“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 28, 2010

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2

ഇനി പാഠം3 ആരംഭിക്കാം

                 ഒരു ദിവസം ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മ പരാതിയുമായി എന്റെ സമീപം വന്നു, ഒരു കൃഷികാര്യമാണ്,
“ടീച്ചറെ എന്റെ വീട്ടിലെ കിണറിനു സമീപം കയ്പയുടെ(പാവൽ) ചെടികൾ വളരുന്നുണ്ട്. കടയിൽ‌നിന്ന് വാങ്ങിയ പഴുത്ത കയ്പ്പക്കയുടെ വിത്ത് വെളിയിൽ‌കളഞ്ഞപ്പോൾ തനിയെ മുളച്ചതാണ്. ഇപ്പോൾ ദിവസേന ധാരാളം പൂക്കൾ വിടരാറുണ്ടെങ്കിലും എല്ലാം കൊഴിഞ്ഞുപോകുന്നതല്ലാതെ ഒന്നും കായ ആവുന്നില്ല. ആ ചെടിക്ക് എന്തെങ്കിലും രോഗമായിരിക്കുമോ?”
“അതെല്ലാം ആൺ‌പൂക്കളായിരിക്കും; കയ്പയിലും വെള്ളരിയിലും ആദ്യം ധാരാളം ആൺപൂക്കളുണ്ടാവും. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പെൺ‌പൂക്കളുണ്ടായാൽ അവയിൽ നിന്ന് കയ്പക്ക ഉണ്ടാവും”
ഞാൻ പറയുന്നത് കേട്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടു,
“അല്ല ടീച്ചറെ ഒരേ ചെടിയിൽ‌തന്നെ ആൺ‌പൂക്കളും പെൺ‌പൂക്കളും വേറെ വേറെ ഉണ്ടാവുമോ? ഉണ്ടെങ്കിൽ‌തന്നെ അതെങ്ങനെ തിരിച്ചറിയും?”
                  അടുക്കളയിലും കടകളിലും കാണുന്ന പച്ചക്കറികൾ മാത്രം പരിചയമുള്ള ഒരു സർക്കാർ ജീവനക്കാരിയുടെ അഭിപ്രായം കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നിയില്ല. ചെടിയോടും മണ്ണിനോടും അകലുന്ന നമ്മൾ മലയാളികൾക്ക് കൃഷി എത്രമാത്രം അന്യമാവുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണ് ആ സംഭവം.

... ഇനി നമുക്ക് ടെറസ്സിലെ കൃഷിയിലേക്ക് പ്രവേശിക്കാം’....     
             ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;

ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക
  ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

December 15, 2010

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2

 
ഒരു ദിവസത്തേക്ക് ഇത്രയും മതിയോ?ഇനി പാഠം2 തുടങ്ങാം,   
                   ധാരാളം വിത്തുകളും മണ്ണും വളവും ലഭിക്കുന്നുണ്ടെന്ന് കണ്ട്, ഒരിക്കലും ടെറസ്സിൽ അമിതമായി കൃഷി ചെയ്യേണ്ടതില്ല. കൃഷി ചെയ്യുന്ന ഇനങ്ങൾ പല ഇനങ്ങളാവാം. പരീക്ഷണ അടിസ്ഥാനത്തിൽ............
   ടെറസ്സിൽ മൂന്ന് തരത്തിൽ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,,,,

ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
   ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

December 7, 2010

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1

വിളവെടുപ്പ് കഴിഞ്ഞാൽ ചട്ടിയിലേക്ക്
                       ‘കറിവെക്കാൻ നേരത്ത് സ്വന്തം മട്ടുപ്പാവിൽ, സ്വന്തമായി നട്ടുവളർത്തിയ ചെടികളിൽ‌നിന്ന്, ഫ്രഷ് ആയ പച്ചക്കറികൾ പറിച്ചെടുത്ത് ഉപയോഗിക്കുക’, അതാണ് ‘ടെറസ്സ് കൃഷി’ കൊണ്ടുള്ള നേട്ടം. സ്വന്തം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നമുക്ക് ആവശ്യമുള്ളതും നമ്മൾ ഭക്ഷിക്കുന്നതും മാത്രം ഉത്പാദിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. 
            സ്വന്തം‌വീട്ടിലെ മട്ടുപ്പാവിൽ സൂര്യപ്രകാശമേൽക്കുന്ന ഇത്തിരി സ്ഥലത്ത് മാത്രം കൃഷിചെയ്യുന്നതിനാൽ അമിതമായി  ചെടികൾ വളർത്തി, രാസവളവും കീടനാശിനിയും ധാരാളം കലർത്തി, കൂടുതൽ പച്ചക്കറികൾ ഉല്പാദിപ്പിച്ച്, വില്പന നടത്തി മറ്റുള്ളവരെ വിഷം‌തീറ്റുന്ന പരിപാടി ഇവിടെ നടക്കില്ല. 
പിന്നെയോ,,,
ഒരു ദിവസത്തേക്ക് ഇത്രയും പോരെ?
                   ഇവിടെ പറയുന്നത് ചെറിയ തോതിലുള്ള വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയെകുറിച്ച് മാത്രം. ടെറസ്സിൽ സ്ഥിരമായി ധാരാളം മണ്ണ് സംഭരിച്ച്, ജലസേചനം നടത്തിയിട്ട് വലിയ വൃക്ഷങ്ങളും ദീർഘകാലവിളകളും കൃഷി ചെയ്യാറുണ്ടെങ്കിലും (ഉദാ: പേര, വാഴ, നാരകം, പപ്പായ തുടങ്ങിയവ) അത്തരം കൃഷിയെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല്ല.
ഇത് നമ്മൾ നമുക്കുവേണ്ടി നമ്മുടെ വീട്ടിൽ നമ്മളാൽ ചെയ്യുന്ന കൃഷി.......................
******************************ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

November 15, 2010

ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ???

   ഹൈസ്ക്കൂൾ വരാന്തയിലൂടെ ഹെഡ്‌മിസ്ട്രസ് ആയ ഞാൻ നടക്കുകയാണ്,
                     ‘എല്ലാദിവസവും ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ, ഒരു തവണയെങ്കിലും ‘എച്ച്.എം’ ക്ലാസ്സുകൾക്ക് മുന്നിലൂടെ ചുറ്റി നടക്കേണ്ടതാണ്’, എന്ന് വർഷങ്ങൾക്ക് മുൻപ് തലശ്ശേരിയിലുള്ള ഗവ. ട്രെയിനിംഗ് കോളേജിൽ‌വെച്ച്, ബി.എഡ്. ട്രെയിനിംഗ് സമയത്ത്, ഞങ്ങളുടെ പ്രൊഫസർ ‘ജി.പി. കൃഷ്ണപ്പിള്ള സാർ’ പറഞ്ഞതാണ്. അന്ന് അദ്ദേഹം പറഞ്ഞ കാര്യം അതേപടി അനുസരിക്കാനുള്ള യോഗം എനിക്ക് ലഭിച്ചത്, അദ്ധ്യാപന സർവ്വീസിന്റെ അവസാനകാലത്തുള്ള വെറും പത്ത് മാസത്തിനിടയിലാണ്. അതായത് ജൂൺ ഒന്നിന് എച്ച്.എം. ആയി കസേരയിലിരുന്ന ഞാൻ പത്ത് മാസത്തെ അടിപൊളി ഭരണത്തിനു ശേഷം, മാർച്ച് മുപ്പത്തിഒന്നിന് എഴുന്നേറ്റ് പോകുന്ന,,, ആ ഇടവേളയിൽ.
(അടിപൊളി എന്ന് പറയാൻ കാരണം, ‘കഴിഞ്ഞവർഷത്തെ SSLC വിജയശതമാന കാര്യത്തിൽ ജില്ലയിൽ ഏറ്റവും പിന്നിലുള്ള (50%) ആ വിദ്യാലയത്തിൽ, എന്റെ പരിശ്രമം‌കൊണ്ട്100% വിജയം ഉണ്ടാക്കണം’ എന്നാണ് കണ്ണൂരിലെ വിദ്യാഭ്യാസ ഉപഡയറക്റ്റർ പറഞ്ഞത്. 100 ആയിട്ടില്ലെങ്കിലും 96 ശതമാനത്തിൽ എത്തിച്ചിട്ടാണ് ഞാൻ ഇറങ്ങിയത് എന്നൊരു സംതൃപ്തി എനിക്കുണ്ട്)

                     സ്ക്കൂൾ ഓഫീസിൽ നിന്ന് നേരെ അപ്‌സ്റ്റേയറിലേക്ക് കയറി ഇടത്തോട്ട് തിരിഞ്ഞ് ഒൻപതാം‌ക്ലാസ്സുകളും വലത്തോട്ട് തിരിഞ്ഞ് എട്ടാം‌ക്ലാസ്സുകളും ഒപ്പം തൊട്ടടുത്ത റോഡും വീടും ചായപ്പീടികയും ദർശിച്ചുകൊണ്ട്, വരാന്തയിലൂടെ നടന്നതിനുശേഷം ഞാൻ താഴോട്ടിറങ്ങി. പിന്നെ പത്താം ക്ലാസ്സുകൾ പിന്നിട്ട് ലൈബ്രറിയിൽ കടന്ന് ലൈബ്രേറിയനായ ഡ്രോയിംഗ് മാസ്റ്റർ വരച്ച ചിത്രങ്ങളെല്ലാം നോക്കിയശേഷം തിരികെ നടന്ന് ഓഫീസ്, സ്മാർട്ട് റൂം, ‘കെമിസ്ട്രി ബയോളജി ഐ.ടി’ ലബോററ്ററികൾ, പിന്നിട്ട്; ഗെയിറ്റിനു സമീപം റോഡരികിലുള്ള ഫിസിക്സ് ലാബിന്റെ അടഞ്ഞ വാതിലിനു സമീപം ഞാൻ നിന്നു. പിന്നെ മൊബൈൽ ഓൺ ചെയ്യാൻ തുടങ്ങി; കാരണം?
കാരണം അത് തന്നെ,,
എന്റെ ഐഡിയ നേരാം‌വണ്ണം റെയിഞ്ചിൽ കുടുങ്ങുന്നത് ആ ഒരു സ്ഥലത്ത് മാത്രമാണ്. അവിടെ നിന്ന് വിളിക്കേണ്ടവരെയൊക്കെ ഓഫീസ് ചെലവിലല്ലാതെ, സ്വന്തം പണം കൊടുത്ത് വിളിക്കാം, മറ്റാരും കേൾക്കുകയും ഇല്ല.

