“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 16, 2011

അയാൾ വഴി കാണിച്ചത് എങ്ങോട്ടായിരുന്നു?

ജൂലായ് 10ന് ഞായറാഴ്ച ‘വർത്തമാനം ആഴ്ചപ്പതിപ്പ്’ലെ ‘പെണ്ണിട’ത്തിൽ പ്രസിദ്ധികരിച്ചത്.
 
                                 തെക്ക് വടക്കായി നീളത്തിൽ കിടക്കുന്ന റെയിൽ‌പാളങ്ങളുടെ ഇരുവശങ്ങളിലായി ഉയർന്നുനിൽക്കുന്ന കണ്ണൂർ റെയിൽ‌വെ സ്റ്റേഷൻ അതായത് തീവണ്ടിയാപ്പീസ്,,, 
മങ്ങിയ വെളിച്ചത്തിൽ നടക്കുമ്പോൾ, നിഴലും വെളിച്ചവും ചേർന്ന് ഏകാന്തയാത്രികരെ പേടിപ്പിക്കുന്ന അതിവിശാലമായി നീണ്ടുകിടക്കുന്ന ഫ്ലാറ്റ്‌ഫോം. പ്രതീക്ഷകൾ പൂവണിയുന്ന കൂടിച്ചേരലുകൾക്കും വിരഹം പേറുന്ന വിടപറയലുകൾക്കും സാക്ഷികളായി തെക്കുനിന്നും വടക്കുംനിന്നും ചൂളം‌വിളിച്ച് ഓടിയെത്തുന്ന തീവണ്ടികൾ.

അന്ന്,,,
എന്ന്‌വെച്ചാൽ ഏതാണ്ട് നാല്പത് വർഷം മുൻപ്,,,
ഓവർ ബ്രിഡ്ജുകളും അണ്ടർ ബ്രിഡ്ജുകളും നിർമ്മിക്കുന്നതിനു മുൻപ്,,,
അങ്ങനെയുള്ള ഒരു കാലത്ത്, ത്രിസന്ധ്യ ആരംഭിക്കുന്നതിന് മുൻപാണ്,
കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ ആ ദിവസം, ഞാൻ കാല് കുത്തിയത്,,,
കാല് കുത്തിയത് ആദ്യമായിട്ടല്ല,
എന്നാൽ ഇത്രയും ‘വൈകിയ നേരത്ത്’ വടക്കുനിന്നും വന്നുചേർന്ന വണ്ടിയിൽ നിന്നും ഞാനിറങ്ങി ഫ്ലാറ്റ്‌ഫോമിൽ കാല് കുത്തുന്നത് ആദ്യമായാണ്.

                          കണ്ണൂരിലെ ‘അറിയപ്പെടുന്ന ഒരു കോളേജിൽ’ പഠിക്കുന്നകാലത്ത്, പട്ടണത്തിൽ തന്നെയുള്ള, വനിതകൾക്ക് മാത്രമായുള്ള ഹോസ്റ്റലിലായിരുന്നു എന്റെ താമസം. ക്ലാസ്സ് കഴിഞ്ഞ്, വെള്ളിയാഴ്ച കണ്ണൂരിൽ നിന്നും പയ്യന്നൂരിലെ വീട്ടിലേക്ക് ട്രെയിനിൽ പോയ ഞാൻ ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ തിരിച്ചെത്തുന്നത് ട്രെയിനിൽ തന്നെ ആയിരിക്കും. പയ്യന്നൂർ റെയിൽ‌വെ സ്റ്റേഷനിൽ എത്തുന്നത് രാത്രിയായാതിനാൽ എന്റെ വരവും കാത്ത് അവിടെ അച്ഛനുണ്ടാവും. പതിവുപോലെ അന്നും, വീട്ടിൽനിന്ന് കണ്ണൂരിലെ ഹോസ്റ്റലിൽ ഞായറാഴ്ച വൈകുന്നേരം എത്തിച്ചേരാനായി, പയ്യന്നൂരിൽ‌വെച്ച് ട്രെയിനിൽ കയറിയതാണ്. എന്നാൽ ആ ഒരു ദിവസം ട്രെയിൻ വൈകി, യാത്ര വൈകി, അങ്ങനെ പരിസരമാകെ അന്ധകാരം പതുക്കെ വ്യാപിക്കുകയാണ്.
  
