“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 30, 2013

ഓർമ്മയിലെ ഒരു പൈനാപ്പിളിൽ ബാക്കിവന്നത്


                   ഡിജിറ്റൽ ക്യാമറയിലെടുത്ത കൈതച്ചക്കയുടെ (പൈനാപ്പിൾ) ഫോട്ടോ, 2012 മെയ് 6ന് എന്റെ ബ്ലോഗിൽ(മിനി ചിത്രശാല) പോസ്റ്റ് ചെയ്തത് ‘ഓർമ്മയിൽ ഒരു പൈനാപ്പിൾ’ എന്ന പേരിലായിരുന്നു. അതോടൊപ്പം ഫോട്ടോയുടെ അടിക്കുറിപ്പായി ഏതാനും വാക്കുകൾ കൂടി എഴുതിച്ചേർത്തു:-
‘കണ്ണൂർ ശ്രീ നാരായണ കോളേജിൽ ഡിഗ്രി മൂന്നാം വർഷം ബോട്ടണി ക്ലാസ്സ്. നാട്ടിലും മറുനാട്ടിലും കാണപ്പെടുന്ന ചെടികളുടെ വേരും തടിയും ഇലയും പൂവും കായയും അടർത്തിയെടുത്ത്, കണ്ണാടി മാളികയെന്ന് നമ്മൾ പറയുന്ന വിശാലമായ ക്ലാസ്സിലിരുത്തി കുടുംബപാരമ്പര്യം പഠിപ്പിക്കുകയാണ് നമ്മുടെ ‘മൈത്രിഅമ്മ’ ടീച്ചർ. അങ്ങനെ പഠിപ്പിച്ചതിനുശേഷം നോട്ട് എഴുതാനുള്ള അവസരമായി. ടിച്ചർ വിഷയം പറഞ്ഞു,
“പൈനാപ്പിൾ”
എല്ലാവരും എഴുതിയിട്ടും മുൻ‌ബെഞ്ചിൽ ഒന്നാം‌സ്ഥാനത്തിരിക്കുന്ന ഞാൻ മാത്രം തുറന്ന നോട്ടിനുമുന്നിൽ, തുറന്ന ഹീറോപെന്നും പിടിച്ച്, എഴുതാതെ സംശയിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ ടീച്ചർ ചോദിച്ചു,
“എന്താ എഴുതാത്തത്?”
“അത് ടീച്ചർ പൈനാപ്പിളിന്റെ സ്പെല്ലിങ്ങ്?”
“പൈനാപ്പിളിന്റെ സ്പെല്ലിങ്ങൊ? ,,, അത് തിന്നുനോക്കിയാൽ അറിയാം”
പൂച്ചക്ക് മണികെട്ടാനറിയില്ലെങ്കിലും ടീച്ചറെ മണിയടിക്കാനറിയുന്ന ഞാൻ ഇപ്പോഴും ചോദിക്കുന്നു??
പൈനാപ്പിളിന്റെ സ്പെല്ലിങ്ങ് എന്താണ്?
‘Pine apple or Pinapple’
എന്റെ പ്രീയപ്പെട്ട മൈത്രിഅമ്മ ടീച്ചർക്ക് എന്ത് പറ്റിയെന്നോ, എവിടെയാണെന്നോ ഇന്നെനിക്കറിയില്ല. ടീച്ചറുടെ ഓർമ്മക്ക് മുന്നിൽ സ്പെല്ലിങ്ങ് അറിയാത്ത പൈനാപ്പിളിന്റെ ഫോട്ടോ ഞാൻ സമർപ്പിക്കുന്നു.’

