“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 30, 2011

ജാതിയും മതവും ഉള്ള, ‘ജീവൻ’ഇത് ‘മതമില്ലാത്ത ജീവൻ’ അല്ല; 
മതവും ജാതിയും ഉള്ള, കുലത്തൊഴിൽ കൈമുതലായി ഒപ്പം കൊണ്ടുനടന്ന് ജീവിതമാർഗ്ഗം കണ്ടെത്തിയിട്ട്, ജീവിതത്തിൽ വിജയിച്ച, എന്റെ പ്രീയപ്പെട്ട ശിഷ്യനാണ്;
‘ജീവൻ’,,,
എന്റെ വിദ്യാർത്ഥികളുടെ കൂട്ടത്തിലെ ഒരേഒരു ജീവൻ,,,

                          അമ്പലങ്ങളിൽ ഇടയ്ക്കിടെ പോകുന്ന ശീലം എനിക്കില്ലെങ്കിലും ഏതാനും ദിവസം മുൻപ് തൊട്ടടുത്ത അമ്പലത്തിൽ മകളോടൊപ്പം പോയി. അവിടെ പ്രാർത്ഥനയും വഴിപാടും കഴിഞ്ഞ് തിരിച്ചുപോകാൻ നേരത്താണ് ഒരുവശത്തുള്ള കെട്ടിടത്തിൽ ധാരാളം ശില്പങ്ങൾ കണ്ടത്. എല്ലാ ആരാധനാലയങ്ങളും പുനർ‌നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കാലമാണല്ലൊ; അവിടെ പല ആകൃതിയിൽ, മരത്തിൽ കൊത്തിയുണ്ടാക്കിയ ജീവൻ തുടിക്കുന്ന ശില്പങ്ങളാൽ അലംകൃതമായ തൂണുകൾ നിരത്തിവെച്ചിരിക്കുകയാണ്. തൊട്ടടുത്ത് ഒരുവശത്തായി പലരും ജോലി ചെയ്യുന്നുണ്ട്. എല്ലാം കണ്ട് തിരിച്ചുപോരാൻ നേരത്ത് പിന്നിൽ നിന്നൊരു വിളി,
“ടീച്ചറേ,,,”
ഞാൻ നോക്കി, പെട്ടെന്ന്‌തന്നെ അവനെ തിരിച്ചറിയാൻ കഴിഞ്ഞു,
ജീവൻ
എന്റെ പ്രീയശിഷ്യൻ ജീവൻ..
“ജീവനിപ്പോൾ ഇവിടെയാണോ?”
“ഏതാനും ദിവസങ്ങളായി ഞാനിപ്പോൾ ഇവിടെയാ, പിന്നെ അടുത്ത്‌തന്നെ ഗൾഫിൽ‌പോകും. അതിനുള്ള പണമൊക്കെ ഞാൻ ജോലിചെയ്ത് ഉണ്ടാക്കിയിട്ടുണ്ട്. ഒരു വിസകിട്ടാൻ കൊടുത്തിരിക്കയാ,”
തുടർന്ന് വിശേഷങ്ങളെല്ലാം ഞാൻ ചോദിച്ചറിഞ്ഞു, ഒടുവിൽ അവൻ തൊഴിലിൽ മുഴുകി.

                            ഇലകളും പൂക്കളും ദൈവരൂപങ്ങളും മരത്തിൽ കൊത്തിയുണ്ടാക്കിയിട്ട്, ജീവൻ കവിത വിരിയിക്കുകയാണ്.
പഠിക്കാൻ വലിയ മിടുക്കനല്ലെങ്കിലും ക്ലാസ്സിൽ ഒരിക്കലും പിന്നിലല്ലാത്ത, അദ്ധ്യാപികയായ എന്നോട് തുറന്ന് സംസാരിക്കുന്ന എന്റെ ജീവനെ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അവിചാരിതമായി കണ്ടുമുട്ടിയിരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചില കഴിവുകൾ, അവൻ ജന്മനാ സ്വായത്തമാകിയിട്ടുണ്ട്. പാഠ്യേതര കാര്യത്തിലുള്ള അവന്റെ ആ ശേഷികളാണ് എന്നെ ആകർഷിച്ച ഘടകം. എന്റെ വിദ്യാലയത്തിനുവേണ്ടി പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കാൻ ഞാനും ജീവനും എത്രയോ തവണ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്.

അതുപോലെ ഒരു യാത്ര,,,
എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന; നേട്ടം സ്വന്തമാണെങ്കിലും സ്ക്കൂളിനുവേണ്ടിയിട്ട്, ജീവൻ പങ്കെടുത്ത ഒടുവിലത്തെ മത്സരം,
എന്റെ ചിന്തകൾ പിറകോട്ട് സഞ്ചരിക്കാൻ ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കു മുൻപ്,
സ്ഥലം കണ്ണൂർ റെയിൽ‌വെ സ്റ്റേഷൻ,,,
സമയം മൂന്ന് മണി കഴിഞ്ഞു,
                              ടിക്കറ്റ് കൌണ്ടറിന് അല്പം അകലെയായി ജീവനും ഞാനും ഇരിക്കുകയാണ്. ഒരു അദ്ധ്യാപികയുടെ തൊട്ടടുത്ത് ഒരു വിദ്യാർത്ഥി ഇരിക്കുന്നത് എങ്ങനെ?
സംശയം വേണ്ട, എന്റെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഇരിക്കും. സ്ക്കൂളിന് വെളിയിലെത്തിയാൽ അവർ അദ്ധ്യാപകരോട് കൂട്ടുകൂടാൻ മത്സരിക്കും, ആൺ-പെൺ വ്യത്യാസമില്ലാതെ സുഹൃത്തുക്കളായി മാറും. അവരുടെ പ്രശ്നങ്ങളെല്ലാം തുറന്ന്‌പറഞ്ഞ് ചർച്ച ചെയ്യും. ജില്ലാതല ‘പ്രവൃത്തിപരിചയ’ മത്സരത്തിൽ ‘ബുക്ക് ബൈന്റിംഗിൽ’ (നോട്ട്‌ബുക്ക് നിർമ്മാണം) ഒന്നാം സ്ഥാനം നേടിയ ജീവൻ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേത്തേക്ക് പോവുകയാണ്. കണ്ണൂർ ജില്ലയിൽ നിന്നും പോകുന്ന മറ്റ് മത്സരാർത്ഥികളുടെയും അദ്ധ്യാപകരുടെയും കൂടെ ജീവനെയും ട്രെയിനിൽ കയറ്റിവിടണം, അതാണ് അന്നത്തെ എന്റെ സ്പെഷ്യൽ‌ഡ്യൂട്ടി.

