“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 26, 2011

ദർശന സായാഹ്നം കണ്ണൂരിൽ

                              
                       35 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1975ൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച ഒരു പുസ്തകം ‘ജീവിതങ്ങൾ ദർശ്ശനങ്ങൾ’ ഏതാനും ദിവസം മുൻപ് പുനഃപ്രസിദ്ധീകരിക്കപ്പെടുക; 
                 2011 ഫിബ്രവരി നാലാം തീയ്യതി വെള്ളിയാഴ്ച കണ്ണൂരിലെ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് സംഭവിച്ചത് അങ്ങനെയൊരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ്. അദ്ധ്യാപകനായിരുന്ന ശ്രീ. പി.കെ ശ്രീധരൻ എഴുതി പ്രസിദ്ധീകരിക്കപ്പെട്ട ‘ജീവിതങ്ങൾ ദർശനങ്ങൾ’ എന്ന പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് തത്വചിന്തകൾ മാത്രമാണ്. ആദി ഗ്രീക്ക് ചിന്തകർ തൊട്ട് അത്യാധുനിക പാശ്ചാത്യ ദാർശനീകരായ കാൾ മാർക്, ബെർട്രൻഡ് റസ്സൽ തുടങ്ങിയവരുടെ ദർശനങ്ങൾ ഉൾപ്പെട്ട ഒരു പഠനമാണ്  പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്. 
                          പി. കെ. ശ്രീധരൻ, കണ്ണൂർ ജില്ലയിൽ തോട്ടടയിൽ ജനിച്ച, നാല്പത് വർഷത്തോളം അദ്ധ്യാപകനായി പ്രവർത്തിച്ച വ്യക്തിയാണ് പുസ്തകത്തിന്റെ രചയിതാവ്. മലയാളത്തിലും ഇംഗ്ലീഷിലും മാസ്റ്റർ ബിരുദമെടുത്ത അദ്ദേഹം അദ്ധ്യാപന സർവ്വീസിന്റെ ഒടുവിൽ അസിസ്റ്റന്റ് എഡുക്കേഷനൽ ഓഫീസർ, പ്രിൻസിപ്പാൾ എന്നീ നിലകളിൽ സേവനമനിഷ്ടിച്ച ശേഷം സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചു. അതിനു ശേഷവും അദ്ദേഹം അഞ്ച് വർഷം സ്വകാര്യ സ്ക്കൂളിൽ പ്രിൻസിപ്പാൾ ആയിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം, ഹൈ സ്ക്കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി പ്രവർത്തിക്കുന്ന കാലത്തായിരുന്നു തത്വചിന്തകന്മാരെക്കുറിച്ച് ലേഖനങ്ങൾ എഴുതാൻ തുടങ്ങിയത്. എഴുത്ത് തുടങ്ങിയ കാലത്ത് മംഗളോദയം, അന്വേഷണം, മാതൃഭൂമി എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചത്. മഹാന്മാരായ ദാർശനികന്മാരെക്കുറിച്ച് അറിവ് പകരുന്ന ഈ പുസ്തകം ഇപ്പോൾ പബ്ലിഷ് ചെയ്തത് തൃശൂർ കറന്റ് ബുക്ക്സ് ആണ്.
                                           ഫിബ്രവരി 4ന് വെള്ളിയാഴ്ച 4 മണിക്കാണ് പുസ്തകപ്രകാശന പരിപാടി ആരംഭിച്ചത്. 

                     കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മൌനപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ശ്രീ. ആർ. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

