“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 13, 2012

കടപ്പുറം‌ചാലിലെ മത്സ്യം പങ്കുവെക്കൽ

        രാവിലെ എഴുന്നേറ്റ ഞാൻ ഉമിക്കരികൊണ്ട് പല്ല്‌തേച്ചശേഷം കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ, കുഞ്ഞിക്കടപ്പുറത്തെ നാരാണൻഗുരിക്കൾ നമ്മുടെ വീട്ടിലേക്ക് നോക്കി വിളിച്ചു പറയുന്നത് കേട്ടു,
“ഇന്ന് നമ്മള് വലവലിച്ചപ്പം വലിയ മീന് കിട്ടീട്ടുണ്ട്, മോളെ കടപ്പൊറത്തെ പീടിയേന്റെ മുമ്പിലയച്ചാൽ അതിനെമുറിക്കുമ്പം നിങ്ങക്കും ഒരോതിതരാം”
അത്‌ കേട്ടത്‌മുതൽ, കഞ്ഞികുടിച്ചുകൊണ്ടിരിക്കുന്ന എന്നെ, അമ്മ ശല്യം ചെയ്യാൻ തുടങ്ങി,
“നീയൊന്ന് വേഗം കഞ്ഞികുടിച്ചാട്ടെ, വേംപോയിറ്റില്ലെങ്കിൽ മീനൊക്കെ ഓതിവെച്ച് മറ്റുള്ളാള് കൊണ്ടോകും”
മൂന്നാം തവണയും അമ്മയുടെ അറിയിപ്പ് കേട്ടപ്പോൾ കഞ്ഞികുടി അവസാനിപ്പിച്ച ഞാൻ അമ്മയോട് പറഞ്ഞു,
“ബാക്കികഞ്ഞി ഞാമ്പന്നിറ്റ് കുടിക്കാം”
കഞ്ഞി വിളമ്പിയ ഓട്ടുകിണ്ണം മാറ്റിവെച്ച്, ചമ്മന്തി മൊത്തമായി തിന്നുകൊണ്ട്, അടുക്കളയിൽ നിന്നും ഞാൻ മുറ്റത്തേക്ക് തുള്ളി. അപ്പോൾ മുറ്റത്തിരുന്ന് തേങ്ങയുരിക്കുന്ന അമ്മമ്മയുടെ അറിയിപ്പ് വന്നു,
“മീനും എട്‌ത്ത് വരുമ്പം പരുന്തൊന്നും കൊത്താതെ നോക്കണം”
റാകിപ്പറക്കുന്ന ചെമ്പരുന്ത് മാത്രമല്ല, പലയിനം പരുന്തുകൾ നമ്മുടെ കടൽ‌തീരഗ്രാമത്തിന്റെ മുകളിൽ വട്ടമിട്ട് നിരീക്ഷണം നടത്താറുണ്ട്. ഈ പരുന്തുകൾക്ക് എന്നെയല്ല, മീനിനെ റാഞ്ചിയെടുക്കാനാണ് കൂടുതൽ ഇഷ്ടം. പരുന്തിനുകൂടി അവകാശപ്പെട്ട മീൻ വെറും ഏഴ്‌വയസുകാരിയുടെ കൈയിൽ കണ്ടാൽ അത് തട്ടിപ്പറിക്കാതെ പരുന്തെന്ത് ചെയ്യും?

