“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 21, 2010

ചാന്ദ്രവിജയദിനസ്മരണയിൽ

“ആകാശത്തുള്ള അമ്പിളിമാമനിൽ ആളുകൾ പോയെന്നോ? നീയെന്തിനാ കളവ് പറയുന്നത്? അവരാട പോയിട്ട് എവിടെയാ ചവിട്ടിനിൽക്കുക? ഇത് ദൈവത്തിനോടുള്ള കളിയാ”
                          അന്ന് ‘ജൂലായ് 21ന്’; വൈകുന്നേരം കോളേജിൽ നിന്ന് വീട്ടിലെത്തി വേഷം മാറിയശേഷം നേരെ അടുത്ത വീട്ടിലേക്ക് പോയി, ദേവിയമ്മയോട് ‘മനുഷ്യൻ ചന്ദ്രനിലിറങ്ങി’ എന്ന് പറഞ്ഞപ്പോഴുണ്ടായ പ്രതികരണമാണിത്. തൊണ്ണൂറ് വയസ്സുള്ള ദേവിയമ്മ; അതായത് ശ്രീദേവിയമ്മ എന്ന പേര് ചുരുക്കി നാട്ടുകാരെല്ലാം ദേവിയമ്മ എന്ന് വിളിക്കുന്ന ആ വൃദ്ധ, ഗ്രാമീണർക്കെല്ലാം പ്രീയപ്പെട്ടവരാണ്. ഞങ്ങളുടെ ഓർമ്മയിൽ അവരെപ്പോഴും വെളുത്ത മുണ്ടുടുത്ത് വെളുത്ത തോർത്തുമുണ്ട് പുതച്ച് മാത്രമെ കാണാൻ കഴിഞ്ഞിട്ടുള്ളു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്ന് കേട്ടപ്പോൾ സംശയം ദേവിയമ്മക്ക് മാത്രമല്ല, നമ്മുടെ തീരദേശഗ്രാമത്തിലെ മിക്കവാറും ആളുകൾക്കും ഇതേ സംശയം‌തന്നെ ഉണ്ടായിരുന്നു. കാരണം ആ വാർത്ത ലൈവ് ആയി ടെലിക്കാസ്റ്റ് ചെയ്ത് കാണിക്കാനുള്ള ടെലിവിഷൻ പോയിട്ട്, പറഞ്ഞറിയിക്കാനുള്ള റേഡിയോ പോലും ആ ഗ്രാമീണരുടെ വീടുകളിൽ വന്നുചേർന്നിട്ടില്ല.

അവരുടെ സംശയങ്ങൾ പലതാണ്,
ഇവിടെനിന്ന് ചന്ദ്രനിൽ എങ്ങനെ പോകും?
പോകുമ്പോൾ അവർക്ക് തിന്നുകയും കുടിക്കുകയും ചെയ്യണ്ടെ? അപ്പോൾ പിന്നെ മറ്റുള്ള കർമ്മങ്ങൾ?
ഒരു കിണ്ണത്തിന്റെ വലിപ്പമുള്ള ചന്ദ്രനിൽ എങ്ങനെ നിൽക്കും? പിന്നെയെങ്ങനെ അവിടെ ചുറ്റിനടക്കാൻ കഴിയും?
ചന്ദ്രൻ അത്രക്ക് വലുതാണെങ്കിൽ അതിന്റെ മേലേപോയി നിൽക്കുന്നുണ്ടെങ്കിൽ അസ്തമയസമയത്ത് ഉരുണ്ട് താഴെവീഴില്ലെ?
അവിടെ നിന്ന് ഭൂമിയെ കാണണമെങ്കിൽ ചന്ദ്രന്റെ അറ്റത്ത്‌പോയി കുനിഞ്ഞ് താഴോട്ട് നോക്കണ്ടെ? അപ്പോൾ താ‍ഴെ വീഴില്ലെ?
അമാവാസി, പൌർണ്ണമി, തുടങ്ങിയുള്ള മാറ്റങ്ങളുമായി മനുഷ്യൻ എങ്ങനെ ഒത്തുപോകും?
സ്വർണ്ണനിറമുള്ള ചന്ദ്രനിൽ എവിടെയാ കല്ലും പാറയും?

വർഷം കുറേയേറെ പിന്നോട്ട് പോകാം ,,, 1969  ,,,
                        മനുഷ്യൻ ചന്ദ്രനിൽ പോകുന്നു എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. പത്രവാർത്തകൾ മാത്രം ആശ്രയിക്കുന്ന അക്കാലത്ത് ഗ്രാമീണർ, അവർക്ക് കിട്ടിയ വാർത്തകളെല്ലാം എല്ലാവരിലും എത്തിക്കും. ഈ ലോകത്തെക്കുറിച്ച് തിരിച്ചറിവുള്ള കുട്ടികളും പ്രായമായവരും ഒരുപോലെ വാർത്താപ്രാധാന്യം കൊടുത്തതായിരുന്നു ‘ബഹിരാകാശ യാത്രകൾ’. ജൂലായ് ഇരുപതാം തീയ്യതി മുതൽ വായനശാലയിലും ചായക്കടയിലും വീടുകളുടെ ഉമ്മറത്തും; എവിടെ നാലാള് കൂടുന്നോ അവിടെയെല്ലാം മനുഷ്യന്റെ ചാന്ദ്രയാത്ര ചർച്ചയായി മാറിയിരുന്നു. ഒടുവിൽ 1969 ജൂലായ് 21ന്, എസ്. എൻ. കോളേജിലെ പ്രീഡിഗ്രി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കെ, ക്ലാസ്സിൽ നോട്ടീസ് വായിച്ചപ്പോൾ ആ മഹത്തായ കാൽ‌വെയ്പ്പ് നടന്നതായി അറിയാൻ കഴിഞ്ഞു. നീൽ ആം‌സ്ട്രോങ്ങിന്റെ വാക്കുകളിൽ,
“ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവെയ്പ്പ്, എന്നാൽ മനുഷ്യകുലത്തിനോ ഇതൊരു വലിയ കുതിച്ചുചാട്ടം”

