“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 30, 2011

ജാതിയും മതവും ഉള്ള, ‘ജീവൻ’ഇത് ‘മതമില്ലാത്ത ജീവൻ’ അല്ല; 
മതവും ജാതിയും ഉള്ള, കുലത്തൊഴിൽ കൈമുതലായി ഒപ്പം കൊണ്ടുനടന്ന് ജീവിതമാർഗ്ഗം കണ്ടെത്തിയിട്ട്, ജീവിതത്തിൽ വിജയിച്ച, എന്റെ പ്രീയപ്പെട്ട ശിഷ്യനാണ്;
‘ജീവൻ’,,,
എന്റെ വിദ്യാർത്ഥികളുടെ കൂട്ടത്തിലെ ഒരേഒരു ജീവൻ,,,

                          അമ്പലങ്ങളിൽ ഇടയ്ക്കിടെ പോകുന്ന ശീലം എനിക്കില്ലെങ്കിലും ഏതാനും ദിവസം മുൻപ് തൊട്ടടുത്ത അമ്പലത്തിൽ മകളോടൊപ്പം പോയി. അവിടെ പ്രാർത്ഥനയും വഴിപാടും കഴിഞ്ഞ് തിരിച്ചുപോകാൻ നേരത്താണ് ഒരുവശത്തുള്ള കെട്ടിടത്തിൽ ധാരാളം ശില്പങ്ങൾ കണ്ടത്. എല്ലാ ആരാധനാലയങ്ങളും പുനർ‌നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കാലമാണല്ലൊ; അവിടെ പല ആകൃതിയിൽ, മരത്തിൽ കൊത്തിയുണ്ടാക്കിയ ജീവൻ തുടിക്കുന്ന ശില്പങ്ങളാൽ അലംകൃതമായ തൂണുകൾ നിരത്തിവെച്ചിരിക്കുകയാണ്. തൊട്ടടുത്ത് ഒരുവശത്തായി പലരും ജോലി ചെയ്യുന്നുണ്ട്. എല്ലാം കണ്ട് തിരിച്ചുപോരാൻ നേരത്ത് പിന്നിൽ നിന്നൊരു വിളി,
“ടീച്ചറേ,,,”
ഞാൻ നോക്കി, പെട്ടെന്ന്‌തന്നെ അവനെ തിരിച്ചറിയാൻ കഴിഞ്ഞു,
ജീവൻ
എന്റെ പ്രീയശിഷ്യൻ ജീവൻ..
“ജീവനിപ്പോൾ ഇവിടെയാണോ?”
“ഏതാനും ദിവസങ്ങളായി ഞാനിപ്പോൾ ഇവിടെയാ, പിന്നെ അടുത്ത്‌തന്നെ ഗൾഫിൽ‌പോകും. അതിനുള്ള പണമൊക്കെ ഞാൻ ജോലിചെയ്ത് ഉണ്ടാക്കിയിട്ടുണ്ട്. ഒരു വിസകിട്ടാൻ കൊടുത്തിരിക്കയാ,”
തുടർന്ന് വിശേഷങ്ങളെല്ലാം ഞാൻ ചോദിച്ചറിഞ്ഞു, ഒടുവിൽ അവൻ തൊഴിലിൽ മുഴുകി.

                            ഇലകളും പൂക്കളും ദൈവരൂപങ്ങളും മരത്തിൽ കൊത്തിയുണ്ടാക്കിയിട്ട്, ജീവൻ കവിത വിരിയിക്കുകയാണ്.
പഠിക്കാൻ വലിയ മിടുക്കനല്ലെങ്കിലും ക്ലാസ്സിൽ ഒരിക്കലും പിന്നിലല്ലാത്ത, അദ്ധ്യാപികയായ എന്നോട് തുറന്ന് സംസാരിക്കുന്ന എന്റെ ജീവനെ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അവിചാരിതമായി കണ്ടുമുട്ടിയിരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചില കഴിവുകൾ, അവൻ ജന്മനാ സ്വായത്തമാകിയിട്ടുണ്ട്. പാഠ്യേതര കാര്യത്തിലുള്ള അവന്റെ ആ ശേഷികളാണ് എന്നെ ആകർഷിച്ച ഘടകം. എന്റെ വിദ്യാലയത്തിനുവേണ്ടി പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കാൻ ഞാനും ജീവനും എത്രയോ തവണ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്.

അതുപോലെ ഒരു യാത്ര,,,
എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന; നേട്ടം സ്വന്തമാണെങ്കിലും സ്ക്കൂളിനുവേണ്ടിയിട്ട്, ജീവൻ പങ്കെടുത്ത ഒടുവിലത്തെ മത്സരം,
എന്റെ ചിന്തകൾ പിറകോട്ട് സഞ്ചരിക്കാൻ ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കു മുൻപ്,
സ്ഥലം കണ്ണൂർ റെയിൽ‌വെ സ്റ്റേഷൻ,,,
സമയം മൂന്ന് മണി കഴിഞ്ഞു,
                              ടിക്കറ്റ് കൌണ്ടറിന് അല്പം അകലെയായി ജീവനും ഞാനും ഇരിക്കുകയാണ്. ഒരു അദ്ധ്യാപികയുടെ തൊട്ടടുത്ത് ഒരു വിദ്യാർത്ഥി ഇരിക്കുന്നത് എങ്ങനെ?
സംശയം വേണ്ട, എന്റെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഇരിക്കും. സ്ക്കൂളിന് വെളിയിലെത്തിയാൽ അവർ അദ്ധ്യാപകരോട് കൂട്ടുകൂടാൻ മത്സരിക്കും, ആൺ-പെൺ വ്യത്യാസമില്ലാതെ സുഹൃത്തുക്കളായി മാറും. അവരുടെ പ്രശ്നങ്ങളെല്ലാം തുറന്ന്‌പറഞ്ഞ് ചർച്ച ചെയ്യും. ജില്ലാതല ‘പ്രവൃത്തിപരിചയ’ മത്സരത്തിൽ ‘ബുക്ക് ബൈന്റിംഗിൽ’ (നോട്ട്‌ബുക്ക് നിർമ്മാണം) ഒന്നാം സ്ഥാനം നേടിയ ജീവൻ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേത്തേക്ക് പോവുകയാണ്. കണ്ണൂർ ജില്ലയിൽ നിന്നും പോകുന്ന മറ്റ് മത്സരാർത്ഥികളുടെയും അദ്ധ്യാപകരുടെയും കൂടെ ജീവനെയും ട്രെയിനിൽ കയറ്റിവിടണം, അതാണ് അന്നത്തെ എന്റെ സ്പെഷ്യൽ‌ഡ്യൂട്ടി.