                           എന്റെ വീട്, പയ്യന്നൂർ റെയിൽ‌വേ സ്റ്റേഷന് സമീപത്തായതിനാൽ അക്കാലത്ത് എന്റെയും എന്റെ നാട്ടുകാരുടെയും യാത്രകൾ അധികവും ട്രെയിനിന്റെ സമയത്തെ ആശ്രയിച്ചായിരുന്നു. വീട്ടിലെ ഏക സന്താനമായതിനാൽ എന്റെ യാത്രകൾ പലപ്പോഴും അച്ഛന്റെ കൂടെയായിരുന്നു. എന്നാൽ പത്താം‌തരം കഴിഞ്ഞ് കോളേജിലും ഹോസ്റ്റലിലും പ്രവേശിച്ചതോടെ എന്റെ യാത്രകൾക്ക് കൂട്ട്, ഞാൻ‌ മാത്രമായി മാറി. ‘മറ്റുള്ളവരുടെ കൂടെ പലതവണ പോയാലും മനസ്സിലാകാത്ത വഴികൾ ഒറ്റത്തവണ ഒറ്റക്ക് യാത്രചെയ്താൽ തിരിച്ചറിയും’ എന്നാണ് ചൊല്ല്. എന്നാൽ എനിക്ക് വഴി മനസ്സിലാവണമെങ്കിൽ, ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ഒറ്റക്ക് ഒരേവഴി പോകേണ്ടിവരും.
                          എസ്.എസ്.എൽ.സി. പാസ്സായി കോളേജിൽ ചേർന്ന് ഹോസ്റ്റലിൽ താമസം തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞതിനാൽ വഴികൾ തെറ്റാറില്ലെങ്കിലും, അന്ന് വൈകുന്നേരം എന്റെ മനസ്സിന്റെ കോണിൽ അകാരണമായ ഒരു ഭയം.

                           ഒരു കൈയിൽ നാല് പുസ്തകങ്ങൾ മുറുകെപ്പിടിച്ച്, വലിയ ബാഗ് പിടിച്ച മറുകൈയ്യാൽ സാരി ഒതുക്കിയിട്ട്, കണ്ണൂർ റെയിൽ‌വേ സ്റ്റേഷനിലെ ഫ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ ഞാൻ പരിസരം വീക്ഷിച്ചു. കമ്പാർട്ട്‌മെന്റിൽ നിന്നും ഏറ്റവും ഒടുവിൽ ഇറങ്ങിയപ്പോഴേക്കും, എനിക്ക് മുൻപേ ഇറങ്ങിയവരെല്ലാം പലവഴിക്കായി പെട്ടെന്ന് ഓടുകയാണ്. വൈകിയതുകൊണ്ട് ബസ് പിടിക്കാനുള്ള തിരക്കാവണം. എനിക്കാണെങ്കിൽ റെയിൽ‌വെ സ്റ്റേഷനിൽ നിന്ന് വെളിയിൽ കടന്ന് റോഡിലേക്കിറങ്ങി നേരെയങ്ങ് നടന്നാൽ മതി; ഏതാനും മിനുട്ടുകൾക്കുള്ളിൽ ഹോസ്റ്റലിന്റെ മുന്നിലെത്തും. സന്ധ്യമയങ്ങും നേരത്ത് ഏത് രാത്രിയെയും പകലാക്കുന്ന സ്ട്രീറ്റ് ലൈറ്റുകൾ വഴിനീളെ പ്രകാശിക്കുന്നുണ്ടാവും. ട്രെയിൻ ലെയിറ്റായത് കാരണമായതിനാൽ എത്ര വൈകിയാലും വനിതകൾ മാത്രം താമസിക്കുന്ന ആ ഹോസ്റ്റലിന്റെ വാതായനങ്ങൾ തുറക്കപ്പെടും. ഇപ്പോഴാണെങ്കിൽ സ്ട്രീറ്റ്‌ലൈറ്റുകൾ പ്രകാശിക്കാൻ തുടങ്ങിയിട്ടില്ല, ശരിക്കും ഇരുട്ട് വരാൻ ഇനിയും സമയമെടുക്കും.

                         മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ ഒരുകാര്യം എനിക്ക് മനസ്സിലായി, ‘എന്റെ വണ്ടി നിർത്തിയതും ഞാൻ ഇറങ്ങിയതും’, ഇതുവരെ ഞാൻ കാണാത്ത ഏതോ ഒരു ഭാഗത്താണെന്ന്,,, സാധാരണ വണ്ടിയിൽ നിന്നിറങ്ങിയാൽ ഫ്ലാറ്റ്‌ഫോമിൽ നിന്നും നേരെനടന്ന് സ്റ്റേഷനിൽ കടന്ന് വെളിയിലെത്തി റോഡിലേക്ക് പോകാം. ചിലപ്പോൾ പുറത്തേക്കുള്ള വഴിയിൽ ടിക്കറ്റ്‌ എക്സാമിനർ കാണും. ലെയിറ്റായതു കാരണമാവാം, അന്നെന്റെ വണ്ടി നിർത്തിയിരിക്കുന്നത് സ്റ്റേഷന്റെ പരിധിക്ക് പുറത്ത് മറ്റൊരു ട്രാക്കിലാണ്.
എനിക്കാകെ പേടിയാവാൻ തുടങ്ങി;
ഫ്ലാറ്റ്‌ഫോമിൽ നിന്നും പുറത്തേക്കുള്ള വഴി???