                      ഐഡിയ നമ്പർ എടുത്ത്, ഓക്കെ ക്ലിക്കുന്നതിന് മുൻപ് ഗെയിറ്റ് കടന്ന് ഒരാൾ വന്നു, ഏതാണ്ട് ഇരുപത് വയസ്സ് തോന്നിക്കുന്ന ഡീസന്റ് പയ്യൻ. ഏതാനും കടലാസുകളുമായി നടന്നുവരുന്നവൻ എന്നെക്കണ്ട ഉടനെ അടുത്ത്‌വന്ന് ചോദിച്ചു,
“ഹെഡ്‌ടീച്ചറുണ്ടോ?”
“ഉണ്ടല്ലോ, എന്താ വേണ്ടത്?”
“അത് നിങ്ങളറിയണ്ട ആവശ്യമില്ല; എനിക്ക് ഹെഡ്ടീച്ചറെയാണ് കാണേണ്ടത്”
കൂടുതൽ കേൾക്കാൻ നിൽക്കാതെ അവൻ ഓഫീസിനുനേരെ നടക്കുന്നതു കണ്ടപ്പോൾ എന്റെയുള്ളിൽ ചിരിവന്നു. ‘പോകട്ടെ, നേരെ ഓഫീസിൽ പോയിട്ട് കുറേ സമയം ഹെഡ്‌ടീച്ചറെ കാത്തിരിക്കട്ടെ,,,’
പത്ത് മിനിട്ട് കഴിഞ്ഞ് ഓഫീസിൽ എത്തി ഹെഡ്‌മിസ്ട്രസിന്റെ കസേരയിൽ ഇരുന്നപ്പോൾ അമളിപറ്റിയ മുഖവുമായി അവൻ എന്റെ മുന്നിൽ വന്നു,,,

                      എത്രയോ തവണ ഇതുപോലുള്ള സംഭവങ്ങൾ ഇതേ വിദ്യാലയത്തിൽ അരങ്ങേറിയിട്ടുണ്ട്. ഇരിക്കുന്നിടത്ത് ഇരുന്നാൽ മാത്രമേ മുൻപരിചയമില്ലാത്തവർ ഹെഡ്‌മിസ്ട്രസ്സ് ആയ എന്നെ തിരിച്ചറിയുകയുള്ളു എന്ന് എനിക്കറിയാം.
‘തേന്മാവിൻ‌കൊമ്പത്ത്’, നമ്മുടെ ‘കുതിരവട്ടം പപ്പു’വിന്റെ ഡയലോഗ് പോലെയാണ് കാര്യം,
‘ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ???.’
എന്നാൽ ഞാനാരാണെന്ന് ഞാൻ‌തന്നെ പറഞ്ഞ് മറ്റുള്ളവർ അറിയണ്ട എന്നതാണ് എന്റെ രീതി,,, അറിയേണ്ടവർ അറിയട്ടെ,,,
                     നാട്ടുകാർക്കും രക്ഷിതാക്കൾക്കും ഒരു ഹെഡ്‌മിസ്ട്രസ്സിനെക്കുറിച്ചുള്ള ധാരണകൾക്കപ്പുറത്തായിരുന്നു ഞാൻ. അവർ പ്രതീക്ഷിക്കുന്നത്; വെള്ളപൂശാൻ തുടങ്ങിയ മുടി കെട്ടിവെച്ച്, പട്ടുസാരിചുറ്റി, ആഭരണങ്ങൾ അണിഞ്ഞ്; അധികം സംസാരിക്കാത്ത, ശരീരഭാരം കൊണ്ട് കസേരയിൽ നിന്ന് എഴുന്നേൽക്കാനും നടക്കാനും ആവാത്ത, ഭരണകാര്യങ്ങൾ പുരുഷഅദ്ധ്യാപകരുടെ തലയിൽ കെട്ടിയേല്പിക്കുന്ന, അധികമാരോടും സംസാരിക്കാതെ, ഗസറ്റഡ് ഓഫീസറുടെ ഗമ ഒട്ടും വിടാതെ നടക്കുന്ന, ഒരു ഹെഡ്മിസ്ട്രസിനെയാണ്.
എന്നാൽ എനിക്ക് ‘ഞാൻ’ ആവാനല്ലെ പറ്റുകയുള്ളൂ,,,’.

അടുത്തത് ആശുപത്രി സംഭവം,
സ്ഥലം കണ്ണൂർ ജില്ലയിലെ ഒരു സഹകരണ ആശുപത്രി, സംഭവം നടന്നത് 20വർഷം മുൻപ്,,,
ധാരാളം ആശുപത്രികളിൽ താമസിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്ക് മുൻപുള്ള, ഈ ആശുപത്രിവാസം എന്നെന്നും എന്റെ ഓർമ്മയിലുണ്ടാവും. കാരണം, എന്റെ ഹൃദയം പണിമുടക്ക് പ്രഖ്യാപിക്കാനിടയുണ്ട് എന്നും, അടിയന്തിരമായി അതിനൊരു റിപ്പെയർ ആവശ്യമാണെന്നും അറിഞ്ഞത് ആ സമയത്താണ്.
ഒരു ഹൃദയം എനിക്കുണ്ടെന്ന്, എനിക്ക് ശരിക്കും മനസ്സിലായത് അപ്പോഴായിരുന്നു.

ആശുപത്രിയിലെ ജനറൽ വാർഡ്,
                      ആശുപത്രികളിലെ ജനറൽ വാർഡിൽ കിടക്കുന്നത് രസകരമാണ്. അങ്ങനെ കിടന്ന് മറ്റുള്ള രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ച് നേരം കളയുമ്പോൾ സ്വന്തമായ എല്ലാ രോഗവും മറക്കും. പേവാർഡിൽ ഒറ്റപ്പെട്ടതായി രോഗികൾക്ക് തോന്നുമെങ്കിലും ജനറൽ‌വാർഡിൽ അങ്ങനെ ആർക്കും തോന്നുകയില്ല.
(ഇത് എന്റെ മാത്രം കാര്യമാണോ? ഇപ്പോഴും ഇങ്ങനെയാണോ? എന്നൊന്നും എനിക്കറിയില്ല)
                     അങ്ങനെ ജനറൽ വാർഡിൽ പതിനഞ്ചോളം രോഗികളും അവരുടെ ബന്ധുക്കളും ചേർന്ന് മിണ്ടിയും പറഞ്ഞും, ചിരിച്ചും കളിച്ചും, നേരം പോക്കുന്ന കാലം.
പേവാർഡിൽ അഡ്മിറ്റ് ആവാത്തതിന് പല കാരണങ്ങൾ ഉണ്ട്. പ്രധാനമായും പണമില്ല; വീടെടുത്ത് മുടിഞ്ഞകാലമാണ്.
കൂടെ താമസിക്കാൻ പറ്റിയ വനിതാ ബന്ധുക്കൾ ഇല്ല; ഉള്ളവരെല്ലാം പാരയാണ്.
ഒരു ശ്വാസതടസ്സം വന്നപ്പോൾ, നാട്ടിലെ ഡോക്റ്റർ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോൾ, വീട് അടച്ചുപൂട്ടി കുടുംബസമേതം ഇവിടെ വന്നതാണ്; പിറ്റേന്ന് കുട്ടികളെ അമ്മയുടെ വീട്ടിലാക്കി.
സ്ത്രീകൾക്കുള്ള പേവാർഡിനകത്ത് ഞാനും, പുറത്ത് വരാന്തയിൽ ഭർത്താവും. പകൽ സമയത്ത് ബന്ധുക്കൾ ഓരോരുത്തരായി വന്നുകൊണ്ടേയിരിക്കും.

                      എല്ലാ രോഗികളുടെയും സമീപം ഇടയ്ക്കിടെ ചെറുപ്പക്കാരികളായ വെള്ളപ്രാവുകൾ, നേഴ്സുമാരായി വന്ന് പേര് വിളിച്ച് കാര്യങ്ങൾ ചോദിച്ചും പറഞ്ഞും ആശ്വസിപ്പിക്കും; നെഞ്ച് വേദനയും ശ്വാസതടസ്സവും വന്നപ്പോൾ അഡ്‌മിറ്റ് ആയ രോഗികളാണ്. അവരുടെ വിളികേട്ടാൽ ബോധമില്ലാത്ത അമ്മൂമ്മപോലും കണ്ണ് തുറന്ന് പുഞ്ചിരിക്കും. അറുപത് കഴിഞ്ഞ അമ്മൂമ്മയേയും പതിനാറ് കഴിഞ്ഞ അനിയത്തിയേയും അവർ ഉച്ചത്തിൽ പേര്‌ചൊല്ലി വിളിക്കും. അക്കൂട്ടത്തിൽ വാർഡിന്റെ ചുമതലയുള്ള ചെറുപ്പക്കാരിയായ സിസ്റ്റർ എന്നെയും വിളിക്കുന്നത്; എന്റെ പേര്.
                       സഹകരണ ആശുപത്രി എന്ന് പേര് ശരിവെക്കുന്നതുപോലെ ഡോക്റ്ററും നേഴ്സും രോഗിയും ചേർന്ന് സഹകരിച്ച് രോഗം മാറ്റുകയാണ്. എല്ലാ രോഗികളുടെയും പേര് മനസ്സിലാക്കിയ നമ്മുടെ ഡോക്റ്ററും ഉച്ചത്തിൽ വിളിക്കും ‘രോഗികളുടെ പേര്’. സ്വന്തം മക്കളെക്കാൾ സ്നേഹത്തിൽ ഒരു ഡോക്റ്റർ വിളിക്കുന്നത് കേട്ടാൽ ചില അമ്മൂമ്മമാർക്ക് അവിടം വിട്ടുപോകാൻ തോന്നാറില്ല എന്ന് പറയാറുണ്ട്.
എന്നാൽ എന്റെ അടുത്ത് വന്നാൽ മാത്രം ഡോക്റ്ററുടെ വിളിയിൽ ഒരു മാറ്റം കാണും;
“ടീച്ചറെ എങ്ങനെയുണ്ട്? വേദന കുറവുണ്ടോ?”
ജനറൽ വാർഡിൽ ഞാനൊഴികെ എല്ലാവരെയും പേര് വിളിക്കുന്ന, കണ്ണൂർ സ്വദേശിയല്ലാത്ത ഡോക്റ്റർ എന്നെമാത്രം ടീച്ചറെ എന്ന് വിളിക്കുന്നു. അത് വേണമല്ലോ; ഞാനൊരു ടീച്ചറാണെന്ന് ഡോക്റ്റർ ആദ്യമേ അറിഞ്ഞിരിക്കുമല്ലൊ.
                       ഒരാഴ്ച അങ്ങനെ കടന്നുപോയി; അതിനിടയിൽ എന്നിൽ ഒളിച്ചിരിക്കുന്ന രോഗത്തെ തിരിച്ചറിഞ്ഞ ഞാൻ രോഗത്തെ പൂർണ്ണമായി മനസ്സിലാക്കി;
ഇങ്ങനെ എത്ര രോഗങ്ങൾ കണ്ടതാണ്?

