“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 24, 2010

പശു ഒരേനിറം ആയാലും പാലിന് പലനിറം                    രാവിലെ എട്ട് മണിക്ക്മുൻപ് തിരക്കിട്ട് സ്ക്കൂളിലേക്ക് ഓടിപ്പോകുന്ന വഴിയിൽ എന്നും കണികാണുന്നത് മാധവിയമ്മയെ ആയിരിക്കും. ആ കണി ഒരിക്കലും മോശമാവാറില്ല; എത്ര വൈകിയാലും ആ ദിവസം ബസ്സ് കിട്ടും, പിന്നെ ബസ്സിൽ ഇരിപ്പിടം കിട്ടുകയും ചെയ്യും.
                    നമ്മുടെ അയൽ‌പക്കത്ത് പുതിയതായി വീട്‌വെച്ച് താമസിക്കുന്ന ആയുർ‌വേദ ഡോക്റ്റർ&ഫേമലിയുടെ ‘വീട്ടമ്മ+വേലക്കാരി+അമ്മായിയമ്മ’ പോസ്റ്റ് അലങ്കരിക്കുന്ന സീനിയർ സിറ്റിസൺ മഹിളാരത്നമാണ് മാധവിയമ്മ. എന്നെ കാണുന്ന ഉടനെ ഒരു ചോദ്യം ഉണ്ടാവും,
“മോളേ ആ പാലുകാരൻ പോയോ?”
‘കണ്ടിട്ടില്ല, അറിയില്ല’ എന്നുള്ള ഉത്തരം നൽകുമ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്,
‘ഇവർക്ക് തലേദിവസം ഒരു പേക്കറ്റ് മിൽമ വാങ്ങി ആ ഫ്രിഡ്ജിൽ വെച്ചാൽ പോരെ?’

                    മെലിഞ്ഞ ഡോക്റ്ററും ഉണങ്ങി മെലിഞ്ഞ മൂന്ന് കുട്ടികളും അതെല്ലാം മെയ്ക്കപ്പ് ചെയ്യാൻ പറ്റിയ തടിച്ചുരുണ്ട ഭാര്യയും ചേർന്ന് ‘മാരുതിയിൽ വന്ന് പാട്ട് പാടുമ്പോൾ’, മാധവിയമ്മ ഗെയ്റ്റ് തുറന്ന് കൊടുക്കുന്നത്; ചില വൈകുന്നേരങ്ങളിൽ ഞാൻ കാണാറുണ്ട്. സാധാരണക്കാർ ഒന്നും രണ്ടും കൊണ്ട് മതിയാക്കുമ്പോൾ ഡോക്റ്റർക്ക് മിനിമം മൂന്നെങ്കിലും ആവണമല്ലൊ.

                    വിവിധ ജാതിയിലും മതത്തിലും വിശ്വാസത്തിലും ജീവിക്കുന്ന ഗ്രാമീണർ ചേർന്ന് ചിരിയും കളിയും അസൂയയും കുശുമ്പും ഏഷണിയും പരദൂഷണവും ചേർന്ന് പൊട്ടിച്ചിരിച്ച് ഏകമനസ്സുകളായി അങ്ങനെ മുന്നോട്ട് പോകുന്ന കാലത്താണ് ഇതിലൊന്നും ഇടപെടാത്ത ഡോക്റ്റർ ഫേമലിയുടെ വരവ്. അവർ പുത്തനായി നിർമ്മിച്ച വീടിന്റെ ഇരുമ്പ് ഗെയ്റ്റിനും കരിങ്കല്ല് മതിലിനും ഉള്ളിലുള്ള ഒരു വിശേഷവും ആർക്കും ഒന്നും അറിയില്ല. അവരുടെ ആ വലിയ നല്ലപാതി ‘ടീച്ചർ’ ആണെന്ന് ‘പറഞ്ഞ്കേട്ടെങ്കിലും’, എനിക്ക് അറിയുന്ന പരിധിയിൽ പഠിപ്പിക്കന്നതായി അറിവില്ല. പുറത്ത് തലകാണിക്കുന്ന മാധവിയമ്മ ആകെ മിണ്ടുന്നത് പാൽക്കാരനെ അന്വേഷിക്കാൻ മാത്രമാണ്.