                             ദൂരയാത്ര പോകുന്നതിന്റെ പ്രയാസം ജീവനുണ്ടെങ്കിലും അവനത് പരമാവധി വെളിയിൽ കാണിച്ചില്ല, ആൺകുട്ടികൾ അങ്ങനെയാവേണ്ടവരാണല്ലൊ. മത്സരസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും അവനെ ഓർമ്മിപ്പിച്ചപ്പോൾ അവനെല്ലാം മൂളിക്കേട്ടു. മേളക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ പ്രത്യേകം സ്യൂട്ട്‌കെയ്സിലാണുള്ളത്; പേപ്പർ റോൾ, പശ, റക്സിൻ, കാർഡ്‌ബോർഡ്, ഫാൻസി പേപ്പർ, നൂല്, സൂചി, ബ്ലെയ്ഡ്, കത്രിക, ഉളി, ബ്ലെയ്ഡ്, അങ്ങനെ എല്ലാം അതിലുണ്ട്. അവയെല്ലാം കണ്ണൂരിൽ നിന്നും ഞാൻതന്നെ വാങ്ങിയിട്ട് അവന് നൽകിയതാണ്. പിന്നെ നാല് ദിവസത്തേക്ക് വേണ്ട വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും മറ്റൊരു ബാഗിലാക്കിയിട്ടുണ്ട്.

                              ജീവന് കരകൌശലങ്ങൾ പലതും അറിയാമെങ്കിലും ഈ മത്സരം ‘ബുക്ക് ബൈന്റിംഗ്’ ഞാനും ജീവനും ചേർന്ന് സെലക്റ്റ് ചെയ്തതാണ്. ഒരു സയൻസ് അദ്ധ്യാപികയാണെങ്കിലും കരകൌശലവസ്തുക്കൾ നിർമ്മാണം ഒരുകാലത്ത് എന്റെ ഹോബി ആയിരുന്നു. ഹൈ‌സ്ക്കൂളിൽ എട്ടാം തരത്തിൽ ചേർന്ന കുട്ടികളിൽനിന്നും പ്രത്യേക കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നവരാണ് എന്റെ സർക്കാർ വിദ്യാലയത്തിലെ അദ്ധ്യാപകർ. ജീവനടക്കം അവന്റെ ആറ് സഹോദരങ്ങളിൽ മൂന്ന് പേരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. മരപ്പണി നന്നായി അറിയുന്ന ജീവനും മൂന്ന് ഏട്ടന്മാരും അച്ഛന്റെ മരണത്തോടെ ചെറുപ്പത്തിലെ ഉളിപിടിച്ച് ജീവിതമാർഗ്ഗം കണ്ടെത്തിയവരാണ്. അവന്റെ മൂത്ത സഹോദരങ്ങളും മത്സരത്തിന് പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. അവരെല്ലാം മത്സരിച്ച ഐറ്റം ‘വുഡ് കാർവിങ്’ ആയിരുന്നു, കാണികളെ അത്ഭുതപ്പെടുത്തുന്ന ശില്പങ്ങൾ മരത്തിൽ നിർമ്മിക്കുന്നതിൽ അവർ മിടുക്കന്മാരായിരുന്നു.

                               എട്ടാം തരത്തിൽ പഠിക്കുമ്പോൾ മൂത്ത സഹോദരങ്ങളെപ്പോലെ ജീവനും വുഡ്‌കാർവിംഗിൽ പങ്കെടുത്തെങ്കിലും സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത അവന് ലഭിച്ചില്ല. എന്നാൽ എട്ടാം തരത്തിൽ പഠിക്കുന്നതിന്റെ അവസാന നാളുകളിൽ ഒരു ദിവസം അവന്റെ നോട്ട്‌ബുക്ക് നോക്കുന്നതിനിടയിൽ അതിന്റെ പുറം‌മോടി എന്നെ ആകർഷിച്ചു. മറ്റ് വിദ്യാർത്ഥികളുടെ പുസ്തകങ്ങളിൽ‌നിന്നും വ്യത്യസ്ഥമാണ് ജീവന്റെ പുസ്തകങ്ങളെന്ന് ഞാൻ കണ്ടെത്തി. എന്റെ സംശയം ശരിയായിരുന്നു, ജീവന് എഴുതാനുള്ള നോട്ട്‌ബുക്കുകൾ അവൻ സ്വയം നിർമ്മിക്കുന്നവയാണ്. മരപ്പണിയും ശില്പനിർമ്മാണവും മാത്രമല്ല, ബുക്ക് ബയിന്റിംഗ്, ഫയൽ നിർമ്മാണം, ചിത്രരചന തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ അവന് അറിയാം. ഒഴിവ് ദിവസങ്ങളിലും വെക്കേഷൻ സമയത്തും മരപ്പണിക്ക് പോയി, സ്വന്തം ചെലവിനുള്ള വക അവൻ കണ്ടെത്തുന്ന കാര്യം എനിക്ക് അറിയാൻ കഴിഞ്ഞു.

                              നമ്മുടെ സർക്കാർ സ്ക്കൂളിൽ പ്രവൃത്തിപരിചയം(Work experience) പഠിപ്പിക്കാൻ പ്രത്യേകം അദ്ധ്യാപകൻ ഇല്ലെങ്കിലും കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ മറ്റുള്ള അദ്ധ്യാപരെല്ലാം തയ്യാറാണ്. അങ്ങനെ ജീവന്റെ ബുക്ക് ബൈന്റിംഗ് വഴി ക്ലാസ്സുകളിൽ ആവശ്യമായ കൈയെഴുത്തു മാസികകളെല്ലാം തയ്യാറാക്കി. ഒൻപതാം ക്ലാസ്സിലെത്തിയപ്പോൾ ബുക്ക് ബൈന്റിംഗിൽ 3 മണീക്കൂറിനുള്ളിൽ 200 പേജുകൾ വീതമുള്ള ആറ് നോട്ട് ബുക്കുകൾ ഉണ്ടാക്കിയ ജീവൻ ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ആയതിനാൽ സംസ്ഥാനതലത്തിൽ മത്സരിക്കാനാവാത്തതിൽ അവൻ വളരെയധികം നിരാശപ്പെട്ടു.

