“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 31, 2011

വിദ്യാർത്ഥിനിയായും അദ്ധ്യാപികയായും പിന്നെ?


                              അഞ്ച് വയസ് തികഞ്ഞപ്പോൾ ഒന്നാം തരത്തിൽ ഒരു വിദ്യാർത്ഥിയായി ചേർന്ന്, ‘ഹരിശ്രീ’ എഴുതിപഠിക്കാൻ ആരംഭിച്ചത് സ്വന്തം ഗ്രാമത്തിൽ വീടിനടുത്തുള്ള എൽ.പി. സ്ക്കൂളിലാണ്. വർഷങ്ങൾക്ക് ശേഷം അദ്ധ്യാപികയുടെ വേഷമണിഞ്ഞ് ‘കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കുക’ എന്ന അപൂർവ്വമായ സൌഭാഗ്യവും എനിക്ക് ലഭ്യമായത്, അതേ സ്ക്കൂളിൽ വെച്ചാണ് . അങ്ങനെ ഒരു അദ്ധ്യാപിക ആയിരിക്കെ, ആഹ്ലാദം തോന്നിയ ഒരു നിമിഷം മിനിലോകത്തിലൂടെ പങ്ക് വെക്കുകയാണ്.

                       ഒരു വിദ്യാർത്ഥി പരീക്ഷ എഴുതി നേടുന്ന മാർക്കുകളുടെ കണക്ക് നോക്കിയാൽ ‘ഒന്നാം തരം മുതൽ പ്രീ.ഡിഗ്രി വരെ’ ഞാനെന്നും പിൻ‌നിരയിലായിരുന്നു. താഴ്ന്ന ക്ലാസ്സുകളിൽ മിക്കവാറും വിഷയങ്ങളിൽ തോൽക്കാറുണ്ട്. അഞ്ച് വിദ്യാലയങ്ങളിൽ പഠിച്ച എനിക്ക്, അപ്പർ പ്രൈമറി സ്ക്കൂളിൽ ചേർന്ന് ആറും ഏഴും ക്ലാസ്സുകളിൽ പഠിക്കുമ്പോഴാണ് സുന്ദരമല്ലാത്ത ഓർമ്മകൾ ലഭ്യമായത്. ഏറ്റവുംകുറവ് മാർക്ക് ലഭിച്ചതും ഏറ്റവുംകൂടുതൽ അടി കിട്ടിയതും ആറാം തരത്തിൽ ഇംഗ്ലീഷ് പഠിക്കുമ്പോഴാണ്. ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ വെറുപ്പും ഞെട്ടലും ഉണ്ടാക്കിയ ഒരു പഴയകാലം,,,

                       ഒന്നു മുതൽ അഞ്ച്‌വരെ പഠിക്കുമ്പോൾ വീടിന് സമീപമുള്ള പ്രൈമറി വിദ്യാലയത്തിൽ ഒരു പൂമ്പാറ്റയെപ്പോലെ പാറിക്കളിച്ച ഞാൻ, പുതിയ വിദ്യാലയത്തിലെ ആറാം തരതരത്തിൽ എത്തിയപ്പോൾ അവിടെയുള്ള കർശ്ശനമായ അച്ചടക്കം കണ്ട് ഞെട്ടി. വിദ്യാർത്ഥികൾ പുത്തൻ ചട്ടങ്ങളും നിബന്ധനകളും പാലിച്ചില്ലെങ്കിൽ കർശ്ശനമായ ശിക്ഷകൾ ഉണ്ടായിരുന്ന ഒരു വിദ്യാലയം.,,,
അവിടെ ‘അദ്ധ്യാപകരോട് സംസാരിക്കുമ്പോൾ കൈയിൽ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം നിലത്ത് വെച്ചശേഷം ഇരു കൈകളും പിണച്ച്, കൈകെട്ടി കുനിഞ്ഞ് നിൽക്കണം. അദ്ധ്യാപകർ പരിസരത്തുണ്ടെങ്കിൽ ഉച്ചത്തിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്’. നിയമങ്ങൾ തെറ്റിച്ചാൽ ശിക്ഷയായി ലഭിക്കുന്നത് ചുട്ടഅടി ആയിരിക്കും. പിന്നെ പഠനം,,, അത് തലേദിവസം പറഞ്ഞ് എഴുതിയത് മനഃപാഠമാക്കി വന്നില്ലെങ്കിൽ ചൂരൽക്കഷായം ഉറപ്പ്. കാരണമില്ലാതെ അദ്ധ്യാപകകർക്ക് വിദ്യാർത്ഥികളെ അടിക്കാൻ കഴിയുന്ന,,, വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കോടതിയും നിയമങ്ങളും കടന്നുവരാത്ത കാലം,,,

