“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 28, 2010

വ്യത്യസ്തനാം ഒരു 'Mathematics Teacher'


                               'ബസ് സമരദിവസം' എന്റെ സ്ക്കൂളിൽ ഹാജരാവാൻ കഴിയുന്ന അദ്ധ്യാപകർക്ക് പഠിപ്പിക്കാൻ വളരെ ആവേശമാണ്. 8, 9, 10 ക്ലാസ്സുകളിലായി ആകെ 8 ഡിവിഷൻ മാത്രമുള്ള, നമ്മുടെ സർക്കാർ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ ബസ്‌സമരം ഒരിക്കലും ബാധിക്കാറില്ല. നാട്ടിൻ‌പുറത്തുള്ള ആ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും കാൽ‌നടയായി സ്ക്കൂളിൽ എത്താം. അദ്ധ്യാപകരുടെ കൂട്ടത്തിൽ 70% പേരും ഹാജരാവുകയും അവർ വരാത്തവരുടെ പിരീഡുകൾ കൂടി പഠിപ്പിച്ച് സ്വന്തം പാഠങ്ങളുടെ ബാലൻസ് തീർക്കുകയും ചെയ്യും.

                              ഇവിടെ അദ്ധ്യാപകർ തമ്മിൽ ആരോഗ്യകരമായ മത്സരമാണ്; പ്രത്യേകിച്ച് പത്താം തരത്തിലെ അദ്ധ്യാപനത്തിന്റെ കാര്യത്തിൽ. കാരണം എസ്.എസ്.എൽ.സി. റിസൽട്ട് വന്നാൽ നാലാൾ കേൾക്കെ പറയയാൻ എല്ലാവരും ആഗ്രഗിക്കും,
“എന്റെ വിഷയത്തിൽ ഞാൻ പഠിപ്പിച്ച കുട്ടികളെല്ലാം പാസ്സായിട്ടുണ്ട്”

                              ബസ് സമരദിവസം ഞാൻ ആദ്യം കിട്ടിയ വണ്ടിയിൽ‌തന്നെ കയറിപ്പറ്റി സ്ക്കൂളിലെത്തും. എന്നാൽ വാഹനബന്ദ് ആയാൽ ലീവ് എടുക്കാതെ പറ്റില്ല. സമരയാത്രാ വേളയിൽ മറ്റു യാത്രകളിൽ കാണാത്ത ഐക്യം യാത്രക്കാർ തമ്മിൽ കാണാം. ബസ്സിലാണെങ്കിൽ പുരുഷന്മാർ ഒന്ന് മുട്ടിയാലും തട്ടിയാലും ഉടനെ തട്ടിക്കയറുന്ന സ്ത്രീകൾ സമരയാത്രാ വണ്ടികളിൽ ഒത്തൊരുമിച്ചൊരു ഗാനം പാടി പരാതിരഹിതമായി യാത്ര ചെയ്യും.  

                               പതിവുപോലെയുള്ള ഒരു സ്വകാര്യ ബസ്‌സമരം. അന്ന് സ്ക്കൂളിൽ ഹാജരായത് ഒൻപത് അദ്ധ്യാപകർ മാത്രം. അതിൽ‌തന്നെ മൂന്ന്‌പേർ സ്പെഷ്യലിസ്റ്റ് ടീച്ചേർസ് (ഡ്രോയിങ്ങ്, സംഗീതം, ക്രാഫ്റ്റ്) ആയതിന്നാൽ അവർക്ക് പാഠം തീർക്കേണ്ട പ്രയാസം ഇല്ലാത്തവർ. പത്താം തരം 2 ഡിവിഷൻ മാത്രമാണുള്ളത്. അവിടെ പഠിപ്പിക്കുന്നവരായി നാല്‌പേർ മാത്രം. ഇതെല്ലാം കണ്ടുപിടിച്ചപ്പോൾ ഒരു കാര്യം കൂടി ഞാൻ തിരിച്ചറിഞ്ഞു. ഹെഡ്‌മാസ്റ്റർ വരാത്തതിനാൽ ഇന്നത്തെ സീനിയർ ഞാൻ തന്നെ.