                             ദൂരയാത്ര പോകുന്നതിന്റെ പ്രയാസം ജീവനുണ്ടെങ്കിലും അവനത് പരമാവധി വെളിയിൽ കാണിച്ചില്ല, ആൺകുട്ടികൾ അങ്ങനെയാവേണ്ടവരാണല്ലൊ. മത്സരസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും അവനെ ഓർമ്മിപ്പിച്ചപ്പോൾ അവനെല്ലാം മൂളിക്കേട്ടു. മേളക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ പ്രത്യേകം സ്യൂട്ട്‌കെയ്സിലാണുള്ളത്; പേപ്പർ റോൾ, പശ, റക്സിൻ, കാർഡ്‌ബോർഡ്, ഫാൻസി പേപ്പർ, നൂല്, സൂചി, ബ്ലെയ്ഡ്, കത്രിക, ഉളി, ബ്ലെയ്ഡ്, അങ്ങനെ എല്ലാം അതിലുണ്ട്. അവയെല്ലാം കണ്ണൂരിൽ നിന്നും ഞാൻതന്നെ വാങ്ങിയിട്ട് അവന് നൽകിയതാണ്. പിന്നെ നാല് ദിവസത്തേക്ക് വേണ്ട വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും മറ്റൊരു ബാഗിലാക്കിയിട്ടുണ്ട്.

                              ജീവന് കരകൌശലങ്ങൾ പലതും അറിയാമെങ്കിലും ഈ മത്സരം ‘ബുക്ക് ബൈന്റിംഗ്’ ഞാനും ജീവനും ചേർന്ന് സെലക്റ്റ് ചെയ്തതാണ്. ഒരു സയൻസ് അദ്ധ്യാപികയാണെങ്കിലും കരകൌശലവസ്തുക്കൾ നിർമ്മാണം ഒരുകാലത്ത് എന്റെ ഹോബി ആയിരുന്നു. ഹൈ‌സ്ക്കൂളിൽ എട്ടാം തരത്തിൽ ചേർന്ന കുട്ടികളിൽനിന്നും പ്രത്യേക കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നവരാണ് എന്റെ സർക്കാർ വിദ്യാലയത്തിലെ അദ്ധ്യാപകർ. ജീവനടക്കം അവന്റെ ആറ് സഹോദരങ്ങളിൽ മൂന്ന് പേരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. മരപ്പണി നന്നായി അറിയുന്ന ജീവനും മൂന്ന് ഏട്ടന്മാരും അച്ഛന്റെ മരണത്തോടെ ചെറുപ്പത്തിലെ ഉളിപിടിച്ച് ജീവിതമാർഗ്ഗം കണ്ടെത്തിയവരാണ്. അവന്റെ മൂത്ത സഹോദരങ്ങളും മത്സരത്തിന് പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. അവരെല്ലാം മത്സരിച്ച ഐറ്റം ‘വുഡ് കാർവിങ്’ ആയിരുന്നു, കാണികളെ അത്ഭുതപ്പെടുത്തുന്ന ശില്പങ്ങൾ മരത്തിൽ നിർമ്മിക്കുന്നതിൽ അവർ മിടുക്കന്മാരായിരുന്നു.

                               എട്ടാം തരത്തിൽ പഠിക്കുമ്പോൾ മൂത്ത സഹോദരങ്ങളെപ്പോലെ ജീവനും വുഡ്‌കാർവിംഗിൽ പങ്കെടുത്തെങ്കിലും സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത അവന് ലഭിച്ചില്ല. എന്നാൽ എട്ടാം തരത്തിൽ പഠിക്കുന്നതിന്റെ അവസാന നാളുകളിൽ ഒരു ദിവസം അവന്റെ നോട്ട്‌ബുക്ക് നോക്കുന്നതിനിടയിൽ അതിന്റെ പുറം‌മോടി എന്നെ ആകർഷിച്ചു. മറ്റ് വിദ്യാർത്ഥികളുടെ പുസ്തകങ്ങളിൽ‌നിന്നും വ്യത്യസ്ഥമാണ് ജീവന്റെ പുസ്തകങ്ങളെന്ന് ഞാൻ കണ്ടെത്തി. എന്റെ സംശയം ശരിയായിരുന്നു, ജീവന് എഴുതാനുള്ള നോട്ട്‌ബുക്കുകൾ അവൻ സ്വയം നിർമ്മിക്കുന്നവയാണ്. മരപ്പണിയും ശില്പനിർമ്മാണവും മാത്രമല്ല, ബുക്ക് ബയിന്റിംഗ്, ഫയൽ നിർമ്മാണം, ചിത്രരചന തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ അവന് അറിയാം. ഒഴിവ് ദിവസങ്ങളിലും വെക്കേഷൻ സമയത്തും മരപ്പണിക്ക് പോയി, സ്വന്തം ചെലവിനുള്ള വക അവൻ കണ്ടെത്തുന്ന കാര്യം എനിക്ക് അറിയാൻ കഴിഞ്ഞു.

