“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 21, 2010

ചാന്ദ്രവിജയദിനസ്മരണയിൽ

“ആകാശത്തുള്ള അമ്പിളിമാമനിൽ ആളുകൾ പോയെന്നോ? നീയെന്തിനാ കളവ് പറയുന്നത്? അവരാട പോയിട്ട് എവിടെയാ ചവിട്ടിനിൽക്കുക? ഇത് ദൈവത്തിനോടുള്ള കളിയാ”
                          അന്ന് ‘ജൂലായ് 21ന്’; വൈകുന്നേരം കോളേജിൽ നിന്ന് വീട്ടിലെത്തി വേഷം മാറിയശേഷം നേരെ അടുത്ത വീട്ടിലേക്ക് പോയി, ദേവിയമ്മയോട് ‘മനുഷ്യൻ ചന്ദ്രനിലിറങ്ങി’ എന്ന് പറഞ്ഞപ്പോഴുണ്ടായ പ്രതികരണമാണിത്. തൊണ്ണൂറ് വയസ്സുള്ള ദേവിയമ്മ; അതായത് ശ്രീദേവിയമ്മ എന്ന പേര് ചുരുക്കി നാട്ടുകാരെല്ലാം ദേവിയമ്മ എന്ന് വിളിക്കുന്ന ആ വൃദ്ധ, ഗ്രാമീണർക്കെല്ലാം പ്രീയപ്പെട്ടവരാണ്. ഞങ്ങളുടെ ഓർമ്മയിൽ അവരെപ്പോഴും വെളുത്ത മുണ്ടുടുത്ത് വെളുത്ത തോർത്തുമുണ്ട് പുതച്ച് മാത്രമെ കാണാൻ കഴിഞ്ഞിട്ടുള്ളു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്ന് കേട്ടപ്പോൾ സംശയം ദേവിയമ്മക്ക് മാത്രമല്ല, നമ്മുടെ തീരദേശഗ്രാമത്തിലെ മിക്കവാറും ആളുകൾക്കും ഇതേ സംശയം‌തന്നെ ഉണ്ടായിരുന്നു. കാരണം ആ വാർത്ത ലൈവ് ആയി ടെലിക്കാസ്റ്റ് ചെയ്ത് കാണിക്കാനുള്ള ടെലിവിഷൻ പോയിട്ട്, പറഞ്ഞറിയിക്കാനുള്ള റേഡിയോ പോലും ആ ഗ്രാമീണരുടെ വീടുകളിൽ വന്നുചേർന്നിട്ടില്ല.

അവരുടെ സംശയങ്ങൾ പലതാണ്,
ഇവിടെനിന്ന് ചന്ദ്രനിൽ എങ്ങനെ പോകും?
പോകുമ്പോൾ അവർക്ക് തിന്നുകയും കുടിക്കുകയും ചെയ്യണ്ടെ? അപ്പോൾ പിന്നെ മറ്റുള്ള കർമ്മങ്ങൾ?
ഒരു കിണ്ണത്തിന്റെ വലിപ്പമുള്ള ചന്ദ്രനിൽ എങ്ങനെ നിൽക്കും? പിന്നെയെങ്ങനെ അവിടെ ചുറ്റിനടക്കാൻ കഴിയും?
ചന്ദ്രൻ അത്രക്ക് വലുതാണെങ്കിൽ അതിന്റെ മേലേപോയി നിൽക്കുന്നുണ്ടെങ്കിൽ അസ്തമയസമയത്ത് ഉരുണ്ട് താഴെവീഴില്ലെ?
അവിടെ നിന്ന് ഭൂമിയെ കാണണമെങ്കിൽ ചന്ദ്രന്റെ അറ്റത്ത്‌പോയി കുനിഞ്ഞ് താഴോട്ട് നോക്കണ്ടെ? അപ്പോൾ താ‍ഴെ വീഴില്ലെ?
അമാവാസി, പൌർണ്ണമി, തുടങ്ങിയുള്ള മാറ്റങ്ങളുമായി മനുഷ്യൻ എങ്ങനെ ഒത്തുപോകും?
സ്വർണ്ണനിറമുള്ള ചന്ദ്രനിൽ എവിടെയാ കല്ലും പാറയും?