                        പിന്നീടുള്ള ദിനങ്ങളിൽ നാട്ടുകാർ പത്രത്തിനായുള്ള കാത്തിരിപ്പായിരുന്നു. നാട്ടിലാ‍കെ കിട്ടുന്നത് ഒരു മാതൃഭൂമി പത്രം, അതാവട്ടെ വായനശാലയിൽ മാത്രം. വായനശാലയിലെ വായന കഴിഞ്ഞാൽ ഉച്ചയ്ക്കുശേഷം അടുത്തുള്ള വീടുകളിൽ കൊണ്ടുപോയി അവിടെയുള്ള സ്ത്രീകൾക്ക് പത്രം വായിക്കാം. ഗ്രാമീണരാണെങ്കിലും അവിടെ എഴുത്തും വായനയും അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല.

                        അന്നത്തെ ആ ദിനങ്ങളിൽ ‘അപ്പോളൊ11’ മനുഷ്യനെ ചന്ദ്രനിലെത്തിച്ച വാർത്ത വായിക്കാൻ എന്തൊരു ആവേശമായിരുന്നു! മനുഷ്യന്റെ ഓരോ നേട്ടങ്ങളും ഓരോ കണ്ടുപിടുത്തങ്ങളും അറിയുവാനുള്ള താല്പര്യം അന്ന് എന്റെ ഗ്രാമത്തിലുള്ളവർക്ക് ഉണ്ടായിരുന്നു. ഭൂമിയുടെ മറുവശത്ത് അമേരിക്കയിലുള്ളവർ ചന്ദ്രനിൽ പോയ കാര്യം മനുഷ്യരാശിയുടെ മുഴുവൻ നേട്ടമായാണ്, അക്കാലത്ത് നമ്മൾ ചിന്തിച്ചത്.

                  പിന്നീടങ്ങോട്ട് എന്തെല്ലാം പ്രവചനങ്ങളായിരുന്നു നടന്നത്! അന്ന് കേട്ടതെല്ലാം ഭാവിയിൽ മനുഷ്യകുലത്തിന് എത്തിച്ചേരാൻ കഴിയുന്ന നേട്ടങ്ങളുടെ പെരുമഴ ആയിരുന്നു. അതിവിദൂരമല്ലാത്ത ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും വീടുവെച്ച് താമസിക്കുന്നതായി മനുഷ്യൻ സ്വപ്നം കണ്ടു. ബഹിരാകാശത്തും അമ്പിളിമാമനിലും നടന്ന മനുഷ്യന് ‘അസാദ്ധ്യമായി ഒന്നും ഇല്ല’, എന്ന് എല്ലാവരും പറഞ്ഞു.

                          എന്നാൽ ചാന്ദ്രയാത്രയുടെ ആവേശം പെട്ടെന്ന്‌തന്നെ കെട്ടടങ്ങി. വിലകൂടിയതൊന്നും അവിടെനിന്നും ലഭ്യമല്ലാത്ത അവസ്ഥയിൽ ചന്ദ്രനിൽ പോയാൽ യാത്രാക്കൂലിപോലും ലാഭമായി കിട്ടിയില്ലെങ്കിൽ പിന്നെയെന്തിന് അവിടെ പോകണം എന്ന് അതിനു തയ്യറെടുക്കുന്നവർക്ക് പിന്നീട് തോന്നിയിരിക്കാം.

                           ഇപ്പോൾ ഭാരതത്തിന്റെ ചാന്ദ്രയാൻ പദ്ധതി വിജയകരമായതോടെ ബഹിരാകാശ ഗവേഷണത്തിന് ഒരു പുത്തനുണർവ്വ് കൈവന്നിരിക്കയാണ്. ചന്ദ്രോപരിതലത്തിൽ ജലമുണ്ടെന്ന കണ്ടെത്തൽ പുതിയ പരീക്ഷണങ്ങൾക്കുള്ള പാത തുറന്നിരിക്കയാണ്. അങ്ങനെ ചാന്ദ്രപരീക്ഷണങ്ങളിൽ പുത്തൻ അദ്ധ്യായം എഴുതിച്ചേർക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
                    പുത്തൻ വാർത്തകളും കണ്ടെത്തലുകളും അറിയുമ്പോൾ ഇന്ന് കൊച്ചുകുട്ടികൾ‌പോലും അതിൽ ആശ്ചര്യപ്പെടുന്നില്ല. മനുഷ്യന്റെ കഴിവ് പ്രവചനാതീതമാണെന്ന് മനുഷ്യൻ‌തന്നെ തിരിച്ചറിയുന്ന കാലമാണ്.
********************* 
പിൻ‌കുറിപ്പ്: പഴയ രണ്ട് ചിത്രങ്ങൾ; മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിനു ശേഷം 1969 ജൂലായ് മാസം പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയിലെ ചിത്രങ്ങൾ പഴയ ആൽബത്തിൽ നിന്നും പൊടിതട്ടി പുറത്തെടുത്ത് സ്കാൻ ചെയ്തതാണ്.

