“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 15, 2012

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം5


                    അതീവ സുന്ദരമായ, സ്നേഹം ചൊരിയുന്ന അനുഭവങ്ങളാണ് കൃഷിയെക്കുറിച്ച് എനിക്ക് ഓർക്കാനുള്ളത്. പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽ പാവൽ പടവലം എന്നിവയെക്കുറിച്ച് വായിക്കാനിടയായപ്പോൾ, പാവൽ നമ്മുടെ നാട്ടിലെ(കണ്ണൂർ) ‘കയ്പ’ ആണെന്ന് അദ്ധ്യാപകൻ പറഞ്ഞുതന്നെങ്കിലും പടവലം എന്താണെന്ന് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. എന്റെ തീരദേശഗ്രാമത്തിൽ പാവൽകൃഷി ചെയ്യാറുണ്ടെങ്കിലും പടവലംകൃഷി ഉണ്ടായിരുന്നില്ല. സൂപ്പർ മാർക്കറ്റുകൾ ജനിക്കുന്നതിന് മുൻപുള്ള ആ കാലത്ത് അന്യസംസ്ഥാന കൃഷിവിളവുകളൊന്നും മലകടന്ന് കേരളത്തിൽ വന്നിരുന്നില്ല. വലിപ്പചെറുപ്പം നോക്കാതെ ഗ്രാമീണരെല്ലാം ഒത്ത്‌ചേർന്ന് കൊയ്ത്തിന് ശേഷം പച്ചക്കറി കൃഷിചെയ്യാൻ നെൽ‌വയലിലേക്കിറങ്ങും. അത് സ്വന്തം സ്ഥലമാവണമെന്നില്ല; അന്യരുടെ സ്ഥലമായാലും അവകാശം പോലെ ഗ്രാമീണർ വർഷങ്ങളായി മണ്ണിലിറങ്ങി വിളവെടുക്കും.
                        അങ്ങനെ നാട്ടുകാരെല്ലാം കൃഷി ചെയ്ത് അന്നം കണ്ടെത്തുന്ന ഒരു മഴക്കാലത്ത് വീടിന്റെ പിന്നിലുള്ള കൃഷിസ്ഥലത്തെ തടത്തിൽ, മുളപൊട്ടി വളർന്ന പുതിയ ചെടികൾ എന്റെയും സഹോദരന്റെയും ശ്രദ്ധ ആകർഷിച്ചു. ഇലകൾ തൊട്ട് തടവിയിട്ട് മണത്തുനോക്കിയപ്പോൾ അതുവരെ അറിയാത്ത രൂക്ഷമായ ഒരു ഗന്ധം. അച്ഛനോട് ചോദിച്ചപ്പോൽ പറഞ്ഞുതന്നു; ‘അതാണ് പടവലം’. അങ്ങനെ പടവലംവളരുന്നതും പന്തലിൽ പടരുന്നതും പൂവിടുന്നതും കായ നീണ്ട് താഴാൻ അറ്റത്ത് കല്ല് കെട്ടുന്നതും ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഇന്ന് പടവലകൃഷി മാത്രമല്ല, എല്ലാ കൃഷിവിളകളും കാണുമ്പോൾ,, ‘കൃഷി അനുഭവിച്ചറിഞ്ഞ എന്റെ പിതാവിന്റെ, മരിച്ചെങ്കിലും മായാത്ത ഓർമ്മകൾ’ എന്നിൽ ഉയരും.
ഇത്തവണ മഴക്കാലം കഴിഞ്ഞ് ടെറസ്സ്‌കൃഷി ആരംഭിക്കുന്നത് പടവലം നട്ടുകൊണ്ടാവട്ടെ,,,

പടവലം

പടവലം, കയ്പ(പാവൽ), കുമ്പളം, മത്തൻ, താലോരി, വെള്ളരി, കക്കിരി തുടങ്ങിയവ ഒരേ കുടുംബത്തിൽ (Cucurbitaceae) ഉൾപ്പെട്ടവയാണ്. ഈ സസ്യങ്ങളെല്ലാം സൂര്യപ്രകാശം നന്നായി ഇഷ്ടപ്പെടുന്ന വള്ളിച്ചെടികളാണ്. അവയിൽ വെള്ളരി ഒഴികെയുള്ളവ നിലത്ത് പടരാതെ മേലോട്ട് കയറി വളരാൻ ഇഷ്ടപ്പെടുന്ന ചെടികളാണ്. കൃഷിചെയ്യുന്നത് ടെറസ്സിലാണെങ്കിലും പന്തൽ കെട്ടി ഉയർത്തിയിട്ട് വളർത്തേണ്ട ഒരു ചെടിയാണ് പടവലം. ഒരു മീറ്ററും ഒന്നര മീറ്ററും നീളമുള്ള പടവലങ്ങവരെ ഉണ്ടാവാനിടയുള്ളതിനാൽ പടവലപന്തലിന് ഉയരം കൂടുന്നത് നല്ലതാണ്.

