“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 13, 2010

കൊല്ലുന്ന ടീച്ചർ


എന്റെ ആദ്യകാല സഹപ്രവർത്തകരിൽ ‘ഏതാനുംചിലർ മാത്രം’, എന്റെ മുഖത്തുനോക്കി വെറുമൊരു തമാശയായി; പറയുന്ന ഒരു വിശേഷണമാണ്
‘കൊല്ലുന്ന ടീച്ചർ’. ,,,
ഉദാ:- “ടീച്ചർ പറഞ്ഞാൽ കുട്ടികൾ അനുസരിക്കാതിരിക്കുമോ? ഇത് കൊല്ലുന്ന ടീച്ചറല്ലെ;”
ഒരു ഉറുമ്പിനെ പോയിട്ട് ഒരാനയെ പോലും കൊല്ലാൻ കഴിയാത്ത ഞാൻ എങ്ങനെ ഒരു മനുഷ്യനെ കൊല്ലും?
ഇല്ല,, ഞാൻ ആരെയും കൊന്നിട്ടില്ല,,, ഒരു കുട്ടിയെപോലും കൊന്നിട്ടില്ല,,,
എങ്കിലും,,,
എങ്ങനെ കൊല്ലുന്ന ടീച്ചറായി?

ഫ്ലാഷ് ബാക്ക് റ്റു:- ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന്:--- 
1991,,,
സാധാരണ അദ്ധ്യാപകർ പഠിപ്പിക്കുകയും വിദ്യാർത്ഥികൾ പഠിക്കുകയും ചെയ്യാറാണ് പതിവ്. എന്നാൽ ചില വിദ്യാർത്ഥികൾ അദ്ധ്യാപകരെ പഠിപ്പിക്കുന്ന ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു,,,
അങ്ങനെയൊരു സുവർണ്ണ കാലത്ത്,,,
,,,
                      ഹൃദയത്തിനുള്ളിൽ ഒരു ഡ്യൂപ്ലിക്കേറ്റ് വാൽ‌വ് ഫിറ്റ് ചെയ്തതിനുശേഷം; ഏതാനും മാസങ്ങൾ കഴിഞ്ഞാണ് എനിക്ക് സ്വന്തം പഞ്ചായത്തിലല്ലെങ്കിലും, വീടിന്റെ ഏറ്റവും അടുത്തുള്ള സർക്കാർ ഹൈസ്ക്കൂളിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. ശാരീരിക മാനസിക അവശതകൾ എനിക്ക് തീരെയില്ലെങ്കിലും കാഴ്ചയിൽ ഒരു രോഗിയെപോലെ തോന്നിച്ചിരുന്ന കാലത്താണ്, കുന്ന് തീരെയില്ലെങ്കിലും കുന്നിന്റെ പേരിൽ അറിയപ്പെടുന്ന, റെയിൽ‌പാളത്തിനും റോഡിനും ഇടയിലുള്ള ആൺ‌പള്ളിക്കൂടത്തിൽനിന്ന്, തനി ഗ്രാമീണ അന്തരീക്ഷമാണെങ്കിലും പട്ടണത്തിന്റെ പുറം‌പോക്കിലുള്ള പുതിയ ‘ആൺ‌പെൺ’ പള്ളിക്കൂടത്തിൽ എത്തിയത്.

                      പുതിയ സ്ക്കൂളിലെ എന്റെ ആദ്യക്ലാസ്സ് സ്റ്റേജിനു മുകളിൽ ആയിരുന്നു. വിദ്യാർത്ഥികൾ ക്ലാസ്സ്‌മുറികളിൽ നിറഞ്ഞുകവിഞ്ഞതിനാൽ എനിക്കായി ചാർജ്ജുള്ള ലാസ്റ്റ് ക്ലാസ്സ് ‘8H’ സ്റ്റേജിലായിരുന്നു. അവിടെ നിന്നാൽ അകലെയുള്ള കുന്നുകളും റോഡും അതിലൂടെ ഓടുന്ന ആകെയുള്ള ഒരു ബസ്സും നന്നായി കാണാം.