                           ഞാൻ ഇരുവശത്തേക്ക് നോക്കിയപ്പോൾ കാണുന്നത്, ഇതുവരെ കാണാത്ത പരിസരം. ആരോടെങ്കിലും ചോദിക്കാനാണെങ്കിൽ തിരക്കിട്ട് നടക്കുന്നവർ മാത്രം. മുതിർന്നപ്പോൾ മറ്റുള്ളവരോട്, ‘പ്രത്യേകിച്ച് പുരുഷന്മാരോട്’ സംസാരിക്കുന്നതിന് വിലക്ക് കല്പിച്ച എന്റെ അമ്മയെ ഞാൻ മനസ്സാ ശപിച്ചു. പെൺ‌പള്ളിക്കൂടത്തിൽ പഠിച്ച, മാതാപിതാക്കളുടെ ഏകസന്താനമായ, ആൺ‌കുട്ടികൾ കളിക്കൂട്ടുകാരായി ഇല്ലാത്ത,,, എനിക്ക് അന്യപുരുഷന്മാരോട് സംസാരിക്കാനുള്ള തന്റേടം അന്ന് തീരെ ഉണ്ടായിരുന്നില്ല. വഴിയേ പോകുന്നവരെ വിളിച്ച് പുറത്തെക്കുള്ള വഴി ചോദിക്കാൻ ശ്രമിക്കുന്തോറും എന്റെ നാവ് പ്രവർത്തനരഹിതമായി!

                         ഞാൻ കുറച്ചുകൂടി മുന്നോട്ട് നടന്നു, അങ്ങനെ നടക്കുന്തോറും ആളുകളും കെട്ടിടങ്ങളും കുറഞ്ഞ് ഇല്ലാതാവുകയാണ്, റെയിൽ‌വെ സ്റ്റേഷന്റെ, ഫ്ലാറ്റ്‌ഫോമിന്റെ അറ്റമായിരിക്കണം. അല്പം അകലെയായി വലിയ മരങ്ങളും അവയുടെ നിഴലിനാൽ നിർമ്മിതമായ ഇരുട്ടും. അപ്പോൾ ഞാൻ നിൽക്കുന്നത് ഫ്ലാറ്റ്‌ഫോമിന്റെ തെക്കോ? വടക്കോ?  
മനസ്സൊന്ന് പതറിയ നിമിഷം, എനിക്കാകെ ഒരു വിറയൽ,,,
കുട്ടിക്കാലത്ത് ‘നമ്മുടെ ഭൂമി’ ഉരുണ്ടതാണെന്ന് ആദ്യമായി കേട്ടപ്പോൾ തോന്നിയതുപോലെ ഒരു ഭയം,,,

                         ഞാൻ ഇറങ്ങിയ വണ്ടി ഉച്ചത്തിൽ കൂവി, ചുറ്റും പുക പരത്തിക്കൊണ്ട്, കുരച്ചും കിതച്ചും യാത്രയായി. വിജനമായ റെയിൽ‌പാളം അനന്തമായി മുന്നിൽ നീണ്ടിരിക്കയാണ്. എന്റെയൊപ്പം ഇറങ്ങിയവരിൽ പലരും റെയിൽ‌വേ ട്രാക്കിൽ ഇറങ്ങി, റെയിൽ‌പാളം ചവിട്ടിയിട്ട് മറുകര കയറി ഫ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നത് കണ്ടെങ്കിലും എനിക്ക് അങ്ങനെ ചെയ്യാൻ ആ നേരത്ത് തോന്നിയില്ല.
ആ മറുകര ശരിയായ കരയാണെന്ന് എങ്ങനെ അറിയും?

