“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 23, 2012

ആദ്യത്തെ ലോകാവസാനം


‘നാളെ വൈകുന്നേരമാണ് ലോകാവസാനം,, നമ്മളെല്ലാരും ഒന്നിച്ച് മരിക്കും’
നാലാം‌തരത്തിലെ കുട്ടികളെല്ലാം പേടിയോടെ കുമാരൻ മാസ്റ്ററുടെ മുഖത്ത് നോക്കിയിരിക്കുമ്പോൾ അദ്ദേഹം ബാക്കികൂടി പറയാൻ തുടങ്ങി.
“ലോകാവസാനം ആയാൽ കടലിലെ തിരകളെല്ലാം നമ്മളെ സ്ക്കൂൾ വളപ്പിലെ പീറ്റത്തെങ്ങിനെക്കാൾ ഉയരത്തിലായിരിക്കും കരയിലേക്ക് പാഞ്ഞ്‌വരുന്നത്. അതിന്റെ ഒപ്പരം ഭൂമി കുലുക്കവും ആകാശത്ത്‌ന്ന് തീയും വരുമ്പം നമ്മളെല്ലാരും ചാവും. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയും അങ്ങനെ എട്ട് ഗ്രഹങ്ങൾ ഒന്നിച്ച് ചേർന്ന് എല്ലാം അവസാനിക്കും അഷ്ടഗ്രഹയോഗം”
                       തൊട്ടപ്പുറത്ത്‌നിന്നും അലയടിക്കുന്ന അറബിക്കടലിനെ, സ്‌ക്കൂൾ വരാന്തയിലെ ഓലമറയിലൂടെ ഞങ്ങൾ നോക്കി,, നാളെ വൈകിട്ട് ഈ കടല് വലുതായി വന്ന് സ്ക്കൂളും വീടും നാടും കടന്ന് അങ്ങനെയങ്ങ് തകർക്കും. അയ്യോ അപ്പോൾ എന്ത് ചെയ്യും? എന്തായാലും നല്ല രസമായിരിക്കും ഈ ലോകാവസാനം പക്ഷെ! അത് കാണാൻ നമ്മളുണ്ടാവുമോ?

                      ആദ്യത്തെ ലോകാവസാന സംഭവനേരത്ത് ഞാൻ നാലാം തരത്തിൽ പഠിക്കുകയാണ്. അവിടെ ഏതാനും ദിവസങ്ങളായി ക്ലാസ്സുകളിൽ കണക്കും സയൻസും മലയാളവും പഠിക്കുന്നതിന് പകരം ലോകാവസാന പഠനം മാത്രമായി മാറി. കണക്കുകൂട്ടിനോക്കിയപ്പോൾ സംഭവം നടന്നത് 1962ൽ ആയിരിക്കും. ‘അഷ്ടഗ്രഹയോഗം’ അതായത് എട്ട് ഗ്രഹങ്ങൾ ഒന്നിച്ച് ചേരുക, അപ്പോൾ‌പിന്നെ ഭൂമിയിലെ മനുഷ്യരുടെ കാര്യം എന്തായിരിക്കും? അക്കാലത്ത് ഗ്രഹങ്ങൾ ഒൻപതെണ്ണം ഉണ്ടായിരുന്നു,, അതിൽ ആരാണ് മാറിനിന്നത്? ഇടക്ക് സ്ഥാനം നഷ്ടപ്പെട്ട പ്ലൂട്ടോ ആയിരിക്കുമോ?

                       അക്കാലത്ത് ലോകാവസാന വാർത്തകൾ കേൾക്കാനും പറയാനുമായി നാട്ടുകാരെല്ലാം അത്യുത്സാഹം കാണിച്ചിരുന്നു. വായനശാലയിൽ മാതൃഭൂമി വായിക്കുന്ന ആണുങ്ങൾ മാത്രമല്ല, കിണറ്റിൻ‌കരയിലെ പെണ്ണുങ്ങളും ചായപീടികയിലെ ബാലിയക്കാരും വയലിൽ കളപറിക്കുന്ന പണിക്കാരും കടപ്പുറത്ത് ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുന്ന പിള്ളേരും പറയുന്നത് ലോകാവസാന വിശേഷങ്ങൾ മാത്രം. അന്നന്നത്തെ അപ്പത്തിന് വക കണ്ടെത്തുന്ന ഗ്രാമീണന് ലോകാവസാനം വരുന്ന നേരത്ത് ഒളിപ്പിച്ച്‌വെക്കാൻ സമ്പത്തൊന്നും ഉണ്ടായിരുന്നില്ല. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കാൻ സന്മനസ്സ് കാണിക്കുന്ന കാലം. ഒരാഴ്ച മുൻപ് തെക്കേട്ടിലെ കാർത്തിയേച്ചി അമ്മയോട് ചോദിക്കുന്നതു കേട്ടു,
“യശോദേടത്തി, അന്റെ ലീലക്ക് ഇടാൻ നിങ്ങളെ മോളെ പയേ കുപ്പായം തര്വോ?”
“അതെങ്ങനെയാ കാർത്തി, ഇവളെ കുപ്പായമൊന്നും പയേതായിറ്റില്ല”
“എന്നാപിന്നെ പുതിയ ഒരെണ്ണം തന്നൂടെ?”
“പുതിയതോ?”
“അത്‌പിന്നെ ഒരായ്ച്ച കയിഞ്ഞാല് ലോകാവസാനമല്ലെ,,, അപ്പൊപിന്നെ ഇത്രേം കുപ്പായമെന്തിനാ നിങ്ങളെ കുട്ടി ഇടുന്നത്? അന്നേരം രണ്ടോ മൂന്നോ എണ്ണം ഒന്നിച്ച് ഇട്ടാൽ പോരെ?,,”
                    ലോകാവസാന നേരത്ത് സ്വന്തം മകൾക്ക് അണിയാൻ നല്ലൊരു കുപ്പായത്തിനുവേണ്ടി ചോദിക്കുകയാണ് എന്റെയൊപ്പം നാലാം ക്ലാസ്സിൽ പഠിക്കുന്ന ലീലയുടെ അമ്മ. ഒടുവിൽ അച്ഛന്റെ ഇരുമ്പ്‌പെട്ടി തുറന്ന് അടിയിൽ ഇസ്ത്രിയിട്ട് വെച്ച നീലയിൽ വെള്ളപുള്ളിയുള്ള പുതിയ ഉടുപ്പ് അമ്മ അവർക്കു നൽകി. അതുമായി ഇറങ്ങിപോകുമ്പോൾ അവർ പറഞ്ഞു,
“ലോകാവസാനം വരുന്ന ദെവസം നമ്മളെ വീട്ടില് ചോറ് വെക്കുന്നുണ്ട്, കൊറേസമായി അതിന് അരിയൊക്കെ മാറ്റിവെക്കാൻ തൊടങ്ങീറ്റ്”
അരപ്പട്ടിണിക്കാരൻ ലോകാവസാന നേരത്ത് വയറുനിറച്ച് ഉണ്ണാൻ ശ്രമിക്കുകയാണ്; അടുത്ത ഭക്ഷണം എപ്പോഴാണെന്നറിയില്ലല്ലൊ. അതുപോലെ ചാവുമ്പം ചമഞ്ഞുകിടക്കാനാണ് പുതിയ കുപ്പായം.   
*****
                      സ്ക്കൂൾ‌വിട്ട് വീട്ടിലെത്തുന്നതുവരെ കുട്ടികളുടെ സംഭാഷണവിഷയം ലോകാവസാനം തന്നെ. എന്റെ ബോഡിഗാർഡായ അടുത്ത വീട്ടിലെ ഇന്ദിരേച്ചി പാറമുകളിൽ വളർന്ന പച്ചപ്പുല്ലിൽ ഇരുന്ന് പുസ്തകമൊക്കെ നിലത്ത്‌വെച്ച് മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇനിയീ ബുക്കൊന്നും ആവശ്യമില്ലല്ലൊ,,, നാളെയിപ്പം ലോകാവസാനം വരുമ്പം ഏത് കുപ്പായമാ ഇടുക,, വീട്ടിൽ‌പോയപ്പാട് ഈ പാവാടയും ബ്ലൌസും അലക്കണം. എന്നിട്ട് ഇസ്ത്രിവെച്ച് നാളെ വയീറ്റ് ഇടണം. കൊറച്ച് പൌഡറൊക്കെ ഞാനെടുത്ത്‌വെച്ചിട്ടുണ്ട്. എണേ, നീയേത് കുപ്പായമാ നാളെ ഇടുന്നത്? കുഞ്ഞമ്മാവൻ പട്ടാളത്തിന്ന് വന്നപ്പം പുതിയ കുപ്പായം കൊണ്ടുവന്നിട്ടില്ലെ?”
ചോദ്യം എന്നോടാണ് എന്റെ അമ്മാവൻ മിലിറ്ററി ആയതിനാൽ പവ്വറ് അധികമാണ്.
“അന്റെ പുതിയ കുപ്പായം നീ കണ്ടിട്ടില്ലെ,”
“എന്നാല് ആദ്യം പെറ്റിക്കോട്ടിന്റെ മോളില് മറ്റുള്ള കുപ്പായങ്ങളെല്ലാം ഇടുക, അഞ്ചാറെണ്ണം ഉണ്ടാകുമല്ലൊ,, കുഞ്ഞമ്മാവൻ കൊണ്ടേന്നത് അതിന്റെ മോളില് പൊറത്തിടുക, കേട്ടോ”
എല്ലാം ശരിവെച്ച് കുട്ടിപ്പട നടന്നുനീങ്ങി,
വീട്ടിലെത്തിയപ്പോൾ ഒരു മഹാസംഭവം നടന്നു,
മരിക്കുന്നതുവരെ ഇവിടെ താമസിക്കും എന്ന് പറഞ്ഞ് ഒരു കൊല്ലമായി നമ്മുടെ വീട്ടിൽ കഴിയുന്ന അച്ഛന്റെ ഇളയമ്മ നാളത്തെ ലോകാവസാനം സ്വന്തം മക്കളോടൊത്ത് ആഘോഷിക്കാനായി സ്ഥലം വിട്ടിരിക്കുന്നു. എൺപത് കഴിഞ്ഞ അവർ വീട്ടിലുള്ള ആണുങ്ങളോടൊന്നും പറയാതെയാണ് നട്ടുച്ചനേരത്ത് കണ്ണൂരിൽ ഇടച്ചേരിയിലെ മകളുടെ വീട്ടിലേക്ക് പോയത്.
                     പിറ്റേദിവസം നമ്മൾ ലോകാവസാനത്തെ കാത്തിരുന്നു. ഒന്നും സംഭവിക്കാതെ പതിവുപോലെ ദിവസങ്ങൾ ഒരോന്നായി കടന്നുപോയി. ലോകം അതേപടി അവസാനത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു.
******

 ഇനി അല്പം ചിന്തകൾ???
                  യുഗങ്ങള്‍ നാലാണ്, ഇപ്പോള്‍ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നാലാമത്തെ യുഗമായ കലിയുഗത്തില്‍ കൂടിയാണെന്ന് തിരിച്ചറിയാൻ ഒട്ടും പ്രയാസമില്ല. കലിയുഗത്തിന്റെ അവസാന കാലത്തെ ലോകാവസാന ലക്ഷണങ്ങള്‍ ഓരോന്നായി നമ്മുടെ മഹാഭാരതത്തിൽ പറയുന്നുണ്ട്,
 1. മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും പരസ്പരവിരുദ്ധമായി മാറുന്നു.
 2. ആളുകള്‍ക്ക് ഭക്ഷ്യവും അഭക്ഷ്യവും തിരിച്ചറിയാതാവുന്നു.
 3. ഭൂമി മ്ലേച്ഛന്മാര്‍ ഭരിക്കുന്നു.
 4. സ്ത്രീകള്‍ പൊക്കം കുറഞ്ഞവരും ധാരാളം പ്രസവിക്കുന്നവരും ആയി മാറുന്നു.
 5. ഗുരുനാഥന്മാര്‍ വിദ്യ വില്‍ക്കുന്നു.
 6. സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന വേശ്യകളായി മാറുന്നു.
 7. ഗൃഹസ്ഥന്മാര്‍ ചോറ് വില്‍ക്കുന്നു.
 8. പുരുഷന്മാര്‍ക്ക് സ്വന്തം മകളിലും സ്ത്രീകള്‍ക്ക് ഭൃത്യന്മാരിലും മക്കള്‍ ഉണ്ടാവുന്നു.
 9. ഭിക്ഷാടനമെന്ന പേരില്‍ വീട്ടില്‍ കയറി മോഷണം നടത്തുന്നു.
 10. കള്ളവും തട്ടിപ്പും മദ്യപാനവും നാട്ടില്‍ വര്‍ദ്ധിക്കുന്നു.
 11. സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍ നിന്നും ആദായം കുറയുന്നു.
 12. മരങ്ങളില്‍ മറ്റു പക്ഷികള്‍ കുറഞ്ഞ് കാക്കകള്‍ വര്‍ദ്ധിക്കുന്നു’
അങ്ങനെ,
ഒടുവില്‍ ഏഴ് സൂര്യന്‍മാര്‍ ചേര്‍ന്നുള്ള പ്രളയാഗ്നിയില്‍ പ്രപഞ്ചം നശിക്കുന്നു’.

