“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 27, 2012

വനിതാസംവരണ ഇരിപ്പിടത്തിലെ പുരുഷപോലീസ്


                         ‘പോലീസിനെന്താ ലേഡീസ് സീറ്റിൽ കാര്യം?’ എന്ന് യാത്രക്കാർ ചോദിച്ചത് വർഷങ്ങൾക്ക് മുൻപായിരുന്നു. ബസ്സിനകത്ത്, ‘വനിതാസംവരണം’ പാലിക്കപ്പെടേണ്ട ഒരു നിയമമായി വരുന്നതിന് മുൻപ്; പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസ്സിലെ യാത്രക്കാർ അന്നൊരുനാൾ കൃത്യം 5.45ന് ശബ്ദം കൂട്ടിയും കുറച്ചും അന്യോന്യം ചോദിച്ചു, 
‘പോലീസായാൽ ലേഡീസ് സീറ്റിൽ ഇരിക്കാമോ?’                                                
                         പഠിക്കുന്ന കാലത്ത്, ‘1970കളിൽ’ ഞാൻ കയറിയ ബസ്സുകളിലൊന്നും‌തന്നെ വനിതാസംവരണവും വികലാംഗസംവരണവും വയോജനസംവരണവും ‘നിയമം’ ആയി വന്നിരുന്നില്ല. സംവരണം ഇല്ലെങ്കിലും ബസ്സിൽ ഡ്രൈവറുടെ പിന്നിലും ഇടത്തുവശത്തുമായി കാണുന്ന ഇരിപ്പിടങ്ങളിൽ സ്ത്രീകളായിരുന്നു ഇരുന്നത്. അക്കാലത്ത് സംവരണത്തിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല, എന്നതാണ് സത്യം. ബസ്സിൽ കയറുന്ന പ്രായമുള്ളവർക്ക് വിദ്യാർത്ഥികളും ചെറുപ്പക്കാരും ഇരിപ്പിടം ഒഴിവാക്കി കൊടുത്ത് അവരെ സഹായിച്ചിരുന്നു. അദ്ധ്യാപിക ആയി ജോലിലഭിച്ചശേഷം വീട്ടിൽ‌നിന്നും വളരെ അകലേക്ക്, പയ്യന്നൂരിൽ പോവാൻ തുടങ്ങിയ കാലത്താണ് ഞങ്ങൾ വനിതകൾക്കായി ഇരിപ്പിടം സംവരണം ചെയ്തിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയുന്നതും ചിന്തിക്കുന്നതും.

                         ആ കാലത്ത്, യാത്രാബസ്സുകളിൽ ഏതാനും ഇരിപ്പിടങ്ങളുടെ വശങ്ങളിൽ ‘സ്ത്രീകൾ’ എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും അതിനു തൊട്ടുതാഴെ ഇരിക്കുന്നത് എല്ലായിപ്പോഴും സ്ത്രീകൾ ആയിരിക്കണമെന്നില്ല. ‘നിശബ്ദത പാലിക്കുക’ എന്ന്, എഴുതിവെച്ചാലും ആളുകൾ പതുക്കെ സംസാരിക്കുന്നത് പോലെയുള്ള അവസ്ഥ. ചിലപ്പോൾ ഏതെങ്കിലും ‘സ്ത്രീ’ സംവരണഅവകാശം ചോദിച്ചാൽ അതിലിരിക്കുന്ന പുരുഷന്മാർ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. കൂടാതെ അനേകം ലേഡീസ്, കമ്പിയിൽ പിടിച്ച് നിൽക്കുന്നുണ്ടെങ്കിലും ലേഡീസ് സീറ്റിലിരുന്ന് നുണപറയുന്ന പുരുഷന്മാരെ എഴുന്നേൽ‌പ്പിക്കാൻ ഒരു കണ്ടക്റ്ററും ശ്രമിച്ചിരുന്നില്ല. കാരണം,,, അക്കാലത്ത് വനിതാസംവരണം ‘പാലിക്കപ്പെടേണ്ട നിയമം’ ആയി വന്നിരുന്നില്ല. എന്നാൽ ഏതാനും വർഷം കഴിഞ്ഞപ്പോൾ വനിതാസംവരണ ഇരിപ്പിടത്തിന്റെ കാര്യത്തിൽ പോലീസും കോടതിയും ഒന്നിച്ച് ഇടപെട്ടതോടെ അത് വനിതകൾക്ക്‌മാത്രം ഇരിക്കാനുള്ളതായി മാറി. സംവരണം ഒരു അവകാശമാണെന്ന ചിന്ത അർഹതപ്പെട്ടവർ മനസ്സിലാക്കിയിട്ട് അവരത് ചോദിച്ച് വാങ്ങാൻ തുടങ്ങി. നിയമം പാലിക്കണം, വനിതകൾക്കും വൃദ്ധന്മാർക്കും വികലാംഗർക്കും അർഹതപ്പെട്ട ഇരിപ്പിടം ലഭിക്കണം.