                               സാധാരണ ഒരു ദിവസമാണെങ്കിൽ അന്ന് ഞാൻ അടിപൊളിയാക്കും; ബ്രഹ്മാസുരന് വരം കിട്ടിയ പോലെ. എന്നാൽ ഇന്നെത്തെ കാര്യം അത്ര പന്തിയല്ല. 8 ക്ലാസ്സുകളിലായി ഇരിക്കുന്ന ഏതാണ്ട് മുന്നൂറോളം ശിഷ്യഗണങ്ങളെ നാല് മണിവരെ പിടിച്ചിരുത്തണം. എല്ലാവിദ്യാർത്ഥികളും ഹാജരായതിനാൽ ടീച്ചേർസിന്റെ സൌകര്യം പോലെ സ്ക്കൂൾ അടച്ച് നേരത്തെ സ്ഥലം വിടാനാവില്ല. ഞാൻ ആദ്യം നോക്കിയത് ശ്രീമാൻ ‘എം.കെ.എസ്.’  ഹാജരുണ്ടോ എന്നാണ്. നോക്കുമ്പോൾ അദ്ദേഹം പതിവു പോലെ ഒൻപത് മണിമുതൽ 10ബി ക്ലാസ്സിൽ കണക്ക് പഠിപ്പിക്കുകയാണ്. ‘ആശ്വാസം’ ഞാൻ മനസ്സിൽ പറഞ്ഞു.

                              ആദ്യപടിയായി എല്ലാ ക്ലാസിലെയും ഹാജർ എടുത്ത് പഠിപ്പിക്കാൻ തുടങ്ങി. ഹാജരായ ടീച്ചേർസ് ടൈംടേബിൾ നോക്കിയും അല്ലാതെയും പഠിപ്പിക്കുകയാണ്. ക്ലാസ്സിൽ പോകാൻ ഞാൻ ആരെയും നിർബന്ധിച്ചില്ല. പകരം ഒരു കാര്യം ചെയ്തു; അദ്ധ്യാപകരില്ലാത്ത ക്ലാസ്സുകളിൽ പോയി കുട്ടികളോട് ശബ്ദമില്ലാതെ പഠിക്കാൻ പറഞ്ഞു. ഒപ്പം എല്ലാവരും കേൾക്കെ ക്ലാസ്സ്‌ ലീഡർക്ക് ഒരു നിർദ്ദേശവും നൽകി,
“ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാൽ ആ കുട്ടിയുടെ പേര് എഴുതി കണക്ക് മാസ്റ്റർ എം.കെ.എസ്.നെ ഏൽ‌പ്പിക്കണം”

                             അങ്ങനെ അദ്ധ്യാപകരില്ലാത്ത ക്ലാസ്സുകൾ ഉണ്ടെങ്കിലും നാല് മണിവരെ നമ്മുടെ വിദ്യാലയം പ്രവർത്തിച്ചു. പുറത്തുനിന്ന് നോക്കിയാൽ നാല് മണിവരെ എട്ട് ഡിവിഷനിലും ടീച്ചേർസ് പഠിപ്പിക്കുന്നുണ്ടെന്ന് തോന്നും.
                             അതാണ് നമ്മുടെ വിദ്യാർത്ഥികളെല്ലാം ഒരുപോലെ അനുസരിക്കുന്ന, ‘എം.കെ. എസ്.’ എന്ന് അറിയപ്പെടുന്ന കണക്ക് അദ്ധ്യാപകൻ.  ഹെഡ്‌മാസ്റ്റർ അടക്കം മറ്റ് അദ്ധ്യാപകരെ വിദ്യാർത്ഥികൾ അനുസരിക്കുമെങ്കിലും ഇത്തിരി മാത്രമാണ് ഭയം.  എന്നാൽ നമ്മുടെ ഈ ഗണിത അദ്ധ്യാപകനാവട്ടെ, ‘ചൂരൽ‌പ്രയോഗം’ നടത്താവുന്ന ആ കാലത്ത് എല്ലാ കുട്ടികളെയും ചൂരൽ‌മുനയിൽ ഭയപ്പെടുത്തി നിർത്തും; എങ്കിലും അപൂർവ്വമായെ അടിക്കുകയുള്ളു.
                              കുട്ടികൾ അദ്ധ്യാപകരെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മറ്റുള്ളവരെക്കാൾ അവർ എം.കെ.എസ്. നെ ഭയപ്പെടുന്നു. അതോടൊപ്പം സ്നേഹവും ബഹുമാനവും ഉണ്ട്. പഠിപ്പിക്കുന്ന വിഷയത്തിൽ എല്ലാവരും നല്ല മാർക്ക് വാങ്ങണമെന്ന വാശി അദ്ദേഹത്തിനുണ്ട്. അത്കൊണ്ട് മറ്റു വിഷയങ്ങളിലെല്ലാം തോറ്റ വിദ്യാർത്ഥിയും കണക്കിൽ പാസ്സാവും.