                              ഇത്തവണ ജീവൻ പത്താം തരത്തിലാണ്; അവന്റെ ക്ലാസ്‌ടീച്ചർ ഞാനാണ്. ജില്ലാതല മത്സരത്തിൽ ഏഴ് പുസ്തകം ബൈന്റ് ചെയ്ത അവന്റെ ടാർജറ്റ് 8 നോട്ട്‌ബുക്കുകളാണ്. സംസ്ഥാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടുക എന്നത് അവന്റെ ഒരു ലക്ഷ്യമാണ്. കാരണം അതുവഴി ലഭിക്കുന്ന ഗ്രെയ്സ് മാർക്കിലാണ് അവന്റെയും എന്റെയും പ്രതീക്ഷകൾ.
                             സഹയാത്രികരെയും കാത്തിരിക്കുന്ന ജീവനോടൊപ്പം റെയിൽ‌വെ സ്റ്റേഷനിൽ ഞാനും ഇരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലധികമായി. ജില്ലാതലത്തിൽ ചാർജ്ജുള്ള ടീം മാനേജർ പറഞ്ഞത് എല്ലാവരും കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ എത്താനാണ്. കൂടെപോകുന്ന മറ്റു വിദ്യാർത്ഥികളിൽ ചിലരെ ജീവൻ കണ്ടാൽ തിരിച്ചറിയും.
ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ ജീവൻ കൈ ചൂണ്ടിയിട്ട് പറഞ്ഞു,
“ടീച്ചറെ, അത് രതീഷ്, ടോയ് മെയ്ക്കിംഗിൽ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയവനാണ്”
ജീവനെക്കാൾ ചെറിയ ഒരു പയ്യൻ സമീപത്തേക്ക് നടന്നുവന്നു. അവന്റെ കൂടെയുള്ളത് എനിക്കറിയുന്ന ഒരു ഹൈ‌സ്ക്കൂൾ അദ്ധ്യാപികയാണ്.

ടീച്ചർ എന്നെ സമീപിച്ച ഉടനെ ഒരു ചോദ്യം,
“മേളയിൽ പങ്കെടുക്കുന്നത് മകനായിരിക്കും, ഏതാണ് ഐറ്റം?”
ഇങ്ങനെയൊരു ചോദ്യം ഞാൻ കേൾക്കുന്നത് ആദ്യമായിട്ടല്ല; കൂടെയുള്ളവരെല്ലാം ബന്ധുക്കളാണെന്ന മുൻധാരണയാണ് എല്ലാ മലയാളിക്കും. സ്ക്കൂളിനു വെളിയിൽവെച്ച്, അദ്ധ്യാപികയുടെ കൂടെയുള്ള കുട്ടി മകനോ മകളോ ആണെന്ന് മറ്റുള്ളവർ ഉറപ്പിക്കും. ഞാൻ മറുപടി പറഞ്ഞു,
“മകനല്ല ശിഷ്യനാണ്,,, ഐറ്റം ബുക്ക് ബൈന്റിംഗ്; ഈ കുട്ടി മകനായിരിക്കും, ടീച്ചറും ഒപ്പം പോകുന്നുണ്ടോ?”
“ഇത് എന്റെ മകനാണ്, കൂടെ ഞാനും പോയില്ലെങ്കിൽ ഇവനെല്ലാം കൊളമാക്കും. ഇപ്പോഴിവൻ എസ്.എസ്.എൽ.സി. ആയതുകൊണ്ട്, ടോയ് മെയ്ക്കിംഗിൽ പുതിയ ഐറ്റം പഠിക്കാൻ രണ്ട് മാസത്തെ ട്രെയിനിംഗിനാ പോയത്. ഫസ്റ്റ് കിട്ടിയാൽ ഗ്രെയ്സ് മാർക്കുണ്ടല്ലൊ”
ടീച്ചറുടെ നോട്ടം ഗ്രെയ്സ് മാർക്കിലാണ്, എന്നാൽ എനിക്ക് സംശയം വർദ്ധിച്ചു,
“അതെങ്ങനെയാ ടീച്ചറേ മകൻ എസ്.എസ്.എൽ.സി. യല്ലെ? ധാരാളം പഠിക്കാനുള്ളപ്പോൾ എങ്ങനെയാ ‘രണ്ട് മാസം’ ട്രെയിനിംഗിന് പോയത്?”
“ട്രെയിനിംഗിന് പോയത് മകനല്ല, ഞാനാണ്; കഴിഞ്ഞ വെക്കേഷനിൽ രണ്ട് മാസം ‘ടോയ് മെയ്ക്കിംഗ്’ പഠിക്കാൻ ‘കോയമ്പത്തൂരിൽ’ പോയി. എന്നിട്ട് ഇവനെ ഞാനത് പഠിപ്പിച്ചു”
“ഏതായാലും ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്തതുകൊണ്ട്, ഇത്തവണ ടീച്ചറുടെ ഗവണ്മെന്റ് സ്ക്കൂളിന് ഒന്നാം സ്ഥാനം ഉറപ്പിക്കാമല്ലൊ”
“അതെങ്ങനെയാ എന്റെ സ്ക്കൂളിന് നേട്ടമുണ്ടാകുന്നത്? എന്റെ മകൻ പഠിക്കുന്നത് തൊട്ടടുത്ത പ്രൈവറ്റ് സ്ക്കൂളിലാണ്”
“അതെയോ? അതെന്താ സ്വന്തം സ്ക്കൂളിൽ മകനെ ചേർക്കാഞ്ഞത്?”
എന്റെ മക്കളെല്ലാം ഞാൻ പഠിപ്പിക്കുന്ന ഗവണ്മെന്റ് സ്ക്കൂളിൽ പഠിച്ചതുകൊണ്ട് ഇങ്ങനെയൊരു ചോദ്യം ധൈര്യമായി എനിക്ക് ചോദിക്കാം. ടീച്ചർ മറുപടി പറഞ്ഞു,
“എന്റെ സർക്കാർ സ്ക്കൂളിൽ ഞാൻ മാത്രമേ നന്നായി പഠിപ്പിക്കുന്നുള്ളു; മറ്റുള്ളവരെല്ലാം ഒഴപ്പന്മാരായതിനാൽ തൊട്ടടുത്ത സ്ക്കൂളിൽ മകനെ ചേർത്തു”
ടീച്ചർ പറഞ്ഞതോർത്ത് എനിക്ക് ചിരി വന്നു.
                           അപ്പോഴേക്കും വിദ്യാർത്ഥികളും അദ്ധ്യാപകരുമായി അനേകംപേർ വന്നു. യാത്ര പോകാനുള്ളവർക്ക് ബുക്ക് ചെയ്ത ടിക്കറ്റുകളുമായി വന്ന ‘ടീം മാനേജർ’, വിദ്യാർത്ഥികളെ ഒന്നിച്ച് നിർത്തിയിട്ട് നിർദ്ദേശങ്ങൾ നൽകുമ്പോൾ ജിവനും അവരിലൊരാളായി മാറി. എല്ലാവരും ചേർന്ന് ഫ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ നേരത്ത് ജീവനോട് യാത്രപറഞ്ഞ് ഞാൻ പുറത്തിറങ്ങി.
  
