“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 29, 2012

പരീക്ഷാഡ്യൂട്ടിക്കിടയിലെ ലീഗ്


                       ഒരേ ചോദ്യങ്ങൾക്ക് ഒരേ സമയത്ത് ഏറ്റവും അധികം ആളുകൾ ഉത്തരം എഴുതുന്ന പൊതുപരീക്ഷ,,,
അത്, നമ്മുടെ കേരളത്തിൽ നടക്കുന്ന ‘എസ്.എസ്.എൽ.സി.’ ആയിരിക്കും എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. പത്തും ചിലപ്പോൾ പത്തിലധികവും കൊല്ലങ്ങളായി കഠിനപരിശ്രമം നടത്തി പഠിച്ചതിനുശേഷം, വിദ്യാർത്ഥികൾ അവർക്കറിയാവുന്ന ഉത്തരങ്ങൾ കടലാസിൽ എഴുതുമ്പോൾ അവരെ പഠിപ്പിച്ച അദ്ധ്യാപകരും രക്ഷിതാക്കളും സർക്കാരും ആകാംക്ഷയോടെ കാത്തുനിൽക്കുന്നുണ്ടാവും.
അവരൊന്ന് വിജയിച്ചിട്ടുവേണം അതൊന്ന് ആഘോഷിക്കാൻ!!!
ഈ വിജയത്തിന്റെ അളവുകോൽ പലപ്പോഴായി മാറി മറിഞ്ഞിട്ട് ഇപ്പോൾ ‘D+’ ഗ്രെയിഡിൽ എത്തിനിൽക്കുകയാണ്.

                       പരീക്ഷാനേരത്ത് എല്ലാ പൊതുപരീക്ഷകൾക്കും പൊതുവെയുള്ള ഒരു രീതിയുണ്ട്; ഒരു വിദ്യാലയത്തിലെ വിദ്യാർത്ഥി പരീക്ഷ എഴുതുമ്പോൾ മേൽനോട്ടം വഹിക്കുന്നത് ഒരിക്കലും അതേ വിദ്യാലയത്തിലെ അദ്ധ്യാപകർ ആയിരിക്കില്ല. ആയതുകൊണ്ട് എസ്.എസ്.എൽ.സി. പരീക്ഷക്കാലം വരുമ്പോൾ അദ്ധ്യാപകരെ അന്യോന്യം മാറ്റും. അല്ലെങ്കിൽ പഠിപ്പിച്ചവൻ തന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുകൊടുത്ത് സ്വന്തം വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയാലോ?

                       എന്റെ വിദ്യാലയത്തിലെ പത്താം‌തരം വിദ്യാർത്ഥികളെല്ലാം പരീക്ഷഎഴുതാനും പാസാവാനും തയ്യാറായിരിക്കയാണ്. കണ്ണൂർ ജില്ലയിൽ സർക്കാർ ഹൈസ്ക്കൂളുകളും മാനേജ്‌മെന്റെ ഹൈസ്ക്കൂളുകളും ഇടവിട്ട് കാണപ്പെടുന്നതിനാൽ, എന്നെപ്പോലുള്ള സർക്കാർ സ്ക്കൂളിലെ അദ്ധ്യാപകർക്ക് പരീക്ഷാഡ്യൂട്ടി എല്ലായിപ്പോഴും മാനേജ്‌മെന്റ് അദ്ധ്യാപകനിയമനം നടത്തുന്ന എയിഡഡ് വിദ്യാലയത്തിൽ ആയിരിക്കും. മാനേജർ കോഴവാങ്ങി അദ്ധ്യാപകരെ നിയമിച്ചാലും ശമ്പളം സർക്കാർ തന്നെ കൊടുക്കണം; അതാണ് കേരള വിദ്യാഭ്യാസ നിയമം. എന്നാൽ ആര് നിയമിച്ചാലും ശരി, തൊട്ടടുത്ത വിദ്യാലയങ്ങളിലെ അദ്ധ്യാപകർ തമ്മിൽ പുറമെ നല്ലസ്നേഹം പ്രകടിപ്പിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ എപ്പോഴും ശത്രുക്കളായിരിക്കും എന്നത് പരസ്യമായ ഒരു രഹസ്യമാണ്.

