“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 27, 2012

വനിതാസംവരണ ഇരിപ്പിടത്തിലെ പുരുഷപോലീസ്


                         ‘പോലീസിനെന്താ ലേഡീസ് സീറ്റിൽ കാര്യം?’ എന്ന് യാത്രക്കാർ ചോദിച്ചത് വർഷങ്ങൾക്ക് മുൻപായിരുന്നു. ബസ്സിനകത്ത്, ‘വനിതാസംവരണം’ പാലിക്കപ്പെടേണ്ട ഒരു നിയമമായി വരുന്നതിന് മുൻപ്; പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസ്സിലെ യാത്രക്കാർ അന്നൊരുനാൾ കൃത്യം 5.45ന് ശബ്ദം കൂട്ടിയും കുറച്ചും അന്യോന്യം ചോദിച്ചു, 
‘പോലീസായാൽ ലേഡീസ് സീറ്റിൽ ഇരിക്കാമോ?’                                                
                         പഠിക്കുന്ന കാലത്ത്, ‘1970കളിൽ’ ഞാൻ കയറിയ ബസ്സുകളിലൊന്നും‌തന്നെ വനിതാസംവരണവും വികലാംഗസംവരണവും വയോജനസംവരണവും ‘നിയമം’ ആയി വന്നിരുന്നില്ല. സംവരണം ഇല്ലെങ്കിലും ബസ്സിൽ ഡ്രൈവറുടെ പിന്നിലും ഇടത്തുവശത്തുമായി കാണുന്ന ഇരിപ്പിടങ്ങളിൽ സ്ത്രീകളായിരുന്നു ഇരുന്നത്. അക്കാലത്ത് സംവരണത്തിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല, എന്നതാണ് സത്യം. ബസ്സിൽ കയറുന്ന പ്രായമുള്ളവർക്ക് വിദ്യാർത്ഥികളും ചെറുപ്പക്കാരും ഇരിപ്പിടം ഒഴിവാക്കി കൊടുത്ത് അവരെ സഹായിച്ചിരുന്നു. അദ്ധ്യാപിക ആയി ജോലിലഭിച്ചശേഷം വീട്ടിൽ‌നിന്നും വളരെ അകലേക്ക്, പയ്യന്നൂരിൽ പോവാൻ തുടങ്ങിയ കാലത്താണ് ഞങ്ങൾ വനിതകൾക്കായി ഇരിപ്പിടം സംവരണം ചെയ്തിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയുന്നതും ചിന്തിക്കുന്നതും.

                         ആ കാലത്ത്, യാത്രാബസ്സുകളിൽ ഏതാനും ഇരിപ്പിടങ്ങളുടെ വശങ്ങളിൽ ‘സ്ത്രീകൾ’ എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും അതിനു തൊട്ടുതാഴെ ഇരിക്കുന്നത് എല്ലായിപ്പോഴും സ്ത്രീകൾ ആയിരിക്കണമെന്നില്ല. ‘നിശബ്ദത പാലിക്കുക’ എന്ന്, എഴുതിവെച്ചാലും ആളുകൾ പതുക്കെ സംസാരിക്കുന്നത് പോലെയുള്ള അവസ്ഥ. ചിലപ്പോൾ ഏതെങ്കിലും ‘സ്ത്രീ’ സംവരണഅവകാശം ചോദിച്ചാൽ അതിലിരിക്കുന്ന പുരുഷന്മാർ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. കൂടാതെ അനേകം ലേഡീസ്, കമ്പിയിൽ പിടിച്ച് നിൽക്കുന്നുണ്ടെങ്കിലും ലേഡീസ് സീറ്റിലിരുന്ന് നുണപറയുന്ന പുരുഷന്മാരെ എഴുന്നേൽ‌പ്പിക്കാൻ ഒരു കണ്ടക്റ്ററും ശ്രമിച്ചിരുന്നില്ല. കാരണം,,, അക്കാലത്ത് വനിതാസംവരണം ‘പാലിക്കപ്പെടേണ്ട നിയമം’ ആയി വന്നിരുന്നില്ല. എന്നാൽ ഏതാനും വർഷം കഴിഞ്ഞപ്പോൾ വനിതാസംവരണ ഇരിപ്പിടത്തിന്റെ കാര്യത്തിൽ പോലീസും കോടതിയും ഒന്നിച്ച് ഇടപെട്ടതോടെ അത് വനിതകൾക്ക്‌മാത്രം ഇരിക്കാനുള്ളതായി മാറി. സംവരണം ഒരു അവകാശമാണെന്ന ചിന്ത അർഹതപ്പെട്ടവർ മനസ്സിലാക്കിയിട്ട് അവരത് ചോദിച്ച് വാങ്ങാൻ തുടങ്ങി. നിയമം പാലിക്കണം, വനിതകൾക്കും വൃദ്ധന്മാർക്കും വികലാംഗർക്കും അർഹതപ്പെട്ട ഇരിപ്പിടം ലഭിക്കണം.

