“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 29, 2011

ഞങ്ങൾ പോവുകയാണ്…1,2,3,5,10,20,25…

                       നിങ്ങൾ ഞങ്ങളെ തഴഞ്ഞെങ്കിലും ഇത്രയും കാലം ഞങ്ങൾ നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇനിയുള്ളകാലത്ത് ഔദ്യോഗികമായി ഞങ്ങൾ ഇല്ലാതാവുകയാണ്. ഇത്രയും കാലം നിങ്ങളെ സേവിക്കാൻ അവസരം തന്നതിന് എല്ലാവരോടും നന്ദി പറയുന്നു.
നന്ദി, ഒരായിരം നന്ദി.
നാണയങ്ങളുടെ കൂട്ടത്തിൽനിന്നും വിടപറയുന്ന ഞങ്ങൾ ഏഴ്‌പേരുണ്ട്,
‘1,2,3,5,10,20,25’
 നി ഓർമ്മകളിലൂടെ,,,
                          ആറാം തരത്തിൽ പഠിക്കുമ്പോൾ കശുമാവ് (പറങ്കിമാവ്) ധാരാളമുള്ള വഴികളിലൂടെയാണ് എന്റെയും കൂട്ടുകാരുടെയും യാത്രകൾ. സ്ക്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള പറമ്പുകളെല്ലാം ഞങ്ങൾക്ക് സ്വന്തമാണ്. മാങ്ങ, കശുമാങ്ങ, നെല്ലിക്ക, പേരക്ക, പിന്നെ പേരറിയാത്ത പലതരം മരങ്ങളിൽനിന്നെല്ലാം താഴെ വീണതും വീഴാത്തതുമായ പഴങ്ങൾ, എല്ലാം നമുക്ക് സ്വന്തം. പുസ്തകസഞ്ചിയുമായി നടക്കുന്നതിനിടയിൽ പെൺകുട്ടികളും ആൺകുട്ടികളും കാൽ‌വിരലുകൾ ഉപയോഗിച്ച് കശുവണ്ടി (അണ്ടി) കട്ടെടുക്കുന്നത് ഒരിക്കലും ഉടമസ്ഥൻ അറിയാറില്ല.
                      എല്ലാവരും ചേർന്ന് മാട്ടിയ അണ്ടികളുടെ എണ്ണം കൂടിയാൽ വഴിയിലുള്ള പീടികയിൽ അണ്ടികൾ വിൽക്കും. 4അണ്ടിക്ക് 1 പൈസ (ആദ്യം നയാപൈസ എന്നാണ് അറിയപ്പെട്ടത്, പിന്നീട് പൈസ മാത്രമായി) വെച്ച് കച്ചവടക്കാരൻ തരും. അങ്ങനെ അണ്ടിവിറ്റ് പണം കിട്ടിയാൽ ഓരോരുത്തരും അതിൽ ഒരു പൈസ തിരിച്ചുകൊടുത്ത്, ഒരാണി വെല്ലം(ശർക്കര) അല്ലെങ്കിൽ മൂന്ന് നാരങ്ങമിഠായി എന്നിവയിൽ ഏതെങ്കിലും വാങ്ങിയിട്ട്, അവ നുണഞ്ഞ്‌തിന്നുകൊണ്ട് നമ്മൾ ആണും പെണ്ണും അടങ്ങിയ കൂട്ടങ്ങളായി തിരമാലകളുടെ സംഗീതത്തോടൊപ്പം കടൽക്കാറ്റേറ്റ് വീട്ടിലേക്ക് നടക്കും. തീരപ്രദേശ ഗ്രാമവും ഗ്രാമീണരും അന്ന് ഞങ്ങൾ കുട്ടികൾക്ക് സ്വന്തം.  

