“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 7, 2010

എട്ട് സുന്ദരികളും ഒരു സിനിമയും

                         ഒരു വെള്ളിയാഴ്ച; അന്ന് പൊതുഅവധി ദിവസം ആയിരുന്നു. രാവിലെ ഉറക്കമുണർന്ന തനി നാട്ടിൻപുറത്തുകാരായ എട്ട് സുന്ദരികൾക്ക് ആ ദിവസം ഒരു മോഹം; മറ്റൊന്നുമല്ല, ‘ഒരു സിനിമ കാണണം’. അവരുടെ പുത്തൻ മോഹത്തിനു പിന്നിലുള്ള ഘടകം തലേദിവസം വൈകുന്നേരം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ നാട്ടിൻ‌പുറത്തെ ഇടവഴിയിലൂടെ പോയ സിനിമാ വിളമ്പരജാഥയും നോട്ടീസ് വിതരണവുമാണ്.




                          വ്യാഴാഴ്ചകളിൽ കടൽക്കാറ്റ് വീശുന്ന സായാഹ്ന നേരത്ത്, നാട്ടുകാരനായ കണ്ണൻ പണിക്കർ ‘ഡുംഡുംഡും താളത്തിൽ ചെണ്ടകൊട്ടി’ നാട്ടിൻപുറത്തെ ഇടവഴികളിലൂടെ മുന്നിൽ നടക്കും. പിന്നിൽ നടക്കുന്ന ദാസൻ വെള്ളിയാഴ്ച കളിക്കുന്ന പുതിയ സിനിമയുടെ വലിയ പോസ്റ്റർ ഉയർത്തിപ്പിടിച്ച് നടക്കുന്നതോടൊപ്പം നോട്ടീസ് വിതരണവും നടത്തും. നാട്ടിലെ പിള്ളേർ, പിന്നാലെ എത്ര ഓടിയാലും, ‘ഒരു വീട്ടിൽ ഒരു നോട്ടീസ്’ എന്നകണക്കിലാണ് വിതരണം. അങ്ങനെ കിട്ടിയ നോട്ടിസ് വായിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. പുതിയതായി പ്രവർത്തനം ആരംഭിച്ച ഏറ്റവും അടുത്തുള്ള സിനിമാ ടാക്കിസിൽ വെള്ളിയാഴ്ച പുതിയ സിനിമ വന്നിട്ടുണ്ട്.


“കാര്യം നിസ്സാരം”
അഭിനയിക്കുന്നവർ-
ബാലചന്ദ്രമേനോൻ, പൂർണ്ണിമാജയറാം,
പ്രേംനസീർ, ലക്ഷ്മി,
കെ പി ഉമ്മർ, സുകുമാരി,
ലാലു അലക്സ്, ജലജ,


                            ആദ്യദിവസം ആദ്യഷോ കാണാനുള്ള തയ്യാറെടുപ്പുകൾ എല്ലാവരും ചേർന്ന് രാവിലെതന്നെ തുടങ്ങി. ആദ്യത്തെ ഐറ്റം രക്ഷിതാക്കളുടെ പെർമിഷൻ വാങ്ങലാണ്. കൂടെ പോകുന്നവരുടെ പേരുകൾ പറഞ്ഞപ്പോൾ അത് എളുപ്പത്തിൽ സാങ്ഷനായി. പിന്നെ ‘പണം’; അതിനായി സമ്പാദ്യപ്പെട്ടി തുറക്കുകയും പൊട്ടിക്കുകയും ചെയ്തപ്പോൾ മറ്റാരും അറിയാതെ കാര്യം നടന്നു. എല്ലാവരും വീട്ടുജോലികൾ സൂപ്പർഫാസ്റ്റായി ചെയ്തുതീർത്തു. തോട്ടിൻ‌കരയിൽ പോയി തുണിയലക്കി മുങ്ങിക്കുളിച്ച്, വീട്ടിൽ വന്ന് അലക്കിയ തുണികളെല്ലാം ഉണക്കാനിട്ടശേഷം ഭക്ഷണം കഴിച്ചു. പിന്നെ കൂട്ടത്തിൽ നല്ല ഡ്രസ് ധരിച്ച് പൌഡറിട്ട് പൊട്ടുകുത്തിയശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങി; ഓരോരുത്തരായി വയലിലേക്കിറങ്ങി. അങ്ങനെ എട്ട് സുന്ദരികൾ ഒത്ത്‌ചേർന്ന് നട്ടുച്ചവെയിൽ അവഗണിച്ച്, നെൽവയലും തോടും മുറിച്ച് കടന്ന് യാത്രയായി; ആ കാലത്ത്, നമുക്ക് ഏറ്റവും അടുത്തുള്ള സിനിമാ തിയേറ്ററിലേക്ക്; അതാണ്
‘ദർപ്പണ ടാക്കിസ്’; സ്ഥലം കണ്ണൂർ ജില്ലയിലെ ‘ചാല’.


                   ഇനി എട്ട് സുന്ദരിമാർ ആരൊക്കെയാണെന്ന് പറയാം. ഒരു സുന്ദരി ഞാൻ തന്നെ; എന്താ സംശയം ഉണ്ടോ?
ഇനി മറ്റുള്ളവരുടെ പേര് പറയാം; തുച്ചി, ലച്ചി, ബേബി, അജി, അമി, രജി, ഇഞ്ചി അങ്ങനെ ഏഴ് പേര്. ഇതൊക്കെ നമ്മുടെ നാടൻ പേരുകളാണ്. തുച്ചി എന്റെ അനുജത്തി, ലച്ചിയും ബേബിയും ഇളയമ്മയുടെ മക്കൾ, അജിയും അമിയും അയൽ വാസി സഹോദരിമാർ; രജിയും ഇഞ്ചിയും മറ്റൊരു അയൽ വാസി സഹോദരിമാർ. സിനിമാക്കൊതി തീർക്കാൻ പോകുന്ന എട്ട് സുന്ദരിമാരുടെയും പ്രായം പതിനാറിനും ഇരുപത്തി ഒന്നിനും ഇടയിൽ. പ്ലസ് 2 കടന്നാക്രമണം നടത്താത്ത കാലമായതിനാൽ എല്ലാവരും കോളേജ് കുമാരിമാർ. അതിൽ അഞ്ച് പേർ സാരിയിലും മൂന്നു പേർ പാവാടയിലും. കൂട്ടത്തിൽ ഏറ്റവും മുതിർന്ന അംഗം ഞാൻ തന്നെ. പിന്നെ ഒരു ചെറിയ രഹസ്യം പറയാനുണ്ട്; ഇക്കൂട്ടത്തിൽ ബേബി ഒഴികെ എല്ലാവരും ഇപ്പോൾ സർക്കാർ ജോലി ചെയ്ത്, പണം എണ്ണിവാങ്ങുന്നവരാണ്.


                              ഞങ്ങൾ കടൽക്കരയിലെ ഗ്രാമത്തിൽ‌നിന്നും കിഴക്കോട്ട് യാത്രതുടർന്നു. വിശാലമായ നെൽവയല്, മുറിച്ച്‌കടന്ന് മറുകരയിൽ എത്തിയശേഷം ഊടുവഴികൾ താണ്ടി വേലികളും മതിലുകളും കയറിമറിഞ്ഞ് ചെമ്മൺപാതയിൽ എത്തി. അരമണിക്കൂർ നടന്നപ്പോൾ തോട്ടട ബസ്‌സ്റ്റോപ്പിൽ എത്തി.