 അടി കൊള്ളുന്നതിനെക്കാൾ അദ്ദേഹത്തിന്റെ വാക്ക്പ്രയോഗമാണ് ഗംഭീരം. ഈ വാക്ക്പ്രയോഗം ചിലപ്പോൾ അതിരു വിടാറുണ്ട്.                           
                              ഒരു ബുധനാഴ്ച സ്വന്തം വീട്ടിൽ‌വെച്ച് നടക്കുന്ന സ്വന്തം സഹോദരിയുടെ കല്ല്യാണത്തിന് പങ്കെടുത്തത് കാരണം ഒരു പയ്യൻ ലീവ് ആയി. പിറ്റേന്ന് ലീവ്‌ലെറ്റർ സഹിതം വന്ന അവനോട് എല്ലാവരും കേൾക്കെ പറഞ്ഞു,
“വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞാണ് ആഘോഷം. സ്വന്തം വീട്ടിലെ കല്ല്യാണത്തിന് മാത്രം പങ്കെടുക്കാം. അതുകൊണ്ട് വീട്ടിൽ നടത്തുന്ന ആഘോഷങ്ങൾ ‘അത് ആരുടെ കല്ല്യാണമായാലും’ അവധിദിവസം മാത്രം നടത്താൻ പറയണം. അല്ലെങ്കിൽ നിങ്ങൾ പങ്കെടുക്കാൻ പാടില്ല”
                           പറയുന്നത് കാര്യമായിട്ട് തന്നെയാണ്; അതുപോലെ രക്ഷിതാക്കൾക്ക് കൂടി നിർദ്ദേശം നൽകാറുണ്ട്. ഒരിക്കൽ എം.കെ.എസ്. ന്റെ ക്ലാസ്സിൽ പഠിക്കുന്ന, SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥിനിയുടെ വീട്ടിൽ പരീക്ഷക്കിടയിൽ സ്വന്തം മാമന്റെ കല്ല്യാണം. കുട്ടി പരീക്ഷയെപറ്റി പറഞ്ഞത് കൊണ്ടാവണം, അവളുടെ രക്ഷിതാവ് ക്ലാസ്സ് അദ്ധ്യാപകനെ കണ്ട് ഉറപ്പ് നൽകി,
“മകൾക്ക് കല്ല്യാണത്തിന് പങ്കെടുക്കണം; എന്നാൽ മറ്റു സമയങ്ങളിൽ മുറിയടച്ചിരുന്ന് പഠിക്കും”

                           അങ്ങനെയങ്ങനെ പതിനഞ്ച് കൊല്ലം മുൻപ് 30%നു മുകളിൽ കയറാത്ത ‘SSLC റിസൽട്ട്’ ഉയർന്നുയർന്ന് ഏതാനും വർഷങ്ങളായി 100% വിജയത്തിലേക്ക് പ്രവേശിച്ചു. ഇന്നും ആ ജൈത്രയാത്ര തുടരുന്നു.

