“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 28, 2011

പീഡനം വരുന്ന വഴികൾ


                                  ടീവിയിൽ ‘റിയാലിറ്റി ഷോ, കോമഡി ഷോ’ ആദിയായവ അരങ്ങ് തകർക്കുന്നതിന് മുൻപുള്ള ഒരു സുവർണ്ണകാലം. അക്കാലത്ത് തീപാറുന്ന മത്സരങ്ങൾ നടന്നിരുന്നത് വിദ്യാലയങ്ങളിലെ യുവജനോത്സവ വേദികളിലായിരുന്നു. മത്സരാർത്ഥികൾക്ക് ഗ്രെയ്ഡുകൾ നൽകിയിട്ട് കൂടുതൽ‌പേരെ സന്തോഷിപ്പിക്കുന്ന കാലത്തിനു മുൻപ്, ഒന്നാം സ്ഥാനം നേടാനായി കുട്ടികൾ അരങ്ങിൽ കളിക്കുമ്പോൾ രക്ഷിതാക്കൾ അണിയറയിൽ കളിക്കുന്നുണ്ടാവും. കൂടുതൽ പോയിന്റ് നേടിയ കുട്ടി ‘കലാതിലകം’ ആയി സിനിമയിലേക്ക് കയറുമ്പോൾ കൂടുതൽ പോയിന്റ് നേടിയ ജില്ല, സ്വർണ്ണക്കപ്പുമായി ആർത്തുവിളിച്ച് നടക്കുന്ന കാലം.
    
                               വിദ്യാർത്ഥികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകൾ വെളിയിലേക്ക് ചാടുന്നത് ഇത്തരം യുവജനോത്സവമേളകളിലാണ്. എന്നാൽ വിദ്യാർത്ഥികളെക്കാൾ രക്ഷിതാക്കളുടെ മത്സരമായി മാറുന്ന രംഗമാണ് പലയിടത്തും കാണപ്പെട്ടത്. ഏതാനും ചില സ്റ്റേജ് ഐറ്റങ്ങളിൽ വിദ്യാർത്ഥികൾക്ക് ഒരു പങ്കും ഇല്ലാതെ അവ പൂർണ്ണമായും മറ്റുവല്ലവരുടെയും കഴിവിനെ എടുത്ത് കാണിക്കുന്നത് ആയിരുന്നു. അതുകൊണ്ടാവാം ‘ടാബ്ലോ, ഫാൻസി ഡ്രസ്സ്’ തുടങ്ങിയ നിറം പകർന്ന, കാണികളെ സന്തോഷിപ്പിച്ച, ഐറ്റങ്ങൾ യുവജനോത്സവങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടത്. അതോടൊപ്പം ചില ഐറ്റങ്ങൾ പുത്തനായി വന്നുചേർന്നിട്ടും ഉണ്ട്.

                             ഫാൻസി ഡ്രസ്സ് അതായത് ‘പ്രശ്ചന്നവേഷം’ വളരെ മുൻപ്, സ്ക്കൂൾ കായികമേളയോടൊപ്പമായിരുന്നു നടന്നത്. ഹൈസ്ക്കൂളിലും കോളേജിലും പഠിക്കുന്നകാലത്ത്, ‘സ്പോട്സ്’ നടക്കുമ്പോൾ അതിൽ താല്പര്യം കുറഞ്ഞ എന്നെപോലുള്ളവർ കാത്തിരുന്നത്, ഓട്ടത്തിനും ചാട്ടത്തിനും ഇടയിൽ കടന്ന്‌വരുന്ന പ്രശ്ചന്നവേഷധാരികളെ ആയിരുന്നു. കുഷ്ഠരോഗിയും ഭിക്ഷക്കാരിയും ന്യൂസ്‌പേപ്പർ‌ബോയിയും സംന്യാസിയും കല്ല്യാണപ്പെണ്ണും ഗ്രൌണ്ടിൽ കടന്നുവന്നാൽ അത് ഒറിജിനൽ ആണോ മത്സരവേഷമാണോ എന്ന് നമ്മൾ സംശയിക്കാറുണ്ട്. അങ്ങനെയുള്ള ഈ വേഷപ്പകർച്ച നേരെ യുവജനോത്സവ വേദിയിലെ സ്റ്റേജിലേക്ക് കടന്നുവന്നപ്പോൾ ആവേശത്തോടെ എല്ലാവരും അവയെ സ്വാഗതം ചെയ്തു.