                               സിനിമ കാണാൻ ഇനി ചാലയിലേക്ക് പോകേണ്ട വഴികൾ പലതുണ്ട്. ഏറ്റവും വളഞ്ഞ വഴി ബസ്‌യാത്രയാണ്. കണ്ണൂരിലേക്ക് പോകുന്ന ബസിൽ കയറി താഴെചൊവ്വയിൽ ഇറങ്ങി; അടുത്ത കൂത്തുപറമ്പ് ബസ്സിൽ കയറി, ടാക്കിസിനു മുന്നിൽ ഇറങ്ങുക. ഇന്ന് നാട്ടുകാർക്ക് അറിയുന്ന വഴി, അത് മാത്രമാണെങ്കിലും അന്ന് ആരും ആ വളഞ്ഞ വഴിയിൽ യാത്ര ചെയ്യാറില്ല. കൂടാതെ ഞങ്ങളുടെ സാമ്പത്തികനില ‘ബി പി എൽ’ ആയതിനാൽ ബസ്‌യാത്ര അപ്രാപ്യമാണ്. വേലിയും മതിലും കടന്ന് വീടുകളുടെ അടുക്കളപ്പുറത്ത് കൂടി നടന്ന് നേരെ സഞ്ചരിക്കുക എന്നതാണ് നമ്മുടെ രീതി.


                             ഒരു വഴി അമ്മൂപ്പറമ്പിലൂടെയാണ്; അവിടെ നട്ടുച്ചക്കും നട്ടപ്പാതിരക്കും ചില അമാനുഷിക ശക്തികൾ ഇറങ്ങി നടക്കാറുണ്ടെന്ന് പറയപ്പെടുന്നു. ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞ് കിടക്കുന്ന, കരിമ്പാറകളിൽ പുല്ല് മാത്രം വളരുന്ന, വിശാലമായ ആ പറമ്പിൽ‌കൂടി ഒറ്റയ്ക്ക് നടക്കുന്നവരെ വഴിതെറ്റിച്ച് വിടുന്ന ദേവന്മാരുടെയും ദേവിമാരുടെയും വിഹാരസ്ഥലമാണവിടം. ധൈര്യശാലിയാണെന്ന് പൊങ്ങച്ചം പറഞ്ഞ്, ഒരു അർദ്ധരാത്രി അമ്മൂപ്പറമ്പിലൂടെ നടന്ന ഒരു യുവാവ്, മുന്നിലൂടെ നടക്കുന്ന സുന്ദരിയുടെ പനങ്കുല പോലുള്ള മുടിയുടെ പിന്നാലെ നടന്ന് വഴിതെറ്റിയ സംഭവം നാട്ടുകാർക്കറിയാം. ഏതായാലും എട്ട് സുന്ദരികളും ആ വഴി പോകാൻ തയ്യാറല്ല. ഏതെങ്കിലും ഗന്ധർവ്വനെ കണ്ടാൽ പേടിച്ച് എട്ടും, എട്ട് വഴിക്ക് ഓടും എന്നത് ഉറപ്പാണ്.


                            പിന്നെയുള്ള നേർവഴി തോട്ടട ഹൈസ്ക്കൂൾ വഴിയാണ്. ഞങ്ങളിൽ ആറ് സുന്ദരികളും അവിടെ പഠിച്ചവരാണ്. സർക്കാർ ഹൈസ്ക്കൂളിന് മതിലുകളില്ലാത്തതിനാൽ ഞങ്ങൾ സ്ക്കൂളിനു മുന്നിലൂടെ എളുപ്പം നടന്നപ്പോൾ റെയിൽ‌പാളം കണ്ടു. വണ്ടിവരാത്ത നേരം നോക്കി, തീവണ്ടിപ്പാത മുറിച്ച്‌കടന്ന് മുന്നോട്ട് നടക്കുമ്പോഴാണ് അത് കേട്ടത്, ടാക്കിസിൽ നിന്നും ഉയരുന്ന സിനിമാഗാനം. അങ്ങനെ റോഡിൽ എത്തി, പാട്ടിന്റെ പ്രഭവസ്ഥാനം തേടി, നടന്ന് പോയപ്പോൾ അതാ നമ്മുടെ മുന്നിൽ നിൽക്കുന്നു; സിനിമാതീയറ്റർ – ദർപ്പണ.


                                   ടാക്കീസ് പരിസരം കണ്ട എട്ട് സുന്ദരികളും ഒന്നിച്ച് ഞെട്ടി; മറുനാട്ടുകാരായ ഞങ്ങളോടൊപ്പം ആ നാട്ടുകാരെല്ലം പരിസരത്ത് എത്തിചേർന്നിട്ടുണ്ട്. ഗെയിറ്റ് കടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ മുന്നിൽ വന്ന് പറഞ്ഞു,
“സിനിമ കാണാനാണോ? ഇവിടെ പത്ത് മിനിട്ട് മുൻപെ ഹൌസ്ഫുൾ ആയി; ഇനി വീട്ടിൽ‌പോയി ആറരയുടെ ഷോ കാണാൻ വന്നാൽ മതി. പിന്നെ വീട് അടുത്താണെങ്കിൽ സെക്കന്റ്ഷോ കാണുന്നതാവും നിങ്ങൾക്ക് സൌകര്യം”
                           മൂന്നര മുതൽ ആറ് മണിവരെയുള്ള ഷോ കാണാൻ‌വേണ്ടിയാണ് ഞങ്ങൾ വന്നത്. ഇനി തിരിച്ച് പോവുകയോ? അതിന് ഞങ്ങളാരും തയ്യാറല്ല. പിന്നെ ഏതെങ്കിലും ഒരുത്തനെ സോപ്പിട്ടാൽ ചിലപ്പോൾ ടിക്കറ്റ് കിട്ടും; എന്നാൽ എട്ട് ടിക്കറ്റുകൾ ഒരിക്കലും കിട്ടുകയില്ല. ആളുകളെ അകത്താക്കി വാതിലടച്ച്; അതിന്റെ മുന്നിൽ നിൽക്കുന്ന ഗെയിറ്റ്കീപ്പർക്ക് ഫ്രീ ആയി ഒരു ചിരി സമ്മാനിച്ചശേഷം ലച്ചി അടുത്തുപോയി ചോദിച്ചു,
“നമ്മൾ വളരെ ദൂരെനിന്നും നടന്ന് വരുന്നതാ; നിങ്ങൾ വിചാരിച്ചാൽ ടിക്കറ്റ് കിട്ടുമോ?”
“എത്ര പേരുണ്ട്” അദ്ദേഹം താല്പര്യത്തോടെ ചോദിച്ചപ്പോൾ എല്ലാവർക്കും സന്തോഷം തോന്നി.
“എട്ട്”
,,എട്ടെന്ന് കേട്ട് ആ മനുഷ്യന്റെ മുഖം ഇരുണ്ടു,
“ഇവിടെയിപ്പൊ എക്സ്ട്രാ പത്ത് കസേലകൂടി ഇട്ടിരിക്കയാ, ഞാൻ വിചാരിച്ചാൽ ഒന്നോ രണ്ടോ കൂടി സംഘടിപ്പിക്കാം. നിങ്ങളിൽ രണ്ടാൾക്ക് സിനിമ കണ്ടാൽ മതിയോ?”
“അയ്യോ അത് പറ്റില്ല, നമ്മൾ ഒന്നിച്ച് വന്നവരാണ്”
അങ്ങനെ ആ വഴിയും അടഞ്ഞു.


                     സമീപത്തുള്ള പൂമരത്തണലിൽ നിന്നുകൊണ്ട് ഞങ്ങൾ ആലോചിക്കാൻ തുടങ്ങി. പെട്ടെന്ന് ഇഞ്ചി പറഞ്ഞു,
“നമുക്കിനി അടുത്ത ഷോ കാണാം”
“അടുത്ത ഷോ ആറരക്കാണ് തുടങ്ങുക, ഒൻപത് മണിക്ക് തീരുമ്പോൾ രാത്രിയാവില്ലെ?”
ഞാൻ ചോദിച്ചു.
“അതിനെന്താ നമ്മൾ എട്ട്‌പേരില്ലെ, പിന്നെന്തിന് ഭയപ്പെടണം?”
“ഏതായാലും സിനിമ കാണാൻ വന്ന നമ്മൾ കാണാതെ വീട്ടിലേക്കില്ല; കാര്യം നിസ്സാരം”
എല്ലാവരും ഒന്നിച്ച് പറഞ്ഞു.