അങ്ങനെ പരിസരം നിരീക്ഷിക്കെ പെട്ടെന്ന് ഞാൻ ഞെട്ടിത്തരിച്ചു,
തൊട്ടടുത്ത്, ഒരു ആൽമരത്തിന്റെ മറവിൽ‌നിന്നും ഒരു പെണ്ണിന്റെ കരച്ചിൽ,
“അയ്യോ,,, പടച്ചോനേ, ഈ പണ്ടാരക്കാലൻ വണ്ടികേരിച്ചാവണേ”
മറുപടിയായി ഒരാണിന്റെ ഉച്ചത്തിലുള്ള വാക്കുകൾ; മനുഷ്യവർഗ്ഗം ജനിക്കുന്നതിനു മുൻപുള്ള ഭാഷയിലാണ്,,, ചീത്തവാക്കുകളായിരിക്കാം. അവളുടെ ആവലാതികൾ തുടരുകയാണ്,
“നായിന്റെ മോനെ, നീയൊക്കെ തൊലഞ്ഞുപോകും”
അതോടെ തെക്കും വടക്കും അറിയാത്ത ഞാൻ എങ്ങോട്ടോ ഓടി,
ഇതെന്തൊരു ലോകം?
പെട്ടെന്ന് എന്റെ മുന്നിൽ ഒരാൾ,,,
“കുട്ടി എങ്ങോട്ടാ ഓടുന്നത്?”
എന്റെ ഓട്ടത്തെ തടഞ്ഞുകൊണ്ട് മുന്നിൽ വന്നത് ഒരു പുരുഷനാണ്, കാക്കി യൂനിഫോം ധരിച്ച ആ മനുഷ്യൻ ചിരിച്ച്‌കൊണ്ട് സൌമ്യഭാവത്തിൽ എന്നോട് പറഞ്ഞു,
“വണ്ടി ഇറങ്ങിയതായിരിക്കും, എങ്ങോട്ടാ പോകേണ്ടത്? കോളേജിൽ പഠിക്കുന്നതാണോ?”
“അതെ,, അത്”
                         ആ മനുഷ്യൻ റെയിൽ‌വെ ജീവനക്കാരൻ തന്നെയാവണം. തടിച്ച ബുക്കുകളും എന്റെ സാരിവേഷവും കണ്ടതുകൊണ്ടായിരിക്കാം ‘കോളേജിൽ പഠിക്കുന്നതാണോ?’ എന്ന് ചോദിച്ചത്. അക്കാലത്ത് പത്താം‌തരം കഴിഞ്ഞ്, തുടർന്ന് പഠിക്കുന്ന പെൺകുട്ടികളധികവും സാരിയിലോ ധാവണിയിലോ ആയിരിക്കും.
ആ അവസ്ഥയിൽ ഒരു മനുഷ്യനെ കണ്ടപ്പോൾ എനിക്കല്പം അശ്വാസം തോന്നി. അയാൾ പറയുകയാണ്,
“കുട്ടി പേടിക്കണ്ട, എങ്ങോട്ടാ പോകേണ്ടത് എന്ന്‌പറഞ്ഞാൽ ഞാൻ കൊണ്ടുവിടത്തില്ലിയോ”
                         ഭാഷ കേട്ടപ്പോൾ അയാൾ അന്യജില്ലയിൽ നിന്നും വന്ന റെയിൽ‌വെ ജീവനക്കാരൻ തന്നെയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.അയാൾ ആരാണെന്ന് ചോദിക്കണമെന്നുണ്ട്, എങ്കിലും ഞാൻ പറഞ്ഞത് മറ്റൊന്നാണ്,
“എനിക്കീ റെയിൽ‌വെസ്റ്റേഷനീന്ന് പൊറത്ത് പോകണം, സ്റ്റേഷൻ റോഡിലിറങ്ങി അഞ്ച് മിനിട്ട് നടന്നാൽ എന്റെ ഹോസ്റ്റലിൽ എത്തും”
“കുട്ടി പുറത്തേക്കുള്ള വഴിയിൽ നിന്നും ഒത്തിരി അകലത്തിലായി, എന്റെ പിന്നാലെ വന്നോ,, ഞാൻ കൊണ്ടുവിടാം”
ഞാൻ ആ മനുഷ്യനോടൊപ്പം, അല്പം പിന്നിലായി വന്ന വഴിയേ നടന്നു. വെളിച്ചം കുറയാൻ തുടങ്ങുകയാണ്, നേരത്തേ ഞാൻ ഓടിയസ്ഥലത്ത് ആൽമരത്തിന് സമീപം ആരെയും കാണാനായില്ല.