                       അടിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം എന്റെ ഇംഗ്ലീഷ് അദ്ധ്യാപകന് നൽകാം. ഒരോ ഇംഗ്ലീഷ് വാക്കിന്റെയും സ്പെല്ലിംഗ് തെറ്റിച്ച വകയിൽ എനിക്ക് കിട്ടിയ അടിയുടെ കണക്ക് എന്റെ ആകെ വിദ്യാർത്ഥി ജീവിതത്തിൽ ലഭിച്ചതിനെക്കാൾ കൂടുതലായിരിക്കും. ചിലപ്പോൾ അദ്ദേഹം കൈത്തണ്ടയിൽ നുള്ളും; അപ്പോൾ ഞാൻ വേദനകൊണ്ട് പുളയും. ക്രമേണ ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ പേടിച്ച് ഞെട്ടാൻ തുടങ്ങി. സ്ക്കുളിൽ പോകാതിരിക്കാൻ മാത്രമല്ല, മരിച്ചുകളയാൻ പോലും അക്കാലത്ത് ചിന്തിക്കാറുണ്ടായിരുന്നു. അങ്ങനെ ഏറ്റവും വെറുക്കുന്ന വിഷയമായി മാറിയ ഇംഗ്ലീഷിൽ ഒന്നാം പാദവാർഷിക പരിക്ഷക്ക് എനിക്ക് ആകെകിട്ടിയത്, നൂറിൽ ഒരു മാർക്ക്. എങ്കിലും ഇംഗ്ലീഷ് ഒഴികെ മറ്റു വിഷയങ്ങളെല്ലാം വളരെ ഇഷ്ടമായതിനാൽ അവയിൽ നല്ല മാർക്ക് വാങ്ങുകയും ഒരോ ക്ലാസ്സിലും എളുപ്പത്തിൽ ജയിക്കുകയും ചെയ്തു.
.
                        വർഷങ്ങൾ കഴിഞ്ഞതോടെ സ്വയം തിരിച്ചറിവിന്റെ ഫലമായി നന്നായി പഠിച്ച് നല്ല മാർക്കോടെ ഡിഗ്രി പാസ്സായ ശേഷം ബി.എഡ്. കഴിഞ്ഞ് അദ്ധ്യാപിക ആയി മാറി. ആദ്യമായി എന്റെ നാട്ടിൽ തന്നെയുള്ള, ഞാൻ ഹരിശ്രീ കുറിച്ച പ്രൈമറി വിദ്യാലയത്തിൽ പഠിപ്പിക്കാൻ ആരംഭിച്ചു. അതുവരെ പേര് വിളിച്ച മുതിർന്നവർ പോലും എന്നെ കാണുമ്പോൾ ‘ടീച്ചറെ’ എന്ന് ബഹുമാനത്തോടെ വിളിക്കാൻ തുടങ്ങി.

ഒരു ദിവസം,
                       അദ്ധ്യാപകർക്കായുള്ള പരിശീലനക്ലാസ്സ്,,, വിഷയം ഇംഗ്ലീഷ്. ഇഷ്ടമില്ലാത്തതും എന്റെ പേടിസ്വപ്നമായതും ആയ ‘ഇംഗ്ലീഷ്’ കൂടി നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയായി എനിക്ക് രൂപാന്തരം വന്നിരിക്കയാണ്. ഉപജില്ലയിലെ എല്ലാവിദ്യാലയങ്ങളിൽ‌നിന്നും അദ്ധ്യാപകർ അവിടെ എത്തിയിട്ടുണ്ട്. കൂട്ടത്തിൽ പ്രായമുള്ള ഒരാൾ,,, 
എന്നെ ആറാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപകൻ! എന്റെ കൈവെള്ളയിൽ ചൂരൽക്കഷായം വെച്ചുതന്ന, കൂർത്ത നഖം‌കൊണ്ട് എന്നെ നുള്ളി വേദനിപ്പിച്ച അദ്ദേഹം എന്നെക്കണ്ട് ഞെട്ടി,
“നീ”
“സർ, ഞാനിപ്പോൾ ടീച്ചറാണ്”
എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനം തോന്നി.
“നീ നന്നാവും എന്ന് എനിക്കറിയാമായിരുന്നു”
                        പഠനത്തിൽ വളരെ പിന്നിലായ പഴയ ശിഷ്യയെ ഒരു അദ്ധ്യാപികയുടെ രൂപത്തിൽ കണ്ടപ്പോൾ ഇംഗ്ലീഷ് അദ്ധ്യാപകന് എന്തായിരിക്കും തോന്നിയത്? അപ്പോൾ ഈ അടിയൊക്കെ തന്ന്, ഇംഗ്ലീഷിനെ വെറുക്കാനിടയാക്കിയത് ഞാൻ നന്നാവാനാണോ? 