                              അപ്പോൾ ഇനി ആറ്‌മണിവരെ ഇവിടെ ചുറ്റിപ്പറ്റി നിൽക്കണം. അങ്ങനെ നിൽക്കാൻ ആർക്കും പ്രയാസമില്ല. എട്ട് സുന്ദരിമാരെ ഒന്നിച്ച് കാണുമ്പോൾ പുരുഷന്മാർ പലരും ഉപഗ്രഹങ്ങളെപ്പോലേ നമുക്ക് ചുറ്റും വട്ടംകറങ്ങിക്കൊണ്ടിരിക്കും. അതിൽ ഞങ്ങൾക്ക്, ഒരു പരാതിയും ഇല്ല.


അങ്ങനെ പൂമരത്തണലിൽ നിൽക്കുമ്പോൾ കൂട്ടത്തിൽ കുട്ടിയായ ബേബി ചിണുങ്ങാൻ തുടങ്ങി,
“ശ്ശോ, എന്റെ കാല് വേദന,; ഞാനിപ്പം നിലത്തിരിക്കും”
അത് കേട്ട് പരിസര നിരീക്ഷണം നടത്തിയ അജി, അല്പം അകലെയുള്ള ഒരു ഓലപ്പുര ചൂണ്ടിക്കൊണ്ട്, പറഞ്ഞു,
“അടുത്ത സിനിമ തുടങ്ങുന്നത് വരെ നമ്മക്ക് ആ വീട്ടിന്റെ കോലായീൽ ഇരിക്കാം”
                       അങ്ങനെ ഞങ്ങൾ നടന്ന് ആരോടും അനുവാദം ചോദിക്കാതെ, ആ വീട്ടിന്റെ മുറ്റത്ത്‌കയറി. ചാണകം മെഴുകിയ തറയിൽ, മുറ്റത്ത് നിന്ന് എടുത്ത ഉണങ്ങിയ ഇലവിരിച്ച് വരാന്തയുടെ വശങ്ങളിൽ പലയിടങ്ങളിലായി ഇരുന്നു.
രജി ഒരു സിനിമാപ്പാട്ട് മൂളാൻ തുടങ്ങി,
“മേലേ മാനത്തെ നീലിപ്പെണ്ണിന്
മഴപെയ്താൽ ചോരുന്ന വീട്,
അവളേ സ്നേഹിച്ച പഞ്ചമിചന്ദ്രന്
പവിഴം കൊണ്ടൊരു നാലുകെട്ട്”


                              പാട്ടിന്റെ പാലാഴി വീട്ടിനകത്ത് ഒഴുകിയപ്പോൾ നീലക്കുയിൽ പോലുള്ള വീട്ടമ്മ അകത്തുനിന്നും പുറത്ത് വന്നു. കുട്ടിക്കുയിൽ പോലുള്ള ഒരു കുട്ടിയെ ഒക്കത്തിരുത്തിയിട്ടുണ്ട്. വെറും നിലത്തിരിക്കുന്ന സുന്ദരിമാരെ ജീവിതത്തിൽ ആദ്യമായികണ്ട അവരൊന്ന് ഞെട്ടി; ഒപ്പം കുട്ടി പേടിച്ച് കരയാൻ തുടങ്ങി.


                          പെട്ടെന്ന് അജി എഴുന്നേറ്റ് കുട്ടിയെ അവരുടെ കൈയിൽ നിന്നും വാങ്ങി. അവനെ ചിരിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്ത് ഫ്രന്റ്സ് ആയി മാറി. കുട്ടികളെ കണ്ടാൽ പരിസരം മറന്ന് അവരെ എടുക്കുന്നത് അവളുടെ ജന്മസ്വഭാവമാണ്. കുട്ടികളെ കൊഞ്ചിക്കുന്ന അജിയുടെ ഈ സ്വഭാവം കൊണ്ട് ഒരിക്കൽ നാട്ടുകാർ അടിയോടടുത്തിരുന്നു.
“അയ്യോ എല്ലാരും വെറും‌നിലത്താണോ ഇരിക്കുന്നത്?”
അതും പറഞ്ഞ് അകത്തുപോയ വീട്ടമ്മ ഒരു മരക്കസേലയും രണ്ട് ഓല മെടഞ്ഞതുമായി പുറത്തുവന്നു.
അതോടെ വരാന്തയിൽ വിരിച്ച ഓലയിൽ എല്ലാവരും ഇരുന്നു; കസേലയെ എട്ട് പേരും അവഗണിച്ചു.
തുടർന്ന് ഡയലോഗ് ആരംഭിച്ചു.
“സിനിമകാണാൻ വന്നവരായിരിക്കും; അല്ലെ?”
“അതെ, ഞങ്ങൾക്ക് ടിക്കറ്റ് കിട്ടിയില്ല; ഇനി അടുത്ത സിനിമ വരെ ഇരിക്കാൻ ഇവിടെ വന്നതാ”
“പുതിയ ടാക്കീസായതുകൊണ്ട് എപ്പോഴും തിരക്കാ; എത്ര പേരാ ടിക്കറ്റ് കിട്ടാതെ തിരിച്ച് പോകുന്നത്,, എല്ലാരും ദൂരേന്നായിരിക്കും,”
“അതെ, ഇനി ഞങ്ങള് അടുത്ത ഷോ കണ്ടിട്ടെ പോകുന്നുള്ളു”
“അപ്പോൾ വീട്ടിലെത്താൻ പത്ത്മണി ആകുമല്ലൊ! ഒപ്പരം ആണുങ്ങളൊന്നും ഇല്ലെ?”
“നമ്മൾ എട്ട്പേരുള്ളപ്പോൾ ആണുങ്ങൾ എന്തിനാണ്?”
“എല്ലാരും ബനിയാൻ കമ്പനീലെ ജോലിക്കാരായിരിക്കും”
“ബനിയാൻ കമ്പനിലെയോ!”
എട്ട് സുന്ദരിമാരും ഒന്നിച്ച് തലയുയർത്തി. കോളേജ് കുമാരിമാരായ നാടിന്റെ ‘ഭാവി വാഗ്ദാന’ങ്ങളായ ഞങ്ങൾ സാധാ തൊഴിലാളികളോ? ആകെ ഒരു ചമ്മൽ; ഭാവി ജീവിതത്തിൽ ഉന്നതപദവികൾ അലങ്കരിക്കാനായി കാത്തിരിക്കുന്ന, എട്ട് സുന്ദരിമാർ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചമ്മൽ.
“അത് പിന്നെ ഇങ്ങനെ പെണ്ണുങ്ങൾ ഒന്നിച്ച് സിനിമ കാണാൻ വരുന്നത്, ബനിയാൻ കമ്പനിയിലെ ജോലിക്കാരാ,,,”
ആ വീട്ടമ്മ സ്വന്തം അറിവ് അടിസ്ഥാനമാക്കി പറഞ്ഞതാണ്.
“നമ്മളെല്ലാവരും കോളേജിൽ പഠിക്കുന്നവരാ,,”
“കോളേജിലോ?”
“അതെ അഞ്ച് പേർ എസ്. എൻ. കോളേജിലും, മൂന്നു പേർ ബ്രണ്ണൻ കോളേജിലും”
ആ സ്ത്രീ വിശ്വാസം വരാതെ എല്ലാവരെയും ഒന്ന് നന്നായി നോക്കിയ ശേഷം അകത്ത് പോയി.
അജിയും കുട്ടിക്കുയിലും ഒന്നിച്ച് അവരുടെതായ ലോകത്താണ്.


                        ടാക്കിസിൽ സിനിമ തുടങ്ങി പാട്ടുകൾ തകർക്കുകയാണ്. കാണികളുടെ കരഘോഷവും ആർപ്പുവിളികളും മുഴങ്ങുന്നു. സിനിമാഗാനത്തോടൊപ്പം കാണികളും കൂടെച്ചേർന്ന് പാടുന്നതിനാൽ എല്ലാം ചേർന്ന് ആഘോഷം തന്നെ. കൂട്ടത്തിൽ ഞങ്ങളും ഇരിക്കേണ്ടതായിരുന്നു. ഓ അതിനെന്താ അല്പസമയം കാത്തിരുന്ന് കാണാമല്ലൊ.


