“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 28, 2013

എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’

               കർഷകദിനമായ ചിങ്ങം1ന്, 17.8.2013 ശനിയാഴ്ച ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’  എന്ന എന്റെ പുസ്തകം ശ്രീ. എം.കെ.പി. മാവിലായി (സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്) പ്രകാശനം ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറായ ശ്രീമതി നസീറാ ബീഗം. മണ്ണിനെ സ്നേഹിക്കുന്ന, കൃഷിയെ സ്നേഹിക്കുന്ന എല്ലാവരുടെയും മുന്നിലേക്ക് ടെറസ്സിലെ കൃഷിപാഠങ്ങൾ സമർപ്പിക്കുകയാണ്.
പുസ്തകപ്രകാശനം
പുസ്തകം ഏറ്റുവാങ്ങൽ
             കണ്ണൂർ ജില്ലയിൽ എന്റെ ഗ്രാമത്തിൽ, ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ‌ വെച്ച് ഈ വർഷം ചിങ്ങം1ന് നടത്തുന്ന കർഷകദിന ആഘോഷവേളയിൽ (2013 ആഗസ്ത്17 ശനിയാഴ്ച) ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ പുസ്തകപ്രകാശനം നടന്നു. സ്വാഗതം പറഞ്ഞത് ശ്രീമതി നസീറാ ബീഗം (കൃഷി ഓഫീസർ, കൃഷിഭവൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). കർഷകദിന പരിപാടിയുടെ അദ്ധ്യക്ഷൻ ശ്രീ. എം.സി. മോഹനൻ (പ്രസിഡണ്ട്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). കർഷകദിനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് ശ്രീ. കെ.കെ. നാരായണൻ (എം.എൽ.എ., ധർമ്മടം മണ്ഡലം). പുസ്തകപ്രകാശനം നടത്തിയത് ശ്രീ. എം.കെ.പി. മാവിലായി (സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്). പുസ്തകം ഏറ്റുവാങ്ങിയത് ശ്രീമതി നസീറാ ബീഗം (കൃഷി ഓഫീസർ, കൃഷിഭവൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). പുസ്തകപരിചയം നടത്തിയത് ശ്രീ. എം.വി. അനിൽകുമാർ (ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്& കില ഫാക്കൽറ്റി അംഗം) നന്ദി പ്രകാശനം നടത്തിയത് ശ്രീ. കെ.കെ. പ്രേമൻ (കൃഷി അസിസ്റ്റന്റ്). അതോടൊപ്പം കർഷകദിന ആഘോഷത്തിൽ വിവിധ വ്യക്തികളുടെ ആശംസാ പ്രസംഗവും സമ്മാനദാനവും കർഷകരെ ആദരിക്കൽ ചടങ്ങും കാർഷിക സെമിനാറും കാർഷിക മത്സരങ്ങളും നടന്നു.
സ്വാഗതം
കർഷകദിന ആഘോഷം ഉദ്ഘാടനം
പുസ്തകപരിചയം
ബ്ലോഗിലുള്ളതും അല്ലാത്തതുമായ എന്റെ രചനകൾ പലപ്പോഴായി അച്ചടിരൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും എന്റെ പേരിൽ സ്വന്തമായി ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെടുമ്പോഴുള്ള ആഹ്ലാദം അനിർവ്വചനീയമാണ്. എന്റെ സന്തോഷം എല്ലാ സുഹൃത്തുക്കളുമായി ഞാൻ പങ്കുവെക്കുന്നു.
             ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിലാക്കാൻ പ്രേരിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. വളരെ ഭംഗിയിൽ പുസ്തകം അച്ചടിച്ച് വെളിയിലിറക്കിയ സി.എൽ.എസ്. ബുക്ക്സിന്റെ സാരഥിയും അറിയപ്പെടുന്ന ബ്ലോഗറുമായ ശ്രീമതി ലീല ടീച്ചറോടും നന്ദി അറിയിക്കുന്നു.
             ഈ നേരത്ത് ഒരു കാര്യം കൂടി അറിയിക്കുന്നു: എന്റെ രണ്ടാമത്തെ കൃതി ആയി മാറേണ്ട പുസ്തകമാണ് ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’. ശ്രീമതി ലീല എം. ചന്ദ്രന്റെ ലീലടീച്ചറുടെ സമയൊചിതമായ എഡിറ്റിങ്ങിനോടൊപ്പം അച്ചടിക്കാനുള്ള ശുഷ്ക്കാന്തിയും കാരണം പുസ്തകം കർഷകദിനത്തിൽ തന്നെ പെട്ടെന്ന് പ്രകാശനം ചെയ്യാൻ കഴിഞ്ഞു. എന്റെ ആദ്യ പുസ്തകം എന്ന് പ്രതീക്ഷിച്ചിരുന്ന ‘രാത്രിമണൽ’ കൂടുതൽ വൈകാതെ പ്രകാശനം ചെയ്യപ്പെടുമെന്ന് അറിയിക്കുന്നു.
              ടെറസ്സുകൃഷി ചെയ്യുന്ന വിധവും അതുകൊണ്ടുള്ള നേട്ടങ്ങൾ കർഷകർക്ക് തിരിച്ചറിയാനും ഒപ്പം കൃഷിരീതികൾ വിവരിക്കുന്നതുമാണ് ടെറസ്സിലെ കൃഷിപാഠങ്ങൾ.
ശ്രീ എം.കെ.പി മാവിലായി
             ചിങ്ങം1 കേരളീയരുടെ കർഷകദിനത്തിലാണ് ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ ഇറങ്ങിയത്. ആധുനിക കൃഷിപരീക്ഷണമായ ടെറസ്സ്‌കൃഷി വിശദീകരിക്കുന്ന പുസ്തകം കർഷകദിനത്തിൽ എന്റെ സ്വന്തം പഞ്ചായത്തിലെ കാർഷികമേളയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. എന്റെ സന്തോഷം എല്ലാ ബ്ലോഗർ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു.
ഈ പുസ്തകത്തെപ്പറ്റി ബ്ലോഗർ ഫിലിപ്പ് ഏരിയൽ എഴുതിയ പുസ്തക അവലോകനം വായിക്കാൻ ചുവടെയുള്ള ലിങ്കിൽ അമർത്തുക 
ഇവിടെ

           ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറുംSouminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

August 10, 2013

മുകളിലൊരാളുണ്ട്


ഈ പറയുന്ന കഥ(സംഭവം) നടക്കുന്നത് 1990ലാണ്.
                            തൊണ്ണൂറിന് തൊട്ടുമുന്നിലും പിന്നിലുമായി നമ്മുടെ സർക്കാർ നേരിട്ട് നിയമനം നടത്തിയിട്ട്, മാസപ്പടി നേരിട്ട് കൊടുക്കുന്ന സർക്കാറിന്റെ സ്വന്തം വിദ്യാലയങ്ങളിൽ സ്വകാര്യവ്യക്തികളുടെ സ്വകാര്യവിദ്യാലയങ്ങളിൽനിന്നും ചിലർ കടന്നുകയറാൻ തുടങ്ങി; അതാണ്,
***പ്രൊട്ടൿഷൻ***

                    കേരളത്തിലെ സ്വകാര്യസ്ക്കൂളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളം കൊടുക്കുന്നത് സർക്കാർ ആണെങ്കിലും മാനേജർ ആയിരങ്ങൾ വാങ്ങിയിട്ടാണ് അവിടെ അദ്ധ്യാപകരെ നിയമിക്കുന്നത്; (അന്ന് ലക്ഷങ്ങളിലേക്ക് കടന്നിട്ടില്ല) അവർ പഠിപ്പിക്കുന്നു ശമ്പളം വാങ്ങുന്നു. അങ്ങനെയിരിക്കെ അടുത്ത കൊല്ലം(വർഷം) മുതൽ സ്ക്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുറയുന്നു????
.ഈ കുറവിന് പലതരം കാരണങ്ങൾ ഉണ്ട്.
‘അദ്ധ്യാപക വിദ്യാർത്ഥി അനുപാതത്തിന്റെ പരിധി’ക്ക് പുറത്തുള്ള അദ്ധ്യാപകർ സ്ക്കൂളിൽ നിന്ന് ഔട്ടാവുന്നു???
ആ നേരത്താണ് അവിടെ അദ്ധ്യാപക ഐക്യം പ്രത്യക്ഷപ്പെടുന്നത്&&&
തൊഴിലില്ലാതെ പുറത്താവുന്ന അദ്ധ്യാപകൻ പട്ടിണികിടന്ന് ആത്മഹത്യ ചെയ്താലോ?
സർക്കാർ തന്നെ അതിനൊരു പരിഹാരം കണ്ടെത്തി. കുട്ടികളില്ലാതെ? സ്ക്കൂളിൽ‌നിന്ന് ഔട്ടായവരെ സർക്കാറിന്റെ സ്വന്തം വിദ്യാലയങ്ങളിൽ ചേർക്കുക.
അവർ എവിടെ പഠിപ്പിച്ചാലെന്താ,,, ശമ്പളം കൊടുക്കുന്നത് സർക്കാർ തന്നെയാണല്ലോ!!!
*** ഇങ്ങനെ ഔട്ടായവരുടെ സ്വന്തം മക്കളെല്ലാം വലിയ ഫീസ് കൊടുത്ത് വലിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പഠിക്കുന്നൂ,,,’ എന്നത്, അക്കാലത്തെ പരസ്യമായ രഹസ്യമായി ഇന്നും അവശേഷിക്കുന്നു***
 %%%%%%
അങ്ങനെയാണ് മദ്ധ്യകേരളത്തിൽനിന്ന് (മദ്യകേരളത്തിൽ നിന്നല്ല) അവർവന്നത്,,,,
കുമാരിയമ്മ ടീച്ചർ,
അത് അവരുടെ പേരാണ്; അല്ലാതെ കുമാരി ആയിരിക്കെ അമ്മ ആയതല്ല.
രണ്ട് മക്കളും ഒരു ഭർത്താവും സ്വന്തമായി ഉള്ള അവർ ഒരു ഹിന്ദി അദ്ധ്യാപികാ ഹൈ,
മാനേജരാൽ നിയമിക്കപ്പെട്ട സ്വന്തം നാട്ടിലെ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞപ്പോൾ തെറിച്ച് വെളിയിലായിട്ടാണ് (ത്രോൺ ഔട്ട്) അവർ വന്നത്.