                         മുറ്റത്തിറങ്ങിയ ഞാൻ വീടിന്റെ പടിഞ്ഞാറോട്ട് നടന്ന് തൊട്ടടുത്ത തെക്കെപറമ്പിൽ കടന്നു. അകലെ നോക്കിയപ്പോൾ കടലിലെ തിരമാലകൾ ഇളകുന്നത് കാണുന്നുണ്ടെങ്കിലും വലിയശബ്ദമൊന്നും കേൾക്കാനില്ല.
‘അത് ഞങ്ങളുടെ ശീലമാണ്, കടൽതീരത്ത് വസിക്കുന്നവർക്ക് കടലിന്റെ സാധാരണശബ്ദമൊന്നും കേൾക്കാനാവില്ല’.
                        പിറന്ന്‌വീണപ്പോൾ ആദ്യം കേട്ടത് അറബിക്കടലിലെ തിരമാലകളുടെ ശബ്ദമായിരിക്കാം; ഞാൻ മാത്രമല്ല, കുട്ടിക്കാലത്ത് ഒന്നിച്ച് കളിച്ച് പഠിച്ച് വളർന്ന എല്ലാവരും. ജനിച്ച്‌വളർന്ന വീട്ടിൽ‌നിന്ന് നേരെ പടിഞ്ഞാറ് നോക്കിയാൽ‌കാണുന്നത് അറബിക്കടലായതുകൊണ്ട് ജനിക്കുന്നതിന് മുൻപ് കേട്ടുകൊണ്ടിരുന്നതും ജനിച്ചപ്പോൾ ആദ്യം കേൾക്കുന്നതും തിരമാലകളുടെ താരാട്ടുപാട്ടായിരിക്കുമല്ലോ. ശരിക്കും അത്‌തന്നെയാണ് ഞാൻ കേട്ടത്,,, അറബിക്കടലിന്റെ താരാട്ടുപാട്ടും അലർച്ചയും,, വ്യത്യസ്തമായ രാഗ താള ഭാവ ലയങ്ങളിൽ അലയടിക്കുന്ന ശബ്ദം.

                          ഞാൻ തെക്കേലെ വീടിന്റെ മുന്നിൽ‌പോയി ഇന്ദിരേച്ചിയെ വിളിച്ചു, അവരുടെ കൂടെ കളിക്കാൻ മാത്രമാണ് എനിക്ക് പെർ‌മിഷൻ ഉള്ളത്. എന്നെക്കാൾ രണ്ട് വയസ്സ് മൂത്ത ഇന്ദിരേച്ചിയാണ് മൊത്തത്തിൽ എന്നെ നിയന്ത്രിക്കുന്നത്. രണ്ട് തവണ വിളിച്ചിട്ടും ഒച്ചകേൾക്കാത്തതുകൊണ്ട്, വീടിന്റെ തുറന്ന അടുക്കളവാതിൽ കടന്ന് അകത്തുപ്രവേശിച്ച ഞാൻ ചായ്പും പടിഞ്ഞിറ്റയും ഇറയകവും പരതിനോക്കിയിട്ട് തുറന്ന മുൻ‌വാതിലിലൂടെ പുറത്തിറങ്ങി. വീട്ടിലാരുമില്ല; വാതില് ചാരാതെ ഇവരൊക്കെ ഏട്യാ പോയത്? ഇന്ദിരേച്ചിയുടെ അമ്മ പണിക്ക് പോയാൽ‌പിന്നെ നാട്ടിലെ കുട്ടികളുടെ കളിസ്ഥലമായിരിക്കും അവരുടെ വീട്. സ്ക്കൂളില്ലാത്ത ദിവസമായതിനാൽ ഇന്ദിരേച്ചിയും അനിയനും തൊട്ടടുത്ത ഏതെങ്കിലും വീട്ടിലുണ്ടാവും! അതാണല്ലൊ,, വാതിലൊക്കെ തുറന്നിട്ടത്!!!

