ഈ മാറ്റിവെക്കപ്പെട്ട പരീക്ഷകൾ നടന്നത്. എന്റെ ശ്രദ്ധക്കുറവ് കാരണം അങ്ങനെ ഒരു പരീക്ഷ എഴുതാന് കഴിഞ്ഞില്ല. എനിക്ക് തെറ്റ്പറ്റും എന്ന് ഞാൻ അതിനുമുൻപ് വിശ്വസിച്ചിരുന്നില്ല.


                     ഇന്നത്തെ കാലത്ത് എഴുതാത്ത വിഷയം പിന്നീട് എഴുതി ഇംപ്രൂവ്ചെയ്യാം ; സേ-പരീക്ഷ എഴുതി പാസ്സവാം. എന്നാൽ സംഭവം നടക്കുന്നത്, അങ്ങനെയൊരു സംവിധാനം ഇല്ലാത്ത കാലത്താണ്. അപ്പോൾ പിന്നെ തോൽക്കുകയാണ് എന്റെ ഗതി. റിസൽട്ട് വന്നപ്പോൾ ഞാൻ തോറ്റിരിക്കുന്നു; അത് കെമിസ്ട്രിയിലായിരുന്നില്ല എന്ന് മാത്രം. ഒരു പേപ്പർ എഴുതാത്ത കെമിസ്ട്രിയിൽ ഞാൻ പാസ്സായപ്പോൾ, തോറ്റത് എന്റെ സ്ഥിരം തലവേദനയായ ഇംഗ്ലീഷിൽ. പ്രക്റ്റിക്കലിന്റെയും തീയ്യറി ഒരു പേപ്പറിന്റെയും മാർക്ക് കൊണ്ട്തന്നെ കെമിസ്ട്രിയിൽ നല്ലൊരു മാർക്ക് വാങ്ങി ഞാൻ പാസ്സായിട്ടുണ്ട്. അങ്ങനെ ഒരു അദ്ധ്യാപകൻ പഠിപ്പിച്ച കെമിസ്ട്രി പാഠങ്ങളിലെ പരീക്ഷ പിന്നീട് ഒരിക്കലും എനിക്ക് എഴുതാൻ കഴിഞ്ഞില്ല.


                      ഈ അമളിക്ക് പിന്നിലെ തെറ്റുകാരി ഞാൻ തന്നെയാണ്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക്, ഏറ്റവും പ്രീയപ്പെട്ട ഒരു ശാസ്ത്രവിഷയമാണ് കെമിസ്ട്രി. വിഷയം നല്ലതാണെങ്കിലും അതില് നല്ല മാര്ക്ക് ലഭിക്കാറുണ്ടെങ്കിലും അതിന്റെ ഒരു ഭാഗം പഠിപ്പിക്കുന്ന അദ്ധ്യാപകനോട് എനിക്ക് വെറുപ്പാണ്; എനിക്ക് മാത്രമല്ല പലർക്കും. ഏതാനും ചില വിദ്യാർത്ഥികളോട് മാത്രമായി അദ്ധ്യാപകൻ കാണിക്കുന്ന അമിത താല്പര്യമാണ് ഈ വെറുപ്പിന് കാരണം. അദ്ദേഹത്തെകുറിച്ച് ആരോപണങ്ങൾ പറയുന്ന കൂട്ടത്തിൽ ഞാനും പ്രധാന പങ്ക് വഹിച്ചിരുന്നു. ആ തെറ്റുകൾ ഒരു വലിയ ശിക്ഷയായി എന്റെ തലയിൽ പതിച്ചു എന്ന് പറയാം.


                     ഒരു അദ്ധ്യാപിക ആയി മാറി, എന്റെ സ്ക്കൂളിൽ ക്ലാസ്സ് പരീക്ഷകൾ നടത്താനുള്ള ചുമതല എനിക്ക് ആയപ്പോൾ ഇതുപോലെ പരീക്ഷക്ക് സമയം മാറി വന്ന കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് തെറ്റ്പറ്റിയതാണെന്ന് ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കിയ ഞാൻ അവരെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ‘ദിവസം മാറിയതിനാൽ പരീക്ഷ എഴുതാൻ കഴിയാതെവന്ന ഒരു പെൺകുട്ടിയുടെ ഓർമ്മ’ മനസ്സിൽ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു.