                     കലിയുഗ ലക്ഷണമായി ഒരുകാലത്ത് പറഞ്ഞതെല്ലാം ഇന്ന് ആചാരമായി മാറിയിരിക്കയാണ്.

1.  ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ഇല്ലാതായിട്ട് വളരെ നാളായി.
2.  കഴിക്കുന്നത് എന്താണെന്നറിയാതെയാണ് പലതും നാം ഭക്ഷിക്കുന്നത്.
3.  ഭൂമി ഭരിക്കുന്നത് ഇപ്പോള്‍ തട്ടിപ്പ്‌വീരന്മാ.
4.  പിന്നെ സ്ത്രീകള്‍ ധാരാളം പ്രസവിക്കും; കുടും‌ബാസൂത്രണം കാരണം പലർക്കും ചാന്‍സ് കിട്ടാത്തതു കൊണ്ടാണ്.
5.  ഗുരുനാഥന്മാര്‍ ശമ്പളം കണക്ക്‍പറഞ്ഞ് വാങ്ങുകയും നിരക്ക് കൂട്ടാന്‍ സമരം നടത്തുകയും ചെയ്യുന്നു.
6. സ്ത്രീകള്‍‌ക്ക് എളുപ്പത്തില്‍ വില്‍ക്കാന്‍ പറ്റുന്നത് ശരീരമാണല്ലോ; എന്നാല്‍ അവരോട് മത്സരിക്കാൻ ആണ്‍‌വേശ്യകളും പെരുകുന്നുണ്ട്.
7.  ഗൃഹസ്ഥന്മാര്‍ തട്ടുകട മുതൽ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വരെ നടത്തി ചോറ് വില്‍ക്കുന്നു.
8.  മക്കളെ ഉണ്ടാക്കുന്ന കാര്യമാണെങ്കില്‍; – ‘എന്റെ കൊച്ചിന്റെ അച്ഛന്‍ തന്നെയാണ് എന്റെ അച്ഛൻ’, എന്ന് പറയേണ്ട അവസ്ഥയിലുള്ള കൊച്ചു പെണ്‍‌കുട്ടികള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ പെരുകുകയാണ്. സ്ത്രീകള്‍ ഭര്‍ത്താവിനെയും മക്കളെയും മറന്ന് പ്രായം കുറഞ്ഞ പുരുഷന്മാരുടെ പിന്നാലെ പായുന്നു.
9. വീട്ടില്‍ വരുന്ന അപരിചിതരെല്ലാം തട്ടിപ്പുകാരും കള്ളന്മാരും ആണെന്ന സംശയത്തിന് ഇടയാക്കുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. 
10. അച്ഛന്റെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ ‘മദ്യപാനം’ എന്ന് മക്കള്‍ തന്നെ പറയുന്നു.
11. ജെ.സി.ബി. ഭൂമിയെ അട്ടിമറിക്കുമ്പോൾ രാസവളവും കീടനാശിനിയും ചേര്‍ന്ന് കൃഷി നശിപ്പിക്കുന്നു.
12. മരങ്ങൾ കാക്കകൾക്കും ഫ്ലക്സ് ബോർഡുകൾക്കും മാത്രമായി മാറിയിരിക്കുന്നു. കാക്കകളെ പേടിച്ച് മരങ്ങളുടെ ചുവട്ടില്‍‌ ആരും നില്‍ക്കാറില്ല’
ഇപ്പോൾ ഞാന്‍ ചോദിക്കുകയാണ്:
എന്നിട്ടും എന്തേ പ്രളയാഗ്നി ഇത്രയും വൈകുന്നത്??? ലോകാവസാനം ഇനിയെപ്പോൾ?

November 20, 2012

കേട്ടാലും കണ്ടാലും പഠിക്കാത്തവർ


ഏതാനും ദിവസം മുൻപ്,
                       കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ എത്തിച്ചേർന്ന രാത്രിവണ്ടിയിൽ നിന്നും ഒരു പെൺ‌കുട്ടി ഇറങ്ങുന്നു. ഇരുവശത്തും നോക്കിക്കൊണ്ട് യാത്രക്കാർക്ക് സംശയം ഉണർത്തുന്നവിധം ചുറ്റിനടക്കുന്ന അവൾക്ക് പോവാൻ ഒരിടവും ഇല്ല. വീട്ടുകാരുമായുള്ള പിണക്കത്തിന്റെ പേരിൽ പതിനെട്ട് വയസ് പ്രായമുള്ള അവൾ, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള സ്വന്തം വീട്‌വിട്ട് ഇറങ്ങിയതാണ്. അവിടെനിന്നും ട്രെയിനിൽ കയറിയ അവൾ ഇറങ്ങിയത് കണ്ണൂരിൽ. 
                      അങ്ങനെ നടക്കുന്നതിനിടയിലാണ് സിനിമയിൽ കാണുന്നതുപോലെ രണ്ട് ചെറുപ്പക്കാർ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഓട്ടോ ഡ്രൈവർമാരായ അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം അവളെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്യുന്നു. അസമയത്ത് റെയിൽ‌വെ സ്റ്റേഷനിൽ നിൽക്കുന്നത് അപകടമാണെന്നും അവരുടെ കൂടെ വന്നാൽ, വീട്ടിൽ താമസിപ്പിച്ച് നാളെമുതൽ ഒരു ജോലി തരപ്പെടുത്തികൊടുക്കാമെന്നും യുവാക്കൾ പറഞ്ഞപ്പോൾ അവൾ അവരുടെ പിന്നാലെ പോയി.

                        ചെറുപ്പക്കാരോടൊപ്പം ഓട്ടോയിൽ കയറിയ പെൺകുട്ടിയെ കണ്ണൂർ സിറ്റിയിലെ അഞ്ചുകണ്ടിയിൽ മുതിർന്ന പുരുഷന്മാർ മാത്രം താമസിക്കുന്ന വീട്ടിൽ എത്തിക്കുന്നു. അവിടെവെച്ച് ഇരുവരും‌ചേർന്ന് പീഡിപ്പിക്കുമ്പോൾ കരഞ്ഞ് ബഹളംകൂട്ടിയ അവളെ, ഓടിപ്പോകാതെ ബലമായി പിടിച്ചുവെച്ചത് 74 വയസ് പ്രായമുള്ള വീട്ടുടമസ്ഥനായിരുന്നു. അസമയത്ത് ആണുങ്ങൾ മാത്രം താമസിക്കുന്ന വീട്ടിൽ‌നിന്നും ഒരു പെണ്ണിന്റെ കരച്ചിൽ കേട്ട പരിസരവാസികൾ വീട് വളഞ്ഞ് പോലീസിനെ വിളിച്ചുവരുത്തി വാതിൽ തല്ലിപ്പൊളിച്ച് അകത്ത് പ്രവേശിച്ച് പുരുഷന്മാരെ പോലീസ്‌സ്റ്റേഷനിലേക്കും പെൺ‌കുട്ടിയെ ആശുപത്രിയിലേക്കും അഡ്‌മിറ്റാക്കി.

ഏതാനും ആഴ്ച മുൻപ്,
                        അതിരാവിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ ഒരു പെൺകുട്ടി എത്തിച്ചേരുന്നു. അവൾക്ക് സ്ഥലം പരിചയമില്ലെന്ന് നോട്ടത്തിലും ഭാവത്തിലും തിരിച്ചറിയുന്ന പലരും ശ്രദ്ധിക്കാൻ തുടങ്ങി. അത്‌കണ്ട് ചുമട്ടുതൊഴിലാളികളിൽ ഒരാൾ വന്ന് സംഭവം ചോദിച്ചു. വളരെ അകലെ തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിൽ നിന്ന് ട്രെയിനിലും ബസ്സിലും സഞ്ചരിച്ച് കാമുകനായ ‘ഹംസയെ’ തേടിയിറങ്ങിയതാണവൾ. ഹംസ ആരാണെന്ന് അവൾക്കറിയില്ല; അറിയാവുന്നത് അയാൾ അവളെ സ്നേഹിക്കുന്നു എന്ന് മാത്രം. അവർ മൊബൈലിലൂടെ പ്രേമിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി; ഇനിയവൾക്ക് ഹംസയുടെ കൂടെ ജീവിക്കണം. അതിനായി എന്തും ചെയ്യാനും, എന്തും ത്യജിക്കാനും തയ്യാറായി വന്നിരിക്കയാണ്.

                         ഹംസയെ കണ്ടുപിടിക്കാൻ സഹായിക്കാമെന്നേറ്റ ചുമട്ടുതൊഴിലാളി ആ പെൺകുട്ടിയെ തൊട്ടടുത്ത പോലീസ്‌സ്റ്റേഷനിൽ എത്തിച്ചു. അവിടെവെച്ച് ഒന്നര വർഷമായി വിളിക്കുന്ന നമ്പറിൽ കാമുകനെ വിളിച്ചു. വിളികേട്ട കാമുകൻ പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. കാമുകനെ നെരിട്ട് കണ്ടതോടെ കാമുകിയുടെ ബോധം‌പോയി. ഹംസയായി മുന്നിൽ നിൽക്കുന്നത് 70 കഴിഞ്ഞ ഒരു പുരുഷൻ; അയാളുടെ മൊബൈലിൽ ആ കിഴവനുമായാണ് ഇത്രയും കാലം അവൾ സംസാരിച്ചത്. മൊബൈലിൽ സംസാരിച്ച് പ്രേമം മൂത്ത് വീട്‌വിട്ടിറങ്ങി ഒന്നിച്ച് ജീവിക്കാൻ വന്നവളുടെ വിദ്യാഭ്യാസയോഗ്യത?
: ‘എം ടെക്ക്’.

ഏതാനും മാസം മുൻപ്,
                         ഒരു രാത്രി കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ഒരു പെൺ‌കുട്ടി എത്തിച്ചേരുന്നു. ഇരിട്ടിയിൽ തൊഴിലെടുക്കുന്ന കാമുകനെ അന്വേഷിച്ച അവൾ വരുന്നത് ബംഗാളിൽ നിന്നാണ്. സ്വന്തം നാട്ടിലായിരുന്നപ്പോൾ പ്രേമിച്ച് ഒന്നിച്ചുജീവിക്കാൻ കൊതിച്ചവൾ സ്വന്തം സഹോദരനോടൊപ്പം കാമുകൻ ജോലിചെയ്യുന്ന സ്ഥലത്ത് വന്നതാണ്. രാത്രിയിൽ റോഡരികിൽ നിൽക്കുന്ന സഹോദരങ്ങളെ അപരിചിതരായ രണ്ടുപേർ ട്രിപ്പർ ലോറിയിൽ കയറ്റി വിജനമായ സ്ഥലത്തേക്ക് ഓടിച്ചുപോയി. പിന്നീട് സഹോദരനെ വാഹനത്തിൽ കെട്ടിയിട്ടശേഷം സഹോദരിയെ അതിക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടാൻ വേണ്ടി കരഞ്ഞുവിളിച്ച് ഓടുന്ന അവൾ ഒരു ബൈക്ക് വരുന്നത് കണ്ടപ്പോൾ ആ ഭാഗത്തേക്ക് ഓടി. ബൈക്കിൽ വന്നതോ? ലോറിയിലുള്ളവർ കൂട്ടുകാരനെ വിളിച്ചുവരുത്തിയതാണ്; ഇരയെ ഒത്തുകിട്ടിയത് പങ്ക്‌പറ്റാൻ. മൂന്നുപേരുടെ ആക്രമണത്തിൽ തകർന്ന് മെഡിക്കൽ‌കോളേജിൽ എത്തിച്ചേർന്ന പെൺകുട്ടിക്ക് ഇപ്പോൾ എന്ത് സംഭവിച്ചിട്ടുണ്ടാവും?