വർഷം കുറേയേറെ പിന്നോട്ട് പോകാം ,,, 1969  ,,,
                        മനുഷ്യൻ ചന്ദ്രനിൽ പോകുന്നു എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. പത്രവാർത്തകൾ മാത്രം ആശ്രയിക്കുന്ന അക്കാലത്ത് ഗ്രാമീണർ, അവർക്ക് കിട്ടിയ വാർത്തകളെല്ലാം എല്ലാവരിലും എത്തിക്കും. ഈ ലോകത്തെക്കുറിച്ച് തിരിച്ചറിവുള്ള കുട്ടികളും പ്രായമായവരും ഒരുപോലെ വാർത്താപ്രാധാന്യം കൊടുത്തതായിരുന്നു ‘ബഹിരാകാശ യാത്രകൾ’. ജൂലായ് ഇരുപതാം തീയ്യതി മുതൽ വായനശാലയിലും ചായക്കടയിലും വീടുകളുടെ ഉമ്മറത്തും; എവിടെ നാലാള് കൂടുന്നോ അവിടെയെല്ലാം മനുഷ്യന്റെ ചാന്ദ്രയാത്ര ചർച്ചയായി മാറിയിരുന്നു. ഒടുവിൽ 1969 ജൂലായ് 21ന്, എസ്. എൻ. കോളേജിലെ പ്രീഡിഗ്രി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കെ, ക്ലാസ്സിൽ നോട്ടീസ് വായിച്ചപ്പോൾ ആ മഹത്തായ കാൽ‌വെയ്പ്പ് നടന്നതായി അറിയാൻ കഴിഞ്ഞു. നീൽ ആം‌സ്ട്രോങ്ങിന്റെ വാക്കുകളിൽ,
“ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവെയ്പ്പ്, എന്നാൽ മനുഷ്യകുലത്തിനോ ഇതൊരു വലിയ കുതിച്ചുചാട്ടം”

                        പിന്നീടുള്ള ദിനങ്ങളിൽ നാട്ടുകാർ പത്രത്തിനായുള്ള കാത്തിരിപ്പായിരുന്നു. നാട്ടിലാ‍കെ കിട്ടുന്നത് ഒരു മാതൃഭൂമി പത്രം, അതാവട്ടെ വായനശാലയിൽ മാത്രം. വായനശാലയിലെ വായന കഴിഞ്ഞാൽ ഉച്ചയ്ക്കുശേഷം അടുത്തുള്ള വീടുകളിൽ കൊണ്ടുപോയി അവിടെയുള്ള സ്ത്രീകൾക്ക് പത്രം വായിക്കാം. ഗ്രാമീണരാണെങ്കിലും അവിടെ എഴുത്തും വായനയും അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല.

                        അന്നത്തെ ആ ദിനങ്ങളിൽ ‘അപ്പോളൊ11’ മനുഷ്യനെ ചന്ദ്രനിലെത്തിച്ച വാർത്ത വായിക്കാൻ എന്തൊരു ആവേശമായിരുന്നു! മനുഷ്യന്റെ ഓരോ നേട്ടങ്ങളും ഓരോ കണ്ടുപിടുത്തങ്ങളും അറിയുവാനുള്ള താല്പര്യം അന്ന് എന്റെ ഗ്രാമത്തിലുള്ളവർക്ക് ഉണ്ടായിരുന്നു. ഭൂമിയുടെ മറുവശത്ത് അമേരിക്കയിലുള്ളവർ ചന്ദ്രനിൽ പോയ കാര്യം മനുഷ്യരാശിയുടെ മുഴുവൻ നേട്ടമായാണ്, അക്കാലത്ത് നമ്മൾ ചിന്തിച്ചത്.

                  പിന്നീടങ്ങോട്ട് എന്തെല്ലാം പ്രവചനങ്ങളായിരുന്നു നടന്നത്! അന്ന് കേട്ടതെല്ലാം ഭാവിയിൽ മനുഷ്യകുലത്തിന് എത്തിച്ചേരാൻ കഴിയുന്ന നേട്ടങ്ങളുടെ പെരുമഴ ആയിരുന്നു. അതിവിദൂരമല്ലാത്ത ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും വീടുവെച്ച് താമസിക്കുന്നതായി മനുഷ്യൻ സ്വപ്നം കണ്ടു. ബഹിരാകാശത്തും അമ്പിളിമാമനിലും നടന്ന മനുഷ്യന് ‘അസാദ്ധ്യമായി ഒന്നും ഇല്ല’, എന്ന് എല്ലാവരും പറഞ്ഞു.

                          എന്നാൽ ചാന്ദ്രയാത്രയുടെ ആവേശം പെട്ടെന്ന്‌തന്നെ കെട്ടടങ്ങി. വിലകൂടിയതൊന്നും അവിടെനിന്നും ലഭ്യമല്ലാത്ത അവസ്ഥയിൽ ചന്ദ്രനിൽ പോയാൽ യാത്രാക്കൂലിപോലും ലാഭമായി കിട്ടിയില്ലെങ്കിൽ പിന്നെയെന്തിന് അവിടെ പോകണം എന്ന് അതിനു തയ്യറെടുക്കുന്നവർക്ക് പിന്നീട് തോന്നിയിരിക്കാം.