പുതിയ വിദ്യാലയത്തിൽ ആദ്യദിവസം ആദ്യക്ലാസ്സിൽ പോയ എനിക്കെതിരെ കുട്ടികളുടെ പ്രതിഷേധപ്രവാഹം അണപൊട്ടിയൊഴുകി.
അവർ വിളിച്ചു പറഞ്ഞു,
“നമ്മളെ ടീച്ചർ പഠിപ്പിക്കണ്ട;
നമ്മക്ക് പഴയ മാഷ് മതി”

                      ‘പഴയ അദ്ധ്യാപകൻ അവിടെ നിന്ന് പോയെന്നും ഇനി ഞാനാണ് അവരെ പഠിപ്പിക്കുന്നതെന്നും’ അവരോട് പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അവർ ഇരുന്നു. ഹാജർ വിളിച്ച് അന്യോന്യം പേര് പറഞ്ഞ് പരിചയപ്പെടുത്തിയശേഷം പഠനം തുടങ്ങി. എനിക്കവിടെ പഠിപ്പിക്കാനുള്ളത് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ചേർന്ന അടിസ്ഥാശാസ്ത്രമാണ്. കുട്ടികളോട് ഫിസിക്സ് നോട്ട്‌ബുക്ക് എടുത്ത് തുറക്കാൻ പറഞ്ഞു.
                      ആ സമയത്തെല്ലാം ഇതിലൊന്നും ശ്രദ്ധിക്കാതെ പിൻ‌ബെഞ്ചിലിരിക്കുന്ന ഒരുത്തൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവനെ അടുത്ത് വിളിച്ചപ്പോൾ ക്ലാസ്സിലെ ഏറ്റവും വലിയ വിദ്യാർത്ഥി കൂടിയായ അവൻ പതുക്കെ നടന്ന്‌വന്നു. അല്പസമയം അവനെ അവിടെ നിർത്തിയശേഷം ചോദിച്ചു,
“നിനക്കെന്ത് വേണം?”
“എന്തിനാ എന്നെ വിളിച്ചത്?”
ധിക്കാരം കലർന്ന മറുചോദ്യമായിരുന്നു അവന്റെ മറുപടി.
“അവിടെ ഇരുന്ന് നീ എന്തൊക്കെയോ പറയുന്നുണ്ടല്ലൊ. ക്ലാസ്സിൽ മിണ്ടാതെയിരിക്കണം”
“അത് ടീച്ചറ് നമ്മളെ പഠിപ്പിക്കെണ്ട; പഴയ മാഷ് മതി”
“അതെന്താ നീ അങ്ങനെ പറയുന്നത്?”
“മാഷാകുമ്പോൾ നമ്മളെ കളിക്കാൻ വിടും; പിന്നെ പലപ്പോഴും ക്ലാസ്സിൽ വരാറില്ല”
“നീ ഇവിടെ വന്നത് പഠിക്കാനും ഞാൻ വന്നത് പഠിപ്പിക്കാനുമാണ്. ഇനി എല്ലാ ദിവസവും ഇരുന്ന് പഠിക്കണം. നിന്റെ ഫിസിക്സ് നോട്ട് കാണിക്ക്”
“നോട്ട് എടുത്തിട്ടില്ല”
“എന്നാൽ മറ്റു പുസ്തകങ്ങൾ എടുക്ക്”
                      അവൻ നിന്ന സ്ഥലത്തുനിന്നും അനങ്ങാത്തപ്പോൾ ഞാൻ തന്നെ പിൻ‌ബെഞ്ചിൽ പോയി അവന് ആകെയുള്ള ആ ഒരു നോട്ട് ബുക്ക് എടുത്തു. പേര് സജേഷ്; പുസ്തകത്തിൽ ഏതാനും പേജിൽ ഏതാനും അക്ഷരങ്ങൾ മാത്രം. കൂടുതലൊന്നും പറയാതെ അവനോട് സ്ഥലത്ത് പോയി ഇരിക്കാൻ പറഞ്ഞ് ഞാൻ ക്ലാസ്സ് തുടങ്ങി.
പെട്ടെന്ന് അവൻ എഴുന്നേറ്റ് വിളിച്ച് കൂവി,
“ടീച്ചറെ ബസ്സ്‌പോന്നാ”
അവൻ എഴുന്നേറ്റ് ഉച്ചത്തിൽ വിളിച്ച്കൂവിയപ്പോൾ അതുവരെ പഠിപ്പിച്ച ന്യൂട്ടന്റെ ഒന്നാം ചലനനിയമം പെട്ടെന്ന് ചലനമറ്റ് താഴെക്കിടപ്പായി.