                              ആദ്യകാലത്ത് ഫാൻസിഡ്രസ്സ് ആൺ‌കുട്ടികൾക്കും പെൺ‌കുട്ടികൾക്കും വേറെ വേറെ മത്സരങ്ങളായിരുന്നു ഉണ്ടായത്. ഫാൻസിഡ്രസ്സ് മത്സരത്തിന്റെ സുവർണ്ണകാലമായിരുന്നു അന്ന്; ആൺകുട്ടികളെല്ലാം പെണ്ണായി വേഷം മാറും, പെൺ‌കുട്ടികളെല്ലാം ആണായും വേഷം മാറും. പോലീസുകാരനും കുഷ്ഠരോഗിയും പാവവേഷവും നോട്ടെണ്ണുന്ന ഹാജിയാരും ഭ്രാന്തിത്തള്ളയും ഭിക്ഷക്കാരിയും അംഗവൈകല്യമുള്ളവരും റോബോട്ടുകളും വീരപ്പനും ഡയാനയും ബാർബിയും കൃഷിക്കാരനും സ്റ്റേജിൽ നിറഞ്ഞാടി. ആൺ‌കുട്ടികളുടെ വേഷത്തിൽ എടുത്തുപറയേണ്ടത്, മാറുമറക്കാതെ കുനിഞ്ഞ് വടികുത്തി നടക്കുന്ന വൃദ്ധയുടെ വേഷം ആയിരുന്നു.

                              വേഷമണിഞ്ഞ് വരുന്നത് ‘വിദ്യാർത്ഥിയാണോ’ അല്ല ‘വിദ്യാർത്ഥിനിയാണോ’ എന്ന സംശയം ചിലപ്പോൾ പന്തയത്തിൽ‌പോലും എത്തിച്ചേരാറുണ്ട്. ഒരിക്കൽ പ്രായമുള്ള മുസ്ലിം വൃദ്ധന്റെ വേഷമണിഞ്ഞ് സ്വന്തം അമ്മയോടൊപ്പം ഇരിക്കുന്നത് പെൺ‌കുട്ടിയാണെന്നറിയാതെ ചില ആൺകുട്ടികൾ‌വന്ന് ‘നീയെന്താടാ വേഷം‌കെട്ടി ഇവിടെയിരിക്കുന്നത്?’ എന്ന്‌പറഞ്ഞ് കൈപിടിച്ചു വലിച്ചതും അത് പെൺ‌കുട്ടിയാണെന്നറിഞ്ഞപ്പോൾ അവർ ഓടിരക്ഷപ്പെട്ടതുമായ സംഭവം അണിയറയിൽ നടന്നിട്ടുണ്ട്. അതുപോലെ ‘ആൺകുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത’, അംഗവൈകല്യം ബാധിച്ച് ഒരുകാൽ സ്വാധീനമില്ലാത്ത പെൺകുട്ടിയായി സ്റ്റേജിൽ വന്നത് ശരിക്കും പെൺകുട്ടിതന്നെയാണെന്ന് പറഞ്ഞ അദ്ധ്യാപകരുടെ തർക്കം, ഒടുവിൽ വേഷമഴിക്കുന്നിടത്ത് എത്തിയിട്ട് ആൺ‌കുട്ടിയെകണ്ട് തീർത്ത സംഭവവും ഉണ്ടായിരുന്നു.
                           
                             ഇന്നത്തെ കുട്ടികൾക്ക് ഇതെല്ലാം ടീ.വി.യിലെ കോമഡി ഷോകളിൽ കാണാൻ കഴിയും. കോമഡി ഷോകളുടെ പ്രധാന ആകർഷണം തന്നെ പെൺ‌വേഷം കെട്ടിയാടുന്ന പുരുഷന്മാരാണല്ലൊ. പെണ്ണായി വേഷം കെട്ടിയ പുരുഷന്മാരെ കാണുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് വർഷങ്ങൾക്ക് മുൻപ് ഒരു ആൺ‌കുട്ടി പെൺ‌വേഷം കെട്ടി വേദിയിൽ വന്നതാണ്.
                            വിട്ടിൽ‌നിന്നും അകലെയാണെങ്കിലും അദ്ധ്യാപകരെ ആദരിക്കാനും ബഹുമാനിക്കാനും നന്നായി അറിയുന്ന ശിഷ്യഗണങ്ങളെ പഠിപ്പിച്ച്‌കൊണ്ടിരിക്കുമ്പോഴാണ്, വിഖ്യാതമായ ആൺ‌പള്ളിക്കൂടത്തിലേക്ക് ട്രാൻ‌സ്ഫർ ചോദിച്ച് വാങ്ങിയത്. കാരണം ഒന്നേയുള്ളൂ; യാത്രാദൂരം പകുതിയായി കുറയും. അങ്ങിനെ ആൺ‌പള്ളിക്കൂടത്തിലെ ആൺ‌കുട്ടികളെ പഠിപ്പിക്കുന്ന കാലം. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ പഠിപ്പിക്കാനും സ്വയം പഠിക്കാനും കഴിയുന്നത് ഇവിടെ വെച്ചാണ്. സത്യം പറഞ്ഞാൽ ഇവിടെയുള്ള വിദ്യാർത്ഥികളെ എനിക്ക് ഇത്തിരി ഭയം ഉണ്ടായിരുന്നു. ഒൻപതാം ക്ലാസ് മുതൽ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപികമാരെക്കാൾ ഉയരം ഉണ്ടാവും; അതോടൊപ്പം തലതെറിച്ച സ്വഭാവം കൂടി ഉണ്ടായാൽ? പഠിപ്പിക്കുക എന്നത് ശരിക്കും ഒരു അഭ്യാസം തന്നെ ആയിരുന്നു. എന്നാൽ പഠനം ഒഴികെയുള്ള എല്ലാ കാര്യത്തിനും ഇവിടെയുള്ള ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ തയ്യാറാണ്.

                            അക്കാലത്ത് കണ്ണൂർ‌ജില്ലയിലെ സർക്കാർ സ്ക്കൂളുകളിൽ ‘ഹെഡ്’ ആയിവരുന്നത് മിക്കവാറും അന്യജില്ലക്കാരായിരുന്നു. കണ്ണൂർ ജില്ലക്കാർ പി.എസ്.സി. എഴുതി ജോലിനേടുന്നതിൽ പിൻ‌നിരയിലാവുമ്പോൾ തെക്കൻ കേരളത്തിലുള്ളവർ അന്നും ഇന്നും മുൻ‌നിരയിലുണ്ടായിരുന്നു. ബോയ്സ് ഹൈസ്ക്കൂളിൽ ഞാൻ ചേർന്നതിന്റെ അടുത്ത വർഷം പുതിയതായി പ്രമോഷൻ ലഭിച്ച ഒരു തിരുവനന്തപുരക്കാരി നമ്മുടെ ‘ഹെഡ്‌മിസ്ട്രസ്സ്’ ആയി വന്നുചേർന്നു. ദേശീയപാതക്കും റെയിൽ‌പാളത്തിനും ഇടയിൽ കിടന്ന് വീർപ്പുമുട്ടുന്ന നമ്മുടെ വിദ്യാലയത്തെ, അവർ വന്നനാൾതൊട്ട് മാറ്റിമറിക്കാൻ തുടങ്ങി.

                            അതിന്റെ ആദ്യപടിയായി തൊട്ടടുത്ത പള്ളിയിലെ ഗാനമേളട്രൂപ്പിലെ അംഗങ്ങളായ നമ്മുടെ വിദ്യാർത്ഥികൾ ശ്രുതിമധുരമായി ആലപിച്ചിരുന്ന പ്രാർത്ഥനയും ദേശിയഗാനവും നിർത്തലാക്കി. ആൺ‌കുട്ടികളല്ലെ, അവർ പാടെണ്ട, പഠിച്ചാൽ മതിയെന്ന് ഓർഡർ. പിന്നെ തൊട്ടടുത്ത തിങ്കളാഴ്ച മീറ്റിംഗിന് കണ്ണൂരിൽ പോയി ഉച്ചക്ക് തിരിച്ചുവന്നപ്പോൾ ഹെഡ്‌ടീച്ചർ ഒരു വിശേഷപ്പെട്ട വസ്തു കൊണ്ടുവന്നു,
‘ഒരുമീറ്റർ നീളമുള്ള ചൂരൽ’!
അദ്ധ്യാപകരുടെ മുന്നിൽ‌വെച്ച് ട്രെയ്ഡ് മാർക്കുള്ള കവർ പൊളിച്ച് ചൂരൽ വെളിയിലെടുത്തത് കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. എന്നിട്ട് ഒരു പ്രഖ്യാപനം,
“ഇതുകൊണ്ട് ഇവിടത്തെ ആൺ‌പിള്ളേരെ മാത്രമല്ല, അദ്ധ്യാപകരെയും ഞാൻ നേരെയാക്കും”

                            അങ്ങനെ നേരെയാക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കെ യുവജനോത്സവം ആഗതമായി. അതുവരെ അദ്ധ്യാപകരെ പേടിച്ച് അമർന്നിരിക്കുന്ന വിദ്യാർത്ഥികൾ അല്പം സ്വതന്ത്രവായു ശ്വസിക്കുന്നത് ഇത്തരം അവസരങ്ങളിലാണല്ലൊ. ആൺ‌കുട്ടികളാണെങ്കിലും എല്ലാ ഐറ്റത്തിനും അവർ പങ്കെടുക്കും. ആർക്കും ആദ്ധ്യാപകരുടെ സഹായം ആവശ്യമില്ല.
യുവജനോത്സവ ദിനം,,, രണ്ടാം നാൾ,,,
സ്റ്റേജിൽ ഡാൻസ്, പാട്ട്, മോണോആക്റ്റ്, മിമിക്രി, ആദിയായവ നടന്നുകൊണ്ടിരിക്കെ അറിയിപ്പ് വന്നു,
അടുത്തത് ഫാൻസിഡ്രസ്സ്,,, അതായത് പ്രശ്ചന്നവേഷം;
അണിയറയിൽ വേഷങ്ങൾ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്,
ആൺകുട്ടികളുടെ മാത്രം സ്ക്കൂളായതിനാൽ ഞങ്ങൾ അദ്ധ്യാപികമാർക്ക് അണിയറയിലേക്ക് പ്രവേശനം ഇല്ല. മുൻപ് ആൺ പെൺ ഇടകലർന്ന സ്ക്കൂളിലായപ്പോൾ യൂത്ത് ഫസ്റ്റിവെൽ വന്നാൽ എനിക്ക് വിശ്രമിക്കാൻ സമയം ലഭിക്കാറില്ല. ആഘോഷം കഴിഞ്ഞതിന്റെ പിറ്റേദിവസം ആശുപത്രിയിൽ അഡ്‌മിറ്റാവുന്ന ശീലവും എനിക്കുണ്ട്. എന്നാൽ ഇവിടെ അണിയറയുടെ പരിസരത്ത്‌കൂടി നടക്കുന്ന പണി മാത്രമാണ് ഇപ്പോൾ ഞങ്ങൾക്കുള്ളത്.  