                        നമ്മുടെ പെൺ‌കുട്ടികൾക്ക് എന്ത് പറ്റി? ഇത്തരം സംഭവങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാൽ ആധുനികയുഗത്തിൽ വരും‌വരായ്മകളെ തിരിച്ചറിയാനുള്ള സാഹചര്യങ്ങൾ ലഭ്യമായ അവസ്ഥയിൽ വരാനുള്ള അപകടങ്ങൾ അറിഞ്ഞുകൊണ്ട് നേരെ അതിലേക്ക് തലയിടുന്ന സ്വഭാവമാണ് പലപ്പോഴും കാണുന്നത്. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ഈ ലോകത്ത് നടക്കുന്ന തട്ടിപ്പുകൾ നിരന്തരം കേൾക്കുന്നുണ്ടെങ്കിലും പ്രായത്തിന്റെ അപക്വത, സ്നേഹിക്കുന്നവരെല്ലാം നല്ലവരാണെന്ന് വിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ‘സ്വന്തം വീട്ടിൽ നിന്ന് ലഭിക്കാത്ത സ്നേഹവും വിശ്വാസവും മറ്റുള്ളവരിൽ നിന്ന് ലഭിക്കും’, എന്ന് വിശ്വസിച്ച് ഇറങ്ങിനടക്കുന്ന ഈ പെൺ‌കുട്ടികൾക്ക് ഒരു നിമിഷനേരമെങ്കിലും ഒന്ന് ചിന്തിച്ചുകൂടെ?

ഇന്ന് നടന്നത്,
                         കണ്ണൂർ ജില്ലയിലെ ചേലേരിയിൽ, ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താവും മകനും ഉള്ള, 26 വയസ്സുള്ള യുവതിയെ കാണാനില്ല; ഒപ്പം അവളുടെ വീട്ടിലുള്ള 65പവൻ സ്വർണ്ണവും 5ലക്ഷം രൂപയും മൂന്ന് വയസ്സുള്ള സ്വന്തം മകനും,
പിന്നെ?
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ രാജസ്ഥാൻ‌കാരനെയും.

October 27, 2012

അവനൊരു പേര് വേണം

അവനെ വിളിക്കണം;
 അവനൊരു പേര് വേണം,
ആംഗലേയത്തിൽ വേണ്ട,
വേദഭാഷയിലും വേണ്ട,
എങ്കിലും വേണം,
ഒരു പേര്
മാതൃഭാഷയാം പച്ചമലയാളത്തിൽ
അവനെ വിളിക്കാനൊരു പേര് വേണം,

അവനൊരു പേര് വേണം???
അമ്മതൻ മാറിലൊട്ടിക്കിടന്ന്
അമ്മിഞ്ഞപ്പാൽ നുകരും ഇളം‌കുഞ്ഞിനെ,
അടർത്തിമാറ്റി പന്ത്‌പോൽ തട്ടിക്കളിച്ച്,
കടിച്ച്‌മുറിച്ച്, തിന്ന്‌തീർക്കും
അവനെ വിളിക്കാനൊരു പേര് വേണം.

യൂനിഫോമണിഞ്ഞ് പുസ്തകസഞ്ചിയും തോളിലേറ്റി
നാളത്തെ അസൈൻ‌മെന്റും പ്രോജക്റ്റും
മനസ്സിലോർക്കവെ, പരിസരം മറന്ന്
നടന്നുവരും അവളെ-
തൂക്കിയെടുത്തനേരം അലമുറയിടുന്ന
വായ്ക്കുള്ളിൽ അവൾ‌തൻ ഷാൾ തിരുകിക്കയറ്റി
വിജനമാം മൂലയിൽ എറിഞ്ഞുടച്ച്,
മദം പൊട്ടിയൊലിക്കും
മലപോലുള്ള മേനിയാൽ താണ്ഡവമാടുന്ന
അവനെ വിളിക്കാൻ ഒരു പേര് വേണം.

സ്വപ്നങ്ങൾ ചിറകുവിടർത്തി പറക്കാൻ കൊതിച്ചവൾ
യാത്ര ചെയ്യവെ ഒറ്റയ്ക്കാണെന്നറിഞ്ഞ്,
ബലമായി പിടിച്ച് തല്ലിയുടച്ച്
ചിറകറ്റ പറവയെപ്പോൽ പിടയും അവളെ
തള്ളി താഴെയിട്ട് കരിങ്കല്ലാൽ തലതല്ലി പൊട്ടിച്ച്,
കടിച്ച് പറിച്ച് കാമദാഹം തീർക്കും
അവനെ വിളിക്കാൻ ഒരു പേര് വേണം.

അഞ്ചാറ് മക്കളെപ്പെറ്റ് ഗർഭപാത്രത്തിന്നുറവ വറ്റി
പ്രായമേറേയായി കുഴിയിലേക്ക് ഒരുകാൽ നീട്ടിവെച്ച്,
നടക്കും,,, പടുവൃദ്ധയാം അവർ
വിജനമാം വീഥിയിൽ വഴിയറിയാതുഴലുമ്പോൾ
നേർവഴി കാട്ടാമെന്ന് പറഞ്ഞ് കൊണ്ടുപോയി
പിഴിഞ്ഞൂറ്റി, പിന്നെയും ഊറ്റി ദാഹം തീർക്കും
അവനെ വിളിക്കാൻ ഒരു പേര് വേണം.

ജനിപ്പിച്ച അമ്മ പെണ്ണായതിനാൽ
കൂടപ്പിറപ്പ് പെണ്ണായതിനാൽ
കളിക്കൂട്ടുകാരി പെണ്ണായതിനാൽ
ആദ്യാക്ഷരം എഴുതിച്ചവർ പെണ്ണായതിനാൽ
താലികെട്ടിയ  ഭാര്യ പെണ്ണായതിനാൽ
സ്വന്തം ജീനുമായ് പിറന്ന മകൾ പെണ്ണായതിനാൽ
ഒരു ഇരയെ, ഒരു ചരക്കിനെ ഒത്തുകിട്ടിയെന്ന്
ഓർത്ത് സന്തോഷിക്കും
അവനെ വിളിക്കാൻ ഒരു പേര് വേണം

മൃഗമെന്ന് വിളിക്കാനാവില്ലയെനിക്കവനെ,
രാക്ഷസനെന്ന് വിളിക്കാനാവില്ലയെനിക്കവനെ,
കാട്ടാളനെന്ന് വിളിക്കാനാവില്ലയെനിക്കവനെ,
പിശാചെന്ന് വിളിക്കാനാവില്ല എനിക്കവനെ,
പുരുഷനെന്നും വിളിക്കാനാവില്ല അവനെ;
പിന്നെ
ആ ജന്തുവിനെ, ഞാനെന്ത്
പേര് പറഞ്ഞ് വിളിക്കണം?
********************************


September 14, 2012

നമ്പർ സെവന്റീൻ.....ചോക്കുപൊടി


:മാതൃഭൂമി വാരികയിൽ (9.9.2012) അദ്ധ്യാപകർക്കുള്ള അനുഭവം പങ്ക് വെക്കുന്ന ‘ചോക്കുപൊടി’യിൽ വന്ന എന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം:

“നമ്പർ സെവന്റീൻ”
രണ്ടാം തവണയും നമ്പർ വിളിച്ചശേഷം ആൺ‌കുട്ടികൾക്കിടയിലേക്ക് ഞാൻ നോക്കി; ‘ഇല്ല, അവനിന്നും വന്നിട്ടില്ല,, അവൻ‌മാത്രം വന്നിട്ടില്ല’
                        തോൽ‌വിയിൽ നിന്ന് കരകയറിയിട്ട് നൂറ് ശതമാനം വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ സർക്കാർ ഹൈസ്ക്കൂളിൽ, പത്താംതരത്തിൽ പഠിക്കുന്ന ഒരുകുട്ടി ഇടയ്ക്കിടെ ആബ്സന്റാവുന്നത് ക്ലാസ്‌ടീച്ചറെന്ന നിലയിൽ എനിക്ക് വിഷമം ഉണ്ടാക്കി. +2 ക്ലാസ്സിൽ പഠിക്കുന്ന അവന്റെ സഹോദരി ഇന്നലെ പറഞ്ഞത്, ‘അവന് തലവേദനയുണ്ട്, ഡോക്റ്ററെ കാണാൻ പോകും’ എന്നായിരുന്നു. സ്വന്തം സഹോദരന്റെ കാര്യമല്ലെ; ഇന്നും അവളെ വിളിപ്പിക്കാം,,,
                        എന്റെ നിർദ്ദേശം ലഭിച്ച ഉടനെ ക്ലാസ്‌ലീഡർ +2 സയൻസ് ക്ലാസ്സിൽ പോയി, ആബ്‌സന്റായവന്റെ സഹോദരി ലിജിഷയെ വിളിക്കാൻ. അവൾ വരുന്നനേരത്ത് ഞാൻ ക്ലാസ്സിനു വെളിയിലിറങ്ങി വരാന്തയിൽ വന്നു, ‘കുറ്റം പറയുന്നത് അവന്റെ സഹപാഠികൾ കേൾക്കരുത്’.

പഠനസമയത്ത് ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കിയതിലുള്ള അമർഷം ഉള്ളിലൊതുക്കി, ഇത്തിരി ചമ്മലോടെ എന്റെ മുന്നിൽ‌വന്ന‌ +2വിദ്യാർത്ഥിനി പറയാൻ തുടങ്ങി,
“ടീച്ചറെ പൊന്നു ഇന്നും വന്നില്ല, അവന്,,,”
“അവനെന്ത് പറ്റി?”
ഞാനവളുടെ സമീപം വന്നപ്പോൾ അവൾ പതുക്കെ പറയാൻ തുടങ്ങി,
“അത് ടീച്ചറെ അവന് തലവേദന മാറിയിട്ടില്ല”
“ഇതൊക്കെ കുട്ടികളുടെ സ്ഥിരം തട്ടിപ്പല്ലെ,, നീയെന്തിന് അനുജനെ സപ്പോർട്ട് ചെയ്ത് പറയണം? സ്ക്കൂളിൽ വരാൻ അവൻ മടി കാണിച്ചിരിക്കും. ഇതൊക്കെ പത്താം തരക്കാർക്ക് പറ്റിയതാണോ? ശരിക്കും സംഭവം പറ,,”
തൊട്ടടുത്ത് നിൽക്കുന്ന എന്റെ ചെവിയിൽ അവളൊരു കാര്യം രഹസ്യമായി പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു,
“ടിച്ചറെ നമ്മുടെ പൊന്നൂന് സാമൂഹ്യം ടീച്ചറെ പേടിയാണ് പോലും, അതാണ് സ്ക്കൂളിൽ വരാഞ്ഞത്”
“അതെന്താ ടീച്ചറവനെ അടിച്ചോ?”
“അടിച്ചിട്ടൊ വഴക്ക് പറഞ്ഞിട്ടോ അല്ല; ടീച്ചറെ കാണുമ്പോൾ അവന് പേടി”
“അതിനിപ്പം എന്ത് ചെയ്യും? ഏതായാലും ഇന്ന് ഉച്ചയ്ക്ക് അവനെക്കാണാൻ ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്, അക്കാര്യം അവനോട് പറയണ്ട”
“ശരി ടീച്ചർ”
“സ്വന്തം അനുജന്റെ കാര്യമല്ലെ, നിനക്കിതിൽ പ്രയാസമൊന്നും തോന്നേണ്ട,, ക്ലാസിൽ പോയിക്കോ”
ഇപ്പോൾ ഞാനാണ് പ്രശ്നത്തിലായത്, പത്താം തരത്തിൽ പഠിക്കുന്ന ഒരു ആൺകുട്ടിക്ക് അദ്ധ്യാപികയെ കാണുമ്പോൾ പേടിയാണെന്ന് പറയുക, അത്‌കാരണം സ്ക്കൂളിൽ വരാതിരിക്കുക, ഇവനെക്കൊണ്ട് തോറ്റല്ലൊ

                       എന്റെ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി. ക്ലാസ്സിൽ ആകെ എൺപത് വിദ്യാർത്ഥികളാണുള്ളത്. അദ്ധ്യയന വർഷാരംഭത്തിൽ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലേക്ക് കുട്ടികളെ ഡിവിഷൻ തിരിച്ച് രജിസ്റ്ററിൽ ചേർക്കുന്ന ഡ്യൂട്ടി ഏതാനും വർഷങ്ങളായി എനിക്കാണ്. അങ്ങനെ പത്താം‌ക്ലാസ് തരം‌തിരിക്കുന്നതിനിടയിൽ ലിജേഷിനെ എന്റെ ഡിവിഷനിൽ തന്നെ ചേർത്തത് അവന്റെ സ്വഭാവം മനസ്സിലാക്കിയിട്ട്‌തന്നെ ആയിരുന്നു. ചെറിയകാര്യത്തിനുപോലും കരയുന്ന, സ്ക്കൂളിൽ വരാൻ മടികാണിക്കുന്ന ഈ കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണമല്ലൊ. ക്ലാസ്സിന്റെ മദ്ധ്യഭാഗത്ത് മൂന്നാമത്തെ ബഞ്ചിലിരിക്കുന്ന ലിജേഷിനെ ‘അടിക്കാനോ വഴക്കുപറയാനോ പാടില്ല’, എന്ന് അവനെ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരെയും അറിയിച്ചിരുന്നു. അടിശിക്ഷ അക്കാലത്ത് അപൂർവ്വമായി ഉണ്ടെങ്കിലും ലിജേഷിനെപോലൊരു കുട്ടിക്ക് ഒരിക്കലും അതിന്റെ ആവശ്യം വരാനിടയില്ല. ചിലപ്പോൾ ശകാരിച്ചെന്ന് വരാം, അതിന് ഇവനിങ്ങനെ സ്ക്കൂളിൽ വരാതായാൽ? ടീച്ചറെ കാണുമ്പോൾ പേടി എന്ന് പറയുന്ന ഒരു ആൺ‌കുട്ടിക്ക് ഭാവിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ തരണംചെയ്യാനുണ്ട്!

