“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 15, 2013

പാഠം 3 : ഓർമ്മകളിലെ നുണപറച്ചിൽ


‘താങ്കളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?’
‘ഇല്ല’ എന്നാണ് ഉത്തരമെങ്കിൽ,, പറഞ്ഞ ഉത്തരം ശരിയാണെങ്കിൽ,, ‘താങ്കളൊരു അപൂർവ്വവ്യക്തി ആയിരിക്കും’; എന്നാണ് എന്റെ അഭിപ്രായം. സംസാരിക്കാൻ പഠിച്ച സാമൂഹ്യജീവിയായ മനുഷ്യൻ, സത്യം പറയാൻ പഠിച്ചപ്പോൾ‌തന്നെ അത്യാവശ്യത്തിനും ആവശ്യത്തിനും അനാവശ്യത്തിനും ഇത്തിരി കള്ളം പറയാനും പഠിച്ചിരിക്കണം. ‘പിള്ള മനസ്സിൽ കള്ളമില്ല’ എന്നൊരു ചൊല്ലുണ്ടെങ്കിലും കള്ളം പറയുന്ന അനേകം പിള്ളകളെ നമുക്ക്‌ചുറ്റും കാണാൻ കഴിയും.
... ഒരു ‘എൽ.കെ.ജി. പയ്യനോട് ക്ലാസ്സ് ടീച്ചർ ചോദിക്കുന്നു,
“മോനേ ഈ ഹോം‌വർക്ക് ആരാണ് ചെയ്തത്?”
“മമ്മി ചെയ്തതാണ്, പിന്നെ മോനാണ് ചെയ്തതെന്ന് പറയാൻ മമ്മി പറഞ്ഞു”
അപ്പോൾ കള്ളം പറയാനറിയാത്ത പിള്ളയെ, തള്ള കള്ളം പറയാൻ പഠിപ്പിക്കുന്നു!  അടുത്ത ദിവസം,
“മോന്റെ അടുത്തിരിക്കുന്ന ഡൂഡൂന്റെ ക്രെയോൺ മോനെടുത്തിട്ടുണ്ടോ?”
“ഇല്ല മിസ്, മോനത് കണ്ടതേയില്ല” അതും പറഞ്ഞ്‌കൊണ്ട് അടുത്തിരിക്കുന്നവന്റെ ക്രെയോൺ സ്വന്തം പോക്കറ്റിൽ‌തന്നെയുണ്ടെന്ന് മോൻ ഉറപ്പ് വരുത്തുന്നു.
അങ്ങനെയങ്ങനെ നുണയന്മാരും നുണച്ചികളും വളരുന്ന ഈ ലോകത്ത് നുണപറയാത്തവർ ഒറ്റപ്പെടുന്നുണ്ടൊ?
എന്നാൽ സത്യം പറഞ്ഞാലോ???
……………….
വർഷങ്ങൾക്ക് മുൻപ് നാട്ടിൻ‌പുറത്തുള്ള എന്റെ കുട്ടിക്കാലം,
                    നാട്ടിലെ മാവായ മാവെല്ലാം നമ്മൾ കുട്ടികളുടെ സ്വന്തം. അണ്ണാറക്കണ്ണനോടും കാക്കച്ചിയോടും മാങ്ങ കടം‌ചോദിച്ച് പാട്ടുപാടി നടക്കുന്ന കുട്ടിപ്പടയിലെ അഞ്ചുവയസ്സുകാരിയായ ഇളം‌പൈതലായി, ഞാൻ നടക്കുന്ന കാലം. വീട്ടുപറമ്പിൽ ആകെ ഒരു മാവ്; എങ്കിലും നൂറ് കണക്കിന് മാങ്ങകൾ വർഷം‌തോറും ഞങ്ങൾക്ക് നൽകും. മാമ്പൂ വിരിഞ്ഞ് കടുമാങ്ങയെന്ന് ചിലർ പറയുന്ന, നമ്മുടെ ‘ഉണ്ണിമാങ്ങ’ പൊഴിഞ്ഞ്‌വീഴുന്ന കാലം‌തൊട്ട് ആ മാവിന്റെ ചുവട്ടിൽ കുട്ടികൾ ഉണ്ടായിരിക്കും. ഒരു ദിവസം രാവിലെ, മൂത്ത് പാകമായ മാങ്ങകൾ പറിച്ചെടുത്ത് വീട്ടിലെത്തിക്കാൻ അടുത്ത വീട്ടിലെ ഏട്ടന് അമ്മാവൻ കൊട്ടേഷൻ നൽകി. വലയും കയറും കൊക്ക(തോട്ടി)യും ചാക്കുമായി അങ്ങേര് മാവിന്റെ മുകളിൽ കയറിയപ്പോൾ അമ്മ ഭീഷണിപ്പെടുത്തിയതിനാൽ ഞാൻ വീട്ടിനകത്തുതന്നെ നിന്നു. മാവും മാങ്ങയും നോക്കി ഞാനങ്ങനെ ഇരിക്കുമ്പോൾ അമ്മ, അമ്മൂമ്മയോട് പറയുന്നത് കേട്ടു,
“കിഴക്കേലെ വീട്ടിലെ പെൺകുട്ടിയതാ മാങ്ങയെടുത്ത് ഓടുന്നു,,,”
ഞാൻ നോക്കിയപ്പോൾ എന്റെ കൂട്ടുകാരിയായ ഏച്ചി ഓടുന്നത് കണ്ടു; മാങ്ങ എടുക്കാതെ അവരെന്തിന് ഓടണം?

               നേരം സന്ധ്യയായപ്പോൾ അമ്മൂമ്മയും ഞാനും അല്പം അകലെയുള്ള കാവിലേക്ക് നടന്നുപോവുകയാണ്. വേലിയുംമതിലും‌ കെട്ടി വേർതിരിക്കാത്ത എന്റെ കടൽ‌തീരഗ്രാമത്തിലെ വഴികളെല്ലാം പലരുടേയും വീട്ടുപറമ്പുകളിൽ കൂടിയാണ്. അമ്മൂമ്മയോടൊപ്പം വീട്ടിൽ‌നിന്നിറങ്ങിയ ഞാൻ കിഴക്കേലെ വീടിന്റെ മുന്നിലെത്തിയപ്പോൾ അവിടെയതാ മുറ്റത്ത്, ‘മാങ്ങയെടുത്ത് ഓടി’ എന്ന് അമ്മ പറഞ്ഞ ഏച്ചിയും അവരുടെ വീട്ടുകാരും. ഞാൻ നേരെ നടന്നുപോയി അവരോട് പറഞ്ഞു,
“ഏച്ചിയെന്തിനാ ഞങ്ങളെ മാങ്ങയെടുത്ത് ഓടിയത്?”
“ആരു പറഞ്ഞു?”
“അമ്മ പറഞ്ഞല്ലൊ? മാങ്ങയെടുത്ത് ഓടിയെന്ന്”
“ഞാനെടുത്തില്ല,, കള്ളം, പച്ചക്കള്ളം”
എനിക്ക് കിട്ടിയ വാർത്ത അവരെ അറിയിച്ചശേഷം മറുപടി ചർച്ചക്ക് ചെവികൊടുക്കാതെ ഞാൻ അമ്മൂമ്മയോടൊപ്പം സ്ഥലം‌വിട്ടു.
എന്നിട്ടോ?
സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു; അതുവരെ ഭരണകക്ഷിയിൽ ഉൾപ്പെട്ട ഘടകകക്ഷി നേതാക്കന്മാരെപോലെ, ഒത്തൊരുമിച്ച് മെയ്യും മനസ്സുമായി നടന്ന നല്ല അയൽ‌ക്കാർ നിത്യനിതാന്ത ശത്രുക്കളായി മാറി. അന്ന് അവിടെ ഉണ്ടായിരുന്ന മാവ് ഏതാനും വർഷത്തിനുശേഷം കോടാലിക്കിരയായി. വീടും വീട്ടുകാരും മാറിയെങ്കിലും, കിഴക്കേലെ വീടിനുമുന്നിലെത്തിയാൽ സത്യം പറഞ്ഞതുകൊണ്ട് സംഭവിച്ച അപകടം ഞാനിന്നും ഓർത്തുപോകും.