ഒരു ദിവസം രാവിലെ ഒരു രഹസ്യം, ഞാൻ കണ്ടുപിടിച്ചു,
                    മണിയടിക്കാതെ മാധവിയമ്മയെ സമീപിച്ച പാൽക്കാരൻ പയ്യൻ ‘പൂച്ച പാല് കുടിക്കുന്നത് പോലെ’, നിറയെ പാലുള്ള കുപ്പി അവർക്ക് കൈമാറുന്നു. അവർ മറ്റൊരു കാലിക്കുപ്പി കൊടുത്ത ശേഷം പാൽക്കുപ്പി സാരിയിൽ പൊതിഞ്ഞ് ‘ഞാനൊന്നും അറിഞ്ഞില്ല ടീച്ചറെ’ എന്ന മട്ടിൽ ഉരിയാടാതെ തുറന്ന ഗെയിറ്റിന്റെ ചെറിയ വിടവിലൂടെ അകത്ത് കടന്ന് ഗെയിറ്റടച്ച് അപ്രത്യക്ഷയായി.

അത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി; വെളുത്ത പാലിലെന്താണ് ഒളിപ്പിക്കാൻ മാത്രം മായം?
എല്ലാവരും പാല് അളന്ന് വാങ്ങുമ്പോൾ അവർ ആദ്യമേ അളന്നെടുത്ത് കുപ്പിയിൽ‌നിറച്ച് വാങ്ങുന്നു. അതിലിത്ര ഒളിക്കാനെന്തുണ്ട്???!
                      സൈക്കിളിൽ മണിയടിച്ച് രാവിലെയും വൈകുന്നേരവും പാല് വിൽ‌പ്പന നടത്തുന്ന പയ്യൻ നാട്ടുകാരനല്ലെങ്കിലും നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. പശുക്കറവയുള്ള വീടുകളിൽ‌നിന്ന് അവൻ പാല് സ്വീകരിക്കാറും ഉണ്ട്. എന്റെ വീട്ടിലാണെങ്കിൽ വൈകുന്നേരമാണ് പാലിന്റെ ഊഴം. അതാണെങ്കിൽ അമ്മ വാങ്ങിക്കൊള്ളും.

മാധവിയമ്മയുടെ കുപ്പിപ്പാൽ കണ്ടതിനു ശേഷം ഒരു ശനിയാഴ്ച, വൈകുന്നേരം,,,
പാൽക്കാരൻ പയ്യൻ ഗെയ്റ്റിനു മുന്നിൽ വന്ന് മണിയടിച്ചു,
അന്ന് പാൽ‌പാത്രവുമായി ഞാൻ സമീപിച്ചപ്പോൾ അവനൊരു സംശയം,
“എന്നും അമ്മയാണല്ലൊ പാല് വാങ്ങാൻ വരുന്നത്; ഇന്ന് സ്ക്കൂളില്ലാത്തതു കൊണ്ടായിരിക്കും ടീച്ചർ തന്നെ വന്നത്?”
“അതെ”

പാലൊക്കെ പാത്രത്തിലായപ്പോൾ ഞാൻ അവനോട് പറഞ്ഞു,
“ഇവിടെ പാല് തരാനായി വൃത്തിയാക്കിയ രണ്ട് കുപ്പികൾ തന്നാൽ അതിൽ പാല്നിറച്ച്, അമ്മയുടെ കൈവശം കൊടുത്താൽ നന്നായിരിക്കും”
“അയ്യോ; അതെന്തിനാ ടീച്ചർ?”
ആശ്ചര്യത്തോടെ അവൻ ചോദിച്ചു.
“അത് ഡോക്റ്ററുടെ വീട്ടിൽ കൊടുക്കുന്നതു പോലെ, അമ്മക്ക് അത് സൌകര്യമായിരിക്കും ”
“ഓ, അത് കണ്ടിട്ടാണോ? ടീച്ചർക്ക് അങ്ങനെയൊന്നും വേണമെന്നില്ല”
“അതെന്താ? ഞങ്ങളും പണം തരില്ലെ?”
“അത്, അവരത് പ്രത്യേകം പറഞ്ഞതുകൊണ്ട് കൊടുക്കുന്നതാ; ഹിന്ദുപ്പാൽ”
“അതെന്ത് പാലാണ്? പശുവിന്റെ പാലല്ലെ?”
“അവർക്ക് മറ്റു പശുക്കളുടെ പാലുമായി കലരാത്ത പാല് തന്നെ വേണം‌പോലും. ഹിന്ദുക്കളുടെ വീട്ടിൽ വളർത്തുന്ന പശുവിന്റെ പാല്,,, എന്നെ വിഷമിപ്പിക്കല്ലെ; ടീച്ചർക്ക് അതൊന്നും വേണ്ടല്ലൊ”
“വേണ്ട; എനിക്ക് പശുവിന്റെ പാല് മതി”
പാലുമായി ഞാൻ തിരിച്ച് നടന്നു.