                          ഞങ്ങൾ പലതരം നാട്ടുവിശേഷങ്ങൾ പറഞ്ഞ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. അത് കേട്ടിട്ടായിരിക്കണം അകത്തുനിന്നും ഒരു ചെറുപ്പക്കാരൻ ഉറക്കത്തിൽ ഞെട്ടിയതുപോലെ അർദ്ധവസ്ത്രനായി പുറത്ത് വന്നു. അവിശ്വസനീയമായ കാഴ്ച‌കണ്ട് ഒരു നിമിഷം അവനൊന്ന് ഞെട്ടി; എട്ട് സുന്ദരികൾ ഒന്നിച്ച് സ്വന്തം വീട്ടിൽ! സ്വബോധം വന്നപ്പോൾ അവൻ പെട്ടെന്ന് അകത്തേക്ക് ചാടി.
                               അല്പസമയം കഴിഞ്ഞ് അവൻ പുറത്ത് വന്നു; പൂർണ്ണ വസ്ത്രനായി ഫുൾ മെയ്ക്കപ്പിൽ. ഒപ്പം പുറത്ത് വന്ന് വീട്ടുകാരി ചെറുപ്പക്കാരനെ പരിചയപ്പെടുത്തി,
“ഇതെന്റെ ആങ്ങളയാ, പേര് ദിവാകരൻ, നെയ്ത്ത് കമ്പനിയിൽ മേസ്ത്രിയാ,,”
ഞങ്ങൾ അവനെ മൈന്റ് ചെയ്തില്ല; പൂവാലന്മാർ നിറഞ്ഞ കോളേജിൽ നിന്നും വരുന്ന ഞങ്ങളെന്തിന്; ഈ മേസ്ത്രിയെ കടാക്ഷിക്കണം!
പെട്ടെന്ന് രജി പറഞ്ഞു,
“ഞങ്ങൾക്ക് എല്ലാവർക്കും വളരേ ദാഹം ഉണ്ട്; ഒരു പാത്രത്തിൽ കുറച്ച് വെള്ളം കിട്ടിയാൽ ദാഹം മാറ്റാമായിരുന്നു,,”
                         മലയാളം എം.എ പഠിക്കുന്നവളുടെ ചോദ്യം കേട്ട് വീട്ടുകാരി അകത്ത് പോയി. ഒപ്പം അവരുടെ സഹോദരൻ പഞ്ചാരച്ചാക്കുകൾ തുറക്കാൻ ആരംഭിച്ചു. പഞ്ചാരയെല്ലാം ഉറുമ്പരിക്കുമെന്നായപ്പോൾ അവൻ പെട്ടെന്ന് ഇറങ്ങിപ്പോയി. അവന്റെ വീട്ടിന്റെ വരാന്തയിൽ ഇരുന്ന് അവനെ കടാക്ഷിക്കാത്ത സുന്ദരികളോട് അവന് വെറുപ്പ് തോന്നിയിരിക്കാം.


                                വീട്ടമ്മ പത്ത് മിനിട്ട് കഴിഞ്ഞാണ് പുറത്ത് വന്നത്, ഒരു മൺപാത്രത്തിൽ ചൂടുള്ള ചായയും ഒരു ഗ്ലാസ്സുമായി.
                      കൂട്ടത്തിൽ മുതിർന്നവൾ ആയതിനാൽ, ആദ്യം ഒഴിച്ച ചായ എനിക്ക് കിട്ടി. പിന്നെ ഗ്ലാസ്സ് കഴുകിയ ശേഷം ഓരോ ആൾക്കും ചായ നൽകി ആ വീട്ടുകാരി ഞങ്ങളെ സൽക്കരിച്ചു.


                              ചിരിച്ചും കളിച്ചും പാട്ടുപാടിയും സമയം പോയതറിഞ്ഞില്ല. ഒപ്പം കൂടാൻ ഒരു കുട്ടിക്കുയിൽ കൂടിയുണ്ടല്ലൊ. അഞ്ചര കഴിഞ്ഞപ്പോൾ ടാക്കീസ് പരിസരത്ത് ജനസംഖ്യ പെരുകാൻ തുടങ്ങി. ആറ്മണിക്ക് ഷോ കഴിഞ്ഞ് ഉടനെ അടുത്ത ഷോയുടെ ടിക്കറ്റ് വില്പന ആരംഭിക്കും. അതിനു മുൻപ്‌തന്നെ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കണം.
കുട്ടിക്കുയിലിനെ അമ്മക്ക് വിട്ടുകൊടുത്ത ശേഷം നന്ദിയും റ്റാറ്റയും പറഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോൾ ആ വീട്ടമ്മ പറഞ്ഞു,
“സിനിമ തീരുമ്പോൾ രാത്രി നല്ല ഇരുട്ടാവുമല്ലൊ; പേടിയുണ്ടെങ്കിൽ വീടുവരെ ആങ്ങള ദിവാകരെനോട് വരാൻ പറയട്ടെ?”
“അയ്യോ അത് വേണ്ട; ഞങ്ങൾക്ക് കൂടെ ആരെങ്കിലും വരുന്നതാ പേടി”
അജി പറഞ്ഞപ്പോൾ അവർ പിന്നെയൊന്നും പറഞ്ഞില്ല.


                                 ആ നല്ലവരായ വീട്ടമ്മയെയും വിട്ട് എല്ലാവരും ടാക്കിസിന്റെ പൂമരത്തണലിൽ സ്ഥാനം പിടിച്ചു. അല്പസമയം കഴിഞ്ഞ് ‘ഇഞ്ചി’ ടിക്കറ്റെടുക്കാൻ വേണ്ടി കൌണ്ടറിനു മുന്നിൽ ഒന്നാം നമ്പറായി നിന്നു. ഏത് തിരക്കിലും നുഴഞ്ഞുകയറാനുള്ള സാമർത്ഥ്യം അവൾക്കുണ്ട്.


                                ആറു മണി ആയതോടെ ടാക്കിസിൽ നിന്നും മണിയടി മുഴങ്ങി. വാതിലുകളെല്ലാം ഒന്നിച്ച് തുറക്കപ്പെട്ടതോടെ ഓരോരുത്തരായി കണ്ണുംതിരുമ്മിക്കൊണ്ട് പുറത്തിറങ്ങി. പുറത്തിറങ്ങിയവരിൽ ചിലർ റോഡിൽ കാത്തിരിക്കുന്ന ബസ്സിനു നേരെ സീറ്റ് പിടിക്കാനായി ഓടി. അപ്പോഴേക്കും ചിരിച്ചുകൊണ്ട്, എട്ട് സെക്കന്റ്ക്ലാസ് ടിക്കറ്റുമായി ഇഞ്ചി വന്നു. അതോടെ എല്ലാവരും സെക്കന്റ് ക്ലാസ് വാതിലിനു മുന്നിൽ ഒന്നിനു പിറകെ ഒന്നായി നിന്നു.


                      ടിക്കറ്റ് കൊടുത്ത് അകത്ത് പ്രവേശനം ലഭിച്ച എട്ട് സുന്ദരികളും ഏറ്റവും പിന്നിൽ ഏതാണ്ട് നടുക്കായി ഒരേ വരിയിൽ ഇരുന്നു.
                          എല്ലാ ഇരിപ്പിടങ്ങളും നിറഞ്ഞു; ഹൌസ് ഫുൾ. അകത്ത് വെളിച്ചം അണഞ്ഞതോടെ തിരശീലയിൽ വെളിച്ചം തെളിയുകയായി; സിനിമ ആരംഭിക്കുകയാണ്. ആദ്യം പരസ്യങ്ങൾ, പിന്നെ സിനിമാ ലോകത്തേക്ക്,,
                            എന്റെ കൂടെയുള്ളവരിൽ ഞാനും, എന്റെ അനിയത്തി ‘തുച്ചിയും’ ഒഴികെ എല്ലാവരും, ഇടയ്ക്കിടെ സിനിമ കാണുന്നവരാണ്. ഞാൻ അതുവരെ കണ്ടത് വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം; പ്രീഡിഗ്രിക്ക് പഠിക്കുന്ന അനുജത്തി കാണുന്നത്, മൂന്നാമത്തെ സിനിമ.