                            വെളുത്ത പൂഴിയിൽ കാലമർത്തിയിട്ട് ഞാൻ പതുക്കെ നടന്ന് വായനശാലയുടെ അടുത്തെത്തി. അതിനപ്പുറത്തെ പറമ്പിലാണ് കടപ്പുറത്തെ ചായപീടികയും കൂടെ പലചരക്ക് വില്പനശാലയും. ഗ്രാമീണരായ നാട്ടുകാർക്ക് ചായകുടിക്കണമെന്ന് തോന്നിയാൽ കടപ്പൊറത്തെ ചായപീടികയിൽ‌തന്നെ വരണം. റേഷനറി കിട്ടാത്ത കാലത്ത് ചോറും കഞ്ഞിയും വെക്കാൻ കടപ്പൊറത്തെ പീടികയിൽ നിന്ന് അരി വാങ്ങണം. പിന്നെ,, ആരെങ്കിലും വിരുന്ന്‌വന്നാൽ അടുത്തവീട്ടുകാർ സ്വന്തം മക്കളെ തൂക്കുപാത്രവുമായി ഓടിക്കും; എപ്പോഴും തീയെരിയുന്ന സമാവറിലെ വെള്ളവും പാലും പഞ്ചസാരയും ചേർത്തിളക്കി ചായപീടികക്കാരൻ നിർമ്മിക്കുന്ന ചൂടുള്ള ചായ വാങ്ങിവരാൻ!
                            സംഭവം എത് നൂറ്റാണ്ടിലാണെന്ന് ചിന്തിക്കുന്നുണ്ടാവും,, ഇത് നടക്കുന്നത് അൻപത് വർഷം മുൻപാണ്,,, 1960നു മുൻപ്,,, അക്കാലത്ത് ചായ നമ്മുടെ ഗ്രാമീണഭവനങ്ങളിൽ കടന്നുവന്നിട്ടില്ല, പിന്നെ കാപ്പികുരു പൊടിച്ച് ഉണ്ടാക്കുന്ന ചക്കരകാപ്പിയോ വെല്ലകാപ്പിയോ ചില സ്പെഷ്യൽ അവസരങ്ങളിൽ വിട്ടിൽ ഉണ്ടാക്കുകയും വിരുന്ന് വരുന്നവർക്ക് നൽകുകയും ചെയ്യും. വീട്ടിൽ‌വരുന്ന വി.വി.ഐ.പി. കൾക്ക് ചായ കൊടുക്കുന്നുണ്ടെങ്കിൽ അത് തൊട്ടടുത്ത പീടികയിൽ നിന്ന് വാങ്ങിയത് ആയിരിക്കും, എന്ന് മാത്രം.

                           എന്റെ ഗ്രാമത്തിന്റെ ഒരറ്റമായ കടപ്പുറംചാലിലെ വീടുകൾക്കൊന്നും അക്കാലത്ത് സ്വന്തമായി ഒരു പേരുണ്ടായിരുന്നില്ല. തെക്കേല്, വടക്കേല്, പടിഞ്ഞാറേല്, കിഴക്കേല്, കുഞ്ഞിക്കടപ്പുറം, ആനേന്റകടപ്പുറം, പീച്ചേല്, അങ്ങനെ പോകുന്നു വിട്ടുപേരുകൾ. ഒരു വീടിന്‌തന്നെ ഒന്നിലധികം പേരുകൾ കാണും, അതുപോലെ ഒരേ പേര് ഒന്നിലധികം വീടുകൾക്ക് ഉണ്ടാവും. എന്റെ വീട് പലർക്കും ‘വടക്കേല്’ ആണ്, എന്നാൽ വീടിന്റെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന കിഴക്കേലെ അയൽ‌വാസികൾക്ക് ഞങ്ങൾ ‘പടിഞ്ഞാറേല്’ ആണ്. ഒരുവശത്തുകൂടി ഒഴുകുന്ന ‘പീച്ചതോട്’ കടലിൽ അവസാനിക്കുന്ന അഴിമുഖം ‘തെക്കേല്’ വീട്ടുകാരുടെ തൊട്ടപ്പുറത്താണ്. ഗ്രാമത്തിന്റെ കിഴക്കുഭാഗത്തുനിന്ന് രണ്ട് ശാഖകളായി ഒഴുകിവരുന്ന പീച്ചതോട് ഒന്നായി മാറുന്നതിന് തൊട്ടുടുത്താണ് വിശാലമായ നെൽ‌വയൽ. രണ്ട്‌വിള നെല്ലും ഇടവിളയായി വെള്ളരിയും പയറും കൃഷിചെയ്യുന്നത് സഹകരണ അടിസ്ഥാനത്തിൽ ഗ്രാമീണർ തന്നെയാണ്.
പിന്നെ, ഗ്രാമത്തിൽ എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും കാണാം,,,
ഇളം‌കാറ്റിൽ ഇളകിയാടുന്ന തെങ്ങുകൾ,,
  