July 5, 2010

ബയോളജി ടീച്ചറെ പേടിച്ച് ,,,

മുൻ‌കുറിപ്പ്:

1, ഒരു ടീച്ചറാൽ നിർമ്മിതമായ ഈ നർമ്മത്തിലെ പ്രധാന കഥാപാത്രമാണ് മൂത്രം. അതിനാൽ ആ പേര് പലപ്പോഴായി പറയേണ്ടി വരും എന്ന് ഇതിനാൽ അറിയിക്കുന്നു.

2, വിദ്യാലയത്തിലെ ക്ലാസ്‌മുറിയിൽവെച്ച് ഏറ്റവും കൂടുതൽ തവണ മൂത്രം എന്ന വാക്ക് പറയേണ്ടിവരുന്നത് ജീവശാസ്ത്രം (ബയോളജി) അദ്ധ്യാപകർക്ക് ആയിരിക്കും. രണ്ടാം സ്ഥാനം ഒന്നാം ക്ലാസ്സിലെ ടീച്ചർക്ക് കൊടുക്കുന്നതായിരിക്കും അത്യുത്തമം.

3, മാന്യന്മാർ എന്ന് വെറുതെ ധരിച്ചിരിക്കുന്നവർ പരസ്യമായി പറയാത്ത പല വാക്കുകളും ആശയങ്ങളും ബയോളജി ടീച്ചർ വർഷം‌തോറും പറയുന്നു. ഉദാ:- മൂത്രാശയം, ആമാശയം, പിത്താശയം, അണ്ഡാശയം, ഗർഭാശയം, മലാശയം, … മതിയായോ?

4, ഇത്തരം ആശയങ്ങൾ മാത്രമല്ല; ജീവശാസ്ത്രപരമായ മറ്റു പലതും ഞങ്ങൾ ജീവശാസ്ത്രികൾ പരസ്യമായി പറയും. വായനക്കാരെ പേടിച്ച് ഇപ്പോൾ ഇത്ര മാത്രം അറിയിക്കുന്നു.

5, തൊട്ട്‌മുൻപ് എഴുതി പോസ്റ്റിയ സംഭവം (കൊല്ലുന്ന ടീച്ചർ) നടന്ന് ഏതാനും വർഷം കഴിഞ്ഞാണ് ഈ സംഭവം നടക്കുന്നത്.

6, വേദി ഞാൻ പഠിപ്പിച്ചിരുന്ന എന്റെത് ആയിരുന്ന എനിക്ക് പ്രീയപ്പെട്ട സർക്കാർ വിദ്യാലയം.

… എല്ലാരും സമ്മതം തന്നല്ലൊ; ഇനി ഞാൻ തുടങ്ങട്ടെ?,,,


അദ്ധ്യാപകർക്ക് സർവീസ് കൂടുന്നതിനനുസരിച്ച് ശമ്പളനിരക്ക് ഉയരുന്നതോടൊപ്പം പഠിപ്പിക്കുന്ന വിദ്യാലയത്തിൽ‌ ക്ലാസ്സ്കയറ്റം കൂടി ലഭിക്കും. അതായത് മുൻപേ വന്നവർ മൂപ്പ് കൂടി കൂടി പുറത്തായാൽ, ഒന്നാം‌തരത്തിലെ ടീച്ചർ രണ്ടിലും, പിന്നെ മൂന്നിലും ആയി അങ്ങനെയങ്ങനെ മേലോട്ട് ഉയരും.

ഹൈസ്ക്കൂളാണെങ്കിൽ എട്ടാം തരക്കാരൻ ഒൻപതിലും പിന്നെ പത്തിലും പഠിപ്പിക്കേണ്ടി വരും. പലപ്പോഴും വർഷങ്ങളായി പഴയ ‘ആശയഘടന’ പഠിപ്പിക്കുന്ന തലമൂത്ത അദ്ധ്യാപകർ ഘടന മാറിയതറിയാതെ പഴയ അവയവത്തെ വീണ്ടുംവീണ്ടും വരച്ച് പത്താം തരത്തിൽ പഠിപ്പിക്കുമ്പോൾ; പുത്തൻ ഘടനയോടെ പുതിയതായി ജോയിൻ ചെയ്തവരെ പത്താം തരത്തിന്റെ വരാന്തയിൽ വരാൻപോലും അവർ അനുവദിക്കില്ല.

,,, എന്റെ സ്വന്തം പഞ്ചായത്തിനു സമീപമുള്ള ഹൈസ്ക്കൂളിൽ ‘ട്രാൻസ്ഫർ’ ആയി വന്ന ‘ബയോളജി അദ്ധ്യാപിക ആയ’ എനിക്ക്­മേലെ; ആദ്യമേ മുതിർന്ന രണ്ട് ബയോളജി ഉള്ളതിനാൽ എട്ടാം തരത്തിലെ എട്ട് ഡിവിഷനുകളും എന്റെ തലയിൽ ചാർത്തി അവർ ഒൻപതും പത്തും പങ്കിട്ടു. ക്ലാസ് ചാർജ്ജായി ലാസ്റ്റ് ക്ലാസ്സ് ‘8H’ എല്ലാവരും കാൺകെ സ്റ്റേജിൽ എനിക്കായി വിട്ടുതന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ഏഷണി ഭീഷണി പാരവെപ്പ് ആദിയായവ നടത്തിയിട്ടും, നോ രക്ഷ.

