“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 23, 2012

ആകാശം നഷ്ടപ്പെട്ടവർ


ഇന്നലെ,
‘എനിക്കുണ്ടൊരു ആകാശം
നിനക്കുണ്ടൊരു ആകാശം
നമുക്കുണ്ടൊരു ആകാശം’
                  ഏതാനും വർഷം മുൻപ്‌വരെ നമുക്കൊരു ആകാശം ഉണ്ടായിരുന്നു. അതിരാവിലെ കിഴക്ക്, അരുണകിരണങ്ങൾ ചിതറിയിട്ട് സൂര്യൻ ഉദിച്ചുയരുന്ന ആകാശം. തലക്കുമീതെ സഞ്ചരിക്കുന്ന സൂര്യൻ പകൽമുഴുവൻ ആകാശം കീഴടക്കിയിട്ട് പടിഞ്ഞാറ് അസ്തമിക്കാൻ നേരത്ത്, ദൃശ്യപ്രഭ ചൊരിഞ്ഞ വർണ്ണമനോഹരമായ സന്ധ്യാകാശം ഇരുട്ടിന് വഴിമാറിക്കൊടുക്കുന്നതോടെ നക്ഷത്രങ്ങളുടെ വരവായി. കറുത്ത ആകാശത്ത് മുത്തുകൾ വാരിവിതറിയതുപോലുള്ള നക്ഷത്രപ്രഭയെ നിഷ്പ്രഭമാക്കിയിട്ട്, ചിലദിവസങ്ങളിൽ ചന്ദ്രൻ സ്ഥാനം പിടിച്ചിരിക്കും. അത് അരിവാൾ പോലെയുള്ള ചന്ദ്രക്കലയാവാം, അർദ്ധചന്ദ്രനാവാം, ഇരുട്ടിനെ കീറിമുറിച്ച് വെള്ളിവെളിച്ചം വിതറുന്ന പൂർണ്ണ ചന്ദ്രനാവാം. നേരം പുലരാറാവുമ്പോൾ സൂര്യന്റെ വരവറിയിച്ചുകൊണ്ട് അരുണോദയം പ്രത്യക്ഷപ്പെടുന്നതോടെ നക്ഷത്രങ്ങളും ചന്ദ്രനും പോയ്‌മറയുന്നു.
                               വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി, അദ്ധ്യാപകനായ വലിയമ്മാവൻ ഏഴ്‌ വയസുള്ള കുഞ്ഞിന് ആകാശത്തെ പരിചയപ്പെടുത്തുകയാണ്. നേരെ മുകളിലോട്ട്‌നോക്കിയാൽ കാണുന്ന നക്ഷത്രകൂട്ടത്തെ ചൂണ്ടിയിട്ട് പറഞ്ഞു,
“അതാണ് കാർത്തിക, അല്പം കിഴക്കുമാറി കാണുന്ന ചുവന്ന നക്ഷത്രം ചേർന്ന കൂട്ടമാണ് രോഹിണി”
ഇതുകേട്ടതോടെ കുഞ്ഞിന്റെ ജിജ്ഞാസ വർദ്ധിച്ചു,
“അപ്പോൾ അശ്വതിയും ഭരണിയും കാണുമല്ലൊ?”
“ഭരണി തലക്കുമീതെ അല്പം പടിഞ്ഞാറ് കാണുന്ന മങ്ങിയ മൂന്ന് നക്ഷത്രങ്ങളാണ്, അതിനപ്പുറം തെങ്ങിന്റെ മറവിലാണ് അശ്വതി”
അശ്വതി, ഭരണി എന്നൊക്കെ പറയുന്നത് ആകാശത്ത് കാണുന്ന നക്ഷത്രങ്ങളാണെന്ന അറിവ് ഉൾക്കൊള്ളാൻ ആ കുട്ടിക്ക് അല്പം പ്രയാസം തോന്നി. അല്പം കൂടി കിഴക്കോട്ട് നോക്കിയപ്പോൾ ചുവന്ന് തിളങ്ങുന്ന നക്ഷത്രത്തിനുനേരെ അവൾ വിരൽ‌ചൂണ്ടി,
“വലിയമ്മാവാ ആ വലിയ നക്ഷത്രം ഏതാണ്?”
“ഓ അതാണോ? അത് തിരുവാതിര, അതിന്റെ തെക്ക് ഭാഗത്തായി അളവുകോൽ‌പോലെ നേർ‌രേഖയിൽ കാണുന്ന മൂന്ന് നക്ഷത്രങ്ങളാണ് ഓറിയോൺസ് ബെൽട്ട്, അതൊക്കെ വലുതാവുമ്പോൾ നിനക്ക് പഠിക്കാം”
പെട്ടെന്ന് അവൾ ആകാശത്തിന്റെ വടക്കെകോണിൽ ചൂണ്ടിയിട്ട് വിളിച്ച്‌പറഞ്ഞു,
“അതാ നോക്ക്, നോക്ക്,, ഒരു നക്ഷത്രം നടക്കുന്നു”
“എവിടെ?”

