“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 5, 2011

കാത്തിരിപ്പ് നേരത്തെ പെണ്ണനുഭവങ്ങൾ


                                നേരത്തെ പറഞ്ഞുറപ്പിച്ച സമയത്തിനും രണ്ട് മണിക്കൂർ മുൻപ്‌‌തന്നെ, അപ്രതീക്ഷിതമായി എനിക്ക് ആ ബസ്സ്‌സ്റ്റോപ്പിൽ എത്തിച്ചേരേണ്ടിവന്നു. മറ്റുള്ള യാത്രക്കാരുടെ കൂട്ടത്തിൽ ഒരാളായി മാറി ഞാനും കാത്തിരിപ്പ് തുടർന്നു; നാല് മണിക്ക് അവിടെ എത്തിച്ചേരുന്ന ആളെയും പ്രതീക്ഷിച്ച് അവിടെനിന്നത് രണ്ട് മണി മുതൽ. ബസ്സുകൾ ഓരോന്നായി‌വന്ന് സ്റ്റോപ്പിൽ നിർത്തുമ്പോഴൊക്കെ അതിൽ‌നിന്ന് ആളുകൾ ഇറങ്ങുകയും, ചിലർ അതിലേക്ക് കയറുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ ഞാൻ ശ്രദ്ധിക്കുന്നത് ഒറേയൊരു കാര്യം മാത്രമാണ്; എന്റെ ഭർത്താവ് ഇറങ്ങിയവരുടെ കൂട്ടത്തിലുണ്ടോ?

                      ഇന്ന്, യാത്രചെയ്യുന്ന അവസരങ്ങളിലെല്ലാം ശരീരത്തിന്റെ അവിഭാജ്യഘടകം‌പോലെ ഞാൻ മൊബൈൽ ഫോൺ കൊണ്ടു നടക്കാറുണ്ടെങ്കിലും, സംഭവം നടക്കുന്ന കാലത്ത് ലാന്റ്‌ഫോൺ പോലും എന്നെപ്പോലുള്ള സാധാരണക്കാരുടെ വീടുകളിൽ എത്തിച്ചേർന്നിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ സ്ക്കൂളിൽ നിന്ന് ഭർത്താവിന്റെ വിട്ടിലെക്കുള്ള യാത്രാ വേളയിലാണ് അദ്ധ്യാപികയായ എന്റെയീ കാത്തിരിപ്പ്. അദ്ദേഹം വന്നിറങ്ങുന്ന ബസ്സിനെയും പ്രതീക്ഷിച്ച് നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞു. അങ്ങനെ ഒരേ സ്ഥലത്ത് നിന്ന് ‘വടക്കുനോക്കിയന്ത്രം പോലെ’ ഒരേ വശത്തേക്ക് നോക്കുമ്പോഴാണ്, ഞാൻ നിൽക്കുന്നതിന്റെ എതിർവശത്ത് റോഡിന്റെ മറുവശത്തായി ഒരു രംഗം കണ്ടത്. എന്റെ നോട്ടത്തിന്റെ ദിശയിൽ, ഒരു കടയുടെ പിന്നിലുള്ള മറവിൽ നിന്നും ഒരു യുവാവ് എന്നെ നോക്കി കൈകൊണ്ട് ആഗ്യം കാണിക്കുന്നു; അയാൾ എന്നെ അങ്ങോട്ട് വിളിക്കുകയാണ്. പിന്നെ കഥകളി മുദ്രകളിലൂടെ പലതും ചോദിക്കുകയാണ്;
‘ഞാൻ എവിടെയാണ്?
എങ്ങോട്ട് പോകുന്നു?
എത്ര നേരമായി?’

                     അയാളുടെ ഈ പ്രകടനം എന്നോടായിരിക്കില്ല, എന്നമട്ടിൽ അലസമായി ചുറ്റുപാടും നിരീക്ഷിക്കാൻ തുടങ്ങി. അതിനിടയിൽ ഓരോ ബസ്സ് വന്ന് നിർത്തുമ്പോഴും അതിൽ‌നിന്ന് ഭർത്താവ് ഇറങ്ങിവരുന്നവരുന്നുണ്ടോ എന്ന്‌കൂടി ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഞാനവിടെ നിൽക്കുന്ന ആ രണ്ട് മണിക്കൂർ നേരത്തും ആ മനുഷ്യൻ അതേ സ്ഥാനത്ത് നിന്ന് എന്റെ നേരെ കഥകളി മുദ്രകൾ ഓരോന്നായി കാട്ടുന്നുണ്ടായിരുന്നു. അങ്ങനെ നാല് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോൾ വന്നുചേർന്ന ബസ്സിൽ‌നിന്നും അദ്ദേഹം ഇറങ്ങി. ഒപ്പം നാട്ടിലെക്ക് പോകേണ്ട ബസ് കൂടി വന്നപ്പോൾ നമ്മൾ അതിൽ കയറി യാത്രയായി.
                    ആ യാത്രയിൽ അങ്ങനെയൊരാൾ റോഡിന്റെ മറുവശത്ത് നിന്ന് ആഗ്യം കാണിച്ചത് ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും എന്നിൽ അവശേഷിക്കുന്നു;
ഈ വ്യക്തിക്ക് തൊഴിലൊന്നും ഇല്ലെ?
അയാൾ എന്താണ് പറയാൻ ശ്രമിച്ചത്?
ഈ വ്യക്തിക്ക് സ്ത്രീകളെക്കുറിച്ചുള്ള ധാരണകൾ എന്തായിരിക്കും?
                      
                      ജനനത്തിനും മരണത്തിനും ഇടവേളകളിൽ ആടിതീർക്കുന്ന മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമാണ് കാത്തിരിപ്പ്. വരാനിരിക്കുന്ന നല്ലതിനെകുറിച്ച് പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന വ്യക്തികൾ എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ നിത്യേന മണിക്കൂറുകൾ യാത്രചെയ്യേണ്ടി വരുന്ന വ്യക്തിക്ക് മറ്റുള്ളവരിൽ‌നിന്ന് വ്യത്യസ്തമായി കാത്തിരിപ്പിന്റെ അനുഭവങ്ങൾ ധാരാളം ഉണ്ടാവും. അത് ഒരു സ്ത്രീ ആണെങ്കിൽ അവളുടെ പ്രായം കൂടി കണക്കിലെടുക്കുമ്പോൾ സ്ഥലകാലദേശമനുസരിച്ച് നല്ലതും ചീത്തയുമായ അനുഭവങ്ങൾ കാണും.

                      ഒരു ലക്ഷ്യത്തെയും പ്രതീക്ഷിച്ച് ഒരിടത്ത് തന്നെ നിന്ന് മിനിട്ടുകളും മണിക്കൂറുകളും കടന്നുപോകവെ ഒടുവിൽ ഒരു നിമിഷം നമ്മുടെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പ്മുട്ടുന്നു. അതുവരെ മനസ്സിലുള്ള പ്രയാസങ്ങളെല്ലാം ഒരു നിമിഷം അലിഞ്ഞില്ലാതാവുന്നു. ഈ സന്തോഷം അതുവരെ നമ്മൾ കാത്തിരുന്ന ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷം വരുന്ന ഒരു സുഹൃത്ത്, ബന്ധു, ബസ്സ്, ട്രെയിൻ എല്ലാം മനസ്സിൽ സൃഷ്ടിക്കുന്ന അലകൾ ഒരുപോലെ ആയിരിക്കില്ല. അതുപോലെ കൂടുതൽ നേരം കാത്തിരുന്ന് കൈവരിക്കുന്ന ലക്ഷ്യത്തിന് മാധുര്യം കൂടും. വൈകി വരുന്നബസ്സിനെ കാണുമ്പോൾ കയറിപറ്റാൻ കൂടുതൽ ആവേശം ഉണ്ടാവും. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം കടന്നുവരുന്ന വ്യക്തിയെ കൺ‌മുന്നിൽ കാണുമ്പോൾ മനസ്സ് കോരിത്തരിക്കും.