വിത്ത്:
പടവലത്തിന്റെ വിത്ത് മുളക്കാൻ കാലതാമസം നേരിടും. പാവക്കയുടെ വിത്ത്‌പോലെ ഓവൽ ആകൃതിയിൽ പരന്നതാണെങ്കിലും അനേകം ചിത്രപണികളാൽ അലങ്കരിക്കപ്പെട്ടതാണ് പടവലത്തിന്റെ വിത്ത്. ഒരുദിവസം വെള്ളത്തിൽ കുതിർത്ത വിത്ത്, കോട്ടൺ‌തുണിയിൽ പൊതിഞ്ഞുകെട്ടി ചുവട്ടിൽ ദ്വാരമുള്ള ചിരട്ടയിൽ വെച്ചിട്ട് അതിനുമുകളിൽ ഭാരം കൂട്ടാനായി ചെറിയ കല്ലുകൾ വെച്ച് ദിവസേന നനക്കുക. പടവലവിത്തിന് മുളവരാൻ മൂന്ന് മുതൽ പത്ത് ദിവസം‌വരെ ആവശ്യമാണ്. ഓരോദിവസവും വിത്ത് നനക്കുകയും മുളവന്നിട്ടുണ്ടോ എന്ന് തുറന്ന് നോക്കുകയും വേണം. നനഞ്ഞ്‌കുതിർന്ന വിത്തിന്റെ മുളക്കുന്ന അഗ്രം നഖം‌കൊണ്ട് ചെറുതായി അടർത്തിമാറ്റിയാൽ എളുപ്പത്തിൽ വേര് വെളിയിൽ വരും.  വിത്തിന് മുള വന്ന ഉടനെ മണ്ണിൽ നടുന്നതാണ് ഉത്തമം.

മണ്ണ് പാകപ്പെടുത്തൽ:
ടെറസ്സിൽ പടവലം നടുന്നത് തറയിലെ പോളിത്തീൻ ഷീറ്റിൽ മണ്ണിട്ടൊ മണ്ണ് നിറച്ച ചാക്കുകളിലോ ആവാം. തറയിൽ വിരിച്ച ഷീറ്റിൽ ഇഷ്ടിക അതിര്‌വെച്ച് കരിയിലകൾ നിരത്തിയിട്ട്, അതിൽ പത്ത് സെന്റീമീറ്റർ കനത്തിൽ മണ്ണും ചാണകപ്പൊടിയും കമ്പോസ്റ്റും തുല്യ അളവിൽ കലർത്തി ഇളക്കിയ മിശ്രിതം നിറക്കുക. ചാക്കിലൊ പോളിത്തീൻ ബാഗിലോ ആണെങ്കിൽ പകുതി ഉയരത്തിൽ അതിന്റെ അരിക് പുറത്തേക്ക് മടക്കിയശേഷം ഒരടി കനത്തിൽ മിശ്രിതം നിറക്കണം. നന്നായി നനച്ചശേഷം ഒരുചാക്കിൽ ഒരുവിത്ത്‌വീതം നടാം. തറയിൽ നടുമ്പോൾ 30 സെന്റീമീറ്റർ അകലത്തിൽ ഓരോ വിത്തുകളായി വിതച്ച ശേഷം നന്നായി നനക്കണം.
പടവലത്തിന്റെ വിത്ത് മുളക്കാനും വളർന്ന് ഉയരാനും കാലതാമസം നേരിടും. അതിനാൽ പടവലം നട്ടതിന് സമീപം ചീരയോ മുള്ളങ്കിയോ നട്ടാൽ ഒപ്പം അവയുടെയും വിളവെടുക്കാൻ കഴിയും.

പന്തൽ നിർമ്മാണം:
ടെറസ്സിലെ പന്തൽ നിർമ്മാണം
കയ്പ(പാവൽ), പടവലം, തുടങ്ങിയവക്ക് വളരാനുള്ള പന്തൽ നമുക്ക് ടെറസ്സിൽ‌തന്നെ നിർമ്മിക്കാം. ഉപയോഗം കഴിഞ്ഞ 4 വലിയ ടിന്നുകളും ചെറിയ കല്ലുകളും(കരിങ്കൽ ചീളുകളും ആവാം) സംഘടിപ്പിച്ചാൽ പന്തലിന്റെ തൂണുകൾ കുത്തനെ നിർത്താൻ കഴിയും. ഉറപ്പുള്ള കമ്പ് ടീന്നിന്റെ മധ്യഭാഗത്ത് കുത്തനെ നിർത്തിയശേഷം കല്ലുകൾ നാല്‌വശത്തും കടത്തി ഉറപ്പിച്ചാൽ നല്ല ബലമുള്ള താങ്ങുകൾ ലഭിക്കും. ഇങ്ങനെയുള്ള തൂണുകൾ ചേർത്ത് കെട്ടി മുകളിൽ കമ്പുകൾ നിരത്തിയാൽ ചെടികൾക്ക് വളരാനുള്ള പന്തൽ ആയിമാറും. ഉറപ്പുള്ളതാണെങ്കിലും ഭാരം കുറഞ്ഞ ഉണങ്ങിയ കമ്പുകൾ ഉപയോഗിക്കണം. പടവലത്തിന്റെ പന്തലിന് ഉയരം കൂട്ടാമെങ്കിലും കർഷകനെക്കാളും വളരെകൂടുതൽ ഉയരം ഉണ്ടാവുന്നത് ചെടിയുടെ പരിചരണത്തിന് പ്രയാസമായി വരും. പിന്നെ സ്ഥലം ടെറസ്സാണെന്ന് ഓർമ്മ വേണം; പരിസരത്ത് വളരുന്ന വൃക്ഷങ്ങളുടെ ശാഖകളോട് ചേർത്ത്‌കെട്ടി ടെറസ്സിലെ കൃഷിക്ക് പന്തൽ നിർമ്മിക്കുന്നത് അപകടമാണ്.
ടെറസ്സിലെ പന്തലിൽ വളരുന്നത് പടവലം, പാവൽ, കുമ്പളം
 വളം ചേർക്കൽ:
വിത്ത് നടാനുള്ള മണ്ണ് തയ്യാറാക്കുമ്പോൾ‌തന്നെ ആവശ്യത്തിന് വളം ചേർക്കുന്നതുകൊണ്ട് പിന്നീട് അമിതമായി വളം ചേർക്കേണ്ടതില്ല. മത്സ്യ അവശിഷ്ടങ്ങളും മണ്ണിരക്കമ്പോസ്റ്റും നിലക്കടല പുണ്ണാക്കും വളമായി ചേർക്കുമ്പോൾ അല്പം കോഴിവളവും നൽകാം. ഓരോ തവണയും വളം ചേർക്കുന്നതിന്റെ മുകളിൽ മണ്ണിട്ട് മൂടണം, അല്ലെങ്കിൽ പലതരം ജന്തുക്കൾ ചുവട് ഇളക്കിയിടും. ചെടിയുടെ ചുവട്ടിൽ‌നിന്നും അല്പം അകലെയായി രണ്ട് സ്പൂൺ കുമ്മായം വിതറുന്നത് പടവലം നന്നായി വളരാനും കായ്ക്കാനും സഹായിക്കും. പച്ചക്കറി നടുമ്പോൾ വിറക് കത്തിച്ച ചാരം വളമായി ചേർത്താൽ ചിലപ്പോൾ സസ്യം വാടിപ്പോവാൻ ഇടയുള്ളതിനാൽ അതുപോലെയുള്ള പരീക്ഷണങ്ങളൊന്നും ടെറസ്സിൽ ചെയ്യേണ്ടതില്ല. ടെറസ്സിലെ പച്ചക്കറികൾക്ക് രാസവളങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

