“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 24, 2010

പശു ഒരേനിറം ആയാലും പാലിന് പലനിറം                    രാവിലെ എട്ട് മണിക്ക്മുൻപ് തിരക്കിട്ട് സ്ക്കൂളിലേക്ക് ഓടിപ്പോകുന്ന വഴിയിൽ എന്നും കണികാണുന്നത് മാധവിയമ്മയെ ആയിരിക്കും. ആ കണി ഒരിക്കലും മോശമാവാറില്ല; എത്ര വൈകിയാലും ആ ദിവസം ബസ്സ് കിട്ടും, പിന്നെ ബസ്സിൽ ഇരിപ്പിടം കിട്ടുകയും ചെയ്യും.
                    നമ്മുടെ അയൽ‌പക്കത്ത് പുതിയതായി വീട്‌വെച്ച് താമസിക്കുന്ന ആയുർ‌വേദ ഡോക്റ്റർ&ഫേമലിയുടെ ‘വീട്ടമ്മ+വേലക്കാരി+അമ്മായിയമ്മ’ പോസ്റ്റ് അലങ്കരിക്കുന്ന സീനിയർ സിറ്റിസൺ മഹിളാരത്നമാണ് മാധവിയമ്മ. എന്നെ കാണുന്ന ഉടനെ ഒരു ചോദ്യം ഉണ്ടാവും,
“മോളേ ആ പാലുകാരൻ പോയോ?”
‘കണ്ടിട്ടില്ല, അറിയില്ല’ എന്നുള്ള ഉത്തരം നൽകുമ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്,
‘ഇവർക്ക് തലേദിവസം ഒരു പേക്കറ്റ് മിൽമ വാങ്ങി ആ ഫ്രിഡ്ജിൽ വെച്ചാൽ പോരെ?’

                    മെലിഞ്ഞ ഡോക്റ്ററും ഉണങ്ങി മെലിഞ്ഞ മൂന്ന് കുട്ടികളും അതെല്ലാം മെയ്ക്കപ്പ് ചെയ്യാൻ പറ്റിയ തടിച്ചുരുണ്ട ഭാര്യയും ചേർന്ന് ‘മാരുതിയിൽ വന്ന് പാട്ട് പാടുമ്പോൾ’, മാധവിയമ്മ ഗെയ്റ്റ് തുറന്ന് കൊടുക്കുന്നത്; ചില വൈകുന്നേരങ്ങളിൽ ഞാൻ കാണാറുണ്ട്. സാധാരണക്കാർ ഒന്നും രണ്ടും കൊണ്ട് മതിയാക്കുമ്പോൾ ഡോക്റ്റർക്ക് മിനിമം മൂന്നെങ്കിലും ആവണമല്ലൊ.

                    വിവിധ ജാതിയിലും മതത്തിലും വിശ്വാസത്തിലും ജീവിക്കുന്ന ഗ്രാമീണർ ചേർന്ന് ചിരിയും കളിയും അസൂയയും കുശുമ്പും ഏഷണിയും പരദൂഷണവും ചേർന്ന് പൊട്ടിച്ചിരിച്ച് ഏകമനസ്സുകളായി അങ്ങനെ മുന്നോട്ട് പോകുന്ന കാലത്താണ് ഇതിലൊന്നും ഇടപെടാത്ത ഡോക്റ്റർ ഫേമലിയുടെ വരവ്. അവർ പുത്തനായി നിർമ്മിച്ച വീടിന്റെ ഇരുമ്പ് ഗെയ്റ്റിനും കരിങ്കല്ല് മതിലിനും ഉള്ളിലുള്ള ഒരു വിശേഷവും ആർക്കും ഒന്നും അറിയില്ല. അവരുടെ ആ വലിയ നല്ലപാതി ‘ടീച്ചർ’ ആണെന്ന് ‘പറഞ്ഞ്കേട്ടെങ്കിലും’, എനിക്ക് അറിയുന്ന പരിധിയിൽ പഠിപ്പിക്കന്നതായി അറിവില്ല. പുറത്ത് തലകാണിക്കുന്ന മാധവിയമ്മ ആകെ മിണ്ടുന്നത് പാൽക്കാരനെ അന്വേഷിക്കാൻ മാത്രമാണ്.