അല്പം ദേഷ്യത്തോടെ ഞാൻ അവനോട് പറഞ്ഞു,
“ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ശബ്ദം ഉണ്ടാക്കാതെ ശ്രദ്ധിച്ചിരിക്കണം. മറ്റൊന്നും ശ്രദ്ധിക്കാൻ പാടില്ല”
“അപ്പോൾ ടീച്ചറേ ബല്ലടിക്കുന്നതൊന്നും ശ്രദ്ധിക്കണ്ടെ?”
“വേണ്ട. നീ ഒന്ന് മിണ്ടാതെനിൽക്ക്”
കൂടുതൽ ദേഷ്യം വരുത്തി ഞാൻ പറഞ്ഞ്ശേഷം കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. മുന്നിലിരിക്കുന്ന രണ്ടുപേർ എന്റെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞപ്പോഴാണ്, പിൻ‌ബെഞ്ചുകാരൻ സ്റ്റഡിയായി നിൽക്കുന്നത് കണ്ടത്,
“താനെന്താ നിൽക്കുന്നത്?”
“ടീച്ചറല്ലെ എന്നോട് മിണ്ടാതെ ‘നിൽക്കാൻ’ പറഞ്ഞത്”
അപ്പോൾ അതാണു കാര്യം, നല്ല അനുസരണയുള്ള പയ്യൻ. എട്ടാം തരത്തിൽ മൂന്നു വർഷം‌കൂടി പൂർത്തിയാക്കിയാൽ അവന് പതിനെട്ട് വയസ് പൂർത്തിയാവും. അക്കാലത്ത് വോട്ട് ചെയ്യാനുള്ള പ്രായം 21 ആയതിനാൽ അടുത്തവർഷം അദ്ധ്യാപകരോടൊപ്പം വോട്ട് ചെയ്യാനൊക്കത്തില്ല എന്ന് മാത്രം.

ദിവസങ്ങൾ കഴിഞ്ഞു
                       ക്ലാസ്സ് ടീച്ചറായതിനാൽ ന്റെ സ്ക്കൂൾ‌ദിനം ആരംഭിക്കുന്നത് സ്ക്കൂൾസ്റ്റേജിൽ നിന്ന് ആയിരിക്കും.
ആദ്യദിവസം സജേഷ് എന്ന പയ്യൻ എന്റെ നോട്ടപ്പുള്ളി ആയപ്പോൾ ഞാൻ അവന്റെയും നോട്ടപ്പുള്ളി ആയി മാറി. അവൻ ക്ലാസ്സിൽ വന്നദിവസം മാത്രമേ ശല്യം ഉണ്ടാവുകയുള്ളു; മറ്റു ദിവസങ്ങളിൽ ഒരു പ്രശ്നവും ഇല്ല. എനിക്ക് മാത്രമല്ല, മറ്റ് അദ്ധ്യാപകർക്കും ഈ ശിഷ്യൻ ഒരു തലവേദന ആയിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

അങ്ങനെയിരിക്കെ ഒരു വിദ്യാർത്ഥിസമരം വന്നു.
മുദ്രാവാക്യവുമായി അണികൾ നീങ്ങിക്കൊണ്ടിരിക്കെ ഏറ്റവും പിന്നിലായി നടന്നുകൊണ്ടിരിക്കുന്ന സജേഷ് ക്ലാസ്സിലേക്ക് പോകുന്ന എന്നെ സമീപിച്ചു,
“എങ്ങോട്ടാ പോകുന്നത്?”
അതുവരെ കാണാത്ത വേറോരു മുഖഭാവത്തിൽ പരിഹാസപൂർവ്വം എന്നോട് ചോദിച്ചു.
“പോകുന്നത് ക്ലാസ്സിലേക്ക്, എന്താ?”
“കാണുന്നില്ലെ? നമ്മൾ സമരത്തിലാ, ടീച്ചറ് പഠിപ്പിച്ചാൽ കല്ലെടുത്തെറിഞ്ഞ് ഓടിക്കും”
ഇത്രയും പറഞ്ഞ്കൊണ്ട് നടന്നുപോകുന്ന എന്റെ ശിഷ്യനെ നോക്കി ഞാൻ അതേപടി നിന്നു.