                    ചടങ്ങിൽ ശ്രീ വാണീദാസ് എളയാവൂരിന്റെ അഭാവത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ശ്രീ. സി കൃഷ്ണൻ നായർ ആയിരുന്നു.
             കണ്ണൂർ സർവ്വകലാശാല പ്രൊ: വൈസ് ചാൻസലർ, ഡോ. എ. പി. കുട്ടികൃഷ്ണൻ നൽകിയ പുസ്തകം, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ദിനകരൻ കൊമ്പിലാത്ത് ഏറ്റുവാങ്ങിക്കൊണ്ട് പുസ്തക പ്രകാശനം നടത്തി.
                               ശ്രീ. എം. അബ്ദുറഹ്‌മാൻ പുസ്തകപരിചയം നടത്തി.
                 പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് പ്രശസ്ത കഥാകൃത്ത് ശ്രീ. ടി. എൻ പ്രകാശ് ആയിരുന്നു. 
                    ശ്രീ. എൻ. ഇ. സുധീർ ആധുനിക കാലഘട്ടത്തിൽ ദർശനങ്ങളുടെ പ്രസക്തിയെ കുറിച്ച് പ്രഭാഷണം നടത്തി. 
               പരിപാടികളുടെ ഒടുവിൽ ശ്രീ. പി. കെ. ശ്രീധരൻ എല്ലാവരെയും അഭിവാദനം ചെയ്ത് നന്ദി പറഞ്ഞു.
പുസ്തക പ്രകാശനത്തിനു ശേഷം കണ്ണൂർ സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. ഏ.പി. കുട്ടികൃഷ്ണൻ സംസാരിക്കുന്നു.


പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ദിനകരൻ കൊമ്പിലാത്ത് സംസാരിക്കുന്നു.
പുസ്തകപ്രകാശന ചടങ്ങ് വീക്ഷിക്കുന്ന സദസ്യർ

February 5, 2011

ഗൃഹപീഡനപാഠം

ഏതാനും വർഷം മുൻപ്, നമ്മുടെ നാട്ടുകാർ മൊബൈലുമായി നടക്കാത്ത കാലം.
                      സ്ക്കൂൾ അദ്ധ്യയനവർഷം ആരംഭിച്ച് രണ്ട് മാസം കഴിഞ്ഞു. ക്ലാസ്‌ടീച്ചറായ ഞാൻ ഫസ്റ്റ് പിരീഡിൽ എന്റെ സ്വന്തമായ എട്ടാം‌ക്ലാസ്സിൽ ബയോളജി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 
ഒരു നിമിഷം,,,, 
പെൺ‌കുട്ടികളുടെ ഭാഗത്ത് പിൻ‌ബെഞ്ചിൽ ആകെ ഒരു ബഹളത്തെ തുടർന്ന് ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു,
“ടീച്ചറെ ഇവൾക്ക് വയറുവേദന, കിടന്നു കരയുകയാണ്”
                      ക്ലാസ്സിൽ വളരെ സയലന്റ് ആയ, ഒരു ചോദ്യത്തിനും ഉത്തരം പറയാത്ത, കൂട്ടത്തിൽ മുതിർന്ന പെൺ‌കുട്ടി ഡസ്ക്കിൽ തലചായ്ച്ച് കിടന്ന് കരയുകയാണ്. ഞാൻ അടുത്ത് പോയി ആ കുട്ടിയെ ഒന്ന് നോക്കി;
അവൾ തന്നെ?
                     കരയുന്നത് അവളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു നിമിഷം എന്റെ ചിന്തകൾ പിറകോട്ട് പോയി. രണ്ട് തവണ ഇതേ പെൺകുട്ടിയെ ഓട്ടോപിടിച്ച് വീട്ടിലെത്തിച്ചത് ഞാൻ തന്നെയായിരുന്നു; ആദ്യം വയറുവേദന, പിന്നെ തലവേദന,,,
പെൺകുട്ടികളായാൽ എന്തൊക്കെ വേദനകളാണ് അവളെ കാത്തിരിക്കുന്നത്?
ഇതിപ്പോൾ മൂന്നാം തവണ,,, എന്നാൽ ഈ കുട്ടി,,, എനിക്കാകെ സംശയം,,
ഞാൻ അവളോട് ചോദിച്ചു,
“നിനക്കെന്താ പറ്റിയത്? വീട്ടിൽ പോകണോ?”
എന്റെ ചോദ്യം കെട്ടപ്പോൾ അവൾ തലയുയർത്തി വേണമെന്ന അർത്ഥത്തിൽ തലകുലുക്കി.
“വീട്ടിൽ ആരാ ഉള്ളത്?”
ചോദിക്കാൻ കാരണം,,, മിക്കവാറും സാധാരണക്കാരായ കുട്ടികളുടെ വീടിന്റെ വാതിൽ പകൽ‌നേരത്ത് അടഞ്ഞിരിക്കും; വീട്ടിലെ മുതിർന്നവർ കൂലിപ്പണിക്ക് പോകുന്നതാണ് കാരണം.
“വീട്ടില് അച്ഛനും അമ്മയും ഉണ്ട്”
“അപ്പോൾ അമ്മ ജോലിക്ക് പോയിട്ടില്ലെ?”
“ഇല്ല”
                          അവൾ പറഞ്ഞ മറുപടി ഞാൻ വിശ്വസിച്ചില്ല, രണ്ട് തവണ എന്റെ മുഖത്ത്‌നോക്കി കള്ളം പറഞ്ഞ കുട്ടിയാണ്. ‘പിള്ളമനസ്സിൽ കള്ളം ഇല്ല’ എന്ന പഴമൊഴി ഉണ്ടെങ്കിലും നമ്മുടെ പിള്ളമാഷ് മാത്രമല്ല, പിള്ളേരും പച്ചക്കള്ളം പറയാറുണ്ടെന്ന മുന്നറിവ് എനിക്കുണ്ട്. ആവശ്യം വന്നാൽ അവസരത്തിനൊത്ത് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ‘കളവ് പറയുകയും കള്ളം ഒളിപ്പിക്കുകയും ചെയ്യും’ എന്നാണ് എന്റെ അനുഭവപാഠം.