                          എന്റെ വിദ്യാലയത്തിന് ഒരു സമ്മാനം, അതാണ് എന്റെ പ്രതീക്ഷ. മൂന്ന് മണിക്കൂറിനുള്ളിൽ കടലാസുകൾ എണ്ണിനോക്കി മുറിച്ച്, കട്ടിയുള്ള നൂല്‌കൊണ്ട് തുന്നിക്കെട്ടി, പശതേച്ച്, റെക്സിനും ഫാൻസി പേപ്പറും ഒട്ടിച്ച്, ഉളികൊണ്ട് അളന്നുമുറിച്ച് അവൻ നിർമ്മിക്കുന്നത് എട്ട് നോട്ട്‌ബുക്കുകൾ; ഇത്തവണ ജീവനെ ജയിക്കാൻ മറ്റാരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മത്സരങ്ങൾക്ക് ഗ്രെയ്‌ഡ് കൊടുക്കുന്ന രീതി വരുന്നതിന് മുൻപായതിനാൽ, ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നീ സ്ഥാനങ്ങൾക്ക് മാത്രമാണ് പരിഗണനകളുള്ളത്. പ്രതീക്ഷകൾ പുലർത്തിക്കൊണ്ട് വർദ്ധിച്ച സന്തോഷത്തോടെ ഞാൻ വീട്ടിലേക്കുള്ള ബസ്‌കയറി.

                           രണ്ട് ദിവസം കഴിഞ്ഞപ്പോൾ പത്രത്തിലൂടെ എനിക്ക് അറിയാൻ കഴിഞ്ഞു, പ്രതീക്ഷിച്ചതുപോലെയൊന്നും സംഭവിച്ചില്ല. ‘ബുക്ക് ബൈന്റിംഗിൽ കണ്ണൂർ ജില്ലക്ക് ഒന്നാം സ്ഥാനം ഇല്ല’, അതായത് ജീവന് ഒന്നാം സ്ഥാനം കിട്ടിയില്ല. സാരമില്ല, രണ്ടും മൂന്നും സ്ഥാനങ്ങൾ ബാക്കിയുണ്ടല്ലൊ,,,

                           സംസ്ഥാന മത്സരത്തിന് ശേഷം തിരിച്ചുവന്ന ജീവൻ സ്ക്കൂളിലെത്തിയ അന്ന് രാവിലെ എന്റെ സമീപം വന്നു. മത്സര സമയത്ത് അവൻ നിർമ്മിച്ച് എട്ട് നോട്ട്‌ബുക്കുകൾ എനിക്ക് തന്നു. അതിൽ രണ്ടെണ്ണം അവന് നൽകിയിട്ട് കാര്യങ്ങൾ ഓരോന്നായി ഞാൻ ചോദിച്ചു. അവൻ പറഞ്ഞ സംഭവങ്ങൾ കേട്ട് ഞാൻ ഞെട്ടി,
“ടീച്ചറെ സമ്മാനമൊന്നും കിട്ടിയില്ല, അത് കിട്ടാൻ അല്പം തട്ടിപ്പൊക്കെ പഠിക്കണം”
“നീയെന്താ പറയുന്നത്? തട്ടിപ്പോ?”
“ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ സമർത്ഥന്മാർ കൊണ്ടുപോയി. ഒന്നാം സ്ഥാനക്കാരി പതിനാല് നോട്ട്‌ബുക്ക് ബൈന്റ് ചെയ്തു, രണ്ടാം സ്ഥാനക്കാരി ഉണ്ടാക്കിയത് പന്ത്രണ്ട് നോട്ട്‌ബുക്ക്”
“മൂന്ന് മണിക്കൂറിനുള്ളിൽ 200 പേജുള്ള പതിനാല് പുസ്തകം ഉണ്ടാക്കാനോ?”
“അതെ ടീച്ചറെ, അവൾ എന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു, മത്സരം തുടങ്ങുന്നതിന് മുൻപ് എല്ലാവരും ‌കൊണ്ടുവന്ന സാധനങ്ങളെല്ലാം ജഡ്ജസ് പരിശോദിച്ചതായിരുന്നു. ഈ ഒന്നാം സ്ഥാനക്കാരി ഏതാനും കടലാസുകൾ മുറിച്ചതല്ലാതെ ഒരു നോട്ട്‌ബുക്ൿപോലും നിർമ്മിച്ചതായിട്ട് ഞാൻ കണ്ടിട്ടില്ല”
“പിന്നെ എങ്ങനെയാ ഒന്നാം സ്ഥാനം കിട്ടിയത്?”
“മൂന്ന് മണിക്കൂറും ആ കുട്ടി ഇടയ്ക്കിടെ എന്റെ പണി നോക്കിയിരിക്കുകയായിരുന്നു. എന്നാൽ ജഡ്ജസ് വന്നപ്പോൾ ആ കുട്ടിയുടെ മുന്നിൽ പതിനാല് നോട്ട്‌ബുക്കുകൾ!!!”
ജീവൻ പറയുന്നതെല്ലാം ഒരു കഥ കേൾക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്,
“അപ്പോൾ അതെങ്ങനെ???”
“കൂടെയുള്ള ഒരു കുട്ടി പറയുന്നതുകേട്ടു, ‘അവളുടെ സ്യൂട്ട്‌കെയിസിന്റെ അടിവശത്തുള്ള രഹസ്യഅറയിൽ നിന്ന്, ആദ്യമേ നിർമ്മിച്ച നോട്ട് പുസ്തകങ്ങൾ അടുക്കിവെച്ചത് പുറത്തെടുത്തതായിരിക്കും’, എന്ന്”
“എന്നിട്ട് ഈ കള്ളത്തരം ആരും കണ്ടില്ലെ?”
“ടീച്ചറെ, സമ്മാനം കിട്ടാൻ ഇങ്ങനെയെല്ലാം ചെയ്യുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? നമുക്ക് നല്ലത് പഠിച്ച് നല്ലമാർക്ക് വാങ്ങി പാസ്സാവുന്നതാണ്”
തട്ടിപ്പ് നടത്തുന്നവരെ ജയിക്കാൻ പ്രയാസമാണെന്ന് ജീവനും ഞാനും തിരിച്ചറിഞ്ഞു.