പ്രൊട്ടൿഷൻ‌തേടി അവർ എത്തിയത് കണ്ണൂർ ജില്ലയിലെ സർക്കാർ വക ആൺ‌പള്ളിക്കൂടത്തിൽ;
അതായത് എന്റെ വകയായി ജീവശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ബോയ്സ് ഹൈസ്ക്കൂളിൽ.
അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലിരുത്തിയിട്ട്, തരികിടക്ക് പേരുകേട്ട, പറഞ്ഞാൽ തിരിയാത്ത ആൺപിള്ളേർ പഠിക്കുകയും അതോടൊപ്പം അദ്ധ്യാപകരെ പഠിപ്പിക്കുകയും ചെയ്യുന്ന മഹാവിദ്യാലയത്തിൽ,,,,

                    കുമാരിയമ്മ ഒറ്റക്ക് സ്വന്തം നാട്ടിൽ‌നിന്ന് വണ്ടി (ട്രെയിൻ) കയറി തൊട്ടടുത്ത റെയിൽ‌വേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് നേരെ നടന്ന് സ്ക്കൂളിൽ എത്തി. ഹെഡ്‌മാസ്റ്ററെ കണ്ട്, ഹാജർപട്ടികയിൽ പേരെഴുതിച്ച് ഒപ്പുചാർത്തി —അതായത് സ്ക്കൂളിൽ ജോയിൻ ചെയ്ത്—
വെളിയിൽ ഇറങ്ങിയപ്പോൾ;
അതാ വരുന്നു,
ഭരണകക്ഷി യൂണിയൻ നേതാവ്:
“ടീച്ചർ വലത്തോട്ട് വരണം, ഞങ്ങൾ അവിടെയാ ഇരിക്കുന്നത്; പ്രൊട്ടൿഷൻ തരാം”
ആ നിമിഷം, ഭരണകക്ഷിയെ ബ്ലോക്ക് ചെയ്ത് പ്രതിപക്ഷ നേതാവ് മുന്നിൽ:
“ടീച്ചർ ഇടത്തോട്ട് വരണം, ഞങ്ങൾ അവിടെയാ ഇരിക്കുന്നത്; പ്രൊട്ടൿഷൻ തരാം”
ഇടത്തും വലത്തും പോവാനാവാതെ നേതാക്കൾക്കിടയിൽ കുടുങ്ങിയ ടീച്ചർ നട്ടംതിരിഞ്ഞ് മേലോട്ട് നോക്കുന്നതിനിടയിൽ സഹപ്രവർത്തകരായ നേതാക്കൾ വാക്കുകൾ കൊണ്ട് പൊരിഞ്ഞ അടി തുടങ്ങി. ഒടുവിൽ കൈയ്യേറ്റത്തിൽ എത്തുന്നതിനിടയിൽ അവർ ഒരു മഹാസത്യം തിരിച്ചറിഞ്ഞു:
കുമാരിയമ്മ പ്രൊട്ടൿഷനായി കണ്ണൂരിലെ ഹൈസ്ക്കൂളിൽ വരുന്നതിന് ഒരാഴ്ച മുൻപ് അവരുടെ കെട്ടിയവൻ സ്ക്കൂളിലെ ഭരണ--പ്രതിപക്ഷ നേതാക്കളുടെ പേരിൽ ഓരോ എഴുത്ത് അയച്ചിരുന്നു. (അന്ന് യൂസർ ഐഡിയും പാസ്‌വേഡും നമ്മുടെ ഐ.ടി. @ സ്ക്കൂളും ജനിച്ചിട്ടില്ലായിരുന്നു‌)
ഫോട്ടോകോപ്പി ആയ എഴുത്തുകളിൽ ഒരേ കാര്യം മാത്രം:
‘എനിക്ക് എത്രയും പ്രീയപ്പെട്ട എന്റെ ഭാര്യ കുമാരിയമ്മ ‘പ്രൊട്ടൿഷനായിട്ട്’ താങ്കളുടെ വിദ്യാലയത്തിൽ ചേരാൻ വരുന്നുണ്ട്. അവൾക്ക് ആവശ്യമായ ‘പ്രൊട്ടൿഷൻ’ കൊടുത്താൽ താങ്കൾ നേതാവായ യൂണിയനിൽ അവൾ അംഗമായി ചേരുന്നതാണ്’
അതോടെ രണ്ട് യൂണിയനും ഒരേ മനസ്സായും നടക്കുന്ന ഇരു നേതാക്കളും ഒന്നിച്ചുചേർന്ന് കുമായിയമ്മയുടെ പ്രൊട്ടൿഷൻ കാര്യം ‘ഏ ബി’ എന്നൊരക്ഷരം മിണ്ടിയില്ല.