ഫ്ലാഷ് ബാക്ക്,,,
                        സ്ക്കൂൾ തുറന്ന് ഒരുമാസം കഴിഞ്ഞപ്പോഴാണ് പുതിയതായി എട്ടാം‌തരത്തിൽ ചേർന്ന ഇതേ പെൺകുട്ടിക്ക് വയറുവേദന വന്നത്. ഞാൻ അടുത്തുപോയി ആശ്വസിപ്പിച്ച് കാരണം തിരക്കിയപ്പോൾ അവൾ പറഞ്ഞത്, ‘എല്ലാമാസവും ഇതുപോലെ വയറുവേദന ഉണ്ടാവാറുണ്ട്’ എന്നായിരുന്നു. ‘നല്ല കട്ടൻ‌ചായ എത്തിക്കാം, അത്കുടിച്ച് അല്പസമയം കിടക്കാൻ സൌകര്യം ചെയ്യാമെന്ന്’ പറഞ്ഞപ്പോൾ അവളുടെ കരച്ചിലിന്റെ തീവ്രത കൂടി. വീട്ടുകാരെപറ്റി തിരക്കിയപ്പോൾ അവൾ പറഞ്ഞു,
“ടീച്ചറെ അച്ഛൻ വീട്ടിലുണ്ട്”
“അപ്പോൾ അമ്മയോ? അച്ഛന് ജോലിക്ക് പോകണ്ടെ?”
“അച്ഛന് കോയമ്പത്തൂരാണ് ജോലി, ഇപ്പോൾ വീട്ടിൽ വന്നിട്ടുണ്ട്”
“അമ്മയോ? വയറുവേദനയുമായി നീ കിടക്കുമ്പോൾ അമ്മ വീട്ടിലില്ലാതെ എങ്ങനെയാ?”
“അമ്മ അടുത്ത വീട്ടിലാണ് ജോലിക്ക് പോയത്; ഉച്ചയായാൽ പണികഴിഞ്ഞ് വീട്ടിൽ വരും”
“ഓട്ടോ പോകുന്ന സ്ഥലമാണോ?”  
“വേണ്ട, ഞാൻ നടന്ന് പോകും”
“അത് പറ്റില്ല, ഓട്ടോ വിളിക്കാം”
                         അവളുടെ പുറം തടവിക്കൊണ്ടിരിക്കെ എന്റെ ചോദ്യങ്ങൾക്കെല്ലാം ആ പെൺ‌കുട്ടി ഉത്തരം പറഞ്ഞു. പ്രായപൂർത്തിയായാൽ നമ്മുടെ പെൺകുട്ടികൾക്കുണ്ടാവുന്ന പ്രയാസങ്ങൾ ഓരോന്നായി ഞാൻ ഓർത്തു. അതിനിടയിൽ ഓട്ടോ വന്നപ്പോൾ ഹെഡ്‌മാസ്റ്ററെ അറിയിച്ചശേഷം അവളുടെ വീട്ടിലേക്ക് യാത്രയായി. അസുഖമുള്ള കുട്ടികളെ വീട്ടിലെത്തിക്കുന്ന അവസരങ്ങളിൽ അത്യാവശ്യം വരുന്ന ഘട്ടങ്ങളിൽ മാത്രമേ ഞാൻ മറ്റ് അദ്ധ്യാപകരുടെ സഹായം അഭ്യർത്ഥിക്കാറുള്ളൂ.
                         ആ കുട്ടിയുടെ വീട് പട്ടണത്തിലെ തെരുവിൽ ജീവിച്ചവരുടെ പുനരധിവാസ കോളനിയാണ്; നീല ഷീറ്റുകളും, തകരവും കൊണ്ട് പൊതിഞ്ഞ കൂരകൾ നിറഞ്ഞ ഇടം. നമ്മുടെ ശിഷ്യസമ്പത്തുകൾ ധാരാളം ഇവിടെയുള്ളതിനാൽ എത്രയോ തവണ ഇതേ സ്ഥലത്ത് വന്നതാണ്.