                                 നസീറും ബാലചന്ദ്രമേനോനും അഭിനയം തകർക്കുകയാണ്. ലക്ഷ്മിയും സുകുമാരിയും അമ്മ വേഷത്തിൽ രണ്ട് ഭാവത്തിൽ അഭിനയിക്കുന്നു. ജലജയും പൂർണ്ണിമയും സഹോദരിമാരാണെങ്കിലും വേറിട്ട സ്വഭാവങ്ങൾക്ക് ഉടമയാണ്. തലയിൽ തുവാലചുറ്റി അഭിനയം അടിപൊളിയാക്കുന്ന ബാലചന്ദ്രമേനോൻ എട്ട് സുന്ദരികളുടെയും ആരാധ്യപുരുഷനായി മാറി. അങ്ങനെ രണ്ടര മണിക്കൂർ അവരോടൊത്ത് ഞങ്ങളും മനസ്സുകൊണ്ട് അഭിനയിച്ചു. ജലജയുടെയും ലാലു അലക്സിന്റെയും കൂടെ “താളം ശ്രുതിലയ താളം” പാടി; വെള്ളിത്തിരയിൽ ഡാൻസ് കാണുമ്പോൾ ഞങ്ങൾ കൈകൊട്ടി ചിരിച്ചു.


                          ഒടുവിൽ സിനിമ കഴിഞ്ഞ് മണിയടി കേട്ടപ്പോഴാണ് എട്ട് സുന്ദരികൾക്കും പരിസരബോധം വന്നത്. പതുക്കെ എല്ലാവരും തീയറ്ററിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴും അടുത്ത കാണികളെകൊണ്ട് തീയറ്റർ പരിസരം നിറഞ്ഞിരുന്നു.


സമയം രാത്രി ഒൻപത് മണി കഴിഞ്ഞു.
സ്ട്രീറ്റ് ലൈറ്റിനപ്പുറത്തെ ഇരുട്ടിൽനിന്ന് പഞ്ചമിചന്ദ്രൻ സുന്ദരിമാരെ നോക്കി ചിരിക്കുകയാണ്. അതോടൊപ്പം ഒരു ചോദ്യവും, ‘ഈ വെളിച്ചം മതിയാവുമോ വീട്ടിലെത്താൻ?’
കൂടെ എല്ലാവരും ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ‘രജി’ പറഞ്ഞു,
“വേഗം നടന്നാൽ പത്ത്മണിക്ക് വീട്ടിലെത്താം”
“അപ്പോൾ ഇരുട്ടത്ത് ഒരു ചൂട്ടെങ്കിലും കത്തിക്കണ്ടെ?”
ലച്ചിയുടെ സംശയം പുറത്ത് വന്നു.
“നമുക്ക് ചായ തന്ന ആ വീട്ടിൽതന്നെ പോയി കുറച്ച് തെങ്ങോല സംഘടിപ്പിക്കാം”
രജി അഭിപ്രായം പാസ്സാക്കിയപ്പോൾ എല്ലാവരും ആ വീട്ടിലേക്ക് മാർച്ച് ചെയ്തു.


                                  അവിടെ വീട്ടുകാരിയോടൊപ്പം അവരുടെ ഭർത്താവും ഞങ്ങളെ കാത്തിരിക്കുന്നതു പോലെ ഉറങ്ങാതെ വരാന്തയിൽ ഇരിപ്പാണ്. അടുത്ത ഷോ കാണാൻ ആളുകൾ തീയറ്ററിനകത്ത് കയറിയിട്ട് വേണം അവർക്കുറങ്ങാൻ. ആവശ്യം പറഞ്ഞപ്പോൾ അവർ ഒന്നിനു പകരം നാല് ഓലച്ചൂട്ട കെട്ടിത്തന്നു. അഞ്ചാമതൊന്നിനെ ചിമ്മിനി വിളക്കിന് കാണിച്ച് അഗ്നിസഹിതം ലച്ചിക്ക് നൽകി.


                                    അങ്ങനെ ഞങ്ങൾ എട്ട് സുന്ദരികൾ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ഓലച്ചൂട്ട് കത്തിച്ച് റോഡിൽ നിന്നും ഇടവഴികളിലൂടെ പാട്ടുപാടി താളം പിടിച്ച് നടക്കാൻ തുടങ്ങി,
“കൺ‌മണി പെൺ‌മണിയെ,,,
കൊഞ്ചിനിന്ന പഞ്ചമിയെ,,,”


                                     വന്ന വഴികളിലൂടെ നടന്ന് ഒടുവിൽ സ്വന്തം ഗ്രാമത്തിലെത്താറായി എന്ന് എട്ട് സുന്ദരിമാരും തിരിച്ചറിഞ്ഞു. അറിയിച്ചതാവട്ടെ കടൽക്കാറ്റും കടലിന്റെ ശബ്ദവും.
                                അതിനിടയിൽ രണ്ട് തവണ ചൂട്ട കെട്ടുപോയി (തീ അണഞ്ഞു). രണ്ട് തവണയും പരിസരത്ത് കാണുന്ന വീട്ടിൽ കയറി തീ കത്തിച്ചു. രണ്ടാമത്തെ വീട്ടിൽ നിന്നും കുറച്ച് ഓലയും ഒരു തീപ്പെട്ടിയും തന്നു.


                                ഇനി കുന്നിറങ്ങി വയൽ വരമ്പിലൂടെയാണ് യാത്ര. എങ്ങും തവളകളുടെ പാട്ടുകച്ചേരി തന്നെ. വെളിച്ചം കണ്ട തവളകൾ വഴിമാറാതെ മുന്നിൽ നിൽക്കുന്നത് കണ്ട് ‘അമി’ പറഞ്ഞു,
“പെൺ കുട്ടികൾ രാത്രി ഇറങ്ങി നടക്കുന്നത് കണ്ട് തവളകളെല്ലാം ആശ്ചര്യപ്പെട്ടിരിക്കയാ”


                            അല്പം അകലെ നെൽച്ചെടികൾക്കിടയിൽ ഒരു അനക്കം; ഒപ്പം തവളയുടെ ഭീകരമായ കരച്ചിൽ. അത്കണ്ട് മുന്നോട്ട് നീങ്ങിയ അജിയെ ‘രജി’ പിടിച്ചു നിർത്തി,
“നീർക്കോലിയാണെന്ന് വിചാരിച്ച് അങ്ങോട്ട് പോകേണ്ട; രാത്രി പുറത്തിറങ്ങുന്ന നീർമണ്ഡലിക്ക്, ഡിഗ്രി സുവോളജി പഠിക്കുന്ന ആളാണെന്ന് മനസ്സിലാവില്ല. കടിച്ചാൽ കുമാരൻ വൈദ്യർ വിചാരിച്ചാലും വിഷം ഇറക്കാൻ കഴിയില്ല”


                               അങ്ങനെ നെൽ‌വയൽ മുറിച്ച് കടന്ന് എല്ലാവരും അവരവരുടെ വീടുകളിൽ എത്തി. വീട്ടിൽ ഉറങ്ങാതെ കാത്തിരിക്കുന്ന രക്ഷിതാക്കൾ കാര്യങ്ങൾ അന്വേഷിച്ചു. വീട്ടുകാർ അല്പം ഭയപ്പെട്ടെങ്കിലും എട്ട് സുന്ദരികൾ ഒന്നിച്ച് പോയതു കൊണ്ട് കൂടുതൽ വഴക്ക് പറയാനുള്ള സാഹചര്യം ഒരു വീട്ടിലും ഉണ്ടായില്ല. പിന്നീട് സിനിമാക്കഥ പറഞ്ഞതിനു ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങി.
,,,
                        കാലത്തിന്റെ കുത്തൊഴുക്കിൽ തീയറ്ററിൽ പോയി കുടുംബസമേതം ഒരു സിനിമ കാണുന്ന ആ സുവർണ്ണകാലം അസ്തമിച്ചു. വീട്ടിലെ നാല് ചുമരുകൾക്കിടയിൽ സിനിമാലോകം ഇപ്പോൾ കുടുങ്ങിക്കിടപ്പാണ്.