                       കാത്തിരിപ്പുകൾ യാത്രകളുടെ അവിഭാജ്യഘടകമാണെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നമ്മുടെ യാത്രകളിൽ സംഭവിക്കാറുള്ളതുപോലുള്ള ‘ദുരനുഭവങ്ങൾ’ കാത്തിരിപ്പ് വേളകളിലും അനുഭവപ്പെടാറുണ്ട്. ബസ്‌സ്റ്റോപ്പ്, റെയിൽ‌വെ സ്റ്റേഷൻ എന്നീ ഇടങ്ങളിൽ സ്ത്രീപുരുഷന്മാരായ യാത്രക്കാർ അനേകം ഉണ്ടാവുമെങ്കിലും കാത്തിരിപ്പിന്റെ സമയം ദീർഘിക്കുന്തോറും ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീകളുടെ നേരെ ചിലരുടെ കഴുകൻ‌കണ്ണുകൾ തുറിച്ചുനോക്കുന്നതായി കാണാൻ കഴിയും. ഈ തുറിച്ചുനോട്ടത്തിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല; കൊച്ചു പെൺ‌കുട്ടിയെന്നോ പടു കിഴവിയെന്നോ വ്യത്യാസമില്ല. പിന്നെ പതുക്കെ അടുത്തുവരലായി, അന്വേഷണങ്ങളായി, സഹായവാഗ്ദാനങ്ങളായി,,,

                         ഒരു അദ്ധ്യാപികയായി ജോലി ചെയ്യുന്ന കാലത്ത് വർഷങ്ങളോളം ദൂരയാത്ര ചെയ്ത അനുഭവങ്ങൾ എനിക്കുണ്ട്. രാവിലെയും വൈകിട്ടുമായി ലക്ഷ്യത്തിലെത്താൻ രണ്ടും മൂന്നും ബസ്സുകളിൽ മാറി മാറി കയറുന്ന ഇടവേളകളിൽ ഒന്നിൽ നിന്നിറങ്ങി അടുത്തതിനായുള്ള കാത്തിരിപ്പിനിടയിൽ പലതരം സംഭവങ്ങൾ കാണാനിടയായിട്ടുണ്ട്. യാത്രകൾ മിക്കവാറും ബസ്സിൽ ആയതിനാൽ, അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ജീവിതത്തിലെ അനേകം മണിക്കൂറുകൾ അപഹരിച്ചത്. സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന ആകെ ബസ് മൂന്നെണ്ണം. അവയിലൊന്നിനെയും പ്രതീക്ഷിച്ച് ബസ്‌സ്റ്റാന്റിൽ നിൽക്കുമ്പോൾ എന്റെ നേരെ വരുന്ന തുറിച്ചുനോട്ടങ്ങൾ എല്ലായിപ്പോഴും അവഗണിക്കാറാണ് പതിവ്. ഒന്നും അറിയാത്ത മട്ടിൽ നടന്ന് ശരീരത്തിൽ സ്പർശിക്കുന്ന ചിലരുണ്ടാവും, പൊതുസ്ഥലത്ത് പുകവലി നിരോധിക്കുന്നതിന് മുൻപ് പിന്നിലൂടെ വന്ന് പുകയൂതി വിടുന്നവരുണ്ടാവും. പെണ്ണായാൽ പിന്നിലേക്കും ഒരു കണ്ണ്’ വേണമെന്ന് മനസ്സിലാക്കിയത് ആ നേരത്താണ്.
ബസ്സ്‌സ്റ്റാന്റിലായിരിക്കുമ്പോൾ കാത്തിരിപ്പ് നീളുന്നതിനനുസരിച്ച് അപരിചിതരായ ചിലർ വളരെ മാന്യമായി അന്വേഷണം ആരംഭിക്കും,
“എങ്ങോട്ടാ പോകേണ്ടത്?”
ഞാൻ സ്ഥലത്തിന്റെ പേര് പറയും,
“പയ്യന്നൂർ”
“പയ്യന്നൂരിൽ പോകുന്ന ബസ്സ് ഇവിടെയുണ്ടല്ലൊ; പിന്നെന്താ പോകാത്തത്?”
“ഞാൻ സ്ഥിരമായി പോകുന്ന ബസ്സ് വന്നിട്ടില്ല”
“സ്ഥിരമായി പോകുന്ന ബസ് സ്വന്തം ബസ്സാണോ?”
നമുക്ക് ഇഷ്ടമില്ലെങ്കിലും സംഭാഷണം നീട്ടിക്കൊണ്ടുപോകുന്നതായി അറിയുന്നു. സഹായിക്കാനെന്ന വ്യാജേന ശല്യം‌ചെയ്ത് ഉപദ്രവിക്കുന്നതായി മനസ്സിലാക്കാം. സ്ഥലത്തിന്റെയോ പോകേണ്ട ബസ്സിന്റെയോ പേരിന്റെ കാര്യത്തിൽ കള്ളം പറയാനാവില്ല. കളവ് പറഞ്ഞാൽ അടുത്ത ചോദ്യങ്ങൾ നമ്മുടെ ഉത്തരം മുട്ടിക്കുന്നതായിരിക്കും. അപ്പോൾ നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കും, ‘എന്റെ ബസ്സ് പെട്ടെന്ന് വരേണമേ,,,’

                      പലപ്പോഴും ഒരു സ്ത്രീയുടെ വഴിവിട്ട ജീവിതം മറ്റ് സ്ത്രീകൾക്ക് വിനയായി മാറുന്നത് പതിവാണ്. തൊട്ടടുത്ത് ‘വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിവരുന്ന ഒരു യാത്രക്കാരിയുടെ മട്ടിൽ നിൽക്കുന്നവൾ’ തന്നെ സമീപിക്കുന്ന പുരുഷനുമായി വിലപറഞ്ഞുറപ്പിച്ച് നടന്നുപോകുന്നത്, എനിക്ക് കാണാനിടയായിട്ടുണ്ട്. ‘അവളെപോലെ നീയും ഒരു പെണ്ണാണ്, അതുപോലെ സഹകരിച്ചാലെന്താണ്’ എന്നൊരു ചോദ്യം ചില പുരുഷന്മാരിൽ നിന്ന് ഉയർന്ന് വരാം. തന്നെപ്പോലെ ഒരു സ്ത്രീയാണെന്ന പരിഗണനയിൽ മുൻ‌പരിചയമില്ലാത്ത സ്ത്രീകൾ പറയുന്നത് അതെപടി ഒരിക്കലും വിശ്വസിക്കരുത്. കേരളത്തിൽ നടക്കുന്ന എല്ലാ പെൺ‌വാണിഭത്തിന്റെ പിന്നിലും ‘ഇടനിലക്കാരിയായി സ്ത്രീ’ ഉണ്ടാവും എന്നത് മനസ്സിലാക്കണം.