അപ്പോൾ പാലിനും കാണുമോ ജാതിയും മതവും?
പശു പല നിറങ്ങളിലുണ്ട്; ഇപ്പോൾ പാലും പലനിറങ്ങളായി മാറിയൊ?

May 9, 2010

മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’


                    ഓണം, വിഷു, ക്രിസ്തുമസ്, ദീപാവലി, ബക്രീത്, റംസാൻ തുടങ്ങിയ ആഘോഷങ്ങളെല്ല്ലാം മറ്റുള്ളവരെക്കാളും  ഓർക്കുന്നത് വിദ്യാർത്ഥികളാണ്. കാരണം അവർക്ക് ആ ദിവസങ്ങളിലെ അവധികൾ കൂടിച്ചേർന്നാണ് ഓരോ ആഘോഷവും. ഇതിൽ ഏറ്റവും കൂടുതൽ ദിവസം അവധി ലഭിക്കുന്നത് വിഷുക്കാലത്തായതിനാൽ (മധ്യവേനൽ അവധി) കുട്ടികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത്, ആ വിഷു സമയത്തായിരിക്കും.

                     കണ്ണൂർ ജില്ലയിലെ ആഘോഷപ്പൊലിമയിൽ ഓണത്തിനും വിഷുവിനും ഒരേ ഗ്രെയിഡാണ്. ഓണത്തിന് ‘പൂക്കളം’  ഇടുമ്പോൾ വിഷുവിന്, ‘കണിവെച്ച് പടക്കം പൊട്ടിക്കും’. ഓണം പത്ത് ദിവസം നീളുമ്പോൾ  വിഷു അതിലും കൂടുതൽ ദിവസത്തേക്ക് നീളും. പടക്കം പൊട്ടുന്ന കാലത്തെല്ലാം കുട്ടികൾക്ക് വിഷു ആഘോഷം ആയിരിക്കും. സ്ക്കൂൾ അടക്കുന്ന ദിവസം മുതൽ പൊട്ടാൻ തുടങ്ങുന്ന പടക്കം റിസൽട്ട് വരുന്നതുവരെ പൊട്ടും.
 ,,,   
അങ്ങനെയുള്ള ഒരു വിഷുക്കാലം; ഏതാണ്ട് നാൽ‌പ്പത് വർഷം മുൻപത്തെ ഒരു മധ്യവേനൽ അവധി.

                       അധ്യയനവർഷത്തിന്റെ ലാസ്റ്റാമത്തെ ദിനം ഞങ്ങൾ കുട്ടികൾ വീട്ടിൽ തിരിച്ചെത്തിയാൽ തിരക്കിട്ട പണിയാണ്. പഴയ പുസ്തകങ്ങൾ എല്ലാം രണ്ടായി മാറ്റിവെക്കുന്നു; ഒരു ഭാഗം തൂക്കിവിൽക്കാനുള്ളവയും, മറ്റൊരു ഭാഗം പകുതി വിലക്ക് മറ്റുകുട്ടികൾക്ക് വിൽക്കാനുള്ള ടെൿസ്റ്റ് പുസ്തകങ്ങളും. പിന്നീട് കളിക്കാനുള്ള എല്ലാ ഉപകരണങ്ങളും -കളിപ്പന്തുകൾ, വടികൾ, പളുങ്കുഗോട്ടികൾ, കാർഡ്‌ബോർഡുകൾ, ചായങ്ങൾ, കുട്ടിയും‌കോലും ആദിയായവ- പൊടിതട്ടിയെടുക്കുന്നു. പിന്നെ, പകലന്തിയോളം കളിയും മാങ്ങതീറ്റിയും ചേർന്ന് ഓട്ടവും ചാട്ടവും തന്നെ. എല്ലാപറമ്പുകളും ആ പറമ്പുകളിലെ മാവും മാങ്ങകളും കൂടാതെ മറ്റു ചെടികളും കുട്ടികൾക്ക് സ്വന്തമായ; വേലിയും മതിലും കൊണ്ട് വേർതിരിക്കാത്ത ഒരു കാലമായിരുന്നു അത്.
   