ഇന്ന് കാലത്തിനൊത്ത് വിദ്യാലയങ്ങൾ മാറിയെങ്കിലും അന്ന് മൂത്തവർ ചൊല്ലും വാക്കിന് മറുവാക്കില്ല.

വർഷങ്ങൾ കഴിഞ്ഞു, ക്ലാസ് ചാർജ്ജ് ‘8H’ ൽ നിന്ന് ‘8A’ യിലേക്ക് മാറി. കുട്ടികൾ മാറുന്നുണ്ടെങ്കിലും ഞാൻ പഠിപ്പിക്കേണ്ട എന്റെ ക്ലാസ്സിന് ഒരു മാറ്റവും ഇല്ല. പ്രമോഷൻ വീട്ടിനടുത്തേക്ക് ട്രാൻസ്ഫർ എന്നിവ വെച്ച്‌നീട്ടി കൊതിപ്പിച്ചിട്ടും സീനിയർ ബയോളജികൾ രണ്ടും സ്ക്കൂൾ വിട്ടുപോകാൻ തയ്യാറാവാത്തതിനാൽ പത്താംതരം പലപ്പോഴായി നോക്കിയിരിക്കാറുള്ള എനിക്ക് കൊതി സഹിക്കാൻ പറ്റാതായി.


സ്വന്തം ബന്ധുക്കളെയും മക്കളെയും കൂടാതെ പൂർവ്വശിഷ്യകളുടെ മക്കളെയും പഠിപ്പിച്ചിരുന്ന ഒരു അപൂർവ്വ അദ്ധ്യാപികയാണ് ഞാൻ, എന്ന് ഞാൻ‌തന്നെ പറയുന്നു. എന്റെ സ്ക്കൂളിൽതന്നെ പഠിക്കുന്ന എന്റെ മൂത്ത മകൾ എട്ടിൽ‌നിന്ന് പത്താം തരത്തിൽ എത്തി. ഇളയ മകൾ എട്ടാം തരത്തിൽ ചേർന്നു.

...മകൾക്ക് പത്തിലേക്ക് ക്ലാസ്‌കയറ്റം കിട്ടിയിട്ടും ‘മകളുടെ അമ്മ’ എട്ടിൽ തന്നെ;

…ആരായാലും ഇതു സഹിക്കുമോ,,,?



എന്റെ മുഖ്യശത്രു സീനിയർമോസ്റ്റ് ബയോളജി ടീച്ചറാണ്. എന്നോട് തീർക്കാൻ പറ്റാത്തതൊക്കെ ക്ലാസ്സിൽ‌വെച്ച് അവർ മകൾക്കിട്ട് കൊടുക്കും. അത് അടി കൊടുക്കാൻ ചാൻസില്ലാത്തതിനാൽ പലതരം ഡയലോഗുകളിലൂടെയാണെന്ന് മാത്രം.

ഉദാ:- “എനിക്ക് ഇരുപത്തിയെട്ട് കൊല്ലം സർവ്വീസായി; നിന്റെ അമ്മയ്ക്ക് എന്റെയത്ര സർവ്വീസില്ല, കേട്ടോ,,,”.

എന്നിട്ട് മകളോട് പറഞ്ഞത് സ്റ്റാഫ്‌റൂമിൽ വന്ന് എല്ലാവരുടെയും മുന്നിൽ‌വെച്ച് ടീച്ചർ‌തന്നെ എന്നെനോക്കി കമന്റ് പറയും.

എന്നാൽ സ്ക്കൂളിൽ നിന്ന് കിട്ടിയതൊക്കെ മക്കൾ നേരെ ‘വീട്ടിലെത്തിച്ച് കുടുംബകലഹം ഉണ്ടാക്കും’ എന്ന് വിശ്വസിച്ചങ്കിൽ ആ ധാരണ തിരുത്താം. “സ്ക്കൂളിലെ കാര്യം വീട്ടിലും, വീട്ടിലെ കാര്യം സ്ക്കൂളിലും പറയാൻ പാടില്ല” എന്ന് നമ്മുടെ പിള്ളമാസ്റ്റർ രണ്ട്‌പേരെയും ഫീഷണിപ്പെടുത്തിയതിനാൽ സ്ക്കൂളിൽ നടക്കുന്നതിന്റെ റണ്ണിംഗ് കമന്ററിയൊന്നും വീട്ടിലെത്താറില്ല.(പിള്ളമാഷ് എല്ലാ ടീച്ചേർസിന്റെ പിള്ളേരെയും ഭീഷണിപ്പെടുത്താറുണ്ട്, അദ്ദേഹത്തിന്റെ സ്വന്തമായ രണ്ട് മക്കളടക്കം)


പത്താം ക്ലാസ്സിലേക്ക് അടുത്ത കാലത്തൊന്നും പ്രമോഷൻ കിട്ടാൻ സാദ്ധ്യതയില്ലെന്ന് തോന്നിയ ഞാൻ അടുത്ത സ്റ്റാഫ്‌മീറ്റിംഗിൽ പൊട്ടിത്തെറിച്ചു,

“അടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ വേറെ സ്ക്കൂൾ ഉണ്ടായിട്ടും ഞാൻ എന്റെ സ്ക്കൂളിൽതന്നെ മക്കളെ ചേർത്തത് അവരെ എനിക്ക്‌തന്നെ ബയോളജി പഠിപ്പിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് മകൾ പഠിക്കുന്ന പത്താം ക്ലാസ്സിൽ എനിക്ക് തന്നെ ബയോളജി പഠിപ്പിക്കണം”

ഒടുവിൽ എന്റെ ആവശ്യം പരിഗണിച്ച് എനിക്ക് മൂത്തവൾ പഠിക്കുന്ന പത്താം തരം‘A’യിൽ പ്രവേശനം നൽകി; എങ്കിലും എട്ടാം തരം മൊത്തത്തിൽ ഞാൻ തന്നെ പഠിപ്പിക്കണം. എട്ടിലെ കുട്ടിയായി എന്റെ ഇളയ മകൾ ഉണ്ട്; അവളുടെ (8A) ക്ലാസ്ടീച്ചർ കൂടിയാണ്, അമ്മയായ ഞാൻ. ആ ക്ലാസ്സിൽ ആ അദ്ധ്യയനവർഷം ആദ്യമായി ചൂരൽ പ്രയോഗിച്ചത് എന്റെ മകളെ അടിച്ചുകൊണ്ടായിരുന്നു. അന്നത്തെ ആ സുവർണ്ണകാലത്ത് അടികൊള്ളാത്തവരായി ചുരുക്കം ചില വിദ്യാർത്ഥികൾ മാത്രമേ കാണുകയുള്ളു.


അന്ന് എട്ടാം ക്ലാസ്സിലെ ആറ് ഡിവിഷനുകൾ (A-F) പ്രവർത്തിച്ചത് ഒരു താൽക്കാലിക ഷെഡ്ഡിൽ ആയിരുന്നു. തെങ്ങോലകൾ പ്രധാന ഐറ്റം ആയ ഓലഷെഡ്ഡ് ആണെങ്കിലും ഓടിട്ട നാല് ചുമരുള്ള ക്ലാസ്സിനെക്കാൾ വളരെ സൌകര്യമുള്ളത്. അടക്കുകയും തുറക്കുകയും വേണ്ട. മുകൾ‌ഭാഗത്ത് മുളകെട്ടി ഓലമേഞ്ഞത്; അതുപോലെ ഇടത്തും വലത്തും ഓലയും മുളയും ചേർന്ന തുളയുള്ള പാർട്ടീഷൻ വാൾ. ക്ലാസ്സിന്റെ പിന്നിലൂടെയും മുന്നിലൂടെയും അകത്തു കടക്കാം. പിന്നെ വളരെ പ്രധാനപ്പെട്ട കാര്യം, എന്റെ വിദ്യാലയത്തിൽ ചോർച്ച തീരെയില്ലാത്തതും പൊട്ടാത്ത സിമന്റ് തറയുള്ളതുമായ ക്ലാസ്സ്‌മുറികൾ ഈ ഓലഷെഡ്ഡിൽ മാത്രമാണ്.

അദ്ധ്യാപകരും വിദ്യാർത്ഥികളും പോയിക്കഴിഞ്ഞാൽ മതിലും കാവൽക്കാരും ഇല്ലാത്ത സ്ക്കൂളിന്റെയും ഓലഷെഡ്ഡിന്റെയും സംരക്ഷണം മുഴുവൻ, നാട്ടുകാരും കാക്കകളും പൂച്ചകളും പട്ടികളും ചേർന്ന് ഏറ്റെടുക്കും.

ഈ ഓലഷെഡ്ഡിലുള്ള ഒരെട്ടിനെ അടുത്ത എട്ടിൽ‌നിന്ന് വേർതിരിക്കുന്നത് മുളയും ഓലയും ചേർന്ന മറയാണ്. ഒരു ക്ലാസ്സിൽ ഇരിക്കുന്നവർക്ക് അടുത്ത ക്ലാസ്സുകാരെ കാണാനാവില്ലെങ്കിലും നേരെ നിൽക്കുന്ന അദ്ധ്യാപകർക്കും സ്റ്റാന്റപ്പിൽ ആയ പിൻബെഞ്ചുകാരായ ചില വിദ്യാർത്ഥികൾക്കും തൊട്ടടുത്ത ക്ലാസ്സുകാരുമായി ആശയവിനിമയം നടത്താം.

സിനിമയിൽ അദ്ധ്യാപകനായ ഇന്നസന്റ് തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചറുമായി ചേർന്ന് കേട്ടെഴുത്ത് നടത്തി ആശയവിനിമയം നടത്തിയത് പോലെ ‘ഒന്ന്’ ഇവിടെയും ആവാം;

“,,,കേൾക്കുന്നുണ്ടോ,,,?”

“,,,പറഞ്ഞോളൂ,,,”

“,,,അച്ഛനുണ്ടോ,,,?”

“,,,കിടപ്പിലാണ്,,,”

“,,,അമ്മയുണ്ടോ,,,?”