അങ്ങനെയൊരു പരീക്ഷാക്കാലം,
                            എനിക്കും എന്റെ സഹഅദ്ധ്യാപകർക്കും പരീക്ഷാഡ്യൂട്ടി അല്പം അകലെയുള്ള വിദ്യാലയത്തിൽ ലഭിച്ചപ്പോൾ നമ്മുടെ വിദ്യാലയത്തിൽ ഡ്യൂട്ടി ലഭിച്ചത് തൊട്ടടുത്ത് പുതിയതായി ആരം‌ഭിച്ച എയിഡഡ് വിദ്യാലയത്തിലെ അദ്ധ്യാപകർക്കായതിനാൽ എല്ലാവരും ചെറുപ്പക്കാരായിരുന്നു. കോപ്പിയടിക്കുന്നവനെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ രണ്ട് മണിക്കൂർ പരീക്ഷാസമയം ഒരു മുഷിപ്പും കൂടാതെ കടന്നുപോകുന്നതുകൊണ്ട് പരീക്ഷാഡ്യൂട്ടി എനിക്ക് വളരെ ഇഷ്ടമാണ്. ഞങ്ങൾക്ക് ഡ്യൂട്ടി മറ്റൊരിടത്താണെങ്കിലും എല്ലാദിവസവും പരിക്ഷക്ക് മുൻപും പിൻപും അതാത് വിഷയം പഠിപ്പിച്ചവർ സ്വന്തം സ്ക്കൂളിൽ പോയി സ്വന്തം കുട്ടികളെ കണ്ട് പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക്, എല്ലാ ദിവസവും വൈകുന്നേരം പിറ്റേദിവസത്തെ വിഷയം പഠനക്ലാസ് കൂടി ഉണ്ടാവും. ഡ്യൂട്ടി ചെയ്യുന്നത് ഒരിടത്താണെങ്കിലും മനസ്സ് എപ്പോഴും എല്ലാവരുടെതും സ്വന്തം വിദ്യാലയത്തിൽ തന്നെയായിരിക്കും.

പരീക്ഷകൾ ഓരോന്നായി കഴിഞ്ഞ്‌പോകവെ,
ചരിത്രം പരീക്ഷ കഴിഞ്ഞ ദിവസം,
വൈകുന്നേരം നമ്മുടെ കൂട്ടത്തിൽ ജൂനിയറായ ചരിത്രം കൂടി പഠിപ്പിക്കുന്ന സാമൂഹ്യശാസ്ത്രം‌ടീച്ചർ സ്വന്തം വിദ്യാർത്ഥികളെ കാണാൻ വന്നപ്പോൾ ഞെട്ടിക്കുന്ന വാർത്തയാണ് ലഭിച്ചത്,
ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാർത്ഥിനി ഒരു ചോദ്യത്തിന്റെ ഉത്തരം തെറ്റിച്ച് എഴുതിയിരിക്കുന്നു!!!
അര മാർക്ക് പോയി!
അതും അവൾക്ക് നന്നായി അറിയുന്ന ഉത്തരം,,,,

സംഭവം ഇങ്ങനെയാണ്.
                         ചോദ്യക്കടലാസ് ലഭിച്ച നിമിഷം‌തൊട്ട് വിദ്യാർത്ഥികളെല്ലാം തല ഉയർത്താതെ, ചോദ്യങ്ങൾ ഓരോന്നായി വായിച്ച് ഉത്തരങ്ങൾ ഓരോന്നായി എഴുതിക്കൊണ്ടിരിക്കെ പരീക്ഷ നടത്തിക്കാനായി ക്ലാസ്സിൽ വന്ന അദ്ധ്യാപിക ഓരോരുത്തരെയും നിരീക്ഷിക്കുക മാത്രമല്ല, അവരുടെ ചോദ്യങ്ങളും‌ ഉത്തരങ്ങളും കൂടി അവരറിയാതെ വായിക്കുന്നുണ്ടായിരുന്നു; ബോറടി മാറ്റാൻ കണ്ടെത്തിയ നല്ലൊരു മാർഗം. അങ്ങനെ ഉത്തരം എഴുതുന്നവരെ നിരീക്ഷിച്ചുകൊണ്ടിരിക്കെ ചെറുപ്പക്കാരിയായ ആ ടീച്ചർക്ക് ഒരു സംശയം,,
ആദ്യത്തെ പത്ത് ചോദ്യങ്ങൾ ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്ത് എഴുതാനുള്ളതാണ്; അതിൽ ഏഴാമത്തെ ചോദ്യത്തിലാണ് ടീച്ചർക്ക് സംശയം ഉണ്ടായത്. ചോദ്യം ഇങ്ങനെ,
7. താഴെയുള്ളവരുടെ കൂട്ടത്തിൽ ഇന്ത്യാ ലീഗിന്റെ സെക്രട്ടറി ആയ വ്യക്തി ആര്?
(1.ഗാന്ധിജി, 2.മുഹമ്മദാലി ജിന്ന, 3. വി.കെ. കൃഷ്ണമേനോൻ, 4.ജവഹർലാൽ നെഹറു)
ഉത്തരം പകൽ‌പോലെ വ്യക്തമാണെങ്കിലും ഈ കുട്ടി തെറ്റിച്ച് എഴുതിയിരിക്കുന്നു. ലീഗിന്റെ സെക്രട്ടറി ആരെന്ന ചോദ്യത്തിന് ഉത്തരം ‘വി.കെ. കൃഷ്ണമേനോൻ’ പോലും!
ഈ പെൺകുട്ടിക്ക് ലീഗെന്നാൽ മുസ്ലീമാണെന്ന് അറിയാതായൊ?
പതുക്കെ അവളുടെ വലതുചെവിയിൽ പറഞ്ഞുകൊടുത്തു,
“കുട്ടി ഏഴാമത്തെ ചോദ്യത്തിന് എഴുതിയ ഉത്തരം തെറ്റാണ്, മുഹമ്മദാലി ജിന്നയാണ് ശരിയായ ഉത്തരം”
ക്ലാസ്സിൽ ടീച്ചർ പഠിപ്പിച്ചത് വി.കെ. കൃഷ്ണമേനോൻ എന്നാണ്, എന്നാൽ പരീക്ഷക്ക് വന്ന ടീച്ചർ അത് തെറ്റാണെന്ന് പറഞ്ഞ് മറ്റൊരു ഉത്തരം പറഞ്ഞുതന്നാൽ കുട്ടി എന്ത് ചെയ്യും? ടീച്ചറാണെങ്കിൽ സമീപത്ത്‌നിന്ന് മാറുന്നതേ ഇല്ല.
അവൾ മാറ്റി എഴുതി,
അങ്ങനെ വി. കെ. കൃഷ്ണമേനോനെ തടഞ്ഞ് ആ സ്ഥാനത്ത് മുഹമ്മദാലി ജിന്ന കടന്നുവന്നു.