ഒരു ദിവസം രാവിലെ ഒരു രഹസ്യം, ഞാൻ കണ്ടുപിടിച്ചു,
                    മണിയടിക്കാതെ മാധവിയമ്മയെ സമീപിച്ച പാൽക്കാരൻ പയ്യൻ ‘പൂച്ച പാല് കുടിക്കുന്നത് പോലെ’, നിറയെ പാലുള്ള കുപ്പി അവർക്ക് കൈമാറുന്നു. അവർ മറ്റൊരു കാലിക്കുപ്പി കൊടുത്ത ശേഷം പാൽക്കുപ്പി സാരിയിൽ പൊതിഞ്ഞ് ‘ഞാനൊന്നും അറിഞ്ഞില്ല ടീച്ചറെ’ എന്ന മട്ടിൽ ഉരിയാടാതെ തുറന്ന ഗെയിറ്റിന്റെ ചെറിയ വിടവിലൂടെ അകത്ത് കടന്ന് ഗെയിറ്റടച്ച് അപ്രത്യക്ഷയായി.

അത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി; വെളുത്ത പാലിലെന്താണ് ഒളിപ്പിക്കാൻ മാത്രം മായം?
എല്ലാവരും പാല് അളന്ന് വാങ്ങുമ്പോൾ അവർ ആദ്യമേ അളന്നെടുത്ത് കുപ്പിയിൽ‌നിറച്ച് വാങ്ങുന്നു. അതിലിത്ര ഒളിക്കാനെന്തുണ്ട്???!
                      സൈക്കിളിൽ മണിയടിച്ച് രാവിലെയും വൈകുന്നേരവും പാല് വിൽ‌പ്പന നടത്തുന്ന പയ്യൻ നാട്ടുകാരനല്ലെങ്കിലും നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. പശുക്കറവയുള്ള വീടുകളിൽ‌നിന്ന് അവൻ പാല് സ്വീകരിക്കാറും ഉണ്ട്. എന്റെ വീട്ടിലാണെങ്കിൽ വൈകുന്നേരമാണ് പാലിന്റെ ഊഴം. അതാണെങ്കിൽ അമ്മ വാങ്ങിക്കൊള്ളും.

മാധവിയമ്മയുടെ കുപ്പിപ്പാൽ കണ്ടതിനു ശേഷം ഒരു ശനിയാഴ്ച, വൈകുന്നേരം,,,
പാൽക്കാരൻ പയ്യൻ ഗെയ്റ്റിനു മുന്നിൽ വന്ന് മണിയടിച്ചു,
അന്ന് പാൽ‌പാത്രവുമായി ഞാൻ സമീപിച്ചപ്പോൾ അവനൊരു സംശയം,
“എന്നും അമ്മയാണല്ലൊ പാല് വാങ്ങാൻ വരുന്നത്; ഇന്ന് സ്ക്കൂളില്ലാത്തതു കൊണ്ടായിരിക്കും ടീച്ചർ തന്നെ വന്നത്?”
“അതെ”

പാലൊക്കെ പാത്രത്തിലായപ്പോൾ ഞാൻ അവനോട് പറഞ്ഞു,
“ഇവിടെ പാല് തരാനായി വൃത്തിയാക്കിയ രണ്ട് കുപ്പികൾ തന്നാൽ അതിൽ പാല്നിറച്ച്, അമ്മയുടെ കൈവശം കൊടുത്താൽ നന്നായിരിക്കും”
“അയ്യോ; അതെന്തിനാ ടീച്ചർ?”
ആശ്ചര്യത്തോടെ അവൻ ചോദിച്ചു.
“അത് ഡോക്റ്ററുടെ വീട്ടിൽ കൊടുക്കുന്നതു പോലെ, അമ്മക്ക് അത് സൌകര്യമായിരിക്കും ”
“ഓ, അത് കണ്ടിട്ടാണോ? ടീച്ചർക്ക് അങ്ങനെയൊന്നും വേണമെന്നില്ല”
“അതെന്താ? ഞങ്ങളും പണം തരില്ലെ?”
“അത്, അവരത് പ്രത്യേകം പറഞ്ഞതുകൊണ്ട് കൊടുക്കുന്നതാ; ഹിന്ദുപ്പാൽ”
“അതെന്ത് പാലാണ്? പശുവിന്റെ പാലല്ലെ?”
“അവർക്ക് മറ്റു പശുക്കളുടെ പാലുമായി കലരാത്ത പാല് തന്നെ വേണം‌പോലും. ഹിന്ദുക്കളുടെ വീട്ടിൽ വളർത്തുന്ന പശുവിന്റെ പാല്,,, എന്നെ വിഷമിപ്പിക്കല്ലെ; ടീച്ചർക്ക് അതൊന്നും വേണ്ടല്ലൊ”
“വേണ്ട; എനിക്ക് പശുവിന്റെ പാല് മതി”
പാലുമായി ഞാൻ തിരിച്ച് നടന്നു.