                       യാത്രാബസ്സിൽ ‘വനിതാസംവരണം’ എന്ന് എഴുതിവെച്ചെങ്കിലും പുരുഷന്മാർ കൈയ്യേറിയ കാലത്തെ ഒരു അനുഭവം പറയാം. സംഭവം നടന്നത് 1982ൽ,,, വീട്ടിൽ‌നിന്നും വളരെ അകലെ പയ്യന്നൂരിന് സമീപമാണ് എന്റെ ജോലിസ്ഥലമായ സർക്കാർ ഹൈസ്ക്കൂൾ. ഗ്രാമത്തിലുള്ള എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് 40മിനിട്ട് നടന്ന് ബസ്‌സ്റ്റോപ്പിൽ എത്തിയിട്ട് കണ്ണൂരിലേക്ക് പോകുന്ന ബസ്സിൽ കയറണം. കണ്ണൂർ ബസ്‌സ്റ്റാന്റിൽ നിന്ന് പിന്നീട് പയ്യന്നൂർ ബസ്സിൽ കയറണം. മിക്കവാറും ദിവസം രാവിലെ ഇരിക്കാൻ സ്ഥലം കിട്ടുമെങ്കിലും 5മണിക്ക് സ്ക്കൂൾ വിട്ടശേഷം (ഷിഫ്റ്റ് സിസ്റ്റം) പയ്യന്നൂരിൽ‌നിന്ന് കണ്ണൂരിലേക്ക് എത്തുന്നതുവരെ പലപ്പോഴും ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള വനിതാസംവരണം എന്നെഴുതിയ സീറ്റിൽ‌പോലും പുരുഷന്മാർ ഇരുന്നിട്ടുണ്ടാവും. അവകാശം ചോദിച്ചാൽ ദൂരയാത്രക്കാരാണെന്ന് പറഞ്ഞ് അവരൊരിക്കലും എഴുന്നേറ്റ് തരാറില്ല, അതുകൊണ്ട് ചോദിക്കാറുമില്ല.

                         അങ്ങനെയിരിക്കെ ഒരുദിവസം വൈകുന്നേരം നിറയെ യാത്രക്കാരുമായി കണ്ണൂരിലേക്ക് വരുന്ന പയ്യന്നൂർ ബസ്സിൽ പതിനഞ്ചോളം സ്ത്രീകൾ നിൽക്കുന്ന നേരത്ത് ഡ്രൈവറുടെ സമീപം ഇടതുവശത്തായി, ‘സ്ത്രീകൾ’ എന്നെഴുതിവെച്ച സീറ്റിലിരുന്നത് രണ്ട് പുരുഷന്മാരായിരുന്നു. ബസ് പിലാത്തറ കഴിഞ്ഞ് വിളയങ്കോട് വിട്ട്, പരിയാരം എത്താറായി. ഇന്ന് മെഡിക്കൽ കോളേജ് തലയുയർത്തി നിൽക്കുന്നിടത്ത് അന്ന് ക്ഷയരോഗാശുപത്രി ആയിരുന്നു. അവിടെ ബസ് നിർത്തിയനേരത്ത് ലേഡീസ് സീറ്റിൽ ഇരിക്കുന്ന ഒരു പുരുഷൻ എഴുന്നേറ്റപ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് അല്പം പ്രതീക്ഷയുണ്ടായി. ബസ്സിന്റെ മുൻ‌വശത്ത് ചുറ്റിലും സ്ത്രീകളായതുകൊണ്ട് ആ സീറ്റിലിക്കുന്ന അടുത്ത ആൾ എഴുന്നേറ്റ് പിറകിലേക്ക് പോയാൽ ‘ഇക്കാലത്ത് കാണുന്നതുപോലുള്ള തടിച്ചികളല്ലാത്തതിനാൽ’ മൂന്ന് സ്ത്രീകൾക്ക് അവിടെ അഡ്‌ജസ്റ്റ് ചെയ്യാൻ‌പറ്റും. എന്നാൽ നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായ സംഭവങ്ങളാണ് പിന്നിടുണ്ടായത്. എഴുന്നേറ്റവൻ ഇറങ്ങിയപ്പോൾ അവിടെ ഇരിക്കുന്ന മറ്റെ യാത്രക്കാരൻ, പിന്നിൽ നിൽക്കുന്ന സുഹൃത്തിനെ വിളിച്ചുവരുത്തിയിട്ട് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് ഇരുത്തി; ആനേരത്ത് പെണ്ണുങ്ങൾക്കിടയിൽ ഉണ്ടായ മുറുമുറുപ്പ് അയാൾ അവഗണിച്ചു. പിന്നെ ഒരുകാര്യം പറയാനുള്ളത്, ഇന്നത്തെപോലെ പരിചയമില്ലാത്ത ആണുങ്ങളുടെ ഒപ്പം പെണ്ണുങ്ങൾ ഇരുന്ന് ബസ്സിൽ യാത്രചെയ്യുന്ന ശീലം അക്കാലത്ത് എനിക്കും മറ്റുള്ളവർക്കും ഉണ്ടായിരുന്നില്ല. (ഇക്കാലത്ത് ബസ്സിൽ കയറിയാൽ, തൊട്ടടുത്തിരിക്കുന്നത് ആണോ പെണ്ണോ എന്ന് നോക്കാതെ ആദ്യം കാണുന്ന ഒഴിഞ്ഞ ഇരിപ്പിടത്തിൽ ആദ്യം ഇരിക്കുന്നത് ഞാനായിരിക്കും)