                      രഹസ്യമായി കത്തെഴുതിയ സംഗതി നേതാക്കൾ അന്യോന്യം വിളിച്ചുപറഞ്ഞ് സ്ക്കൂളിൽ പാട്ടായതോടെ കുമാരിയമ്മയെ ആർക്കും വേണ്ടാതായി. അവർ തെക്കും വടക്കും നടന്ന് ഇഷ്ടമുള്ളിടത്ത് ഇടം കണ്ടെത്തി. പിന്നീടുള്ള ദിനങ്ങളിൽ എല്ലാവരും കൂട്ടമായി നടക്കുമ്പോൾ കുമാരിയമ്മ മാത്രം ഒറ്റക്ക് നടന്നു.
ഇന്റർവെൽ നേരത്ത് ചായകുടിക്കാൻ തൊട്ടടുത്ത കടയിലേക്ക് അദ്ധ്യാപികമാർ പോകുമ്പോൾ കുമാരിയമ്മയെ വിളിക്കും, അപ്പോൾ മറുപടി:
‘ടീച്ചർക്ക് പോവാം, ഞാനിപ്പോൾ ചായ കുടിക്കത്തില്ല’
ഉച്ചക്ക് റജിസ്റ്ററിൽ ഒപ്പിടാനായി പോവാൻനേരത്ത് കുമാരിയമ്മ പറയും:
‘നേരത്തേ ഞാൻ ഒപ്പ് ചാർത്തിക്കഴിഞ്ഞു’
സ്ക്കൂൾ വിട്ട് പോവാൻ നേരത്ത് കൂടെ പോവാമെന്ന് പറഞ്ഞ അയൽ‌വാസി രത്നജയോട് പറയും:
‘ഞാൻ പിന്നീട് വന്നേക്കാം, കുട്ടി പോയ്ക്കോ’
അങ്ങനെ ആരുടേയും പ്രൊട്ടൿഷൻ ഇല്ലാതെ കുമാരിയമ്മ സ്വന്തം കാലിൽ നിൽക്കുകയും നടക്കുകയും ചെയ്ത് കാലം മുന്നോട്ട് പോയി.

                 നമ്മുടെ സ്ക്കൂളിന്റെ തൊട്ടുമുന്നിൽ പടിഞ്ഞാറുഭാഗത്ത് നോക്കിയാൽ വാഹനങ്ങൾ ചീറിപ്പായുന്ന റോഡും കിഴക്കുഭാഗത്ത് നോക്കിയാൽ തീവണ്ടി?കൾ കൂകിപ്പായുന്ന റെയിൽ‌പാളവും കാണാം. തെക്കും വടക്കുമായി നോക്കെത്താദൂരത്തോളം നെൽ‌വയലും തെങ്ങിൻ‌തോട്ടവും ഉണ്ട്. മഴക്കാലം വന്നെത്തിയാൽ നമ്മുടെ വിദ്യാലയത്തിന് മാത്രമായി ഒരു പ്രത്യേകതയുണ്ട്; ആ ദിവസങ്ങളിൽ സ്ക്കൂൾ കോമ്പൌണ്ടിലിറങ്ങി നടക്കാനാവില്ല. പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഒരു കെട്ടിടത്തിൽ നിന്ന് അടുത്തതിലേക്ക്, താൽക്കാലികമായി നിർമ്മിച്ച പാലം കടന്നുപോവുന്നതാണ് എളുപ്പവഴി.