അപ്പോൾ പാലിനും കാണുമോ ജാതിയും മതവും?
പശു പല നിറങ്ങളിലുണ്ട്; ഇപ്പോൾ പാലും പലനിറങ്ങളായി മാറിയൊ?

27 comments:

 1. ഇവിടെ എന്റെ ചിന്തകൾ കാട് കയറുകയാണ്. കല്ല്യാണം കഴിക്കാൻ സ്വജാതിയിലും മതത്തിലും ഉൾപ്പെടുന്ന വധൂവരന്മാരെ തേടുന്നത്, ഒരേ വിശ്വാസമുള്ളവർക്ക് ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ്.

  എന്നാൽ ഇവിടെ?

  ReplyDelete
 2. ഹിന്ദുപ്പാൽ!
  ടീച്ചർ.... ഇത് പതിറ്റാണ്ടുകൾക്കു മുൻപുണ്ടായ അനുഭവമല്ലേ?
  ഇന്നും തുടരുന്നു!
  പാലിലും, പാട്ടിലും മുതൽ കിഡ്‌നിയിൽ വരെ!!

  നമുക്ക് പരിതപിക്കാം....

  ReplyDelete
 3. അതാണ്‌ ടീച്ചറെ ലോകം

  ReplyDelete
 4. എന്റെ ദൈവമേ.!

  ReplyDelete
 5. ടീച്ചറെ ഇനി അവരെ കണ്ടാല്‍ കുളിക്കാന്‍ മറക്കണ്ട.....വൃത്തികെട്ട ജന്മം.....സസ്നേഹം

  ReplyDelete
 6. വിശ്വസിക്കാന്‍ കഴിയുന്നില്ലാ....
  ഈ കാലത്തും ഇങ്ങിനെയുള്ളവരുണ്ടോ ?

  ReplyDelete
 7. ടീച്ചറീപ്പാലിന്റെ നിറം കണ്ടൊ ? ഒരു പക്ഷെ കട്ടൻ ചായയുടെ നിറമായിരിക്കും, ഡോക്ടർക്ക് കുടിക്കാനുള്ളതായിരിക്കും. അതാനീ മൂടിക്കൊണ്ടുപോകുന്നത്.

  ReplyDelete
 8. ഇത്തരം ചിന്തകള്‍ കൂടി വരികയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. പണ്ടത് കാണലെ ചെയ്തിരുന്നെങ്കില്‍ ഇന്നത് ഒളിച്ച് ചെയ്യുന്നു.
  എന്താ ഇതിനൊക്കെ പറയുക?
  എന്ത് മനസ്സാണ് ഇവര്‍ക്കൊക്കെ...!
  കഷ്ടം.

  ReplyDelete
 9. എന്ത് മനോഹരമായ ആചാരങ്ങള്‍..!!!!