വീട്ടിനു സമീപത്തെ റോഡിൽ ഓട്ടോ നിർത്തിയപ്പോൾ അവൾ എന്നെ നിർബ്ബന്ധിച്ചു,
 “ടീച്ചർ വരേണ്ട, ഞാൻ ഒറ്റക്ക് പോയ്‌ക്കോളും”
                        പാവപ്പെട്ട ആ പെൺകുട്ടി, അവളുടെവീട് കണ്ട്, ദയനീയസ്ഥിതി ടീച്ചർ അറിയാതിരിക്കാൻ പറയുന്നതായിരിക്കാം. എന്നാൽ അവളുടെ വാക്ക് അവഗണിച്ച്, അവളുടെ പുസ്തകസഞ്ചിയും എടുത്ത്, അവളെ മുന്നിൽ നടത്തി ഞാൻ പിന്നിൽ നടന്നു. നീലപ്ലാസ്റ്റിക്ക് ഷീറ്റ്‌കൊണ്ട് മറച്ച കുടിലിന്റെ മുന്നിലെത്തിയപ്പോൾ അവൾ ‘അച്ഛാ’ എന്ന് വിളിച്ചു. ആ വിളി കേൾക്കേണ്ടതാമസം ഒരാൾ വാതിൽ തുറന്ന് പുറത്ത് വന്നു. മകളെ കണ്ടതോടെ ആ അച്ഛൻ ഓടിവന്ന് കെട്ടിപ്പിടിച്ചു,,,
...പരിസരം മറന്ന ഒരു ആലിംഗനം!!!
ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ‘പിതൃസ്നേഹത്തിന്റെ ആഴം അളന്നുകൊണ്ടിരുന്ന’ എന്നെ ചൂണ്ടി മകൾ പറഞ്ഞു, 
“അച്ഛാ, ഇതെന്റെ ടീച്ചറാ”
ആ മനുഷ്യൻ എന്നെനോക്കി കൈകൂപ്പിയശേഷം പറഞ്ഞു, 
“അമ്മാ ഇവിടെയിരുക്ക്, നാൻ ഇവളുടെ അച്ചൻ”
“മകൾക്ക് വയറുവേദനയെന്ന് പറഞ്ഞാ ഇങ്ങോട്ട് വന്നത്, അമ്മ എവിടെ?”
“അവൾടെ അമ്മാ റാവിലെ വേലക്ക് പോയി”
“അമ്മയെ വിളിക്ക്, ഇവിടെ അടുത്തല്ലെ ജോലി”
“ഇവൾടെ അമ്മ ദൂരെ പോയിരിക്കാ, വറാൻ രാത്രിയാവും”
“എന്നാല് അവൾക്ക് നല്ല കട്ടൻ‌കാപ്പിയിട്ട് കൊടുക്ക്, വയറുവേദന മാറും,” പിന്നെ എന്റെ ശിഷ്യയെനോക്കി പറഞ്ഞു, “അകത്ത് കിടന്ന് വിശ്രമിച്ചാൽ വേദന മാറും”
തിരികെ ഓട്ടോയിൽ കയറി സ്ക്കൂളിലേക്ക് വന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പലതും ചിന്തിക്കാൻ തുടങ്ങി; ‘എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റെയ്ക്ക്’, 
അമ്മയില്ലെങ്കിലും വീട്ടിൽ സ്വന്തം പിതാവ് തന്നെ വീട്ടിലുള്ളത് ആ കുട്ടിക്ക് ആശ്വാസമേകിയിരിക്കണം. അച്ഛനെ കണ്ടപ്പോൾ‌തന്നെ അവളുടെ രോഗം മാറിയത് എന്നെ ആശ്ചര്യപ്പെടുത്തി.