                       ഗ്രാമത്തിലെ ഒരേഒരു സർക്കാർ ഹൈസ്ക്കൂളിൽ സർവ്വീസ് കൂടിയവരാണ് അദ്ധ്യാപകരിൽ അധികം‌പേരും. കുട്ടികളെ നോക്കിയും കണ്ടും പഠിപ്പിക്കാൻ അറിയുന്നവർ. ഒറ്റനോട്ടത്തിൽ നല്ല ഉയരവും വണ്ണവും ഉള്ളവരാണെങ്കിലും നമ്മുടെ സാമൂഹ്യശാസ്ത്രം ടീച്ചർ കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഈ കുട്ടി അവരെ ഭയപ്പെടാൻ എന്തായിരിക്കും കാരണം? ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ സാമൂഹ്യശാസ്ത്രം ടിച്ചറോട് കാര്യം തിരക്കി,
“ടീച്ചറിന്നലെ ലിജേഷിനെ വഴക്ക് പറഞ്ഞോ?”
“ഇന്നലെ അവനെ മാത്രമല്ല, നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയെപോലും വഴക്ക് പറഞ്ഞില്ല. സത്യം പറഞ്ഞാൽ ചെറിയൊരു തലവേദന ആയതുകൊണ്ട് ഇന്നലെ നിശബ്ദമായിരുന്ന് പഠിക്കാനാണ് കുട്ടികളോട് പറഞ്ഞത്”
“എന്നാൽ ഇന്നവൻ ക്ലാസ്സിൽ വന്നില്ല,, കാരണം സാമൂഹ്യം ടീച്ചറെ പേടി”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ സഹപ്രവർത്തകർക്കെല്ലാം ആശ്ചര്യമായി. അത് കേട്ട സംഗീതം ടീച്ചർ പറഞ്ഞു,
“പേടിയോ? സാധാരണ കണക്ക് മാഷമ്മാരെയൊക്കെ പേടിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്; ഇതിപ്പം സോഷ്യൽ പഠിപ്പിക്കുന്ന ടീച്ചറെ പേടി, അതും പത്താം തരത്തിൽ പഠിക്കുന്ന മുതിർന്ന ആൺകുട്ടിക്ക്!”
മറ്റുള്ളവരുടെ അഭിപ്രായ പ്രകടനത്തിനിടയിൽ സാമൂഹ്യം ടീച്ചർ മറുപടി പറഞ്ഞു,
“അത് ഞാനിന്നലെ ധരിച്ചത് കറുപ്പ് നിറമുള്ള സാരി ആയതുകൊണ്ടായിരിക്കാം.  അങ്ങനെയാണെങ്കിൽ അവന്റെ വീട്ടിലൊന്ന് പോകണമല്ലൊ”
“ഇന്നുച്ചക്ക് ഭക്ഷണം കഴിഞ്ഞ ഉടനെ നമുക്ക് രണ്ടാൾക്കും ലിജേഷിന്റെ വീട്ടിലേക്ക് പോവാം”
“അതാണ് നല്ലത്,, അവന്റെ രക്ഷിതാക്കളെ കണ്ട് സംഭവം അന്വേഷിക്കാമല്ലൊ”

                         ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ഞാനും സാമൂഹ്യശാസ്ത്രം അദ്ധ്യാപികയും ലിജേഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കണ്ണൂർ പട്ടണത്തിന് സമീപമുള്ള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന എന്റെ വിദ്യാലയത്തിൽ പഠിക്കുന്നവരിൽ അധികവും സമീപവാസികളായതിനാൽ അവരുടെ രക്ഷിതാക്കളുമായി അദ്ധ്യാപകർക്ക് അടുപ്പം കൂടുതലാണ്. പത്താം തരത്തിലെ ക്ലാസ്‌ടീച്ചറെന്ന നിലയിൽ കുട്ടികളുടെ അഡ്രസ്സും ഫോൺ നമ്പറുകളും എന്റെ പക്കലുണ്ട്. അതുപോലെ എന്റെ ഫോൺ‌നമ്പർ ആദ്യദിവസം തന്നെ കുട്ടികൾക്ക് നൽകിയതിനാൽ അത്, എല്ലാ രക്ഷിതാക്കളുടെയും പക്കലുണ്ട്. മക്കളുടെ കാര്യം പറയാൻ അവർ പലപ്പോഴും എനിക്ക് ഫോൺ ചെയ്യാറുണ്ട്.
    
                          ഇടവഴികളിലൂടെ നടന്ന ഞങ്ങൾ, നാട്ടുകാരുമായി വിശേഷങ്ങൾ പങ്ക്‌വെച്ചുകൊണ്ട് വേലിയും മതിലും കടന്നു. ഒരു വലിയ ഇരുനില വീടിനുമുന്നിലെത്തിയപ്പോൾ തുറന്ന ഗെയ്റ്റിലൂടെ അകത്തേക്ക് പ്രവേശിച്ചു; അത് ലിജേഷിന്റെ വീടാണ്. വീട്ടുപണി തുടരുന്നതുകൊണ്ടാവണം സിമന്റും മണലും മുറ്റത്ത് കൂട്ടിയിട്ടിട്ടുണ്ട്. വെറും ഓലയുംതകരവും വെച്ച്‌കെട്ടിയ കുടിലുകളിൽ പാർക്കുന്ന അനേകം ശിഷ്യന്മാരെ ആനേരത്ത് ഞാനോർത്തുപോയി. ഞങ്ങളെ കണ്ടിട്ടാവണം തുണിയലക്കിക്കൊണ്ടിരിക്കുന്ന ലിജേഷിന്റെ അമ്മ ഓടിവന്നു,
“അല്ല ടീച്ചർമാരൊ, പൊന്നു ഇന്ന് വരാത്തതുകൊണ്ടായിരിക്കും, അവനു പനിയാണ്”
“പനിയാണെന്ന് അവന്റെ ചേച്ചി പറഞ്ഞു, അതുകൊണ്ട് അവനെയൊന്ന് കാണണമെന്ന് തോന്നി”
എന്റെ മറുപടി കേട്ടപ്പോൾ അവർ പറഞ്ഞു,
“ഇന്ന് പനി കുറവുണ്ട്,, ഞാനവനെ വിളിക്കാം,,, മോനേ,, പൊന്നൂ,,,”
അവർ നീട്ടിവിളിച്ചപ്പോൾ അകത്തുനിന്ന് പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു,
“എന്താ അമ്മേ,,”
“എന്റെ മുത്തിങ്ങ് താഴെയിറങ്ങി വാ,, മോനെക്കാണാൻ രണ്ട് ടീച്ചറ്‌മാര് വന്നിട്ടുണ്ട്”
“ഞാൻ വരുന്നുണ്ടമ്മെ”
അല്പസമയം കഴിഞ്ഞപ്പോൾ അവൻ വന്നു,, നമ്മുടെ പ്രീയശിഷ്യൻ,, അമ്മയുടെ മുത്ത്,,
“അമ്മെ എന്തിനാ എന്നെ വിളിച്ചത്?”
“മുത്തിനെ കാണാൻ ടിച്ചറ്‌മാര് വന്നത് കണ്ടൊ,, എന്റെ പൊന്നുമോനെ സ്ക്കൂളിൽ കാണാത്തതുകൊണ്ടല്ലെ, അവര് വന്നത്. ഇന്ന് പനി മാറിയതുകൊണ്ട് നാളെ വരുമെന്ന് ഞാൻ പറഞ്ഞു”

                 ലിജേഷിനെ സമീപിച്ച് അവന്റെ നെറ്റിയിൽ കൈവെച്ച് നോക്കിയപ്പോൾ അവനൊരു രോഗവും ഇല്ലെന്ന് എനിക്ക് മനസ്സിലായി. ടിച്ചറെ അവൻ ഭയപ്പെടുന്നുണ്ടെന്ന കാര്യത്തെപറ്റി ഒരക്ഷരവും ഞങ്ങൾ പറഞ്ഞില്ല. പകരം അവനെ ഞങ്ങൾ ആശ്വസിപ്പിച്ചു,
“മോൻ ചേച്ചീടെ ഒപ്പം നാളെമുതൽ എല്ലാദിവസവും സ്ക്കൂളിൽ വരണം. നല്ല കുട്ടിയല്ലെ,, പിന്നെ 210 മാർക്ക് വാങ്ങിയാൽ പോര, ഫസ്റ്റ്‌ക്ലാസ് തന്നെ വാങ്ങിയിട്ട് എസ്.എസ്.എൽ.സി. പാസ്സാവണം”
“ശരി ടീച്ചർ”
ലിജേഷിന്റെ അമ്മ ഞങ്ങളെ സ്വീകരിച്ചു,
“ടീച്ചറിരുന്നാട്ടെ ചായ എടുക്കാം”
“അയ്യോ വേണ്ട ചോറ് തിന്നതേയുള്ളു, മോന്റെ പനി മാറിയതുകൊണ്ട് നാളെമുതൽ സ്ക്കൂളിലയക്കണം”
“അത് ഞാനയക്കാം,,” തുടർന്ന് മകനോടായി പറഞ്ഞു, “എന്റെ തേനല്ലെ, പോയി അകത്തിരുന്ന് പഠിച്ചൊ,, മോനെ കാണാൻ ടീച്ചർ‌മാര് വീട്ടില് വന്നില്ലെ; അതുകൊണ്ട് നാളെ തീർച്ചയായും എന്റെ മുത്ത് സ്ക്കൂളിൽ പോകണം”
“ഞാൻ പോകും അമ്മെ”
ഗെയ്റ്റ് കടന്ന് ഇടവഴിയിൽ തിരിച്ചെത്തിയപ്പോൽ നമ്മുടെ സാമൂഹ്യം ടീച്ചർ സ്വയമെന്നവണ്ണം പറഞ്ഞു,
“അച്ഛന്റെ പൊന്ന്, അമ്മയുടെ മുത്ത്, അദ്ധ്യാപകർക്ക് വെറും നമ്പർ; പിന്നെങ്ങനെ കുട്ടി ടീച്ചറെ ഭയപ്പെടാതിരിക്കും? ഞങ്ങൾ ടീച്ചേർസ് ഇനിയും ധാരാളം പഠിക്കാനുണ്ട്”

                         മാസങ്ങൾ കഴിഞ്ഞു,, മെയ് മാസം വന്നെത്തി; ലിജേഷടക്കം ഞങ്ങളുടെ വിദ്യാലയത്തിലെ എൺപത് വിദ്യാർത്ഥികൾ പത്താം തരം വിജയകരമായി പൂർത്തിയാക്കി പരീക്ഷാഫലം കാത്തിരിക്കുന്ന ദിവസം. രാവിലെ പത്രത്തിൽ വായിച്ച് റിസൽറ്റ് അറിയാമെങ്കിലും തലേദിവസം‌തന്നെ അറിയാനുള്ള ഇന്റർ‌നെറ്റ് സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. വീട്ടിലെ കമ്പ്യൂട്ടറിൽ നിന്ന് റിസൽട്ട് അറിയാനുള്ള പരിശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഒരു ഫോൺ‌കോൾ എന്നെ തേടിയെത്തി,
“ഹലോ ടീച്ചറെ ഇതു ഞാനാ പൊന്നൂന്റെ അച്ഛൻ, എന്റെ പൊന്നു പാസ്സായി”
“വളരെ സന്തോഷം,,,,”
“ടീച്ചറെ അവന്റെ കാര്യത്തിൽ നമ്മളാകെ സംശയിച്ചിരുന്നു,,, എന്റെ പൊന്നു പത്താം തരം‌വരെ സ്ക്കൂളിൽ പോകുമോ എന്ന്‌പോലും പേടിച്ചിരുന്നു”
സന്തോഷം സഹിക്കവയ്യാതെ ആ പിതാവ് വിശേഷങ്ങൾ പറയുകയാണ്; ഞാനും അവരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു. എന്റെ അദ്ധ്യാപകജീവിതത്തിൽ ആഹ്ലാദം അനുഭവിച്ച വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു അത്.
*****************************************************
:ചോക്കുപൊടിയിൽ വന്നത്:-

