“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 23, 2012

ആദ്യത്തെ ലോകാവസാനം


‘നാളെ വൈകുന്നേരമാണ് ലോകാവസാനം,, നമ്മളെല്ലാരും ഒന്നിച്ച് മരിക്കും’
നാലാം‌തരത്തിലെ കുട്ടികളെല്ലാം പേടിയോടെ കുമാരൻ മാസ്റ്ററുടെ മുഖത്ത് നോക്കിയിരിക്കുമ്പോൾ അദ്ദേഹം ബാക്കികൂടി പറയാൻ തുടങ്ങി.
“ലോകാവസാനം ആയാൽ കടലിലെ തിരകളെല്ലാം നമ്മളെ സ്ക്കൂൾ വളപ്പിലെ പീറ്റത്തെങ്ങിനെക്കാൾ ഉയരത്തിലായിരിക്കും കരയിലേക്ക് പാഞ്ഞ്‌വരുന്നത്. അതിന്റെ ഒപ്പരം ഭൂമി കുലുക്കവും ആകാശത്ത്‌ന്ന് തീയും വരുമ്പം നമ്മളെല്ലാരും ചാവും. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയും അങ്ങനെ എട്ട് ഗ്രഹങ്ങൾ ഒന്നിച്ച് ചേർന്ന് എല്ലാം അവസാനിക്കും അഷ്ടഗ്രഹയോഗം”
                       തൊട്ടപ്പുറത്ത്‌നിന്നും അലയടിക്കുന്ന അറബിക്കടലിനെ, സ്‌ക്കൂൾ വരാന്തയിലെ ഓലമറയിലൂടെ ഞങ്ങൾ നോക്കി,, നാളെ വൈകിട്ട് ഈ കടല് വലുതായി വന്ന് സ്ക്കൂളും വീടും നാടും കടന്ന് അങ്ങനെയങ്ങ് തകർക്കും. അയ്യോ അപ്പോൾ എന്ത് ചെയ്യും? എന്തായാലും നല്ല രസമായിരിക്കും ഈ ലോകാവസാനം പക്ഷെ! അത് കാണാൻ നമ്മളുണ്ടാവുമോ?

                      ആദ്യത്തെ ലോകാവസാന സംഭവനേരത്ത് ഞാൻ നാലാം തരത്തിൽ പഠിക്കുകയാണ്. അവിടെ ഏതാനും ദിവസങ്ങളായി ക്ലാസ്സുകളിൽ കണക്കും സയൻസും മലയാളവും പഠിക്കുന്നതിന് പകരം ലോകാവസാന പഠനം മാത്രമായി മാറി. കണക്കുകൂട്ടിനോക്കിയപ്പോൾ സംഭവം നടന്നത് 1962ൽ ആയിരിക്കും. ‘അഷ്ടഗ്രഹയോഗം’ അതായത് എട്ട് ഗ്രഹങ്ങൾ ഒന്നിച്ച് ചേരുക, അപ്പോൾ‌പിന്നെ ഭൂമിയിലെ മനുഷ്യരുടെ കാര്യം എന്തായിരിക്കും? അക്കാലത്ത് ഗ്രഹങ്ങൾ ഒൻപതെണ്ണം ഉണ്ടായിരുന്നു,, അതിൽ ആരാണ് മാറിനിന്നത്? ഇടക്ക് സ്ഥാനം നഷ്ടപ്പെട്ട പ്ലൂട്ടോ ആയിരിക്കുമോ?