                          വിദ്യാർത്ഥികളുടെ ഗുണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടയിൽ  നമ്മുടെ കണക്ക് മാസ്റ്റർ മറ്റുള്ളവരുടെ വെറുപ്പ് നേടാറുണ്ട്. ക്ലാസ്സ്ചാർജുള്ള ക്ലാസ്സിലെ ടൈംടേബിൾ അദ്ദേഹത്തിന് ഓർമ്മയുണ്ടാവും. അതിനാൽ ആരെങ്കിലും ക്ലാസ്സിൽ പോകാതെ സ്റ്റാഫ്‌റൂമിൽ ഇരിക്കുകയാണെങ്കിൽ മുഖം നോക്കാതെ എം.കെ.എസ്. പറയും,
“ടീച്ചറേ ഈ നുണപറച്ചിലൊക്കെ മതിയാക്കി ക്ലാസ്സിൽ പോയാട്ടെ”

                           ചിലപ്പോൾ നമ്മുടെ പ്രാധാനാദ്ധ്യാപകരെയും എം.കെ.എസ്. പിടികൂടും. അതായത് എപ്പോഴും പൂച്ച്ക്ക് മണി കെട്ടാൻ റഡിയാണ്. വൈകി വരുന്ന എച്ച്. എം. നെ കണ്ടാൽ പറയും,
“ഇത്ര പ്രയാസമുണ്ടെങ്കിൽ വീട്ടിൽ തന്നെ ഇരുന്ന് ബില്ല് ഒപ്പിടാൻ മാത്രം വന്നാൽ‌പോരെ. ശമ്പളം അവിടെ കൊടുത്തയക്കുമല്ലോ”
                          അതുപോലെ ഒന്നാം ദിവസം ശമ്പളം ലഭിച്ചില്ലെങ്കിൽ ഓഫീസിൽ പോയി എച്ച്. എം. കേൾക്കെ ക്ലാർക്കിനോട് പറയും,
“ജോലി ചെയ്യുന്നവർക്ക് സമയത്ത് കൂലി വാങ്ങിക്കൊടുക്കാൻ കഴിയില്ലെങ്കിൽ ഇവിടെയിരിക്കുന്നവർക്ക് എന്താണ് പണി?”
‘ചിലർ ഇത്‌കേട്ട് ദേഷ്യപ്പെടാറുണ്ട്; എങ്കിലും അതൊക്കെ അദ്ദേഹം തമാശരൂപത്തിൽ വിടുകയാണ് പതിവ്’

                           പുതിയതായി ട്രാൻസ്ഫറോ നിയമനമോ ലഭിച്ച് വരുന്ന അദ്ധ്യാപകർക്ക് എം.കെ.എസ്. ന്റെ മുഖം നോക്കതെയുള്ള കോമഡി കലർത്തിയ സംഭാഷണം കേട്ട് അമളി പിണഞ്ഞിട്ടുണ്ട്. ഒരിക്കൽ പി.എസ്.സി. നിയമനം ലഭിച്ച് ആദ്യമായി വന്ന ടീച്ചറോട് പറഞ്ഞു,
“ഈ സ്ക്കൂളിൽ ജോയിൻ ചെയ്തവർക്ക് ആദ്യദിവസം ഒപ്പിട്ട ഉടനെ വീട്ടിലേക്ക് പോകാം. അതാണ് പതിവ്”
ഇതുംകേട്ട് പുതുയടീച്ചർ ബാഗുമായി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർ കാര്യം തിരക്കി.
ടൈംടേബിൾ കിട്ടിയിട്ടും ക്ലാസ്സിൽ പോകാത്ത തന്നെ പരിഹസിച്ചതാണെന്ന്, ടീച്ചർക്ക് അപ്പോഴാണ് മനസ്സിലായത്.        

                         പഠിപ്പിക്കുന്ന വിഷയമായ കണക്കിൽ എല്ലാവിദ്യാർത്ഥികളും ഉയർന്ന മാർക്ക്(ഗ്രെയ്ഡ്) വാങ്ങണമെന്ന് എം.കെ.എസ്. ന് നിർബന്ധം ഉണ്ട്. അതിനു വേണ്ടി ഏത് തന്ത്രവും അദ്ദേഹം പ്രയോഗിക്കും. രക്ഷിതാക്കളുമായി പലപ്പോഴും നല്ല ബന്ധത്തിലായതിനാൽ മക്കളെ ശിക്ഷിച്ചാലും അവരിൽ പലരും കുറ്റം പറയാറില്ല. വീട്ടിൽ ഒതുങ്ങാത്ത പിള്ളേരെ എം.കെ.എസ്. പഠിപ്പിക്കുന്ന ഡിവിഷനിൽ ആക്കാൻ രക്ഷിതാക്കൾ തന്നെ പറയും. പത്താം ക്ലാസ്സ് ഡിവിഷൻ തിരിക്കുമ്പോൾ മറ്റുള്ളവരുടെ പിടിയിലൊതുങ്ങാത്തവരെ തെരഞ്ഞ് പിടിച്ച് എം.കെ.എസ്.ന്റെ ക്ലാസ്സിൽ ഇരുത്താൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കും.