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസം;
വാർഡ് ചുമതലയുള്ള ചെറുപ്പക്കാരി സിസ്റ്റർ ഞാൻ കിടക്കുന്നതിന് സമീപം വന്ന് എന്നെ വിളിച്ചു,
“ടീച്ചറേ?”
ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്റെ കൈ പിടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു,
“നിങ്ങൾ ഒരു ടീച്ചറാണെന്ന് ഞാനറിഞ്ഞില്ല; നമ്മുടെ ഡോക്റ്റർ തമാശയായി ചിലരെ ‘ടീച്ചർ’ എന്ന് വിളിക്കാറുണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു,,,”
“അതിനെന്താ?”
“ഒരു ടീച്ചറെ ഞാൻ പേര് വിളിക്കരുതായിരുന്നു. ഇന്ന് ഡോക്റ്റർ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്; നിങ്ങൾ ശരിക്കും ടീച്ചറാണെന്ന്,,,”      
      
                       ആളെ(എന്നെ) തിരിച്ചറിയാത്ത സംഭവങ്ങൾ എന്റെ ജീവിതയാത്രയിൽ പലപ്പോഴും സംഭവിക്കാറുണ്ട്; സ്ക്കൂളിൽ മാത്രമല്ല, വീട്ടിലും,,,
                     ‘രാത്രിയിൽ മാത്രം സ്ത്രീകൾ അണിയുന്ന നൈറ്റി’, പകൽ‌വെളിച്ചത്തിൽ മാക്സിയായി രൂപാന്തപ്പെട്ട് നമ്മുടെ നാട്ടിൻ‌പുറത്ത് അരങ്ങേറുന്ന കാലം; കിട്ടിയ ചാൻസിന് ഞാനും രണ്ട് മാക്സി വാങ്ങി. സന്ധ്യക്ക് സ്ക്കൂളിൽ നിന്ന് വന്ന ഉടനെ സാരിയിൽ നിന്ന് മാക്സിയിൽ കയറും, പിറ്റേന്ന് രാവിലെ വരെ, സുഖം സൌകര്യം. എന്റെ ഈ മാക്സിമാറ്റത്തിൽ ഭർത്താവിന് എതിർപ്പൊന്നും ഇല്ലെങ്കിലും കോളേജിൽ പഠിക്കുന്ന രണ്ട് പെൺ‌മക്കൾ തീരെ അനുകൂലിച്ചില്ല.
‘അമ്മ മാക്സിയിൽ വന്നാൽ ചൂരീദാർ അണിയുന്ന മക്കളും അമ്മയും തമ്മിൽ എന്താണ് വ്യത്യാസം?; അവർ ചോദിക്കുകയാണ്.
ഗ്രാമം പട്ടണമായി രൂപാന്തരപ്പെടുന്ന എന്റെ ഗ്രാമത്തിൽ,  ഈ മാക്സിധാരണം പലർക്കും ദഹിക്കാത്തതിനാൽ ആരും അനുകരിച്ചില്ല; നാട്ടുകാർ പറഞ്ഞു,
‘ടീച്ചർക്ക് അങ്ങനെയൊക്കെ ആവാം’.

അങ്ങനെ ഒരു ഞായറാഴ്ച,,,
 മാക്സി ദേഹത്ത് ഫിറ്റ് ചെയ്ത ഞാൻ അടുക്കള ജോലിയിലാണ്. പെട്ടെന്ന് കോളിംഗ്‌ബെൽ കേട്ട് പുറത്തുവന്നപ്പോൾ കണ്ടത്, മുൻ‌പരിചയമില്ലാത്ത പ്രായമേറെയുള്ള ഒരാളും, ഒപ്പം രണ്ട് ചെറുപ്പക്കാരും.
എന്നെകണ്ട ഉടനെ, ആ കാരണവർ പറഞ്ഞു,
“മോളേ അച്ഛനില്ലെ? ഒന്ന് വിളിക്ക്,,,”
                     ഒന്നും പറയാതെ ഞാൻ അവരെ നോക്കി; ഏതാനും വർഷം മുൻപ് മരിച്ചുപോയ, എന്റെ അച്ഛനെ എവിടെപ്പോയി എങ്ങനെ ഞാൻ വിളിക്കും?
ആകെ ഒരു കൺഫ്യൂഷൻ,,,
ഞാൻ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ കൂട്ടത്തിൽ മറ്റൊരാൾ പറഞ്ഞു,
“അച്ഛൻ വീട്ടിലില്ലെങ്കിൽ അമ്മയെ വിളിക്ക്; നമ്മള് പെണ്ണ് കാണാൻ വന്നതാ, ഇതാണ് പയ്യൻ,,,”

October 27, 2010

വഴി തെറ്റി വന്ന ഒരു കവി


‘പതിവായ്
ഉമ്മകൾ
നൽകി ഞാൻ.
ഒരുനാൾ
വേണ്ടെന്നനുജത്തി.
കാര്യം
എന്തെന്നാരാഞ്ഞു.
കാര്യം
ഏട്ടനും ആണല്ലേ..?’

                    കവിതാ ലോകത്തിലേക്ക് പിച്ചവെച്ച് നടക്കുന്ന ‘ഹാഷിം സീരകത്ത്’ എന്ന കവിയുടേതാണ് ഈ വരികൾ. ഒരു മഹാസത്യം വിളിച്ചുപറഞ്ഞ് മുതിർന്നവരുടെ കണ്ണ് തുറപ്പിക്കുന്ന കവിത.
                   അദ്ദേഹത്തിന്റെ ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹരത്തിലെ ഓരോ കവിതയും വേറിട്ട് നിൽക്കുന്നത്, ആശയത്തിന്റെ തീവ്രത കൊണ്ടാണ്. ‘പേറ്റുനോവറിഞ്ഞ എല്ലാ അമ്മമാർക്കും വേണ്ടി’ സമർപ്പിക്കുന്ന ഈ കവിതാ സമാഹാരത്തിലെ കവിതകൾ ഓരോന്നും ആന്തരികമായ ആശയങ്ങൾ കാരണം പൊള്ളുന്നതും, വായനക്കാരനെ ഏറെ നേരം ചിന്തിപ്പിക്കുന്നതുമാണ്. 

                   കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്ത് താമസിക്കുന്ന ‘ഹാഷിം സീരകത്ത്’ എഴുതിയ 43 കവിതകൾ ഉൾക്കൊള്ളുന്ന ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം 24.10.2010 ന് കണ്ണുരിലെ ‘ബാവാച്ചിഹാളിൽ’ ‌വെച്ച് നടന്നു. ശ്രീ. എം. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രശസ്തകവി ശ്രീ. കുരിപ്പുഴ ശ്രീകുമാർ നൽകിയ കവിതാപുസ്തകം കണ്ണുരിന്റെ കവിയായ മാധവൻ പുറച്ചേരി ഏറ്റുവാങ്ങിയതോടെ ഹാഷിമിന്റെ കവിതയെയും കവിയെയും മലയാളികൾ തിരിച്ചറിയാൻ തുടങ്ങി.
                      പുസ്തകപ്രകാശന ചടങ്ങിൽ അദ്ധ്യക്ഷൻ ശ്രീ രമേശൻ ബ്ലാത്തൂർ ആയിരുന്നു; പുസ്തക പരിചയം നടത്തിയത് ശ്രീ നാരായണൻ കാവുമ്പായി. പി. കെ ശിഹാബുദ്ദീൻ മാസ്റ്റർ, വിനോദ് വെള്ളായിണി, വി. വി. മോഹനൻ, കെ. മനോജ് മാസ്റ്റർ, എന്നിവർ ആശംസാപ്രസംഗം നടത്തി. ഹാഷിം സീരകത്ത് മറുപടി പറഞ്ഞശേഷം ശ്രീ. എൻ. പി. റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.

                   ഹാഷിം ഒരു കവിയാണ്, ഉള്ളിൽ കവിതകൾ നിറഞ്ഞിരിപ്പുണ്ട് എന്ന് തിരിച്ചറിയാൻ നമ്മൾ ഏറെ വൈകി എന്ന് ആശംസാപ്രസംഗം നടത്തിയ എല്ലാവരും അഭിപ്രായപ്പെട്ടു. ശ്രീകണ്ഠാപുരത്തെ ഒരു കടയിലിരുന്ന് മധുര പലഹാരങ്ങളും മധുരിക്കുന്ന പഴങ്ങളും വിൽക്കുന്ന, ചെറുപ്പക്കാരനായ ‘ഹാഷിം’ കവിതയുടെ ലോകത്ത് വിഹരിക്കുന്നുണ്ട് എന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞത് ആദ്ദേഹത്തിന്റെ ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹാരത്തിലൂടെയാണ്. അതുവരെ,

‘വ്യതസ്തനാം കവിയായ ഹാഷിമിനെ
സത്യത്തിൽ നമ്മളാരും തിരിച്ചറിഞ്ഞില്ല’
എന്ന സത്യം അദ്ദേഹത്തെ അടുത്തറിയുന്നവരും അദ്ധ്യാപകരും പറഞ്ഞപ്പോൾ സദസ്സിലുള്ളവർ സത്യമായും കരഞ്ഞുപോയി. അനവസരത്തിലുണ്ടായ രോഗം കാരണം ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കാനാവാത്ത  ഹാഷിമിന്റെ ഉള്ളിൽ കവിതയുടെ ഒരു ലോകം ഒളിച്ചിരിപ്പുണ്ടെന്ന് പുസ്തകപ്രകാശനത്തോടെ കണ്ണൂരിലുള്ള സഹൃദയലോകം തിരിച്ചറിയാൻ തുടങ്ങി. 
      ഹാഷിമിന്റെ കവിത വായിച്ച് കവിയെ തിരിച്ചറിയുന്ന നിമിഷം വായനക്കാർ ആശ്ചര്യപ്പെടുകയാണ്. ആദ്യത്തെ കവിത ‘സുഗന്ധം’ നോക്കു,
കാറ്റിന്റെ
കൈകളിൽ
എത്തിയില്ലെങ്കിൽ
ഞാൻ
ഇപ്പോഴും
രഹസ്യമായേനേ.
സുഗന്ധം മറ്റുള്ളവർ അറിയണമെങ്കിൽ അതിന് കാറ്റിന്റെ തലോടൽ വേണം. അതെ, ‘വഴി തെറ്റി വന്നവനെ മറ്റുള്ളവനെ’ തിരിച്ചറിയുന്ന കാറ്റ് ആയി മാറുകയാണ് ഈ പുസ്തകപ്രകാശനം. ശ്രീ കുരിപ്പുഴ ശ്രീകുമാർ ഓരോ കവിതയും വായിച്ച്  പ്രകാശനകർമ്മം നിർവ്വഹിച്ചതോടെ കവിതാലോകത്തേക്കുള്ള ഹാഷിമിന്റെ കടന്നുവരവിനെ എല്ലാവരും സ്വാഗതം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിന്റെ കവിതയാണ് ‘വാഗ്ദാനം’, അതിലെ വരികൾ,
“അയാൾ
ഇവിടെ വന്നത്
അച്ഛനോട് മോൻ പറയരുത്
അമ്മ മോന് തോക്ക്
വാങ്ങിത്തരാം”
“വേണ്ട,
ഞാൻ മൊബൈലിൽ
പിടിച്ച ചിത്രം
കാണിച്ചു കൊടുത്താൽ
അച്ഛനെനിക്ക്
ബോംബ്
വാങ്ങിച്ചു തരും”
                ഹാഷിം ഇനിയും ഏറെദൂരം സഞ്ചരിക്കും, കവിതയിലൂടെ; ചിലപ്പോൾ കഥയിലേക്ക് ചുവടുമാറ്റം നടത്താനും ഇടയുണ്ട്.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ഏതാനും ഫോട്ടോകൾ കൂടി ഇവിടെ പ്രസിദ്ധീ‍കരിക്കുന്നു.