                            
                       ആറാം തരത്തിൽ പഠിക്കുമ്പോൾ പഠനത്തിൽ ഏറ്റവും പിന്നിലായ വിദ്യാർത്ഥിനിക്ക് ജീവിതത്തിൽ സ്വയം തിരിച്ചറിവ് ഉണ്ടായപ്പോൾ മത്സരിച്ച് പഠിച്ചു. തുടർന്നങ്ങോട്ട് ഉയർന്ന മാർക്ക് വാങ്ങിയിട്ട് ‘ഒരു അദ്ധ്യാപിക ആയി രൂപാന്തരപ്പെട്ടത്’, എന്റെ കുട്ടിക്കാലത്തെ സഹപാഠികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല, എനിക്കും ഒരു ആശ്ചര്യമായി ഇപ്പോഴും തുടരുന്നു. വിദ്യാർത്ഥി ജീവിതവും അദ്ധ്യാപക ജീവിതവും ആടിതീർത്തശേഷം ഇപ്പോൾ പുതിയൊരു വേഷത്തിലാണ്,, 
  ‘ബ്ലോഗർ’.
ആവേശത്തോടെ കമ്പ്യൂട്ടർ സ്വയം പഠിച്ചപ്പോൾ ഈ ലോകത്തിന്റെ മുന്നിൽ ബ്ലോഗിലൂടെ എല്ലാം വിളിച്ച് പറയുന്ന
മിനി എന്ന ബ്ലോഗെഴുത്തുകാരി,,, ,,, 


എല്ലാവർക്കും പുതുവത്സരാശംസകൾ

24 comments:

  1. നിങ്ങളോർക്കുക,,, നിങ്ങളെങ്ങനെ? നിങ്ങളായെന്ന്?
    അങ്ങനെയൊന്ന് പുതുവർഷം പിറക്കുന്ന വേളയിൽ ഓർത്തുപോയി.
    എല്ലാവർക്കും പുതുവർഷ ആശംസകൾ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മിനി ടീച്ചറെ,
    ആദ്യമായി എന്റെ പുതുവത്സരാശംസകൾ!
    ബാല്യകാലാനുഭവങ്ങള്‍ വളരെ
    സരസഗംഭീരമായി പറഞ്ഞു ചേര്‍ത്തതില്‍ നന്ദി,
    പെട്ടന്ന് എന്റെയും ബാല്യകാലത്തിലേക്ക്
    ഒന്നെത്തി നോക്കാന്‍ ഇതുപകരിച്ചു.
    ഏതായാലും, ആ പഴയ ഇഗ്ലീഷ് അധ്യാപകനെ
    അവിചാരിതമായി കണ്ടുമുട്ടാനിടയായതും
    ഒരു ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ.
    ഒരു ചെറിയ അക്ഷര പ്പിശക് ചൂണ്ടിക്കാണിക്കട്ടെ
    "മരിച്ചുകളയാൻ പോലും അക്കാലത്ത് ചിന്തിക്കാറുണ്ട്.
    ഇവിടെ ചിന്തിക്കാറണ്ടായിരുന്നു എന്ന് ചേര്‍ത്താല്‍ നന്നായിരുന്നു
    ആ യാത്ര തുടരട്ടെ
    എല്ല ഭാവുകങ്ങളും നേരുന്നു
    പുതുവത്സ ആശംസകളും ഒപ്പം.
    പിന്നെ, "നിങ്ങളോർക്കുക,,, നിങ്ങളെങ്ങനെ? നിങ്ങളായെന്ന്?"
    എന്ന പ്രതികരണത്തിലെ ചോദ്യം ചിന്തിക്കാന്‍ വക നല്‍കുന്നു
    ഒരു ബ്ലോഗുമായി വരാന്‍ ഇതു പ്രേരണ നല്‍കി. നന്ദി, നമസ്കാരം.
    ഫിലിപ്പ് വറുഗീസ്‌. 'ഏരിയല്‍'
    സെക്കന്തരാബാദ്