                   കണ്ണൂർ എസ്.എൻ. കോളേജിലെ ഡിഗ്രി ക്ലാസ്സും മൈത്രിഅമ്മ ടീച്ചറും (അക്കാലത്ത് കോളേജ് അദ്ധ്യാപിക‌മാരെയും ടീച്ചർ എന്ന് വിളിച്ചിരുന്നു, ഇന്നത്തെപോലെ മാഡവും മിസ്സും അല്ല) എനിക്ക് നൽകുന്നത് പൈനാപ്പിൾ പോലെ മധുരമുള്ള ഓർമ്മകളാണ്. പഠനത്തിൽ ഒരിക്കലും മുൻ‌നിരയിൽ വരാത്ത, ഗ്രാമീണ കർഷകന്റെ മകളായ എന്നെ ഡിഗ്രി ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരിയായി ഉയർത്തി ഉന്നതവിജയം നേടിത്തന്ന മധുരസ്മരണകൾ. എന്റെ വിജയത്തിന് പിന്നിൽ അനേകം അദ്ധ്യാപകർ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കൂട്ടത്തിൽ എസ്. എൻ. കോളേജിലെ ബോട്ടണി ലക്ച്ചറർ ആയ മൈത്രി അമ്മ,, അവർ എനിക്ക് അദ്ധ്യാപിക മാത്രമല്ല, എല്ലാ കാര്യങ്ങളും തുറന്ന് പറയാവുന്ന സ്നേഹിത കൂടി ആയിരുന്നു. പലപ്പോഴും അവസാനവർഷ ഡിഗ്രി വിദ്യാർത്ഥികളിൽ ചിലർ ഇതുവരെ പഠിക്കാത്ത പുതിയ ചെടികളുടെ ശാഖകളുമായി മൈത്രിഅമ്മ ടീച്ചറെ തേടിച്ചെല്ലും. തുടർന്ന് അതിന്റെ ഇലയും പൂവും പരിശോധിച്ച് കുടുംബവും ശാസ്ത്രീയ നാമവും കണ്ടുപിടിക്കാൻ സസ്യശാസ്ത്ര വിദ്യാർത്ഥികളായ ഞങ്ങളെ ടീച്ചർ സഹായിക്കും.

                 കണ്ണൂർ ശ്രീ നാരായണ കോളേജിൽ മൈത്രിഅമ്മ ടീച്ചറുടെ ക്ലാസ്സിലിരുന്ന് പഠിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചത് 1973 മുതലാണ്. മുതിർന്നവരായ വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ്‌കൊണ്ട്, അവർ പഠിപ്പിക്കുന്ന ഓരോ ക്ലാസ്സും അറിവ് പകരുന്നതാണ്. ഗൌരവം ഒട്ടും കുറയാതെ ടീച്ചർ പറയുന്ന തമാശകൾ കാരണം പഠനത്തോടൊപ്പം ഞങ്ങൾ ജീവിതം ആഘോഷിക്കുകയായിരുന്നു. സന്തോഷത്തോടെയുള്ള ആ കോളേജ് ദിനങ്ങളിൽ എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു. ഭാവിയിൽ ഒരു അദ്ധ്യാപിക ആയിത്തീരണം; ഒരു കോളേജ് അദ്ധ്യാപിക ആയി മാറിയിട്ട് മൈത്രിഅമ്മ ടീച്ചറോടൊപ്പം ജോലിചെയ്യണം.

                       പ്രതീക്ഷകൾ മനസ്സിലുൾക്കൊണ്ട് പഠനം തുടർന്നപ്പോൾ അദ്ധ്യാപിക ആയി മാറിയ എനിക്ക് കോളേജ് വിദ്യാർത്ഥികളെ പഠിപ്പിക്കാനായില്ലെങ്കിലും ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 32വർഷത്തെ അദ്ധ്യാപന സർവ്വീസിനു ശേഷം വിരമിച്ച് വീട്ടിലിരിക്കുമ്പോൾ ഇന്റർ‌നെറ്റിൽ കടന്ന് ഓർക്കുട്ടിലും ഫെയ്സ്‌ബുക്കിലും ബ്ലോഗിലും ചുറ്റിയടിക്കുമ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട്; ഒരു കാലത്ത് വേർപിരിഞ്ഞതും പിന്നീട് കണ്ടുമുട്ടാത്തതുമായ പഴയ സഹപാഠികളിൽ ആരെയെങ്കിലും കണ്ടുമുട്ടിയെങ്കിൽ,, അവരുടെ വിവരങ്ങൾ അറിഞ്ഞെങ്കിൽ!!!          
                       അങ്ങനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മൈത്രിഅമ്മ ടീച്ചറുടെ ഫോട്ടോ കാണാനും വിവരങ്ങൾ അറിയാനും കഴിഞ്ഞത് ഇന്റർനെറ്റിലൂടെ ആയിരുന്നു.