ആ സംഭവം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം,,,
. സത്യം പറഞ്ഞതിന്റെ സമ്മാനമായി അടികിട്ടി; അത് എന്റെ അമ്മയിൽ‌നിന്ന് തന്നെ,
ആറാം തരത്തിൽ പഠിക്കുന്ന കാലം,
                    ഒക്റ്റോബർ 2ന് ഗാന്ധിജയന്തി സേവനദിനമായി ആചരിച്ച് സ്ക്കൂളും പരിസരവും വൃത്തിയാക്കുന്ന ദിവസം വന്നുചേർന്നു. അദ്ധ്യാപകർ പറഞ്ഞതനുസരിച്ച് രാവിലെതന്നെ സ്ക്കൂളിലേക്ക് പുറപ്പെട്ടപ്പോഴാണ് ‘എന്റെ സഹപാഠിയും ബോർഡിഗാർഡും’ ആയ അയൽ‌വാസി പയ്യന്റെ വരവ്. വീട്ടുവേഷത്തിൽ വന്ന അവൻ സ്ക്കൂൾ വേഷത്തിലുള്ള എന്നെ കണ്ടപ്പോൾ അമ്മയോട് പറഞ്ഞു,
“ഇന്നെന്തിനാ സ്ക്കൂളിൽ പോകുന്നത്? പഠനം നടക്കില്ല, പിന്നെ ഉച്ചവരെ സ്ക്കൂളും‌പറമ്പും അടിച്ചുവാരി വൃത്തിയാക്കണം. ഞാൻ പോകുന്നില്ലല്ലൊ”
അവൻ പറഞ്ഞത് കേട്ടപ്പോൾ അമ്മയുടെ അറിയിപ്പ് വന്നു,
“ഇന്നാൽ ഇന്ന് നീയും സ്ക്കൂളിൽ പോകണ്ട”
കേട്ടപ്പോൾ ആദ്യം അല്പം വിഷമം തോന്നിയെങ്കിലും, ഞങ്ങൾ രണ്ട്‌പേരും ചേർന്ന് കടപ്പുറത്ത് പോയി മറ്റുള്ളവരോടൊപ്പം ചേർന്ന് ചിരിച്ചുല്ലസിച്ച് കളിക്കാനരംഭിച്ചു.

                        പിറ്റേദിവസം സ്ക്കൂളിൽ എത്തിയപ്പോൾ അതാ ആറാം‌തരം‌‘ബി’ എന്ന്‌പറയുന്ന എന്റെ ക്ലാസ്സിൽ ചൂരലുമായി  വരുന്നു,,, നമ്മുടെ ഹെഡ്‌മാസ്റ്റർ. അദ്ദേഹം ക്ലാസ്സിൽ വന്നഉടനെ ചൂരൽ മേശപ്പുറത്ത് രണ്ട്‌തവണ അടിച്ചശേഷം ശിഷ്യരെ നോക്കിയിട്ട് പറഞ്ഞു,
“ഇന്നലെ നമ്മുടെ രാക്ഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായതിനാൽ വിദ്യാർത്ഥികൾ‌ ചേർന്ന് ക്ലാസ്സും പരിസരവും വൃത്തിയാക്കി. എന്നാൽ ചിലർമാത്രം ഇന്നലെ വന്നില്ല; അവരൊന്ന് എഴുന്നേറ്റ് നിന്നേ?”
                         ഇന്നലെ വരാതെ മുങ്ങിനടന്നവരെല്ലാം ഭയത്തോടെ എഴുന്നേറ്റ്‌ കൈകെട്ടി നിന്നു. ‘അദ്ധ്യാപകരുടെ മുന്നിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ രണ്ട് കൈയും പിണച്ച് കൈകെട്ടി നിൽക്കണമെന്നാണ് എന്റെ യൂ.പീ. സ്ക്കൂളിലെ അലിഖിത നിയമം’. അക്കൂട്ടത്തിൽ ഒരാളായ ഞാനാകെ വല്ലാതായി; സ്ക്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു, എന്നാൽ എന്റെ യാത്ര മുടക്കിയവൻ തൊട്ടടുത്ത ‘ഏ’ഡിവിഷനിൽ ഉണ്ട്. അവനും അടി കിട്ടിക്കാണുമോ?