                       അവളെകുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ദയനീയമായ കഥകളായിരുന്നു. റോഡ് നിർമ്മാണത്തിനായി തമിഴ്‌നാട്ടിൽ നിന്നും വന്ന ആളാണ് അവളുടെ അച്ഛൻ. അയാൾക്ക് കോയമ്പത്തൂരിൽ ഭാര്യയും മക്കളും ഉണ്ട്. നല്ല കുടുംബത്തിൽ‌പ്പെട്ട അവളുടെ അമ്മ, അയാളുടെ കൂടെ ഒളിച്ചോടിയപ്പോൾ വീട്ടുകാർ ഒഴിവാക്കി. അവൾക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനുജനുണ്ട്. ഒരു ജോലിയും ചെയ്യാത്ത അച്ഛൻ, എന്നും രാത്രിയിൽ മദ്യപിച്ച് വന്നാൽ അമ്മയെ അടിച്ച് പുറത്താക്കും. ഇങ്ങനെയുള്ള ഒരു വീട്ടിലെ കുട്ടിക്ക് എങ്ങനെ പഠിക്കാൻ കഴിയും?

...                 ഏതാണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് വീണ്ടും അസുഖം വന്നു, 
‘ഇത്തവണ തലവേദന’
തലയുയർത്താതെ കരയുന്ന അവളെ വീട്ടുകാരില്ലാതെ എങ്ങനെ ഡോക്റ്ററെ കാണിക്കും? അന്നും ഓട്ടോ വിളിച്ച് ആ കുട്ടിയോടൊപ്പം ഞാനും അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു; ‘ഇടയ്ക്കിടെ അസുഖം വരുന്ന കുട്ടിയെ ഡോക്റ്ററെ കാണിക്കണമെന്ന്’ രക്ഷിതാക്കളോട് പറയാനും കൂടിയാണ് അന്ന് പോയത്. 
എന്നാൽ ആ ദിവസവും അവൾ എന്നെ ആശ്ചര്യപ്പെടുത്തി.
വീട്ടിലെത്തി സ്വന്തം പിതാവിനെ കണ്ടതോടെ മകളുടെ രോഗമെല്ലാം പമ്പകടന്നപ്പോൾ എന്നിൽ സംശയരോഗം കടന്നുവന്നു.
ഏത് കാര്യത്തിലും സംശയം തോന്നുന്ന എനിക്ക് ചിന്തിക്കാൻ ഒന്ന്‌കൂടി.