                        ചൊവ്വ ഹൈസ്ക്കൂളിൽ (നമ്മുടെ ഭൂമിയിൽതന്നെ കണ്ണൂരിലുള്ള ചൊവ്വ) പഠിക്കുമ്പോൾ, വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ നടന്ന് ‘തോട്ടട’ നാഷനൽ ഹൈവേയിൽ എത്തിയിട്ട്, ബസ്സിൽ കയറിയാൽ കണ്ടക്റ്റർക്ക് 8 പൈസ കൊടുക്കണം. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ചാർജ്ജ് ഈ കൺസഷൻ ലഭിക്കാൻ അന്ന് ബസ് മുതലാളി ഒപ്പിട്ട് സീല് വെച്ച കാർഡ് കൈയിൽ കരുതണം. അതുകൊണ്ട്, എല്ലാവർക്കും എല്ലാ ബസ്സിനും പാസ് ഉണ്ടായിരിക്കില്ല. ‘വിദ്യാർത്ഥി ആണെങ്കിലും കണ്ടക്റ്ററെ പാസ് കാണിച്ചില്ലെങ്കിൽ കൺസഷൻ ലഭിക്കാത്ത കാലമായതിനാൽ പാസ് എടുക്കാൻ മറന്നാൽ ഫുൾ ചാർജ്ജ് കൊടുക്കണം’. അങ്ങനെ എട്ട് പൈസയുടെ ഒറ്റനാണയം ഇല്ലാത്തതുകൊണ്ട്, ചില്ലറകളായി നൽകും.
പലരും കൊടുക്കുന്നത് 10 പൈസ ആയിരിക്കും.
                         അപ്പോൾ കണ്ടക്റ്റർ ബാക്കി 2 പൈസ തന്നില്ലെങ്കിൽ ബസ്സിൽനിന്നും ഇറങ്ങുന്നതിനിടയിൽ ചോദിച്ച് വാങ്ങും.

                           ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഒരുദിവസം അച്ഛൻ എനിക്ക് തരുന്നത് 25 പൈസ. അതിൽ 8 + 8 പൈസ ബസ്സ്‌ചാർജ്ജ് കൊടുത്ത് ബാക്കി 9 പൈസ സ്വന്തം. അങ്ങനെയുള്ള 9 പൈസകൾ വർദ്ധിച്ചാൽ ഇന്റർവെൽ നേരത്ത് കേന്റീനിൽ പോയി പെൺപടകൾക്കിടയിൽ ഞാനും ഇടിച്ചുകയറിയിട്ട്, ചായയും ഉണ്ടക്കായയും വാങ്ങിത്തിന്നും. ഒരു ഗ്ലാസ്സ് ചായക്ക് 6 പൈസ കൊടുക്കണം. പെൺകുട്ടികൾ രാവിലത്തെ ഷിഫ്റ്റ് ആയതിനാൽ (8 മുതൽ 12.30 വരെ) ഉച്ചഭക്ഷണം എന്നും വീട്ടിലാണ്. പിന്നെ 8 പൈസ ലാഭിക്കാനായി പലപ്പോഴും നട്ടുച്ച നേരത്ത് ‘ടാറിട്ട റോഡിലൂടെ നടന്ന്’ വീട്ടിലേക്ക് പോയിട്ടുണ്ട്.

                          ശ്രീ നാരായണ കോളേജിൽ (കണ്ണൂർ) പഠിക്കുമ്പോൾ അഞ്ച് വർഷവും കൊടുത്ത ബസ് ചാർജ്ജ് 5 പൈസ വീതം.  അന്ന് മിനിമം ചാർജ്ജ് 10 പൈസ ആയിരുന്നു. ബസ്സിൽ കൊടുക്കാനായി 5 പൈസകൾ എന്നും കൈയിൽ കരുതുമായിരുന്നു. കോളേജിൽ എത്തിയപ്പോൾ അച്ഛന് ചിലവ് കൂടി; ഒരുദിവസം 50 പൈസ തരണം. ഉച്ചഭക്ഷണം കോളേജിലെ കേന്റീനിൽ നിന്നും കഴിക്കാൻ 25 പൈസ കൊടുത്ത് കൂപ്പൺ വാങ്ങണം.
                         കുട്ടിക്കാലത്ത് ഞാൻ ഉപയോഗിച്ച നാണയങ്ങളിൽ ഒന്ന് മുക്കാൽ എന്ന കാലണ ആയിരുന്നു. അതിൽ നടുക്ക് തുളയുള്ള ഓട്ടമുക്കാലും ഓട്ടയില്ലാത്ത മുക്കാലും ഉണ്ടായിരുന്നു. പതിനാറണ ഒരു ഉറുപ്പികക്ക് സമം. ഒരണയുടെ കാൽഭാഗമാണ് മുക്കാൽ എന്ന് പറയുന്ന കാലണ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലത്തെ ‘1947 ലെ’ ഓട്ടമുക്കാലാണ് ചിത്രത്തിലുള്ളത്.