      
         ‘വഴി തെറ്റി വന്നവൻ’ എന്ന് കവിതാ സമാഹരത്തിന്റെ പേരാണെങ്കിലും നമ്മുടെ യുവകവിക്ക് വഴി തെറ്റിയിട്ടില്ല എന്ന് കാലം തെളിയിക്കും. ജീവിതയാത്രയിൽ കവിതാലോകത്ത് ഏറെദൂരം സഞ്ചരിക്കാൻ ‘ഹാഷിം സീരകത്തിന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

October 23, 2010

അറിയില്ല?

 പിറന്നുവീണപ്പോൾ അമ്മ പറഞ്ഞു,
എന്റെ മകൾക്കൊന്നും അറിയില്ല;
കുഞ്ഞിളം കണ്ണുകൾ‌നോക്കി അച്ഛൻ പറഞ്ഞു,
ഇവൾക്കൊന്നും അറിയില്ല;
***
പിച്ചവെച്ച് നടന്നപ്പോൾ ബന്ധുക്കൾ പറഞ്ഞു,
അവൾക്കൊന്നും അറിയില്ല;
കളിവീടുണ്ടാക്കവെ കൂട്ടുകാരൻ പറഞ്ഞു,
നിനക്കൊന്നും അറിയില്ല;
അക്ഷരമോതും‌നേരം ഗുരു പറഞ്ഞു,
ഈ കുഞ്ഞിനൊന്നും അറിയില്ല;
കൂടെപ്പഠിക്കും സഹപാഠികൾ പറഞ്ഞു,
ഇതിനൊന്നും അറിയില്ല;
***
പ്രേമം മൂത്തപ്പോൾ കാമുകൻ പറഞ്ഞു,
ഈ പെണ്ണിനൊന്നും അറിയില്ല;
കല്ല്യാണപ്രായത്തിൽ നാട്ടുകാർ പറഞ്ഞു,
അതിനൊന്നും അറിയില്ല;
കല്ല്യാണം കഴിഞ്ഞപ്പോൾ കണവൻ പറഞ്ഞു,
എന്റെ ഭാര്യക്കൊന്നും അറിയില്ല;
***
പഠിപ്പിച്ചുകൊണ്ടിരിക്കെ ശിഷ്യർ പറഞ്ഞു,
ഈ ടീച്ചർക്കൊന്നും അറിയില്ല;
അമ്മയായപ്പോൾ മക്കൾ പറഞ്ഞു,
ഈ അമ്മക്കൊന്നും അറിയില്ല;
***
അതേ,
എനിക്കൊന്നും അറിയില്ല,
എനിക്കെല്ലാം അറിയാമെന്ന്,
അവർക്കെല്ലാം അറിയാമെന്ന്,
ഒരിക്കലും ഞാൻ അറിഞ്ഞില്ല.
******************* 

October 2, 2010

ജീവിതസായാഹ്നത്തിൽ ഇത്തിരി നർമ്മം

                 ആ അമ്മൂമ്മ അവരുടെ ജീവിതത്തിലാദ്യമായി മൈക്ക് കൈയിൽപിടിച്ച് പാടുകയാണ്. പഴയ ഒരു സിനിമാപാട്ട് കഴിഞ്ഞ് അടുത്തതായി നാടൻ പാട്ടിലെത്തി; എന്നിട്ടും മൈക്ക് കൈമാറാതെ അവർ പണ്ടെങ്ങോ പഠിച്ച കൃഷ്ണഗാഥ പാടുകയാണ്. കേൾക്കാൻ നൂറിലധികം പേരുള്ള ആ സദസ്സിന് കർശ്ശനമായ അച്ചടക്കത്തിന്റെ ചട്ടക്കൂടുകളില്ലാത്തതിനാൽ കേൾവിക്കാരായ, കാണികളായ, പങ്കാളികളായ എല്ലാവരും സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്.
                 പാട്ടുകച്ചേരി കഴിഞ്ഞ മറ്റൊരു മുത്തശ്ശി നേരെ നടന്നെത്തിയത് ആശുപത്രി ജീവനക്കാരിയുടെ സമീപമാണ്. ചെറുപ്പക്കാരിയായ സിസ്റ്ററുമൊത്ത് പാട്ടുപാടി, പിന്നെ അവർ കൈകൊട്ടിക്കളിക്കുകയാണ്. പഴയപാട്ടിന്റെ താളത്തിനൊത്ത് അവർ രണ്ടുപേരും ചുവട് വെക്കുകയാണ്.
                ഇവിടെ ചിലർ സൌഹൃദം പങ്ക്‌വെക്കുന്നു, ചിലർ മനസ്സുതുറന്ന് സംസാരിക്കുന്നു, ചിലർ വേദനകൾ അന്യോന്യം പറഞ്ഞ് ആശ്വാസം നേടുന്നു. അവരെല്ലാം നാട്ടുകാരായ, പരിചയക്കാരായ, അറുപത് കഴിഞ്ഞ വയോജനങ്ങളാണ്. പരാതികളും പരിഭവങ്ങളും മാറ്റിവെച്ച്, മാസത്തിൽ ഒരു ദിവസം ഏതാനും മണിക്കൂറുകൾ അവർ ഒത്ത്‌ചേരുന്നു. അവരുടെ കൂട്ടത്തിൽ പെൻഷൻ പറ്റിയ അദ്ധ്യാപകരും മറ്റു ഗവണ്മേന്റ് ജീവനക്കാരും തൊഴിലാളികളും വീട്ടമ്മമാരും ഉണ്ട്.
             കണ്ണൂർ ജില്ലയിലെ ‘ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചക്കരക്കല്ല്’ ആസ്ഥാനമായി 2005 ഒക്റ്റോബർ 1ന് ആരംഭിച്ച വയോജനക്കൂട്ടായ്മ ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കി. ഓരോ മാസവും ആശുപത്രി പരിധിയിൽ വരുന്ന വയോജനങ്ങൾ ഒരു ദിവസം രാവിലെ ഒത്തുചേരുന്നു; മിക്കവാറും മൂന്നാമത്തെ വ്യാഴാഴ്ച. ആ ദിവസം മറക്കാതെ ഇവിടെ എത്തിച്ചേരുന്നത് അധികവും സ്ത്രീജനങ്ങളാണ്. മക്കളെല്ലാം ജോലിക്കും പേരമക്കൾ സ്ക്കൂളുകളിലും പോയനേരത്ത് പത്ത് മണിയായാവുമ്പോൾ ഒറ്റയ്ക്കും കൂട്ടുചേർന്നും സമീപമുള്ളവർ നടന്ന് വരുമ്പോൾ ധാരാളം‌പേർ ബസ്സിൽ വന്നിറങ്ങും. പിന്നെ ഉച്ചവരെ ആശുപത്രിയിലെ ഒരു പ്രത്യേക ഹാളിൽ ഒത്തുകൂടി അവരുടേതായ ലോകത്ത് വിഹരിക്കുകയാണ്.
             അങ്ങനെ മാസത്തിൽ ഒരു ദിവസം ഇവിടെയെത്തുന്ന വയോജനങ്ങൾക്ക് അവിടെയുള്ള ഡോക്റ്റർമാരുടെ സേവനത്തോടൊപ്പം സൌജന്യമായി മരുന്നുകളും ലഭിക്കും. ശരീരഭാരം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കും. ഒപ്പം സാമൂഹ്യ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച, വിവിധയിനം ക്യാമ്പുകൾ, ആരോഗ്യബോധവൽക്കരണ പരിപാടികൾ, അനുഭവങ്ങൾ പങ്ക് വെക്കൽ, നർമ്മ സംഭാഷണങ്ങൾ, പാട്ട്‌പാടൽ, കൈകൊട്ടിനോടൊപ്പം പൊട്ടിച്ചിരിക്കൽ,  വയോജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവയും നടത്തിവരുന്നു. ഉച്ചവരെയുള്ള ആ ഒത്തുചേരലിനോടൊപ്പം എല്ലായിപ്പോഴും ലഘുഭക്ഷണം കൂടി ഉണ്ടാവും. 
               ഇവ കൂടാതെ വിപുലമായ വാർഷികപരിപാടിയോടൊപ്പം വയോജനങ്ങൾ പങ്കാളിയാവുന്ന പലതരം മത്സരങ്ങളും  നടത്താറുണ്ട്. പ്രധാനപ്പെട്ട ഇനമാണ് സുന്ദരിക്ക് പൊട്ടുകുത്തൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായ ഈ മത്സരം വളരെ രസകരമാണ്.
                       അതുപോലെ ഓർമ്മിച്ചുപറയൽ, ഊഹിച്ചുപറയൽ, അന്താക്ഷരി എന്നീ മത്സരങ്ങളും പൊതുവായിട്ടുള്ളതാണ്. ഒരുപിടി പയർ‌വിത്ത് ഒരു സ്ഥലത്ത്‌വെച്ച്, അത് നോക്കി എണ്ണം ഊഹിച്ചു പറയുക. എല്ലാവരും സംഖ്യ പറഞ്ഞശേഷം എണ്ണിനോക്കിയാൽ കൃത്യം എണ്ണമോ അതിനടുത്ത എണ്ണമോ പറയുന്നവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നൽകി സമ്മാനം കൊടുക്കുന്നു. ഇവിടെ നടക്കുന്ന അന്താക്ഷരി മത്സരത്തിൽ അനേകം സിനിമാഗാനങ്ങൾ ആലപിക്കുന്നു.
            വയോജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിയാണ് കസേരകളി‌(Musical chair) 
ആദ്യം സ്ത്രീകളുടെ കസേരക്കളിയാണ്; പങ്കെടുക്കാൻ ധാരാളം പേരുണ്ട്.


               അടുത്തതായി പുരുഷന്മാരുടെ കളിയാണ്; കാണികൾ കൂടുതലാണെങ്കിലും പങ്കാളികൾ അല്പം കുറവാണ്.

                     അങ്ങനെ മാസത്തിൽ ഒരു ദിവസം അറുപത് കഴിഞ്ഞവർ  വീട്ടിൽ‌നിന്ന് പുറത്തിറങ്ങി ഒത്തുചേർന്ന് പാടുകയും ആടുകയും ചെയ്തശേഷം, ഏതാണ്ട് പത്ത് വയസ്സ് കുറഞ്ഞ ശരീരവും മനസ്സും ആയിമാറി അവർ തിരികെ വീട്ടിലെത്തുന്നു.