വേഷങ്ങൾ ഓരോന്നായി സ്റ്റേജിൽ വരാൻ തുടങ്ങി,
മിക്കവാറും ഭിക്ഷക്കാർ,, ക്ഷയരോഗി,,, കാണാൻ അത്ര രസമൊന്നുമില്ല.
പിന്നെ പുസ്തകഭാരവുമായി ഒരു സ്ക്കൂൾ‌വിദ്യാർത്ഥി,
പിന്നെ മത്സ്യതൊഴിലാളി ഒരു കൂട്ട മീനുമായി വന്നു, പിന്നാലെ കുടനന്നാക്കുന്നവനും,
പിന്നീട് വന്ന വേഷം കണ്ടപ്പോൾ കാണികളെല്ലാം ഒന്നിച്ചെഴുന്നേറ്റ് കൈയ്യടിച്ചു, വന്നത്,,,
ഒരു ഭിക്ഷക്കാരി,,, ഒക്കത്തൊരു കുഞ്ഞ്,,, അല്ല കുഞ്ഞിന്റെ വലിപ്പമുള്ള ഒരു പാവയാണ്,
അവൾ മുഷിഞ്ഞ സാരിയുടെ തുമ്പ്‌കൊണ്ട് പൊതിഞ്ഞ കുഞ്ഞിനെ പാട്ടുപാടി മുലയൂട്ടാൻ ശ്രമിക്കുകയാണ്,,,
“വാവോ,,, വാവ,, കരയല്ലെ, എന്റെ പൊന്നല്ലെ,,, വാവ പാലുകുടിച്ചോ,,,”
ഇങ്ങനെ പോകുന്നു ഡയലോഗുകൾ; ശരിക്കും ഒരു ഭിക്ഷക്കാരി പെണ്ണ്, അതിനിടയിൽ അവൾ പണത്തിനായി കൈനീട്ടി യാചിക്കുന്നുമുണ്ട്.
ഇവിടെ ഒരു കാര്യം പറയാനുണ്ട്; അണ്ണാച്ചികളും അവരോടൊപ്പം ഇന്ന് സാധാരണയായി പറയുന്ന ‘അണ്ണാച്ചി’ എന്നൊരു വാക്കും കണ്ണൂർ ജില്ലയിൽ കടന്നുവരുന്നതിന് മുൻപുള്ള കാലമാണ്, അത്‌കൊണ്ട് ഭിക്ഷയാചിക്കുന്ന സ്ത്രീയെ, അവൾ തമിഴത്തി ആയാലും, ‘ഭിക്ഷക്കാരി’ എന്ന് മാത്രമാണ് വിളിക്കുന്നതും പറയുന്നതും
ഉഗ്രൻ വേഷവും അഭിനയവും’ അദ്ധ്യാപകർ ഒന്നടങ്കം പറഞ്ഞു, ‘ഒന്നാസ്ഥാനം അവന് തന്നെ’.
“പത്താം ക്ലാസ്സിലെ കുട്ടിയാണ്”
ഒരു സഹപ്രവർത്തകൻ പറഞ്ഞു,
ഇത്രക്ക് നന്നായി വേഷം കെട്ടിയവനെ ഒന്ന് നേരിട്ട് കാണണമല്ലൊ, ഞങ്ങൾ ചില അദ്ധ്യാപികമാർ അവൻ സ്റ്റേജിൽ നിന്ന് വെളിയിൽ വന്നപ്പോൾ അടുത്തേക്ക് നടന്നു. പെൺ‌വേഷം കെട്ടിയവൻ കൈയിലുള്ള പാവയെ തൊട്ടടുത്ത മേശപ്പുറത്ത് വെച്ച് അദ്ധ്യാപകരെ നോക്കിയൊന്ന് ചിരിച്ചു. അപ്പോഴാണ് കുറേയേറെ സഹപാഠികൾ അവനെ സമീപിച്ചത്, അവർ വന്ന ഉടനെ ഒരു ചോദ്യം,
“എടാ നീയാണോ പെണ്ണായി വന്നത്?”
മറുപടി പറയാൻ ഭിക്ഷക്കാരി വായതുറക്കുന്നതിന് മുൻപ് അത് സംഭവിച്ചു,
കൂട്ടത്തിൽ ഒരുത്തന്റെ കൈ നീണ്ടുവന്ന് മാറിലൊരു പിടുത്തം, അത് കണ്ട് മറ്റൊരുത്തൻ പിൻ‌വശം പിടിച്ചുഞെക്കി. പിന്നെ ഓരോ ഭാഗങ്ങളായി ആൺകുട്ടികൾ പിടിച്ചുവലിച്ച് സാരിയും ബ്ലൌസും കീറാൻ തുടങ്ങി, ബ്ലൌസിനുള്ളിൽ നിന്ന് പഞ്ഞികൾ വെളിയിലേക്ക് ചാടി. അപ്രതീക്ഷിതമായി പീഡനരംഗം കണ്ടുനിന്ന അദ്ധ്യാപികമാർ ഞെട്ടി. ശിഷ്യന്മാരെ പിടിച്ചുമാറ്റുന്നതിന് മുൻപ് പെണ്ണായി വേഷംകെട്ടിയവൻ ഓടാൻ തുടങ്ങി, പിന്നാലെ പതിനഞ്ചോളം ആൺകുട്ടികളും; സ്റ്റേജിന് മുന്നിലൂടെ, ക്ലാസ് മുറികളിലൂടെ ഓഫീസ് വരാന്തയിലൂടെ,,,
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ‌കൊണ്ട് ശരീരം മറക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ പിന്നാലെ ഒരുപറ്റം വിദ്യാർത്ഥികൾ ഓടുന്നത്‌കണ്ട് യുവജനോത്സവത്തിലെ കാണികളായ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അന്തം‌വിട്ടു. രക്ഷപ്പെടാൻ പഴുത് കാണാതെ ഓടുന്നവൻ ഒടുവിൽ ഓടിക്കയറിയത് അരവാതിലിന്റെ അടിയിലൂടെ നമ്മുടെ ഹെഡ്‌മിസ്ട്രസിന്റെ മുറിയിൽ!!!
“ടീച്ചറേ ഞാൻ,,,”
“ആരാ നീ?”
ബഹളം കേട്ട് ചൂരലെടുക്കാൻ തുനിഞ്ഞ നമ്മുടെ ഹെഡ്‌ടീച്ചർക്ക് ഒന്നും മനസ്സിലായില്ല. വെളിയിലെ ശിഷ്യഗണങ്ങൾ ഇര രക്ഷപ്പെട്ടതറിഞ്ഞ് വാതിലിന്റെ മുന്നിൽ വന്ന് കുനിഞ്ഞും ഏന്തിവലിഞ്ഞും നോക്കാൻ തുടങ്ങി; മാളത്തിലൊളിച്ച ഇരയെ എത്തിനോക്കുന്ന ചെന്നായകളെപോലെ,,, അകത്ത് പ്രവേശിക്കാൻ ആർക്കും ധൈര്യം പോര.
“ടീച്ചറെ ഞാൻ ഈ സ്ക്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടിയാണ്, ഫാൻസി ഡ്രസ്സിന് മത്സരിച്ചതാ,,, അവരൊക്കെ എന്നെ പിടിച്ച് വലിക്കുന്നു,,”
“ഫാൻസി ഡ്രസ്സിന് ഈ വേഷമോ?”
“ഞാനൊരു ഭിക്ഷക്കാരിയായി വേഷം കെട്ടിയതാ”
“മോനേ, ഈ ലോകത്ത് എന്തെല്ലാം വേഷങ്ങൾ കെടക്കുന്നുണ്ട്? എന്നിട്ട് നിനക്ക് സാരിയും ബ്ലൌസുമിട്ട പെൺ‌വേഷമല്ലാതെ മറ്റൊന്നും കെട്ടാൻ തോന്നിയില്ലെ?”
ഹെഡ്‌മിസ്ട്രസ് പറഞ്ഞതൊന്നും മനസ്സിലാവാതെ മുറിയുടെ ഒരു മൂലയിൽ പേടിച്ച്‌വിറച്ച് നമ്മുടെശിഷ്യൻ നിൽക്കുകയാണ്.  ചൂരലുമായി വെളിയിലേക്കിറങ്ങുമ്പോൾ നമ്മുടെ ഹെഡ്‌ടീച്ചർ അവനെനോക്കി വീണ്ടും പറഞ്ഞു,
“പെണ്ണാവണമെന്നില്ല,,, പെൺ‌വേഷം കെട്ടിയാലും മറ്റുള്ളവർ ഉപദ്രവിക്കും”