                            സ്ക്കൂൾ സമയം പത്ത് മണി മുതൽ നാല് മണിവരെയാണെങ്കിലും പത്താം ക്ലാസ്സുകാർക്ക് 9 മണി മുതൽ 5 മണി വരെ നീളും. ജനവരി ആയാൽ നാല് മണിമുതൽ പഠനം മാത്രമാണ്. അത് പെൺകുട്ടികൾക്ക്  ആറും, ആൺകുട്ടികൾക്ക് ഏഴും മണിവരെ നീളും.
           
                            പഠനസമയത്ത് കുട്ടികളുടെ കൂടെ ചൂരലുമായി എം.കെ.എസ്. എപ്പോഴും ഉണ്ടാവും. (വിദ്യാർത്ഥികൾ തന്നെ എത്തിച്ചുകൊടുക്കുന്ന ഈ ചൂരൽ‌പ്രയോഗം കുറവാണ്. എങ്കിലും  എപ്പോഴും കൈയിൽ കാണും)

                              എന്നാൽ എല്ലാ രക്ഷിതാക്കളും ഒരുപോലെയാവണമെന്നില്ല. ഒരിക്കൽ മൂന്ന് മണി സമയത്ത് മുൻപരിചയമില്ലാത്ത ഒരു രക്ഷിതാവ് സ്ക്കൂളിൽ വന്ന്, ആദ്യം കണ്ട ക്ലാസ്സിനു മുന്നിലായി വരാന്തയിൽ നിൽക്കുന്ന എം.കെ.എസ്. നോട് ചോദിച്ചു,
“ഹെഡ്മാസ്റ്റർ ഓഫീസിലുണ്ടോ”
“ഉണ്ട്; എന്താണ് കാര്യം?”
എം.കെ.എസ്. ചോദിച്ചു.
“ഒരുത്തനെ കാണാനുണ്ട്”
അതും പറഞ്ഞ് രക്ഷിതാവ് നടന്നു.

വന്നയാൾ ഓഫീസിൽ വന്ന് ഹെഡ്മാസ്റ്റരെ കണ്ട ഉടനെ ദേഷ്യപ്പെട്ട് പറയാൻ തുടങ്ങി,
“ഞാൻ വന്നത് ആ കണക്ക് മാസ്റ്റർ എം.കെ.എസ്. നെ കാണാനും രണ്ട് കൊടുക്കാനും കൂടിയാണ്. അവനെയൊന്ന് കാണിച്ച് തരണം. എന്റെ മകളോട് അനാവശ്യം പറഞ്ഞ അവനെ ഞാൻ വെറുതെ വിടില്ല”

അന്തരീക്ഷം അത്ര പന്തിയല്ലെന്ന് സമീപം ഉണ്ടായിരുന്ന സീനിയർ അദ്ധ്യാപകന് മനസ്സിലായി. വന്ന കക്ഷിക്ക് ആളെ അറിയില്ല. ഉടനെ അദ്ദേഹം പറഞ്ഞു,
“എം.കെ.എസ്. ഇന്ന് ലീവാണല്ലൊ”
“രാവിലെ മാഷ് രജിസ്റ്ററിൽ ഒപ്പിട്ടിട്ടുണ്ടല്ലൊ”
സംഭവം തിരിച്ചറിയാത്ത ഹെഡ്മാസ്റ്റർ പറഞ്ഞു.
“അവൻ ഉച്ചക്ക് ശേഷം ലീവാണെന്ന് പറഞ്ഞിട്ട് പോയല്ലൊ”
സീനിയർ പറഞ്ഞു.
“അവനെ ഞാൻ എപ്പോഴെങ്കിലും കാണും; അപ്പോൾ ചോദിക്കാം. കുട്ടികളോട് ഇങ്ങനെയൊക്കെ പറഞ്ഞാൽ,,,”
ഹെഡ്മിസ്ട്രസ്സും സീനിയറും ചേർന്ന് രക്ഷിതാവിനോട് കാര്യങ്ങൾ തിരക്കി.

