“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 23, 2010

അറിയില്ല?

 പിറന്നുവീണപ്പോൾ അമ്മ പറഞ്ഞു,
എന്റെ മകൾക്കൊന്നും അറിയില്ല;
കുഞ്ഞിളം കണ്ണുകൾ‌നോക്കി അച്ഛൻ പറഞ്ഞു,
ഇവൾക്കൊന്നും അറിയില്ല;
***
പിച്ചവെച്ച് നടന്നപ്പോൾ ബന്ധുക്കൾ പറഞ്ഞു,
അവൾക്കൊന്നും അറിയില്ല;
കളിവീടുണ്ടാക്കവെ കൂട്ടുകാരൻ പറഞ്ഞു,
നിനക്കൊന്നും അറിയില്ല;
അക്ഷരമോതും‌നേരം ഗുരു പറഞ്ഞു,
ഈ കുഞ്ഞിനൊന്നും അറിയില്ല;
കൂടെപ്പഠിക്കും സഹപാഠികൾ പറഞ്ഞു,
ഇതിനൊന്നും അറിയില്ല;
***
പ്രേമം മൂത്തപ്പോൾ കാമുകൻ പറഞ്ഞു,
ഈ പെണ്ണിനൊന്നും അറിയില്ല;
കല്ല്യാണപ്രായത്തിൽ നാട്ടുകാർ പറഞ്ഞു,
അതിനൊന്നും അറിയില്ല;
കല്ല്യാണം കഴിഞ്ഞപ്പോൾ കണവൻ പറഞ്ഞു,
എന്റെ ഭാര്യക്കൊന്നും അറിയില്ല;
***
പഠിപ്പിച്ചുകൊണ്ടിരിക്കെ ശിഷ്യർ പറഞ്ഞു,
ഈ ടീച്ചർക്കൊന്നും അറിയില്ല;
അമ്മയായപ്പോൾ മക്കൾ പറഞ്ഞു,
ഈ അമ്മക്കൊന്നും അറിയില്ല;
***
അതേ,
എനിക്കൊന്നും അറിയില്ല,
എനിക്കെല്ലാം അറിയാമെന്ന്,
അവർക്കെല്ലാം അറിയാമെന്ന്,
ഒരിക്കലും ഞാൻ അറിഞ്ഞില്ല.
******************* 

25 comments:

 1. എത്രയോ തവണ കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും ഇനിയും കേൾക്കാനിരിക്കുന്നതുമായ വാക്കുകൾ എഴുതിയപ്പോൾ കവിത ആയി മാറിയോ എന്നൊരു സംശയം തോന്നിയതിനാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

  ReplyDelete
 2. നന്നായിരിക്കുന്നു!
  അഭിനന്ദനങ്ങൾ!

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഒരു തമാശ പറയട്ടെ!

  എനിക്കൊന്നുമറിയില്ലെന്നവർ പറയുമ്പോഴും,
  അവർക്കെല്ലാമറിയാമെന്ന് ഞാൻ കരുതിയില്ലെന്നുള്ള കാര്യം
  അവരറിഞ്ഞില്ലയെന്നെനിക്കുറപ്പായിരുന്നു..
  അതോ അതും അവറരിഞ്ഞിരുന്നുവോ?
  അതാവാം അവരിപ്പോൾ ഒന്നുമറിയാത്ത പോലെ നടിക്കുന്നത്‌!

  ReplyDelete
 5. അല്ലെങ്കിലും എല്ലാമറിഞ്ഞിട്ടെന്തിനാ,

  അറിയില്ല എന്നത് പലപ്പോഴും ഒരു രക്ഷപെടലാ

  ReplyDelete
 6. എത്ര സത്യം മിനി.മനോഹരമായ വരികള്‍..അമ്മയെയും എന്നെ തന്നെയും ഓര്‍മ്മിപ്പിച്ചു..

  ReplyDelete
 7. കവിതയുടെ a b c d അതെന്താണെന്ന് എനിക്കും അറിയില്ലെന്റെ മിനിയെ.....
  പക്ഷെ മിനിയുടെ അറിവും, മറ്റുള്ളവരുടെ അറിവില്ലായ്മയും അല്ലെങ്കില്‍ നേരെ തിരിച്ചും സംഭവം ജോര്‍ ആക്കി.
  കൈവച്ചാല്‍ പൊള്ളുകയില്ലെന്ന് അറിഞ്ഞല്ലോ.എന്ന ധൈര്യമായി അങ്ങു തുടര്‍ന്നോളെന്നെ ....