                           അറബിക്കടലിന്റെ തീരത്ത് കാണപ്പെടുന്ന വെളുത്ത മണൽ തന്നെയാണ് കടപ്പുറം‌ചാലിലെ പറമ്പുകളിൽ കാണുന്നത്. കടൽ ആക്രമിച്ച് കൈയ്യേറാ‍റില്ലെങ്കിലും ഇവിടെ ചിലകാലത്ത് കടൽ ഇളകിമറിഞ്ഞ് തൊട്ടടുത്ത പറമ്പിലെ ഒന്നോ രണ്ടോ തെങ്ങുകൾ ഇളക്കിമാറ്റി തേങ്ങയടക്കം എടുത്ത് കൊണ്ടുപോകും. അത്രെയുള്ളു; മറ്റൊരു ഉപദ്രവവും ഇവിടെ ഇതുവരെ കടൽ ചെയ്തിട്ടില്ല. പിന്നെ ഒരു പ്രത്യേകത, എന്റെ ഗ്രാമത്തിൽ കടപ്പുറംചാൽ ഒഴികെ എല്ലായിടത്തും ചെങ്കല്ലും ചെമ്മണ്ണും മാത്രമാണ്. ഒരുവശത്ത് കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ചെങ്കൽ പാറക്കൂട്ടങ്ങളാണ്. അതിൽ പറ്റിപ്പിടിച്ച് യഥേഷ്ടം വളരുന്ന കല്ലുമ്മക്കായ ഗ്രാമീണരുടെ പൊതുസ്വത്താണ്; അതുപോലെ കടലിൽ‌നിന്ന് പിടിച്ചെടുക്കുന്ന മത്സ്യങ്ങളും. കടലോരത്ത് താമസിക്കുന്ന എന്റെ ഗ്രാമത്തിലുള്ളവർ വീട്ടാവശ്യത്തിന് മീൻ‌പിടിക്കാറുണ്ടെങ്കിലും ആരും‌തന്നെ മത്സ്യതൊഴിലാളികളല്ല. പുരുഷന്മാർ സ്വന്തമായി വലവീശിയും ചൂണ്ടയിട്ടും മുങ്ങിത്തപ്പിയും കുറേയേറെ മീൻ പിടിച്ചെടുക്കുമ്പോൾ ആവശ്യം കഴിഞ്ഞ് ഒരോഹരി അയൽ‌വാസികൾക്കും നൽകും.

                           പിന്നെ നാല് ആണുങ്ങൾ ഉണ്ടായിട്ടും കടപ്പുറത്ത് മീൻ‌പിടിക്കാൻ പോകാത്തവരാണ് എന്റെ വീട്ടുകാർ. രണ്ട് അമ്മാമൻ‌മാർ അദ്ധ്യാപകർ, ഇളയമ്മാവൻ മിലിറ്ററി, അച്ഛന് കണ്ണൂരിൽ കച്ചവടം; പിന്നെ അവർക്കെങ്ങനെ മീൻ‌പിടിക്കാൻ നേരം? എന്റെ വീട്ടിൽ മീൻ കൂട്ടണമെങ്കിൽ ഏഴരക്കടപ്പുറത്തുനിന്നോ ആയിക്കര കടപ്പുറത്തുനിന്നോ പിടിച്ച മീനുകളെ, തലചുമടായി ‘കൂവിക്കൊണ്ടുവരുന്നവരിൽ‌നിന്നും’  വിലകൊടുത്ത് വാങ്ങണം, അല്ലെങ്കിൽ അയൽ‌വാസികളുടെ ദാനം സ്വീകരിക്കണം. ഇങ്ങനെ ദാനമായി സ്വീകരിക്കാൻ എന്നെയാണ് എല്ലാവരും പറഞ്ഞയക്കുന്നത്. കാരണം വീട്ടിലുള്ള ഒരേഒരു കുട്ടി ഞാനാണ്.

                            വലിയമ്മാവൻ ലൈബ്രേറിയനായ വായനശാലയുടെ മുന്നിലൂടെ നടന്നുപോകുന്ന ഞാൻ പരിസരത്ത് നോക്കി; കൂട്ടുകാർ ആരെയും കണ്ടില്ല. വൈകുന്നേരമായാൽ ആണും പെണ്ണുമായി പത്ത്‌പതിനഞ്ച് പിള്ളേർ വായനശാലയുടെ പരിസരത്ത് കളിക്കാൻ വരുന്നതാണ്. വായനശാലയിലിരുന്ന് ഏതാനും ആണുങ്ങൾ പത്രം വായിക്കുന്നുണ്ട്; അതിലൊരാൾ എന്നെ കണ്ടപ്പോൾ അടുത്തിരിക്കുന്നവനോട് ചോദിച്ചു,
“ഈ കുട്ടിയെന്തിനാ വേലികടന്ന് അപ്രത്ത് പോന്നത്?”
“ആടന്ന് മീന് മുറിക്കുന്നുണ്ട്, അത് വാങ്ങാനാരിക്കും”