                      അവർക്ക് വിദ്യ കൊടുക്കുന്നതിനാൽ അദ്ധ്യാപകർ അവർക്ക് ശത്രുക്കൾ. അതുപോലെയായിരിക്കും വീട്ടിലും, ‘ഭക്ഷണം കൊടുക്കുന്നതുകൊണ്ട് രക്ഷിതാക്കൾ അവന്റെ ശത്രുക്കളായിരിക്കും’.

                       ഒരാഴ്ച സജേഷിനെ കാണാത്തപ്പോൾ എനിക്ക് തോന്നി അവൻ സ്ക്കൂളിലെ അഭ്യാസം മതിയാക്കിയിരിക്കും എന്ന്; എന്നാൽ എന്റെ പ്രതീക്ഷകൾ തകിടം മറിച്ച് അടുത്ത തിങ്കളാഴ്ച അവൻ വന്നു. ഞാൻ അവനോട് പറഞ്ഞു,
“ഇത്രയും ദിവസം ആബ്സന്റ് ആയതിനാൽ നാളെ വരുമ്പോൾ നിന്റെ അച്ഛനെയോ അമ്മയെയോ കൂട്ടി വന്നാൽ മതി”
“അതൊന്നും ശരിയാവില്ല; അച്ഛന് ജോലിക്ക് പോകണം, അമ്മക്ക് സുഖമില്ല”
“എന്നാൽ നീയിവിടെ ഇരിക്കുന്നതും ശരിയാവില്ല”
രക്ഷിതാവിനെ വിളിച്ച് വരില്ലെന്ന് ഉറപ്പായതിനാൽ അവന്റെ അടുത്ത വീട്ടിലുള്ള പയ്യനെ സ്റ്റാഫ്‌റൂമിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ തിരക്കി.

                    അവൻ താമസിക്കുന്നത് സർക്കാർ അനുവദിച്ച രണ്ട് സെന്റ് സ്ഥലത്താണ്. മരവും ഓലയും കോണ്ടു മറച്ച വീടുകൾ നിറഞ്ഞ അവിടം ഒരു പുനരധിവാസകോളനിയാണ്. അച്ഛൻ തമിഴ്‌നാട്ടിൽനിന്ന് കുടിയേറിയവൻ. അമ്മ കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തും.
അയൽ‌പക്കത്തെ കുട്ടിയോട് പറഞ്ഞ് ഞാൻ അവന്റെ അമ്മയെ വിളിച്ച് വരുത്തി.
                    രോഗം കൊണ്ടും പട്ടിണികൊണ്ടും അവശത അനുഭവിക്കുന്ന ആ അമ്മയോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. നിർമ്മാണതൊഴിലാളിയായ അച്ഛനെക്കാൾ അവർക്ക് ഭയം ആ മകനെയാണെന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്കിടെ ക്ലാസ്സിൽ വരാത്ത കാര്യം പറഞ്ഞപ്പോൾ ആ അമ്മക്ക് ആശ്ചര്യമായി,
“എല്ലാദിവസവും എന്റെ മോൻ സ്ക്കൂളിൽ വരാറുണ്ട്”
“എന്നാൽ ഇവിടെ എത്താറില്ല”
“നമ്മൾ അവനെ വീട്ടിൽനിന്നും അയക്കുന്നുണ്ട്; പിന്നെ സ്ക്കൂളിൽ വരാത്തതൊക്കെ ടീച്ചർമാര് നോക്കണം”
                    അപ്പോൾ അതാണ് കാര്യം; ഇവിടെ അവനെ നന്നാക്കാൻ മരുന്നുണ്ട്. എന്നാൽ അദ്ധ്യാപകൻ കല്പിക്കുന്നതും രക്ഷിതാക്കൾ അംഗീകരിക്കാത്തതും വിദ്യാർത്ഥി ഇഷ്ടപ്പെടാത്തതും ചൂരൽക്കഷായം എന്ന ആ മരുന്നാണല്ലൊ. ഒരുകാലത്ത് ആ വിദ്യാലയത്തിലെ ഒരുത്തനെ പെട്ടെന്ന് കാണാതായപ്പോൾ അദ്ധ്യാപകരും നാട്ടുകാരും ചേർന്ന് തോട്ടിൻ‌കരയിൽ നിന്ന് ചൂണ്ടയിടുന്നവനെ ചൂണ്ടയോടെ പിടിച്ച ചരിത്രം ചില അദ്ധ്യാപകർക്കറിയാം.
ഇങ്ങനെയുള്ള രക്ഷിതാവിന് ഉപദേശനിർദ്ദേശങ്ങൾ നൽകുന്നതൊക്കെ വെറുതെയാണെന്ന് എനിക്ക് തോന്നി.