അപ്പോഴാണ് കണ്ടക്റ്ററുടെ വരവ്,,, ടിക്കറ്റ്,, ടിക്കറ്റ്,,,
കണ്ടക്റ്ററെ കണ്ടപ്പോൾ സ്ഥിരയാത്രക്കാരികൾ പറഞ്ഞു, “കണ്ടക്റ്ററെ വളരെ ദൂരം പോകാനുള്ളതാ,, ലേഡീസ് എന്ന് എഴുതിവെച്ചിട്ടുണ്ടല്ലൊ,,, ഇരിക്കാനൊരിടം കിട്ടിയെങ്കിൽ”
പ്രായമായ കണ്ടക്റ്റർ അത് അവഗണിച്ചു,,, പെണ്ണുങ്ങളല്ലെ പറയുന്നത്,, എന്തിന് ചെവികൊടുക്കണം?
അയാൾ സീറ്റിലിരിക്കുന്ന പുരുഷന്മാരുടെ നേർക്ക് കൈനീട്ടിയപ്പോൾ രണ്ടാമതായി ഇരുന്നവൻ കണ്ണൂരിലേക്ക് ടിക്കറ്റെടുത്തു. ശേഷം ഒന്നാമന്റെ നേർക്ക് നീട്ടിയ കൈ അവഗണിച്ചുകൊണ്ട് അയാൾ പറഞ്ഞു, “ഞാൻ പീസിയാണ്, ടിക്കറ്റ് വേണ്ട”
പെട്ടെന്ന്‌തന്നെ കണ്ടക്റ്റർ മറുപടി പറഞ്ഞു,
“പോലീസായതുകൊണ്ട് ടിക്കറ്റ് മുറിക്കുന്നില്ല,, എന്നാലിത് സ്ത്രീകളുടെ സീറ്റാണ്, രണ്ട്‌പേരും എഴുന്നേറ്റ് കൊടുക്ക്”
അവിശ്വസനീയമായ സംഭാഷണം കേട്ടപ്പോൾ സീറ്റിലിരുന്ന പോലീസുകാരനും സഹയാത്രികനും മാത്രമല്ല, കമ്പിയേൽ‌പിടിച്ച് തൂങ്ങിയാടി നിൽക്കുന്ന സ്ത്രീകളടക്കം ഒന്ന് ഞെട്ടി,,,
ഒരു കണ്ടക്റ്റർക്ക് ഇത്രയും ധൈര്യമോ?!!!
അടുത്ത നിമിഷം ഞങ്ങൾ വനിതകൾക്ക് സന്തോഷം സഹിക്കവയ്യാതായി,, പോലീസിപ്പോൾ എഴുന്നേൽക്കും, ഒപ്പം അയാൾ വിളിച്ചുവരുത്തിയ സുഹൃത്തും,,, അപ്പോൾ കണ്ണൂർ‌വരെ മൂന്നാൾക്ക് ഇരുന്ന് യാത്രചെയ്യാം.
എന്നാൽ പ്രതീക്ഷകൾക്ക് വീണ്ടും അല്പായുസ് മാത്രമായി,, സുഹൃത്തിന് എഴുന്നേൽക്കണമെന്ന് തോന്നുന്നുണ്ടെന്ന് അവന്റെ ഭാവം കണ്ടാൽ അറിയാം; എന്നാൽ പോലീസുകാരൻ അവിടെ അമർന്നിരിക്കയാണ്. നിയമപാലനം നടത്തേണ്ട വ്യക്തി നിയമം തെറ്റിച്ചിരിക്കുന്നു,,,

                          കണ്ടക്റ്റർ അയാളുടെ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കയാണ്,, സമീപത്ത് നിൽക്കുന്ന ഏതാനും സ്ത്രീകൾക്ക് ടിക്കറ്റ്‌എഴുതിയിട്ട് മുറിച്ചുനൽകി പണം വാങ്ങിയശേഷം അദ്ദേഹം വീണ്ടും പോലീസിനെ സമീപിച്ചു,
“അപ്പോൾ നിങ്ങളിനിയും സീറ്റിന്ന് ഒഴിവായില്ലെ?”
ഒപ്പമിരുന്നവന്റെ ആസനം ഉയർന്നപ്പോൾ അവനെ പിടിച്ചിരുത്തിക്കൊണ്ട് പോലീസ് പറഞ്ഞു,
“നിങ്ങളാരാ പറയാൻ? ഞങ്ങളിവിടെന്ന് എഴുന്നേൽക്കുന്നില്ല”
“സാറെ നിയമം പാലിക്കേണ്ടത് ആദ്യം നിങ്ങളാണ്,, എഴുന്നേറ്റ് കൊടുത്തേ,, ദൂരയാത്രക്കാരായ പെണ്ണുങ്ങളാ ഈ നിൽക്കുന്നത്”
                          അതൊന്നും തന്റെ ഡ്യൂട്ടിയല്ലെന്നമട്ടിൽ പോലീസുകാരൻ ലേഡീസ് സീറ്റിൽ അമർന്നിരിക്കയാണ്. ഒപ്പം എഴുന്നേൽക്കാൻ തുടങ്ങുന്ന കൂടെയിരിക്കുന്നവനെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട്. ദേഷ്യം പുകഞ്ഞുപൊങ്ങിയ കണ്ടക്റ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി നടന്ന് ടിക്കറ്റ് മുറിക്കുന്നതിനിടയിൽ ഒളികണ്ണാൽ പോലീസുകാരനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നമ്മുടെ ബസ് പരിയാരം ഹൈ‌സ്ക്കൂൾ, പരിയാരം പഞ്ചായത്ത്, കോരൻ‌പീടിക, ഏമ്പേറ്റ് എന്നിവയെല്ലാം കടന്ന് മുന്നോട്ട്‌പോയി വളവ് തിരിഞ്ഞ് ‘ചുടല’ എത്തിയപ്പോൾ പെട്ടെന്ന് നിന്നു,,
അല്ല,,, കണ്ടക്റ്റർ ബെല്ലടിച്ച് നിർത്തിച്ചു.
തുടർന്ന് ഡ്രൈവറെ സമീപിച്ചുകൊണ്ട് അയാൾ ഉച്ചത്തിൽ പറഞ്ഞു,
“ഡ്രൈവറെ ഇയാൾ ലേഡീസ് സീറ്റിൽ‌നിന്ന് എഴുന്നേറ്റ് മാറാതെ ബസ് മുന്നോട്ട് എടുക്കേണ്ട,”
പോലീസുകാരൻ വീണ്ടുമൊന്ന് ഞെട്ടി, യാത്രക്കാർ ഞെട്ടി, സ്റ്റിയറിംഗ് തിരിച്ചുകൊണ്ടിരുന്ന ഡ്രൈവർ ഞെട്ടി, മണിയടിക്കുന്ന കിളിയും ഞെട്ടി, ബസ്സിനകത്തെ സ്റ്റിയറിംങ്ങും ബ്രെയ്ക്കും ക്ലച്ചും ഗിയറും നട്ടും ബോൾട്ടും ഒന്നിച്ച് ഞെട്ടി,,,
എന്നാൽ,,,
കണ്ടക്റ്റർ മാത്രം ഞെട്ടിയില്ല,,