                       പരസഹായമില്ലാതെ, ആരോടും സഹായം അഭ്യർത്ഥിക്കാതെ യാത്ര ചെയ്യാനുള്ള തന്റേടം ഇന്ന് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന എല്ലാ സ്ത്രീകൾക്കും ഉണ്ട്. എന്നാൽ ഏതാനും ചില പുരുഷ മനസ്സുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളെക്കുറിച്ച് വികലമായ ധാരണകളാണ് വെച്ച്‌പുലർത്തുന്നത്. ‘അവൾ അബലയാണ്, അനാഥയാണ്, പുരുഷസഹായം ആവശ്യപ്പെടേണ്ടവളാണ്, പുരുഷന്മാർക്ക് അവളെ എന്ത്‌വേണമെങ്കിലും ചെയ്യാം,’ തുടങ്ങിയ ചിന്തകൾ വെച്ച്പുലർത്തുന്ന ഒരു സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകൾ ഒരിക്കലും സുരക്ഷിതരല്ല. ഒറ്റയ്ക്കുള്ള യാത്രവേളകളിൽ സ്ത്രീകൾ ജാഗ്രത പാലിക്കണം.  ചുറ്റുപാടുമുള്ളവരുടെ കണ്ണുകൾ അവളെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയോടുകൂടി യാത്രചെയ്താൽ അപകടമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം

....നാലാമിടം പെണ്മയിൽ പ്രസിദ്ധീകരിച്ചത്,

32 comments:

 1. അനുഭവങ്ങൾ കോർത്തിണക്കിയിട്ട് എഴുതിയ ഈ പോസ്റ്റ് നാലാമിടം പെണ്മയിൽ മുൻപ് പ്രസിദ്ധീകരിച്ചതാണ്.
  എഡിറ്റ് ചെയ്ത് അല്പം മാറ്റം വരുത്തിയിട്ടുണ്ട്.

  ReplyDelete
 2. Good Morning Mini

  We wish you a lovely week-end
  hugs from us all
  :)

  ReplyDelete
 3. അരക്ഷിതത്വത്തിന്റെ ആരൊക്കെയോ തീര്‍ത്ത കൂട്ടിലാണ് ഇന്ന് സ്ത്രീ...

  ReplyDelete
 4. ഇത്തരം ലേഖനങ്ങള്‍ വീണ്ടും വീണ്ടും നമ്മോടു ചോദിക്കുന്നു, ആരാണിതിനൊക്കെ ഉത്തരവാദികള്‍...? എങ്ങിനെ പ്രതികരിക്കണം ...? സാമൂഹ്യ മൂല്യങ്ങള്‍ ഉള്ള ഒരു തലമുറ ഇനി ഇവിടെ ഉണ്ടാകുമോ...? ചോദ്യങ്ങള്‍ അനന്തമായി നീളുന്നു...

  ലേഖനം നന്നായി ടീച്ചറെ...

  ReplyDelete
 5. @Anya -,
  Good morning Anya,,
  @ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur-,
  പറഞ്ഞ് പറഞ്ഞ് ‘സ്ത്രീകൾ’ എന്നത് എന്തൊക്കെയോ ആക്കിയിരിക്കയാണ്. ആർക്കും എന്തും ചെയ്യാവുന്ന, പറയാവുന്ന ഒന്ന്, അഭിപ്രായം എഴുതിയതിന് നന്ദി.
  @കുഞ്ഞൂസ് (Kunjuss)-,
  ഉത്തരമില്ലാത്ത ചോദ്യങ്ങൾ, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 6. വഴിയാത്രയ്ക്കിടയില്‍ ആല്മാര്തമായി സഹായിച്ച ആണുങ്ങളെക്കുറിച്ച് എത്രയോ പെണ്ണുങ്ങള്‍ പുകഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നും ഒറ്റയ്ക്ക് നാട്ടിലേക്ക് പോകുന്ന സ്ത്രീകള്‍.
  സ്ത്രീകളോട് മാന്യമായി പെരുമാറുന്നതില്‍ പ്രവാസികള്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന് കണ്ണൂരാന്‍ പറഞ്ഞാല്‍ ..??


  (ചേച്ചീടെ കല്യാണംമുതല്‍ കണ്ണൂരില്‍ പൂവാലശല്യമുണ്ടെന്നു മനസിലായി!)

  ReplyDelete
 7. മിനി,
  ഈ ലേഖനം എന്നില്‍ മറ്റൊരോര്‍മ്മ ഉണര്‍ത്തി.പ്രസവത്തോടടുത്ത് ലീവ് എടുത്താല്‍ അത്രയുംകൂടെ കൂടുതല്‍ ശേഷം കിട്ടുമല്ലോ എന്ന വിചാരത്താല്‍ നിറവായ റോടെ ഒന്‍പതാം മാസവും സ്കൂളില്‍ പോയി മടങ്ങി വരുന്ന സമയം.നാട്ടിലെ ജനസമ്മതനായ ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍ മദ്യപിച്ചു മദോന്മത്തനായി എന്റെ നേരെ നോക്കി വൃത്തികെട്ട ചില ആംഗ്യങ്ങള്‍ കാണിച്ചു.എന്റെ ശരീരത്തില്‍ എന്തോ പെരുത്ത്‌ കയറിയത് പോലെ യാണ് എനിക്ക് തോന്നിയത്.ബസ്റ്റാന്റില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു.മറ്റാരും പ്രതികരിച്ചില്ല.
  ഞാനെന്റെ മുഴുവന്‍ ശക്തിയും എടുത്ത് ഒറ്റ ആട്ടു കൊടുത്തു.
  അതോടെ നമ്മുടെ സാംസ്ക്കാരിക നായകന്‍ സ്ഥലം വിട്ടു.
  ശരിക്കും ആളുകളുടെ മുന്നില്‍ വച്ചുതന്നെ പ്രതികരിക്കാന്‍ സ്തീകള്‍ തയ്യാറാകണം.
  കൂട്ടത്തില്‍ കുറച്ച് പേരെങ്കിലും നമ്മുടെ സഹായത്തിനു കൂടെ ഉണ്ടാകുമല്ലോ.
  അഥവാ ആരുമില്ലെങ്കിലും നമ്മള്‍ ധൈര്യമായി നിന്നാല്‍ ഇത്തരം ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യാന്‍ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല.
  ലേഖനം നന്നായി അഭിനന്ദനങ്ങള്‍.

  ReplyDelete
 8. ജീവിതാനുഭവങ്ങളില്‍ ചാലിച്ചെടുത്ത എഴുതിയ വരികള്‍
  ഗൌരവമായൊരു വിഷയം വളരെ ചാതുര്യത്തോട് എഴുത്തുകാരി
  തന്റെ തനതായ ശൈലിയില്‍ അവതരിപ്പിച്ചു.
  എന്തു ചെയ്യാം ടീച്ചറേ,
  ഇത്തരം ഞരമ്പ് രോഗികള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നതല്ലാതെ
  കുറയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു.
  ഇതിനൊരു മറുവശം കൂടിയുണ്ട്.
  ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ, ഇതില്‍ കുറെയൊക്കെ സ്ത്രീകള്‍ തന്നെ വിളിച്ചു വരുത്തുന്നന്നും പറയാം. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് പ്രലോഭനം നല്‍കുന്ന വിധത്തിലുള്ള വസ്ത്രധാരണം ഒഴിവാക്കിയാല്‍ ഇതൊരു പരിധി വരെ നമുക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയില്ലേ?
  പിന്നെ ഇവിടെ ടീച്ചര്‍ കാട്ടിയപോലെ ഒരു കണ്ടില്ല നയം സ്വീകരിച്ചാലും ഇവരുടെ ഇത്തരം രോഗികളില്‍ നിന്നും രക്ഷപെടാം.
  അനുഭവം പങ്കു വെച്ചതില്‍ നന്ദി.