                     പിറ്റേദിവസം മുതൽ നമ്മുടെ സജേഷ് ക്ലാസ്സിൽ പൂർവ്വാധികം ശക്തമായി ശല്യം ചെയ്യാൻ തുടങ്ങി. പ്രധാന ഹോബി ക്ലാസ്സെടുക്കുന്നതിനിടയിൽ എഴുന്നേറ്റ് നടക്കലാണ്. ബോർഡിലെ ചിത്രം നോക്കിവരക്കാൻ പറയുമ്പോൾ അവൻ എഴുന്നേറ്റ് ക്ലാസ്സിൽ ചുറ്റിയടിച്ച് നടന്നുകൊണ്ട് ബോർഡിൽ തൊട്ട് ചോദിക്കും,
“ടീച്ചറെ ഇതുമുഴുവനും വരക്കണോ?”

                     ഒരിക്കൽ കെമിസ്ട്രി പഠിപ്പിച്ചുകൊണ്ടിരിക്കെ രാസവാക്യം ചോദിച്ചപ്പോൾ ആരും ഉത്തരം പറഞ്ഞില്ല. ഉത്തരം കിട്ടാത്തവരെ എഴുന്നേറ്റ് നിർത്തിയതിനാൽ അവരോട് ഇരിക്കാൻ പറഞ്ഞ ശേഷം പഠിപ്പിച്ച ഭാഗം ഒന്നു കൂടി വിവരിക്കാൻ തുടങ്ങി. അപ്പോൾ, നമ്മുടെ സജേഷ് എല്ലാവരും കേൾക്കെ എന്നോടൊരു ചോദ്യം,
“ടീച്ചർ പഠിപ്പിച്ചിട്ടും നമ്മളാരും പഠിക്കുന്നില്ലല്ലൊ. അപ്പോൾ ടീച്ചർക്ക് ഈ പഠിപ്പിക്കുന്ന പരിപാടി അങ്ങ് നിർത്തിക്കൂടെ?”
“ഒന്നുകൂടി പഠിപ്പിച്ചാൽ എല്ലാവരും പഠിക്കും, നീയും”
“ഏ, ഞാനൊരിക്കലും പഠിക്കില്ല”
അവൻ ഉറപ്പിച്ച്‌തന്നെ പറഞ്ഞു.
“നീ പഠിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവർക്ക് ശല്യമില്ലാതെ ഇരിക്കണം”
“അതൊന്നും എന്നെക്കൊണ്ട് പറ്റില്ല ടീച്ചർ”

                     ഒരു ദിവസം അവനെ ക്ലാസ്സിനു പുറത്ത്‌വിളിച്ച് അവന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നെ നല്ലവനാവാൻ പരമാവധി ഉപദേശിക്കുകയും ചെയ്തു. എന്നാൽ പറയുന്നത് കേൾക്കാനൊന്നും അവന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഒരു അദ്ധ്യാപിക എന്ന നിലയിൽ കൂടുതൽ എന്ത് ചെയ്യാനാണ്?
എട്ടാം ക്ലാസ്സിലെത്തിയിട്ടും അക്ഷരങ്ങളുമായി ബന്ധമില്ലാത്ത കുട്ടിയെ മറ്റുള്ളവരെപ്പോലെയാക്കാനുള്ള ശേഷിയൊന്നും എനിക്കില്ല. അവനെ കൂടുതൽ ശ്രദ്ധിച്ചാൽ മറ്റുള്ളവരുടെ സമയംകൂടി പാഴാകും എന്ന് തിരിച്ചറിഞ്ഞ ഞാൻ അവനെ അവഗണിച്ചുകൊണ്ട് പഠനം തുടർന്നു.