                       അക്കാലത്ത് ലോകാവസാന വാർത്തകൾ കേൾക്കാനും പറയാനുമായി നാട്ടുകാരെല്ലാം അത്യുത്സാഹം കാണിച്ചിരുന്നു. വായനശാലയിൽ മാതൃഭൂമി വായിക്കുന്ന ആണുങ്ങൾ മാത്രമല്ല, കിണറ്റിൻ‌കരയിലെ പെണ്ണുങ്ങളും ചായപീടികയിലെ ബാലിയക്കാരും വയലിൽ കളപറിക്കുന്ന പണിക്കാരും കടപ്പുറത്ത് ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുന്ന പിള്ളേരും പറയുന്നത് ലോകാവസാന വിശേഷങ്ങൾ മാത്രം. അന്നന്നത്തെ അപ്പത്തിന് വക കണ്ടെത്തുന്ന ഗ്രാമീണന് ലോകാവസാനം വരുന്ന നേരത്ത് ഒളിപ്പിച്ച്‌വെക്കാൻ സമ്പത്തൊന്നും ഉണ്ടായിരുന്നില്ല. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കാൻ സന്മനസ്സ് കാണിക്കുന്ന കാലം. ഒരാഴ്ച മുൻപ് തെക്കേട്ടിലെ കാർത്തിയേച്ചി അമ്മയോട് ചോദിക്കുന്നതു കേട്ടു,
“യശോദേടത്തി, അന്റെ ലീലക്ക് ഇടാൻ നിങ്ങളെ മോളെ പയേ കുപ്പായം തര്വോ?”
“അതെങ്ങനെയാ കാർത്തി, ഇവളെ കുപ്പായമൊന്നും പയേതായിറ്റില്ല”
“എന്നാപിന്നെ പുതിയ ഒരെണ്ണം തന്നൂടെ?”
“പുതിയതോ?”
“അത്‌പിന്നെ ഒരായ്ച്ച കയിഞ്ഞാല് ലോകാവസാനമല്ലെ,,, അപ്പൊപിന്നെ ഇത്രേം കുപ്പായമെന്തിനാ നിങ്ങളെ കുട്ടി ഇടുന്നത്? അന്നേരം രണ്ടോ മൂന്നോ എണ്ണം ഒന്നിച്ച് ഇട്ടാൽ പോരെ?,,”
                    ലോകാവസാന നേരത്ത് സ്വന്തം മകൾക്ക് അണിയാൻ നല്ലൊരു കുപ്പായത്തിനുവേണ്ടി ചോദിക്കുകയാണ് എന്റെയൊപ്പം നാലാം ക്ലാസ്സിൽ പഠിക്കുന്ന ലീലയുടെ അമ്മ. ഒടുവിൽ അച്ഛന്റെ ഇരുമ്പ്‌പെട്ടി തുറന്ന് അടിയിൽ ഇസ്ത്രിയിട്ട് വെച്ച നീലയിൽ വെള്ളപുള്ളിയുള്ള പുതിയ ഉടുപ്പ് അമ്മ അവർക്കു നൽകി. അതുമായി ഇറങ്ങിപോകുമ്പോൾ അവർ പറഞ്ഞു,
“ലോകാവസാനം വരുന്ന ദെവസം നമ്മളെ വീട്ടില് ചോറ് വെക്കുന്നുണ്ട്, കൊറേസമായി അതിന് അരിയൊക്കെ മാറ്റിവെക്കാൻ തൊടങ്ങീറ്റ്”
അരപ്പട്ടിണിക്കാരൻ ലോകാവസാന നേരത്ത് വയറുനിറച്ച് ഉണ്ണാൻ ശ്രമിക്കുകയാണ്; അടുത്ത ഭക്ഷണം എപ്പോഴാണെന്നറിയില്ലല്ലൊ. അതുപോലെ ചാവുമ്പം ചമഞ്ഞുകിടക്കാനാണ് പുതിയ കുപ്പായം.   
*****
                      സ്ക്കൂൾ‌വിട്ട് വീട്ടിലെത്തുന്നതുവരെ കുട്ടികളുടെ സംഭാഷണവിഷയം ലോകാവസാനം തന്നെ. എന്റെ ബോഡിഗാർഡായ അടുത്ത വീട്ടിലെ ഇന്ദിരേച്ചി പാറമുകളിൽ വളർന്ന പച്ചപ്പുല്ലിൽ ഇരുന്ന് പുസ്തകമൊക്കെ നിലത്ത്‌വെച്ച് മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇനിയീ ബുക്കൊന്നും ആവശ്യമില്ലല്ലൊ,,, നാളെയിപ്പം ലോകാവസാനം വരുമ്പം ഏത് കുപ്പായമാ ഇടുക,, വീട്ടിൽ‌പോയപ്പാട് ഈ പാവാടയും ബ്ലൌസും അലക്കണം. എന്നിട്ട് ഇസ്ത്രിവെച്ച് നാളെ വയീറ്റ് ഇടണം. കൊറച്ച് പൌഡറൊക്കെ ഞാനെടുത്ത്‌വെച്ചിട്ടുണ്ട്. എണേ, നീയേത് കുപ്പായമാ നാളെ ഇടുന്നത്? കുഞ്ഞമ്മാവൻ പട്ടാളത്തിന്ന് വന്നപ്പം പുതിയ കുപ്പായം കൊണ്ടുവന്നിട്ടില്ലെ?”
ചോദ്യം എന്നോടാണ് എന്റെ അമ്മാവൻ മിലിറ്ററി ആയതിനാൽ പവ്വറ് അധികമാണ്.
“അന്റെ പുതിയ കുപ്പായം നീ കണ്ടിട്ടില്ലെ,”
“എന്നാല് ആദ്യം പെറ്റിക്കോട്ടിന്റെ മോളില് മറ്റുള്ള കുപ്പായങ്ങളെല്ലാം ഇടുക, അഞ്ചാറെണ്ണം ഉണ്ടാകുമല്ലൊ,, കുഞ്ഞമ്മാവൻ കൊണ്ടേന്നത് അതിന്റെ മോളില് പൊറത്തിടുക, കേട്ടോ”
എല്ലാം ശരിവെച്ച് കുട്ടിപ്പട നടന്നുനീങ്ങി,
വീട്ടിലെത്തിയപ്പോൾ ഒരു മഹാസംഭവം നടന്നു,
മരിക്കുന്നതുവരെ ഇവിടെ താമസിക്കും എന്ന് പറഞ്ഞ് ഒരു കൊല്ലമായി നമ്മുടെ വീട്ടിൽ കഴിയുന്ന അച്ഛന്റെ ഇളയമ്മ നാളത്തെ ലോകാവസാനം സ്വന്തം മക്കളോടൊത്ത് ആഘോഷിക്കാനായി സ്ഥലം വിട്ടിരിക്കുന്നു. എൺപത് കഴിഞ്ഞ അവർ വീട്ടിലുള്ള ആണുങ്ങളോടൊന്നും പറയാതെയാണ് നട്ടുച്ചനേരത്ത് കണ്ണൂരിൽ ഇടച്ചേരിയിലെ മകളുടെ വീട്ടിലേക്ക് പോയത്.
                     പിറ്റേദിവസം നമ്മൾ ലോകാവസാനത്തെ കാത്തിരുന്നു. ഒന്നും സംഭവിക്കാതെ പതിവുപോലെ ദിവസങ്ങൾ ഒരോന്നായി കടന്നുപോയി. ലോകം അതേപടി അവസാനത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു.
******