                         ‘വിദ്യാർത്ഥികൾ പഠനത്തിനാണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടത്, മറ്റെല്ലാം പിന്നീട്’ എന്ന ആശയം അവനിൽ‌നിന്നും ഞാൻ മനസ്സിലാക്കി. ജീവൻ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി; ഒപ്പം വിദ്യാർത്ഥികളുടെ പഠനത്തിൽ മാത്രമായി എന്റെ ശ്രദ്ധ. എസ്.എസ്.എൽ.സി. ക്ക്,100% വിജയം,,, അത് എന്റെ വിദ്യാലയത്തിലെ കുട്ടികൾ നേടിയെടുത്തു; അന്ന് മാത്രമല്ല, വർഷങ്ങൾക്ക് ശേഷം, ഇപ്പോഴും വിജയം തുടരുന്നു.

                         ജീവൻ പത്താം തരത്തിൽ നല്ലമാർക്കോടെ പാസ്സായെങ്കിലും തുടർപഠനം ഒഴിവാക്കി ജോലി ചെയ്യാൻ തുടങ്ങി. മറ്റുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കളെ ആശ്രയിച്ച് പഠനം തുടരുമ്പോഴും ജീവൻ സ്വന്തമായി അദ്ധ്വാനിച്ച് സാമ്പത്തികമായി ഉയർന്നിരുന്നു. ജീവിക്കാൻ പഠിച്ച ജീവന്റെ ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്നു.

May 15, 2011

ജാതി എഴുതാം വായിക്കാം, പക്ഷെ?                                   സംഭവം നടന്നത് കണ്ണൂരിലാണ്; അഞ്ച് വർഷം മുൻപ് സർക്കാർ ജീവനക്കാരിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ പഠനക്ലാസ്സ് നടക്കുന്ന ദിവസം. എന്റെ സുഹൃത്ത് അല്പം നേരത്തെതന്നെ സ്ഥലത്തെത്തിയപ്പോൾ ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് എഴുതി ഒപ്പിടാനുള്ള രജിസ്റ്റർ, സംഘാടകരിൽ ഒരാൾ അദ്ദേഹത്തിന്റെ മുന്നിൽ തുറന്നുനീട്ടി. ആദ്യമേ വന്ന് ഒപ്പിട്ടവരുടെ പേരുകൾ അദ്ദേഹം വായിച്ചു, ആകെ അഞ്ച്‌പേരുണ്ട്. അതിൽ മൂന്ന് നായർ, ഒരു മേനോൻ, ഒരു പിള്ള;
പിന്നെ സംശയിച്ചില്ല, ആറാം നമ്പറായി അയാൾ പേരെഴുതി
കെ. ബാലകൃഷ്ണൻ തീയ്യൻ (ഒപ്പ്)

                             സ്വന്തം പേരിന്റെ കൂടെ വ്യക്തിയെ തിരിച്ചറിയാനായി മറ്റൊരു നാമം ചേർത്തെഴുതുന്ന സ്വഭാവം മലയാളികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ഉണ്ട്. അച്ഛന്റെ പേര്, ഭർത്താവിന്റെ പേര്, തറവാട്ട് പേര്, വീട്ടുപേര്, സ്ഥലപ്പേര്, സ്ഥാനപ്പേര് തുടങ്ങിയവയാണ് ഇങ്ങനെ ഇനീഷ്യലായി ചേർത്ത് എഴുതുന്നത്. എന്നാൽ ജന്മം കൊടുത്ത അമ്മയുടെയോ ജീവിതസഹായി ആയ ഭാര്യയുടെയോ പേര് ചേർത്തെഴുതുന്നവർ അപൂർവ്വമാണ്. പലപ്പോഴും പേരിനെക്കാൾ പ്രാധാന്യം കൂടെ എഴുതുന്ന മറുപേരിനുണ്ടാവും. ചിലർ അച്ഛന്റെ പേരിന് പകരം നാട്ടിലെ വി.ഐ.പി ആയ മുത്തച്ഛന്റെയൊ, മുത്തച്ഛന് പണ്ടാരോ നൽകിയ സ്ഥാനപ്പേരോ ചേർത്ത് സ്ഥാനമഹിമ വർദ്ധിപ്പിക്കുന്നതായി കാണുന്നു. അതുപോലെ സ്ഥലപ്പേര് സ്വന്തമാക്കുന്നവരുണ്ട്. അവർ ആ സ്ഥലം വിട്ട് മറ്റൊരിടത്ത് സ്ഥിരമായി താമസിച്ചാലും ആദ്യത്തെ സ്ഥലപ്പേര് മാറ്റാറില്ല. ‘സുകുമാർ അഴിക്കോട്’, കുഞ്ഞപ്പ പട്ടാന്നൂർ’ തുടങ്ങിയവർ താമസസ്ഥലം മാറുന്നതോടൊപ്പം സ്ഥലപ്പേര് മാറ്റി എഴുതുന്നില്ല. ചിലരുടെ പേരുകൾ അറിയപ്പെടുന്ന തറവാട്ടുമാഹാത്മ്യം വിളിച്ചോതുന്നതായിരിക്കും. അങ്ങനെയുള്ളവർ പലപ്പോഴും ഉയർന്ന ജാതിയിൽ ഉൾപ്പെട്ടവരും ആവാം. സിനിമയിൽ പറയുന്ന മേലെവീട്ടിൽ വിശ്വനാഥൻ, ‘മേനോൻ’ തന്നെ ആയിരിക്കും.
        