  ReplyDelete
 9. ടീച്ചറേ,

  ആദ്യം എഴുതിയ ചില വരികള്‍ വീണ്ടും റിപ്പീറ്റ് ചെയ്തിട്ടുണ്ട്. ശരിയാക്കുമല്ലോ അല്ലേ..

  ReplyDelete
 10. ടീച്ചര്‍ക്കിങ്ങനെ പിടി കിട്ടാത്ത ഓരോ അനുഭവങ്ങള്‍!. മുമ്പൊരിക്കല്‍ റെയില്‍ വേ സ്റ്റേഷന്നടുത്ത് ഒരാള്‍ സഹായിക്കാന്‍ തുനിഞ്ഞ ദുരനുഭവം ഇതു പോലെ പോസ്റ്റിയിരുന്നതായോര്‍മ്മ?.കുറെ കാലമായി കേരളത്തില്‍ പുരുഷന്മാര്‍ വഷളന്മാരാവുന്നുണ്ടല്ലെ?. പിന്നെ മറ്റൊരു കാര്യം , കണ്ണൂരുകാര്‍ “ നമ്മള്‍ ” എന്നു പറഞ്ഞാല്‍ “ഞങ്ങള്‍ ” എന്നാണര്‍ത്ഥമല്ലെ?

  ReplyDelete
 11. @K@nn(())raan*കണ്ണൂരാന്‍!-,
  യാത്രക്കിടയിൽ പുരുഷന്മാർ സഹായിച്ച അനേകം അനുഭവങ്ങൾ എനിക്കുണ്ട്. അതിനിടയിൽ ഇത്തരം സംഭവങ്ങളും ഉണ്ട്. കണ്ണൂരാനേ അഭിപ്രായം എഴുതിയതിന് നന്ദി.
  @ലീല എം ചന്ദ്രന്‍.. -,
  ടീച്ചറെ കലക്കി,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @Philip Verghese'Ariel'-,
  ‘പുരുഷന്മാര്‍ക്ക് പ്രലോഭനം നല്‍കുന്ന വിധത്തിലുള്ള വസ്ത്രധാരണം‘ നടത്തുന്നവർക്ക് ഒരു പ്രശ്നവും ഉണ്ടാവാറില്ല. അവർ പലപ്പോഴും സുരക്ഷിതരായിരിക്കും. രക്ഷിതാക്കളുടെ കൂടെ സഞ്ചരിക്കുന്ന പെൺകുട്ടികൾ പലപ്പോഴും വളരെ മോശമായ വസ്ത്രം ധരിച്ച് കാണാറുണ്ട്. എന്നാൽ ഇതൊക്കെ നോക്കികാണുന്ന ചിലപുരുഷന്മാർ, അല്പം ഭയപ്പെട്ട്, മനസ്സിൽ വിഷമത്തോടെ, ജോലി ചെയ്ത ക്ഷീണത്തോടെ, ആകാംഷയോടെ, നിൽക്കുന്ന സ്ത്രീകളെയാണ് ശല്യം ചെയ്യുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Manoraj-,
  ശരിയാക്കിയിട്ടുണ്ട്,, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 12. ഒറ്റയ്ക്ക് മാത്രമല്ല കൂടെ ആളുള്ളപ്പോഴും നമ്മെ അപകടപ്പെടുത്തുവാനും അപമാനിയ്ക്കാനും പലരുമുണ്ടാവും എന്ന ഭയപ്പാടല്ലാതെ സഹായിയ്ക്കാൻ ആരെങ്കിലുമുണ്ടാവും എന്നും സുരക്ഷിതമായ യാത്ര ചെയ്യുവാൻ നമുക്കും കഴിയണമെന്നും ഉള്ള ആശ്വാസവും അവകാശവും സ്ത്രീകൾക്കില്ലാതാക്കിയത് ആരാണ്? എന്തിനു വേണ്ടിയാണ? നമ്മുടെ സമൂഹം ഈ തോന്നൽ ഊട്ടി വളർത്തുന്നതിൽ എത്രമാത്രം താല്പര്യപ്പെടുന്നുണ്ട്? കാവൽക്കാരനും അക്രമിയും രക്ഷകനും ശിക്ഷകനും ആയി രൂപാന്തരപ്പെടുന്ന പുരുഷന്റെ സ്ഥാനം ഈയവസ്ഥയെ എത്രമാത്രം സഹായിയ്ക്കുന്നുണ്ട്?

  വലിയ ചോദ്യങ്ങളുള്ള ഈ പോസ്റ്റ് ടീച്ചർ വളരെ നന്നായി എഴുതി. അഭിനന്ദനങ്ങൾ

  ReplyDelete
 13. @Mohamedkutty മുഹമ്മദുകുട്ടി-,
  നേരെ ‘സ്പാം’ ൽ പോയ താങ്കളുടെ കമന്റ്? തിരിച്ചുപിടിച്ചതാണ്. പിന്നെ യാത്രാ മണിക്കൂറുകൾ ഒരു പോസ്റ്റിൽ കൃത്യമായി കൊടുത്തിരുന്നു. ആകെ കണക്ക് കൂട്ടാൻ സഹായിക്കുക.
  ബസ്‌യാത്രാ മണിക്കൂർ ഏകദേശം കൂട്ടിയതാണ്

  ഹൈസ്ക്കൂൾ പഠനം : 2 മണിക്കൂർ വീതം 3 കൊല്ലം.
  കോളേജ് പഠനം : 1 മണിക്കൂർ വീതം 5 കൊല്ലം.
  ട്രെയിനിങ് കോളേജ് : 2 മണിക്കൂർ വീതം 1 കൊല്ലം.
  ജോലി ലഭിച്ചപ്പോൾ…
  സ്ക്കൂൾ1 : പത്ത് മിനിട്ട് നടത്തം 5 കൊല്ലം. (ബസ്‌യാത്ര :0)
  സ്ക്കൂൾ2 : 4 മണിക്കൂർ വീതം 7 കൊല്ലം.
  സ്ക്കൂൾ3 : 3 മണിക്കൂർ വീതം 3 കൊല്ലം.
  സ്ക്കൂൾ4 : 1 മണിക്കൂർ വീതം16 കൊല്ലം.
  സ്ക്കൂൾ5 : 3 മണിക്കൂർ വീതം 1 കൊല്ലം.
  പിന്നെ ഒരു വർഷത്തിൽ സ്ക്കൂൾ ഹൈസ്ക്കൂൾ പഠനം, സ്ക്കൂൾ2,5 എന്നിവ ഒഴികെ എല്ലാം 200 പ്രവൃത്തിദിനങ്ങളാണ്. സ്ക്കൂൾ ഹൈസ്ക്കൂളിലും, സ്ക്കൂൾ 2,5 എന്നിവയിലും 250 പ്രവൃത്തി ദിനം.
  കണക്കിൽ ഞാൻ വളരെ മോശമാണ്. അതുകൊണ്ട് കണക്കു കൂട്ടിയതിൽ തെറ്റ് ഉണ്ടാവാം.
  പിടികിട്ടിയോ? ബ്ലോഗ് എഴുതാനുള്ള അനുഭവങ്ങൾക്ക് ഇത് പോരെ?
  കണ്ണൂരിൽ നമ്മൾ, ഞങ്ങളാണ്. ചില ജില്ലകളിൽ(മലപ്പുറത്തും) നമ്മൾ, നിങ്ങളാണ്.
  @Echmukutty-,
  പെണ്ണ് ആണിനെക്കുറിച്ചും ആണ് പെണ്ണിനെക്കുറിച്ചും എന്തൊക്കെയോ വികലമായ ധാരണകളാണ് വെച്ച് പുലർത്തുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 14. ടീച്ചറെ ഞാനും കണ്ണൂര്‍ കാരനാണ്, ഈ അവസ്ഥ കേരളത്തില്‍ എല്ലാ സ്ഥലത്തും കാണാം എന്ന് എനിക്ക് തോന്നുന്നു. പക്ഷെ കണ്ണൂര്‍ പുരുഷന്മാര്‍ കുറച്ചു " ഡീസന്റ് " ആണെന്ന് കണ്ണൂരിന് വെളിയിലുള്ള കുറേപേര്‍ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു.