ദൂരയാത്രക്കാരായി ബസ്സിൽ ഇരിക്കുന്നവരും നിൽക്കുന്നവരും ചിന്താമഗ്നരായി,,,
കണ്ടക്റ്ററുടെ ഈ പോക്ക് എങ്ങോട്ടാണ്?
ഒടുക്കം ബസ് പോലീസ് സ്റ്റേഷനിൽ എത്തുമോ?
വരാനിരിക്കുന്ന രാത്രിനേരത്ത് പോലീസ്‌സ്റ്റേഷനിൽ അന്തിയുറങ്ങേണ്ടി വരുമോ?
സെക്കന്റുകൾ മിനുട്ടുകൾക്ക് വഴിമാറിക്കൊടുത്തു,, ഒന്ന് രണ്ട് മൂന്ന് അഞ്ച് മിനുട്ടായി,,, യാത്രക്കാർ ഓരോരുത്തരായി ശബ്ദം ഉയർത്താൻ തുടങ്ങി, “കണ്ടക്റ്ററെ ഞങ്ങൾക്ക് ദൂരെ പോകേണ്ടതാ,, ഇപ്പോൾ‌തന്നെ രാത്രിയാവാറായി.”
“ലേഡീസ് സീറ്റിൽ പെണ്ണുങ്ങളിരിക്കാതെ ഈ ബസ് സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കില്ല”
കണ്ടക്റ്റർ പറയുന്നതുകേട്ട് യാത്രക്കാരിൽ ചിലർ അഭിപ്രായം പറയാൻ തുടങ്ങി,
“ആ പോലിസുകാരനെന്തിനാ സ്ത്രീകളുടെ സീറ്റിൽ കയറിയിരിക്കുന്നത്? അയാൾക്ക് എഴുന്നേറ്റാലെന്താ?”

അയാൾ എങ്ങനെ എഴുന്നേൽക്കും?
‘ഞാൻ പോലീസാണെന്നും ലേഡീസ് സീറ്റ് ഒഴിവാക്കില്ലെന്നും എല്ലാവരും കേൾക്കെ വിളിച്ചുപറഞ്ഞ വ്യക്തിക്ക് അങ്ങനെ തോറ്റുകൊടുക്കാൻ പറ്റുമോ? ഇതിൽ‌പരം അപമാനം ഇനി വരാനുണ്ടോ?
സമയം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. സ്ത്രീകളുടെ ശബ്ദം ഉച്ചത്തിൽ ഉയരാൻ തുടങ്ങി.
അപ്പോൾ,,
അയാൾ,, ആ പോലീസ് പതുക്കെ എഴുന്നേറ്റു,, ഒപ്പം കൂടെയിരുന്നവനും,, എഴുന്നേറ്റ ഉടനെ പെട്ടെന്ന് പിന്നിലേക്ക് നടന്ന് മറ്റുള്ള പുരുഷന്മാർക്കിടയിൽ അപ്രത്യക്ഷരായി.
ഒഴിഞ്ഞ് സീറ്റിൽ ഞാനടക്കം മൂന്ന്‌ സ്ത്രീകൾ ഇരുന്നു,
കണ്ടക്റ്റർ സിഗ്നൽ നൽകി,, കിളിക്ക്,
കിളി സിഗ്നൽ നൽകി,, ഡ്രൈവർക്ക്,
ഡ്രൈവർ സ്റ്റാർട്ട് ചെയ്തു,, ബസ് ഓടാൻ തുടങ്ങി
എല്ലാം ശുഭം

സംഭവം നടന്നത് വർഷങ്ങൾക്ക് മുൻപാണെങ്കിലും എന്റെ സംശയങ്ങൾ ഇന്നും മാറിയിട്ടില്ല,
*പോലീസുകാർക്ക് പ്രൈവറ്റ് ബസ്സിൽ ഫ്രീആയി യാത്ര ചെയ്യാൻ നിയമം ഉണ്ടോ?
*മൂർഖൻ പാമ്പിനെ നോവിച്ചുവിടാൻ ആ കണ്ടക്റ്റർക്ക് എങ്ങനെ ധൈര്യം വന്നു?

പിൻ‌കുറിപ്പ്:
‘ബക്കളം.കോം’ൽ പ്രസിദ്ധീകരിച്ച ‘ലേഡീസ്‌സീറ്റിൽ ഇരുന്ന പോലീസ്’, എന്റെ സ്വന്തമായ മിനിലോകത്ത് കടന്നുവന്നിരിക്കയാണ്.

41 comments:

 1. സംഭവം നടന്നത് വർഷങ്ങൾക്ക് മുൻപാണെങ്കിലും എന്റെ സംശയങ്ങൾ ഇന്നും മാറിയിട്ടില്ല,
  *പോലീസുകാർക്ക് പ്രൈവറ്റ് ബസ്സിൽ ഫ്രീആയി യാത്ര ചെയ്യാൻ നിയമം ഉണ്ടോ?
  *മൂർക്കൻ പാമ്പിനെ നോവിച്ചുവിടാൻ ആ കണ്ടക്റ്റർക്ക് എങ്ങനെ ധൈര്യം വന്നു?