    ReplyDelete
  4. മധുരം മലയാളം ഉള്ളപ്പോള്‍
    എന്തിനാണ് ടീച്ചറെ ഈ ആംഗലേയത്തിനു വേണ്ടി ഇത്ര കഷ്ടപ്പെടുന്നത്.
    ഈ ചോദ്യം ഉയര്‍ത്തിയാണ് പലപ്പോഴും ഇംഗ്ലീഷിനു വട്ട പൂജ്യം കിട്ടുമ്പോള്‍
    ഞാന്‍ അഭിമാനം കൊണ്ടത്‌
    ഇപ്പോഴും ഇംഗ്ലീഷ് എന്ന് കേള്‍ക്കുമ്പോള്‍ ഈ ചോദ്യം ഞാന്‍ സ്വയം ചോദിക്കാറുണ്ട്.
    (വാല്‍ക്കഷണം : അറിയാത്ത ഭാഷ പുളിക്കും )

    ReplyDelete
  5. Teacher,
    Wish A Happy New Year
    Sasi, Narmavedi

    ReplyDelete
  6. ഓർമ്മകൾ സുഗന്ധമുള്ളതും മാധുര്യമേറിയവയുമാണ്. അതിലേക്കൊരു എത്തിനോട്ടം കൊതിയ്ക്കാത്തവരായി ആരുണ്ട്... പിന്നിട്ട വഴികളിൽ കൊഴിഞ്ഞുവീണ മുത്തുകൾ പെറുക്കിടുത്ത് താലോലിക്കുവാൻ കൊതിയ്ക്കാത്ത ആരുണ്ട്...
    പുതുവർഷം പിറക്കുന്ന വേളയിൽ മധുരമായ ഒരു ഓർമ പങ്കുവച്ച ടീച്ചർക്ക് പുതുവത്സരാശംസകൾ...

    ReplyDelete
  7. ആശംസകൾ നേരുന്നു ടീച്ചർ.

    ReplyDelete
  8. വർഷങ്ങൾ,പുറകിലോട്ട് സഞ്ചരിച്ചു..താങ്കളുടെ രചനാരീതി വളരെ നല്ലാതാ ടീച്ചറെ...ലേഖനം എഴുതുന്നവർ ഈ രീതിശ്രദ്ധിച്ചാൽ നന്നായിരിക്കും...ഞാനും ആംഗലേയ പഠനത്തിൽ പിന്നിലായിരുന്നൂ..ഇത് വായിച്ചപ്പോൾ എന്റെ ഓർമ്മയിലും തെളിഞ്ഞ കാര്യങ്ങൾ ഇവിടെ പങ്ക് വക്കട്ടെ..പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മലയാളത്തിൽ..ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയഒരു കുട്ടിയായിരുന്നൂ ഞാൻ ഒന്നാം വർഷപരീക്ഷയുടെ ടെസ്റ്റ് സാമ്പിൾ പരീക്ഷക്ക് എനിക്ക് മലയാളത്തിൽ തൊണ്ണൂറ്റിയാറ് മാർക്ക് കിട്ടി..വർഷങ്ങൾക്ക് ശേഷം എന്റെ അനിയത്തി ആ കോളേജിൽ പഠിച്ചപ്പോൾ നൽകിയ 'നോട്ട്' ഞാൻ അന്നെഴുതിയ പരീക്ഷാകടലാസിലുള്ളതായിരുന്നൂ..വീട്ടിൽ വന്ന് അനിയത്തി പറഞ്ഞൂ"ചേട്ടാ ഇത് ജയലക്ഷ്മി ടീച്ചർ തന്നതാ....വർഷങ്ങളായി ആ ടീച്ചർ ഈ നോട്ടണ് കുട്ടികൾക്ക് കൊടൂക്കുന്നതെന്ന് ചേട്ടനോട് പറയാൻ പറഞ്ഞു" ഇത് എനിക്ക് ആസ്യമായി കിട്ടിയ അവാർഡായിരുന്നൂ...സുവോളജി പഠിപ്പിച്ചിരുന്ന നഹേമിയ എന്ന സാറു മാർക്ക് കുറഞ്ഞുപോയി എന്ന കാരണത്താൽ ഒരാഴ്ച എന്നെ ക്ലാസിൽ കയറ്റിയില്ല...ആ നീറുന്ന ഓർമ്മക്ക് പകരമെന്നോണം..അടുത്ത കാലത്ത് ഒരു ദിവസം എന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ദെഹം വന്നു,കമ്പൂട്ടർ പഠിക്കാൻ..മന:പൂർവ്വം MS-Office ഞാൻ തന്നെ പിഠിപ്പിച്ചു..ചെറുതായ് വഴക്കൊക്കെ പറഞ്ഞ് ഞാൻ പകരം വീട്ടി....ഇങ്ങനെ എന്റെല്ലാം കഥകൾ...ശീച്ചറിനും കുടുംമ്പത്തിനും നവവത്സരാശംസകൾ...