                         ആദ്യകാലത്ത് വട്ടത്തിലുള്ള നയാപൈസ ആയിരുന്നു. നൂറ് നയാപൈസ ചേർന്നാൽ ഒരു രൂപ (ഉറുപ്പിക)
          അങ്ങനെ പണത്തിന്റെ പുരാണം തുടരുന്നു.  
 ‘`’
````````````````````````````````````````````````````````````````````````````````

13 comments:

  1. അഞ്ച് വർഷവും കൊടുത്ത ബസ് ചാർജ്ജ് 5 പൈസ വീതം. അന്ന് മിനിമം ചാർജ്ജ് 10 പൈസ ആയിരുന്നു. ബസ്സിൽ കൊടുക്കാനായി 5 പൈസകൾ എന്നും കൈയിൽ കരുതുമായിരുന്നു. കോളേജിൽ എത്തിയപ്പോൾ അച്ഛന് ചിലവ് കൂടി; ഒരുദിവസം 50 പൈസ തരണം. ഉച്ചഭക്ഷണം കോളേജിലെ കേന്റീനിൽ നിന്നും കഴിക്കാൻ 25 പൈസ കൊടുത്ത് കൂപ്പൺ വാങ്ങണം. അങ്ങനെ പണത്തിന്റെ പുരാണം തുടരുന്നു.

    ReplyDelete
  2. ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്. ഇതില്‍ 1 പൈസ ആദ്യം നയാപൈസ എന്ന പേരില്‍ അറിയപ്പെട്ടത് എന്ത്കൊണ്ടാണെന്ന് അല്പം വിശദീകരിക്കുന്നത് ഇപ്പോള്‍ കൌതുകകരമായിരിക്കും എന്നു തോന്നുന്നു.

    1957ല്‍ ആണ് നമ്മുടെ രാജ്യത്ത് അളവുതൂക്കങ്ങളില്‍ മെട്രിക്ക് (ദശാംശം‌) സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. അത് വരെ ബ്രിട്ടീഷ് സമ്പ്രദായമായിരുന്നു. നാണയങ്ങളില്‍ ബ്രിട്ടീഷ് കണക്ക് അനുസരിച്ച് മൂന്ന് കാശ് ചേര്‍ന്നാല്‍ ഒരു കാലണ, നാലു കാലണ ചേര്‍ന്നാല്‍ ഒരണ, 16 അണ ചേര്‍ന്നാല്‍ ഒരു രൂപ ഇങ്ങനെയായിരുന്നു നാണയങ്ങളുടെ മൂല്യം. 57ല്‍ മെട്രിക്കിലേക്ക് മാറിയപ്പോള്‍ 12x16=192 കാശ് സമം 1രൂപ എന്നത് 100 പൈസ സമം 1രൂപ എന്നായി. 1,2,3,5,10,20,25 ക്രമത്തില്‍ നാണയങ്ങളും പ്രചാരത്തില്‍ വന്നു. ഇതില്‍ അന്നത്തെ കാശും ഒരു പൈസയും തമ്മില്‍ വളരെ സാമ്യമുണ്ടായിരുന്നു. ഇവിടെ ഫോട്ടോയില്‍ കാണുന്നത് ചതുരാകൃതിയിലുള്ള പൈസയാണ്. അതില്‍ നയാപൈസ എന്നല്ല മറിച്ച് പൈസ എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത് എന്ന് കാണാം. ആദ്യത്തെ നയാപൈസ കാശ് പോലെ തന്നെ വൃത്താകൃതിയിലായിരുന്നു.

    മെട്രിക്ക് നാണയങ്ങളെ തിരിച്ചറിയാനാണ് പുതിയ പൈസ എന്ന അര്‍ത്ഥത്തില്‍ നയാപൈസ എന്ന് പേരിട്ടത്. ഒരു പൈസയില്‍ നയാപൈസ എന്നും ഒന്നില്‍ കൂടുതല്‍ പൈസകളില്‍ നയേ പൈസേ എന്നും ആലേഖനം ചെയ്യപ്പെട്ടു വന്നു.