കീടനിയന്ത്രണം:
 തുളസിയിലക്ക് ചുറ്റും കായീച്ചകൾ (???)
കൃഷി ടെറസ്സിലായാലും അവയെ ആക്രമിക്കാൻ കീടങ്ങളെല്ലാം പറന്നുവരും. വേനൽക്കാലത്ത് പരിസരത്തൊന്നും മറ്റു കൃഷിയിടങ്ങളില്ലെങ്കിൽ കീടങ്ങളുടെ ആക്രമണം ഒന്നുകൂടി വർദ്ധിക്കും. ഇലയും തണ്ടും തിന്നുന്ന പുഴുക്കളെല്ലാം ഷഡ്‌പദ ലാർവ്വകളായിരിക്കും. പച്ചനിറമുള്ള ചിത്രപ്പണികളോട് കൂടിയ പുഴുക്കൾ പടവലത്തിന്റെ ഇലകൾ തിന്നുതീർക്കുന്നതായി കാണാം. പുഴുവിനെ പലപ്പോഴായി കാണാറുണ്ടെങ്കിലും അതിന്റെ ശലഭത്തെയോ പ്യൂപ്പയെയോ ഇതുവരെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എല്ലാദിവസവും ചെടിയെ നിരീക്ഷിക്കുമ്പോൾ കാണുന്ന പുഴുക്കളെ തള്ളി താഴെയിട്ട് കാലുകൊണ്ട് അമർത്തികൊല്ലുന്നതാണ് ഒരു മാർഗ്ഗം. നമുക്ക് ആവശ്യമുള്ള പടവലം മാത്രം ടെറസ്സിൽ കൃഷി ചെയ്യുന്നതിനാൽ വളർന്ന് വരുന്ന ചെടികളെല്ലാം പരിചരിക്കാൻ ടെറസ്സ് കർഷകന് കഴിയും. പിന്നെ വെള്ളരി വർഗ്ഗത്തെ ആശ്രയിച്ച് വളരുന്ന കായിച്ച മുട്ടയിടുന്നത് പാകമാവാത്ത ചെറിയ കായകളിലായിരിക്കും. അവയെ ഒഴിവാക്കാൻ നല്ലൊരു മാർഗ്ഗം കായകൾ പൊതിയുന്നതാണ്. ഒന്ന് ഒന്നര മീറ്റർ നീളമുള്ള പടവലങ്ങ ആയാലും പത്രക്കടലാസ്‌കൊണ്ട് പൊതിഞ്ഞുവെക്കുന്നതാണ് കായീച്ചയെ ഒഴിവാക്കാനുള്ള നല്ല മാർഗ്ഗം. ടെറസ്സിലാവുമ്പോൾ രാസകീടനാശിനികൾ ഒഴിവാക്കുന്നതും നല്ലതാണ്.

പടവലങ്ങ പരിചരണം:
വിത്ത് മുളച്ച പടവലസസ്യം മുകളിലോട്ട് പടർന്ന് കയറാൻ ഉണങ്ങിയ കൊച്ചുകമ്പുകൾ ഉപയോഗിച്ച് താങ്ങ് നൽകണം. ഓരോ ഇലയുടെയും കക്ഷങ്ങളിൽ നിന്ന് വളരുന്ന സ്പ്രിംഗ് പോലുള്ള ചുറകൾ(tendril) ഉപയോഗിച്ചാണ് പടവലം താങ്ങുകളിൽ ചുറ്റി മേലോട്ട് കയറുന്നത്. പന്തലുകൾക്ക് മുകളിൽ പടർന്ന് കയറി വളർന്നു കഴിഞ്ഞാൽ ഭംഗിയുള്ള വെള്ള പൂക്കൾ വിടരാൻ തുടങ്ങും. ആദ്യം വിടരുന്നത് മിക്കാവാറും ആൺ‌പൂക്കളായിരിക്കും. വെള്ളരിവർഗ്ഗത്തിന്റെ പൊതുസ്വഭാവമായി, പെൺ‌പൂക്കളുടെ ചുവട്ടിലായിരിക്കും ഫലം(അണ്ഡാശയം). ആൺ‌പൂക്കളും പെൺ‌പൂക്കളിൽ ചിലതും കൊഴിഞ്ഞ് പോകാറുണ്ട്.
                             ഒന്നും ഒന്നരയും മീറ്റർ വരെ നീളമുള്ള പടവലങ്ങകൾ പലരും കണ്ടിരിക്കും. ഈ പടവലങ്ങകൾ ഇങ്ങനെ നീണ്ട് വളരുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പടവലങ്ങ താഴോട്ട് നീണ്ടുവളരണമെങ്കിൽ അതിന്റെ അറ്റത്ത് ഭാരംകെട്ടി താഴ്ത്തിയിടണം, അല്ലെങ്കിൽ അത് വളഞ്ഞ് ചുരുണ്ടിരിക്കും. പെൺ‌പൂവ് വിടർന്ന് പരാഗണത്തിനുശേഷം രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞാൽ അഞ്ചോ ആറോ സെന്റീമീറ്റർ നീളമുള്ള പടവലത്തിന്റെ കൊച്ചുകായ പന്തലിനു മുകളിൽ കിടക്കുന്നത് വളവില്ലാതെ നീളത്തിൽ വളരണമെങ്കിൽ അറ്റത്ത് ചെറിയ ഭാരം കെട്ടിയിടണം. അതിനായി ചണനാരോ പഴയ വസ്ത്രം നീളത്തിൽ കീറിയെടുത്തതോ ഉപയോഗിക്കാം. ചെറിയ കായയുടെ അറ്റത്ത് വളരെ ചെറിയ കല്ല് കെട്ടിയിടുമ്പോൾ കായ മൂക്കുന്നതിനനുസരിച്ച് കല്ലിന്റെ ഭാരം കൂട്ടണം. ശ്രദ്ധിച്ച് കെട്ടിയില്ലെങ്കിൽ കല്ലിനോടൊപ്പം പടവലകായയും പറിഞ്ഞ് താഴെ വീഴാൻ ഇടയുണ്ട്.