                       യാത്രാബസ്സിൽ ‘വനിതാസംവരണം’ എന്ന് എഴുതിവെച്ചെങ്കിലും പുരുഷന്മാർ കൈയ്യേറിയ കാലത്തെ ഒരു അനുഭവം പറയാം. സംഭവം നടന്നത് 1982ൽ,,, വീട്ടിൽ‌നിന്നും വളരെ അകലെ പയ്യന്നൂരിന് സമീപമാണ് എന്റെ ജോലിസ്ഥലമായ സർക്കാർ ഹൈസ്ക്കൂൾ. ഗ്രാമത്തിലുള്ള എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് 40മിനിട്ട് നടന്ന് ബസ്‌സ്റ്റോപ്പിൽ എത്തിയിട്ട് കണ്ണൂരിലേക്ക് പോകുന്ന ബസ്സിൽ കയറണം. കണ്ണൂർ ബസ്‌സ്റ്റാന്റിൽ നിന്ന് പിന്നീട് പയ്യന്നൂർ ബസ്സിൽ കയറണം. മിക്കവാറും ദിവസം രാവിലെ ഇരിക്കാൻ സ്ഥലം കിട്ടുമെങ്കിലും 5മണിക്ക് സ്ക്കൂൾ വിട്ടശേഷം (ഷിഫ്റ്റ് സിസ്റ്റം) പയ്യന്നൂരിൽ‌നിന്ന് കണ്ണൂരിലേക്ക് എത്തുന്നതുവരെ പലപ്പോഴും ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള വനിതാസംവരണം എന്നെഴുതിയ സീറ്റിൽ‌പോലും പുരുഷന്മാർ ഇരുന്നിട്ടുണ്ടാവും. അവകാശം ചോദിച്ചാൽ ദൂരയാത്രക്കാരാണെന്ന് പറഞ്ഞ് അവരൊരിക്കലും എഴുന്നേറ്റ് തരാറില്ല, അതുകൊണ്ട് ചോദിക്കാറുമില്ല.

                         അങ്ങനെയിരിക്കെ ഒരുദിവസം വൈകുന്നേരം നിറയെ യാത്രക്കാരുമായി കണ്ണൂരിലേക്ക് വരുന്ന പയ്യന്നൂർ ബസ്സിൽ പതിനഞ്ചോളം സ്ത്രീകൾ നിൽക്കുന്ന നേരത്ത് ഡ്രൈവറുടെ സമീപം ഇടതുവശത്തായി, ‘സ്ത്രീകൾ’ എന്നെഴുതിവെച്ച സീറ്റിലിരുന്നത് രണ്ട് പുരുഷന്മാരായിരുന്നു. ബസ് പിലാത്തറ കഴിഞ്ഞ് വിളയങ്കോട് വിട്ട്, പരിയാരം എത്താറായി. ഇന്ന് മെഡിക്കൽ കോളേജ് തലയുയർത്തി നിൽക്കുന്നിടത്ത് അന്ന് ക്ഷയരോഗാശുപത്രി ആയിരുന്നു. അവിടെ ബസ് നിർത്തിയനേരത്ത് ലേഡീസ് സീറ്റിൽ ഇരിക്കുന്ന ഒരു പുരുഷൻ എഴുന്നേറ്റപ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് അല്പം പ്രതീക്ഷയുണ്ടായി. ബസ്സിന്റെ മുൻ‌വശത്ത് ചുറ്റിലും സ്ത്രീകളായതുകൊണ്ട് ആ സീറ്റിലിക്കുന്ന അടുത്ത ആൾ എഴുന്നേറ്റ് പിറകിലേക്ക് പോയാൽ ‘ഇക്കാലത്ത് കാണുന്നതുപോലുള്ള തടിച്ചികളല്ലാത്തതിനാൽ’ മൂന്ന് സ്ത്രീകൾക്ക് അവിടെ അഡ്‌ജസ്റ്റ് ചെയ്യാൻ‌പറ്റും. എന്നാൽ നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായ സംഭവങ്ങളാണ് പിന്നിടുണ്ടായത്. എഴുന്നേറ്റവൻ ഇറങ്ങിയപ്പോൾ അവിടെ ഇരിക്കുന്ന മറ്റെ യാത്രക്കാരൻ, പിന്നിൽ നിൽക്കുന്ന സുഹൃത്തിനെ വിളിച്ചുവരുത്തിയിട്ട് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് ഇരുത്തി; ആനേരത്ത് പെണ്ണുങ്ങൾക്കിടയിൽ ഉണ്ടായ മുറുമുറുപ്പ് അയാൾ അവഗണിച്ചു. പിന്നെ ഒരുകാര്യം പറയാനുള്ളത്, ഇന്നത്തെപോലെ പരിചയമില്ലാത്ത ആണുങ്ങളുടെ ഒപ്പം പെണ്ണുങ്ങൾ ഇരുന്ന് ബസ്സിൽ യാത്രചെയ്യുന്ന ശീലം അക്കാലത്ത് എനിക്കും മറ്റുള്ളവർക്കും ഉണ്ടായിരുന്നില്ല. (ഇക്കാലത്ത് ബസ്സിൽ കയറിയാൽ, തൊട്ടടുത്തിരിക്കുന്നത് ആണോ പെണ്ണോ എന്ന് നോക്കാതെ ആദ്യം കാണുന്ന ഒഴിഞ്ഞ ഇരിപ്പിടത്തിൽ ആദ്യം ഇരിക്കുന്നത് ഞാനായിരിക്കും)