                          2012 ഒക്റ്റോബർ മൂന്നാം തീയ്യതി ബുധനാഴ്ച, ഇ.മെയിൽ വഴി ഒരു ഫോട്ടോ അയച്ചുതന്നത് അബുദാബിയിൽ ജോലി ചെയ്യുന്ന, തൃശ്ശൂർ ചാമക്കാല സ്വദേശി ശ്രീമാൻ ടി. എ. ശശി ആയിരുന്നു. കവിയും ബ്ലോഗറും ആയ അദ്ദേഹം (ബ്ലോഗ്: എരകപ്പുല്ല്, കവിതാ സമാഹാരം: ചിരിച്ചോടും മത്സ്യങ്ങളെ) 1989ൽ നാട്ടിക ശ്രീ നാരായണ കോളേജിൽ വെച്ച് മൈത്രിഅമ്മ ടീച്ചറുടെ ശിഷ്യനായിരുന്നു. ഫോട്ടോയോടൊപ്പം ഒരു ചോദ്യവും; മൈത്രിഅമ്മ ഇതാണോ? ആ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഞാൻ സസൂക്ഷ്മം വീക്ഷിച്ചു; പോയ വർഷങ്ങൾ കണക്കുകൂട്ടി പ്രായം കണക്കാക്കി നോക്കിയപ്പോൾ എനിക്ക് മനസ്സിലായി അവർ മൈത്രിഅമ്മ തന്നെയാണെന്ന്. കൂടുതൽ വിവരങ്ങൾ അറിയാനായി മറുപടി അയച്ചു. ഏതാനും മിനുട്ടുകൾക്കകം വിശദമായി മറുപടി കിട്ടി. കണ്ണൂർ ശ്രീ നാരായണ കോളേജിൽ നിന്നും ട്രാസ്ൻഫർ ആയ മൈത്രിടീച്ചർ 1989വരെ നാട്ടിക എസ്.എൻ കോളേജിൽ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആയിരുന്നു. പിന്നീട് വിരമിച്ചശേഷം ചാലക്കുടിയിൽ വിശ്രമജീവിതം നയിക്കുന്നു. നാട്ടിക എസ്.എൻ. കോളേജിൽ പൂർവ്വ വിദ്യാർത്ഥിസംഗമത്തിൽ അവർ പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോയാണ് എനിക്ക് കാണാനായത്. 
ടി.എ ശശി അയച്ചുതന്ന മൈത്രിഅമ്മ ടീച്ചറുടെ ഫോട്ടോകളിൽ ഒന്ന്
                           നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം പ്രീയപ്പെട്ട അദ്ധ്യാപികയുടെ ഫോട്ടോ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതോടൊപ്പം ഈ അറുപതാം വയസ്സിൽ ഓർക്കുട്ടിലും ഫെയ്സ്ബുക്കിലും ബ്ലോഗിലും ചുറ്റിക്കറങ്ങാൻ കഴിഞ്ഞതിന്റെ നേട്ടത്തിൽ ഞാൻ സന്തോഷിക്കുന്നു.

15 comments:

 1. ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം

  ReplyDelete
 2. അന്വേഷണം വിജയിച്ചതിൽ സന്തോഷം.
  നഷ്ടപ്പെട്ടുപോയ പലരെയും ഇ.ലോകത്ത്‌ ഞാനും തേടിക്കൊണ്ടിരിക്കയാണ്‌. എന്നെങ്കിലും കണ്ടുമുട്ടുമായിരിക്കാം. അല്ലേ ?