                        മൂപ്പെത്തിയ പടവലം അധികം വൈകാതെ വിളവെടുത്ത് കറിവെക്കുന്നത് നല്ലതാണ്. വെള്ളരിയോ മത്തങ്ങയോ സൂക്ഷിക്കുന്നതുപോലെ പടവലങ്ങ അധികകാലം സൂക്ഷിക്കാനാവില്ല. വിത്ത് ശേഖരിക്കുന്നത് മൂപ്പെത്തിയ പടവലങ്ങയിൽ നിന്നാവണം. അങ്ങനെയുള്ള വിത്തിനുചുറ്റും ചുവന്ന ആവരണം പൊതിഞ്ഞ് കാണപ്പെടും. വീട്ടാവശ്യത്തിനുള്ള പടവലങ്ങ ലഭ്യമാക്കാൻ വേണ്ടി അഞ്ചോ ആറോ ചെടികൾ മാത്രം ടെറസ്സിൽ നടുന്നതാണ് നല്ലത്. കൂടുതൽ ചെടിനട്ടാൽ പരിചരണത്തിന് സമയം ലഭിച്ചെന്ന് വരില്ല. കൂടാതെ അമിതമായ വിളവ് ഉണ്ടായാൽ അതിന് വിപണി കണ്ടെത്തിയില്ലെങ്കിൽ കർഷകന്റെ മനസ്സിൽ പ്രയാസം ഉണ്ടാവും.

താലോരി
നരമ്പൻ, പീച്ചിങ്ങ എന്നെല്ലാം ചിലയിടങ്ങളിൽ പറയുന്ന താലോരിക്ക കറിവെക്കാൻ ഉത്തമമായ ഒരു പച്ചക്കറിയാണ്. പടവലം നടുന്നതുപോലെയാണ് താലോരിയും ടെറസ്സിൽ കൃഷി ചെയ്യേണ്ടത്. എന്നാൽ അരികുകളിൽ മടക്കുകളുള്ള താലോരിക്കക്ക് കല്ല് കെട്ടിതൂക്കി ഭാരം കൊടുക്കേണ്ടതില്ല. രുചികരമായ ഓലൻ‌കറി ഉണ്ടാക്കാൻ മാംസളമായ താലോരിക്ക ഉപയോഗിക്കുന്നു.

മുള്ളങ്കി
നമ്മുടെ സംസ്ഥാനത്തിന്റെ തനത് വിളകളിൽ ഉൾപ്പെടാത്തതാണ് മുള്ളങ്കി(Raddish). മുള്ളങ്കിയുടെ കിഴങ്ങും ഇലകളും ആഹാരമായി ഉപയോഗിക്കുന്നു. കടുകിന്റെ കുടുംബത്തിൽ(Crusiferae) ഉൾപ്പെട്ട പച്ചക്കറിസസ്യമാണ് മുള്ളങ്കി. ചെറിയ സസ്യം കണ്ടാൽ അത് കടുക് ചെടിയാണെന്ന് തോന്നും,,, ഒറ്റപ്പെട്ട കടുക് ചെടി കണ്ടപ്പോൾ മുള്ളങ്കിയാണെന്ന് സംശയിച്ചിട്ട് ചുവട്ടിൽ കിഴങ്ങ് ഉണ്ടോ എന്ന് പരിശോദിച്ചവരും ഉണ്ട്.
മുള്ളങ്കിയുടെ പൂങ്കുല