                            അദ്ദേഹത്തിന്റെ ഒരേയൊരു മകൾ ‘എട്ടാം തരക്കാരി’ ഒരു ദിവസം സ്വർണ്ണമാല അണിഞ്ഞ് സ്ക്കൂളിൽ വന്നു. പഠിപ്പിക്കുന്ന കണക്കിൽ ശ്രദ്ധിക്കതെ മാലയിൽ ശ്രദ്ധിക്കുന്ന അവളോട് ആഭരണങ്ങൾ എത്രയുണ്ടെന്ന് ചോദിച്ചു. നാളെ സ്ക്കൂളിൽ വരുമ്പോൾ സ്വന്തമായ എല്ലാ മാലയും വളകളും അണിഞ്ഞ് വരണമെന്ന് എം.കെ.എസ്. കളിയാക്കി പറഞ്ഞു. പിറ്റേദിവസം സ്ക്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടി ആഭരണങ്ങളെല്ലാം അണിയണമെന്ന് വാശിപിടിച്ചു. അത് കേട്ട രക്ഷിതാവാണ് ചോദ്യം ചെയ്യാൻ വന്നത്.
അദ്ധ്യാപകരും ഓഫീസ് സ്റ്റാഫും ചേർന്ന് രക്ഷിതാവിനെ സമാധാനപ്പെടുത്തി അയച്ചു.

തിരിച്ച്‌പോകുമ്പോൾ  എം.കെ.എസ്. നോട് പറഞ്ഞു,
“ഞാനാ കണക്ക് മാഷെ കണ്ട് തല്ലാൻ വന്നതാ. അപ്പോൾ അയാൾ ലീവായത് അയാളുടെ ഭാഗ്യം. ഇപ്പോൾ ഞാൻ പോകുന്നു മാഷെ.”
കാര്യം മനസ്സിലാവാത്ത എം.കെ.എസ്, ആ രക്ഷിതാവ് സ്ക്കൂൾ ഗേറ്റ് കടന്ന് പോകുന്നത് നോക്കിനിന്നു.
                            
                            അങ്ങനെ നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിൽ മാറ്റങ്ങളുടെ കാറ്റും കൊടുങ്കാറ്റും വീശി വിജയക്കൊടി പാറി മുന്നോട്ട് കുതിച്ച് കൊണ്ടേയിരിക്കുന്നു. മാറ്റങ്ങൾക്ക് കാരണമായ അദ്ധ്യാപകർ ഇനിയും ഉണ്ട്.

21 comments:

  1. ഇത് ഒരു അദ്ധ്യാപകന്റെ പ്രവർത്തനശൈലി മാത്രമാണ്.

    ReplyDelete
  2. ഇത് വായിച്ചപ്പോള്‍ ഞാനും ഓര്‍മ്മിച്ചു മനസ്സില്‍ തട്ടിയ ചില അധ്യാപകരെ

    ReplyDelete
  3. എന്റെ കണക്ക്‌ അധ്യാപകനെ ഓര്‍ത്ത്‌

    ReplyDelete
  4. എല്ലാ കണക്ക് അദ്ധ്യാപകരും ഏകദേശം ഒരു പോലെ ആണല്ലോ ടീച്ചറെ, അതെന്താ?

    ReplyDelete
  5. കുറിപ്പുകള്‍ രസകരമായി വായിച്ചു കൊണ്ടിരിക്കുന്നു

    ReplyDelete
  6. “”“തിരിച്ച്‌പോകുമ്പോൾ എം.കെ.എസ്. നോട് പറഞ്ഞു,
    “ഞാനാ കണക്ക് മാഷെ കണ്ട് തല്ലാൻ വന്നതാ. അപ്പോൾ അയാൾ ലീവായത് അയാളുടെ ഭാഗ്യം. ഇപ്പോൾ ഞാൻ പോകുന്നു മാഷെ.”
    കാര്യം മനസ്സിലാവാത്ത എം.കെ.എസ്, ആ രക്ഷിതാവ് സ്ക്കൂൾ ഗേറ്റ് കടന്ന് പോകുന്നത് നോക്കിനിന്നു.”“”