                              നമ്മുടെ സർക്കാർ സ്ക്കൂളിൽ പ്രവൃത്തിപരിചയം(Work experience) പഠിപ്പിക്കാൻ പ്രത്യേകം അദ്ധ്യാപകൻ ഇല്ലെങ്കിലും കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ മറ്റുള്ള അദ്ധ്യാപരെല്ലാം തയ്യാറാണ്. അങ്ങനെ ജീവന്റെ ബുക്ക് ബൈന്റിംഗ് വഴി ക്ലാസ്സുകളിൽ ആവശ്യമായ കൈയെഴുത്തു മാസികകളെല്ലാം തയ്യാറാക്കി. ഒൻപതാം ക്ലാസ്സിലെത്തിയപ്പോൾ ബുക്ക് ബൈന്റിംഗിൽ 3 മണീക്കൂറിനുള്ളിൽ 200 പേജുകൾ വീതമുള്ള ആറ് നോട്ട് ബുക്കുകൾ ഉണ്ടാക്കിയ ജീവൻ ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ആയതിനാൽ സംസ്ഥാനതലത്തിൽ മത്സരിക്കാനാവാത്തതിൽ അവൻ വളരെയധികം നിരാശപ്പെട്ടു.

                              ഇത്തവണ ജീവൻ പത്താം തരത്തിലാണ്; അവന്റെ ക്ലാസ്‌ടീച്ചർ ഞാനാണ്. ജില്ലാതല മത്സരത്തിൽ ഏഴ് പുസ്തകം ബൈന്റ് ചെയ്ത അവന്റെ ടാർജറ്റ് 8 നോട്ട്‌ബുക്കുകളാണ്. സംസ്ഥാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടുക എന്നത് അവന്റെ ഒരു ലക്ഷ്യമാണ്. കാരണം അതുവഴി ലഭിക്കുന്ന ഗ്രെയ്സ് മാർക്കിലാണ് അവന്റെയും എന്റെയും പ്രതീക്ഷകൾ.
                             സഹയാത്രികരെയും കാത്തിരിക്കുന്ന ജീവനോടൊപ്പം റെയിൽ‌വെ സ്റ്റേഷനിൽ ഞാനും ഇരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലധികമായി. ജില്ലാതലത്തിൽ ചാർജ്ജുള്ള ടീം മാനേജർ പറഞ്ഞത് എല്ലാവരും കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ എത്താനാണ്. കൂടെപോകുന്ന മറ്റു വിദ്യാർത്ഥികളിൽ ചിലരെ ജീവൻ കണ്ടാൽ തിരിച്ചറിയും.
ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ ജീവൻ കൈ ചൂണ്ടിയിട്ട് പറഞ്ഞു,
“ടീച്ചറെ, അത് രതീഷ്, ടോയ് മെയ്ക്കിംഗിൽ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയവനാണ്”
ജീവനെക്കാൾ ചെറിയ ഒരു പയ്യൻ സമീപത്തേക്ക് നടന്നുവന്നു. അവന്റെ കൂടെയുള്ളത് എനിക്കറിയുന്ന ഒരു ഹൈ‌സ്ക്കൂൾ അദ്ധ്യാപികയാണ്.