August 29, 2012

തിരുവോണ സായഹ്നത്തിൽ പൊട്ടിയ പടക്കങ്ങൾ


                        പൊന്നോണക്കാലത്ത് പൊന്നിൻ‌നിറമുള്ള പൂക്കളണിയുന്ന മരമാണ് ‘പൊന്നാവീരം’. ഞാൻ ജനിച്ചുവളർന്ന കടൽ‌തീരഗ്രാമത്തിൽ എന്റെവീട്ടിൽ‌മാത്രം കാണപ്പെട്ട ഒരേയൊരു മരമായിരുന്നു അത്, പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് വർഷം‌തോറും പുഷ്പങ്ങൾ നിറയുന്ന പൊന്നാവീരം. എന്റെ ഗ്രാമത്തിന് മാത്രം സ്വന്തമായ ഒറ്റപ്പെട്ട മറ്റുപല മരങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു; ഒരേയൊരു മുരിങ്ങമരം, ഒരേയൊരു കണിക്കൊന്ന, ഒരേയൊരു പുളിമരം, ഒരേയൊരു ഉയരം‌കുറഞ്ഞ തെങ്ങ്, ഒരേയൊരു കടലാസ്‌പൂവ്‌ ചെടി, ഒരേയൊരു യക്ഷിപ്പന, ഒരേയൊരു ചെന്തമരി അങ്ങനെപലതും. ഇതെല്ലാം ഗ്രാമീണരുടെ പൊതുസ്വത്താണ്, പൊന്നാവീരം എന്റെ വീട്ടുപറമ്പിലാണെങ്കിലും കണിക്കൊന്നയെക്കാൾ വലിപ്പമുള്ള വിടർന്ന്‌നിവർന്ന അതിലെ പൂക്കൾ മൊത്തമായി പറിച്ച് ഓഹരിവെച്ചിട്ട് പൂക്കളമിടുന്നത് എന്റെ വീട്ടുമുറ്റത്ത് മാത്രമായിരിക്കില്ല, നാട്ടുകാരുടെയെല്ലാം മുറ്റത്ത്‌കൂടി ആയിരിക്കും.   

                         പൊന്നാവീരം എന്ന് നാട്ടുകാർ പറയുന്ന മരം എന്റെ വീട്ടുമുറ്റത്തിന് സമീപം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഞാൻ നടന്ന വഴികളിലും പഠിച്ച സസ്യശാസ്ത്രത്തിലും ഇതുവരെ അങ്ങനെയൊരു മരത്തെ കണ്ടിട്ടില്ല. കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ വിടരുന്ന അതേ കുടുംബത്തിൽ ഉൾപ്പെട്ട ഏതാണ്ട് പത്ത് മീറ്റർ മാത്രം ഉയരമുള്ള ഇലകൊഴിയാത്ത മരം. സാധാരണ വൃക്ഷങ്ങൾ പുഷ്പിക്കുന്നത് ശൈത്യകാലത്തിനു ശേഷമാണെങ്കിലും നമ്മുടെ പൊന്നാവീരത്തിൽ പൂക്കൾ നിറയുന്നത് കാലവർഷം അവസാനിക്കുന്ന ഓണക്കാലത്താണ്. 
                        തലശ്ശേരിയിൽ‌നിന്ന് എന്റെ വലിയമ്മാവൻ കൊണ്ടുവന്ന് നട്ടുവളർത്തിയ മൂന്ന്‌തരം ചെടികളിൽ ഒന്നാണിത്. ധാരാളം വിത്തുകൾ ഉണ്ടാവുമെങ്കിലും ഞാൻ മുതിർന്നപ്പോഴേക്കും അടുത്ത തലമുറ അവശേഷിക്കാതെ പൊന്നാവീരം ഉണങ്ങിനശിച്ചു. എങ്കിലും അയൽ‌പക്കത്തെ ആൺ‌‌കുട്ടികൾ നന്നായി ചരിഞ്ഞ്‌വളർന്ന ആ മരത്തിന്റെ മുകളിൽ എളുപ്പത്തിൽ‌കയറിയിട്ട് സ്വർണ്ണനിറമുള്ള പൂക്കൾ പറിച്ച് കൂട്ടിയിടുന്നതും എല്ലാവീട്ടുകാർക്കും‌വേണ്ടി അവ പങ്ക്‌വെക്കുന്നതും എന്റെ ഓർമ്മയിലുണ്ട്.

ചേരണി
                         ഒരു വർഷം മുൻപ്‌വന്ന ഒരു പത്രവാർത്ത കണ്ടപ്പോഴാണ് എന്റെ പൊന്നാവീരത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്. തലശ്ശേരിയിലെ ഒരു വീട്ടിൽ ഇതുപോലുള്ള ഒരു സസ്യം മുൻപ് ഉണ്ടായിരുന്നു. ഔഷധപ്രാധാന്യമുള്ള ആ ചെടിയുടെ പേരാണ് ‘പൊന്നവര’. വിത്ത് മുളച്ച് അടുത്ത തലമുറ വളരാത്തതുകൊണ്ട് ഇപ്പോൾ പൊന്നവര അപ്രത്യക്ഷമായി എന്നാണ് വാർത്ത. ചെടിയുടെ വിവരണത്തിൽ‌നിന്ന് കുട്ടിക്കാലത്ത് പൂക്കളം നിർമ്മിക്കാൻ നാട്ടുകാർക്ക് പുക്കൾ‌തന്ന് സഹായിച്ച പൊന്നാവീരം, ‘പൊന്നവര’ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പൊന്നവര നാട്ടുകാരുടെ ഭാഷയിൽ പൊന്നാവീരം ആയതാവാം.


തുമ്പ
                 ഓണക്കാലമായാൽ അത്തം‌നാളിന്റെ തലേദിവസം വൈകിട്ട്‌മുതൽ നമ്മൾ കുട്ടികൾ പൂപറിക്കാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികൾ പൂക്കൾ പറിക്കുന്നത് പ്രധാനമായും തലേദിവസം വൈകിട്ടാണ്. ഇന്നത്തെപോലെ അത്തം വെളുക്കുകയോ ഓണം കറുക്കുകയോ ചെയ്യാറില്ല; അത്തം‌മുതൽ എന്നും കാലാവസ്ഥ തെളിഞ്ഞതായിരിക്കും. ചിലപ്പോൾ ചിങ്ങമാസത്തെ മഴ ചിനുങ്ങിയാലും അന്തരീക്ഷം മഴക്കാലത്തിന്റെത് ആയിരിക്കില്ല. പൂന്തോട്ടത്തിൽ നട്ടുവളർത്തുന്ന ചെട്ടിപ്പൂ, ചെണ്ട്‌മല്ലിക, ചെമ്പരത്തി ആദിയായ ചെടികളിൽ പൂ വിരിയാറില്ലെങ്കിലും വീട്ടുപറമ്പിലുള്ള തുമ്പ, മഷിപ്പൂ, കാക്കപ്പൂ, തൊട്ടാവാടി, ചേരണി, മുക്കുറ്റി, പഗോഡ, അരിപ്പൂ എന്നിവയെല്ലാം പൂത്തുലഞ്ഞ് ഞങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും. തീരപ്രദേശത്ത് മാത്രം കാണപ്പെടുന്ന ഉയരം കുറഞ്ഞ തുമ്പച്ചെടികളിൽ വിടരുന്ന വെള്ളപൂക്കൾ പറിച്ചെടുക്കാനാണ് കുട്ടികൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.  


മഷിപൂവ്
                   പൂക്കൾ പറിച്ചെടുക്കാനായി വൈകുന്നേരം കുട്ടികൾ ഇറങ്ങുന്നത്, തെങ്ങോലകൊണ്ട് നിർമ്മിച്ച ‘കൊമ്മ’യും കഴുത്തിലിട്ടാണ്. പച്ചോല നാലെണ്ണം ചീന്തിയതും നാല് കാരമുള്ളും സംഘടിപ്പിച്ച് അമ്മയുടെയോ അമ്മൂമ്മയുടെയോ കൈയിൽ കൊടുത്താൽ അത് മടക്കിവെച്ച് കാലുകൊണ്ട് ചവിട്ടി, കാരമുള്ള് കുത്തിയുറപ്പിച്ച് മെടഞ്ഞ് നിർമ്മിക്കുന്ന ചെറിയ പൂക്കൂടയാണ് ‘കൊമ്മ’. ഓലയുടെ അറ്റം നൂലുപോലെ ചീന്തിയതിന്റെ രണ്ടറ്റം കൊമ്മയുടെ വക്കിൽ കെട്ടിയുറപ്പിച്ച് കഴുത്തിലിട്ടുകൊണ്ടാണ് പൂപറിക്കാൻ കുട്ടിപ്പട നാട്ടിലിറങ്ങുന്നത്. വേലിയും മതിലുമില്ലാത്ത എന്റെ കടൽ‌തീരഗ്രാമത്തിൽ എല്ലാ പറമ്പിലും വിടരുന്ന പൂക്കൾ എല്ലാ കുട്ടികൾക്കും പറിച്ചെടുക്കാം.
മുക്കുറ്റി
                    പൂക്കൾ പറിച്ചെടുക്കുന്നത് കുട്ടികളാണെങ്കിലും വീട്ടുമുറ്റത്ത് പൂക്കളം നിർമ്മിക്കാൻ വീട്ടിലെ മുതിർന്നവരുടെ സഹായം‌കൂടി ഉണ്ടാവും. പൂക്കളത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത് ഇന്നത്തെപോലെ പണക്കൊഴുപ്പല്ല, ഓരോവീട്ടിൽ നിന്നും പൂക്കൾ പറിക്കാനിറങ്ങുന്ന കുട്ടികളുടെ എണ്ണവും കരവിരുതും ആയിരിക്കും. എന്റെ വീട്ടിൽ ആകെയൊരു കുട്ടി ഞാനായതിനാൽ പൂക്കളത്തിന്റെ വലിപ്പം പലപ്പോഴും കുറഞ്ഞിരിക്കും.

പഗോഡ
                      കണ്ണൂരിലുള്ളവർ ഓണവും വിഷുവും ആഘോഷിക്കുന്നത് തുല്ല്യപ്രാധാന്യത്തോടെയാണ്. ഓണമായാലും വിഷു ആയാലും രണ്ട് ദിവസമാണ് ആഘോഷം; ചെറിയ ഓണവും വലിയ ഓണവും, ചെറിയ വിഷുവും വലിയ വിഷുവും. അങ്ങനെ രണ്ട് ദിവസവും ഇഷ്ടം‌പോലെ ഭക്ഷണം ഉണ്ടാവും, അത് മത്സ്യമാംസം ഒഴിവാക്കാനാവാത്ത സദ്യയാണ്. ഇപ്പോൾ കോഴിയുടെ കഴുത്തിൽ കത്തിവീഴുമ്പോൾ പഴയകാലത്ത് ആടിന്റെ കഴുത്തിൽ മാത്രമായിരിക്കും കത്തി വീഴുന്നത്. ഗ്രാമത്തിലെ അറവുകാരൻ ഏതാനും ദിവസം‌ മുൻപുതന്നെ രണ്ടോ മൂന്നോ ‘കുട്ടനാടുകളെ’ സംഘടിപ്പിച്ച് പ്ലാവിലയും വെള്ളവും കൊടുക്കാൻ തുടങ്ങിയിരിക്കും; വിശേഷദിവസങ്ങളിൽ മാത്രം അറവ് തൊഴിലാക്കിയ വ്യക്തിയാണയാൾ.
                       നമ്മുടെ ആഘോഷങ്ങളെല്ലാം അവസാനിക്കുന്നത് കടൽ‌തീരത്ത് ആയിരിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച കുട്ടികളും മുതിർന്നവരും കടൽ‌തീരത്ത് നടക്കാനിറങ്ങും. എല്ലാദിവസം അറബിക്കടലിന്റെ സംഗീതം‌കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണെങ്കിലും വിശേഷദിവസങ്ങളിൽ ആ വെളുത്ത പൂഴിമണലിലിറങ്ങി നടക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. സൂര്യൻ കടലിൽ‌താഴ്ന്ന് ഇരുട്ട് പരക്കുന്നതുവരെ കടൽ‌തീരത്ത് നടക്കാനും കളിക്കാനും വിശ്രമിക്കാനുമായി നാട്ടുകാരായ സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടാവും. 