 ഇനി അല്പം ചിന്തകൾ???
                  യുഗങ്ങള്‍ നാലാണ്, ഇപ്പോള്‍ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നാലാമത്തെ യുഗമായ കലിയുഗത്തില്‍ കൂടിയാണെന്ന് തിരിച്ചറിയാൻ ഒട്ടും പ്രയാസമില്ല. കലിയുഗത്തിന്റെ അവസാന കാലത്തെ ലോകാവസാന ലക്ഷണങ്ങള്‍ ഓരോന്നായി നമ്മുടെ മഹാഭാരതത്തിൽ പറയുന്നുണ്ട്,
  1. മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും പരസ്പരവിരുദ്ധമായി മാറുന്നു.
  2. ആളുകള്‍ക്ക് ഭക്ഷ്യവും അഭക്ഷ്യവും തിരിച്ചറിയാതാവുന്നു.
  3. ഭൂമി മ്ലേച്ഛന്മാര്‍ ഭരിക്കുന്നു.
  4. സ്ത്രീകള്‍ പൊക്കം കുറഞ്ഞവരും ധാരാളം പ്രസവിക്കുന്നവരും ആയി മാറുന്നു.
  5. ഗുരുനാഥന്മാര്‍ വിദ്യ വില്‍ക്കുന്നു.
  6. സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന വേശ്യകളായി മാറുന്നു.
  7. ഗൃഹസ്ഥന്മാര്‍ ചോറ് വില്‍ക്കുന്നു.
  8. പുരുഷന്മാര്‍ക്ക് സ്വന്തം മകളിലും സ്ത്രീകള്‍ക്ക് ഭൃത്യന്മാരിലും മക്കള്‍ ഉണ്ടാവുന്നു.
  9. ഭിക്ഷാടനമെന്ന പേരില്‍ വീട്ടില്‍ കയറി മോഷണം നടത്തുന്നു.
  10. കള്ളവും തട്ടിപ്പും മദ്യപാനവും നാട്ടില്‍ വര്‍ദ്ധിക്കുന്നു.
  11. സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍ നിന്നും ആദായം കുറയുന്നു.
  12. മരങ്ങളില്‍ മറ്റു പക്ഷികള്‍ കുറഞ്ഞ് കാക്കകള്‍ വര്‍ദ്ധിക്കുന്നു’
അങ്ങനെ,
ഒടുവില്‍ ഏഴ് സൂര്യന്‍മാര്‍ ചേര്‍ന്നുള്ള പ്രളയാഗ്നിയില്‍ പ്രപഞ്ചം നശിക്കുന്നു’.