  ReplyDelete
 2. ആദ്യത്തെ സംശയം പോട്ടെ..നാട്ടുനടപ്പ്

  രണ്ടാമത്തെ കാര്യമാണ് എനിക്കും അതിശയം!
  *മൂർക്കൻ പാമ്പിനെ നോവിച്ചുവിടാൻ ആ കണ്ടക്റ്റർക്ക് എങ്ങനെ ധൈര്യം വന്നു?

  “മൂര്‍ഖന്‍” (ആശാനക്ഷരമൊന്നു പിഴച്ചാല്‍........)

  ReplyDelete
 3. @ajith-,
  32 കൊല്ലം പിള്ളേരെ പഠിപ്പിച്ചിട്ടും ഈ അക്ഷരപിശാച് എന്നെ വിട്ടുപോകുന്നില്ല,, ചൂണ്ടിക്കാട്ടിയതിന് നന്ദി.
  ശരിയാക്കിയിട്ടുണ്ട്.

  ReplyDelete
 4. Dear Teacher,
  Good experience. Thank you for sharing the same
  Sasi, Narmavedi, Kannur

  ReplyDelete
  Replies
  1. @നർമവേദി-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 5. നല്ല വിവരണം.
  ഞാൻ ഒപ്പം യാതർ ചെയ്യുകയായിരുന്നു.
  പിലാത്തറ, വിളയാങ്കോട്, മെഡിക്കൽ കോളേജ്, കോരൻ പീടിക, എമ്പേറ്റ്, ചുടല വഴി കണ്ണൂർക്ക്!
  മൂന്നു മൂന്നരക്കൊല്ലം ആ റൂട്ടിൽ സ്ഥിരം യാത്രക്കാരനായിരുന്നു.....

  (ആ കണ്ടക്ടർ തച്ചോളി മേപ്പയിലെയോ, ആറ്റുമ്മണമ്മേലെയോ താവഴിയിൽ പെട്ടയാൾ ആയിരുന്നിരിക്കണം!)

  ReplyDelete
  Replies
  1. @jayanEvoor-,
   മൂന്നരക്കൊല്ലം ഓടിക്കളിച്ച തട്ടകത്തിലെ വാർത്തകൾ കണ്ടപ്പോൾ അഭിപ്രായം എഴുതിയ ഡോക്റ്റർക്ക് പെരുത്ത് നന്ദി.

   Delete
 6. ടിക്കറ്റെടുക്കാതെ അയാൾ സ്ഥിരം യാത്ര ചെയ്യുന്നതിലുള്ള കലിയായിരുന്നിരിക്കണം കണ്ടക്ടർക്ക്. അതൊക്കെ പണ്ടത്തെ പോലീസ്. ഇന്നത്തെ പോലീസിൽ അത്തരമാളുകൾ പണ്ടത്തെപ്പോലെ ഇല്ല. അതൊക്കെ പോട്ടേ. ഒരു സ്ത്രീബ്ലോഗിൽ വന്നിട്ട് സ്ത്രീകളെ ഒന്നു പ്രകോപിപ്പിക്കാതെ പോകുനതെങ്ങനെ? സ്ത്രീയും പുരുഷനും തുല്യരെന്നല്ലേ നിങ്ങൾ വലിയ വായിൽ പറയുന്നത്. അപ്പോൾ ഈ വന്താ സംവരണം എന്നത് അസമത്വമല്ലേ? പുരുഷന്മാർക്ക് ബസിൽ പോലും സംവരണമില്ല. സ്ത്രീയുടെ സീറ്റിൽ ഇരിക്കുന്ന പുരുഷന്മാരെ എഴുന്നേല്പിക്കും. പക്ഷെ സ്ത്രീകൾക്ക് സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത സീറ്റീൽ കയറി ഞെളിഞ്ഞിരിക്കുന്ന സ്ത്രീകളെ എഴുന്നേൽക്കാൻ ഇവിടെ ഒരു കണ്ടക്ടറും തയ്യാറാകാറില്ല. ഇതും അനീതിയല്ലേ? ഈയിടെ ഞങ്ങൾ മൂന്നു പുരുഷന്മാർ ഇരുന്ന സീറ്റിൽ നിന്നും രണ്ടു സ്ത്രീകളെ ഇരുത്താൻ നമ്മളെ എഴുന്നേല്പിച്ചു. അപ്പോഴുണ്ട് ആ രണ്ടു സ്ത്രീകളും അവർക്കൊപ്പമുള്ള ഒരു പുരുഷനും കൂടി ആ സീറ്റിൽ ഇരിപ്പുറപ്പിക്കുന്നു. സ്ത്രീകളുടെ കൂടെ വരുന്ന പുരുഷന് എന്ത് സംവരണം എന്നായി ഞങ്ങൾ. അയാളുടെ ഒരു ശരീരഭാഷ ശരിയല്ലാത്തതുകൊണ്ട് ഞങ്ങൾ ആ പുരുഷനെ എഴുന്നേല്പിച്ചു. ഞങ്ങൾക്കൊപ്പം നിന്നു യാത്ര ചെയ്തുകൊള്ളാൻ പറഞ്ഞു. അല്ലപിന്നെ. ഞങ്ങൾ ബസ്സ്റ്റാൻഡിൽ നിന്നും തള്ളിക്കയറിപ്പിടിച്ച സീറ്റാണേ വഴിയിൽ നിന്നും കയറിയ അരോഗദൃഢഗാത്രരായ രണ്ടു സ്ത്രീകളും അവരിലൊരാളൂടെ ആ ഭർത്താവും കൈയ്യടക്കിയത്. സ്ത്രീകളെ ബഹുമാനിക്കണം.അതിനേക്കാളേറെ പ്രത്യേകിച്ചും പ്രായമായവരെ ബഹുമാനിക്കണം. അവരെ പരിഗണിക്കണം. പക്ഷെ സംവരണത്തിന്റെ പേരിൽ ഞങ്ങൾ പുരുഷന്മാരെ അടിച്ചമർത്താൻ വരട്ടെ. ( ഞാൻ സ്ത്രീ വിദ്വേഷിയിന്നുമല്ല കേട്ടോ. സ്ത്രീകളെ കണ്ടാൽ അവരുടെ സീറ്റിൽ നിന്നു മാത്രമല്ല വേണമെങ്കിൽ ആ ബസിൽ നിന്നുതന്നെ ഇറങ്ങിക്കൊടുക്കും. അത് ആരും അറിയേണ്ട)