                          തീയറ്ററുകളുടെ അടച്ചു പൂട്ടലുകൾക്ക് പിന്നിൽ ധാരാളം ഘടകങ്ങൾ ഉണ്ട്. ചില ടാക്കീസുകൾ മറ്റു പലതായി രൂപാന്തരപ്പെട്ടു. സിനിമയില്ലാത്ത സിനിമാടാക്കീസുകൾ നമ്മുടെ ‘ദർപ്പണ’ അടക്കം പലതും അഗ്നിക്കിരയായി. (അഗ്നിക്കിരയാക്കിയതാവാം). ചിലത് പൊളിച്ച്മാറ്റി, മാറ്റങ്ങൾക്ക് വഴിമാറിക്കൊടുത്തു. ആ സുവർണ്ണകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളായി ഏതാനും തീയറ്ററുകളുടെ അവശിഷ്ടങ്ങൾ ഇന്നും നമുക്ക് കാണാം.


                     ഇത് കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ ഒരു കാലത്ത് സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി സിനിമാലോകം തുറന്ന ‘കരുണ ടാക്കീസ്’.


            പൊളിച്ചുമാറ്റലിനും ഇടിച്ചുനിരത്തലിനും ഇടയിൽ ആ സുവർണ്ണകാലത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷം.

35 comments:

  1. മിനിജി ഇന്നലേകളിലേക്ക് കൊണ്ടു പോയതിനു നന്ദി.എന്തൊക്കെ പറഞാലും “കോട്ടയില്‍” ഇരുന്നു സിനിമ കാണുന്നതിന്റെ മജ ഒന്നു വേറെ തന്നെ.ഏഴ് സുന്ദരികളായ പെണ്‍കുട്ടികളും മിനിജിയും(എന്റെ ശത്രുക്കളുടെ എണ്ണം കൂടി) പോയ വഴിയിലൂടെ വായനക്കാരും വന്നുവെങ്കില്‍ അത് വിവരണത്തിന്റെ ഗുണമേന്മ കോണ്ട് മാത്രമാണ്..നന്നായി ആസ്വദിച്ചു.
    ഇതുപോലെയുള്ള സിനിമാനുഭവങള്‍ ഇല്ലാത്തവര്‍ ആരുണ്ട്..പക്ഷെ പുതിയ സിനിമ ഡൌണ്‍ ലോഡ് ചെയ്തു കാണുന്ന പുതിയ തലമുറക്കും മിനിജിക്കും വേണ്ടി പാട്ട്സ്പ്പലണ്ട്യേ.. വായിച്ച് അനുഭവിച്ചാലും...

    ReplyDelete
  2. സ്മരണകള്‍ അയവിറക്കുന്നതിനു, അവസരം ഒരുക്കിയതിനു നന്ദി

    ReplyDelete
  3. ചാലയില്‍ അങ്ങനെയൊരു ടാക്കീസ് ഉണ്ടായിരുന്നല്ലേ..! എന്നാലും പാതിരാക്ക് സിനിമയ്ക്ക് പോയ ധൈര്യം സമ്മതിക്കണം. എന്തെങ്കിലും ഒരു സംഭവം ക്ലൈമാക്സിലുണ്ടാവുമെന്ന് കരുതിയാണ് വായിച്ചത്. ഒരു നൊസ്റ്റാള്‍ജിയയില്‍ തീര്‍ത്തു. രസകരം.

    ReplyDelete
  4. poor-me/പാവം-ഞാൻ-,
    അതൊരു രസമുള്ള അനുഭവം തന്നെയാ,,.
    പിന്നെ ഞാനെങ്ങനെ ഈ പാവത്തിന്റെ ശത്രുവായി?
    അത് ഞാൻ വായിക്കുന്നുണ്ട്. നന്ദി.

    krishnakumar513-,
    അഭിപ്രായം എഴുതിയതിനു നന്ദി.

    കുമാരൻ|kumaran-,
    ചാല മാർക്കറ്റിനു സമീപത്തായിരുന്നു. അഗ്നിയിൽ അവസാനിച്ചു. അന്നൊക്കെ നടന്ന് പോകാൻ കഴിയുന്ന എല്ലായിടത്തും നാട്ടിലെ സ്ത്രീജനങ്ങൾ നടന്നെത്തും. എന്റെ നാട്ടുകാരായ സ്ത്രീകൾ എവിടെയും തള്ളിക്കയറുന്ന സ്വഭാവമുള്ളവരാ. പുരുഷന്മാരുടെ കുത്തകയായി അറിയപ്പെടുന്ന വായനശാലയിൽ പോയിരുന്ന് പത്രം വായിക്കുന്ന പെൺകുട്ടികളെ, നാട്ടിൻപുറത്ത് അവിടെ മാത്രമേ കാണുകയുള്ളു. സിനിമ അനുഭവങ്ങൾ എഴുതുന്നതിനു മുൻപ് മറ്റു സുന്ദരികളുമായി ചർച്ച ചെയ്തിരുന്നു. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  5. മിനിടീച്ചറേ,
    കുമാരൻ സൂചിപ്പിച്ച് പോലെ ക്ലൈമാക്സ് വേറെ എന്തെങ്കിലും ആകുമെന്നാ കരുതിയത്. കുഴപ്പമില്ല പിടിച്ചിരുത്തി. കണ്ണൂരിൽ അപ്പോൾ പെണ്ണുങ്ങൾക്ക് രാത്രിയിൽ വഴിനടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലേ.. നല്ലത്..

    ReplyDelete
  6. ഈ കഥയില്‍ നിന്ന് പല കാര്യങ്ങളും വെളിപ്പെടുന്നു.
    - സുന്ദരിയാണെന്ന 'മിഥ്യാ'ബോധം ഉണ്ട്
    - തനിയെ ആകുമ്പം എല്ലാ പെന്കുട്ടികളും പാവമാ.മൂന്നാലെണ്ണം കൂടിയാല്‍ പിന്നത്തെ കാര്യം എല്ലാം 'കാര്യം നിസ്സാരം'
    - ചേച്ചിയുടെ വയസ്സ് എല്ലാവര്ക്കും ഇപ്പം കൃത്യമായി പിടികിട്ടിക്കാണും .
    - പെണ്ണുങ്ങള്‍ കൂടിയാല്‍ ഭയങ്കര ധൈര്യമാ. പക്ഷെ ഒരു തവളയെ കണ്ടാല്‍ തീര്‍ന്നു.
    (ഏതായാലും, ഭൂതകാലത്തിലേക്ക് ഒരു എത്തിനോട്ടം അസ്സലായി.)

    ReplyDelete
  7. എട്ടു സുന്ദരികള്‍ ടാക്കീസില്‍ സില്‍മാ കാണാന്‍ പോയ കഥ ആസ്വദിച്ചു വായിച്ചു..
    നല്ല ഓര്‍മ കേട്ടോ..
    പിന്നെ മണ്മറഞ്ഞു പോകുന്ന ടാക്കീസുകളെ പട്ടി ഓര്‍മിപ്പിച്ചത് നന്നായി.

    ReplyDelete
  8. നന്നായി..പുറകോട്ട്ട് വലിച്ചോണ്ട് പോയതിനു..
    ടാക്കീസ് ന്റെ ഇപ്പോഴത്തെ ഫോട്ടോ കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി...

    ReplyDelete
  9. അങ്ങനെ അതും കൊപ്രാകളമോ ആഡിറ്റോറിയമോ ആവാൻ പോകുന്നു

    ReplyDelete
  10. പ്രകോപിപ്പിക്കണം എന്ന ദുരുദ്ദേശത്തോടെ തന്നേയാണ് 7സുന്ദരികളും+മിനിജിയും എന്നെഴുതിയത്...
    കണ്ണൂരിലെ പെണ്‍ തമാശയുടെ ഒരു മൊത്ത കച്ചവടക്കാരിയായിരുന്നിട്ടും അത് അങ് ഏശിയില്ല...അപ്പോ “ സാദാ’ പെണ്ണുങളോട് തമാശ പറഞാലോ? (!!!)
    ഇപ്പൊ പുടി കിട്ട്യാ?