  ReplyDelete
 10. jayanEvoor-, എറക്കാടൻ/Erakkadan-, Rare Rose-, ഒരു യാത്രികൻ-, Naushu-, Kalavallabhan-, പട്ടേപ്പാടം റാംജി-, കുമാ‍രൻ|kumaran-,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

  ReplyDelete
 11. “വേണ്ട; എനിക്ക് പശുവിന്റെ പാല് മതി”
  ഇനി പാലില്‍ വല്ല വേര്‍തിരിവും ഉണ്ടായേ തീരൂ എന്നുണ്ടെങ്കില്‍ “എനിക്ക് പാലേ വേണ്ടാ”

  ReplyDelete
 12. ഹിന്ദുപ്പാൽ, ഹിന്ദുപ്പച്ചക്കറി, ഹിന്ദുപ്പ്,ഹിന്ദു വെള്ളം, ഹിന്ദുവായു...........

  ReplyDelete
 13. ഇത്‌ ഒരു പുതിയ അറിവാണല്ലോ. അഡ്വ്‌വാണ്‍സ്ഡ്‌ ചിന്താഗതി..

  ReplyDelete
 14. കല്യാണം കഴിക്കാന്‍ സ്വജാതി(?) മതം(?) തേടുന്നവര്‍ കുടിക്കുന്ന പാലിനും ആ വൃത്തികെട്ട ജാതി വേണമെന്ന് വിചാരിക്കുന്നതിലെന്താ ടീച്ചറേ തെറ്റ് .

  കഷ്ടം ! ഇതില്‍ നിന്നൊക്കെ എന്ന് നമ്മുടെ നാട് രക്ഷപ്പെടും .

  ReplyDelete
 15. ഹിന്ദു പാലും ഹലാൽ ചിക്കനുമാണ്‌ കാക്കരയ്ക്ക് പഥ്യം...

  ReplyDelete
 16. അംബേദ്കറുടെ ഒരു സ്കൂളനുഭവം ഓര്‍മ്മ വരുന്നു. ഉന്നതരുടെ മക്കള്‍ ചോറു പൊതികള്‍ ബ്ലാക്ബോര്‍ഡിനു പിന്നില്‍ വച്ചിരിക്കുന്നു.
  അംബേദ്കര്‍ കണക്കു ചെയ്യാന്‍ ബോര്‍ഡിനടുത്തേക്ക് ചെന്നപ്പോള്‍ സവര്‍ണ്ണ കുട്ടികള്‍ വിളിച്ചു കൂവി;‘തൊടരുത്” ആ കുട്ടി കണക്ക് ചെയ്യാന്‍ ബോഡില്‍ തൊട്ടാല്‍ തങ്ങള്‍ ഉച്ചക്ക് പട്ടിണിയാവുമത്രെ.

  നമ്മള്‍ ജീവിതശൈലിയില്‍ ഹൈറ്റെക് ആയി. പക്ഷെ മാനസ്സികമായി ഇരുണ്ട ആചാരങ്ങളുടെ തടവറയിലാണ്
  എനിക്ക് സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയും പെട്ടന്ന് ഓര്‍മ്മ വരുന്നു.
  നല്ല ഒരു ബോധവല്‍ക്കരണമാണ് കേട്ടോ

  ReplyDelete
 17. ടീച്ചർ,
  പാലിന്റെ കാര്യത്തിൽ മാത്രമേയുള്ളൂ അവർക്കീ വിവേചനം?

  ReplyDelete
 18. നോക്കണേ എന്റെ നാടിന്റെ ഒരു സാംസ്കാരിക വളര്‍ച്ച... !!

  ReplyDelete
 19. ഓ..ഹിന്ദു വീട്ടില്‍ വളര്‍ത്തിയത് എന്നല്ലേ പറഞ്ഞുള്ളൂ.. സാരമില്ല..
  കമ്മ്യൂണിസ്റ്റു കളറായ ചുവപ്പ് ചോരയില്ലാത്ത മുസ്ലിം ലീഗിന്റെ പച്ച പുല്ലു തിന്നാത്ത പശുവിന്റെ പാലു വേണം എന്ന് ആഗ്രഹിച്ചിരുന്നെങ്കില്‍ എന്ത് ചെയ്തേനെ..