November 5, 2011

കാത്തിരിപ്പ് നേരത്തെ പെണ്ണനുഭവങ്ങൾ


                                നേരത്തെ പറഞ്ഞുറപ്പിച്ച സമയത്തിനും രണ്ട് മണിക്കൂർ മുൻപ്‌‌തന്നെ, അപ്രതീക്ഷിതമായി എനിക്ക് ആ ബസ്സ്‌സ്റ്റോപ്പിൽ എത്തിച്ചേരേണ്ടിവന്നു. മറ്റുള്ള യാത്രക്കാരുടെ കൂട്ടത്തിൽ ഒരാളായി മാറി ഞാനും കാത്തിരിപ്പ് തുടർന്നു; നാല് മണിക്ക് അവിടെ എത്തിച്ചേരുന്ന ആളെയും പ്രതീക്ഷിച്ച് അവിടെനിന്നത് രണ്ട് മണി മുതൽ. ബസ്സുകൾ ഓരോന്നായി‌വന്ന് സ്റ്റോപ്പിൽ നിർത്തുമ്പോഴൊക്കെ അതിൽ‌നിന്ന് ആളുകൾ ഇറങ്ങുകയും, ചിലർ അതിലേക്ക് കയറുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ ഞാൻ ശ്രദ്ധിക്കുന്നത് ഒറേയൊരു കാര്യം മാത്രമാണ്; എന്റെ ഭർത്താവ് ഇറങ്ങിയവരുടെ കൂട്ടത്തിലുണ്ടോ?