    ReplyDelete
  11. തിയറ്ററിലിരുന്ന് കാണുന്ന സുഖം വീട്ടിൽ കിട്ടുമോ .നാട്ടിലെ ലീനതീയറ്ററും പൊളിച്ചിരിക്കുന്നു .അത്ര പഴക്കമില്ലാത്ത കിരീടവും മണിച്ചിത്രത്താഴുമൊക്കെ നിറഞ്ഞ തീയറ്ററിൽ കണ്ടനാളുകൾ ... ഫാൻസുകളുടെ കോപ്രായങ്ങൾ അന്നില്ലാതിരുന്നത് കൊണ്ട് കുഴപ്പമില്ലായിരുന്നു . ഇന്നതല്ലല്ലോ സ്ഥിതി പേരെഴുതുന്നതിനു മുമ്പേ തുടങ്ങും ആജന്മസ്വഭാവം ...

    ReplyDelete
  12. മുള്ളൂര്‍ക്കര സി എം എസ് ടക്കീസാണ് എന്റെ നൊസ്റ്റാള്‍ജിയ കോട്ടായി! എത്രയെത്ര സില്‍മ കണ്ടതാ...ഇപ്പോഴും അതവിടെ ഉണ്ട് സി എം എസ്! കാര്യം നിസാരമാണെങ്കിലും പ്രശ്നം ഗുരുതരമാവാഞ്ഞത് നന്നായി!:)

    ReplyDelete
  13. Manoraj-,
    ക്ലൈമാക്സ് ഇല്ലാതെ നടന്ന വഴി അതേപടി പോസ്റ്റിയതാ. പിന്നെ തീയറ്ററുകളുടെ അവസ്ഥ തന്നെ ഒരു ക്ലൈമാക്സല്ലെ? ഒടുവിൽ ചിത്രത്തിൽ കാണിച്ച തീയറ്ററിനു സമീപം പുതിയ വീട് വെച്ച് താമസിച്ചതിനു ശേഷം എത്രയോ സിനിമകൾ കണ്ടിട്ടുണ്ട്. അത് ഇങ്ങനെ ആയിത്തീരും എന്ന് ഒരിക്കലും അന്ന് ചിന്തിച്ചിരുന്നില്ല. പിന്നെ കണ്ണൂരിൽ പെണ്ണൂങ്ങൾക്ക് കേരളത്തിലെ മറ്റു സ്ഥലത്തെക്കാൾ കൂടുതൽ സ്വാതന്ത്ര്യം ഉണ്ട്.

    തണൽ-,
    അപ്പോൾ കണ്ടുപിടുത്തം അസ്സലായിട്ടുണ്ട്. അഭിപ്രായത്തിനു നന്ദി.

    മുരളി|Murali Nair-,
    അഭിപ്രായത്തിനു നന്ദി.

    Sabu M H-,
    ആ ചിത്രത്തിലെ ടാക്കീസ് ഞാൻ നടന്നുപോകുന്ന വഴിക്കാണ്. അതിന്റെ മുന്നിലൂടെ നടക്കുമ്പോൾ പൂർവ്വകാലം ഓർത്തുപോകും. അഭിപ്രായത്തിനു നന്ദി.

    എറക്കാടൻ|Erakkadan-,
    അഭിപ്രായത്തിനു നന്ദി.

    പാവം ഞാൻ|poor-me-,
    തമാശ ഇഷ്ടമാണെന്ന് ഈ പാവത്തിന് മനസ്സിലായില്ലെ. പിന്നെ ആ പ്രായത്തിൽ എല്ലാവരും സുന്ദരികൾ തന്നെയാ, അഭിപ്രായത്തിനു നന്ദി.

    ജിവി കരിവെള്ളൂർ-,
    അഭിപ്രായത്തിനു നന്ദി.

    വാഴക്കോടൻ//vazhakodan-,
    അഭിപ്രായത്തിനു നന്ദി.

    Smija-,
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  14. ചാത്തനേറ്:പണ്ട് വീട്ടില്‍ നിന്നെല്ലാവരും അടുത്ത വീട്ടുകാരും കുറച്ച് ദൂരെ താമസിക്കുന്ന ബന്ധുക്കളും എല്ലാമെല്ലാമായി തിയേറ്ററിലെ ഒന്ന് രണ്ട് നിര ഏകദേശം പകുതിമുക്കാലും നിറഞ്ഞിരുന്ന് കണ്ടത് ഓര്‍മ വരുന്നു.

    ReplyDelete
  15. വീട്ടുകാരിയും ഭർത്താവും ഞങ്ങളെ കാത്തിരിക്കുന്നതു പോലെ ഉറങ്ങാതെ വരാന്തയിൽ ഇരിപ്പാണ്.

    ഭര്‍ത്താവോ ആങ്ങളയോ??

    എന്തായാലും വളരെ മനോഹരമായി തന്നെ, ഒരു സിനിമ പോലെ തന്നെ ഇത് അവതരിപ്പിച്ചു. പല ഓര്‍മകള്‍ക്കും വഴി വച്ച പോസ്റ്റ്‌.

    ReplyDelete
  16. wow.....
    entha ippo parayukaa...
    nannayii. nannayii minikuttyy ...

    allengil aangaleyil bhasayl

    great piece of work, pulling the time chain back.
    but its sad to see the current face of some
    but kalathinothu kollam mariya talkies ippolum pidichu nilkunnu..

    and its sure those days will again come back...

    ReplyDelete
  17. പണ്ട്‌ ചാല ദർപ്പണയിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കാണാൻ പോയ എന്റെ വെല്ല്യമ്മമാരെ ഓർമ്മ വന്നു.. അതുപോലെ പെരളശ്ശേരി ശ്രീതിഭയിലെ സെക്കന്റ്‌ ഷോയും കണ്ട്‌ ചൂട്ടും കത്തിച്ച്‌ കൊണ്ട്‌ തോട്ട്‌ വക്കത്തു കൂടെ വന്ന ഓർമ്മകളും. രണ്ട്‌ ടാക്കീസുകളും ഇന്നില്ല...

    ReplyDelete
  18. കുട്ടിച്ചാത്തൻ-,
    അഭിപ്രായത്തിനു നന്ദി.

    കുറുപ്പിന്റെ കണക്കു പുസ്തകം-,
    പകൽ വെളിച്ചത്തിൽ കണ്ടത് വീട്ടുകാരിയുടെ ആങ്ങളയെ. രാത്രി വരാന്തയിലിരുന്ന് സംസാരിക്കുന്നത് വീട്ടുകാരിയും ഭർത്താവും. തീയറ്ററിനു സമീപമുള്ള വീട്ടുകാർ, സിനിമയുടെ സമയം കണക്കാക്കിയാണ് ഉറങ്ങുന്നത്. അഭിപ്രായം പറഞ്ഞതിനു നന്ദി.

    Suji-,
    അഭിപ്രായത്തിനു നന്ദി. പഴയതെല്ലാം പൊളിച്ചിരിക്കയാ. ഒടുവിലെ ചിത്രത്തിൽ കൊടുത്ത സ്ഥലത്തിന്റെ വില സെന്റിന് പത്ത് ലക്ഷത്തിനു മുകളിലാ.