                        ഹെഡ്‌മാസ്റ്റർ ചോദ്യം ചെയ്യാൻ ക്ലാസ്സിൽ വരുന്നത് വിദ്യാർത്ഥികൾ ഗുരുതരമായ കുറ്റങ്ങൾ ചെയ്താൽ മാത്രമാണ്. നീളൻ ഖദർ ജുബ്ബയും മുണ്ടും അണിഞ്ഞ് ആജാനബാഹുവായ അദ്ദേഹത്തെ കണ്ടാൽ വിദ്യാർത്ഥികൾ പേടിച്ച് വിറക്കും. അദ്ദേഹം ഓരോ ക്ലാസ്സിലും കയറിയിട്ട് സേവനം ചെയ്യാതെ മുങ്ങിയവരെ പിടികൂടാൻ ഇറങ്ങിയതാണ്. ഹെഡ്‌മാസ്റ്റർ ആൺ‌കുട്ടികൾ ഓരോരുത്തരെ ചോദ്യം ചെയ്ത് ചൂരൽ‌വീശി അടികൊടുക്കാൻ തുടങ്ങി. അടിയൊന്നും കൈനീട്ടി വാങ്ങേണ്ടതില്ല, കാരണം അടികൊള്ളുന്നത് കാലിനാണല്ലൊ,,,
ആൺ‌കുട്ടികൾ കഴിഞ്ഞ് പെൺ‌കുട്ടികളുടേ ഊഴമായി, ആദ്യഊഴം എന്റേതാണ്. പേടിച്ച്‌വിറച്ച് നിൽക്കുന്ന എന്നെനോക്കി ഹെഡ്‌മാസ്റ്റർ ചോദ്യരൂപത്തിൽ ഒരു നോട്ടമെറിഞ്ഞു,
“ഉം, ഇന്നലെ വീട്ടിൽ നെല്ല്‌കുത്താനുണ്ടായിരുന്നോ?”
“ഇല്ല മാഷെ”
“പിന്നെന്താ ഇന്നലെ മടിച്ചുകൂടിയത്?”
“അത്,, അത്, ഇന്നലെ ഞാൻ,,”
“ഇന്നലെ നീ?”
“ഞാനിന്നലെ സ്ക്കൂളിൽ വരാനിറങ്ങിയതായിരുന്നു, അപ്പോൾ അടുത്ത ക്ലാസ്സിലെ ഒരു കുട്ടി അമ്മയോട് പറഞ്ഞു, സ്ക്കൂളിൽ അടിച്ചുവാരുന്ന പണിയാണ്, അതുകൊണ്ട് എന്നെ സ്ക്കൂളിലേക്ക് വിടണ്ടാന്ന്,,”
ആറാം‌തരം ‘ബി’യിലെ വിദ്യാർത്ഥിവൃന്ദം ഒന്നിച്ച് ഞെട്ടി!
പച്ചയായ സത്യം അതേപടി വിളിച്ചുപറഞ്ഞ എന്നെനോക്കി അദ്ദേഹം ദുരൂഹമായ ഒരു ചെറുപുഞ്ചിരി പാസാക്കിയിട്ട് പതുക്കെ ചോദിച്ചു,
“ആരാ അവൻ?”
എന്റെ നാവിൽ‌നിന്നും തൊട്ടടുത്ത ക്ലാസ്സിലെ വിദ്യാർത്ഥിയായ അവന്റെ പേര് പുറത്തുവന്നതോടെ ഹെഡ്‌മാസ്റ്റർ ക്ലാസ്‌ലീഡറോട് ആജ്ഞാപിച്ചു,
“വിളിക്കെടാ അവനെ?”
അടുത്ത നിമിഷം അവൻ ക്ലാസ്സിലേക്ക് ആനയിക്കപ്പെട്ടു. ഇരു കൈകളും കെട്ടി, മുഖം കുനിച്ച് പതുക്കെ നടന്നുവരുന്ന അവന്റെ ദയനീയമായ രൂപം കണ്ടപ്പോൾ എനിക്ക് കുസൃതിയാണ് തോന്നിയത്. ഞാനെന്താ സത്യമല്ലെ പറഞ്ഞത്? ‘ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും’ എന്നല്ലെ ചൊല്ല്?
