“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 18, 2013

ഇലയിൽ മുള്ള് വീണാലും!


“ആ പെൺകുട്ടിയോട് നീയെന്താണ് പറഞ്ഞത്?”
മറുപടി പറയാതെ തലകുനിച്ച് നിൽക്കുന്ന ആൺ‌കുട്ടിയോട് ശബ്ദംകുറച്ചുകൊണ്ട് വീണ്ടും അദ്ധ്യാപകൻ പറഞ്ഞു,
“സ്ക്കൂളിലുള്ളവരാരും നിന്നെ ഒരു തരത്തിലും ശിക്ഷിക്കില്ല, അവളോട് നീയെന്താണ് ചോദിച്ചത് എന്ന് മാത്രം പറഞ്ഞാൽ മതി,,”
എന്നിട്ടും മൌനം പാലിക്കുന്ന പത്താം തരക്കാരനെ നോക്കിയിട്ട് ഓഫീസ്‌റൂമിലെ സ്വന്തം ഇരിപ്പിടത്തിൽ ഇരിക്കുന്ന ഹെഡ്‌മിസ്ട്രസ് പറഞ്ഞു,
“നീയൊരു മുതിർന്ന കുട്ടിയല്ലെ, നിന്നെപ്പറ്റി ഒരു പെൺകുട്ടി പരാതിപറഞ്ഞാൽ അത് ശരിയാണോ എന്ന് അറിയാനല്ലെ മാഷ് ചോദിക്കുന്നത്”
പെട്ടെന്ന് അവൻ തലയുയർത്തി ഉച്ചത്തിൽ എല്ലാവരും കേൾക്കെ പറഞ്ഞു,
“ഓളാരാ എന്നെ കുറ്റം പറയാൻ,,, തെണ്ടി”
അത് കേട്ടപ്പോൾ വിദ്യാർത്ഥികളെ അടിക്കുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും ഒന്നാമനായ കണക്ക് അദ്ധ്യാപകൻ അവനെ അടിക്കാനായി കൈ ഉയർത്തിയെങ്കിലും ഹെഡ്‌ടീച്ചറുടെ നോട്ടം കണ്ടപ്പോൾ കൈ താഴ്ത്തി. അദ്ദേഹം ദേഷ്യത്തെ ഉള്ളിലൊതുക്കിയിട്ട് അവനോട് പറഞ്ഞു,
“അവൾ ആരോ ആയ്‌ക്കോട്ടെ,, നീ അവളോട് എന്തോ ചോദിച്ചെന്നാണ് പരാതിയുള്ളത്. അത് ശരിയാണൊ എന്ന് അറിയണം. നിന്നെ ഞാനോ മറ്റ് അദ്ധ്യാപകരോ അടിക്കുകയില്ല”
അദ്ധ്യാപകന്റെ അനുനയത്തിലുള്ള വാക്കുകൾക്ക് വഴങ്ങിയ ശിഷ്യൻ ഒടുവിൽ പറയാൻ തുടങ്ങി,
“ഞാനവളോട് ഒന്ന് ചോദിച്ചു”
“എന്ത് ചോദിച്ചു?”
“അൻപത് ഉറുപ്പിയ തന്നാൽ ഒരിക്കൽ,,,,”
“ഒരിക്കൽ
“എന്റെ ഒപ്പരം വരുമോന്ന്”
പെട്ടെന്ന് അടി പൊട്ടാൻ തുടങ്ങി. അതുവരെ അടിക്കുകയില്ല എന്ന് പറഞ്ഞ അദ്ധ്യാപകൻ സ്വയം മറന്ന് അവന്റെ മുഖത്തും തലക്കുമായി അഞ്ചാറ് തവണ അടിച്ചപ്പോൾ രംഗം കണ്ടുനിന്നവരെല്ലാം ഞെട്ടി. ഞെട്ടിയത് അടിച്ചതുകൊണ്ടല്ല, പത്താം തരത്തിൽ ഞങ്ങൾക്ക് പഠിപ്പിക്കേണ്ടി വന്നത് ഇത്രയും നീചമായ സ്വഭാവമുള്ള പയ്യനെയാണല്ലൊ എന്നോർത്തായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കേസ് ഹെഡ്‌മിസ്ട്രസ്സിന്റെ മുൻപാകെ വിചാരണ നടക്കുന്നത് നേരിട്ട് കാണാനായി ആ പരിസരത്ത് ചുറ്റിനിൽക്കുന്ന എന്നെപ്പോലുള്ള ടീച്ചർമാർ വിദ്വേഷം ഉള്ളിലൊതുക്കിയിട്ട് പതുക്കെ വെളിയിലേക്കിറങ്ങി.  