                              അവരുടെ സംഭാഷണം കേട്ടുകൊണ്ട് കടലാവണക്കും നുച്ചിലും കൊണ്ട് നിർമ്മിച്ച വേലിക്കിടയിലൂടെ അടുത്ത പറമ്പിലേക്ക് നൂണുകടക്കുമ്പോൾ‌തന്നെ ഞാൻ കണ്ടു,,, അവസാനത്തെ ഒരുതുള്ളി വെള്ളത്തിയായുള്ള പിടച്ചിൽ അവസാനിപ്പിച്ച് വെളുത്ത പൂഴിയിൽ അവനങ്ങനെ ചത്ത്‌കിടന്ന് തിളങ്ങുകയാണ്. പത്ത്‌പന്ത്രണ്ട് ആണുങ്ങൾ ചുറ്റിനിൽക്കുന്ന കൂട്ടത്തിൽ മീൻ തരാമെന്ന് പറഞ്ഞ ഗുരിക്കളെ നോക്കിയെങ്കിലും അയാളെന്നെ കണ്ടഭാവം നടിച്ചില്ല. ‘മീൻ‌മോത്ത് കണ്ണില്ല’ എന്ന് അമ്മൂമ്മ പറയാറുള്ളത് പോലെ മീനിനെ നോക്കുന്ന ഗുരിക്കൾ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. പെട്ടെന്ന് തെക്കേലെ ദാസാട്ടൻ മരം‌മുറിക്കുന്ന മഴുവുമായി കടന്നുവന്ന് എല്ലാവരോടുമായി പറഞ്ഞു,
“മഴു കിട്ടി, ഇനി ശ്രാവിനെ മുറിക്കാം”
അതെ, അതൊരു വലിയ സ്രാവായിരുന്നു, അമ്മമ്മ പറയുന്ന ചിറാവ്!!!
സ്രാവിനെ വാല് പിടിച്ച് എടുത്തുയർത്താനുള്ള ദാസാട്ടന്റെ പരിശ്രമം വെറുതെയായി, അത് ശരിക്കും അദ്ദേഹത്തെക്കാൾ ഒരടി കൂടുതൽ പൊക്കം ഉണ്ടാവും!

                       പിന്നെ കത്തി, കത്ത്യാൾ തുടങ്ങിയ മാരകായുധങ്ങളൊക്കെ എത്തിച്ചേർന്നപ്പോൾ സ്രാവിനെ വെട്ടിപ്പൊളിക്കാൻ തുടങ്ങി. ചിറകൊക്കെ മുറിച്ചതിനുശേഷം ആദ്യം മഴുവീണത് തലയും ഉടലും ചേരുന്നഭാഗത്ത് തന്നെ. പെട്ടെന്ന് തെറിച്ചുവീണ ചോരതുള്ളികൾ വെള്ളമുണ്ടിൽ പതിച്ചത് പലരും തുടച്ചുമാറ്റി. വീട്ടിലെ യൂനിഫോമായ എന്റെ പെറ്റിക്കോട്ടിൽ ചോര തെറിക്കാതിരിക്കാൻ ഞാനല്പം മാറിനിന്നു. മഴുകൊണ്ട് തോല്‌പൊളിച്ച് കൊത്തിയെടുത്ത വലിയ കഷ്ണങ്ങൾ, മറ്റുള്ളവരെല്ലാം ഒത്തുചേർന്ന്, മറ്റുള്ള ആയുധങ്ങൾകൊണ്ട് ചെറിയ കുറേ കഷ്ണങ്ങളാക്കിയിട്ട് മണലിൽ വിരിച്ച ചേമ്പിലകളിൽ ഒന്നിച്ച് വലിയ കൂമ്പാരമാക്കി കൂട്ടിയിടുകയാണ്. അങ്ങനെ ഏതാനും മണിക്കൂർ മുൻപ് കടലിൽ നീന്തിത്തുടിച്ച സ്രാവ്, അരമണിക്കൂർ‌കൊണ്ട്, ചോരയിൽ കുതിർന്ന വെറും ഇറച്ചിതുണ്ടുകളായി മാറി.
                        മുതിർന്ന പുരുഷന്മാർ വളരെ കാര്യമായി ചെയ്യുന്ന ഈ കർമ്മങ്ങളെല്ലാം നോക്കിക്കൊണ്ട് അധികപ്പറ്റാണെന്ന ഭാവത്തിൽ ഒരു പൂച്ചക്കുട്ടിയെപോലെ ഞാനവിടെ നിന്നു. പരിസരത്തൊന്നും സമപ്രായക്കാരായ കുട്ടികളെ കാണാത്തതിൽ എനിക്കാകെ വിഷമം തോന്നി. മുതിർന്നവരിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവണം,
‘ഈ പൂച്ചക്കുട്ടിക്കെന്താ പൊന്നുരുക്കുന്നിടത്ത്, ‘അല്ല മത്സ്യം മുറിക്കുന്നിടത്ത്’, കാര്യം?’
എന്നെ വിളിച്ചുവരുത്തിയ നാരാണൻ ഗുരുക്കൾക്കാണെങ്കിൽ ഞാനവിടെ നിൽക്കുന്നുണ്ടെന്ന ചിന്തയേ ഇല്ല.