September 15, 2010

ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം


       അച്ഛന്റെ കൈപിടിച്ചുകൊണ്ട് സ്ക്കൂളിന്റെ പടികൾ ആദ്യമായി കയറി, അകത്ത് പ്രവേശിച്ചപ്പോൾ വിശാലമായ ലോകം‌കണ്ട് ഞാനൊന്ന് ഞെട്ടി.
ആ ഞട്ടലിനിടയിൽ ഒരിക്കൽ‌പോലും ഞാൻ ‘ഒരു കാര്യം’ ചിന്തിച്ചിരിക്കാനിടയില്ല;
എന്താണെന്നോ?
*** ‘ഒന്നാം തരം മുതൽ 5 കൊല്ലം അവിടെ പഠിച്ച് ജയിച്ച ഞാൻ; വർഷങ്ങൾക്ക്ശേഷം ഒരു അദ്ധ്യാപികയായി രൂപാന്തരം പ്രാപിച്ച് അതേ സ്ക്കൂളിൽ 5 വർഷം പഠിപ്പിക്കും, എന്ന മഹത്തായ കാര്യം’.
അതെ, അന്ന് ആദ്യമായി അകത്ത് പ്രവേശിച്ചത്, ഞാൻ ആദ്യമായി പഠിച്ചതും പഠിപ്പിച്ചതുമായ വിദ്യാലയത്തിലാണ്.
                     ധാരാളം കുട്ടികളെയും മുതിർന്നവരെയും ഒന്നിച്ച് കണ്ടപ്പോൾ വീട്ടിൽ‌നിന്നും പുറത്തിറങ്ങി അടുത്ത വീട്ടിൽ‌പോലും ഒറ്റയ്ക്ക് പോകാൻ സ്വാതന്ത്ര്യം നിഷേധിച്ച, വീട്ടിലെ മുതിർന്നവർക്കിടയിൽ ഒരേയൊരു കുട്ടിയായ എനിക്ക്, എൽ.പി സ്ക്കൂൾ ഒരു വലിയ ലോകമായി തോന്നിയതിൽ ആശ്ചര്യമില്ല.                   
                      ഒന്നാം ക്ലാസ്സിൽ ചേർന്ന ആദ്യദിവസം സ്ക്കൂളിന്റെ അകത്ത് കടന്ന ഞാൻ, അച്ഛനെ മുറുകെപിടിച്ച് ചുറ്റുപാടും നോക്കാൻ തുടങ്ങി. എത്രയെത്ര ആളുകളാണ്? എവിടെ നോക്കിയാലും കുട്ടികൾ ഓടിക്കളിക്കുന്നു. പരിചയക്കാരായ അദ്ധ്യാപകരെ പ്രത്യേകം പ്രത്യേകമായി കണ്ടെത്തിയ അച്ഛൻ, മകളെ അവർക്ക് പരിചയപ്പെടുത്തി. സ്ക്കൂളിന്റെ ആപ്പീസുമുറിയിൽ കടന്നപ്പോൾ മുന്നിലുള്ള അദ്ധ്യാപകന്റെ കാലുതൊട്ട് വന്ദിക്കാൻ എന്നോട് പറഞ്ഞു,
                      നീളൻ ജുബ്ബയിട്ട ആ അദ്ധ്യാപകനെ തലയുയർത്തി നോക്കിയശേഷം കുനിഞ്ഞ് കാല് പിടിക്കുന്ന എന്നെ പിടിച്ചുയർത്തി, അദ്ധ്യാപകൻ അനുഗ്രഹിച്ചു. ആ വലിയ മനുഷ്യന്റെ കരംഗ്രഹിച്ച് അച്ഛൻ എന്നോട് പറഞ്ഞു,
“ഇതാണ് നിന്റെ ഹെഡ്മാസ്റ്റർ കുമാരൻ മാഷ്”
ഞാൻ അച്ഛന്റെ പിന്നിലൊളിച്ച് പേടിയോടെ ആ മനുഷ്യനെ എത്തിനോക്കി.
                       പിന്നീട് ഞങ്ങൾ മറ്റുള്ള അദ്ധ്യാപകർ ഓരോരുത്തരെയും പരിചയപ്പെട്ടു; ഓരോ പരിചയപ്പെടലിന്റെ നേരത്തും അവരുടെ കാൽ തൊട്ട് വന്ദിച്ചു; കോരൻ മാഷ്, അപ്പനു മാഷ്, കറുവൻ മാഷ് അങ്ങനെ പോയി ഒടുവിൽ ഒന്നാം‌തരത്തിലെത്തി അവിടെയുള്ള രോഹിണിടീച്ചറെയും വണങ്ങി. ടീച്ചർ എന്നെ മടിയിൽ പിടിച്ചിരുത്തി ഒരു വിശേഷപ്പെട്ട സാധനം തന്നു,,,
ഒരു ചോക്ക് കഷ്ണം.
. അത് ഒരു തുടക്കം ആയിരിക്കാം,,,
*** വർഷങ്ങൾക്ൿശേഷം ഒരു അദ്ധ്യാപികയായി അവിടെ വന്നപ്പോൾ ഒന്നാം തരത്തിൽ എന്നെ പഠിപ്പിച്ച അതേ രോഹിണിടീച്ചർ എന്റെ സഹപ്രവർത്തകയായി അതേ ഒന്നാം തരത്തിൽ‌തന്നെ അപ്പോഴും ഉണ്ടായിരുന്നു.
*** അദ്ധ്യാപകരിൽ അപ്പനു മാഷിന്റെ റജിസ്റ്ററിലെ പേര് മറ്റൊന്നായിരുന്ന് എന്ന് മനസ്സിലാക്കിയത് അദ്ധ്യാപിക ആയി മാറിയശേഷം പഴയ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ്.
*** കറുവൻ മാസ്റ്ററുടെ മരുമകളാണ് രോഹിണി ടീച്ചർ. സ്വാതന്ത്ര്യസമര സേനാനിയായ അവിവാഹിതനായ കറുവൻ മാസ്റ്ററുടെ ബന്ധുക്കളിൽ രോഹിണി ടീച്ചറടക്കം പലരും അവിവാഹിതരാണ്.
*** ഏറ്റവും ഒടുവിൽ രോഹിണിടീച്ചറടക്കം എന്റെ പ്രൈമറി അദ്ധ്യാപകരെല്ലാം പല കാലങ്ങളിലായി ചരമം പ്രാപിച്ചു.
ഇവിടെ എന്റെ വിദ്യാലയ ദിനങ്ങൾ ആരംഭിക്കുകയായി.
പിറ്റേന്ന്,
രാവിലെയമ്മ കുളിപ്പിച്ച്,
പുത്തനുടുപ്പുകളിടുവിച്ച്,
പുസ്തകസഞ്ചിയെടുപ്പിച്ച്,
ഉമ്മകളൊന്നും നൽകാതെ,
പുറത്തിറങ്ങി. (കുട്ടികളെ ഉമ്മവെക്കുന്ന സ്വഭാവം എന്റെ വീട്ടുകാർക്കില്ല)
                   ഞാൻ പുറപ്പെടുന്നതിനു വളരെ മുൻപെ അയൽ‌പക്കത്തെ കുട്ടികൾ വീട്ടിലെത്തിയിരുന്നു. എന്നെ അവരുടെ കൂടെ വിടുമ്പോൾ ഉപദേശനിർദ്ദേശങ്ങൾ പെരുമഴയായി അമ്മയിൽ നിന്നും വീട്ടിലെ മറ്റുള്ളവരിൽ നിന്നും പെയ്യാൻ തുടങ്ങി,
“1, സ്ക്കൂളിന്റെ പടിഞ്ഞാറ് ഭാഗം പോകരുത്,
2, കുട്ടി ക്ലാസ്സിനകത്ത് ഇരിക്കുന്നുണ്ടോ എന്ന് എപ്പോഴും നോക്കണം,
3, പൊറത്ത് കളിക്കാൻ പോകാതെ ആകത്തിരിക്കണം,
4, പോകുമ്പോഴും വരുമ്പോഴും കുട്ടീന്റെ കൈ പിടിക്കണം,
5, വേലിയും മതിലും കടക്കാൻ‌നേരത്ത് കുട്ടീനെ എടുത്ത് കയറ്റണം,
6, നായയോ പശുവോ വരുന്നത് നോക്കണം,
7, പൊട്ടൻ രാമനെക്കണ്ടാൽ കുട്ടീനെ ഒറ്റക്കാക്കി പായരുത്,
8, എല്ലാരും ഒപ്പരം നടക്കണം,”
                    എല്ലാറ്റിനും എല്ലാരും തലയാട്ടി; പിന്നീട് അയൽ‌വാസിയായ ഇന്ദിരേച്ചി എന്റെ കൈ പിടിച്ച് വീട്ടിൽ‌നിന്നും ഇടവഴി കടന്ന് കുന്ന് കയറാൻ തുടങ്ങി.
ചുവന്ന അടയാളം വഴി നടന്ന് തെങ്ങുകൾക്കിടയിലൂടെ കുന്ന് കയറിയാൽ എന്റെ വിദ്യാലയം കാണാം.
                        വിദ്യാർത്ഥി ആയ ഞാൻ ആരോടും പരിഭവമില്ലാതെ ജീവിതപാഠങ്ങൾ ഓരോന്നായി അനുഭവത്തിലൂടെയും അദ്ധ്യാപകരിലൂടെയും പഠിച്ചു. രണ്ടാം ദിവസം സ്ക്കൂളിൽ എത്തിയത് ചുമലിൽ തൂങ്ങുന്ന സഞ്ചിയിൽ സ്ലെയിറ്റും പെൻസിലുമായാണ്. രോഹിണിടീച്ചർ സ്ലെയിറ്റിൽ പെൻസിൽകൊണ്ട് ‘ഹരിശ്രി’ എഴുതിത്തന്നതിനുശേഷം നിലത്തിരുന്ന് വെളുത്ത പൂഴിമണലിൽ വിരലുപിടിച്ച് എഴുതിച്ചു. ഒന്നാം ക്ലാസ്സിന്റെ തറയിൽ തൂവെള്ള നിറമുള്ള, കടപ്പുറത്തെ പൂഴിയാണ്. ഈ പൂഴി ഇടയ്ക്കിടെ മാറ്റി പുതിയവ നിറക്കുന്ന ജോലി ചെയ്യുന്നത് അഞ്ചാം തരത്തിലെ മുതിർന്ന ആൺകുട്ടികളാണ്. ഹെഡ്‌മാസ്റ്ററുടെ നിയന്ത്രണത്തിൽ ചാക്കുമായി കുന്നിറങ്ങി കടൽതീരത്തുനിന്നും പുത്തൻ മണൽ‌വാരി സ്ക്കൂളിലേക്ക് വരുന്ന ആൺ‌കുട്ടികൾ മറ്റുള്ളവരുടെ ആരാധനാപാത്രങ്ങളായിരിക്കും.
                      പല പ്രായത്തിലുള്ള, പല ക്ലാസ്സുകളിൽ പഠിക്കുന്ന, ഒരേ നാട്ടുകാരായ വിദ്യാർത്ഥികളെല്ലാം ഒന്നിച്ച് രാവിലെ സ്ക്കൂളിൽ വരുന്നു. ഉച്ചക്ക് വീട്ടിൽ‌പോയി ഉച്ചഭക്ഷണം കഴിഞ്ഞ് തിരിച്ച് സ്ക്കൂളിൽ വരുന്നു. വൈകുന്നേരം കടൽക്കാറ്റേറ്റ് പാറകളിലും പുല്ലിലും ചവിട്ടിക്കളിച്ച് വീട്ടിൽ തിരിച്ചെത്തുന്നു.
ഉച്ചക്കഞ്ഞിയും അമേരിക്കൻ ഉപ്പുമാവും സ്ക്കൂളിൽ പ്രവേശിച്ചത് ഏതാനും വർഷം കഴിഞ്ഞാണ്.
*** പടിഞ്ഞാറുഭാഗം കുത്തനെ താഴോട്ട് അറബിക്കടലാണ് എന്ന് പറയുന്നത് കേട്ടു. അന്നുള്ള പേടികാരണം അദ്ധ്യാപിക ആയപ്പോഴും ആ വഴിയിലൂടെ ഇറങ്ങി താഴോട്ട് പോകാറില്ല. (ഇപ്പോൾ ആ വഴിയിലൂടെ ടൂറിസ്റ്റുകളായ ‘സായിപ്പ്-മദാമ്മമാർ’ ഓടിക്കയറുന്നതും ഇറങ്ങുന്നതും കടൽ‌തീരത്തുനിന്ന് കാണാം)
*** കളിക്കാൻ പോയാൽ ഉരുണ്ട്‌വീണ് പരിക്ക്പറ്റും; കൈ പിടിച്ചില്ലെങ്കിൽ ഞാൻ വഴിതെറ്റിപ്പോകാം.
*** പോകുന്ന വഴിയിൽ ഉയർന്ന വേലിയും മതിലും ഉണ്ട്. വഴിയിൽ നാട്ടുകാർ അതിരാവിലെ അഴിച്ച് വിട്ട പശുക്കളുണ്ടാവും; പിന്നെ നായകളെ ഒരിക്കലും കെട്ടിയിടാറില്ല.
*** പൊട്ടൻ രാമൻ ഒറ്റക്ക് നടക്കുന്ന കുട്ടികളെ കല്ലെടുത്തെറിയും.
മൂന്നാം ദിവസം,