    പിന്നീട് ആളുകള്‍ ഈ സമ്പ്രദായം പരിചയപ്പെട്ടപ്പോള്‍ നയാ എന്നത് എടുത്തുകളഞ്ഞു. പഴയ നാണയങ്ങള്‍ എല്ലാം സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ശേഖരിച്ചിരുന്നു. പിന്നെ എല്ലാം നഷ്ടപ്പെട്ടുപോയി. നാണയശേഖരം നല്ലൊരു ഹോബിയാണ്. ആ‍രുടെയെങ്കിലും കൈവശം പഴയ നാണയങ്ങള്‍ ഉണ്ടെങ്കില്‍ ഇത്പോലെ ഫോട്ടോ സഹിതം ബ്ലോഗില്‍ എഴുതിയാല്‍ നന്നായിരുന്നു :)

    ReplyDelete
  3. നാണയങ്ങളുടെ ഈ ഓര്മ ഇഷ്ടപ്പെട്ടു ...:)

    ReplyDelete
  4. ഇതൊക്കെ കണ്ട കാലം മറന്നു.

    ReplyDelete
  5. @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-,
    വളരെ വിശദമായ കുറിപ്പ് നൽകിയതിന് നന്ദി. ഏതാനും നാണയങ്ങൾ കൂടി ചേർത്തിട്ടുണ്ട്.
    @രമേശ്‌ അരൂര്‍-, MyDreams-, സിദ്ധീക്ക..-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  6. അണ, അരയണ ഒക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഓട്ടമുക്കാല്‍ ഉപയോഗിച്ചിട്ടില്ല . ഞങ്ങളുടെ കുട്ടിക്കാലമായപ്പോള്‍ അവ ഉപയോഗത്തില്‍ നിന്നു മാറി . പക്ഷെ കയ്യില്‍ ഉണ്ടായിരുന്നു.

    ReplyDelete
  7. സ്കൂൾ വിദ്യാഭ്യാസകാലത്ത് രണ്ടുപൈസയോ അഞ്ചുപൈസയോ കിട്ടാൻ കൊതിയായിരുന്നു,നാരങ്ങമിഠായിക്ക് ഒരു പൈസയേ ഉള്ളൂ..പാരീസ് മിഠായിക്കാണെങ്കിൽ അഞ്ചുപൈസയും..അന്നത് കിട്ടാൻ ഏറെ പണിപ്പെടണമായിരുന്നു. 10 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരേയ്ക്ക് വിദ്യാർഥി കൺസഷൻ കാശായ 25 പൈസ കൊടുത്ത് യാത്ര ചെയ്ത കോളേജ് വിദ്യാഭ്യാസകാലം...അന്നതിന്റെ വില എത്ര വലുതായിരുന്നു...പാവം 25 പൈസ...ഇനിയതിനെ ആർക്കും വേണ്ട..

    ReplyDelete
  8. നല്ല പോസ്റ്റ്‌ ടീച്ചര്‍......

    ReplyDelete
  9. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
    ഓട്ടമുക്കാൽ കുട്ടിക്കാലത്ത് ഉപയോഗിച്ചതും അത് പിൻ‌വലിച്ച വാർത്ത കേട്ടതും ഓർമ്മയുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @നനവ്-,
    അതൊക്കെ ഒരു കാലം, പുത്തൻ തലമുറക്ക് ചിന്തിക്കാനാവാത്തത്. അഭിപ്രായം എഴുതിയതിന് നന്ദി.
    @ഷാജി-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  10. ആദ്യത്തെ മൂന്നെണ്ണം കണ്ടിട്ടുണ്ട് ...
    ഉപയോഗിക്കാനുള്ള അവസരം കിട്ടിയില്ലാ....

    ReplyDelete
  11. ഒരു രണ്ടു കൊല്ലം കഴിഞ്ഞാല്‍ ഒരു അമ്പതു പൈസയും കൂടി ഇതില്‍ ചേര്‍ക്കാന്‍ സമയമാവും

    ReplyDelete
  12. വിടപറയുന്ന നാണയങ്ങളിലൂടെ ഓര്‍മ്മകളിലെ നാണയക്കിലുക്കം മിനി ടീച്ചര്‍ ഭംഗിയായി പറഞ്ഞപ്പോള്‍ പഴയ സ്കൂള്‍ കാലഘട്ടങ്ങളിലേക്ക്‌ അതെന്നെയും കൂട്ടിക്കൊണ്ടു പോയി.

    വളരെ നല്ല വിഷയം തിരഞ്ഞെടുത്തു എഴുതിയതിനു നന്ദി.

    ReplyDelete
  13. @Naushu-,
    @mottamanoj-,
    @Akbar-,
    ഒരു കാലത്ത് നമ്മൽ ഉപയോഗിച്ച വിലപ്പെട്ട നാണയങ്ങളെ കാണുന്നത് ഒരു നോസ്റ്റാൾജിയ ആണ്.
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.