                      ആഴ്ചകൾ കടന്നുപോയി. സജേഷ് ഉണ്ടെങ്കിൽ അവനെ വഴക്ക് പറയാതെ ഒരു ദിവസവും ‘എട്ട് എച്ച്’ ക്ലാസ്സിൽ പഠിപ്പിക്കുക അസാദ്ധ്യനാണ്; എനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും.
ഇപ്പോൾ അവന് പുതിയ ഒരു സൂത്രമാണുള്ളത്. വളരെ കാര്യമായി പഠിപ്പിക്കുമ്പോഴായിരിക്കും എഴുന്നേറ്റ് നടന്ന്  മുന്നിൽ വരുന്നത്. അപ്പോൾ ഞാൻ ചോദിക്കും,
“എന്ത് വേണം?”
“ടീച്ചറെ എനിക്ക് ഒന്ന് തുപ്പാൻ പുറത്ത് പോകണം”
പിന്നെ മറുപടിക്ക് കാത്തുനിൽക്കാതെ സ്റ്റേജിന്റെ അറ്റത്തുപോയി തുപ്പിയിട്ട് ക്ലാസ്സ് മൊത്തത്തിൽ ചുറ്റിനടന്ന് പിന്നിൽ‌പോയി ഇരിക്കും. ഈ പരിപാടി ഒരു പിരീഡിൽതന്നെ നാലും അഞ്ചും തവണ ആവർത്തിക്കും. എന്റെ ക്ഷമയുടെ നെല്ലിപ്പടി കടന്ന് പുകയാൻ തുടങ്ങും.
ഫലമോ?
മറ്റുള്ള നാൽ‌പ്പത്തേഴ് വിദ്യാർത്ഥികളെയും മര്യാദക്ക് പഠിപ്പിക്കാൻ പറ്റാതാവും.
                     ഇത് എന്റെ ക്ലാസ്സിൽ മാത്രമല്ല; മറ്റു അദ്ധ്യാപകരുടെയെല്ലാം ക്ലാസ്സിൽ പതിവാണെന്ന് അറിയാൻ കഴിഞ്ഞു. ക്ലാസ്സ് ടീച്ചർ ആയതിനാൽ ഈ ഒരു വിദ്യാർത്ഥിയെ കുറിച്ച്, മറ്റുള്ളവരുടെ പരാതി കേട്ട് എനിക്ക് മടുത്തു.