                       എന്റെ ഓർമ്മയിലെ കുട്ടിക്കാലം തുടങ്ങുന്നത് അമ്മയുടെ വീട്ടിലാണ്. അവിടെ അച്ഛനും അമ്മയും അമ്മാവന്മാരും അമ്മൂമ്മയും ഇളയമ്മയും ചേർന്ന മുതിർന്നവർക്ക്, ‘പഠിപ്പിക്കാനും കളിപ്പിക്കാനും ചിരിപ്പിക്കാനും കരയിക്കാനും തല്ലാനും വഴക്ക്പറയാനും’ ഞാനൊരാൾ മാത്രം. എന്നാൽ എല്ലായിനം കുഴപ്പവും ഉണ്ടാക്കുന്ന എന്നെ ‘ആരെങ്കിലും വഴക്ക്പറഞ്ഞെന്ന്, അറിഞ്ഞാൽ എന്റെ വീട്ടുകാരെല്ലാം ഒന്നിച്ച് കൈകോർത്ത് അവരെ ചോദ്യം‌ചെയ്യാൻ പുറപ്പെടും. അതുകൊണ്ട് വഴിക്ക് വെച്ച് എനിക്ക് കിട്ടിയത്, ഒന്നും‌തന്നെ ഞാൻ വീട്ടിൽ കൊടുക്കാറില്ല.

                       അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളിൽ എനിക്ക്മാത്രം പ്രത്യേക ജോലിയുണ്ട്; വായന. തൊട്ടടുത്ത വായനശാലയുടെ പരിപൂർണ്ണ അധികാരം ലൈബ്രേറിയനായ എന്റെ മൂത്ത അമ്മാവനായതിനാൽ പരമാവധി പുസ്തകങ്ങൾ വായിക്കാൻ എനിക്ക് നിർദ്ദേശം നൽകും. അദ്ധ്യാപകനായ അമ്മാവന്റെ ശിക്ഷണത്തിൽ ആയതിനാൽ ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ ലഭിക്കുന്നതിന് മുൻപ്‌തന്നെ ഞാൻ മാതൃഭൂമിയും മനോരമയും കൂടാതെ ഏതാനും കഥാപുസ്തകങ്ങൾ‌കൂടി വായിച്ചിരുന്നു. എനിക്ക് മാത്രമല്ല നാട്ടിലെ എല്ലാ കുട്ടികൾക്കും ഈ അമ്മാവനെ ഒത്തിരി ഭയമാണ്.

                      തൊട്ടടുത്തുള്ള എൽ.പി. സ്ക്കൂളിൽ അഞ്ചാം ക്ലാസ്സ് പൂർത്തിയാക്കി ഞാൻ വിജയം പ്രതീക്ഷിച്ചിരിക്കുന്ന കാലം. നമ്മുടെ കളിക്കൂട്ടത്തിൽ സ്ത്രീപുരുഷ സം‌വരണമൊന്നും ഉണ്ടായിരുന്നില്ല. അടിപിടി കൂടാൻ ആണും പെണ്ണും ഒരുപോലെ മുന്നിൽ. എന്റെ വീട്ടിലെ കളിക്കുട്ടിയായി ഞാൻ മാത്രമായതിനാൽ വീട്‌വിട്ട് അധികം അകലെ പോവാൻ എനിക്ക് പെർമിഷൻ ഇല്ല. എങ്കിലും കളിക്കൂട്ടം എന്നെ തേടി എന്നും വീട്ടിലെത്തും. വീടിനു ചുറ്റും   വിശാലമായ വെളുത്ത മണൽ നിറഞ്ഞ പറമ്പും അതിനു പിന്നിൽ കടൽ‌ത്തീരവും ഉണ്ട്. കളിക്കാൻ തയ്യാറായ കുട്ടികൾക്ക് ഇതിൽ കൂടുതലെന്ത് വേണം! പിന്നെ ആ വീടിനു സമീപം വന്ന് കളിക്കുമ്പോൾ മറ്റു കുട്ടികൾക്ക് ഒരു നേട്ടം കൂടിയുണ്ട്; വിശപ്പും ദാഹവും തീർക്കാനുള്ള വക അടുക്കളയിൽനിന്ന് ഏത് നേരത്തും ലഭിക്കും.