                      ഇന്ന്, യാത്രചെയ്യുന്ന അവസരങ്ങളിലെല്ലാം ശരീരത്തിന്റെ അവിഭാജ്യഘടകം‌പോലെ ഞാൻ മൊബൈൽ ഫോൺ കൊണ്ടു നടക്കാറുണ്ടെങ്കിലും, സംഭവം നടക്കുന്ന കാലത്ത് ലാന്റ്‌ഫോൺ പോലും എന്നെപ്പോലുള്ള സാധാരണക്കാരുടെ വീടുകളിൽ എത്തിച്ചേർന്നിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ സ്ക്കൂളിൽ നിന്ന് ഭർത്താവിന്റെ വിട്ടിലെക്കുള്ള യാത്രാ വേളയിലാണ് അദ്ധ്യാപികയായ എന്റെയീ കാത്തിരിപ്പ്. അദ്ദേഹം വന്നിറങ്ങുന്ന ബസ്സിനെയും പ്രതീക്ഷിച്ച് നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞു. അങ്ങനെ ഒരേ സ്ഥലത്ത് നിന്ന് ‘വടക്കുനോക്കിയന്ത്രം പോലെ’ ഒരേ വശത്തേക്ക് നോക്കുമ്പോഴാണ്, ഞാൻ നിൽക്കുന്നതിന്റെ എതിർവശത്ത് റോഡിന്റെ മറുവശത്തായി ഒരു രംഗം കണ്ടത്. എന്റെ നോട്ടത്തിന്റെ ദിശയിൽ, ഒരു കടയുടെ പിന്നിലുള്ള മറവിൽ നിന്നും ഒരു യുവാവ് എന്നെ നോക്കി കൈകൊണ്ട് ആഗ്യം കാണിക്കുന്നു; അയാൾ എന്നെ അങ്ങോട്ട് വിളിക്കുകയാണ്. പിന്നെ കഥകളി മുദ്രകളിലൂടെ പലതും ചോദിക്കുകയാണ്;
‘ഞാൻ എവിടെയാണ്?
എങ്ങോട്ട് പോകുന്നു?
എത്ര നേരമായി?’

                     അയാളുടെ ഈ പ്രകടനം എന്നോടായിരിക്കില്ല, എന്നമട്ടിൽ അലസമായി ചുറ്റുപാടും നിരീക്ഷിക്കാൻ തുടങ്ങി. അതിനിടയിൽ ഓരോ ബസ്സ് വന്ന് നിർത്തുമ്പോഴും അതിൽ‌നിന്ന് ഭർത്താവ് ഇറങ്ങിവരുന്നവരുന്നുണ്ടോ എന്ന്‌കൂടി ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഞാനവിടെ നിൽക്കുന്ന ആ രണ്ട് മണിക്കൂർ നേരത്തും ആ മനുഷ്യൻ അതേ സ്ഥാനത്ത് നിന്ന് എന്റെ നേരെ കഥകളി മുദ്രകൾ ഓരോന്നായി കാട്ടുന്നുണ്ടായിരുന്നു. അങ്ങനെ നാല് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോൾ വന്നുചേർന്ന ബസ്സിൽ‌നിന്നും അദ്ദേഹം ഇറങ്ങി. ഒപ്പം നാട്ടിലെക്ക് പോകേണ്ട ബസ് കൂടി വന്നപ്പോൾ നമ്മൾ അതിൽ കയറി യാത്രയായി.
                    ആ യാത്രയിൽ അങ്ങനെയൊരാൾ റോഡിന്റെ മറുവശത്ത് നിന്ന് ആഗ്യം കാണിച്ചത് ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും എന്നിൽ അവശേഷിക്കുന്നു;
ഈ വ്യക്തിക്ക് തൊഴിലൊന്നും ഇല്ലെ?
അയാൾ എന്താണ് പറയാൻ ശ്രമിച്ചത്?
ഈ വ്യക്തിക്ക് സ്ത്രീകളെക്കുറിച്ചുള്ള ധാരണകൾ എന്തായിരിക്കും?
                      
                      ജനനത്തിനും മരണത്തിനും ഇടവേളകളിൽ ആടിതീർക്കുന്ന മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമാണ് കാത്തിരിപ്പ്. വരാനിരിക്കുന്ന നല്ലതിനെകുറിച്ച് പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന വ്യക്തികൾ എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ നിത്യേന മണിക്കൂറുകൾ യാത്രചെയ്യേണ്ടി വരുന്ന വ്യക്തിക്ക് മറ്റുള്ളവരിൽ‌നിന്ന് വ്യത്യസ്തമായി കാത്തിരിപ്പിന്റെ അനുഭവങ്ങൾ ധാരാളം ഉണ്ടാവും. അത് ഒരു സ്ത്രീ ആണെങ്കിൽ അവളുടെ പ്രായം കൂടി കണക്കിലെടുക്കുമ്പോൾ സ്ഥലകാലദേശമനുസരിച്ച് നല്ലതും ചീത്തയുമായ അനുഭവങ്ങൾ കാണും.