                പിന്നീട് ഒരിക്കലും ഞാൻ എന്റെ അദ്ധ്യാപകരെ മാത്രമല്ല, എനിക്ക് വേണ്ടപ്പെട്ട ആരെയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല. എന്റെ മക്കളോടും വിദ്യാർത്ഥികളോടും അവശ്യസന്ദർഭങ്ങളിൽ ഞാൻ നൽകുന്ന ഉപദേശങ്ങളിൽ ഒന്നു മാത്രമാണിത്.


                  ‘ഒരു വിഷയം പഠിക്കുമ്പോൾ ആ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ഒരിക്കലും കുറ്റം പറയരുത്. അദ്ധ്യാപകനെ ഇഷ്ടപ്പെട്ടാൽ അവർ പഠിപ്പിക്കുന്ന വിഷയം എളുപ്പത്തിൽ പഠിക്കാൻ കഴിയും’.

10 comments:

 1. ഒരു വിഷയം പഠിക്കുമ്പോൾ ആ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ഒരിക്കലും കുറ്റം പറയരുത്. അദ്ധ്യാപകനെ ഇഷ്ടപ്പെട്ടാൽ അവർ പഠിപ്പിക്കുന്ന വിഷയം എളുപ്പത്തിൽ പഠിക്കാൻ കഴിയും’

  :))

  ReplyDelete
 2. ys correct, i had great intrest in biology, i lost the intrest due to one teacher in class 8 , but later got the intrest back in next 2 years,
  i still feel sorry for loosing intrest in histroy due to the teacher in 10th. she was a sort of book worm and our previous teacher was some one who use to teach out side the syllabus and use to have lots of intresting questions asked in side the class room,i read a lots of books because of him , and in 10th she completely killed the intrest by rigidily sticking to word by word text book method, and i lost marks too

  ReplyDelete
 3. അപ്പോൾ അദ്ധ്യാപകനെ ഇഷ്ടപ്പെടുകയും വേണ്ടാ, കുറ്റം പറയുകയും വേണ്ടാ.. ഒരു ന്യൂട്രൽ നിലപാടാണ് നല്ലത്..അല്ലേ ടീച്ചറേ..? :) :)

  ReplyDelete
 4. ശരിയാണ് ടീച്ചറെ അധ്യാപകനെ ഇഷ്ടപ്പെട്ടാല്‍ അദ്ദേഹം പഠിപ്പിക്കുന്ന വിഷയവും ഇഷ്ടപ്പെടും..

  പക്ഷെ എന്റെ കാര്യത്തില്‍ കെമിസ്ട്രി ഒരു കുഴപ്പക്കാരനായിരുന്നു...എത്ര ശ്രമിച്ചിട്ടും പീരിയോടിക് ടേബിളില്‍ ഉള്ള എലെമെന്റ്സ് ഏതൊക്കെയാണെന്ന് എനിക്കൊരു പിടിയും കിട്ടിയിരുന്നില്ല. ആകെ അറിയാവുന്ന ഒരു എലെമെന്റ് ആയിരുന്നു "ആന്റിമണി.."

  കാരണം അത് ഞങ്ങളുടെ കെമിസ്ട്രി ടീച്ചറുടെ ഇരട്ടപ്പേരായിരുന്നു ..!!..

  ReplyDelete
 5. ചാത്തനേറ്:ഈ ടൈപ്പ് സ്വപ്നങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും അനുഭവങ്ങളില്ല. ആകെയുള്ളത് ചുമ്മാ പോയി എഴുതിയ ഗേറ്റ് എക്സാമിനു 10-15 മിനിറ്റ് ലേറ്റായി കയറിച്ചെന്നതാണ്‌.

  ReplyDelete
 6. Chechy.. Enteyum chila anubhavangal ithupolundu... Manoharamayirikkunnu. Ashamsakal...!!!

  ReplyDelete
 7. അധ്യാപകരെ ഇഷ്ടമായാൽ ആ വിഷയം എളുപ്പമാകുമെന്നത് എന്നെ സംബന്ധിച്ചും സത്യമാണ്.
  കണക്ക് എനിക്ക് ഒരിക്കലും വഴങ്ങാതായത് അഞ്ചാം ക്ലാസ് മുതലായിരുന്നു. എന്റെ കണക്ക് ടീച്ചറുമായി എനിക്ക് ഒട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല. പിന്നീട് ഞാൻ ചെയ്ത ഒരു കണക്കും ശരിയായതുമില്ല.