  സുഖമുള്ള ഇത്തരം ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി....ആശംസകള്‍

  ReplyDelete
 15. നമ്മുടെ വ്യാഖ്യാനങ്ങള്‍ ഒരു വിശകലനത്തിന് വിധേയമാക്കണം
  ഒരാള്‍ എതിര്‍ വശത്ത് നില്‍ക്കുന്നു
  ആരെയോ പ്രതീക്ഷിച്ചു തെക്കോട്ട്‌ നോക്കി.
  അതൊരു മാഷാകാം
  മറു വശത്ത് വേറൊരാള്‍ നില്‍ക്കുന്നു
  ആരെയോ പ്രതീക്ഷിച്ചു .തെക്കോട്ട്‌ നോക്കി
  അതൊരു ടീച്ചര്‍ ആകാം
  തെക്കോട്ടും വടക്കോട്ടും ഉള്ള വണ്ടികള്‍ വരുന്നു
  സ്റ്റോപ്പില്‍ നിറുത്തുന്നു.
  അപ്പുറത്തും ഇപ്പുറത്തും ഉള്ള രണ്ടു പേര്‍ മാത്രം കയറുന്നില്ല
  ടീച്ചര്‍ അയാളെ കാണുന്നു
  അയാള്‍ ടീച്ചറെ കാണുന്നു
  കോങ്കണ്ണ് ഉള്ളവര്‍ ആരെ നോക്കിയാലും അത് നമ്മളെ നോക്കുന്ന പോലെ തോന്നും
  ഒരാള്‍ തെക്കോട്ട്‌ നോക്കുന്നു .ഒരാള്‍ വടക്കോട്ട്‌ നോക്കുന്നു
  പരസ്പരം നോക്കുകയാണെന്ന് തോന്നും
  ഒരു പെണ്ണ് കുറെ നേരമായല്ലോ..ഇവിടെ നിന്നും കണ്ണ് കാണിക്കുന്നു. ആരെയോ കാത്തു നില്‍ക്കുന്നു എന്നാ വ്യാജേന .. എന്ന് പാവം കരുതാം
  ഈ പെണ്ണ് ഒരു പിശകാനല്ലോ. ഇത്ര വണ്ടി വന്നിട്ടും കേറിയില്ല ..എന്നും ആലോചിചിരിക്കാം
  ഈ പെണ്ണിന് എന്തോ പ്രശ്നമുണ്ട് ഒന്ന് ചോദിച്ചാലോ? എങ്ങനെ പരസ്യമായി ചോദിക്കും ആരെങ്കിലും തെറ്റിദ്ധരിച്ചാലോ ?അയാള്‍ കടയുടെ മറവിലേക്ക് മാറി
  എവിടെക്കാ ? എന്താ പ്രശ്നം ?
  ഇതും ഒരു സാധ്യത ആണ്
  അയാളുടെ മനസ്സിലെ ചിന്തകള്‍ അറിയില്ല
  അതിനാല്‍ ഞാന്‍ വിധി പ്രസ്ഥാവിക്കുന്നില്ല.
  എത്ര വണ്ടി വന്നാലും കയറാത്ത ഏതൊരാളും സംശയിക്കപെടാം.
  അതില്‍ ഒരു അസ്വാഭാവികത ഉള്ളതിനാല്‍ ആണ് അങ്ങനെ സംഭവിക്കുന്നത്‌

  ReplyDelete
 16. ടീച്ചര്‍,ശ്രീ കലാധരന്‍ പറഞ്ഞ സാധ്യതകളും തള്ളിക്കളയാനാവില്ല.

  ReplyDelete
 17. ഇതിന് അടുത്തകാലത്തോന്നും പരിഹാരമുണ്ടാകും എന്നു തോന്നുന്നില്ല.കാലം പുരോഗമിക്കുന്നതനുസരിച്ച് മാനസികാമായി പുറകോട്ട് പോകുന്ന ഒരു ജനതയാണ് നമ്മുടെ നാട്ടിൽ .വികലമായ മനസ്സോടെയാണ് കേരളത്തിലെ ഒരു പുരുഷനും (ഒരു പക്ഷേ സ്ത്രീയും) വളർന്നു വരുന്നത്. കൌമാരത്തിന്റെ ആരംഭം മുതൽ സമയവും ഊർജ്ജവും എല്ലാം ചിലവഴിക്കുന്നത് സ്ത്രീയെക്കുറിച്ചുള്ള ഭ്രാന്തൻ സ്വപ്നങൾക്ക്. ഇതിനിടയിൽ സഹജീവിയാണെന്ന് മനസ്സിലാക്കാനോ മാനസികമായി ഒന്നടുത്തറിയാനോ എത്ര പേർക്കു കഴിയും.