                        എനിക്ക് ശരിക്കും ബോറടിക്കാൻ തുടങ്ങി. തിരിച്ച് വീട്ടിലേക്ക് പോകാനും വയ്യ,, ‘പോയാൽ അമ്മയും ഇളയമ്മയും അമ്മമ്മയും തിരികെ ഓടിച്ച്‌വിടും’, ഉച്ചക്ക് മീൻ‌കൂട്ടാൻ വെക്കണമെന്ന് പറഞ്ഞാണല്ലൊ എന്നെ അയച്ചത്.
അപ്പോഴേക്കും ഇറച്ചിത്തുണ്ടുകളായി മാറിയ സ്രാവിനെ ഓഹരിവെക്കുന്ന ഡ്യൂട്ടി കൂട്ടത്തിലൊരാൾ ഏറ്റെടുത്തു. ആകെയുള്ള ആണുങ്ങളുടെ എണ്ണം കണ്ടെത്തിയിട്ട് അത്രയും ചേമ്പിലകൾ നിലത്ത് വിരിച്ച് സ്രാവ്‌കഷ്ണങ്ങൾ തുല്യമായി വീതിച്ചു. പതിനാറ് പേർക്ക് പതിനാറ് ഇലകൾ നിരത്തി; ഓരോ ഇലയിലും പത്ത്‌വീതം ഇറച്ചികഷ്ണങ്ങൾ. ഒടുവിൽ ദാസാട്ടൻ അറിയിച്ചു,
“ഇഷ്ടമുള്ള ഇല ഓരോ ആൾക്കും എടുക്കാം”
അത്‌കേട്ട ഉടനെ കൂട്ടത്തിൽ നല്ലതെന്ന് തോന്നിയ ഇലയിലെ ഇറച്ചി ഓരോ ആണുങ്ങളും പൊതിഞ്ഞെടുത്ത് സന്തോഷത്തോടെ പിരിഞ്ഞുപോകാൻ നേരത്താണ്, കൂട്ടത്തിലുള്ള ഒരാൾ കരയാൻ മുട്ടിനിൽക്കുന്ന എന്നെ ശ്രദ്ധിക്കാനിടയായത്,
“ഈ കുട്ടി? ഇത്രയും നേരം ഇവിടെ ഉണ്ടായിട്ടും മീന് കൊടുക്കാതെ?”
“ആരാ ഇവളോട് ഈടെ വരാമ്പറഞ്ഞത്?”
‘മറ്റൊരാൾ പറയാതെ, വീട്ടുകാർ അറിയാതെ, ഞാനവിടെ എത്തില്ല’ എന്നകാര്യം എല്ലാവർക്കും അറിയാം.
“അത് ഞാമ്പറഞ്ഞിറ്റാ”
നാരാണൻ ഗുരിക്കൾ പറഞ്ഞപ്പോൾ മറ്റുള്ളവർ അദ്ദേഹത്തെ കുറ്റപ്പെടുത്തി,
“എന്നിട്ട് ഈ മീന് ഓഹരിവെക്കുമ്പം ഗുരിക്കളെന്താ അക്കാര്യം പറയാഞ്ഞത്?”
“ഞാനതിന്,,, ഓളെ കണ്ടില്ല,,”
കണ്ടില്ല പോലും, അയാളെന്നെ നോക്കിയിട്ടും കണ്ടില്ല പോലും!!!
“ഇനിയെന്നാ ചെയ്യ? എല്ലാരും മീന് എടുത്തല്ലൊ”
‘ഞാനിപ്പം കരയും’ എന്ന മട്ടിൽ നിൽക്കുന്ന എന്നെനോക്കിയിട്ട് ദാസാട്ടൻ ഗുരിക്കളോട് പറഞ്ഞു,
“ഇനിയിങ്ങനെ മറ്റുള്ളാളെ കൂട്ടിവരരുത്,, ഏതായാലും ഗുരിക്കൾ പറഞ്ഞിട്ട് കുട്ടി വന്നതുകൊണ്ട് ഗുരിക്കളുടെ ഓഹരി കുട്ടിക്ക് കൊടുക്ക്”
          ഗുരിക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവാനായി എടുത്ത, ചേമ്പിലയിൽ പൊതിഞ്ഞ ഓഹരി എനിക്ക് തന്നു. അന്നേരം ചിരിച്ചില്ലെങ്കിലും തീരെ കരയാതെ സ്രാവിറച്ചിയുമായി ഞാൻ വീട്ടിലേക്ക് നടന്നു. ഉച്ചക്ക് സ്രാവ് ‌കറി കൂട്ടി ഊണ്  കഴിക്കുമ്പോൾ അന്നെനിക്ക് ഒന്നും തോന്നിയില്ലെങ്കിലും, ഇന്ന് സ്രാവിന്റെ രുചി ഓർമ്മകളായി അവശേഷിക്കുന്നു.
****************************************************************