ടീച്ചർ എന്നെ സമീപിച്ച ഉടനെ ഒരു ചോദ്യം,
“മേളയിൽ പങ്കെടുക്കുന്നത് മകനായിരിക്കും, ഏതാണ് ഐറ്റം?”
ഇങ്ങനെയൊരു ചോദ്യം ഞാൻ കേൾക്കുന്നത് ആദ്യമായിട്ടല്ല; കൂടെയുള്ളവരെല്ലാം ബന്ധുക്കളാണെന്ന മുൻധാരണയാണ് എല്ലാ മലയാളിക്കും. സ്ക്കൂളിനു വെളിയിൽവെച്ച്, അദ്ധ്യാപികയുടെ കൂടെയുള്ള കുട്ടി മകനോ മകളോ ആണെന്ന് മറ്റുള്ളവർ ഉറപ്പിക്കും. ഞാൻ മറുപടി പറഞ്ഞു,
“മകനല്ല ശിഷ്യനാണ്,,, ഐറ്റം ബുക്ക് ബൈന്റിംഗ്; ഈ കുട്ടി മകനായിരിക്കും, ടീച്ചറും ഒപ്പം പോകുന്നുണ്ടോ?”
“ഇത് എന്റെ മകനാണ്, കൂടെ ഞാനും പോയില്ലെങ്കിൽ ഇവനെല്ലാം കൊളമാക്കും. ഇപ്പോഴിവൻ എസ്.എസ്.എൽ.സി. ആയതുകൊണ്ട്, ടോയ് മെയ്ക്കിംഗിൽ പുതിയ ഐറ്റം പഠിക്കാൻ രണ്ട് മാസത്തെ ട്രെയിനിംഗിനാ പോയത്. ഫസ്റ്റ് കിട്ടിയാൽ ഗ്രെയ്സ് മാർക്കുണ്ടല്ലൊ”
ടീച്ചറുടെ നോട്ടം ഗ്രെയ്സ് മാർക്കിലാണ്, എന്നാൽ എനിക്ക് സംശയം വർദ്ധിച്ചു,
“അതെങ്ങനെയാ ടീച്ചറേ മകൻ എസ്.എസ്.എൽ.സി. യല്ലെ? ധാരാളം പഠിക്കാനുള്ളപ്പോൾ എങ്ങനെയാ ‘രണ്ട് മാസം’ ട്രെയിനിംഗിന് പോയത്?”
“ട്രെയിനിംഗിന് പോയത് മകനല്ല, ഞാനാണ്; കഴിഞ്ഞ വെക്കേഷനിൽ രണ്ട് മാസം ‘ടോയ് മെയ്ക്കിംഗ്’ പഠിക്കാൻ ‘കോയമ്പത്തൂരിൽ’ പോയി. എന്നിട്ട് ഇവനെ ഞാനത് പഠിപ്പിച്ചു”
“ഏതായാലും ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്തതുകൊണ്ട്, ഇത്തവണ ടീച്ചറുടെ ഗവണ്മെന്റ് സ്ക്കൂളിന് ഒന്നാം സ്ഥാനം ഉറപ്പിക്കാമല്ലൊ”
“അതെങ്ങനെയാ എന്റെ സ്ക്കൂളിന് നേട്ടമുണ്ടാകുന്നത്? എന്റെ മകൻ പഠിക്കുന്നത് തൊട്ടടുത്ത പ്രൈവറ്റ് സ്ക്കൂളിലാണ്”
“അതെയോ? അതെന്താ സ്വന്തം സ്ക്കൂളിൽ മകനെ ചേർക്കാഞ്ഞത്?”
എന്റെ മക്കളെല്ലാം ഞാൻ പഠിപ്പിക്കുന്ന ഗവണ്മെന്റ് സ്ക്കൂളിൽ പഠിച്ചതുകൊണ്ട് ഇങ്ങനെയൊരു ചോദ്യം ധൈര്യമായി എനിക്ക് ചോദിക്കാം. ടീച്ചർ മറുപടി പറഞ്ഞു,
“എന്റെ സർക്കാർ സ്ക്കൂളിൽ ഞാൻ മാത്രമേ നന്നായി പഠിപ്പിക്കുന്നുള്ളു; മറ്റുള്ളവരെല്ലാം ഒഴപ്പന്മാരായതിനാൽ തൊട്ടടുത്ത സ്ക്കൂളിൽ മകനെ ചേർത്തു”
ടീച്ചർ പറഞ്ഞതോർത്ത് എനിക്ക് ചിരി വന്നു.
                           അപ്പോഴേക്കും വിദ്യാർത്ഥികളും അദ്ധ്യാപകരുമായി അനേകംപേർ വന്നു. യാത്ര പോകാനുള്ളവർക്ക് ബുക്ക് ചെയ്ത ടിക്കറ്റുകളുമായി വന്ന ‘ടീം മാനേജർ’, വിദ്യാർത്ഥികളെ ഒന്നിച്ച് നിർത്തിയിട്ട് നിർദ്ദേശങ്ങൾ നൽകുമ്പോൾ ജിവനും അവരിലൊരാളായി മാറി. എല്ലാവരും ചേർന്ന് ഫ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ നേരത്ത് ജീവനോട് യാത്രപറഞ്ഞ് ഞാൻ പുറത്തിറങ്ങി.
  
                          എന്റെ വിദ്യാലയത്തിന് ഒരു സമ്മാനം, അതാണ് എന്റെ പ്രതീക്ഷ. മൂന്ന് മണിക്കൂറിനുള്ളിൽ കടലാസുകൾ എണ്ണിനോക്കി മുറിച്ച്, കട്ടിയുള്ള നൂല്‌കൊണ്ട് തുന്നിക്കെട്ടി, പശതേച്ച്, റെക്സിനും ഫാൻസി പേപ്പറും ഒട്ടിച്ച്, ഉളികൊണ്ട് അളന്നുമുറിച്ച് അവൻ നിർമ്മിക്കുന്നത് എട്ട് നോട്ട്‌ബുക്കുകൾ; ഇത്തവണ ജീവനെ ജയിക്കാൻ മറ്റാരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മത്സരങ്ങൾക്ക് ഗ്രെയ്‌ഡ് കൊടുക്കുന്ന രീതി വരുന്നതിന് മുൻപായതിനാൽ, ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നീ സ്ഥാനങ്ങൾക്ക് മാത്രമാണ് പരിഗണനകളുള്ളത്. പ്രതീക്ഷകൾ പുലർത്തിക്കൊണ്ട് വർദ്ധിച്ച സന്തോഷത്തോടെ ഞാൻ വീട്ടിലേക്കുള്ള ബസ്‌കയറി.

                           രണ്ട് ദിവസം കഴിഞ്ഞപ്പോൾ പത്രത്തിലൂടെ എനിക്ക് അറിയാൻ കഴിഞ്ഞു, പ്രതീക്ഷിച്ചതുപോലെയൊന്നും സംഭവിച്ചില്ല. ‘ബുക്ക് ബൈന്റിംഗിൽ കണ്ണൂർ ജില്ലക്ക് ഒന്നാം സ്ഥാനം ഇല്ല’, അതായത് ജീവന് ഒന്നാം സ്ഥാനം കിട്ടിയില്ല. സാരമില്ല, രണ്ടും മൂന്നും സ്ഥാനങ്ങൾ ബാക്കിയുണ്ടല്ലൊ,,,