അങ്ങനെയുള്ള ഒരു തണുത്ത മഴക്കാലത്ത്,
ഒരു ദിവസം,,,
കുമാരിയമ്മ ടീച്ചർ എന്റെ അടുത്തുവന്ന് പതുക്കെ വിളിച്ചു,
“ടീച്ചർ എന്റെ കൂടെ ഒന്ന് വരാമോ?”
ചുവപ്പുമഷികൊണ്ട് അടിവരയിട്ടുകൊണ്ടിരിക്കുന്ന കോമ്പസിഷൻ അടച്ചുവെച്ച് തല ഉയർത്തിയിട്ട് ആശ്ചര്യത്തോടെ ഞാൻ കുമാരിയമ്മ ടീച്ചറെ നോക്കി,
“എങ്ങോട്ട്?”
“അത് എനിക്ക് ഒന്നിന് പോണം, കൂടെ വരാമോ?”
ചുവന്ന മഷിനിറച്ച ഹീറോപെൻ പെട്ടെന്ന് അടച്ചുവെച്ച് ഞാനെഴുന്നേറ്റു, ആദ്യമായാണല്ലൊ ടീച്ചർ ഇങ്ങനെയൊരാവശ്യം പറയുന്നത്.
ഞങ്ങൾ ഒന്നിച്ച് സ്റ്റാഫ്‌റൂമിൽ നിന്നും ഇറങ്ങുന്നത് സഹപ്രവർത്തകർ പലരും ശ്രദ്ധിച്ചു. എന്നും ഒറ്റക്ക് നടക്കുന്ന കുമാരിയമ്മ ടീച്ചർക്ക് എന്തേ, ഇന്ന് ഒരകമ്പടി?

                    ഓരോ ക്ലാസ്സുകളായി പിന്നിട്ട് എട്ടാം‌തരം നിൽക്കുന്ന ബ്ലോക്കിന്റെ പിറകിൽ റെയിൽ‌പാളത്തിന് സമീപത്തെ മൂത്രപ്പുരയിൽ എത്താറായപ്പോൾ അതുവരെ അടക്കിവെച്ച സംശയം എന്നിൽ‌നിന്ന് വെളിയിൽ വന്നു,
“ടീച്ചറ് എപ്പോഴും ഒറ്റയ്ക്കല്ലെ ബാത്ത്‌റൂമിലൊക്കെ പോവുന്നത്, ഇന്നെന്ത് പറ്റി?”
“ഓ,, അതൊരു മഹാസംഭവമാണ്; ഇന്നലെ ഈ ബാത്ത്‌റൂമിനകത്ത് കയറിയിട്ട് ഇരിക്കാൻ നേരത്ത് അടുത്തുള്ള തെങ്ങിൽനിന്നും ഒരുകുല തേങ്ങയങ്ങട്ട് താഴേവീഴുന്ന ശബ്ദം. അത്‌കേട്ട് മേലോട്ട് നോക്കിയപ്പോൾ ആ തെങ്ങിന്റെ മുകളിൽ കയറിയിരിക്കുന്ന ഒരാൾ തേങ്ങ അടർത്തി താഴെയിടുന്നത് കണ്ടു. സംഗതി പൂർത്തിയാക്കാതെ ഞാൻ വെളിയിലോട്ട് ഓടി,,, നമ്മള് പെണ്ണുങ്ങൾ എങ്ങനെയാ ഒറ്റയ്ക്ക് ഇതിനൊക്കെ പോവുക?”

                   കുമാരിയമ്മ അകത്തേക്ക് പോയപ്പോൾ അടച്ചുറപ്പുള്ളതാണെങ്കിലും മേൽക്കൂരയില്ലാത്ത ബാത്ത്‌റൂമിന്റെ ഇടത്തുവശത്തുള്ള തെങ്ങിന്റെ മുകളിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു. അവിടെ ഓലകൾക്കിടയിൽ ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരിപ്പുണ്ടോ?
*******************************


ഈ കഥയുടെ ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക,,