                            മലയാളികൾക്കിടയിൽ ഉയർന്ന ജാതി എന്ന് സംവരണം ചെയ്യപ്പെട്ടവർക്കും, അവകാശപ്പെടുന്നവർക്കും സ്വന്തം പേര് അപ്രധാനമാവുകയും ജാതി പ്രധാന ഘടകമായി മാറുകയും ചെയ്യുന്നതായി കാണാം. രേഖകളിൽ ഇല്ലെങ്കിലും പേരിന്റെ കൂടെ ജാതിപ്പേര് ചേർക്കാൻ മത്സരിക്കുന്നവരാണ് ചില ഉയർന്ന ജാതിക്കാർ. എന്റെ വിദ്യാലയത്തിലെ ഒരു അദ്ധ്യാപകൻ, സർവ്വീസ് രേഖകളിൽ വെറും രാമചന്ദ്രനാണ്. എന്നാൽ ഔദ്യോഗിക രേഖകളിൽ ഒഴികെ, പേരെഴുതുന്ന എല്ലായിടത്തും അദ്ദേഹം നായർ ചേർത്ത് എഴുതും. മെമ്മോബുക്കിൽ എഴുതിയ ‘രാമചന്ദ്രൻ’ എന്ന പേര് അദ്ദേഹം ഒപ്പിടുന്നതിനു മുൻപ്, രാമചന്ദ്രൻ ‘നായർ’ ആക്കി മാറ്റിയിരിക്കും.

                            കണ്ണൂരിൽ നായർ ജാതിയിൽ ഉൾപ്പെട്ടവരിൽ ചിലർ നാട്ടിൽ അറിയപ്പെടുന്നത് ‘നമ്പിയാർ’ എന്ന പേരിലാണ്. എന്നാൽ കണ്ണൂരിൽ‌തന്നെ നായർ എന്ന പേരിൽ നാട്ടിൽ അറിയപ്പെടുന്നവർ പലരും ‘ഫോർവേഡ് കാസ്റ്റ് ആയ നായർ അല്ല’. ഇക്കാര്യം ആദ്യമായി അറിയപ്പെട്ടത് സ്വന്തം വീടിനടുത്തുള്ള വിദ്യാലയത്തിൽ അദ്ധ്യാപിക ആയി ചേർന്നതിന് ശേഷമാണ്. ഒന്നാം തരത്തിൽ മകനെ ചേർക്കാനുള്ള രേഖകൾ പൂരിപ്പിക്കുമ്പോൾ എനിക്കറിയാവുന്ന വ്യക്തിയായതിനാൽ പിതാവിന്റെ പേര് ‘കരുണാകരൻ നായർ’ എന്ന് എഴുതിയ ഉടനെ പിതാവ് പറഞ്ഞു, 
“ടീച്ചറേ കരുണാകരൻ എന്ന്‌മാത്രം എഴുതിയാൽ മതി, നമ്മൾ ഒ.ബി.സി. യാണ്; നായർ ചേർത്താൽ ജാതി സംവരണവും ആനുകൂല്യവും നഷ്ടപ്പെടും”. 
                നായർ എന്ന ജാതിപ്പേര് കൂട്ടിച്ചേർത്ത് ‘നമ്മളും ഉയർന്നവരാണേ’ എന്ന് പറഞ്ഞ്, തെറ്റിദ്ധരിപ്പിക്കുന്ന ഒ.ബി.സി ക്കാർ മാത്രമല്ല, ഷെഡ്യൂൾഡ് കാസ്റ്റ് വരെ എന്റെ കണ്ണൂരിൽ ഉണ്ട്.   