    ദീപു-,
    ഒരു മാവിലായിക്കാരനെ കണ്ടതിൽ വളരെ സന്തോഷം തോന്നി. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  19. വായിച്ചു , സിനിമ കഥ
    നന്നായിരിക്കുന്നു ഈ ഓര്‍മ്മകള്‍

    ReplyDelete
  20. നല്ല വിവരണം. നല്ല എഴുത്ത്‌. നല്ല ഒാര്‍മ്മ (എട്ടു ഒാര്‍മ്മകള്‍ കൂട്ടികെട്ടിയതോ അതോ ഒറ്റ ഒാര്‍മ്മയോ?) എന്തായാലും കലക്കി. പഴയ പല ഒാര്‍മ്മകളും തന്നു. എണ്റ്റെ ആ ഒാര്‍മ്മകള്‍ അത്ര മാധുര്യമുള്ളതല്ല. തീയേറ്ററില്‍ കയറുമ്പോഴേ സംശയിക്കും ഇതു കള്ളു ഷാപ്പോ അതോ ബീഡി കമ്പനിയോ എന്നു. കുറച്ചു കഴിഞ്ഞാല്‍ മനസിലാകും അതു ടി ബീ ഹോസ്പിറ്റലോ ഭ്രാന്താശുപത്രിയോ ആണെന്നു. ഇതൊക്കെ ആവത്‌ കുറക്കാന്‍ മിക്കവാറും രാത്രി ഷോക്ക്‌ ആകും പോക്കു. ഒരു സൈക്കിളില്‍ നാലഞ്ചു പേരു സുഖമായി സഞ്ചരിക്കും. വാടകക്ക്‌ എടുത്ത സൈക്കിള്‍ ആണെങ്കില്‍ ഒാരോരുത്തരും മാറി മാറി അതും ചുമന്നാവും തിരിച്ചെത്തുക. എന്നാലും ആറ്‍ക്കും ക്ഷീണമൊന്നും കാണില്ല. (വഴിക്കുള്ള തെങ്ങുകള്‍ ക്കു നന്ദി). പിന്നെ ചിറയിലിറങ്ങി ഒരു നീന്തിക്കുളി. കോഴികൂവുന്ന നേരത്താവും ഉറങ്ങാന്‍ കിടക്കുക.

    "ഇപ്പോൾ സർക്കാർ ജോലി ചെയ്ത്, പണം എണ്ണിവാങ്ങുന്നവരാണ്." ഈ വരിയില്‍ ഒരു തിരുത്ത്‌ വേണം. "സര്‍ക്കാര്‍ ആപ്പീസില്‍ ഇരുന്ന്" ശമ്പളം വാങ്ങുന്നവരാണെന്നായാലല്ലേ കൂടുതല്‍ ശരിയാവൂ

    ReplyDelete
  21. ഓറ്മ്മകള്‍ എനിക്കിഷ്ടമാണ്.നന്നായിട്ടുണ്ട്....

    ReplyDelete
  22. അസൂയ തോന്നുന്നു ടീച്ചര്‍. സ്വന്തം നാട്ടിലൂടെ പെണ്‍കുട്ടികള്‍ മാത്രം ആയി രാത്രി സിനിമക്ക് പോകുക. അതും എത്രയോ വര്‍ഷം മുന്‍പ്. മനോഹരമായ കുറിപ്പ്. ഏതെങ്കിലും യക്ഷിയോ പ്രേതമോ ഒക്കെ പേടിപ്പിക്കാന്‍ വരും എന്ന് പ്രതീക്ഷിച്ചു.

    ReplyDelete
  23. അഭി-,
    അഭിപ്രായത്തിനു നന്ദി.

    ജിതേന്ദ്രകുമാർ-,
    സിനിമാ തീയറ്റർ അടച്ചു പൂട്ടലുകൾക്ക് പിന്നിലുള്ള കാരണങ്ങളാണല്ലൊ എഴുതിയത്.
    പിന്നെ ഇപ്പോൾ സർക്കാർ ഓഫീസിലെ ആരും ജോലി ചെയാതെ പണം വാങ്ങാറില്ല. ഞാൻ കഥയിൽ പറഞ്ഞവരിൽ ഏഴിൽ അഞ്ച്‌പേരും ടീച്ചർ‌മാരാണ്. അവർക്ക് ഒരിക്കലും ഇരുന്ന് ജോലി ചെയ്യാൻ കഴിയാറില്ല.

    ഓർമ്മക്കുറിപ്പുകൾ-,
    അഭിപ്രായത്തിനു നന്ദി.

    സംഗീത-,
    എന്റെ നാട്ടിൽ പെൺകുട്ടികൾക്ക് സ്വാതന്ത്ര്യവും ഒപ്പം ധൈര്യവും ഉണ്ട്.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  24. അങ്ങിനെ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം "തുച്ചി, ലച്ചി, ബേബി, അജി, അമി, രജി, ഇഞ്ചി പിന്നെ മിനി" അങ്ങിനെ എട്ട് "മുന്‍" സുന്ദരികളോടൊപ്പം പോയി സിനിമ കണ്ടു...

    അല്ല ഇങ്ങനെ ഒരു ബ്ലോഗ് എഴുതണം എന്നറിഞ്ഞു കൊണ്ട് അന്നേ എഴുതി വച്ചിരുന്നോ ഇത്രയും...? എന്തയാലും ഓര്‍മ്മയില്‍ നിന്നും ഇത്ര കൃത്യമായി എങ്ങിനെ എഴുതാനാ..

    എന്തായാലും ആസ്വദിച്ചുട്ടോ..

    ReplyDelete
  25. അങ്ങനെ സിനിമ കാണാനൊന്നും പറ്റീട്ടില്ല. എന്നാലും പോസ്റ്റ് വായിച്ചപ്പോ ഞാനും കൂടെ ഉണ്ടായിരുന്നുവെന്ന് സങ്കല്പിച്ചു.
    ഇഷ്ടപ്പെട്ടു ടീച്ചറുടെ എഴുത്തും ആ യാത്രയും.
    അഭിനന്ദനങ്ങൾ.

    ReplyDelete
  26. Love your palm trees
    here are different trees ;)

    Have a nice sunday
    greetings on your family
    (@^.^@)

    ReplyDelete
  27. ഇന്നലകളുടെ നഷ്ട്ടബോധം നന്നായി ചിത്രീകരിച്ചിരിക്കുന്നു കേട്ടൊ ടീച്ചർ.

    ReplyDelete
  28. ഏ.ആർ.നജീം-,
    അഭിപ്രായത്തിനു നന്ദി. അന്ന് കമ്പ്യൂട്ടർ എന്ന പേര് പോലും കേട്ടിരുന്നില്ല.എങ്കിലും എന്റെ തലയിൽ സെയ്‌വ് ചെയ്തിട്ടുണ്ടാവും ‘ഒരു കാലത്ത് എല്ലാം എഴുതുമെന്ന്’. 8സുന്ദരികളിൽ ചിലരെ നേരിട്ടും ചിലരെ ഫോൺ ചെയ്തും സംശയം തീർത്താണ് എഴുതിയത്.

    Echmukutty-,
    അഭിപ്രായത്തിനു നന്ദി.

    Anya-,
    Thank you.

    ബിലാത്തിപട്ടണം|Bilatthipattanam-,
    അത്തരം നഷ്ടങ്ങൾ മറ്റു ചിലത് നേടിയെടുക്കാൻ സഹായിച്ചില്ലെ എന്നൊരു തോന്നൽ. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  29. ടീച്ചറെ സമ്മതിച്ചിരിയ്ക്കുന്നു. തൊട്ടാല്‍ പൊട്ടുന്ന എട്ടു സുന്ദരികള്‍ എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തില്‍ ഇങ്ങനെ നടക്കുകാന്നു വച്ചാല്‍? പിന്നെ നമ്മുടെ കണ്ണൂരിന്റെ പ്രത്യേകതയും അതാണല്ലോ. വെറുതയല്ല എനിക്കീ കണ്ണൂരിനോടിത്ര സ്നേഹം..
    ആശംസകള്‍

    ReplyDelete
  30. രാത്രി പുറത്തിറങ്ങുന്ന നീർമണ്ഡലിക്ക്, ഡിഗ്രി സുവോളജി പഠിക്കുന്ന ആളാണെന്ന് മനസ്സിലാവില്ല.
    ഹ ഹ ഹ

    ReplyDelete
  31. Dear Mini Teacher,
    Good one
    Sasi, Narmavedi

    ReplyDelete
  32. Dear Mini Teacher
    Good one
    Sasi, Narmavedi

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.