ഞാനിപ്പം കരയും എന്നമട്ടിൽ നിൽക്കുന്ന അവനുനേരെ ഹെഡ്‌മാസ്റ്റർ ചോദ്യശരങ്ങൾ ഉതിർത്തു,
“നീയിന്നലെ സ്ക്കൂളിൽ വന്നില്ലെ?”
“ഇല്ല മാഷെ”
“കാരണം?”
“ഇന്നലെ ഞാൻ വയലിൽ വാഴക്ക് വളം ചെർക്കാൻ പോയി”
“അതെന്താ ഇന്നലെതന്നെ വളമിട്ടത്?”
മറുപടി ലഭിക്കും‌മുൻപ് അവന്റെ മുതുകിൽ ചൂരൽ പതിച്ചു, നാല് തവണ,,
“നീയി കുട്ടീന്റെ അമ്മയോട് അവളെ സ്ക്കൂളിലേക്ക് വിടണ്ട എന്ന് പറഞ്ഞോ?”
“പറഞ്ഞു”
“നീ സ്ക്കൂളിൽ വരാതിരിക്കുക, പിന്നെ വരാൻ പുറപ്പെട്ട കുട്ടിയെ തടയുക, ഇതെല്ലാം അക്രമമാണ്, അക്രമം”
പിന്നെ അടിയുടെ പൊടിപൂരമായിരുന്നു,,, ഓരോ തുടയിലും അടി വീഴുമ്പോഴെല്ലാം അവൻ ഉച്ചത്തിൽ കരഞ്ഞു. ആ കരച്ചിൽ‌കേട്ട് മറ്റ് വിദ്യാർത്ഥികൾ ഞെട്ടി.
ചോദ്യവും ഉത്തരവും അടിയും കഴിഞ്ഞു, ഹെഡ്‌മാസ്റ്റർ തൊട്ടടുത്ത ക്ലാസ്സിലേക്ക് പോയി മുങ്ങിനടന്നവരെ തപ്പാൻ തുടങ്ങി. ആ നേരത്ത് എന്റെ അടുത്തിരിക്കുന്ന രാധ പതുക്കെ ചോദിച്ചു,
“നീയെന്തിനാ അവനെ അടികൊള്ളിച്ചത്?”
“അത് ഞാൻ സത്യം പറഞ്ഞതല്ലെ?”
“സത്യം,,, ആർക്ക് വേണം നിന്റെ സത്യം? നിന്റൊപ്പരം കളിക്കുന്നവനല്ലെ അടികൊണ്ട് കരഞ്ഞത്?”
അത് ശരിയാണല്ലൊ,,, ഇനി അവനെന്നോട് കൂട്ട്‌കൂടുമോ? കൂടെ കളിക്കുമോ?

                         അന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകാനായി കാത്തിരുന്നിട്ടും അവനെ കണ്ടില്ല. അടികൊടുപ്പിച്ച ദേഷ്യം‌കൊണ്ട് നേരത്തെ പോയിരിക്കും; പുസ്തകസഞ്ചിയുമെടുത്ത് ഞാൻ വെളിയിലേക്കിറങ്ങി. ഇടവഴി കഴിഞ്ഞ് കശുമാവിൽ പറമ്പുകൾ പിന്നിട്ട്, തോട്ടിൻ‌കരയിലൂടെ നടന്ന്, വേലിയേറ്റമില്ലാത്ത നേരത്ത് പീച്ചത്തോടിന്റെ അഴിമുറിച്ച്‌കടന്ന്, കടപ്പുറത്തിറങ്ങി നനഞ്ഞകാലുകൾ പൂഴിയിൽ താഴ്ത്തിയിട്ട്, വീട്ടിന് മുന്നിലെ പാലം കടന്ന് മുറ്റത്ത് കാലെടുത്ത് കുത്തിയ നിമിഷം,,
അതാ നിൽക്കുന്നു,,,
അസ്സൽ ഭദ്രകാളിരൂപത്തിൽ എന്റെ അമ്മ,
“നീയിങ്ങ് വാ”
ഞാൻ വരാൻ കാത്തിരിക്കാതെ എന്നെ പിടിച്ച്‌വലിച്ച് തോളത്തിരുന്ന പുസ്തകസഞ്ചി അഴിച്ച് ദൂരെയെറിഞ്ഞു, പിന്നെ ഇടതുകൈകൊണ്ട് എന്നെ പിടിച്ച്‌നേരെ നിർത്തിയിട്ട് വലതുകൈകൊണ്ട് അടിക്കാൻ തുടങ്ങി. ഇടക്ക് ഇരുകവിളുകളും ബലമായിപിടിച്ച് നുള്ളാൻ‌തുടങ്ങിയ അമ്മ ഉച്ചത്തിൽ പറയാൻ തുടങ്ങി,
“വലുതായിട്ട് ഒന്നുമാത്രേ ഉള്ളൂന്ന്‌വെച്ച് ആളെക്കൊണ്ട് പറീപ്പിക്കണോ? ഇന്നലെ പനിയായതുകൊണ്ടാണ് സ്ക്കൂളിൽ വരാഞ്ഞതെന്ന് ആ മാഷോട് പറഞ്ഞൂടായിരുന്നോ? മാഷടിച്ചിട്ട് ആ ചെക്കന്റ് മേലാകെ പൊട്ടിയത് കണ്ടപ്പം അനക്ക് കരച്ചില് വന്ന്, ഓനിവിടെ വന്നിട്ട് എത്രയാ കരഞ്ഞത്?”