                           ഇനിപറയുന്ന സംഭവം നടന്നത് മുപ്പത് വർഷം മുൻപാണ്, നമ്മുടെ തലസ്ഥാന നഗരിയിൽ, ഒരു കോളേജിലെ വനിതാഹോസ്റ്റൽ. കണ്ണൂരിൽ നിന്നും ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ കോളേജിൽ പ്രവേശനം നേടിയ പെൺകുട്ടി കോളേജ് ഹോസ്റ്റലിൽ രണ്ടാം നിലയിലെ ഒരു മുറിയിൽ താമസം ആരംഭിച്ച ദിവസം,,, അന്ന് വൈകുന്നേരം ഹോസ്റ്റലിന്റെ വരാന്തയിൽ കാറ്റുകൊള്ളാനായി ഇറങ്ങിയപ്പോൾ, അതെ ഹോസ്റ്റലിന്റെ ഭാഗമായ മറ്റൊരു ബിൽഡിങ്ങിന്റെ വരാന്തയിൽ നിന്നും ഒരു പെൺകുട്ടി അവളെ വിളിച്ച് കാര്യങ്ങൾ തിരക്കി. എന്നാൽ രണ്ട്‌പേരുടെയും ഇടയിലെ അകലം കാരണം ചോദ്യങ്ങളും ഉത്തരങ്ങളും വ്യക്തമായില്ല. ഒടുവിൽ ആ പെൺ‌കുട്ടി അവിടെനിന്നും കോണികൾ ഇറങ്ങിയിട്ട് കണ്ണൂർക്കാരിയുടെ സമീപം കയറിവന്നപ്പോൾ ആദ്യംതന്നെ ചോദിച്ചത്,
“കുട്ടി ഏതാ ജാതി?”
എന്നാൽ മറുപടി പ്രതീക്ഷിച്ചവൾക്ക് നേരെ കണ്ണൂർക്കാരിയുടെവക മറ്റൊരുചോദ്യം,
“കുട്ടി ഇവിടെ കോളേജിൽ പഠിക്കുന്നതായിരിക്കും, ഏത് സബ്ജക്റ്റാണ് മെയിൻ?”
“ഞാൻ ഇവിടെ പീജിക്ക് പഠിക്കുവാ, സുവോളജി,,,”
“അതെയോ? സുവോളജി പഠിക്കുന്ന കുട്ടിക്ക് അവിടെനിന്ന് നോക്കിയപ്പോൾ ഞാൻ ഏത് ജാതിയാണെന്ന് തിരിച്ചറിയാത്തതു കൊണ്ടാണോ ഇത്രയും ദൂരം വന്നത്? അവിടെനിന്ന് തിരിച്ചറിയാത്ത തനിക്ക് ഞാൻ പറഞ്ഞാലും എന്റെ ജാതി അറിയില്ല”
ശ്രീനാരായണഗുരു പറഞ്ഞതുപോലുള്ള ഉത്തരം‌കേട്ട് പിന്നീടൊന്നും ചോദിക്കാതെ ആ കുട്ടി തിരിച്ചുപോയി.
                            സ്വന്തം ബയോഡാറ്റയിൽ ജാതിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് ചിലർ. ഉയർച്ചയും താഴ്ചയും അല്ല,സ്വന്തം ജാതിക്കാരിയാണെങ്കിൽ അല്പം കൂടി അടുപ്പം കാണിച്ച് ഒരു ഗ്രൂപ്പ് ആയി മാറാനാണ് ചിലർക്ക് താല്പര്യം. ഇങ്ങനെ ഒത്തുചേരുന്നത് പലതരം ആവശ്യങ്ങൾക്കാണ്,
  1. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ,
ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത് പലതരത്തിലാവാം. സ്വന്തം ജാതിയിൽ ഉൾപ്പെട്ടവർക്ക് ലഭ്യമാകുന്ന ജോലിയും കൂലിയും വർദ്ധിപ്പിക്കാൻ ഇത് സഹായകമാവുന്നു. കിട്ടാനുള്ളത് തിരിച്ചറിയാനും പ്രവർത്തിക്കാനുംഉള്ള അവസരത്തെക്കുറിച്ച് അറിയുന്നു
  1. ആശയങ്ങൾ പ്രചരിപ്പിക്കാനും ബന്ധം പുലർത്താനും.
ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. കൂടാതെ ഒരേ ജാതിയിൽ പെട്ടവർ ചേർന്ന്, വിവാഹബന്ധത്തിലേർപ്പെട്ട് ബന്ധുക്കളാവാൻ കഴിയുന്നു.
  1. ഒന്നിച്ച്‌ചേർന്ന് സ്വന്തം ജാതിയിൽ പെട്ടവരെ പുരോഗതിയിലേക്ക് നയിക്കാൻ,
പുരാതനകാലം മുതൽ അടിച്ചമർത്തലിന് വിധേയമായ ചില ജാതിയിൽ ഉൾപ്പെട്ടവരാണെങ്കിൽ അവരിൽ ഉണർവ്വ് ഉണ്ടാക്കാനും ചട്ടങ്ങൾ മാറ്റി വിലക്കുകൾ പൊട്ടിക്കാനും ഇത് സഹായിക്കുന്നു. അനാചാരങ്ങൾ ഒഴിവാക്കാനും ഇത് സാഹായിക്കുന്നു.
  1. സംഘബലം വർദ്ധിപ്പിച്ച് ശത്രുക്കളെയോ ആശയങ്ങളെയോ എതിർക്കാൻ,
ശത്രുക്കളെയും ആശയങ്ങളെയും എതിർക്കുന്നത് പലതരത്തിലാവാം. പലപ്പോഴും ഇത് അന്യരെയും അന്യർ ചെയ്യുന്ന നല്ലകാര്യങ്ങളെയും എതിർക്കലായി പരിണമിക്കാം.
                       എന്റെ സ്ക്കൂളിൽ‌ വിജയശതമാനം ഉയർത്താനുള്ള പ്രവർത്തനങ്ങൾ കാരണം ഉണ്ടായ അധികജോലിയെ എതിർക്കുന്ന ഏതാനും അദ്ധ്യാപകരെ കണ്ടെത്തി. അവരെല്ലാം പലയിടങ്ങളിൽനിന്നും വന്ന പല പ്രായക്കാരായ സ്ത്രീപുരുഷന്മാരാണ്. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഒരു കാര്യം ഹെഡ്‌മാസ്റ്റർക്ക് മനസ്സിലായി, പാര പണിയുന്നവരെല്ലാം ഒരേ ജാതിയിൽ ഉൾപ്പെട്ടവരാണ്. സ്വന്തം ജാതി തിരിച്ചറിഞ്ഞ് കൂട്ടുകൂടിയപ്പോൾ, അവരിൽ ആരെങ്കിലും പറയുന്നത് കേട്ട് മറ്റുള്ളവർ പ്രവർത്തിക്കുന്നതാണ്. അവരിൽ ചിലർ ട്രാൻസ്ഫർ ആയതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഒത്തുചേർന്ന് സമൂഹത്തിന് ദ്രോഹം വരുത്തുന്നതിന്റെ ഉദാഹരണമാണിത്.

                         ജാതിയുടെ പേരിൽ ആനുകൂല്യം നേടിയെടുക്കുന്നവരിൽ ചിലർ പലപ്പോഴും അത്തരം ആനുകൂല്യങ്ങളോട് എതിർപ്പ് കാണിക്കുകയും മറ്റുള്ളവർ അക്കാര്യം അറിയാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി കാണാം. എല്ലായിനം സംവരണത്തിലും അവകാശങ്ങളായി നേടിയെടുത്ത നേട്ടങ്ങൾ മറ്റുള്ളവർ‌കാണാതെ മറച്ചുവെക്കുന്നതായി കാണാം. പട്ടികജാതിയിൽ ഉൾപ്പെട്ടവർക്ക് ഫ്രീ ആയി കൊടുക്കുന്ന പുസ്തകം വാങ്ങാൻ പോയ ഹൈസ്ക്കൂൾ വിദ്യാർത്ഥിയും രക്ഷിതാവും പുസ്തകം വാങ്ങാതെ തിരിച്ചുവന്ന കാര്യം അറിഞ്ഞപ്പോൾ ആ കുട്ടിയെ ഞാൻ വിളിച്ചു,
“ആയിരത്തോളം രൂപ വിലയുള്ള വലിയ പുസ്തകങ്ങളാണല്ലൊ നൽകുന്നത്, നീയെന്തെ അത് വാങ്ങാഞ്ഞത്?”
“വലിയ പുസ്തകങ്ങളായതിനാൽ അച്ഛൻ വാങ്ങണ്ടാ എന്ന് പറഞ്ഞു”
“അത്രക്ക് ഭാരമുണ്ടായിരുന്നോ? നിന്നോടൊപ്പം അച്ഛനും ഉണ്ടായിരുന്നില്ലെ”
“സ്റ്റേജിൽ വെച്ച് തരുന്ന വലിയ പുസ്തകമായതുകൊണ്ട് മറ്റുള്ളവർ കാൺകെ വാങ്ങണ്ടാ എന്ന് പറഞ്ഞു”
അപ്പോൾ അതാണ് കാര്യം, സംവരണ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നത് മറ്റുള്ളവർ കാൺകെ ആവരുത്.