  ReplyDelete
 20. ആ ഹിന്ദുപശു മറ്റു മതസ്ഥരുടെ വളപ്പിലെ പുല്ലു തിന്നിരുന്നെങ്കിലോ ആ പാല്‍ അശുദ്ധമായേനെ!
  ഇനി കുടിവെള്ളത്തിന്റെ കാര്യമോ? അവരുടെ അയല്‍വാസി വേറെ ജാതിയാണേല്‍ ആ ഭാഗത്ത്‌ നിന്ന് ഉറവ വന്നിട്ടാണ് തന്റെ കിണര്‍ നിറയുന്നതെന്കില്‍ അതും കുടിക്കാന്‍ വിഷമം ആയിരിക്കും ..
  ഇത് മാധവിയമ്മ അല്ല, മൂധേവി അമ്മയാ...

  ReplyDelete
 21. കൂതറHashim-,
  ചിലർക്ക് ചില നേരത്ത് തലയിൽ ചെകുത്താൻ കയറി ഇരിക്കും. അഭിപ്രായത്തിനു നന്ദി.
  Echmukutty-,
  അഭിപ്രായത്തിനു നന്ദി.
  Jithendrakumar/ജിതേന്ദ്രകുമാർ-,
  അഭിപ്രായത്തിനു നന്ദി.
  ജിവി കരിവെള്ളൂർ-,
  ഇവരൊക്കെ ചേർന്നായിരിക്കും കുഴപ്പങ്ങളുടെ വിത്ത് വിതക്കുന്നത്. അഭിപ്രായത്തിനു നന്ദി.
  കാക്കര-kaakkara-,
  അഭിപ്രായത്തിനു നന്ദി.
  എൻ.ബി.സുരേഷ്-,
  ഒരാളെ ആദ്യം കണ്ടാൽ അവരുടെ ജാതി ചോദിക്കുന്ന ഒരു സഹപ്രവർത്തക ഉണ്ടായിരുന്നു. അഭിപ്രായത്തിനു നന്ദി.
  ദീപു-,
  പണത്തിനു മാത്രം വിവേചനം ഉണ്ടായിരിക്കില്ല. അഭിപ്രായത്തിനു നന്ദി.
  ദിവാരേട്ടൻ-,
  അഭിപ്രായത്തിനു നന്ദി.
  ഉമേഷ് പിലിക്കോട്-,
  അഭിപ്രായത്തിനു നന്ദി.
  ഏ.ആർ.നജീം-,
  ഇങ്ങനെയുള്ളവരും ഉണ്ടെന്ന് അറിയുന്നത് നല്ലതാണ്. അവരെ ഒഴിവാക്കാമല്ലൊ, അഭിപ്രായത്തിനു നന്ദി.
  ഇസ്മയിൽ കുറുമ്പടി(തണൽ)-,
  ശരിക്കും തല്ല് കൊള്ളേണ്ടതാണ്. അതൊരു മൂധേവി തന്നെയാ,, അഭിപ്രായത്തിനു നന്ദി.

  ReplyDelete
 22. haha teachere ithu thakarthu..enikku manushya paal mathi..

  ReplyDelete
 23. ....തുടർന്ന് രോഗികൾ കൊടുക്കുന്ന കൈമടക്കുതുകയുടെ ജാതിനോക്കുന്ന ഒരു രംഗംകൂടി ചേർത്തെഴുതണേ...നല്ല നാടകീയമായ രചന.. തുടർന്നും പ്രതീക്ഷിക്കുന്നു...

  ReplyDelete
 24. പോസ്റ്റ് വായിച്ചപ്പോൾ ഞാൻ കരുതി വല്ല പൈന്റു കുപ്പിയോ മറ്റൊ പാൽക്കാരൻ ഒളിച്ചു കൊണ്ടുകൊടുക്കയായിരിക്കുമെന്ന്.(എന്റെ കുരുത്തകേടേ).പിന്നെ പലരും ഈ രീതിയിലല്ലങ്കിലും കൃത്യമായ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നുണ്ട്.വിദ്യാഭ്യാസമില്ലാത്ത ആ തള്ളെയെ വിടാം.ഹൈറ്റെക്ക് മനുഷ്യരുടെ കാര്യം അതിലും കഷ്ടം.

  ReplyDelete
 25. ..
  അയ്യോടാ‍ാ‍ാ‍ാ‍ാ‍ാ‍ാ..!
  ..

  ReplyDelete
 26. നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.