“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 10, 2011

വിലയേറിയ ഒരു ‘വൊട്ട്’

                         കണ്ണൂർ ജില്ലയുടെ വടക്കൻ‌മേഖലയിൽ, സാംസ്ക്കാരികമായും സാമൂഹ്യപരമായും ഉന്നതനിലവാരമുള്ള ഒരു ഗ്രാമത്തിലെ ഹൈസ്ക്കൂൾ. അവിടെയാണ് വർഷങ്ങൾക്ക് മുൻപ് പി.എസ്.സി കനിഞ്ഞനുഗ്രഹിച്ച നേരത്ത്, അദ്ധ്യാപന സർവ്വീസിൽ കയറിപ്പറ്റിയത്. ജോലി ലഭിച്ച ഉടനെ ആയതിനാൽ, ആവേശം‌മൂത്ത് സിലബസിലുള്ളതിനെക്കാൾ കൂടുതൽ പഠിപ്പിക്കുകയും ഒപ്പം പഠിക്കുകയും ചെയ്യുന്ന ഒരു കാലം.

ജോലിയിൽ പ്രവേശിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അതാ വരുന്നു,,,
നിയമസഭാ തെരഞ്ഞെടുപ്പ്.
                        വോട്ടുള്ളവർക്ക് മാത്രമല്ല, വോട്ടില്ലാത്ത കുട്ടികൾക്കും തെരഞ്ഞെടുപ്പ് ‘പനി’ പിടിപെട്ട്, ചൂട് വർദ്ധിക്കാൻ തുടങ്ങി. (അന്ന് വോട്ട് ചെയ്യാൻ വയസ്സ് 21 ആവണം) നേതാക്കൾക്കും പൊതുജനങ്ങൾക്കും, നമ്മുടെ കേരളത്തിൽ നടക്കാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പ് എന്നൊരു ചിന്ത മാത്രം. സമ്മതിദാനം പെട്ടിയിലാക്കേണ്ട ചുമതല അദ്ധ്യാപകരുടേത് കൂടിയായതിനാൽ, അക്കാലത്ത് ഞങ്ങൾ എല്ലാവരും അതിനു തയ്യാറാണ്. (ഇന്ന് സർക്കാർ ജീവനക്കാരിൽ പലരും ഈ ഡ്യൂട്ടി ഭയപ്പെടുന്നുണ്ട്) രാഷ്ട്രീയ ആവേശം നാട്ടുകാർക്ക് മാത്രമല്ല, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂടിയുണ്ട്. അങ്ങനെ തെരഞ്ഞെടുപ്പിന്റെ ചൂട് വർദ്ധിച്ച് വർദ്ധിച്ച് തർമ്മോമീറ്ററിന്റെ മുകളറ്റം പൊട്ടിച്ച്, രസം പുറത്ത്‘ചാടുന്ന’ കാലം.

                           സ്ഥനാർത്ഥികൾ വീടുകൾ‌തോറും കയറിയിറങ്ങുന്ന ക്രമത്തിൽ വിദ്യാലയങ്ങളിലും മറ്റുള്ള പൊതുസ്ഥാപനങ്ങളിലും കയറിയിറങ്ങാറുണ്ട്. അവർക്ക് കിട്ടിയാലൊരു വിലയേറിയ വോട്ട്, പോയാലൊരു വെറുംവാക്ക്. നമ്മുടെ ഹൈസ്ക്കൂളിൽ വരുന്നവരെ സ്വീകരിക്കാനും പരിചയപ്പെടുത്താനും അദ്ധ്യാപകർ തന്നെ മുന്നിലുണ്ടാവും. ഏത് പാർട്ടി വന്നാലും കൊടിയുടെ നിറവും ഡിസൈനും നോക്കാതെ അദ്ധ്യാപകരെല്ലാം അവരെ സ്വീകരിക്കും. പിന്നീട് സ്റ്റാഫ്‌റൂമിൽ വന്ന് നേതാവിന്റെ വക ചെറിയ ഒരു പ്രസംഗത്തിനുശേഷം വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കും. ജയിച്ചതിനുശേഷം സ്ക്കൂളിനുവേണ്ടി ചെയ്യാൻ‌പോകുന്ന ‘സംഭവങ്ങളുടെ’ ഒരു ലിസ്റ്റ് മുന്നിൽ‌നിരത്തി ഞങ്ങളെ പ്രലോഭിപ്പിക്കും. തുടർന്ന് അദ്ധ്യാപകരെല്ലാം അപ്പോൾ വന്ന അവർക്ക് വോട്ട് ചെയ്യാമെന്ന് ഉറപ്പ് നൽകും. ആരും എതിര് പറയാത്തതിനാൽ സന്തോഷപൂർവ്വം നെതാവ് സ്ക്കൂൾ വിട്ട് അടുത്ത സൈറ്റിലേക്ക് പോകും.

തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ്,
അതാ എന്റെ സ്ക്കൂളിൽ വരുന്നു 
ഒരു സ്ഥാനാർത്ഥി
ഒറിജിനൽ സ്ഥാനാർത്ഥി,,, കൂടെ നാലഞ്ച് അകമ്പടിക്കാരും
                         സ്റ്റാഫ്‌റൂമിൽ കടന്നുവന്ന സ്ഥാനാർത്ഥിയെ അദ്ധ്യാപകരിൽ ചിലർ സ്വീകരിച്ചാനയിച്ച് മറ്റുള്ളവർക്ക് പരിചയപ്പെടുത്തി. ഭാവി MLA ആവുമെന്ന് പ്രതീക്ഷിക്കുന്ന ആ ചെറുപ്പക്കാരൻ മുഖത്ത് ഉഗ്രൻ ചിരി ഫിറ്റ് ചെയ്ത് എല്ലാവരെയും കൈകൂപ്പി വണങ്ങിയശേഷം ലഘുവായ ഒരു പ്രസംഗം നടത്തി. അതിവിദൂരമല്ലാത്ത ഭാവിയിൽ നമ്മുടെ വിദ്യാലയത്തിന് കൈവരാൻ പോകുന്ന നേട്ടങ്ങളുടെ ശ്രേണികൾ,,, 
അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ രോമാഞ്ചമണിഞ്ഞു.
                           പ്രസംഗത്തിനുശേഷം അദ്ദേഹം അദ്ധ്യാപകരുടെ സമീപം വന്ന് കൈകൂപ്പിക്കൊണ്ട് വോട്ടിന് അഭ്യർത്ഥിക്കാൻ തുടങ്ങി. അങ്ങനെ വോട്ട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥിക്ക്, അദ്ദേഹത്തിന്റെതായ ചിഹ്നത്തിൽ വോട്ട് ചെയ്യാമെന്ന് ഓരോരുത്തരായി ഉറപ്പ് നൽകിയപ്പോൾ നമ്മുടെ സ്റ്റാഫ്‌റൂമിൽ സന്തോഷം അലതല്ലി.

                           സ്ഥാനാർത്ഥി പുരുഷന്മാരുടെ ഊഴം കഴിഞ്ഞ് സ്ത്രീകളുടെ സമീപത്ത് വന്നു. അദ്ദേഹം വോട്ട് അഭ്യർത്ഥിക്കാനായി സമീപത്ത് വരുമ്പോൾ‌തന്നെ അദ്ധ്യാപികമാർ എഴുന്നേറ്റ് കൈകൂപ്പി.  അങ്ങനെ ഏറ്റവും ഒടുവിലാണ് എന്റെ സമീപം വന്നത്. ഏറ്റവും ഒടുവിൽ അവിടെ ചേർന്നതും ഏറ്റവും പ്രായം കുറഞ്ഞതിനാലും, ഏറ്റവും ഒടുവിലാണ് എന്റെ സ്ഥാനം; മാത്രമല്ല ക്ലാസ്സ്‌ചാർജ്ജും. സ്ഥാനാർത്ഥി ചിരിച്ച്‌കൊണ്ട് എന്നോട് പറഞ്ഞു,
“ടീച്ചറെ എല്ലാവരും എനിക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞു, നിങ്ങളും എനിക്ക് വോട്ട് ചെയ്യണം”
“ഇല്ല, ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്യില്ല”
പെട്ടെന്ന് രംഗമാകെ കലങ്ങിമറിഞ്ഞു,
അതുവരെ എല്ലാവരുടെയും മുഖത്ത് കാണപ്പെട്ട ചിരി ഒന്നിച്ച് മായാൻ തുടങ്ങി,,,
അന്തരീക്ഷം ആകെ മഴക്കാർ മൂടി നിശബ്ദം.