                      എന്റെ ചിന്തകൾ കാട്‌കയറാൻ മാത്രം ഒരു സംഭവം ഒരാഴ്ച മുൻപ് ഉണ്ടായി, പി.ടി.എ. മീറ്റിംഗ്. പതിവുപോലെ അച്ഛന്മാരുടെ എണ്ണത്തെക്കാൾ ഇരട്ടി അമ്മമാരാണ്. നമ്മുടെ വയറുവേദനക്കാരിയുടെ അമ്മയെ കണ്ടെത്തി മകളുടെ രോഗവിവരം പറഞ്ഞപ്പോൾ, ആ സ്ത്രീ ആശ്ചര്യപ്പെട്ടപ്പെട്ടു; അതോടെ ഞാനൊന്ന് ഞെട്ടി. ‘മകൾക്ക് വയറുവേദനയും തലവേദനയും വന്ന്, ഉച്ചയ്ക്ക്മുൻപ് വീട്ടിൽ വന്ന കാര്യം അമ്മ അറിഞ്ഞിട്ടില്ല’. സംഭവം അറിഞ്ഞപ്പോൾ ആ അമ്മ പറഞ്ഞു,
“ടീച്ചറേ, എന്ത്‌വന്നാലും എന്റെ മകളെ നേരത്തേ വീട്ടിലേക്ക് വിടരുത്. പകൽ എല്ലാരും പണിക്ക് പോകുന്ന നേരമാ, അന്ന് വീട്ടിൽ അച്ഛനുള്ളത് എന്റെ മോൾടെ ഭാഗ്യം”
അപ്പോൾ ആ വേദനകൾക്ക് പിന്നിൽ ആ വിദ്യാർത്ഥിനി എന്തോ ഒളിക്കുന്നുണ്ട്, ആകെ ഒരു ദുരൂഹത.
അതേ പെൺകുട്ടിക്കാണ് ഇന്ന് വയറുവേദന വന്നിരിക്കുന്നത്,,,

ഇനി,,,,,,
                    അവളെത്ര കരഞ്ഞാലും വീട്ടിലേക്ക് വിടുന്ന പ്രശ്നമില്ല; നേരെ ആശുപത്രിയിലേക്ക് പോകാം. ഞാൻ സ്ക്കൂളിലെ കായിക ആദ്ധ്യാപികയെ സമീപിച്ച് കാര്യങ്ങൾ വിശദീകരിച്ചു. വിദ്യാർത്ഥികൾ കൂടിയതോതിലും അദ്ധ്യാപകർ വലിയതോതിലും ഹെഡ്‌മാസ്റ്റർ ചെറിയതോതിലും ഭയപ്പെടുന്നത് നമ്മുടെ ഫിസിക്കൽ എഡുക്കേഷൻ(പി.ഇ.ടി.) ടീച്ചറെയാണ്. ഇത്തരം കാര്യങ്ങൾ നേരെയാക്കാനുള്ള സാമർത്ഥ്യം അവരുടെ സവിശേഷതയാണ്.

                   ടിച്ചർ ക്ലാസ്സിൽ‌വന്ന് വേദനയുള്ള പെൺ‌കുട്ടിയെ വിളിച്ച് ലബോററ്ററിയുടെ നാല് ചുമരുകൾക്കിടയിലെ ഏകാന്തതയിൽ ഇരുത്തി, അവളെ കൌൺസിലിംഗ് നടത്തി.