    അസ്സലായി ടീച്ചറെ, ചിരിക്കാനും ചിന്തിക്കാനും വകനൽകി

    ReplyDelete
  7. കണക്കു പൊതുവേ ആര്‍ക്കും ഇഷ്ടമല്ലാത്ത വിഷയം ആയതിനാല്‍ , കണക്കു മാഷെ കാണ്നുനത് പലര്‍ക്കും ചതുര്‍ഥി ആയിരിക്കും .
    എന്നെ ഡിഗ്രിക്ക് കണക്കു പഠിപ്പിച്ച ഒരു കണക്കു മാഷ് ടീച്ചുറുടെ സ്കൂളിലെ മാഷിനെ പോലെ ആണ് ....

    ആ മാഷിന് എല്ലാ വിധ ആശംസകളും

    ReplyDelete
  8. നല്ല മാഷ്. മിനി ടീച്ചറുടെ രചനകൾ ഗംഭീരം.
    കൂടുതൽ വായിയ്ക്കാൻ കാത്തിരിയ്ക്കുന്നു.

    ReplyDelete
  9. കണക്കുമാഷുമ്മാര്‍ എല്ലാവരും ഒരുപോലെയോ?
    ഈ ബ്ലോഗും ശ്രദ്ധിച്ചോളൂ....‌
    കണക്കിന്റെ ബ്ലോഗ്

    ReplyDelete
  10. നല്ല പോസ്റ്റ്‌ ടീച്ചറെ

    ReplyDelete
  11. സ്കൂള്‍ അനുഭവങ്ങള്‍ നന്നായിരിക്കുന്നു... എഴുത്ത്‌ തുടരുക.

    എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ...

    ReplyDelete
  12. കണക്ക് ടീച്ചർമാരെല്ലാം ഒരുപോലെ ആണല്ലെ...!!?

    ReplyDelete
  13. siva//ശിവ (.
    ഓർക്കാൻ ധാരാളം ഉണ്ട്. അഭിപ്രായത്തിനു നന്ദി.

    എറക്കാടൻ/Erakkadan (.
    അഭിപ്രായത്തിനു നന്ദി.

    Renjith (.
    അതെനിക്കും സംശയം ഉണ്ട്. എന്റെ വിട്ടിലും ഉണ്ടായിരുന്നു ഒരു കണക്ക് പീജി പഠിച്ചവൻ. അവന്റെ സ്വഭാവവും ഏകദേശം ഇതുപോലെയാ.അഭിപ്രായത്തിനു നന്ദി.

    കാട്ടിപ്പരുത്തി (.
    അഭിപ്രായത്തിനു നന്ദി.

    mujeeb kaindar (.
    പൊതുവെ സ്ക്കൂളിൽ ഏതെങ്കിലും അദ്ധ്യാപകരോട് ദേഷ്യപ്പെട്ട് പരിചയമില്ലാത്തവർ വരുന്നതു കണ്ടാൽ ഒരിക്കലും പെട്ടെന്ന് ആളെ കാട്ടിക്കൊടുക്കാറില്ല. അഭിപ്രായത്തിനു നന്ദി.

    അഭി (.
    കണക്ക് മാസ്റ്റർ നല്ല സ്വഭാവം കാണിച്ചാൽ പിള്ളേരൊക്കെ കണക്ക് തെറ്റിക്കും. അതായത് കണക്ക് അല്പം പ്രയാസമുള്ള വിഷയമായതിനാൽ കുട്ടികൾ പഠിക്കാൻ മടി കാണിക്കും. അഭിപ്രായത്തിനു നന്ദി.

    Echmu kutty (.
    അഭിപ്രായത്തിനു നന്ദി.

    Maths Blog Team (.
    അഭിപ്രായത്തിനു നന്ദി. വായിക്കുന്നുണ്ട്.

    രഘുനാഥൻ (.
    അഭിപ്രായത്തിനു നന്ദി.

    കൊല്ലേരി തറവാടി (.
    അഭിപ്രായത്തിനു നന്ദി. സന്ദർശിക്കാം.