                ‘അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങുന്ന’ എന്റെ കുട്ടിക്കാലത്തെ ഒരു തിരുവോണ ദിവസം,,,
                        അക്കാലത്ത് എല്ലാ ആഘോഷവും കുട്ടികളുടേതാണ്, അവർക്ക് ഓടാം ചാടാം ഇഷ്ടം‌പോലെ കൂവി വിളിച്ചുകൊണ്ട് ഓടിക്കളിക്കാം. ആ ദിവസം കുട്ടികൾ ഓടിച്ചാടി കളിച്ച് മടുത്തപ്പോൾ കടപ്പുറം‌വിട്ട് ഏറ്റവും അടുത്തുള്ള എന്റെ വീട്ടിലെത്തി എല്ലാവരും ചേർന്ന് വരാന്തയിലിരുന്നു, ആണും പെണ്ണുമായി അഞ്ചെട്ട് പേരുണ്ട്. വലിയ വീടായതിനാൽ മുറ്റത്തും വരാന്തയിലും അകത്തുമായി ഇഷ്ടം‌പോലെ ഇരിക്കാനും ഓടിച്ചാടി കളിക്കാനും ഇടമുണ്ട്. പിന്നെ തിന്നാനുള്ള വക പലപ്പോഴും അടുക്കളയിൽ നിന്ന് കിട്ടും. ആനേരത്ത് അമ്മ കൊണ്ടുവന്ന പാൽ‌പായസം എല്ലാവരും കുടിച്ചുതീർത്തു.

അപ്പോഴാണ് കൂട്ടത്തിലുള്ള ഒരുത്തന്റെ തലയിൽ പെട്ടെന്നൊരു ചിന്തയുണർന്നത്,
‘ഇനി നമുക്ക് ഒളിച്ചുകളിക്കാം’
കിലുക്കാം‌പെട്ടി
              കടപ്പുറം പരിപാടി വിട്ട് നമ്മളെല്ലാവരും ഒളിച്ചുകളിക്കാൻ തീരുമാനിച്ചു, ഒരാൾ അച്ച്‌പിടിച്ച് കണ്ണടച്ച് ഒന്നുമുതൽ ഇരുപത് വരെ എണ്ണുക, അതിനിടയിൽ മറ്റുള്ളവർ ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്തിയാൽ പിന്നീട് കണ്ണടച്ച് എണ്ണാനുള്ള ഊഴം അടുത്ത കുട്ടിക്ക് ആയിരിക്കും. അതിനിടയിൽ ഒളിക്കാനുള്ള പരിധി നിശ്ചയിക്കും; വീട്, വീടിന്റെ അകം, അങ്ങനെ വരുന്ന പരിധിയിൽ അടുക്കള കുളിമുറി തുടങ്ങിയവ ഒഴിവാക്കും.

തൊട്ടാവാടി
                       നമ്മൾ ഒളിച്ചുകളി ആരംഭിച്ചു; കുട്ടത്തിൽ മുതിർന്ന കുട്ടി വരാന്തയിലെ തൂണുകളിലൊന്ന് അച്ച് ആക്കിമാറ്റി അതും പിടിച്ചുകൊണ്ട് കണ്ണടച്ച് എണ്ണാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ഒളിക്കാനിടം‌തേടി പരക്കം‌പാഞ്ഞു. കൂട്ടത്തിലുള്ള ഞാൻ വീട്ടിനകത്ത് കടന്ന് നേരെ തെക്കെ അകത്തേക്ക് കടന്നു; എന്റെ വീടല്ലെ, മറ്റുള്ളവരെക്കാൾ സമർത്ഥമായി ഒളിക്കാനുള്ള ഇടം എനിക്കല്ലെ അറിയുന്നത്! ഞാൻ നേരെപോയി മുറിക്കകത്തുള്ള കട്ടിലിന്റെ അടിയിൽ ഒളിച്ചു, ആകെ ഇരുട്ടായതിനാൽ എന്നെയാരും കാണുകയില്ല. തെക്കെ അകം വലിയമ്മാവന് സ്വന്തമായ മുറിയായതിനാൽ മറ്റുള്ളവർക്ക് അതിനകത്തേക്ക് പ്രവേശനം കുറവാണ്. എന്റെ ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനായതുകൊണ്ട് വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും അദ്ദേഹത്തെ ഭയമാണ്.

കാക്കപ്പൂ
                  
              വലിയമ്മാവന്റെ മുറിയിൽ കടക്കാൻ അടുത്തകാലത്തായി എനിക്ക് പേടി തോന്നാറില്ല.  കാരണം ഏതാനും മാസം‌മുൻപ് അമ്മാവന്റെ വിവാഹം കഴിഞ്ഞപ്പോൾ രാത്രിനേരത്ത് മറ്റാരും കാണാതെ അമ്മായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകുന്നത് കാണാം, അപ്പോൾ എനിക്കും അകത്ത് കടന്നാലെന്താ? അമ്മായി ഇതിനകത്താണ് ഉറങ്ങുന്നത്‌പോലും; എന്നിട്ട് അകം മുഴുവൻ തപ്പിനോക്കിയിട്ട് അമ്മാവൻ ഉറങ്ങുന്ന കട്ടിലും കിടക്കയുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല,,, ഒരു കീറപ്പായപോലും. അമ്മായി കസാരയിൽ ഇരുന്നായിരിക്കും ഉറങ്ങുന്നത്, പിന്നെങ്ങനാ?

ചെമ്പരത്തി
                     കട്ടിലിനടിയിലെ ഇരുട്ടിൽ ഒളിച്ചിരുന്ന് വെളിയിലേക്ക് നോക്കിയിരിക്കെ ആ മുറിയിലേക്ക് ഒരു നിഴൽ‌പോലെ മറ്റൊരുത്തൻ കടന്നുവന്നു. കുനിഞ്ഞ് മുട്ടുകുത്തിയിരുന്ന ആ നിഴൽ നേരെ ഞാനൊളിച്ചിരിക്കുന്ന കട്ടിലിനടിയിലേക്ക് വന്നു. ഇരുട്ടത്ത് തിളങ്ങുന്ന അവന്റെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു,
“വേഗം പോയ്‌ക്കോ, ഇവിടെ ഞാനൊളിച്ചിട്ടുണ്ട്”
വീട്ടുകാരിയാണല്ലൊ പറയുന്നത് എന്ന് മനസ്സിലാക്കിയ അവൻ പറഞ്ഞു,
“നീയിവിടെ ഒളിച്ചൊ, ഞാനപ്രത്തെ മുറിയിൽ പോകാം”
അവൻ വെളിയിലേക്കിട്ട തല പെട്ടെന്ന് ഉള്ളിലേക്ക് വലിച്ച് എന്നോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. ഞാൻ നോക്കിയപ്പോൾ കണ്ടത് മുറിയിലേക്ക് നടന്നു കയറിയ രണ്ട് കാലുകളാണ്, എന്റെ അമ്മായിയുടെ കാലുകൾ. അമ്മായി അകത്തേക്ക് വന്ന് നേരെ കട്ടിലിൽ‌കയറി കിടന്നപ്പോൾ എനിക്കാശ്ചര്യം വന്നു. അമ്മാവൻ മാത്രം കിടക്കുന്ന കട്ടിലിൽ  അമ്മായി കിടക്കുന്നത് ആരെങ്കിലും കണ്ടാൽ?

ശംഖ്‌പുഷ്പം...നീല
                      പെട്ടെന്നൊരു ശബ്ദം കേട്ടപ്പോൾ ഞാൻ മാത്രമല്ല അവനും ഞെട്ടിയിരിക്കണം,, അമ്മാവൻ! അദ്ദേഹം അകത്ത് കടന്ന ഉടനെ വാതിലടച്ച് കൊളുത്തിടുകയാണ് ചെയ്തത്. പേടിച്ചരണ്ട ഞാനും അവനും ശബ്ദം വെളിയിൽ വരാതെ ശ്വാസം‌പിടിച്ച് കമഴ്ന്ന് കിടന്നു. ഒരുനിമിഷം, കട്ടിൽ ആകെയൊന്ന് കുലുങ്ങിയിട്ട് പൊട്ടുന്നതുപോലെ ശബ്ദം കേട്ടപ്പോൾ ഉച്ചത്തിൽ നിലവിളിക്കാനായി തുറന്ന എന്റെ വായ അവൻ കൈകൊണ്ട് മുറുകെ അടച്ചുപിടിച്ചപ്പോൾ ഞാനവന്റെ വിരലുകൾ കടിച്ചതും അവൻ കരഞ്ഞതും ഒന്നിച്ചായിരുന്നു. അതോടെ കട്ടിൽ വീണ്ടും കുലുങ്ങി, അമ്മാവൻ നിലത്തിറങ്ങി കുനിഞ്ഞുനോക്കിയിട്ട് ആദ്യം‌കണ്ട എന്റെ കാലിൽ‌പിടിച്ച് വലിച്ചു. ആ വലിയുടെ ശക്തിയാൻ ഞാൻ വെളിയിൽ വന്നപ്പോൾ എന്റെ പിന്നാലെ അതാ അവനും വെളിയിലേക്ക് വരുന്നു! അതിനിടയിൽ വാതിൽ‌തുറന്ന് അമ്മായി പുറത്തേക്കോടിയത് ആരും ശ്രദ്ധിച്ചില്ല.

                          ഞങ്ങൾ രണ്ട്‌പേരെയും പിടിച്ച് മുറ്റത്തിറങ്ങിയ അമ്മാവൻ ആദ്യം‌കണ്ട വടിയെടുത്ത് അവനെമാത്രം അടിക്കാൻ തുടങ്ങി, തിരുവോണ ദിവസം പടക്കം പൊട്ടുകയാണ്. മൂന്നാമത്തെ അടി വീണപ്പോൾ അമ്മായി വന്ന് തടഞ്ഞതിനാൽ വടി അകലേക്ക് എറിഞ്ഞുകൊണ്ട് എല്ലാവരെയും‌നോക്കി അമ്മാവൻ താക്കീത് നൽകി, “ഇനി വീട്ടിനകത്ത് വന്ന് കളിച്ചാൽ എല്ലാവർക്കും ചുട്ടഅടി കിട്ടും, പറഞ്ഞേക്കാം”
നാട്ടിലെ ഒരേയൊരു അദ്ധ്യാപകനായതിനാൽ എന്റെ വലിയമ്മാവന് എല്ലാ കുട്ടികളെയും ശിക്ഷിക്കാനുള്ള അധികാരം അക്കാലത്ത് ഉണ്ടായിരുന്നു.

                      അടികൊണ്ടവനെ ആശ്വസിപ്പിച്ചുകൊണ്ട് കളി പൂർത്തിയാക്കാനായി കടൽക്കരയിലേക്ക് എല്ലാവരും നടന്നു. അപ്പോൾ കൂട്ടത്തിൽ കുട്ടിയായ ഞാൻ ചിന്തിക്കുകയാണ്,
വലിയമ്മാവൻ എന്തുകൊണ്ട് എന്നെ അടിച്ചില്ല?
വലിയമ്മാവന്റെതു മാത്രമായ കട്ടിലിൽ അമ്മായി എന്തിന് കിടന്നു?
കട്ടിൽ കുലുങ്ങിയതിന് കാരണമെന്തായിരിക്കും?