കൃഷിരീതി:
മുള്ളങ്കി കൃഷി ചെയ്യാനുള്ള വിത്ത് വിലകൊടുത്ത വാങ്ങുന്നതാണ് നല്ലത്. കേരളത്തിലെ കാലാവസ്ഥയിൽ മുള്ളങ്കി വളർന്ന് പുഷ്പിച്ച് വിത്ത് പാകമായി ശേഖരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാർഷിക വിളകളും വിത്തുകളും വിൽക്കുന്നയിടത്തുനിന്നും നല്ലയിനം വിത്തുകൾ ശേഖരിക്കണം. തലേദിവസം വെള്ളത്തിൽ കുതിർത്ത വിത്ത്, പാകപ്പെടുത്തിയ മണ്ണിൽ ഓരോന്ന് വീതം നടാം. അല്ലെങ്കിൽ തടത്തിൽ വിത്ത് പാവിയിട്ട് നാല് ഇലകൾ വരുന്ന പാകത്തിൽ ചെടി പറിച്ചുമാറ്റി പ്രത്യേകം നടാം. ടെറസ്സിലാവുമ്പോൾ മുള്ളങ്കി ചെടിച്ചട്ടിയിലോ ചാക്കിലോ നടുന്നതാണ് നല്ലത്. മുള്ളങ്കിയുടെ തായ്‌വേര് കിഴങ്ങായി മാറുന്നതിനാൽ ചുവട്ടിലെ മണ്ണിന് ചുരുങ്ങിയത് 20സെന്റീമീറ്ററെങ്കിലും ഉയരം വേണം. ചാണകപ്പൊടിയും കമ്പോസ്റ്റും കലർത്തിയ മണ്ണ് നന്നായി നനച്ചതിനുശേഷം മുള്ളങ്കി നടാം.

പരിചരണം:
ദിവസേന രണ്ട്‌നേരം ജലസേചനം ആവശ്യമാണ്. ചെടി അധികം പാകമാവുന്നതിനു മുൻപ് വിളവെടുപ്പ് നടത്തുന്നതിനാൽ വളരെക്കുറച്ച് വളം ചേർത്താൽ മതി. അല്പം നിലക്കടല പുണ്ണാക്ക് നന്നായി പൊടിച്ചത് മണ്ണിനടിയിൽ ഇട്ടാൽ ഇലകൾ നന്നായി വളരും. മുള്ളങ്കിക്ക് കീടങ്ങളുടെ ആക്രമണം വളരെ കുറവാണെങ്കിലും ഇലയിൽ പുഴുക്കൾ വരാതെ ശ്രദ്ധിക്കണം. ഇലക്കറി ആയതിനാലും, ഏതാനും ദിവസം കൊണ്ട് വിളവെടുക്കുന്നതിനാലും, രാസവസ്തുക്കൾ തളിക്കരുത്.

വിളവെടുപ്പ്:
ചെടിച്ചട്ടിയിലെ മുള്ളങ്കി
വീട്ടിൽ നട്ടുവളർത്തുന്ന മുള്ളങ്കിയുടെ കിഴങ്ങ് മാത്രമല്ല, ഇലയും ഭക്ഷണമാക്കാം. ഇലകൾ മൂപ്പെത്തിയിട്ട് മഞ്ഞനിറം വന്ന് വാടുന്നതിന് മുൻപ് പിഴുതെടുത്ത് കിഴങ്ങും ഇലയും ഒന്നിച്ച് കൊത്തിയരിഞ്ഞിട്ട് ഉപ്പേരി ഉണ്ടാക്കാം. വിറ്റമിനുകൾ ധാരാളം അടങ്ങിയ ഔഷധഗുണമുള്ള മുള്ളങ്കി ടെറസ്സിൽ നിന്നും വിളവെടുത്ത ഉടനെ പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ടെറസ്സിലെ മുള്ളങ്കി പുഷ്പിക്കുമെങ്കിലും അതിന്റെ വിത്ത് ശേഖരിച്ച് പിന്നീട് കൃഷി ചെയ്യാൻ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല. പുഷ്പിച്ച മുള്ളങ്കിയുടെ കിഴങ്ങിന്റെ വളർച്ച കുറയുന്നതിനാൽ അതിന് മുൻപെ വിളവെടുക്കുന്നതാണ് നല്ലത്.
മുള്ളങ്കിയുടെ പൂക്കൾ
                         മുള്ളങ്കി കൃഷി ചെയ്യുന്നതുപോലെ ക്യാരറ്റ്, ക്യാബേജ്, ക്വാളിഫ്ലവർ എന്നിവയും നമുക്ക് വളർത്താം. ഇവ ടെറസ്സിലും അല്ലാതെയുമായി ചെടിച്ചട്ടിയിലും ചാക്കിലും വളർത്താം. മഴക്കാലം ഇഷ്ടപ്പെടാത്ത ഇത്തരം കാർഷിക വിളകൾക്ക് നല്ല സൂര്യപ്രകാശവും തണുത്ത കാലാവസ്ഥയും ആവശ്യമാണ്.

                       ആവാസവ്യസ്ഥകളും ഭൂവിനിയോഗരീതികളും മാറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾക്കു് സ്വയം പ്രാവർത്തികമാക്കാവുന്ന നൂതനകൃഷിരീതികളിൽ ഒന്നായി ടെറസ്സ്‌കൃഷി കരുതപ്പെടുന്നു. അത്യുല്പാദനത്തിനു വേണ്ടി കീടനാശിനി, ഹോർമോണുകൾ, ജനിതകവ്യതിയാനങ്ങൾ എന്നിവ ഉപയോഗിച്ച് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്നും വന്നെത്തുന്ന ഭക്ഷ്യവിളകളോട് പ്രതിപത്തിയില്ലാത്തവർക്കു് ഇത്തരം ഘടകങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെത്തന്നെ ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങൾ സുരക്ഷിതമാക്കാൻ ടെറസ്സ് കൃഷി സഹായിക്കും. ലോകവ്യാപകമായി ഉയർന്നുവരുന്ന ഹരിതസമ്പദ്‌ഘടന എന്ന ആശയത്തിന്റെ അർത്ഥസ്വാംശീകരണം കൂടിയാണു് ഇത്തരം പുതിയ ഭക്ഷ്യോൽപ്പാദനരീതികൾ. 
*******************************************************
മുൻപത്തെ പാഠങ്ങൾ
1. ടെറസ്സിൽ ഒരു കൃഷിപാഠം 1
2. ടെറസ്സിൽ ഒരു കൃഷിപാഠം 2
3. ടെറസ്സിൽ ഒരു കൃഷിപാഠം 3
4. ടെറസ്സിൽ ഒരു കൃഷിപാഠം 4