  ReplyDelete
 8. ഒരു വിഷയം പഠിക്കുമ്പോൾ ആ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ഒരിക്കലും കുറ്റം പറയരുത്. അദ്ധ്യാപകനെ ഇഷ്ടപ്പെട്ടാൽ അവർ പഠിപ്പിക്കുന്ന വിഷയം എളുപ്പത്തിൽ പഠിക്കാൻ കഴിയും’

  ഓ ചുമ്മാതാ....ഞങ്ങളുടെ പത്താം ക്ലാസിലെ ഇംഗ്ലീഷ് ടീച്ചറെ ഞങ്ങള്‍ ആണ്‍ കുട്ടികള്‍ക്കെല്ലാം വളരെ ഇഷ്ട്ടം ആയിരുന്നു. പക്ഷെ പകുതി പേരും ഇംഗ്ലീഷ് പാസ്സാവത്തും ഇല്ല. sslc ക്ക് 20 മാര്‍ക്ക് വാങ്ങിയതെങ്ങനെയാണെന്നു എനിക്കും കര്‍ത്താവിനും പിന്നെ അരയിലുണ്ടായിരുന്ന കോപ്പി തുണ്ടുകള്‍ക്കും മാത്രമേ അറിയൂ!!!

  ReplyDelete
 9. avasaanam paranjathu paramaartham!

  ReplyDelete
 10. എഞ്ചിനീയറിംഗ് കാലം. ഇലക്ട്രിക്കല്‍ അത്ര ഇഷ്ടം ഉള്ള വിഷയം ആയിരുന്നില്ല, പക്ഷെ ടീച്ചര്‍ ഞങ്ങളുടെ എല്ലാം ഫേവറിറ്റ് ആയിരുന്നു. വളരെ കൊല്ലം വിഷയത്തില്‍ മുങ്ങി നടന്നതിന്റെ വിവരവും ഉണ്ട്. നല്ല രസമായിരുന്നു ക്ലാസുകള്‍. പക്ഷെ അത് മാത്രം പോരല്ലോ പരീക്ഷക്ക്‌ ജയിക്കാന്‍. എന്‍റെ കയ്യില്‍ നിന്നും അല്പം അധ്വാനം വേണമല്ലോ. മെനക്കെടാന്‍ വയ്യാത്തത് കൊണ്ട് കോപ്പി അടിക്കാന്‍ തീരുമാനിച്ചു. ലാസ്റ്റ് രോവിലെ സീറ്റും പിടിച്ചു. പ്രതീക്ഷ എല്ലാം തെറ്റിച്ചു കൊണ്ട് പുള്ളിക്കാരി ഒരു കസേര വലിച്ചു എന്‍റെ അടുത്ത് ഇരുന്നു. എന്നിട്ട് ലൈവ് കമ്മെന്ററി. ഡാ, ദേ അവന്‍ അടുത്തിരിക്കുന്നവന്റെ നോക്കി എഴുതുന്നു, അവളുടെ മടിയില്‍ ബുക്ക്‌ ഉണ്ട് എന്നൊക്കെ. എനിക്ക് ആകെ വയ്യാതെ ആയി. കോപ്പി അടിക്കാനുള്ള മനസ്ഥിതി ഒക്കെ പോയെ പോച്ച്. എന്തേലും എഴുതാം എന്ന് വച്ചാല്‍ വിഷയം ഒഴിച്ച് ഒന്നും അറിയില്ല. അങ്ങിനെ നല്ല വെള്ള പേപര്‍ പുള്ളിക്കാരിയുടെ കയ്യില്‍ കൊടുത്തു ഇറങ്ങി പോയി. പുള്ളി ഒന്ന് പിടച്ചോ ആവോ. ഒരു അധ്യാപികയെ അപമാനിക്കല്‍ ആയിരുന്നു അത് എന്ന് ഇന്റെര്‍വല്ലിനു പറഞ്ഞപ്പോ കണ്ണ് ഒന്ന് ഈറന്‍ ആയോ എന്തോ... എനിക്ക് ശപിക്കരുതേ ടീച്ചറെ എന്ന് പറയാനേ കഴിഞ്ഞുള്ളൂ... ഒരു അധ്യാപികക്ക് ഒരിക്കലും തന്‍റെ കുട്ടികളെ ശപിക്കാന്‍ പറ്റില്ലാന്ന അവര്‍ പറഞ്ഞെ..

  എന്നിട്ടെന്തായി, ഞാന്‍ ഒരു നാല് തവണ കൂടെ ആ പരീക്ഷ എഴുതി. നാല് കൊല്ലാതെ എഞ്ചിനീയറിംഗ് അഞ്ചു കൊല്ലം കൊണ്ട് നന്നായി പഠിച്ചെടുത്തു ;)

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.