                           അങ്ങനെ നടക്കുമ്പോൾ പിന്നിൽനിന്നും ഒരു ട്രെയിനിന്റെ കിതപ്പ് കേൾക്കാൻ തുടങ്ങി. കറുത്ത പുകതുപ്പി കിതച്ചുകൊണ്ട് വന്ന തീവണ്ടി മുന്നോട്ട്‌സഞ്ചരിച്ച്, ഒടുവിലത്തെ ബോഗി ഞാൻ നിൽക്കുന്നിടത്തുനിന്നും ഏതാനും മീറ്റർ മുന്നിലെത്തിയപ്പോൾ നിന്നു. ഫ്ലാറ്റ്‌ഫോമിൽ നിന്നും എത്ര അകലെയാണ് നിൽക്കുന്നതെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. ആ ട്രെയിൻ ചൂണ്ടി അയാൾ പറഞ്ഞു,
അഞ്ച് മുപ്പതിന് വരേണ്ട വണ്ടിയാ, ഇപ്പോൾ മണി ആറ് അൻപതായി”
പെട്ടെന്ന് ആ മനുഷ്യൻ റെയിൽ‌വെ‌ട്രാക്കിൽ ഇറങ്ങിയിട്ട് എന്നോട് പറഞ്ഞു,
“ഈ വഴി എളുപ്പത്തിൽ എത്താം, അല്പം‌കൂടി മുന്നോട്ട് പോയാൽ വണ്ടി കിടക്കുന്നതുകൊണ്ട് ഇറങ്ങിക്കയറാൻ ഒത്തിരി പ്രയാസം വരും”
                        ആ മനുഷ്യൻ മറുകര എത്തിയതിനുശേഷമാണ് ഞാൻ ട്രാക്കിലേക്ക് ഇറങ്ങിയത്. മതിലുചാടിയും മരം‌ചാടിയും ശീലമുള്ള എനിക്ക് അതൊരു പ്രയാസമായി തോന്നിയില്ല. ഫ്ലാറ്റ്‌ഫോമിൽ അങ്ങിങ്ങായി ബൾബുകൾ കത്താൻ തുടങ്ങി. ഇനി അല്പം‌കൂടി നടന്നാൽ റെയിൽ‌വെസ്റ്റേഷന്റെ കവാടത്തിന് സമീപം എത്താം.
അപ്പോൾ എന്നെ നോക്കിയിട്ട് അയാൾ പറഞ്ഞു,
“കുട്ടിക്ക് സ്റ്റേഷൻ റോഡിലല്ലെ എത്തിച്ചേരേണ്ടത്? എളുപ്പവഴിയെ പോയാൽ പെട്ടെന്ന് പുറത്ത് കടക്കാം”
ആ മനുഷ്യൻ ഫ്ലാറ്റ്‌ഫോമിലുള്ള കടകൾക്ക് പിന്നിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി.
കെട്ടിടങ്ങൾക്ക് പിന്നിലൂടെ നടത്തം തുടർന്നപ്പോൾ വീതികുറഞ്ഞ ഒരു നടപ്പാതയിലെത്തി. അയാളോടൊപ്പം എത്താനായി എന്റെ നടത്തത്തിന്റെ വേഗത കൂടി.
                      അല്പം അകലെനിന്ന് വാഹനങ്ങൾ പോകുന്ന ശബ്ദം കേൾക്കാം; ഒന്നും രണ്ടും പേരായി ആ വഴിയിലൂടെ നടന്ന്‌പോകുന്നവരെല്ലാം എന്നെ നോക്കുന്നുണ്ട്. ചിലർ ആ മനുഷ്യനോട് സംസാരിക്കുന്നതും എനിക്ക് കാണാൻ കഴിഞ്ഞു. അല്പദൂരം നടന്നപ്പോൾ മുന്നിൽ നടക്കുന്ന, അയാൾ സ്പീഡ് കുറച്ച് എന്നോടൊപ്പം എത്തിയിട്ട് പറയാൻ തുടങ്ങി,
“കുട്ടി എന്റെ കൂടെ നടക്കേണ്ട, ഞാൻ മുന്നിൽ നടക്കുമ്പോൾ ഇത്തിരി പിന്നിലായിട്ട് നടന്നാൽ മതി”

                     ഒന്നും മനസ്സിലാകാതെ ആശ്ചര്യപ്പെട്ട് നോക്കുന്ന എന്നോട് കൂടുതലൊന്നും പറയാതെ അയാൾ തന്റെ നടത്തത്തിന് വേഗത വർദ്ധിപ്പിച്ചു. ചുറ്റുവട്ടത്ത് ഞാൻ കാൺകെ മറ്റുള്ളവർ ഉണ്ടെങ്കിലും അവരോട് വഴി ചോദിക്കാനുള്ള തന്റേടം എന്നിൽ‌നിന്നും ചോർന്നുപോയതിനാൽ അയാളുടെ കൂടെയെത്താനായി വീണ്ടും സ്പീഡിൽ നടന്നു. സൂര്യപ്രകാശം കുറഞ്ഞതോടെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം കൺ‌തുറന്ന് ചുറ്റും പ്രകാശം പരക്കുകയാണ്.
                      വീട്ടിലും വിദ്യാലയത്തിലും വി.ഐ.പി. ആയി പരിഗണിക്കപ്പെട്ട, സമപ്രായക്കാരെ ഭീഷണിപ്പെടുത്തുന്ന, വീട്ടിൽ അമ്മയുടെയും അച്ഛന്റെയും ഓമനപുത്രിയാണ്, ഇപ്പോൾ ഏതോ ഒരുത്തന്റെ പിന്നാലെ തെക്കുവടക്കായി വഴികാണാതെ നടക്കുന്നത്; എതൊരു പരീക്ഷണം? ഈ മനുഷ്യൻ എന്നെ എവിടെക്കായിരിക്കും നയിക്കുന്നത്? തിരികെ വന്നവഴിലൂടെ റെയിൽവെ സ്റ്റേഷനിലേക്ക് ഓടിപ്പോയാലോ? ബസ് പോകുന്ന ഏതെങ്കിലും റോഡിലെത്തിയാൽ മതിയായിരുന്നു,,,