  ReplyDelete
  Replies
  1. മുൻപ് പരിചയമുള്ള ഏതെങ്കിലും ഒരു വ്യക്തിയെ നേരിട്ട് ഇ.ലോകത്തിലൂടെ കണ്ടെത്താൻ കൊതിക്കുകയാണ്. അഭിപ്രായം എഴുതിയതിന് പെരുത്ത് നന്ദി.

   Delete
 3. aaha! athu valare nannaayallo...

  ReplyDelete
  Replies
  1. @Echmukutty-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 4. Ella Teachersnum ...!

  Manoharam chechy, Ashamsakal...!!!

  ReplyDelete
 5. ശരിയാണ് ടീച്ചറെ , മുഖപുസ്തകം പൊലെയുള്ള
  സോഷ്യല്‍ സൈറ്റുകളുടെ ഏറ്റം വലിയ ഗുണവും
  അതു തന്നെ , നമ്മെ വിസ്മയിപ്പിച്ച് കൊണ്ട്
  ചിലര്‍ നമ്മെ തേടിയെത്തും , അല്ലെങ്കില്‍
  നാം അവരുടെ മുന്നില്‍ ചെന്നെത്തും ..
  ഇതൊക്കെ കൊണ്ടുള്ള പ്രയോജനം ഇന്നിന്റെ
  സൗഹൃദം നില നിര്‍ത്തുന്നതിനോടൊപ്പൊം , ഓര്‍മകളിലൂടെ
  നിറയുന്ന പല മുഖങ്ങളുടെയും കണ്ടുമുട്ടലാണ് ..
  ഓര്‍മകള്‍ക്ക് നിറമേകാന്‍ കഴിഞ്ഞതില്‍ മനസ്സ് സന്തൊഷിക്കുന്നുണ്ടാകും ..
  ഒരു മഴ പെയ്ത സുഖം നല്‍കി കൊണ്ട് അതു നിറഞ്ഞു നില്‍ക്കട്ടെ ..

  ReplyDelete
 6. ഓർമ്മകൾക്കു മുന്നിൽ ........

  ReplyDelete
 7. മറക്കാനാവാത്ത ഓര്‍മ്മകള്‍..........
  ആശംസകള്‍ ടീച്ചറെ.

  ReplyDelete
 8. പൈനാപ്പിള്‍ പോലെ മധുരമുള്ള ഓര്‍മ്മ
  ഇന്റര്‍നെറ്റിന് നന്ദി പറയാം അല്ലേ?

  ReplyDelete
 9. മധുരിക്കും ഓർമ്മകൾ ഒരു സുഖം തന്നെയല്ലേ ടീച്ചറേ?

  ReplyDelete
 10. That is the most important advantage of such circles.

  ReplyDelete
 11. @Sureshkumar punchayil-,
  വന്നതിൽ വളരെ സന്തോഷം, അഭിപ്രായം എഴുതിയതിന് നന്ദി.
  @ente lokam-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @റിനി ശബരി-,
  ഇതൊരു കണ്ടെത്തലാണ്. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ ഒരു ആശ്വാസമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @nidesh KriShnan-,
  ഓർമ്മകൾ മരിക്കുന്നില്ല, അഭിപ്രായം എഴുതിയതിന് നന്ദി.
  @CV Thankapan-,
  വളരെ ശരിയാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
  @ajith-,
  വായനക്ക് നന്ദി. അഭിപ്രായം എഴുതിയതിന് നന്ദി.
  @sidheek Thozhiyoor-,
  ഓർമ്മകൾക്ക് എന്തൊരു മധുരം,, അഭിപ്രായം എഴുതിയതിന് നന്ദി.
  @Vinodkumar Thalasseri-,
  തികച്ചും ശരിയാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 12. വരികള്‍ വായിച്ചു.ഓര്‍മ്മകളില്‍ ലയിച്ചു.ആശംസകള്‍

  ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.