                           ഇപ്പോൾ ഭാരതത്തിന്റെ ചാന്ദ്രയാൻ പദ്ധതി വിജയകരമായതോടെ ബഹിരാകാശ ഗവേഷണത്തിന് ഒരു പുത്തനുണർവ്വ് കൈവന്നിരിക്കയാണ്. ചന്ദ്രോപരിതലത്തിൽ ജലമുണ്ടെന്ന കണ്ടെത്തൽ പുതിയ പരീക്ഷണങ്ങൾക്കുള്ള പാത തുറന്നിരിക്കയാണ്. അങ്ങനെ ചാന്ദ്രപരീക്ഷണങ്ങളിൽ പുത്തൻ അദ്ധ്യായം എഴുതിച്ചേർക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
                    പുത്തൻ വാർത്തകളും കണ്ടെത്തലുകളും അറിയുമ്പോൾ ഇന്ന് കൊച്ചുകുട്ടികൾ‌പോലും അതിൽ ആശ്ചര്യപ്പെടുന്നില്ല. മനുഷ്യന്റെ കഴിവ് പ്രവചനാതീതമാണെന്ന് മനുഷ്യൻ‌തന്നെ തിരിച്ചറിയുന്ന കാലമാണ്.
********************* 
പിൻ‌കുറിപ്പ്: പഴയ രണ്ട് ചിത്രങ്ങൾ; മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിനു ശേഷം 1969 ജൂലായ് മാസം പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയിലെ ചിത്രങ്ങൾ പഴയ ആൽബത്തിൽ നിന്നും പൊടിതട്ടി പുറത്തെടുത്ത് സ്കാൻ ചെയ്തതാണ്.

13 comments:

  1. ഹൌ!
    നല്ല പോസ്റ്റ്!

    ReplyDelete
  2. ‘ചാന്ദ്രയാനിൽ‘ക്കയറ്റി അപ്പോളോ 11-മായി ബന്ധിച്ച് ചന്ദ്രനിലിറക്കി,‘ഇതാ ജലാംശം’എന്ന് ഇന്നത്തെ പുതിയ തലമുറയ്ക്ക് കാണിച്ചുകൊടുത്ത ടീച്ചറിന്റെ അകക്കണ്ണ് തുറപ്പിക്കലിനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.....

    ReplyDelete
  3. ഈ പടങ്ങള്‍ ആദ്യമായാണ് കാണുന്നത്. നല്ല പോസ്റ്റ്.

    ReplyDelete
  4. പഴയ ആ പത്ര വാര്‍ത്ത കണ്ടത്തില്‍ സന്തോഷം. നല്ല പോസ്റ്റ്‌.

    ReplyDelete
  5. നമ്മള്‍ ചന്ദ്രനില്‍ പോയാല്‍ കഴിവതും പുലരുന്നതിനു മുന്‍പുതന്നെ തിരിച്ചുവരണം അല്ലാ എങ്കില്‍ ചന്ദ്രന്‍ ചന്ദ്രന്റെ പാട്ടിനു പോകും .. ഒരാള്‍ക്കു ക്ഷ്ടിച്ചു ചവിട്ടി നില്‍ക്കാന്‍ മാത്രമുള്ള ചന്ദ്രനില്‍നിന്നും കാലു തെന്നി വീണു വല്ല കല്ലിലും തലയടിച്ചു ചിന്നിച്ചിതറിയാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല അതുകൊണ്ട് വീ കെയര്‍ഫുള്‍ ... മിനി ജീ ചുമ്മാ തമാശിച്ചതാ കെട്ടോ :). പോസ്റ്റ് നന്നായിരുന്നു, മാത്രമല്ല ഈ അപൂര്‍വ്വ ചിത്രങ്ങള്‍ കൊടുത്തതിനു പ്രത്യേകം നന്ദി

    ReplyDelete
  6. ഞാനന്ന് പത്താം ക്ലാസില്‍ പഠിക്കുകയാണ്. പിറ്റെ ദിവസം രാവിലെ ഞാനും അമ്മയും കൂടി അമ്മയുടെ വീട്ടില്‍ നിന്നു കാലത്ത് ഞങ്ങളുടെ വീട്ടിലേക്കു നടന്നു വരികയായിരുന്നു. കേരള ഗാന്ധി കേളപ്പജിയുടെ ജന്മഗൃഹത്തിനടുത്ത് അദ്ദേഹത്തിന്റെ പേരില്‍ ഒരു വായനശാലയുണ്ട്. അവിടെ വെച്ചാണ് ഞാന്‍ പത്രത്തില്‍ വായിച്ചത്."മനുഷ്യന്‍ ചന്ദ്രനിലിറങ്ങി"-ഇന്നും എന്റെ മനസ്സിലുണ്ട് അത്.