  ReplyDelete
  Replies
  1. ‌@ ഇ.എ.സജീം തട്ടത്തുമല-,
   തട്ടത്തുമല സാറെ, കണ്ടക്റ്റർ അല്പം പ്രായമുള്ള ആളാണ്, പോലീസ് ചെറുപ്പക്കാരനും.
   ഇവിടെ കണ്ണൂരിൽ ലേഡീസ് സീറ്റ് കാലിയായിട്ടും സംവരണം ഇല്ലാത്ത(പുരുഷാധിപത്യ) സീറ്റിൽ കടന്നിരിക്കുന്ന സ്ത്രീകളെ കണ്ടക്റ്റർ ഓടിച്ചുവിടുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ പുരുഷന്മാരും പറയും എഴുന്നേറ്റ് അവിടെ പോയിരിക്കാൻ; എന്നാൽ സീറ്റൊന്നും ഒഴിവില്ലെങ്കിൽ എഴുന്നേൽക്കാൻ പറയില്ല. ഒരിക്കൽ ലേഡീസ് സീറ്റിൽ ഭാര്യയും ഭർത്താവും ഇരുന്നത് കണ്ടപ്പോൾ പിന്നീട് ബസ്സിൽ കയറിയ ഞാൻ പറഞ്ഞു, “ഇത് ലേഡിസ് സീറ്റാണ്, എഴുന്നേൽക്ക്” എന്റെ ഡയലോഗിന്റെ ശക്തിയാൽ അവൻ പെട്ടെന്നെഴുന്നേൽക്കുകയും ഞാനവിടെ ഇരിക്കുകയും ചെയ്തു. പിന്നെ കണ്ണുരിൽ നിന്ന് നാട്ടിലെത്തുന്നതുവരെ 40മിനുട്ട് ഉഗ്രൻ വഴക്ക് ആയിരുന്നു, “സീറ്റിന് ചോദിക്കുമ്പോൾ ആണുങ്ങളോട് അല്പം ബഹുമാനമൊക്കെ വേണ്ടെ?”, എന്നാണ് അയാൾ പറയുന്നത്. ഞാനും വിട്ടില്ല,,, മറ്റുള്ളവരൊന്നും ഇടപെട്ടില്ല.

   Delete
  2. സജിം, പുരുഷന്മാരുടെ മഹാമനസ്സും സത്സ്വഭാവവും കൊണ്ടല്ലേ നമുക്കിതൊക്കെ വേണ്ടി വരുന്നത്. ഒരു വണ്ടിയില്‍ എല്ലാ സീറ്റിലും പുരുഷന്മാര്‍ ഇരിക്കുകയും സ്ത്രീകളെല്ലാം ഞാന്നു ആടിക്കൊണ്ടു നില്‍ക്കുകയും ചെയ്യുന്നതു കണ്ട് എത്ര പുരുഷ്ന്മാര്‍ക്കു ധാര്‍മ്മിക രോഷം വരും? ഒരാള്‍ക്കും ഉണ്ടാവില്ല. അപ്പോള്‍ ഇങ്ങനെയൊക്കെ നിയമം വേണ്ടിവരും.
   ഇതു പതിവാണു. എന്നെ എണീപ്പിച്ചോ? എന്നാ ഒരുവനേയും ഇരുത്തില്ല, എന്ന നിര്‍ബന്ധം. അതു നല്ലതാ. ഏതെങ്കിലും സ്ത്രീകള്‍ക്കു സീറ്റു കിട്ടട്ടെ. ഇതു ഞാന്‍ എന്റെ വീട്ടിലെ പുരുഷപ്രജയും ചെയ്യുന്നതു കണ്ടിട്ടുണ്ട്. ആളെ ഒരു ദിവസം എണീപ്പിച്ച വിഷമം തീരാന്‍ വേറൊരു ദിവസം ഒരു വണ്ടിയിലെ സ്ത്രീസീറ്റില്‍ ഇരുന്ന ഒരുത്തനെ വഴക്കുണ്ടാക്കി എണീപ്പിച്ചു എന്നെ ഇരുത്തിയിട്ടേ ആളടങ്ങിയുള്ളൂ. 2-3 സ്റ്റോപ്സ് മാത്രമായിരുന്നതു കൊണ്ടു ഞാന്‍ മിണ്ടാതെ നില്‍ക്കുകയായിരുന്നു. ഇതൊക്കെ നടക്കട്ടെ. പക്ഷേ സ്ത്രീകളുടെ സീറ്റ്...സ്ത്രീകള്‍ക്ക്! ഒരു മുദ്രാവാക്യം വിളിക്കാന്‍ തോന്നുന്നുണ്ടല്ലോ ടീച്ചറേ..