സംഭവം ക്ലൈമാക്സ് സഹിതം കേട്ടതോടെ നമ്മുടെ ജൂനിയർ സാമൂഹ്യപാഠത്തിന് കലികയറി, നേരെനടന്നു സ്ക്കൂൾ ഓഫീസിലേക്ക്,,,
                           പരീക്ഷകഴിഞ്ഞപ്പോൾ ഉത്തരക്കടലാസുകളെല്ലാം എണ്ണിതിട്ടപ്പെടുത്തി, ഓരോ കവറുകലിലാക്കിയിട്ട് ഒന്നിച്ച് പൊതിഞ്ഞുകെട്ടി കടലാസ് കവറിലിട്ട് ഒട്ടിച്ചശേഷം നൂലുകൊണ്ട് മുറുക്കികെട്ടിയിട്ട് അവയെല്ലാം കോട്ടൺ‌ബാഗിലിട്ട് തുന്നിക്കെട്ടി ‘അരക്ക്’ ചൂടാക്കി ഒട്ടിച്ച് മോണോഗ്രാം‌കൊണ്ട് മുദ്രവെച്ചശേഷം കവറിന്റെ പുറത്ത് ‘ഉത്തരക്കടലാസ് നോക്കി മാർക്കിടുന്ന സ്ക്കൂളിന്റെ’ അഡ്രസ്സ് വ്യക്തമായി എഴുതി. പിന്നീട് കോഡുകളെല്ലാം എഴുതി, എല്ലാം ശരിയാണെന്ന് ഉറപ്പ്‌വരുത്തിയശേഷം പോസ്റ്റ് ചെയ്യാൻ എല്പിച്ച് ചീഫ് സുപ്രണ്ട് കൂടിയായ ഹെഡ്‌മാസ്റ്റർ വിശ്രമിക്കുമ്പോഴാണ് ജൂനിയർ സാമൂഹ്യപാഠത്തിന്റെ വരവ്.
വന്ന ഉടനെ ഹെഡ്‌മാസ്റ്ററോട് ചോദിച്ചു,
“സർ പതിനൊന്നാം നമ്പർ റൂമിൽ ഇന്ന് ഹിസ്റ്ററി എക്സാം നടക്കുമ്പോൾ ആർക്കാണ് ഡ്യൂട്ടി ഉണ്ടായത്?”
“ആ റൂമിൽ എന്ത്‌പറ്റി ടീച്ചർ?”
“ഒന്നും പറ്റിയില്ല, എനിക്കൊരു കാര്യം അറിയാനാണ്?”
സ്വന്തം സ്ക്കൂളിലെ അദ്ധ്യാപികയല്ലെ ചോദിക്കുന്നത്; അതും വിദ്യാർത്ഥികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവൾ,,, ഹെഡ്‌മാസ്റ്റർ രജിസ്റ്റർ തുറന്ന് പതിനൊന്നിൽ പരീക്ഷ നടത്തിയ ടീച്ചറുടെ പേരും സ്ക്കൂളിന്റെ പേരും പറഞ്ഞുകൊടുത്തു.
                      ജൂനിയറിന് ആളെ മനസ്സിലായി, ആ നാട്ടിൽ‌തന്നെയുള്ള ഒരു പാവം മാത്തമാറ്റിക്സ് അദ്ധ്യാപിക; നാലും മൂന്നും ഏഴെന്ന് പഠിപ്പിക്കേണ്ടവൾ എന്തിനാണ് ചരിത്രം തിരുത്താൻ വന്നത്? ഇതങ്ങനെ വിട്ടുകൊടുക്കരുത്. സ്ക്കൂളിൽ‌നിന്ന് വെളിയിലേക്കിറങ്ങിയ ചരിത്രം, മുന്നിൽ കണ്ട ഓട്ടോപിടിച്ച് നേരെ പോയി; സ്വന്തം വീട്ടിലേക്കല്ല,,,,
പിന്നെയോ???
പരീക്ഷാഡ്യൂട്ടിക്ക് വന്ന തൊട്ടടുത്ത വിദ്യാലയത്തിലെ കണക്ക് അദ്ധ്യാപികയുടെ വീട്ടിലേക്ക്,,,