അതുപോലെ കോളേജിൽ‌വെച്ച് അറിയാൻ കഴിഞ്ഞ ഒരു സംഭവം; 
                       പ്രിൻസിപ്പലിനോട് ഒരു രക്ഷിതാവ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ മുറിയുടെ ഒരു വശത്ത് ധാരാളം പുസ്തകങ്ങൾ കൂട്ടിവെച്ചതായി കണ്ടു. അതിനെക്കുറിച്ച് സംശയം ചോദിച്ച രക്ഷിതാവിനോട് അദ്ദേഹം പറഞ്ഞതിങ്ങനെ ആയിരുന്നു,
“ആ ബുക്ക്സ് എല്ലാം ഷെഡ്യൂൾഡ് കാസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകാനുള്ളതാണ്. എന്നാൽ അവരാരും ബുക്ക്സ് സ്വീകരിക്കുന്നില്ല”
                            ഒരു പ്രത്യേക ജാതിയിൽ ജനിച്ചതിന്റെ പേരിൽ സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരമായും താഴ്ന്നവരെ ഉയർത്താനായി നമ്മുടെ സർക്കാർ ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ഒരു തരംതാണ പരിപാടി ആയി അത് അർഹതപ്പെട്ടവരിൽ ഏതാനും ചിലർ കാണുകയാണ്.

                             കമ്പ്യൂട്ടർവൽക്കരണം വരുന്നതിന് മുൻപ്, എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ബയോഡാറ്റ, വിദ്യാഭ്യാസ വകുപ്പ് അയച്ചുതരുന്ന ബുക്കിൽ ആദ്യമേതന്നെ ക്ലാസ് അദ്ധ്യാപിക എഴുതിചേർത്ത്, പരീക്ഷാവിഭാഗത്തിന് അയച്ചുകൊടുക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അതിനായി ബയോഡാറ്റ എഴുതിയത് ശരിയാണോ എന്നറിയാൻ ഓരോ വിദ്യാർത്ഥിയെയും വിളിച്ച് ചോദിക്കാറുണ്ട്. മറ്റെല്ലാ വിവരങ്ങളും ശരിയായി പറഞ്ഞ ഒരു കുട്ടിയോട് ജാതി ചോദിച്ചപ്പോൾ അവന്റെ ഉത്തരം,
“അറിയില്ല”
അഡ്മിഷൻ രജിസ്റ്ററിലുള്ള ജാതി പറഞ്ഞുകൊടുത്തപ്പോൾ അവൻ വീണ്ടും പറയുന്നു,
“എനിക്കറിയില്ല”
“നീ ആനുകൂല്യം വാങ്ങുന്നത് ഈ ജാതി ആയതുകൊണ്ടല്ലെ?”
ഞാൻ വീണ്ടും ചോദിച്ചപ്പോൾ അവന് അതേ ഉത്തരം തന്നെ,
“അതൊന്നും എനിക്കറിയില്ല”
അത് കേട്ട് ഒരു അദ്ധ്യാപകൻ എന്നോട് പറഞ്ഞു,
“ടീച്ചറെ ജാതി ചോദിച്ചാൽ പറയില്ല, ഒരു കടലാസ് കൊടുത്ത് അവനോട് എഴുതാൻ പറയു,”
ഈ സംഭവത്തിനുശേഷം ബയോഡാറ്റ പൂരിപ്പിക്കാൻ പ്രിന്റ് ചെയ്ത് ഫോറം കുട്ടികൾക്ക് നൽകാൻ തുടങ്ങി.

                            ഒരു വിഭാഗം ജാതിപ്പേര് സ്വന്തം പേരിനോട് ചേർത്ത് ഞെളിഞ്ഞിരിക്കുമ്പോൾ മറ്റൊരു വിഭാഗം ജാതിപ്പേര് പറയാൻ മടിക്കുന്നതായി കാണാം. ജാതിയുടെ പേരിൽ സംവരണം ചെയ്ത ആനുകൂല്യങ്ങൾ വാങ്ങുന്ന നമ്മുടെ കേരളത്തിൽ ജാതിപ്പേര് പറയാൻ മടിക്കുന്നതിൽ വലിയ കാര്യമില്ല. അറിയപ്പെടുന്ന വ്യക്തിത്വമുള്ള ഉന്നതസ്ഥാനം നേടിയ ആളുകൾ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്. പിന്നെന്തിന് പറയാൻ മടിക്കുന്നു?   

                            സ്ക്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് പലതരത്തിലുള്ള ജാതികളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ കൂടാതെ ബ്രാഹ്മണൻ, ക്ഷത്രീയൻ തുടങ്ങിയവരെയും പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരു വിദ്യാലയത്തിൽ, എന്റെ ക്ലാസ്സിലെ 40 വിദ്യാർത്ഥികൾ,15 ജാതികളിലും 3 മതത്തിലും ഉൾപ്പെട്ടവരായിരുന്നു. പഠനകാര്യത്തിലെ ഏറ്റക്കുറച്ചിൽ എല്ലാ ജാതിയിലും ഉള്ള വിദ്യാർത്ഥികൾക്ക് ഒരുപോലെയാണ് കാണപ്പെട്ടത്. എന്നാൽ സ്വഭാവരീതികളിൽ വ്യത്യാസം കണ്ടത് അവർ ജീവിക്കുന്ന ചുറ്റുപാടുകളെയും രക്ഷിതാക്കളുടെ ജീവിതത്തെയും ആശ്രയിച്ചായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒന്നിച്ച് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ പത്താം തരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച നമ്പൂതിരിശിഷ്യനും രണ്ടാംസ്ഥാനം ലഭിച്ച പുലയശിഷ്യനും മികച്ച സ്വഭാങ്ങളുടെ ഉടമകളായിരുന്നു.
                         ജാതി മത ചിന്തകൾ ആദ്യം ഒഴിവാക്കേണ്ടത് മനുഷ്യമനസ്സിൽ നിന്നാണ്. എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത ഉണ്ടാവുന്ന, ജാതി മത സംവരണം നിർത്തലാക്കുന്ന കാലം വരാനായി നമുക്ക് കാത്തിരിക്കാം.