                     ഒന്നിച്ച് കളിക്കാൻ എനിക്ക് അനേകം ഫ്രന്റ്സ് ഉണ്ടായിരുന്നു; കൂടുതലും ബോയ്ഫ്രന്റ്സ് തന്നെ.  എന്നെ സ്നേഹിക്കാനും എന്റെ കൂടെ കളിക്കാനും അവർ മത്സരിച്ചെങ്കിലും ഇക്കൂട്ടത്തിൽ ചിലരെ എനിക്കിഷ്ടപ്പെടാത്തതിനാൽ ഡിലീറ്റ് ചെയ്തു. എന്നാൽ എന്റെ അതേപ്രായമുള്ള ഒരുത്തൻ എന്റെ ‘ബെസ്റ്റ് ഫ്രന്റ്’ ആയി മാറി. സ്ക്കൂൾ ദിവസം, അവനെന്റെ ബോഡീഗാർഡായി എന്നെ എസ്ക്കോർട്ട് ചെയ്തു. അവധിദിവസം രാവിലെതന്നെ വീട്ടിലെത്തുന്ന അവനും ഞാനും ചേർന്ന് മറ്റു കുട്ടികളുടെ കൂടെ കളിക്കാൻ പോകും; പിന്നെ ഉച്ചഭക്ഷണം‌വരെ കളിതന്നെ. നമ്മുടെ കളിക്കൂട്ടത്തിൽ ധാരാളം കുട്ടികൾ എപ്പോഴും ഉണ്ടാവും.

                    വിഷു വളരെ ഇഷ്ടമാണെങ്കിലും പടക്കം പൊട്ടുന്ന ശബ്ദം എനിക്കിഷ്ടമല്ല. മുറ്റത്ത് പടക്കം പൊട്ടുമ്പോൾ രണ്ട് ചെവിയും പൊത്തിപ്പിടിച്ച് ഞാൻ അകത്തെ മുറിയിൽ ഓടും. അച്ഛന് കണ്ണൂർ ടൌണിൽ ജോലിയുള്ളതിനാൽ ധാരാളം പടക്കങ്ങളും പൂത്തിരികളും കൊണ്ടുവരും. വീട്ടിലെ കുട്ടിയായ എനിക്ക് പടക്കങ്ങളെ പേടിയായതിനാൽ എല്ലാം നാട്ടുകാരായ ആൺ‌കുട്ടികൾക്ക് പൊട്ടിക്കാനും കത്തിച്ച് പുകയ്ക്കാനും വേണ്ടിയാണ്.

                    വിഷു ദിവസം പുലർച്ചക്ക് കണിവെക്കുന്ന നേരം‌നോക്കി എല്ലാ വീട്ടിലെയും കുട്ടികൾ പുറത്തിറങ്ങുകയായി. അവർ ഗ്രൂപ്പായിചേർന്ന് കണികാണൽ യാത്ര ആരംഭിക്കുന്നു. കണിവെക്കുന്ന എല്ലാ വീട്ടിലും കുട്ടികൾ കയറിയിറങ്ങുകയായി. ഒരോ വീട്ടിലായി കണികാണാൻ വരുന്ന കുട്ടിപ്പടകൾ പെട്ടെന്ന് തിരിച്ചുപോവുകയില്ല. അകത്ത് കടന്ന് കണി കാണുന്നു. അത് ആ വർഷത്തെ കണിഫലം പോലെ ഇരുന്നിട്ടോ, കിടന്നിട്ടോ, നിന്നിട്ടോ ആയിരിക്കും. അതിനുശേഷം വീട്ടിലെ മുതിർന്ന ആൾ ഓരോ കുട്ടിക്കും അപ്പവും കൈനീട്ടവും കൊടുക്കുന്നു. ഇതിൽ അപ്പം ഏത് രൂപത്തിലും ആവാം; എന്നാൽ കൈനീട്ടം ‘25 പൈസയിൽ കൂടുകയില്ല’. അപ്പം കിട്ടിയ ഉടനെ തിന്ന് ബാക്കി പണത്തോടൊപ്പം പോക്കറ്റിൽ നിറക്കുന്നു. പുറത്തിറങ്ങിയ ശേഷം പടക്കം ഉണ്ടെങ്കിൽ അതും പൊട്ടിച്ച് അവർ പടികടക്കുമ്പോഴേക്കും അടുത്ത ഗ്രൂപ്പിന്റെ വരവായി.