                       അപ്രതീക്ഷിതമായി ഓട്ടോയിൽ നിന്നിറങ്ങി വീട്ടിലേക്ക് വരുന്ന അദ്ധ്യാപികയെ കണ്ടപ്പോൾ കണക്ക് ടീച്ചർ ഞെട്ടി,
‘ഈ ടീച്ചർക്കെന്താ എന്റെ വീട്ടിൽ കാര്യം?’
‘സി.ഏ.റ്റി. കേറ്റ്’ എന്നെഴുതി പഠിച്ചുകൊണ്ടിരിക്കുന്ന അവരുടെ മകൾ അമ്മയുടെ ഭാവം‌കണ്ട് അമ്പരന്നു,
‘ഈ മമ്മിക്കെന്ത് പറ്റി?’
വീട്ടിന്റെ വരാന്തയിൽ കയറിയ ഉടനെ ചരിത്രം അവർക്കുനേരെ വിരൽചൂണ്ടിയിട്ട് ചോദിച്ചു,
“നാലും മൂന്നും ഏഴെന്ന് പഠിപ്പിക്കുന്ന ടീച്ചർക്കെന്താ ചരിത്രത്തിൽ കാര്യം?”
“അത് പിന്നെ നാലും മൂന്നും ഏഴ് തന്നെയല്ലെ?”
“അത് നിങ്ങൾക്ക്,, എന്നാൽ ചരിത്രത്തിൽ നാലും മൂന്നും ചേർന്നാൽ എട്ടും ഒൻപതും ആയി മാറും. പരീക്ഷക്ക് ഡ്യൂട്ടി ചെയ്യുന്നവർ അത് ചെയ്താൽ മതി. കുട്ടികൾക്ക് തെറ്റായ ഉത്തരം പറഞ്ഞുകൊടുത്ത് അവരെ തോല്പിക്കാതിരുന്നാൽ വളരെ ഉപകാരം”
“ഞാനെന്ത് ചെയ്‌തെന്നാ ടീച്ചർ പറയുന്നത്?”
“കണക്ക് ടീച്ചർ ചരിത്രം തിരുത്തേണ്ട, പിന്നെ, ലീഗെന്ന് പറഞ്ഞാൽ മുസ്ലിം‌ലീഗ് മാത്രമല്ല, കേട്ടോ?”
പറയേണ്ടത് പറയേണ്ടതുപോലെപറഞ്ഞതിനുശേഷം, ഇറങ്ങിയ ഓട്ടോയിൽ‌തന്നെ കയറി ചരിത്രം സ്ഥലം‌വിട്ടപ്പോൾ കണക്ക് ടീച്ചറുടെ മകൾ ചോദിച്ചു,
“മമ്മി ഇപ്പം‌വന്ന ആന്റിയെന്നാ പരഞ്ഞത്?”
ഉത്തരം കിട്ടാത്ത കണക്കു ടീച്ചർ മകളുടെ ചോദ്യം കേട്ടില്ല,
അവർ ചിന്തിക്കുകയാണ്;
നാലും മൂന്നും എട്ട് ആയിമാറുമോ?
ലീഗിൽ ശരിയായ ഉത്തരം പറഞ്ഞുകൊടുത്താൽ ഇത്രവലിയ കൊടുങ്കാറ്റ് ഉണ്ടാക്കുമോ?

പിൻകുറിപ്പ്:
‘വി. കെ. കൃഷ്ണമേനോൻ’
1929 മുതൽ 1947 വരെ ഇന്ത്യാലീഗിന്റെ സ്ഥാപകനും സെക്രട്ടറിയും പത്രപ്രവർത്തകനും ആയിരുന്നു,

നമ്മുടെ ജൂനിയറിന്റെ മറ്റൊരു ചരിത്രം മുൻപ് പോസ്റ്റ് ചെയ്തത് വായിക്കാം,