                       വർഷങ്ങൾക്ക് മുൻപ് എന്റെ ഹൈസ്ക്കൂളിലെ ഏതാനും വിദ്യാർത്ഥികൾ കൂടെ പഠിക്കുന്ന -ഒരേ ക്ലാസ്സിൽ തൊട്ടടുത്ത ബെഞ്ചിലിരിക്കുന്ന- സഹപാഠിനിയുടെ ചാരിത്ര്യത്തിന് വില പറഞ്ഞു. എത്രയെന്നോ?
വെറും അൻപത് രൂപ മാത്രം,,,
                       അന്ന്, പതിനഞ്ച് വർഷം മുൻപ് അൻപത് രൂപ അത്രക്ക് ചെറിയ തുകയൊന്നുമല്ല. ഏതാനും ദിവസങ്ങളായി ശരീരത്തിന് വിലപറഞ്ഞ് പിന്നാലെ നടക്കുന്ന ആൺകുട്ടികളുടെ ശല്യം സഹിക്കുന്ന ആ പെൺകുട്ടി അദ്ധ്യാപകരോടോ രക്ഷിതാക്കളോടോ പരാതി പറഞ്ഞിരുന്നില്ല. അദ്ധ്യാപകരോട് പറയാൻ ധൈര്യം കിട്ടിയില്ല എന്ന് വേണം പറയാൻ. പിന്നെ രക്ഷിതാവ് കൂലിവേല ചെയ്യുന്ന പാവപ്പെട്ട ഒരമ്മമാത്രം. അമ്മയോട് പറഞ്ഞാൽ അവർ പറയുമായിരിക്കും, ‘മോള് പഠിപ്പ് മതിയാക്കി നാളെമുതൽ അന്റൊപ്പരം കൂലിപ്പണിക്ക് വന്നോ’ എന്ന്. അപ്പൊൾ വീട്ടിൽ പറയുന്നത് ഗുണത്തേക്കാൾ ദോഷമായിരിക്കും.
                          അങ്ങനെയിരിക്കെ ഒരുദിവസം ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഹിന്ദി അദ്ധ്യാപിക അപ്രതീക്ഷിതമായാണ് ഒരു ശിഷ്യന്റെ ചെയ്തികൾക്ക് ദൃൿസാക്ഷി ആയത്. ടീച്ചർ പഠിപ്പിച്ചുകൊണ്ടിരിക്കെ പിൻ‌ബെഞ്ചിലിരിക്കുന്ന ഒരുത്തൻ ഒരു വശത്ത് മുൻ‌ബെഞ്ചിലിരിക്കുന്ന പെൺ‌കുട്ടിയുടെ നേരെ ചെറിയ കല്ലെടുത്ത് എറിയുന്നു. കൂടുതൽ നിരീക്ഷിച്ച് ചോദ്യം ചെയ്തപ്പോൾ കല്ലുകളും ഏറുകളും പലപ്പോഴായി ഉണ്ടെന്ന് തിരിച്ചറിഞ്ഞ് സംഭവം ക്ലാസ് അദ്ധ്യാപകന് റിപ്പോർട്ട് ചെയ്തു.

                           വളരെ പാവപ്പെട്ട വീട്ടിൽ നിന്നും വരുന്ന ആ പെൺകുട്ടി ക്ലാസ് അദ്ധ്യാപകന്റെ മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് രണ്ട്‌മാസത്തോളമായി അവൾ അനുഭവിക്കുന്ന പീഡനങ്ങൾ വിവരിച്ചു. ക്ലാസ്സിലെ മുതിർന്ന ആൺകുട്ടികൾ പലരും അവൾക്കുനേരെ അശ്ലീലപദങ്ങൾ പ്രയോഗിക്കുന്നു. വീട്ടിലേക്ക് പോകുന്ന വഴിയിൽ‌വെച്ച് അവളെ കല്ലെറിയുന്നു. രണ്ടും മൂന്നും വർഷങ്ങളായി പലക്ലാസ്സുകളിലും തോറ്റതിനുശേഷം പ്രായത്തിൽ മുതിർന്നവരാണെങ്കിലും പഠനത്തിൽ പിന്നിലായ ചിലരാണ് പ്രതികൾ. അദ്ധ്യാപകർ പറയുന്നത് പഠിക്കുന്നതിനുപകരം അദ്ധ്യാപകരെ പഠിപ്പിക്കാൻ നടക്കുന്ന തലതിരിഞ്ഞ കൂട്ടങ്ങൾ.
                      പെൺകുട്ടിയുടെ പരാതി ഹെഡ്‌മിസ്ട്രസിന്റെ മുന്നിലെത്തിയപ്പോൾ നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചപ്പോൾ പതിവ് നടപടികൾ അരങ്ങേറി. കൂട്ടത്തിൽ വലിയ വില്ലന്മാരായ മൂന്നുപേരെക്കൊണ്ട് പെൺകുട്ടിയോട് മാപ്പ് പറയിപ്പിച്ചു. ഇനി ഒരു പ്രശ്നവും ഉണ്ടാക്കുകയില്ലെന്ന് ഉറപ്പ് എഴുതി വാങ്ങിച്ചു.

                      പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും സംഭവം സ്ക്കൂളിൽ മൊത്തമായി അറിയപ്പെട്ടു. എല്ലാവർക്കും അറിയേണ്ടത് ആ പെൺ‌കുട്ടി ആരാണെന്ന് മാത്രം. അതിനിടയിൽ അവളെ അപമാനിച്ച ആൺകുട്ടികളെക്കുറിച്ച് അദ്ധ്യാപകരോ വിദ്യാർത്ഥികളോ അറിയാൻ താല്പര്യം കാണിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേസിൽ ഉൾപ്പെട്ട അവൾ പിന്നീട് അറിയപ്പെട്ടത് ‘അൻപത് ഉറുപ്പിയ’ എന്ന പേരിൽ. മറ്റു ക്ലാസ്സിലുള്ള ആൺകുട്ടികളടക്കം അവളെനോക്കി വിളിക്കുന്നു,,,, ‘അൻപത് ഉറുപ്പിയ’.

                     ഒരിക്കൽ ‘അൻപത് ഉറുപ്പിയ’ വിളികേട്ട മലയാളം അദ്ധ്യാപിക വിളിച്ചവനെ കൈയ്യോടെ പിടിച്ച് ഉപദേശിക്കാൻ തുടങ്ങി,
“മോനെ നിന്റെയൊക്കെ പെങ്ങളെപോലെയല്ലെ അവളും; സ്വന്തം സഹോദരിയെ അപമാനിക്കാൻ പാടുണ്ടോ?”
“ഓളെന്റെ പെങ്ങളൊന്നുമല്ല”
“പെങ്ങളല്ലെങ്കിലും അവൾ പെങ്ങളെപ്പോലെയല്ലെ?”
“എന്റെ പെങ്ങമ്മാരൊന്നു അവളെപ്പോലെയല്ല, എന്റെ പെങ്ങൾ നല്ലവളാണ്, അവൾ ചീത്ത”
“അതെങ്ങനെയാ? അവൾ ചീത്തയും നിന്റെ പെങ്ങൾ നല്ലവളും ആണെന്ന് പറയാൻ കാരണം?”
“ഓള് മോശമാണ്, വേശ്യയാണ്, ഓളെ എന്ത് ചെയ്താലും വീട്ടിലാരും ചോദിക്കാൻ വരില്ല. അതുപോലെയാണോ എന്റെ പെങ്ങൾ? ടീച്ചർ എന്റെ പെങ്ങമ്മാരെ കുറ്റം പറയുന്നത് ഞാൻ സഹിക്കില്ല”
ഉപദേശിക്കാൻ തോന്നിയ അദ്ധ്യാപികക്കും കേട്ടുനിൽക്കുന്നവർക്കും അവനോട് പറയാൻ ആ നേരത്ത് മറുപടിയൊന്നും ഇല്ലായിരുന്നു.
***************************
സ്ത്രീകളെക്കുറിച്ച് പുരുഷന്മാർ പലരുടെയും വിശ്വാസം അന്ന് ആ ശിഷ്യൻ പറഞ്ഞതുപോലെയാണെന്ന് ഇപ്പോഴും വിശ്വസിക്കേണ്ടി വരുന്നു,
ചോദിക്കാനും പറയാനും ആണുങ്ങൾ ഇല്ലാത്ത സ്ത്രീകളെല്ലാം ചീത്തയായിരിക്കും. അവരെ മറ്റുള്ളവർക്ക് എന്തും ചെയ്യാം, പറയാം, വിളിക്കാം, കല്ലെറിയാം.
എന്നാൽ,,,
അവരുടെ സ്വന്തം അമ്മ പെങ്ങൾ ഭാര്യ മകൾ തുടങ്ങിയ സ്ത്രീകളെല്ലാം നല്ലവരായിരിക്കും. അവരെ മറ്റുള്ളവർ കല്ലെറിയാനോ വിളിക്കാനോ നോക്കാനോ പാടില്ല. കാരണം അവർക്ക് ചോദിക്കാനും പറയാനും പടവെട്ടാനും തയ്യാറുള്ള ആണുങ്ങൾ ഉണ്ട്.
ഒരു സ്ത്രീ പുരുഷനോട് തെറ്റ് ചെയ്താൽ അത് അവളുടെ പേരിൽ അറിയപ്പെടും.
കൂടാതെ,
പുരുഷൻ ഒരു സ്ത്രീയോട് അക്രമം കാണിച്ചാൽ (തെറ്റ് ചെയ്താൽ) ആ സംഭവം അറിയപ്പെടുന്നതും സ്ത്രീയുടെ പേരിലായിരിക്കും. അല്ലാതെ അതൊരിക്കലും അവന്റെ പേരിൽ അറിയപ്പെടുകയില്ല.

പിൻ‌കുറിപ്പ്:
പ്രതികളായ വില്ലന്മാരെ, പെൺകുട്ടിയുടെ പരാതിയിൽ സ്ക്കൂളിൽ നിന്ന് പുറത്താക്കാനോ മറ്റു ശിക്ഷകൾ കൊടുക്കാനോ കഴിഞ്ഞില്ല. പിന്നീടുണ്ടായ ഒരു അടിപിടി കേസിൽ സ്ക്കൂളിൽ നിന്ന് അവരെ സസ്പെന്റ് ചെയ്തെങ്കിലും കേസ് കോടതിയിൽ എത്തുകയും അവരെല്ലാം തിരികെ സ്ക്കൂളിൽ പ്രവേശിക്കുകയും ചെയ്തു. ഒടുവിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ നമ്മുടെ (അ)പ്രീയശിഷ്യന്മാർ പരീക്ഷയിൽ തോറ്റു എന്ന ചരിത്രം കൂടി ഇതൊടൊപ്പം ചേർക്കുന്നു.

38 comments:

  1. സമൂഹത്തിനു വന്നു കൊണ്ടിരിക്കുന്ന മൊത്തം മ്യൂല്യച്യുതിയുടെ ഭാഗമായിട്ടെ ഇതിനെ കാണാനാവൂ. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് പുറത്തു വരുന്ന വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു.
    ആശംസകൾ...

    ReplyDelete
    Replies
    1. @വി.കെ-,
      ആദ്യമായി അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  2. It is.... nothing changed... http://indianwritersforum.blogspot.com/

    ReplyDelete
  3. നായുടെ വാൽ പന്തീരാണ്ട് കുഴലിലിട്ടാൽ കുഴലു വളയും എന്നു കേട്ടിട്ടില്ലെ...? ഇല്ലെങ്കിൽ ഇപ്പം കേട്ടല്ലൊ....
    ഈ കണ്ണീരിനെല്ലാം കാലം മാപ്പു പറയിക്കട്ടെ.

    ReplyDelete
    Replies
    1. ജന്മസുകൃതം-,
      കുഴലുകളെ വളക്കുന്ന വാലുകളാണല്ലൊ,,,
      അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  4. സങ്കടകരമായ ഈ അവസ്ഥക്ക് ഇന്നും മാറ്റം അത്രക്കൊന്നും വന്നിട്ടില്ല. കേവലം കച്ചവടമായി അധ:പതിച്ച നമ്മുടെ വിദ്യാഭാസ രംഗത്ത് ആരോഗ്യകരമായ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.

    ReplyDelete
    Replies
    1. @ഫിയോനിക്സ്-,
      ഒരു വിദ്യാലയത്തിലെ അദ്ധ്യാപകരെല്ലാം ചേർന്ന് തീരുമാനിച്ചാൽ അവിടത്തെ വിദ്യാർത്ഥികളെ നന്നാക്കാൻ കഴിയും എന്നാണ് എന്റെ അനുഭവം. നല്ല മാറ്റങ്ങൾ ഇനിയും വരാനുണ്ട്.
      അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  5. തലക്കെട്ടില്‍ 'മുള്ളില്‍ ഇല വീണാലും' എന്ന, 'ചൂയിഗം പോലെ ചവച്ചു മടുത്ത'
    ആ ക്ലീഷേ ഉപയോഗിക്കാതിരുന്നത് ശ്രദ്ധേയമായി.
    എന്ത് സാക്ഷരത ഉണ്ടെങ്കിലും, ആര്‍ഷ ഭാരത സംസ്കാര സംബന്നെരെന്നു, വീമ്പിളക്കുന്നു എങ്കിലും, ഇന്ത്യയിലെ വ്യവസ്ഥിതി ഇപ്പോഴും, സ്ത്രീയെ ഉപഭോഗ വസ്തു ആയി,ആണ് കാണുന്നത് എന്ന് മനസ്സിലാക്കേണ്ടി ഇരിക്കുന്നു.
    ഇതിനു കാരണം, വീട്ടിലെ മുതിര്‍ന്നവരുടെ സംസാരങ്ങളാണ്.
    അതുകൊണ്ട്, മാറ്റംകൈവരിക്കേണ്ടത്, വിവേകമുള്ള, മാതാപിതാക്കന്മാരില്‍ നിന്ന്
    ആയിരിക്കണം!

    ReplyDelete
  6. എന്തിനു വെറുതെ വേണ്ടാത്ത പൊല്ലാപ്പിനു പോകുന്നു., സ്വന്തം കാര്യം നോക്കി മിണ്ടാതിരിക്കാം എന്ന പ്രതികരണമില്ലാത്ത അധികം വരുന്ന മൌനമാണ് ഒരു പരിതി വരെ ഇതിനൊക്കെ വളം വെക്കുന്നത് എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. @റാംജി സാർ-,
      എല്ലാവർക്കും അതേ ചിന്ത തന്നെയാണ്. സ്വന്തം കാര്യം നോക്കി ശമ്പളം വാങ്ങിയാൽ പോരെ,,,
      അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  7. സുധാകരന്‍മാര്‍

    ReplyDelete
    Replies
    1. ‌@ajith-,
      എന്റെ സ്വന്തം നാട്ടുകാരനാണ്. അങ്ങേര് കാണുന്നതും തോന്നിയതും ഉച്ചത്തിൽ വിളിച്ചുപറയും. എന്നാലും ഇങ്ങനെയായിപോയല്ലൊ,,,
      അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  8. അജിത്‌ മാഷെ ആ ബസന്തിന്റെ കാര്യം വിട്ടു പോയോ
    ഇത്തരം സുധാ....ബസന്തന്മാര്‍ (ഭ്രാന്തന്മാര്‍) നമ്മുടെ നാട്ടില്‍ ഉണ്ടെങ്കില്‍
    ഇത്തരം പീഡനങ്ങള്‍ ഇനിയും ഇവിടെ പൊട്ടി മുളക്കും
    എന്തായാലും ടീച്ചറെ ഇത് വളരെ നന്നായി അവതരിപ്പിച്ചു
    പലപ്പോഴും സാധാരണക്കാര്‍ തന്നെ ഇവിടെ പീഡനത്തിനു കൂടുതലും
    ഇരയാകുന്നത്, കാരണം അവര്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ഇവിടെ
    ആരുമില്ലല്ലോ, എന്തിനു അവര്‍ക്കുവേണ്ടി ചോദിക്കും എന്ന് കരുതി തിരഞ്ഞെടുത്തു വിടുന്ന
    ആ കൂട്ടങ്ങളും ഒടുവില്‍ പീഡനക്കാരന് ഏറാന്‍ മൂളുന്ന സത്യങ്ങളാണല്ലോ നാം
    ദിനം തോറും കാണുന്നതും ഇക്കഥയിലെ ഒരു കുട്ടി അത് തന്നെയല്ലേ പറയുന്നതും അവന്റെ പെങ്ങള്‍!!! ഒരു special പെങ്ങള്‍ ആണ് പോലും, അവര്‍ക്കായി നമ്മുടെ സുധാകരന്മാര്‍.....ബാസംതെന്മാര്‍ ......

    എന്തിനധികം ആരോ പറഞ്ഞ പോലെ പട്ടിയുടെ വാല്‍ ......
    അത് തന്നെ ഗെത്തി ഇതി നോര് മാറ്റം ഉണ്ടാകില്ലാന്നു തോന്നുന്നു.

    ReplyDelete
    Replies
    1. @P V Ariel-,
      പീഡിപ്പിച്ചവരെ സഹായിക്കാൻ നടക്കുന്നവർ ഉണ്ടായാൽ പിന്നെ പീഡകന്മാർക്ക് സുവർണ്ണ കാലമല്ലെ. ഇപ്പോഴിതാ പീഡനം ചെറുത്തുനിന്ന പെൺകുട്ടിക്ക് എതിരായി കേസ് വന്നിരിക്കുന്നു. എന്തൊരു കാലം. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  9. കാലം എത്ര ചെന്നാലും “അമ്മേം മോളും.....” എന്ന ആ ചൊല്ലിനു മാറ്റം വന്നിട്ടില്ല. കുട്ടികളുമായി മാതാ പിതാക്കള്‍ കുറേ കൂടി തുറന്ന് സംസാരിക്കേണ്ടിയിരിക്കുന്നു.ചെറുപ്പം മുതലേ അവരില്‍ പെണ്ണിനെപ്പറ്റിയുള്ള ആ ‘ജിജ്ഞാസ’ ഇല്ലാതിരിക്കാന്‍ അതേ വഴിയുള്ളൂ. പക്ഷെ ഇന്നത്തെ കുട്ടികള്‍ കുറെ കൂടി മെച്ചമാണെന്നാ എനിക്കു തോന്നുന്നത്.പണ്ടൊക്കെ പെണ്‍ കുട്ടികള്‍ മൌനികളായിരുന്നു,ഇന്നതില്ല.

    ReplyDelete
    Replies
    1. @മുഹമ്മദുകുട്ടി-,
      മാതാപിതാക്കൾക്ക് സംസാരിക്കാനുള്ള നേരം കാണില്ലല്ലൊ. അവർ ജീവിക്കാനുള്ള ഓട്ടപാച്ചിലിലല്ലെ?
      അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  10. ടീച്ചർ കഥ ഭംഗിയായി അവതരിപ്പിച്ചു. ആധുനിക കാഴ്ച്ചപ്പാടിന്‌ പുതിയ തലമുറയുടെ ചിന്താഗതിക്ക്‌ എന്നാണാവോ മാറ്റം വരിക. ഇനി എന്തൊക്കെ നാം കാണേണ്ടിയിരിക്കുന്നു, കേൾക്കേണ്ടിയിരിക്കുന്നു.

    ReplyDelete
    Replies
    1. @Madhusudanan-,
      കഥയല്ല സാർ, അനുഭവം.. പച്ചയായ അനുഭവം.. അന്നത്തെ ആ ശിഷ്യന്മാർ ഇപ്പോഴും മാന്യന്മാരായി ജീവിക്കുന്നുണ്ടാവും. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

      Delete
  11. @RAGHU MENON....
    എഴുതിയ അഭിപ്രായത്തിന് മാത്രം പെട്ടെന്ന് ഒരു മറുപടി പറയാം...
    സുഹൃത്തെ,, താങ്കൾ പറഞ്ഞതുപോലെ വീട്ടിലെ മുതിർന്നവരുടെ സംസാരങ്ങളും ജീവിതരീതികളുമാണ് പലപ്പോഴും കുട്ടികളെ വഴിതെറ്റിക്കുന്നത്. ‘ചെറുപ്പക്കാരിയായ അദ്ധ്യാപികയെ അകലെനിന്നും കണ്ടപ്പോൾ ‘നിന്റെ ടീച്ചർ ഒരു ചരക്കാണല്ലോടാ’ എന്ന് സ്വന്തം മകനോട് പിതാവ് പറഞ്ഞത് ഒരിക്കൽ ഞാൻ കേട്ടിട്ടുണ്ട്. ഇന്ന് കുട്ടികൾ കുറേയൊക്കെ നന്നായിട്ടുണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  12. ടീച്ചര്‍ സ്വന്തം അനുഭവത്തില്‍ നിന്ന്‌ എഴുതിയ ഈ കുറിപ്പില്‍ നമ്മളുടെ സാമൂഹ്യ അവസ്ഥ പെണ്ണിനെ എങ്ങനെ നോക്കുന്നു എന്ന്‌ കൃത്യമായി കാണിക്കുന്നുണ്ട്‌. ഒരിക്കള്‍ പീഡിപ്പിക്കപ്പെട്ടവള്‍ ജീവിതകാലം മുഴുവന്‍ അതിണ്റ്റെ അശ്ളീല ഭാരം പേറി ജീവിക്കുന്നതും പീഡിപ്പിച്ചവര്‍ തല ഉയര്‍ത്തി തന്നെ നടക്കുന്നതും നമ്മള്‍ കാണുന്നു. ഈ മനോഭാവം മാറണം. അപ്പോഴേ പീഡനകാലവും അവസാനിക്കുകയുള്ളു.

    ReplyDelete
    Replies
    1. @Vinodkumar Thallasseri-,
      ഒരിക്കൽ പീഡിപ്പിക്കപ്പെടണമെന്നില്ല,, ഒരു പെൺ‌കുട്ടി ഏതെങ്കിലും തരത്തിൽ ഒരു കുരുക്കിൽ അകപ്പെട്ട് മറ്റുള്ളവർക്കിടയിൽ അറിയപ്പെട്ടാൽ അവൾ എല്ലാവരുടേയും നോട്ടപ്പുള്ളി ആവും. അതേസമയം പ്രശ്നം ഉണ്ടാക്കിയവരെ ആർക്കും അറിയണമെന്നില്ല. അഭിപ്രായം എഴുതിയതിന് വളരെ നന്ദി

      Delete
  13. Jeevitha Kazchakal...!

    Manoharam Chechy, Ashamsakal...!!!

    ReplyDelete
  14. സ്ത്രീകളെക്കുറിച്ച് പുരുഷന്മാരുടെ വിശ്വാസം അന്ന് ആ ശിഷ്യൻ പറഞ്ഞതുപോലെയാണെന്ന് ഇപ്പോഴും വിശ്വസിക്കേണ്ടി വരുന്നു,...ഈ ചിന്ത ശരിയല്ലാ........ചിലരുടെ വിശ്വാസം എല്ല്ലാപേരുടേതുമാകുമോ..ആണിലും പെണ്ണിലുമുണ്ട് നല്ലതും ചീത്തകളും....കഥക്ക് ആശംസകൾ

    ReplyDelete
  15. അമ്പത് ഉറുപ്യ പേര് വീണത്‌ അവള്‍ക്കു...
    അമ്പതു ഉറുപ്യ ഓഫര്‍ ചെയ്ത പയ്യന്
    മിടുക്കന്‍...

    ഇത് തന്നെ ഇപ്പോഴും നടക്കുന്നത്...കാലം
    മാറിയാലും കോലം മാറില്ലാത്ത ജാതികള്‍...

    ReplyDelete
  16. ഇതു വായിക്കാന്‍ വൈകിപ്പോയി.... എല്ലാം എല്ലാ കാലത്തും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. മിനി ടീച്ചര്‍ ഭംഗിയായി എഴുതി, അഭിനന്ദനങ്ങള്‍.

    ReplyDelete
  17. @Sureshkumar Punjhayil-,
    അഭിപ്രായം എഴുതിയതിന് വളരെ നന്ദി
    @ചന്തു നായർ-,
    പുരുഷന്മാരിൽ മാത്രമല്ല, സ്ത്രീകളിലും പ്രശ്നക്കാർ ഉള്ളത് മുൻപ് എഴുതിയിട്ടും ഉണ്ട്. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.
    @ente lokam-,
    പീഡനകേസിൽ പെൺകുട്ടിയുടെ സ്ഥലമാണല്ലൊ അറിയപ്പെടുന്നത്, ഏതെങ്കിലും കേസിലെ ആണിന്റെ സ്ഥലം ചേർത്ത്പ‌റയാൻ ആർക്കെങ്കിലും ധൈര്യം കാണുമോ? അഭിപ്രായം എഴുതിയതിന് വളരെ നന്ദി.
    @the man to walk with-,
    അഭിപ്രായം എഴുതിയതിന് വളരെ നന്ദി.
    @Echmukutty-,
    വൈകിയിട്ടൊന്നും ഇല്ലല്ലൊ,, അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

    ReplyDelete
  18. നല്ല രചന....
    കാലിക പ്രസക്തിയുള്ള വിഷയം...

    ReplyDelete
  19. മുൻപ് ഓൺലൈൻ മംഗളം ദിനപത്രത്തിൽ കെ.എം. റോയിയുടെ ഒരു ലേഖനം വായിച്ചത് ഓർക്കുന്നു.. നിശാക്ലബുകൾ വന്നാലേ ലൈംഗിക അതിക്രമങ്ങൾ കുറയുകയുള്ളൂ എന്നും വീട്ടിലെ സ്ത്രീകൾ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുകയുള്ളൂ എന്നും അതിനാൽ കൊച്ചിയിലോ മറ്റോ വരാനിരുന്ന ക്ലബിനെ എതിർക്കുന്നവർ ദുഷ്ടന്മാരാണെന്ന്... അതിനു താഴെ ഒരു ചോദ്യം ചോദിച്ചിരുന്നു ഈ നിശാക്ലബിൽ “ജോലിചെയ്യുവാൻ” കെ.എം.റോയി തന്റെ വീട്ടിൽ നിന്ന് സ്ത്രീകളെ വിടുമോ എന്ന്... സ്വന്തം വീട്ടിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കുവാൻ മറ്റുള്ള സ്ത്രീകളെ കണ്ടെത്തുന്ന വിചിത്രമായ കാഴ്ചപ്പാട് :( തലമുതിർന്ന പത്രപ്രവർത്തകർ പോലും ഇന്നും ഇത് പോലെ ചിന്തിക്കുമ്പോൾ!!

    ReplyDelete
  20. @vineeth vava-,
    വന്നതിനും വായിച്ച് അഭിപ്രായം എഴുതിയതിനും വളരെ നന്ദി.
    @മനോജ്-,
    അതുപോലെ കുറച്ചുമുൻപ് ഒരു ലേഖനത്തിൽ വായിച്ചിരുന്നു, ‘പണ്ടൊക്കെ ഗ്രാമീണ വേശ്യകൾ ഓരോ ഗ്രാമത്തിന്റെയും പൊതുസ്വത്തായി ഉണ്ടായിരുന്നു. ഗ്രാമത്തിലെ പുരുഷന്മാരെ സഹായിച്ച് അവരുടെ ഭാര്യമാർക്ക് ഉണ്ടാവാനിടയുള്ള പീഡനങ്ങൾ ഒഴിവാക്കുന്നതുകൊണ്ട് അവർക്ക് മാന്യമായ സ്ഥാനം ഉണ്ടായിരുന്നു. അവർ ഇല്ലാത്തതു കാരണമാണ് കുടുബജീവിതം തകരുന്നത്’ എന്നും.
    വായിച്ച് അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

    ReplyDelete
  21. സമൂഹം സ്ത്രീകളോട് കാണിച്ചിട്ടുള്ളത് എന്നും അനീതിയാണ്...
    ചിലര്‍ അവളെ വിഗ്രഹവല്കരിച്ചു ചൂഷണം ചെയ്യുന്നു..
    മറ്റു ചിലര്‍ അവളെ വെറുമൊരു ഉപപോഗ വസ്തുവായി മാത്രം കാണുന്നു..
    അവളെ അവളായി കാണാന്‍ പുരോഗമനവാദികളും തയ്യാറായിട്ടില്ല...
    ആശംസകള്‍

    ReplyDelete
  22. കാലം മാപ്പു പറയിക്കട്ടെ............പ്രസക്തിയുള്ള വിഷയം...

    ReplyDelete
  23. ഞാന്‍ ഈ വര്‍ഷം പഠിപ്പിച്ച പത്താംക്ലാസുകാരനും കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് രാത്രി വീട്ടില്‍ വരട്ടെ എന്നു ചോദിച്ചു.

    ReplyDelete
  24. ഈയടുത്ത് പീഡനകഥകള്‍ അരങ്ങു തകര്‍ത്താടിയപ്പോള്‍ സമൂഹത്തിന്റെ ഈ ഒരു കാഴ്ച്ചപ്പാടിനു പ്രധാന കാരണം നമ്മുടെ നാട്ടിലെ സ്ത്രീ-പുരുഷ വിവേചനമാണെന്നു പറഞ്ഞു ഞാന്‍ എന്റെ ബ്ലോഗിലൊരു പോസ്റ്റിട്ടു. മറ്റൊരാളുടെ അഭിപ്രായവും കഥകളും പറയുന്നതിലും നല്ലത് ഞാന്‍ കണ്ടതും കേട്ടതും ഉള്‍ക്കൊള്ളിക്കുന്നതല്ലേ എന്നു വിചാരിച്ച് അതാണെഴുതിയത്.