                     കലിയുഗ ലക്ഷണമായി ഒരുകാലത്ത് പറഞ്ഞതെല്ലാം ഇന്ന് ആചാരമായി മാറിയിരിക്കയാണ്.

1.  ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ഇല്ലാതായിട്ട് വളരെ നാളായി.
2.  കഴിക്കുന്നത് എന്താണെന്നറിയാതെയാണ് പലതും നാം ഭക്ഷിക്കുന്നത്.
3.  ഭൂമി ഭരിക്കുന്നത് ഇപ്പോള്‍ തട്ടിപ്പ്‌വീരന്മാ.
4.  പിന്നെ സ്ത്രീകള്‍ ധാരാളം പ്രസവിക്കും; കുടും‌ബാസൂത്രണം കാരണം പലർക്കും ചാന്‍സ് കിട്ടാത്തതു കൊണ്ടാണ്.
5.  ഗുരുനാഥന്മാര്‍ ശമ്പളം കണക്ക്‍പറഞ്ഞ് വാങ്ങുകയും നിരക്ക് കൂട്ടാന്‍ സമരം നടത്തുകയും ചെയ്യുന്നു.
6. സ്ത്രീകള്‍‌ക്ക് എളുപ്പത്തില്‍ വില്‍ക്കാന്‍ പറ്റുന്നത് ശരീരമാണല്ലോ; എന്നാല്‍ അവരോട് മത്സരിക്കാൻ ആണ്‍‌വേശ്യകളും പെരുകുന്നുണ്ട്.
7.  ഗൃഹസ്ഥന്മാര്‍ തട്ടുകട മുതൽ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വരെ നടത്തി ചോറ് വില്‍ക്കുന്നു.
8.  മക്കളെ ഉണ്ടാക്കുന്ന കാര്യമാണെങ്കില്‍; – ‘എന്റെ കൊച്ചിന്റെ അച്ഛന്‍ തന്നെയാണ് എന്റെ അച്ഛൻ’, എന്ന് പറയേണ്ട അവസ്ഥയിലുള്ള കൊച്ചു പെണ്‍‌കുട്ടികള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ പെരുകുകയാണ്. സ്ത്രീകള്‍ ഭര്‍ത്താവിനെയും മക്കളെയും മറന്ന് പ്രായം കുറഞ്ഞ പുരുഷന്മാരുടെ പിന്നാലെ പായുന്നു.
9. വീട്ടില്‍ വരുന്ന അപരിചിതരെല്ലാം തട്ടിപ്പുകാരും കള്ളന്മാരും ആണെന്ന സംശയത്തിന് ഇടയാക്കുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. 
10. അച്ഛന്റെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ ‘മദ്യപാനം’ എന്ന് മക്കള്‍ തന്നെ പറയുന്നു.
11. ജെ.സി.ബി. ഭൂമിയെ അട്ടിമറിക്കുമ്പോൾ രാസവളവും കീടനാശിനിയും ചേര്‍ന്ന് കൃഷി നശിപ്പിക്കുന്നു.
12. മരങ്ങൾ കാക്കകൾക്കും ഫ്ലക്സ് ബോർഡുകൾക്കും മാത്രമായി മാറിയിരിക്കുന്നു. കാക്കകളെ പേടിച്ച് മരങ്ങളുടെ ചുവട്ടില്‍‌ ആരും നില്‍ക്കാറില്ല’
ഇപ്പോൾ ഞാന്‍ ചോദിക്കുകയാണ്:
എന്നിട്ടും എന്തേ പ്രളയാഗ്നി ഇത്രയും വൈകുന്നത്??? ലോകാവസാനം ഇനിയെപ്പോൾ?