                       ആദ്യമായി കാണുന്ന അത്ഭുതകാഴ്ച അവർ രണ്ട്‌പേരും നോക്കിനിന്നു. വടക്കുഭാഗത്തുനിന്നും ഒരു നക്ഷത്രം പതുക്കെ സഞ്ചരിച്ച് തലക്കുമുകളിലെത്തിയിട്ട് തെക്കോട്ട് പ്രയാണം ആരംഭിച്ചപ്പോൾ അമ്മാവൻ ‘എന്നെനോക്കിയിട്ട്’ പറഞ്ഞു,
“ഒച്ചയില്ലാത്തതുകൊണ്ട് അത് വിമാനമല്ല, റോക്കറ്റാണ്,, റോക്കറ്റ്; അത് ഇന്നാളൊരു ദിവസം പത്രത്തില് വായിച്ചില്ലെ? റഷ്യക്കാർ ബഹിരാകാശത്ത് റോക്കറ്റയച്ചെന്ന്,, അങ്ങനെ റോക്കറ്റിൽ അവരാദ്യം പട്ടിക്കുട്ടിയെ അയച്ചു, ഇപ്പോൾ മനുഷ്യൻ റോക്കറ്റിൽ കയറി പോകുന്നതാണ് നമ്മൾ കാണുന്നത്”
“അപ്പോൾ ഇനി നമ്മൾക്കും പോയിക്കൂടെ?”
“ഏതാനും വർഷം കഴിഞ്ഞാൽ മനുഷ്യർക്ക് ചന്ദ്രനിൽ പോകാൻ കഴിയും. എന്നിട്ടവിടെ താമസിക്കും”
                          വലിയമ്മാവനാണ് എനിക്ക് ആകാശത്തെ പരിചയപ്പെടുത്തിയത്. ആ പരിചയം വളർന്ന് കൂടുതൽ അടുത്തതോടെ ആകാശക്കാഴ്ച ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായി മാറി. അതിനുമുൻപെ അദ്ദേഹം എനിക്ക് പുസ്തകങ്ങളുടെ ലോകം കാണിച്ചുതന്നിരുന്നു. ലൈബ്രേറിയനായ അദ്ദേഹം പുത്തനായി കൊണ്ടുവരുന്ന പുസ്തകങ്ങൾ പലതും വായനശാലയിലേക്ക് കടന്നുപോയത് എന്റെ കൈകളിലൂടെയും മനസ്സിലൂടെയും ആയിരുന്നു. അതേ പുസ്തകങ്ങളിൽ നിന്ന് ആകാശത്തെയും ഭൂമിയെയും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു.

                            സൂര്യോദയത്തോടെ പക്ഷികളും ശലഭങ്ങളും പങ്കിട്ടെടുത്ത ആകാശം രാത്രികാഴ്ചയിൽ വവ്വാലുകളും നിശാശലഭങ്ങളും രാപക്ഷികളും കൈയ്യേറുന്നു. അതിമനോഹരങ്ങളായ ആകാശകാഴ്ച ഒരുകാലത്ത് മനുഷ്യന് ലഭ്യമായിരുന്നു.
അശ്വതി, ഭരണി തുടങ്ങിയവ കൂടാതെ, മേഡം, ഇടവം തുടങ്ങിയ നക്ഷത്രക്കൂട്ടങ്ങളും ആകാശത്തുനോക്കിയിട്ട് ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഒരോ കാലത്തും രാത്രിയിലെ ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹങ്ങളെ നോക്കുന്ന പതിവും അന്ന് ഉണ്ടായിരുന്നു. മേഘാവരണമില്ലാത്ത ആകാശത്തിന്റെ വടക്കെയറ്റത്ത് കാണപ്പെടുന്നത് ധ്രുവനക്ഷത്രം. അതിനുചുറ്റും കറങ്ങുന്ന സപ്തർഷികളെ ചിലകാലങ്ങളിൽ വ്യക്തമായി കാണാം. ഭൂമിയുടെ കറക്കവും അതിനോട് അനുബന്ധിച്ച് ചന്ദ്രന്റെ വൃദ്ധിക്ഷയവും എല്ലാം പുസ്തകങ്ങളിൽ നിന്ന് പഠിച്ചത് (പാഠപുസ്തകങ്ങളല്ല) നേരിട്ടറിഞ്ഞ ഒരു കാലം ഉണ്ടായിരുന്നു.
രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവസം,
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ ഒരു ശബ്ദം,, പെട്ടെന്ന് ഒരുത്തൻ വിളിച്ചുകൂവി,
“അതാ വിമാനം”
അവൻ ചൂണ്ടിയ ഭാഗത്തുനോക്കി മറ്റുള്ളവരും പറഞ്ഞു,
“അതാ, അതാ,,,”
മേഘപാളികൾക്കടിയിലൂടെ പതുക്കെ സഞ്ചരിക്കുന്ന വിമാനം അക്കാലത്ത് അവർക്കൊരു കൌതുകകാഴ്ചയാണ്. എല്ലാറ്റിലും പുതുമ കണ്ടെത്തുന്ന ഒരു കാലം, കാരണം ഇന്ന് നിത്യേനകാണുന്ന പലതും അന്ന് അപൂർവ്വമായിരുന്നു.