“,,,……………,,,”

എന്നാൽ ഞങ്ങളുടെ ഈ പള്ളിക്കൂടത്തിൽ ഇങ്ങനെയൊരു ഒളിഞ്ഞിരുന്ന് ആശയവിനിമയത്തിന്റെ ആവശ്യം വരാറില്ല. സർക്കാർ ഹൈസ്ക്കൂൾ ആയതിനാൽ പി.എസ്.സി. യുടെയും ട്രാൻസ്ഫറിന്റെയും അനുഗ്രഹം കിട്ടി ഇവിടെയെത്തുമ്പോൾ പലരുടേയും ഇളയകുഞ്ഞിനെ ഒന്നാം ക്ലാസ്സിൽ ചേർക്കാനായിട്ടുണ്ടാവും. അതുകൊണ്ട് പ്രേമിക്കുന്നവർ ഡൈവോഴ്സ് കാര്യം കൂടി പരിഗണിക്കേണ്ടി വരും.

,,,

എട്ടാം ക്ലാസ്സ് സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പിന്നിലാണെങ്കിലും നാട്ടുകാരുടെ എളുപ്പവഴി അതിന്റെ പിന്നിലൂടെയാണ്. ഏതാനും മാസങ്ങളിലെ പരിശീലനം നൽകിയപ്പോൾ വിദ്യാർത്ഥികൾ ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി. പഠിപ്പിക്കുന്ന ടീച്ചറുടെ കണ്ണ് ക്ലാസ്സിനു വേളിയിൽ ഫോക്കസ് ചെയ്താൽ, വിദ്യാർത്ഥികളുടെ എൺപത്തിനാല് കണ്ണുകളും ആ സ്പോട്ടിലേക്ക് നീങ്ങും എന്ന് തിരിച്ചറിഞ്ഞ ഞാൻ കുട്ടികൾ എഴുതുമ്പോൾ മാത്രം പുറത്ത് നോക്കാൻ തുടങ്ങി.

പകുതി ഓപ്പൺ‌എയർ ആയ ക്ലാസ്സിൽ അനുവാദം ചോദിക്കാതെ കടന്നുവരുന്ന ചിലരുണ്ട്. ഒന്നാം സ്ഥാനം വണ്ട്; മുളകളിൽ ദ്വാരം ഉണ്ടാക്കി ചില കരിവണ്ടുകൾ അതിനകത്തേക്ക് കയറിപ്പോവുന്നത് കാണാറുണ്ട്. ഉള്ളിൽ കടന്ന വണ്ട് എന്ത് പരിപാടിയാണ് ഒപ്പിക്കുന്നത് എന്ന് ഒരു ബയോളജി ടീച്ചറായിട്ടും എനിക്ക് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.

പിന്നെ അണ്ണാൻ, എലി, പല്ലി, പാറ്റ ആദിയായ അപൂർവ്വം ചിലരും മേൽ‌ത്തട്ടിലൂടെ കടന്നുപോകാറുണ്ട്.

ക്ലാസ്സിന്റെ മുന്നിലിരിക്കുകയും നിൽക്കുകയും ചെയ്യുന്ന ഞാൻ ഈ വക ജീവികൾ മേൽത്തട്ടിലെ ഓലകൾക്കിടയിലൂടെ പോയാലും അറിഞ്ഞ ഭാവം കാണിക്കാറില്ല. കാരണം ഞാനൊരാൾ മേലോട്ട് നോക്കിയാൽ ഉടൻ കുട്ടികളും നോക്കും. വിലയേറിയ അഞ്ച് മിനിട്ട് നഷ്ടമായിരിക്കും ഫലം.


… ഒരു വെള്ളിയാഴ്ച ഓലഷെഡ്ഡിന്റെ ഒരറ്റത്തുള്ള ‘8F’ൽ രണ്ടാമത്തെ പിരീഡ്…

… ഒരു ബയോളജി ക്ലാസ്…

… പഠിപ്പിക്കുന്നത് ഞാൻ…

ജീവശാസ്ത്ര അദ്ധ്യായങ്ങളുടെ പേജുകൾ ഓരോന്നായി മറിഞ്ഞു; അങ്ങനെ വിവിധ ജന്തുക്കളുടെ ശരീര പ്രവർത്തനങ്ങൾ പഠിക്കാൻ തുടങ്ങി; ദഹനം, ശ്വസനം, രക്തപര്യയനം, ഒക്കെ കഴിഞ്ഞ് വിസർജ്ജനത്തിൽ എത്തി.

അമീബ മുതൽ എല്ലാ ജന്തുക്കളും വിസർജ്ജനം നടത്തുന്നുണ്ടെന്നും അത് വളരെ അത്യാവശ്യമാണെന്നും വിവരിച്ച ശേഷം മനുഷ്യന്റെ വിസർജ്ജനത്തിൽ എത്തി. പ്രധാന വിസർജ്ജന അവയവമായ വൃക്കകളുടെ ഘടന യുടെ ചാർട്ട് തൂക്കി, ചിത്രം ബോർഡിൽ വരച്ചപ്പോഴാണ് ഒരുത്തന് സംശയം വന്നത്,

“ടീച്ചറെ ഇത് നമ്മുടെ കിഡ്നിയല്ലെ?”

നോക്കണേ എന്റെ ശിഷ്യന്റെ അറിവ്!