പിൻ‌കുറിപ്പ്: 
വിഷുദിവസവും പടക്കം പൊട്ടിയിട്ടുണ്ട്,വിഷുവിന്റെ പടക്കം പൊട്ടുന്നത് വായിക്കാൻ,
തുറക്കുക,

July 27, 2012

വനിതാസംവരണ ഇരിപ്പിടത്തിലെ പുരുഷപോലീസ്


                         ‘പോലീസിനെന്താ ലേഡീസ് സീറ്റിൽ കാര്യം?’ എന്ന് യാത്രക്കാർ ചോദിച്ചത് വർഷങ്ങൾക്ക് മുൻപായിരുന്നു. ബസ്സിനകത്ത്, ‘വനിതാസംവരണം’ പാലിക്കപ്പെടേണ്ട ഒരു നിയമമായി വരുന്നതിന് മുൻപ്; പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസ്സിലെ യാത്രക്കാർ അന്നൊരുനാൾ കൃത്യം 5.45ന് ശബ്ദം കൂട്ടിയും കുറച്ചും അന്യോന്യം ചോദിച്ചു, 
‘പോലീസായാൽ ലേഡീസ് സീറ്റിൽ ഇരിക്കാമോ?’                                                
                         പഠിക്കുന്ന കാലത്ത്, ‘1970കളിൽ’ ഞാൻ കയറിയ ബസ്സുകളിലൊന്നും‌തന്നെ വനിതാസംവരണവും വികലാംഗസംവരണവും വയോജനസംവരണവും ‘നിയമം’ ആയി വന്നിരുന്നില്ല. സംവരണം ഇല്ലെങ്കിലും ബസ്സിൽ ഡ്രൈവറുടെ പിന്നിലും ഇടത്തുവശത്തുമായി കാണുന്ന ഇരിപ്പിടങ്ങളിൽ സ്ത്രീകളായിരുന്നു ഇരുന്നത്. അക്കാലത്ത് സംവരണത്തിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല, എന്നതാണ് സത്യം. ബസ്സിൽ കയറുന്ന പ്രായമുള്ളവർക്ക് വിദ്യാർത്ഥികളും ചെറുപ്പക്കാരും ഇരിപ്പിടം ഒഴിവാക്കി കൊടുത്ത് അവരെ സഹായിച്ചിരുന്നു. അദ്ധ്യാപിക ആയി ജോലിലഭിച്ചശേഷം വീട്ടിൽ‌നിന്നും വളരെ അകലേക്ക്, പയ്യന്നൂരിൽ പോവാൻ തുടങ്ങിയ കാലത്താണ് ഞങ്ങൾ വനിതകൾക്കായി ഇരിപ്പിടം സംവരണം ചെയ്തിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയുന്നതും ചിന്തിക്കുന്നതും.

                         ആ കാലത്ത്, യാത്രാബസ്സുകളിൽ ഏതാനും ഇരിപ്പിടങ്ങളുടെ വശങ്ങളിൽ ‘സ്ത്രീകൾ’ എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും അതിനു തൊട്ടുതാഴെ ഇരിക്കുന്നത് എല്ലായിപ്പോഴും സ്ത്രീകൾ ആയിരിക്കണമെന്നില്ല. ‘നിശബ്ദത പാലിക്കുക’ എന്ന്, എഴുതിവെച്ചാലും ആളുകൾ പതുക്കെ സംസാരിക്കുന്നത് പോലെയുള്ള അവസ്ഥ. ചിലപ്പോൾ ഏതെങ്കിലും ‘സ്ത്രീ’ സംവരണഅവകാശം ചോദിച്ചാൽ അതിലിരിക്കുന്ന പുരുഷന്മാർ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. കൂടാതെ അനേകം ലേഡീസ്, കമ്പിയിൽ പിടിച്ച് നിൽക്കുന്നുണ്ടെങ്കിലും ലേഡീസ് സീറ്റിലിരുന്ന് നുണപറയുന്ന പുരുഷന്മാരെ എഴുന്നേൽ‌പ്പിക്കാൻ ഒരു കണ്ടക്റ്ററും ശ്രമിച്ചിരുന്നില്ല. കാരണം,,, അക്കാലത്ത് വനിതാസംവരണം ‘പാലിക്കപ്പെടേണ്ട നിയമം’ ആയി വന്നിരുന്നില്ല. എന്നാൽ ഏതാനും വർഷം കഴിഞ്ഞപ്പോൾ വനിതാസംവരണ ഇരിപ്പിടത്തിന്റെ കാര്യത്തിൽ പോലീസും കോടതിയും ഒന്നിച്ച് ഇടപെട്ടതോടെ അത് വനിതകൾക്ക്‌മാത്രം ഇരിക്കാനുള്ളതായി മാറി. സംവരണം ഒരു അവകാശമാണെന്ന ചിന്ത അർഹതപ്പെട്ടവർ മനസ്സിലാക്കിയിട്ട് അവരത് ചോദിച്ച് വാങ്ങാൻ തുടങ്ങി. നിയമം പാലിക്കണം, വനിതകൾക്കും വൃദ്ധന്മാർക്കും വികലാംഗർക്കും അർഹതപ്പെട്ട ഇരിപ്പിടം ലഭിക്കണം.

                       യാത്രാബസ്സിൽ ‘വനിതാസംവരണം’ എന്ന് എഴുതിവെച്ചെങ്കിലും പുരുഷന്മാർ കൈയ്യേറിയ കാലത്തെ ഒരു അനുഭവം പറയാം. സംഭവം നടന്നത് 1982ൽ,,, വീട്ടിൽ‌നിന്നും വളരെ അകലെ പയ്യന്നൂരിന് സമീപമാണ് എന്റെ ജോലിസ്ഥലമായ സർക്കാർ ഹൈസ്ക്കൂൾ. ഗ്രാമത്തിലുള്ള എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് 40മിനിട്ട് നടന്ന് ബസ്‌സ്റ്റോപ്പിൽ എത്തിയിട്ട് കണ്ണൂരിലേക്ക് പോകുന്ന ബസ്സിൽ കയറണം. കണ്ണൂർ ബസ്‌സ്റ്റാന്റിൽ നിന്ന് പിന്നീട് പയ്യന്നൂർ ബസ്സിൽ കയറണം. മിക്കവാറും ദിവസം രാവിലെ ഇരിക്കാൻ സ്ഥലം കിട്ടുമെങ്കിലും 5മണിക്ക് സ്ക്കൂൾ വിട്ടശേഷം (ഷിഫ്റ്റ് സിസ്റ്റം) പയ്യന്നൂരിൽ‌നിന്ന് കണ്ണൂരിലേക്ക് എത്തുന്നതുവരെ പലപ്പോഴും ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള വനിതാസംവരണം എന്നെഴുതിയ സീറ്റിൽ‌പോലും പുരുഷന്മാർ ഇരുന്നിട്ടുണ്ടാവും. അവകാശം ചോദിച്ചാൽ ദൂരയാത്രക്കാരാണെന്ന് പറഞ്ഞ് അവരൊരിക്കലും എഴുന്നേറ്റ് തരാറില്ല, അതുകൊണ്ട് ചോദിക്കാറുമില്ല.

                         അങ്ങനെയിരിക്കെ ഒരുദിവസം വൈകുന്നേരം നിറയെ യാത്രക്കാരുമായി കണ്ണൂരിലേക്ക് വരുന്ന പയ്യന്നൂർ ബസ്സിൽ പതിനഞ്ചോളം സ്ത്രീകൾ നിൽക്കുന്ന നേരത്ത് ഡ്രൈവറുടെ സമീപം ഇടതുവശത്തായി, ‘സ്ത്രീകൾ’ എന്നെഴുതിവെച്ച സീറ്റിലിരുന്നത് രണ്ട് പുരുഷന്മാരായിരുന്നു. ബസ് പിലാത്തറ കഴിഞ്ഞ് വിളയങ്കോട് വിട്ട്, പരിയാരം എത്താറായി. ഇന്ന് മെഡിക്കൽ കോളേജ് തലയുയർത്തി നിൽക്കുന്നിടത്ത് അന്ന് ക്ഷയരോഗാശുപത്രി ആയിരുന്നു. അവിടെ ബസ് നിർത്തിയനേരത്ത് ലേഡീസ് സീറ്റിൽ ഇരിക്കുന്ന ഒരു പുരുഷൻ എഴുന്നേറ്റപ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് അല്പം പ്രതീക്ഷയുണ്ടായി. ബസ്സിന്റെ മുൻ‌വശത്ത് ചുറ്റിലും സ്ത്രീകളായതുകൊണ്ട് ആ സീറ്റിലിക്കുന്ന അടുത്ത ആൾ എഴുന്നേറ്റ് പിറകിലേക്ക് പോയാൽ ‘ഇക്കാലത്ത് കാണുന്നതുപോലുള്ള തടിച്ചികളല്ലാത്തതിനാൽ’ മൂന്ന് സ്ത്രീകൾക്ക് അവിടെ അഡ്‌ജസ്റ്റ് ചെയ്യാൻ‌പറ്റും. എന്നാൽ നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായ സംഭവങ്ങളാണ് പിന്നിടുണ്ടായത്. എഴുന്നേറ്റവൻ ഇറങ്ങിയപ്പോൾ അവിടെ ഇരിക്കുന്ന മറ്റെ യാത്രക്കാരൻ, പിന്നിൽ നിൽക്കുന്ന സുഹൃത്തിനെ വിളിച്ചുവരുത്തിയിട്ട് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് ഇരുത്തി; ആനേരത്ത് പെണ്ണുങ്ങൾക്കിടയിൽ ഉണ്ടായ മുറുമുറുപ്പ് അയാൾ അവഗണിച്ചു. പിന്നെ ഒരുകാര്യം പറയാനുള്ളത്, ഇന്നത്തെപോലെ പരിചയമില്ലാത്ത ആണുങ്ങളുടെ ഒപ്പം പെണ്ണുങ്ങൾ ഇരുന്ന് ബസ്സിൽ യാത്രചെയ്യുന്ന ശീലം അക്കാലത്ത് എനിക്കും മറ്റുള്ളവർക്കും ഉണ്ടായിരുന്നില്ല. (ഇക്കാലത്ത് ബസ്സിൽ കയറിയാൽ, തൊട്ടടുത്തിരിക്കുന്നത് ആണോ പെണ്ണോ എന്ന് നോക്കാതെ ആദ്യം കാണുന്ന ഒഴിഞ്ഞ ഇരിപ്പിടത്തിൽ ആദ്യം ഇരിക്കുന്നത് ഞാനായിരിക്കും)

അപ്പോഴാണ് കണ്ടക്റ്ററുടെ വരവ്,,, ടിക്കറ്റ്,, ടിക്കറ്റ്,,,
കണ്ടക്റ്ററെ കണ്ടപ്പോൾ സ്ഥിരയാത്രക്കാരികൾ പറഞ്ഞു, “കണ്ടക്റ്ററെ വളരെ ദൂരം പോകാനുള്ളതാ,, ലേഡീസ് എന്ന് എഴുതിവെച്ചിട്ടുണ്ടല്ലൊ,,, ഇരിക്കാനൊരിടം കിട്ടിയെങ്കിൽ”
പ്രായമായ കണ്ടക്റ്റർ അത് അവഗണിച്ചു,,, പെണ്ണുങ്ങളല്ലെ പറയുന്നത്,, എന്തിന് ചെവികൊടുക്കണം?
അയാൾ സീറ്റിലിരിക്കുന്ന പുരുഷന്മാരുടെ നേർക്ക് കൈനീട്ടിയപ്പോൾ രണ്ടാമതായി ഇരുന്നവൻ കണ്ണൂരിലേക്ക് ടിക്കറ്റെടുത്തു. ശേഷം ഒന്നാമന്റെ നേർക്ക് നീട്ടിയ കൈ അവഗണിച്ചുകൊണ്ട് അയാൾ പറഞ്ഞു, “ഞാൻ പീസിയാണ്, ടിക്കറ്റ് വേണ്ട”
പെട്ടെന്ന്‌തന്നെ കണ്ടക്റ്റർ മറുപടി പറഞ്ഞു,
“പോലീസായതുകൊണ്ട് ടിക്കറ്റ് മുറിക്കുന്നില്ല,, എന്നാലിത് സ്ത്രീകളുടെ സീറ്റാണ്, രണ്ട്‌പേരും എഴുന്നേറ്റ് കൊടുക്ക്”
അവിശ്വസനീയമായ സംഭാഷണം കേട്ടപ്പോൾ സീറ്റിലിരുന്ന പോലീസുകാരനും സഹയാത്രികനും മാത്രമല്ല, കമ്പിയേൽ‌പിടിച്ച് തൂങ്ങിയാടി നിൽക്കുന്ന സ്ത്രീകളടക്കം ഒന്ന് ഞെട്ടി,,,
ഒരു കണ്ടക്റ്റർക്ക് ഇത്രയും ധൈര്യമോ?!!!
അടുത്ത നിമിഷം ഞങ്ങൾ വനിതകൾക്ക് സന്തോഷം സഹിക്കവയ്യാതായി,, പോലീസിപ്പോൾ എഴുന്നേൽക്കും, ഒപ്പം അയാൾ വിളിച്ചുവരുത്തിയ സുഹൃത്തും,,, അപ്പോൾ കണ്ണൂർ‌വരെ മൂന്നാൾക്ക് ഇരുന്ന് യാത്രചെയ്യാം.
എന്നാൽ പ്രതീക്ഷകൾക്ക് വീണ്ടും അല്പായുസ് മാത്രമായി,, സുഹൃത്തിന് എഴുന്നേൽക്കണമെന്ന് തോന്നുന്നുണ്ടെന്ന് അവന്റെ ഭാവം കണ്ടാൽ അറിയാം; എന്നാൽ പോലീസുകാരൻ അവിടെ അമർന്നിരിക്കയാണ്. നിയമപാലനം നടത്തേണ്ട വ്യക്തി നിയമം തെറ്റിച്ചിരിക്കുന്നു,,,