                     ഇങ്ങനെയൊരു വിഷുക്കണി ഇപ്പോഴും നമ്മുടെ നാട്ടിൻപുറത്ത് കാണാം. വിഷുക്കണി കാണാൻ വരുന്നവരുടെ എണ്ണം 100 വരെ പ്രതീക്ഷിക്കാം. അതിനാൽ വിഷുക്കണിക്ക് തയ്യാറായ വീട്ടുകാർ അതിൽ കൂടുതൽ അപ്പം ചുട്ടുവെച്ചിരിക്കും.

                     ഇത്രയൊക്കെ പൊലിമയിൽ ഒരുക്കുന്ന വിഷുക്കണി കാണാനായ്, മറ്റുവീടുകളിൽ പോകാൻ എനിക്ക് അനുവാദം ഇല്ല. എന്നാൽ മറ്റു വീടുകളിൽ കണിവെച്ച അപ്പത്തരങ്ങൾ ഞാൻ തിന്നും; അല്ല, എന്നെക്കൊണ്ട് അവൻ തീറ്റിക്കും. സൂര്യനുദിക്കുന്നതു വരെ വിഷുക്കണി കാണാൻ മറ്റു വീടൂകളിൽ പോയ അവൻ അപ്പത്തരങ്ങളും പണവുമായി എന്റെ വീടിന്റെ വരാന്തയിൽ വന്ന് ഓരോ വീട്ടിലെയും വിശേഷങ്ങൾ പറഞ്ഞ്; നെയ്യപ്പം, കാരയപ്പം, കലത്തപ്പം, കിണ്ണത്തപ്പം, അട, വെല്ലം, തേങ്ങാപ്പൂള് ആദിയായവ ഓരോന്നായി പൊട്ടിച്ച് പകുതി എനിക്ക് തരും. വിശേഷം അറിയാനായി പുറത്തു വരുന്ന അമ്മൂമ്മക്കും ഒരു ഭാഗം നൽകും. ഇതിൽ വെല്ലവും തേങ്ങാപ്പൂളും കണിവെച്ച വീട്ടുകാർ അപ്പം തീർന്നാൽ പകരം നൽകുന്നതാണ്.

                       വിഷുസദ്യ കഴിച്ച ഉടനെ കുട്ടികളെല്ലാം കളിക്കാനായി കടൽതീരത്തെത്തും, ഒപ്പം മുതിർന്നവരും ഗ്രൂപ്പായിചേർന്ന് കാറ്റുകൊള്ളാൻ ഇറങ്ങും. പിന്നെ നമ്മുടെ സദ്യ എപ്പോഴും നോൺ‌വെജ് ആയിരിക്കും. അക്കാലത്ത് നമ്മുടെ ഗ്രാമത്തിലുള്ളവർ മാംസം കഴിക്കുന്നത് ഓണത്തിനും വിഷുവിനും ആയിരിക്കും.

                       അങ്ങനെ ആ വിഷുദിവസവും ഉച്ചഭക്ഷണം കഴിച്ച് അവൻ എന്റെ വീട്ടിൽ വന്നു. കളിക്കാനായി വിളിച്ചപ്പോൾ വീടിന്റെ പിൻ‌വശത്ത് പോയി വെളുത്ത പൂഴിമണലിൽ ഞങ്ങൾ കളിവീടുകൾ ഉണ്ടാക്കി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു,
“നമുക്ക് കള്ളക്കുണ്ട് കുഴിച്ച് ആളെ വീഴ്ത്താം”

                       അന്നത്തെ വിഷു സ്പെഷ്യലായി ആളുകൾ നടക്കുന്ന വഴിയിൽ, രണ്ടുപേരും ചേർന്ന് അരമീറ്റർ ആഴത്തിൽ വലിയ ഒരു കുഴി തയ്യാറാക്കി. തീരപ്രദേശത്തെ വെളുത്ത മണലിൽ എളുപ്പത്തിൽ ഒരു കുഴിയുണ്ടാക്കാം. പിന്നെ കുറേ ചുള്ളിക്കമ്പുകളും വാഴയിലയും കൊണ്ടുവന്ന് അതിന്റെ മുകളിൽ ഫിറ്റ് ചെയ്തു. കുഴിയുടെ മുകളിലുള്ള കമ്പുകളിൽ നിരത്തിയ വാഴയിലയിൽ പൂഴികൊണ്ട് മൂടിയപ്പോൾ അടിയിൽ ഒരു ചതിക്കുഴി കിടപ്പുണ്ടെന്ന് ആരും അറിയില്ല. കാട്ടിൽ ആനെയെ വീഴ്ത്താനുള്ള വാരിക്കുഴിയുടെ നിർമ്മാണ രഹസ്യം തന്നെ. ഇത് നമ്മൾ കടപ്പുറത്തെ  കുട്ടികൾക്ക് പാരമ്പര്യമായി കിട്ടിയതാണ്.