15 comments:

  1. ലോകാവസാനം കഴിഞ്ഞപ്പോൾ ആദ്യമായി സംഭവിച്ച ലോകാവസാന അനുഭവത്തിന്റെ തിരിഞ്ഞുനോട്ടം

    ReplyDelete
  2. ലോകം അവസാനിക്കുന്നതു തന്നെയാണ് നല്ലത് ..അല്ലെ?
    ഒരു പാട് ഇഷ്ട്ടപ്പെട്ട പോസ്റ്റ്....
    ലോകം അവസാനിക്കും മുൻപ് ഒരു തേങ്ങ കൂടി അടിച്ചേക്കാം.
    ഈ ചാൻസ് എപ്പോഴും കിട്ടണമെന്നില്ലല്ലൊ.
    ഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോഠോ

    ReplyDelete
    Replies
    1. @ജന്മസുകൃതം-,
      ഇത് വല്ലാത്തൊരു തേങ്ങയടിയാണല്ലൊ,, പേടിച്ചുപോയി.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  3. അത്ര മേല്‍ പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞോ ?
    ആദ്യമൊക്കെ ചിരി വന്നുവെങ്കിലും അവസാനമായപ്പോള്‍ വിഷമമായി........

    ReplyDelete
    Replies
    1. @Echmukutty-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. മിനി ടീച്ചറെ. ഈ പോസ്റ്റ്‌ വളരെ ഗംഭീരമായി. എല്ലാം പച്ചയായ സത്യം !

    ReplyDelete
    Replies
    1. @Madhusudhanan-,
      വളരെ സന്തോഷം
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. Avasanikkatha Lokathinu ...!

    Manoharam Chechy, Ashamsakal...!

    ReplyDelete
  6. Dear Teacher,
    Read out the Lokavasanam. Good.
    Sasi, Narmavedi, Kannur

    ReplyDelete
  7. ലോകം അവസാനിക്കുമോ എന്നറിയില്ല. പക്ഷേ, ലോകം ആവാസയോഗ്യമല്ലാതായി മാറിയിരിക്കുന്നു. ഇത്‌ ലോകാവസാനത്തേക്കാള്‍ ഭീകരമാണ്‌. ടീച്ചര്‍ പറഞ്ഞത്‌ ശരിയാണ്‌.

    ReplyDelete
  8. @Sureshkumaar Punjhayil-,
    @Narmavedi-,
    @Vinodkumar Thallasseri-,
    ദിവസേന പത്രങ്ങൽ വായിച്ചാൽ തോന്നും ലോകാവസാനമായോ എന്ന്,, അഭിപ്രായം എഴുതിയതിന് എല്ലാവരോടും നന്ദി. എല്ലാവർക്കും കൃസ്തുമസ് ആശംസകൾ.

    ReplyDelete
  9. അവസാനിക്കുന്നത് തന്നെ ഇതില്‍ ഭേദം...

    ശരിയാണ് ടീച്ചറെ...ചിന്തകള്‍ എല്ലാം
    കാലോചിതം തന്നെ...

    ReplyDelete
  10. 2000 ത്തില്‍ ലോകം അവസാനിക്കുമെന്ന് പറഞ്ഞ് പേടിച്ചിരുന്ന സ്കൂള്‍കാലം ഓര്‍മ്മയുണ്ട്

    ReplyDelete
  11. ലോകാവസാനം ഇനിയെപ്പോൾ? ഏവരും ചോദിച്ച്കൊണ്ടേയിരിക്കുന്നു... ഞാനും ചോദിക്കുന്നു. ഒരിക്കൽ അവസാനിക്കുമെന്നും വിശ്വസിക്കുന്നു.

    ReplyDelete
  12. 'ലോകാവസാനത്തിന്' മുന്പ് ടീച്ചറിന്റെ
    എഴുത്ത് വായിക്കാനുള്ള തത്രപ്പാടില്‍ ആണ് ഞാന്‍ !

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.