ഒരു ദിവസം ബയോളജി പഠിപ്പിച്ചു കൊണ്ടിരിക്കെ സജേഷ് എഴുന്നേറ്റു. ഉടനെ ഞാൻ പറഞ്ഞു,
“സജേഷെ അവിടെയിക്കു,,,”
“ടീച്ചറെ എനിക്ക്,,”
“ഒന്നും പറയെണ്ട, അവിടെയിരിക്കുന്നതാണ് നിനക്ക് നല്ലത്”
എന്റെ ശബ്ദം ഉയരാൻ തുടങ്ങി. പെട്ടെന്ന് അവൻ എന്നോട് ശബ്ദം ഉയർത്തി പറഞ്ഞു,
“അത് പറയാൻ ടീച്ചറാരാണ്?”
“അത് മനസ്സിലായില്ലെ? ഞാനീ ക്ലാസ്സിന്റെ ക്ലാസ്ടീച്ചറാണ്, എന്റെ തീരുമാനം അനുസരിച്ചാണ് നിങ്ങൾ ഓരോരുത്തരും ഈ ക്ലാസ്സിലിരിക്കേണ്ടത്”
“എനിക്ക് പുറത്ത് പോകണം; ഞാൻ പോകും”
ദേഷ്യം കൊണ്ട് വിറച്ച ഞാൻ ക്ലാസ്സിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തെത്തി. ശബ്ദം കൂടുതൽ ഉയർന്നു.
“നിന്നോടാ അവിടെയിരിക്കാൻ പറഞ്ഞത്”
“ഞാൻ പുറത്തുപോകും; ടീച്ചറെന്ത് ചെയ്യും?”
“നീ ഇരിക്കുന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റാൽ നിന്നെ ഞാൻ കൊല്ലും”
അതുകേട്ട മറ്റു കുട്ടികൾ കൂടി ഞെട്ടിയിരിക്കാം. അവൻ പിന്നെയൊന്നും പറഞ്ഞില്ല; പറയാൻ അവസരം കൊടുക്കാതെ ഞാൻ തുടർന്നു,
“ഇനി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ പറയാതെ, ഇങ്ങോട്ട് മിണ്ടുകയോ എഴുന്നേൽ‌ക്കുകയോ ചെയ്താൽ നിന്നെ അടിച്ച്‌കൊല്ലും. എന്നിട്ട്, എന്നിട്ട് ആ കമ്പികളിൽ കെട്ടിത്തൂക്കും”
സ്റ്റേജിനു മുകളിൽ, കർട്ടൻ തൂക്കിയിടാൻ ഘടിപ്പിച്ച കമ്പികൾ ചൂണ്ടി ഞാനത് പറഞ്ഞപ്പോൾ എന്റെ ഭാവം കണ്ടാൽ  അങ്ങനെ ചെയ്യുമെന്ന് അവന് മാത്രമല്ല, മറ്റു വിദ്യാർത്ഥികൾക്കും തോന്നിയിരിക്കാം.
പിന്നെ അവൻ ഒന്നും മിണ്ടാതെ സ്ഥലത്ത് പോയിരുന്നു. കുട്ടികളോട് പുസ്തകം വായിക്കാൻ പറഞ്ഞ് ഞാൻ കസാലയിൽ ഇരുന്ന് അകലെയുള്ള കുന്നിനു മുകളിൽ നോക്കി. എന്റെ തല ആകെ പുകയുകയാണ്.

                     പിന്നീട് ഒരാഴ്ച ഒന്നും പഠിച്ചില്ലെങ്കിലും സജേഷിനെക്കൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല.
ഓണപ്പരീക്ഷ കഴിഞ്ഞു,,,
സജേഷ് സ്ക്കൂളിൽ വന്നില്ല. അവന് അഞ്ചിൽ കൂടുതൽ മാർക്ക് കിട്ടിയത് മലയാളത്തിൽ മാത്രം.
ദിവസങ്ങൾ കഴിഞ്ഞു, പതിനഞ്ച് ദിവസം ആബ്സന്റ് മാ‍ർക്ക് ചെയ്തശേഷം പതിനാറാം‌ദിനം അവൻ ഹാജർ പട്ടികയിൽ നിന്ന് ഔട്ടായി.
കുട്ടികളും ഞാനും അവനെ മറന്നു.