                 അന്ന് എന്റെ സഞ്ചിയിൽ സ്ലെയിറ്റും പെൻസിലും കൂടാതെ ഒന്നാം പാഠാവലിയും ഒപ്പം ഒരു കൊച്ചു പുസ്തകവും ഉണ്ടായിരുന്നു. അവ രണ്ടും തലേദിവസം കണ്ണുരിൽ നിന്നും അച്ഛൻ കൊണ്ടുവന്നതാണ്. മറ്റുള്ളവർ പുത്തൻ പുസ്തകം തൊടാൻ ശ്രമിച്ചപ്പോൾ ഞാൻ കരയാൻ തുടങ്ങി. കൂടുതൽ കരച്ചിൽ കേൾക്കാനായി എല്ലാവരും ചേർന്ന് പുസ്തകം ഒന്ന് തൊട്ടുനോക്കാൻ പരിശ്രമിക്കുന്നതിനിടയിൽ ടീച്ചർ ക്ലാസിലെത്തി പുസ്തകം വാങ്ങി. ആ കൊച്ചുപുസ്തകം തുറന്ന ടീച്ചർ ഒന്നാം‌പേജിൽ പേനകൊണ്ട് പതുക്കെ എഴുതി ഓരോ അക്ഷരങ്ങളും വായിച്ചുതന്നു,
 “ഹരി. ശ്രീ. ഗ. ണ. പ. ത. യെ. ന. മഃ”
എന്നെക്കൂടാതെ പലരും പലതരം നോട്ട്ബുക്കുമായാണ് ക്ലാസ്സിൽ വന്നത്. അതിലെല്ലാം ടീച്ചർ ‘ഹരിശ്രീ’ എഴുതുകയും കുട്ടികളെ മണലിൽ എഴുതിക്കുകയും ചെയ്തു.                          
           ഒടുവിൽ ഒരു അത്ഭുതം സംഭവിച്ചു; നമ്മുടെ കൂട്ടത്തിൻ ഒരുത്തൻ കൊണ്ടുവന്നത് മൂന്ന് ഓലകളാണ്; സാക്ഷാൽ എഴുത്തോല എന്ന ‘പനയോല’. അവന്റെ കൈയിൽ‌നിന്ന് ഓലവാങ്ങിയ ടീച്ചർ കസേരയിൽ ഇരുന്നതോടെ ഞങ്ങളെല്ലാം മേശക്ക് ചുറ്റും കൂടി ടീച്ചറെ വളഞ്ഞു. ആ ഓല അളന്ന്മുറിച്ച് അറ്റത്ത് കറുത്ത നൂല്‌കൊണ്ട് കെട്ടിയശേഷം മേശതുറന്ന് എഴുത്താണി(നാരായം) പുറത്തെടുത്തു. ടീച്ചറുടെ ചൂണ്ടുവിരലിനും നടുവിരലിനും ഇടയിൽ ഇരുമ്പ് കൊണ്ടുള്ള എഴുത്താണി പിടിച്ച് വിരലുകൾ മടക്കി ആണിയുടെ കൂർത്ത അറ്റം കൊണ്ട് ഓലയിൽ ‘ഹരി. ശ്രീ’ എന്ന് എഴുതാൻ തുടങ്ങി.  മറ്റുള്ളവരെയെല്ലാം കൊതിപ്പിച്ച ആ ഓലപുസ്തകം കിട്ടിയ നമ്മുടെ സഹപാഠിയെ എല്ലാവരും അസൂയയോടെ നോക്കിനിൽക്കെ ഒരു പെൺ‌കുട്ടി പറഞ്ഞു,
“അവന്റെ അച്ചന് മരം‌മുറിക്കലാണ് ജോലി, അതുകൊണ്ടാ എഴുത്തോല കിട്ടിയത്”
അച്ഛൻ ‘മരംമുറിക്കുന്ന ഒരു തൊഴിലാളി’ ആവാത്തതിൽ എനിക്ക് മാത്രമല്ല മറ്റു കുട്ടികൾക്കും പ്രയാസം തോന്നിയിരിക്കാം.
ദിവസങ്ങൾ ഓരോന്നായി നീങ്ങി,
                     ഹരിശ്രീയിൽ നിന്ന് ‘അ’ ‘ആ’ ‘ഇ’ ‘ഈ’ യിലേക്ക് കടന്ന് ‘ക’ ‘ഖ’ ‘ഗ’ ‘ഘ’ യുടെ വാതിൽ തുറക്കാൻ ആരംഭിച്ചു. അതോടൊപ്പം പാട്ടുകളും ചിത്രങ്ങളും കൂട്ടിനുവന്നു. എന്നാൽ സ്ക്കൂളിൽ വരുന്നതിന് വളരെ മുൻപ്‌തന്നെ ഞാൻ അക്ഷരങ്ങളുടെ ലോകത്തായിരുന്നു. അദ്ധ്യാപകരായ രണ്ട് അമ്മാവന്മാർ, വിളിച്ചാൽ കേൾക്കുന്നിടത്ത് ഗ്രാമീണ വായനശാല, വീട്ടിൽ പത്രവും മാസികയും ലൈബ്രറി പുസ്തകങ്ങളും’ എല്ലാം ചേർന്ന് രണ്ടാം തരം വരെയുള്ളതെല്ലാം പഠിച്ചിട്ടാണ് സ്ക്കൂളിലേക്കുള്ള എന്റെ വരവ്. ‘ഈസോപ്പ് കഥകൾ’ വായന ആയിരുന്നു അക്കാലത്തെ എന്റെ പ്രധാന ഹോബി,,,
ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം,
                        എന്നെയും കൂട്ടി രാവിലെ സ്ക്കൂളിൽ വന്ന സഹപാഠികൾ എന്നെമാത്രം ഒന്നാം‌ക്ലാസ്സിൽ തനിച്ചാക്കി കളിക്കാൻ പോയി. പോകുമ്പോൾ ധാരാളം നിർദ്ദേശങ്ങൾ തന്നു,
“പൊറത്ത് പോകരുത്; ഒച്ചയാക്കരുത്; എഴുന്നേറ്റ് ഓടരുത്;”
                        എല്ലാം കേട്ട് തലയാട്ടിക്കൊണ്ട് ഒന്നാം തരത്തിലെ ബഞ്ചിന്റെ ഒരറ്റത്ത് ഒറ്റപ്പെട്ട് ഞാനിരുന്നു. എട്ട് കുട്ടികൾ ഇരിക്കുന്ന നീളമുള്ള ബഞ്ചിൽ ഞാൻ മാത്രം. കിഴക്ക് പടിഞ്ഞാറായി നീണ്ട ഒരു വലിയ ഹാളിൽ പലയിടങ്ങളിലായി സാങ്കല്പിക അതിർത്തി തിരിച്ച്, അഞ്ച് ക്ലാസ്സുകളും അതിന്റെ പടിഞ്ഞാറായി അല്പം ഉയർന്ന് വാതിലില്ലാത്ത ആപ്പീസ് മുറിയും ചേർന്നാൽ എന്റെ വിദ്യാലയമായി. സ്ക്കൂളിലേക്ക് കടക്കാനും പുറത്ത്പോകാനുമായി 3 വാതിലുകൾ; ഒന്ന് കിഴക്ക് ഭാഗത്ത് ഒന്നാം ക്ലാസ്സിൽ തുറക്കുന്നതും മറ്റ്‌രണ്ടെണ്ണം വടക്ക് ഭാഗത്ത് രണ്ടറ്റത്തും സ്ഥിതിചെയ്യുന്നു. ഓലമേഞ്ഞ മേൽ‌ക്കൂര ആയതിനാൽ ചുറ്റുപാടുമുള്ള തെങ്ങുകളിൽ നിന്ന് ഓലയും തേങ്ങയും വീണാൽ കുട്ടികൾക്കും കെട്ടിടത്തിനും പരിക്ക്‌പറ്റുകയില്ല. കിഴക്കെയറ്റത്തുള്ള ഒന്നാം തരത്തിന് തൊട്ടടുത്ത് അഞ്ചാം തരം, പിന്നെ മൂന്ന്, രണ്ട്, നാല് എന്നിങ്ങനെയാണ് ക്രമീകരണം. അകത്ത് ചാണകം‌ തേച്ച് മോടികൂട്ടിയിട്ടുണ്ട്; ഒന്നാം ക്ലാസ്സിൽ‌മാത്രം അതിനുമുകളിൽ കടപ്പുറത്തെ തൂവെള്ളമണൽ നിരത്തിയിരിക്കുന്നു.
                         ഒറ്റപ്പെട്ട് ക്ലാസ്സിലെ ബഞ്ചിൽ ഇരിക്കുന്നതിൽ എനിക്ക് പ്രത്യേകമായി ഒന്നും തോന്നിയില്ലെങ്കിലും ആ നേരത്ത് കടന്നുവന്ന കറുവൻ മാസ്റ്റർക്ക് ഒരു സംശയം തോന്നി, ‘ഈ കുട്ടി കരയുകയാണോ‍?’
അദ്ദേഹം ചോദിച്ചു,
“കുട്ടി എന്തിനാ കരയുന്നത്?”
കരയാത്ത കുട്ടി ഉത്തരം പറഞ്ഞില്ല; അപ്പോൾ വീണ്ടും ചോദ്യം,
“കുട്ടിക്ക് വയറുവേദനയുണ്ടോ?”
കുട്ടി ഒന്നും മിണ്ടാതെ അദ്ധ്യാപകനെ നോക്കുന്നത് കണ്ടപ്പോൾ പിന്നെ ഒറപ്പിക്കാമല്ലൊ,,, ഇത് വയറുവേദന തന്നെ,,,
“കുട്ടിക്ക് വീട്ടിൽ പോകണോ?”
എന്നിട്ടും കുട്ടി ഒരക്ഷരവും ഉരിയാടാതെ മാഷെ നോക്കുകയാണ്; മാഷ് കളിക്കുന്ന മറ്റുകുട്ടികളെ വിളിച്ചു,
“ഇന്ദിരേ, ഗീതേ, ഗൌരീ, രാധേ, നളിനീ,,, എല്ലാരും വന്നാട്ടെ,,,”
“ഹാജർ, ഹാജർ, ഹാജർ, ഹാജർ, ഹാജർ”
“ഈ കുട്ടിക്ക് വയറുവേദന; വേഗം വീട്ടില് കൊണ്ടാക്കിയാട്ടെ,,,”
                        പെട്ടെന്ന് മുതിർന്ന കുട്ടിപ്പെൺപട എന്നെ കടന്നുപിടിച്ചു; ഒരുത്തി പുസ്തകസഞ്ചിയെടുത്തു, അടുത്തവൾ എന്റെ നീളൻ കുടയെടുത്തു, രണ്ടുപേർ എന്റെ രണ്ട് കൈയിലും പിടിച്ച് പതുക്കെ എന്നെ നടത്തിച്ചു. മുന്നിൽ രണ്ട് കൈയും‌വീശി നടന്നത് അയൽ‌വാസി ഇന്ദിരയാണ്, മൂന്നാം ക്ലാസ്സിലാണെങ്കിലും അവളെ നാട്ടുകാർക്കെല്ലാം പേടിയാണ്.
                       വീട്ടിലെത്തിയപ്പോൾ അമ്മയും അമ്മൂമ്മയും ഇളയമ്മയും അമ്മായിയും എന്റെ ചുറ്റും കൂടിനിന്ന് സഹപാഠിനികളെ ചോദ്യം ചെയ്തു. വയറുവേദന പിടിപെട്ട കുട്ടിയെ വീട്ടിലിരുത്തി അവർ പോകാൻ പുറപ്പെട്ടപ്പോൾ അമ്മ പറഞ്ഞു,
“കുട്ടിയേം‌കൊണ്ട് ഇത്രേം ദൂരം നടന്നുവന്നതല്ലെ എന്തെങ്കിലും തിന്നിട്ട് പോയാൽ മതി”
ഇത് കേട്ടപ്പോൾ തിരിച്ചുപോകാൻ പുറപ്പെട്ട പഞ്ചാംഗതരുണികൾ അടുക്കള ഭാഗത്തെ വരാന്തയിലും കിണറ്റിൻ‌കരയിലും ഇരുന്നു; കൂടെ ഞാനും. അപ്പോൾ നളിനി ഒരു ചോദ്യം,
“നിനക്ക് വയറ്റില് വേദനയുണ്ടോ?”
അദ്ധ്യാപകൻ ചോദിച്ചതുപോലുള്ള ചോദ്യം ഒരിക്കൽ‌കൂടി കേട്ട് ഞാനൊന്ന് ചിരിച്ചപ്പോൾ അവൾ പറഞ്ഞു,
“കള്ളം പറഞ്ഞാൽ കണ്ണ് പൊട്ടും”
,,, ഞാൻ കള്ളമൊന്നും പറഞ്ഞില്ലല്ലൊ, അപ്പോൾ‌പിന്നെ എന്റെ കണ്ണ് പൊട്ടുകയില്ലല്ലൊ.
                     അപ്പോഴേക്കും അടുക്കളയിൽനിന്ന് ഇളയമ്മ അവില് കുഴക്കുകയാണ്; അവിലിന്റെ കൂടെ തേങ്ങ ചിരവിയിട്ട്, വെല്ലം പൊടിച്ചിട്ട്, നന്നായി കുഴച്ച് ഉരുട്ടിയശേഷം ഓരോ ഉരുളയും എനിക്ക് എസ്ക്കോർട്ട് വന്ന കുട്ടികൾക്ക് നൽകി. ആറാമത്തെ ഉരുള എനിക്ക് തന്നതിനുശേഷം പറഞ്ഞു,
“അവില് തിന്നാൽ വയറുവേദന പോകും”
ഞാൻ ആ ഉരുള കൂടാതെ രണ്ടെണ്ണം കൂടി തിന്നുന്നത് കണ്ട അമ്മൂമ്മ മറ്റുള്ളവരോട് പറഞ്ഞു,
“മോള് ഇന്നേതായാലും സ്ക്കൂളിൽ പോകണ്ട; നിങ്ങളെല്ലാം പോന്നില്ലെ?”
                         അതുവരെ അവില് തിന്ന് രസിച്ചവർ ഇതുകേട്ടതോടെ പരിസരത്തുള്ള പൂക്കളൊക്കെ പറിച്ചെടുത്ത് സ്ക്കൂളിലേക്ക് നടന്നു. ഞാൻ മുതിർന്നവരോടൊത്ത് അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങാൻ തുടങ്ങി. 