                            അടിയെക്കാൾ വേദന അമ്മയുടെ നുള്ളലിനുണ്ട്, എന്നാൽ ആ നേരത്ത് എനിക്കാകെ വിഷമമായി. ഞാൻ സത്യം പറഞ്ഞതുകൊണ്ടല്ലെ അവന് അടികൊണ്ടത്, ഇനി അവനെന്നെ കാണുമ്പോൾ എന്തായിരിക്കും പറയുക,
എന്നിട്ടോ?
കുട്ടികളുടെ പിണക്കത്തിന് ആയുസ്സ് കുറവല്ലെ; വെറും രണ്ട്‌ദിവസം മാത്രം അവൻ എന്നോട് മിണ്ടിയില്ല, പിന്നെ എല്ലാം മറന്നു.
‘സത്യം പറയുമ്പോൾ രണ്ടുവട്ടം ചിന്തിക്കണം’ എന്ന്, ആ നേരത്താണ് ഞാൻ പഠിച്ചത്.
……………..
ഇന്നലെ വൈകുന്നേരം,,,,,,,,,,,,,,,,,,,
എന്റെ അമ്മയെ ഞാൻ ഫോൺ ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കെ സമീപത്ത് വന്ന ഭർത്താവ് എന്നോടൊരു ചോദ്യം,
“ആരെയാ വിളിച്ചത്?”
“അത് അമ്മയെ വിളിച്ചതാണ്”
“എന്തിനാ ഇടയ്ക്കിടെ അമ്മയെ വിളിക്കുന്നത്? അവർക്ക് ഇങ്ങോട്ട് വിളിച്ചുകൂടായിരുന്നോ? അതെങ്ങനെയാ എപ്പോഴും അങ്ങോട്ട് വിളിക്കുമ്പം ഇങ്ങോട്ട് വിളിക്കാൻ നേരം കാണുകയില്ലല്ലൊ”
ശേഷം ഡയലോഗ് പരിധിക്ക് പുറത്താണ്,,, !@#$%^&*
ഇന്ന് രാവിലെ,,,,,,,,,,,,,,,,,
“ആരെയാ ഫോൺ ചെയ്തത്?”
“അത് എന്റെ അനുജൻ വിളിച്ചതാണ്”
“എന്നിട്ട് മൊബൈലിന്റെ ഒച്ചയൊന്നും കേട്ടില്ലല്ലൊ?”
“അത് മൊബൈൽ എന്റെ കൈയിലായിരുന്നു, ഒച്ച വരുമ്പോഴേക്കും ഞാനത് ഓൺ ചെയ്തു”
“അവനിങ്ങോട്ട് വിളിച്ചതല്ലെ നിനക്ക് കൊറേനേരം സംസാരിക്കാമായിരുന്നില്ലെ?”
എന്തിന് അനാവശ്യമായി മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേൾക്കണം?
അവശ്യഘട്ടങ്ങളിൽ സത്യം പറയാതിരിക്കാൻ അന്നും ഇന്നും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു.

************************************************************