                      ഒരു ലക്ഷ്യത്തെയും പ്രതീക്ഷിച്ച് ഒരിടത്ത് തന്നെ നിന്ന് മിനിട്ടുകളും മണിക്കൂറുകളും കടന്നുപോകവെ ഒടുവിൽ ഒരു നിമിഷം നമ്മുടെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പ്മുട്ടുന്നു. അതുവരെ മനസ്സിലുള്ള പ്രയാസങ്ങളെല്ലാം ഒരു നിമിഷം അലിഞ്ഞില്ലാതാവുന്നു. ഈ സന്തോഷം അതുവരെ നമ്മൾ കാത്തിരുന്ന ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷം വരുന്ന ഒരു സുഹൃത്ത്, ബന്ധു, ബസ്സ്, ട്രെയിൻ എല്ലാം മനസ്സിൽ സൃഷ്ടിക്കുന്ന അലകൾ ഒരുപോലെ ആയിരിക്കില്ല. അതുപോലെ കൂടുതൽ നേരം കാത്തിരുന്ന് കൈവരിക്കുന്ന ലക്ഷ്യത്തിന് മാധുര്യം കൂടും. വൈകി വരുന്നബസ്സിനെ കാണുമ്പോൾ കയറിപറ്റാൻ കൂടുതൽ ആവേശം ഉണ്ടാവും. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം കടന്നുവരുന്ന വ്യക്തിയെ കൺ‌മുന്നിൽ കാണുമ്പോൾ മനസ്സ് കോരിത്തരിക്കും.

                       കാത്തിരിപ്പുകൾ യാത്രകളുടെ അവിഭാജ്യഘടകമാണെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നമ്മുടെ യാത്രകളിൽ സംഭവിക്കാറുള്ളതുപോലുള്ള ‘ദുരനുഭവങ്ങൾ’ കാത്തിരിപ്പ് വേളകളിലും അനുഭവപ്പെടാറുണ്ട്. ബസ്‌സ്റ്റോപ്പ്, റെയിൽ‌വെ സ്റ്റേഷൻ എന്നീ ഇടങ്ങളിൽ സ്ത്രീപുരുഷന്മാരായ യാത്രക്കാർ അനേകം ഉണ്ടാവുമെങ്കിലും കാത്തിരിപ്പിന്റെ സമയം ദീർഘിക്കുന്തോറും ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീകളുടെ നേരെ ചിലരുടെ കഴുകൻ‌കണ്ണുകൾ തുറിച്ചുനോക്കുന്നതായി കാണാൻ കഴിയും. ഈ തുറിച്ചുനോട്ടത്തിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല; കൊച്ചു പെൺ‌കുട്ടിയെന്നോ പടു കിഴവിയെന്നോ വ്യത്യാസമില്ല. പിന്നെ പതുക്കെ അടുത്തുവരലായി, അന്വേഷണങ്ങളായി, സഹായവാഗ്ദാനങ്ങളായി,,,