*** അദ്ധ്യാപിക ആയി രൂപാന്തരപ്പെട്ട്, അതേ വിദ്യാലയത്തിൽ ഞാൻ എത്തിയപ്പോഴേക്കും ക്ലാസ്സിന്റെ ക്രമീകരണം മാറ്റിയിരുന്നു. എന്നാൽ തെങ്ങുകൾ കാരണം ഓലമാറ്റി ഓട് മെഞ്ഞില്ല,
പിറ്റേദിവസം
സ്ക്കൂളിലെത്തി ഒന്നാം ക്ലാസ്സിലിരിക്കുന്ന എന്റെ സമീപം ഇന്ദിരയും ഗീതയും ഗൌരിയും രാധയും നളിനിയും വന്നു. വന്ന ഉടനെ എന്റെ ചുറ്റും കൂടിനിന്ന് ചോദ്യമായി,
“നിനക്കിന്ന് വയറുവേദനയില്ലെ?
വീട്ടില് പോകണ്ടേ?
കുട്ടിക്ക് വയറ്റി‌ൽവേദനയെന്ന് മാഷോട് പറയട്ടെ?”
അഞ്ചംഗസംഘം ചുറ്റും കൂടിനിന്ന് എന്നെ ക്വസ്റ്റൻ ചെയ്യുമ്പോൾ മറുപടി പറയാനാവാതെ ഇരുന്ന എന്നെ ചൂണ്ടി അവർ പറഞ്ഞു,
“ഇതാ കുട്ടി കരയുന്നൂ; ഇവൾക്ക് വയറുവേദനയാ; മാഷേ ഇതാ ഈ കുട്ടിക്ക് വയറുവേദന,,,”
അദ്ധ്യാപകൻ ഓടിയെത്തിയതോടെ എനിക്ക് ശരിക്കുംകരച്ചിൽ വരാൻ തുടങ്ങി. അതുകണ്ട സഹപാഠിനികൾ ആവേശപൂർവ്വം പറഞ്ഞു,
“മാഷേ നമ്മള് ഇവളെ വീട്ടില് കൊണ്ടാക്കാം”
“ശരി എല്ലാവരും കുട്ടീനെ വീട്ടിലാക്കി പെട്ടെന്ന് മടങ്ങിവരണം”
അപ്പോഴേക്കും എന്റെ സഞ്ചിയും കുടയും എടുത്ത് ഇന്ദിരയും ഗൌരിയും പുറപ്പെട്ടുകഴിഞ്ഞു. രണ്ട്‌പേർ എന്റെ കൈപിടിച്ച് പിന്നാലെ നടത്തി.
വന്ന വഴിയെ കടൽക്കാറ്റേറ്റ്, പുല്ലും പാറയും ചവിട്ടിനടന്ന് എല്ലാവരും വീട്ടിലെത്തി.
പിറ്റേന്നും വയറുവേദനയെന്ന് പറഞ്ഞപ്പോൾ എന്റെ അമ്മമാത്രം സംശയിച്ചില്ലെങ്കിലും മറ്റുള്ളവർ സംശയിച്ചു,
“ചെറിയ കുട്ടിയല്ലെ, മര്യാദക്ക് ഒന്നും തിന്നാതെ രാവിലെ പോയതുകൊണ്ടായിരിക്കും”
                      അന്ന് കൂടെ വന്നവർക്കും എനിക്കും തിന്നാൻ കിട്ടിയത് അവിലിനു പകരം പൂവൻ പഴമായിരുന്നു. അടുക്കളയുടെ പിൻ‌വശത്തുള്ള വാഴ കുലച്ച് പഴം പഴുത്തത് കുട്ടികൾക്ക് തിന്നാനായിരിക്കുമല്ലൊ. പഴങ്ങൾ തിന്നതിനുശേഷം വയറുവേദന മാറിയ എന്നെ വീട്ടിൽ നിർത്തി അഞ്ചുപേരും തിരിച്ചുപോകുമ്പോൾ, എനിക്ക് വളരെ സന്തോഷം തോന്നി. ഇഷ്ടം‌പോലെ ഒറ്റയ്ക്ക് കളിക്കാമല്ലൊ,,,
പിറ്റേന്ന് നേരം പുലർന്നു,
സ്ക്കൂളിലേക്ക് പുറപ്പെടുമ്പോൾ‌തന്നെ ചില മുൻ‌കരുതൽ എടുത്തു; പ്രാധമികങ്ങളെല്ലാം നേരാം‌വണ്ണം നടത്തിച്ച് ഭക്ഷണവും വെള്ളവും ധാരാളം കഴിപ്പിച്ചു. വയറുവേദന വരാൻ ഇടയില്ല എന്ന് ഉറപ്പിന്മേൽ അയല്പക്കത്തെ രണ്ട് കുട്ടികളുടെ കൂടെ എന്നെ അയച്ചു. എന്നാൽ പോകാൻനേരത്ത് അമ്മ അവരോട് ഒരു കാര്യം‌കൂടി പറഞ്ഞു,
“കുട്ടിക്ക് വയറുവേദനയുണ്ടെങ്കിൽ വേഗം ഇങ്ങോട്ട് കൂട്ടിവരണം. പിന്നെ കടല് കാണാനായി അറ്റത്തൊന്നും പോകരുത്,”
           അന്ന് സ്ക്കൂളിൽ അല്പം വൈകി എത്തിയതിനാൽ ഒന്നം ക്ലാസ്സിൽ എല്ലാ കുട്ടികളും ടീച്ചറും ഇരിക്കുന്നുണ്ട്. അവരുടെ കൂട്ടത്തിൽ ഒരാളായി പുസ്തകസഞ്ചി നിലത്ത് വെച്ച് ഞാനും ഇരുന്നു. എല്ലാവരോടും എഴുന്നേറ്റ് നിന്ന് പാട്ട്പാടാൻ ടീച്ചർ പറയേണ്ടതാമസം ഞാനൊഴികെ എല്ലാവരും ഒന്നിച്ച് എഴുന്നേറ്റ്‌നിന്ന് പാടാൻ തുടങ്ങി,
“കാക്കെ കാക്കെ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിന് തീറ്റകൊടുക്കാഞ്ഞാൽ
കുഞ്ഞുകിടന്ന് കരഞ്ഞീടും”
പാട്ട് നിന്നപ്പോൾ അതിന്റെ തുടർച്ചയായി ഒരു കുഞ്ഞിന്റെ കരച്ചിൽ; അവിടെ ഒരു കുഞ്ഞ് ഇരുന്ന് കരയുകയാണ്; അത് ഞാൻ തന്നെ,
ടീച്ചർ അടുത്തുവന്ന് പെട്ടെന്ന് എന്നെയെടുത്ത് മടിയിൽ ഇരുത്തി,
“കുട്ടീ, നിനക്കെന്നാ പറ്റിയത്? പറയ്?”
“വയറുവേദന”
അതും പറഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയ എന്നെ എത്രയുംവേഗം വീട്ടിലെത്തിക്കാൻ ഏർപ്പാടാക്കി.
                      അന്നും വീട്ടിലെത്തിക്കാൻ അവർതന്നെ റെഡിയായി വന്നു, ഇന്ദിരയും ഗീതയും ഗൌരിയും രാധയും നളിനിയും. നല്ല കൂട്ടുകാരികൾ.
മൂന്നാം ദിവസവും ആകെയുള്ള അരുമസന്താനം വയറുവേദന കാരണം തിരിച്ചുവന്നപ്പോൾ അമ്മയ്ക്ക് ആകെ പേടിയായി,
“എന്റെ മോളെ ഡോക്റ്ററെ കാണിക്കാൻ അച്ഛനോട് പറയാം, നാളെയാവട്ടെ”
                      അപ്പോഴേക്കും ഇളയമ്മ ഒരു കിണ്ണത്തിൽ അവില് കുഴച്ച് എല്ലാവർക്കും തിന്നാൻ തന്നു. വയറുവേദനകൊണ്ട് കരഞ്ഞ ഞാനടക്കം ആറ്‌പേരും അവില് വാരിത്തിന്ന് പാത്രം കാലിയാക്കി. ഉടനെ ഇളയമ്മ പറഞ്ഞു,
“ഈ അവിലിൽ വയറുവേദന മാറാനുള്ള മരുന്ന് ചേർത്തിട്ടുണ്ട്, ഇപ്പോൾ മോളുടെ വേദനയെല്ലാം മാറിയില്ലെ?”
“മാറി”
“എന്നാൽ ഇവരുടെ കൂടെ സ്ക്കൂളിൽ പോകണം”
“പോകാം”
അവില് തിന്ന സന്തോഷത്തോടെ എല്ലാവരും സ്ക്കൂളിലെത്തി. എന്നെ ഒന്നാം ക്ലാസ്സിലാക്കിയപ്പോൾ ടീച്ചർ ചോദിച്ചു,
“കുട്ടിന്റെ വേദന മാറിയോ?”
“ഓ,, മാറി, അവില് തിന്നപ്പൊ വയറുവേദന മാറി”
അഞ്ച്‌പേരും ഒന്നിച്ച് പറഞ്ഞു.
പിറ്റേദിവസം മുതൽ,
എനിക്ക് വയറുവേദന വന്നില്ല.
കാരണം?,
അന്ന് സ്ക്കൂളിൽ വന്നപ്പോൾ രോഹിണിടീച്ചർ എന്റെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞു,
“ഇനി കുട്ടിക്ക് വയറ്റിൽ‌വേദന വന്നാൽ ഒന്നാം‌തരത്തിലെ എല്ലാകുട്ടികളും ഞാനും ഒന്നിച്ച് നിന്റെ വീട്ടിൽ വരും”
അപ്പോൾ,,,
ധാരാളം കുട്ടികളും ടീച്ചറും ഒന്നിച്ച് വീട്ടിൽ വന്നാൽ എല്ലാവർക്കും കൊടുക്കാൻ അവിൽ ഉണ്ടാവില്ല്ലല്ലൊ! പിന്നെ ടീച്ചർ വീട്ടിൽ വരുന്ന കാര്യം ചിന്തിക്കാനേ വയ്യ,
അതും ഓർത്തിരിക്കുന്ന ഞാൻ വയറുവേദനയുടെ കാര്യം,,, മറന്നുപോയി,