24 comments:

  1. ബാല്യകാലസ്മരണകള്‍....നന്ന്

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ടീച്ചറെ
    കടപ്പുറ വിശേഷങ്ങളും
    അയല്‍ വിശേഷങ്ങളും
    കേള്‍ക്കാന്‍ നല്ല സുഖമുണ്ട്
    പക്ഷെ ഒന്ന് വായിച്ചെടുക്കാന്‍
    ഇമ്മിണി ബുദ്ധിമുട്ടി കേട്ടോ!
    സാരോല്ല, വീണ്ടും പോരട്ടെ
    നാട്ടു വിശേഷങ്ങള്‍ ഓരോന്നായി!
    ചിത്രങ്ങള്‍ ഇവിടെയും മനോഹരം,

    ReplyDelete
  4. ‘പുരുഷന്മാർ സ്വന്തമായി വലവീശിയും ചൂണ്ടയിട്ടും മുങ്ങിത്തപ്പിയും കുറേയേറെ മീൻ പിടിച്ചെടുക്കുമ്പോൾ ആവശ്യം കഴിഞ്ഞ് ഒരോഹരി അയൽ‌വാസികൾക്കും നൽകും’. എന്നാൽ അടുത്ത തലമുറയിൽ‌പ്പെട്ട എന്റെ സമപ്രായക്കാരായ പുരുഷന്മാരെല്ലാം അറബികളെ വലവീശാനും ചൂണ്ടയിടാനും മുങ്ങിത്തപ്പാനും വേണ്ടി ഗൾഫിലേക്ക് പോയി. ഇക്കൂട്ടത്തിൽ 90 കഴിഞ്ഞ ഗുരിക്കളെ കടപ്പുറം‌ചാലിൽ പോയാൽ ഇപ്പോഴും കാണാറുണ്ട്. ഗുരിക്കളുടെ നാല് മക്കളടക്കം അന്ന് കടപ്പുറം‌ചാലിൽ വസിച്ചിരുന്ന പലരുടേയും മക്കളെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്.
    കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിന്റെ ഭാഗമായ കടപ്പുറം ചാലിലെ മലയാളം അതേപടിയാണ് ചിലയിടങ്ങളിൽ പ്രയോഗിച്ചത്. അഭിപ്രായം എഴിതിയ ajith, P V Ariel എന്നിവർക്ക് നന്ദി.