    വി കെ (.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  14. വളരെ നന്നായി എഴുതിയിരിക്കുന്നു,

    അദ്ധ്യാപനം വെറും ഒരു തൊഴില്‍ ആയി കാണുന്നവര്‍ക്കിടയില്‍ ‘ഗുരുവായി’ ജീവിക്കുന്ന എം.കെ.എസ് നു മനസ്സുകൊണ്ട് ഒരു പ്രണാമം.

    15 കൊല്ലം മുന്പ്‍ 30%നു മുകളില്‍ കയറാത്ത ‘SSLC റിസള്‍‌ട്ട്’ ഉയര്ന്നു‍യര്ന്ന് ഏതാനും വർഷങ്ങളായി 100% വിജയത്തിലേക്ക് പ്രവേശിച്ചു. ...

    അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  15. സ്വന്തം പ്രവര്‍ത്തന ശൈലി ഒന്നു പറഞ്ഞ് തരുമല്ലോ.

    ReplyDelete
  16. കണക്കു ടീച്ചര്‍മാരുടെ ശാപം ഇനിയും നീങ്ങിയിട്ടില്ല,അല്ലേ?
    സിനിമയായാലും കഥയായാലും അനുഭവമായാലും പാവം കണക്കു മാഷന്മാര്‍
    ചില അധ്യാപകര്‍ക്കു കളിയാക്കല്‍ ഒരു നേരമ്പോക്കു കൂടിയാണ്‌ .എത്രയോ നല്ല അധ്യാപകര്‍ക്കു ഇവര്‍ ദുഷ്പേരു കേള്‍പ്പിക്കും . എന്നാലും എം .കെ.എസ് മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ കൊതിയാകുന്നു.
    വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം .....

    ReplyDelete
  17. മിനി ടീച്ചറേ....

    കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം...
    ജ്വലിക്കുന്ന മനസുള്ള, വൈകാരികമായി കാര്യങ്ങളെ നോക്കികാണാന്‍ കഴിവുള്ള ഒരു കൂട്ടം അദ്ധ്യാപകരെ ഈ ബൂലോകത്ത് കണ്ടെത്തന്‍ കഴിഞ്ഞു ...
    അവരിലേക്കിനി മിനി ടിച്ചറും ടീച്ചറുടെ മിനിലോകവും....

    രചനകള്‍ വളരെ നന്നാവുന്നുണ്ട്.....


    എന്റെ സ്കൂള്‍ www.ghsmanjoor.blogspot.com ബ്ലോഗും സന്ദര്ശിക്കുമല്ലോ....

    ReplyDelete
  18. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്..

    എന്തായാലും മാഷ് കലക്കി ടീച്ചറേ..

    ReplyDelete
  19. മാണിക്യം (.
    അഭിപ്രായത്തിനു നന്ദി. 100% എത്തിയിട്ടാണ് ഞങ്ങൾ നേരാംവണ്ണം ഒന്ന് വിശ്രമിച്ചത്.

    കുമാരൻ|kumaran (.
    സ്വന്തം പ്രവർത്തനശൈലി ഇനിയൊരിക്കൽ പോസ്റ്റാക്കാം.

    ജീവി കരിവെള്ളൂർ (.
    കളിയാക്കൽ പലപ്പോഴും കുട്ടികൾക്കിഷ്ടമായിരിക്കും. അത് ഒരു തമാശ്ക്ക് വേണ്ടി വീട്ടിൽ പറയുമ്പോൾ രക്ഷിതാക്കൾ കുഴപ്പമുണ്ടാക്കും.

    നിധിൻ ജോസ് (.
    താങ്കളുടെ സ്ക്കൂൾ ബ്ലോഗിന് ആശംസകൾ, കേരളം മൊത്തത്തിൽ അറിയപ്പെട്ടതല്ലെ, അഭിപ്രായത്തിനു നന്ദി.

    അച്ചൂസ് (.
    ഈ കണക്ക് ഒരു കണക്ക് തന്നെയാ. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  20. ‘കണക്കുമാഷുമ്മാര്‍ എല്ലാവരും ഒരുപോലെയോ?’

    അല്ലേയല്ല! മറ്റൊരു തരം കണക്കു മാഷിനെ ഇവിടെ കാണാം.

    ഏതായാലും ഈ മാഷ് കൊള്ളാം. :)

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.