*** എന്റെ പ്രൈമറി വിദ്യാലയത്തിലാണ് എന്റെ മകളും വിദ്യാർത്ഥിജീവിതം ആരംഭിച്ചത്,
*** വർഷങ്ങൾ കഴിഞ്ഞ് ഒരു അദ്ധ്യാപികയായി ഇതേ എൽ.പി. സ്ക്കൂളിൽ എനിക്ക് നിയമനം ലഭിച്ചപ്പോൾ, എന്റെ അനുജന്മാരടക്കം അനേകം ബന്ധുക്കളെയും, നാട്ടുകാരെയും, പഠിപ്പിക്കാൻ മാത്രമല്ല; വടിയെടുത്ത് അടിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. 
*** വയറുവേദന സൂത്രങ്ങൾ എന്റെ പത്താം തരം വിദ്യാർത്ഥികൾ പോലും നടത്താറുണ്ട്.

August 18, 2010

മോഹപ്പക്ഷിയുടെ പ്രയാണം, ക്യാമറക്കണ്ണിലൂടെ

മോഹപ്പക്ഷി പറക്കാൻ കാത്തിരിക്കുന്നു. 
ശ്രീമതി ശാന്ത കാവുമ്പായി ബ്ലോഗിൽ എഴുതിയ കവിതകൾ ഉൾക്കൊള്ളുന്ന കവിതാസമാഹാരം ‘മോഹപ്പക്ഷി’ പുസ്തകപ്രകാശനം കണ്ണൂർ ജവഹർ ലൈബ്രറി അങ്കണത്തിൽ‌വെച്ച് 14.8.2010 ന് നടന്നു. ആ ചടങ്ങിലെ ഏതാനും ചില രംഗങ്ങൾ കാണാം, കൂടെ ഏതാനും ബ്ലോഗർമാരെയും.
‘ഇത്തിരിനേരം സദസ്സിൽ ഇരിക്കട്ടെ’ 
ശ്രീമതി ശാന്ത കാവുമ്പായി, നമ്മുടെ ശാന്ത ടീച്ചർ, ചടങ്ങ് ആരംഭിക്കുന്നതിനു മുൻപ്
ഇനി മോഹപ്പക്ഷിയുടെ പ്രയാണം ആരംഭിക്കാം, എല്ലാവരും എത്തിച്ചേർന്നു.
ശ്രീ. ടി.എം. രാമചന്ദ്രൻ വേദിയിലും സദസ്സിലും ഇരിക്കുന്നവർക്ക് സ്വാഗതം പറയുന്നു.
വേദിയിലാണ് ഇരിക്കുന്നതെങ്കിലും ടീച്ചറുടെ ശ്രദ്ധ മുഴുവൻ സദസ്സിലാണ്.
സംസ്ഥാന ലൈബ്രറി കൌൺസിൽ സെക്രട്ടറി  ശ്രീ. എ.കെ. ചന്ദ്രൻ, അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.
ശ്രീ. മണമ്പൂർ രാജൻ ബാബു നൽകിയ മോഹപ്പക്ഷിയെ ശ്രീ. മാധവൻ പുറച്ചേരി ഏറ്റുവാങ്ങുന്നു. അങ്ങനെ ‘മോഹപ്പക്ഷി എന്ന കവിതാസമാഹാരം’ അനന്തമായ ആകാശത്തിൽ പറക്കുകയായി.
‘ഇനി കവിതയെക്കുറിച്ച് രണ്ട് വാക്ക് പറയാം’
പുസ്തകപ്രകാശനത്തിനു ശേഷം ശ്രീ. മനമ്പൂർ രാജൻ ബാബു.
അവിടെ ചടങ്ങ് നടക്കുമ്പോൾ സദസ്സിൽ ബ്ലോഗർമാർ ഒത്ത്ചേർന്ന് ‘ഒരു സുകുമാര-കുമാര ചർച്ച’
നിറഞ്ഞുകവിഞ്ഞ സദസ്സ്
ബ്ലോഗ് രചനകൾ അച്ചടിച്ച് പുസ്തകമായി വരുന്നന്നതിൽ സന്തോഷം പങ്ക് വെക്കുന്ന ബ്ലോഗർ ഹാറൂൺ‌ഭായി, ‘ഒരു നുറുങ്ങ്
സ്വന്തം ഇരിപ്പിടത്തിൽ ഇരുന്ന് തന്നെ ഹാറൂൺഭായി ആശംസാപ്രസംഗം നടത്തുന്നു.
“ഞങ്ങൾ അകലെനിന്നും വരുന്നതാ”
ഫാനിന്റെ ഇളംകാറ്റിൽ തണലും കൊട്ടോട്ടിക്കാരനും ടീച്ചറെ സമീപിച്ച് ഒരു സൌഹൃദ സംഭാഷണം.
“എല്ലാവരും ബ്ലൊഗ് തുടങ്ങുവിൻ”
ശ്രീമതി ശാന്ത കാവുമ്പായി മറുപടി പ്രസംഗം നടത്തുന്നു.
യാത്രികൻ കുടുംബസമേതം എത്തിയിട്ടുണ്ട്. കുമാരനെന്തോ ഒരു സംശയം.
സുകുമാരനും കുമാരനും ഇടയിൽ ഒരു മിനി.
“ബ്ലോഗ് മീറ്റ് ഇവിടെത്തന്നെ”
കെ. പി. സുകുമാരൻ അഞ്ചരക്കണ്ടി ചർച്ച നയിക്കുന്നു.
“ഇവരെന്താ ഫോണിലൂടെ പറയുന്നത്?”
സാബു കൊട്ടോട്ടിയും തണലും ഒന്നിച്ച് ഫോൺ ചെയ്യുമ്പോൾ കണ്ണൂർക്കാർക്ക് സംശയം.
ഹാറൂൺ ഭായിയുടെ മുന്നിൽ ലീല ടീച്ചറും മിനി ടീച്ചറും
മലപ്പുറത്തുനിന്നും ഇവിടെ വരെ വന്നു, ഇനി പോകാൻ തിരക്കുണ്ട്.
തണൽ, കൊട്ടോട്ടി, ഒപ്പം കണ്ണൂര് കാണിക്കാൻ കുമാരനും
ഇവിടെയും വിഷയം കുമാരസംഭവം തന്നെ; ‘മക്കളെ സൂക്ഷിക്കണെ, കണ്ണൂര് ഭാഷ പിടികിട്ടുന്നുണ്ടോ?’
‘എല്ലാം ഈ ക്യാമറയിലുണ്ട്, കേട്ടോ’; സുനിൽകുമാർ
മോഹപ്പക്ഷിയെ വാങ്ങി സ്വന്തമാക്കുന്ന വായനക്കാർ