അപ്പോഴാണ് കണ്ടക്റ്ററുടെ വരവ്,,, ടിക്കറ്റ്,, ടിക്കറ്റ്,,,
കണ്ടക്റ്ററെ കണ്ടപ്പോൾ സ്ഥിരയാത്രക്കാരികൾ പറഞ്ഞു, “കണ്ടക്റ്ററെ വളരെ ദൂരം പോകാനുള്ളതാ,, ലേഡീസ് എന്ന് എഴുതിവെച്ചിട്ടുണ്ടല്ലൊ,,, ഇരിക്കാനൊരിടം കിട്ടിയെങ്കിൽ”
പ്രായമായ കണ്ടക്റ്റർ അത് അവഗണിച്ചു,,, പെണ്ണുങ്ങളല്ലെ പറയുന്നത്,, എന്തിന് ചെവികൊടുക്കണം?
അയാൾ സീറ്റിലിരിക്കുന്ന പുരുഷന്മാരുടെ നേർക്ക് കൈനീട്ടിയപ്പോൾ രണ്ടാമതായി ഇരുന്നവൻ കണ്ണൂരിലേക്ക് ടിക്കറ്റെടുത്തു. ശേഷം ഒന്നാമന്റെ നേർക്ക് നീട്ടിയ കൈ അവഗണിച്ചുകൊണ്ട് അയാൾ പറഞ്ഞു, “ഞാൻ പീസിയാണ്, ടിക്കറ്റ് വേണ്ട”
പെട്ടെന്ന്‌തന്നെ കണ്ടക്റ്റർ മറുപടി പറഞ്ഞു,
“പോലീസായതുകൊണ്ട് ടിക്കറ്റ് മുറിക്കുന്നില്ല,, എന്നാലിത് സ്ത്രീകളുടെ സീറ്റാണ്, രണ്ട്‌പേരും എഴുന്നേറ്റ് കൊടുക്ക്”
അവിശ്വസനീയമായ സംഭാഷണം കേട്ടപ്പോൾ സീറ്റിലിരുന്ന പോലീസുകാരനും സഹയാത്രികനും മാത്രമല്ല, കമ്പിയേൽ‌പിടിച്ച് തൂങ്ങിയാടി നിൽക്കുന്ന സ്ത്രീകളടക്കം ഒന്ന് ഞെട്ടി,,,
ഒരു കണ്ടക്റ്റർക്ക് ഇത്രയും ധൈര്യമോ?!!!
അടുത്ത നിമിഷം ഞങ്ങൾ വനിതകൾക്ക് സന്തോഷം സഹിക്കവയ്യാതായി,, പോലീസിപ്പോൾ എഴുന്നേൽക്കും, ഒപ്പം അയാൾ വിളിച്ചുവരുത്തിയ സുഹൃത്തും,,, അപ്പോൾ കണ്ണൂർ‌വരെ മൂന്നാൾക്ക് ഇരുന്ന് യാത്രചെയ്യാം.
എന്നാൽ പ്രതീക്ഷകൾക്ക് വീണ്ടും അല്പായുസ് മാത്രമായി,, സുഹൃത്തിന് എഴുന്നേൽക്കണമെന്ന് തോന്നുന്നുണ്ടെന്ന് അവന്റെ ഭാവം കണ്ടാൽ അറിയാം; എന്നാൽ പോലീസുകാരൻ അവിടെ അമർന്നിരിക്കയാണ്. നിയമപാലനം നടത്തേണ്ട വ്യക്തി നിയമം തെറ്റിച്ചിരിക്കുന്നു,,,