    ReplyDelete
  7. ഇതെവിടുന്നാ ഈ ചിത്രങ്ങൾ?

    ReplyDelete
  8. jayanEvoor-,
    നന്ദി, ആദ്യമായി വന്ന് അഭിപ്രായം എഴുതിയതിന് നന്ദി.
    വി.എ || V.A-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    സുദേഷ് എം ആർ-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    കുമാരന്‍ | kumaran-,
    അന്ന് വൈകുന്നേരം മാതൃഭൂമിപത്രം സായാഹ്ന എഡിഷൻ ഉണ്ടാക്കി വിതരണം നടത്തിയിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
    വഷളന്‍ ജേക്കെ ★ Wash Allen JK-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    രസികന്‍-,
    അതൊക്കെ പറയാനുള്ള രസം രസകരമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ജനാര്‍ദ്ദനന്‍.സി.എം-,
    അപ്പോൾ മാഷെ മൂത്തത് ഞാൻ തന്നെയാ. കണ്ണൂർ എസ്.എൻ കോളേജിൽ പ്രീ.ഡിഗ്രി രണ്ടാം വർഷം. അഭിപ്രായം എഴുതിയതിന് നന്ദി.
    smitha adharsh-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    ★ശ്രീജിത്ത്‌●sгєєJเ†ђ-,
    ഇതുപോലുള്ള ചിത്രങ്ങൾ പഴയ ആൽബത്തിൽ ഇനിയും കാണാം. ഇങ്ങനെയൊരു ബ്ലോഗ് പോയിട്ട് കമ്പ്യൂട്ടർ പോലും മനുഷ്യൻ കണ്ടുപിടിക്കുമെന്ന് ഒരു മലയാളിയും ചിന്തിക്കാത്ത കാലമായിരുന്നു അത്. വല്ല സൂചനയും കിട്ടിയെങ്കിൽ ഞാൻതന്നെ ധാരാളം ചിത്രങ്ങൾ എടുത്തു വെക്കുമായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  9. യു പി സ്കൂളി, ഏഴാം ക്ലാസ്സിലായിരുന്നു ഞാന്‍.. സ്കൂളില്‍ ഏറ്റവും നന്നായി പഠിക്കുന്നതിന്റെ അഹങ്കാരവും, ഒപ്പം ഏറ്റവും "തല തെറിച്ച" സ്വഭാവങ്ങളും ആയി നടക്കുന്ന കാലം. ലോകത്ത് നടക്കുന്ന ഏതു സംഭവങ്ങളും ഒരു നോട്ബുക്കില്‍ എഴുതി വച്ചിരുന്നു.. അങ്ങനെ അപ്പോളോ പുറപ്പെടുന്നതിന്റെ മുന്‍പ് തന്നെ യാത്രികരുടെ പേരൊക്കെ ബൈഹാര്ട്ട് ആയിരുന്നു. നീല്‍ ആം സ്ട്രോംഗ് , എഡ്വിന്‍ ആല്‍ഡ്രിന്‍, മൈകേല്‍ കോളിന്‍സ് .... പിറ്റേ ദിവസം പേപ്പര്‍ വരാന്‍ കാത്തിരുന്നതും, ചേട്ടന്മാര്‍ സംസാരിക്കുന്നതു കേട്ടിരുന്നതും ഒക്കെ ഓര്‍ക്കുന്നു.
    നന്ദി മിനി, ഇങ്ങനെ വല്ലപ്പോഴും സ്കൂള്‍ ജീവിതത്തിലേക്ക് കൊണ്ട് പോയതിനു...( ആ പഞ്ചായത്തില്‍ ഏഴാം ക്ലാസ്സിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ കാഷ് അവാര്‍ഡും വാങ്ങി കേട്ടോ... ഈ പൊങ്ങച്ചം ഇനി പറയാന്‍ വേറെ ചാന്‍സ് കിട്ടിയെന്നു വരില്ല )

    ReplyDelete
  10. ആ പടങ്ങൾ കാണിച്ചതിന് പ്രത്യേകം അഭിനന്ദനം.
    കുറിപ്പിന് വേറെയും.

    ReplyDelete
  11. മനോവിഭ്രാന്തികള്‍-,
    പൊങ്ങച്ചം ഇനിയും പറയണം. അതിനാണ് ബ്ലോഗ്, അഭിപ്രായം എഴുതിയതിനു നന്ദി.

    Echmukutty-,
    അഭിപ്രായം എഴുതിയതിനു നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.