                           സംസ്ഥാന മത്സരത്തിന് ശേഷം തിരിച്ചുവന്ന ജീവൻ സ്ക്കൂളിലെത്തിയ അന്ന് രാവിലെ എന്റെ സമീപം വന്നു. മത്സര സമയത്ത് അവൻ നിർമ്മിച്ച് എട്ട് നോട്ട്‌ബുക്കുകൾ എനിക്ക് തന്നു. അതിൽ രണ്ടെണ്ണം അവന് നൽകിയിട്ട് കാര്യങ്ങൾ ഓരോന്നായി ഞാൻ ചോദിച്ചു. അവൻ പറഞ്ഞ സംഭവങ്ങൾ കേട്ട് ഞാൻ ഞെട്ടി,
“ടീച്ചറെ സമ്മാനമൊന്നും കിട്ടിയില്ല, അത് കിട്ടാൻ അല്പം തട്ടിപ്പൊക്കെ പഠിക്കണം”
“നീയെന്താ പറയുന്നത്? തട്ടിപ്പോ?”
“ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ സമർത്ഥന്മാർ കൊണ്ടുപോയി. ഒന്നാം സ്ഥാനക്കാരി പതിനാല് നോട്ട്‌ബുക്ക് ബൈന്റ് ചെയ്തു, രണ്ടാം സ്ഥാനക്കാരി ഉണ്ടാക്കിയത് പന്ത്രണ്ട് നോട്ട്‌ബുക്ക്”
“മൂന്ന് മണിക്കൂറിനുള്ളിൽ 200 പേജുള്ള പതിനാല് പുസ്തകം ഉണ്ടാക്കാനോ?”
“അതെ ടീച്ചറെ, അവൾ എന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു, മത്സരം തുടങ്ങുന്നതിന് മുൻപ് എല്ലാവരും ‌കൊണ്ടുവന്ന സാധനങ്ങളെല്ലാം ജഡ്ജസ് പരിശോദിച്ചതായിരുന്നു. ഈ ഒന്നാം സ്ഥാനക്കാരി ഏതാനും കടലാസുകൾ മുറിച്ചതല്ലാതെ ഒരു നോട്ട്‌ബുക്ൿപോലും നിർമ്മിച്ചതായിട്ട് ഞാൻ കണ്ടിട്ടില്ല”
“പിന്നെ എങ്ങനെയാ ഒന്നാം സ്ഥാനം കിട്ടിയത്?”
“മൂന്ന് മണിക്കൂറും ആ കുട്ടി ഇടയ്ക്കിടെ എന്റെ പണി നോക്കിയിരിക്കുകയായിരുന്നു. എന്നാൽ ജഡ്ജസ് വന്നപ്പോൾ ആ കുട്ടിയുടെ മുന്നിൽ പതിനാല് നോട്ട്‌ബുക്കുകൾ!!!”
ജീവൻ പറയുന്നതെല്ലാം ഒരു കഥ കേൾക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്,
“അപ്പോൾ അതെങ്ങനെ???”
“കൂടെയുള്ള ഒരു കുട്ടി പറയുന്നതുകേട്ടു, ‘അവളുടെ സ്യൂട്ട്‌കെയിസിന്റെ അടിവശത്തുള്ള രഹസ്യഅറയിൽ നിന്ന്, ആദ്യമേ നിർമ്മിച്ച നോട്ട് പുസ്തകങ്ങൾ അടുക്കിവെച്ചത് പുറത്തെടുത്തതായിരിക്കും’, എന്ന്”
“എന്നിട്ട് ഈ കള്ളത്തരം ആരും കണ്ടില്ലെ?”
“ടീച്ചറെ, സമ്മാനം കിട്ടാൻ ഇങ്ങനെയെല്ലാം ചെയ്യുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? നമുക്ക് നല്ലത് പഠിച്ച് നല്ലമാർക്ക് വാങ്ങി പാസ്സാവുന്നതാണ്”
തട്ടിപ്പ് നടത്തുന്നവരെ ജയിക്കാൻ പ്രയാസമാണെന്ന് ജീവനും ഞാനും തിരിച്ചറിഞ്ഞു.

                         ‘വിദ്യാർത്ഥികൾ പഠനത്തിനാണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടത്, മറ്റെല്ലാം പിന്നീട്’ എന്ന ആശയം അവനിൽ‌നിന്നും ഞാൻ മനസ്സിലാക്കി. ജീവൻ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി; ഒപ്പം വിദ്യാർത്ഥികളുടെ പഠനത്തിൽ മാത്രമായി എന്റെ ശ്രദ്ധ. എസ്.എസ്.എൽ.സി. ക്ക്,100% വിജയം,,, അത് എന്റെ വിദ്യാലയത്തിലെ കുട്ടികൾ നേടിയെടുത്തു; അന്ന് മാത്രമല്ല, വർഷങ്ങൾക്ക് ശേഷം, ഇപ്പോഴും വിജയം തുടരുന്നു.

                         ജീവൻ പത്താം തരത്തിൽ നല്ലമാർക്കോടെ പാസ്സായെങ്കിലും തുടർപഠനം ഒഴിവാക്കി ജോലി ചെയ്യാൻ തുടങ്ങി. മറ്റുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കളെ ആശ്രയിച്ച് പഠനം തുടരുമ്പോഴും ജീവൻ സ്വന്തമായി അദ്ധ്വാനിച്ച് സാമ്പത്തികമായി ഉയർന്നിരുന്നു. ജീവിക്കാൻ പഠിച്ച ജീവന്റെ ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്നു.

23 comments:

 1. ആദ്യ comment എന്റെ വക തന്നെ ആയിക്കോട്ടെ... :)