അവർക്ക് കിഡ്നി പണ്ടേ പരിചയം ഉണ്ട്; എന്നാൽ മാതൃഭാഷയിലെ വൃക്ക അറിയില്ല. അങ്ങനെ കിഡ്‌നിയുടെ-വൃക്കയുടെ, ഘടനയും പ്രവർത്തനവും വിവരിച്ചശേഷം ഞാൻ അവരോട് ബോർഡിൽ വരച്ചത് നോക്കി സ്വന്തം പുസ്തകത്തിൽ വരക്കാൻ പറഞ്ഞു. എല്ലാവരും പെൻസിൽ ചെത്തി കൂർപ്പിച്ച്, നോട്ട് പുസ്തകം തുറന്ന് വരക്കാൻ തുടങ്ങി.

പണ്ടെത്തെ അധ്യയനരീതി അതാണല്ലൊ;


കുട്ടികൾ ചിത്രംവര തുടങ്ങിയാൽ അവർക്കിടയിൽ ചുറ്റിയടിക്കുന്ന സ്വഭാവം എനിക്കുണ്ട്; ക്ലാസ്സിന്റെ പിന്നിലൂടെ നടന്ന് ഓരോരുത്തരെയും തലോടിയിട്ട് പുസ്തകത്തിലെ വര നോക്കി തെറ്റുകൾ പറഞ്ഞ്‌കൊടുത്ത് തിരുത്തിക്കും. ഇതിനിടയിൽ കുട്ടികളെ ശ്രദ്ധിക്കുന്നതോടൊപ്പം പരിസരനിരീക്ഷണം നടത്തുകയും ചെയ്യും. അങ്ങനെ നടന്ന് നാലുപാടും നിരീക്ഷിച്ച ശേഷം ക്ലാസ്സിന്റെ പിന്നിൽ‌വന്ന് മേലോട്ട് നോക്കിയപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത്!!!

ഒരു പാമ്പ്…

അസ്സൽ മഞ്ഞനിറത്തിലൊരു ചേര…

ക്ലാസ്സിനു മുൻ‌വശത്ത്, എന്റെ ഇരിപ്പിടത്തിന് തൊട്ടുമുകളിൽ, മേൽക്കൂരയിലൂടെ, മോന്തായത്തിലൂടെ, ഇഴഞ്ഞ് നീങ്ങുന്നു…

…ഞാനൊരു ജീവശാസ്ത്രം അദ്ധ്യാപികയല്ലെ?

…ഇങ്ങനെയെത്ര ജീവികളെ കണ്ടതാണ്!

അണ്ണാനും എലിയും പല്ലിയും മേൽക്കൂരയിൽ ഓടിക്കളിച്ചാലും അത് കുട്ടികൾ അറിയില്ല. അതുപോലെ ഈ പാമ്പും ഓലകൾക്കിടയിലൂടെ, മുളകൾക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞ് പുറത്ത് പോയിക്കൊള്ളും. താഴെവീണാൽ അവിടെയിരിപ്പുണ്ടെങ്കിൽ, ടീച്ചറുടെ തലയിലായാലും കുട്ടികളുടെ തലയിലാവില്ല. എട്ടാം ക്ലാസ്സ് ABCDE പിന്നിട്ട ശേഷം, അറ്റത്തുള്ള Fൽ എത്തിച്ചേർന്നതായിരിക്കാം. മറ്റാരും കാണാത്തത് കണ്ടുപിടിക്കുന്ന ഈ സ്വഭാവം എനിക്ക് പണ്ടേയുള്ളതാണ്.

കുട്ടികളോട് കാര്യം പറയണോ? ‘തലക്കുമുകളിൽ ഒരു പാമ്പുണ്ട്, എഴുന്നേറ്റ് പുറത്തുപോകണം’ എന്ന് പറയേണ്ടതാമസം എല്ലാവരും പേടിച്ച് ഓടും. ആ ബഹളത്തിനിടയിൽ ചിലപ്പോൾ പാമ്പ് താഴെ വീണാലോ? കുട്ടികളെ പാമ്പ് കാര്യം അറിയിക്കാതെ, അവരുടെ തലക്കുമുകളിൽ പാമ്പുണ്ടെന്ന് അറിയാതെ അവർ ചിത്രം‌വര തുടർന്നു.

എന്നാൽ എനിക്കാകെ പ്രശ്നമായി,,,

പാമ്പ് ഇഴഞ്ഞുനീങ്ങി ബോർഡിനു തൊട്ടുമുകളിൽ ഒരു വലിയ മുളയിൽ ചുറ്റിയിട്ട് ഒരേ നില്പാണ്. ഇടയ്ക്കിടെ ടീച്ചറായ എന്നെ എന്തോ സംശയം ചോദിക്കാനെന്നപോലെ നോക്കുന്നുമുണ്ട്. കുട്ടികളുടെ തലയിൽ വീഴാനിടയില്ലെങ്കിലും അങ്ങനെയൊരു പാമ്പ് അവിടെ കിടക്കുമ്പോൾ ക്ലാസ്സിന് മുന്നിൽ ബോർഡിനു സമീപം ഞാനെങ്ങനെ പോകും? പാമ്പ് ഇഴഞ്ഞുനീങ്ങി ഓലമറയിലൂടെ താഴോട്ടിറങ്ങി പോയാൽ പ്രശ്നം തീരും. എന്നാൽ ഇവിടെ ഇഴഞ്ഞു നീങ്ങുന്നത് പാമ്പിനുപകരം സമയമാണ്.