  ReplyDelete
 8. നല്ല, സുന്ദരമായ വരികള്‍ . ഇത്തരത്തിലുള്ള വരികള്‍ , വാക്യത്തെ കവിതയാക്കുന്നു.

  ReplyDelete
 9. Ippo enikkum onnumariyilla...!!!

  Manoharam, Ashamsakal...!!!

  ReplyDelete
 10. എനിക്കും ഒന്നും അറിയില്ല!

  ReplyDelete
 11. പക്ഷെ എനിക്കൊന്നറിയാം കുഞി കുസൃതികള്‍ പൊറുക്കാന്‍ മിനിജിക്ക് അറിയില്ലെന്ന്....(ഇതെങ്കിലും പൊറുത്തു മാപ്പാക്കണെ!!!!)

  ReplyDelete
 12. സത്യത്തില് കവിത എന്ന് പറയുന്ന ഒരു ബ്ലോഗും ഞാന്‍ ഓപ്പണ്‍ ചെയ്യരെ ഇല്ല ..കാരണം എനിക്കത് മനസ്സിലാക്കാന്‍ ഉള്ള വിദ്യാഭ്യാസം ഇല്ല ..പക്ഷെ ഇത് ഏതു പൊട്ടനും മനസ്സിലാകും അല്ലോ ..സത്യത്തില്‍ ഇത് കവിത ആണോ ..

  ReplyDelete
 13. കാപ്പിലാന്‍-, നന്ദി.
  Sabu M H-, നന്ദി, കവിത നന്നായി.
  നല്ലി . . . . .-, Sreedevi-, അഭിപ്രായത്തിന് നന്ദി.
  ലീല എം ചന്ദ്രന്‍..-, ടീച്ചർ പറഞ്ഞതുപോലെയാണ് സംഭവം. മറ്റുള്ളവർ പറയുന്നത്‌കേട്ട് എനിക്കറിയാവുന്നതുപോലും അറിയില്ല എന്ന് വിശ്വസിക്കേണ്ടി വരുന്നു. നന്ദി.
  DIV▲RΣTT▲Ñ -, അഭിപ്രായം എഴുതിയതിനു നന്ദി.
  Sureshkumar Punjhayil-,ബിജുക്കുട്ടന്‍-, അഭിപ്രായം എഴുതിയതിനു നന്ദി.
  poor-me/പാവം-ഞാന്‍-,
  അയ്യോ പാവമേ അറിവില്ലായ്മകൊണ്ട് പറ്റിയതാ; അഭിപ്രായത്തിനു നന്ദി.
  faisu madeena-,
  മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന ഒരേ ആശയത്തിലുള്ള വാക്കുകൾ കവിത ആയി മാറ്റിയതാണ്. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 14. ഒന്നുമറിയാണ്ട് ഇവിടെ വരെ എത്തിയല്ലോ.

  ReplyDelete
 15. അജ്നതകളെ ക്കുറിച്ചുള്ള ജ്ഞാനം അറിവിന്റെ ലക്ഷണം തന്നെഎന്ന്
  ആവര്‍ത്തിചോര്മിപ്പിക്കുന്ന വരികള്‍ ...
  കവിതയിലേക്കുള്ള ആദ്യ ചുവടു വയ്പ്പ് കരുത്തുറ്റതായി..
  ആശംസകള്‍ ..:)

  ReplyDelete
 16. ഞാന്‍ താങ്കളോട് ചെയ്ത ഒരു കുട്ടി അപരാധം താങ്കള്‍ മാപ്പാക്കിയില്ല എന്നെ ഞാന്‍ പറഞുള്ളു...അതിനുള്ള ശിക്ഷ ആഴ്ചകളായി ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്...ഇനിയെങ്കിലും മാപ്പു തരാന്‍ അറിയാം എന്നു തെളിയിക്കു..എന്റെ അപരാധത്തിനു ടീച്ചര്‍ അമ്മേ മാപ്പ്(പിന്നെ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തന്നിരുന്ന ശമ്പളം/പെന്‍ഷന്‍ ഇവ തിരിചു വാങുന്നതിനുള്ള ആഡര്‍ അപ്പിയൂരില്‍ നിന്നു ഇലെക്ഷന്‍ കഴിയുമ്പോള്‍ താങ്കള്‍ക്ക് പ്രതീക്ഷിക്കാം...