ഒരു മാസം കഴിഞ്ഞ, ഒരു ദിവസം,,
സ്ക്കൂൾവരാന്തയിൽ നിൽക്കുമ്പോൾ പത്താം ക്ലാസ്സിൽ നന്നായി പഠിക്കുന്ന പയ്യൻ എന്റെ സമീപം വന്നു.
നമ്മുടെ സ്ക്കൂൾ കൂടി ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകനാണ്.
അവൻ ശബ്ദം താഴ്ത്തി എന്നെ വിളിച്ചു,
“ടീച്ചറെ ഒരു സംശയം ചോദിക്കാനാണ്”
“ബയോളജിയാണോ?”
“അതല്ല ടീച്ചറെ, ടീച്ചർ എട്ടാംക്ലാസ്സിലെ സജേഷിനെ കൊല്ലുമെന്ന് പറഞ്ഞിരുന്നോ?”
ഞാനൊന്ന് ഞെട്ടി!!!
“ഒരിക്കൽ പറഞ്ഞിരുന്നു; അവൻ ഒരു തരത്തിലും ക്ലാസിലിരിക്കുകയോ പഠിപ്പിക്കാൻ സമ്മതിക്കുകയോ ചെയ്തില്ല. അപ്പോൾ അവനെ ഭീഷണിപ്പെടുത്താനായി കൊല്ലുമെന്ന് പറഞ്ഞു. നിന്നോട് ഇക്കാര്യം അവൻ പറഞ്ഞതാണോ?”
“എന്നോട് പറഞ്ഞില്ല, സജേഷിന്റെ അച്ഛൻ എന്റെവീട്ടില് വൈറ്റ്‌വാഷിംഗിന് വന്നിരുന്നു. അപ്പോൾ എന്റെ അച്ഛനോട് പറയുന്നത് കേട്ടതാ”
ഞാനാകെ ഭയപ്പെട്ടു;
പഞ്ചായത്ത് പ്രസിഡണ്ടിനു സമീപം പരാതി എത്തിയതാണോ? ഞാൻ ചോദിച്ചു,
“അവർ എന്തൊക്കെയാ പറഞ്ഞത്?”
“അത് സജേഷിന്റെ അച്ഛൻ പറഞ്ഞു, ‘മോൻ സ്ക്കൂളിലൊന്നും പോകാതെ നടക്കുന്നുണ്ടെങ്കിലും ജോലി ചെയ്യാൻ കൂടെ വിളിച്ചാൽ വരുന്നില്ല’ എന്ന്. അപ്പോൾ എന്റെ അച്ഛൻ സജേഷിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞതാ”
“സജേഷിന്റെ അച്ഛൻ പിന്നെ എന്തൊക്കെയാ പറഞ്ഞത്?”
എനിക്ക് അതാണല്ലൊ അറിയേണ്ടത്.
“അവന്റെ അച്ഛൻ പറഞ്ഞത്, ‘കുറേ ദിവസമായി അവൻ പഠിക്കാൻ പോകുന്നില്ല. ചോദിച്ചപ്പോൾ പറയാ, ക്ലാസ്സ്ടീച്ചറ് കൊല്ലുമെന്ന്, അപ്പോൾ ഞാൻ പറഞ്ഞു പണിക്ക് വരാൻ, എന്നിട്ട് അവൻ വരുന്നില്ല’,,,”
“അപ്പോൾ നിന്റെ അച്ഛൻ എന്താണ് പറഞ്ഞത്?”
“നാളെ സജേഷിനെയും കൂട്ടി പണിക്ക് വരാൻ പറഞ്ഞു”
ഓ, ആശ്വാസം; പിന്നെ ഞാനൊന്നും ചോദിച്ചില്ല.

                   നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ടിനെ എനിക്ക് നന്നായി പരിചയമുള്ളതും ഇടയ്ക്കിടെ കാണുന്നതും സംസാരിക്കുന്നതുമാണ്. എന്നാൽ ഈ സംഭവത്തിനുശേഷം എത്രയോ തവണ സ്ക്കൂളിൽ വന്നിട്ടും സജേഷിന്റെ കാര്യത്തെപറ്റി അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല.
കാരണം അദ്ദേഹം ഒരു കാലത്ത് ഒരു ഹൈസ്ക്കൂൾ അദ്ധ്യാപകൻ ആയിരുന്നു.

പിൻ‌കുറിപ്പ്: 
  1. വിദ്യ ഇഷ്ടപ്പെടാത്ത വിദ്യയെ വെറുക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് വളരെ പ്രയാസമുള്ള ഒരു തൊഴിലാണ്. 
  2. ഞാൻ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് എനിക്കറിയാം; ഇവിടെ ഒരു ടീച്ചർ ശരിമാത്രം ചെയ്യുന്നവർ മാത്രമായി ജീവിക്കുന്നവരല്ലല്ലൊ. 
  3. സജേഷിനെ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല; കാണാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാണ് കൂടുതൽ ശരി. 
  4. മറ്റുള്ളവരെ പോലെ അദ്ധ്യാപകർക്കും പലതരം പ്രയാസങ്ങൾ ഉണ്ടാവാം, എന്നാൽ അത് മറ്റുള്ളവർ അവഗണിക്കുന്നു. 
  5. എത്രയോ കുട്ടികളെ ശിക്ഷിക്കാതെ ഉപദേശിച്ച് നന്നാക്കിയെടുത്തിട്ടുണ്ട്; എന്നാൽ സജേഷിനെ പോലുള്ളവരെ നേരെയാക്കാനുള്ള കഴിവ്, എനിക്ക് ഇല്ല.