ശിഷ്യന്മാർ ഓരോരുത്തരായി ചിത്രം വരച്ചുകഴിഞ്ഞ് വിളിച്ചുപറയാൻ തുടങ്ങി,

“ടീച്ചറെ നമ്മള് വരച്ച് കഴിഞ്ഞു”

“എല്ലാവരും വരച്ചു തീരട്ടെ”

ക്ലാസ്സിന്റെ പിന്നിൽ‌നിന്നും പാമ്പിന്റെ ചലനം നിരീക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

വിദ്യാർത്ഥികൾ എന്നെയോ പാമ്പിനെയോ കാണുന്നില്ലെങ്കിലും അവർക്ക് പിന്നിൽ നിന്ന്‌കൊണ്ട് ഞാൻ പാമ്പിനെത്തന്നെ നോക്കുകയാണ്. മുന്നിൽ ബോർഡിനു സമീപം പോകാനുള്ളധൈര്യം എന്നിൽ‌നിന്നും ചോർന്നുപോയി.

,,,

പെട്ടെന്ന്…വളരെ പെട്ടെന്ന്,,,

അത് സംഭവിച്ചു,,,

ക്ലാസ്സിനു മുന്നിൽ ബോർഡിനുസമീപം,,,

പാമ്പ് മൂത്രമൊഴിക്കുന്നു,,,ഒരു പെരുമഴപോലെ,,,

തുറന്ന ക്ലാസ്സിൽ അദ്ധ്യാപികയും 42വിദ്യാർത്ഥികളും നോക്കിനിൽക്കെ,,, ഒരു പാമ്പ്, ഒന്നും രണ്ടും കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു… ഒപ്പം ദുർഗന്ധവും.

അനുവാദത്തിനു കാത്തുനിൽക്കാതെ നാൽ‌പ്പത്തിരണ്ട് വിദ്യാർത്ഥികളും വെളിയിലേക്കോടിയിട്ടും ഞാൻ ക്ലാസ്സിന്റെ പിന്നിൽ നിന്നുകൊണ്ട് ഈ അപൂർവ്വ ദൃശ്യം വീക്ഷിക്കുകയാണ്.

അങ്ങനെ അന്തം‌വിട്ട് നോക്കിനിൽക്കുന്ന എന്റെ സമീപം, അടുത്ത ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പിള്ളമാസ്റ്റർ വന്ന് ചോദിച്ചു,

“ടീച്ചറേ എന്ത് പറ്റീ?”

“അത് ടീച്ചർ വിസർജ്ജനം പഠിപ്പിക്കുമ്പോൾ പാമ്പ് വിസർജ്ജനം നടത്തിയതാ”

ഞാൻ പറയുന്നതിനു പകരം ശിഷ്യന്മാർ എല്ലാവരും‌ചേർന്ന് ഒന്നിച്ച് മറുപടി നൽകി.


കുട്ടികളുടെ ദേഹത്ത് മൂത്രാഭിഷേകം നടന്നില്ലെങ്കിലും അവരെല്ലാം റ്റോയ്‌ലറ്റിലും കിണറ്റിൻ‌കരയിലും ദേഹശുദ്ധി വരുത്താൻ പോയി. അവർ അറിയിച്ചതനുസരിച്ച് ക്ലാസ് വൃത്തിയാക്കാനായി നമ്മുടെ പ്യൂൺ കുട്ടിയമ്മ സ്വന്തം ചൂലുമായി പ്രവേശനം ചെയ്തപ്പോൾ, സഹായിക്കാൻ ഏതാനും ശിഷ്യന്മാർ ബക്കെറ്റുമെടുത്ത് പൂഴിവാരാൻ തയ്യാറായി.

ഇത്രയൊക്കെ പൊടിപൂരം നടന്നപ്പോൾ രണ്ട് അത്ഭുതങ്ങൾ നടന്നത് ഞാൻ ശ്രദ്ധിച്ചു,

ഒന്ന്, മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ആരും പുറത്തിറങ്ങിയില്ല. (അങ്ങനെയൊരു അച്ചടക്കം വളർത്തിയിരുന്നു)

രണ്ട്, അനുവാദമില്ലാതെ ക്ലാസ്സിൽകയറി ഒന്നും രണ്ടും നടത്തിയ പാമ്പ് എവിടെയോ പോയി ഒളിച്ചു.


പതിനൊന്നര, ഇന്റർ‌വെൽ മണിയടിച്ചു; ഞാൻ ക്ലാസ്സിൽ നിന്നും സ്റ്റാഫ്‌റൂമിൽ എത്തി. എന്നെ കണ്ട ഉടനെ പിള്ള മാസ്റ്റർ എല്ലാവരും കേൾക്കെ വിളിച്ച്‌പറഞ്ഞു,

“അദ്ധ്യാപകരെ പേടിച്ച് ചില കുട്ടികൾ ക്ലാസ്സിൽ മൂത്രമൊഴിക്കാറുണ്ട്; ഇവിടെ പഠിപ്പിക്കുന്നത് ബയോളജി ടീച്ചറാണെന്നറിഞ്ഞപ്പോൾ, ക്ലാസ്സിൽ കയ്യറിവന്ന ഒരു പാവം‌പാമ്പ്‌, പേടിച്ച് മൂത്രമൊഴിച്ചുപോയി”