                          കണ്ടക്റ്റർ അയാളുടെ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കയാണ്,, സമീപത്ത് നിൽക്കുന്ന ഏതാനും സ്ത്രീകൾക്ക് ടിക്കറ്റ്‌എഴുതിയിട്ട് മുറിച്ചുനൽകി പണം വാങ്ങിയശേഷം അദ്ദേഹം വീണ്ടും പോലീസിനെ സമീപിച്ചു,
“അപ്പോൾ നിങ്ങളിനിയും സീറ്റിന്ന് ഒഴിവായില്ലെ?”
ഒപ്പമിരുന്നവന്റെ ആസനം ഉയർന്നപ്പോൾ അവനെ പിടിച്ചിരുത്തിക്കൊണ്ട് പോലീസ് പറഞ്ഞു,
“നിങ്ങളാരാ പറയാൻ? ഞങ്ങളിവിടെന്ന് എഴുന്നേൽക്കുന്നില്ല”
“സാറെ നിയമം പാലിക്കേണ്ടത് ആദ്യം നിങ്ങളാണ്,, എഴുന്നേറ്റ് കൊടുത്തേ,, ദൂരയാത്രക്കാരായ പെണ്ണുങ്ങളാ ഈ നിൽക്കുന്നത്”
                          അതൊന്നും തന്റെ ഡ്യൂട്ടിയല്ലെന്നമട്ടിൽ പോലീസുകാരൻ ലേഡീസ് സീറ്റിൽ അമർന്നിരിക്കയാണ്. ഒപ്പം എഴുന്നേൽക്കാൻ തുടങ്ങുന്ന കൂടെയിരിക്കുന്നവനെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട്. ദേഷ്യം പുകഞ്ഞുപൊങ്ങിയ കണ്ടക്റ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി നടന്ന് ടിക്കറ്റ് മുറിക്കുന്നതിനിടയിൽ ഒളികണ്ണാൽ പോലീസുകാരനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നമ്മുടെ ബസ് പരിയാരം ഹൈ‌സ്ക്കൂൾ, പരിയാരം പഞ്ചായത്ത്, കോരൻ‌പീടിക, ഏമ്പേറ്റ് എന്നിവയെല്ലാം കടന്ന് മുന്നോട്ട്‌പോയി വളവ് തിരിഞ്ഞ് ‘ചുടല’ എത്തിയപ്പോൾ പെട്ടെന്ന് നിന്നു,,
അല്ല,,, കണ്ടക്റ്റർ ബെല്ലടിച്ച് നിർത്തിച്ചു.
തുടർന്ന് ഡ്രൈവറെ സമീപിച്ചുകൊണ്ട് അയാൾ ഉച്ചത്തിൽ പറഞ്ഞു,
“ഡ്രൈവറെ ഇയാൾ ലേഡീസ് സീറ്റിൽ‌നിന്ന് എഴുന്നേറ്റ് മാറാതെ ബസ് മുന്നോട്ട് എടുക്കേണ്ട,”
പോലീസുകാരൻ വീണ്ടുമൊന്ന് ഞെട്ടി, യാത്രക്കാർ ഞെട്ടി, സ്റ്റിയറിംഗ് തിരിച്ചുകൊണ്ടിരുന്ന ഡ്രൈവർ ഞെട്ടി, മണിയടിക്കുന്ന കിളിയും ഞെട്ടി, ബസ്സിനകത്തെ സ്റ്റിയറിംങ്ങും ബ്രെയ്ക്കും ക്ലച്ചും ഗിയറും നട്ടും ബോൾട്ടും ഒന്നിച്ച് ഞെട്ടി,,,
എന്നാൽ,,,
കണ്ടക്റ്റർ മാത്രം ഞെട്ടിയില്ല,,

ദൂരയാത്രക്കാരായി ബസ്സിൽ ഇരിക്കുന്നവരും നിൽക്കുന്നവരും ചിന്താമഗ്നരായി,,,
കണ്ടക്റ്ററുടെ ഈ പോക്ക് എങ്ങോട്ടാണ്?
ഒടുക്കം ബസ് പോലീസ് സ്റ്റേഷനിൽ എത്തുമോ?
വരാനിരിക്കുന്ന രാത്രിനേരത്ത് പോലീസ്‌സ്റ്റേഷനിൽ അന്തിയുറങ്ങേണ്ടി വരുമോ?
സെക്കന്റുകൾ മിനുട്ടുകൾക്ക് വഴിമാറിക്കൊടുത്തു,, ഒന്ന് രണ്ട് മൂന്ന് അഞ്ച് മിനുട്ടായി,,, യാത്രക്കാർ ഓരോരുത്തരായി ശബ്ദം ഉയർത്താൻ തുടങ്ങി, “കണ്ടക്റ്ററെ ഞങ്ങൾക്ക് ദൂരെ പോകേണ്ടതാ,, ഇപ്പോൾ‌തന്നെ രാത്രിയാവാറായി.”
“ലേഡീസ് സീറ്റിൽ പെണ്ണുങ്ങളിരിക്കാതെ ഈ ബസ് സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കില്ല”
കണ്ടക്റ്റർ പറയുന്നതുകേട്ട് യാത്രക്കാരിൽ ചിലർ അഭിപ്രായം പറയാൻ തുടങ്ങി,
“ആ പോലിസുകാരനെന്തിനാ സ്ത്രീകളുടെ സീറ്റിൽ കയറിയിരിക്കുന്നത്? അയാൾക്ക് എഴുന്നേറ്റാലെന്താ?”

അയാൾ എങ്ങനെ എഴുന്നേൽക്കും?
‘ഞാൻ പോലീസാണെന്നും ലേഡീസ് സീറ്റ് ഒഴിവാക്കില്ലെന്നും എല്ലാവരും കേൾക്കെ വിളിച്ചുപറഞ്ഞ വ്യക്തിക്ക് അങ്ങനെ തോറ്റുകൊടുക്കാൻ പറ്റുമോ? ഇതിൽ‌പരം അപമാനം ഇനി വരാനുണ്ടോ?
സമയം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. സ്ത്രീകളുടെ ശബ്ദം ഉച്ചത്തിൽ ഉയരാൻ തുടങ്ങി.
അപ്പോൾ,,
അയാൾ,, ആ പോലീസ് പതുക്കെ എഴുന്നേറ്റു,, ഒപ്പം കൂടെയിരുന്നവനും,, എഴുന്നേറ്റ ഉടനെ പെട്ടെന്ന് പിന്നിലേക്ക് നടന്ന് മറ്റുള്ള പുരുഷന്മാർക്കിടയിൽ അപ്രത്യക്ഷരായി.
ഒഴിഞ്ഞ് സീറ്റിൽ ഞാനടക്കം മൂന്ന്‌ സ്ത്രീകൾ ഇരുന്നു,
കണ്ടക്റ്റർ സിഗ്നൽ നൽകി,, കിളിക്ക്,
കിളി സിഗ്നൽ നൽകി,, ഡ്രൈവർക്ക്,
ഡ്രൈവർ സ്റ്റാർട്ട് ചെയ്തു,, ബസ് ഓടാൻ തുടങ്ങി
എല്ലാം ശുഭം

സംഭവം നടന്നത് വർഷങ്ങൾക്ക് മുൻപാണെങ്കിലും എന്റെ സംശയങ്ങൾ ഇന്നും മാറിയിട്ടില്ല,
*പോലീസുകാർക്ക് പ്രൈവറ്റ് ബസ്സിൽ ഫ്രീആയി യാത്ര ചെയ്യാൻ നിയമം ഉണ്ടോ?
*മൂർഖൻ പാമ്പിനെ നോവിച്ചുവിടാൻ ആ കണ്ടക്റ്റർക്ക് എങ്ങനെ ധൈര്യം വന്നു?

പിൻ‌കുറിപ്പ്:
‘ബക്കളം.കോം’ൽ പ്രസിദ്ധീകരിച്ച ‘ലേഡീസ്‌സീറ്റിൽ ഇരുന്ന പോലീസ്’, എന്റെ സ്വന്തമായ മിനിലോകത്ത് കടന്നുവന്നിരിക്കയാണ്.

June 15, 2012

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം5


                    അതീവ സുന്ദരമായ, സ്നേഹം ചൊരിയുന്ന അനുഭവങ്ങളാണ് കൃഷിയെക്കുറിച്ച് എനിക്ക് ഓർക്കാനുള്ളത്. പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽ പാവൽ പടവലം എന്നിവയെക്കുറിച്ച് വായിക്കാനിടയായപ്പോൾ, പാവൽ നമ്മുടെ നാട്ടിലെ(കണ്ണൂർ) ‘കയ്പ’ ആണെന്ന് അദ്ധ്യാപകൻ പറഞ്ഞുതന്നെങ്കിലും പടവലം എന്താണെന്ന് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. എന്റെ തീരദേശഗ്രാമത്തിൽ പാവൽകൃഷി ചെയ്യാറുണ്ടെങ്കിലും പടവലംകൃഷി ഉണ്ടായിരുന്നില്ല. സൂപ്പർ മാർക്കറ്റുകൾ ജനിക്കുന്നതിന് മുൻപുള്ള ആ കാലത്ത് അന്യസംസ്ഥാന കൃഷിവിളവുകളൊന്നും മലകടന്ന് കേരളത്തിൽ വന്നിരുന്നില്ല. വലിപ്പചെറുപ്പം നോക്കാതെ ഗ്രാമീണരെല്ലാം ഒത്ത്‌ചേർന്ന് കൊയ്ത്തിന് ശേഷം പച്ചക്കറി കൃഷിചെയ്യാൻ നെൽ‌വയലിലേക്കിറങ്ങും. അത് സ്വന്തം സ്ഥലമാവണമെന്നില്ല; അന്യരുടെ സ്ഥലമായാലും അവകാശം പോലെ ഗ്രാമീണർ വർഷങ്ങളായി മണ്ണിലിറങ്ങി വിളവെടുക്കും.
                        അങ്ങനെ നാട്ടുകാരെല്ലാം കൃഷി ചെയ്ത് അന്നം കണ്ടെത്തുന്ന ഒരു മഴക്കാലത്ത് വീടിന്റെ പിന്നിലുള്ള കൃഷിസ്ഥലത്തെ തടത്തിൽ, മുളപൊട്ടി വളർന്ന പുതിയ ചെടികൾ എന്റെയും സഹോദരന്റെയും ശ്രദ്ധ ആകർഷിച്ചു. ഇലകൾ തൊട്ട് തടവിയിട്ട് മണത്തുനോക്കിയപ്പോൾ അതുവരെ അറിയാത്ത രൂക്ഷമായ ഒരു ഗന്ധം. അച്ഛനോട് ചോദിച്ചപ്പോൽ പറഞ്ഞുതന്നു; ‘അതാണ് പടവലം’. അങ്ങനെ പടവലംവളരുന്നതും പന്തലിൽ പടരുന്നതും പൂവിടുന്നതും കായ നീണ്ട് താഴാൻ അറ്റത്ത് കല്ല് കെട്ടുന്നതും ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഇന്ന് പടവലകൃഷി മാത്രമല്ല, എല്ലാ കൃഷിവിളകളും കാണുമ്പോൾ,, ‘കൃഷി അനുഭവിച്ചറിഞ്ഞ എന്റെ പിതാവിന്റെ, മരിച്ചെങ്കിലും മായാത്ത ഓർമ്മകൾ’ എന്നിൽ ഉയരും.
ഇത്തവണ മഴക്കാലം കഴിഞ്ഞ് ടെറസ്സ്‌കൃഷി ആരംഭിക്കുന്നത് പടവലം നട്ടുകൊണ്ടാവട്ടെ,,,

ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.


എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
 ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക.