“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 6, 2013

ഞാനൊരു പാവം കടുവ


അവരെന്റെ സ്വന്തം കാടുകളിൽ കടന്നപ്പോൾ
ഒളിക്കാനൊരിടം‌തേടി ഞാനലഞ്ഞു,
അവരെന്റെ ദാഹജലം ഊറ്റിയപ്പോൾ
ഒരുതുള്ളി നീരിനായ് നീട്ടിയൊരെൻ നാവ് കുഴഞ്ഞു,
അവരെന്റെ ഇരകളെ അപ്പാടെ കൊന്നപ്പോൾ
മാസങ്ങളായ് പട്ടിണി കിടന്നു ഞാൻ.

എരിയുന്ന വയറുമായ് കണ്ണുകാണാതായപ്പോൾ
ഒത്തിരിയലഞ്ഞ് നേടിയൊരിരയുടെ
ഇത്തിരി മാംസം പറിച്ച് തിന്നുന്ന നേരത്ത്
അവരെന്റെ തൊണ്ടയിൽ കൈയ്യിട്ട്
അതും തട്ടിപ്പറിച്ചു,,,
എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല.
ഞാനൊരു പാവം കടുവ.

ചാവാൻ കിടക്കുന്നൊരെന്നെ തേടി
അവർ വന്നു,
എന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു,
എന്റെ വാലിലെ രോമങ്ങൾ പറിച്ചെടുത്തു,
ഒട്ടിയ വയറിൽ മുള്ളുകൾ തറച്ചപ്പോൾ
അവർ കൂവിയാർത്തു
എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല
ഞാനൊരു പാവം കടുവ.

ആയിരങ്ങൾ വന്നെന്റെ ഉറക്കം ഞെട്ടിച്ചു,
അവരെന്നെ നോക്കി കൂവിയാർത്തു,
അവരെന്റെ നേരെ കല്ലെറിഞ്ഞു,
‘പാപം ചെയ്യാത്തവർക്ക് കല്ലെറിയാമല്ലൊ’!
പട്ടിണിയും ദാഹവും ഒത്തുചേർന്ന്
അന്ത്യശ്വാസം വലിക്കാറായപ്പോൾ
വേദന സഹിക്കവയ്യാതെ
ഉച്ചത്തിൽ ഞാൻ കരഞ്ഞപ്പോൾ
അവർ പറഞ്ഞു,
“കടുവ അലറുന്നേ,,, വെക്കെടാ വെടി”

വെടിയേറ്റ് വീഴുന്ന എന്റെനേരെ
 വടികൊണ്ട് കുത്തിയിട്ട്
ആനന്ദനൃത്തം തുടരുന്നു അവർ
നാട്ടിലെ മനുഷ്യർ കാടുകയറിയാൽ
കാട്ടിലെ പാവങ്ങൾ എന്ത് ചെയ്യും?
ഞാനൊരു പാവം കടുവ.
************************************

11 comments:

 1. പാവം കടുവ
  പാവം മൃഗങ്ങള്‍

  ReplyDelete
 2. nice mini lokam... poor kaduva http://indianwritersforum.blogspot.in/

  ReplyDelete
 3. ഞാനൊരു പാവം കടുവയിതെന്നെ
  പുള്ളിപ്പുലിയായ്‌ കരുതരുതേ !
  വടികൊണ്ടെന്നെ കുത്തരുതേ
  വെടിവെച്ചെന്നെ കൊല്ലരുതേ !

  ReplyDelete
 4. കാടുകള്‍ നാടുകളാകുമ്പൊള്‍
  നാടുകള്‍ നഗരമാകുമ്പൊള്‍ ....
  മഴകാടുകള്‍ വെട്ടി വെയില്‍കാടുകള്‍ പണിയുമ്പൊള്‍ ..
  അത്യാഗ്രഹത്തിന് നാട് കാടണയുമ്പൊള്‍
  അതിജീവനത്തിന് കാട് നാടിലണയും ..
  ജീവിക്കുവാന്‍ അവര്‍ക്കുമുണ്ടല്ലൊ അവകാശം ..
  എഴുതി കരുത്ത് നേടുക , വീണ്ടും വീണ്ടുമെഴുതുക .. ..

  ReplyDelete
 5. നാട്ടിലെ കടുവകള്‍ കാടുകയറിയാൽ
  കാട്ടിലെ കടുവകള്‍ എന്ത് ചെയ്യും?
  ഞാനൊരു പാവം കടുവ.
  കൊള്ളാം ടീച്ചറെ ഈ
  കടുവച്ചരിത്രം.
  .

  ReplyDelete
 6. പുരോഗതി 'പിടിച്ചെടുക്കുന്നതിന്റെ' അളവുകോല്‍ ആകുമ്പോള്‍ -
  'വെല്‍ഫെയര്‍ സ്റ്റേറ്റ്' എന്നതിന്റെ നിര്‍വചനം, 'സിഡ്നി' പോലെ 'മുംബെ' ആകുക, മുംബെ പോലെ ബംഗ്ലൂര്‍ ആകുക, ബംഗ്ലൂര്‍ പോലെ 'ബന്ദിപൂരും' ആകുമ്പോള്‍, ആനയും കടുവയും എല്ലാം നാട്ടിലേക്ക് ഇറങ്ങും !
  കൊള്ളാം

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.