  സസ്നേഹം,
  പഥികൻ

  ReplyDelete
 18. ടീച്ചറുടെ പോസ്റ്റിലെ അസ്വസ്ഥതയെ, ഹാ! കഷ്ടം എന്ന് വച്ച് ഒഴിയാമെന്നായിരുന്നു ഞാനാദ്യം കരുതിയത്. പക്ഷേ ശ്രീ.കലാധരൻ സാറിന്റെ കമന്റ് കണ്ടപ്പോൾ ഇങ്ങനെ കുറിക്കാൻ തോന്നുന്നു: ഒരു പെണ്ണിന് ഓളെ ഇഷ്ടം പോലെ തോന്ന്യ ബസ്സിൽ കേറാൻ ആരെയാ പേടിക്കണ്ടത്? ബസ് സ്റ്റോപ്പിൽ നിൽക്കുന്നതും, കാണുന്നാളെയെല്ലാം നോക്കുന്നതും ഓളെ ഇഷ്ടമല്ലേ? പക്ഷേ ഓളാവശ്യപ്പെടാണ്ട് ഓൾക്ക് സഹായം നീട്ടാനും, ഓളോട് ആ‍വശ്യമില്ലാണ്ട് മിണ്ടാനും പറയാനും,പോകുന്നതും ശരിയാണോ? പെണ്ണുങ്ങളെ അവരുടെ പാട്ടിനു വിട്ടാൽ മറ്റുള്ളവരുടെ സമയം ലാഭം. അഥവാ ഓൾക്കെന്തെകിലും വേണെങ്കിൽ ഓള് ചോദിക്കട്ടെ. നമ്മളും( ഞങ്ങളും എന്ന് തന്നെ അർത്ഥം)അങ്ങനെ ചോദിക്കാറുണ്ട്. നട്ടപ്പിരാന്തനായ ഞാൻ എന്റെ നല്ല സമയത്ത് ആനന്ദം കണ്ടെത്തിയിരുന്നത് വെറും വെറുതെ ബസ്സിൽ യാത്ര ചെയ്തു കൊണ്ടായിരുന്നു. ഒരു ലക്ഷ്യവുമില്ലാതെ ഒത്തിരി ദൂരത്തേക്ക്. എന്നോടാരും ഒരിക്കൽ പോലും ചോദിച്ചിരുന്നില്ല- എങ്ങോട്ടാ? എവിടെയാ? എന്തിനാ? എന്നൊന്നും. ഇതു പോലെ പെണ്ണുങ്ങളും അവരുടെ ഇഷ്ടപ്രകാരം യാത്ര ചെയ്യട്ടെ. മറ്റുള്ളവർക്കെന്താണതിൽ ഇടപെടാൻ കാര്യം?
  എന്തായാലും ഇതൊരു വല്ലാത്ത പ്രശ്നം തന്നെ. ആണുങ്ങൾ നോക്കാതിരിക്കാൻ ലേഡീസോൺലീ കമ്പാർട്ട്മെന്റിൽ ഒറ്റക്കിരുന്ന് പണി കിട്ടുന്നതിലും നല്ലതല്ലേ ആണുങ്ങളുടെ കൂട്ടത്തിൽ ഇരിക്കുന്നതെന്ന് ചിലപ്പോൾ പറയാൻ തോന്നും. പക്ഷേ ആ കൂട്ടം ഏത് തരമായിരിക്കണം എന്നതാണ് ചിന്താ വിഷയം.
  ഇതൊക്കെ മാറുമായിരിക്കും അല്ലേ?

  ReplyDelete
 19. @മുല്ല-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @പ്രേം I prem-,
  കൃത്യം 7 വർഷം നിത്യേനയുള്ള യാത്ര താങ്കളുടെ നാട്ടിലേക്കായിരുന്നു, പിന്നെ പുരുഷന്മാർ മോശക്കരൊന്നുമല്ല, ഒറ്റപ്പെട്ട എന്നെ എത്രയോ സഹായിച്ചവരുണ്ട്. അപൂർവ്വം ചിലർ മാത്രമാണ് ഇത്തരം അപൂർവ്വ സ്വഭാവത്തിന്റെ ഉടമകൾ. അഭിപ്രായം എഴുതിയതിന് നന്ദി.
  @കലാധരന്‍.ടി.പി.-,
  താങ്കൾക്ക് കൂടുതൽ ചിന്തിക്കാൻ ഇടനൽകിയതിൽ സന്തോഷമുണ്ട്. ‘ഒറ്റപ്പെട്ടവളെ ശ്രദ്ധിക്കും, ശ്രദ്ധിക്കപ്പെടും’ എന്ന് തന്നെയാണ് ഞാനും പറഞ്ഞത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Mohamedkutty മുഹമ്മദുകുട്ടി-,
  ഞാനും തള്ളിക്കളയുന്നില്ല,, സ്വന്തം ജോലിയൊക്കെ മാറ്റിവെച്ച് (ജോലി ഉണ്ടെങ്കിൽ) ഒരു സ്ത്രീയുടെ കാര്യത്തിൽ ശ്രദ്ധിക്കാനുള്ള താല്പര്യമാണ് എനിക്ക് മനസ്സിലാവാത്തത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @പഥികൻ-,
  സ്ത്രീകൾ എന്തോ അപൂർവ്വ വസ്തുവാണെന്ന ചിന്ത സ്ത്രീയിലും പുരുഷനിലും വളരുന്നു. മനുഷ്യവർഗ്ഗത്തിന്റെ തുല്യ പ്രാധാന്യമുള്ള രണ്ട് ഘടകങ്ങളാണെന്ന് മറക്കുന്നു. കുട്ടിക്കാലത്ത് അദ്ധ്യാപകർ എതിർ‌പദം എഴുതിക്കാറുണ്ട്,,, ‘സ്ത്രീ: പുരുഷൻ, അമ്മ: അച്ഛൻ, ഭർത്താവ്: ഭാര്യ, അനുജൻ: അനുജത്തി, സഹോദരൻ: സഹോദരി’ അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 20. മിനിടീച്ചറേ,ഈ പ്രശ്നത്തിനു അടുത്തകാലത്തെന്നല്ല്ല, ഒരു കാലത്തും പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല...കാരണം നമ്മുടെ സമൂഹത്തിന്റെ (പ്രത്യേകിച്ച് മലയാളിസമൂഹത്തിന്റെ എന്ന് പറയാതെ വയ്യ)പരക്കംപാച്ചിൽ മുഴുവൻ ലൈംഗിഗത എന്ന ഒരു വികാരത്തെ മാത്രം അടിസ്ഥാനമാക്കിയാണ് എന്ന് തോന്നിപ്പോകുന്നു. വായ തുറന്നാൽ, എന്തിനെയും വിമർശിക്കുവാൻ നിൽക്കുന്ന ഈ സമൂഹം ഒരിക്കലെങ്കിലും സ്വന്തം കുടുംബത്തിലേയ്ക്ക് തിരിഞ്ഞുനോക്കാറുണ്ടോ..? സ്വന്തം ഭർത്താവ്, മക്കൾ, കൂടുംബാംഗങ്ങൾ എല്ലാം നല്ലവരും, തെറ്റു ചെയ്യുന്നത് മുഴുവൻ ബാക്കിയുള്ളവറും എന്ന രീതിയിൽ പെറുമാറുന്ന എത്രയോ ആളുകളാണുള്ളത്. സ്വന്തം കുടുംബത്തിൽ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ കൊണ്ട് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താം എന്ന് നമ്മുടെ സമൂഹം എന്നാണ് പഠിക്കുക.. യാതൊരു നിയന്ത്രണവുമില്ലാതെ മൊബൈൽഫോൺ, ഇന്റർനെറ്റ്,എന്നിവയുടെ ലോകത്തേയ്ക്ക് മക്കളെ അയക്കുന്ന എല്ലാ മാതാപിതാക്കളും, കടയുടെ പിറകിൽനിന്ന് കൈയാട്ടി വിളിക്കുന്ന ഒരു സമൂഹത്തിന്റെ വളർച്ചക്ക് വളമിട്ട് കൊടുക്കുകയല്ലേ ചെയ്യുന്നത്.

  അതുപോലെ അടുത്തകാലത്തായി പല വനിതാമാസികകളിലും കാണാറുള്ള ഒരു വാചകം. 'എതിർലിംഗത്തിൽ ഉള്ളവരുമായി ഇടപഴകുമ്പോൾ പ്രത്യെകം സൂക്ഷിക്കണമെന്ന് പെൺകുട്ടികൾക്ക് പറഞ്ഞുകൊടുക്കുക' ഈ കാലഘട്ടത്തിൽ ഇത് അത്യാവശ്യമെങ്കിലും ഇങ്ങനെയാണോ നമ്മൾ പറഞ്ഞുപഠിപ്പിക്കേണ്ടത്..അതു മാത്രം കേട്ടുവളരുന്ന ഒരു പെൺകുട്ടി, ഭാവിയിൽ എങ്ങനെയായിരിക്കും പുരുഷനെ കാണുക.