                          കണ്ടക്റ്റർ അയാളുടെ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കയാണ്,, സമീപത്ത് നിൽക്കുന്ന ഏതാനും സ്ത്രീകൾക്ക് ടിക്കറ്റ്‌എഴുതിയിട്ട് മുറിച്ചുനൽകി പണം വാങ്ങിയശേഷം അദ്ദേഹം വീണ്ടും പോലീസിനെ സമീപിച്ചു,
“അപ്പോൾ നിങ്ങളിനിയും സീറ്റിന്ന് ഒഴിവായില്ലെ?”
ഒപ്പമിരുന്നവന്റെ ആസനം ഉയർന്നപ്പോൾ അവനെ പിടിച്ചിരുത്തിക്കൊണ്ട് പോലീസ് പറഞ്ഞു,
“നിങ്ങളാരാ പറയാൻ? ഞങ്ങളിവിടെന്ന് എഴുന്നേൽക്കുന്നില്ല”
“സാറെ നിയമം പാലിക്കേണ്ടത് ആദ്യം നിങ്ങളാണ്,, എഴുന്നേറ്റ് കൊടുത്തേ,, ദൂരയാത്രക്കാരായ പെണ്ണുങ്ങളാ ഈ നിൽക്കുന്നത്”
                          അതൊന്നും തന്റെ ഡ്യൂട്ടിയല്ലെന്നമട്ടിൽ പോലീസുകാരൻ ലേഡീസ് സീറ്റിൽ അമർന്നിരിക്കയാണ്. ഒപ്പം എഴുന്നേൽക്കാൻ തുടങ്ങുന്ന കൂടെയിരിക്കുന്നവനെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട്. ദേഷ്യം പുകഞ്ഞുപൊങ്ങിയ കണ്ടക്റ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി നടന്ന് ടിക്കറ്റ് മുറിക്കുന്നതിനിടയിൽ ഒളികണ്ണാൽ പോലീസുകാരനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നമ്മുടെ ബസ് പരിയാരം ഹൈ‌സ്ക്കൂൾ, പരിയാരം പഞ്ചായത്ത്, കോരൻ‌പീടിക, ഏമ്പേറ്റ് എന്നിവയെല്ലാം കടന്ന് മുന്നോട്ട്‌പോയി വളവ് തിരിഞ്ഞ് ‘ചുടല’ എത്തിയപ്പോൾ പെട്ടെന്ന് നിന്നു,,
അല്ല,,, കണ്ടക്റ്റർ ബെല്ലടിച്ച് നിർത്തിച്ചു.
തുടർന്ന് ഡ്രൈവറെ സമീപിച്ചുകൊണ്ട് അയാൾ ഉച്ചത്തിൽ പറഞ്ഞു,
“ഡ്രൈവറെ ഇയാൾ ലേഡീസ് സീറ്റിൽ‌നിന്ന് എഴുന്നേറ്റ് മാറാതെ ബസ് മുന്നോട്ട് എടുക്കേണ്ട,”
പോലീസുകാരൻ വീണ്ടുമൊന്ന് ഞെട്ടി, യാത്രക്കാർ ഞെട്ടി, സ്റ്റിയറിംഗ് തിരിച്ചുകൊണ്ടിരുന്ന ഡ്രൈവർ ഞെട്ടി, മണിയടിക്കുന്ന കിളിയും ഞെട്ടി, ബസ്സിനകത്തെ സ്റ്റിയറിംങ്ങും ബ്രെയ്ക്കും ക്ലച്ചും ഗിയറും നട്ടും ബോൾട്ടും ഒന്നിച്ച് ഞെട്ടി,,,
എന്നാൽ,,,
കണ്ടക്റ്റർ മാത്രം ഞെട്ടിയില്ല,,