  ജീവനിലൂടെ പഠിച്ചത് വലിയ ഒരു പാഠം തന്നെയാ ടീച്ചറെ തട്ടിപ്പ് നടത്തി ജീവിക്കുന്നവരെ ജയിക്കുവാന്‍ വലിയ പ്രയാസം തന്നെയാ അല്ലെങ്കില്‍ നമ്മള്‍ അതിനേക്കാള്‍ സമര്‍ത്ഥര്‍ ആയിയിരിക്കണം. അന്ന് അങ്ങനെയാണ് സംഭവിച്ചതെങ്കിലും ഇന്നിപ്പോള്‍ ആ കഴിവുകള്‍ ജീവന്റെ ഏറ്റവും വലിയ ശകതിയാണല്ലോ അന്ന് ഇതില്‍ നിന്നൊക്കെ മനസ് മടുത്ത് ഈ പരിപാടികളൊക്കെ ജീവന്‍ നിര്‍ത്തിയിരുന്നെങ്കിലോ ഏതായാലും അങ്ങനെ തോന്നിയില്ലല്ലോ ഭാഗ്യം... ഞാന്‍ ഇതില്‍ നിന്നും പഠിച്ച മറ്റൊരു പാഠം ഇതാണ് നമ്മുടെ മനസ് പറയുന്നതിന് അനുസരിച്ച്, നമ്മുടെ ഇഷ്ട്ടതിനു അനുസരിച്ച് ചെയ്യേണ്ടത് ചെയ്തുകൊണ്ടെയിരിക്കുക അതിന്റെ ഫലത്തെ കുറിച്ച് ചിന്തിക്കാതിരിക്കുക അത് താനേ വന്നു ചേര്‍ന്ന് കൊളളും... അല്ലേ ടീച്ചറെ??

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/
  (പുതിയ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. വായിക്കുമെന്ന് വിശ്വസിക്കുന്നു)

  ReplyDelete
 2. എന്റെ സ്ക്കൂളിൽ ഞാൻ മാത്രമേ നന്നായി പഠിപ്പിക്കുന്നുള്ളു; മറ്റുള്ളവരെല്ലാം ഒഴപ്പന്മാരായതിനാൽ തൊട്ടടുത്ത സ്ക്കൂളിൽ മകനെ ചേർത്തു”
  ഹ.. ഹ...ഹാ....

  എന്താ ചെയ്യ്യാ ടീച്ചറെ.. മൂല്യച്യുതികൾ മാത്രം പിന്നെ അഴിമതിയും എല്ലാ മേഘലകളിലും മത്സരങ്ങളിലും ഇതുതന്നെ സ്ഥിതി. സ്വയം അറപ്പും വെറമ്പ്പും തോന്നിക്കുന്നു.....

  നന്നായി എഴുതി, അഭിനന്ദനങ്ങൾ.

  ReplyDelete
 3. Touching Story....പിന്നെ സർക്കാർ സ്കൂളിലൊക്കെ ആരെങ്കിലും പഠിക്കുമോ...അതൊരു യാഥാർഥ്യമല്ലേ....നല്ല സൌകര്യങ്ങളോ കോച്ചിങ്ങോ മിക്കയിടത്തും ലഭിക്കാറില്ല...

  ReplyDelete
 4. ഹ്മം..... ‘മതമില്ലാത്ത ജീവന്‍‍‘ എന്ന് കണ്ടപ്പൊ വേറെ എന്തൊക്കെയോ ആണ്‍ കരുതിയത്. എന്തായാലും നല്ലൊരു അനുഭവം പങ്കുവച്ചതില്‍ സന്തോഷം. ഇടക്ക് മറ്റേ ടീച്ചര്‍‍ക്കിട്ട് ഒരു തട്ട്....ഉം ഉം... ;)

  ടീച്ചറേ...... ആ ചെറുക്കനെ കാണുവാണേല്‍ ഒന്ന് ഉപദേശിക്ക്. ഗള്‍ഫിലോട്ടൊന്നും കേറി പോവണ്ടാന്ന്. ശ്ശോ!

  ReplyDelete
 5. ടീച്ചറെ,
  നല്ല അവതരണം... ഒരു മോശം അനുഭവത്തെപ്പറ്റിയാണെങ്കിലും.. കള്ളനാണയങ്ങള്‍ എല്ലായിടത്തുമുണ്ട്...

  ReplyDelete
 6. സത്യാ സന്ത്യതയുടെ അംശം നഷ്ട പെട്ട ലോകത്ത് നിന്ന് ഇങ്ങനെ കുരുന്നു ജീവന്‍ തളിര്‍ത്ത് വലുതാവട്ടെ
  ടീച്ചറെ ജീവനോട്‌ പറയൂ സംസ്ഥാനത്ത് ഒന്നാമന്‍ ആവാന്‍ അവനു കഴി ന്ജില്ലെങ്കിലും വേണ്ട ഇന്ന് അവന്‍ എന്റെ മനസ്സില്‍ ഒന്നാമന്‍ ആണ് നേടി എടുക്കുക എന്നാ ദൌത്ത്യത്തിനു മുന്പില്‍ എല്ലാം മറക്കുന്ന മാനവരില്‍ മനുഷ്യ നന്മ നഷ്ടപെടാത ജീവന്‍ അവന്‍ തന്നെ ആണ് ഒന്നാമന്‍
  ജീവാ നിനക്ക് കൊമ്പന്റെ ഒരായിരം അഭിനന്ദനങ്ങള്‍

  ReplyDelete
 7. നമ്മുടെ ടീച്ചര്‍മാര്‍ക്കും "നല്ല" വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ട് അല്ലെ ടീച്ചറെ? [മിനി ടീച്ചറുടെ പരിചയക്കാരിയായ ടീച്ചറെക്കുറിച്ച് പറഞ്ഞപ്പോള്‍ ദിവാരേട്ടന് തോന്നിയതാണേ...]