                           ദീർഘനാളത്തെ പൊതുജനസേവനത്തിനിടയിൽ ‘നിങ്ങൾക്ക് വോട്ട് ചെയ്യില്ല’ എന്നൊരു വാക്ക് നേരിട്ട് കേട്ടപ്പോൾ സ്ഥാനാർത്ഥിയെക്കാൾ ഞെട്ടിയത്, കൂടെയുള്ള ചെറുതും വലുതുമായ നേതാക്കളായിരിക്കാം. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ഏറ്റവും പിന്നിൽ‌നിന്ന, ഇത്തിരി പ്രായം‌കൂടിയ ഒരു വ്യക്തി മുന്നിൽ വന്ന് എന്നോട് പറഞ്ഞു,
“അതെന്താ ടീച്ചറെ അങ്ങനെ പറഞ്ഞത്?”
“നിങ്ങളുടെ സ്ഥാനാർത്ഥിക്ക് ഞാൻ വോട്ട് ചെയ്യില്ല’, എന്നാണ് പറഞ്ഞത്,”
“വോട്ട് ചോദിക്കാനുള്ള അവകാശം സ്ഥാനാർത്ഥികൾക്ക് ഉണ്ട്. എന്നാലും ഈ ഇലൿഷൻ‌സമയത്ത് സ്ഥാനാർത്ഥിയോട് ‘വോട്ട് തരില്ല’ എന്ന് നേരിട്ട് പറഞ്ഞത് അത്ര ശരിയായില്ല”

                           അവർക്കാകെ ഒരു വല്ലായ്മ, എന്തോ അരുതാത്തത് സംഭവിച്ചമട്ടിൽ അവരെല്ലാം അന്യോന്യം നോക്കി. ആ നേരത്ത് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന നമ്മുടെ സീനിയർ അസിസ്റ്റന്റ് മുന്നിൽ‌വന്ന് അവരോട് പറയാൻ തുടങ്ങി,  
“ഈ ടീച്ചർ നിങ്ങൾക്ക് വോട്ട് ചെയ്യില്ല,,, വെറുതെ എന്തിനാ വോട്ട് ചോദിച്ചത്?”
അവർ ആശ്ചര്യപ്പെട്ട് നിൽക്കെ മാസ്റ്റർ ബാക്കികൂടി പറഞ്ഞു,
“ടീച്ചർ വോട്ട് ചെയ്യേണ്ടത് ഇവിടെ നിങ്ങൾക്കോ നിങ്ങളുടെ എതിർ സ്ഥാനാർത്ഥിക്കോ അല്ല, അവരുടെ വോട്ട് കണ്ണൂർ ജില്ലയിൽ മറ്റൊരു മണ്ഡലത്തിലാണ്”
അപ്പോഴുണ്ടായ കൂട്ടച്ചിരിക്കിടയിൽ സ്ഥാനാർത്ഥി പറഞ്ഞു,
“വോട്ട് ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ ടീച്ചർ ഇത്രയും അകലെനിന്ന് വരികയാണെന്ന് ഞാൻ അറിഞ്ഞില്ല. ഇവിടെയുള്ള അദ്ധ്യാപകരെല്ലാം ഇവിടത്തുകാരാണെന്ന് ചിന്തിച്ചുപോയി”

18 comments:

 1. തല്ല് വാങ്ങിയേനേ അല്ലേ :):)

  ReplyDelete
 2. :))

  "ജോലി ലഭിച്ച ഉടനെ ആയതിനാൽ, ആവേശം‌മൂത്ത് സിലബസിലുള്ളതിനെക്കാൾ കൂടുതൽ പഠിപ്പിക്കുകയും ഒപ്പം പഠിക്കുകയും ചെയ്യുന്ന ഒരു കാലം"

  എന്നാലുമിത്...

  ReplyDelete
 3. ജോലി ലഭിച്ച ഉടനെ ആയതിനാൽ, ആവേശം‌മൂത്ത് സിലബസിലുള്ളതിനെക്കാൾ കൂടുതൽ പഠിപ്പിക്കുകയും ഒപ്പം പഠിക്കുകയും ചെയ്യുന്ന ഒരു കാലം.
  ===================================
  കാര്യങ്ങള്‍ മനസിലായി തുടങ്ങിയപ്പോള്‍ പിന്നെ പിന്നെ ഡി എയും ,അരിയറും ,ബത്തയും ശമ്പള കൂടുതലും ഒക്കെ നോക്കിമാത്രം പഠിപ്പിക്കുന്ന വര്‍ക്കൊപ്പം കൂടി അല്ലെ ടീച്ചര്‍ :)
  ചില തെറ്റുകള്‍ കൂടി :രാൿഷ്ട്രീയ ആവേശം(രാഷ്ട്രീയ ആവേശം )
  നേട്ടങ്ങളുടെ ശ്രേണികളെക്കുറിച്ച്(നേട്ടങ്ങളുടെ ശ്രേണി യെക്കുറിച്ച് എന്ന് മതി .
  ഓരോ അദ്ധ്യാപകരുടെയും സമീപം(ഓരോ അദ്ധ്യാപകന്റെയും )