   Delete
  3. @മുകിൽ-,
   സ്ഥിരയാത്രക്കാരികൾക്ക് വനിതസംവരണ ഇരിപ്പിടത്തിന്റെ കാര്യങ്ങൾ ധാരാളം പറയാനുണ്ടാവും. സ്ത്രീകൾ എന്നെഴുതി വെച്ചാൽ അത് സ്ത്രീകൾക്ക് തന്നെ,,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 7. അദ്ദാഉ എന്റെയും സംശയം
  മൂർഖൻ പാമ്പിനെ നോവിച്ചുവിടാൻ ആ കണ്ടക്റ്റർക്ക് എങ്ങനെ ധൈര്യം വന്നു?

  മൂർഖൻ പിന്നെങ്ങാനും കണ്ടക്ടറെ കൊത്തിയോ എന്തോ ?

  ReplyDelete
 8. @sumesh vasu-,
  മൂർഖന്റെ പരിധിയിൽ വരില്ലെന്ന് ആ കണ്ടക്റ്റർക്ക് ഉറപ്പുണ്ടാവും. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 9. കേരളത്തിൽ ആ കണ്ടക്ടറുടെ ജനറിൽ ഉള്ള ആണുങ്ങൾ, വണ്ടി, വീട്, രാജ്യം ഇതൊക്കെ കണ്ടക്റ്റ് ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു.

  കണ്ട ഞാഞ്ഞൂലിനെയൊക്കെ മൂർഖനാണെന്നു പറഞ്ഞു പേടിക്കുന്ന ഊ ടീച്ചറിന്റെ ഒരു കാര്യം. ടീച്ചർക്കാശയ്മൊന്നു പിഴച്ചാൽ കുട്ടികൾക്കമ്പത്തൊന്നു പിഴക്കും :)))

  ReplyDelete
  Replies
  1. @MKERALAM-,
   ഭരണം മാറുമ്പോൾ ഞാഞ്ഞൂലുകലൊക്കെ മൂർഖനെപ്പോലെ പത്തി വിടർത്തുന്നത് കാണാറില്ലെ,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. മനുഷ്യര്‍ പലവിധം. ന്യായമായത്‌ പിടിച്ച് തന്നെ വാങ്ങണം.

  ReplyDelete
  Replies
  1. പട്ടേപ്പാടം റാംജി-,
   പിന്നല്ലാതെ,,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. എന്തു ചെയ്യാം, സംസ്കാരത്തിന്റെ ഉന്നതിയിലേക്ക് ചിന്തകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നമ്മള്‍ എത്തിപ്പെടുന്ന കാലം വരെ സംവരണം വേണ്ടി വരും ശ്രീ. സജീം തട്ടത്തുമല

  ReplyDelete
  Replies
  1. @കുഞ്ഞൂസ്-,
   സംവരണം ഇല്ലെങ്കിൽ കാണാമായിരുന്നു,,, പിന്നെ ഏതാനും വർഷം മുൻപ് വനിതാസംവരണ സീറ്റുകൾ ബസ്സിന്റെ പിന്നിലാക്കിയിരുന്നു. അപ്പോഴും സ്ഥിരയാത്രക്കാരികൾക്ക് ചിരിക്കാൻ ധാരാളം വക ഉണ്ടായിരുന്നു. ചില പുരുഷന്മാർ ബസ്സിന്റെ മുന്നിൽ നിൽക്കുന്നത് പിറകോട്ട് നോക്കിയിട്ടായിരുന്നു.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. ബസിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്യുന്ന രീതി മിക്ക വികസിത രാജ്യങ്ങളിലുമില്ല. ദുർബലരെന്ന് ഒരു കൂട്ടരെത്തെ വിശ്വസിപ്പിച്ച് ചൂഷണം ചെയ്യുന്ന രീതിയാണ് നമ്മുടേത്...അത് സ്ത്രീ സംവരണത്തിലുമതേ, സാമുദായികസംവരണത്തിലുമതേ...

  ReplyDelete
  Replies
  1. @പഥികൻ-,
   സംവരണത്തിന്റെ ശതമാനത്തിൽ തളച്ചിടുന്ന പരിപാടി,,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 13. റ്റീച്ചര്‍
  ആ കണ്ടക്റ്ററെ എവിടെയെങ്കിലും കാണുകയാണെങ്കില്‍ എന്റെ ഒരു പ്രണാമം അറിയിച്ചു കൊടുത്തേക്കൂ.

  അ പോലീസുകാരനെ എവിടെ എങ്കിലും കാണുന്നെകില്‍ ഞാന്‍ തുപ്പിയ തുപ്പല്‍ അവന്റെ മുഖത്തുണ്ടൊ എന്നും നോക്കിയേക്കൂ

  ReplyDelete
  Replies
  1. @Indiaheritage-,
   അത് കലക്കി,,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 14. ആ കണ്ടക്ടർ ഏതെങ്കിലും ഒരു ചേകോൻ തറവാട്ടിലെ കാരണവർ ആയിരിക്കും...!!

  ReplyDelete
  Replies
  1. @വി.കെ.-,
   അത് ശരിയാവാം,,, അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 15. ടീച്ചര്‍ സംഭവം ഉഷാറായി. പോലീസുകാരുടെ ഈ ഓസി,പീസി ഇപ്പോഴുമുണ്ടോ? ആവോ?.പക്ഷെ ഇങ്ങനെ ഇടപെടുന്ന കണ്ടക്ടര്‍മാരെ കാണാന്‍ കിട്ടിയെന്നു വരില്ല.

  ReplyDelete
 16. സാമൂഹികപ്രസക്തിയുള്ള, നല്ല വിവരണം...