                      ആളുകൾ നടക്കുന്ന പൊതുവഴിയിൽ ആർക്കും തിരിച്ചറിയാനാവാത്തവിധം ചതിക്കുഴി റഡിയായി. അങ്ങനെ വലിയൊരു കെണി ഒരുക്കിയശേഷം ഞങ്ങൾ അല്പം അകലെയുള്ള തെങ്ങിന്റെ പിന്നിൽ ഒളിച്ചിരുന്നു. കടൽക്കാറ്റേറ്റ് വണ്ണം കൂടിയ തെങ്ങിനു പിന്നിൽ രണ്ട്പേർക്ക് ശരിക്കും ഒളിച്ചിരിക്കാം. അവിടെയിരുന്ന് വഴിയാത്രക്കാരെ ഓരോരുത്തരെ നിരീക്ഷിക്കാൻ തുടങ്ങി. അന്നത്തെ വിഷുക്കണി മോശമായ ആരായിരിക്കും കുഴിയിൽ വീഴുന്നത്?

                      ആദ്യമായി വന്നത് രണ്ട് ചെറുപ്പക്കാരാണ്; പരിസരം മറന്ന് സംസാരിച്ചു വരുന്ന അവരിൽ ഏതെങ്കിലും ഒരുത്തൻ കുഴിയിൽ വീഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുപോലെ സംഭവിച്ചില്ല.
                      പിന്നീട് ആ വഴി വന്നത് ഒരു അയൽക്കാരിയാണ്; അവർ കരയുന്ന മകനെയും എടുത്ത്കൊണ്ട് അങ്ങനെ നടന്നുവരികയാണ്. അവരെങ്ങാനും കുഴിയിൽ വീണാലോ? കുട്ടിയും അമ്മയും ഒന്നിച്ച് വീണ് കാലൊടിയുന്ന കാര്യം ഓർത്ത് ആകെ പേടിയായി. പക്ഷെ വിചാരിച്ചതുപോലെ ഒന്നും സംഭവിച്ചില്ല; ആശ്വാസം അവർ കെണിയിൽ ചവിട്ടാതെ നടന്നുപൊയി.
                       കുഴിയിൽ വീഴുന്ന വഴിയാത്രക്കാരെ പ്രതീക്ഷിച്ചിരിക്കെ പെട്ടെന്ന് നമ്മൾ രണ്ടുപേരും ഒന്നിച്ച് ഞെട്ടി, “അയ്യോ, അമ്മാവൻ”
വരുന്നത് അദ്ധ്യാപകനും ലൈബ്രേറിയനുമായ എന്റെ വല്യമ്മാവൻ തന്നെ. ഉച്ചഭക്ഷണം കഴിച്ച് വായനശാലയിലേക്ക് പോകുന്ന വഴിയാണ്.

                      അമ്മാവന്റെ നടത്തത്തോടൊപ്പം എന്റെ ഹൃദയമിടിപ്പ് കൂടി. അദ്ദേഹം കുഴിയിൽ വീണ് കാലൊടിഞ്ഞാൽ,,,
പിന്നത്തെക്കാര്യം ഓർക്കാൻ വയ്യ.
                     പരിസരം നോക്കാതെ തലയുയർത്തി അമ്മാവൻ നടന്നുവരവെ വളരെ കൃത്യമായി കുഴിയുടെ മുകളിൽ ചവിട്ടിയതു കണ്ട ഉടനെ ഞങ്ങൾ ഓട്ടമായി. ഒരു കാൽ കുഴിയിൽ‌താഴ്ന്ന് നിലത്തിരുന്ന അമ്മവൻ ഓടുന്ന പ്രതികളെ കണ്ടുപിടിച്ചു. അദ്ദേഹം വിളിച്ച ഉടനെ, വളരെ ഭയത്തോടെ രണ്ട്പേരും മുന്നിൽ ഹാജരായി. തുടർന്ന് ചോദ്യം ചെയ്യലായി,
“ആരെടാ കുഴി ഉണ്ടാക്കിയത്?”
“അത് ഞാനാണ്” അവൻ പറഞ്ഞു.
“ആരെടാ കുഴി മൂടി ആളെ വീഴ്ത്തിയത്?”
“അതും ഞാൻ തന്നെയാ”
“അപ്പോൾ അടി കിട്ടേണ്ടതും നിനക്ക് തന്നെ”