28 comments:

  1. ഇടവേളക്ക് ശേഷം വീണ്ടും ടെറസ്സ് കൃഷി ആരംഭിക്കുന്നു,,
    ടെറസ്സിലെ വിളകൾ അധികമായാൽ അയൽ‌വാസികൾക്ക് നൽകാമോ?
    ഉത്തരം:- പണ്ടെത്തെ ഗ്രാമീണ സമൂഹത്തിൽ പരസ്പരം കാർഷികവിളകൾ കൈമാറ്റം ചെയ്തിരുന്നു. ഇന്ന് ഗ്രാമങ്ങളെല്ലാം പട്ടണമായില്ലെങ്കിലും, മനുഷ്യർക്ക് പട്ടണസ്വഭാവം ആയതിനാൽ സ്വന്തമായി നിർമ്മിച്ച ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യുന്നവർ പിന്നീട് ശത്രുക്കളായി മാറുന്നതാണ് അനുഭവം.

    ReplyDelete
    Replies
    1. അതെന്താ ടീച്ചറെ എന്നു ചോദിക്കുന്നില്ല
      കാരണം അനുഭവം തന്നെ.
      let us share our blessings
      എന്ന ചിന്താഗതി ക്കാരനും
      ശരിക്കും മനസ്സോടെ അങ്ങനെ
      ചെയ്തിരുന്ന്തുമായ ഒരാളാണ് ഞാന്‍.
      പക്ഷെ പലപ്പോഴും, ടീച്ചര്‍ ഇവിടെ
      പറഞ്ഞ അനുഭവങ്ങളാണ് പകരം
      കിട്ടിയിട്ടുള്ളത്, അതുകൊണ്ട്
      ആ ചിന്തക്ക് ഒട്ടും മാറ്റം വരുത്തിയിട്ടില്ല.
      ഇപ്പോഴും ഷെയര്‍ ചെയ്യാന്‍
      കഴിയുന്നവ ചെയ്യുന്നു.
      ശത്രുക്കളെ സ്നേഹിക്കാന്‍ ആണെല്ലോ
      യേശുദേവന്‍ പഠിപ്പിച്ചതും, അതിനാല്‍
      തന്നെ അത് തുടരുന്നു.
      നന്ദി നമസ്കാരം

      Delete
    2. @P.V Ariel_,
      ശത്രുക്കളെ സ്നേഹിക്കാൻ അക്കാലത്ത് ശ്രീ യേശുദേവൻ പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് ലഭിച്ചത് കുരിശ്... ഇന്ന് അക്കാര്യം വളരെ ശരിയാണ്. ശത്രുക്കളെ സ്നേഹിക്കുമ്പോൾ അധികം വൈകാതെ കുരിശ് ലഭിക്കുമെന്ന്,,, യേശുദേവന് ലഭിച്ചത് സഹനത്തിന്റെയും സ്നേഹത്തിന്റെയും കുരിശാണ്. അതുപോലെ കുരിശിലേറാൻ തയ്യാറുള്ളവർ ശത്രുക്കളെ സ്നേഹിക്കുക. പിന്നെ ശത്രു നമ്മെ സ്നേഹിക്കുമ്പോൾ വളരെ വളരെ സൂക്ഷിക്കണം എന്നാണ് ഇന്നത്തെ വാർത്തകൾ വായിക്കുമ്പോൾ അറിയാൻ കഴിയുന്നത്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം.
      പിന്നെ പച്ചക്കറിയായാലും നമ്മൾ വെറുതെ കൊടുത്താൽ ഒരു വിലയും കാണില്ല. ഞാൻ പച്ചക്കറി കൊടുത്തപ്പോൾ എന്റെ ഒരു അയൽ‌വാസിനി പറഞ്ഞത്, ‘അയ്യോ ഇതൊന്നും മക്കൾ കഴിക്കില്ല,, പിന്നെ നിങ്ങൾ വെറുതെ കളയുന്നത് ഞങ്ങൾക്ക് തന്നതല്ലെ, കറിവെച്ചുനോക്കട്ടെ’ എന്നായിരുന്നു.
      ‘പാത്രമറിഞ്ഞെ വിളമ്പാവൂ’,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
    3. വടി കൊടുത്തെന്തിനാ ടീച്ചറെ അടി വാങ്ങുന്നത്?..

      Delete
  2. നാട്ടില്‍ ചെന്നിട്ട് വേണം ഇത്തിരി കൃഷി ചെയ്യാന്‍.


    പടവലത്തെപ്പറ്റി ഒരാളിന്റെ കമന്റ്....

    എന്തൊക്കെയായാലും കീഴ്പോട്ടല്ലേ വളര്‍ച്ച!!!!!!

    ReplyDelete
    Replies
    1. ‌‌@Ajith-,
      താഴോട്ട് വളരണമെങ്കിൽ ചുവട്ടിൽ ഭാരം തൂക്കിയിടനം. അല്ലെങ്കിൽ സ്പ്രിംഗ് പോലെ ചുരുണ്ടിരിക്കും. പിന്നെ നീളം കുറഞ്ഞ ഒരിനം പടവലങ്ങ കടയിൽ കാണാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  3. പടവലത്തോട് തുടങ്ങിയ
    പുതിയ കൃഷിപാഠം നന്നായി
    ചിത്രങ്ങള്‍ അതിമനോഹരവും
    ഒരു suggestion:

    വിത്ത്:

    മണ്ണ് പാകപ്പെടുത്തൽ:

    പന്തൽ നിർമ്മാണം:

    വളം ചേർക്കൽ:

    തുടങ്ങിയ sub headings

    bold ആക്കി കൊടുത്താല്‍

    കുറേക്കൂടി നന്നായിരിക്കും

    എന്നു തോന്നുന്നു.

    sathyathil കൃഷിയോട് വലിയ

    താല്‍പ്പര്യമുള്ള ആള്‍.