    പക്ഷെ ഇത്രയും വായിച്ചിട്ടും ഒരു "ബ്രദര്‍ക്ക്" എന്റെ പ്രൊഫയില്‍ പടത്തെക്കുറിച്ചാണ്‌ പറയാനുണ്ടായത്.. അതിലെന്തുക്കൊണ്ട് എന്റെ കണ്ണുകള്‍ മാത്രം പ്രദര്‍ശിപ്പിച്ചു എന്നായിരുന്നു അങ്ങോരുടെ സംശയം.

    അതാണ്‌ ലോകം.

    ReplyDelete
  25. അമ്മ, പെങ്ങൾ എന്ന സ്ഥാനം എന്താണെന്ന് ഒരിക്കലും നമ്മുടെ വീടുകളിൽ കുട്ടികൾ ശരിയായ രീതിയിൽ മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് പ്രശ്നം. അവർ വളരുമ്പോൾ കാണുന്നത് സ്ത്രീ ഒരു അഭലയായ ജീവിയായിട്ടാണ്. അച്ചന്റെ തണലിൽ ജീവിക്കുന്ന ഒരു ജീവി, പക്ഷെ ഈ അച്ചനേയും മകനേയും 10 മാസം സ്വന്തം വയറ്റിൽ കൊണ്ട് നടന്ന് പ്രസവിച്ച്, പിന്നീട് രണ്ട് കാലിൽ നിൽകുന്ന വരേ പോറ്റുന്നത് ഒരു സ്ത്രീയാണ് എന്ന് കുട്ടികളേ മനസ്സിലാക്കിപ്പിക്കുന്ന അച്ചന്മാർ വേണം. അങ്ങനെ സ്ത്രീയുടേ വില മനസ്സിലായവന് പിന്നെ ഏത് സ്ത്രീയെ കണ്ടാലും (തെരുവിലേ ആയാലും) അതേ ബഹുമാനത്തോടെ കാണാൻ കഴിയും.

    എഴുത്ത് ഒരുപാടിഷ്ടമായി....

    ReplyDelete
  26. ‌@aboothi-,
    സ്ത്രീയെ മനുഷ്യനായി കാണാൻ തയ്യാറല്ല. ഒരു കുട്ടിയോട് മനുഷന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ മിക്കാവാറും കുട്ടികൾ പുരുഷന്മാരുടെ പേരുകൾ മാത്രമായിരിക്കും പറയുന്നത്. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.
    ‌@ അമൃതംഗമയ-,
    അഭിപ്രായം എഴുതിയതിന് വളരെ നന്ദി.
    @ശാന്തടീച്ചറെ-,
    അവൻ ചോദിച്ചത് ഞാൻ ബ്ലോഗിൽ എഴുതിയതു പോലെ മാത്രമല്ല, ശരിക്കും നാടൻ പച്ചത്തെറി മലയാളത്തിലായിരുന്നു. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.
    @വർഷ-, പലപ്പോഴും ഇക്കാര്യം ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. വളരെ കാര്യമായ പോസ്റ്റ് ഏതെങ്കിലും തെറ്റിനെക്കുറിച്ച് എഴുതിയാൽ ഒരു ചർച്ചയും നടന്നുകാണാറില്ല. താങ്കളുടെ ബ്ലോഗിൽ കയറിയിട്ട് ഒപ്പ് വെച്ചിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് വളരെ നന്ദി.
    @ജാബു-, പ്രീയപ്പെട്ട ജാബു,, പുരുഷന്മാർ മറ്റാരും കേൾക്കാതെ അവളുടെ ചെവിയിൽ അവളുടെ ഗുണങ്ങൾ എണ്ണിയെണ്ണി പറയും. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ അവളെ -അമ്മയെ, ഭാര്യയെ, മകളെ- കുറ്റപ്പെടുത്താനാണ് താല്പര്യം. ദിവസേന അച്ഛൻ അമ്മയെ വഴക്ക് പറയുന്നത് കേട്ട് വളരുന്ന മകനെങ്ങനെ സ്ത്രീയെ ബഹുമാനിക്കും! അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

    ReplyDelete
  27. ചരിത്രം ആവർത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കുകയാണല്ലോ ടീച്ചർ..
    സൂര്യനെല്ലി പെണ്‍കുട്ടിയായും, വിദുര പെണ്‍കുട്ടിയായും ഏറ്റവുമൊടുവിൽ ഡൽഹി പെണ്‍കുട്ടിയായും.. പെണ് കുട്ടികൾക്കൊപ്പം ആജീവനാന്ത പഴി കേൾക്കാൻ വിധിക്കപ്പെട്ട സ്ഥലനാമങ്ങളും.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.