    ReplyDelete
  9. അപ്പോൾ ഈ അടിയൊക്കെ തന്ന്, ഇംഗ്ലീഷിനെ വെറുക്കാനിടയാക്കിയത് ഞാൻ നന്നാവാനാണോ?

    ഇത്തരം ഓര്‍മ്മിക്കലുകളാണു തിരിച്ചറിവുകള്‍ സമ്മാനിക്കുന്നത്.
    പലരും ഓര്‍ക്കാത്തത്.

    പുതുവത്സരാശംസകള്‍.

    ReplyDelete
  10. തിരിച്ചറിവുകളില്‍ നിന്നാണ് നമ്മളില്‍ നല്ലത് ഉണ്ടാകുന്നത്. പലപ്പോഴും ടീച്ചറോട് ബഹുമാനം തോന്നിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സ്വയം പഠിച്ച് (അതും റിട്ടേര്‍ഡ് ആയ ശേഷമെന്ന് മുന്‍പെപ്പോഴോ പറഞ്ഞ ഓര്‍മ്മ) അതില്‍ നിന്നും ബ്ലോഗ് എന്ന മാധ്യമത്തെ കണ്ടെത്തി അതില്‍ ഇന്ന് ഇങ്ങിനെ അരങ്ങുവാഴുന്നത് കാണുമ്പോള്‍ ബഹുമാനം എപ്പൊഴുമുണ്ട്..

    ReplyDelete
  11. ഈ വര്‍ഷത്തെ ആദ്യത്തെ കമന്റ് എന്റേതായിരിക്കട്ടെ. ടീച്ചര്‍ക്കും കുടുംബത്തിനും പുതു വര്‍ഷാശംസകള്‍!. പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ പറ്റിയ സന്ദര്‍ഭം തന്നെ. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ “വാട്ട് ആര്‍ യു ഡൂയിങ്ങ്?” എന്ന ചോദ്യത്തിനു ഉത്തരം പറയുമ്പോള്‍ “അയാം ഡൂയിങ്ങ്..” എന്നു ഉത്തരം പറയാന്‍ തുടങ്ങിയ എനിക്കു ബന്ധു കൂടിയായിരുന്ന ഹെഡ് മാസ്റ്ററില്‍ നിന്നു ഒത്തിരി അടി കിട്ടിയത് ഇപ്പ്പ്പോള്‍ ഓര്‍ത്തു പോകുന്നു. അന്നൊക്കെ അഞ്ചാം ക്ലാസ് മുതലായിരുന്നു ഇംഗ്ലീഷ് പഠിച്ചിരുന്നത്. ഇപ്പോള്‍ എന്റെ മിന്നു മോള്‍ എല്‍.കെ.ജി തൊട്ടേ ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയിരുന്നു !.ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ആവറേജ് ആയിരുന്ന ഞാന്‍ മറ്റു പുസ്തകപ്പുഴുക്കളെ കണ്ടു അതിശയിച്ചിട്ടുണ്ട്. എന്നാലും ആരുടെയും പ്രേരണയില്ലാതെ തന്നെ ഡിഗ്രിയെടുത്ത് 32 വര്‍ഷം ജോലി ചെയ്തു ഇന്നു വിശ്രമ ജീവിതം നയിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ക്കാന്‍ രസമുണ്ട്. ഒരു ബ്ലോഗറായി തീര്‍ന്നതിനാല്‍ മറ്റുള്ളവരുമായി ഇതൊക്കെ പങ്കു വെക്കാന്‍ കഴിഞ്ഞതിലും ഒട്ടേറെ സന്തോഷമുണ്ട്. ആകെ ഒരു വിഷമമേയുള്ളൂ. എന്റെ സഹ പാഠികളായ ഒരാളെപ്പോളും ഈ സൈബര്‍ മേഖലയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല!. ഞാന്‍ ഏറ്റവും വലിയ പഠിപ്പിസ്റ്റ് എന്നു കരുതിയവര്‍ പോലും കമ്പ്യൂട്ടറിന്റെ ഏഴയലത്തു പോലും വരുന്നില്ല,കഷ്ടം തന്നെ!.