                         ആ നടപ്പാതയിലൂടെ നടക്കുമ്പോൾ ഏതൊക്കെയോ കടകൾക്ക് പിന്നിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. പെട്ടെന്ന് വഴിമാറിയ ഞാൻ കടകൾക്ക് ഇടയിലൂടെ മുന്നോട്ട്‌വന്ന് നോക്കിയപ്പോൾ മുന്നിൽ താറിട്ട വീതിയുള്ള റോഡ്. അതിലൂടെ ആദ്യം കണ്ടത് യാത്ര അവസാനിപ്പിക്കാനായി പതുക്കെ ഉരുണ്ടുവരുന്ന ഒരു കാളവണ്ടിയാണ്. കാളകൾ രാവിലെമുതൽ നടന്നിട്ടും, വണ്ടിക്കാരൻ കാളകളെ അടിച്ചിട്ടും ക്ഷീണിച്ചിരിക്കയാണ്.
ആ വണ്ടിക്ക് പിന്നിലായി ഒരു ബസ്,,,
‘കണ്ണൂർ ആസ്പത്രി – തോട്ടട’,
ടൌൺ ബസ്സ് നമ്പർ 5.
മുന്നിലെ റോഡിൽ പ്രവേശിച്ച ഞാൻ, കാളവണ്ടി കാരണം സ്പീഡ് കുറഞ്ഞ ബസ്സിന് നേരെ കൈനീട്ടി. എനിക്ക് വേണ്ടി നിർത്തിയ ബസ്സിൽ കയറുമ്പോൾ അതുവരെ വഴികാണിച്ചവൻ വിളിച്ച് പറയുന്നത് ഞാൻ കേട്ടു,
“അല്ല, എങ്ങോട്ടാ പോകുന്നത്? ബസ്സിൽ പോകണ്ടാ,,,”
                           ഞാൻ കയറിയ ബസ്സ് പോകുന്നത്, കണ്ണൂർ ആസ്പത്രിയിലേക്കായാലും തോട്ടട ആയാലും സ്റ്റേഷൻ‌റോഡ് വഴി പോകുന്നതാണെന്ന് എനിക്കറിയാം. കോളേജിലേക്ക് പോകാൻ പലപ്പോഴും ഇതേ ബസ്സിൽ കയറിയിട്ടുണ്ട്. സമാധാനമായി ബസ്സിലിരുന്ന്, കണ്ണൂർ റെയിൽ‌വേ സ്റ്റേഷൻ ബസ്‌സ്റ്റോപ്പിൽ ഇറങ്ങി, ഇനിയെനിക്ക് ഹോസ്റ്റലിലേക്ക് നടന്ന് പോകാം.
................................................................................................................
***വർത്തമാനത്തിൽ പ്രസിദ്ധീകരിച്ചത് ചുവടെയുള്ള ചിത്രം ക്ലിക്കി വലുതാക്കി വായിക്കാം.

26 comments:

 1. ജൂലായ് 10ന് ഞായറാഴ്ച ‘വർത്തമാനം ആഴ്ചപ്പതിപ്പ്’ലെ ‘പെണ്ണിട’ത്തിൽ പ്രസിദ്ധികരിച്ചത്.
  കണ്ണൂർ റെയിൽ‌വെ സ്റ്റേഷൻ,,,

  ReplyDelete
 2. ഒരു നിമിഷം മനസ്സൊന്നു പതറിയാൽ പിന്നെ അറിയാവുന്ന വഴി പോലും മറന്നു പോകുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്. പിന്നീടുള്ള നടത്തം ഒരു തരം ഭീതിയോടെ തന്നെയായിരിക്കും.
  വഴി കാണിച്ചു തന്നയാൾ ശരിക്കും ചതിക്കുകയായിരുന്നോ...?

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. വഴി കാണിക്കാൻ പലരുമുണ്ടാവും. അതു പെരുവഴി ആണൊ എന്നറിയാനുള്ള കഴിവ്‌ നമ്മുക്കുണ്ടാവണം.

  വർഷങ്ങൾക്ക്‌ മുൻപ്‌ മനുഷ്യർ നല്ലവരായിരുന്നു എന്നായിരുന്നു ഇതു വരെ വിശ്വസിച്ചിരുന്നത്‌. അതും വടക്കുള്ളവർ..പക്ഷെ..

  ReplyDelete
 5. സ്വന്തം അനുഭവം വായിച്ചു.
  ശശി, നര്‍മവേദി, ക്ണ്ണൂര്‍

  ReplyDelete
 6. അറിയാത്ത സ്ഥലത്ത്‌ എത്തിപ്പെട്ടാല്‍, വഴി ചോദിക്കേണ്ടി വന്നാല്‍ ഞാന്‍ കുറഞ്ഞ പക്ഷം രണ്ടു പേരോടെങ്കിലും വഴിചോദിക്കും.