    പക്ഷെ എന്ത് ചെയ്യാം

    മറുനാട്ടിലായിപ്പോയില്ലേ !

    നാളീകേരത്തിന്റെ
    നാട്ടില്‍ എനിക്കൊരു
    നാഴിയിടങ്ങഴി
    മണ്ണ് ഉണ്ടായിരുന്നെങ്കില്‍

    എന്നു വെറുതെ ആശിച്ചു പോയി!

    ReplyDelete
    Replies
    1. @P.V Ariel-,
      മണ്ണ് ഇല്ലാത്തവരുടെ(കൃഷി ചെയ്യാൻ മാത്രം നിലം ഇല്ലാത്തവരുടെ) കൃഷിയാണ് ടെറസ്സ് കൃഷി. സബ് ഹെഡ്ഡിംഗ് ബോൽഡ് ആക്കിയിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. ഈ സംരംഭം എനിക്കിഷ്ടപ്പെട്ടു. കൃഷിയും കൃഷിക്കാരും എനിക്കെന്നും പ്രിയപ്പെട്ടതാണ്. ഇനിയും ഇത്തരം അനുഭവങ്ങള്‍ പോരട്ടെ.ആര്‍ക്കെങ്കിലും ഉപകരിച്ചാല്‍ നല്ലതാണല്ലോ? താല്‍പ്പര്യം തോന്നിയാല്‍ താഴെ ലിങ്കിലും ഒന്ന് പോയി നോക്കാം.
    http://appachanscocoafarm.blogspot.in/

    ReplyDelete
    Replies
    1. ‌@ അപ്പച്ചാ-,
      കൃഷി സൂപ്പർ,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. റ്റീച്ചറെ കൊതിപ്പിക്കല്ലെ

    മൂന്നുകൊല്ലം കൂടി കഴിഞ്ഞോട്ടെ ഇതുപോലൊരു പടം ഞാന്‍ ഇട്ടിലെങ്കിലപ്പൊ കാണാം

    അഭിനന്ദനങ്ങള്‍. ഇതുപോലെ നാട്ടിലെ ഒരു പത്തു ശതമനം ആളുകള്‍ വിചാരിച്ചിരുന്നെങ്കില്‍
    ഈ തമിഴ്‌നാടന്‍ വിഷപച്ചക്കറികള്‍ക്കു വേണ്ടി കാത്തുകിടക്കേണ്ടി വരുമായിരുന്നൊ?

    അതെങ്ങനാ നോക്കുകൂലി വങ്ങാനല്ലെ നമുക്കു താല്‍പര്യം ജോലി ചെയ്യാനല്ലല്ലൊ.
    ഇപ്പൊ കാശുീണ്ടാക്കാന്‍ പുതിയ എളുപ്പവഴി കിട്ടി - കൊട്ടേഷന്‍ പണി

    ReplyDelete
    Replies
    1. ഇൻഡ്യാഹെറിറ്റേജ്-,
      അപ്പോൾ ഞാൻ കാത്തിരിക്കാം,, മൂന്ന് കൊല്ലം,, പിന്നെയീ നോക്കുകൂലി പലപ്പോഴും ഞാൻ കാണാറുണ്ട്. ടെറസ്സിന്മേൽ ആളുണ്ടെങ്കിൽ ആ വശത്തേക്ക് അയൽ വാസികൾ തിരിഞ്ഞുനോക്കില്ല. എന്നാൽ വീട്ടിലുൾലവരാരും കാണില്ല എന്ന് ഉറപ്പുള്ള നേരത്ത് അവരുടെ രണ്ട് കണ്ണും എന്റെ ടെറസ്സ് കൃഷിയിലായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. പാഠങ്ങള്‍ അസ്സലായി . തലോരി എന്ന പേര്‍ ആദ്യമായാണ് കേള്‍ക്കുന്നത്.ഞങ്ങള്‍ പീച്ചിക്ക, പീച്ചിങ്ങ എന്നൊക്കെ പറയും. പുറം ഭാഗം മിനുസമുള്ള വേറെയൊരു ഇനവും ഇവിടങ്ങളില്‍ കാണാറുണ്ട്.വെറുതെ വെളിച്ചെണ്ണയൊഴിച്ച് താളിച്ചാല്‍ തന്നെ നല്ല രുചിയാണ് കഴിക്കാന്‍.

    ReplyDelete
    Replies
    1. മുഹമ്മദുകുട്ടിക്ക-,
      പ്രാദേശികമായി വ്യതിയാനമുള്ള പലതരം പച്ചക്കറി വിളകൾ ഉണ്ടാവും. അവയ്ക്ക് പേരിലും രുചിയിലും അല്പം വ്യത്യാസവും കാണും. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. എത്ര നല്ല കാര്യമാണിതു. കേരളത്തിലാണെങ്കില്‍ എല്ലാവരും ടെറസ്സുകാരാണു. എത്ര സുഖമായി എല്ലാവര്‍ക്കും ചെയ്യാം.
    വായിച്ചിട്ടു വളരെ സന്തോഷം തോന്നി, ടീച്ചര്‍.
    സ്നേഹത്തോടെ,
    മുകില്‍

    ReplyDelete
    Replies
    1. മുകിൽ‌-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. നന്നായി ടീച്ചറെ, നമുക്കറിയുന്നത് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിന്... ആഗ്രഹമുണ്ടെങ്കിലും സാഹചര്യമില്ലാത്തതിനാല്‍ ഇതൊന്നും ചെയ്യാനാവുന്നില്ല. .. :(

    ReplyDelete
  9. @മുകിൽ-,
    കുഞ്ഞൂസ്-,
    അഭിപ്രായം എഴുതിയതിന് രണ്ട്‌പേർക്കും നന്ദി.

