“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 20, 2010

എന്റെ കമ്പ്യൂട്ടർ പഠനം


                          അദ്ധ്യാപകർ ‘പഠിപ്പിക്കേണ്ടവരും വിദ്യാര്‍ത്ഥികൾ പഠിക്കേണ്ടവരുമാണ്’ എന്ന വിശ്വാസം എല്ലാകാലത്തും എല്ലാവര്‍ക്കും ഉള്ളതാണ്. ചിലപ്പോൾ ഞാൻ ഏതെങ്കിലും പുസ്തകം വായിക്കുന്നത് കണ്ടാൽ ഉടനെ എന്റെ അമ്മ ചോദിക്കും,
“ഒരു ടീച്ചറായിട്ടും നീയെന്തിനാ പഠിക്കുന്നത്?”
                          ഇതു പോലുള്ള പലതരം ചോദ്യങ്ങൾ പലപ്പോഴായി പലരിൽ നിന്നും ഞാൻ കേള്‍ക്കാറുണ്ട്. പഠനം അത് ശിഷ്യന്മാര്‍ക്ക് മാത്രം പോരാ; അദ്ധ്യാപകര്‍ക്കും ആവശ്യമാണ്. ഒരു നല്ല അദ്ധ്യാപകൻ, ഒരു നല്ല വിദ്യാര്‍ത്ഥി കൂടി ആയിരിക്കും.

                        ഇനി നമ്മുടെ കമ്പ്യൂട്ടർ കാര്യത്തിലേക്ക് കടക്കാം. കൂടുതൽ സ്ത്രീകൾ കമ്പ്യൂട്ടർ പഠിക്കുന്നുണ്ടെങ്കിലും അത് ജോലി സംബന്ധമല്ലാതെ, സ്വന്തമായി  ഉപയോഗിക്കുന്ന കാര്യത്തിൽ  സ്ത്രീകൾ വളരെ പിന്നിലാണ് എന്ന് പറയാം. സ്ത്രീകള്‍ക്ക് കഴിവ്  ഉണ്ടായിരിക്കാം; എന്നാൽ അത് പ്രയോജനപ്പെടുത്താറില്ല എന്നതാണ് സത്യം. കാലാകാലങ്ങളായി മുന്നിൽ വരാതെ അണിയറയിൽ ഒതുങ്ങിക്കൂടുന്ന ഈ ശീലം ചില സ്ത്രീകൾ ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.  പുരുഷന്മാർ പലപ്പോഴും കാണുന്നത് ഇങ്ങനെയുള്ള സ്ത്രീകളെയാണു‍. അമ്മ, സഹോദരി, ഭാര്യ, മകൾ എല്ലാം ഒരു പ്രത്യേക വിഭാഗം. സംവരണം ആവശ്യമുള്ള ഗണത്തിൽ ഉൾപ്പെട്ടത്. അത്കൊണ്ട് തന്നെ സ്ത്രീകൾ മുന്നിട്ടിറങ്ങി നടത്തുന്ന ജോലികൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇങ്ങനെ ശ്രദ്ധിക്കുന്നതും കുറ്റങ്ങൾ കണ്ടുപിടിക്കുന്നതും പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും കൂടി ഉണ്ടാവും.

                         എന്റെ സ്ക്കൂളിൽ ഏതാനും വര്‍ഷം മുന്‍പ് ആദ്യമായി മൂന്ന് കമ്പ്യൂട്ടർ എത്തിച്ചേര്‍ന്നപ്പോൾ ഒരു വലിയ വിഭാഗം അദ്ധ്യാപകർ അതിനോട് സഹകരിച്ചില്ല. എന്നാൽ ചില സമര്‍ത്ഥന്മാരായ അദ്ധ്യാപകർ കമ്പ്യൂട്ടർ പഠനം അവര്‍ക്ക് മാത്രം അറിയുന്നതാക്കി മാറ്റി. കമ്പ്യൂട്ടർ പഠനത്തിൽ നിന്ന് അദ്ധ്യാപികമാർ എല്ലാവരും മാറിനിന്നു. എല്ലാ അദ്ധ്യാപകരും ക്ലാസ്സിൽ ‘ഇൻഫർമേഷൻ ടെക്ക്നോളജി’ പഠിപ്പിക്കണമെന്ന നിയമം വന്നിട്ടും കമ്പ്യൂട്ടർ ലാബിൽ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്താൻ ചില പുരുഷ അദ്ധ്യാപകർ പരമാവധി പരിശ്രമിച്ചു. ഇൻ‌സർവീസ് കോഴ്സുകൾ എത്ര കിട്ടിയാലും ചില അദ്ധ്യാപികമാർ സ്ക്കൂളിലെത്തിയാൽ മാത്രമല്ല, വീട്ടിൽ കമ്പ്യൂട്ടർ ഉള്ളവർ‌പോലും മൌസ് തൊടാൻ മടികാണിച്ചു.

                    എന്നാൽ കുട്ടികളുടെ കൂടെ ഞാനും കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങി. നിസ്സഹകരണം കാണിച്ച പുരുഷന്മാരെ അവഗണിച്ച്‌കൊണ്ട് സ്വന്തമായി എന്റെ പഠനം ആരംഭിച്ചു. സഹ അദ്ധ്യാപികമാർ എന്നോട് ആശ്ചര്യത്തോടെ പറയും,
“പുരുഷന്മാർ കുത്തകയാക്കി വെച്ച കമ്പ്യൂട്ടർ ലാബിൽ പോകാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?”
ഞാൻ അതിനു മറുപടിയൊന്നും പറയാതെ എന്റെ ഒഴിവ് സമയം മുഴുവൻ കമ്പ്യൂട്ടർ ലാബിൽ ചെലവഴിച്ചു.

                   ഒടുവിൽ പഠിച്ചപ്പോൾ എനിക്ക് നേട്ടങ്ങൾ മാത്രം. കുട്ടികളുടെ പേരും മാർക്കും പ്രമോഷൻ ലിസ്റ്റും എല്ലാം എന്റേത് കമ്പ്യൂട്ടർ പ്രിന്റ്. മടിച്ചു നിന്നവർക്ക് അതെല്ലാം ചെയ്യാൻ പരസഹായം തേടുന്ന അവസ്ഥയായി.
                         
                    ഇന്ന്, വീട്ടിലിരുന്ന്കൊണ്ട് ഫയലുകൾ നിറഞ്ഞ എന്റെ കമ്പ്യൂട്ടർ ഓപ്പറെറ്റ് ചെയ്യുമ്പോഴും ഇന്റർ‌നെറ്റിൽ ഓടിക്കളിക്കുമ്പോഴും  ഒരു അദ്ധ്യാപികയായിരിക്കെ സ്ക്കൂളിൽ വെച്ച് കമ്പ്യൂട്ടർ പഠിച്ച ആ കാലം ഞാൻ  ഓർക്കുകയാണ്.