ദൂരയാത്രക്കാരായി ബസ്സിൽ ഇരിക്കുന്നവരും നിൽക്കുന്നവരും ചിന്താമഗ്നരായി,,,
കണ്ടക്റ്ററുടെ ഈ പോക്ക് എങ്ങോട്ടാണ്?
ഒടുക്കം ബസ് പോലീസ് സ്റ്റേഷനിൽ എത്തുമോ?
വരാനിരിക്കുന്ന രാത്രിനേരത്ത് പോലീസ്‌സ്റ്റേഷനിൽ അന്തിയുറങ്ങേണ്ടി വരുമോ?
സെക്കന്റുകൾ മിനുട്ടുകൾക്ക് വഴിമാറിക്കൊടുത്തു,, ഒന്ന് രണ്ട് മൂന്ന് അഞ്ച് മിനുട്ടായി,,, യാത്രക്കാർ ഓരോരുത്തരായി ശബ്ദം ഉയർത്താൻ തുടങ്ങി, “കണ്ടക്റ്ററെ ഞങ്ങൾക്ക് ദൂരെ പോകേണ്ടതാ,, ഇപ്പോൾ‌തന്നെ രാത്രിയാവാറായി.”
“ലേഡീസ് സീറ്റിൽ പെണ്ണുങ്ങളിരിക്കാതെ ഈ ബസ് സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കില്ല”
കണ്ടക്റ്റർ പറയുന്നതുകേട്ട് യാത്രക്കാരിൽ ചിലർ അഭിപ്രായം പറയാൻ തുടങ്ങി,
“ആ പോലിസുകാരനെന്തിനാ സ്ത്രീകളുടെ സീറ്റിൽ കയറിയിരിക്കുന്നത്? അയാൾക്ക് എഴുന്നേറ്റാലെന്താ?”

അയാൾ എങ്ങനെ എഴുന്നേൽക്കും?
‘ഞാൻ പോലീസാണെന്നും ലേഡീസ് സീറ്റ് ഒഴിവാക്കില്ലെന്നും എല്ലാവരും കേൾക്കെ വിളിച്ചുപറഞ്ഞ വ്യക്തിക്ക് അങ്ങനെ തോറ്റുകൊടുക്കാൻ പറ്റുമോ? ഇതിൽ‌പരം അപമാനം ഇനി വരാനുണ്ടോ?
സമയം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. സ്ത്രീകളുടെ ശബ്ദം ഉച്ചത്തിൽ ഉയരാൻ തുടങ്ങി.
അപ്പോൾ,,
അയാൾ,, ആ പോലീസ് പതുക്കെ എഴുന്നേറ്റു,, ഒപ്പം കൂടെയിരുന്നവനും,, എഴുന്നേറ്റ ഉടനെ പെട്ടെന്ന് പിന്നിലേക്ക് നടന്ന് മറ്റുള്ള പുരുഷന്മാർക്കിടയിൽ അപ്രത്യക്ഷരായി.
ഒഴിഞ്ഞ് സീറ്റിൽ ഞാനടക്കം മൂന്ന്‌ സ്ത്രീകൾ ഇരുന്നു,
കണ്ടക്റ്റർ സിഗ്നൽ നൽകി,, കിളിക്ക്,
കിളി സിഗ്നൽ നൽകി,, ഡ്രൈവർക്ക്,
ഡ്രൈവർ സ്റ്റാർട്ട് ചെയ്തു,, ബസ് ഓടാൻ തുടങ്ങി
എല്ലാം ശുഭം

സംഭവം നടന്നത് വർഷങ്ങൾക്ക് മുൻപാണെങ്കിലും എന്റെ സംശയങ്ങൾ ഇന്നും മാറിയിട്ടില്ല,
*പോലീസുകാർക്ക് പ്രൈവറ്റ് ബസ്സിൽ ഫ്രീആയി യാത്ര ചെയ്യാൻ നിയമം ഉണ്ടോ?
*മൂർഖൻ പാമ്പിനെ നോവിച്ചുവിടാൻ ആ കണ്ടക്റ്റർക്ക് എങ്ങനെ ധൈര്യം വന്നു?

പിൻ‌കുറിപ്പ്:
‘ബക്കളം.കോം’ൽ പ്രസിദ്ധീകരിച്ച ‘ലേഡീസ്‌സീറ്റിൽ ഇരുന്ന പോലീസ്’, എന്റെ സ്വന്തമായ മിനിലോകത്ത് കടന്നുവന്നിരിക്കയാണ്.