  ReplyDelete
 8. വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം ഉന്നത ജോലി സമ്പാദിക്കല്‍ ആണ് എന്നാ മിഥ്യാ ധാരണയില്‍ ജീവിക്കുന്നവരാണ് ഏറെപ്പേരും ..മക്കളെ ഡോക്റ്ററും എന്ജിനീയരും ,വക്കീലും ഒക്കെ ആക്കാന്‍ മാതാപിതാക്കള്‍ മത്സരിക്കും , താല്പര്യം ഇല്ലെങ്കില്‍ കൂടിയും പതിനായിരങ്ങള്‍ ചിലവിട്ടു അവരെ നൃത്തവും പാട്ടും പഠിപ്പിച്ചു കലാതിലകമാക്കാനുള്ള വ്യഗ്രതയോടെ കൊല്ലാക്കൊല ചെയ്യും ..ഒരു രക്ഷയും ഇല്ലെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി സീറ്റുകളും സമ്മാനങ്ങളും സ്ഥാന മാനങ്ങളും വാങ്ങി നല്‍കി ഭാവി ജീവിതം ഉറപ്പിക്കും ....
  നല്ല മനുഷ്യരായി ,സംസ്കാരവും സഹജീവികളോട് സഹാനു ഭൂതിയും ഉള്ള വരായി കുട്ടികള്‍ മാറിതീരാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസമാണ് അവര്‍ക്ക് നല്‍കേണ്ടതെന്ന കടമ എല്ലാവരും മറക്കുന്നു . സ്വാശ്രയ ബോധം നല്‍കുന്ന വിദ്യാഭ്യാസം ..
  അക്കാര്യത്തില്‍ ടീച്ചറിന്റെ ശിഷ്യന്‍ ജീവന് ഒന്നാം റാങ്കു നേടാന്‍ കഴിഞ്ഞു ...എന്ന് അഭിമാനിക്കാം .
  ജീവനെ പോലെയുള്ള ഒന്നാം തരം കുട്ടികള്‍ക്കെ നമ്മുടെ നാടിനെ രക്ഷിക്കാന്‍ കഴിയൂ ..

  ReplyDelete
 9. @Jenith Kachappilly-,
  ആദ്യമായി വന്ന് അഭിപ്രായം എഴുതിയതിന് നന്ദി. ജനിതകം സ്ഥിരമായി വായിക്കാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ponmalakkaran | പൊന്മളക്കാരന്‍-,
  അദ്ധ്യാപകർ എല്ലാവരും അത്തരക്കാരല്ല; എങ്കിലും ഇങ്ങനെയുള്ള ചിലരെ നമ്മൾ പരിചയപ്പെടാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Pony Boy-,
  പോണിക്കുട്ടാ ഇപ്പോൾ മത്സരം സർക്കാർ സ്ക്കൂളിൽ പഠിക്കാനാണ്. ‘മാണിക്ക്യക്കല്ല്’ സിനിമ കാണുക, അത്‌പോലെ തലശ്ശേരിയിലെ ഒരു വിദ്യാലയത്തിൽ സംഭവിച്ചതാണ്. ഇപ്പോൾ 11 ഹൈസ്ക്കൂൾ തൊട്ടടുത്ത് ഉണ്ടെങ്കിലും കുട്ടികൾ അഡ്‌മിഷനുവേണ്ടി മത്സരിക്കുന്നത് താലശ്ശേരിയിലുള്ള ഈ സർക്കാർ സ്ക്കൂളിലാണ്. എന്റെ സ്ക്കൂളിലും 100% sslc വിജയം മുതൽ കുട്ടികൾ ചേരാൻ മത്സരിക്കുകയാണ്. കണ്ണൂരിൽ ഏറ്റവും നന്നായി കോച്ചിംഗ് നടത്തുന്നത് സർക്കാർ വിദ്യാലയത്തിലാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ചെറുത്*-,
  മറ്റെന്തോ ചിന്തിച്ച് വന്നെങ്കിലും അഭിപ്രായം എഴുതിയതിന് നന്ദി.
  @വി ബി എന്‍-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 10. @കൊമ്പന്‍-,
  ജീവനെ പിന്നീടും കാണാൻ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെല്ലാം ‘പുസ്തകമങ്ങിനെ തിന്നു മടുക്കുമ്പോഴും’ ജീവന്റെ ജീവിതം തളിർക്കുകയായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
  @ദിവാരേട്ടn-,
  അത്തരക്കാർ എന്റെ സ്ക്കൂളിൽ ഉണ്ടായാൽ മറ്റുള്ളവർ പറഞ്ഞ് ശരിയാക്കും. “സ്വന്തം കുട്ടിയെ ഇവിടെ ചേർക്കുന്നില്ലെങ്കിൽ നിങ്ങൾ ഇവിടെ പഠിപ്പിക്കരുത്, ട്രാൻസ്ഫർ വാങ്ങി പോകണം” എന്ന്. അങ്ങനെ പോയവരും ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @രമേശ്‌ അരൂര്‍-,
  ശരിക്കും ജീവൻ വിജയിക്കുകയാണ്. അവനും സഹോദരങ്ങളും അദ്ധ്വാനിച്ച് വിജയിച്ചു. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 11. ടീച്ചറെഴുതിയത് മുഴുവനും സത്യം ആണ്. എന്റെയും കൂടി സ്ക്കൂൾ അനുഭവം. ബുക് ബൈൻഡിംഗ് അല്ല,എന്ന് മാത്രം. പിന്നെ ഞാൻ ജീവനെപ്പോലെ മിടുക്കിയായി ആ അവസ്ഥയെ അതി ജീവിച്ചില്ല. സങ്കടം കൊണ്ട് തരിപ്പണമായി.

  നല്ലെഴുത്ത്. അഭിനന്ദനങ്ങൾ.

  ReplyDelete
 12. അവതരണം നന്നായ് ടീച്ചറെ........ജീവന്‍ സ്വയം-പരിയാപ്തത നേടിയ കുട്ടി ആണ് .......അവന്‍ ജീവിതത്തില്‍ തോല്കില്ല.....ആശംസകള്‍.