രണ്ട് മണിക്കൂറിനുശേഷം നമ്മുടെ പി.ഇ.ടി. എന്നോട് പറഞ്ഞത് കേട്ട് ഞാനാകെ ഞെട്ടിത്തരിച്ചു,
“ടീച്ചറെ ഇങ്ങനെ പോയാൽ പത്താം‌തരം പൂർത്തിയാവുന്നതിന് മുൻപ് ആ പെൺകുട്ടി ചിലപ്പോൾ ‘മെറ്റേണിറ്റി ലീവ്’ എടുക്കാനിടയുണ്ട്”
“അത്?”
“സ്വന്തം അച്ഛൻ മകളെ പീഡിപ്പിക്കുന്നു; പല കാരണങ്ങൾ പറഞ്ഞ് ആ കുട്ടി വീട്ടിൽ‌പോകുന്നത് അവളുടെ അച്ഛനുമായി ബന്ധപ്പെടാനാണ്”
“അത്, അവളുടെ അമ്മ,,,”
“അവളുടെ അച്ഛന് കോയമ്പത്തൂരിൽ ഭാര്യയും മക്കളും ഉണ്ട്, ഇവിടേയും. ഇവിടെ വന്നാൽ അമ്മയില്ലാത്ത നേരത്ത് സ്വന്തം അച്ഛന്‌വേണ്ടി അമ്മ ചെയ്യുന്നപണി മകളും ചെയ്യുന്നു. ഇത് ഏഴാം ക്ലാസ് മുതൽ തുടങ്ങിയതാ”
“അത് കുഴപ്പമല്ലെ, അവളതിന് സമ്മതിക്കാമോ?”
“അവൾ അതൊരു തെറ്റായി കാണുന്നില്ല, അച്ഛൻ മാത്രം വീട്ടിലുണ്ടെങ്കിൽ സ്ക്കൂളിൽ‌നിന്ന് എന്തെങ്കിലും തട്ടിപ്പ് പറഞ്ഞ് ആ പെൺകുട്ടി വീട്ടിലെത്തും. അമ്മയിൽ‌നിന്ന് ഇക്കാര്യം ഒളിച്ചു വെച്ചിരിക്കയാണ്”
“അപ്പോൾ നമ്മളെന്ത് ചെയ്യും? ഒരു കുട്ടിയുടെ അമ്മയോട് ഇക്കാര്യം പറയാൻ പറ്റുമോ?”
“പറഞ്ഞാൽ ഒരമ്മയും വിശ്വസിക്കില്ല, അവളോട് കുറേ കാര്യങ്ങൾ ഞാൻ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്. നമ്മൾ ചെയ്യേണ്ടത്, അസുഖമുണ്ടെന്ന് പറഞ്ഞാൽ ആ കുട്ടിയെ വീട്ടിലേക്ക് വിടരുത്, പിന്നെ ഈ വക കാര്യങ്ങൾ മറ്റാരെയും അറിയിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് നിങ്ങൾ അവളെ ചോദ്യം ചെയ്യാൻ പോവണ്ട,,”
അപ്പോൾ അതാണ് കാര്യം,,,
അച്ഛനും മകളും ചേർന്നുള്ള ലൈംഗികകേളി,,,
പുറത്ത് അറിഞ്ഞാൽ പത്രത്തിൽ വരുന്ന പീഡനക്കളി!!!

പിന്നീട്,,,
                        അദ്ധ്യാപകരുടെ ശ്രദ്ധയും ഒപ്പം ഭീഷണിയും ഉണ്ടായപ്പോൾ തലവേദനയോ വയറ്റിൽ വേദനയോ കൂടാതെ നാല് മാസത്തോളം അവൾ കൃത്യമായി സ്ക്കൂളിൽ വന്നു. എന്നാൽ പെട്ടെന്ന് ഒരു ദിവസം മുതൽ അവൾ വരാതായപ്പോൾ ഞങ്ങൾക്ക് ആകെ സംശയം. എന്ത് പറ്റിയെന്നറിയാനുള്ള ആകാംക്ഷയോടെ കായികഅദ്ധ്യാപികയും ഞാനും അവളുടെ വീട്ടിൽ‌പോയി അമ്മയെ കണ്ടു,,,

ഞങ്ങളെ കണ്ടപ്പോൾ അമ്മക്ക് വളരെ സന്തോഷം!!! 
അവർ പറഞ്ഞു,
“ടീച്ചറെ എന്റെ മോള് ഇനി പഠിക്കുന്നില്ല; അവൾ അച്ഛന്റെ കൂടെ കോയമ്പത്തൂരിൽ പോയി. അവിടെ ഒരു ഏതോ ഒരു സിനിമാനടിയുടെ വീട്ടിൽ ജോലിക്ക് ആളെ വേണം‌പോലും; നല്ല പണം കിട്ടും, പിന്നെ എന്റെ മോള് പഠിച്ചിട്ടെന്താവാനാ,,,ടിച്ചറ് പറ,,,”
സമൂഹത്തിന്റെ പുറം‌പോക്കിൽ ജീവിക്കുന്ന ആ അമ്മക്ക് ഞങ്ങൾ എന്ത് ഉത്തരമാണ് നൽകേണ്ടത്???