  ReplyDelete
 4. അനുഭവം നന്നായി എഴുതി ...സസ്പെന്‍സ് കളയാതെ :)

  ReplyDelete
 5. @നല്ലി . . . . ., കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, Manoraj, കുമാര്‍ വൈക്കം, രമേശ്‌ അരൂര്‍,
  വായിച്ച് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
  അക്ഷരത്തെറ്റ് എന്റെ കൂടപ്പിറന്നവളാണ്, അത് തിരുത്താൻ സഹായിച്ച ശ്രീ രമേശ് അരൂരിന് നന്ദി.
  പിന്നെ മറ്റൊരു കാര്യം,
  ഒരാൾ സർവ്വീസിൽ കയറിയ കാലത്ത് ചെയ്യുന്നത് പോലെ ആയിരിക്കും റിട്ടയർ ചെയ്യുന്നത് വരെ ജോലി ചെയ്യുന്നത്. സർവ്വീസ് കൂടുന്നതിനനുസരിച്ച് ജോലിയോടുള്ള മനോഭാവം മാറില്ല. ഇത് 32 വർഷത്തെ എന്റെ സ്വന്തം നിരീക്ഷണമാണ്.

  ReplyDelete
 6. ഇന്നാണെങ്കില്‍ അടി വീണേനെ മിനി ടീച്ചറെ ... അന്നത്തെ കാലം ആയത് നന്നായി....

  ReplyDelete
 7. വോട്ട്... ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്ത് വിലയുള്ള നോട്ട്
  ഈ നോട്ട്... ചുടുമനസിന്റെ നിറമുള്ള മഷി കൊണ്ട് വിധിയിട്ട ചീട്ട്...
  ചുമ്മാതെ കളയരുത് മിനി ടീച്ചറെ...
  (കടപ്പാട് : classmates)

  ചുരുക്കം : 'വോട്ട് പാഴാക്കരുത്'

  പോസ്റ്റ്‌ നന്നായി ടീച്ചറേ... :)

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  (പുതിയ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്, വായിക്കുമല്ലോ അല്ലേ?)

  ReplyDelete
 8. @Manju Manoj-,
  ശരിക്കും അടികിട്ടാൻ ചാൻസ് ഉണ്ടായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
  @Jenith Kachappill-,
  വോട്ട് പാഴാക്കുന്നില്ല, പിന്നെ വിശേഷങ്ങളെല്ലാം വായിക്കാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 9. ഹഹ അതു കേട്ടു സ്ഥാനാര്‍ഥിയുടെ ഗ്യാസ് പോയിക്കാണും അല്ലെ ടീച്ചറെ

  ReplyDelete
 10. ഹഹ ..നന്നായി...

  ReplyDelete
 11. ടീച്ചറുടെ ധൈര്യം അഫാരം.....
  പുളു....വെറും പുളു...
  നർമ്മം നന്നായി.

  ReplyDelete
 12. @Faizal Kondotty-,
  @രഘുനാഥന്‍-,
  @നനവ്-,
  @നികു കേച്ചേരി-,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. നികു പറഞ്ഞതുപോലെ അക്കാലത്ത് ധൈര്യം ഉണ്ടായിരുന്നു. പിന്നെ ഇത് സംഭവിച്ചത് അതേപടി പോസ്റ്റിയതാണ്. അന്നത്തെ ആ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ ജെയിച്ചു, പിന്നീട് പാർട്ടിയിൽ നിന്ന് രാജിവെച്ച് കാല് മാറി.

  ReplyDelete
 13. സംഭവം കൊള്ളാം....

  ReplyDelete
 14. നന്നായിട്ടുണ്ട് .....ആശംസകള്‍

  ReplyDelete
 15. @Naushu-, @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ-,
  ബ്ലൊഗ് സന്ദർശ്ശിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.