  അതുകൊണ്ട് സ്വന്തം മകൻ, മകൾ അങ്ങനെയുള്ള ഒരാൾ ആയി മാറാതെ വളർത്തിയെടുക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ കുറെയെങ്കിലും മാറ്റം നമുക്ക് സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചേക്കും..

  ReplyDelete
 21. @വിധു ചോപ്ര-,
  വിശദമായി എഴുതിയ കമന്റ് നേരെ ‘സ്പാം’ ലേക്കാണ് പോയത്. എന്റെ ബ്ലോഗിന്റെ കുഴപ്പമായിരിക്കാം. വിധു ചിന്തിച്ചതുപോലെയാണ് ഞാനും ചിന്തിക്കാറുള്ളത്. ഒരു സ്ത്രീ ആയതുകൊണ്ട് അവൾ ഒറ്റക്ക് ആയനേരത്ത് വന്ന് അന്വേഷിക്കണോ? ബസ്സിനു മാത്രമായി സമരം ഉണ്ടായാലും ഞാൻ യാത്ര മുറ്റക്കി ലീവ് എടുക്കാറില്ല. ആ നേരത്ത് കണ്ണൂർ ബസ്‌സ്റ്റാന്റിൽ (പഴയത്) ഇരിക്കുമ്പോൾ ചുരുങ്ങിയത് അഞ്ച് പുരുഷന്മാരോടെങ്കിലും സമാധാനം പറയേണ്ടി വരും. ... എനിക്ക് പയ്യന്നൂരിൽ പോകാൻ കെ.എസ്.ആർ.ടീ.സി. വരും, അതിനാണ് പോകേണ്ടത്’ എന്ന്. അടുത്ത കാലത്ത് എനിക്ക് ഏറ്റവും അടുത്ത വായനശാലയിൽ (അത് ടാക്സി സ്റ്റാന്റിന്റെ അടുത്താണ്) പത്രം വായിക്കാൻ ഞാൻ കയറിയപ്പോൾ അവിടെയിരുന്ന് വായിക്കുന്ന പുരുഷന്മാരെല്ലാം അത്ഭുതപ്പെട്ട് എന്നെ നോക്കി. ഒരുത്തൻ എഴുന്നേറ്റ് അടുത്ത് വന്ന് ചോദിച്ചു, ‘നിങ്ങൾക്ക് എന്താണ് വേണ്ടത്?’. ചില കാര്യങ്ങൾ പുരുഷന്മാർക്ക് മാത്രം എന്ന് ച്ലരുടെയെങ്കിലും (അതിൽ സ്ത്രീകളും ഉണ്ട്) മനസ്സിൽ ഉറച്ചുപോയി. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 22. Puthiya thalamura varumbol kaalam maarumbol ithil mattam varumennaanu njan vishwasikkunnathu. Athu vare karuthiyirikkuka oro nimishavum...

  ReplyDelete
 23. എന്തെല്ലാമോ പറയണമെന്നുണ്ട് ..ഒന്നും പറയാതെ പോകുന്നു ...ലേഖനം നന്നായി.

  ReplyDelete
 24. മിനി..
  മിനി വടക്ക് കണ്ണൂരിന്റെ കാര്യം പറയുന്നു. കണ്ണു കൊണ്ടും കയ്യുകൊണ്ടുമുള്ള വിനിമയ സാധ്യതകള്‍ എത്രയോ അനന്തമാണെന്നു തിരുവനന്തപുരം കിഴക്കേക്കോട്ട ബസ് സ്റ്റാ‍ന്‍ഡില്‍ ഒരു പത്തു മിനിട്ട് നിന്നാല്‍ അറിയാനാവും. ചില കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് എന്നു വിശ്വസിക്കുന്നവര്‍... എത്രയോ സത്യം..

  ReplyDelete
 25. @വിധു ചോപ്ര-,
  താങ്കളുടെ കമന്റിന് ബാക്കി പറയാം,
  മറ്റുള്ളവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നത് ഒരു ചെറിയ വിഭാഗം മാത്രമാണെങ്കിലും അവർ എല്ലായിടത്തും കാണും. ഞാൻ ജനിച്ചുവളർന്ന, 35 വർഷം ജീവിച്ച എന്റെ ഗ്രാമത്തിൽ സ്ത്രീകൾക്ക് മാന്യത ഉണ്ടായിരുന്നു. രാത്രിയായാലും സഞ്ചരിക്കുമ്പോൾ അവർക്ക് പുരുഷന്മാരെ ഭയപ്പെടേണ്ടി വന്നിട്ടില്ല. അവിടെ ഉള്ള കാലത്ത് ആറ് വർഷവും ഞാൻ ജോലി കഴിഞ്ഞ്, രണ്ട് ബസിൽ യാത്രചെയ്തശേഷം നാട്ടിലേക്കൂള്ള ബസ്‌സ്റ്റോപ്പിൽ ഇറങ്ങുന്നത് എല്ലായിപ്പോഴും രാത്രി 7.30 ന് ആയിരിക്കും. പിന്നീട് 45 മിനിട്ട് ബസ് പോകാത്ത റോഡിലൂടേ നടന്ന് പോകണം. എല്ലാദിവസവും ടോർച്ച് കരുതുന്നതിനാൽ, നടന്നുപോകാൻ അന്ന് എനിക്ക് പ്രശ്നമുണ്ടായിരുന്നുല്ല, എന്ന് മാത്രമല്ല ആ ഗ്രാമത്തിലുള്ള സ്ത്രീകൾ ഇപ്പോഴും ഭയമില്ലാതെ യാത്ര ചെയ്യുന്നുണ്ട്. എന്റെ നാട്ടിൽ പോയാൽ ഞാൻ ലൈബ്രറിയിൽ പോകും, കടൽ തീരത്തുകൂടി വൈകുന്നേരം ക്യാമറയും മൊബൈലുമായി ഒറ്റയ്ക്ക് ചുറ്റിനടക്കും, വയലിൽ പോയി ഫോട്ടോ എടുക്കും. സംഭവം എന്താണെന്ന് അറിയാൻ ചിലർ ചോദിക്കും, അല്ലാതെ ഒരു സ്ത്രീയാണെന്ന നിലയിൽ ഒരു ശല്യവും ഉണ്ടായിട്ടില്ല. എന്നാൽ ഞാനിപ്പോൾ താമസിക്കുന്ന കൊച്ചു പട്ടണത്തിൽ സന്ധ്യമയങ്ങിയാലും ഇല്ലെങ്കിലും സ്ത്രീകൾക്ക് ഇറങ്ങിനടക്കുമ്പോൾ മറ്റുള്ളവർ സംശയത്തോടെ വീക്ഷിക്കും(അതിൽ സ്ത്രീയും പുരുഷനും ഉണ്ട്). വിശദമായി എഴുതിയതിന് നന്ദി.