    ReplyDelete
  12. ടീച്ചര്‍, പുതു വത്സരാശംസകള്‍...പിന്നെ അന്ന് ഒരു മാര്‍ക്ക്‌ കിട്ടിയത്..വേറെ എന്ത് തരും എന്ന് കരുതി ആവും അല്ലേ..അവസാനം പഠിപ്പിക്കാന്‍ ഇന്ഗ്ലീഷ്‌..ഹ..ഹ..ഹ..

    ReplyDelete
  13. P V Ariel -,
    പുതുവർഷം പിറക്കുന്നതിന് മുൻപ് വായിച്ച് അഭിപ്രായം എഴുതിയതിന് വളരെ നന്ദി. രണ്ട് വർഷം പഠിച്ചെങ്കിലും നല്ല അനുഭവങ്ങൾ 6,7, ക്ലാസ്സുകളിൽ പഠിക്കുന്നകാലത്ത് ഉണ്ടായിരുന്നില്ല. ഇനിയും ചിലത് കൂടിയുണ്ട്, അത്ര സുന്ദരമല്ലെങ്കിലും ഓർക്കാൻ രസമുള്ളവയാണ്.
    sasidharan -,
    അഭിപ്രായം എഴുതിയതിന് നന്ദി.
    Prins//കൊച്ചനിയൻ -,
    ഓർമ്മകൾ തന്നെയാണ് എനിക്ക് പുതുജീവൻ നൽകുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
    Sabu M H -,
    കേരളീയരെക്കാർ വളരെ നേരത്തെ പുതുവർഷം വന്നുചേരുന്ന നാട്ടിൽ നിന്ന് അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  14. ചന്തു നായർ -,
    ഇന്ന് സാഹിത്യത്തിലും ബ്ലോഗിലും ചുറ്റിയടിക്കുന്നവർ പലരും പഠനത്തിൽ ഒന്നാം സ്ഥാനത്ത് ആയിരിക്കണമെന്നില്ല. ടിച്ചറായപ്പോൾ വികൃതി കാട്ടിയവരെ അടിക്കാറുണ്ടെങ്കിലും (അടി കൊടുക്കാൻ രക്ഷിതാക്കൾ തന്നെ പറയും), ‘പഠിച്ചിട്ടില്ല’ എന്ന കാരണം കൊണ്ട് അടി കൊടുത്തത് വളരെ കുറവാണ്. പിന്നെ ഒരു പ്രധാന കാര്യം… പഠനത്തിൽ മുന്നിൽ നിൽക്കുന്നവരെക്കാൾ ഇപ്പോഴും സൌഹൃദം പുലർത്തുന്നത് പിന്നിൽ നിന്നിരുന്ന വിദ്യാർത്ഥികളാണ്. വീട്ടിൽ വന്നിട്ട് ‘എന്റെ ടിച്ചർ ഇവിടെയുണ്ട്, ഒന്ന് കാണണം’ എന്ന് ശിഷ്യന്മാർ പറയുമ്പോൾ വരുന്ന സന്തോഷം അനിർവ്വചനീയമാണ്.
    ഒരു ദിവസം ടെലിഫോണിൽ വിളിച്ച ശിഷ്യൻ, ഫോണെടുത്ത എന്റെ ഭർത്താവിനോട് പറഞ്ഞു, ‘എന്നെ പഠിപ്പിച്ച ടീച്ചറെ വേണം’.
    അപ്പോൾ അദ്ദേഹം ചോദിച്ചു, ‘ആര് വിളിക്കുന്നു എന്നാണ് പറയേണ്ടത്?’
    ‘ജീവൻ വിളിക്കുന്നു, എന്ന് പറഞ്ഞാൽ മതി’
    ജീവൻ എന്റെ പ്രീയപ്പെട്ട ശിഷ്യനാണ്. അവനെക്കുറിച്ച് ഏതാനും മാസം മുൻപ് ഒരു അനുഭവം എഴുതിയിട്ടുണ്ട്.
    ഈ ഓർമ്മകളെല്ലാം അദ്ധ്യാപകർക്ക് മാത്രം സ്വന്തം.