                         ഒരു അദ്ധ്യാപികയായി ജോലി ചെയ്യുന്ന കാലത്ത് വർഷങ്ങളോളം ദൂരയാത്ര ചെയ്ത അനുഭവങ്ങൾ എനിക്കുണ്ട്. രാവിലെയും വൈകിട്ടുമായി ലക്ഷ്യത്തിലെത്താൻ രണ്ടും മൂന്നും ബസ്സുകളിൽ മാറി മാറി കയറുന്ന ഇടവേളകളിൽ ഒന്നിൽ നിന്നിറങ്ങി അടുത്തതിനായുള്ള കാത്തിരിപ്പിനിടയിൽ പലതരം സംഭവങ്ങൾ കാണാനിടയായിട്ടുണ്ട്. യാത്രകൾ മിക്കവാറും ബസ്സിൽ ആയതിനാൽ, അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ജീവിതത്തിലെ അനേകം മണിക്കൂറുകൾ അപഹരിച്ചത്. സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന ആകെ ബസ് മൂന്നെണ്ണം. അവയിലൊന്നിനെയും പ്രതീക്ഷിച്ച് ബസ്‌സ്റ്റാന്റിൽ നിൽക്കുമ്പോൾ എന്റെ നേരെ വരുന്ന തുറിച്ചുനോട്ടങ്ങൾ എല്ലായിപ്പോഴും അവഗണിക്കാറാണ് പതിവ്. ഒന്നും അറിയാത്ത മട്ടിൽ നടന്ന് ശരീരത്തിൽ സ്പർശിക്കുന്ന ചിലരുണ്ടാവും, പൊതുസ്ഥലത്ത് പുകവലി നിരോധിക്കുന്നതിന് മുൻപ് പിന്നിലൂടെ വന്ന് പുകയൂതി വിടുന്നവരുണ്ടാവും. പെണ്ണായാൽ പിന്നിലേക്കും ഒരു കണ്ണ്’ വേണമെന്ന് മനസ്സിലാക്കിയത് ആ നേരത്താണ്.
ബസ്സ്‌സ്റ്റാന്റിലായിരിക്കുമ്പോൾ കാത്തിരിപ്പ് നീളുന്നതിനനുസരിച്ച് അപരിചിതരായ ചിലർ വളരെ മാന്യമായി അന്വേഷണം ആരംഭിക്കും,
“എങ്ങോട്ടാ പോകേണ്ടത്?”
ഞാൻ സ്ഥലത്തിന്റെ പേര് പറയും,
“പയ്യന്നൂർ”
“പയ്യന്നൂരിൽ പോകുന്ന ബസ്സ് ഇവിടെയുണ്ടല്ലൊ; പിന്നെന്താ പോകാത്തത്?”
“ഞാൻ സ്ഥിരമായി പോകുന്ന ബസ്സ് വന്നിട്ടില്ല”
“സ്ഥിരമായി പോകുന്ന ബസ് സ്വന്തം ബസ്സാണോ?”
നമുക്ക് ഇഷ്ടമില്ലെങ്കിലും സംഭാഷണം നീട്ടിക്കൊണ്ടുപോകുന്നതായി അറിയുന്നു. സഹായിക്കാനെന്ന വ്യാജേന ശല്യം‌ചെയ്ത് ഉപദ്രവിക്കുന്നതായി മനസ്സിലാക്കാം. സ്ഥലത്തിന്റെയോ പോകേണ്ട ബസ്സിന്റെയോ പേരിന്റെ കാര്യത്തിൽ കള്ളം പറയാനാവില്ല. കളവ് പറഞ്ഞാൽ അടുത്ത ചോദ്യങ്ങൾ നമ്മുടെ ഉത്തരം മുട്ടിക്കുന്നതായിരിക്കും. അപ്പോൾ നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കും, ‘എന്റെ ബസ്സ് പെട്ടെന്ന് വരേണമേ,,,’

                      പലപ്പോഴും ഒരു സ്ത്രീയുടെ വഴിവിട്ട ജീവിതം മറ്റ് സ്ത്രീകൾക്ക് വിനയായി മാറുന്നത് പതിവാണ്. തൊട്ടടുത്ത് ‘വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിവരുന്ന ഒരു യാത്രക്കാരിയുടെ മട്ടിൽ നിൽക്കുന്നവൾ’ തന്നെ സമീപിക്കുന്ന പുരുഷനുമായി വിലപറഞ്ഞുറപ്പിച്ച് നടന്നുപോകുന്നത്, എനിക്ക് കാണാനിടയായിട്ടുണ്ട്. ‘അവളെപോലെ നീയും ഒരു പെണ്ണാണ്, അതുപോലെ സഹകരിച്ചാലെന്താണ്’ എന്നൊരു ചോദ്യം ചില പുരുഷന്മാരിൽ നിന്ന് ഉയർന്ന് വരാം. തന്നെപ്പോലെ ഒരു സ്ത്രീയാണെന്ന പരിഗണനയിൽ മുൻ‌പരിചയമില്ലാത്ത സ്ത്രീകൾ പറയുന്നത് അതെപടി ഒരിക്കലും വിശ്വസിക്കരുത്. കേരളത്തിൽ നടക്കുന്ന എല്ലാ പെൺ‌വാണിഭത്തിന്റെ പിന്നിലും ‘ഇടനിലക്കാരിയായി സ്ത്രീ’ ഉണ്ടാവും എന്നത് മനസ്സിലാക്കണം.

                       പരസഹായമില്ലാതെ, ആരോടും സഹായം അഭ്യർത്ഥിക്കാതെ യാത്ര ചെയ്യാനുള്ള തന്റേടം ഇന്ന് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന എല്ലാ സ്ത്രീകൾക്കും ഉണ്ട്. എന്നാൽ ഏതാനും ചില പുരുഷ മനസ്സുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളെക്കുറിച്ച് വികലമായ ധാരണകളാണ് വെച്ച്‌പുലർത്തുന്നത്. ‘അവൾ അബലയാണ്, അനാഥയാണ്, പുരുഷസഹായം ആവശ്യപ്പെടേണ്ടവളാണ്, പുരുഷന്മാർക്ക് അവളെ എന്ത്‌വേണമെങ്കിലും ചെയ്യാം,’ തുടങ്ങിയ ചിന്തകൾ വെച്ച്പുലർത്തുന്ന ഒരു സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകൾ ഒരിക്കലും സുരക്ഷിതരല്ല. ഒറ്റയ്ക്കുള്ള യാത്രവേളകളിൽ സ്ത്രീകൾ ജാഗ്രത പാലിക്കണം.  ചുറ്റുപാടുമുള്ളവരുടെ കണ്ണുകൾ അവളെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയോടുകൂടി യാത്രചെയ്താൽ അപകടമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം

....നാലാമിടം പെണ്മയിൽ പ്രസിദ്ധീകരിച്ചത്,