    ReplyDelete
  10. മനോഹരമായിട്ടുണ്ട്.ആശംസകള്‍..

    ReplyDelete
    Replies
    1. Naturalfriend-,
      Welcome here,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  11. ഹമ്പമ്പോ... ടെറസ്സിലിത്രയും കൃഷിയോ..
    എന്റെ വീടുപണി കഴിഞ്ഞിട്ടുവേണം എനിക്കുമൊരു കൈനോക്കാന്‍..
    ആശംസകള്‍..

    ReplyDelete
    Replies
    1. ശ്രീജിത്ത് മൂത്തേടത്ത്-,
      നല്ലൊരു ടെറസ്സും കൂടി പണിയുക,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  12. ഇഷ്ടപ്പെട്ടു..നാട്ടില്‍ വരുമ്പോ
    ഞാന്‍ വന്നു വാങ്ങാം ടീച്ചറെ..ഒരു
    കുറ്റവും പറയില്ല..ഹ..ആ..

    ReplyDelete
    Replies
    1. @ente lokam-,
      വരണം,, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  13. "പൊതിഞ്ഞുകെട്ടി ചുവട്ടിൽ ദ്വാരമുള്ള ചിരട്ടയിൽ വെച്ചിട്ട് അതിനുമുകളിൽ ഭാരം കൂട്ടാനായി ചെറിയ കല്ലുകൾ വെച്ച് ദിവസേന നനക്കുക."
    എന്തിനാ ഭാരം കൂട്ടുന്നതെന്നു പറഞ്ഞില്ലല്ലൊ..

    താലോരി - ആ പേര്‌ കേൾക്കുന്നത് ആദ്യമായിട്ടാണ്‌.

    അറിവുകൾ പങ്കു വെച്ചതിനു നന്ദി പറയുന്നു ടീച്ചർ.
    വെള്ളപ്പൂവിനു ക്യാപ്ഷൻ കണ്ടില്ലല്ലോ..

    ചില അക്ഷരത്തെറ്റുകൾ..
    കായീച്ച
    പരിശോധിച്ചവരും

    ReplyDelete
    Replies
    1. @Sabu MH-,
      കോട്ടൺ തുണിയിൽ പൊതിഞ്ഞ് നനച്ച വിത്തിനു മുകളിൽ അല്പം ഭാരം വെച്ചാൽ നനഞ്ഞു കുതിർന്ന വിത്തിൽ നിന്നും വേരിന്റെ അറ്റം എളുപ്പത്തിൽ വെളിയിൽ വരുന്നതായാണ് അനുഭവം. താലോരിക്ക കണ്ണൂർ ജില്ലയിൽ മിക്കവാറും എല്ലാ പച്ചക്കറി കടകളിലും കാണും. മാംസളമായ വെളുത്ത ഉൾഭാഗമാണ്. ഉപ്പേരിയാക്കാനും ഓലൻ വെക്കാനും അത്യുത്തമം. പിന്നെ കായീച്ച എന്ന ഒരിനം ഈച്ചയാണ് വെള്ളരി വർഗ്ഗത്തിന്റെ ഇളം കായയിൽ മുട്ടയിടുന്നത്. അങ്ങനെയുള്ള കായയുടെ ഉൾ‌വശം നിറയെ മുട്ടവിരിഞ്ഞ പുഴുക്കൾ വളരുന്നതിനാൽ കായകൾ കേട് വന്ന് നശിക്കുന്നു. തുളസിയുടെ ഗന്ധം ഉണ്ടായാൽ കായീച്ച കൂട്ടത്തോടെ പറന്നുവരും, തുളസിനീര് കുടിക്കും. (അങ്ങനെയാണ് തുളസികെണി ഉണ്ടാക്കുന്നത്... കൃഷിപാഠം1ൽ നോക്കുക) കൈകൊണ്ട് അമർത്തി ഗന്ധം വരുത്തിയ ഇലയിൽ കായീച്ചകൾ വന്നിരുന്ന ഫോട്ടോയാണ് കൂട്ടത്തിൽ കൊടുത്തത്... (എന്നാൽ തുളസി ചെടിയിൽ കായീച്ചകൾ വന്നിരിക്കാറില്ല) അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  14. നല്ല പോസ്റ്റ്‌.

    ഓര്‍ഗാനിക് ഫാമിഗ് പ്രതിപാദിക്കുന്ന ബ്ലോഗ്‌ ഏതെങ്കിലും ഉണ്ടെങ്കില്‍ ദയവായി ലിങ്ക് തരു..

    ReplyDelete
  15. ഈത്രേം നല്ല ബ്ലോഗ് ഇതുവരെ കണ്ടില്ലല്ലോ എന്നാശ്ചര്യപ്പെടുന്നു! എന്റെ ഒരു കൊച്ചു കൃഷിപോസ്റ്റിൽ (http://cheeramulak.blogspot.com/2012/09/blog-post_25.html) വന്ന് കമന്റ് വഴിയാണിവിടെ എത്തിയത്. ആദ്യമായി ഈ ശ്രമത്തെ അഭിനന്ദിക്കുന്നു. രണ്ടാമതായി, കൃഷി ചെയ്യാനും അത് മറ്റുള്ളവർക്ക് പ്രോത്സാഹനമാകത്തക്കവിധം പറഞ്ഞുകൊടുക്കാനുമുള്ള മനസ്സിന വന്ദിക്കുന്നു.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.