    എന്നാൽ വിദ്യാർത്ഥികൾക്കിടയിൽ ദുഷ്ടകഥാപാത്രമാവാതിരിക്കാൻ കഴിവതും ശ്രദ്ധിക്കണം. അനുഭവങ്ങൾ എഴുതിയതിന് നന്ദി.
    പട്ടേപ്പാടം റാംജി -,
    വിദ്യാർത്ഥികൾ നന്നാവണമെന്ന് ചിന്തിക്കുന്ന അദ്ധ്യാപകർ പലതരം സൂത്രങ്ങൾ പ്രയോഗിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
    Manoraj -,
    കമ്പ്യൂട്ടർ സ്വയം പഠിച്ചത്, റിട്ടയർ ചെയ്യാൻ ഏതാനും വർഷം മാത്രം ബാക്കിയുള്ളപ്പോൾ വിദ്യാർത്ഥികൾക്കൊപ്പം ആയിരുന്നു. ഇപ്പോൾ കമ്പ്യൂട്ടറും അടുക്കളയും ഒന്നിച്ച് കൊണ്ടുപോകുന്നു. ഇതൊരു ലോകമാണ്. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ മനസ്സ് മുരടിക്കാതിരിക്കാൻ എനിക്ക് ലഭിച്ച മഹാഭാഗ്യം. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  15. Mohamedkutty മുഹമ്മദുകുട്ടി -,
    പുതുവർഷത്തിലെ ആദ്യ കമന്റിന് ഒത്തിരി നന്ദി. താങ്കൾ അവസാനം പറഞ്ഞത് എന്നെ ഒത്തിരി ചിന്തിപ്പിച്ചു. മുൻപ് ഓർക്കുട്ടിൽ ചുറ്റിയടിക്കുമ്പോൾ കൂടെ പഠിച്ചവരെയും പഠിപ്പിച്ചവരെയും തപ്പിനോക്കിയിട്ട് കാര്യമായൊന്നും കിട്ടിയില്ല. ഫോൺ ബന്ധം ഇപ്പോഴും തുടരുന്ന രണ്ടോ മൂന്നോ സഹപ്രവർത്തകർ മാത്രമാണ് ഇപ്പോഴും ഇന്റർനെറ്റിൽ ബന്ധം ഉള്ളത്. പിന്നെ ബന്ധുക്കൾ കുറച്ചുപേരുണ്ട്. താങ്കളെപ്പോലെ കൂടെ പഠിച്ചവരെ, പഴയ സഹപ്രവർത്തകരെ, എല്ലാം തപ്പിയിട്ടും നിരാശയാണ് ഫലം. എന്റെ പ്രായമുള്ള ചിലർ മക്കളുമായി ചാറ്റിംഗ് നടത്താൻ മാത്രം അറിയുന്നവരാണ്. ഡിഗ്രി ഒഴികെ മറ്റെല്ലാ ക്ലാസ്സുകളിലും എന്നെക്കാൾ പഠിക്കുന്ന അനേകം സഹപാഠികൾ ഉണ്ടായിരുന്നു. എന്നാൽ ഗൂഗിളിൽ തപ്പിയിട്ടും ഒന്നിനെയും കാണാൻ പറ്റിയിട്ടില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    SHANAVAS-,
    സംഭവം ശരിയായിരിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  16. @കെ.എം. റഷീദ്-,
    സ്പാമിൽ കയറിയ കമന്റിനെ ഇപ്പൊഴാണ് വെളിയിലെടുത്തത്,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  17. പുതുവത്സരാശംസകള്‍.