  ReplyDelete
 26. @ഷിബു തോവാള-,
  ഒരു സ്ത്രീ പുരുഷനെയും ഒരു പുരുഷൻ സ്ത്രീയെയും ലൈംഗികതയിലൂടെ നോക്കി ചിന്തിക്കുന്നത് അടുത്തകാലത്ത് വർദ്ധിച്ചിരിക്കയാണ്. (ഒരു അനുഭവം) പ്രായമായ അദ്ധ്യാപികമാർ, രോഗം കാരണം സ്ക്കൂളിൽ വരാത്ത വിദ്യാർത്ഥിനിയുടെ വീട്ടിൽ വിവരങ്ങൾ അന്വേഷിക്കാൻ ‌പോയി. തിരിച്ച് വെളിയിലിറങ്ങിപ്പോൾ അച്ഛൻ മകളോട് പറയുന്നു, “മോളെ ടീച്ചറ് തരക്കേടില്ല, കാണാൻ നല്ല ചരക്കാണല്ലൊ”. ഈ അവസ്ഥക്ക് ഒരു പരിധിവരെ കാരണം പത്രങ്ങളും ചാനലുകളും സിനിമകളും ആയിരിക്കാം. ചെയ്യുന്നതെല്ലാം ശരിയെന്ന് വിശ്വസിക്കുന്ന ഒരു ഉപദേശവും അംഗീകരിക്കാത്ത ഒരു തിരുത്തലിനും തയ്യാറല്ലാത്ത രക്ഷിതാക്കൾ, എങ്ങനെ വളർന്നുവരുന്ന തലമുറയെ നേർ‌വഴിക്ക് നയിക്കും?
  ആൺ, പെൺ വിവേചനം സ്ക്കൂളുകളിൽ കുറവാണ്. ആൺ‌കുട്ടികളെയും പെൺ‌കുട്ടികളെയും ഒരേ ബഞ്ചിൽ ഇരുത്തിയതറിഞ്ഞ് ചോദ്യം ചെയ്യാൻ, ഒരിക്കലും സ്ക്കൂളിൽ വരാത്ത രക്ഷിതാക്കൾ‌പോലും വന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 27. @Jenith Kachappilly-,
  പുതിയ തലമുറയെങ്കിലും നന്നാവട്ടെ, നന്നാവും എന്നാണ് എന്റെയും വിശ്വാസം. ഉദാഹരണം ഇപ്പോൾ പറയുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
  @Satheesan .Op-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @ഒരു പാവം പൂവ്-,
  ഈ പൂവിനെ എനിക്ക് ഇഷ്ടപ്പെട്ടു, കണ്ണുരിൽ മാത്രമല്ല, പലയിടത്തെയും അനിഭവങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 28. മറ്റാരുടെയും കമന്റുകള്‍ വായിക്കാതെ ഞാന്‍ എന്റെ അഭിപ്രായം പറയട്ടെ..
  പോസ്റ്റ് എനിക്കിഷ്ടമായി.. ഈ പ്രശ്നം എല്ലാ സ്ത്രീകളും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനുഭവിക്കുന്നുണ്ട്.. പരിഹാരം ഒന്നേ ഉള്ളൂ.. മാന്യമായി പ്രതികരിക്കുക.. കൈ മാടി വിളിച്ചവന്റെ അടുത്തു ചെന്ന് എന്താ നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചിരുന്നെങ്കില്‍ അയാള്‍ പോയ വഴിയെ പിന്നെ പുല്ലു പോലും മുളക്കുകേല. കുറച്ചു കൂടി പോയാല്‍ എന്റെ കൂടെ വരാമോ എന്നയാള്‍ ചോദിക്കും. അതിനെനിക്ക് സൌകര്യപെടില്ല എന്ന് പറഞ്ഞാല്‍ ഒരുവിധപ്പെട്ടവനോക്കെ അവിടെ നില്‍ക്കും. അപ്പുറം പോവുകയാണെങ്കില്‍ മറ്റു നടപടികളിലേക്ക് നീങ്ങുക. സ്ത്രീകള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു.
  പെണ്‍കുട്ടികളെ പേടിപ്പിച്ചു വളര്‍ത്തുന്ന മാതാപിതാക്കള്‍ തന്നെയാണ് ഒരു പരിതി വരെ ഉത്തരവാദികള്‍..

  ReplyDelete
 29. നല്ല രചന. സ്ത്രീ മാന്യമായി വസ്ത്രം ധരിക്കുക. കൂടെ പ്രതികരിക്കാനുള്ള കഴിവു നേടുക.ഇത് ഒരു മാറ്റത്തിനു വഴിയൊരുക്കിയെങ്കിലോ..?

  ReplyDelete
 30. I have read it.I wish you a bright future.

  ReplyDelete
 31. @ആസാദ്‌-,
  പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാക്കിയിട്ടാണ് ചില രക്ഷിതാക്കൾ പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും വളർത്തുന്നത്. അതിന്റെ ദോഷം, ഞാനും എന്റെ സഹോദരങ്ങളും നന്നായി അനുഭവിച്ചുകൊണ്ടിക്കുകയാണ്. ‘പാവപ്പെട്ട രക്ഷിതാക്കളുടെ’ മക്കളായ ഞങ്ങളെ ഒരിടത്തും വിടാതെ (കുട്ടിക്കാലത്ത് കളിക്കാൻ വിടാതെ) നമുക്ക് കളിക്കാൻ അയല്പക്കത്തെ കുട്ടികളോട് വീട്ടിൽ വരാൻ പറയുന്ന എന്റെ അമ്മയെ നാട്ടുകാരെല്ലാം പ്രശംസിക്കാറുണ്ട്. മുതിർന്നവരോട് അങ്ങോട്ട്‌കയറി സംസാരിക്കരുത് എന്ന് എല്ലാ മക്കളെയും അമ്മ പഠിപ്പിച്ചു. പ്രായത്തിൽ കുറഞ്ഞവരായാലും ആണുങ്ങളെ ബഹുമാനിച്ച് (പേടിക്കണം എന്ന് പറയില്ല) അങ്ങോട്ടൊന്നും പറയരുത് എന്ന് എന്നോടും എന്റെ അനുജത്തിയോടും പറഞ്ഞ്‌തന്ന ധാരണയിലാണ് ഞങ്ങൾ വളർന്നത്. അതുകൊണ്ട് അദ്ധ്യാപിക ആയപ്പോഴും മുതിർന്ന ആൺകുട്ടികളെപോലും കാണുമ്പോൾ ഞങ്ങൾക്ക് ആദ്യമൊക്കെ ഒരു ഉൾഭയം ഉണ്ടായിരുന്നു.
  കാലത്ത് പ്രതികരണശേഷി കുറവാണെങ്കിലും ജീവിതം പഠിച്ചപ്പോൾ പതികരണശേഷി വളരെ കൂടിയിരിക്കയാണ്.
  പിന്നെ പൊതുസ്ഥലത്ത്‌വെച്ച് ഒരു ഒരാൾ കാണിക്കുന്ന അനാവശ്യങ്ങൾക്കെല്ലാം പ്രതികരിക്കാത്തതിന്റെ ഒരു കാരണം മാന്യതയാണ്. സമൂഹത്തിൽ മാന്യമായ സ്ഥാനവും ജോലിയും ഉള്ള വ്യക്തിക്ക് വായിൽ തോന്നിയത് വിളിച്ചുപറയുന്നവരോട് അതേപോലെ അങ്ങോട്ട് പറയാൻ ആ വ്യക്തിയുടെ മാന്യത അനുവദിക്കുന്നില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
  @സബിത അനീസ്‌-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @MK DAMODARAN-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.