  ReplyDelete
 17. കവിത വായിച്ചഭിപ്രായം പറയാൻ എനിക്കും അറിയില്ല!
  പക്ഷേ ഒന്നറിയാം, ഈ വരികൾ സുന്ദരമാണെന്ന്!

  ReplyDelete
 18. കുമാരന്‍ | kumaran-, രമേശ്‌അരൂര്‍-,
  poor-me/പാവം-ഞാന്‍-, ബിന്ദു കെ പി-,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
  അയ്യോ പാവമേ മാപ്പ് തന്നിരിക്കുന്നു, ഇനിയെന്ത് വേണം?
  പിന്നെ ആ വിദ്യാഭ്യാസ വകുപ്പ് കണക്ക് പറഞ്ഞാൽ, എനിക്ക് ഇങ്ങോട്ട് കൂടുതൽ തരേണ്ടി വരും. എല്ലാദിവസവും സ്ക്കൂളിൽ വെച്ച് സിലബസ്സിൽ പറയുന്നില്ലെങ്കിലും 9 മണിമുതൽ 5.30 വരെ കുട്ടികളെ പഠിപ്പിച്ചതിന്റെയും; ശനി, ഞായർ ദിവസങ്ങളിലെ സ്പെഷ്യൽ ക്ലാസ്സിന്റെയും കണക്ക്. സ്വന്തം കുട്ടികളെ സ്വന്തം സർക്കാർ വിദ്യാലയത്തിൽ പഠിപ്പിച്ചതിന്റെ കണക്ക്. 100% കുട്ടികളെ വിജയിപ്പിച്ച കണക്ക്. പെൻഷൻ ആനുകൂല്യം വൈകിപ്പിച്ചത് വഴി ഒരു ലക്ഷം നഷ്ടത്തിന്റെ കണക്ക്. ശേഷഭാഗം ഓർമ്മിച്ച് പിന്നീട്,
  ബിന്ദു-,
  നന്ദി, ഇനിയും നോക്കട്ടെ. എഴുതിപ്പോയാൽ പോസ്റ്റ് ചെയ്യാം.

  ReplyDelete
 19. നല്ല വരികൾ. ഇഷ്ടപ്പെട്ടു.

  ReplyDelete
 20. വെറുതേ പത്തു വരി നിരത്തിപ്പോകാതെ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും എടുത്തുകാട്ടി കാണിച്ചിട്ട്, ‘എനിക്കെഴുതാനറിയില്ലേ’യെന്ന് പറയരുത്. ഇങ്ങനെ വിവിധ ആശയങ്ങളിൽ ചെന്നെത്താൻ എനിക്കറിയില്ല എങ്കിലും, പുതിയ എഴുത്തുകളിൽ നല്ലത് എന്ന് എന്റെ അഭിപ്രായം. അടുത്ത കവിത കൂടി പോരട്ടെ......

  ReplyDelete
 21. ഒക്കെ ശരി തന്നെ . വിദ്യാര്‍ഥികള്‍ അങ്ങനെ പറഞ്ഞെങ്കിലും ,ഒരു ബ്ലോഗ്‌ തുടങ്ങാനെന്കിലും അറിയാം എന്ന് തെളിയിച്ചു കഴിഞ്ഞില്ലേ?
  ഒന്നുമറിയില്ല എന്ന അറിവ് തന്നെ ഏറ്റവും വലിയ അറിവാണെന്ന് നമുക്കറിഞ്ഞാല്‍ അത് തന്നെ ഏറ്റവും വലിയ അറിവ്.

  ReplyDelete
 22. ‘ഒന്നുമറിയില്ലെന്നു’ള്ളതും ഒരു അറിവാണല്ലെ...?
  ഇതുവരേയും ഒന്നുമറിയാതെ എത്തിയില്ലേ.ഇനിയങ്ങോട്ട് ഒന്നുമറിയാതിരിക്കുന്നതാ ബുദ്ധി...!

  ReplyDelete
 23. ഇപ്പോഴാണ് ഈ കവിത കണ്ടത് ....കുറച്ചു കൂടി ചുരുക്കി എഴുതാമായിരുന്നു

  ReplyDelete
 24. ഒന്നുമറിയാഞ്ഞിട്ടും ഒരു നല്ല കവിത പിറന്നല്ലോ. ഈ അറിവില്ലായ്മ തന്നെ നല്ലത്‌. അറിയുമെന്ന് തോന്നിയാല്‍ ആ നിമിഷം കവിത നിന്നുപോകും. അറിവില്ലായ്മ നില നില്‍ക്കട്ടെ.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.