  ReplyDelete
 17. അല്ലേലും ഞങ്ങള് പയ്യന്നൂര്‍കാര്‍ക്ക് നല്ല ധൈര്യമാ.... :)

  ReplyDelete
 18. @Muhamedkutty-,
  ഓസിയും പീസിയും ഇപ്പോഴും ഉണ്ട്; അഭിപ്രായം എഴുതിയതിന് നന്ദി.
  @aathman-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @രായപ്പൻ-, പയ്യന്നൂരെന്നല്ല പറയേണ്ടത് കണ്ണൂരെന്നാണ്.
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 19. മിനിട്ടീച്ചറേ..
  ഇത്തരമനുഭവങ്ങളുണ്ടാവാത്തവര്‍ കുറവായിരിക്കും...
  ‌സമൂഹമനസ്സാണ് മാറേണ്ടത്...
  പീസീയേമാന്‍മാരുടെ വിക്രിയകള്‍ ബസ്സ്വിട്ട് ട്രയിനിലും തുടങ്ങിയല്ലോ...
  ഇനിയെന്തൊക്കെ കേള്‍ക്കണം...
  ആരോടുപോയിപ്പറയും...!!???

  ReplyDelete
 20. രസകരമായിരുന്നു, അനുഭവക്കുറിപ്പ്.

  ReplyDelete
 21. @ശ്രീജിത്ത് മൂത്തേടത്ത്-,
  ഇപ്പം സി.ഐ ഏമാൻമാർ വരെ ബസ്സിൽ പീഡനം നടത്തുന്ന കാലമാണല്ലൊ,, ചോദിക്കുന്നവരെ അടിച്ചമർത്തുന്ന കാലം. അഭിപ്രായം എഴുതിയതിന് നന്ദി.
  @Echmukutty-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 22. സ്ത്രീകൾ,പുരുഷന്മാർ, എന്നുള്ള ചിന്ത വെടിയേണ്ടിയിരിക്കുന്നൂ..1980 ൽ നിന്നും കാലം ഒരുപാട് മുന്നോട്ട് പോയി.2012ൽ സ്ത്രീകൾ നാട്ടിൽ ആധിപത്യം ഉറാപ്പിച്ചിരിക്കുന്നൂ...കഴിഞ്ഞമാസം വരെ നമ്മുടെ പ്രസിഡന്റ് പോലും സ്ത്രീ രത്നമായിരുന്നല്ലോ..കാലം മാറൂന്നൂ.... പെൺ പോലീസ് വന്നു... പക്ഷേ അവർ ഓസ് പറ്റാറില്ല.... കഴിഞ്ഞദിവസം ശ്രീലേഖാ ഐ.പി.എസ് തന്റെ കണ്ണട മാറ്റിവാങ്ങാൻ വേണ്ടി തിരുവനന്തപുരത്തെ ഒരു 'കണ്ണാടീക്കടയിൽ'3മണിക്കൂർ കാത്തിരുന്നൂ,എന്നിട്ട് കണ്ണാടിക്കടക്കാർ കൊടുത്തതോ മാറിയ ലെൻസിട്ട കണ്ണടയും, ഐ.പി.എസ് മാഡാം പ്രധികരിച്ചിട്ടും കടക്കാരൻ കൂട്ടാക്കിയില്ലാ,അവസാനം സിറ്റി കമ്മിഷണർ വന്നൂ..ആണൊരുത്തൻ...ശരിയായ ലെൻസിട്ട കണ്ണട തയ്യാർ, ഇവിടെ ഐ.പി.എസ്സ് മാഡം തന്റെ ശക്തി തെളിയിക്കേണ്ടതായിരുന്നൂ എന്നാണെന്റെ പക്ഷം.ടീച്ചർ ചെയ്തത് പോലെ.......

  ReplyDelete
  Replies
  1. @ചന്തുനായർ-,
   താങ്കൾ പറഞ്ഞതുപോലെ സ്ത്രീകൾ അവരുടെ ശക്തി ആവശ്യമുള്ള ഇടത്ത് കാണിക്കണം. പരസ്യത്തിന് മാത്രമാണ് സ്ത്രീ എന്ന ചിന്ത സ്ത്രീകളെങ്കിലും വെടിയണം.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 23. This comment has been removed by the author.

  ReplyDelete
 24. പതിനാലുകൊല്ലം മുന്‍പ് ഒരു കോഴിക്കോട് - തൃശൂര്‍ യാത്രയ്ക്കിടയില്‍ രണ്ടു സ്ത്രീകള്‍ക്ക് ഇരിക്കാന്‍ ജനറല്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒഴിഞ്ഞുകൊടുത്ത് നാല്പതുകിലോമീറ്ററോളം നിന്നു യാത്രചെയ്ത ഒരാളെ ഓര്‍ത്തുകൊണ്ട്... ആ കണ്ടക്ടര്‍ക്കൊരു ‘സല്യൂട്ട്’...!

  ReplyDelete
  Replies
  1. @വിജി പിണറായി-,
   ലേഡീസ് സീറ്റിലിരുന്നവനെ എഴുന്നേല്പിച്ച വക 45 മിനിട്ട് സമയം എന്നെ വഴക്കുപറയുകയും ഞാനങ്ങോട്ട് അതേ പോലെ കൊടുക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 25. ഹൃദ്യമായി ഈ കുറിപ്പ്‌. ഒപ്പം ഏറെ ചിന്തിപ്പിക്കുന്നതും. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളാണിപ്പോൾ ഉള്ളിൽ....
  എന്നു മാറും ഈ ലോകം?

  ReplyDelete
 26. ആഹാ...അപ്പോ പി.സിക്ക് ലേഡീസ് സീറ്റും ഓസ് ആണല്ലേ?

  ReplyDelete
 27. @പി.വിജയകുമാർ-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @ അരീക്കോടൻ-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.