    ReplyDelete
  18. ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ എന്നുമെന്നു. അതില്ലാതാവുന്നത് രോഗവും ശാപവുമാണ്‌.. ടീച്ചര്‍ക്ക് / ബ്ലോഗിണിക്ക് ആശംസകള്‍.. തുടരുക. ഞങ്ങള്‍ സഹിക്കാം :)

    ReplyDelete
  19. @ലീല എം ചന്ദ്രന്‍..-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ബഷീര്‍ പി.ബി.വെള്ളറക്കാട്‌-,
    അല്പം സഹിച്ചേ പറ്റു, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  20. ഓര്‍മകളും അനുഭവങ്ങളും എല്ലാവര്ക്കും ഒത്തിരിയുണ്ടാവും.. എന്നാലും അതിങ്ങിനെ എല്ലാവരുമായി പങ്കുവെക്കുന്നതിലൂടെ നമ്മളെയും ആ പഴയ വിദ്യാര്‍ഥി ജീവിതത്തിലേക്ക് കൊണ്ട് പോയി. ടീച്ചര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  21. ആദ്യം കയ്ക്കും പിന്നെ മധുരിക്കും
    ഇപ്പോൾ നെല്ലിക്കയും.
    പുതുവത്സരാശം സകൾ

    ReplyDelete
  22. Prachodanamekunna anubhavam thanne... Padicha schoolil thanne padippikkanayittu pokan kazhiyuka ennullathu oru cheriya karyamalla. Ellam daivanugraham :)

    ReplyDelete
  23. ടീച്ചറേ... ഈ ‘കുട്ടി’ എത്താന്‍ കുറച്ച് വൈകി (പതിവു പോലെ!) ബാല്യകാല സ്മരണകള്‍ മറ്റു പലരുടെയും പോലെ എന്റെയും ‘ദൌര്‍ബല്യ’മായതു കൊണ്ട് എന്തൊക്കെയോ എഴുതണമെന്നുണ്ടെങ്കിലും ആവര്‍ത്തന വിരസത ഉറപ്പായതു കൊണ്ട് അതൊന്നും എഴുതുന്നില്ല. പകരം അക്കൂട്ടത്തില്‍പ്പെടില്ലെന്ന് ഉറപ്പുള്ള ഒരു കാര്യം ചോദിക്കട്ടെ. ‘അപ്പോൾ ഈ അടിയൊക്കെ തന്ന്, ഇംഗ്ലീഷിനെ വെറുക്കാനിടയാക്കിയത് ഞാൻ നന്നാവാനാണോ?‘ എന്നിട്ട് നന്നായോ? (വടി എടുക്കണ്ടാ... ഞാന്‍ ഇവിടെ ഇല്ല...!)

    ഏതായാലും ഒരു കാര്യത്തില്‍ (മാത്രം?) ഞാനും മിനി ടീച്ചറും തമ്മില്‍ ഒട്ടും യോജിക്കില്ലെന്ന് ഈ പോസ്റ്റ് വായിച്ചപ്പോഴാ മനസ്സിലായത് - മറ്റൊന്നുമല്ല, നാലാം ക്ലാസ് മുതലേ എന്റെ ‘ഫേവറിറ്റ്’ ആയിരുന്നു ഇംഗ്ലീഷ്...! (അദ്ധ്യാപകനായിരുന്ന അച്ഛന്‍ കുറേ വര്‍ഷം 6, 7 ക്ലാസ്സുകളില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നതുകൊണ്ടാവാം...) എന്നാലും ക്ലാസ്സില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ ആദ്യമായി അടി വാങ്ങേണ്ടി വന്നത് ഒരു ഇംഗ്ലീഷ് അദ്ധ്യാപകന്റെ കൈയില്‍ നിന്നു തന്നെയായിരുന്നു എന്നത് വേറെ കാര്യം!

    ReplyDelete
  24. @yemceepee-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ Kalavallabhan-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ Jenith Kachappilly-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ വിജി പിണറായി-,
    എന്റെ വിജിയെ, അതൊക്കെ ഒരു കാലം. പിന്നെ ഒരു വിശേഷം പറയട്ടെ,,, ഒരു അധ്യയനവർഷം ഞാൻ ആദ്യമായി എന്റെ ഒരു ക്ലാസ്സിൽ അടികൊടുത്തത് എന്റെ മകൾക്ക് ആയിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.