                         ആകാശനഗരം പണിയുന്ന ഇന്നത്തെ തലമുറക്ക് ആകാശം നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. മനുഷ്യന് സൌന്ദര്യക്കാഴ്ചകൾ ഭൂമിയിലേത് മാത്രമല്ല, ആകാശത്തിലുള്ളതും നഷ്ടപ്പെട്ടുകഴിഞ്ഞു. സൌരയൂഥത്തിന്റെ അതിരുകൾ കടന്ന് മനുഷ്യസന്ദേശങ്ങൾ സഞ്ചരിക്കുമ്പോൾ അതിനിടയിൽ എന്ത് ആകാശകാഴ്ചയാണുള്ളത്. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നോക്കി ദിക്കുകളും കാലങ്ങളും ഗണിച്ചിരുന്ന മനുഷ്യന്റെ പിൻ‌ഗാമികൾക്ക് ഇന്ന് എല്ലാം യാന്ത്രികമാണ്.

ഇപ്പോൾ എനിക്കൊരു സംശയം; 
ചന്ദ്രൻ ഇപ്പോഴും ആകാശത്തുതന്നെയുണ്ടോ?
എന്നിട്ടെന്തേ ചന്ദ്രികയിൽ മുങ്ങിയ ഭൂമി എനിക്ക് കാണാനാവാത്തത്?
രാത്രിയിൽ വൈദ്യുതവിളക്കുകളുടെ പ്രഭയിൽ പൊടിപടലങ്ങൾ നിറഞ്ഞ ആകാശത്ത് ഇപ്പോഴും നക്ഷത്രങ്ങൾ ഉദിക്കാറുണ്ടോ?
പണ്ടത്തെപോലെ കാർത്തികയും രോഹിണിയും സിറിയസും ഭൂമിയെനോക്കി ചിരിക്കാറുണ്ടോ?
തിരക്കിനിടയിൽ നമുക്കത് നോക്കാനും കണ്ടെത്താനും നേരമുണ്ടോ?

ഒരു സൂര്യഗ്രഹണദിവസം,
സൂര്യനെ നേരിട്ട് നോക്കാനാവില്ലെങ്കിലും ഗ്രഹണക്കാഴ്ച നേരിൽ‌കാണാനായി മുത്തശ്ശി പരന്ന പാത്രത്തിലെ വെള്ളത്തിൽ കരിയും മണ്ണും കലക്കി വെക്കുന്നു. പണ്ട് ചാണകം കലക്കിവെച്ച് സൂര്യഗ്രഹണം നോക്കിയപ്പോൾ ചന്ദ്രൻ സൂര്യനു മുന്നിൽ പ്രത്യക്ഷപ്പെട്ടതും പതുക്കെ അപ്രത്യക്ഷമായതും അവർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അങ്ങനെ ഗ്രഹണം ആരംഭിച്ചു; സൂര്യന്റെ ഒരറ്റത്ത് ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോൾ അകത്തുനിന്നും കൊച്ചുമകൾ വിളിച്ചു പറയുന്നു,
“അമ്മൂമ്മെ, എന്തിനാ ഇങ്ങനെ കൈയ്യൊക്കെ വൃത്തികേടാക്കുന്നത്? ഇവിടെവന്നാൽ ടീവിയിൽ ലൈവ് ആയി ഗ്രഹണം കാണാലോ”
അതാണ് എളുപ്പം, അതാണ് ഇന്നത്തെ ശരിയായ പാത.
               പുരോഗതിയുടെ പാതയിലേക്കുള്ള കുതിപ്പിൽ നമുക്ക് സ്വന്തമായ അനുഭവങ്ങൾ പലതും നഷ്ടപ്പെടുകയാണ്. അതിലൊന്ന് ആകാശകാഴ്ച തന്നെയാണ്; വർണ്ണമനോഹരമായ നമ്മുടെ ആകാശം.
ഇന്ന്,
‘എനിക്കില്ലൊരു ആകാശം
നിനക്കില്ലൊരു ആകാശം
നമുക്കില്ലൊരു ആകാശം’