  തക്ക അനുഭവം ഉണ്ടായിട്ടാണെന്നു കൂട്ടിക്കോളൂ. തെറ്റു വഴി പറഞ്ഞു തരുന്നത്‌ ആദ്യത്തെ ആളാണൊ അതോ രണ്ടാമത്തവനാണൊ എന്നെ നോക്കെണ്ടതുള്ളൂ


  ആണായിട്ട്‌ ഞങ്ങളെ വെറുതെകളിപ്പിക്കും എങ്കില്‍ പെണ്ണിനെ എന്തു ചെയ്യും എന്നു പറയേണ്ടല്ലൊ
  അതാണു ലോകം അവനവന്‍ തന്നെ നോക്കണം അവനവനെ

  ReplyDelete
 7. വഴി അവസാനിച്ചത് ഒരു ഇരുണ്ട ഗുഹയിലായിരുന്നു.......പിന്നോട്ടോടുവാനോ മുൻപോട്ട് നീങ്ങുവാനോ പേടിച്ചരണ്ടു പോയ കാലുകൾക്ക് കഴിഞ്ഞില്ല. അനന്തരം അമർത്തിപ്പിടിച്ച നിലവിളി ഗുഹയെ പ്രകമ്പനം കൊള്ളിച്ചു.....

  വഴികൾ അവസാനിയ്ക്കുന്നത്....... ഒരു ഉറുദു ചെറുകഥ.

  വളരെ നന്നായി എഴുതി ടീച്ചർ. അഭിനന്ദനങ്ങൾ

  ReplyDelete
 8. @വീ കെ-,
  മനസ്സ് പതറിയ അവസരങ്ങൾ ജീവിതത്തിൽ ധാരാളം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Sabu M H-,
  തരം കിട്ടിയാൽ തട്ടിപ്പ് നടത്തുന്നവർ എല്ലാ കാലത്തും ഉണ്ടായിരുന്നു. എന്നാൽ പണ്ട്‌കാലത്ത് മനുഷ്യർ ഒറ്റപ്പെടാറില്ല. വഴിയിൽ വീണവനെ കാര്യങ്ങൾ ചോദിച്ച് കഴിവത് സഹായിക്കാൻ ആളുകൾ തയ്യാറായിരുന്നു. ഇന്ന് സഹായിക്കുന്നവർ കുടുങ്ങുന്ന, അവരെ കുടുക്കുന്ന അവസ്ഥയാണ്. എന്നാലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം വരാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @Narmavedi-,
  വന്നതിനും വായിച്ചതിനും നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
  മറ്റുള്ളവരെ വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Echmukutty-,
  എച്ചുമു പറഞ്ഞ ഗുഹയിൽ പലപ്പോഴും ഞാൻ കുടുങ്ങിയിട്ടുണ്ട്. അതിന്റെ ഓർമ്മകളിൽ ഉറക്കത്തിൽ ചിലപ്പോൾ ഞെട്ടിയുണരാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 9. ഏതായാലും ചതിയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടല്ലോ ,ഭാഗ്യം!.നല്ലവരും ചീത്തയാള്‍ക്കാരും എന്നും ഉണ്ടായിരുന്നു. അതു തിരിച്ചറിയാന്‍ നമുക്കു കഴിയണം.വല്ലാത്തൊരു ദുനിയാവു തന്നെ!.

  ReplyDelete
 10. അനുഭവം വായിച്ചപ്പോള്‍
  ടീച്ചര്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഉള്‍കൊള്ളാന്‍ കഴിഞു
  ഒരു പക്ഷെ അയാള്‍ വഴി കാണിച്ചത് ഹോസ്റ്റലിലേക്ക് തന്നെയാവാം
  (തല്‍ക്കാലം പോസിറ്റീവായി ചിന്തിക്കുന്നു)

  ReplyDelete
 11. സ്വന്തം വഴി അവനവൻ തന്നെ കണ്ടെത്തണം.

  ReplyDelete
 12. Nice one..Congrats on getting printed..

  ReplyDelete
 13. moorchyulla anubhavangal......

  ..........
  iniyum pratheekshikkatte?

  ReplyDelete
 14. Mohamedkutty മുഹമ്മദുകുട്ടി-,
  അനുഭവങ്ങളാണ് തിരിച്ചറിവുകൾ ഉണ്ടാക്കുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
  കെ.എം. റഷീദ്-,
  വഴി കാനുന്നതുവരെ മാനസിക പ്രയാസം വളരെയധികം ഉണ്ടായിരുന്നു, അഭിപ്രായം എഴുതിയതിന് നന്ദി.
  ശാന്ത കാവുമ്പായി-,
  ഇത്തരം അനുഭവങ്ങൾ സ്വന്തം വഴി സ്വന്തമായി കണ്ടുപിടിക്കാൻ പഠിപ്പിച്ചു, അഭിപ്രായം എഴുതിയതിന് നന്ദി.
  G.manu-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  bellu-,
  അനുഭവങ്ങൾ ഇനിയും ധാരാളം ഉണ്ട്. ഇനിയും വരിക. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 15. കെ.എം. റഷീദ്- പറഞ്ഞത് തന്നയാ എനിക്കും പറയാനുള്ളത് (തല്‍ക്കാലം പോസിറ്റീവായി ചിന്തിക്കുന്നു)

  ReplyDelete
 16. അങ്ങനെ ചോദിച്ച് ചോദിച്ച് പോകാം..........

  ReplyDelete
 17. അങ്ങനെ ചോദിച്ച് ചോദിച്ച് പോകാം..........

  ReplyDelete
 18. അവസാനമെങ്കിലും ബുദ്ധിയുദിച്ചല്ലോ..ദൈവമേ..

  ആശംസകളോടേ..

  ReplyDelete
 19. ചില ദിവസങ്ങളിൽ തെക്ക്,വടക്കായും,കിഴക്ക് മറ്റേതെങ്കിലും ദിശയായുമൊക്കെ എനിക്കും തോന്നാറുണ്ട്.അതിപ്പോഴുമുണ്ട്.നന്നെ ടെൻഷൻ പിടിച്ച ദിവസങ്ങളിൽ ഒരു തരം തലവേദനയും,തലതിരിഞ്ഞ അവസ്ഥയും വന്നാൽ പിന്നെ അതുമതി നട്ടം തിരിയാൻ.ഏതായാലും തടി സലാമത്തായിക്കിട്ടിയല്ലോ.സമാധാനം.ശാന്തട്ടീച്ചർപറഞ്ഞതു പോലെ സ്വന്തം വഴി അവനവനു കണ്ടെത്താൻ പറ്റാത്ത സ്ഥിതിയിലായിരുന്നു മിനിട്ടീച്ചറുടെ അവസ്ഥ എന്ന് മനസ്സിലാക്കിയാൽ സ്വയം പര്യാപ്തതയുടെ പൊങ്ങച്ചം പറച്ചിൽ അവസാനിപ്പിക്കും എന്ന് തോന്നുന്നു.ഒരാണായതു കൊണ്ട് ഇതു വരെ അപകടമൊന്നുമുണ്ടായിട്ടില്ല. ഏതായാലും രക്ഷപ്പെട്ടല്ലോ ഭാഗ്യം

  ReplyDelete
 20. @അളിയന്‍-,
  പോസിറ്റീവായി ചിന്തിക്കാനാണ് എനിക്കും ഇഷ്ടം. അഭിപ്രായം എഴുതിയതിന് നന്ദി.
  @ponmalakkaran | പൊന്മളക്കാരന്‍-,
  ചോയി, ചോയിച്ച് പോകാൻ പഠിച്ചത് അങ്ങനെയാ, അഭിപ്രായം എഴുതിയതിന് നന്ദി.
  @മുല്ല-,
  അങ്ങനെയല്ലെ തലയിൽ ബുദ്ധി വളരുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
  @കുമാരന്‍ | kumaran-,
  നന്ദി, അഭിപ്രായം എഴുതിയതിന് നന്ദി.
  @വിധു ചോപ്ര-,
  വഴി കണ്ടെത്താൻ എന്തൊക്കെ പ്രയാസങ്ങളാണ്! അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 21. സുരക്ഷിതമല്ലാത്തിടത്തോളം കാലം അപരിചിതരുടെ സഹായം ഒരു പരിധിക്കപ്പുറം നിരസിക്കുന്നത് തന്നെയാണ്‌ നല്ലത്.
  അനുഭവം വായിച്ചപ്പോള്‍ അനുഭവിച്ചതു പോലെ തന്നെ തോന്നി :)

  ReplyDelete
 22. നല്ല വഴി തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടാവണം നമുക്ക്. പോസ്റ്റ് ഇഷ്ടായി

  ReplyDelete
 23. വായിച്ചു. ഒരു നേര്‍ത്ത നടുക്കം പതിയിരിക്കുന്നു......സസ്നേഹം

  ReplyDelete
 24. റ്റീച്ചർ ...വളരെ കാലങ്ങൾക്ക് മുൻപ്ള്ള സംഭവമാണെങ്കിലും സമകാലീന സംഭവങ്ങളുമായ് ചേർത്ത് വായിക്കാം..നന്നായ് എഴുതി ആശംസകൾ

  ReplyDelete
 25. @Kiran / കിരണ്‍-,
  ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
  @ഋതുസഞ്ജന-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @ഒരു യാത്രികന്‍-,
  യാത്രികൻ വന്നതിൽ സന്തോഷം. കണ്ണൂർ മീറ്റ് കഴിയും വരെ കണ്ണൂരിൽ കാണണം. അഭിപ്രായം എഴുതിയതിന് നന്ദി.
  @ManzoorAluvila-,
  പണ്ടത്തെ കാലത്തും ധാരാളം തട്ടിപ്പുകളും ഏതാനും പീഡനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെപ്പോലെ ഇല്ലാത്തതിനാൽ വാർത്താപ്രാധാന്യം ഉണ്ടായിരുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.