  ReplyDelete
 13. @Echmukutty-,
  പലപ്പോഴായി അനേകം മത്സരങ്ങൾക്ക് കുട്ടികളെ പരിശീലിപ്പിച്ച് വേദിയിൽ അയക്കുമ്പോൾ മനസ്സുകൊണ്ട് ഞാനും മത്സരിക്കാറുണ്ട്. ജീവൻ ഒന്നാം സ്ഥാനം നേടുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു. ശരിക്കും മനസ്സിൽ തട്ടിയ അനേകം മത്സര അനുഭവങ്ങൾ (എന്റേത് അല്ല)എനിക്ക് ഉണ്ടായിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഷാജി-,
  ജീവിക്കാൻ ശരിക്കും പഠിച്ചവനാണ് ജീവൻ. അവനെ പിന്നീട് പലപ്പോഴായി ഞാൻ കാണാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 14. avatharanam nannayi. enkilum, jeevane prathikarikkan onnu prerippikkukayenkilum cheyyamaayirunnu. onnaam sammaanam kittiya kutti, aarum prathikarikkaathathukondu itharam cheriya cheriya thattippukalude aposthala aayitheernnirikkum ippol...

  ReplyDelete
 15. ഞാനും ഇവിടെ ചേര്‍ന്ന് സെഞ്ചുറി പൂര്‍ത്തിയാക്കുന്നു.(ഫോല്ലോവേര്‍ കാര്യമാ.)
  www.absarmohamed.blogspot.com

  ReplyDelete
 16. @Gurudas Sudhakaran-,
  തട്ടിപ്പുകൽ തിരിച്ചറിയലാണ് ഉണ്ടായത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Absar-,
  സെഞ്ചുറി പൂർത്തിയാക്കാൻ സഹായിച്ചതിന് നന്ദി.

  ReplyDelete
 17. “എന്റെ സർക്കാർ സ്ക്കൂളിൽ ഞാൻ മാത്രമേ നന്നായി പഠിപ്പിക്കുന്നുള്ളു; മറ്റുള്ളവരെല്ലാം ഒഴപ്പന്മാരായതിനാൽ തൊട്ടടുത്ത സ്ക്കൂളിൽ മകനെ ചേർത്തു”

  ആഹാ! ചില്ലിട്ടു വെക്കേണ്ട ഡയലോഗ്‌ :)

  ReplyDelete
 18. ജിവന്റെ കഥ വായിച്ചു. ചിലയിടങ്ങള്‍ വായിച്ചപ്പോള്‍ അറിയാതെ കണ്ണ് നനഞ്ഞു. കാരണം അത് എന്റെ കൂടെ കഥ ആണ് . നന്ദി ടീച്ചര്‍

  ReplyDelete
 19. @കുമാര്‍ വൈക്കം-,
  അങ്ങനെയും ചിലരെ കാണാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @Ravanan-,
  ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടാവും, അഭിപ്രായം എഴുതിയതിന് നന്ദി.
  മതമില്ലാത്ത ജീവനെ മാത്രം പരിചയമുള്ള മലയാളിക്ക്, മതമുള്ള ജീവനെ പരിചയപ്പെടുത്തിയത് വായിച്ച എല്ലാവർക്കും ഒന്നുകൂടി നന്ദി.

  ReplyDelete
 20. adhyaapaka jeevithathile itharam anubhavangal gruhaathurathwam aanu..oppam nashttabodhavum thonnunnu..

  ReplyDelete
 21. 100 % ശതമാനം വിജയം കൊയ്യുന്ന സ്കൂളിലെ ടീച്ചര്‍ക്ക് ആദ്യമേ അഭിനന്ദനം.

  ഗ്രേസ് മാര്‍ക്കിനും പ്രശസ്തിക്കും വേണ്ടി കുട്ടികളെ കള്ളത്തരം പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് സ്വന്തം കഴിവിലുള്ള ആത്മവിശ്വാസത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന ജീവനെപ്പോലുള്ളവര്‍ മാതൃകയാവട്ടെ. നല്ല പോസ്റ്റ്. മാത്രമല്ല നല്ലൊരു അദ്ധ്യാപികയുടെ മനസ്സും ഈ പോസ്റ്റില്‍ കാണാം.

  ReplyDelete
 22. അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി. ജാതിയും മതവും ഉള്ള എന്റെ പ്രീയശിഷ്യൻ ‘ജീവൻ’ ഇന്നലെ രാത്രി എന്നെ ഫോൺ ചെയ്തു. അവൻ ചുമർ ചിത്രങ്ങളുടെ നിർമ്മാണത്തിലാണ് (മ്യൂറൽ പെയിന്റിംഗ് തൊഴിലാക്കി മാറ്റിയിരിക്കുന്നു) വളരെ നേരം സംസാരിച്ചെങ്കിലും ബ്ലോഗിൽ അവനെക്കുറിച്ചെഴുതിയത് ഞാൻ പറഞ്ഞില്ല. നേരിട്ട് കണ്ടാൽ പറയും.

  ReplyDelete
 23. ടീച്ചര്‍ പറഞ്ഞത് ശരിയാണ് തട്ടിപ്പും വെട്ടിപ്പും ചെയ്യുന്നവരെ ജയിക്കു.എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ് എന്റെ പി.ജി പ്രോജെച്ടിന്റെ സമയത്ത് ഒരു പെണ്‍കുട്ടിയും കൂടെ ഉണ്ടായിരുന്നു.അവള്‍ ഒന്നും തന്നെ ചെയ്യരില്ലയിരുന്നു .അവളുടെ ഗൈഡ് എല്ലാം ചെയ്തു കൊടുക്കും .കാരണം എന്താണെന്നു ഇതുവരെ മനസിലയിടില്ല.ഇവള്‍ ഒക്കെ ആണ് ഇനി ഉള്ള തലമുറയെ ഒക്കെ പടിപിക്കാന്‍ പോകുന്നെ .....

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.