                 തൊട്ടടുത്ത വേലിയിൽനിന്നും അരിപ്പൂച്ചെടിയുടെ കമ്പ് പൊട്ടിച്ച് അവന്റെ കാലിനും കൈക്കും രണ്ടുവീതം അടി കൊടുത്തു. ഓരോ അടി വീഴുമ്പോഴും അവൻ കരയുകയും ഞാൻ ചിരിക്കുകയും ചെയ്തു. ഒടുവിൽ വടിയൊക്കെ കളഞ്ഞ് അമ്മാവൻ എന്നെ നോക്കി പറഞ്ഞു,
“ഇങ്ങനെയുള്ള കുരുത്തം‌കെട്ടവന്റെ കൂടെയാണോ നീ കളിക്കുന്നത്?”
ഞാനൊന്നും പറഞ്ഞില്ലെങ്കിലും പിന്നെ എനിക്ക് ചിരി വന്നില്ല. അമ്മാവൻ എന്നെയും കൂട്ടി നേരെ വായനശാലയിൽ പോയി ഒരു വലിയ പുസ്തകം എടുത്ത്‌തന്ന് എന്നോട് വായിക്കാൻ പറഞ്ഞു. ഞാൻ പുസ്തകം തുറന്നെങ്കിലും ഒരക്ഷരവും മനസ്സിൽ പതിയുന്നില്ല. ഓർമ്മയിൽ നിറഞ്ഞത് അടിയുടെ വേദനകൊണ്ട് കരയുന്ന അവന്റെ മുഖമായിരുന്നു.

                  മനുഷ്യാവകാശ കമ്മീഷനും കോടതിയും ഇടപെടാത്ത ആ കാലത്ത് എന്റെ ഗ്രാമത്തിലെ പ്രധാന വ്യക്തികൾക്ക് (പ്രത്യേകിച്ച് അദ്ധ്യാപകർക്ക്) തെറ്റ്‌ചെയ്ത് കുട്ടികളെ ശിക്ഷിക്കാൻ അധികാരം ഉണ്ടായിരുന്നു. ഒരു രക്ഷിതാവും ചോദിക്കാൻ വരില്ല, എന്ന് മാത്രമല്ല, വികൃതികളായ കുട്ടികളെ നന്നാക്കാനും‌കൂടി, ചിലർ, നാട്ടിലെ വിഐപി കളുടെ സഹായം അക്കാലത്ത് തേടാറുണ്ട്.

അന്ന് വൈകുന്നേരം വീട്ടിൽ‌വന്ന അവനോട് ഞാൻ പറഞ്ഞു,
“പൊട്ടാതെ ബാക്കിവന്ന പടക്കങ്ങളൊക്കെ ഞാനെടുത്ത്‌വെച്ചിട്ടുണ്ട്, അതൊക്കെ നമ്മൾക്ക് ഇന്ന് പൊട്ടിക്കാം”
“പടക്കങ്ങളൊക്കെ നിന്റെ വലിയമ്മാവൻ എനിക്കിട്ട് പൊട്ടിച്ചില്ലെ; ഇതാ നോക്ക്”
ഷർട്ടിന്റെ കൈപൊക്കി ചുവന്ന രണ്ട് വരകൾ എന്നിക്ക് കാട്ടിത്തന്നപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. എന്റെ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ എന്നോട് പറഞ്ഞു,
“നമ്മള് രണ്ടാളും‌ചേർന്ന് കുഴിച്ച കുഴിയിലാ അമ്മാവൻ വീണത്; പിന്നെ നിനക്ക് അടികൊള്ളാതിരിക്കാനാ ഞാനൊറ്റക്ക് കുഴിച്ചതെന്ന് പറഞ്ഞത്. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ”

                 അവന്റെ ആ ഇഷ്ടം അപ്പോൾ മാത്രമല്ല, എപ്പൊഴും ‘എന്റെ മനസ്സിൽ ഒളിച്ചിരിക്കുകയാണ്’ എന്ന്, ഞാൻ ഇപ്പോഴും തിരിച്ചറിയുന്നു.