    ReplyDelete
  5. ടീച്ചറെ ഈ ഭാഷ നല്ല രസം..മനസ്സിലാകായ്ക(അതു തെറ്റിയോ?)
    ഒന്നുമില്ല...ചെറിയ കാര്യം എന്ന് തോന്നും എങ്കിലും വളരെ
    സുഖകരം ആയ വായന ആണ് തന്നത്...കടലും കടപ്പുറം
    എനിക്ക് അപരിചിതം ആണ്..പക്ഷെ സിനിമയിലും വായനയിലും
    കൂടി ഒരു ചിത്രം മനസ്സില്‍ ഉണ്ട്..അതിന്റെ ഒരു visual പൊലെ
    തോന്നി ഈ രചന..ഈ പോസ്റ്റിനു എന്റെ ഹൃദയം നിറഞ്ഞ
    അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. @ente lokam-, ഇതുവരെ കടൽ കണ്ടിട്ടില്ല’ എന്ന് സഹപാഠികൾ പറയുമ്പോൾ കടപ്പുറത്ത് കളിച്ചുവളർന്ന എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. Dear Teacher,
    The co-local language is beautiful.
    Good
    Sasi, Narmavedi

    ReplyDelete
  7. @sasidharan-, ശശിസാറെ അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  8. "കഞ്ഞി വിളമ്പിയ ഓട്ടുകിണ്ണം മാറ്റിവെച്ച്, ചമ്മന്തി മൊത്തമായി തിന്നുകൊണ്ട്, അടുക്കളയിൽ നിന്നും ഞാൻ മുറ്റത്തേക്ക് ...." നാടും വീടും വിട്ടവര്‍ക്ക് എന്തിനാണ് ടീച്ചറെ കൂടുതല്‍ .. ഈ ഒറ്റ വരി മതി... മനസ് നിറയും...

    ReplyDelete
    Replies
    1. @nilamburkaran-,
      എന്റെയും മനസ്സ് നിറഞ്ഞു, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. ടീച്ചറുടെ കടപ്പുറം ഭാഷയും കുട്ടിക്കാലത്തെ അനുഭവങ്ങളും നന്നായി ആസ്വദിച്ചു. എനിക്കു പച്ച സ്രാവിനേക്കാള്‍ ഇഷ്ടം ഉണക്ക സ്രാവാ...ചെറിയ കഷ്ണങ്ങളാക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്താല്‍ ഉഗ്രന്‍!...

    ReplyDelete
  10. @Mohamedkutty മുഹമ്മദുകുട്ടി-, പച്ചയായി ലഭിക്കുമ്പോൾ ഉണക്കമീൻ എനിക്കത്ര ഇഷ്ടമല്ല. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  11. പണ്ടത്തെ കടപ്പുറം വിശേഷങ്ങളും,ശൈലിയും ഇഷ്ട്ടായി...

    ReplyDelete
  12. ഗുരിക്കളുടെ കൂട്ടാൻ മുട്ടിച്ചു അല്ലേ.

    ReplyDelete
  13. നല്ല പോസ്റ്റ്. എനിക്കപരിചിതമായ ഒരു ലോകം തുറന്ന് കാട്ടിയതിനു നന്ദി

    ReplyDelete
  14. Muralee Mukundan-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    കുമാരന്‍ | kumaaran-,
    ഗുരിക്കൾക്ക് ഇപ്പോഴും പെടക്കുന്ന മീനിനെ കിട്ടും,, മൂന്ന് ആണ്മക്കളിൽ ഒരുത്തനായ പോലീസ്‌അടക്കം എല്ലാവരും മുങ്ങൽ വിദഗ്ദന്മാരാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    arun bhaskaran-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  15. ബാല്യകാല സ്മരണകള്‍ നന്നായി...നമ്മുടെ കണ്ണൂര്‍ ഭാഷ കേള്‍ക്കുമ്പോള്‍ ഒരു സുഖം....
    മനോഹരമായ അവതരണം...:)

    ReplyDelete
  16. മലയാളം കണ്ടാല്‍ പിന്നെഎനിക്കുചോറ്വേണ്ടവളരേഈസടപെട്ടു

    ReplyDelete
  17. @yemceepee-,
    നാട്ടിലുണ്ടെന്ന് മനസ്സിലായി. വളരെ സന്തോഷം,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ashrafcherucode-,
    വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  18. thanks for giving a good post...

    ReplyDelete
  19. @ശ്രീജിത്ത് മൂത്തേടത്ത്-,
    Tkanks

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.